
ഹെർമാൻ കസാക്ക്സ് എഴുതിയ “നദിക്കപ്പുറമുള്ള നഗരം ” എന്ന ഗ്രന്ഥത്തിൽ രണ്ടു ഫാക്ടറികളെ വർണ്ണിക്കുന്നുണ്ടു്. ഒരു ഫാക്ടറി കല്ലരച്ചുകൂട്ടുന്നു. മറ്റേ ഫാക്ടറി അരച്ചുകൂട്ടിയ കല്ലു് വേവിക്കുന്നു. വേവിച്ചെടുത്ത കല്ലു് വീണ്ടും ആദ്യത്തെ ഫാക്ടറിയിലേക്കു് അയച്ചു പിന്നീടും അരയ്ക്കുന്നു. ഈ ജോലി ഇങ്ങനെ അവിരാമമായി നടക്കുകയാണു്. ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെ പ്രതിരൂപാത്മകമായി ചിത്രീകരിക്കുകയാണു് ഗ്രന്ഥകാരൻ. അൽബേർ കമ്യു വിന്റെ ഗ്രന്ഥങ്ങളിലും ഈ അർത്ഥശൂന്യതയുടെ ആവിഷ്ക്കാരം കാണാം. ‘പ്ലേഗ്’എന്ന നോവലിൽ ഒരു നഗരത്തിൽ പ്ലേഗ് പടർന്നുപിടിക്കുന്നതു വർണ്ണിക്കുന്നു. ഡോക്ടർ റിയുവിനു് ഫലപ്രദമായി ഒന്നും ചെയ്യൻ കഴിയുന്നില്ല. അദ്ദേഹം പലതും പ്രവർത്തിച്ചുകൊണ്ടിരിക്കെ അദ്ഭുതാവഹമായരീതിയിൽ പ്ലേഗ് അന്തർദ്ധാനം ചെയ്യുന്നു. അതിന്റെ ആവിർഭാവവും അദ്ഭുതാവഹമായ രീതിയിലായിരുന്നു. റിയു ആശുപത്രികൾ സ്ഥാപിച്ചു. വാക്സൈൻ കണ്ടുപിടിച്ചു. രോഗികളെ രോഗമില്ലാത്തവരിൽനിന്നു മാറ്റിക്കിടത്തി. പക്ഷേ, അതുകൊണ്ടൊന്നും പ്ലേഗ് ബാധ ഒഴിഞ്ഞില്ല. ഒരു ദിവസം അതങ്ങു് അപ്രത്യക്ഷമായി. ഇനിയൊരുകാലത്തു് അതുവീണ്ടും എത്തിയെന്നുംവരാം. പ്ലേഗിന്റെ അണുക്കൾ വായുവിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലുമൊക്കെയുണ്ടല്ലോ. അർത്ഥരഹിതമായ വേദന. ഇതാണു് കമ്യു സ്ഥാപിക്കാൻ ശ്രമിക്കുന്ന തത്ത്വം. അദ്ദേഹത്തിന്റെ Myth of Sisyphus എന്ന ഗ്രന്ഥത്തിൽ ഈ തത്ത്വത്തിന്റെ വിശദീകരണം കാണാം. സിസിഫസ് കല്ലുരുട്ടി പർവതത്തിന്റെ മുകളിലേക്കു കയറ്റുന്നു. അതു് അവിടെനിന്നു് താഴത്തെക്കു് ഉരുളുന്നു. അയാൾ പിന്നെയും അതു് മുകളിലേക്കു കൊണ്ടുചെല്ലുന്നു. ഈ പ്രവർത്തനം ഒരിക്കലും അവസാനിക്കുന്നില്ല. അർത്ഥശൂന്യമായ പ്രവൃത്തി. മനുഷ്യജീവിതവും ഈ രീതിയിൽ അർത്ഥരഹിതമാണെന്നാണു് കമ്യൂവിന്റെ മതം, മനുഷ്യ ജീവിതം അർത്ഥരഹിതമായതു് എന്തുകൊണ്ടു്? പ്രപഞ്ചത്തിനു അർത്ഥരാഹിത്യം ഉള്ളതിനാൽത്തന്നെ പ്ലേഗ് രോഗത്തിന്റെ അണുക്കൾ പ്രപഞ്ചത്തിലുണ്ടു്. മനുഷ്യൻ അതിനു ഉത്തരവാദിയല്ല. അതു് ആക്രമണം തുടങ്ങിയാൽ മനുഷ്യൻ നിസ്സഹായനാണു്. ഇങ്ങനെ എല്ലാ യാഥാർത്ഥ്യങ്ങളെയും കമ്മ്യൂ പ്രാകൃതികസംഭവങ്ങളിലേയ്ക്കു ഒതുക്കിനിറുത്തുന്നു. മനുഷ്യനു് ഇവിടെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു് ഈ പ്രപഞ്ചം മനുഷ്യത്വഹീനമാണെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. മനുഷ്യത്വഹീനമായ പ്രപഞ്ചം, താനറിയാതെ അതിൽ വന്നു വീഴുന്ന മനുഷ്യനോടു് സംഘട്ടനം ചെയ്യുന്നു. ആ മനുഷ്യനു തോന്നുന്നു, താനൊരു അന്യനാണെന്നു്; ‘ഔട്ട്സൈഡർ’ ആണെന്നു്. ഇതാണു് കമ്മ്യുവിന്റെ ‘ഔട്ട്സൈഡർ’ സിദ്ധാന്തം. ലോകമഹായുദ്ധങ്ങൾ ഉളവാക്കിയ നൈരാശ്യത്തിൽനിന്നു ജനിച്ച ഈ സിദ്ധാന്തത്തെ സംസ്ക്കാരത്തിന്റെ എല്ലാ തലങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു് അവയെ വ്യാഖ്യാനിക്കുവാൻ ചിലർ ശ്രമിക്കുകയുണ്ടായി. അവരിലൊരാളാണു് “The Outsider ” എന്ന ഗ്രന്ഥത്തിന്റെ കർത്താവായ കോളിൻ വിൽസൺ (Colin Wilson), അദ്ദേഹം എല്ലാം സാഹിത്യകാരന്മാരെയും “അന്യന്മാ”രായി കാണുകയുണ്ടായി. തത്ത്വചിന്തകരെയും അദ്ദേഹം ഒഴിവാക്കിയില്ല. അങ്ങനെ പ്ലോറ്റോ യും കീറ്റ്സും വാഗ്നറും, ഹെമിങ്വേ യും, സാർത്രും, കമ്യൂ വും ഗ്രേയം ഗ്രീനും (ഗ്രഹാം ഗ്രീൻ എന്നുപറയുന്നതു തെറ്റു്) വിൽസൺന്റെ ദൃഷ്ടിയിൽ ‘അന്യന്മാ’രായി. ചിലരെ അദ്ദേഹം റൊമാന്റിക് ഔട്ട്സൈഡേഴ്സ്—Romantic outsiders—എന്നു മുദ്രകുത്തി. കോളിൻ വിൽസൺന്റെ ഈ മതം അംഗീകരിച്ചുകൊണ്ടു് ശ്രീ. കെ. പി. അപ്പൻ ഇടപ്പള്ളി രാഘവൻപിള്ള യെ ‘റൊമാന്റിക് ഔട്ട്സൈഡറായി—കാല്പനികവാദിയായ അന്യനായി—കാണുന്നു. “ജീവിതം എന്ന അന്യരാജ്യത്തിൽനിന്നും രക്ഷപ്പെടാനുള്ള കാല്പനികവാദിയായ ഒരന്യന്റെ അഭിലാഷം സ്വയം വളർന്നു് ആത്മഹത്യയിൽ കലാശിച്ച”താണു് ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയെന്നു് അദ്ദേഹം പറയുന്നു (മാതൃഭൂമിലക്കം 9—മരണത്തിന്റെ സൗന്ദര്യം എന്ന ലേഖനം.)

പ്രപഞ്ചത്തിന്റെ അർത്ഥരാഹിത്യത്തിനു് കാരണമെന്തു്? അതു് എവിടെ നിന്നു വരുന്നു? ഈ ചോദ്യങ്ങൾക്കു് ഉത്തരം നല്കാതെ കമ്യൂ മനുഷ്യനെ “അന്യനായി” കാണുന്നു. മനുഷ്യനും കൂടി ഉൾപ്പെട്ടതാണു് പ്രപഞ്ചമെന്ന സത്യം അദ്ദേഹം വിസ്മരിക്കുന്നു. പ്രപഞ്ചത്തിന്റെ അർത്ഥശൂന്യത മനുഷ്യൻ അതിൽ ആരോപിക്കുന്നതാണു്. ഒന്നിലും വിശ്വാസമില്ലാതെ, തന്നെപ്പോലും വിശ്വസിക്കാതെ മനുഷ്യൻ പ്രപഞ്ചത്തെ നോക്കുമ്പോൾ അതു് അർത്ഥശൂന്യമായി തോന്നുകയാണു്. അങ്ങനെ ജഗത്സംബന്ധീയമായ സമഗ്രസത്യത്തെ—Cosmic reality—നിഷേധിക്കാൻ അവൻ നിർബദ്ധനാവുകയാണു്. ഇതാണു യഥാർത്ഥാവസ്ഥ. ഇതു മനസ്സിലാക്കാതെ സകലവസ്തുതകളെയും പ്രാകൃതികപ്രവർത്തനങ്ങളായി ദർശിക്കുന്ന കമ്യൂ അസത്യപൂർണ്ണമായ ഒരു തത്ത്വചിന്തയുടെ ഉദ്ഘോഷകനായി പ്രത്യക്ഷനാവുകയാണു്. സ്വയം വിശ്വസിക്കുന്ന മനുഷ്യനു് പ്രപഞ്ചം അർത്ഥരഹിതമേയല്ല. കമ്യുവിന്റെ ഈ നൈലിസം (നിഹിലിസം എന്ന ഉച്ചാരണം ശരിയല്ല)—ശൂന്യതാവാദം—മനുഷ്യനെ അധഃപതിപ്പിക്കുന്നു. കോളിൻ വിൽസൺ സാർത്രിന്റെയും കമ്യുവിന്റെയും സിദ്ധാന്തങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്നയാളല്ല. എങ്കിലും അദ്ദേഹം അസ്തിത്വവാദിതന്നെ. വിൽസൺന്റെ ചിന്താഗതിയോടു സൗമുഖ്യം ഭജിക്കുന്ന ഒരു ചിന്താഗതി അപ്പൻ അവതരിപ്പിക്കുകയും ഇടപ്പള്ളി രാഘവൻപിള്ളയെ ഔട്ട്സൈഡറായി കാണുകയും ചെയ്യുന്നു. ശരിയല്ല ഈ രീതി. ഇങ്ങനെയാണെങ്കിൽ ആരെയും നമുക്കു് ‘ഔട്ട്സൈഡറാ’ക്കാം. ഇതു കൂടി പറയട്ടെ. കോളിൻ വിൽസൺന്റെ പുസ്തകം പ്രസിദ്ധിയും പ്രചാരവും ആർജ്ജിച്ചിട്ടുണ്ടെങ്കിലും അതു് “ശൂദ്ധ അസംബന്ധമാണെ”ന്നു് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ആർതർ കെസ്ലർ പോലും “ഒരു വർഷം നില്ക്കുന്ന കുമിള” എന്നാണു് അതിനെ വിശേഷിപ്പിച്ചതു്. ഇടപ്പള്ളി രാഘവൻപിള്ളയെ എനിക്കു നേരിട്ടറിയാമായിരുന്നു. ഉടുത്തിരുന്ന മുണ്ടും ഇട്ടിരുന്ന മുറിക്കയ്യു് ഷർട്ടും മാറ്റാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഒരു ഷർട്ടും ഒരു മുണ്ടുംകൊണ്ടു് കഴിഞ്ഞിരുന്ന അദ്ദേഹം ശരിയായി ആഹാരം കഴിച്ചിരുന്നോ എന്നു് അന്വേഷിക്കേണ്ടതില്ല. പരീക്ഷയിൽ അദ്ദേഹം തോറ്റു. ചങ്ങമ്പുഴയുടെ പ്രസിദ്ധിയിൽ അദ്ദേഹം അസഹിഷ്ണുവായി. “എന്റെ കവിതയ്ക്കാണു് ഗഹനത കൂടുതൽ. എന്നിട്ടും ചങ്ങമ്പുഴയ്ക്കാണു് കീർത്തി” എന്നു് അദ്ദേഹം എന്നോടു് പറഞ്ഞു. ആയിരമായിരം കാര്യങ്ങൾകൊണ്ടാണു് അദ്ദേഹം ആത്മഹത്യചെയ്തതു്. ആ ആത്മഹത്യയെ കോളിൻ വിൽസൺ എന്ന സായ്പിന്റെ “ഫിലൊസോഫിക്കൽ നോൺസെൻസ്” കൊണ്ടു് വ്യാഖ്യാനിക്കുന്നതു ശരിയോ?
നമ്മുടെ പല ആചാരങ്ങളും കാപട്യം കലർന്നതാണു്. ഒന്നു്, മരണം സംഭവിച്ച വീട്ടിൽ അന്വേഷിച്ചുപോകുന്നതു്. എന്റെ ഒരഭിവന്ദ്യസുഹൃത്തിന്റെ ചേട്ടൻ മരിച്ചുവെന്നറിഞ്ഞു് ഞാനും ചില കൂട്ടുകാരും കൂടി അദ്ദേഹത്തിന്റെ ഭവനത്തിൽ ചെന്നു. വിസ്മയങ്ങളിൽ വിസ്മയം! സുഹൃത്തു് കുതിരകൂട്ടിയെപ്പോലെ തിമിർത്തുല്ലസിച്ചു് വരാന്തയിൽ നില്ക്കുന്നു. അദ്ദേഹം ബോധമില്ലാതെ കിടക്കുകയായിരിക്കുമെന്നാണു് ഞങ്ങളെല്ലാം വിചാരിച്ചതു്. മന്ദസ്മിതത്തോടുകൂടി ഞങ്ങളെ സ്വീകരിച്ച സുഹൃത്തിനോടു് എന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ ചോദിച്ചു.
“മരിച്ചതു് ?”
മറുപടി: “ഓ നേരേ ചേട്ടനല്ല; വലിയമ്മയുടെ മകൻ.”
വീണ്ടും ചോദ്യം: “അപ്പോൾപ്പിന്നെ ക്യഷ്വൽ ലീവ് വേണ്ടല്ലോ?”
മറുപടി: “വേണ്ട, വേണ്ട, ഞാൻ നിങ്ങളൊടൊരുമിച്ചു കോളേജിലേയ്ക്കു വരുന്നു.”

മരണത്തിലുള്ള നമ്മുടെ സഹതാപ പ്രകടനവും മരിച്ചവന്റെ ബന്ധുവിനുള്ള ദുഃഖവും ഒക്കെ പലപ്പോഴും കാപട്യങ്ങളാണു്. ഈ കാപട്യത്തെ ലിയോ ടോൾസ്റ്റോയി “ഇവാൻ ഇലീച്ചിന്റെ മരണം ” എന്ന ചെറുനോവലിൽ ഭംഗിയായി അനാവരണം ചെയ്തിട്ടുണ്ടു്. “യുദ്ധവും സമാധാനവും ” എന്ന നോവലിൽ ബെഷ്കോവ് പ്രഭുവിന്റെ മരണത്തെ വർണ്ണിക്കുന്നിടത്തും ഇതു കാണാം. മാതൃഭൂമിയിൽ ശ്രീ. ജെ. കെ. വി. എഴുതിയ “മനുഷ്യനും മനുഷ്യരും” എന്ന ചെറുകഥ വായിക്കുക. ഈ കാപട്യത്തെ അദ്ദേഹം ഹൃദയഹാരിയായി ചിത്രീകരിക്കുന്നതു ദർശിക്കാം. ഒരുവൻ കുത്തേറ്റു മരിച്ചു, ആ മരണം അന്യരിലുളവാക്കുന്ന പ്രതികരണങ്ങളെ ജെ. കെ. വി അസൂയാർഹമായ കലാപാടവത്തോടുകൂടി ആലേഖനം ചെയ്യുന്നു. ആ ആവിഷ്ക്കരണത്തിൽനിന്നു് മനുഷ്യന്റെ ക്ഷുദ്രസ്വഭാവവും അധമത്വവും വ്യജ്ഞിക്കുന്നു. ഇത്തരം കഥകൾ അനുവാചകരെ സംസ്ക്കാരത്തിന്റെ മണ്ഡലത്തിലേയ്ക്കു നയിക്കുമെന്നതിനാൽ ഞാൻ ഈ കഥാകാരനെ അഭിനന്ദിക്കുവാൻ വായനക്കാരോടു് അനുവാദം ചോദിക്കുന്നു. ഈ സുന്ദരമായ കഥയുടെ അടുത്തു് ശ്രീ. എൻ. എസ്. മാധവൻ എഴുതിയ “ഇരുളേ വിഴുങ്ങൂ” എന്നൊരു അത്യന്താധുനിക കഥയുണ്ടു്. സർഗ്ഗാത്മകകലാകാരൻ ബുദ്ധിമാനായിരിക്കാം. പക്ഷേ, ബുദ്ധിക്കും സൃഷ്ടിക്കും തമ്മിൽ ഒരു ബന്ധവുമില്ല. പ്രജ്ഞാപരത്വമാർന്ന ഈ കഥയിൽ ഉദ്ഗ്രഥനാത്മകമായ ഭാവനയുടെ വിലാസമില്ല. അതിനാൽ ഇതു് സാഹിത്യമല്ല.
പല വാരികകളിലേയും തലക്കെട്ടുകൾ വായിച്ചു മനസ്സിലാക്കാൻ വയ്യെന്നു വന്നിരിക്കുന്നു. കുങ്കുമം വാരികയുടെ 35-ാം ലക്കത്തിൽ ശ്രീ. എ. വി. തമ്പിയെഴുതിയ കഥയുടെ പേരു് “അവൾ” എന്നാണെന്നു തോന്നുന്നു. ഭർത്താവുള്ള മീനാക്ഷിക്കുട്ടിക്കു് ഒരു യുവാവിനോടുണ്ടാകുന്ന കാമത്തെ സ്ഫുടീകരിക്കാനാണു് തമ്പിക്കു കൗതുകം. കൗതുകം മാത്രമല്ല അതു് സഫലമാക്കാനുള്ള പ്രാഗല്ഭ്യവും അദ്ദേഹത്തിനുണ്ടു്. കുമാരി എം. പി. പത്മജ എഴുതിയ “അമ്മായി”യാണു് കുങ്കുമത്തിലെ അടുത്തകഥ. അമ്മാവൻ അനന്തരവളെ ചെല്ലപ്പിള്ളയായി വളർത്താൻ ശ്രമിച്ചു. പക്ഷേ, അമ്മായി അവളെ വീട്ടുജോലികൾ പഠിപ്പിച്ചു. അവളെ വിവാഹം കഴിച്ചയച്ചപ്പോൾ അമ്മാവൻ പണവും ആഭരണങ്ങളും നിറച്ച ചെല്ലം കൊടുത്തയച്ചു. വഴിക്കു വള്ളംമുങ്ങി ആ ചെല്ലം നഷ്ടപ്പെട്ടപ്പോൾ അമ്മാവൻ ദുഃഖിച്ചു പറഞ്ഞുപോലും “വീട്ടുപണിയുംകൂടി അറിയാത്തെന്റെ കുട്ടീ!” അവൾ പുഞ്ചിരിപൊഴിച്ചുകൊണ്ടു മറുപടി നല്ക്കി: “സാരല്യ അമ്മാമാ. അമ്മാമൻ തന്നതേ വെള്ളത്തിൽ വീണുള്ളു. അമ്മായി തന്നതു് എന്റെ മനസ്സിൽതന്നെണ്ടു്. അതു വെള്ളത്തിൽ പോവില്യ.” എന്നു പറഞ്ഞാലോ? അമ്മായി രഹസ്യമായി പഠിപ്പിച്ച വീട്ടുജോലികളും രഹസ്യമായി നല്കിയ വിദ്യാഭ്യാസവും കൊണ്ടു് അവൾ ഗൃഹനായികയായി ശോഭിക്കുമെന്നു സാരം. അമ്മാവന്റെ സ്നേഹം വെള്ളത്തിൽപ്പോയി. അതു് നിസ്സാരം. എന്തൊരു നന്ദികെട്ട പെണ്ണു്! അവളുടെ നന്ദികേടു സഹിക്കാം. ഇക്കഥയിലെ കലാശൂന്യതയാണു് സഹിക്കാൻ വയ്യാത്തതു്. ശ്രീ. ശങ്കർ കരിയം എഴുതിയ “സ്വപ്നം കാണാത്തവർ” എന്ന കഥയോ? ഭർത്താവു് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു് ഭാര്യയുടെ അനുജത്തിയുമായി വീട്ടിൽ നിന്നിറങ്ങിപ്പോയി. കുറെക്കാലം കഴിഞ്ഞു് അനുജത്തിക്കു രോഗം പിടിപെടുമ്പോൾ ചേച്ചി അന്വേഷിച്ചുചെല്ലുന്നു. അനുജത്തിക്കു് അതുവരെ അയാൾക്കു് ഒരു കുഞ്ഞിനെ കൊടുക്കാൻ സാധിച്ചില്ല. അതുകൊണ്ടു് അയാൾക്കു് വലിയ ദുഃഖമുണ്ടു്. ഇതാണു് കഥ. നിത്യജീവിതയാഥാർത്ഥ്യങ്ങളെ ഉന്നതമായ യാഥാർത്ഥ്യമായി ചിത്രീകരിക്കുന്നതാണു് കല. ആ സമുന്നതസത്യത്തിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണതയും സൗന്ദര്യവും വ്യക്തമാകും. നിത്യജീവിതസത്യത്തെ സമുന്നതസത്യമാക്കാൻ പത്മജയ്ക്കും ശങ്കറിനും അറിഞ്ഞുകൂടാ.
സരോജിനി നായിഡു വിന്റെ ഒരു കവിത കേൾക്കുക:
“നീയൊരു കാട്ടുപൂവു്
വിരൽത്തുമ്പുകളിൽ പിടിച്ചിരുന്നു.
അലസമായി, അലക്ഷ്യമായി
നീയതു ചുണ്ടുകളോടുചേർത്തു.
അലസമായി നീ അതിന്റെ
ചുവന്ന ദലങ്ങൾ ഇറുത്തെറിഞ്ഞു.
കഷ്ടം! അതെന്റെ ഹൃദയമായിരുന്നു:
നീയൊരു മധുചഷകം
വിരൽത്തുമ്പുകളിൽ പിടിച്ചിരുന്നു.
അലസമായി, അലക്ഷ്യമായി
നീയതു ചുണ്ടുകളോടു ചേർത്തു.
ലഘുവായി നീയതു കുടിച്ചിട്ടു്
പാനപാത്രം ദൂരെയെറിഞ്ഞു.
കഷ്ടം! അതെന്റെ ആത്മാവായിരുന്നു.”
ഇനി ഹരീന്ദ്രനാഥി ന്റെ ഒരു കവിത കേട്ടാലും:
“കുതിച്ചുയരുന്ന അഗ്നിജ്വാലകളുടെ
അരുണാഭമായ ആലിംഗനം
ശിശുവിന്റെ മരിച്ച
മാതാവിനെ പിടികൂടുകയും
ജീവിതം അതിന്റെ
ഏകാന്തനഗ്നനതയിൽ
പ്രത്യക്ഷമാവുകയും ചെയ്തപ്പോൾ
ആ ശിശു ചോദിച്ചു.
‘ഓ, നീയാരു്?’
അപ്പോൾ അഗ്നിയിൽനിന്നു് ഉത്തരമുണ്ടായി;
അന്ധകാരത്തിലൂടെയുള്ള
തീക്ഷ്ണവും ശീഘ്രവുമായ ഉത്തരം:
“അമ്മയുടെ ഗർഭപാത്രത്തിൽ നിനക്കു
രൂപം നല്കിയ ദാരുണമായ
അഭിലാഷമാണു് ഞാൻ.”
ഈ കാവ്യങ്ങൾ വായിക്കുമ്പോൾ ആത്മാവിനെന്തു സ്വാതന്ത്ര്യം! ആത്മാവിനെന്തു പ്രകാശം! എന്നാൽ മലയാളനാട്ടിലെ (ലക്കം 52) ‘നീരാളി’ എന്ന കഥ വായിച്ചാലോ? കഥാകാരനായ ശ്രീ. മുണ്ടൂർ സേതുമാധവനോ ടൊരുമിച്ചു് നമ്മളും ചോദിക്കുന്നു. “വെളിച്ചം എവിടെ? നീരാളി എവിടെ?” വെളിച്ചമേ ഇല്ലാതുള്ളു. നീരാളി സേതുമാധവന്റെ കഥതന്നെ. അതിന്റെ പിടിത്തത്തിൽപ്പെട്ടു് ഞങ്ങൾ ചക്രശ്വാസംവലിക്കുന്നു. ശ്രീ. സി. രഘുനാഥനാണു് മലയാളനാട്ടിലെ അടുത്ത കഥാകാരൻ. അദ്ദേഹത്തിന്റെ കഥയുടെ പേരു് “അസ്ത്രം”. താൻ സ്നേഹിച്ച സ്വരൂപ ഖന്നയെ സുധീർ വിവാഹം കഴിച്ചപ്പോൾ കിശനു നൈരാശ്യം, ദുഃഖം, പ്രതികാരവാഞ്ചന. അവൻ സുധീറിനെ വെട്ടിക്കൊന്നു. നമ്മുടെ ഭാവനയെ ഉദ്ദീപിപ്പിക്കാത്തതു്, ജീവിതത്തിന്റെ അവബോധം ഉളവാക്കാത്തതു് കലയല്ല. രഘുനാഥന്റെ കഥയിൽ ഭേദപ്പെട്ട ആഖ്യാനമുണ്ടെന്നുള്ളതു് ആശ്വാസപ്രദം.
ഇതാ ഇവിടെ ഞാനിരിക്കുന്നു. ചെറുകഥയുടെ സൗന്ദര്യം അഗ്നിനാളം പോലെ എന്നെ സ്പർശിക്കാൻ. പക്ഷേ, എനിക്കു ലഭിച്ച സ്പർശനമോ? വിചിത്രം തന്നെ. ‘മലയാളരാജ്യ’ത്തിൽ ശ്രീ. ഗുൽമോഹർ ചെറുകഥയെന്നപേരിൽ കൂറെ കാടും പടലും നിർമ്മിച്ചുവയ്ക്കുന്നു. “ജനയുഗ”ത്തിൽ ശ്രീമതി സുമിനി ജോൺ കുറെ വാക്യങ്ങൾ എഴുതിവയ്ക്കുന്നു. തന്റെ ഇഷ്ടത്തിനെതിരായി മകൾ വിവാഹം കഴിച്ചപ്പോൾ അമ്മ അവളോടു പിണങ്ങി. മകൾ ഗർഭിണിയായപ്പോൾ അമ്മ പേറെടുക്കാൻ പോകുന്നു. ഇതാണു് സുമിനി ജോണിന്റെ കഥ. ഗുൽമോഹർ! സുമിനി ജോൺ! നിങ്ങൾ രണ്ടു പേരും കലാദേവതയെ കണ്ടിട്ടില്ല. ഇനി കാണുമെന്നു തോന്നുന്നുമില്ല. കുറെച്ചെങ്കിലും ഭേദം ‘ചന്ദ്രിക’ വാരികയിലെ ‘ശുദ്ധി’ എന്ന കഥയാണു്. ദുഷ്ടനായ അച്ഛൻ മരിക്കാൻ കിടക്കുമ്പോൾ കുറേക്കാലും മുൻപു വീടുവിട്ടുപോയ മകൻ കാണാൻവരുന്നു. അച്ഛന്റെ ദൗഷ്ട്യവും മകന്റെ സ്വഭാവസവിശേഷതയും സങ്കീർണ്ണമെങ്കിലും ചടുലമായ ആഖ്യാനത്തിലൂടെ വ്യഞ്ജിക്കുന്നതാണു് ഈ കഥയുടെ ഗുണം. ആഖ്യാനം അസങ്കീർണ്ണമായിരുന്നെങ്കിൽ കഥയെഴുതിയ ശ്രീ. യു. കെ. കുമാരനു വിജയം ലഭിച്ചേനെ. രാധ വല്ലഭ് ത്രിപാഠി യെക്കുറിച്ചു കേട്ടിട്ടില്ലേ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ചന്ദ്രികവാരികയിലുള്ള “ഒരു രൂപ” എന്ന കഥ വായിക്കൂ. ബസ്സിൽ കയറിയ ഒരു സാധുവിനു ബസ്ചാർജ്ജ് മുഴുവൻ കൊടുക്കാൻ കഴിയാത്തതുകൊണ്ടു് കണ്ടക്ടർ അയാളെ ഇറക്കിവിട്ടു. ഒരു രൂപയേ കുറവുള്ളു. കഥ പറയുന്നയാളിനു് ആ നിസ്സാരമായ തുക കൊടുത്താൽ കൊള്ളാമെന്നുണ്ടു്. പക്ഷേ, മറ്റുയാത്രക്കാർ തന്നെക്കുറിച്ചു് എന്തു വിചാരിക്കുമെന്നുകരുതി അയാൾ അതു കൊടുക്കുന്നില്ല. രൂപ കൊടുക്കാനുള്ള അയാളുടെ അഭിലാഷവും യാത്രക്കാരെക്കുറിച്ചുണ്ടായ നേരിയ ഭയവും തമ്മിൽ സംഘട്ടനം ചെയ്യുന്നതു് രാധാവല്ലഭ്ത്രിപാഠി ചേതോഹരമായി ചിത്രീകരിക്കുന്നു. ഒടുവിൽ സാധു ബസ്സിൽ നിന്നിറങ്ങിപ്പോകുന്നതോടുകൂടി അയാൾ അക്കാര്യം വിസ്മരിക്കുകയും ചെയ്യുന്നു. എന്റെ ഹൃദയതന്ത്രികളെ ഈ കഥ ചലിപ്പിക്കുന്നു. ഈ ആഴ്ചയിൽ എല്ലാ ‘ചവറുകളും’ വായിച്ചുതള്ളിയ ഞാൻ, അതുകൊണ്ടു മാത്രം ദുഃഖത്തിൽ മുഴുകിയ ഞാൻ ഈ കഥാരത്നത്തിന്റെ കാന്തികണ്ടു് ആഹ്ലാദിക്കുന്നു. ശ്രീ. വി. ഡി. കൃഷ്ണനമ്പ്യാരാ ണു് കഥ തർജ്ജമചെയ്തതു്. അദ്ദേഹത്തോടു് ഒരഭ്യർത്ഥന. ഇമ്മാതിരിക്കഥകൾ തർജ്ജമചെയ്തു കലയെന്താണെന്നു് ഇവിടത്തെ എഴുത്തുകാർക്കു് മനസ്സിലാക്കിക്കൊടുക്കൂ… ആഹ്ലാദനിർഭരമെങ്കിലും വിഷാദപൂർണ്ണമായ മുഖം കണ്ടിട്ടുണ്ടോ? ഞാൻ പറയുന്നതിൽ ഒരു വൈരുദ്ധ്യവുമില്ല. അങ്ങനെയുള്ള മുഖങ്ങളുണ്ടു്. സുന്ദരികളായ യുവതികളുടെ വദനങ്ങളെയാണു് ഞാനുദ്ദേശിക്കുന്നതു്. അവ നിങ്ങളെ അനുധാവനം ചെയ്യും. അങ്ങനെയൊരു മുഖം കാണാൻ ഇഷ്ടമുണ്ടെങ്കിൽ മനോരമ ആഴ്ചപ്പതിപ്പിൽ ശ്രീമതി സി. സരോജനി എഴുതിയ ‘ബാല്യം’ എന്ന കഥ വായിക്കുക. “പാറപ്പുറത്തൊരു ഭംഗിയേറും പനിനീരലരുണ്ടായിതെങ്ങിനെയോ?” അതേ. ‘മനോരമ’യിൽ ഒരു നല്ലകഥ.

‘വീണപൂവി ന്റെയും’ ‘റുബൈയത്തി’ന്റെയും തത്ത്വചിന്തകൾക്കുള്ള സാധർമ്മ്യത്തെക്കുറിച്ചു് ശ്രീ. കെ. രാജു, കായിക്കര, ‘കുങ്കുമം’ വാരികയിൽ ഉപന്യസിക്കുന്നു. സി. എം. ബൗറ എന്ന പ്രഖ്യാതവിമർശനകനെഴുതിയ ഒരു വിമർശനത്തിൽ ഫിറ്റ്സ്ജറാൾഡി ന്റെ റൂബായിയാത്തി നു് ഒമാറി ന്റെ കാവ്യവുമായി വലിയ ബന്ധമില്ലെന്നു സ്ഥാപിച്ചിട്ടുണ്ടു്. രാജു ഫിറ്റ്സ്ജറാൾഡിന്റെ കാവ്യത്തെ അവലംബിച്ചായിരിക്കാം അഭിപ്രായപ്രകടനം നടത്തുന്നതു്. എന്തായാലും അദ്ദേഹത്തിന്റെ ലേഖനം സ്വാഗതാർഹമാണു്. ശ്രീ. എം. കെ. സാനു നിത്യജീവിതയാഥാർത്ഥ്യങ്ങളുടെ പുനരാവിഷ്ക്കരണം കലയാവുകയില്ലെന്നും ജീവിതാവബോധമാണു് അത്തരം ആവിഷ്ക്കരണങ്ങളെ കലാമണ്ഡലത്തിലേക്കു ഉയർത്തുന്നതെന്നും വാദിക്കുന്നു (മലയാള രാജ്യം—പകർത്തലല്ല സൃഷ്ടി എന്ന ലേഖനം). ഋജുവായ ചിന്തയും അവക്രമായ പ്രതിപാദനവും ആ ലേഖനത്തിന്റെ മുദ്രകളാണു്. “ആനുകാലികപ്രസിദ്ധീകരണങ്ങളിലെ പുസ്തകനിരൂപണ”ത്തെ ക്കുറിച്ചു് ശ്രീ. കെ. പി. അപ്പൻ “രാജധാനി” എന്ന വാരികയിൽ എഴുതിയ ലേഖനം സമഞ്ജസങ്ങളായ ആശയങ്ങൾ ഉൾക്കൊള്ളുന്നു (രാജധാനി—കല്ക്കത്തയിൽ നിന്നുള്ള ഒരു വാരിക). ശ്രീ. എം. പി. അപ്പന്റെ “കാവ്യകല”യെക്കുറിച്ചു ശ്രീ. ടി. എം. ചുമ്മാർ ജനയുഗത്തിലെഴുതിയ ലേഖനമാകട്ടെ അത്യുക്തിയാലും അവാസ്തവോക്തിയാലും മലീമസം. ഈ ആഴ്ചയിലെ ഏറ്റവും നല്ല ഫലിതം എന്തെന്നു് അറിയണമോ? എങ്കിൽ ശ്രീ. ടി. എൻ. ജയചന്ദ്രൻ ജനയുഗം വാരികയിൽ എഴുതിയ “പംശാക്കൾങ്ങനിരേക്കാനയവാ” എന്ന ലേഖനം വായിക്കുക. ആധുനിക ചെറുകഥയ്ക്കുള്ള ദുർഗ്രഹതയുടെ ശിരസ്സിലേല്പിക്കുന്ന കനത്ത അടിയാണു് ആ ലേഖനം.
“ഒരു പ്രകാശസ്തംഭമോ സിതോപലപംക്തിയോ കാണണമെങ്കിൽ ഭാഷവേണ്ട. നാവു് ഒരിക്കലും ഉച്ചരിക്കാത്തതു്. കാതു് ഒരിക്കലും കേൾക്കാത്തതു് ഹൃദയമറിയുന്നു.” ഖലീൽ ജിബ്രാൻ പറഞ്ഞതാണിതു്. ശ്രീ. ആർ. എം. മനയ്ക്കലാത്തു് ബംഗ്ലാദേശത്തിന്റെ ദുഃഖത്തെക്കുറിച്ചു പറയുമ്പോൾ അതൊക്കെ എന്റെ കാതു കേൾക്കുന്നു. എന്റെ നാവു് അദ്ദേഹം പറയുന്നതൊക്കെ ആവേശത്തോടെ ആവർത്തിക്കുന്നു. പക്ഷേ, എന്റെ ഹൃദയമറിയുന്നില്ല. അദ്ദേഹത്തിന്റെ ‘മുക്തിവാഹിനി’ എന്ന കവിത (മാതൃഭൂമി) പ്രകാശസ്തംഭമല്ല, സിതോപലപംക്തിയല്ല.