ഭാരതീയർ അതിഥിസത്കാരത്തിൽ തൽപരരാണു്; വിശേഷിച്ചും കേരളീയർ. വീട്ടിൽ വരുന്നവൻ ശത്രുവായാൽ പോലും ഗൃഹനായകൻ സുജനമര്യാദയ്ക്കു് അനുരൂപമായ വിധത്തിലേ പെരുമാറുകയുള്ളു. ഞാൻ എന്റെ കാര്യങ്ങൾ കൂടെക്കൂടെ പറയുന്നതുകൊണ്ടു് വായനക്കാർ എന്നോടു് പിണങ്ങുമോ എന്തോ? എങ്കിലും അവരുടെ അനുവാദത്തോടുകൂടി ഞാനൊന്നു പറയട്ടെ. ഇന്നാളൊരുദിവസം, എന്നെ വളരെ ദ്രോഹിച്ചിട്ടുള്ള ഒരാൾ എന്റെ വീട്ടിൽ വന്നുകയറി. പെട്ടെന്നു് എന്റെ മനസ്സാകെ ഇരുണ്ടു. ആ ഇരുട്ടു് മനസ്സിന്റെ ഒരു ഭാഗത്തേയ്ക്കു് പണിപ്പെട്ടു തള്ളിനീക്കിയിട്ടു് ഞാൻ ആ മനുഷ്യനെ ആദരപൂർവ്വം സൽക്കരിച്ചിരുത്തി. എന്നാലാവുന്നവിധത്തിലുള്ള സഹായം ഞാൻ അദ്ദേഹത്തിനു ചെയ്തുകൊടുക്കുകയും ചെയ്തു. ഞാൻ മാത്രമല്ല, നമ്മളൊക്കെ ഇങ്ങനെയാണു് പെരുമാറുക. വിഭിന്നമായി പെരുമാറുന്നവരും ഇല്ലാതില്ല. നിർദ്ദോഷമായ സാഹിത്യനിരൂപണം നിർവഹിക്കുമ്പോൾ പ്രതികൂലമായി ചിലതു പറഞ്ഞുപോയതിനു പകരം വീട്ടാൻ വേണ്ടി നിരൂപകനെ സ്നേഹപൂർവ്വം ഭവനത്തിൽ വിളിച്ചു കൊണ്ടുപോയി കണ്ണുചുവപ്പിച്ചു നോക്കുന്ന ഭയങ്കരന്മാരുണ്ടു്. അങ്ങനെയുള്ള സംസ്ക്കാരരഹിതന്മാരെക്കുറിച്ചല്ല നാമിവിടെ പരാമർശിക്കുന്നതു്; മനുഷ്യത്വമുള്ളവരെക്കുറിച്ചാണു. എന്റെ വീട്ടിൽ വരുന്നയാൾ എന്റെ ശത്രുവായാലെന്തു്, മിത്രമായാലെന്തു്? ഞാൻ ഭംഗിയായി പെരുമാറാൻ നിർബദ്ധനാണു്. സാഹിത്യകാരനും ആതിഥേയനാണു്. അനുവാചകരായ അതിഥികളേ അയാൾ വേദനിപ്പിച്ചുകൂടാ. പക്ഷേ, ഈ വേദനിപ്പിക്കലേ ഇന്നു നടക്കുന്നുള്ളു. “വായിക്കുന്നവനെ ക്ലേശിപ്പിച്ചേ ഞങ്ങളടങ്ങൂ” എന്ന മട്ടാണു് പല എഴുത്തുകാർക്കും. “മലയാളനാടു്” വാരികയുടെ 51-ാം ലക്കത്തിൽ ശ്രീ. എൻ. എസ്. മാധവൻ എഴുതിയ “രാജസം” എന്ന ചെറുകഥ വായിച്ചുനോക്കൂ. ഒരു പരിവൃത്തിയല്ല പല പരിവൃത്തി വായിക്കുക. ഒന്നും മനസ്സിലാവുകയില്ല. സ്വകീയങ്ങളായ പ്രതീകങ്ങൾകൊണ്ടു്, സ്വകീയങ്ങളായ വാങ്മയചിത്രങ്ങൾ കൊണ്ടു്, ദുർഗ്രഹതകൊണ്ടു് എഴുത്തുകാരൻ വായനക്കാരെ പീഡിപ്പിക്കുകയാണു്. ആധുനികങ്ങളായ ചെറുകഥകളിൽ കഥാപാത്രങ്ങൾക്കോ ഇതിവൃത്തത്തിനോ സ്ഥാനമില്ലെന്നു് എനിക്കറിയാം. സ്വപ്നത്തിലാവിർഭവിക്കുന്ന ചിത്രങ്ങൾക്കു് തുല്യങ്ങളായ ചിത്രങ്ങൾ നിവേശിപ്പിക്കാനാണു് എഴുത്തുകാരന്റെ ഉദ്ദേശ്യമെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. എങ്കിലും ഇത്രയ്ക്കാകാമോ പീഡനം? മാധവന്റെ കഥ വായിച്ചുകഴിഞ്ഞാൽ ഉടനെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചെന്നു് ഒരു പിഴിച്ചിൽ നടത്തണം. ഇത്തരം കഥകൾ തുടർച്ചയായി വായിക്കുന്ന ഏതൊരുവന്റെയും ആയുസ്സിനു ഹാനി സംഭവിക്കുമെന്നു് ഒരത്യുക്തിയും കൂടാതെ ഞാൻ പറഞ്ഞുകൊള്ളട്ടെ. ചർമ്മരോഗം പിടിപെട്ടതിനാൽ ദാമ്പത്യജീവിതം നയിക്കാൻ കഴിയാതെ ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ അടങ്ങാത്ത പ്രേരണകൾക്കു വിധേയയായി പ്രായം കൂടിയ പുരുഷനുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിനെ വക്രമായി, സങ്കീർണ്ണമായി, വിരസമായി പ്രതിപാദിക്കുന്ന ഒരു കഥയാണു് “ക്രീഡ” (മലയാളനാടു്). കഥാകാരൻ ദൗഷ്ട്യം ചിത്രീകരിക്കട്ടെ. അല്ലെങ്കിൽ ദുഃഖാത്മകത്വമാവിഷ്ക്കരിക്കട്ടെ. കഥ വായിച്ചുതീരുന്നയവസരത്തിൽ വായനക്കാരൻ മനുഷ്യത്വത്തിന്റെ പ്രകാശം കാണണം. മനുഷ്യൻ കാണ്ടാമൃഗമായി മാറുന്നതിനെ ആലേഖനം ചെയ്യുന്ന യോനസ്ക്കോ യും മനുഷ്യന്റെ സ്വവർഗ്ഗാനുരാഗത്തെ ചിത്രീകരിക്കുന്ന ഷെനേ യും സാഹിത്യത്തെ ഒട്ടൊക്കെ മനുഷ്യത്വത്തിന്റെ മണ്ഡലത്തിൽനിന്നു തള്ളിമാറ്റിയിട്ടുണ്ടെങ്കിലും അതിനെ പാടെ നിഷേധിക്കുവാൻ തയ്യാറായിട്ടില്ല. അതല്ല ‘ക്രീഡ’ എഴുതിയ ശ്രീ. മാതയിൽ അരവിന്ദന്റെ അവസ്ഥ. “മലയാളനാട്ടി”ലെ രണ്ടു കഥകളും വായനക്കാരനു് വിശ്രാന്തി നല്കുന്നില്ല. വിശ്രാന്തിയരുളാത്ത കഥകൾക്കു സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശമില്ല.
കുറേക്കാലം മുൻപു് ഒരിഞ്ചിനീയർ കുടുംബത്തോടുകൂടി ബോംബെയ്ക്കടുത്തുള്ള കടലിൽച്ചാടി ആത്മഹത്യ ചെയ്തതായി പത്രത്തിൽ വായിച്ചു. അദ്ദേഹത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു. അച്ഛനുമമ്മയും കൂടെപ്പിറന്നവരും എങ്ങനെയാണു് മരിച്ചരെന്നു് ആ കുട്ടി പിന്നീടു പറയുകയുണ്ടായി. കുതിരപ്പന്തയത്തിൽ സർക്കാർ വക പണമെടുത്തുമുടക്കി എല്ലാം നശിപ്പിച്ച ആ ഇഞ്ചിനീയർ പോലീസുകാരുടെ അറസ്റ്റിൽ നിന്നും പിന്നീടുള്ള കാരാഗൃഹവാസത്തിൽനിന്നും രക്ഷപ്രാപിക്കാൻ വേണ്ടി കടലിൽ ചാടുകയാണുണ്ടായതു്. സാരിയുടെ ഒരറ്റം അദ്ദേഹം ശരീരത്തിൽ ബന്ധിച്ചു. ഭാര്യയേയും കുഞ്ഞുങ്ങളേയും അതിന്റെ ഓരോ ഭാഗത്തുകെട്ടി എന്നിട്ടു് എല്ലാവരുംകൂടി കടലിലേക്കു ഇറങ്ങി. കെട്ടിൽനിന്നു വിട്ടുപോയ ഒരു കുട്ടിമാത്രം കരയ്ക്കടിഞ്ഞു. അവൻ ജീവിച്ചു. ആ പിഞ്ചുപൈതൽ അന്നു പറഞ്ഞ ആ ദുരന്തകഥ ഇന്നും എന്റെ ഹൃദയത്തെ മഥിച്ചുകൊണ്ടിരിക്കുന്നു. ശ്രീ. കെ. ഉണ്ണികൃഷ്ണനു് കഥയെഴുതണമെന്നു തോന്നി. അദ്ദേഹം ഉടനെതന്നെ ഈ യഥാർത്ഥസംഭവം കഥയാക്കി അങ്ങെഴുതിക്കൊടുത്തു. വല്ല പ്രയാസവുമുണ്ടോ? ഇതിവൃത്തമന്വേഷിക്കേണ്ടതില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതില്ല. കേരളീയർക്കു മറവി വളരെ കൂടുതലാണെന്നു് അദ്ദേഹത്തിനറിയാം. അദ്ദേഹം എഴുതി. ഒരു കുളിസ്സീൻകൂടി അതിൽ ചേർത്തു. അന്തരിച്ചുപോയ ആ സാധുക്കളെ ആ കൃത്യം കൊണ്ടു് അപമാനിച്ചാൽത്തന്നെയെന്തു്? കഥയായില്ലേ? “മലയാളരാജ്യ”ത്തിന്റെ 37-ാം ലക്കത്തിൽ പരസ്യപ്പെടുത്തിയിരിക്കുന്ന “യാത്ര”യെന്ന ഈ ചെറുകഥ വായിച്ച ഞാൻ ദുഃഖിച്ചു. നമ്മുടെ ആളുകൾ മരിച്ചവരെപ്പോലും വെറുതേ വിടാറില്ലല്ലോ. അതു ഞാൻ സമ്മതിച്ചു. എങ്കിലും ഗത്യന്തരമില്ലാതെ ആത്മഹത്യചെയ്യുന്നവരോടെങ്കിലും നാം കാരുണ്യം കാണിക്കണം. അവരുടെ ശൃംഗാരചേഷ്ടകളെ നാം വർണ്ണിക്കാതിരിക്കുകയെങ്കിലും വേണം. ഞാനിത്രയും പറയുമ്പോൾ ഉണ്ടാകാൻ പോകുന്ന മറുപടി എനിക്കറിയാം. “എനിക്കു് ഇങ്ങനെയൊരു സംഭവം അറിഞ്ഞേകൂടാ” എന്നു് കഥാകാരൻ ഉദ്ഘോഷിക്കും. ഏതിനാണു് മറുപടിയില്ലാത്തതു്? മാനുഷിക മൂല്യങ്ങളുടെ നിരർത്ഥകത്വം, മനുഷ്യജീവിതത്തിന്റെ അന്തസ്സാരശൂന്യത, വാർദ്ധക്യത്തിന്റെ നിരാശ്രയത്വം എന്നീ ആശയങ്ങൾക്കു കഥയുടെ രൂപം കൊടുക്കാനാണു് ശ്രീ. പി. ആർ. നാഥന്റെ ശ്രമം (ഉൽപത്തിയിലേക്കു് എന്ന കഥ-മലയാളരാജ്യം). കൃത്രിമത്വമില്ലാതെ പി. ആർ. നാഥനു കഥപറയാൻ അറിയാം. കുങ്കുമം വാരികയുടെ 34-ാം ലക്കത്തിൽ കഥകൾ നാലുണ്ടു്. പക്ഷേ, നാലും ക്ഷുദ്രം. പ്രസവത്തിനു വന്ന രാധ പെറ്റെണീറ്റുപോയി. അവളുടെ ഭർത്താവു് ഒരു ദിവസം തന്നെ പുണർന്നതിൽ ഒരു സ്ത്രീക്കു സുഖം, ആ പുരുഷന്റെ ഭാര്യയോടു്—രാധയോടു്—അവൾക്കു അസൂയ. ഇതാണു് ശ്രീമതി ഇന്ദിരയെഴുതിയ “നനഞ്ഞകണ്ണുകളുടെ വിഷയം. ഭാര്യയെത്തന്നെ സ്വപ്നം കാണുന്ന ഒരുവനെ ശ്രീ. കെ. രാമചന്ദ്രൻ ചിത്രീകരിക്കുന്നു. (“കണിക്കു മുൻപിൽ, കൺമുൻപിൽ”) തീവണ്ടിയാപ്പിസിൽ കണ്ട യുവതിയോടു തോന്നുന്ന രാഗത്തെ ചിത്രീകരിക്കുകയാണു് ശ്രീ. കെ. വി. ധർമ്മരാജൻ (“കാലം ഒഴുകുമ്പോൾ” എന്ന കഥ). ഒരു കുഞ്ഞിന്റെ ചിന്തകളെ ആവിഷ്ക്കരിക്കാനാണു് ശ്രീ. കോങ്ങാടന്റെ ശ്രമം (രാവിലെ എന്ന കഥ). ഞാനിതെഴുതുമ്പോൾ എന്റെ വീട്ടിന്റെ ചുവരുകളിൽ ഒരു ജോലിക്കാരൻ ‘സ്നോസം’ എന്ന പെയിന്റു പുരട്ടുകയാണു്. അയാൾക്കു ചായമടിക്കാൻ അറിയാം. പക്ഷേ, ആ ചായം എങ്ങനെയുണ്ടാക്കുന്നുവെന്നു് അറിഞ്ഞുകൂടാ. ‘കുങ്കമ’ത്തിൽ കഥകളെഴുതിയ നാലു പേർക്കും സാഹിത്യത്തിന്റെ വിഭിന്ന ഘടകങ്ങളെക്കുറിച്ചു് അറിയാം. പക്ഷേ, സാഹിത്യത്തെക്കുറിച്ചു്, അതിനു് അടിസ്ഥാനമായി വർത്തിക്കുന്ന ജീവിതത്തെക്കുറിച്ചു് വളരെയൊന്നുമറിഞ്ഞുകൂടാ. മണലാരണ്യത്തിലൂടെ നടക്കുമ്പോൾ നാം ഹരിതാഭമായ പ്രദേശം കാണണം. തോണി തുഴഞ്ഞുപോകുമ്പോൾ കരയ്ക്കടുക്കണം. മുത്തുചിപ്പി തുറന്നുനോക്കുമ്പോൾ മുത്തു കാണണം. സാഹിത്യം നമ്മുടെ ആത്മാവിനെ സമ്പന്നമാക്കണം. ഇല്ലെങ്കിൽ ആ സാഹിത്യംകൊണ്ടു് ഒരു പ്രയോജനവുമില്ല. പിന്നെവിടെയാണു് ആത്മാവിനെ ഉത്തേജിപ്പിക്കുന്ന, സമ്പന്നമാക്കുന്ന ഈ സാഹിത്യം? “മാതൃഭൂമി” ആഴ്ചപ്പതിപ്പിന്റെ എട്ടാം ലക്കമെടുക്കൂ. അതിൽ ശ്രീ. ബൽദേവ് മിർസ എഴുതിയ “വഴിവിളക്കുകൾ” എന്ന കഥയുടെ തർജ്ജമ പരസ്യപ്പെടുത്തിയിട്ടുണ്ടു്. (ശ്രീ. പുനത്തിൽ കുഞ്ഞബദുള്ള യുടെ തർജ്ജമ) അതൊന്നു വായിച്ചുനോക്കൂ. ഉൽകൃഷ്ടമായ സാഹിത്യമെന്താണെന്നു് നമുക്കു മനസ്സിലാക്കാം. അന്ധകാരത്തിൽ, വർഷകാലത്തിൽ തെരുവിൽനിന്നു് വെളിച്ചത്തിന്റെ പാത വിരിക്കുന്ന ആ വഴിവിളക്കു് ഒരു പ്രതീകമാണു്. കൃതജ്ഞതപോലും അവകാശപ്പെടാതെ അന്യർക്കു് ഉപകാരം ചെയ്യുന്ന വ്യക്തിയുടെ പ്രതിരൂപം. ആ നിലയിൽ മാത്രമല്ല, പല നിലയിലും അതിനു വ്യാഖ്യാനം നല്കാം. ഒന്നിനു പകരം മറ്റൊന്നു പറയുക എന്ന ‘അലിഗറി’യല്ല ഇവിടെയുള്ളതു്. അനന്തങ്ങളായ അർത്ഥവിശേഷങ്ങൾ ഉളവാക്കുന്ന സിംബലിസമാണു് ഈ കഥയുടെ സവിശേഷത. രാജ്യം ജീർണ്ണിക്കുമ്പോൾ ഓരോ വ്യക്തിയും ആ ജീർണ്ണതയ്ക്കു കാരണക്കാരാണു്. ചിലർമാത്രം ബൽദേവ് മിർസയെപ്പോലെ മാറിനില്ക്കുന്നു. അവർ തെരുവുവിളക്കുകളെപ്പോലെ പ്രകാശം പൊഴിക്കുന്നു. മേഘമാലയ്ക്കു പിന്നിൽ നിന്നു ചന്ദ്രൻ എത്തിനോക്കുന്നതുപോലെ മട്ടുപ്പാവിന്റെ മറവിൽനിന്നു് സുന്ദരമായ മുഖം പ്രത്യക്ഷമാകുന്നതു് വായനക്കാർ കണ്ടിട്ടില്ലേ? വായനക്കാരെ കാണാനല്ല, അതിലേ പോകുന്ന യുവാവിനെ കാണാനാണു് ആ സൗധത്തിൽ കുളിർതിങ്കളുദിച്ചതു്. പക്ഷേ, അയാൾ എല്ലാരെയും സ്നേഹിക്കുന്ന ചപലകാമുകനാണെന്നു് അവൾ മനസ്സിലാക്കിയാലോ? നാം വിചാരിക്കും അവളങ്ങു് നിരാശതയിൽ വീഴുമെന്നു്. ഇല്ല, അതൊന്നും സംഭവിക്കുകയില്ല. അവൾ മറ്റൊരുവന്റെ മുൻപിൽ പ്രത്യക്ഷയായിക്കൊള്ളും. ഒരു യുവതിക്കു് ഇങ്ങനെ മോഹഭംഗമുണ്ടാക്കുന്നതിനെ ശ്രീമതി യു. തങ്കം “കുരുക്കു്” എന്ന ചെറുകഥയിലുടെ സ്ഫുടീകരിക്കുന്നു. (ജനയുഗം), സ്ഫുടീകരിക്കാനുള്ള യത്നം കൊള്ളാം. പക്ഷേ, അതിന്റെ ഫലം അനാദരണീയം. അതിഭാവുകത്വമാർന്ന ശൈലി, അയഥാർത്ഥങ്ങളായ സംഭവങ്ങൾ ഇവയെല്ലാം കൊണ്ടു് ഈ ചെറുകഥ അവാസ്തവികമായി ഭവിക്കുന്നു. പൊള്ളുന്ന വെയിൽ, ഒരു ചിത്രശലഭം ചിറകുവീശി എന്റെ മുന്നിലൂടെ പോകുന്നു. ഇതിനെ ആരാണു ചതിച്ചതു്? ശലഭമോ! നിന്റെ നാട്യം വെറും കപടനാട്യം. ഈ ലോകത്തു് ആരും ആരെയും ചതിക്കുന്നില്ല. നിന്റെ കാപട്യം ഞങ്ങൾ മനസ്സിലാക്കുന്നു. സ്ത്രീക്കു ഭർത്താവിനെ വേണം. അതിൽക്കവിഞ്ഞു് ഒന്നും വേണ്ട, ബുദ്ധിശാലിനികളായ എത്രയോ സ്ത്രീകൾ അറിഞ്ഞുകൊണ്ടു് തിരുമണ്ടന്മാരെ ഭർത്താക്കന്മാരായി സ്വീകരിക്കുന്നു!
ഈ ശലഭം ഇഷ്ടംപോലെ പറക്കുന്നു. സന്ധ്യയ്ക്കുശേഷം അതാ അന്തരീക്ഷത്തിൽ ഉദിക്കാൻ പോകുന്ന നക്ഷത്രമോ? അതിനു് ഇഷ്ടംപോലെ സഞ്ചരിക്കാൻ സാദ്ധ്യമല്ല. അതിന്റെ ഭ്രമണപഥം നിശ്ചയിക്കപ്പെട്ടതാണു്. സ്ത്രീയുടെ (പുരുഷന്റെയും) ചാപല്യത്തെക്കുറിച്ചു് ഞാൻ പറഞ്ഞെങ്കിലും സ്നേഹമെന്ന ഭ്രമണപഥത്തിലൂടെ അവൾക്കു സഞ്ചരിച്ചേമതിയാകൂ. ആ സഞ്ചാരത്തിൽ ചാപല്യമുണ്ടെന്നു മാത്രം. ശ്രീ. ബാലകൃഷ്ണൻ മാങ്ങാടു് ‘ചന്ദ്രിക’ വാരികയിലെഴുതിയ “വെളിച്ചത്തിന്റെ നഗ്നത” എന്ന ചെറുകഥ നോക്കുക. സഹോദരികളിൽ മൂത്തവളെ സ്നേഹിച്ച ദാസ് അവളെ ഉപേക്ഷിച്ചിട്ടു് അനുജത്തിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ആ അനുജത്തിക്കു് ദുഃഖം. പക്ഷേ, ബാലകൃഷ്ണന്റെ കഥ നമ്മുടെ ഉള്ളിൽ തട്ടുന്നില്ല. സ്നേഹമെന്ന വികാരത്തെ കേന്ദ്രസ്ഥാനത്തുനിറുത്തി വികസിപ്പിച്ചുകൊണ്ടു വരാത്തതാണു് ഇതിന്റെ ന്യൂനത. സ്നേഹത്തിന്റെ മറ്റൊരു വശം കാണിക്കുന്ന ശ്രീമതി പി. കെ. വത്സല യുടെ “യാത്രയുടെ നിഴൽ” എന്ന ചെറുകഥയ്ക്കുള്ള ന്യൂനതയും ഇതുതന്നെ. “ആ പുഴയിൽ പോയി വെള്ളം കൊണ്ടുവരൂ.” എന്നു് മകനോടു പറഞ്ഞ മുനിയുടെ വാക്കുകളിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടില്ല. എന്നാൽ കുടത്തിൽ വെള്ളമെടുക്കുന്ന ശബ്ദം കേട്ടു് ആന വെള്ളം കുടിക്കുകയാണെന്നു കരുതി ലക്ഷ്യവേദിയായ ശരമെയ്തു കുമാരനെ കൊന്ന ദശരഥനോടു് ആ മഹർഷി പറഞ്ഞ വാക്കുകളുണ്ടല്ലൊ. അവ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കുന്നു. എന്തുകൊണ്ടു? മഹർഷിയുടെ ആന്തരജീവിതം അവിടെ പ്രതിഫലിക്കുന്നു എന്നതുകൊണ്ടുതന്നെ. ചന്ദ്രികവാരികയിലെ രണ്ടു ചെറുകഥകളും ആന്തരജീവിതത്തെ സ്പർശിക്കുന്നില്ല, ‘ദേശാഭിമാനി’യിലെ ‘നീ, നീ ഒരു നദി’ എന്ന ചെറുകഥ (ശ്രീ. ഹരിദാസ്, വേക്കോടു് എഴുതിയതു്) ഒരു സ്ത്രീയുടെ ദുഃഖത്തെയാണു് ആവിഷ്ക്കരിക്കുന്നതു്. ആ ദുഃഖവും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നില്ല.
“അക്കിത്തത്തിന്റെ കവിത” എന്ന പേരിൽ ശ്രീ. മലയത്തു് അപ്പുണ്ണി “മലയാളനാട്ടി”ലെഴുതിയ ലേഖനം മിഡിൽസ്ക്കൂളിലെ കുട്ടികൾ എഴുതുന്നതുപോലെയിരിക്കുന്നുവെന്നു പറഞ്ഞാൽ ആ കുട്ടികളെ അപമാനിക്കുകയാവും. ഏതു മിഡിൽസ്ക്കൂൾ കുട്ടിയുടെ കോമ്പസിഷനും ഇതിനേക്കാൾ കേമമാണു്. എന്തിനിങ്ങനെ പത്രത്തിന്റെ സ്ഥലം മെനക്കെടുത്തുന്നു?
…സാഹിത്യത്തിലുണ്ടാകുന്ന പുരോഗമനാത്മകങ്ങളായ പ്രസ്ഥാനങ്ങളെ എതിർക്കുന്നവരെ ശ്രീ. ഇടവാ ജമാൽ എതിർക്കുന്നു. ലേഖനം വായിച്ചാൽ അദ്ദേഹം അത്യന്താധുനികതയെ നീതിമത്കരിക്കുകയാണെന്നു തോന്നും. സാഹിത്യത്തിൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവം എന്ന ലേഖനം-(മലയാളരാജ്യം). നീതിമത്കരിക്കട്ടെ. അതിൽ തെറ്റില്ല. പക്ഷേ, ചിന്തകൾ നീതിമത്കരിക്കേണ്ടതാണെന്നു വായനക്കാർക്കു തോന്നണം. വിചാരങ്ങൾക്കു നിയതത്വവും സ്പഷ്ടതയും വേണമെന്നു് വ്യക്തമായിപ്പറയാം. അൽഡസ് ഹക്സിലി യുടെയും റസ്സലി ന്റെയും ബർനാഡ്ഷാ യുടെയും ലേഖനങ്ങൾ വായിക്കുമ്പോൾ നാം അവരുടെ ആശയങ്ങളോടു യോജിച്ചില്ലെങ്കിലും ‘ഭേഷു് ഭേഷു്’ എന്നു പറയാറില്ലേ. അതുപ്പോലെ “ധീരങ്ങളാകണം ചിന്തകൾ… അക്കിത്തത്തി ന്റെ ജീവിതദർശനത്തെക്കുറിച്ചു് ദേശാഭിമാനിയിൽ എഴുതുന്ന ശ്രീ. പി. വിശ്വനാഥൻ പ്രഗല്ഭമായി ആ കവിയുടെ ആശയസാമ്രാജ്യത്തെ നമ്മുടെ മുൻപിൽ വരച്ചുകാണിക്കുന്നു. ചില സ്ഥലങ്ങളിൽ അത്യുക്തിയുടെ ചായം വീഴുന്നുണ്ടെങ്കിലും സാമ്രാജ്യത്തിന്റെ ബാഹ്യരേഖ തെളിവാർന്നതാണു്. അതിന്റെ ചില ഭാഗങ്ങളിൽ ചുവപ്പുചായം തേക്കേണ്ടതാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തോടു് ചിലർയോജിക്കും, ചിലർ യോജിക്കുകയുമില്ല.
പാറപ്പുറത്തി ന്റെ “പ്രയാണ”മെന്ന നോവൽ കലാശൂന്യമാണെന്നു് ഈ ലേഖകൻ പറഞ്ഞതിനെ എതിർത്തു കൊണ്ടു് ഒരു സിനിമാവാരികയിൽ ഒരു ലേഖനം കാണുകയുണ്ടായി, മൂല്യനിർണ്ണയം തെറ്റിപ്പോയോ എന്നറിയാൻ വേണ്ടി ഞാൻ നോവൽ വീണ്ടും വായിച്ചുനോക്കി; അഭിപ്രായം തിരുത്തേണ്ടതില്ലെന്നു് തീരുമാനിക്കുകയും ചെയ്തു. ഇപ്പോൾ മംഗളോദയം മാസിക വായിച്ചപ്പോഴാണു് എനിക്കു സന്തോഷമുണ്ടായതു്. നല്ല നോവലെഴുത്തുകാരനായ ശ്രീ. എം. കെ. മേനോൻ (വിലാസിനി) പ്രയാണത്തെക്കുറിച്ചു് ഇങ്ങനെ എഴുതുന്നു:
“ഏതുനിലയ്ക്കും പാറപ്പുറത്തിനെപ്പോലെ ഒരു പ്രതിഭാധനനിൽനിന്നു വയ്യാത്തത്ര താണനിലവാരത്തിലുള്ള പൈങ്കിളിനോവലുകളുടെ കൂട്ടത്തിൽപെടുത്താവുന്ന ഒരു പടുകൃതിയാണു് ‘പ്രയാണം.’
മലയാളഭാഷയിലെ പ്രാദേശികപദങ്ങളെക്കുറിച്ചു് ശ്രീ. ഇടവാ സലാം ചന്ദ്രികയിൽ എഴുതുന്ന പ്രബന്ധങ്ങൾ പ്രയോജനപ്രദങ്ങളത്രേ.
ഈ ആഴ്ചയിലെ വാരികകളിൽ കണ്ട തെറ്റുകളും അവയുടെ ശരിയായ രൂപങ്ങളും.
തെറ്റു് | ശരി |
സാമൂഹ്യരംഗം | സാമൂഹികരംഗം |
നിർബ്ബന്ധിതരായി | നിർബ്ബദ്ധരായി |
ഉല്പത്തി | ഉൽപത്തി |
മാർവ്വിടം | മാറിടം |
സാമ്രാട്ടു് | സമ്രാട്ടു് |
തീഷ്ണം | തീക്ഷ്ണം |
വേഗത | വേഗം |
കവി വെറും ചിന്തയെയല്ല പദ്യത്തിലൂടെ സ്ഫുടീകരിക്കുന്നതു്; വെറും വികാരവുമല്ല. ചിന്തയ്ക്കും വികാരത്തിനും ആന്തരതലങ്ങളുണ്ടു്. അവയാണു് ചിത്രീകരിക്കപ്പെടേണ്ടതു്. അക്രമം കാണുമ്പോൾ മനസ്സിനുണ്ടാകുന്ന ക്ഷോഭം തികച്ചും സ്വാഭാവികമാണു്. ആ ക്ഷോഭത്തെ ജയിച്ചടക്കി ഒരുന്നതമായ ആർജ്ജവത്തോടെ അതിനെ പ്രതിപാദിക്കുമ്പോഴേ കവിതയുണ്ടാകു. ഈ സത്യം മനസ്സിലാക്കാതെയാണു് ജനയുഗം വാരികയിൽ പലരും ബംഗ്ലാദേശത്തിലെ സമരത്തെക്കുറിച്ചു് കവിതയെഴുതിയിരിക്കുന്നതു്. അതിനാൽ പ്രഭാഷണാത്മകത എന്ന ദോഷം അവയ്ക്കു ഉണ്ടായിപ്പോയി. ബംഗ്ലാ സമരം നാമൊക്കെ കണ്ണുകൊണ്ടു കാണുന്നു. കവിയാകട്ടെ അതിനെ ആത്മാവു് കൊണ്ടുകാണുന്നു. ആത്മാവിന്റെ നയനങ്ങൾ കൊണ്ടുള്ള ദർശനം ജനയുഗത്തിലെ കവിതകളിലില്ല.
മേയ് രണ്ടാംതീയതിയിലെ Illustrated weekly നോക്കൂ. പൊക്കിൾമത്സരത്തിൽ സമ്മാനം നേടിയ ജെയിൻചെറി എന്ന പതിനെട്ടുവയസ്സുകാരിയുടെ പൊക്കിളിന്റെ ചിത്രം കാണാം. എന്തെല്ലാം മത്സരങ്ങൾ! ലോകസംസ്ക്കാരത്തിന്റെ ജീർണ്ണതയ്ക്കു കൂടുതൽ തെളിവുകൾ വേണ്ട. താമസിയാതെ ഇവിടെയുമുണ്ടാകും പൊക്കിൾമത്സരം. ഉണ്ടാകട്ടെ. മത്സരം പൊക്കിളിൽത്തന്നെ ഒതുങ്ങിനില്ക്കണേ എന്നാണു് നമ്മുടെ പ്രാർത്ഥന.
‘ഒഫിഷ്യൽബ്യൂട്ടികൾ’ ഏതുരാജ്യത്തുമുണ്ടു്. അവരെയാരും സ്സേഹിക്കുന്നില്ല. അവരെ സമുദായത്തിൽ നിന്നു് മാറ്റിനിറുത്തുന്നതേയുള്ളു. ഒഫിഷ്യൽ സൗന്ദര്യമുള്ള കഥയും കവിതയും ആർക്കും വേണ്ട. ആകർഷകത്വമുള്ള, charm എന്നു ഇംഗ്ലീഷിൽ പറയുന്ന ഗുണമുള്ള യുവതികളെയും കലാസൃഷ്ടികളെയുമാണു് ആളുകൾ സ്നേഹിക്കുക.