തരുണിയുടെയും പുഷ്പത്തിന്റെയും സ്പർശം പുരുഷനെ ആഹ്ലാദിപ്പിക്കുമെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 21-ാം ലക്കമെടുക്കുക. രണ്ടു കൈയിലും പൂങ്കുലവച്ചു കൊണ്ടു് പൂവിനേക്കാൾ ഭംഗിയാർന്നു് ഒരു സുന്ദരിനില്ക്കുന്നതു് വായനക്കാർക്കു കാണാം. അവളുടെ കണ്ണുകൾക്കു കാന്തിയുണ്ടു്; മന്ദസ്മിതത്തിനു് മാധുര്യമുണ്ടു്. അവൾ നിങ്ങളെ സ്പർശിക്കുന്നില്ലെങ്കിലും സ്പർശത്തിന്റെ മൃദുലത നിങ്ങൾ അറിയുന്നു. ആ പൂക്കളിൽനിന്നു പുറപ്പെടുന്ന പരിമളം, ആ സുന്ദരിയിൽനിന്നു് ഉദ്ഗമിക്കുന്ന സൗരഭ്യം നിങ്ങൾക്കു് ആഹ്ലാദമുളവാക്കുന്നു. ഈ ആനന്ദനിർഭരതയോടെയാണു് നിങ്ങൾ ശ്രീ. എം. സുകുമാരന്റെ “സ്ത്രീ” എന്ന ചെറുകഥ വായിക്കുന്നതു്. വായിക്കാത്തവർക്കുവേണ്ടി കഥയുടെ സംഗ്രഹം നല്കട്ടെ. ദാക്ഷായണി ഋതുമതിയായി. ഒരു ദിവസം അവളുടെ ചേച്ചിയും ചേച്ചിയുടെ ഭർത്താവും അവരുടെ രണ്ടുവയസ്സുള്ള കുട്ടിയും വന്നു. ദാക്ഷായണി കുട്ടിയെ എടുത്തു കളിപ്പിച്ചു. കൂടെക്കിടത്തി. കുട്ടിയുടെ തുടയിലാകെ ചുവന്ന പാടുകൾ. പിന്നീടു് ദാക്ഷായണിയെ കണ്ടാൽ കുട്ടി കരയും. ആ കുടുംബം തിരിച്ചുപോയി. “കർക്കടസംക്രാന്തിയുടെ പിറ്റേദിവസം” അടുത്തവീട്ടിൽ പുതിയ താമസക്കാർ വന്നു. ഒരു യുവാവും യുവതിയും, അവർ ദമ്പതികളാണു്. കല്യാണം കഴിഞ്ഞു് അധികം ദിവസമായില്ല. പക്ഷേ, യുവതി എന്നും രാത്രി കരയും. അങ്ങനെയിരിക്കെ അവൾ വീട്ടിൽ പോയി. യുവാവു് ഒറ്റയ്ക്കായി. ഒരു ദിവസം അയാൾ പറഞ്ഞു: “ഞാൻ പുലർച്ചെ പുവ്വാണു്”. ദാക്ഷായണി ചോദിച്ചു: ഞാൻ കൂടെ വരട്ടേ?” “എന്റെകൂടെയോ?” എന്നായി യുവാവു്. ദാക്ഷായണി ദൃഢതയോടെ അറിയിച്ചു: “ഉം. ഞാൻ വരും. പുലർച്ചെ പടിക്കൽ ഞാൻ കാത്തുനില്ക്കും”. കിണറ്റിന്റെ കരയിൽ അവൾ “നിരത്തിവച്ച പാത്രങ്ങൾ വെള്ളവും കാത്തിരുന്നു” മാന്യ വായനക്കാർക്കു് സ്പർശത്തിന്റെ മാർദ്ദവം നഷ്ടപ്പെട്ടോ? സൗരഭ്യത്തിന്റെ സുഖദായകത്വം ഇല്ലാതെയായോ? അതേ, എന്നാണ് ഉത്തരമെങ്കിൽ അതിനു കാരണക്കാരൻ സുകുമാരൻ തന്നെ. അദ്ദേഹത്തിന്റെ കഥയ്ക്കുള്ള ദുർഗ്രഹതതന്നെയാണു് അനുവാചകന്റെ യാതനയ്ക്കുകാരണം. എനിക്കും സുകുമാരന്റെ കഥയെന്താണെന്നു മനസ്സിലായില്ല. എങ്കിലും ഞാൻ ഒരർത്ഥം പറയാം. ദാക്ഷായണി ഋതുമതി ആയതോടുകൂടി അവളുടെ ലൈംഗികാസക്തി ഉണർന്നു. വിവാഹിതയായ ചേച്ചിയെ കണ്ടപ്പോൾ അവളുടെ അസൂയയ്ക്കു് ഉദ്ദീപനമുണ്ടായി. ആ ഈർഷ്യകൊണ്ടാണു് അവൾ അവരുടെ സന്താനത്തെ നുള്ളുന്നതു്. ചേച്ചിയും ഭർത്താവും കൂടി ശയനമുറിയിൽ കിടക്കുമ്പോൾ അവരുടെ ലൈംഗികവേഴ്ചയ്ക്കു തടസ്സമുണ്ടാക്കാനായി ദാക്ഷായണി കൂടെക്കിടക്കുന്ന കുഞ്ഞിന്റെ തുടയിൽ നുള്ളി അതിന്റെ നിലവിളിപ്പിച്ചതുമാകാം. ആ കഥ അവിടെ തീർന്നു. ഇനി ചെറുപ്പക്കാരിയുടെ കരച്ചിലാണു്. ദാക്ഷായണിയെത്തേടി അവളുടെ ഭർത്താവു് സ്വന്തം വീട്ടിൽനിന്നു് ഇറങ്ങിപ്പോരാറുണ്ടായിരുന്നുവെന്നു് ഞാൻ ഊഹിക്കുന്നു. അതുകൊണ്ടാവാം യുവതി കരഞ്ഞതും മറ്റു മാർഗ്ഗമില്ലെന്നുകണ്ടു് വീട്ടിൽ പൊയ്ക്കളഞ്ഞതും. വിഭാര്യനായ യുവാവിനോടൊരുമിച്ചു് ഒളിച്ചോടാനുള്ള ദാക്ഷായണിയുടെ ആഗ്രഹം സഫലീഭവിക്കയില്ലെന്നു സൂചിപ്പിച്ചുകൊണ്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. സുകുമാരന്റെ കഥയ്ക്കുതീരെ സൗകമാര്യമില്ല എന്നല്ല, അതു് പീഡാജനകവുമാണു്. ഈ പ്രസ്താവത്തിന്റെ യുക്തി എന്താണു് ? “കാശീനഗരം ഗംഗയിലാകുന്നു” എന്ന വാക്യത്തിലെ ഗംഗയെന്ന പദം വാച്യാർത്ഥമായ പ്രവാഹത്തിന്റെ പ്രതീതിയേ ഉളവാക്കുന്നുള്ളു. കാശിനഗരത്തിനു പ്രവാഹത്തിലിരിക്കാൻ വയ്യ. അതിനാൽ വാച്യാർത്ഥം ബാധിതമാകുന്നു. അതിനുശേഷം വാച്യസംബന്ധിയായ മറ്റൊരർത്ഥത്തെ—കാശീനഗരം ഗംഗയുടെ തീരത്താകുന്നു എന്ന അർത്ഥത്തെ—ശബ്ദവ്യാപാരം ബോധിപ്പിക്കുന്നു. ഇതിനെയാണു് ലക്ഷണയെന്നു പറയുന്നതു്. ഇനി മറ്റൊരു ശബ്ദവ്യാപാരത്തെക്കുറിച്ചു സൂചിപ്പിക്കാം. ലക്ഷണകൊണ്ടു് തീരമെന്ന ലക്ഷ്യാർത്ഥത്തിന്റെ ജ്ഞാനമുണ്ടായി. അതിനുശേഷം, ഗംഗയുടെ തീരത്തിരിക്കുന്നതുകൊണ്ടു് നഗരത്തിനുണ്ടാകുന്ന ശൈത്യം, പാവനത്വം എന്നീ വിശേഷങ്ങളെക്കുറിച്ചു് സഹൃദയനു ബോധമുണ്ടാകുന്നു. ഈ പ്രതീതിയുളവാക്കുന്ന വ്യാപാരത്തിനു് വ്യഞ്ജന എന്നു പേർ. “കാശീനഗരം ഗംഗയിലാകുന്നു” എന്നു കേട്ടയുടനെ വാച്യാർത്ഥം ബാധിതമായി. പൊടുന്നനവേ ബുദ്ധി പ്രവർത്തിക്കുന്നു. എന്നിട്ടു് കാശി നഗരം ഗംഗയുടെ തീരത്താകുന്നു എന്നു മനസ്സിലാക്കുന്നു. തുടർന്നു് നഗരത്തിന്റെ പാവനത്വവും ശൈത്യവും വാക്യം കേൾക്കുന്നയാൾ ഗ്രഹിക്കുന്നു. ബുദ്ധിയുടെ ഈ പ്രവർത്തനം ഒരു തരത്തിലുള്ള ആഹ്ലാദമുളവാക്കുന്നതുകൊണ്ടു് ലക്ഷണാവ്യാപാരവും വ്യജ്ഞനാവ്യാപാരവും എപ്പോഴും ആദരണീയങ്ങളാണു്. ഈ രണ്ടു വ്യാപാരങ്ങളും വാച്യാർത്ഥത്തോടു ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു വാച്യാർത്ഥം സ്പഷ്ടമാക്കുന്തോറും ലക്ഷ്യാർത്ഥവും വ്യംഗ്യാർത്ഥവും സ്പഷ്ടതയാർജ്ജിക്കുന്നു. ഉത്തമമായ ധ്വനികാവ്യത്തിന്റെ വാച്യാർത്ഥം അസന്ദിഗ്ദ്ധമായിരിക്കും; സ്ഫടികം പോലെ നിർമ്മലമായിരിക്കും. എന്നാൽ ദുർഗ്രഹതയാണു ധ്വനിയെന്നു് ആധുനികർ ധരിച്ചുവച്ചിരിക്കുന്നു. സുകുമാരന്റെ കഥയിലെ വാച്യാർത്ഥത്തിനു സ്പഷ്ടതയില്ല. അതിനാൽ വായനക്കാരന്റെ ബുദ്ധി ലക്ഷ്യാർത്ഥത്തിലേക്കോ വ്യംഗ്യാർത്ഥത്തിലേക്കോ ചെല്ലാൻ വേണ്ടി പ്രവർത്തിക്കുന്നില്ല. ക്ലേശിച്ചാണു ഞാൻ ഒരർത്ഥം ആ കഥയ്ക്കു കണ്ടുപിടിച്ചതു്. വേറൊരു വായനക്കാരൻ മറ്റൊരർത്ഥമായിരിക്കും കണ്ടുപിടിക്കുക. വളരെ വ്യക്തമായും ലളിതമായും മാത്രമേ സുകുമാരൻ കഥകളെഴുതാറുള്ളു. ഇപ്പോഴാകട്ടെ അദ്ദേഹം ദുർഗ്രഹതയെ താലോലിക്കുന്നു. സുകുമാരൻ സ്വീകരിക്കുന്ന പ്രതിപാദ്യവിഷയങ്ങൾക്കു് പരിമിതത്വം ഉണ്ടു്. എങ്കിലും ചുടുലതയോടെ അദ്ദേഹം കഥ പറയുന്നു. ആ ഗുണം ‘സ്ത്രീ’യെന്ന ഈ കഥയിലും ദൃശ്യമാണു്. പക്ഷേ, സന്ദിഗ്ദ്ധാർത്ഥത എന്ന ദോഷം ആ ഗുണത്തെപ്പോലും നശിപ്പിച്ചു കളയുന്നു.

“നിന്റെ ചുറ്റും പാറിപ്പറക്കാനായി ഞാനൊരു ചിത്രശലഭമായെങ്കിൽ!” കാമുകിയെ അഭിസംബോധന ചെയ്തു ഒരു കവി പാടിയതാണിതു്. പുഷ്പത്തിനു് ആകർഷകത്വവും അതിൽ മധുവും ഉള്ള കാലത്തോളമേ ചിത്രശലഭം അതിന്റെ ചുറ്റും പറക്കുകയുള്ളു. പക്ഷേ, പുഷ്പം കരിഞ്ഞുപോയാലും അതിനെ വിട്ടുപോകാത്ത ചിത്രപതംഗങ്ങളുണ്ടു്. എന്തൊരു പ്രേമം! എന്തൊരു നൈർമ്മല്യം! എന്നു നാം പറഞ്ഞുപോകും. ശ്രീ. മാർട്ടിൻ ഈരേശ്ശേരിൽ ‘ജനയുഗം’ വാരികയിൽ (ആഗസ്റ്റ്-9) എഴുതിയ ‘അമ്പലപ്രാവു്’ എന്ന ചെറുകഥയിൽ അങ്ങനെയുള്ള മഹനീയമായ പ്രേമത്തെയാണു ചിത്രീകരിച്ചിട്ടുള്ളതു്. മാത്യു സിസിലിയെ സ്നേഹിച്ചു. അവളാകട്ടെ കന്യാസ്ത്രീയായി. ഉത്കൃഷ്ടമായ സ്നേഹത്തിനുണ്ടോ മാറ്റം? സിസിലി സിസ്റ്റർ തെരേസാ മാത്യാസായിട്ടും മാത്യുവിന്റെ പ്രേമത്തിനുള്ള തീക്ഷണത കുറഞ്ഞില്ല. അതു് ഉജ്ജ്വലശോഭ പ്രസരിപ്പിച്ചതു് എങ്ങിനെയെന്നു് ശ്രീ. മാർട്ടിൻ ഹൃദയസ്പർശകമായി ആലേഖനം ചെയ്യുന്നു. മനുഷ്യന്റെ നിയമങ്ങളേയും ഈശ്വരന്റെ നിയമങ്ങളേയും ലംഘിച്ചുകൊണ്ടു് അതെങ്ങിനെ അധീശസ്വഭാവം പ്രകടിപ്പിക്കുന്നുവെന്നു കഥാകാരൻ വ്യക്തമാക്കുന്നു. കണ്ണാടിയിലേക്കു നോക്കൂ. മുഖം തെളിഞ്ഞുകാണാം. പക്ഷേ, തിളങ്ങുന്ന, രസം പോകാത്ത കണ്ണാടിയായിരിക്കണമെന്നേയുള്ളു. കഥയെഴുതാൻ അറിയാവുന്ന ശ്രീമതി സി. എസ്. പദ്മിനി അമ്മിണിക്കുട്ടിയെന്ന കഥാപാത്രത്തെകൊണ്ടു ഭൂതകാലസംഭവങ്ങൾ സംവീക്ഷണം ചെയ്യിക്കുന്നു. ഒരു നേരത്തെ ആഹാരം കൊതിച്ചു ചെന്ന അവളെ ഒരു കാലത്തു് ഇളയമ്മ അവഗണിച്ചുകളഞ്ഞു. ഇന്നു് അവൾ സമ്പന്നനായ ഒരുവന്റെ സഹധർമ്മിണിയാണു്. അതുകൊണ്ടു് ഇളയമ്മ അവളെ എന്തെന്നല്ലാത്തവിധം സൽക്കരിക്കുന്നു. ഈ വൈരുദ്ധ്യത്തെ ആകർഷകമായി പ്രതിപാദിക്കുന്നു സി. എസ്. പദ്മിനി. ഈ കഥാകാരിയുടെ കഥ തെളിഞ്ഞ കണ്ണാടിയാണു്. ദുർഗ്രഹതയുടെ പൊടിപടലം അതിന്റെ കാന്തിയെ ഇല്ലാതാക്കുന്നില്ല. വിരസമായ ദാമ്പത്യജീവിതത്തിൽ പ്രഭ വിതറുന്ന കാഞ്ചനശലാകയാണു സന്താനമെന്ന തത്ത്വം വിശദീകരിക്കാൻ ശ്രീ. വിശ്വരാജ് കണ്ണപുരം ഒരു കഥയെഴുതിയിരിക്കുന്നു “മലയാളരാജ്യം” ചിത്രവാരികയിൽ (ലക്കം-6) വാരികയുടെ നാലു പുറങ്ങൾ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു എന്നു തിരുത്തിപ്പറയാം. ഭർത്താവു് ഭാര്യയെ അടിക്കുന്നു, ഇടിക്കുന്നു, മുഖത്തു ചവിട്ടി രക്തം പ്രവഹിപ്പിക്കുന്നു അങ്ങനെ ദിവസവും വഴക്കു്. അപ്പോൾ മകനെ പാമ്പുകടിച്ചു. മകനു മോഹാലസ്യം മാറിയപ്പോൾ അവൻ കണ്ടകാഴ്ച അച്ഛനും അമ്മയും വിരോധമൊക്കെ മറന്നു സ്നേഹത്തോടെ പെരുമാറുന്നതാണു്. കാര്യകാരണബന്ധമില്ലാത്ത, കലാപരമായ വിശ്വാസം ജനിപ്പിക്കാത്ത ഈ കഥ കലയുടെ നാട്യം കൊണ്ടു് അനുവാചകന്റെ തേജസ്സിനെ ഹനിക്കുന്നു. മുപ്പത്തിനാലു കൊല്ലം മുൻപു ഞാൻ ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. തെക്കനാര്യാടു് എന്ന സ്ഥലത്താണു ഞാൻ താമസിച്ചിരുന്നതു്. അവിടെയുള്ള ഒരിടിഞ്ഞുപൊളിഞ്ഞ ക്ഷേത്രത്തിന്റെ വീണുകിടന്ന ഒരു കരിങ്കൽത്തൂണിൽ ഞാനും എന്റെ കൂട്ടുകാരനും ഇരിക്കുകയായിരുന്നു. സമീപത്തുള്ള തേന്മാവു് പുഷ്പിച്ചു സുഗന്ധം വ്യാപിപ്പിച്ചു. പെട്ടെന്നു് അതിന്റെ കൊമ്പിൽ ഒരു കിളി വന്നിരുന്നു പാടാൻ തുടങ്ങി. കിളിയുടെ ചലനം കൊണ്ടു മാമ്പൂക്കൾ അടർന്നു ഞങ്ങളുടെ ശിരസ്സിൽ വീണു. എന്തൊരാഹ്ലാദം! ആഹ്ലാദത്തിന്റെ അലകളിളക്കുന്ന ആ അന്തരീക്ഷത്തിൽ, കിളിയുടെ നാദതരംഗങ്ങൾ ഇളകുന്ന ആ അന്തരീക്ഷത്തിൽ പൊടുന്നനവേ ഒരു ശബ്ദം ഒരുത്തൻ ‘ശ്ർ ശ്ർ’ എന്ന ശബ്ദം കേൾപ്പിച്ചു് ഒരു കാളയെ വിരട്ടിക്കൊണ്ടു വരുന്നു. എന്റെ സ്നേഹിതനു സഹിക്കാൻ സാധിച്ചില്ല. അയാൾ ചാടിയെഴുന്നേറ്റു്, “ഒന്നു മിണ്ടാതെപോകൂ” എന്നു പറഞ്ഞു. കേശവദേവി ന്റെ ‘കളിത്തോഴി’ എന്ന കഥയിലെ അന്നക്കുട്ടിയുടെയും അവളുടെ കൂട്ടുകാരനായ ജോർജ്ജ് കുട്ടിയുടെയും ലീലാവിലാസങ്ങൾ കൊണ്ടു ഭംഗിയാർന്ന ഈ കേരളീയാന്തരീക്ഷത്തിൽ വിശ്വരാജ് കണ്ണപുരത്തിന്റെ “ശ്ർ” ശബ്ദം. എന്റെ സുഹൃത്തു മരിച്ചുപോയി ഇല്ലെങ്കിൽ അയാൾ ഇപ്പോൾ ചാടിയെഴുന്നേറ്റു് ‘ഒന്നു മിണ്ടതെ പോകൂ” എന്നു പറഞ്ഞേനെ. ഇതാ ഒരു മാമ്പൂ കൊഴിയുന്നു. അതിന്റെ സുഗന്ധം എന്നെ ആഹ്ലാദിപ്പിക്കുന്നു. ഞാൻ ലക്ഷ്യമാക്കുന്നതു് ശ്രീ. ഗൗതമൻ മലയാളരാജ്യം വാരികയിലെഴുതിയ “ആറാം നമ്പർ” എന്ന മനോഹരമായ കഥയെയാണു്. ആരും അവലംബമായി ഇല്ലാത്ത ഒരു ദരിദ്രൻ ശസ്ത്രക്രിയയ്ക്കു വിധേയനാകാൻ വേണ്ടി ആശുപത്രിയിലെ ആറാംനമ്പർ കട്ടിലിൽ കിടക്കുന്നു. അയാളുടെ ദയനീയത, ആ ദയനീയതയിലും കാഞ്ചനശോഭ വിതറുന്ന പ്രേമം, മനുഷ്യന്റെ ക്രൂരത, ബന്ധുക്കളുടെ അവഗണന ഇവയെല്ലാം കലാത്മകമായി ഗൗതമൻ ചിത്രീകരിക്കുന്നു. ഈ മാകന്ദപുഷ്പം എന്റെ സമീപത്തു വീഴ്ത്തിയതിനു് ഞാൻ അദ്ദേഹത്തിനു നന്ദി പറയട്ടെ.

പെൺകുട്ടികളുടെ ഹോസ്റ്റലിലെ സൂക്ഷിപ്പുകാരനായ ഒറ്റക്കണ്ണനായ ഒരു “കെഴട്ടുകെഴവന്നു്” രണ്ടു കൊച്ചു പെൺകുട്ടികളുടെ “സ്വവർഗ്ഗാനുരാഗം” കണ്ടപ്പോൾ കാമവികാരമിളകിയതിനെ വർണ്ണിക്കുന്ന ഒരു കഥ ‘മലയാളനാട്ടി’ന്റെ പന്ത്രണ്ടാംലക്കത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. അനാഗതശ്മശ്രുക്കളേയും അനാഗതാർത്തവകളേയും ഇളക്കാൻപോന്ന പലതും പറഞ്ഞു പറഞ്ഞു കുത്സിതത്വത്തിന്റെ പരകോടിയിൽ അനുവാചകനെ കൊണ്ടു നിറുത്തുന്ന ഈ കഥ തികച്ചും വിരൂപമാണു്. ഇതിൽ കലയില്ല, ജീവിതമില്ല, ഒന്നുമില്ല. ഒന്നുമില്ലെന്നു ഞാനെഴുതിപ്പോയതു തെറ്റു്. ഉണ്ടു്. മാലിന്യമുണ്ടു്. മണിയൂരിന്റെ കഥ വായിച്ചുകഴിഞ്ഞതിനുശേഷമാണു് ശ്രീ. തുളസിയുടെ “ഉഷ്ണമാപിനി” എന്ന ചെറുകഥ ഞാൻ വായിച്ചതു്. വലിയ തരക്കേടില്ലാത്ത കഥകളെഴുതുന്ന കഥാകാരനാണു തുളസി. അതുകൊണ്ടു് അദ്ദേഹത്തിന്റെ കഥ എനിക്കു വൈരസ്യമുളവാക്കുകയില്ലെന്നു ഞാൻ വിചാരിച്ചു. പ്രത്യേകിച്ചു പി. ബി. മണിയൂരിന്റെ കലാഹിംസ കണ്ടതിനു ശേഷമാണല്ലോ ഞാൻ അദ്ദേഹത്തിന്റെ കഥയിലേക്കു ചെല്ലുന്നതു്. ദുഃഖത്തിനുശേഷമുള്ള ഏതു ചെറിയ ആഹ്ലാദവും വലിയ ആഹ്ലാദമായേ തോന്നൂ. പക്ഷേ, എന്റെ വിചാരം തെറ്റിപ്പോയിരിക്കുന്നു. കന്യാസ്ത്രീക്കും അനുരാഗമെന്ന ലോലവികാരമുണ്ടാകാമെന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണു തുളസി. പരീക്ഷണശാലയിൽ വച്ചിരിക്കുന്ന ‘തെർമോമീറ്റ’റിൽ രസം ചൂടിന്റെ ഏറ്റക്കുറവനുസരിച്ചു് ഉയരുകയും താഴുകയും ചെയ്യുന്നതുപോലെ കന്യാസ്ത്രീയുടെ വികാരവും പരിതഃസ്ഥിതികളുടെ ഊഷ്മാവിനാൽ ഉത്തേജിതമാകുമെന്നു തുളസി പറയുന്നു. ശരിയായിരിക്കാം. പക്ഷേ, അദ്ദേഹം അങ്ങുവെറുതെ പറയുന്നതേയുള്ളു. കലാപരമായ ഒരു സത്യമായി അനുവാചകനു് അതു തോന്നുന്നില്ല. പറയാനുള്ളതു് ആകർഷകമായി പറയാത്തതിന്റെ ന്യൂനതയാണിതു്. അർത്ഥരഹിതങ്ങളായ വാക്യങ്ങൾ എഴുതുന്നതിലാണു തുളസിയുടെ കൗതുകം മുഴുവനിരിക്കുന്നതു്. കഥ തുടങ്ങുകയാണു്:
“ശാഖോപശാഖകളിൽ കൊളുത്തിത്തൂക്കിയ മുന്നീർക്കുടമായി ഇരുട്ടുകിടക്കുന്ന വൻമരച്ചാർത്തിൽനിന്നു് ആകാശത്തെ നഗ്നസൂര്യൻ വീഴ്ത്തുന്ന പ്രകാശം തിളക്കം കെടാതെ അപ്പാടെ ഏറ്റുവാങ്ങുന്ന തുറസ്സായ ഭൂവിഭാഗത്തേക്കു് എടുത്തെറിയപ്പെട്ടപോലെ… അർദ്ധരാത്രിയിലാരംഭിച്ച സുഷുപ്തി വളർന്നു രണ്ടിലകൾ വീശാൻ പ്രായമായ വൈകിയ പ്രഭാതത്തിൽ പൊട്ടിത്തകർന്നു്, വെളിച്ചത്തിന്റെ ശത്രുവിന്റെ പിടിയിൽ നിന്നു് ഊർന്നുവീണു കണ്ണുമിഴിച്ചാലെന്നപോലെ.”
എന്താണവോ ഇതിന്റെയൊക്കെ അർത്ഥം? മധ്യതിരുവിതാംകൂറിലെ ഒരു ക്ഷേത്രത്തിൽ പണ്ടു് പുരുഷന്മാർക്കേ പ്രവേശനമുണ്ടായിരുന്നുള്ളു. അന്നു് അവരുടെ ശ്വാസംകൊണ്ടുമാത്രമേ അവിടത്തെ പാവനമായ അന്തരീക്ഷം മലീമസമായിരുന്നുള്ളു. ഇന്നു് പെണ്ണുങ്ങൾക്കും അവിടെ കയറാം, അങ്ങനെ അവരുടെ മലിനചിന്തകളാലും നെടുവീർപ്പുകളാലും അവിടം കൂടുതൽ മലീമസമായിരിക്കുന്നു. സാഹിത്യ ക്ഷേത്രത്തിൽ ദുർഗ്രഹത കൊണ്ടുവന്നു് അതിനെ മലിനപ്പെടുത്തി അത്യന്താധുനികകവികൾ. കഥാകാരന്മാർ പിന്നെന്തിനു മിണ്ടാതിരിക്കുന്നു?

ധനികൻ തൊഴിലാളിയെ അടിച്ചപ്പോൾ അയാൾ (കഥയിലെ പ്രധാന പാത്രം) അതിലിടപെട്ടു. താഴെ വീണു നെറ്റിക്കു മുറിവു് പറ്റി. ഈ രീതിയിൽ വഴക്കിനൊന്നും പോകരുതെന്നു് അമ്മ പലപ്പോഴും വിലക്കിയിട്ടുള്ളതാണു്. മാത്രമല്ല, ജന്മിയുടെ മകൻ ഉണ്ണിയെ ചൂണ്ടിക്കാണിച്ചു് അമ്മ എപ്പോഴും പറയും: “ആ ഉണ്ണിയെ കണ്ടു പഠിക്കു്.” പക്ഷേ, ആ ഉണ്ണിയെന്തു ചെയ്തു? ഒരു സാധുസ്ത്രീയെ ഗർഭിണിയാക്കിയിട്ടു വീട്ടിൽനിന്നു് ആയിരംരൂപയും മോഷ്ടിച്ചുകൊണ്ടു കടന്നു കളഞ്ഞു. അമ്മയുടെ നല്ലവനായ ഉണ്ണി ശ്രീ. കൊട്ടാരക്കര ജി. ബാലകൃഷ്ണപിള്ള “ദേശാഭിമാനി” വാരികയിലെഴുതിയ “നല്ലവൻ” എന്ന ചെറുകഥയുടെ സാരാംശം ഇതാണു്. കലാകാരനു് അവശ്യം വേണ്ട ഉൾക്കാഴ്ച ബാലകൃഷ്ണപിള്ളയ്ക്കില്ല. വിഷയം ഏതുമാകട്ടെ. കലാകാരൻ അതിനെ മറ്റാരും കണ്ടിട്ടില്ലാത്ത വിധം കാണണം. ജന്മി-തൊഴിലാളി സംഘട്ടനങ്ങളെ മാക്സിം ഗോർക്കി ചിത്രീകരിക്കുന്ന രീതി നോക്കൂ. അതുകാണുമ്പോൾ പ്രതിലോമചിന്താഗതിയുള്ളവർപോലും ഹർഷപുളകിതരാകും. അതാണു് കലയുടെ മാന്ത്രികപ്രഭാവം. ബാലകൃഷ്ണപിള്ളയ്ക്കു പ്രതിഭയില്ല. അദ്ദേഹത്തിനു സംഭവങ്ങളെ വിരസമായി പകർത്താനേ അറിയാവൂ. മാക്സിം ഗോർക്കി, മയകോവിസ്ക്കി, ഇഗ്നേഷ്യോ സിലോണി എന്നീ സാഹിത്യകാരന്മാരുടെ കൃതികൾ ശ്രദ്ധിച്ചുവായിച്ചാൽ അദ്ദേഹത്തിനു ഞാൻ പറയുന്നതു സത്യമാണെന്നു ബോധപ്പെടും.

ലോകത്തെ വിറപ്പിച്ച മുസ്സോളിനി യുടെ അന്ത്യം കാണണമോ? എങ്കിൽ ‘മലയാളനാട്ടി’ന്റെ 12-ാം ലക്കത്തിൽ ആ ശീർഷകത്തിലുള്ള ലേഖനം വായിക്കുക. മുസ്സോളിനിയുടെയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെയും ചിത്രങ്ങൾ കൂടി വാരികയിൽ കൊടുത്തിട്ടുണ്ടു്. സൂസൻ ആൻഡ്രൂസ് എഴുതിയ ഈ പ്രബന്ധം ശ്രീ. മംഗലശ്ശേരിയാണു തർജ്ജ ചെയ്തിരിക്കുന്നതു്. അദ്ദേഹം ഈ തർജ്ജമയിലൂടെ വലിയ സേവനമാണു് അനുഷ്ഠിക്കുക. സംസ്ക്കാരം അതിന്റെ ശക്തി പ്രകടിപ്പിക്കുന്നതു സാഹിത്യത്തിലൂടെയാണു, കലയിലൂടെയാണു്. അതു കൊണ്ടു സാഹിത്യസൃഷ്ടികളെക്കുറിച്ചു്, ചിത്രങ്ങളെക്കുറിച്ചു്, ശില്പങ്ങളെക്കുറിച്ചു് ഒക്കെ നമുക്കറിയേണ്ടിയിരിക്കുന്നു. അതൊരു ആഗ്രഹം മാത്രമാണു് എന്നറിയാതെയല്ല ഞാനിതു പറയുന്നതു്. സഫലീഭവിക്കാത്ത ഒരാഗ്രഹം. ഒരൊറ്റ വാരികപോലും ആ രീതിയിലുള്ള ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നില്ല. എല്ലാ വാരികകളിലും ശാസ്ത്രത്തിന്നാണു് അമിതപ്രാധാന്യം. ശാസ്ത്രവും കലയും രണ്ടു സംസ്ക്കാരങ്ങൾതന്നെ. (സി. പി. സ്നോ യുടെ Two cultures എന്ന ആശയത്തോടു കടപ്പാടു്) പക്ഷേ, ശാസ്ത്രത്തിനുതന്നെ ബൃഹദാകാരം വന്നാലോ? അതിനുതന്നെ ഭ്രാന്തു പിടിച്ചാലോ? ഭ്രാന്തുപിടിച്ച ശാസ്ത്രം ബുദ്ധിയുളള സാഹിത്യത്തെ ചവിട്ടിമെതിക്കുന്ന കാഴ്ചയാണു ഞാൻ ഇന്നത്തെ വാരികകളിൽ കാണുന്നതു്. ‘കുങ്കമം’ വിശ്വവിഖ്യാതനായ ഫ്രഞ്ച് നിരൂപകൻ സായിൻത്ബോവേ യെക്കുറിച്ചു് അതിലൊരു ലേഖനമുണ്ടു്. പക്ഷേ, അതെഴുതിയ ശ്രീ. കെ. രാജു കായിക്കര ഉപകാരത്തെക്കാൾ അപകാരമാണു് ചെയ്തിരിക്കുന്നതു്. സകല സംജ്ഞാനാമങ്ങളേയും അദ്ദേഹം തെറ്റിച്ചെഴുതിയിരിക്കുന്നു. വിക്തർ യുഗോ യെപ്പോലും അദ്ദേഹം വിക്ടർ ഹ്യൂഗോ എന്നു വിളിക്കുന്നു. സഹൃദയരെ വന്ധ്യതയിലേക്കും ശൂന്യതയിലേക്കും നയിക്കാതിരിക്കാൻ വേണ്ടിയെങ്കിലും വാരികകളുടെ അധിപന്മാർ സാഹിത്യവിഷയങ്ങളായ ലേഖനങ്ങൾ വല്ലപ്പോഴുമെങ്കിലും പ്രസിദ്ധപ്പെടുത്തട്ടെ.

കവിതയെക്കുറിച്ചു് ഞാൻ ഇത്തവണ ഒന്നും പറയുന്നില്ല. എപ്പോഴും ദോഷം പറയുന്നതെങ്ങനെ? ഗുണം ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നുമില്ല. അതുകൊണ്ടു് മൗനം തന്നെ നല്ലതു്. ഡോ. കെ. ഭാസ്ക്കരൻ നായർ മലയാളഭാഷയെ “രാമരാജാബഹദൂറി ”ലെ സാവിത്രിയോടു് ഉപമിച്ചിട്ടുണ്ടു്. നല്ല സങ്കൽപ്പമാണതു്. ഈ ലേഖകൻ കാവ്യാംഗനയെ വള്ളത്തോളി ന്റെ മഗ്ദലനമറിയ ത്തോടു് ഉപമിക്കുന്നു; വേശ്യയായിരുന്ന മറിയത്തോടല്ല, മാനസാന്തരം വന്ന കേഴമാൻ കണ്ണാളിനോടു്. അവൾ പരാശക്തിക്കു് അഭിമുഖീഭവിച്ചു നില്ക്കുന്നു. ആ ശക്തിവിശേഷത്തോടു നടന്നടുക്കുന്നു. കെട്ടഴിഞ്ഞു പിറകുവശം മൂടിക്കിടക്കുന്ന മുഗ്ദ്ധമായ കാർകുഴലിന്റെ രാമണീയകം എന്നെ ആകർഷിക്കുന്നു. അവളുടെ നടത്തത്തിനുതന്നെ എന്തൊരു ഭംഗിയാണു്? ഇത്രയുംകാലം അവൾ മലയാളസാഹിത്യത്തിൽ ആധിപത്യം പുലർത്തി. അവളുടെ സൗന്ദര്യം കണ്ടു കുമ്പിടാത്തവരില്ല, അവളെ ആരാധിക്കാത്തവരില്ല. മാന്യ മറിയമേ, ഭവതിക്കു നമസ്ക്കാരം! എന്റെ ഈ വാക്കുകൾ കേട്ടിട്ടാവാം, അതാ അവൾ തിരിഞ്ഞുനോക്കുന്നു. ആ വിശാലവിലോചനങ്ങൾ തിളങ്ങുന്നു. “ദുഃഖിക്കാതിരിക്കൂ. ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കും” എന്നല്ലേ അവൾ ആ നയനങ്ങൾകൊണ്ടു് അറിയിക്കുന്നതു്. അതു സത്യമെങ്കിൽ ഞങ്ങൾ എത്ര ഭാഗ്യവാന്മാർ! അല്ലെങ്കിൽ ഞങ്ങളെത്ര ഭാഗ്യരഹിതർ!