സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1971-05-16-ൽ പ്രസിദ്ധീകരിച്ചതു്)

മന്ദസ്മിതമെന്ന ഭാവഗാനം
images/PaulVerlaine.jpg
പോൾ വെർലയിൻ

ഫിസിക്സ് ഐച്ഛികവിഷയമായി സ്വീകരിച്ചു് എം. എസ്. സി. പരീക്ഷയിൽ വിജയംപ്രാപിച്ച ഒരു യുവതി കുറച്ചുകാലംമുൻപു് ഞാൻ ജോലിചെയ്യുന്ന സ്ഥാപനത്തിൽ എന്നെക്കാണാൻ വന്നിരുന്നു. സ്ത്രീകൾ അപരിചിതന്മാരെ കാണാൻ വരുന്നെങ്കിൽ അവർക്കു് എന്തെങ്കിലും കാര്യം നേടാൻ ഉണ്ടായിരിക്കും. അതു മുൻകൂട്ടിക്കണ്ട ഞാൻ തെല്ലൊരു ഗൗരവമഭിനയിച്ചു് “എവിടെനിന്നു വരുന്നു? എന്താണു് കാര്യം” എന്നു ചോദിച്ചു. ബുദ്ധിശാലിനിയായ ആ യുവതി എന്റെ ഏതോ വിരസമായ പ്രഭാഷണത്തെ വാനോളം വാഴ്ത്തിക്കൊണ്ടു് സംസാരമാരംഭിച്ചു. പ്രശംസ പലപ്പോഴും അസഹനീയമാണല്ലോ. അതുകൊണ്ടു് സംഭാഷണമൊന്നു മാറ്റാനായി ഞാൻ അവളോടു് ഒരു ഭൗതികശാസ്ത്രജ്ഞന്റെ മുഖാവരണമണിഞ്ഞു ചോദിച്ചു: “ഐൻസ്റ്റൈന്റെ ആപേക്ഷികസിദ്ധാന്തത്തിൽ ഇന്ത്യൻശാസ്ത്രജ്ഞനായ നർലിക്കർ വരുത്തിയ മാറ്റങ്ങൾ ശരിയാണോ?” എന്റെ ഈ ചോദ്യത്തിനു് അവൾ ഉത്തരമൊന്നും നല്കിയില്ല. തന്റെ അജ്ഞതയെ വിളംബരം ചെയ്തുകൊണ്ടു് അവൾ പുഞ്ചിരിപൊഴിക്കുകമാത്രമാണു് ചെയ്തതു്. ഐൻസ്റ്റൈൻ ആരോ, നർലിക്കർ ആരോ, എനിക്കറിഞ്ഞുകൂടാ; എന്റെ ഈ മന്ദഹാസം കാണൂ, രസിക്കൂ എന്നായിരുന്നു അവളുടെ രീതി. അവളുടെ ആ മട്ടു് ശരിയായിരുന്നുതാനും. തലയൊന്നു ചരിച്ചു്, പുരികങ്ങളൊന്നു വളച്ചു്, ചുണ്ടുകൾ അല്പമൊന്നുവിടർത്തി, അവൾ പുഞ്ചിരിപൊഴിച്ചു. അതോടെ പോൾ വെർലയിന്റെ കീറ്റ്സി ന്റെ ചങ്ങമ്പുഴ യുടെ ഭാവഗാനം രചിക്കപ്പെട്ടു. ആ ഗാനത്തിന്റെ സംഗീതാത്മകത്വം. ലയം, സൗന്ദര്യം എല്ലാം ആ പുഞ്ചിരിയിലുണ്ടായിരുന്നു ആ മന്ദഹാസത്തിനു് എന്തെങ്കിലും ലക്ഷ്യമുണ്ടോ? ഇല്ലതന്നെ. മന്ദഹാസത്തിനു വേണ്ടിയുള്ള മന്ദഹാസം. അവൾക്കു ഫിസിക്സ് അറിഞ്ഞുകൂടെങ്കിലെന്തു് ? പുഞ്ചിരിപൊഴിക്കാൻ അറിയാമല്ലോ എന്നു ഞാൻ വിചാരിച്ചു. ഇന്നു് കീറ്റ്സിന്റെ ‘Bright Star would I were steadfast as thou art’ എന്നു തുടങ്ങുന്ന ഗീതകം വായിക്കുമ്പോൾ, ചങ്ങമ്പുഴയുടെ “ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജുമന്ദസ്മിതം കണ്ടു കൺകുളിർത്താൽമതി” എന്ന കാവ്യഭാഗം വായിക്കുമ്പോൾ ഞാൻ ആ യുവതിയുടെ മന്ദസ്മിതത്തെക്കുറിച്ചു വിചാരിക്കാറുണ്ടു്. കവികൾ വാക്കുകൾ കൊണ്ടു് ഭാവഗാനം രചിക്കുന്നു. സുന്ദരികളായ യുവതികൾ പുരികങ്ങളും ചുണ്ടുകളും ചലിപ്പിച്ചു് മന്ദസ്മിതമെന്ന ഭാവഗാനം രചിക്കുന്നു. സാഹിത്യസൃഷ്ടി ഇതുപോലെയിരിക്കണമെന്ന പക്ഷക്കാരനാണു് ഞാൻ. അതു വായനക്കാരെ ഞെട്ടിക്കരുതു്. ഇന്നത്തെ നിരൂപകർ പറയാറുണ്ടു്: “യോനസ്കോ ‘കസേരകൾ’ എന്ന നാടകമെഴുതി വായനക്കാരെ ഞെട്ടിക്കുന്നു. ഗുന്തർഗ്രസ്സ് “തകരച്ചെണ്ട” എന്ന നോവലെഴുതി വായനക്കാരെ ഞെട്ടിക്കുന്നു.” പണ്ടു് തിരുവനന്തപുരത്തു ഹനുമാന്റെ മുഖം വച്ചു് കളിച്ചു് പിള്ളേരെ ഞെട്ടിക്കുന്ന ഒരു പണ്ടാരമുണ്ടായിരുന്നു. യോനസ്കോയും ഗ്രസ്സും ഹനുമാൻ പണ്ടാരങ്ങളാണോ നമ്മെയൊക്കെ ഞെട്ടിക്കാൻ? ഞെട്ടിക്കൽ കലാകാരന്റെ കൃത്യമല്ല. അയാൾ സൗന്ദര്യത്തിന്റെ സ്രഷ്ടാവാണു്. യോനസ്കോയും ഗ്രസ്സും ആൽബി യും ഷെനേ യും ഷിറോദു വും (Giraudoux) നമ്മിലുള്ള നിഗൂഢങ്ങളായ ഭയാദിവികാരങ്ങളെയാണു് നാടകങ്ങളിൽ ആവിഷ്ക്കരിക്കുന്നതു്. ആ നാടകങ്ങൾ വായിക്കുന്ന നമ്മൾ പേടിതുടങ്ങിയ അത്തരം വികാരങ്ങൾക്കു വിധേയരായി ഞെട്ടുന്നു. ഈ ഞെട്ടലിനു് രസാനുഭൂതിയുമായി ഒരു ബന്ധവുമില്ല. അനുവാചകനു് ഈ വിധത്തിലുള്ള പ്രകമ്പനമുളവാക്കാൻ അവർ പ്രതിപാദ്യവിഷയത്തെ ഭയജനകമായി ചിത്രീകരിക്കുന്നു (മനുഷ്യൻ കണ്ടാമൃഗമാകുന്നതും പ്രൊഫസർ ശിഷ്യയെ കുത്തിക്കൊല്ലുന്നതും മറ്റും ഉദാഹരണം—യോനസ്കോയുടെ നാടകങ്ങൾ). ആശയാവിഷ്ക്കാരത്തിനു ഭാഷ അസമർത്ഥമാണെന്നുപറഞ്ഞുകൊണ്ടു് അതിനെ മുറിച്ചുമുറിച്ചു വികൃതമാക്കി പ്രയോഗിക്കുന്നു. നമ്മുടെ ഒരു കഥാകാരൻ വേറൊരു വിധത്തിലാണു് നമ്മെ ഞെട്ടിക്കുന്നതു്. പത്തുപുറമെഴുതിയാലും വായിക്കുന്നവനു് ഒരക്ഷരംപോലും മനസ്സിലാകരുതു് എന്നാണു് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഞാൻ ശ്രീ. കെ. പി. നിർമ്മൽകുമാറിനെക്കുറിച്ചാണു് പറയുന്നതു്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏഴാം ലക്കത്തിൽ അദ്ദേഹത്തിന്റെ “ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ” എന്നൊരു ചെറുകഥയുണ്ടു്. ആദ്യത്തെ ഒരു കോളം ഞാൻ പത്തുപ്രാവശ്യമെങ്കിലും വായിച്ചിട്ടുണ്ടു്. ഒന്നും മനസ്സിലായില്ലെനിക്കു്. ഒടുവിൽ ബുദ്ധിക്കു ക്ലേശവും ശരീരത്തിനു ക്ഷീണതയും തലയ്ക്കു വേദനയും വന്നു് ഞാൻ വാരിക അടച്ചുവച്ചു. കഥ മുഴുവൻ വായിച്ചില്ല എന്നു ഞാൻ തുറന്നു സമ്മതിക്കുന്നു. എനിക്കു് ആരെന്തു തരാമെന്നു പറഞ്ഞാലും ഞാനതു വായിക്കയുമില്ല. സാഹിത്യം മനുഷ്യനെ പീഡിപ്പിച്ചുതുടങ്ങിയാലെങ്ങനെ?

ഇതാ കേട്ടാലും:

“അകലെ ചേലക്കോടൻ കുന്നുകളിലൂടെ ഒഴുകിയിറങ്ങിയ കൈത്തോടു് മണ്ണാത്തിപ്പാറയിലൂടെ കലക്കവെള്ളത്തിന്റെ നിയന്ത്രണം നശിച്ച വികാരമൂർച്ചയിൽ ശവക്കുഴിയെത്തുമ്പോഴേക്കും പരന്ന പ്രവാഹത്തിൽ അപ്പോഴും കവിഞ്ഞൊഴുകയായിരുന്ന തോട്ടുവരമ്പിലൂടെ ബുദ്ധിവൈകല്യം വന്ന വെങ്ങാനെ—ർക്കാരി നായർ പെൺകുട്ടി അക്കഥയത്രയും കേട്ടു് കോരിച്ചൊരിയുന്ന മഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽ തൊഴപ്പാടം റോഡിലെ കലുങ്കിൻചുവട്ടിൽ തട്ടി ബോധം നശിച്ചുവീണപ്പോൾ പരക്കാട്ടുനിന്നു വരികയായിരുന്ന ചില ഈഴവർ അവളെ താങ്ങിയെടുത്തു് വീടെത്തിച്ച പൂർവകഥകൾ. പിന്നെ പാടങ്ങൾ, തോടിനപ്പുറവും…”

ഇതു് സാഹിത്യരചനയോ ആധാരമെഴുത്തോ?

Samuel Beckett, Arthur Adamov, Jean Genet, Max Frisch, Eugène Ionesco, Václav Havel, Günter Grass, Jack Gelber, Sławomir Mrożek, Arthur L. Kopit, Robert Pinget, E. Albee, Harold Pinter, Raymond Roussel, N. F. Simpson എന്നിങ്ങനെയുള്ള അത്യന്താധുനികരുടെ കൃതികൾ ഇംഗ്ലീഷിലേയ്ക്കു തർജ്ജമ ചെയ്തിട്ടുള്ളതെല്ലാം ഞാൻ വായിച്ചിട്ടുണ്ടു്. അവരാരുംതന്നെ ഇങ്ങനെ ദുർഗ്രഹമായ മട്ടിൽ എഴുതിയിട്ടില്ല. നിർമ്മൽകുമാറിനു് ഈ രീതി എവിടെനിന്നു കിട്ടിയോ എന്തോ! ഒരുപക്ഷേ, അദ്ദേഹത്തിന്റെതന്നെ രീതിയായിരിക്കാമിതു്.

നിർമ്മൽകുമാർ!

ഏതത്ത്വന്മുഖാച്ചു് ശൃംത്വാ

വജ്റതാഡിത ഇവാസ്മി.[1]

കുറിപ്പുകൾ

[1] ഇതു് താങ്കളിൽനിന്നു് കേട്ടിട്ടു് ഞാൻ ഞെട്ടിപ്പോയിരിക്കുന്നു.

images/Cervantes.jpg
തെർവാന്റസ്

ശാസ്ത്രജ്ഞൻ കൃത്രിമമനുഷ്യനെ നിർമ്മിച്ചു: എന്നിട്ടു് ചോദ്യങ്ങൾ ചോദിക്കുകയായി. കൃത്രിമമനുഷ്യൻ സൂക്ഷ്മസൂക്ഷ്മമായി മറുപടി പറഞ്ഞു. മോണലിസ എന്ന ചിത്രത്തെക്കുറിച്ചു് എല്ലാക്കാര്യങ്ങളും ആ യന്ത്രം-കൃത്രിമമനുഷ്യൻ വിശദീകരിച്ചു. പക്ഷേ, അതിലെ വിശ്വവശ്യമായ പുഞ്ചിരിയെക്കുറിച്ചു് അതിനൊന്നും പറയാൻ കഴിഞ്ഞില്ല. ശാസ്ത്രജ്ഞൻ യന്ത്രത്തെ നശിപ്പിച്ചുകളഞ്ഞു. ഇതാണു് ശ്രീ. കെ. പി. രാധാകൃഷ്ണൻ എഴുതിയ “അതിമാനുഷൻ” എന്ന കഥയുടെ സാരം (മാതൃഭൂമി). കലയുടെ മാന്ത്രികപ്രഭാവത്തെ വ്യക്തമാക്കാൻ, പരമസത്യത്തിലേയ്ക്കു പ്രവേശിക്കാൻ ശാസ്ത്രത്തിനു ശക്തിയില്ലെന്നാണു് രാധാകൃഷ്ണൻ പ്രഖ്യാപിക്കുന്നതു്. നല്ല ആശയം. ഈ ചെറുകഥയിൽ കലയില്ലെങ്കിലും ഭംഗിയുള്ള ആശയമുണ്ടു്. അത്രയുമായി. പക്ഷേ, ഒരു തെറ്റുപറ്റി കൃത്രിമമനുഷ്യനു്. “ഡോൺക്വിക്സോട്ട് ആരെഴുതി?” എന്നു് ശാസ്ത്രജ്ഞന്റെ ചോദ്യം. ശാസ്ത്രജ്ഞൻ ഇംഗ്ലീഷ് മാത്രമറിയാവുന്നയാളാണു്. അതിനാലാണു് അങ്ങനെ ഉച്ചരിച്ചതു്. കൃത്രിമമനുഷ്യൻ മറുപടി നൽകി: “സർവാന്റിസ് എഴുതിയ സോഷ്യൽസറ്റയറാണു് ആ കൃതി.” കൃത്രിമമനുഷ്യൻ എല്ലാം അറിയുന്നവനല്ലേ. അതുകൊണ്ട് ശരിയായി “തെർവാന്റസ് ” എന്നു പറയേണ്ടിയിരുന്നു. ഒരുപക്ഷേ, കൃത്രിമമനുഷ്യനും ഇംഗ്ലീഷുകാരനായിരിക്കും… മലയാളനാടു് വാരികയുടെ 50-ാം ലക്കത്തിൽ ശ്രീമതി ശാന്താനായർ എഴുതിയ ‘മഹാനഗരം’ എന്നൊരു ചെറുകഥയുണ്ടു്. വാരികയുടെ വിലയേറിയ എട്ടു പുറം അപഹരിച്ചിരിക്കുന്നു വിലക്ഷണമായ ആ ചെറുകഥ. സെക്സിന്റെ മേമ്പൊടിചേർത്താണല്ലോ കഥയെന്ന കഷായം നമ്മെക്കൊണ്ടു് കഥാകാരന്മാർ കുടിപ്പിക്കുന്നതു്. ഈ കഥാകാരിക്കും ആ കാരുണ്യമുണ്ടു്. ലൈംഗികവേഴ്ചയെ വർണ്ണിച്ചുകൊണ്ടു് കഥയാരംഭിക്കുന്നു:

“പകലിന്റെ പിടിയിൽ അമർന്നു കിടന്നിരുന്ന ഭൂമി തളർന്നു. സംതൃപ്തിയുടെ തളർച്ചയും കിതപ്പും.”

പിന്നീടു് ഒരു ‘കുളിസ്സീനാ’ണ്. അതിനുശേഷം മഹാനഗരത്തിലേയ്ക്കുള്ള ദമ്പതികളുടെ യാത്ര. നഗരത്തിലെ മദ്യപാനവും വ്യഭിചാരവും നഗ്നനൃത്തവും ഒക്കെ ഒരു മറയുമില്ലാതെ വർണ്ണിക്കപ്പെടുന്നു. ഒടുവിൽ തോന്നിയ സ്ഥലത്തുവച്ചു് കഥയങ്ങു് നിറുത്തുകയും ചെയ്യുന്നു. വായനക്കാരന്റെ ഭാഗ്യംകൊണ്ടു് എട്ടാമത്തെ പുറമെത്തിയപ്പോൾ കഥ നിന്നു. കുറേക്കൂടി എഴുതണമെന്നു് കഥാകാരിക്കു തോന്നിയിരുന്നെങ്കിലോ? അങ്ങനെ തോന്നുകയില്ല, ഈശ്വരനില്ലേ? അദ്ദേഹം നമ്മെ അങ്ങനെ കൈവെടിയുമോ?… കഥകൾ പലവിധത്തിലും എഴുതാം. അവയിൽ രണ്ടു രീതികൾക്കു പ്രാധാന്യമുണ്ടു്. ഒന്നു്: ഇതിവൃത്തത്തോടുകൂടി കഥാപാത്രങ്ങളുടെ സ്വഭാവമാവിഷ്ക്കരിക്കുകയോ ഒരു നിമിഷത്തെ ചിത്രീകരിക്കുകയോ ചെയ്യുന്ന മാർഗ്ഗം. അതിനു് ആരംഭവും അവസാനവും കാണും; മധ്യഭാഗവും ഉണ്ടായിരിക്കും. രണ്ടു്: ഇതിവൃത്തമില്ല, സ്വഭാവചിത്രീകരണമില്ല; അഗാധസത്യങ്ങളെ ആവിഷ്ക്കരിക്കാനായി സ്വപ്നങ്ങളിലും മനോരഥസൃഷ്ടികളിലും വിലയംകൊള്ളുന്നു. പലപ്പോഴും ശാബ്ദികമായ അസംബന്ധങ്ങളിൽ താല്പര്യം കാണിക്കും കഥാകാരൻ, ഈ രണ്ടാമത്തെ രീതിയാണു് അത്യന്താധുനികരുടേതു്. മലയാളനാട്ടിൽ “കടൽക്കിഴവൻ” എന്ന ചെറുകഥയെഴുതിയ ശ്രീ. കെ. ആർ. നാരായണൻനമ്പീശൻ ഒരത്യാന്താധുനിക സാഹിത്യകാരനാണു്, എനിക്കു് അദ്ദേഹത്തിന്റെ കഥ മനസ്സിലായില്ല. അതുകൊണ്ടു് വിമർശനം സാദ്ധ്യമല്ലാതെയായിരിക്കുന്നു… ഒരു പെൺകുട്ടിയുടെ ഉപബോധമനസ്സിലുള്ള ലൈംഗികാഭിലാഷത്തെ ശ്രീ. കെ. വി. രാമനാഥൻ ഭംഗിയായി ആലേഖനംചെയ്യുന്നു. “ഭയം” എന്ന കഥയിൽ (മലയാളനാടു്)…വിവാഹാലോചനയുമായി വരുന്നവരെ അകാരണമായി വെറുക്കുന്ന ഒരു യുവതി കാറിന്റെ “ഡോറി”ൽ ചാരിനിന്ന ഒരു യുവാവിനെ യാദൃച്ഛികമായി കണ്ടു് രാഗപരവശയാകുന്നതിന്റെ ചിത്രം ശ്രീ. രവീന്ദ്രൻ എഴുതിയ “പരാജയം” എന്ന കഥയിൽനിന്നു നമുക്കു ലഭിയ്ക്കുന്നു (കുങ്കുമം വാരിക—ലക്കം 33). ഉദ്യോഗമുള്ളവനെയും പണമുള്ളവനെയും നോക്കി വലവീശുന്നതിനെയാണല്ലോ നാം പ്രേമമെന്നു പറയുന്നതു്. അവരുടെ വിവാഹത്തെ നാം “ലൗമാരിയേജ്” എന്നും വിളിക്കും. ഈ കപടപ്രേമം നിലവിലിരിക്കുന്ന ഈ നാട്ടിൽ ഒരു യഥാർത്ഥ പ്രേമത്തെ രവീന്ദ്രൻ ചിത്രീകരിച്ചതു നന്നായി. പക്ഷേ, അദ്ദേഹത്തിന്റെ കഥയ്ക്കു സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശനമില്ല… ലൈംഗികത്വത്തിനു് അമിതപ്രാധാന്യം നൽകി കഥയെഴുതാൻ താല്പര്യം കാണിക്കുന്ന ശ്രീ. അരവി ഈ ആഴ്ചയിലെ കുങ്കുമം വാരികയിൽ “സീമ” എന്നൊരു കഥയെഴുതിയിട്ടുണ്ടു്, തെറിയായിരിക്കും എന്നൊരു പൂർവ്വകല്പനയോടുകൂടി ഞാൻ വായന തുടങ്ങി. ഭാഗ്യവശാൽ വലിയ തെറിയില്ല. സാക്ഷാത്ക്കരിക്കാത്ത അഭിലാഷങ്ങളുള്ള ഒരു യുവതി അർബുദം പിടിച്ചു മരിക്കാൻ പോകുന്നതാണു “സീമ”യിലെ കഥ. അതിരുകടന്ന റൊമാന്റിസിസം വരുത്തിക്കൂട്ടുന്ന അവാസ്തവികത്വമാണു് ഈ കഥയുടെ മുദ്ര. അതുകൊണ്ടുതന്നെ ഇതു് സാഹിത്യമല്ലാതെയായി ഭവിച്ചിരിക്കുന്നു. ഒരു സംഭാഷണശകലം ഈ പ്രസ്താവത്തിന്റെ സാദ്ധ്യത തെളിയിക്കും,

“പ്രേമത്തിന്റെ നിത്യസ്മാരകമാണീ മഹൽ” “അല്ല ദേവീ! അതു ദുഃഖത്തിന്റെ, വേദനയുടെ നിത്യനൂതനമായ സിംബലാണു്.” “എനിക്കുവേണ്ടി സുജിയേട്ടൻ താജ്മഹൽ പണിയില്ലേ?” “അതിനു് എന്റെ ദേവി നീ മരിക്കില്ല. നീ മരിക്കില്ലാ…

എന്തൊരു വൃത്തികേടു്! ഒരു ഭാര്യയുടെ ഭാര്യാത്വം ഉണരുന്നതു് ശ്രീ. ഹരി പാപ്പനംകൊടും പ്രപഞ്ചത്തിന്റെ അർത്ഥമില്ലായ്മ വ്യക്തികളിലൂടെ പ്രകടമാകുന്നതു് ശ്രീ. പി. ആർ. നാഥനും ചെറുകഥകളിലൂടെ സ്ഫുരിക്കുന്നു (കുങ്കുമം വാരിക). ഭാര്യയെ ഭരിക്കാൻ കഴിവില്ലാത്ത ഒരുവൻ ആത്മഹത്യ ചെയ്യുന്നതു് ശ്രീ. പരിപ്ര വാസുദേവൻനായർ ചിത്രീകരിക്കുന്നു (ജനയുഗം വാരിക). മൂന്നു കഥാകാരന്മാരും സത്യത്തിന്റെ അംശങ്ങൾ കാണുന്നു. പക്ഷേ, അവ സൗന്ദര്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുന്നില്ല…. കണ്ണില്ലാത്തവളെങ്കിലും സുന്ദരിയായ ജാനു ക്ഷയരോഗമുണ്ടെങ്കിലും സ്നേഹിക്കാനറിയാവുന്ന അന്തപ്പനെ സ്നേഹിക്കുന്നു. വിവാഹം കഴിക്കാമോ എന്നു് അവളുടെ ചോദ്യം. അപ്പോഴാണു് അന്തപ്പൻ പറയുന്നതു് തന്റെ കാലുകൾ മരക്കാലുകളാണെന്നു്, തന്റെ മുഖം തികച്ചും ബീഭത്സമാണെന്നു്. ശ്രീ. തോപ്പിൽ സുമൻ എഴുതിയ “അഭയം” എന്ന ചെറുകഥ ചന്ദ്രിക വാരികയിൽ വായിക്കാം. വായിച്ചു്, കല എത്രകണ്ടു് വിരൂപമാകും എന്ന സത്യം മനസ്സിലാക്കുകയും ചെയ്യാം. ചന്ദ്രിക വാരികയിൽ ശത്രുഘ്നന്റെ ഒരത്യന്താധുനിക ചെറുകഥയുണ്ടു്. ലോകം വ്യക്തിയെ പീഡിപ്പിക്കുന്നു അവന്റെ വ്യക്തിത്വം തന്നെ മാറിപ്പോകുന്നു, അവൻ ഏകാന്തതകൊണ്ടുള്ള ദുഃഖം അനുഭവിക്കുന്നു, എന്നൊക്കെയുള്ള എക്സിസ്റ്റൻഷ്യലിസ്റ്റാശയങ്ങളാണു് ഈ ചെറുകഥയിലുള്ളതു്. ഇവയുടെ വൈദേശികസ്വഭാവത്തെക്കുറിച്ചും ഇവിടുത്തെ എഴുത്തുകാരുടെ ആന്തരജീവിതത്തോടുള്ള ഇവയുടെ ബന്ധരാഹിത്യത്തെക്കുറിച്ചും ഈ ലേഖകൻ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. മുമ്പു് പറയാത്ത ഒരു കാര്യം ഇപ്പോൾ പറഞ്ഞുകൊള്ളട്ടെ. ലോകമഹായുദ്ധങ്ങൾകൊണ്ടു് സംസ്ക്കാരത്തിനു തകർച്ച സംഭവിച്ച ഫ്രാൻസിലും ജർമ്മനിയിലുമാണു് ഈ ആശയങ്ങൾ ആവിർഭവിച്ചതു്. താരതമ്യപ്പെടുത്തുമ്പോൾ ഇംഗ്ലണ്ടിനു തകർച്ച കുറവായിരുന്നു. അതുകൊണ്ടു് ആ ആശയങ്ങൾക്കു് അവിടെ അത്ര പ്രചാരം ലഭിച്ചില്ല. യുദ്ധങ്ങൾ ഉണ്ടായിട്ടും അമേരിക്കയുടെ സമ്പദ്വ്യവസ്ഥ തകർന്നില്ല. അതിനാൽ ഇത്തരം ആശയങ്ങൾ അവിടെ സ്വാഗതംചെയ്യപ്പെട്ടില്ല. ഒരു എഡ്വേർഡ് ആൽബി മാത്രമാണു് അവിടെ അത്യന്താധുനിക സാഹിത്യകാരനായുള്ളതു്. ആർഷഭാരതമാകട്ടെ ഈ വൈദേശികാശയങ്ങളെ ഗളഹസ്തംചെയ്യുകയാണു്. കുറെ യുവാക്കന്മാർ മാത്രം അവയ്ക്കു പ്രചാരം നൽകുന്നു. ജീവരക്തത്തിൽ അലിഞ്ഞുചേരാത്ത അത്തരം ആശയങ്ങൾ ചെറുകഥയിലൂടെ, കവിതയിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോൾ ആ കലാസൃഷ്ടികൾക്കു് സ്വാഭാവികത ഇല്ലാതെയാകുന്നു.

images/ParadiseLost1667.jpg

ദേശത്തിന്റെ സ്വാഭാവമനുസരിച്ചു് കലാസൃഷ്ടികൾ മാറിക്കൊണ്ടിരിക്കും. കേരളത്തിലൊരു Paradise Lost ഉണ്ടാവുകയില്ല. ഇംഗ്ലണ്ടിൽ ഒരു ഉമാകേരള വുമുണ്ടാവുകയില്ല. പക്ഷേ, നമ്മുടെ അത്യന്താധുനികസാഹിത്യം ഫ്രഞ്ചുസാഹിത്യംപോലിരിക്കുന്നു; ജർമ്മൻസാഹിത്യംപോലിരിക്കുന്നു. അതെന്തുകൊണ്ടു്?

images/Ovusha.jpg
ഓ. വി. ഉഷ

ശലഭത്തിന്റെയും അഗ്നിനാളത്തിന്റെയും അന്യോന്യാകർഷണത്തിലൂടെ മനുഷ്യജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ബന്ധത്തെ മനോഹരമായി ചിത്രീകരിക്കുന്നു ശ്രീമതി ഓ. വി. ഉഷ (മാതൃഭൂമി—അനുരാഗം എന്ന കവിത). അസ്തിത്വത്തിന്റെ അവിരാമമായ പ്രവാഹത്തെ ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണി ‘ഋതുകന്യക’യിലൂടെ ആലേഖനം ചെയ്യുന്നു. ലയാത്മകമാണു് അദ്ദേഹത്തിന്റെ കവിത. അമൂർത്തങ്ങളായ അഭിസന്ധികളൊഴിവാക്കുകയും അവ്യക്തങ്ങളായ വികാരങ്ങളെ ദൂരീകരിക്കുകയും ചെയ്താൽ അച്യുതനുണ്ണിയുടെ കവിതയ്ക്കു് ആകർഷകത്വം കൂടും. ബംഗ്ലാദേശത്തിന്റെ കഷ്ടപ്പാടുകൾ ആരുടെ ഹൃദയത്തെയാണു് ആർദ്രമാക്കാത്തതു്. വികാരലോലമായ ഹൃദയമുള്ള ശ്രീ. കെ. വി. തിക്കുറിശ്ശി “പ്രിയ ബംഗ്ലാ, മുന്നോട്ടു്” എന്ന ഒരു കവിത എഴുതിയതു് സ്വാഭാവികംതന്നെ (കുങ്കുമം). ബംഗ്ലാജനതയുടെ ദുഃഖംകണ്ടു് ഹൃദയം തപിച്ചതുകൊണ്ടാകണം കലാപരമായ ആവശ്യകതയ്ക്കുമതീതമായുള്ള പ്രഭാഷണാത്മകത്വം കവിതയിൽ കടന്നുകൂടിയതു്. ഭാരതത്തിലെ ഒരു പൗരനെന്നനിലയിൽ, അന്യന്റെ കഷ്ടപ്പാടിൽ ദുഃഖിക്കുന്ന വ്യക്തിയെന്ന നിലയിൽ ഞാൻ ആ പ്രഭാഷണാത്മകത്വത്തെ ആദരിക്കുന്നു. സാഹിത്യനിരൂപണത്തിൽ പ്രവർത്തിക്കുന്ന ആളെന്നനിലയിലയിൽ ആ വാചാലതയെ അംഗീകരിക്കാതിരിക്കുന്നു. കലാസൗന്ദര്യത്തെ വാഴ്ത്തുന്ന ശ്രീ. ഭുവനൻ മിതൃമ്മലയുടെ “സൗന്ദര്യപ്രകാശം” എനിക്കിഷ്ടമായി (കുങ്കുമം വാരിക). ധ്യാനത്തിൽ വിലയംകൊണ്ട മനസ്സിൽനിന്നു് ഒരഗ്നിനാളമുയരും. ആ അഗ്നിനാളത്തിന്റെ ചൂടും ശോഭയും ഞാൻ ഈ കവിതയിൽ കണ്ടില്ലെന്നുകൂടെ പറഞ്ഞുകൊള്ളട്ടെ… ശ്രീ. ഇയ്യങ്കോടു ശ്രീധരനും, ശ്രീ. വി. കെ. നാരായണൻപോറ്റിയും, ശ്രീ. കണ്ണമംഗലം മാധവപ്പണിക്കരും ബംഗ്ലാദേശത്തോടു തങ്ങൾക്കുള്ള സഹതാപവും സ്നേഹവും ഭക്തിയുമൊക്കെ കവിതകളിലൂടെ ആവിഷ്ക്കരിക്കുന്നു (ജനയുഗം). പക്ഷേ, മൂന്നു കവിതകളിലും വാചാലത എന്ന ദോഷം കടന്നു കൂടിയിരിക്കുന്നു. കവികളെ കുറ്റംപറയാൻ വയ്യ. Political poetry is proverbially bad poetry—രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിക്കുന്ന കവിത കുപ്രസിദ്ധമായ വിധത്തിൽ അധമകവിതയാണു്.

പട്ടാളത്തിൻ ബലിയാടുകളേ

പട്ടാങ്ങറിയാമോ പഞ്ചാബികളേ

കൂട്ടക്കൊലയാലൊരു നാടിൻ

നട്ടെല്ലിനെ-ആത്മാവിനെ-വെല്ലാമോ? (സോനാർ ബംഗ്ലാ—ജനയുഗം)

ഇതിലെ മനുഷ്യസ്നേഹം ഉത്കൃഷ്ടം, പക്ഷേ, കവിതയില്ല. പണ്ടു് പോളണ്ടിൽ കൽക്കരിക്കു ക്ഷാമം നേരിട്ടപ്പോൾ എല്ലാ കവികളും കൽക്കരിയെക്കുറിച്ചു് കവിതയെഴുതണമെന്നു് ഗവണ്മെന്റ് ആജ്ഞാപിച്ചു. കവികൾക്കു കഴുത്തിന്റെ മുകളിൽ തലയിരിക്കണമെന്നു തോന്നിയതുകൊണ്ടു് കവിതകൾ എഴുതി. പക്ഷേ, ഒരു കിലോ കൽക്കരിപോലും കൂടുതലുണ്ടായില്ല. കൽക്കരിയേക്കാൾ കറുത്ത കവിതകൾ ധാരാളമുണ്ടായി.

താജ്മഹൽ നിർമ്മിക്കാനുള്ള മാർബിൾ ചുമന്ന സാധുക്കൾ കഷ്ടപ്പെട്ടിരിക്കും, ദുഃഖിച്ചിരിക്കും. അവരുടെ സ്വേദകണങ്ങൾ അവിടത്തെ മണ്ണിൽ അലിഞ്ഞുചേർന്നിരിക്കും. മാർബിൾ ചുമക്കുക എന്നതു് ആഹ്ലാദപ്രദമായ കൃത്യമായിരുന്നില്ല അവർക്കു്. എന്നാൽ താജ്മഹൽ നിർമ്മിച്ച ചക്രവർത്തിയോ? ഓരോ മാർബിൾ വയ്ക്കുമ്പോഴും അദ്ദേഹം ആഹ്ലാദിച്ചിരിക്കും. തന്റെ നിർമ്മലപ്രേമത്തിന്റെ പ്രതീകമാണു ആ കുടീരമെന്നു് മനസ്സിലാക്കി അദ്ദേഹം എന്തെന്നില്ലാത്തവിധം സന്തോഷിച്ചിരിക്കും. നമ്മുടെ കലാകാരന്മാർ വാക്കുകളാകുന്ന മാർബിൾ ശിലകൾ ചുമക്കുന്ന കൂലിപ്പണിക്കാർ ആകാതിരിക്കട്ടെ. കലാഗോപുരം നിർമ്മിക്കുന്ന ചക്രവർത്തികളാകട്ടെ അവർ. മന്ദസ്മിതംകൊണ്ടു ഭാവഗാനം രചിക്കുന്ന തരുണിയെപ്പോലെ അവർ പദങ്ങൾകൊണ്ടു് ഭാവഗാനങ്ങൾ രചിക്കട്ടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-05-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.