മഴക്കാലം, ഗൃഹാംഗണങ്ങളിൽ[1] ഇപ്പോൾ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടാവാം. ആ കൊച്ചു ജലാശയങ്ങൾ കാണുന്ന കൊച്ചുകുട്ടികൾക്കു് കളിവള്ളമുണ്ടാക്കി അവയിലൂടെ ഓടിക്കാൻ എന്തെന്നില്ലാത്ത കൗതുകം കാണും. അവർ കടലാസുകൊണ്ടു് വള്ളമുണ്ടാക്കി ജലാശയങ്ങളിലിടുന്നു. വേമ്പനാട്ടുകായലിൽ വള്ളമോടുന്നതുപോലെ ഈ കൊച്ചുവഞ്ചികൾ മുറ്റത്തെ തടാകങ്ങളിൽ വളരെ വേഗം സഞ്ചരിക്കുമെന്നും മറുകരയിലെത്തുമെന്നും അവർ വിചാരിക്കുന്നു. കടലാസുതുണ്ടുകളും ഇലകളും പൂക്കളും അവർ അതിൽ കയറ്റിവയ്ക്കുന്നു. പക്ഷേ, കളിവള്ളം അനങ്ങുകയില്ല. കാറ്റടിച്ചാൽ അതു് ഒന്നു ചലിച്ചെന്നുവരും. അത്രമാത്രം. കുട്ടികൾക്കു് ഇച്ഛാഭംഗം, അവരുടെ ഇച്ഛാഭംഗം കാണുന്ന നമുക്കും നൈരാശ്യം. ഈ ബാല്യകാലകൗതുകം കാണിക്കുന്ന കുട്ടികൾ ഇന്നു വളരെപ്പേരുണ്ടു്. വാരികകളാകുന്ന ജലാശയങ്ങൾ കാണുമ്പോൾ കലാസൃഷ്ടികളാകുന്ന കള്ളിവള്ളങ്ങളോടിക്കാൻ അവർക്കു വല്ലാത്ത ആഗ്രഹം. പക്ഷേ, അവർക്കും നമുക്കും വിഷാദം. ജൂൺ ആറാം തീയതിയിലെ ‘ജനയുഗം’ വാരികയിൽ കുമാരി പി. എം. ഉമയെഴുതിയ “സ്വപ്നങ്ങൾ” എന്ന ചെറുകഥ നോക്കുക. ആയിരമായിരം പ്രാവശ്യം പലരും കൈകാര്യം ചെയ്ത ഒരു പഴഞ്ചൻ വിഷയമെടുത്തു് ഈ പെൺകുട്ടിയും പ്രതിപാദനം ചെയ്യുന്നു. ഒരു യുവാവിനു് ഒരു ബാലികയോടു സ്നേഹം. അവളെ മറ്റൊരുവൻ വിവാഹം കഴിക്കുന്നു. അപ്പോൾ യുവാവിനു ദുഃഖം, എങ്കിലും അവൾക്കയാൾ എല്ലാ ഭാവുകങ്ങളും നേരുന്നു. പ്രതിപാദ്യവിഷയത്തിന്റെയും പ്രതിപാദനരീതിയുടെയും ചിരപരിചിതസ്വഭാവം മാത്രമല്ല അനുവാചകനു് വൈരസ്യം ഉളവാക്കുന്നതു്. കാമുകിയെ ദേവിയായും കാമുകനെ ദേവനായും കരുതുന്ന ഒരുതരം ‘സ്റ്റുപ്പിഡിറ്റി’യുണ്ടല്ലോ! അതു് ഈ കഥയിലെവിടെയും ദൃശ്യമാണു്. “ദേവീ! ഭഗവതീ! എന്റെ ദേവിയെ മറ്റു ദേവന്മാരാരും വന്നു തട്ടിക്കൊണ്ടുപോകല്ലേ” കാമുകൻ പ്രാർത്ഥിക്കുകയാണു്. സമ്പൂർണ്ണതയിലെത്തിച്ചേരാൻ പ്രയാണം ചെയ്യുന്ന മനുഷ്യനു് സാഹായ്യമരുളുന്നവയാണു് കലാസൃഷ്ടികൾ, ഇത്തരം ചെറുകഥകൾ അവനെ മരണത്തിലേയ്ക്കേ കൊണ്ടുചെല്ലു. എങ്കിലും നമുക്കു ക്ഷമിക്കാം. തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥിനിയാണു് ഉമ. ഒരു പെൺകുട്ടിയുടെ “കടലാസുവഞ്ചിനിർമ്മാണം” എന്ന നിലയിൽ ഈ അപരാധം ക്ഷമിക്കത്തക്കതാണു്. ഒരു ഉപദേശം. ഇനിയും കളിവള്ളമുണ്ടാക്കുമ്പോൾ പഴഞ്ചൻ പ്രേമത്തിന്റെ താളുകൾ കീറി അതിൽ നിറച്ചുവയ്ക്കാതിരിക്കു.
[1] അംഗണം എന്നതു് ശരിയായ രൂപം. അങ്കണം എന്നെഴുതുന്നതു് തെറ്റു്. ശ്രീ. കുട്ടിക്കൃഷ്ണമാരാരുടെ ഗ്രന്ഥത്തിന്റെ പേരു ശരിയായി എഴുതുകയാണെങ്കിൽ “രാജാംഗണം” എന്നുവരും. “രാജാങ്കണം” എന്നു കാണുന്നതു് തെറ്റു്.
ഞാനൊരുദിവസം തിരുവനന്തപുരത്തെ ഒരാഫീസിലേയ്ക്കു ചെന്നപ്പോൾ അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽനിന്നു് ഒരു പരിചയക്കാരൻ തേങ്ങിക്കരയുന്നതു കണ്ടു. സഹതാപത്തോടെ ഞാൻ കാര്യം അന്വേഷിച്ചു. അയാൾ മറുപടി നൽകി: “എന്റെ സഹോദരിക്കു സുഖമില്ല.”
- ഞാൻ:
- എന്താണു് സുഖക്കേടു്?
- അയാൾ:
- എന്തു കഴിച്ചാലും ഛർദ്ദിക്കുന്നു.
- ഞാൻ:
- ഡോക്ടറെ കാണിച്ചില്ലേ?
- അയാൾ:
- കാണിച്ചു. മരുന്നുതന്നു. അവൾ താമസിക്കുന്ന … ലോഡ്ജിന്റെ ഉടമസ്ഥ ദയാശൂന്യയായി പെരുമാറുന്നു. ഉടനെ മാറിക്കൊടുക്കണമെന്നു നിർബ്ബന്ധിക്കുകയാണു്. അതുകൊണ്ടു് … എന്നസ്ഥലത്തു് ഒരു വീടു് വാടകയ്ക്കെടുത്തു് അവളെ അങ്ങോട്ടു മാറ്റി. സഹായത്തിനുവേണ്ടി മൂത്തചേച്ചിയെ ഇങ്ങോട്ടുകൊണ്ടുവരാൻ കമ്പിയടിച്ചിട്ടു് നില്ക്കുകയാണു്.
സുഖമില്ലാത്ത സഹോദരിക്കു് ഈ ആഫീസിലാണു് ജോലി. ഞാൻ അയാളെ ആശ്വസിപ്പിച്ചിട്ടു് യാത്ര പറഞ്ഞുപോയി. ഉദ്യോഗം നേടാൻവേണ്ടി യത്നിച്ചപ്പോൾ കിട്ടിയതാണു് അവൾക്കു് ആ അസുഖമെന്നു മനസ്സിലാക്കാൻ എനിക്കു് ഒരു പ്രയാസവുമുണ്ടായില്ല. കുറെക്കാലത്തേയ്ക്കു് അവളെ ഞാൻ കണ്ടില്ല. ഒരു ദിവസം യാദൃച്ഛികമായി ഞാനവളെ റോഡിൽവച്ചു കണ്ടു. കാണാത്ത മട്ടു് അഭിനയിച്ചു് പോകാൻ ഞാൻ ശ്രമിച്ചെങ്കിലും അവൾ എന്നെ തടഞ്ഞുനിറുത്തി. അവൾക്കു് ഉദ്യോഗം കൊടുത്തയാളിന്റെ പേരുപറഞ്ഞിട്ടു് ഇങ്ങനെ ആക്രോശിച്ചു “…നെ സാർ നേരിട്ടറിയുമോ? പരമദുഷ്ടൻ, നീചൻ, ദ്രോഹി.” വികാരപാരവശ്യത്താൽ അവൾ ബോധശൂന്യയായി റോഡിൽ വീഴുമെന്നു് എനിക്കു തോന്നി. ഞാൻ മറുപടിയൊന്നും പറയാതെ വളരെ വേഗത്തിൽ നടന്നുപോയി. അവൾ ദർശനപഥത്തിൽനിന്നു് അകന്നപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു. “അയാൾ പരമദുഷ്ടൻ, നീചൻ, ദ്രോഹി, സമ്മതിച്ചു. പക്ഷേ, നീയോ? നിഷ്കളങ്കയോ? നിരപരാധയോ? പച്ചവെള്ളം ചവച്ചുകുടിക്കുന്നവളോ? അറിഞ്ഞുകൊണ്ടു് നീ മാലിന്യത്തിൽ വീണവളല്ലേ? ഒരു കാലത്തു് സുന്ദരിയായിരുന്ന നീ ഇന്നു് ഇങ്ങനെ പ്രേതത്തെപ്പോലെയായതിനു കാരണക്കാരൻ അയാൾ മാത്രമാണോ? ഒരുപക്ഷേ, നിനക്കു് ആ അസുഖം വന്നില്ലായിരുന്നെങ്കിൽ നീ പ്രമോഷനുവേണ്ടി കൊഞ്ചിക്കുഴഞ്ഞു് അയാളുടെ അടുക്കൽത്തന്നെ എത്ര പ്രാവശ്യം പോകുമായിരുന്നു!” പുരുഷൻ ചതിക്കുന്നവനാണു്, ക്രൂരനാണു്, സമ്മതിച്ചു. പക്ഷേ, അതു മനസ്സിലാക്കി സ്ത്രീ അകന്നു നില്ക്കേണ്ടവളല്ലേ? ദാഹം തീർക്കാൻ, വിശപ്പുമാറ്റാൻ, കൊള്ളയടിക്കാൻ പുരുഷൻ സ്ത്രീയെ സമീപിക്കുന്നു. അപ്പോൾ അയാളിൽനിന്നു് അകലാതെ നില്ക്കുന്ന സ്ത്രീക്കും ദാഹം തീർക്കാനുണ്ടു്, വിശപ്പുമാറ്റാനുണ്ടു്, കൊള്ളയടിക്കാനുണ്ടു്. അതൊക്കെ നടത്തിയിട്ടു്, ആപത്തു് സംഭവിച്ചുവെന്നു കാണുമ്പോൾ പുരുഷനെ മൃഗമെന്നും ദുഷ്ടനെന്നും വിളിക്കുന്നതിൽ ഒരർത്ഥവുമില്ല. ഈ സത്യം മനസ്സിലാക്കിയിരിക്കുന്നു കുങ്കമം വാരികയിൽ (ലക്കം 38) “രാവണൻ” എന്ന ചെറുകഥയെഴുതിയ ശ്രീ. പിണ്ടാണി എൻ. ബി. കുളക്കടവിൽ നഗ്നയായിനിന്ന അമ്മുവിനെക്കണ്ടപ്പോൾ ഉന്മാദത്തോളം എത്തിയ ഒരുവൻ അവളെ ആലിംഗനം ചെയ്തു. അവൾ രംഭ, അയാൾ രാവണൻ. രാവണനെ ഭ്രാന്തനായിക്കരുതി ആളുകൾ മുറിയിലിട്ടു പൂട്ടി. ആ മുറിയിൽ കിടന്നുകൊണ്ടും അയാൾ കേൾക്കുന്നതു ലൈംഗികത്വത്തോടു ബന്ധപ്പെട്ട ശബ്ദങ്ങൾതന്നേ. അയാളുടെ ഉന്മാദം കൂടിയതിലെന്തുണ്ടു് അദ്ഭുതം? അയാൾ ചങ്ങലപൊട്ടിച്ചു് വെളിയിൽ ചാടിയതിനു കുറ്റം പറയാനെന്തിരിക്കുന്നു? അയാളുടെ രാവണത്വത്തിനു കാരണക്കാരി സ്ത്രീതന്നെ, ഈ ആശയത്തിനു് ഒട്ടൊക്കെ ആകർഷകമായ രൂപം നല്കിയിരിക്കുന്നു കഥാകാരൻ. ചേട്ടന്റെ മകളെ, ആ ബന്ധുത്വത്തെക്കുറിച്ചു് ഒരറിവുമില്ലാതെ ആപന്നസത്ത്വയാക്കുന്ന ഒരുവന്റെ കാമത്തെ ചിത്രീകരിക്കുന്ന റേഡിയോനാടകമാണു് “പാപികൾ”. കുങ്കുമം വാരികയെ മലിനമാക്കുന്ന ഈ റേഡിയോനാടകത്തിൽ കലയില്ല. ജീർണ്ണതയിലെത്തിയ, വിഷാദാത്മകത്വം ഗ്രസിച്ച സമകാലികജീവിതത്തെ രണ്ടു വ്യക്തികളിലൂടെ ചിത്രീകരിച്ചു് അവരുടെ അന്ധകാരമയമായ ജീവിതത്തിലേക്കു പ്രത്യാശയുടെ ഒരു കിരണം പ്രസരിപ്പിക്കുകയാണു് ശ്രീ. കിരാതദാസ്. അദ്ദേഹത്തിനു കഴിവുണ്ടു്. ഗുന്തർഗ്രസ്സ്, കഫ്ക, യോനസ്കൂ, ബെക്കറ്റ് എന്നിങ്ങനെ സായ്പന്മാരുടെ പേരുകൾ പറഞ്ഞു് ആളുകളെ “മലർത്താ”മെന്ന തെറ്റിദ്ധാരണ അദ്ദേഹം ഉപേക്ഷിക്കട്ടെ. പറയാനുള്ള വസ്തുത കൃത്രിമത്വമില്ലാതെ പറയട്ടെ. എങ്കിൽ അദ്ദേഹത്തിനു നല്ല കഥകളെഴുതാൻ സാധിക്കും. ഇരുപത്തിയഞ്ചു വർഷം മുമ്പു് ബഹുജനം എഴുത്തുകാരന്റെ പിന്നിലായിരുന്നു, അന്നു ചിലരൊക്കെ ബർനാഡ്ഷാ, ചെക്കോവ്, പ്രൂസ്ത് എന്നിങ്ങനെ പേരുകൾ പറഞ്ഞു ആളുകളെ വിസ്മയിപ്പിച്ചിരുന്നു. ഇക്കാലത്തു് അതു് ചിലവാക്കുകയില്ല. ബഹുജനം എഴുത്തുകാരന്റെ മുൻപിൽ നില്ക്കുന്നു ഇപ്പോൾ. പേരുകൾ പറഞ്ഞു് ഒരു മനുഷ്യനെയും ഇന്നു വിസ്മയിപ്പിക്കാനൊക്കുകയില്ല!

ശുചീന്ദ്രത്തുനിന്നു് അഞ്ചുമൈൽ കിഴക്കോട്ടുപോയാൽ അഴകപ്പാപുരമെന്നസ്ഥലത്തെത്താം. ജലം കിട്ടാത്ത മരുഭൂമിക്കു സദൃശമായ സ്ഥലത്തു് ഞാൻ ഒരു വർഷം താമസിച്ചു. തസ്ക്കരപ്രമാണിയായ ജംബുലിംഗം ഞാൻ താമസിച്ചിരുന്ന വീടു് ഒരു കാലത്തു് കൊള്ളയടിച്ചുപോലും. ആ വീട്ടിൽ നിന്നു നോക്കിയാൽ അങ്ങകലെ ഒരു മല കാണാം. ഒരു ദിവസം ഞാൻ ആ മലയുടെ മുകളിൽ ചെന്നുചേർന്നു. ഉടയെന്നു വിളിക്കുന്ന ഒരുതരം മുള്ളുകൾകൊണ്ടു് എന്റെ കാലുകളാകെകീറി ചോരയൊലിക്കുന്നുണ്ടു്. രക്തമൊഴുകുന്ന കാലുകളോടുകൂടി ഞാൻ ആ മലയുടെ മുകളിൽ ചെന്നപ്പോൾ അവിടെയുള്ള ഒരു മണ്ഡപത്തിൽ രണ്ടു സംന്യാസികൾ കിടക്കുന്നുണ്ടായിരുന്നു. ഞാനവരോടു് തമിഴിലും മലയാളത്തിലുമായി പലതും ചോദിച്ചു. പക്ഷേ, അവർ ഒരു വാക്കുപോലും മറുപടി നല്കിയില്ല. അവരുടെ ആ വാക്സ്തംഭം എന്നെ വിഷമിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലോ. എങ്കിലും ഒരാശ്വാസമുണ്ടായി. ഒരു സംന്യാസി എഴുന്നേറ്റു് ഒരു പച്ചില പറിച്ചു കൊണ്ടുവന്നു എന്റെ ഉള്ളങ്കാലിൽ തേച്ചു. എന്തൊരദ്ഭുതം! ഉടനെ രക്തപ്രവാഹം നിന്നു: മുറിവു കൂടിച്ചേർന്നു. “മുറിവൊട്ടി” എന്നു വിളിക്കപ്പെടുന്ന ഔഷധവീര്യമുള്ള ഒരു പച്ചിലയാണു് അതെന്നു് പിന്നീടു ഞാൻ മനസ്സിലാക്കി. എന്റെ ക്ഷതം മാറ്റിയ സംന്യാസിയോടു പിന്നെയും കൃതജ്ഞതയോടെ ഞാൻ സംഭാഷണത്തിനു് ആരംഭിച്ചു. ഫലമില്ല. അദ്ദേഹമോ കൂട്ടുകാരനോ മിണ്ടിയതേയില്ല: ഞാൻ നാലുപാടും നോക്കി; എങ്ങും നിശ്ശബ്ദത. പർവ്വതപംക്തികളാകെ നിശ്ശബ്ദം. ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന മൺകോട്ടയിലും അവയിൽ വളർന്നു നിന്നിരുന്ന ഉടവൃക്ഷങ്ങളിലും നിശ്ശബ്ദത: അന്തരീക്ഷത്തിലും ഭൂവിഭാഗങ്ങളിലും നിശ്ശബ്ദത. ആ നിശ്ശബ്ദതയല്ലേ ഞാൻ ആ സംന്യാസിമാരിലും കണ്ടതു്? അതേ ഇതാ തിരുവനന്തപുരത്തു ഇരുന്നു് ഇതെഴുതുമ്പോഴും നിശ്ശബ്ദതയാണെവിടെയും. അലകടലിൽ തരംഗങ്ങൾകൊണ്ടു ഒരു നേരിയ ശബ്ദമുണ്ടെങ്കിലും കടലിന്റെ ഗാംഭീര്യവും വൈപുല്യവും ഓർമ്മിക്കുമ്പോൾ അവിടെയും നിശ്ശബ്ദതതന്നെ. കലാസൃഷ്ടികളും വിഭിന്നങ്ങളല്ല. രാമായണ ത്തിൽ, ഭാരത ത്തിൽ, ഇലിയഡി ൽ അമ്പുകൾ ചീറിപായുന്ന ശബ്ദം ഞാൻ കേൾക്കുന്നുണ്ടു്. പക്ഷേ, സീത യുടെയും ദ്രൗപദി യുടെയും ഹെലന്റെ യും സൗന്ദര്യം കൊണ്ടുളവാകുന്ന നിശ്ശബ്ദതയിൽ ആ നിസ്സാരശബ്ദം വിലയം കൊള്ളുന്നു. മൃത്യുവിനെക്കുറിച്ചെഴുതിയ കാവ്യങ്ങൾ വായിക്കുക. മൃത്യുവിന്റെ ശാന്തതയും നീരവതയും നമുക്കനുഭവിക്കാം. ഉദാഹരണം ഷെല്ലി യുടെ വിലാപകാവ്യം. കുമാരനാശാന്റെ പ്രരോദനം. മൃത്യുവിനെക്കുറിച്ചു കഥയെഴുതുന്ന ശ്രീ. ജയനാരായണനാകട്ടെ വാചാലതയിൽ മുഴുകുന്നു (മാതൃഭൂമി-അഹംമൃത്യു എന്ന കഥ). അദ്ദേഹം മരണത്തിന്റെ ഉദാത്തതയെ ലംഘിക്കുന്ന മട്ടിൽ വാവദുകതയിൽ മുഴുകുന്നു. പ്രശാന്തഭാവം കൈക്കൊണ്ടു ജീവിതത്തിന്റെ ക്ഷതമുണക്കുന്ന ഒരു ഹരിതപത്രമാണു് കല. ജയനാരായണൻ മാത്രമല്ല, വാവദുകതയിൽ ആഹ്ലാദിക്കുന്ന എല്ലാ എഴുത്തുകാരും അറിയേണ്ട പരമാർത്ഥമാണതു്.

സലോമി നർത്തകിയായിരുന്നു. അവൾ ചേതോഹരമായി നൃത്തം ചെയ്തതു് എന്തിനു്? കലയുടെ സുന്ദരപ്രപഞ്ചം സൃഷ്ടിക്കാനോ? അല്ല. രാജാവിന്റെ വശത്താക്കാൻ. അങ്ങനെ ജോണിന്റെ തല അറുത്തെടുത്തു് തളികയിൽ വച്ചു നോക്കി നോക്കി ആഹ്ലാദിക്കാൻ. വസ്തുക്കളെയും സംഭവങ്ങളെയും വ്യക്തികളെയും “ഉപയോഗിത” എന്ന വീക്ഷണപഥത്തിലൂടെ നോക്കാൻ സ്ത്രീയെ പ്രേരിപ്പിക്കുന്ന മാനസികനില ഇവിടെ പ്രകടമാണു്. ഏതു സ്ത്രീ കഥയെഴുതിയാലും ഈ അംശം കടന്നുവരും. അതില്ലാതെ വരണമെന്നുണ്ടെങ്കിൽ അവൾ എമിലി ബ്രോണ്ടി യെപ്പോലെ, വർജീനിയാ വൂൾഫി നെപ്പോലെ പ്രതിഭാശാലിനിയായിരിക്കണം. പക്ഷേ, ബ്രോണ്ടിയും വൂൾഫും കാലപ്രവാഹത്തിലെ ആവർത്തിക്കപ്പെടാത്ത ബിന്ദുക്കളാണു്. വതറിംഗ് ഹൈറ്റ്സ് പോലെയൊരു നോവൽ ഇനി ഉണ്ടാകുക സാദ്ധ്യമല്ല (വുതറിംഗ് എന്ന ഉച്ചാരണം തെറ്റു്). ഇക്കാരണങ്ങളാൽ ‘മലയാളനാടു്’ വാരികയുടെ 3-ാം ലക്കത്തിൽ “മുള്ളുകൾ മുറിവുകൾ’ എന്ന ചെറുകഥയെഴുതിയ ശ്രീമതി എം. ഡി. രത്നമ്മയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. സരളയെന്ന യുവതി ഒരു കോളേജിൽ മലയാളമദ്ധ്യാപികയായിവരുന്നു. മൂന്നുമാസത്തേക്കുള്ള നിയമനം. അവളെ ശ്രീകുമാരൻ എന്ന അദ്ധ്യാപകൻ സ്നേഹിക്കുന്നു. തന്റെ പ്രയാസങ്ങളെക്കരുതി ആ സ്നേഹത്തെ അംഗീകരിക്കാതെ അവൾ തിരിച്ചുപോകുന്നു. പ്രേമത്തെയും പ്രേമത്തെ ആപ്സദമാക്കിയുള്ള മറ്റു ചപലവികാരങ്ങളെയും ആലേഖനം ചെയ്യുന്ന ഇത്തരം ‘റബ്ബർസ്റ്റാമ്പ്’ സാഹിത്യം കണ്ടു് ഞങ്ങളൊക്കെ മടുത്തു കഴിഞ്ഞു. അതിനെക്കുറിച്ചു് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു് ഞാനും വായനക്കാരെ മുഷിപ്പിക്കുന്നു. എന്തുചെയ്യാം കഥകൾ ഒരേരീതിയിലാകുമ്പോൾ വിമർശനവും ഒരേ രീതിയിലാകും. കാമുകനെ അന്വേഷിച്ചു പോകുന്ന കാമുകി ദേവുവിനോടു് അയാളുടെ അച്ഛനമ്മമാർ പറയുന്നു അയാൾ യുദ്ധത്തിൽ മരിച്ചുപോയിയെന്നു്. ഇതാണു് ശ്രീ. ബാലകൃഷ്ണൻ മാങ്ങാടു് “ചന്ദ്രിക”വാരികയിലെഴുതിയ “ഇരുൾവീണവഴി” എന്ന കഥയുടെ സാരം. ഈ ലോകത്തു നന്മയെ നാം അംഗീകരിക്കുന്നു. തിന്മയെ സഹിക്കുന്നു. കലാരാഹിത്യത്തിന്റെ ഈ തിന്മയെ നാം സഹിക്കുക.

‘നവയുഗ’ വാരികയുടെ 48-ാം ലക്കത്തിൽ ശ്രീ. പി. ടി. ഭാസ്ക്കരപ്പണിക്കർ “കമ്മ്യുണിസ്റ്റ് സാഹിത്യകാരന്മാരോടു്” എന്നൊരു ലേഖനമെഴുതിയിട്ടുണ്ടു്. പുരോഗമനസാഹിത്യപ്രസ്ഥാനം, ആധുനികത എന്നിവയെയെല്ലാം അപഗ്രഥിച്ചിട്ടു് അദ്ദേഹം കമ്മ്യുണിസ്റ്റ് സാഹിത്യകാരന്മാരുടെ കടമകൾ എന്തെല്ലാമെന്നു് പറയുന്നു. അവ (1) പ്രത്യയശാസ്ത്രപരമായ സമരത്തിനു പ്രാധാന്യമുണ്ടെന്നു കാണുക. (2) ബഹുജനത്തിന്റെ ബോധം ഉയർത്താനുതകുന്ന സാഹിത്യസൃഷ്ടികൾ രചിക്കുക: അവയെ പ്രോത്സാഹിപ്പിക്കുക. (3) യോജിക്കാവുന്നവരോടു യോജിക്കുക. പക്ഷേ, കമ്മ്യുണിസ്റ്റ് വീക്ഷണം കൈവിടാതിരിക്കുക. (4) മലയാളത്തിൽ ഒരു വിപ്ലവസാഹിത്യപ്രസ്ഥാനം ഉണ്ടാക്കുക. അതിനു ബഹുജനസംഘടനകളുമായി ഐക്യമുണ്ടാക്കുക.
സംഗീതം, സാഹിത്യം തുടങ്ങിയവ സമുദായത്തിലെ ഉപരിഘടനകളാണെന്നും അവയുടെ ഉന്നതാവസ്ഥയിൽ സമുദായവുമായുള്ള ബന്ധം അവ ഉപേക്ഷിച്ചുകളയുന്നുവെന്നും മാർക്സ് പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിനു് ആ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടു് ഷേക്സ്പിയറി നേയും മറ്റും ബഹുമാനിക്കാൻ കഴിഞ്ഞിരുന്നു. മാർക്സ് ഷേക്സ്പിയറിന്റെ പല നാടകങ്ങളും ഹൃദിസ്ഥമാക്കിയിരുന്നുവെന്നും വികാരവിവശനായി മറ്റുള്ളവരെ അവ ചൊല്ലിക്കേൾപ്പിക്കുമായിരുന്നുവെന്നും ഞാൻ വായിച്ചറിഞ്ഞിട്ടുണ്ടു്. പ്രചാരണാംശം കൂടിയ സാഹിത്യകൃതികളെ നിന്ദിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ലെനിൻ, ഗോർക്കി എന്നിവർ കമ്മ്യൂണിസ്റ്റ് സംസ്ക്കാരം വേറെ, സാഹിത്യസംസ്ക്കാരം വേറെ എന്നു വിശ്വസിച്ചിരുന്ന മഹാന്മാരാണു്. മറ്റൊരു തരത്തിൽ പറയാം. സാഹിത്യസൃഷ്ടിക്കു് അതിന്റെതായ നിയമങ്ങളുണ്ടു്. അവ വച്ചുവേണം സാഹിത്യസൃഷ്ടിയെ അളന്നുനോക്കാൻ. സാമൂഹികമൂല്യങ്ങൾ കൊണ്ടു് സാഹിത്യസൃഷ്ടിയെ അളക്കുന്നതു് ശരിയല്ല. ഈ വീക്ഷണഗതിയാണെന്നു തോന്നുന്നു പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ക്കുമുളളതു്. ഇന്നലെ (31-5-1971) പ്രസിദ്ധപ്പെടുത്തിയ “ആശാൻ കവിത-ഒരു പഠനം” എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വായിച്ചുനോക്കിയിട്ടും ഈ അഭിപ്രായം തെറ്റാണെന്നു തോന്നുന്നില്ല. ശ്രീ. ഭാസ്കരപ്പണിക്കരാകട്ടെ മാർക്സിസത്തിന്റെ നിയമങ്ങൾ കൊണ്ടു് സാഹിത്യസൃഷ്ടികളുടെ മൂല്യം നിർണ്ണയിക്കേണ്ടതാണെന്നു് അഭിപ്രായപ്പെടുന്നു. ഈ മതത്തിന്റെ സാധുതയെക്കുറിച്ചോ അസാധുതയെക്കുറിച്ചോ ഇപ്പോൾ വിചാരിക്കേണ്ടതില്ല. തനിക്കു പറയാനുള്ളതു് വ്യക്തമായി, ലളിതമായി ആവിഷ്ക്കരിച്ചിട്ടുണ്ടു് ലേഖകൻ. ആ വ്യക്തതയ്ക്കും ലാളിത്യത്തിനും വേണ്ടി നാം അദ്ദേഹത്തെ അഭിനന്ദിക്കുക.

മനുഷ്യൻ ആദ്ധ്യാത്മികസ്വാതന്ത്ര്യമാർജ്ജിക്കുന്നതോടെ സമ്പൂർണ്ണതയിലെത്തുന്നുവെന്നു് ശ്രീ. പി. കുഞ്ഞിരാമൻ നായർ വിശ്വസിക്കുന്നു. ആ വിശ്വാസം ദൃഡീഭവിച്ചതുകൊണ്ടു് അദ്ദേഹത്തിന്റെ പല കവിതകളും ആവർത്തനങ്ങളായി ഭവിക്കുന്നുണ്ടു്: എങ്കിലും കവിയുടെ ഭാവനാവിലാസം എവിടെയും ദൃശ്യമത്രേ. മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ “സാന്ധ്യകിരണങ്ങളിലും” ഇതുണ്ടു്.
“താരകളോടിനടക്കും വാനി-
ലുദിക്കും ചന്ദ്രക്കലപോലെ
ചെല്ലചെറുകാറ്റുമ്മകൊടുക്കും
മുല്ലപ്പന്തലിലവൾ നിന്നൂ!
ആറ്റിൻ വെണ്മണൽ മുടിപ്പാഞ്ഞൂ
കുരുതികലക്കും മലവെള്ളം
കോടിയുടുത്തീപ്പടി കേറിപ്പോയ്
പ്പൊൻ ചിങ്ങത്തിൽ വെയിൽനാളം”
ഇവിടെ സാന്മാർഗ്ഗികവും മതപരവും ബുദ്ധിപരവുമായ മൂല്യങ്ങളെക്കാൾ സൗന്ദര്യത്തിന്റെ മൂല്യങ്ങൾക്കാണു് പ്രാധാന്യം: ആധ്യാത്മികസ്വാതന്ത്ര്യത്തിനുള്ള അഭിലാഷം പോലും സൗന്ദര്യത്തിനു വിധേയമായിരിക്കുന്നു എന്നതാണു കുഞ്ഞിരാമൻ നായരുടെ കവിതയ്ക്കുള്ള സവിശേഷത.
അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു്, ജീവിതത്തിന്റെ പ്രാഥമികശക്തികളെ പ്രസരിപ്പിച്ചു് നില്ക്കുന്ന മനുഷ്യനെക്കുറിച്ചു ശ്രീ. നീലമ്പേരൂർ പാടുന്നു. ഒരാധ്യാത്മികവിപ്ലവത്തിനു്, സാന്മാർഗ്ഗിക വിപ്ലവത്തിനാണു് അദ്ദേഹത്തിന്റെ ആഹ്വാനം. നീലമ്പേരൂരിന്റെ കവിതയ്ക്കു് (സ്വതന്ത്രൻ-ജനയുഗം) ശക്തിയുണ്ടു്. “കൊച്ചുരാമൻ” എന്ന ഒരു പാവപ്പെട്ട വിദ്യാർത്ഥിയെ അവതരിപ്പിച്ചു ജീവിതക്ലേശം മുഴുവൻ ചിത്രീകരിക്കുന്ന ഗോപാലകൃഷ്ണൻ, കോലഴി കവിഹൃദയമുള്ളയാളാണു്. അതിഭാവുകത്വം ഒഴിവാക്കിയിരുന്നെങ്കിൽ. അദ്ദേഹത്തിന്റെ കവിത (നവയുഗം) കൂടുതൽ ഹൃദയാവർജ്ജകമായേനേ.

അന്തരീക്ഷത്തിൽ നക്ഷത്രരത്നങ്ങൾ വാരിയെറിഞ്ഞ ശക്തിവിശേഷം ഭൂമണ്ഡലത്തെ അവഗണിച്ചതു ശരിയോ? ഇല്ല. അവഗണിച്ചില്ല. ഭൂമിയിലെ രത്നങ്ങൾ നക്ഷത്രങ്ങളെപ്പോലെ തേജസ്സുള്ളവയാണു്. ആ രത്നങ്ങൾ കൊണ്ടെന്തു പ്രയേജനം? നിങ്ങൾ അവയെ പൊൻനൂലിൽ കോർക്കുക. എന്നിട്ടു് നിങ്ങളുടെ സ്നേഹഭാജനത്തിന്റെ കഴുത്തിൽ അണിയിക്കുക. അപ്പോൾ അവർ മന്ദസ്മിതം പൊഴിക്കും. ആ മന്ദസ്മിതത്തിന്റെ കാന്തി ചിന്തുമ്പോഴാണു് രത്നങ്ങൾക്കു വിലയുണ്ടാകുന്നതു്. അവ ഭൂമിയിൽ വെറുതെ കിടന്നാൽ വെള്ളാരങ്കല്ലുകൾ പോലെ മൂല്യമില്ലാത്തവയാണു്. വാക്കുകളാകുന്ന രത്നങ്ങളെ ആശയത്തിന്റെ പൊൻനൂലിൽ കോർത്തു് കലാദേവതയുടെ കഴുത്തിൽ അണിയിക്കുന്നവനാണു് കവി. ആ കവിയാരു്? വള്ളത്തോൾ, ഖലീൽ ജിബ്രാൻ. ജിബ്രാൻ പറഞ്ഞു: “സമതലമാണു് പർവ്വതത്തിനു ജനനം നൽകിയതു്” ജീവിതമാകുന്ന സമതലങ്ങളിൽ നിന്നു് പർവ്വതസദൃശങ്ങളായ കലാസൃഷ്ടികൾ ഉണ്ടാകുന്നു.