സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1971-09-26-ൽ പ്രസിദ്ധീകരിച്ചതു്)

ചെമ്പകപ്പൂവിന്റെ സൗരഭ്യം, സംഗീതത്തിന്റെ സൗന്ദര്യം
images/Kunhiramannairp.jpg
പി. കുഞ്ഞിരാമൻനായർ

ഞാൻ ഇന്നലെ ഒരു ഗ്രാമപ്രദേശം കാണാൻ പോയി. പട്ടണത്തിലെ, കീലിട്ട റോഡിൽക്കൂടി നടന്നുശീലിച്ച എനിക്കു് ഗ്രാമത്തിലെ ചരൽക്കല്ലുകൾ നിറഞ്ഞ തെരുവുകൾ കാലിനു വേദനയുളവാക്കിയതിൽ അത്ഭുതത്തിനു് അവകാശമില്ല. മരങ്ങൾ പൊഴിച്ച പൂക്കൾ എന്റെ തലയിൽ വന്നുവീണിട്ടും എനിക്കു സന്തോഷം തോന്നിയില്ല. അങ്ങനെ നടക്കുമ്പോൾ തെരുവീഥിയുടെ ഒരു വശത്തായി ഞാനൊരു താമരക്കുളം കണ്ടു. നിറച്ചു താമരപ്പൂക്കൾ വിടർന്നുനിന്നു് സൗരഭ്യം വ്യാപിപ്പിക്കുന്ന ആ പൂക്കൾ കാറ്റേറ്റു പതുക്കെ ചാഞ്ചാടുന്നുണ്ടു്. എന്തൊരു ആഹ്ലാദജനകമായ കാഴ്ച. ഞാൻ വേദനയൊക്കെ മറന്നു് തെല്ലുനേരം അവിടെ നിന്നുപോയി. ആ സൗന്ദര്യത്തിന്റെ ലോകത്തിൽ നിന്നു് എങ്ങനെ മാറിപ്പോകാനാണു്! സൗരഭ്യം നിറഞ്ഞ ആ അന്തരീക്ഷത്തിൽ നിന്നു് എങ്ങനെ അകന്നുനില്ക്കാനാണു്! ഞാൻ ആ പൂക്കളെ സൂക്ഷിച്ചുനോക്കി. അവ ആഹ്ലാദിക്കുന്നുണ്ടോ? ഇല്ല. നമുക്കുവേണ്ടി നിലാവൊഴുക്കുന്ന ചന്ദ്രൻ ആഹ്ലാദിക്കുന്നില്ല. പരാഗവിതരണം ചെയ്യുന്ന പൂക്കളും നൃത്തംചെയ്യുന്ന നർത്തകികളും ആഹ്ലാദിക്കുന്നില്ല. എങ്കിലും അവർ നമുക്കു് ആനന്ദം നല്കുന്നു. കുറച്ചുകാലം മുൻപു് ഞാനൊരു ആശുപത്രിയിൽ കിടന്നപ്പോൾ അവിടെ എന്നും കാലത്തു് താമരപ്പൂവിന്റെ ഭംഗിയോടുകൂടി ഒരു നേഴ്സ് ഓടിയെത്തുന്ന കാഴ്ചകാണുകയുണ്ടായി. മന്ദസ്മിതത്തിന്റെ പുഷ്പശോഭപ്രസരിപ്പിച്ചു്, താമരപ്പൂവിന്റെ അരുണിമ പ്രത്യക്ഷമാക്കി, സുജനമര്യാദയുടെ പരിമളം വ്യാപിപ്പിച്ചു് അവൾ ഓരോ രോഗിയുടെ അടുക്കലേക്കും ഓടിച്ചെല്ലുമ്പോൾ കാലുമുറിച്ച പ്രമേഹരോഗി പുഞ്ചിരിപൊഴിക്കും; ധ്വനികളിൽക്കൂടി ഗ്ലൂക്കോസ് തുള്ളികളായി സ്വീകരിച്ചു് മരണത്തോടു പടവെട്ടുന്ന ആ സാധുമനുഷ്യന്റെ കണ്ണുകൾ തിളങ്ങാൻ തുടങ്ങും. ഞരക്കങ്ങളും തേങ്ങലുകളും വിലാപങ്ങളും അവിടെ ഇല്ലാതാകും. കവിതയോടു കമ്പമുള്ള ഞാൻ സ്വയം മന്ത്രിക്കും: “ജീവിതം മധുരതരമാക്കുന്നു സൗന്ദര്യദർശനം.” ഞാൻ ഈ സംഭവം മറന്നുപോയതാണു്. പക്ഷേ, ഇന്നു് അതു് എന്റെ സ്മരണമണ്ഡലത്തിൽ തെളിഞ്ഞുനില്ക്കുന്നു. അതിനു കാരണക്കാരനായ അനുഗൃഹീതകവി ശ്രീ. പി. കുഞ്ഞിരാമൻനായർ ക്കു് ഞാൻ നന്ദി പറയട്ടെ. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 25-ാം ലക്കം നോക്കു. “വൈകിവന്ന വിരുന്നുകാരി” എന്ന മനോഹരമായ കവിത വായിക്കാം. “തൂവെള്ളപ്പട്ടുടുപ്പിട്ട ഒരു നേഴ്സിനെ—നരകത്തിൽ നാകം ചമയ്ക്കുന്ന ഒരപ്സരകുമാരിയെ” വായനക്കാർക്കു് അവിടെ ദർശിക്കാം. കയ്പുറ്റ ഗുളികകളോടൊപ്പം അലിവിന്റെ മാധുര്യം കൂട്ടിച്ചേർത്തുതരുന്ന അവൾക്കു നന്ദി പറഞ്ഞുകൊണ്ടു് കവി തന്റെ കവിതയാകുന്ന വാടിയ ചമ്പകപ്പൂവു് അവളുടെ നേർക്കു നീട്ടുന്നു. വാടിയ ചമ്പകപ്പൂവെന്നു കവി പറഞ്ഞതു് വിനയത്തിലാണു്. സൗരഭ്യം പ്രസരിപ്പിക്കുന്ന, ഒരിക്കലും വാടാത്ത, കാവ്യകുസുമമാണു് കവി ആ അപ്സരസ്സിന്റെ നേർക്കു് നീട്ടുന്നതു്. ഇതാ കേൾക്കു

“ചൊല്ലുന്നു ചേതന; മേലിലവളെ നീ

കണ്ടുമുട്ടില്ലയീ ജീവിതപ്പാതയിൽ

മാധുരി ചോരും നദീതീരക ഗ്രാമ

സീമയിൽ മായും വനജ്യോത്സനയായവൾ

ഓണപ്പുലരികൾ പോകും വരമ്പേറി

തൈമണിത്തെങ്ങണിത്തോപ്പുകൾ പിന്നിട്ടു

ശാരദസന്ധ്യതൻപൂക്കുമ്പിൾ ചിന്നിയോ-

രാവഴിത്താരയിൽ മാഞ്ഞു നിലാവവൾ

കാണില്ലിനി ഒരു നാളിലും; എങ്കിലും

കാക്കും നിശതൻ കിനാവിലെത്തോപ്പിൽ ഞാൻ.”

യാദൃച്ഛികമായി ലഭിച്ച ഒരു സ്പർശം; യാദൃച്ഛികമായി ലഭിച്ച ഒരു ആലിംഗനം. ഇവയൊക്കെ സ്മരിച്ചു് പുളകംകൊള്ളുന്നവരുണ്ടോ? ഉണ്ടെങ്കിൽ അവർ കുഞ്ഞിരാമൻനായരെന്ന ഈ അസുലഭസിദ്ധികളുള്ള കവിയുടെ മുൻപിൽ നമസ്ക്കരിക്കാതിരിക്കില്ല. കവേ, ആ അപ്സരസ്സിനെ പിരിഞ്ഞ അങ്ങയുടെ ദുഃഖം ഞങ്ങളുടെയും ദുഃഖമാണു്. ആ ദുഃഖത്തെ കലയുടെ ആഹ്ലാദമാക്കി മാറ്റിയ അങ്ങയ്ക്കു് ഞങ്ങൾ വീണ്ടും നന്ദിപറയുന്നു. സ്വയം ആഹ്ലാദിക്കാതെ മറ്റുള്ളവരെ ആഹ്ലാദിപ്പിക്കുന്ന ആ സുന്ദരിക്കും കൃതജ്ഞത.

ചിരിക്കാനറിഞ്ഞുകൂടാത്തവർക്കു് സൗന്ദര്യം സൃഷ്ടിക്കാനും അറിഞ്ഞുകൂടാ. ഗഹനങ്ങളായ ജീവിതപ്രശ്നങ്ങൾക്കു് ഉത്തരം കണ്ടെത്തി, ഉദാത്തസൗന്ദര്യം സൃഷ്ടിക്കുന്ന ശ്രീ. പാറപ്പുറത്തു് മന്ദസ്മിതം പുരണ്ട കടക്കണ്ണുകൊണ്ടു് ജീവിതത്തെ വീക്ഷിക്കുന്നതു കാണണമെങ്കിൽ അദ്ദേഹം മാതൃഭൂമിയിലെഴുതിയ “ഭഗവാനൊരു കുറവനായി” എന്ന ചെറുകഥ നാം വായിച്ചുനോക്കണം. ഞാഞ്ഞൂക്കാടൻ എന്ന പെരിയ ‘സാമി’. അയാൾ ശബരിമലയ്ക്കു പോകുമ്പോൾ ആരോ കൊടുത്ത കഞ്ചാവുബീടി വലിച്ചു പരമശിവനെത്തന്നെ മുൻപിൽ കാണുകയുണ്ടായി. വർഷങ്ങൾ കഴിഞ്ഞു രണ്ടു ഹിപ്പികൾ—ഒരു സായ്പും മദാമ്മയും—‘സാമി’യുടെ ചായക്കടയിലെത്തി. അവർ അയാൾക്കു കഞ്ചാവുബീടി കൊടുത്തു. സാമി അതു വലിച്ചപ്പോൾ വീണ്ടും ശിവനെ കാണുകയായി. കഴുത്തിൽ പാമ്പു്, ജടയിൽ ചന്ദ്രക്കല, നെറ്റിയിൽ മൂന്നാംകണ്ണു്. സായ്പും മദാമ്മയുമല്ല. സാക്ഷാൽ പരമശിവനും പാർവതിയും. പെരിയ സാമി താളം ചവിട്ടി സായിപ്പിനെയും മദാമ്മയേയും വലംവച്ചുകൊണ്ടു പാടി

ഭഗവാനൊരു കുറവനായി

ശ്രീപാർവ്വതി കുറത്തിയായി

ധനുമാസത്തിലെ തിരുവാതിരനാൾ

തീർത്ഥാടനത്തിനിറങ്ങി

അവർ തീർത്ഥാടനത്തിനിറങ്ങി.

ബഹുജനം ഏറ്റുപാടി. സായ്പും മദാമ്മയും സാമിയും നൃത്തംവച്ചു. ഹിപ്പി സംസ്ക്കാരത്തിനു കൊടുക്കുന്ന കനത്ത അടിയാണു ഫലിതം തുളുമ്പുന്ന ഈ മനോഹരമായ ചെറുകഥ. ഇവിടെ അത്യുക്തിയില്ല. സ്ഥൂലീകരണമില്ല. ഫലിതം അടിച്ചേല്പിക്കാനുള്ള പ്രവണതയില്ല. കഴിവുള്ളവർ എന്തെഴുതിയാലും നന്നായിരിക്കുമല്ലോ. യഥാർത്ഥമായ രത്നമുണ്ടു്, കൃത്രിമമായ രത്നമുണ്ടു്. യഥാർത്ഥമായ രത്നം നമുക്കു പ്രദാനംചെയ്തിരിക്കുന്നു ശ്രീ. പാറപ്പുറത്തു്. “കൺഗ്രാച്ചുലേഷൻസ്” കാപട്യമായതുകൊണ്ടു് ഞാൻ ആ വാക്കു് ഉപയോഗിക്കുന്നില്ല.

images/KarurNeelakantaPillai.jpg
കാരൂർ നീലകണ്ഠപിള്ള

ഗാംഭീര്യമാർജ്ജിച്ചതെന്തും നീലനിറമുള്ളതാണു്. കടലിന്റെ നിറം നീലമാണു്. അനന്തവിസ്തൃതമായ ആകാശം നീലനിറമുള്ളതത്രേ. അപ്രമേയപ്രഭാവനായ ഈശ്വരൻ—ശ്രീകൃഷ്ണൻ—നീലനിറത്തോടുകൂടിയവനാണു്. സാക്ഷാത്ക്കരികാൻവയ്യാത്ത പരമസത്യത്തെ ശ്രീ. കാക്കനാടൻ നീലനിറമായി കാണുന്നതു ശരിതന്നെ. ആ പരമസത്യം ദർശിക്കാനുള്ള അഭിവാഞ്ഛയെ അദ്ദേഹം സുശക്തമായ ഒരു ചെറുകഥയിലൂടെ ആവിഷ്ക്കരിക്കുന്നു… (മാതൃഭൂമി—ലക്കം 25). ചെറുകഥകൾ കഥാകാരന്മാരുടെ വിരലുകൾക്കിടയിൽ ഇരിക്കുന്ന കളിമണ്ണാണു്. ചിലപ്പോൾ അവർ വിരലുകൾ തിരിക്കുമ്പോൾ ആ കളിമണ്ണു് ഉജ്ജ്വലതയാർന്ന പ്രതിമകളാകും. മറ്റുചിലപ്പോൾ വിലക്ഷണങ്ങളായ രൂപങ്ങൾ കൈക്കൊള്ളും. രൂപങ്ങളുടെ സൗന്ദര്യവും വൈരൂപ്യവും വിരലുകൾ തിരിക്കുന്ന സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കും. കലാപ്രചോദനമില്ലാത്ത സമയത്താണു് ശ്രീ. കാരൂർ നീലകണ്ഠപിള്ളയും ശ്രീ. ഉറൂബും ശ്രീ. ടി. പദ്മനാഭനും ശ്രീ. വി. കെ.എന്നും ജീവിതമെന്ന കളിമണ്ണിൽനിന്നു കലാശില്പമുണ്ടാക്കാൻ ശ്രമിച്ചതെന്നു് “മാതൃഭൂമി”യിലെ ചെറുകഥകൾ ഉദ്ഘോഷണം ചെയ്യുന്നു.

ദക്ഷിണതിരുവിതാംകൂറിലെ പേച്ചിപ്പാറ അണക്കെട്ടു് കണ്ടിട്ടുണ്ടോ എന്റെ വായനക്കാർ? ഇഞ്ചിനിയറിംഗ് വിദ്യകൾക്കു് അമിതപ്രാധാന്യവും അനല്പവികാസവും ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽ പേച്ചിപ്പാറ അണയ്ക്കു് വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു് ഞാൻ സമ്മതിക്കുന്നു. എങ്കിലും അതു് കാണുന്നതു് ഉത്കൃഷ്ടമായ ഒരനുഭവമാണെന്നാണു് എന്റെ വിചാരം. നാലുചുറ്റും കാടുകൾ ഒഴുകിവരുന്ന നദിയെ തടഞ്ഞുനിറുത്തുന്ന ഭീമാകാരമായ അണക്കെട്ടു്. എങ്ങും നിശ്ശബ്ദത. ആരാണു് അല്ലെങ്കിൽ എന്താണു് ആ നിശ്ശബ്ദത ഉളവാക്കുന്നതു്? അണക്കെട്ടിലെ ഓരോ കല്ലുമാണു് അതിനു കാരണമെന്നു് ഞാൻ സങ്കല്പിക്കുന്നു. ആ കല്ലുകളൊക്കെ ചേർന്നുനില്ക്കുമ്പോൾ ലോകമാകെയുള്ള നിശ്ശബ്ദത അവിടെ ഓടിയെത്തുന്നു. ഒരു കല്ലിളക്കി ദൂരെയെറിയൂ. നിശ്ശബ്ദത തകരും. ഇളകിയ ഓരോ കല്ലും വാചാലമാകും. കലാശില്പങ്ങൾ അണക്കെട്ടുപോലെ നിശ്ശബ്ദത ആവഹിക്കുമ്പോഴാണു് അവ ഉത്കൃഷ്ടങ്ങളായിയെന്നു് നാം പറയുക. “മലയാളനാടി”ന്റെ ഓണപ്പതിപ്പിൽ ശ്രീ. സേതു എഴുതിയ “കഥയുടെ കഥ” എന്ന ചെറുകഥ വായിക്കുക. ഒരു കലാശില്പമല്ല നാം കാണുക പിന്നെയോ? ഇളകിക്കിടക്കുന്ന കുറെ കല്ലുകൾ മാത്രം. ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചു് ആധുനികജീവിതത്തിന്റെ വൈരസ്യത്തെ ചിത്രീകരിക്കാനാണു് കഥാകാരന്റെ ശ്രമം. ശ്രമമെന്നുതന്നെ പറഞ്ഞുകൂടാ അടിച്ചതിനും വേണ്ടി കരയുന്നുവെന്ന മട്ടിൽ, സേതു കഥാരചന എന്നതിന്റെ പേരിൽ കുറെ വാക്യങ്ങൾ എഴുതിവയ്ക്കുന്നു. ആ വാക്യങ്ങൾ പകർന്നുതരുന്ന ആശയങ്ങൾക്കു് ഗഹനതയില്ല, ഭംഗിയില്ല, അവയ്ക്കു് അന്യോന്യബന്ധമില്ല.

ഇതു് ജനാധിപത്യത്തിന്റെ കാലമാണു്. എങ്കിലും ഞാനൊരു ചക്രവർത്തിയായിരുന്നെങ്കിലെന്നു് വിചാരിക്കുകയാണു്. അങ്ങനെയായാൽ പ്രജകളുടെ ആഹ്ലാദമായിരിക്കും എന്റെ ലക്ഷ്യം. അതിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടി ഞാൻ എന്തെല്ലാം ആജ്ഞാപിക്കും? പലതും ആജ്ഞാപിക്കും. സംശയമില്ല. എന്നാലും ഒന്നാമത്തെ ആജ്ഞ എന്തെന്നു കേൾക്കട്ടെ. അതു് ഇതാണു്: “കലയെക്കുറിച്ചു് ഒരു ബോധവുമില്ലാത്ത പെൺകുട്ടികൾ കഥകൾ എഴുതി മനുഷ്യരെ കഷ്ടപ്പെടുത്തരുതു്.” സെപ്റ്റംബർ 5-ാം തീയതിയിലെ “ജനയുഗം വാരികയിൽ മേരി വിതയത്തിൽ എഴുതിയ “മാപ്പുതരൂ” എന്ന ചെറുകഥ വായിച്ചുനോക്കുന്നവർക്കൊക്കെ ഇങ്ങനെയൊരു കല്പന പുറപ്പെടുവിക്കണമെന്നു തോന്നും. അത്രകണ്ടു് അതു നിന്ദ്യമാണു്. കുടുംബത്തെ പ്രയാസപ്പെട്ടു സംരക്ഷിക്കുന്ന ഒരു യുവതിക്കു് നേഴ്സായി ഉദ്യോഗം കിട്ടുന്നു. അവൾ അക്കാര്യമറിയിക്കാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മ അയൽവീട്ടിൽ ഹീനമായ ജോലി ചെയ്യുന്നതു കാണുന്നു. ഉടനെ അവൾ അമ്മയുടെ കാൽ കെട്ടിപ്പിടിച്ചു് കരഞ്ഞുപോലും. “അമ്മേ, എനിക്കു മാപ്പുതരൂ” എന്നു് പറഞ്ഞുപോലും. ‘സ്റ്റുപ്പിഡിറ്റി’ക്കും ഒരതിരുണ്ടെന്നാണു് ഞാൻ ഇത്രയും കാലം വിചാരിച്ചിരുന്നതു്. ഈ കഥ വായിച്ചപ്പോഴാണു് “അൺലിമിറ്റഡ് സ്റ്റുപ്പിഡിറ്റി”—അതിരില്ലാത്ത ബുദ്ധിശൂന്യത—എന്നൊന്നു് ഉണ്ടെന്നു് മനസ്സിലാക്കുന്നതു്… കഥാകാരന്മാർ ജീവിതസംഭവങ്ങളെ ചിത്രീകരിക്കുമ്പോൾ, ആ സംഭവങ്ങൾക്കുള്ള പരമപ്രാധാന്യത്തെ കാണിച്ചുതരാൻ പര്യാപ്തങ്ങളായ വാതായനങ്ങളായി ആ കഥകൾ രൂപം കൊണ്ടില്ലെങ്കിൽ പിന്നെന്തു പ്രയോജനം? ശ്രീ. ഈ. വി. ശ്രീധരൻ “ജനയുഗം” വാരികയിലെഴുതിയ “കറുത്ത മേഘങ്ങൾ” എന്ന ചെറുകഥ നോക്കുക. ഒരു സ്ത്രീയുടെ ദുഃഖം സ്ഫുടീകരിക്കുന്നുവെന്ന മട്ടിൽ, വ്യക്തത അല്പംപോലുമില്ലാതെ അദ്ദേഹം എന്തൊക്കെയോ പുലമ്പുന്നു. കഥ വായിച്ചുതീരുമ്പോൾ ജീവിതസംഭവങ്ങളെക്കുറിച്ചുതന്നെ നമുക്കു് ഒരു ബോധവുമുണ്ടാകുന്നില്ല. സംഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു പിന്നെ ഒന്നും പറയാനുമില്ല. വീണക്കമ്പിയിൽ ഒന്നു മൃദുവായി സ്പർശിച്ചാൽ മനോഹരമായ നാദമുയരും. ശക്തി സംഭരിച്ചുകൊണ്ടു് ഒരടി കൊടുത്താലോ; അതു പൊട്ടിത്തകരും. കല ഒരു വീണക്കമ്പിയാണു്. അതിലെ സ്പർശം മൃദുവായിരിക്കട്ടെ മിസ്റ്റർ ശ്രീധരൻ.

images/KonstantinosKavafis.jpg
C. F. Cavafy

C. F. Cavafy എന്നൊരു ഗ്രീക്കു കവിയുടെ പരിഹാസദ്യോതകമായ ഒരു കവിത വായിച്ച ഓർമ്മ എനിക്കുണ്ടു്. കവിതയിലെ ആശയം ഓർമ്മിച്ചെഴുതട്ടെ: “രണ്ടു വർഷം അയാൾ ഒരു തത്ത്വചിന്തകന്റെ ശിഷ്യനായിരുന്നു. പക്ഷേ, തത്ത്വചിന്ത അയാളെ മുഷിപ്പിച്ചു. അതിനു ശേഷം അയാൾ രാഷ്ട്രീയകാര്യങ്ങളിൽ പ്രവേശിച്ചു. അതു് ഉപേക്ഷിച്ചിട്ടു് മതപരങ്ങളായ വസ്തുതകളിൽ ശ്രദ്ധിച്ചു തുടങ്ങി. അതും അയാൾ ഉപേക്ഷിച്ചു പിന്നീടു് അലക്സാണ്ടറിയയിലെ വേശ്യാലയങ്ങളിൽ കയറിയിറങ്ങി. പ്രകൃതി അയാൾക്കു് ആകൃതിസൗഭഗം നല്കിയിരുന്നു. കുറഞ്ഞതു് പത്തു വർഷമെങ്കിലും അയാളുടെ സൗന്ദര്യം നിലനില്ക്കും. അതു നശിക്കുമ്പോൾ അയാൾ ഒരുപക്ഷേ, തത്ത്വചിന്തകന്റെ അടുക്കൽ പോയേക്കും. ആ തത്ത്വചിന്തകൻ മരിച്ചിട്ടുണ്ടെങ്കിലോ? എന്നാൽ സൗകര്യമായി വേറൊരുത്തനെ കിട്ടും. അല്ലെങ്കിൽ രാഷ്ട്രീയത്തിലേക്കുതന്നെ തിരിച്ചുവരും. കുടുംബത്തിന്റെ പാരമ്പര്യം, രാജ്യത്തോടുള്ള കടമ എന്നിവയെക്കുറിച്ചെല്ലാം ഓർമ്മിക്കുമ്പോൾ രാഷ്ട്രീയത്തിലേക്കു മടങ്ങിവരാതിരിക്കുന്നതെങ്ങനെ?” രാഷ്ട്രവ്യവഹാരത്തിൽ തൽപരനായിരിക്കുന്ന കപടനേതാവിനെ ഇതിനെക്കാൾ ഭംഗിയായി ആരും പരിഹസിച്ചിട്ടില്ല. ഒന്നാന്തരം സോല്ലണ്ഠനം! ഇനി “ചന്ദ്രിക” വാരികയിൽ ശ്രീ. പി. സുബ്ബയ്യാപിള്ള എഴുതിയ “രക്ഷ” എന്ന കഥ വായിച്ചുനോക്കുക. മന്ത്രിപദം അഭിലഷിക്കുന്ന ഒരു നേതാവിനെ ഫലിതാത്മകമായി അവതരിപ്പിക്കാനാണു കഥാകാരൻ ശ്രമിക്കുന്നതു്. മന്ത്രിസ്ഥാനം ലഭിക്കാൻവേണ്ടി അയാൾ ഒരു രക്ഷ ജപിച്ചുകെട്ടുന്നു. “നാളെ ഈ സമയത്തു മന്ത്രിയായി തിരഞ്ഞെടുത്തിരിക്കും” എന്നു ഗണകൻ പറയുന്നതുകേട്ടു നേതാവു വിശ്വാസത്തോടെ പോകുമ്പോൾ കഥ അവസാനിക്കുന്നു. സുബ്ബയ്യാപിള്ളയുടെ പരിഹാസം ലക്ഷ്യവേധിയല്ല. അതിനു് സ്വാഭാവികതയില്ല. ഫലിതം അസ്വാഭാവികമാകുന്നതു വേദനാജനകമാണു്.

പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ മൂകതയിൽ, ക്രൈസ്തവദേവാലയത്തിന്റെ നിശ്ശബ്ദതയിൽ, ശംഖുമുഖത്തെ രാമണീയകത്തിൽ “കാരമാസോവ് സഹോദരന്മാരു ടെ” ഗഹനതയിൽ, ലയോക്കൂൺ പ്രതിമയുടെ ഉദാത്തതയിൽ, മോണലിസ യുടെ സൗന്ദര്യത്തിൽ ഞാൻ ഈശ്വരനെ കാണുന്നു. ഈ ലോകത്തു് ഏറ്റവും മനോഹരമായിട്ടുള്ളതു് സ്ത്രീയുടെ മന്ദഹാസമാണു്. ഈ ലോകത്തിലെ ഏറ്റവും വലിയ വൈരൂപ്യം അഹങ്കാരമുള്ള സ്ത്രീയാണു്. ശ്മശാനത്തിന്റെ ഭീകരതയിൽ, ടാഗോർ സെന്റിനറി തീയേറ്ററിന്റെ ബീഭത്സതയിൽ, പുത്തരിക്കണ്ടം മൈതാനിയിൽ നിറുത്തിയിരിക്കുന്ന മഹാത്മാഗാന്ധി യുടെ പ്രതിമയിൽ, സ്ത്രീയുടെ പല്ലിറുമ്മലിൽ, അവളുടെ അഹങ്കാരത്തിൽ, അത്യന്താധുനികസാഹിത്യത്തിൽ ഞാൻ പിശാചിനെ കാണുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ (ലക്കം 26) ശ്രീ. സക്കറിയ എഴുതിയ “ഒരിടത്തു് ” എന്ന അത്യന്താധുനികകഥയിൽ ഞാൻ ഈശ്വരനെ കാണുന്നില്ല “ഈശ്വരൻ എന്നേ മരിച്ചു. പിന്നെങ്ങനെ ഈശ്വരനെ കാണും?” എന്നു് ചിലർ ചോദിക്കുന്നതു് ഞാൻ കേൾക്കുന്നു. ഞാൻ വ്യക്തിഗതനായ ഈശ്വരനെ ഉദ്ദേശിച്ചല്ല പറയുന്നതു്. ഷെല്ലി നിരീശ്വരനായിരുന്നപ്പോൾ എഴുതിയ കവിതകളിൽ ഈശ്വരനുണ്ടു്. ഞാൻ ആ ഈശ്വരനെ—ആദ്ധ്യാത്മിക സൗന്ദര്യത്തെ—ലക്ഷ്യമാക്കിയാണു് ഇങ്ങനെയെല്ലാം അഭിപ്രായപ്പെടുന്നതു്… ദേശാഭിമാനി വാരികയുടെ 9-ാം ലക്കത്തിൽ ശ്രീ. ജയാനന്ദ് എഴുതിയ “പഴയപല്ലവി” എന്ന ചെറുകഥയിൽ ഒരു ഭർത്താവിന്റെയും ഭാര്യയുടെയും ലോലവികാരങ്ങളെ ഭംഗിയായി ആവിഷ്കരിക്കുന്നു… നക്ഷത്രങ്ങൾനിറഞ്ഞ ആകാശം, പച്ചപിടിച്ച വയലുകൾ, മൂടൽമഞ്ഞിൽ മറഞ്ഞ പർവ്വതം, കുളികഴിഞ്ഞുപോകുന്ന കാമുകിയുടെ തലമുടിനാരിന്റെ അറ്റത്തു് തിളങ്ങുന്ന വെള്ളത്തുള്ളി—ഇവയൊക്കെ മനോഹരങ്ങളാണു്. ചെറുകഥകളും ഈ രീതിയിൽ സുന്ദരങ്ങളായെങ്കിൽ!

images/GyorgyLukacs1.jpg
ജോർജ്ജ് ലൂക്കാച്ച്

“കുറ്റിപ്പുഴയുടെ സാഹിത്യചിന്തകൾ” എന്ന പേരിൽ ഡോക്ടർ പി. വി. വേലായുധൻപിള്ള ‘മലയാളനാടു്’ ഓണപ്പതിപ്പിൽ എഴുതിയിരിക്കുന്ന ലേഖനം ലേഖകന്റെ നിഷ്പക്ഷചിന്താഗതിയേയും വിമർശനപാടവത്തേയും വ്യക്തമാക്കുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ള മിതവാദിയും പ്യൂരിട്ടനുമാണെന്നു് വേലായുധൻപിള്ള യുക്തികൾ പ്രദർശിപ്പിച്ചു് സ്ഥാപിക്കുന്നുണ്ടു്. ആനുഷംഗികമായി കുട്ടിക്കൃഷ്ണമാരാർ, പ്രൊഫസർ മുണ്ടശ്ശേരി, എം. പി. പോൾ എന്നിവരുടെ നിരൂപണരീതികളെക്കുറിച്ചും അദ്ദേഹം ഉപന്യസിക്കുന്നു. അവിടെയും സമനില പാലിച്ചാണു് വേലായുധൻപിള്ള എഴുതുന്നതു്. കുമാരനാശാന്റെ കാവ്യങ്ങളുടെ കൈയെഴുത്തുപ്രതികൾ പരിശോധിച്ചു് അദ്ദേഹത്തിന്റെ കാവ്യനിർമ്മാണതത്ത്വങ്ങളിലേക്കു ചെല്ലുവാൻ ശ്രീ. എം. എം. ബഷീർ ചെയ്യുന്ന യത്നം രസാവഹമാണു്, ആദരണീയമാണു്. ലോകത്തു് എത്രയോ കൊലപാതകങ്ങൾ നടക്കുന്നു. നാം അവ ശ്രദ്ധിക്കാറില്ല. പക്ഷേ, നിസ്സാരമായ ഒരു കൈലേസ് താഴെ എറിഞ്ഞിട്ടു് ഷേക്സ്പിയർ ട്രാജഡിയുണ്ടാക്കുമ്പോൾ നാം ശ്രദ്ധിക്കുന്നു. പ്രകമ്പനം കൊള്ളുന്നു. നിത്യജീവിതത്തിലെ അർത്ഥമില്ലായ്മയിൽ അർത്ഥം കണ്ടെത്തുന്നവനാണു് കലാകാരൻ എന്നു് ശ്രീ. കെ. പി. ശശിധരൻ അഭിപ്രായപ്പെടുന്നു (മലയാളനാടു്). അദ്ദേഹത്തോടു് ആരാണു് യോജിക്കാതിരിക്കുക? ശ്രീ. കെ. ദാമോദരന്റെ പത്രാധിപത്യത്തിലും ശ്രീ. കെ. വി. സുരേന്ദ്രനാഥി ന്റെ മാനേജിംഗ് എഡിറ്റർഷിപ്പിലും പ്രസാധനം ചെയ്യുന്ന “മാർക്സിസ്റ്റ് വീക്ഷണം” എന്ന ഉത്കൃഷ്ട മാസികയിൽ മാർക്സിസത്തിലെ അരിസ്റ്റോട്ടിൽ എന്ന വിശേഷണം നല്കാവുന്ന ജോർജ്ജ് ലൂക്കാക്സി നെക്കുറിച്ചു് ദാമോദരന്റെ ഒരു നല്ല ലേഖനമുണ്ടു്. ലൂക്കാസ് ആരാണെന്നും അദ്ദേഹത്തിനു് സാഹിത്യത്തിലുള്ള സ്ഥാനമെന്താണെന്നും ആ ലേഖനത്തിൽനിന്നു് നമുക്കു മനസ്സിലാക്കാം. ഒരു ഉജ്ജ്വല പ്രതിഭാശാലിയാണു് ലൂക്കാസ്. അദ്ദേഹത്തിന്റെ “A Modern Drama”, “Balzac, Stendhal, Zola”, “Studies in European Realism”, “Goe the and His Age”, “Historical Novel” എന്നീ ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. മഹാനായ ഗ്രന്ഥകാരനാണു് അദ്ദേഹമെന്നു് ഈ ഗ്രന്ഥങ്ങളാകെ ഉദ്ഘോഷിക്കുന്നു… അക്കിത്തത്തി ന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ”മെന്ന കാവ്യത്തെ വിമർശിച്ചതിനു ശേഷം ശ്രീ. നരേന്ദ്രപ്രസാദ് പ്രസ്താവിക്കുന്നു: “അക്കിത്തത്തിന്റെ ‘സെൻസിബിലിറ്റി’ ആധുനിക സാഹിത്യത്തിന്റെ സെൻസിബിലിറ്റിയുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നില്ല.” ശരിയാണു്: അക്കിത്തത്തിന്റെ ഭാവസംദൃബ്ധത ആധുനിക സാഹിത്യത്തിന്റെ ഭാവസംദൃബ്ധതയുമായി യോജിക്കുന്നില്ല. എന്റെ ഉത്തമസുഹൃത്തു് ശ്രീ. നരേന്ദ്രപ്രസാദ് അതൊരു ദോഷമായി കാണുന്നു. ഞാൻ അതൊരു ഗുണമായി കാണുന്നു.

ലാളിത്യം വിചാരശീലം എന്നിവയോടുകൂടി ശ്രീ. ഒ. എൻ. വി. കുറുപ്പു് പരമസത്യത്തെക്കുറിച്ചു് ആകർഷകമായി പാടുന്നു (മലയാളനാടു്—ലക്കം 16). മനുഷ്യന്റെ അന്തരംഗത്തെ അലയാഴിയായും പരമസത്യത്തെ അന്തരീക്ഷമായും കാണുന്ന ആ കല്പന നന്നായിട്ടുണ്ടു്. ശ്രീ. എൻ. രമേശനാകട്ടെ താനൊരച്ഛനായതിലുള്ള ഹർഷോന്മാദത്തെ നൂതനമായ രീതിയിൽ ചിത്രീകരിക്കുന്നു.

ആരാണു് ഈ സായാഹ്നത്തിൽ ഒരു വിപഞ്ചിക മീട്ടിക്കൊണ്ടു് നടന്നുവരുന്നതു്? ആളിനെക്കാണുന്നില്ലല്ലോ. പച്ചിലച്ചാർത്തുകളിൽ നിന്നു്, എന്റെ ഭവനത്തിനു് സമീപമൊഴുകുന്ന പുഴയിൽ നിന്നു് ആ നാദം ഉയരുന്നു. ഇതാണു് പ്രപഞ്ചസംഗീതം. നാദമാധുര്യം മാത്രമേ നമുക്കനുഭവപ്പെടുന്നുള്ളു. അതു് വേറെ എവിടെ നിന്നെങ്കിലും വായനക്കാർക്കു് ആസ്വദിക്കണോ? എങ്കിൽ പി. കുഞ്ഞിരാമൻനായരു ടെ കവിത വായിക്കുക.

“ഉത്രാടസന്ധ്യ വയല്ക്കരെയാരെയോ

കാത്തുനില്ക്കുന്നമണൽ വഴിത്താരയിൽ”

നിന്നുകൊണ്ടു് അനുഗൃഹീതനായ ആ കവി പാടുന്നു. അപ്പോൾ, വിടർന്ന ചമ്പകപ്പൂവിന്റെ പരിമളം വ്യാപിക്കുന്നു. മലയാളകവിതേ, നീ എത്ര ധന്യ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-09-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.