
എന്റെ വായനക്കാരിൽ പലർക്കും പ്രേമലേഖനം കിട്ടിയിരിക്കും. കിട്ടാത്തവരുണ്ടെങ്കിൽ ദുഃഖിക്കേണ്ടതില്ല; ഉടനെ കിട്ടിക്കൊള്ളും. ഈ ലോകത്തു് സ്നേഹമില്ലെങ്കിലും സ്നേഹത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ധാരാളം. അതുകൊണ്ടാണു എഴുത്തു ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാകുമെന്നു് ഞാൻ പറഞ്ഞതു്. ഇരിക്കട്ടെ ആദ്യത്തെ കത്തു് കൈയിൽ വന്നുചേർന്ന ആ നിമിഷത്തെക്കുറിച്ചൊന്നു വിചാരിച്ചു നോക്കൂ: എന്തൊരാഹ്ലാദം! അതു് നെഞ്ചോടുചേർത്തു പുളകം കൊണ്ടവരുണ്ടാകാം. വായിച്ചു വായിച്ചു് കണ്ണീർപൊഴിച്ചവരുണ്ടാകാം ചലനചിത്രത്തിലെ നായികയെപ്പോലെ നൃത്തം ചെയ്തവരും അതിലെ നായകനെപ്പോലെ തലയണയെ തലോടിയവരും ഉണ്ടാവാം. കത്തു വായിച്ചു് വിടർന്ന നയനങ്ങളോടു് നിന്നവർ എത്രപേർ. കപോലരാഗമണിഞ്ഞവർ എത്രപേർ. മഹാകവി ജി. ശങ്കരക്കുറുപ്പു് ഈ മാനസികനിലകളെയും അവയോടു ബന്ധപ്പെട്ട വികാരങ്ങളെയും മനസ്സിലാക്കിയിരിക്കുന്നു. കേൾക്കുക:
“ആളറ്റ വിൺമുറിയിലേറിനിറന്ന താരാ-
ഗോളങ്ങളാം ലിപികളാർന്നൊരു കാമലേഖം
ചീളെന്നുനീർത്തളവുകോമളയായ സാന്ധ്യ-
വേളയ്ക്കു പൂങ്കവിൾ തുടുത്തുതുടുത്തുമിന്നി”
പക്ഷേ, ഈ വികാരപാരവശ്യമൊക്കെ ക്ഷണികമാണു്. പ്രേമലേഖനം കിട്ടിയെന്നു പറഞ്ഞു് ജീവിതം മുഴുവൻ ആരെങ്കിലും ആഹ്ലാദിച്ചുനടക്കുമോ? ഒന്നോ രണ്ടോ ദിവസത്തേയ്ക്കു അതിന്റെ മാന്ത്രികശക്തി കാണും, അതു കഴിഞ്ഞാൽ സ്പർശനത്തിന്റെ ആഹ്ലാദമായി, പിന്നീടു് കല്യാണമാലയിടുന്നതിന്റെ സന്തോഷം. അതിനുശേഷം മധുവിധുവിന്റെ പ്രമോദം. അങ്ങനെപോകുന്നു മനുഷ്യന്റെ ക്ഷണികങ്ങളായ ആഹ്ലാദങ്ങൾ. അതാ ഹരിതാഭമായ തടാകം പോലെ കാണപ്പെടുന്ന ആ നെല്പാടം ദർശിക്കുന്ന കർഷകന്റെ സന്തോഷം അടുത്തനിമിഷം മാറിപ്പോകുന്നില്ലേ. അതു് മറ്റൊരു ഹർഷാതിശയത്തിലേക്കു വഴി തെളിക്കുന്നില്ലേ? നെല്ലു പഴുത്തു കതിർക്കുലകൾ ചായുമ്പോൾ. അവ കൊയ്തെടുക്കുമ്പോൾ, അയാൾക്കുണ്ടാകുന്ന ആമോദത്തിനു് ഒന്നിനൊന്നു മാറ്റം വരുന്നില്ലേ? ഇതാണു ജീവിതത്തിന്റെ സ്വഭാവം. ഒരാഹ്ലാദത്തിനും സ്ഥായിത്വമില്ല. അതല്ല സാഹിത്യത്തിന്റെ സ്ഥിതി. ഒരു കൃതിതന്നെ ആയിരം പരിവൃത്തി വായിച്ചാലും ആഹ്ലാദാനുഭൂതിക്കു് മാറ്റം വരുന്നില്ല. സ്ഥിരമായി ‘രഘുവംശ വും’ ‘മേഘസന്ദേശ വും’, വായിക്കുന്നവരെ എനിക്കറിയാം. ഇതിന്റെ കാരണം ഞാനൊരിക്കൽ വിശദമാക്കിയതാണു്. എങ്കിലും ഇപ്പോൾ മറ്റൊരുവിധത്തിൽ പറയാം. വികാരമാകുന്ന വിഹംഗമം വാക്കാകുന്ന പഞ്ജരത്തിൽ ചിറകുചലിപ്പിച്ചുകൊണ്ടിരിക്കുകയാണു്. വായനയ്ക്കു സന്നദ്ധനാകുന്ന സഹൃദയൻ ആ കൂടു തുറന്നു പക്ഷിയെ പറന്നുപോകാൻ അനുവദിക്കുകയാണു്. വായനതീരുമ്പോൾ പക്ഷി വീണ്ടും പഞ്ജരത്തിൽ കയറിയിരിക്കുകയായി. പക്ഷിയുടെ ചിറകുവിരിച്ചു പറക്കൽ ആഹ്ലാദദായകമത്രേ. ഹൃദയാകാശത്തിലൂടെയുള്ള ആ പ്രഡീനങ്ങൾ എത്ര കണ്ടാലും മതിവരില്ല സഹൃദയന്നു്. പക്ഷിയുടെ വിലങ്ങനെയുള്ള പറക്കൽ പ്രഡീനം, മേല്പോട്ടുള്ളതു് ഉഡ്ഡീനം. പക്ഷികൾ കൂട്ടംകൂട്ടമായി പറക്കുന്നതു് സംഡീനം. കുങ്കുമം വാരികയിലെ (ലക്കം 36) ചെറുകഥകൾ വായിക്കൂ. ഇവിടെ പക്ഷിയുമില്ല, പഞ്ജരവുമില്ല. പ്രാഡീനോഡ്ഡീനസംഡീനങ്ങളില്ല. ഖഗഗതിക്രിയകൾക്കു പകരം മനുഷ്യനെ നിഗ്രഹിക്കൽ മാത്രം. ശ്രീ. കെ. സി. ഈപ്പൻ എഴുതിയ “ഹോമോസേപ്പിയൻസ്” എന്നതാണു് ആദ്യത്തെ കഥ. ഹോമോസേപ്പിയൻസെന്നു പറഞ്ഞാൽ മനുഷ്യവർഗ്ഗമെന്നർത്ഥം. യഹോവ മനുഷ്യനെ സൃഷ്ടിച്ചതു മുതലല്ല മനുഷ്യന്റെ ജനനമെന്നു് ഈപ്പൻ അഭിപ്രായപ്പെടുന്നു. പിന്നെയോ? മാറിടത്തിന്റെ മൃദുത്വവും നാഭിച്ചുഴിയുടെ ചൂടും പുകയുടെ ലഹരിയും തേടി അവൻ നടന്നു തുടങ്ങിയതുമുതലാണു് അവന്റെ യഥാർത്ഥമായ ജനനം. ഈ മതമാവിഷ്കരിക്കാൻ ഈപ്പൻ കുറെവാക്യങ്ങളെഴുതുന്നു. അദ്ദേഹമെഴുതട്ടെ. അതിനെ ചെറുകഥയെന്നു് എന്തിനു വിളിക്കുന്നു? അതാണു് മനസ്സിലാകാത്തതു്. ചെറുകഥയ്ക്കു കലയുടെ ചാരുതവേണം. കുറഞ്ഞ പക്ഷം സാഹിത്യത്തോടു ബന്ധപ്പെട്ട ആവിഷ്ക്കാരമെങ്കിലും വേണം. ഈപ്പന്റെ കഥയിൽ അതൊന്നുമില്ല. ‘റെഡ്ടേപ്പിസത്തിന്റെ’—ഓഫീസിലെ ചുവപ്പുനാട സമ്പ്രദായത്തിന്റെ നേർക്കു് പരിഹാസത്തിന്റെ ശരങ്ങൾ അയയ്ക്കാനാണു് ശ്രീ. ബാലചന്ദ്രന്റെ യത്നം. ഒരു തൊഴിൽശാലയിൽ ‘ജനറേറ്റർ’ വാങ്ങണമെന്നു് നിർദ്ദേശം. 1964-ൽ ഉണ്ടായ ആ നിർദ്ദേശത്തിന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും ആലോചിച്ചാലോചിച്ചുവരുമ്പോൾ രണ്ടുവർഷം കഴിയുന്നു. ജനറേറ്റർ വാങ്ങുന്നില്ല. തൊഴിൽശാല അടച്ചുപൂട്ടുകയും ചെയ്യുന്നു. ഓഫീസിലെ നോട്ട് സമ്പ്രദായം ഡ്രാഫ്റ്റ് സമ്പ്രദായം എന്നിവ ചിത്രീകരിച്ചു് പരിഹാസമുളവാക്കാനാണു് ബാലചന്ദ്രന്റെ ശ്രമം. പക്ഷേ, ഇവിടെയെങ്ങും ആക്ഷേപത്തിന്റെ അമ്പുകളില്ല, വൈരസ്യത്തിന്റെ ലാത്തികളേയുള്ളു. അവകൊണ്ടു് ബാലചന്ദ്രൻ നമ്മുടെ തലയ്ക്കും നടുവിനും മുട്ടിനുമൊക്കെ അടിക്കുന്നു. രക്തമൊഴുകുന്നതു കണ്ടു് അദ്ദേഹം ചിരിക്കുന്നു. എന്തൊരു സാഡിസം! ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാർ തർജ്ജമ ചെയ്ത ഒരു സിന്ധിക്കഥ (ഈശ്വർചന്ദർ എഴുതിയതു്) ഈ ആഴ്ചയിലെ കുങ്കുമം വാരികയിലുണ്ടു്. ഒരുത്തൻ ഒരുത്തിയെ ആപന്നസത്ത്വയാക്കി (ഗർഭിണിയാക്കിയെന്നു വ്യക്തമായി പറയുന്നു). അവളുടെ അനുജത്തി അയാളെ പരിശോധിക്കാൻ വരുന്നു. ചേച്ചിയെ അയാൾ വിവാഹം കഴിക്കുകയില്ലെന്നു മനസ്സിലാക്കിയ അവൾ തിരിച്ചുപോകുന്നു. സ്ത്രീയുടെ മനഃശാസ്ത്രത്തെക്കുറിച്ചോ അവൾ സംസാരിക്കുന്ന രീതിയെക്കുറിച്ചോ “ഒരു ചുക്കു”മറിയാത്ത ഒരു അപരിഷ്കൃതനാണു് ഈശ്വർചന്ദർ എന്നു് ഈ കഥ വ്യക്തമാക്കിത്തരുന്നു. ശ്രീ. കൃഷ്ണൻനമ്പ്യാർ സഹൃദയനാണു്, അദ്ദേഹം ഇതു തർജ്ജമചെയ്തതു എന്തിനാണാവോ? ലാത്തിധരന്മാരായ ‘സാഹിത്യകാരന്മാർ’ ഇവിടെ മാത്രമല്ല ഉള്ളതെന്ന പരമാർത്ഥം നമുക്കു മനസ്സിലാക്കിത്തരാനാണോ? എങ്കിൽ അദ്ദേഹം വിജയം കൈവരിച്ചു. ഫലിതമെന്ന പേരിൽ ശ്രീ. തൃശ്ശിലേരി സുധാകരൻ എഴുതിവിട്ടിരിക്കുന്ന “ചെറിയകഥക”ളും വിലക്ഷണങ്ങളത്രേ. കുറച്ചുകാലം മുൻപു് ഒരു നേതാവു് തിരുവനന്തപുരത്തെ ഒരു കോളേജിൽ പ്രസംഗിക്കാൻ വന്നു. പ്രഭാഷണമൊക്കെ കഴിഞ്ഞു കാപ്പികുടിക്കുന്ന സമയം. നേതാവിനു മലയാളം അറിഞ്ഞുകൂടാ. അദ്ദേഹം ഇംഗ്ലീഷിൽ ചോദിച്ചു:
“By the by, who is Secretary?”
ഇംഗ്ലീഷ് അറിയാവുന്ന വിദ്യാർത്ഥി സെക്രട്ടറി മറുപടി നല്കി:
“I is the Secretary.”
നേതാവു് ചിരിയടക്കി വീണ്ടും പറഞ്ഞു:
“I see you are the Secretary.”
വിദ്യാർത്ഥി അതിനും മറുപടി കൊടുത്തു:
“Yes, I are the Secretary”
അജ്ഞതയുടെ ധൈര്യം ജനിപ്പിക്കുന്ന ഫലിതമാണിതു്. ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത വിദ്യാർത്ഥി ചങ്കൂറ്റം കൊണ്ടു് ഇംഗ്ലീഷ് പറയുകയും താനറിയാതെ വിഡ്ഢിയാവുകയും ചെയ്യുന്നു. നാം രസിക്കുന്നു. പക്ഷേ, ഫലിതത്തിനു വാസനയില്ലാത്തവർ കരുതിക്കൂട്ടി ഫലിതം പറഞ്ഞാലോ? ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ നമുക്കു ഓക്കാനമുണ്ടാകും. സുധാകരന്റെ ഫലിതം ഓക്കാനത്തോളം നമ്മെ കൊണ്ടുചെല്ലുന്നുണ്ടു്.

“ഒന്നും സംഭവിക്കുന്നില്ല, ആരും വരുന്നില്ല, ആരും പോകുന്നില്ല. അതു ദാരുണമായിരിക്കുന്നു.” സാമുവൽ ബക്കറ്റി ന്റെ Waiting for Godot എന്ന നാടകത്തിലെ ഈ പ്രസ്താവം ആ നാടകത്തിന്റെ വ്യാഖ്യാനം നിർവഹിക്കുന്നു. കാത്തിരിക്കൽ, അതിന്റെ അർത്ഥരാഹിത്യം, ജീവിതത്തിന്റെ വ്യർത്ഥത ഇവയൊക്കെ ആ നാടകത്തിലുണ്ടു്. എക്സിസ്റ്റെൻഷ്യലിസത്തിന്റെയും അതിനോടു ബന്ധപ്പെട്ട അബ്സേഡിറ്റി എന്ന ചിന്താഗതിയുടെയും പക്ഷം പിടിച്ചു വാദിക്കുന്ന മാർട്ടിൻ എസ്സ്ലിൻ എന്ന നിരൂപകൻ (The theatre of the Absurd എന്ന ഗ്രന്ഥത്തിന്റെ കർത്താവു്) പറയുന്നു,—“അതിനു് (നാടകത്തിനു്) തത്ത്വചിന്താപരവും മതപരവും മനഃശാസ്ത്രപരവും ആയ വ്യാഖ്യാനങ്ങൾ നൽകാം. പക്ഷേ, എല്ലാത്തിനും മേലെയായി അതു് കാലം, ക്ഷണികത, അസ്തിത്വത്തിന്റെ വിസ്മയം എന്നിവയെക്കുറിച്ചുള്ള ഒരു കവിതയാണു്…” (p. 60 Pelican Book) പക്ഷാവലംബിയാണു് (partisan) മാർട്ടിൻ എസ്സ്ലിൻ. ആധുനിക നാടകങ്ങളെ The Kitchen Sink Drama (അടുക്കള ഓവു് നാടകം) എന്നുവിളിക്കുന്ന ജി. വിൽസൺനൈറ്റ് എന്ന രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ച വിമർശകനാകട്ടെ ബക്കറ്റിന്റെ കൃതിയെ മിതമായ സ്വരത്തിലേ പ്രശംസിക്കുന്നുള്ളു. Equally relevant is Samuel Beckett’s Waiting for Godot—സാമുവൽ ബക്കറ്റിന്റെ Waiting for Godot എന്ന നാടകത്തിനും സാംഗത്യമുണ്ടു്—എന്നാണു് അദ്ദേഹത്തിന്റെ സ്തുതിവചനം (എൻകൗണ്ടർ മാസിക—1963 ഡിസംബർ പുറം 51). സത്യമിതായിരുന്നിട്ടും ചിലർ ബക്കറ്റിന്റെ കൃതിക്കു് അമിതപ്രാധാന്യം കല്പിക്കുന്നു.
ശ്രീ. എസ്. വി. വേണുഗോപൻനായർ ജീവിത്തിന്റെ അർത്ഥശൂന്യത അവിരാമമായ കാത്തിരിക്കലിന്റെ വ്യർത്ഥത ഇവയെ “കൊച്ചുവർക്കിഭവാൻ” എന്ന ചെറുകഥയിലൂടെ പ്രതിപാദനം ചെയ്യുന്നു (മാതൃഭൂമി—ലക്കം 10). അമ്മയ്ക്കു സുഖമില്ലെന്നു് കമ്പി കിട്ടിയതനുസരിച്ചു് നരേന്ദ്രൻ വീട്ടിലേക്കു വരികയാണു്. വീട്ടിലുള്ളവർ അയാളെ കാത്തിരിക്കുന്നു. ഒരു നദി കടന്നുവേണം നരേന്ദ്രനു് വീട്ടിലെത്താൻ. പക്ഷേ, നദി കടത്തേണ്ട കടത്തുകാരൻ കൊച്ചുവർക്കി അവിടെയില്ല, അയാൾ കാത്തിരിക്കുന്നു. വിരാമമില്ലാത്ത കാത്തിരിപ്പു്, ഒരിക്കലും വരാത്ത ഈശ്വരനെ കാത്തു് (Godot ഈശ്വരനാണെന്നു് വിൽസൺ നൈറ്റ്) ബക്കറ്റിന്റെ നാടകത്തിലെ രണ്ടു സഞ്ചാരികൾ ഇരുന്നില്ലേ? അതുപോലെയുള്ള ഇരിപ്പാണോ? ആയിരിക്കാം. ഒരു പക്ഷേ, അല്ലായിരിക്കാം. ഈ വിചാരങ്ങൾ (ജീവിതം അർത്ഥശൂന്യമാണു് എന്നിങ്ങനെയുള്ള വിചാരങ്ങൾ) നൈലിസത്തോടു്—ശൂന്യതാവാദത്തോടു്—ബന്ധപ്പെട്ടവയാണെന്നും അക്കാരണത്താൽ അവ നിന്ദ്യങ്ങളാണെന്നും ഞാൻ പറയുന്നില്ല. വിചാരങ്ങൾ ഏതുമാകട്ടെ. അവയെ പ്രതിപാദിക്കുന്ന രീതി ഭംഗിയാർന്നതാണോ എന്നുമാത്രം നോക്കിയാൽ മതി നിരൂപകനു്. അങ്ങനെ നോക്കുമ്പോൾ വേണുഗോപൻ നായരുടെ ആവിഷ്ക്കരണരീതിക്കു ഭംഗിയുണ്ടെന്നു് ആരും സമ്മതിക്കും. മാതൃഭൂമിയിലെ അടുത്ത കഥ അരവിന്ദഗോഖലേയുടെ “മജ്ജുള”യാണു്. ദാമ്പത്യജീവിതത്തിനും ആധികാരികജീവിതത്തിനും (official life) അടിമയായ ഒരു സ്ത്രീയുടെ ദുഃഖമാണു് ഈ കഥയിലെ പ്രതിപാദ്യം. വളരെ നല്ലതുമല്ല, വളരെ ചീത്തയുമല്ല എന്ന അർത്ഥത്തിൽ ഇംഗ്ലീഷിൽ So-So എന്നു പറയാറില്ലേ. ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാർ തർജ്ജമചെയ്ത ഈ കഥ ഒരു സോ സോക്കഥ മാത്രമാണു്.

“പ്രപഞ്ചത്തിലെ വസ്തുക്കളെ പുനഃസംവിധാനം ചെയ്തുവയ്ക്കുന്നതല്ല കലയുടെ പ്രവൃത്തി. ലഭ്യങ്ങളായ വസ്തുക്കൾക്കു ഒരു രൂപം നല്കി അവതരിപ്പിക്കുന്നതും കലയല്ല. നിത്യനൂതനമായ ഒരംശം അതിൽ കടന്നുവരുമ്പോൾ മാത്രമേ കലാപ്രവർത്തനം നടക്കുന്നുള്ളു.”[1] വ്യവസ്ഥയില്ലാത്ത നാദങ്ങളെ എം. എസ്. സുബ്ബലക്ഷ്മി തന്റേതായ രീതിയിൽ സങ്കലനം ചെയ്തുവയ്ക്കുമ്പോൾ ദൈവികമായ സംഗീതമുണ്ടാകുന്നു. വ്യവസ്ഥയില്ലാത്ത ശബ്ദങ്ങളെ വള്ളത്തോൾ സ്വകീയമായ മാർഗ്ഗത്തിലൂടെ സങ്കലനം ചെയ്യുമ്പോൾ ‘മഗ്ദലനമറിയം’ ഉണ്ടാകുന്നു. രൂപമില്ലാത്ത കളിമണ്ണു് കൈയിൽ വച്ചമർത്തുന്ന റൊഡാങ് ഒരു നിമിഷം കൊണ്ടു ആകർഷകമായ ഒരു വക്ഷോജം നിർമ്മിക്കുന്നു. കാണുന്നയാളിനു അതു് ജീവൻകൊണ്ടു് തുടിക്കുന്നുവെന്നു തോന്നുന്നു, (ഇസഡോറ ഡങ്കൺ ആത്മകഥയിൽ റൊഡാങിനെക്കുറിച്ചു് പറയുന്ന ഭാഗം നോക്കുക, അദ്ധ്യായം 9) ഇവിടെയൊക്കെ പ്രാപഞ്ചിക വസ്തുക്കൾക്കു് രൂപപരിവർത്തനം വരുന്നുണ്ടു്. അതേസമയം നിർവ്വചിക്കാൻ പാടില്ലാത്ത ഒരു നൂതനാംശവും വന്നുചേരുന്നു. മലയാളനാട്ടിലെ രണ്ടുകഥകൾ നോക്കാം, ശ്രീ. പി. എ. ദിവാകരന്റെ ലാപ്ക, ശ്രീ. വിക്ടർ ജോൺ എഴുതിയ “ലാസറിന്റെ രണ്ടാമത്തെ മരണം”. ദിവാകരന്റെ കഥയിൽ നൂതനാംശമില്ല; കൂനിക്കൂടി വിറയ്ക്കുന്ന ഒരു പട്ടിയുടെ ശരീരത്തിൽ സ്വറ്റർവില്പനക്കാരൻ സ്വറ്റർ എടുത്തിടുമ്പോൾ നമുക്കു് ഒരു ചലനവുമില്ല. ആഖ്യാനത്തിലും വാങ്മയചിത്രനിവേശത്തിലും കാണുന്ന കൃത്രിമത്വമാണു കഥയുടെ കലാത്മകത്വം നശിപ്പിക്കുന്നതു്. കലയുടെ നിത്യനൂതനാംശം വരുത്താൻ വിക്ടർ ജോൺ ശ്രമിക്കുന്നുണ്ടു്, പക്ഷേ, അദ്ദേഹത്തിന്റെ ആഖ്യാനമാർഗ്ഗം ഋജ്ജുവല്ല. സങ്കീർണ്ണമാണു്. അതിനാൽ കഥാകാരൻ പരാജയപ്പെടുന്നു. ഇവിടെനിന്നു അല്പം അകലെയായി ഒരു പുസ്തകശാലയുണ്ടു്. പുസ്തകങ്ങൾ അവിടെയാകെ വലിച്ചുവാരിയിട്ടിരിക്കുന്നു. ആ പുസ്തകശാല കണ്ടാൽ ആർക്കും അങ്ങോട്ടു കയറാൻ തോന്നുകയില്ല. കഥാകാരന്മാർ വാക്കുകളെ വാരിയെറിയാതിരിക്കട്ടെ. ചെറുകഥ ഭാവഗാനം പോലെയാണെന്നു് അവർ എപ്പോഴും ഓർമ്മിക്കട്ടെ. ആ ഓർമ്മയുണ്ടു് ശ്രീ. പാറന്നൂർ പത്മനാഭനു്. എങ്കിലും അദ്ദേഹത്തിന്റെ കഥകൾക്കാകെ ഒരു ന്യൂനത. ആ ദോഷം അദ്ദേഹം ‘ചന്ദ്രിക’ വാരികയിലെഴുതിയ “ഒരേയൊരു രാത്രിക്കുവേണ്ടി” എന്ന കഥയിലും കാണാം. ചിന്നമ്മു എന്നൊരുവൾ ഉഷയേയും അവളുടെ ഭർത്താവിനേയും അകറ്റി അയാളുമായി വേഴ്ച നേടാൻ ശ്രമിക്കുന്നതിന്റെ കഥപറയുകയാണു് പദ്മനാഭൻ. വശീകരണവും ബലാത്കാരവും വിഭിന്നങ്ങളാണല്ലോ. കലാദേവതയെ പദ്മനാഭനു് വശീകരിക്കാൻ അറിഞ്ഞുകൂടാ. വേണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിനു ആ വിദ്യ അഭ്യസിക്കാം. അദ്ദേഹം അഭ്യസിക്കട്ടെ, നല്ല കലാകാരനാകട്ടെ. അങ്ങനെയൊരു ആശംസ ‘ചന്ദ്രിക’യിൽ “ചങ്ങലയ്ക്കിട്ട ദുഃഖം” എന്ന കഥയെഴുതിയ ശ്രീ. അബുവിനു നല്കാൻ വയ്യ. ശ്രീ. ഗഫൂർ ആ കഥയ്ക്കു വരച്ചു ചേർത്ത ഭാവവ്യഞ്ജകമായ ചിത്രമുണ്ടല്ലോ. അതിന്റെ ആയിരത്തിലൊരംശം ഭംഗി അബുവിന്റെ കഥയ്ക്കില്ല. ഒരു പ്രൗഢസുന്ദരി വ്യഭിചരിച്ച വാർത്ത പത്രത്തിൽ വന്നതു് ഒരു കോളേജ് വിദ്യാർത്ഥിനി വായിക്കുന്നു. തന്റെ അമ്മതന്നെയാണു് ആ വ്യഭിചാരിണിയെന്നു മകൾ മനസ്സിലാക്കുന്നില്ല. ഒടുവിൽ അമ്മ ആ പത്രമെടുത്തു അടുപ്പിലിടുമ്പോൾ അവൾക്കു വസ്തുതകൾ ഗ്രഹിക്കാൻ കഴിയുന്നു. ശ്രീ. മനോഹരൻ ജനയുഗം വാരികയിലെഴുതിയ “കണ്ടെത്തൽ” എന്ന കഥയുടെ—കൊച്ചുകഥയുടെ—സാരമാണിതു്. ഒരു സുപ്രധാനനിമിഷത്തിനു നിത്യസ്ഥായിത്വം വരുത്താൻ കഥാകാരൻ ശ്രമിക്കുന്നു എന്നതാണു് ഇതിന്റെ സവിശേഷത. അടുത്ത വീട്ടിൽനിന്നു എന്റെ അടുക്കലെത്തിയ ഒരു കൊച്ചുകുട്ടി—രണ്ടു വയസ്സുപ്രായമുള്ള കുഞ്ഞു്—ഞാൻ കൊടുത്ത ചോക്ലേറ്റു വാങ്ങിക്കൊണ്ടു് ചെറുതായൊന്നു പ്രകമ്പനം കൊള്ളുന്നു. വീട്ടുമുറ്റത്തു വിടർന്നുനില്ക്കുന്ന ചെമ്പരത്തിപ്പൂ തെന്നലേറ്റു് സ്പന്ദിക്കുന്നു. കാമുകസ്പർശത്താൽ പ്രസ്ഫുരിതാധരവുമായി നില്ക്കുന്ന കാമുകിയെ എന്റെ അന്തർന്നേത്രം കാണുന്നു. കുഞ്ഞിനെപോലെ, പൂവിനെപ്പോലെ കാമുകിയെപ്പോലെ ചെറുകഥ കലാചൈതന്യംകൊണ്ടു സ്പന്ദിക്കണം.

ഞാൻ സ്നേഹിക്കുയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടുപേരാണു് ശ്രീ. വൈക്കം ചന്ദ്രശേഖരൻനായരും ശ്രീ. കാമ്പിശ്ശേരി കരുണാകരനും. ജീവിതത്തിലെ ഏതു പ്രയാസത്തിന്റെ നേർക്കും മന്ദഹാസം പൊഴിക്കുന്ന ചന്ദ്രശേഖരൻനായർ. ഏതു കൊടുങ്കാറ്റടിച്ചാലും “കാറ്റിൽപ്പെടാ ദീപമെന്നപോലെ” ഇരിക്കുന്ന കാമ്പിശ്ശേരി. രണ്ടുപേരും കലാകാരന്മാർ. ജനയുഗം വാരികയിൽ ശ്രീ. കാമ്പിശ്ശേരി കരുണാകരൻ ശ്രീ. വൈക്കം ചന്ദ്രശേഖരൻനായരെക്കുറിച്ചെഴുതിയ ലേഖനത്തിൽ രണ്ടുപേരുടെയും വ്യക്തിത്വം പ്രകടമാക്കുന്നു. യഥാർത്ഥസ്നേഹത്തിൽ മോഹഭംഗത്തിനു സ്ഥാനമില്ല. മോഹഭംഗം വരാത്ത യഥാർത്ഥസ്നേഹം ലേഖനത്തിൽ നമുക്കു ദർശിക്കാം.
“സാഹിത്യത്തിൽ ഒരു നക്സൽബാരി വിപ്ലവം” ഉണ്ടാകണമെന്നു വാദിച്ചു കൊണ്ടു് ശ്രീ. ജോർജ്ജ് ഇരുമ്പയം ചന്ദ്രികവാരികയിൽ ഉപന്യസിച്ചിരിക്കുന്നു. കേളേജ് അദ്ധ്യാപകനാണു് ശ്രീ. ജോർജ്ജ്. അദ്ദേഹത്തിന്റെ ലേഖനം പരസ്യപ്പെടുത്തിയിരിക്കുന്നതു് ഉത്കൃഷ്ടവാരികയായ ചന്ദ്രികയിലും. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇതാ:
- ചെറുശ്ശേരി യും കുഞ്ചൻനമ്പ്യാരും കവികളല്ല.
- ചെറുശ്ശേരിക്കു് ഔചത്യമില്ലാത്തതുകൊണ്ടാണു് അദ്ദേഹത്തെ കവിയായി അംഗീകരിക്കാൻ വയ്യാത്തതു്. കുഞ്ചൻനമ്പ്യാർ “വായിൽത്തോന്നിയതു് കോതയ്ക്കു പാട്ടായി” എഴുതുക മാത്രമാണു ചെയ്തതു്. അതിനാൽ അദ്ദേഹവും കവിയല്ല.
- ഇരുപതാംനൂറ്റാണ്ടിലേക്കു കടന്നാൽ കുമാരനാശാനെ യും ചങ്ങമ്പുഴ യേയും മാത്രമേ കവികളായി കാണാൻ പറ്റൂ. വള്ളത്തോളും ഉള്ളൂരും കവികളല്ലെന്നു് പ്രബന്ധകാരൻ തന്നെ “അന്യത്ര വിശദീകരിച്ചിട്ടുണ്ടു്.”
- ചെറുശ്ശേരി, നമ്പ്യാർ, വള്ളത്തോൾ, ഉള്ളൂർ എന്നിങ്ങനെയുള്ള മഹാകവികളെയും തകഴി, ദേവു് തുടങ്ങിയ നോവലെഴുത്തുകാരെയും (“മഹാ നോവലിസ്റ്റുകൾ” എന്നു് ഉദ്ധരണചിഹ്നമിട്ടു് പ്രബന്ധകാരൻ അവരെ പരിഹസിക്കുന്നു) നക്സൽബാരി മാതൃകയിൽ കൂട്ടക്കൊലചെയ്യേണ്ടിയിരിക്കുന്നു.
ജോർജ്ജിന്റെ ഈ അഭിപ്രായങ്ങളെക്കുറിച്ചു് എനിക്കൊന്നും പറയാനറിഞ്ഞുകൂടാ. അതുകൊണ്ടു ഞാൻ അദ്ദേഹത്തിന്റെ മതങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതേയുള്ളു.
ഇന്നത്തെ (19-05-71) കേരളകൗമുദി ദിനപത്രം നോക്കുക ശ്രീ. പി. ജി. പുരുഷോത്തമൻ പിള്ള എം. എൽ. എ. എഴുതിയ “തർജ്ജമ” എന്നൊരു പണ്ഡിതോചിതമായ ലേഖനം വായിക്കാം. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ അവഗാഹവും ഫലിതോക്തിയിലുള്ള അദ്ദേഹത്തിന്റെ പാടവവും ഈ ലേഖനത്തിൽ ദൃശ്യമാണു്. തർജ്ജമയെക്കുറിച്ചുള്ള ലേഖകന്റെ അഭിപ്രായങ്ങൾ സാഹിത്യപഞ്ചാനനൻ പറഞ്ഞതുപോലെ സ്വീകരണീയങ്ങളും ആദരണീയങ്ങളുമാണു്.
ബംഗ്ലാദേശത്തു് പട്ടാളക്കാർ പിഞ്ചുകുഞ്ഞുങ്ങളെ വെടിവച്ചുകൊല്ലുന്നു. ഈ വാർത്ത പത്രത്തിൽ വായിക്കുന്ന ഞാൻ പതിവുപോലെ കുളിക്കുന്നു, ആഹാരം കഴിക്കുന്നു, വായിക്കുന്നു, എഴുതുന്നു. എന്നാൽ ഒരു കൊച്ചുകുട്ടിയെ നിഗ്രഹിക്കുന്നതു് ഞാൻ നേരിട്ടു കാണട്ടെ, എനിക്കു് ആഹാരം കഴിക്കാനോ വായിക്കാനോ എഴുതാനോ സാദ്ധ്യമല്ലാതെയാവും. വൈയക്തികമല്ലാത്ത സംഭവങ്ങൾ അത്രയേറെ നമ്മെ ചലിപ്പിക്കാറില്ല. മനുഷ്യന്റെ സ്വഭാവമാണതു്, സാഹിത്യസൃഷ്ടി തികച്ചും വൈയക്തികമാണു്. ഈ ആഴ്ചയിൽ ഞാൻ വായിച്ച ഒരു കഥയും ഒരു കവിതയും എന്നെ സ്പർശിച്ചില്ല. വൈയക്തികസ്വഭാവം അവയ്ക്കില്ലെന്നു വ്യക്തം. കലാസൃഷ്ടി അനന്തമായ കലാപ്രവാഹത്തിലെ ഒരു നിമിഷമാണു്. ആ നിമിഷം മറയുന്നില്ല. എന്നും നിലകൊള്ളുന്നു. ആ നിമിഷത്തോടു നമുക്കു് പറയാം: “നിമിഷമേ സ്പന്ദിക്കൂ, അവിരാമമായി സ്പന്ദിക്കൂ.”