
വേശ്യകൾ നിങ്ങളുടെ കാതിൽ മധുരപദങ്ങൾ മന്ത്രിക്കുന്നു. നിങ്ങളെ തഴുകുന്നു, കടാക്ഷിക്കുന്നു, അനിർവചനീയമായ ഒരാഹ്ലാദം നിങ്ങൾക്കുണ്ടായെന്നു വരാം. പക്ഷേ, നിങ്ങളുടെ ആത്മാവു് സമ്പന്നമാകുന്നുണ്ടോ? നിശ്ചയമായും ഇല്ല. എന്നാൽ നിങ്ങളുടെ പ്രേമഭാജനത്തെക്കുറിച്ചു വിചാരിച്ചുനോക്കു. അവൾ നിങ്ങളെ സ്പർശിക്കുന്നില്ല, തേൻപൊഴിയുന്ന വാക്കുകൾ ഉച്ചരിക്കുന്നില്ല, കടക്കണ്ണുകൊണ്ടു നോക്കുന്നില്ല, മൗനമവലംബിച്ചു് അവൾ അങ്ങു മാറിനില്ക്കുന്നതേയുള്ളു. എങ്കിലും അവളുടെ ദർശനംകൊണ്ടു തന്നെ നിങ്ങളുടെ ആത്മാവു് സമ്പന്നമാകുന്നു. നമ്മുടെ പല ചെറുകഥകളും വേശ്യകളെപ്പോലെയാണു്. ലൈംഗികത്വം കലർന്ന പദങ്ങൾ നമ്മുടെ കാതിൽ വന്നു വീഴുന്നു, അശ്ലീലതയാർന്ന വർണ്ണനകൾ നമ്മെ തഴുകുന്നു. കാമോത്സുകത ഓളം വെട്ടുന്ന പ്രയോഗങ്ങൾ നമ്മെ കടാക്ഷിക്കുന്നു. നമ്മളിൽ കുറച്ചുപേർക്കെങ്കിലും ആഹ്ലാദമുണ്ടു്. ആത്മാവിനു് ഉയർച്ച ഉണ്ടായില്ലെങ്കിൽത്തന്നെയെന്തു്? ഒരു ത്രുടനം അനുഭവപ്പെടുന്നുണ്ടല്ലോ. 11-ാം ലക്കം “മലയാളനാടു്” വാരിക നോക്കുക. ശ്രീ. മാതയിൽ അരവിന്ദ് എഴുതിയ “കൂടിയാട്ടം” എന്ന ചെറുകഥ ഗണികയെപ്പോലെ പ്രത്യക്ഷയാകുന്നതെങ്ങനെയെന്നു് നമുക്കു മനസ്സിലാക്കും. കൊച്ചുണ്ണിയുടെ സഹോദരിയാണു് ദമയന്തി. അവൾ പിഴച്ചുപോകരുതെന്നു കരുതി അയാൾ എപ്പോഴും അവളെ ശ്രദ്ധിക്കാറുണ്ടു്. എന്നിട്ടും ഒരു വിടൻ അവളുടെ അടുത്തെത്തി. മീൻ കഴുകിക്കൊണ്ടിരുന്ന അവളെ അയാൾ—മാധവൻ—തലോടി. “എന്റെ കയ്യിലൊക്കെ ചിതമ്പലാ. മേത്തു് മീൻ നാറ്റംണ്ടു് നിങ്ങൾ തൊടണ്ട” എന്നു് ദമയന്തി മുന്നറിയിപ്പു നല്കിയിട്ടും മാധവൻ തലോടൽ നിറുത്തിയില്ല. മാത്രമല്ല, അയാൾ അവളെ ചുംബിക്കുകയും ചെയ്തു. ഇനി കഥാകാരന്റെ വാക്കുകളിൽത്തന്നെ കേട്ടുകൊള്ളുക. “ഒരു വല്ലാത്ത കിതപ്പോടെ അവൾ പറഞ്ഞു: “അയ്യോ ഇതെന്താണു്. എന്നെ വിടൂ. തൊടാൻ പാടില്ലാണ്ടിരിക്കണ സമയാ” അയാൾ വിട്ടില്ല” (പുറം 71). കഥ ഇത്രതന്നെ. ഇതാണോ കല? ഇതാണോ സാഹിത്യം? ഇതു ചെറുകഥയാണെങ്കിൽ മറപ്പുരകളിൽ കരിക്കട്ടകൊണ്ടു് എഴുതിയിരിക്കുന്ന വാക്യങ്ങളും ചിത്രങ്ങളും ഉത്കൃഷ്ടമായ കലതന്നെ, അശ്ലീലതയുടെ പേരിലല്ല എന്റെ നിന്ദനം. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്ന എനിക്കു് ഇതൊക്കെ ഒരശ്ലീലതയായി തോന്നുന്നുമില്ല. പക്ഷേ, ചെറുകഥയെന്നാൽ എന്തെന്നു് നമുക്കു ചില സങ്കല്പങ്ങളെല്ലാം ഇല്ലേ? ആ സങ്കല്പങ്ങളിൽ ഒന്നിനെയെങ്കിലും തൃപ്തിപ്പെടുത്താൻ ഈ കഥാഭാസത്തിനു് കഴിയുന്നുണ്ടോ? മീൻനാറ്റമുള്ള ഒരു പെണ്ണിനെ ഒരു വിടാഗ്രേസരൻ വേഴ്ചയ്ക്കുവേണ്ടി കെട്ടിപ്പിടിച്ചതു വർണ്ണിച്ചാൽ അതുടനെ കഥയാകുമെന്നു് ധരിച്ചുവെച്ചിരിക്കുന്നതിലാണു് നമുക്കു് എതിർപ്പുള്ളതു്. ഇത്തരം കഥകൾ വേശ്യകളെപ്പോലെയാണെന്നു് ഞാൻ ആദ്യമെഴുതിയതു് തെറ്റു്. വേശ്യയ്ക്കു് ഒരന്തസ്സുണ്ടു്; അവൾക്കു സൗന്ദര്യമുണ്ടു്, സൗരഭ്യമുണ്ടു്. മാതയിൽ അരവിന്ദന്റെ കഥയ്ക്കു ദുസ്സഹമായ നാറ്റമേയുള്ളു. വെറും നാറ്റമല്ല. ഉലുമ്പുവാട, ഏതു സുഗന്ധദ്രവ്യമെടുത്തു മണപ്പിച്ചാലും ഈ ദുർഗ്ഗന്ധം മാറിപ്പോകുകയില്ല. അത്രയ്ക്കു തീക്ഷണമാണിതു്. താമരവള്ളി അതിന്റെ സൗന്ദര്യത്തെത്തന്നെ താമരപ്പൂവാക്കി പ്രത്യക്ഷപ്പെടുത്തുന്നു. വൃക്ഷം അതിന്റെ സാരാംശത്തെത്തന്നെ ഫലമാക്കി ആവിഷ്ക്കരിക്കുന്നു. ഉത്തമസ്ത്രീ തന്റെ വിശുദ്ധിയെ പുഞ്ചിരിയായി സ്ഫുടീകരിക്കുന്നു. എം. എസ്. സുബ്ബുലക്ഷ്മി തന്റെ ആന്തര സൗന്ദര്യത്തെ ഉത്കൃഷ്ടഗാനമാക്കി ആവിഷ്ക്കരിക്കുന്നു. മാതയിൽ അരവിന്ദ് സദയം ക്ഷമിക്കണം. അദ്ദേഹം തന്റെ ദുർഗ്ഗന്ധത്തെ “കൂടിയാട്ടം” എന്ന ചെറുകഥയിലൂടെ പ്രസരിപ്പിക്കുന്നു.
തിരുവനന്തപുരത്തു് ‘മലയാളനാടു്’ വാരിക കിട്ടുന്നതു് ഞായറാഴ്ചയാണു്. പത്രാധിപർ അയച്ചുതരുന്ന “കോപ്പി” വൈകിയേ കിട്ടുകയുള്ളു. ഈ ലേഖനം തയ്യാറാക്കുന്നതിനുവേണ്ടി ഞാൻ വാരിക നേരത്തേ വാങ്ങാറുണ്ടു്. ഈ ആഴ്ചയാണെങ്കിൽ “കുങ്കുമ”മില്ല. “കേരളശബ്ദ”മില്ല, “ജനയുഗ”മില്ല വളരെക്കാലമായി “മലയാളരാജ്യ”മില്ല. ഒന്നോ രണ്ടോ വാരികകളെ അവലംബിച്ചു് ലേഖനമെഴുതണം. ഈ വിചാരത്തോടെ ഞാൻ റെയിൽവേസ്റ്റേഷൻ റോഡിലൂടെ നടന്നപ്പോൾ ഒരു വശത്തായി കൂട്ടിലടച്ച തത്തയുമായി ഒരാളിരിക്കുന്നതു് കാണുകയുണ്ടായി. ആ കിളി ഇരുമ്പുകമ്പികളിൽ ചിറകിട്ടടിച്ചു പിടയുന്നു. അതിന്റെ ‘പിടച്ചിൽ’ കണ്ടപ്പോൾ എനിക്കൊരു വല്ലായ്മയുണ്ടായി. ഉത്തരക്ഷണത്തിൽ ഞാനതു മറക്കുകയും ചെയ്തു. തീവണ്ടിയാപ്പീസിനടുത്തുള്ള ഒരു പീടികയിൽ നിന്നു് ‘മലയാളനാടു്’ വാങ്ങിയിട്ടു് ഞാൻ വീട്ടിൽ തിരിച്ചെത്തി. ആദ്യം വായിച്ചതു് ശ്രീ. എം. എം. വർഗ്ഗീസിന്റെ “വിവാഹം സ്വർഗ്ഗത്തിലും ഭൂമിയിലും” എന്ന ചെറുകഥയാണു്, വായിച്ചുതീർന്നയുടനെ ആദ്യം ഓർമ്മിച്ചതും ആ പാവപ്പെട്ട കിളിയെത്തന്നെയാണു്. ഭാര്യ മരിച്ച പൗലോസ് ഭർത്താവു മരിച്ച അന്നാമ്മയെ വിവാഹം കഴിച്ചു. പൗലോസിനു ആദ്യത്തെ ഭാര്യയിൽ കൂട്ടികൾ ജനിച്ചിട്ടുണ്ടു്. എല്ലാം ശുഭമായിബ്ഭവിക്കുമെന്ന വിശ്വാസത്തോടെ പൗലോസും അന്നാമ്മയും ദാമ്പത്യജീവിതം ആരംഭിച്ചു. പക്ഷേ, ആ വിശ്വാസം തെറ്റിപ്പോയി. തനിക്കു് സന്താനമുണ്ടാകുകയില്ലെന്നു് മനസ്സിലാക്കിയ അന്നാമ്മ വിവാഹമോചനത്തിനു് വേണ്ടി ഭർത്താവിനോടു് അപേക്ഷിക്കുന്നു, അയാൾക്കും ആ ബന്ധത്തിൽ നിന്നൊഴിഞ്ഞാൽ കൊള്ളാമെന്നുണ്ടു്. എന്നാലും സാദ്ധ്യമല്ല. വിവാഹമോചനത്തിനു് മതനിയമങ്ങൾ തടസ്സമായി നില്ക്കുന്നു. ഒരു സമൂഹപരിഷ്കർത്താവെന്ന നിലയിൽ ആ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടു് കഥാകാരൻ കഥ അവസാനിപ്പിക്കുന്നു. ഇത്തരം കഥകൾ വിജയം പ്രാപിക്കണമെങ്കിൽ മതത്തിന്റെ നിയമങ്ങൾ കൊണ്ടു് വ്യക്തികൾക്കു സഹിക്കാനാവത്ത കഷ്ടപ്പാടുകളുണ്ടായിയെന്നു് വിശദമാക്കണമല്ലോ. ഈ കഥയിൽ അങ്ങനെയൊന്നുമില്ല. “പൗലോസെന്ന അപ്പർ ഡിവിഷൻ ക്ലാർക്ക്” എന്നീ വാക്കുകൾ വിരസമായി ആവർത്തിക്കുന്നതിൽ കഥാകാരൻ തൽപരനായിരിക്കുന്നു എന്നല്ലാതെ വേറൊന്നും ഇവിടെ പറയേണ്ടതായിട്ടില്ല. ആഖ്യാനമാണെങ്കിൽ വിരസം. സ്വഭാവചിത്രീകരണമാണെങ്കിൽ പൂജ്യം. കുറെ വാക്യങ്ങൾ. അതല്ലാതെ ഇതിലൊന്നുമില്ല. കലയെ കൂട്ടിനകത്തടച്ചു് കഷ്ടപ്പെടുത്തുന്ന ഒരാളാണു് അദ്ദേഹമെന്നു് എനിക്കങ്ങു തോന്നിപ്പോയി, നിത്യജീവിതസംഭവങ്ങളെ കലാനിരൂപണവുമായി കൂട്ടിയിണക്കുന്ന ഒരു ദോഷം എനിക്കുണ്ടു്. അതുകൊണ്ടു് തോന്നിയതാണു്. അതു പോകട്ടെ. ഈശ്വര, അങ്ങു് എന്താണു് ആ പക്ഷിയെ മോചിപ്പിക്കാത്തതു്? “പക്ഷി ശാസ്ത്രകാരന്റെ” വയറ്റുപിഴപ്പിനു് അതു് വേണമെന്നു് കരുതിയതു കൊണ്ടാണോ? ആരറിഞ്ഞു അങ്ങയുടെ ഉദ്ദ്യേശങ്ങൾ! രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിലേക്കിറങ്ങിച്ചെന്നു് ദുഃഖിക്കുന്ന ഒരു വനിതയെ കണ്ടുപിടിച്ചു് അവളെ അവതരിപ്പിക്കുക എന്നതാണു് ശ്രീ. കല്ലട വാസുദേവൻ അനുഷ്ഠിക്കുന്ന കൃത്യം. (സംഗമം എന്ന ചെറുകഥ) ഈ കഥയ്ക്കു ഏകാഗ്രത കുറവാണെങ്കിലും ആ വനിതയുടെ ദുഃഖം അനുവാചകന്റെ ദുഃഖമാക്കിത്തീർക്കുന്നതിൽ കഥാകാരൻ ഒട്ടൊക്കെ വിജയം പ്രാപിച്ചിട്ടുണ്ടു്.
ഒരന്ധൻ രാത്രിസമയത്തു് ഒരു കൂട്ടുകാരനോടു വിളക്കു ചോദിച്ചു. കൂട്ടുകാരൻ പറഞ്ഞു: “സ്നേഹിത, നിങ്ങൾക്കു കണ്ണുകാണാൻ വയ്യല്ലോ, പിന്നെന്തിനാ വിളക്കു്?” അന്ധൻ മറുപടി നല്കി:
“ഇരുട്ടത്തു വിളക്കും കൊണ്ടുപോയാൽ മറ്റുള്ളവർക്കു് എന്നെ കാണാൻ കഴിയുമല്ലോ. അവർ എന്നെ വന്നു് ഇടിക്കാതിരിക്കും. അതിനാ വിളക്കു ചോദിച്ചതു്”
കൂട്ടുകാരൻ കൊടുത്ത വിളക്കും കൊണ്ടു കുരുടൻ യാത്രയായി. കുറച്ചുദൂരം പോയതേയുള്ളു. അതിനുമുൻപു് ഒരു യാത്രക്കാരൻ കുരുടന്റെ ദേഹത്തു വന്നിടിച്ചു. വേദനയോടെ കുരുടൻ ചോദിച്ചു: “വിളക്കു കണ്ടുകൂടേ?” യാത്രക്കാരൻ ദേഷ്യത്തോടെ അയാളോടൊരു ചോദ്യം?” “നിങ്ങൾ വിളക്കു കത്തിച്ചുകൊണ്ടു പോകാത്തതെന്തു്?” ശ്രീ കെ. വി. ചന്ദ്രശേഖരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “പരാജയം” എന്ന ചെറുകഥ കത്തിക്കാത്ത ഒരു വിളക്കാണു്. അതിൽ മണ്ണെണ്ണയുണ്ടു്. തിരിയുണ്ടു്. തെളിഞ്ഞ ചിമ്മ്നിയുണ്ടു്. പക്ഷേ, ദീപംമാത്രമില്ല. പരീക്ഷയിൽ കോപ്പിയടിച്ചതിനു രാഘവൻപിള്ള മകന്റെ കരണത്തടിച്ചു. അടി കൊടുത്തതിനു ശേഷമാണു അയാൾ പൂർവകാലത്തെക്കുറിച്ചോർമ്മിക്കുന്നതു്. താനും പരീക്ഷയിൽ കോപ്പിയടിച്ചിട്ടുണ്ടു്. ആ ഓർമ്മകൾ രാഘവൻ പിള്ളയെ പശ്ചാത്താപത്തിനു വിധേയനാക്കി. ഫലിതാത്മകമായി കഥ പറയാനാണു് ചന്ദ്രശേഖരന്റെ യത്നം കഥയുണ്ടു്, കഥാപാത്രങ്ങളുണ്ടു്; ഫലിതം മാത്രമില്ല: ഫലിതത്തിന്റെ ദീപവുമായി അദ്ദേഹം സഞ്ചരിക്കണമെന്നാണു് നമ്മുടെ ആഗ്രഹം. എന്തുചെയ്യാം! ജന്മനാ കാഴ്ചയില്ലെങ്കിലോ? ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പിൽ ശ്രീ. യു. കെ. കുമാരൻ എഴുതിയ “പുരാവൃത്തം” എന്ന കഥ ആരംഭിക്കുന്നതു് ഇങ്ങനെയാണു്:
“സൂര്യന്റെ വീതിയേറിയ ചിറകുകൾ കാടിനുമീതെ തീക്ഷ്ണതകുറഞ്ഞ ഞരമ്പുകളിൽ പറ്റിക്കിടന്നു. ചുവപ്പുരേഖ അവ്യക്തമായി പടർന്നുപിടിച്ച പൂർവഭാഗത്തിനു താഴെ ഇരുട്ടിൽ, കീറൽവീണ വെളിച്ചം പരുങ്ങിനിന്നു.”
ഇത്രയും വായിച്ചപ്പോൾത്തന്നെ സംശയമുണ്ടായി ഏതോ ഒരത്യന്താധുനിക കഥയായിരിക്കുമെന്നു്. തുടർന്നു വായിച്ചപ്പോൾ സംശയം നിശ്ചയമായി. ഒരു മരംവെട്ടുകാരൻ, സൂര്യൻ, സൂര്യപുത്രൻ, ഒരു കൃഷ്ണൻകുട്ടി. ഇവരെക്കുറിച്ചെല്ലാം കഥാകാരൻ എന്തൊക്കെയോ പറയുന്നു. ഒന്നും മനസ്സിലാകുന്നില്ല. കടുത്ത ദുഃഖമുണ്ടായാൽ, തീവ്രമായ ആലോചനയുണ്ടായാൽ തലമുടിയാകെ ഒറ്റരാത്രികൊണ്ടു നരച്ചുപോകുമെന്നു പറയാറുണ്ടു്, ഏതോ ഒരു രാഷ്ട്രതന്ത്രജ്ഞൻ ഒരു രാത്രി മുഴുവൻ എന്തോ ആലോചിച്ചുകൊണ്ടിരുന്നുവെന്നും നേരം വെളുത്തപ്പോൾ അയാളുടെ തലമുടി നരച്ചുപോയിരുന്നുവെന്നും ഞാനെവിടെയോ വായിച്ചിട്ടുണ്ടു്. വിക്തർ യൂഗോ യുടെ “പാവങ്ങളെ”ന്ന നോവലിലെ പ്രധാന കഥാപാത്രമായ ഷാങ് വാൽ ഷാങ് ഏഴു നഗരത്തിലെ മേയറായിരിക്കുമ്പോഴാണു് വേറൊരാളിനെ ഷാങ് വാൽ ഷാങായി തെറ്റിദ്ധരിച്ചു പോലീസ് അറസ്റ്റ് ചെയ്തതു്. അക്കാര്യം ഇൻസ്പെക്ടർ ഷവേറിൽ നിന്നറിഞ്ഞ മേയർ അസ്വസ്ഥനായി ഒരു രാത്രി മുഴുവൻ തന്റെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. നേരം വെളുത്തപ്പോൾ അയാളുടെ തലമുടിയാകെ നരച്ചുപോയിരുന്നുവെന്നു യൂഗോ പറയുന്നു. പക്ഷേ, ഒറ്റരാത്രികൊണ്ടുള്ള ഈ “തലമുടിനരയ്ക്കൽ” വെറും “ഫലസി”യാണു്. (പ്രചാരമാർന്ന തെറ്റിദ്ധാരണ) ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ശ്രീ. പി. എ. ഷാഹുൽ ഹമീദെ ഴുതിയ “കിരീടം” എന്ന കഥയിൽ അച്ഛന്റെ ദ്വിഭാര്യാത്വം കണ്ടു ദുഃഖിച്ച ഒരു മകന്റെ തലമുടി നരച്ചുപോയിയെന്നു് പ്രസ്താവിച്ചിരിക്കുന്നു. മിഥ്യാസങ്കല്പങ്ങൾക്കു സാഹിത്യത്തിൽ പ്രവേശനമുണ്ടു്. അവ സംഭവിക്കുന്നതാണെന്നു തോന്നുന്ന മട്ടിൽ സാഹിത്യകാരൻ വർണ്ണിക്കണം. അത്രേയുള്ളു. ഈ കഥയിലാകട്ടെ അച്ഛന്റെ കൊള്ളരുതായ്മ, അമ്മയുടെ ദുഃഖം, സഹോദരിയുടെ ശോകം ഇവയെല്ലാം സൂചിപ്പിക്കുന്നു. ഏതോ “ഗംഭീര”മായതു സംഭവിക്കുമെന്നു പ്രതീക്ഷിച്ചു വായനക്കാരൻ കഥ വായിച്ചു പോകുമ്പോൾ നരയുടെ പ്രസ്താവത്തോടെ കഥാകാരൻ കഥയങ്ങു് അവസാനിപ്പിക്കുന്നു. “എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം” എന്നു നമ്പ്യാർ പറഞ്ഞിട്ടില്ലേ. ഇവിടെ പുലിയെപ്പോലെയിരിക്കുന്നവൻ എലിയെപ്പോലെ വരികയാണു്. മകന്റെ തലമുടി നരച്ചു എന്നു പറയുന്നതിനു പകരം അവൻ കാലത്തു പായിൽ നിന്നെഴുന്നേറ്റു പല്ലുതേക്കാൻ പോയി എന്നു പറഞ്ഞാലും പോരായ്കയില്ല.

ഞാൻ താരാശങ്കറു ടെ ഒരു ചെറുകഥയെക്കുറിച്ചു് ഇപ്പോൾ ഓർമ്മിക്കുകയാണു്. നാൽപതു വയസ്സായ ശംഭു ഇരുപത്തിരണ്ടുവയസ്സുള്ള രാധികയുമായി മാജിക്–സർക്കസ് നടത്തി പണം സമ്പാദിക്കുന്നു. അവർക്കു വയസ്സായ ഒരു പുലിയുണ്ടു്. രാധിക അതിന്റെ പുറത്തുകയറി കൂടാരത്തിനകത്തു സഞ്ചരിക്കും. അതു രണ്ടു കൈയും അവളുടെ തോളിലൂന്നി നില്ക്കും; അവളെ ചുംബിക്കും. ചിലപ്പോൾ രാധിക തല പുലിയുടെ വായ്ക്കകത്തു വയ്ക്കാൻ ഭാവിക്കും, ഇതൊക്കെക്കണ്ട ഗ്രാമവാസികൾ അദ്ഭുതപ്പെട്ടു അങ്ങനെയിരിക്കുമ്പോൾ ഒരു യുവാവു്—കിസ്റ്റോ—അവരുടെ സർക്കസ് കൂടാരത്തിനടുത്തു് കൂടാരമടിച്ചു. അവൻ സുന്ദരൻ, ആറടിപ്പൊക്കം. ആരോഗ്യം തുളുമ്പുന്ന ശരീരം, നീണ്ട മൂക്കു്. കനം കുറഞ്ഞ ചുണ്ടുകൾക്കുമേലേ കനം കുറഞ്ഞ മീശ. ബ്രഷ് കൊണ്ടു വരച്ചുവച്ചതുപോലെയുണ്ടു് ആ മീശ, അയാളുടെ ചൈതന്യത്തിനും യുവത്വത്തിനും ചേർന്ന ഒരു കടുവയുമുണ്ടു്. കിസ്റ്റോ കൂടാരമടിച്ചു വിദ്യകൾ കാണിക്കാൻ തുടങ്ങി. ശംഭുവിന്റെയും രാധികയുടെയും കൂടാരത്തിൽ ആരും കയറാതെയുമായി. “ഈ റാസ്ക്കലിനെ ഞാൻ നാളെ അറസ്റ്റു ചെയ്യിക്കും” എന്നായി ശംഭു. നേരം വെളുത്തപ്പോൾ പോലീസുകാർ കിസ്റ്റോയുടെ കൂടാരം വളഞ്ഞു. വ്യാജച്ചാരായം അതിനകത്തുണ്ടോ എന്നു പരിശോധിക്കാനാണു് അവർ വന്നതു്. അതറിഞ്ഞ രാധിക അവരോടു പറഞ്ഞു: “യജമാൻ എന്റെ കുഞ്ഞു് അകത്തുണ്ടു്.” കുട്ടിയെ എടുത്തുകൊള്ളാൻ പോലീസുകാർ അനുവദിച്ചു. കിസ്റ്റോ ചാരായം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം രാധികയ്ക്കറിയാം. അവൾ മൂന്നുകുപ്പിച്ചാരായം തോണ്ടിയെടുത്തു തുണിയിൽ പൊതിഞ്ഞു. കുഞ്ഞിനെ മാറോടു് അമർത്തിപ്പിടിക്കുന്നതുപോലെ അതു നെഞ്ചോടു ചേർത്തുവച്ചു. പോലീസുകരുടെ മുൻപിൽക്കൂടെ നടന്നു പോകുകയും ചെയ്തു. ശംഭു ഇതറിഞ്ഞപ്പോൾ ദേഷ്യത്തോടെ പറഞ്ഞു! “നീ എല്ലാം നശിപ്പിച്ചു ഞാനല്ലേ അവനെ അറസ്റ്റു ചെയ്യിക്കാൻ പോലീസുകാരെ വരുത്തിയതു്”.
അന്നു വൈകുന്നേരവും സർക്കസ്സു നടന്നു. പക്ഷേ, ശംഭുവിന്റെ കുടാരത്തിൽ ആരും കയറിയില്ല. കിസ്റ്റോയുടെ കടുവ അവനോടു യുദ്ധം ചെയ്തു. ചിറകുവച്ച കുതിരപോലെ അതു കൂടാരത്തിലെങ്ങും പറന്നു. അതു കാണാൻ ആളുകൾകൂടി, നൈരാശ്യത്തിൽവീണ രാധിക പറഞ്ഞു. “മണ്ണെണ്ണ എവിടെ” ഞാനിന്നു അവന്റെ കുടാരം തീവയ്ക്കും”. രാത്രിയായി എല്ലാം നിശ്ശബ്ദം. മണ്ണെണ്ണയും തീപ്പെട്ടിയും എടുത്തു് രാധിക കിസ്റ്റോയുടെ കൂടാരത്തിൽ കടന്നു. അവൾ മെല്ലെ തീപ്പെട്ടിയുരച്ചു. അതാ, കിസ്റ്റോ കിടന്നുറങ്ങുന്നു. എന്തൊരു സുന്ദരമായ മുഖം! എന്തൊരു വിരിഞ്ഞമാറു്! എത്ര ശക്തങ്ങളായ മാംസപേശികൾ. രാധികയുടെ തീപ്പെട്ടിത്തിരി കെട്ടു അവൾ പൊടുന്നനവേ അവന്റെ മാറിലേയ്ക്കുവീണു. കിസ്റ്റോ ഉണർന്നു: പക്ഷേ, ഞെട്ടിയില്ല. അവൻ മൃദുലമായ ആ ശരീരത്തെ ദൃഢമായി തഴുകികൊണ്ടു ചോദിച്ചു: “ആരു, രാധ!–?” രാധിക കൈകൊണ്ടു് അവന്റെ വാ പൊത്തി, “അതേ. മിണ്ടാതിരിക്കൂ.” അവൾ പിന്നെയും പറഞ്ഞു: “വരൂ. നമുക്കു ഓടിപ്പോകാം”. കിസ്റ്റോ ചോദിച്ചു: “എവിടെ?” രാധിക മറുപടി നല്കി: “അങ്ങു ദൂരെ,” ശംഭുവിന്റെ കൂടാരത്തിനു് തീകൊളുത്തിയിട്ടു് അവർ പോകുമ്പോൾ കഥയവസാനിക്കുന്നു. ജീവിതത്തെക്കുറിച്ചു് എനിക്കുള്ള അറിവിനെ കൂടുതൽ അഗാധമാക്കിത്തരുന്നതിനെയാണു് ഞാൻ ചെറുകഥയെന്നു് കരുതുന്നതു്. താരാശങ്കറിന്റെ ഈ ചെറുകഥ എന്റെ ജീവിതാവബോധത്തെ കൂടുതൽ വിശാലമാക്കുന്നു, അഗാധമാക്കുന്നു. എന്നാൽ “മനോരാജ്യം” ആഴ്ചപ്പതിപ്പിൽ ശ്രീ. മാതയിൽ അരവിന്ദ് എഴുതിയ “ഞെക്കുവിളക്കു് ” എന്ന ചെറുകഥ ആ വിധത്തിലുള്ള കൃത്യമനുഷ്ഠിക്കുന്നില്ല. മാത്രമല്ല ജീവിതത്തെ വെറുക്കാൻ കൂടി അതു് കാരണമായിബ്ഭവിക്കുന്നു. അരവിന്ദന്റെ കഥയുടെ സ്വഭവം മാത്രമല്ല ഇതു്; നമ്മുടെ വാരികകളിൽ വരുന്ന പല ചെറുകഥകളും നമ്മെ പീഡിപ്പിക്കുന്നവയാണു്.
ഇതാ ഈ ജന്നലിൽക്കൂടെ നോക്കിയാൽ എന്റെ വീടിനെയും അടുത്ത വീടിനെയും വേർതിരിക്കുന്ന കരിങ്കൽമതിൽ കാണാം. ഒരു വൈചിത്ര്യവുമില്ലാത്ത, പാരുഷ്യമാർന്ന മതിൽ. അതിനടുത്തായി ഒരു ചെമ്പരത്തിച്ചെടി ചരലിലും ചെളിയിലും ബന്ധനമാർന്നുകൊണ്ടു് കൊച്ചു കൊമ്പുകളും പച്ചിലകളും വീശി സ്വാതന്ത്ര്യത്തോടെ നൃത്തമാടുന്നു. അതു് നിറയെ ചുവന്ന പൂക്കൾ. ബന്ധനമുണ്ടെങ്കിലും സ്വാതന്ത്ര്യം. പ്രബന്ധങ്ങളും ഇതു പോലിരിക്കണം; ശുഷ്കങ്ങളായ സാഹിത്യതത്ത്വങ്ങളിൽ ബന്ധനമാർന്ന പ്രബന്ധങ്ങൾ രചനഭംഗി കലർന്നു്, വാങ്മയചിത്രങ്ങൾ ചേർന്നു് സ്വതന്ത്രമായി പരിലസിക്കണം, മലയാളനാട്ടിൽ ശ്രീ. കെ. രാമചന്ദ്രൻ നായർ എഴുതിയ “സൃഷ്ടിയും പകർത്തലും” എന്ന ലേഖനത്തിൽ ആ വർണ്ണോജ്ജ്വലതയില്ല, സ്വാതന്ത്ര്യമില്ല; കരിങ്കൽ മതിൽ പോലെ അതു് വിരസമാണു്, പരുഷമാണു്.
“എക്സിസ്റ്റെൻഷ്യലിസം—സാഹിത്യത്തിലും മറ്റും രംഗങ്ങളിലും” എന്ന പേരിൽ ശ്രീ. കെ.ബി.കെ. ദേശാഭിമാനി വാരികയിലെഴുതുന്ന പണ്ഡിതോചിതമായ ലേഖനത്തിലേക്കു് ഞാൻ മാന്യവായനക്കാരുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു. അസ്തിത്വത്തെക്കുറിച്ചു് അറിയേണ്ടതെല്ലാം അദ്ദേഹം അറിഞ്ഞിട്ടുണ്ടു്. പ്രയോജനപ്രദങ്ങളായി ഇത്തരം ലേഖനങ്ങൾ മറ്റു വാരികകളിലും ഉണ്ടായിരുന്നെങ്കിൽ!

കുമാരനാശാന്റെ ജന്മംകൊണ്ടു ധന്യമായ കായിക്കര എന്റെ വായനക്കാർ കണ്ടിട്ടുണ്ടോ? അനുഗ്രഹീതകവി ശ്രീ. പി. കുഞ്ഞിരാമൻ നായരു ടെ ഭാഷയിൽ പറഞ്ഞാൽ “കടലുകൾക്കും കടലായ ഏതോ അപാരതയെക്കുറിച്ചു് മത്തുപിടിച്ചു് സ്വയം മറന്നു പാടുന്ന നീലക്കടൽ; വിശുദ്ധിയുടെ കർപ്പൂരമെങ്ങും പരത്തുന്ന വെൺമണൽത്തിട്ടു്; ഓർമ്മകൾ പുതുക്കിയ തെങ്ങിൻതോപ്പു്” ആ കായിക്കരെ കുറിച്ചു്, അവിടെ ജനിച്ച കുമാരനാശാനെക്കുറിച്ചു് കുഞ്ഞിരാമൻനായർ പാടുന്നു. വാക്കുകൾകൊണ്ടു് ഒരു സുവർണ്ണഗോപുരം അദ്ദേഹം നിർമ്മിക്കുന്നു. അതു് കാണണമെന്നുള്ളവർക്കു് മാതൃഭൂമി വാരിക നോക്കാം, ശ്രീ. നീലമ്പേരൂർ മധുസൂദനൻ നായരാ കട്ടെ മനുഷ്യന്റെ മഹത്ത്വത്തെക്കുറിച്ചു്. അവന്റെ നേട്ടങ്ങളെ കൂറിച്ചു് ഉജ്ജ്വലമായി ഗാനമൊഴുക്കുന്നു.
“എന്റെ ചെപ്പിലെകുങ്കുമം പൂശി
സന്ധ്യ കണ്ണാടിനോക്കുന്നനേരം
…………………
എന്റെ നേട്ടങ്ങൾ കയ്യേറ്റുവാങ്ങാ-
നെന്തിനി നിങ്ങൾക്കിത്ര വിളംബം?
വിളംബമില്ല. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന്റെ കവിത നല്ലതാണെന്നു് ഞങ്ങൾ പറയുന്നതു്.