സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1970-10-20-ൽ പ്രസിദ്ധീകരിച്ചതു്)

കപടമുഖങ്ങൾ
images/MaupassantDes.jpg
മോപ്പസാങ്

തിരുവനന്തപുരത്തിനു തെക്കായി മേലാങ്കോടു് എന്നൊരു സ്ഥലമുണ്ടു്. അവിടെ ഒരു ദേവീക്ഷേത്രവും. ആ ക്ഷേത്രത്തിൽ ഭയങ്കരങ്ങളായ കൃത്രിമമുഖങ്ങൾ വച്ചിരുന്നതു മുപ്പത്തിയഞ്ചുകൊല്ലം മുമ്പു് ഞാൻ കണ്ടിട്ടുണ്ടു്. ഇന്നും അവ അവിടെ ഇരിക്കുന്നുണ്ടോ എന്നു് എനിക്കറിഞ്ഞുകൂടാ. ചില വസ്തുക്കളുടെ ദർശനം നമുക്കൊരിക്കലും മറക്കാൻ സാധിക്കുകയില്ലല്ലോ. ആ കപടമുഖങ്ങൾ ഇന്നും എനിക്കൊരു ത്രുടനമുളവാക്കുന്നു. ഉന്തിയ കണ്ണുകൾ, തൂങ്ങുന്ന ചുണ്ടുകൾ, സ്ഥൂലങ്ങളായ കപോലങ്ങൾ, വികൃതങ്ങളായ പല്ലുകൾ, പ്രായമായവർപോലും ഭയന്നുപോകും. അന്നു പ്രൈമറിസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഞാൻ പേടിച്ചതിൽ എന്തു് അദ്ഭുതപ്പെടാനിരിക്കുന്നു? ഞാനിന്നു് ആലോചിക്കുകയാണു്. എന്തിനാണു് ഈ മുഖാവരണങ്ങൾ അവിടെ വച്ചിരിക്കുന്നതു് ? ദ്രഷ്ടാക്കളുടെ ആന്തരസ്ഥിതിയെ സൂചിപ്പിക്കാനല്ലേ? “നിങ്ങൾ ദേവീദർശനത്തിനു് ഇവിടെ വരുന്നു. വിശുദ്ധരായി നിങ്ങൾ ഇവിടെ എത്തുന്നുവെന്നാണു് നിങ്ങളുടെ മട്ടു്. പക്ഷേ, നിങ്ങളുടെ ആകർഷകങ്ങളായ മുഖങ്ങൾക്കു പിറകിലായി ഇതുപോലെയുള്ള കപടമുഖങ്ങളുണ്ടു്. അവയാണു് യാഥാർത്ഥ്യം. അവയെ മറയ്ക്കുന്നവയാണു നിങ്ങളുടെ മന്ദസ്മിതാർദ്രങ്ങളായ ഈ മുഖങ്ങൾ. ഭയങ്കരങ്ങളായ ഈ കൃത്രിമമുഖങ്ങൾ നിങ്ങളുടെ യഥാർത്ഥങ്ങളായ മുഖങ്ങളാണു്. കണ്ണാടിപോലെ ശോഭയാർന്ന നിങ്ങളുടെ കവിൾത്തടങ്ങളും അരുണാഭങ്ങളായ ചുണ്ടുകളും വിശാലങ്ങളായ വിലോചനങ്ങളും ഒക്കെ അസത്യങ്ങളാണു്.” ഇങ്ങനെ മേലാങ്കോട്ടെ ഛദ്മമുഖങ്ങൾ പ്രഖ്യാപിക്കുന്നതുപോലെ എനിക്കു തോന്നുന്നു. സത്യംതന്നെ. പതിവായി നിങ്ങൾ സഹായിക്കുന്ന ബന്ധുവിനു് ഒരു നിസ്സാര സഹായം നിങ്ങൾ ചെയ്തുകൊടുത്തില്ലെന്നു വിചാരിക്കൂ. ബന്ധുവിന്റെ ഭീതിജനകമായ കപടമുഖം ഉടനെ കാണാം. കാര്യം കാണാൻവേണ്ടി നിങ്ങളെ സമീപിക്കുകയും നിങ്ങളുടെ അടുത്തുവന്നു ചേർന്നുനില്ക്കുകയും അറിഞ്ഞില്ലെന്ന മട്ടിൽ നിങ്ങളെ സ്പർശിച്ചു കാമോൽസുകതയിലേക്കു നയിക്കുകയും ചെയ്യുന്ന തരുണിക്കു് ഏതെങ്കിലും ഒരു സഹായം ചെയ്യാൻ കഴിഞ്ഞില്ലെന്നു കരുതു. ഉടനെ അവൾ ദാരുണമായ കൃത്രിമമുഖം കാണിക്കും. അവളുടെ നാക്കു നീളും, ചുണ്ടുകൾ വക്രിക്കും. കണ്ണുകൾ തീപ്പൊരി ചിതറും. നാം കാണുന്ന മുഖങ്ങൾക്കു പിറകിലുള്ള ഈ മുഖാവരണങ്ങളെ, സൗന്ദര്യത്തിന്റെ പിന്നിലുള്ള വൈരൂപ്യത്തെ അനുഗ്രഹീത കലാകാരനായ സേതു ചിത്രീകരിക്കുന്നുവെന്നതിലാണു് അദ്ദേഹത്തിന്റെ “രാമൻ, കൃഷ്ണൻ തുടങ്ങിയവർ” എന്ന ചെറുകഥയുടെ സൗന്ദര്യമിരിക്കുന്നതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 24). രാമൻ ഒരു ജനകീയപ്രസ്ഥാനത്തിന്റെ നേതാവു്. കൃഷ്ണൻ മുതലാളിത്തത്തിന്റെ പ്രതിനിധി. രണ്ടുപേരും ബഹുജനമെന്ന ഗർദ്ദഭത്തെ എങ്ങനെ കളിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്ന ഈ ചെറുകഥ ഒന്നാന്തരമൊരു ‘സറ്റയർ’—ഉപഹാസകൃതി—ആയിട്ടുണ്ടു്. അതിന്റെ പ്രതിപാദ്യ വിഷയത്തിനു നവീനതയില്ലെങ്കിലും പ്രതിപാദനരീതിക്കു നൂതനത്വമുണ്ടു്. നാം ജീവിക്കുന്ന ഈ കാലഘട്ടം മറ്റേതൊരു കാലഘട്ടത്തേക്കാളും വേഗമാർന്നതാണു്; സംഘട്ടനം നിറഞ്ഞതാണു്. ആ വേഗത്തേയും സംഘട്ടനത്തേയും ചാരുതയോടെ പ്രതിഭാശാലിയായ സേതു ആവിഷ്ക്കരിക്കുന്നു. അതാ, അന്തരീക്ഷത്തിലാകെ ആരോ ചെമ്പനീർപ്പൂക്കൾ വാരിയെറിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ—തിരുവനന്തപുരത്തു്—ഇരുന്നുകൊണ്ടു് ഈ കഥാകാരന്റെ നേർക്കു ഒരു പനിനീർപ്പൂവെടുത്തു് എറിയുന്നു.

മാതൃഭൂമിയിൽ “ഞാൻ, നമ്മൾ” എന്ന ചെറുകഥ എഴുതിയിരിക്കുന്ന ശ്രീ. മൂണ്ടൂർ കൃഷ്ണൻകുട്ടി യും ഒരു കൃത്രിമാവരണത്തെ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹവും അമ്പു അയയ്ക്കുന്നതു് രാഷ്ട്രീയസമരത്തിന്റെ പിന്നിലുള്ള കാപട്യത്തിലേക്കാണു്. വിദ്യാലയത്തിൽ, “അവകാശങ്ങൾ നേടിയെടുക്കാൻ” വേണ്ടി സമരം ചെയ്യുന്ന അദ്ധ്യാപകനാണു് കഥയിലെ ‘ഞാൻ’ ആ ‘ഞാൻ’ നമ്മളെല്ലാവരും തന്നെയാണു്. സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ജോലി ചെയ്യാനെത്തിയ മറ്റൊരു അദ്ധ്യാപകനെ കരിങ്കാലിയായി നിന്ദിച്ച ആ ‘ഞാൻ’ രഹസ്യമായി വ്യഭിചരിക്കാൻ പോകുന്നു. ഇതാ ഒരു ഛദ്മമുഖം എന്നു കൃഷ്ണൻകുട്ടി പറയുകയാണു്. പക്ഷേ, അദ്ദേഹത്തിന്റെ കഥയിൽ ചിന്തയുടെ അംശമാണു് ഏറിനില്ക്കുന്നതു്. ചിന്തയുടെ നൂലാണു് അതിലെ സംഭവങ്ങളെ കൂട്ടിയിണക്കുന്നതു്. ചിലപ്പോൾ മനസ്സു് വികാരം കൊണ്ടു നിറഞ്ഞിരിക്കും. മറ്റു ചിലപ്പോൾ അതു വിചാരം കൊണ്ടു നിറഞ്ഞിരിക്കും. ഈ രണ്ടാമത്തെ ഘട്ടത്തിലാണു കൃഷ്ണൻകുട്ടി കഥയെഴുതിയതു്. അതിനാൽ അദ്ദേഹത്തിന്റെ കഥയ്ക്കു ചാരുത തീരെയില്ല. വൈക്കോൽ നിറച്ച വണ്ടിയുടെ പിന്നിലായി ഒരു പശുനടക്കുകയാണു്. ആ വൈക്കോൽ കടിച്ചെടുക്കാമെന്ന വിചാരത്തോടെയാണു അതിന്റെ നടത്തം. വണ്ടിനീങ്ങിക്കൊണ്ടിരിക്കുന്നു. തളർന്ന പശുവിനെ നടത്താൻവേണ്ടി അതിന്റെ ഉടമസ്ഥൻ പ്രയോഗിക്കുന്ന സൂത്രമാണിതു്. നമ്മളും ഇതു പോലെയല്ലേ? ആദർശമാകുന്ന ശുഷ്കശഷ്പത്തിനു വേണ്ടി നാം കയറ്റം കയറുന്നു, ഇറക്കം ഇറങ്ങുന്നു. നമ്മെ അനവരതം സഞ്ചരിപ്പിക്കുന്നതു് ആദർശം തന്നെ. ബഞ്ചിന്റെ അറ്റത്തു് ആകർഷകത്വമുള്ള ഒരു പെൺകുട്ടി താൻ പറഞ്ഞുകൊടുക്കുന്നതെല്ലാം കേട്ടുകൊണ്ടു് ശ്രദ്ധയോടെ ഇരുന്നപ്പോൾ അദ്ധ്യാപകൻ വിചാരിച്ചു അവൾ ഭാവിയിൽ ഒരെഴുത്തുകാരിയാകുമെന്നു്. താൻ നീട്ടിക്കൊടുത്ത വൈക്കോലാകുന്ന ആദർശത്തെ അവൾ പിന്തുടരുമെന്നു് അയാൾ ആശിച്ചു. പക്ഷേ, അയാളുടെ വിചാരം തെറ്റിപ്പോയി. അവൾ വേശ്യയായി മാറി. ആദർശസാക്ഷാത്കാരത്തിനു കഴിയാതെ വന്ന ഒരു പെൺകുട്ടിയുടെ കഥ ചേതോഹരമായ വിധത്തിൽ പറയുകയാണു് ശ്രീ. അബ്ദുൾ ഗഫൂർ (മലയാളനാടു്-ലക്കം 15). ലളിതമായ പ്രതിപാദനം; വൈകാരിത്വം കലർന്ന രംഗങ്ങൾ, അസങ്കീർണ്ണമായ പ്രതിപാദ്യവിഷയം. എല്ലാംകൊണ്ടും സുന്ദരമായ കഥ.

എന്നാൽ ആ വാരികയിൽത്തന്നെ ‘മേഘവും നിഴലും’ എന്ന ചെറുകഥയെഴുതിയ ശ്രീ. വൈശാഖനാകട്ടെ കരുതിക്കൂട്ടി ദുർഗ്രഹത സൃഷ്ടിക്കുന്നു. മാധുര്യം കലർന്നവയെങ്കിലും വികാരശൂന്യങ്ങളായ പദങ്ങൾ ചേർത്തുവച്ചു് അവാസ്തവികമായ ഒരന്തരീക്ഷം നിർമ്മിക്കുകയാണു് കഥാകാരൻ. വിവാഹിതയായ അനുജത്തിയെക്കണ്ടു് അവിവാഹിതയായ ചേച്ചിക്കു് ഉളവാക്കുന്ന ഈർഷ്യയെ ആവിഷ്ക്കരിക്കാനാണു് അദ്ദേഹം ശ്രമിക്കുന്നതു്. അതിനു് അനുരൂപമായ പശ്ചാത്തലം ആലേഖനം ചെയ്യുവാനാണു് ഒരു “മാട്ടുകല്യാണ”ത്തെ അദ്ദേഹം വർണ്ണിക്കുന്നതു്. കലാസൃഷ്ടിയെ നോക്കുമ്പോൾ എനിക്കെന്റെ രക്തംകൊണ്ടു്, മാംസം കൊണ്ടു്, മനസ്സു കൊണ്ടു്, ആത്മാവുകൊണ്ടു് അതിന്റെ യാഥാർത്ഥ്യം വലിച്ചെടുക്കണം. ബഹുഭാഷിതയിൽ മുഴുകുന്ന വൈശാഖൻ ഈ അനുഭവം ഉളവാക്കുന്നില്ല. അതിനാൽ ഈ കഥ ഒരു പരാജയമാണു്. നാട്ടിൽനിന്നു് ഓടിപ്പോയ മാധവൻകുട്ടി അലഹബാദിൽ ഒരു ലോഡ്ജിന്റെ മാനേജരായി ശർമ്മയെന്ന പേരിൽ കഴിഞ്ഞുകൂടുന്നു. തന്റെ രക്ഷാകർത്താവിനെ അറിയിക്കാതെയാണു അയാൾ നാടുവിട്ടതു്. വളരെക്കാലം കഴിഞ്ഞു് അദ്ദേഹത്തിന്റെ ആളുകൾ അലഹബാദിലെത്തി പണം കളയുമ്പോൾ ശർമ്മ നഷ്ടപ്പെട്ട പണം അവർക്കുകൊടുത്തു രക്ഷാകർത്താവിനോടുള്ള കടപ്പാടു തീർക്കുന്നു. ഈ പണം കൊടുക്കൽ അയാളെസ്സംബന്ധിച്ചിടത്തോളം ഒരു ശിക്ഷയാണു്. ഇതാണു് ശ്രീ. എം. പി. കൃഷ്ണദാസ് കുങ്കുമം വാരികയുടെ 51-ാം ലക്കത്തിലെഴുതിയ ‘ശിക്ഷ’ എന്ന ചെറുകഥയുടെ സാരം. മാധവൻകുട്ടിയാണു് ശർമ്മയെന്നുള്ള രഹസ്യം കഥയുടെ അവസാനത്തിലാണു കഥാകാരൻ വ്യക്തമാക്കുന്നതു്. അങ്ങനെ ഇംഗ്ലീഷിൽ Surprise end—അദ്ഭുതാവഹമായ പര്യവസാനം—എന്നു പറയുന്ന സവിശേഷത ഈ കഥ ആവഹിക്കുന്നു. കഥയ്ക്കു ഈ രീതിയിലുള്ള അവസാനം നല്കുന്നതിൽ തെറ്റില്ല. മോപ്പസാങ്ങി ന്റെ “നെക്ക്ല്സ് ”തുടങ്ങിയ ചെറുകഥകൾക്കെല്ലാം അദ്ഭുതാവഹമായ പര്യവസാനമാണുള്ളതു്. എങ്കിലും അവ നാം വീണ്ടും വീണ്ടും വായിക്കും. രഹസ്യം മനസ്സിലാക്കപ്പെട്ട ചീട്ടുവിദ്യ പിന്നീടു വൈരസ്യം ജനിപ്പിക്കുന്നതു പോലെ ആ കഥകളുടെ ആവർത്തിച്ചുള്ള പാരായണം വൈരസ്യജനകമാകുന്നില്ല. ഇതിനു കാരണമെന്താണു്? മോപ്പസാങ്ങിന്റെ കഥകൾ ജീവിതം കൊണ്ടു സ്പന്ദിക്കുന്നു എന്നതുതന്നെ. ജീവിതാവിഷ്ക്കരണാത്മകതയുള്ള ചെറുകഥകൾക്കു വിസ്മയാകുലത്വവും അതിനോടു ചേർന്നു് ആകസ്മികത്വവും ഉണ്ടെങ്കിലും ഒരു ന്യൂനതയും വരാനില്ല. കൃഷ്ണദാസിന്റെ കഥയിൽ ജീവിതസ്പന്ദമില്ല. അതിനാൽ അതു് ഉത്തമസാഹിത്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ കഥയ്ക്കു ജീവിതത്തിന്റെ തുടിപ്പുണ്ടായാലോ? അതു് ആകർഷകമാകും എന്നതിനു് തെളിവു നല്കുന്നു ശ്രീ. എം. ചന്ദ്രശേഖരന്റെ “അമ്മയുടെ മകൾ” എന്ന ചെറുകഥ (കുങ്കമം–ലക്കം 51). വിവാഹപ്രായമെത്തിയ അവളെ പലരും കാണാൻ വന്നു. അന്നും ആളെത്തി. അവർ എന്തു പറയും? പെണ്ണിനെ ഇഷ്ടപ്പെട്ടുവെന്നു പറയുമോ അതോ ഇഷ്ടപ്പെട്ടില്ലെന്നു പറയുമോ? ഈ സന്ദിഗ്ദ്ധാവസ്ഥയിൽ പെണ്ണിനെയും അനുവാചകനെയും കൊണ്ടെത്തിച്ചിട്ടു ചന്ദ്രശേഖരൻ കഥ നിറുത്തിയിരിക്കുന്നു. ഭാവാത്മകത്വമുള്ള കലയുടെ ചാരുതയുള്ള കഥയാണിതു്. ആരാണു നമ്മെ ഇങ്ങനെ പീഡിപ്പിക്കുന്നതു്? ആരാണു് ഈ കൊടുവിഷം നമ്മുടെ ധമനികളിലേക്കു് ഒഴുക്കുന്നതു്? ആരാണു കലാശൂന്യതയുടെ ആണി അടിച്ച പലകയിൽ നമ്മെ ഇട്ടു് ഉരുട്ടുന്നതു്? ഉത്തരം: മലയാളരാജ്യം ചിത്രവാരികയുടെ ഒൻപതാം ലക്കത്തിൽ ‘ഗ്രാമവല്ലരി’ എന്ന ചെറുകഥയെഴുതിയ ശ്രീ. രാജൻ. ഒരുവൻ ഒരുത്തിയെ വിവാഹം കഴിച്ചു് അമേരിക്കയിൽ കൊണ്ടുപോകുന്നു. അവൾക്കു അവിടെ കുളിക്കാൻ കുളമില്ല, ചൂടാൻ മുല്ലപ്പൂവില്ല; അരയ്ക്കാൻ അരകല്ലില്ല, കൂട്ടാൻവയ്ക്കാൻ അടുപ്പില്ല. ഇതിനൊക്കെയുള്ള പരിഹാരങ്ങൾ ഭർത്താവു് ചൂണ്ടിക്കാണിക്കുമ്പോൾ ‘കഥ’ അവസാനിക്കുന്നു. ഒന്നു വിട്ടുപോയി. പല്ലുതേക്കാൻ ഉമിക്കരിയുമില്ല. ഭർത്താവു ബ്രഷ് വാങ്ങിക്കൊണ്ടുവരുമ്പോൾ അവൾക്കു സമാധാനമായിരിക്കും. തെങ്ങില്ലാത്ത നാടല്ലേ അമേരിക്ക? അവൾക്കു നാക്കുവടിക്കാൻ ഈർക്കിലില്ലായിരുന്നുവെന്നും ഭർത്താവു ടങ്ങ്ക്ലീനർ വാങ്ങിക്കൊണ്ടുവന്നുവെന്നുംകൂടി കഥാകാരൻ പറയാത്തതു് എന്താണു? ഒരുപക്ഷേ, അവൾ നാക്കുവടിക്കാത്തവളായിരിക്കാം. അങ്ങനെ നമുക്കു സമാധാനിക്കാം. ഇങ്ങനെയുള്ള കഥകളെഴുതുന്നതിനേക്കാൾ നല്ലതു പേനാക്കത്തികൊണ്ടു് അനുവാചകരുടെ കഥ കഴിക്കുന്നതാണു്. അവരങ്ങു മരിച്ചുകൊള്ളും. ഇഞ്ചിഞ്ചായി ഇങ്ങനെ കൊല്ലേണ്ട കാര്യമില്ലല്ലോ.

പാലക്കാട്ടു ബസ്സ്സ്റ്റാൻഡിൽ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ വില്ക്കാൻ കൊണ്ടുനടക്കുന്ന ഒരു യുവാവു് ഇങ്ങനെ വിളിക്കുന്നതു ഞാൻ കേട്ടിട്ടുണ്ടു്: “ഭാര്യയ്ക്കും ഭർത്താവിനും കൈയിലെടുത്തുകൊണ്ടു നടക്കാവുന്ന സ്ക്കൂട്ടർ ഒന്നിനു് പതിനഞ്ചു പൈസ. ഇന്ത്യാ ഗവണ്മെന്റിന്റെ ഭക്ഷണക്ഷാമത്തെ കണക്കിലെടുത്തു് ഉണ്ടാക്കിയ ചോറ്റുപാത്രം ഒന്നിനു് ഇരുപതുപൈസ. കള്ളന്മാരും പോലീസുകാരും കൈക്കലാക്കാത്ത സ്റ്റഡ്സ് രണ്ടെണ്ണത്തിനു് പത്തുപൈസ.” ആ യുവാവിന്റെ വൈദഗ്ദ്ധ്യം പോലുമില്ല രാജനെപ്പോലുള്ള കഥാകാരന്മാർക്കു്. മലയാളരാജ്യത്തിൽ ശ്രീ. കുറ്റിച്ചിറ സി. തങ്കപ്പൻ നായർ എഴുതിയ ‘മോചനം’ എന്ന കഥയും വിരൂപമാണു്. രണ്ടു പ്രാവശ്യം വിവാഹം കഴിച്ചു് രണ്ടു സ്ത്രീകളെയും നശിപ്പിച്ച ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കഥയാണു് തങ്കപ്പൻ നായർ പറയുന്നതു്. ഗാന്ധിജി യുടെ സ്നേഹസിദ്ധാന്തത്തെ ആദരിക്കാത്തതുകൊണ്ടാണത്രേ അയാൾക്കു ജയിലിൽ കയറേണ്ടിവന്നതു്. ശരിയായിരിക്കാം. പക്ഷേ, ഈ ചിന്താംശം, ഉദ്ബോധനാംശം കഥയിൽ പ്രകടമാക്കുന്നതുകൊണ്ടു് കഥയുടെ കലാത്മകത്വം നശിക്കുന്ന വിരസമായ, ദീർഘമായ ഈ കഥ ഉത്കൃഷ്ടവാരികയായ “മലയാളരാജ്യ”ത്തിന്റെ അഞ്ചുപുറങ്ങൾ അപഹരിക്കുന്നു. ഒരു ഉൽപഥഗാമിയുടെ ചിത്രമാണു് ശ്രീ. സുബൈർ വരയ്ക്കുന്നതു് (ശിലയുടെ ദുഃഖം-ജനയുഗം) ആ അസന്മാർഗ്ഗചാരി കുടിയനാണു്. വ്യഭിചാരിയാണു്. അയാൾ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിച്ചു. ആദ്യത്തെ ഭാര്യ ജീവിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടു് വേശ്യയായി, ഇതെല്ലാം കണ്ടു് അയാൾ ആത്മഹത്യയ്ക്കു തീരുമാനിക്കുന്നു. ജനയുഗം വാരികയുടെ ആറുപുറങ്ങളെ വിലക്ഷണമാക്കുന്ന ഈ ‘കഥ’ കഥയല്ല, ഉപന്യാസമാണു്. തെളിഞ്ഞപ്രഭാതം തൊട്ടു് അടുത്തുള്ള ദേവാലയത്തിൽനിന്നു് ശംഖനാദമുയരുന്നു. തെന്നലിനു പോലുമുണ്ടു് വിശൂദ്ധി. ഞാൻ മാത്രം ഇമ്മട്ടിലുള്ള കഥകൾ വായിച്ചു് മനസ്സു മലീമസമാക്കുന്നു; ബുദ്ധിയെ ക്ലേശിപ്പിക്കുന്നു. അത്യന്താധുനിക സാഹിത്യം പതിവായി വായിച്ചാൽ ആയുസ്സു് പത്തുവർഷമെങ്കിലും കുറയുമെന്നാണു് എന്റെ വിശ്വാസം കാരണം അതു ശരീരത്തിനും മനസ്സിനും തളർച്ചയുണ്ടാക്കുന്നു എന്നുതുതന്നെ.

images/HoChiMinh1946.jpg
ഹോചിമിൻ

അത്യന്താധുനികർ മാത്രമല്ല മനുഷ്യനെ കഷ്ടപ്പെടുത്തുന്നതു്. ഗാന്ധിജിയുടെ സ്നേഹസിദ്ധാന്തം അംഗീകരിക്കാത്തതുകൊണ്ടു് ജയിലിൽ കയറേണ്ടതായി വന്ന ഒരുവന്റെ കഥയിൽ കഥാകാരൻ പ്രചാരണാംശത്തിനു പ്രാധാന്യം നല്കിയെന്നും ഞാൻ ചൂണ്ടിക്കാണിച്ചാലോ, അതുകൊണ്ട് അതു കലാപരമായി പരാജയപ്പെട്ടുവെന്നും ഞാൻ പറഞ്ഞു. ശ്രീ. എം. ജി പുരം ശ്രീനി “ദേശാഭിമാനി” വാരികയിലെഴുതിയ (ലക്കം-9) “മഴക്കാറുവീണ രാത്രി” എന്ന ചെറുകഥയുടെ ന്യൂനതയും അതാണു്. ഒരുവൻ ചേട്ടനോടുകൂടി ലോഡ്ജ് അന്വേഷിച്ചു നടക്കുന്നു. കിട്ടുന്നില്ല. പലരും ദയാരഹിതരായിത്തന്നെ പെരുമാറി. അയാൾ അവലംബമില്ലാതെ നില്ക്കുമ്പോൾ കഥ അവസാനിക്കുന്നു. അവസാനിപ്പിക്കുന്നതു് ഇങ്ങനെയാണു്: “ആകാശത്തു് മഴക്കാറുണ്ടു്. ഇന്നു മഴപെയ്തേക്കും. പക്ഷേ, നാളെ ചക്രവാളം തെളിയും. ചുവപ്പുരേഖകൻ പടരും.” ഈ പ്രസ്താവത്തിനു് യോജിച്ച വിധത്തിൽ കഥാകാരൻ കഥ എഴുതേണ്ടിയിരുന്നു. അതുണ്ടായില്ല. പാലും വെള്ളവും ചേരുന്നതുപോലെ, പുഞ്ചിരിയും കണ്ണീരും ചേരുന്നതുപോലെ, വെയിലും മഴയും ചേരുന്നതുപോലെ, കലയും പ്രചാരണവും യോജിക്കണം. മവോസേതൂങ്ങി ന്റെയും ഹോചിമിന്റെ യും കലാസൃഷ്ടികളിൽ അതാണു കാണുക. അതിനാലാണു് അവർ രാഷ്ട്രാന്തരീയപ്രശസ്തിയുള്ള കലാകാരന്മാർ ആയതു്. അവരുടെ കല ജീവിതത്തിന്റെ ഭൂതലത്തിൽ നിന്നു് നീരുറവപോലെയാണു് ഉയരുക.

images/Ovusha2019.jpg
ഒ. വി. ഉഷ

ഗ്രാമപ്രദേശങ്ങളിൽ കൊച്ചരുവികൾ ഒഴുകുന്നതു് എന്റെ വായനക്കാർ കണ്ടിരിക്കും. അങ്ങനെയൊരു അരുവി കണ്ടപ്പോൾ അതിലെ ഒരു കൊച്ചോളത്തെ കൈക്കുള്ളിലാക്കാൻ ഞാൻ ശ്രമിച്ചു. അതു് എന്റെ കയ്യിൽ തങ്ങിനില്ക്കാതെ ഒഴുകിപ്പോയി. ‘മലയാളനാട്ടി’ൽ ശ്രീമതി ഒ. വി. ഉഷ യുടെ “ശലഭത്തിന്റെ കഥ” എന്ന കവിത വായിച്ചപ്പോൾ ഞാൻ ആ കൊച്ചുതരംഗത്തെക്കുറിച്ചാണു് ഓർമ്മിച്ചതു്. അതിന്റെ വേഗവും ഭംഗിയും ലയവും ഒക്കെ ഉഷയുടെ കവിതയിലുണ്ടു്.

“താരകയൊന്നു ചുവന്നുവിരിഞ്ഞു

ദൂരെവടക്കിൻകോണി; ലിരുട്ടിൻ

ചില്ലകറുത്തുവളർന്നും, കൊച്ചരി

മുല്ലവിടർന്നും നിശയെത്തുമ്പോൾ

ശലഭമുറക്കമുണർന്നൂ തൻചിറ-

കലസം വിടരുകയായി പൂവിതൾ

മെത്തവെടിഞ്ഞുനിനയ്ക്കുകയായി”

ഇതൊരു കൊച്ചോളമാണെന്നതിൽ എന്തുണ്ടു സംശയം? കുങ്കമം വാരിക നോക്കു. ശ്രീ. തൃക്കൊടിത്താനം ഗോപിനാഥൻ നായരുടെ ‘തെറ്റുകൾ’ കാണാം. തെറ്റുകൾ കവിയുടെ കൂട്ടുകാരാണത്രേ. ഗോപിനാഥൻ നായരുടെ കവിതയിൽ ഛന്ദസ്സുണ്ടു്. അലങ്കാരമുണ്ടു്, വാങ്മയചിത്രങ്ങളുണ്ടു്, ചിന്തകളുണ്ടു്. എന്നിട്ടും എനിക്കെന്തുകൊണ്ടാണു് തൃപ്തിയില്ലാത്തതു്. ഭാവനകൊണ്ടു് അദ്ദേഹം ഗദ്യാത്മകത്വത്തിന്റെ പാരുഷ്യത്തെ തുടച്ചുനീക്കുന്നില്ല. ശ്രീ. ഏറ്റുമാനൂർ സോമദാസന്റെ “പ്രളയമോ?” (മാതൃഭൂമി) അവിടെയും ഉത്കൃഷ്ടങ്ങളായ ചിന്തകളുണ്ടു്. പക്ഷേ, പ്രതിപാദനരീതി വിശൂദ്ധമല്ല. പ്രതിപാദനം പലവിധത്തിലാണു്. അതിഭാവുകത്വം കലർന്ന പ്രതിപാദനം, ഗദ്യാത്മകമായ പ്രതിപാദനം, കാവ്യാത്മകമായ പ്രതിപാദനം, സ്വാഭാവികമായ പ്രതിപാദനം അങ്ങനെ പലതും. കവിതയിൽ കാവ്യാത്മകമായ പ്രതിപാദനരീതിയേ പാടുള്ളൂ. സോമദാസന്റെ കവിതയ്ക്ക് ഈ ഗുണമുണ്ടെന്നു പറയാൻ വയ്യ. കാവ്യാംഗനയെ ലജ്ജാവതിയായി, സുന്ദരിയായി, ശാലീനയായി കാണുന്ന കവിയാണു് ശ്രീ. നീലമ്പേരൂർ മധുസൂദനൻ നായർ.

“അഭ്രനീലിമ നോക്കി ദാഹിച്ചുകിടക്കുന്നോ

രിപ്രപഞ്ചത്തിൽ ഘനീഭൂതമാംമോഹംപോലെ

ജലഗർഭയായ് ഘനശ്യാമരൂപിയായ്ഗർവ,

മതിയായ് ശീർഷോപരിയെത്തുന്ന വാർകൊണ്ട”

ലിനെ കുറുനിരത്തുമ്പുകൾ ഉയർത്തിനോക്കുന്ന കാവ്യാംഗനയെ മധുസൂദനൻ നായർ കാണുന്നു; നമുക്കു കാണിച്ചു തരുന്നു. ആരാധ്യനായ ഹോചിമിനെ, കവിയായ ഹോചിമിനെ, കമ്മ്യൂണിസ്റ്റല്ലാത്ത സി. എം. ബൗറ എന്ന നിരൂപകന്റെപോലും മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായ ഹോചിമിനെ “കവിത”കൊണ്ടു നിഗ്രഹിക്കുന്നു ശ്രീ. ഹരിഹരൻ പൂഞ്ഞാർ: “ലാൽസലാം ലാൽസലാം ഹോ അമ്മാവൻ” എന്നാണു് അദ്ദേഹത്തിന്റെ കാവ്യം അവസാനിക്കുന്നതു്. മഹാന്മാരെക്കുറിച്ചു കവിതകൾ എഴുതുമ്പോൾ അവരുടെ മഹത്ത്വത്തിനു് ഊനത്വം വരാതെയിരിക്കാനെങ്കിലും കവികൾ ശ്രദ്ധിക്കേണ്ടതല്ലേ? ലെനിനെ ക്കുറിച്ചു് മയകോവ്സ്ക്കി എഴുതിയ കവിത ഹരിഹരൻ ഒന്നു വായിച്ചുനോക്കട്ടെ.

images/Mayakovsky1915.jpg
മയകോവ്സ്ക്കി

കറന്റുബുക്ക്സിന്റെ കോട്ടയം ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത ദിവസം. അന്നുകൂടിയ സമ്മേളനത്തിൽ ഈ ലേഖകൻ ഒരു പ്രഭാഷകനായിരുന്നു. ഞാൻ ശ്രീ. തകഴി ശിവശങ്കരപ്പിള്ള യെ വിമർശിച്ചു പ്രസംഗിച്ചിട്ടു ഹാളിൽനിന്നു പുറത്തേക്കു പോയപ്പോൾ സ്ഥൂലഗാത്രനെങ്കിലും ആകൃതിസൗഭഗമുള്ള ഒരു യുവാവു് എന്റെ അടുത്തേക്കുവന്നു കൈകൾ എന്റെ തോളുകളിൽ ബലമായി അമർത്തി എന്നോടു പറഞ്ഞു: “Mr. Krishnan Nair, you are not a critic, but a sensationalist (മി. കൃഷ്ണൻനായർ നിങ്ങൾ നിരൂപകനല്ല, ബഹളം വയ്ക്കുന്ന ആളാണു്). ഞാൻ മറുപടി നല്കി: “I admit; but who are you to say that.” (ഞാൻ സമ്മതിക്കുന്നു; പക്ഷേ, അതു പറയാൻ നിങ്ങൾ ആരാണു്.)

അദ്ദേഹം വീണ്ടും പറഞ്ഞു: “I am Ramu Kariat ” (ഞാൻ രാമു കാര്യാട്ടാണു്.)

ഞാൻ വിട്ടില്ല. “O, the director of that dirty picture Chemmeen ” (ഓ, ചെമ്മീനെന്ന ആ വൃത്തികെട്ട പടത്തിന്റെ സംവിധായകൻ.) ഞാൻ വായ്പട വെട്ടിയതാണു്. ചെമ്മീൻ മനോഹരമായ സിനിമയാണു്. അത്രയും പറഞ്ഞു കഴിഞ്ഞതിനുശേഷം ഞങ്ങൾ സുഹൃത്തുക്കളായി. കാരണം രാമു കാര്യാട്ടിനെ ആർക്കും സ്നേഹിക്കാതിരിക്കാൻ കഴിയുകയില്ല എന്നതുതന്നെ. അദ്ദേഹത്തിനു് എന്തോ ഒരാകർഷണശക്തിയുണ്ടു്. ഞാൻ ബഹുമാനിക്കുന്ന രാമു കാര്യാട്ടിനെക്കുറിച്ചു ശ്രീ. കെ. വി. മണികണ്ഠൻ നായർ മലയാളനാട്ടിൽ എഴുതിയിരിക്കുന്നു. താൽപര്യത്തോടെ നാം അതു വായിക്കും.

നടന്നുപോകുമ്പോൾ പുൽത്തകിടിയിൽക്കണ്ട ഒരെറുമ്പിനെ ചവിട്ടാതിരിക്കാൻ വേണ്ടി പൊടുന്നനവേ കാലു മാറ്റി വച്ചതിനാൽ “ലെ മിസറാബിളി ”ലെ ബിഷപ്പിനു് ഉളുക്കുപറ്റി. ആ ഉളുക്കോടുകൂടി അദ്ദേഹം കുറെ ദിവസം കിടന്നു. സ്ക്കൂൾ അംഗണത്തിൽ നിന്ന ഒരു ചെമ്പരത്തിപ്പൂ അടർത്തിയെടുത്തതിനു് എന്റെ അധ്യാപകനായിരുന്ന ശ്രീ. നാരായണൻനായർ തലയിൽ ഒരു കിഴുക്കു കിഴുക്കിക്കൊണ്ടു ചോദിച്ചു: “അതിനു ജീവനുണ്ടെന്നു് അറിഞ്ഞുകൂടേ?” മഹാമനസ്കർ അങ്ങനെയാണു്. എറുമ്പിനെപ്പോലും പൂവിനെപ്പോലും അവർ ഉപദ്രവിക്കുന്നില്ല. നമ്മുടെ സാഹിത്യകാരന്മാരാകട്ടെ കുത്സിതമായ കലാസൃഷ്ടികൾ കൊണ്ടു നമ്മെ പച്ചയ്ക്കു കൊല്ലുന്നു. അതു് ഉറച്ചുപറഞ്ഞാൽ ദേഷ്യപ്പെടാത്ത ചിലരുണ്ടു്. പക്ഷേ, മിക്ക സാഹിത്യകാരന്മാരും കോപിക്കും, തെറി വിളിക്കും. എന്നാലും സത്യാന്വേഷണതൽപരത ഒരു കാലത്തും കെട്ടടങ്ങുകയില്ലല്ലോ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1970-10-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.