
ജോസ് ഒർട്ടീഗ ഈ ഗാസ്സേ വിശ്വവിഖ്യാതനായ സ്പാനിഷ് തത്ത്വചിന്തകനാണു്. “ബഹുജനത്തിന്റെ എതിർപ്പു് ” (Revolt of the Masses) എന്ന ഗ്രന്ഥം പ്രസാധനം ചെയ്തതോടെ അദ്ദേഹം പ്രശസ്തനായി. ജോസ് ഒർട്ടീഗയുടെ പ്രസിദ്ധിയാർന്ന മറ്റൊരു ഗ്രന്ഥം Dehumanisation of Art and notes on the Novel എന്നതാണു്. ഇന്നത്തെ നോവലെഴുത്തുകാർ “സഹാറാ മരുഭൂമിയിലെ പ്രചോദനമാർന്ന മരം വെട്ടുകാരാ”ണെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. കല ഒന്നിനൊന്നു മനുഷ്യത്വഹീനമായിക്കൊണ്ടിരിക്കുന്നുവെന്നും നോവലെന്ന സാഹിത്യവിഭാഗത്തിന്റെ ശക്തി മുഴുവനും ചോർന്നു പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിഭാശാലിയുടെ ഏതു ഗ്രന്ഥം വായിക്കുന്നതും ഉത്കൃഷ്ടമായ അനുഭവമാണു; പ്രത്യേകിച്ചും “പ്രേമത്തെക്കുറിച്ചു്” (On Love) എന്ന പുസ്തകം. ചിന്തകളുടെ മൗലികത്വവും സൂക്ഷ്മതയും ഗഹനതയും കൊണ്ടു് ലോകപ്രശസ്തിയാർജ്ജിച്ച ഈ ഗ്രന്ഥത്തിൽ സ്ത്രീകൾക്കു പ്രതിഭാശാലികളിൽ ഒട്ടും താൽപര്യമില്ലെന്നു് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടു്. ഒരു ഉദാഹരണം നെപ്പോളിയൻ തന്നെ. ആകൃതിസൗഭഗത്താൽ അനുഗൃഹീതനായിരുന്നു ആ ലോകജേതാവെങ്കിലും ഒരു സ്ത്രീയും അദ്ദേഹത്തെ നിഷ്കളങ്കമായി സ്നേഹിച്ചില്ല. ആഭരണവും രത്നവും കിരീടവുമൊക്കെ നെപ്പോളിയൻ ജോസഫയിന്റെ മടിയിലേക്കു വാരിയെറിഞ്ഞിട്ടും അവൾ അദ്ദേഹത്തെ വഞ്ചിച്ചു. ആദ്യം കണ്ട നർത്തകനോടു് ലൈംഗികവേഴ്ച നടത്തുവാൻ അവൾക്കു് ഒരു പ്രയാസവുമുണ്ടായില്ല. സ്ത്രീകൾ പ്രതിഭാശാലികളെ സ്നേഹിക്കുന്നില്ലെന്നു മാത്രമല്ല പറയേണ്ടതു്. അവർ പ്രതിഭയെ പേടിക്കുന്നു എന്ന പരമാർത്ഥവും നാം വിളംബരം ചെയ്യണം. ജോസ് ഒർട്ടിഗയുടെ ഈ മതത്തോടു് അല്പപ്രഭാവനായ ഞാനും യോജിക്കട്ടെ. പ്രതിഭാശാലികളെ ഇഷ്ടപ്പെടാത്ത, പ്രതിഭയെ പേടിക്കുന്ന സ്ത്രീകൾ പ്രതിഭാശാലിനികളാവാത്തതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു. അവരുടെ കൂട്ടത്തിൽ കലാകാരികളുണ്ടെങ്കിലും ഷേക്സ്പിയറി നോളം പ്രതിഭയുള്ള ഒരു സ്ത്രീ ഇന്നുവരെയുണ്ടായിട്ടില്ല. ഐൻസ്റ്റൈനോ പോൾ റോബ്സനോ സൈഗാളോ ഡാവിഞ്ചി യോ നന്ദലാൽ ബോസോ ടാഗോറോ ഖലീൽ ജിബ്രാനോ അവരുടെ വർഗ്ഗത്തില്ല. സ്ത്രീകൾ ഈ പ്രസ്താവത്തിൽ പ്രതിഷേധിക്കുമെങ്കിലും പ്രകൃതി ജീവശാസ്ത്രപരമായി മറ്റൊരു കൃത്യത്തിനാണു് അവർക്കു രൂപം നല്കിയിട്ടുള്ളതെന്ന സത്യത്തിന്റെനേർക്കു നമുക്കു കണ്ണടയ്ക്കാൻ വയ്യ. പക്ഷേ, ചില സ്ത്രീകൾ പുരുഷന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ സന്നദ്ധകളായിട്ടുണ്ടു്. ഒർട്ടിഗ ഇതിനെ masculine deviation എന്നു വിളിക്കുന്നു. കുമാരി മറിയമ്മയുടെ കഥകൾ ഈ വിധത്തിലുള്ള വിമാർഗ്ഗഗമനത്തെ സൂചിപ്പിക്കുന്നുവെന്നാണു് എന്റെ ഉറച്ച വിശ്വാസം. ആ കുട്ടിയുടെ കഥകളിൽ സ്ത്രീയുടെ മാനസികനിലയില്ല, ലോലഭാവങ്ങളില്ല കർക്കശമായ പുംസത്വം അവയിലാകെ പ്രതിഫലിക്കുന്നു. മേയ് 30-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഈ പെൺകുട്ടിയുടെ “പ്രസവത്തിന്റെ നിറം” എന്നൊരു ചെറുകഥ പരസ്യപ്പെടുത്തിയിട്ടുണ്ടു്. ചെറുകഥയെന്നു ഞാൻ പറഞ്ഞതു് അങ്ങനെയൊരു ശീർഷകം അതിനു വാരികയിൽ നല്കിയിട്ടുണ്ടു് എന്നതിനാലാണു്, ഇതൊരു കഥയാണെന്നവിശ്വാസം എനിക്കുള്ളതുകൊണ്ടല്ല. മറിയമ്മ ചില ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു 1) കിഴവിയുടെ നാഭിയിൽ അടിഞ്ഞുകിടക്കുന്ന വികാരത്തെ തിരക്കി നുണഞ്ഞു നില്ക്കുന്ന യുവാവു്. 2) ചെറുപ്പക്കാരൻ കിഴവിയെ കടന്നു പിടിച്ചു് അവരുടെ മുലയിൽ ചുണ്ടുരസുന്നതു്. 3) ആർത്തവരക്തത്തിന്റെ മഞ്ഞനിറം (മഞ്ഞനിറം എന്തുകൊണ്ടാണാവോ? രോഗമായിരിക്കാം. അതോ നിറം അങ്ങനെതന്നെയോ? എനിക്കു് അറിഞ്ഞുകൂടാ). 4) ഉറങ്ങിക്കിടക്കുന്ന ഭർത്താവിന്റെ മുഖം ഷാമ്പുപുരട്ടി ഷേവ് ചെയ്യുന്ന ഭാര്യ. 5) കുത്തഴിഞ്ഞ തുണിയുടെ തലയ്ക്കു കൈകളിൽ കുത്തിപ്പിടിച്ചു് എത്തുന്ന കിഴവിയെ നോക്കിനില്ക്കുന്ന യുവാവു്. ചിത്രങ്ങൾ എങ്ങനെയിരിക്കുന്നു? കോളേജിൽ പഠിക്കുന്ന കൗമാരം തികച്ചും കടന്നിട്ടില്ലാത്ത, ഒരു പെൺകുട്ടിയുടെ മാനസികനിലയാണോ ഇവിടെയുള്ളതു്? എന്തൊരു ജീർണ്ണത! ആഭാസത്തിൽ ആറാട്ടുനടത്തുന്ന ഈ പീറക്കഥ വായിച്ചു ഞാൻ ലജ്ജിക്കുന്നു. ഈ “കഥ”യെക്കുറിച്ചു പറയാൻ ഞാൻ മഹാനായ ഒരു തത്ത്വചിന്തകന്റെ പേരു വലിച്ചിഴച്ചു കൊണ്ടുവന്നല്ലോ? മാന്യവായനക്കാരേ, മാപ്പു്.

ഗുരുനാനാക്ക് വനത്തിലെത്തി. ചൂടുള്ള കാലം. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മർദ്ദാന യ്ക്കു വല്ലാത്ത ദാഹം. ദാഹത്താൽ അയാൾ മരിക്കുമെന്ന നിലയിലായി. അപ്പോൾ ഗുരുനാനാക്ക് പറഞ്ഞു: “മർദ്ദാനാ, ഈ വനത്തിൽ ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹത്തിന്റെ അടുക്കൽ പോവുകയാണെങ്കിൽ നിനക്കു വെള്ളം കിട്ടും. ഈ പ്രദേശത്തു് അദ്ദേഹത്തിന്റെ കിണറ്റിൽ മാത്രമേ വെള്ളമുള്ളു.” മർദ്ദാന സന്ന്യാസിയുടെ കുടിലിലേക്കു ഓടിച്ചെന്നു, പക്ഷേ, നാനാക്കിനെ വെറുത്തിരുന്ന അദ്ദേഹം മർദ്ദാനയ്ക്കു വെള്ളം കൊടുത്തില്ല. ഗുരുവിന്റെ നിർദ്ദേശമനുസരിച്ചു് അയാൾ രണ്ടു പ്രാവശ്യം കൂടി സന്ന്യാസിയുടെ അടുക്കൽ പോയി. പക്ഷേ, ജലം കിട്ടിയില്ല. മർദ്ദാന നാനാക്കിന്റെ പാദങ്ങളിൽ മറിഞ്ഞുവീണു. അദ്ദേഹം അയാളോടു പറഞ്ഞു തൊട്ടടുത്തുള്ള ഒരു കല്ലു് ഇളക്കാൻ. മർദ്ദാന കല്ലിളക്കിയപ്പോൾ ഒരു തെളിനീരരുവി. സന്ന്യാസിയുടെ കിണറ്റിലെ വെള്ളം ഇല്ലാതാവുകയും ചെയ്തു. കോപാകുലനായ സന്ന്യാസി ഒരു വലിയ പാറക്കെട്ടു് അവരുടെ നേർക്കു് ഉരുട്ടിവിട്ടു. ഗുരുനാനാക്കാവട്ടെ കൈനീട്ടി വിരലുകൾ കൊണ്ടു അതു് തടഞ്ഞു നിറുത്തി. അമ്മ ഈ കഥ പറഞ്ഞപ്പോൾ മകൻ പരിഹസിക്കുകയാണു് ചെയ്തതു്. വനത്തിൽ വെള്ളമുള്ള സ്ഥലം കണ്ടുപിടിക്കാൻ ശാസ്ത്രീയമാർഗ്ഗങ്ങളുണ്ടു്. പക്ഷേ, വലിയ പാറക്കെട്ടു് വിരലുകൊണ്ടു തടഞ്ഞു നിറുത്താൻ ആർക്കും സാദ്ധ്യമല്ല. ഇക്കഥ പിന്നീടു കേട്ടിട്ടുള്ളപ്പോഴെല്ലാം മകൻ പുച്ഛിച്ചു ചിരിച്ചിട്ടുണ്ടു്. അങ്ങനെയിരിക്കെയാണു് നിരായുധരായ ഒരു കൂട്ടം ഇന്ത്യാക്കാരെ ഇംഗ്ലീഷുകാർ വെടിവച്ചുകൊന്ന വാർത്ത അയാൾ കേട്ടതു്. മരിച്ചയാളുകളെ ഇംഗ്ലീഷുകാർ വലിച്ചെറിഞ്ഞു. മരിക്കാത്തവരെ തീവണ്ടിയിൽ കയറ്റി ജയിലിലേക്കു കൊണ്ടുപോകുകയാണു്. ആ തടവുകാർ വിശപ്പും ദാഹവും കൊണ്ടു് പൊരിയുന്നുവെന്നു മറ്റുള്ളവർ അറിഞ്ഞു. അവർ തീവണ്ടിയാപ്പീസിൽ റൊട്ടി, പരിപ്പു്, പൂരി ഇവയൊക്കെ കൊണ്ടുവന്നുകൂട്ടി. പക്ഷേ, പാഞ്ഞുവരുന്ന തീവണ്ടി നിറുത്തുന്നതെങ്ങനെ? അവർ നിറുത്തി. പാളത്തിൽ ആളുകൾ കിടന്നു. കൂറേപ്പേരുടെ ശരീരങ്ങൾ ചതച്ചരച്ച തീവണ്ടി തനിയെ നിന്നു. കൂറെദിവസം കഴിഞ്ഞു്, കഥ പറയുന്നയാൾ (മകൻ) സഹോദരിക്കു് ഗുരുനാനാക്ക് മർദ്ദാനയ്ക്കു് ജലം കൊടുത്ത കഥ പറഞ്ഞു കൊടുത്തു. അപ്പോൾ അവൾ വിശ്വസിക്കാതെ ചോദിച്ചു: “പർവ്വതത്തെ എങ്ങനെ കൈകൊണ്ടു തടയും?” അയാൾ മറുപടിനല്കി: “എന്തുകൊണ്ടുവയ്യ? കാറ്റുപോലെ പാഞ്ഞുവരുന്ന തീവണ്ടിയെ തടഞ്ഞുനിറുത്താമെങ്കിൽ പാറക്കെട്ടിനെ തടഞ്ഞുനിറുത്താൻ സാധിക്കില്ലേ.” കർത്താർസിംഗ് ദുഗ്ഗൽ എഴുതിയ ‘മഹത്ത്വം’ എന്ന ഈ കഥ വായിച്ചു് ഞാൻ ഹർഷോന്മാദത്തിനു വിധേയനായി വളരെനേരമിരുന്നു പോയി. ഒരു കെട്ടുകഥയേയും ആധുനികസംഭവത്തേയും യോജിപ്പിക്കുന്നതിൽ പഞ്ചാബുകാരനായ ആ കഥാകാരൻ പ്രദർശിപ്പിക്കുന്ന വൈദഗ്ദ്ധ്യം നോക്കുക. മനോഹരമായ ഈ കഥ വായിച്ചുകഴിഞ്ഞിട്ടാണു് ഞാൻ മലയാളനാട്ടിലെ (ലക്കം 2) രണ്ടു കഥകളും വായിച്ചതു്. അതുകൊണ്ടാവണം എനിക്കു വല്ലാത്ത നിരാശത തോന്നിയതു്. ഇഷ്ടപ്പെട്ട യുവതിയെ പരിണയിക്കാൻ കഴിയാതെ ദുഃഖിക്കുന്ന ഒരു യുവാവിനെ ശ്രീ. ബാലകൃഷ്ണൻ മാങ്ങാടി ന്റെ കഥയിൽ കാണാം (ഖേദത്തൊടെ, രോഷത്തോടെ). സ്വത്തുചോദിച്ച മകളോടും മരുമകനോടും പകരം വീട്ടാൻ “ക്ഷുദ്രം” നടത്തുന്ന ഒരു സ്ത്രീ മരിക്കുന്നതു് ശ്രീ. ഏ. ജയകുമാറിന്റെ കഥയിൽ വർണ്ണിക്കപ്പെടുന്നു. ആഖ്യാനത്തിന്റെ അനവസ്ഥിതസ്വഭാവം ബാലകൃഷ്ണന്റെ കഥയെ വിരസമാക്കുന്നു. ജയകുമാറിനു് കഥ പറയാൻ അറിയാം. പക്ഷേ, സ്ത്രീയുടെ മരണം അനുവാചകഹൃദയത്തെ സ്പർശിക്കുന്നില്ല.

കുമാരനാശാന്റെ പ്രതിമ നിർമ്മിക്കുന്നതിനെക്കുറിച്ചു് വാദപ്രതിവാദങ്ങൾ നടക്കുന്ന കാലമാണിതു്. പ്രതിമ എങ്ങനെയിരിക്കണമെന്നു വ്യക്തമാക്കിക്കൊണ്ടും സെക്രട്ടേറിയറ്റിന്റെ മുൻപിലെ വേലുത്തമ്പി യുടെ പ്രതിമയും പുത്തരിക്കണ്ടത്തിലെ ഗാന്ധിജി യുടെ പ്രതിമയും എങ്ങനെ വിലക്ഷണങ്ങളായിപ്പോയിയെന്നു വിശദമാക്കിക്കൊണ്ടും ഡോക്ടർ കെ. ഭാസ്കരൻനായർ “കേരളകൗമുദി”യിൽ എഴുതിയിരുന്നു. ചിന്തയുടെ ശക്തിപ്രദർശിപ്പിക്കുന്ന ഒരു കൊച്ചുലേഖനം. അതിലെ വസ്തുതകളോടു യോജിച്ചുകൊണ്ടു ഞാനിതുകൂടി പറയട്ടെ. കുമാരനാശാന്റെ പ്രതിമ നിർമ്മിക്കുന്നയാൾ അദ്ദേഹത്തിന്റെ നെറ്റി, മൂക്കു്, കണ്ണു് എന്നിവയെല്ലാം കഴിയുന്നതും ചിത്രത്തോടും യോജിച്ച വിധത്തിൽ നിർമ്മിച്ചു് സങ്കലനം ചെയ്യുമ്പോൾ ആശാന്റെ മഹത്വം ആ രൂപത്തിൽ പരിലസിക്കും. അനുഗൃഹീതനായ പ്രതിമാനിർമ്മാതാവിനു മാത്രം കഴിയുന്നതാണിതു്. നിർമ്മാതാവു് അനുഗൃഹീതനല്ലെന്നിരിക്കട്ടെ, ഗാന്ധിയുടെ പ്രതിമ അയാൾ നിർമ്മിക്കുന്നുവെന്നുമിരിക്കട്ടെ. ആ പ്രതിമയ്ക്കു ഗാന്ധിജിയുടെ കഷണ്ടിത്തല കാണും, വലിയ ചെവി കാണും. ദേഹമാകെ മൂടിയ പുതപ്പു കാണും, കൈയിലെ നീണ്ടവടികാണും. ചൈതന്യം, മഹത്വം എന്നിവ കാണുകയില്ല. സാഹിത്യത്തിലെ തത്ത്വവും ഇതുതന്നെ. നിത്യജീവിതത്തിലെ സംഭവങ്ങളെ യഥാതഥമായി കൂട്ടിച്ചേർത്തുകൊള്ളു. ആ സങ്കലനത്തിൽ നിന്നു് ഒരു ചൈതന്യം ഉളവാകണം. അതില്ലാത്തതുകൊണ്ടാണു് ‘കുങ്കുമം വാരിക’യിൽ ശ്രീമതി വത്സലാനായർ തർജ്ജമചെയ്ത പോളിഷ് കഥയും ശ്രീ. ഖാലിദ് എഴുതിയ “വിളഞ്ഞവിത്തുകൾ” എന്ന കഥയും വിരസങ്ങളായി അനുഭവപ്പെടുന്നതു്. ശ്രീ. രാമസ്വാമി മുതലിയാർ കേരളസർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന കാലത്തു് തിരുവനന്തപുരത്തെ ടൗൺഹാളിൽ കൂടിയ സമ്മേളനത്തിൽ കോളേജധ്യാപകരെ അഭിസംബോധനചെയ്തുകൊണ്ടു അദ്ദേഹം ഒരു പ്രഭാഷണം നിർവഹിച്ചു. പ്രഭാഷണത്തിൽ അദ്ദേഹം കോളേജിലെ അധ്യാപികമാരെ ലക്ഷ്യമാക്കി Certain women who are irresistible—തടുക്കാൻ കഴിയാത്ത ചില സ്ത്രീകൾ—എന്നു പറയുകയുണ്ടായി. സൗന്ദര്യത്താലും ആകർഷകത്വത്താലും എതിർക്കാൻ കഴിയാത്തവരാണു് അധ്യാപികമാരെന്നു വൃദ്ധനായ മുതലിയാർ സൂചിപ്പിച്ചപ്പോൾ അതു് ഫലിതമാണെന്നു കരുതി ഞാൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. ഫലിതമാണെങ്കിലും അബോധമനസ്സിലുള്ളതിനോടു ബന്ധപ്പെട്ടേ ഏതു വാക്കും പുറത്തുവരൂ: കുറ്റം പറയാനില്ല. Tropic of Cancer എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഹെൻട്രി മില്ലർ ഗ്രീസിൽ പോയ അവസരത്തിൽ പന്ത്രണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ അവിടെ ഒരിടത്തു കണ്ടു. അവളുടെ അസാധാരണമായ സൗന്ദര്യത്തെ വാഴ്ത്തിയിട്ടു് വയസ്സനായ മില്ലർ പറയുന്നു, പിന്നീടൊരിക്കൽകൂടി അവളെ കണ്ടിരുന്നെങ്കിൽ എന്താണു സംഭവിക്കുന്നതെന്നു തനിക്കറിഞ്ഞുകൂടെന്നു് (കൊളോസ്സസ് ഓഫ് മറൗസി എന്ന അത്യന്തസുന്ദരമായ യാത്രാവിവരണം). ഇബ്സന്റെ യും ആന്ദ്രേ ഷീദി ന്റെയും ‘വൃദ്ധപ്രേമ’ങ്ങളെക്കുറിച്ചു നമുക്കറിയാം. ഖാലിദി ന്റെ കഥയിൽ ഒട്ടൊക്കെ പ്രായമുള്ള ഒരു ലാഭ്സിംഗ് ഒരു യുവതിയെക്കണ്ടു് ഇളകിപ്പോയതെങ്ങനെയെന്നും അവൾ അയാളെ തൊടാൻപോലുമനുവദിക്കാതെ പണവും മറ്റും തട്ടിക്കൊണ്ടു കടന്നുകളഞ്ഞതെങ്ങെനെയെന്നും പ്രതിപാദിക്കുന്നു. ഇവിടെ പ്രതിമയുടെ മൂക്കും കണ്ണും ചെവിയും കവിളുമൊക്കെയുണ്ടു്. ചൈതന്യം മാത്രമില്ല. വേലുത്തമ്പിദളവയുടെയും ഗാന്ധിജിയുടെയും പ്രതിമകൾപോലെ ഒരു നിർജ്ജീവവസ്തുവാണു് ഈ കഥ. കുങ്കുമം വാരികയിൽ രണ്ടു കൊച്ചുകഥകൾ കൂടിയുണ്ടു്. ശ്രീ. പി. ആർ. നാഥന്റെ “കാലാവസ്ഥ”യും ശ്രീ. വി. ശിവരാമന്റെ “ഡൊറോത്തി”യും. ഡൊറോത്തിയിൽ വാക്കുകളുടെ ബഹളമേയുള്ളു. ഒരു യുവതിയുടെ ദുഃഖം ചിത്രീകരിക്കുന്നതിൽ പി. ആർ. നാഥൻ കുറെയൊക്കെ വിജയം പ്രാപിച്ചിട്ടുണ്ടു്.
“സൗന്ദര്യമെന്നാൽ എന്താണു സുഹൃത്തേ” കൂട്ടുകാരന്റെ ചോദ്യം. എന്റെ മറുപടി: “എനിക്കറിഞ്ഞുകൂടാ, പക്ഷേ, സൗന്ദര്യമുള്ളവയെ ഞാൻ ചൂണ്ടിക്കാണിച്ചുതരാം.” “കേൾക്കട്ടെ” എന്നു സുഹൃത്തു്. ഞാൻ വീണ്ടും പറയുന്നു: “ശംഖുംമുഖത്തെ നിലാവുള്ള രാത്രി, എന്റെ വീട്ടുമുറ്റത്തു് രാത്രി പന്ത്രണ്ടുമണിക്കു വിരിയുന്ന നിശാഗന്ധി, ചങ്ങമ്പുഴ യുടെ “മനസ്വിനി ” എന്ന കവിത. ഒ. വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം ” താജ്മഹൽ വള്ളത്തോളി ന്റെ ‘മഗ്ദലനമറിയം’, ഉറൂബി ന്റെ “രാച്ചിയമ്മ” എന്ന ചെറുകഥ, പാളയം പള്ളിയിൽ ഒറ്റയ്ക്കുനിന്നു കത്തുന്ന മെഴുകുതിരി” ഇവയ്ക്കൊന്നും വാചാലതയില്ല. അതല്ല ശ്രീ. ടി. സി. ഭാസ്കരന്റെ ചന്ദ്രികവാരികയിലെഴുതിയ “ശാപമോക്ഷത്തിന്റെ നിമിഷംവരെ” എന്ന കഥയുടെ സ്ഥിതി. അതിലെ ദുസ്സഹമായ വാചാലതയിൽ അതിലാവിഷ്കരിക്കുന്ന യുവാവിന്റെ ദുഃഖം മറഞ്ഞു പോകുന്നു. ഇതുന്നെയാണു് ശ്രീ. പി. കെ. നാണു “ദേശാഭിമാനി” വാരികയിലെഴുതിയ “രഹസ്യങ്ങളില്ലാത്ത ഒരു സത്യം പോലെ” എന്ന കഥയുടെ അവസ്ഥയും. ആധുനികജീവിതത്തിന്റെ ജീർണ്ണതയുടെ നേർക്കു കൈചൂണ്ടി അദ്ദേഹം ഉപാലംഭങ്ങൾ ചൊരിയുന്നു. വാചാലതയാർന്ന ആ ശകാരങ്ങൾ കേൾക്കാൻ കൊള്ളാം. ശകാരത്തിൽ കലയില്ലെന്നു മാത്രം. ശ്രീമതി ഉഷ കല്ലേലിഭാഗം ഒരു തെറ്റിദ്ധാരണയുടെ കഥ പറയുന്നു (മനോരാജ്യം—ലക്കം 1, അസ്തമിക്കുമ്പോൾ എന്ന കഥ). അതിഭാവുകത്വം അതിരുകടന്ന റൊമാന്റിസിസം എന്നിവ ഈ കഥയെ വികൃതമാക്കുന്നു. നിറുത്തട്ടെ. കഥാപ്രപഞ്ചത്തിൽനിന്നു നമുക്കു പോകാം.

എന്റെ മുൻപിൽ നില്ക്കുന്ന വൃക്ഷങ്ങളെല്ലാം പ്രശാന്തങ്ങൾ. എങ്കിലും സൃഷ്ടിയുടെ ചൈതന്യം അവയിൽനിന്നു സ്ഫൂരിക്കുന്നതു നോക്കൂ. തോമസ് ഹാർഡി യുടെ Woodlanders എന്ന നോവലിൽ വൃക്ഷത്തിന്റെ കറ മുകളിലേക്കു പാഞ്ഞുകയറുന്നതു് അറിയാൻ ഒരു കഥാപാത്രത്തിനു ശക്തിയുള്ളതായി പ്രസ്താവിച്ചട്ടുണ്ടു്. അതുപോലെ ഈ വൃക്ഷങ്ങളുടെ ചൈതന്യം പ്രസരിക്കുന്നതു് ഞാൻ അറിയുന്നു: എന്റെ മുമ്പിലുള്ള ദേവാലയത്തിലെ ഓരോ കരിങ്കല്ലും നിശ്ശബ്ദമാണു. എങ്കിലും ആ കരിങ്കല്ലുകൾ ഉറക്കെപ്പറയുന്നു: “ഞങ്ങൾ ഈശ്വരന്റെ ഭവനമായിത്തീർന്നു് ഈശ്വരാരാധന നിർവ്വഹിക്കുകയാണു്. സാഹിത്യവും ഇങ്ങനെയായിരിക്കണം. മുക്തിയിലൂടെയുള്ള മഹാശബ്ദം. നിശ്ശബ്ദതയിലൂടെയുള്ള മഹാധ്വനി. ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ. കെ. ഭാസ്ക്കരൻനായരുടെ ഒരു ലേഖനമുണ്ടു്. അദ്ദേഹത്തേയും വേറെ നാലുപേരേയും ഇടയാറന്മുളയിൽവച്ചു് നാട്ടുകാർ ബഹുമാനിച്ചതിന്റെ വർണ്ണനമാണു് അതിലുള്ളതു്. പക്ഷേ, അതു വായിച്ചാൽ, ഏതോ ഒരു മഹാസംഭവത്തെ വർണ്ണിക്കുകയാണെന്നു നമുക്കു തോന്നും. കുട്ടികൾ ബലൂൺ ഊതിവീർപ്പിക്കുന്നതുപോലെ ഒരു നിസ്സാര സംഭവത്തെ ലേഖകൻ ഹാസോത്പാദകമായി സ്ഥൂലീകരിക്കുന്നു. മനസ്സിനു് പരിപാകം വന്നവർ ഇങ്ങനെ സ്ഥൂലീകരണത്തിൽ തൽപരരാകരുതു്. ഡോക്ടർ ഭാസ്ക്കരൻ നായർ പ്രതിഭാശാലിയാണു്. അദ്ദേഹത്തിന്റെ ഗദ്യം മനോഹരമാണു്. ആ ചേതോഹരത്വത്തേയും ഇല്ലാതാക്കുന്ന മട്ടിലാണു് ഇവിടുത്തെ വാവദുതകയും സ്ഥൂലീകരണവും ആർജ്ജവരാഹിത്യത്തെ വിളംബരം ചെയ്യുന്ന വാചാലതയും ദൃശ്യമാവുക.
ഇടപ്പള്ളി രാഘവൻപിള്ള യുടെ ആത്മഹത്യയെ കമ്യൂ വിന്റെ “ഔട്ട്സൈഡർ ” സിദ്ധാന്തം കൊണ്ടു് വ്യാഖ്യാനിക്കുന്നതു് ശരിയല്ലെന്നു് ഞാൻ മുൻപു് എഴുതിയിരുന്നു. ശ്രീ. കെ. പി. ശരച്ചന്ദ്രനും ശ്രീ. എം. എസ്. മേനോനും അതേ അഭിപ്രായത്തിൽ എത്തിച്ചേർന്നിരിക്കുന്നതു് എനിക്കു് ആഹ്ലാദപ്രദമായ കാര്യമാണു് (നവയുഗം, ദേശാഭിമാനി).
ഞാൻ ഫോർത്ത്ഫോമിൽ പഠിക്കുന്ന കാലത്തു വിമർശനമെന്നൊരു ലേഖനമെഴുതി ‘നവജീവൻ’ എന്ന വാരികയ്ക്കു അയച്ചുകൊടുത്തു, പല ആഴ്ചകൾ കഴിഞ്ഞിട്ടും ലേഖനം വാരികയിൽ അച്ചടിച്ചു വന്നില്ല. ഞാൻ ആ വാരികയുടെ അധിപനായിരുന്ന ശ്രീ. സി. വി. കുഞ്ഞുരാമനെ ചെന്നു കണ്ടു. വെള്ളിത്തലമുടിയോടുകൂടി കൂനിപ്പിടിച്ചു അദേഹം ഒരു ചാരുകസേരയിൽ ഇരിക്കുന്നു. ഞാൻ കാര്യം വിനയത്തോടെ അറിയിച്ചു. സി. വി. അവർകൾ ഉടനെ ഒരാളിനെ വിളിച്ചു ലേഖനം എടുത്തുകൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹം അതു മുഴുവൻ ശ്രദ്ധിച്ചു വായിച്ചു. എന്നിട്ടു് എന്നോടു ചോദിച്ചു: “ഇതു് നീ എഴുതിയതുതന്നെയോ?” ഞാൻ “അതെ” എന്നു മറുപടി നല്കി. “ശരി പൊയ്ക്കോ” എന്നു് അദ്ദേഹം ശാന്തസ്സ്വരത്തിൽ പറയുകയും ചെയ്തു: അടുത്ത ആഴ്ച വാരികയിറങ്ങിയപ്പോൾ എന്റെ ലേഖനം ആദ്യത്തെ പുറത്തു വളരെ പ്രാധാന്യം കൊടുത്തു ഭംഗിയായി അച്ചടിച്ചിരിക്കുന്നതു ഞാൻ കണ്ടു. സി. വി. അവർകളെ പിന്നീടു ഞാൻ കാണാൻ പോയില്ല. എങ്കിലും അദ്ദേഹത്തോടുള്ള കൃതജ്ഞത ഞാനിന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. വളരെ വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ. കെ. ബാലകൃഷ്ണൻ ഞാനെഴുതിക്കൊടുത്ത ഒരു ലേഖനം കൗമുദിവാരികയിൽ ആകർഷകമായ വിധത്തിൽ പരസ്യം ചെയ്തു. തുടർന്നു ഞാനെഴുതിയ എല്ലാ ലേഖനങ്ങളും ഒരക്ഷരം പോലും വെട്ടാതെ അദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ടു്. ഞാനിന്നു് ഒരെഴുത്തുകാരനായി അറിയപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ബാലകൃഷ്ണനാണു്. എന്റെ ഈ രണ്ടു് ഉപകർത്താക്കളെയുംകുറിച്ചു് ശ്രീ. വി. ജഗന്നാഥപ്പണിക്കരും ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായരും യഥാക്രമം “വിവേകോദയ”ത്തിലും “ജനയുഗ”ത്തിലും എഴുതുന്നു. കുഞ്ഞുരാമനവർകളുടെ രാഷ്ട്രമീമാംസയെക്കുറിച്ചാണു് ജഗന്നാഥപ്പണിക്കർ വിദഗ്ദ്ധമായി ഉപന്യസിക്കുന്നതു്. ബാലകൃഷ്ണന്റെ ചിത്രം ചന്ദ്രശേഖരൻ നായർ ആകർഷകമായി വരയ്ക്കുന്നു.
വിശാലപ്രപഞ്ചത്തെയും നിസ്സാരനായ മനുഷ്യനെയും അവതരിപ്പിച്ചു് ശ്രീ. സുഗുണൻ പാടുമ്പോൾ പ്രപഞ്ചത്തിന്റെ അനന്തതയും മനുഷ്യന്റെ ക്ഷുദ്രാവസ്ഥയും എനിക്കു് അനുഭവപ്പെടുന്നു. സുഗുണന്റെ വാക്കുകൾക്കു ഗഹനതയുണ്ടു്. മാധുര്യമുണ്ടു് (മാതൃഭൂമിയിലെ “ഒരു പഴങ്കഥ” എന്ന കവിത) ശ്രീ. കെ. പി. ശശിധരൻനായരുടെ “ആരെയോതേടി” എന്ന കവിതയുടെ വിഷയവും വിഭിന്നമല്ല (മാതൃഭൂമി). ആ കവിത ഒരു ദർപ്പണമാക്കി ഞാൻ എന്റെ നിസ്സാരാവസ്ഥയെ കാണുന്നു. ബംഗ്ലാദേശത്തെ നിരപരാധരായ പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൗര്യം കൊന്നൊടുക്കുന്നു. അക്കാഴ്ച കണ്ടു ലോകമാകെ ഞെട്ടുന്നു. പക്ഷേ, ശ്രീ. വി. ടി. കുമാരൻ ആ വിഷയത്തെക്കുറിച്ചു കവിതയെഴുതുമ്പോൾ കലാശൂന്യത കണ്ടു ഞാൻ ഞെട്ടുന്നു (ജനയുഗം വാരിക). ആ ഞെട്ടലിൽനിന്നു മോചനം ലഭിച്ചതു് ശ്രീ. എം. ഐ. ഹംസ, കേച്ചേരി ‘ചന്ദ്രിക’ വാരികയിലെഴുതിയ “നിന്നോടു മാത്രം” എന്ന കവിത വായിച്ചപ്പോഴാണു്. ശ്രീ. നീലമ്പേരൂർ മധുസൂദനൻ നായർ ക്കും ശ്രീ. കെ. വാസുദേവൻനായർക്കും ശ്രീ. ഓമല്ലൂർ രാജരാജവർമ്മയ്ക്കും കാവ്യതന്ത്രികൾ ചലിപ്പിക്കാൻ കഴിയും (മലയാളനാട്ടിലെയും ദേശാഭിമാനിയിലെയും കവിതകൾ). എങ്കിലും ഒരു ദോഷം. ഹേമന്തകാലത്തു മൂടൽ മഞ്ഞും നിലാവും ചേരുന്ന കാഴ്ച കണ്ടിട്ടുണ്ടോ? വേമ്പനാട്ടുകായലിൽ ചന്ദ്രിക വീണുകിടക്കുന്നതു കണ്ടിട്ടുണ്ടോ? അതുപോലെ സൗന്ദര്യം അവരുടെ കവിതകളിൽ ആവരണമിടുന്നില്ല.
മരുഭൂമിയിൽ മരം മുറിക്കുന്നവരാണത്രേ ഇന്നത്തെ നോവലെഴുത്തുകാർ. ഇല്ലാത്തതു് ഉണ്ടെന്നു സങ്കല്പിച്ചു പ്രയത്നിക്കുന്നവരെന്നു് അർത്ഥം. ഒർട്ടിഗയുടെ ഈ അഭിപ്രായം പ്രത്യക്ഷരം ശരിയല്ല. എങ്കിലും അതിൽ വളരെയേറെ സത്യമുണ്ടു്, നമ്മുടെ പല എഴുത്തുകാരും ഇങ്ങനെ മണൽക്കാട്ടിൽ മരം മുറിക്കുന്നുണ്ടു്. അവർ ഈ പാഴ്‌വേല നിറുത്തട്ടെ.