
വാസ്തവികപ്രസ്ഥാനവും പ്രകൃതിനിഷ്ഠപ്രസ്ഥാനവും (Realism and Naturalism) സങ്കീർണ്ണമായ ആധുനികജീവിതത്തെ പ്രതിഫലിപ്പിക്കാൻ അസമർത്ഥങ്ങളാണെന്നാണു് അത്യന്താധുനികസാഹിത്യകാരന്മാർ വിചാരിക്കുന്നതു്. ബൽസാക്കി ന്റെയോ ഫ്ളാബേറി ന്റെയോ മോപ്പസാങ്ങി ന്റെയോ യഥാതഥമായ കലാസങ്കേതംകൊണ്ടു് ഗഹനവും സങ്കീർണ്ണവും ആയ സത്യത്തെ സമ്പൂർണ്ണമായി ആവിഷ്ക്കരിക്കാൻ കഴിയുകയില്ലെന്നു് അവർ വിശ്വസിക്കുന്നു. അതിനാൽ അവർ ഭാവനയ്ക്കു സ്വച്ഛന്ദവിഹാരം നൽകുവാൻ നിർബ്ബദ്ധരാകുന്നു; മനോരഥസൃഷ്ടിക്കു് (Fantasy) അമിതപ്രധാന്യം നൽകുന്നു. കാഫ്ക, യോനസ്കോ, ഗുന്തർഗ്രസ്സ്, റോബേ ഗ്രിയേ എന്നിവർ ഇങ്ങനെ അസംഗതത്വം കലർന്ന ചെറുകഥകളും നോവലുകളും രചിക്കുന്നു (കാഫ്ക അന്തരിച്ചുപോയി). ഭാവാത്മക പ്രസ്ഥാനം, സ്വപ്നപ്രസ്ഥാനം, ശക്തി പ്രസ്ഥാനം (Expressionism, Surrealism, Futurism) എന്നീ കലാപ്രസ്ഥാനങ്ങളുടെ കലാസങ്കേതമാണു് ഇവർ അംഗീകരിക്കുക. ഇംഗ്ലീഷിൽ ultra modernism എന്നു വിളിക്കുന്ന ഈ അത്യന്താധുനികതയ്ക്കു് കേരളത്തിൽ പ്രചാരം നല്കാൻ ശ്രമിക്കുന്ന ചില എഴുത്തുകാരിൽ ഒരാളാണു് ശ്രീ. എം. മുകുന്ദൻ. അദ്ദേഹത്തിന്റെ എല്ലാക്കഥകളും ഈ വസ്തുത ഉദ്ഘോഷിക്കുന്നു. “മാതൃഭൂമി”യുടെ 25-ാം ലക്കത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്ന, അദ്ദേഹത്തിന്റെ “അവർ പാടുന്നു” എന്ന കഥയും വിഭിന്നമല്ല. അയാൾ (കഥാപാത്രം) ഉണരുമ്പോൾ എട്ടുമണിയായിരുന്നു (ഒമ്പതുമണിയായിരുന്നുവെന്നു പിന്നീടു് പ്രസ്താവമുണ്ടു്). ഉണരുന്നതിനുമുൻപു് അയാൾ ഒരു സ്വപ്നംകണ്ടു വർണ്ണോജ്ജ്വലമായസമുദ്രം കണ്ണുകൾ മലക്കെ തുറന്നിട്ടും കടൽ മുന്നിൽ നിന്നു മറഞ്ഞില്ല. അയാൾ കാമുകിയുമായി രാജവീഥിയിലൂടെ നടന്നു. അർത്ഥരഹിതമായി പലതും സംസാരിച്ചു. ഒടുവിൽ അവർ രണ്ടുപേരുംകൂടി ഒരു ശവകുടീരത്തിന്റെ ഉള്ളിലേക്കു കയറി. അവിടെ നീണ്ടുനിവർന്നുകിടന്നിട്ടു് രണ്ടുപേരും പറഞ്ഞു: “ഞങ്ങൾ മരിച്ചു.” ഇതാണു് കഥയുടെ സംഗ്രഹം, ആധുനിക മനുഷ്യൻ ഒറ്റപ്പെട്ടവനാണു്. അവനു സത്യമേതു്, സ്വപ്നാവസ്ഥയേതു് ഉണർന്നിരിക്കുന്ന അവസ്ഥയേതു് എന്നു് വേർതിരിക്കുവാൻ വയ്യ. മുകുന്ദന്റെ കഥയിലെ നായകൻ ഉണർന്നിട്ടും സ്വപ്നം അയാളുടെ കൺമുൻപിൽനിന്നു് മാഞ്ഞുപോയില്ലെന്ന പ്രസ്താവം ശ്രദ്ധിക്കുക. ഇതുമാത്രമല്ല, മനുഷ്യനു് ഇവിടെ സംസാരിക്കാൻ വയ്യ. സംസാരിച്ചാൽത്തന്നെ അതിനർത്ഥമില്ല. കാലത്തെക്കുറിച്ചുപോലും അവനു ബോധമില്ല. ഉണരുന്നതു് എട്ടുമണിയ്ക്കു് എന്നു് ആദ്യത്തെ പ്രസ്താവം. അതു് ഒൻപതുമണിക്കാണു് എന്നു പറഞ്ഞാലും വ്യത്യാസമില്ല. ഇവിടത്തെ സമുദായമോ? അതിന്റെ സംസ്ക്കാരമോ? അവയ്ക്കും ഒരർത്ഥവുമില്ല. മരണമേ ഇവിടെ യാഥാർത്ഥ്യമായുള്ളൂ. അതു തെളിയിക്കാനാണു് മുകുന്ദൻ തന്റെ രണ്ടു കഥാപാത്രങ്ങളെയും നിഗ്രഹിക്കുന്നതു്.
മനുഷ്യന്റെ നിശ്ചേതനത്വം പ്രവാസദുഃഖം എന്നിവയെ വ്യക്തമാക്കാൻ പ്രയോജനപ്പെടുന്ന ഒരു പ്രതിപാദനരീതി മുകുന്ദൻ സ്വീകരിക്കുന്നു.
“ഇന്ത്യാഗെയ്റ്റിന്റെ വിശാലതയിൽ, കുത്തബ്ബ്മിനാറിന്റെ വിജനതയിൽ, ചെങ്കോട്ടയുടെ നിഴലിൽ, ചെങ്കോട്ടയുടെ നിഴലിൽ, കുത്തബ്ബ്മിനാറിന്റെ വിജനതയിൽ, ഇന്ത്യാഗെയ്റ്റിന്റെ വിശാലതയിൽ.”
എന്നു് അദ്ദേഹം എഴുതുന്നതു നോക്കുക. ഇന്ത്യാഗയ്റ്റിൽ നിന്നു് കുത്തബ്ബ്മിനാറിലേക്കും അവിടെനിന്നു് ചെങ്കോട്ടയിലേക്കും ആദ്യം വരുന്നു. പിന്നീടു് നേരേ തിരിച്ചുള്ള പോക്കാണു്. ചെങ്കോട്ടയിൽ നിന്നു് കുത്തബ്ബ്മിനാറിലേയ്ക്കും അവിടെ നിന്നു് ഇന്ത്യാഗയ്റ്റിലേക്കും. കാലപ്രവാഹത്തിന്റെ ചുഴിയിൽക്കിടന്നു കുറങ്ങി ആരംഭിച്ച സ്ഥലത്തുതന്നെ പിന്നെയും പിന്നെയും വരുന്ന മനുഷ്യന്റെ അവസ്ഥയെ ചിത്രീകരിക്കാനാണു് മുകുന്ദൻ ഇങ്ങനെ എഴുതുന്നതു്.

കേരളത്തിലെ അത്യന്താധുനികർ പ്രതിപാദ്യവിഷയവും പ്രതിപാദനരീതിയും പാശ്ചാത്യദേശത്തുനിന്നു കടംവാങ്ങുകയാണെന്നുള്ളതിനു് മറ്റൊരു ലേഖപ്രമാണം വേണ്ടതില്ല. സാഹിത്യകാരനിൽ ദേശീയചിന്താഗതിയും പാരമ്പര്യവും തത്ത്വചിന്തയും സ്വാധീനശക്തി ചെലുത്തുന്നു. അവയുടെ അധിപ്രസരത്തിനു വിധേയനായിക്കൊണ്ടു് അയാൾതന്നിൽനിന്നു സൃഷ്ടി നടത്തുകയാണു്. ആ വിധത്തിൽ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ച സ്വകീയമായ ഒരഭിവീക്ഷണം—ഉൾക്കാഴ്ച—അയാൾക്കുണ്ടാകുന്നു. മറ്റൊരുവന്റെ ജീവിതാഭിവീക്ഷണമാർഗ്ഗം കടം വാങ്ങുന്ന എഴുത്തുകാരൻ സാഹിത്യകാരനല്ല. ഒട്ടുമാവുണ്ടാക്കുന്നതുപോലെ, പെഗ്ഗിൽ ഷർട്ടും കോട്ടും എടുത്തിടുന്നതുപോലെ പാശ്ചാത്യന്റെ കലാസങ്കേതത്തിൽ പാശ്ചാത്യന്റെ തന്നെ പ്രതിപാദ്യവിഷയം ചേർത്തുവയ്ക്കുകയാണു് കേരളത്തിലെ അത്യാന്താധുനികർ. എയ്ഞ്ചൽ അസ്റ്റൂറിയാസ് എന്ന സ്പാനിഷ്–അമേരിക്കൻ എഴുതിയ ഒരു കഥ ഞാൻ വായിച്ചു. അതിൽനിന്നു് ഒരു ഭാഗം തർജ്ജമചെയ്തു ചേർക്കട്ടെ.
“ആ വാഹനം നീങ്ങിയില്ല. അതു നീങ്ങുന്നതായി അവൾക്കു തോന്നിയില്ല, അതു നീങ്ങുന്നതായി അവൾക്കു തോന്നിയില്ല. ഉറങ്ങുന്ന അച്ചുതണ്ടിൽ ചക്രങ്ങൾ തിരിഞ്ഞുകൊണ്ടു് മുന്നോട്ടുപോകാതെ ഒരേസ്ഥലത്തു നിന്നു് കറങ്ങുന്നതായി അവൾക്കു തോന്നി. ഭർത്താവിനെ രക്ഷിക്കണം. അതേ, അതേ, അതേ, അതേ, അതേ.”
നമ്മുടെ അത്യന്താധുനികർ മൗലികപ്രതിഭയുള്ളവരല്ലെന്നു് ഈ ഭാഗം തെളിയിക്കും. പ്രതിഭാശാലികൾ തങ്ങൾക്കു പറയാനുള്ളതു് അതുവരെ ആരും പറഞ്ഞിട്ടില്ലാത്ത മട്ടിൽ പറയും. പ്രതിഭയില്ലാത്തവർ— അനുകർത്താക്കൾ—അന്യന്റെ ഭാവശില്പം കടംവാങ്ങുന്നു; അവന്റെ രൂപശില്പം കടംവാങ്ങുന്നു. മുകുന്ദനും കൂട്ടുകാരും എഴുതുന്ന മട്ടിലെഴുതാൻ ആർക്കും സാധിക്കും. ചങ്കൂറ്റം മാത്രം മതി. പക്ഷേ, ബഷീറി നെപ്പോലെ എഴുതാൻ, പി. സി. കുട്ടിക്കൃഷ്ണനെ പ്പോലെ എഴുതാൻ പ്രതിഭവേണം… അവ്യക്തമായ രീതിയിൽ ശ്രീ. ബാലകൃഷ്ണൻ “നിമിഷങ്ങൾ, ഇതളുകൾ” എന്ന ചെറുകഥ ആരംഭിക്കുന്നു. ആദ്യം നാം നയിക്കപ്പെടുന്നതു് അന്ധകാരം നിറഞ്ഞ മണ്ഡലത്തിലേക്കാണു്. അവിടെ അറുപതുവയസ്സുള്ള ഒരു ചൗധുരിയെ നാം കാണുന്നു. അയാൾ ഉദ്യോഗാർത്ഥികളെ കാണുകയാണു്, അവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പോകുകയാണു്. ക്രമേണ വൃദ്ധൻ വ്യക്തതയാർജ്ജിക്കുന്നു. അന്ധകാരമാകെ മാറുന്നു അയാളുടെ മോഹങ്ങൾ, മോഹഭംഗങ്ങൾ, വിവാഹം കഴിക്കാത്ത പ്രേമത്തിനു വശഗയായ മകളുടെ വിഷാദപൂർണ്ണമായ ജീവിതം ഇവയൊക്കെ നാം മനസ്സിലാക്കുന്നു. ഹൃദയത്തിന്റെ അഗാധതലത്തിലേക്കു് ഇറങ്ങിച്ചെല്ലുന്നില്ലെങ്കിലും ഈ കഥയ്ക്കു് ഒരാകർഷകത്വമുണ്ടു്… സ്ത്രീയുടെ ഹൃദയം നവമാലികപോലെ പുളകം കൊള്ളാറുണ്ടു്. കൊടുങ്കാറ്റേറ്റു് ആടിയുലയാറുണ്ടു്. സംതൃപ്തമായ കുടുംബജീവിതം നയിക്കുമ്പോൾ അവൾ ആഹ്ലാദം കൊള്ളുന്നു. ഭർത്താവിന്റെ സ്നേഹമില്ലായ്മയാൽ സ്വന്തം ജീവിതം തകർന്നടിയുമ്പോൾ അവൾ മരണത്തിന്റെ വക്കിലെത്തുന്നു. ഭർത്താവിനെയും തന്റെ അനുജത്തിയെയും അതിരുകടന്നു വിശ്വസിച്ച ഒരു സ്ത്രീയുടെ ദുരന്തത്തെ ശ്രീമതി ഹേമലതാനമ്പ്യാർ ചിത്രീകരിക്കുന്നു (ജനയുഗം വാരിക-സെപ്തംബർ-6). ഉദ്യോഗം നോക്കാൻവേണ്ടി അന്യദേശത്തേക്കുപോയ സ്ത്രീ കുഞ്ഞുങ്ങളെ സ്വന്തം അനുജത്തിയെ ഏല്പിച്ചു തിരിച്ചുവന്നപ്പോൾ അനുജത്തി ഭർത്താവിന്റെ ഭാര്യയായിരിക്കുന്നു. കുട്ടികൾ അവളെ വെറുക്കുന്നു. ഹേമലതാനമ്പ്യാരുടെ മറ്റു കഥകൾ ഞാൻ വായിച്ചിട്ടില്ല. ഒരു പ്രാഥമിക പരിശ്രമമെന്ന നിലയിൽ ഈ കഥ ആദരണീയമായിട്ടുണ്ടു്… ഇതു് എത്ര കണ്ടു് ആദരണീയമാണോ അത്രകണ്ടു് അനാദരണീയമാണു് ശ്രീ. ബാലചന്ദ്രന്റെ ‘രാത്രി’ എന്ന കഥ (ജനയുഗം). കൊള്ളരുതായ്മ കാണിക്കുന്ന ഒരു മുതലാളിയെക്കുറിച്ചു് ഒരു വാർത്ത പത്രത്തിൽ കൊടുത്തിട്ടു് പത്രമാഫീസിലെ ജോലിക്കാരൻ രാജിവയ്ക്കുന്നതാണു് ഈ ചെറുകഥയിലെ പ്രതിപാദ്യം. ഇവിടെ യഥാർത്ഥമായ കലാപ്രചോദനമില്ല. ജർണ്ണലിസത്തിന്റെ നിർവികാരതയേയുള്ളൂ. ഞാൻ മിഡിൽസ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ എന്നെക്കാൾ ശക്തനായ ഒരു സഹപാഠി എന്റെ കഴുത്തിൽപ്പിടിച്ചു ഞെക്കി. ശ്വാസം മുട്ടി ഞാൻ “എന്നെ വിടൂ, വിടൂ” എന്നു് അയാളോടു് അപേക്ഷിച്ചു. ബാലചന്ദ്രന്റെ ‘രാത്രി’ എന്ന കഥ വായിച്ചുതീർത്തപ്പോൾ ഞാൻ ഈ സംഭവം ഓർമ്മിച്ചുപോയി. കഥാകാരന്മാർ അനുവാചകന്റെ കഴുത്തിനു പിടിച്ചു് ഞെക്കരുതു്. പാവപ്പെട്ട വായനക്കാരൻ ഒരപരാധവും ചെയ്യുന്നില്ലല്ലോ… വൈഷയികത്വത്തിൽ നിന്നു് കുറെയൊക്കെ മാറിനില്ക്കുന്ന, ഒട്ടൊക്കെ വിശുദ്ധമായ സ്നേഹത്തെ കുമാരി ബി. സുനന്ദ ‘ഹിപ്നോട്ടിസം’ എന്ന ചെറുകഥയിൽ സ്ഫുടീകരിക്കുന്നു (കുങ്കുമം-ലക്കം 52). ഭാര്യയെ സംശയിക്കുന്ന ഭർത്താവു് ഹിപ്നോട്ടിസം പ്രയോഗിച്ചു് അവളുടെ ഉപബോധമനസ്സിലെ രഹസ്യങ്ങൾ അറിയാൻ ശ്രമിക്കുകയാണു്. രഹസ്യമൊന്നുമില്ല. അവൾ ഭർത്താവിനെ അതിരുകടന്നു സ്നേഹിക്കുന്നുവെന്നുമാത്രം. അവർ ആലിംഗനബദ്ധരാകുമ്പോൾ കഥ അവസാനിക്കുന്നു. ഇത്രവളരെ സ്നേഹിക്കുന്ന ഒരു യുവതിയെക്കുറിച്ചു് ഭർത്താവിനു് എങ്ങനെ സംശയം തോന്നാനാണു് ? അയാൾക്കു സ്നേഹത്തിന്റെ ഒരംശമെങ്കിലുമുണ്ടെങ്കിൽ ഹിപ്നോട്ടിസം പ്രയോഗിക്കുമോ? ഈ ചോദ്യങ്ങളൊക്കെ ആരോ എന്നോടു ചോദിക്കുന്നുണ്ടു്. സുനന്ദയ്ക്കു ഇമ്മാതിരി അനിയതമനഃശാസ്ത്രത്തിലെന്താണു് ഇത്ര കൗതുകം? എന്നൊരു ചോദ്യം ഞാൻതന്നെ ചോദിക്കുകയും ചെയ്യുന്നു. അവയ്ക്കൊന്നും ശരിയായ മറുപടിയില്ല. എങ്കിലും കഥയെഴുതാൻ സുനന്ദയ്ക്കറിയാം. അത്രയുമായി. സുനന്ദയെക്കാളേറെ കഥാരചനയിൽ വൈദഗ്ദ്ധ്യമുണ്ടു് ശ്രീ. കെ. എൽ. ശ്രീകൃഷ്ണദാസിനു് എന്നു ഞാൻ പറഞ്ഞാൽ അതു് അദ്ദേഹത്തിനുള്ള ഒരു പ്രശംസോക്തിയില്ല. കാരണം ശ്രീകൃഷ്ണദാസ് കുറേക്കാലമായി കഥയെഴുതുന്നു എന്നതുതന്നെ. തികച്ചും കാല്പനികമായ വിഷയത്തെ കാല്പനികമായി ആവിഷ്ക്കരിച്ചിരിക്കുന്നു എന്നതാണു് അദ്ദേഹത്തിന്റെ കഥയുടെ സവിശേഷത. ശ്രീ. ടി. എൽ. ജോൺസിന്റെ കഥകളിൽ കാണുന്ന റെഡിമെയ്ഡ് സൗന്ദര്യം ശ്രീകൃഷ്ണദാസിന്റെ ഈ കഥയിലുമുണ്ടു്. എങ്കിലും ജോൺസിനെപ്പോലെതന്നെ അദ്ദേഹവും ആഖ്യാനപാടവം കാണിക്കുന്നു. നല്ല കവിതകൾ, നല്ല കഥകൾ എന്നിവ വായിക്കുമ്പോൾ മാധുര്യം നമ്മുടെ സിരകളിലൂടെ ഒഴുകിയിറങ്ങുന്നുവെന്നു് ഒരു തോന്നൽ ഉണ്ടാകാറില്ലേ? അതുപോലെ ചീത്തക്കവിതകളും ചീത്തകഥകളും വായിക്കുമ്പോൾ വിഷം ഒഴുകുന്നുവെന്നു തോന്നും. “കുങ്കുമം” വാരികയിൽ “ചാതുർവർണ്യം” എന്ന ചെറുകഥയെഴുതിയ ശ്രീ. എം. ആർ. കെ. പണിക്കർ നമ്മുടെ ധമനികളിൽ വിഷം കലർത്തുകയാണു്. ഐ.എ.എസ്, ഐ.പി.എസ്. എന്നീ സർവീസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥന്മാർ ബ്രാഹ്മണരാണത്രേ. ‘ഇഞ്ചിനീയർമാർ, ഡോക്ടർമാർ’ എന്നിവർ ക്ഷത്രിയർ. ഇങ്ങനെപോകുന്നു പണിക്കരുടെ ചാതുർവർണ്യവ്യവസ്ഥിതി. കഥാകാരൻ ഫലിതം പ്രയോഗിക്കുകയാണോ? ആയിരിക്കാം. പക്ഷേ, ചിരി അദ്ദേഹത്തിനു മാത്രമേയുള്ളൂ. അനുവാചകർക്കു ചിരിക്കാൻ കഴിയുന്നില്ല… അച്ഛന്റെ ആജ്ഞയനുസരിച്ചു പരശുരാമൻ അമ്മയെക്കൊന്ന കഥ പുനരാഖ്യാനം ചെയ്യുന്നുവെന്ന മട്ടിൽ ശ്രീ. ബക്കളം ദാമോദരൻ “ചന്ദ്രിക”യിൽ (ലക്കം-5) ‘ഭൃഗുരാമൻ’ എന്നൊരു കഥയെഴുതിയിരിക്കുന്നു. വളരെ വർഷങ്ങൾക്കു മുൻപു മധുരയിലെ ഒരു വേശ്യാത്തെരുവിൽവച്ചു് എന്റെ സ്നേഹിതനുണ്ടായ ഒരനുഭവം. ഒരുതരം മഞ്ഞപ്പൂക്കളുടെ അസഹനീയമായ ഗന്ധം വ്യാപിപ്പിച്ചു് ശരീരത്തിന്റെ മിക്കഭാഗങ്ങളും അനാവരണം ചെയ്തു്, കൊഞ്ചിക്കുഴഞ്ഞു് ഒരു വേശ്യ എന്റെ സുഹൃത്തിന്റെ കൈക്കു പിടിച്ചുവലിച്ചു.
- സ്നേഹിതൻ:
- ഞാൻ വരുന്നില്ല.
- വേശ്യ:
- പേടിയോ?
- സ്നേഹി:
- അതേ.
- വേശ്യ:
- പേടിക്കാനൊന്നുമില്ല. ആരും കാണുകയില്ല.
- സ്നേഹി:
- ഈശ്വരൻ കാണുന്നുണ്ടു്.
ബക്കളം ദാമോദരനോടു്, എന്റെ സ്നേഹിതന്റെ സ്ഥാനത്തു നിന്നുകൊണ്ടു ഞാൻ പറയുന്നു: “സുഹൃത്തേ താങ്കളുടെ പരാക്രമം വിദ്യയുടെ ദൈവതമായ സരസ്വതീദേവി കാണുന്നുണ്ടു്. ഒന്നു നിറുത്തു്”… ഭാര്യയുടെ വിരോധത്തെ തൃണവൽഗണിച്ചു് ഒരു സാധുസ്ത്രീക്കു് ഉപകാരം ചെയ്യുന്ന ഒരു ദയാലുവിനെ ശ്രീ. അക്ബർ കക്കട്ടിൽ “തിരമാല” എന്ന കഥയിൽ അവതരിപ്പിക്കുന്നു (ചന്ദ്രിക). വേറൊരു ‘മോൺസ്റ്റ്രോസിറ്റി’—ഘോരതയാണു് ഈ ചെറുകഥ… കഴിവുള്ള കഥാകാരനാണു് ശ്രീ. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. അദ്ദേഹം ഏതോ ഒരു നോവലെഴുത്തുകാരനെ മനസ്സിൽവച്ചുകൊണ്ടു പരിഹാസം കലർന്ന ഒര“ഭിമുഖസംഭാഷണം” ചന്ദ്രികയിലെഴുതിയിരിക്കുന്നു. പ്രചോദനം കൂടാതെ പണത്തിനുവേണ്ടി മാത്രം വലിയ നോവലുകളെഴുതുന്ന ചിലരുടെ നേർക്കുള്ള ആക്രമണമാണിതെന്നും താൻ ആരെയും നോവിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറയുമായിരിക്കും. പക്ഷേ, ‘വക്കത്തു വക്കച്ചൻ’ എന്ന പേരു് ആരെ ലക്ഷ്യമാക്കി പ്രയോഗിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാവർക്കുമുണ്ടു്. കൃഷ്ണൻകുട്ടി ആരെ ഉദ്ദേശിച്ചുവോ ആ എഴുത്തുകാരന്റെ ദൗർബല്യങ്ങളെല്ലാം ഈ അഭിമുഖസംഭാഷണത്തിൽ പരാമർശിക്കപ്പെടുന്നുമുണ്ടു്. ഇതു തെറ്റാണു്. വലിയ അപരാധമാണു്. ആരാണു് ഈ ലോകത്തിൽ യോഗ്യൻ? എല്ലാവർക്കുമില്ലേ ദൗർബല്യങ്ങൾ? വ്യക്തിവിദ്വേഷം തീർക്കാനുള്ള ഒരു മാർഗ്ഗമായിത്തീരാതിരിക്കട്ടെ സാഹിത്യരചന. ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പു് ഉത്ക്കൃഷ്ടമായ ഒരു വാരികയാണു്. അതിൽ ഇങ്ങനെയൊരു അഭിമുഖസംഭാഷണം വന്നതു ദുഃഖാവഹമാണു്… മലയാളരാജ്യം വാരികയിലെ “മാപ്പു്” എന്ന കഥ. ഭാര്യയെ വെറുത്തിരുന്ന ഭർത്താവു് അവളുടെ പ്രസവത്തിനുശേഷം അവളെ സ്നേഹിച്ചുതുടങ്ങുന്നു. ശ്രീ. പി. ജെ. പുരുഷോത്തമന്റെ ഈ കഥയ്ക്കു കലയുമായി ഒരു വിദൂരബന്ധംപോലുമില്ല. ശ്രീ. എം. നാസിമുദീൻ എഴുതിയ “ഖനി” എന്ന കഥ തരക്കേടില്ല. ചേച്ചി പിരിഞ്ഞുപോകുന്നതിൽ ഒരു കുട്ടിക്കുള്ള ദുഃഖത്തെ ഒട്ടൊക്കെ ഭംഗിയായി സാസിമുദീൻ ആവിഷ്ക്കരിക്കുന്നു… നിങ്ങൾ പ്രേമഭാജനത്തിന്റെ തലമുടിയിൽ സ്പർശിച്ചിട്ടുണ്ടോ? “ഉണ്ടു്” എന്നു് ഉത്തരം. “അതു പട്ടുപോലിരിക്കുന്നില്ലേ?” “അതെ.” പരിഹാസം പട്ടിന്റെ മൃദുലത ആവഹിക്കുന്നു ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ കൊച്ചുകഥകളിൽ. “മലയാളനാട്ടിൽ” (ലക്കം 16) അദ്ദേഹമെഴുതിയ ചില കൊച്ചുകഥകളിൽ ഒരെണ്ണം നോക്കുക.
പന്തളത്തുള്ള വിദ്യാലയം.
ഖദർ ധരിച്ച അധ്യാപകൻ ദേശീയോദ്ഗ്രഥനം എന്ന വിഷയം പഠിപ്പിക്കുന്നു.
“കുട്ടീ, നിന്റെ നാടിന്റെ പേരെന്തു്?”
“ഭാരതം.”
“നിന്റെ സംസ്ക്കാരം ഏതു്?”
“ആർഷസംസ്ക്കാരം.”
“നിന്റെ വേദമേതാണു്?”
“ഗീത.”
“ഗീത എഴുതിയ ഭഗവാന്റെ പേർ പറയൂ.”
“ശ്രീകൃഷ്ണൻനായർ.”

കൊള്ളാം. വർഗ്ഗീയതയെ എത്ര കലാത്മകമായിട്ടാണു് അബ്ദുള്ള എന്ന കഥാകാരൻ ചിത്രീകരിക്കുന്നതു്… ഈശ്വരവിശ്വാസമുള്ള അമ്മ, അമ്മയെ ഒരുകാലത്തു സ്നേഹിച്ചിരുന്നെങ്കിലും ഭൗതികത്വത്തിൽപ്പെട്ടു സ്നേഹമെന്ന വികാരത്തെ പാടേ മറന്ന മകൻ, കാലചക്രം ചവിട്ടിത്തിരിക്കുന്ന മകൾ—ഇങ്ങനെ മൂന്നു പേരെ ചിത്രീകരിച്ചു് ജീവിതത്തിന്റെ മൂന്നു മുഖങ്ങളെ ആലേഖനം ചെയ്യുന്നു ശ്രീ. എസ്. വി. വേണുഗോപൻനായർ. അദ്ദേഹത്തിന്റെ കഥ മനോഹരമായിരിക്കുന്നു. ഞാൻ പട്ടിനെക്കുറിച്ചു പറഞ്ഞു. ആ അലങ്കാരം എന്റെ മനസ്സിൽ നിന്നു മാറിപ്പോകുന്നില്ല. അതിനെത്തന്നെ ഒന്നു മാറ്റിപ്പറയട്ടെ. കൊക്കൂണിൽ നിന്നു് പട്ടുനൂലുകൾ നീളുന്നപോലെ കഥാകാരന്റെ ഏകാഗ്രതയിൽനിന്നു് സർഗ്ഗാത്മകത്വത്തിന്റെ സില്ക്കുനൂലുകൾ “രസാതല”മെന്ന ഈ കഥയിൽ വന്നുവീഴുന്നു.

അതാ അന്തരീക്ഷത്തിന്റെ നീലനിറം ഒലിച്ചിറങ്ങി അങ്ങകലെ കാണുന്ന പർവ്വതങ്ങളിൽ വീഴുന്നു. ആ മാമലകൾക്കുതന്നെ നീലനിറമാണു്. ഇപ്പോൾ അവയുടെ നിറത്തിനു് സാന്ദ്രത വന്നിരിക്കുന്നു. അവിടെനിന്നും നീലനിറം താഴത്തേക്കു് ഒഴുകുകയാണോ? അതേ. എന്നാൽ ഇങ്ങോട്ടു നോക്കൂ. കലാസൗന്ദര്യത്തിന്റെ നീലനിറം സുരേഷ് ജോഷി യുടെ “വരലബ്ധി” എന്ന ചെറുകഥയിൽ പ്രവഹിക്കുന്നു. ഒരു കാമുകനും കാമുകിയും. അവൾ മറ്റൊരുവനെ പരിണയിച്ചേക്കും. എങ്കിലും അവരുടെ ആത്മബന്ധം അസാധാരണം തന്നെ. കാമുകൻ കാമുകിയിൽ തന്റെ ആദർശാത്മകസ്നേഹത്തെ തേടുന്നു. അവൾ അയാളിൽ അന്വേഷിക്കുന്നതും അതുതന്നെ. അവൾ അതു കണ്ടെത്തുന്നു. ഈ മനോഹരമായ കഥ തർജ്ജമചെയ്ത് ശ്രീ. പി. മാധവൻപിള്ള അഭിനന്ദനമർഹിക്കുന്നു. അതു് “യുഗരശ്മി”യിൽ പ്രസിദ്ധപ്പെടുത്തിയ ശ്രീ. ഈ. എൻ. മുരളീധരൻ നായരോടു് അനുവാചകർക്കു് കടപ്പാടുണ്ടു്. ഈ കഥയുടെ അടുത്തു് മാനസിയുടെ “ഇടിവാളിന്റെ തേങ്ങൽ” എന്ന ചെറുകഥ (യുഗരശ്മി) വെറും പോർണോഗ്രഫിയായി—അശ്ലീലരചനയായി—മാറുന്നു… സമുദായത്തിലുള്ള അസമത്വങ്ങളുടെ നേർക്കു് കയർക്കുകയാണു് ശ്രീ. അമ്പലപ്പുഴ പ്രഭാകരൻനായർ (കേരളശബ്ദത്തിലെ ‘വരയ്ക്കാത്ത ചിത്രങ്ങൾ, എന്ന കഥ). പ്രചാരണം കഥാഗതിയുടെ കരകളെ കവിഞ്ഞൊഴുകുന്ന എന്നതാണു് ഈ കഥയുടെ ന്യൂനത… നീലനിറം അപ്രത്യക്ഷമായി. രാത്രിയുടെ ഇരുട്ടു്. എങ്കിലും എന്റെ ശിരസ്സിനു മുകളിൽ നിരവധി നക്ഷത്രങ്ങൾ. രാത്രി പ്രലോഭിപ്പിക്കുന്ന മട്ടിൽ എന്നെ നോക്കുന്നു. ആ നോട്ടം എനിക്കിഷ്ടമില്ല. കാവ്യാംഗനയുടെ വീക്ഷണമാണു് എനിക്കു വേണ്ടതു്. ഞാൻ “മലയാളനാടു്” നോക്കട്ടെ. പക്ഷേ…
പക്ഷേ, “മലയാളനാടു്” കവിതയെ നിഷ്കാസനം ചെയ്തിരിക്കുന്നു ഈ പ്രാവശ്യം. അവരെ കുറ്റം പറയാനില്ല. വായനക്കാരെക്കൊണ്ടു് തലവേദനയ്ക്കു് “അനാസിൻ” ഗുളിക വാങ്ങിപ്പിക്കുന്ന കവിതകളാണല്ലോ ധാരാളം ഇപ്പോഴുണ്ടാവുക. വായനക്കാർക്കു ശീർഷവേദന വരുത്തേണ്ടെന്നു പത്രാധിപസമിതി വിചാരിച്ചിരിക്കാം. നന്നു്. പഴയ അലങ്കാരങ്ങൾ, പഴയ വാങ്മയ ചിത്രങ്ങൾ, പഴയ വിഷയങ്ങൾ എന്നിവയെ വൈരസ്യജനകമായ വിധത്തിൽ ആവർത്തിച്ചു പ്രയോഗിച്ചു് ശ്രീ. പ്ലാത്തറ ഭാസ്ക്കർജിയെപ്പോലുള്ളവർ കവിതയെഴുതുമ്പോൾ (മലയാളരാജ്യംവാരിക—പൊരുത്തക്കേടുകൾ എന്ന കവിത.) അത്തരം കവിതകളും പരസ്യപ്പെടുത്താതിരിക്കുന്നതാണു് യുക്തതരം. ഭാസ്ക്കർജിയുടെ പേരുമാത്രം പറഞ്ഞതു തെറ്റു്. അദ്ദേഹത്തിന്റെ കൂട്ടുകാരനായി ശ്രീ. കെ. എൻ. ദിവാകരൻനായരുമുണ്ടു മലയാളരാജ്യത്തിൽ (ലാവണ്യപൗർണ്ണമിയിൽ എന്ന കവിത).
“കാത്തിരിക്കുന്നു നിൻ കന്യയാം കാമുകി-
യാർത്തിയാൽ, ച്ചാതകം മാരിയെയെന്നപോൽ”
എന്നു് ഭാസ്കർജിയും
“പൊൽക്കിനാപ്പൂക്കൾ നിറച്ചൊരെന്മാനസ-
മഞ്ജുഷയേന്തി ഞാൻ മാനവൻ മൂകനായ്”
എന്നു് ദിവാകരൻനായരും എഴുതുമ്പോൾ കവിതയുടെയും കലയുടെയും ചിന്തയുടെയും മൗലികത്വവും പാവനത്വവും എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നു് എനിക്കു തോന്നുന്നു.
മുൻപൊരിക്കൽ നോർവേക്കാരിയായ ഒരു പെൺകുട്ടി മലയാളം പഠിക്കാൻ വേണ്ടി എന്റടുത്തു വന്നു. അവൾക്കു് ഒരു സന്ന്യാസിയെ പരിചയപ്പെടണമെന്നു് എന്നോടു പറഞ്ഞു. ആധ്യാത്മികത്വത്തിൽ അമിതകൗതുകം ഉണ്ടായിരുന്ന അത്യന്തസുന്ദരിയായ ആ പെൺകുട്ടിയെ ഞാനൊരു സന്ന്യാസിയുടെ അടുക്കൽ കൊണ്ടുപോയി. അദ്ദേഹം മുറയ്ക്കു് ആധ്യാത്മികകാര്യങ്ങൾ അവളെ പഠിപ്പിച്ചുവന്നു. അങ്ങനെയിരിക്കെ എന്റെ ശിഷ്യ പരിഭ്രമിച്ചു് ഓടി എന്റെ അടുത്തെത്തിപ്പറഞ്ഞു: “Sir, I will never go to him again” (ഞാൻ ഇനിയൊരിക്കലും അയാളുടെ അടുക്കൽ പോകുകയില്ല.) ഞാൻ കാരണമന്വേഷിച്ചപ്പോൾ കണ്ണീരോടെ അവൾ മറുപടി നല്കി: “He looked at me so as to touch my domain connected with my female sex” (സ്ത്രീത്വമെന്ന എന്റെ മണ്ഡലത്തെ തൊടുന്ന മാതിരി അയാളെന്നെ നോക്കി.) സന്ന്യാസി അതിലും കൂടുതൽ പ്രവർത്തിച്ചിരിക്കുമെന്നു് കരുതിക്കൊണ്ടു്, “ഇനിമേലിൽ അയാളെ കാണാൻ പോകേണ്ട” എന്നു് ഞാൻ അവളോടു പറഞ്ഞു. അനുവാചകന്റെ ലൈംഗികകേന്ദ്രത്തെ സ്പർശിക്കുന്ന മട്ടിലാണു് ശ്രീ. ഗൗരീശപട്ടം ശങ്കരൻനായർ പലപ്പോഴും കവിതയെഴുതുന്നതു്. എങ്കിലും അദ്ദേഹത്തിന്റെ സ്പർശം സന്ന്യാസിയുടെ നോട്ടം പോലെ അസുഖകരമല്ല, സന്തോഷദായകമാണു്.
അലഞ്ഞുനടന്നൊരു വെൺമേഘത്തി-
ന്നലമാലകളിൽ നീന്തി
വന്നൊരു പാർവ്വണശശിബിംബത്തിൻ
സ്യന്ദനമവളെ പൊക്കി
അനന്ത വ്യോമസീമയിലേക്കു-
ങ്ങകന്നകന്നേ പോയി.
എന്നൊക്കെ (കുങ്കുമം വാരികയിൽ) വായിക്കാൻ രസമുണ്ടു്. ചിരപരിചിതത്വം എന്ന ദോഷം ഇവിടെയുമില്ലാതില്ല. എങ്കിലും അവയ്ക്കു ശങ്കരൻനായരുടെ വ്യക്തിമുദ്രയുണ്ടു്… അങ്ങകലെ കൊല്ലത്തു് ഇരുന്നുകൊണ്ടു് മലയാളനാട്ടിന്റെ പത്രാധിപസമിതി പറയുന്നു: “നിറുത്തൂ. സ്ഥലം തീർന്നു.” ഞാൻ നിറുത്തിയിരിക്കുന്നു. ശേഷം അടുത്തതിലാകാം.