
ഞാൻ ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ പ്രഭാഷണങ്ങൾ ധാരാളം കേട്ടിട്ടുണ്ടു്. ഓരോ പ്രഭാഷണവും ഓരോ കലാസൃഷ്ടിയാണു്. ഒരിക്കൽപ്പറഞ്ഞ കാര്യം അദ്ദേഹം ആവർത്തിച്ചു പറഞ്ഞതായി എനിക്കറിവില്ല. അതിൽ അദ്ഭുതപ്പെടാനെന്തിരിക്കുന്നു? പ്രതിഭാശാലികൾക്കു് ആവർത്തിക്കേണ്ട കാര്യമില്ലല്ലോ. സന്ധ്യാസമയത്തു് നിലവിളക്കിനു ചുറ്റുമിരുന്നു് നാമം ജപിക്കുന്ന പെൺകുട്ടികളെ ഒരു ചിത്രത്തിലെന്നപോലെ അവതരിപ്പിച്ചുകൊണ്ടു് അദ്ദേഹം ആരംഭിച്ച ഒരു പ്രഭാഷണം മലയാളസാഹിത്യത്തിന്റെ മനോജ്ഞമേഖലകളിലേക്കു് അനായാസമായി കയറിപ്പോയതും ശ്രോതാക്കൾ ആ മണ്ഡലങ്ങളുടെ രാമണീയകം കണ്ടു് പുളകപ്രസരം അനുഭവിച്ചതും ഞാനിന്നും വ്യക്തമായി ഓർമ്മിക്കുന്നു. പ്രതിഭയോടു ബന്ധപ്പെട്ട ഏതു സ്വാഭാവികപ്രവർത്തനവും സർഗ്ഗാത്മകമായിരിക്കും. അതുകൊണ്ടു് ചങ്ങമ്പുഴയുടെ പ്രഭാഷണങ്ങൾ കലാസൃഷ്ടികളാണെന്നു് ഒരു സംശയവും കൂടാതെ പറയാം. വേറെ ചിലരുണ്ടു്. രണ്ടോ മൂന്നോ പ്രഭാഷണങ്ങൾ എഴുതി കാണാപ്പാഠമാക്കി വയ്ക്കുന്നു. എവിടെപ്പോയാലും വള്ളിപുള്ളി വിസർഗ്ഗങ്ങൾ വിടാതെ അതു് കാച്ചിവിടുന്നു. ഒരേരീതിയിലുള്ള വാക്യങ്ങൾ, ഒറ്റ “ടോൺ”, ഒരു സ്ഥലത്തു് പ്രയോഗിച്ച നേരമ്പോക്കുതന്നെ വേറൊരു സ്ഥലത്തും. ഇത്തരം പ്രഭാഷണങ്ങൾ കലാസൃഷ്ടികളല്ല. ചങ്ങമ്പുഴയും അവരും പ്രസംഗിക്കുന്നതു് സാഹിത്യത്തെക്കുറിച്ചുതന്നെ. പക്ഷേ, ചങ്ങമ്പുഴയുടെ പ്രഭാഷണം ശ്രോതാവിനെ ആഹ്ലാദത്തിലൂടെ ഉന്നമിപ്പിക്കുന്നു. കാണാപ്പാഠമാക്കിയ ആളിന്റെ പ്രസംഗം അയാളെ വൈരസ്യത്തിലൂടെ അധഃപതിപ്പിക്കുന്നു. പ്രഭാഷണത്തെക്കുറിച്ചു ഞാൻ പറഞ്ഞ ഈ സത്യം കലയ്ക്കും ചേരുന്നതാണു്. മോപ്പസാങ്ങി ന്റെ “My landlady” എന്നൊരു ചെറുകഥയുണ്ടു്. അതിന്റെ കഥ സംഗ്രഹിച്ചെഴുതാം.

നിയമം പഠിക്കാൻ പാരീസിലെത്തിയ ഒരു യുവാവു് നാല്പതുവയസ്സു പ്രായമുള്ള ഒരു സ്ത്രീയുടെ ലോഡ്ജിൽ താമസമുറപ്പിച്ചു. അവർ സാമാന്യത്തിലധികം തടിച്ച സ്ത്രീയായിരുന്നു. ലോഡ്ജിലുള്ളവരെ സ്വന്തം കുട്ടികളെപ്പോലെ കരുതി അവരെ ശാസിച്ചിരുന്ന ആ ലോഡ്ജ് ഉടമസ്ഥയെ എല്ലാവരും പേടിച്ചു. കഥാനായകനായ യുവാവിനും അവരെ പേടിയാണു്. എങ്കിലും അയാൾ ചില സ്വാതന്ത്ര്യമൊക്കെ കാണിക്കും. ചിലപ്പോൾ അയാൾ അവരെ ബലാൽക്കാരമായി ചുംബിക്കും. അങ്ങനെയുള്ള അവസരങ്ങളിൽ ചുംബനത്തിനു വിധേയയായിക്കൊണ്ടു് അവർ അയാളെ പിടിച്ചുതള്ളുകയും അടിക്കുകയും ഒക്കെച്ചെയ്യും. ഒരു ദിവസം രാത്രി യുവാവു് ഒരു പെൺകുട്ടിയെ ലോഡ്ജിൽ കൂട്ടിക്കൊണ്ടുവന്നു. അല്പംപോലും ശബ്ദമുണ്ടാക്കാതെ അവർ കോണിപ്പടി കയറി. മുറിയിലെത്തിയയുടനെ യുവാവു് അവളുടെ വസ്ത്രങ്ങൾ മാറ്റാൻ തുടങ്ങി, ഒടുവിൽ ഒരു ‘പെറ്റിക്കോട്ടു് ’ മാത്രം ധരിച്ചുകൊണ്ടു് അവൾ നില്ക്കുകയാണു്, പെട്ടെന്നു് വാതൽ തള്ളിത്തുറന്നുകൊണ്ടു് ലോഡ്ജിന്റെ ഉടമസ്ഥ അവിടെ പ്രവേശിച്ചു. അവരും പെറ്റിക്കോട്ടു് മാത്രമേ ധരിച്ചിട്ടുള്ളു. അവർ ഗർജ്ജിച്ചു: “എന്റെ ലോഡ്ജിൽ വേശ്യകളെ കൊണ്ടുവരാൻ പാടില്ല.” യുവാവു് മറുപടി നല്കി: “ഇവൾ എന്റെ കൂട്ടുകാരിയാണു്. ചായകുടിക്കാനാണു് ഇവിടെ വന്നതു്”. ഉടമസ്ഥ വീണ്ടും ഗർജ്ജിച്ചു: “ചായകുടിക്കുന്നതു് പെറ്റികോട്ടു് മാത്രം ധരിച്ചുകൊണ്ടാണോ? നിങ്ങൾ ഇവളെ പറഞ്ഞയയ്ക്കൂ.” മറ്റു മാർഗ്ഗമില്ലാതെ യുവാവു് ആ പെൺകുട്ടിയോടു് പോകാൻ പറഞ്ഞു. അവൾ പോയതിനുശേഷം യുവാവു് ഉടമസ്ഥയെ സാന്ത്വനപ്പെടുത്താനായി അവരുടെ മുറിയിലേക്കുചെന്നു. അവർ പെറ്റിക്കോട്ടു് മാത്രം ധരിച്ചു് കിടക്കയിൽ മലർന്നു കിടക്കുകയാണു്. യുവാവു് അവരുടെ സ്ഥൂലങ്ങളായ അവയവങ്ങളിലേക്കു കണ്ണോടിച്ചു. പൊടുന്നനവേ അയാൾ കിടക്കയിലേക്കു ചാടിവീണു. ഹർഷാതിശയത്തോടെ, എന്നാൽ വിദ്വേഷപ്രകടനത്തോടെ, അവൻ ഞെരിഞ്ഞമരുന്ന ശബ്ദത്തിൽ പറഞ്ഞു: You Pig, You pig (പന്നി, പന്നി). ഈ കഥ ഒരുജ്ജ്വലകലാശില്പമാണെന്നു് എനിക്കഭിപ്രായമില്ല. അശ്ലീലതയാർന്ന അതിലെ പ്രതിപാദ്യവിഷയം സ്വീകരണീയമാണെന്നും എനിക്കു പക്ഷമില്ല. എങ്കിലും ഇതു വായിക്കുന്നവർക്കു് അസ്വാഭാവികമായി ഒന്നുംതന്നെ അനുഭവപ്പെടുകയില്ല. കാരണം അത്ര വിശ്വാസജനകമായി മോപ്പസാങ്ങ് കഥ പറഞ്ഞിട്ടുണ്ടു് എന്നതുതന്നെ. ഇനി മലയാളനാടു് വാരികയുടെ 10-ാം ലക്കത്തിൽ ശ്രീ. പി. കെ. നാണു എഴുതിയ “അമ്മയോ കാമുകിയോ അല്ലാത്ത” എന്ന കഥ വായിച്ചുനോക്കുക. കഥ പറയുന്നയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ തൊട്ടടുത്തുള്ള മുറിയിൽ കഴിഞ്ഞുകൂടുന്ന ഒരു മധ്യവയസ്കയെ നാണു അവതരിപ്പിക്കുന്നു. അവൾ തടിച്ചിയാണു്. അമ്മയുടെ മട്ടിൽ ഉപദേശിക്കുന്നവരാണു്. ഒരു ദിവസം കഥപറയുന്നയാൾ ഒരു പെൺകുട്ടിയെ തന്റെ മുറിയിൽ വിളിച്ചുകൊണ്ടുവന്നു അന്നുരാത്രി മുഴുവൻ അവൾ അവിടെയാണു കിടന്നതു്. അടുത്തദിവസം മധ്യവയസ്ക അയാളോടു പറഞ്ഞു: “നിനക്കതു് എന്നിൽനിന്നൊളിപ്പിച്ചുവയ്ക്കാൻ പറ്റില്ല… ഈ മുറിയിൽ വളകിലുക്കം കേട്ടിരുന്നു.” ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴുണ്ടായ സംഭവം ഇതാ കഥാകാരന്റെ വാക്കുകളിൽത്തന്നെ കേട്ടാലും:
“എന്റെ മുൻപിൽ നിർലജ്ജയായി ഈ മധ്യവയസ്ക മേലുടുപ്പുകൾ ഒന്നൊന്നായി അഴിച്ചുവച്ചു. എന്റെ മുൻപിൽ നിർലജ്ജയായി ഈ മധ്യവയസ്ക അടിയുടുപ്പുകൾ അഴിച്ചുവച്ചു. ഒരു പർവതമുണ്ടായി. ഒരു വൃക്ഷം വളർന്നു. എന്നെ വാത്സല്യാതിരേകത്തോടെ ആലിംഗനം ചെയ്തു എന്റെ കൈകൾ കൂട്ടിപ്പിടിച്ചു് അവർ കിടക്കയിൽ കയറി കാലുകൾ താഴ്ത്തിയിട്ടിരുന്നു. എന്റെ മുഖം അവരുടെ വിശാലമായ മാർവ്വിടത്തിലേക്കമർത്തി. എന്റെ ശിരസ്സിലും ചുമലിലും അവർ ഉമ്മവച്ചു ഉമ്മവച്ചു ഉമ്മവച്ചു. എന്റെ ചുണ്ടുകളിൽ മുലപ്പാലിന്റെ ഇളംമധുരം തങ്ങിനിന്നപ്പോൾ എന്റെ ഉദ്യാനത്തിൽ വളർന്നിരുന്ന വൃക്ഷം തളിർത്തുപൂത്തു.”
കുറെ വർഷങ്ങൾക്കുമുൻപായിരുന്നെങ്കിൽ, നാണു, മോപ്പസാങ്ങിന്റെ കഥ ചൂഷണം ചെയ്തുവെന്നു ഞാൻ പറയുമായിരുന്നു. ഇന്നു് അതു പറയാൻ എനിക്കു ധൈര്യമില്ല, ഭാരതത്തിലെ ഒരു സ്ത്രീയെ വർണ്ണിക്കുമ്പോൾ “മേലുടുപ്പുകൾ ഒന്നൊന്നായി അഴിച്ചുവച്ചു” എന്ന പ്രസ്താവത്തിനു് എന്തു സാംഗത്യമെന്നു് ഞാൻ അന്നു ചോദിക്കുമായിരുന്നു. ഇന്നു് അതു ചോദിക്കുന്നില്ല. ചൂഷണം ചെയ്യാതെതന്നെ അദ്ഭുതാവഹങ്ങളായ സാദൃശ്യങ്ങൾ വന്നുപോകുമെന്നു് ഈ ലേഖകനു് അഭിപ്രായമുണ്ടു്. അതു പോകട്ടെ. നാണുവിന്റെ കഥ വായിച്ചുകഴിഞ്ഞാൽ അനുവാചകനുള്ള പ്രതികരണമെന്താണു്? അതാണു പ്രശ്നം. വായനക്കാരൻ അസ്വാഭാവികതയുടെ മണ്ഡലത്തിൽ ചെന്നു നില്ക്കുന്നു. വൃക്ഷം വളരുന്നതും അതു തളിർത്തുപൂക്കുന്നതും അയാളെ ഓക്കാനത്തോളം കൊണ്ടുചെല്ലുന്നു. രൂപത്തിന്റെ സൂക്ഷ്മതയും ആഖ്യാനത്തിന്റെ ഒതുക്കവും മോപ്പസാങ്ങിന്റെ കഥയെ കലാശൂന്യതയിൽനിന്നു രക്ഷിക്കുന്നു. തേനീച്ചകൾ തേൻ ശേഖരിക്കുന്നു; ആ തേനിനു മാധുര്യം. നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു; ആ കണ്ണുചിമ്മലിനു രാമണീയകം. കാമിനി കടക്കണ്ണുകൊണ്ടു കാവ്യം രചിക്കുന്നു. ആ കാവ്യത്തിനു സൗന്ദര്യം. മോപ്പസാങ്ങ് കഥയെഴുതി സൗന്ദര്യത്തിന്റെ പ്രപഞ്ചം സൃഷ്ടിക്കുന്നു. നാണുവോ?… നിർമ്മലയുടെ “തീരങ്ങളകലുമ്പോൾ” എന്നതാണു് മലയാളനാട്ടിലെ അടുത്ത ചെറുകഥ. സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന അശ്വതി എന്ന പെൺകുട്ടിയുടെ മാനസികനിലയെ ഏതാനും വാക്യങ്ങളിൽ പ്രതിഫലിപ്പിച്ചുകാണിക്കുകയാണു് കഥാകാരി. ശൈലിയുടെ സ്പഷ്ടതയും ചടുലതയും ഈ കഥയുടെ സവിശേഷതകളാണു്, പ്രായംകുറഞ്ഞ രാമുവിനോടു് അവന്റെ ചേച്ചിയുടെ പ്രായമുള്ള ഒരു യുവതിക്കുണ്ടാകുന്ന ആഭിമുഖ്യമാണു് ഇന്ദിര എഴുതിയ “സായാഹ്നം”എന്ന കഥയിലെ പ്രതിപാദ്യവിഷയം. മനുഷ്യൻ ജീവിക്കുന്നതു് പണംകൊണ്ടല്ല. അതുളവാക്കുന്ന സുഖസൗകര്യങ്ങൾകൊണ്ടല്ല. ശ്രീ. ഏ. ബാലകൃഷ്ണപിള്ള ഒരു കൊച്ചു വീട്ടിൽ താമസിച്ചുകൊണ്ടു് മഹർഷിയുടെ സ്വസ്ഥത അനുഭവിച്ചിരുന്നു. പ്രശാന്തതയുടെ അന്തരീക്ഷം അദ്ദേഹം തനിക്കുചുറ്റും സൃഷ്ടിച്ചുവച്ചിരുന്നു. ഈ ലേഖകൻ അതു കണ്ടിട്ടുണ്ടു്. ബാലകൃഷ്ണപിള്ള ജീവിച്ചതു്. ആത്മാവുകൊണ്ടാണു്. അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ പലരുമുണ്ടു്. ഇന്ദിരയുടെ കഥ അങ്ങനെയുള്ളവരെ അസ്വസ്ഥരാക്കും… ഈ ലേഖകൻ ശ്രീ. ടി. ആർ. എഴുതുന്ന കഥകൾ നിരൂപണംചെയ്യാറില്ല. കാരണം അദ്ദേഹമെഴുതുന്നതു് എനിക്കു മനസ്സിലാകാറില്ല എന്നതുതന്നെ. മനസ്സിലാകാത്തതു് നിരൂപണം ചെയ്യാനും സാദ്ധ്യമല്ലല്ലോ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 19) അദ്ദേഹമെഴുതിയ “തുകൽവ്യാപാരി” എന്ന കഥയേക്കുറിച്ചും എനിക്കു മൗനം അവലംബിക്കാനേ കഴിയുന്നുള്ളൂ. കാളവണ്ടിയിൽ സഞ്ചരിക്കുന്ന പുരുഷോത്തമനെ ആ വണ്ടിയിൽത്തന്നെയുള്ള തുകൽവ്യാപാരി ജനങ്ങൾ അധികമില്ലാത്ത ഒരു സ്ഥലത്തു് ഇറക്കിവിടുന്നു. പുരുഷോത്തമൻ വീട്ടിലേക്കു് ഓടാൻ തീരുമാനിക്കുന്നു. ഇതാണു് കഥ. പുരുഷോത്തമനും കാളവണ്ടിയും തുകൽ വ്യാപാരിയും ഓരോ ആശയത്തിന്റെ പ്രതീകങ്ങളായിരിക്കാം. ഈ പ്രതീകങ്ങളിൽനിന്നു് ആശയങ്ങളിലേക്കു കടക്കാൻ എനിക്കു കഴിയുന്നില്ല. സ്വകീയങ്ങളായ പ്രതീകങ്ങൾക്കു കലയിൽ സ്ഥാനമുണ്ടെന്നു് ടി. ആറിനെപ്പോലുള്ള എഴുത്തുകാർ വിശ്വസിക്കുന്നു. സാർവ്വലൗകികങ്ങളായ പ്രതീകങ്ങൾക്കേ കലയിൽ സ്ഥാനം നല്കാവൂ എന്നു് മറ്റുചിലർ കരുതുന്നു. അവരുടെ വർഗ്ഗത്തിലാണു് ഈ ലേഖകന്റെ നില. ഇവർ തമ്മിലുള്ള വാദകോലാഹലങ്ങൾ ഒരിക്കലും അവസാനിക്കുമെന്നു തോന്നുന്നില്ല എങ്കിലും ഒന്നു ചോദിച്ചുകൊള്ളട്ടെ അഭിസംക്രമണക്ഷമതയില്ലാത്ത കഥ സാഹിത്യമാകുന്നതെങ്ങനെ?
സ്വകീയപ്രതീകങ്ങൾ ഉപയോഗിക്കണമെന്നു് കരുതുന്ന സാഹിത്യകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൾക്കു് ദുർഗ്രഹത വരുത്തിക്കൂട്ടുന്നതു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, പഴയ രീതിയിൽ കഥയെഴുതുന്നവർ മനുഷ്യനു മനസ്സിലാകാത്ത രീതിയിൽ എഴുതുന്നതിന്റെ അർത്ഥമെന്താണു്? “ചന്ദ്രിക” ആഴ്ചപ്പതിപ്പിൽ (ലക്കം 48) ശ്രീ. കാനേഷ് പുനൂർ എഴുതിയ “കണ്ണിന്റെ ചിപ്പിയിൽ കണ്ണീരിന്റെ മുത്തു്” എന്ന ചെറുകഥ വായിച്ചുനോക്കുക. പ്രേമഭംഗംവന്ന ഒരു യുവതിയുടെ ദുഃഖമാണു് കഥാകാരനു് ചിത്രീകരിക്കാനുള്ളതു്. പക്ഷേ, ആ കഥയിലാകെ പരസ്പരബന്ധമില്ലാത്ത കുറേ വാക്യങ്ങളേയുള്ളൂ. വായനക്കാരനു് മനസ്സിലാകാത്ത രീതിയിൽ കുറേയെന്തെങ്കിലും എഴുതിവച്ചാൽ അതു് സാഹിത്യമാകുമെന്നു് കാനേഷ് പുനൂർ ധരിച്ചുവച്ചിരിക്കുന്നു. “രാമൻ രാവിലെ ഉണർന്നു; പല്ലുതേച്ചു. അവൻ കളിച്ചു; പാഠശാലയിൽ പോയി” എന്നാണു പറയേണ്ടതെന്നിരിക്കട്ടെ. ഇക്കൂട്ടർ അങ്ങനെയല്ല പറയുക. ഇവർ സാഹിത്യം സൃഷ്ടിക്കുന്നതു് ഇങ്ങനെയായിരിക്കും: “കിടക്കയുടെ ചൂടു് അന്തരീക്ഷത്തിലെ മഞ്ഞിൽ വ്യാപിച്ചു. നിർമ്മലമായ ബ്രഷിൽ പേസ്റ്റിന്റെ പത, ടങ്ങ് ക്ലീനർ വളയുകയും നിവരുകയും ചെയ്തു, രണ്ടു കാലുകൾക്കു പിന്നിൽ ബ്ലേഡ് ഒഴുകിപ്പോയി. ദശരഥപുത്രന്റെ കണ്ണുകളെ അക്ഷരങ്ങൾ തഴുകി.” അശ്ലീലമായതിനെ നാം ആഭാസമെന്നു പറയാറുണ്ടല്ലോ? വാസ്തവത്തിൽ ആഭാസമെന്നു വിളിക്കേണ്ടതു് ഇത്തരം രചനയെയാണു്. ശ്രീ. ബക്കളം ദാമോദരന്റെ “സ്വപ്നസിംഹാസനം” എന്ന ചെറുകഥയ്ക്കും ഒട്ടൊക്കെ ഈ ദോഷമുണ്ടു്. എങ്കിലും ഭർത്താവില്ലാത്ത ഒരു യുവതിയുടെ ദുഃഖത്തെ അദ്ദേഹം അതിൽ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. (ചന്ദ്രികയിലെ കഥ) അറംഗസീബ് സെയിനാബാദിയെ സ്നേഹിച്ചതും അതിൽ അദ്ദേഹത്തിനു നൈരാശ്യമുണ്ടായതും ഒരു രസവുമില്ലാതെ ശ്രീ. നൂറുൽ അമീൻ ആഖ്യാനം ചെയ്യുന്നു. (ദേശാഭിമാനി—ഒരു പ്രേമപരീക്ഷണത്തിന്റെ കഥ) വായനക്കാരനെ “ബോറടിക്കാ’നാണു് അതിന്റെ ഉദ്ദേശ്യമെങ്കിൽ അദ്ദേഹം വിജയം പ്രാപിച്ചുവെന്നു് അസന്ദിഗ്ദ്ധമായി പ്രസ്താവിക്കാം.
കോളേജുകളിൽ അഡ്മിഷനുവേണ്ടിയുള്ള ബഹളം. ഒന്നാം ക്ലാസ്സിൽ ജയിച്ചവർക്കുപോലും പ്രവേശനം കിട്ടുന്നില്ല. അപ്പോൾ മൂന്നാം ക്ലാസ്സിൽ ജയിച്ച കുട്ടിയുടെ സ്ഥിതിയെന്തു്? സമുദായം മറുപടി നല്കുന്നു. “സമുദായത്തിനു ബുദ്ധിയുള്ള കുട്ടികളെ മാത്രം മതി” അപ്പോൾ ബുദ്ധി കുറഞ്ഞവരെ കൊല്ലണോ? മുടന്തനെ, മൂകനെ, അന്ധനെ നാം നിഗ്രഹിക്കുകയാണോ പതിവു്? അതോ സഹതാപത്തോടെ വീക്ഷിച്ചു് അവർക്കു് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നോ? അവരുടെ പേരിൽ സഹതാപമുണ്ടെങ്കിൽ അംഗവൈകല്യത്തിനു് ഏതാണ്ടു സദൃശമായ ബുദ്ധിക്കുറവിനെയും സഹതാപത്തോടെ നോക്കേണ്ടതല്ലേ? ശരിയാണു്, പക്ഷേ, ആ സഹതാപം സാഹിത്യത്തിൽ വേണ്ട. അതുകൊണ്ടാണു് ‘മനോരമ’ ആഴ്ചപ്പതിപ്പിൽ നീലിമ എഴുതിയ “സ്വപ്ന” എന്ന റൊമാന്റിക് കഥയിലെ പ്രതിഭാദാരിദ്ര്യത്തിന്റെ നേർക്കു് നിരൂപകൻ വാളെടുക്കുന്നതു്, ആയിരമായിരമാളുകൾ ആയിരമായിരം പ്രാവശ്യം പറഞ്ഞ പ്രേമത്തിന്റെ കഥ ഒരു വൈചിത്ര്യവുമില്ലാതെ ഇതാ പ്രതിപാദിക്കപ്പെടുന്നു. അതു ചെന്നുനില്ക്കുന്നതോ ഒരാന്റിക്ലൈമാക്സിൽ.

ബോംബെയിലെ വേശ്യാവൃത്തി ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കണമെന്നുണ്ടെങ്കിൽ “മലയാളനാട്ടി”ൽ ശ്രീ. മംഗലശ്ശേരി എഴുതുന്ന ലേഖനം വായിച്ചാൽമതി. അനാകർഷകമായ ഒരു തൊഴിലിന്റെ സവിശേഷതകളെ മംഗലശ്ശേരി ആകർഷകത്വമുള്ള വാക്യങ്ങളിലൂടെ ആവിഷ്കരിക്കുന്നു, ആ ലേഖനം കഴിഞ്ഞാൽ ശ്രീമതി ശ്രീദേവിയുടെ ഓർമ്മക്കുറിപ്പുകളാണു്. അന്തരിച്ചുപോയ ഒരു മഹാനെ—അതും സ്വന്തം ഭർത്താവിനെ—പുലഭ്യം പറഞ്ഞുകൊണ്ടിരിക്കുന്ന ശ്രീമതി ഈ പ്രാവശ്യം ഉജ്ജ്വലപുരുഷനായ ശ്രീ. ജോസഫ് മുണ്ടശ്ശേരി യെ കാളവണ്ടിക്കാരനെന്നു വിളിക്കുന്നു. അദ്ദേഹത്തെ അവർ “താൻ” എന്നു വിളിച്ചതു് ലജ്ജാശൂന്യയായി എടുത്തെഴുതുന്നു. ആരാണു് പ്രൊഫസർ മുണ്ടശ്ശേരി? “ആകാരസദൃശ പ്രജ്ഞഃ പ്രജ്ഞയാസദൃശാഗമഃ ആനമൈഃ സദൃശാരംഭ, ആരംഭഃസദൃശോദയഃ” (ആകൃതിക്കു്—ദേഹസംസ്ഥാനത്തിനു്—ചേർന്ന ബുദ്ധി; ബുദ്ധിക്കുചേർന്ന അർത്ഥവിദ്യ; വിദ്യയ്ക്കു ചേർന്ന ആരംഭഗുണ; ആരംഭഗുണത്തിനു ചേർന്ന സമൃദ്ധി) ഇവയൊക്കെയുള്ള മഹാവ്യക്തിയാണു് മുണ്ടശ്ശേരി. ഭർത്താവിനെ നിന്ദിച്ചു ലേഖനമെഴുതുന്നവർക്കേ അങ്ങനെയുള്ള ഒരു വലിയ ആളിനെ കാളവണ്ടിക്കാരനായി കാണാൻ കഴിയൂ. ശ്രീമതി ശ്രീദേവിയുടെ ലേഖനത്തിനു സ്ഥാനം ‘മലയാളനാടു്’ എന്ന വാരികയിലല്ല. പത്രാധിപരുടെ മേശയ്ക്കുതാഴെയിരിക്കുന്ന ചവറ്റു കുട്ടയിലാണു്.

‘ഇതാ ഞാനൊരു കവിതയെഴുതിയിരിക്കുന്നു. നിങ്ങളതു വായിച്ചുനോക്കൂ. അഭിപ്രായം പറയൂ, എന്നു് ശ്രീ. എ. അയ്യപ്പൻ നമ്മോടു പറയുന്നതുപോലെ തോന്നുന്നു. വായനക്കാർക്കു വേണ്ടി ഞാൻ അദ്ദേഹത്തോടു് ഇങ്ങനെ പറയട്ടെ. ശ്രീ. അയ്യപ്പൻ, മലയാളനാട്ടിൽ താങ്കളെഴുതിയ, “കാമം” എന്ന കവിത ഞങ്ങൾ വായിച്ചു. ഞങ്ങൾക്കു് അതു ഇഷ്ടപ്പെട്ടു. കുപ്പിച്ചില്ലുകൾ കാണിച്ചു് രത്നങ്ങളെന്നു പറയുന്ന ഈ നാട്ടിൽ ഒരു യഥാർത്ഥരത്നം കാണാൻ സാധിച്ചതിൽ ഞങ്ങൾക്കു് ആഹ്ലാദമുണ്ടു്.
പ്രഥമരാത്രി വരൻ കൈ നീട്ടുന്നു. വധു ആദ്യം ഒഴിഞ്ഞുമാറുമെങ്കിലും അയാൾക്കു വിധേയയാകുന്നു, കാറ്റടിക്കുമ്പോൾ മഹാവൃക്ഷത്തോടു ചേരുന്ന മുല്ലവള്ളിയെപ്പോലെ. വിക്തർ യൂഗോ പറഞ്ഞിട്ടില്ലേ പനിനീർപ്പൂ അടർത്തിയെടുക്കാൻ ഭാവിക്കുമ്പോൾ ചെടി ആദ്യം ഉള്ളിലേക്കു ഒന്നു വലിയുന്നുവെന്നു്, പിന്നീടു് ഇറുത്തെടുക്കാൻതക്കവിധം അതു അടുത്തേയ്ക്കു വരുന്നുവെന്നു്. അതുപോലെ കലാസൃഷ്ടി ആദ്യമൊന്നു് അകലണം. പിന്നീടു് അടുത്തു ചേർന്നുചേർന്നു വരണം. എന്നാലേ സ്നേഹം തോന്നൂ.