
“മലയാളനാടു്” വാരികയുടെ 18-ാം ലക്കത്തിൽ ശ്രീ. സി. പി. ശ്രീധരന്റെ “ആദികവിയുടെ ആദ്യശ്ലോകം” എന്നൊരു ലേഖനമുണ്ടു്. ശ്രീധരൻ എഴുതാറുള്ളതെന്തും താൽപര്യത്തോടെ വായിക്കുന്ന ഞാൻ ഈ ലേഖനവും അതേ തൽപരത്വത്തോടെ വായിക്കുകയുണ്ടായി. വായിച്ചു കഴിഞ്ഞപ്പോൾ, എന്റെ സുഹൃത്തു് ഇങ്ങനെയൊരു ലേഖനം എഴുതേണ്ടിയിരുന്നില്ലെന്നു് എനിക്കു തോന്നുകയും ചെയ്തു. “വാല്മീകി, രാമായണ മെഴുതിയതു് എന്തിനുവേണ്ടി?” എന്ന ചോദ്യത്തിനു മറുപടി നല്കുകയാണു് ശ്രീധരൻ. സീതയുടെ ചാരിത്രത്തിൽ വിശ്വാസമുണ്ടായിരുന്ന വാല്മീകിക്കു്, ഗർഭിണിയായ ദേവിയെ വനത്തിലുപേക്ഷിച്ച രാമനെക്കുറിച്ചു് “ചിന്താക്കുഴപ്പങ്ങൾ” ഉണ്ടായിരുന്നു പോലും. കുശലവന്മാർ മഹർഷിയുടെ ചിന്താക്കുഴപ്പങ്ങളെ തീക്ഷണങ്ങളാക്കി നിദ്രയ്ക്കു ഭംഗം വരുത്തിയത്രേ. അങ്ങനെയിരിക്കെയാണു് തപഃസ്വാധ്യായനിരതനായ നാരദനോടു് വാല്മീകി ചോദിച്ചതു് ഈ ലോകത്തിൽ ഗുണവാനും വീര്യവാനും ധർമ്മജ്ഞനും ഒക്കെയായ പുരുഷനാരാണെന്നു്. ‘ശ്രീരാമൻ’ എന്നായിരുന്ന നാരദന്റെ അസന്ദിഗ്ദ്ധമായ മറുപടി. അതോടെ വാല്മീകിയുടെ ചിന്താക്കുഴപ്പം തീരുകയും അദ്ദേഹം രാമനെക്കുറിച്ചുതന്നെ കാവ്യം രചിക്കുകയും ചെയ്തു. സി. പി. ശ്രീധരന്റെ ആദ്യത്തെ വിദഗ്ദ്ധാഭിപ്രായമാണിതു്. ഈ അനർത്ഥകഭാഷണത്തിനു ഞാനെന്തിനു് മറുപടി നല്കണം? അത്രത്തോളം ഇതൊരു അസംബന്ധപ്രലാപമാണല്ലോ. എങ്കിലും പറയട്ടെ തപസ്വിയായ വാല്മീകി, രാമന്റെ ജീവിതത്തിൽ അന്നുവരെ സംഭവിച്ചതും പിന്നീടു് സംഭവിക്കാൻ പോകുന്നതും ആയ കാര്യങ്ങളെ ദിവ്യനേത്രം കൊണ്ടറിയുന്ന വാല്മീകി, ചിന്താക്കുഴപ്പമുള്ളയാളായിരുന്നുവെന്ന പ്രസ്താവം തികഞ്ഞ അസംബന്ധമാണു്. വേദത്തിന്റെയും വേദാന്തത്തിന്റെയും കാലം കഴിഞ്ഞപ്പോൾ ഭാരതീയർ മനുഷ്യമഹത്ത്വത്തെയും മനുഷ്യസ്നേഹത്തെയും വാഴ്ത്താൻ അഭിലാഷമുള്ളവരായി. അവർക്കു് പ്രാതിനിധ്യം വഹിച്ചാണു് വാല്മീകി രാമന്റെയും സീതയുടെയും കഥ രചിച്ചതു്. രാമനാണു് തന്റെ നായകനെന്നു് വാല്മീകിക്കു അറിയാൻ പാടില്ലാതെയല്ല അദ്ദേഹം നാരദനോടു സർവഗുണസംപൂർണ്ണൻ ആരാണെന്നു ചോദിച്ചതു്. മഹർഷിയുടെ ചോദ്യം കേട്ടാലും:
“കോഽന്വസ്മിൻ സാംപ്രതം ലോകേ
ഗുണവാൻ കശ്ചവീര്യവാൻ
ധർമ്മജ്ഞശ്ച കൃതഞ്ജശ്ച
സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേണ ച കോ യുക്തഃ
സർവഭൂതേഷു കോ ഹിതഃ”
ബഹുജനമാരാധിക്കുന്ന ഗുണങ്ങളോടുകൂടിയവനാണു് രാമൻ. ചാപഭഞ്ജനം ചെയ്ത അദ്ദേഹം വീര്യവാൻ തന്നെ. രാജ്യമുപേക്ഷിച്ചവൻ ധർമ്മജ്ഞനാണെന്നതിൽ എന്തുണ്ടു സംശയം? ഗുഹനോടുള്ള അദ്ദേഹത്തിന്റെ കൃതജ്ഞത ഈ ചോദ്യത്താൽ വ്യക്തമാക്കപ്പെട്ടു. ഭരതൻ അപേക്ഷിച്ചിട്ടും കാട്ടിൽനിന്നു മടങ്ങിവരാത്തവൻ സത്യവാനും ദൃഢവ്രതനുമത്രേ. ഇങ്ങനെ പതിനാറു ഗുണങ്ങളെക്കുറിച്ചാണു് വാല്മീകിയുടെ ചോദ്യം. പതിനാറു എന്ന സംഖ്യ ഭാരതീയന്റെ സങ്കല്പമനുസരിച്ചു സമ്പൂർണ്ണതയെയാണു കാണിക്കുന്നതു് ചന്ദ്രൻ പതിനാറു കലകളോടുകൂടി പ്രത്യക്ഷമാകുമ്പോഴാണു പൂർണ്ണചന്ദ്രൻ എന്നു പറയാറുള്ളതു്. ഈ വിധത്തിൽ എല്ലാം ഗുണങ്ങളും തികഞ്ഞ രാമനെ ലക്ഷ്യമാക്കിക്കൊണ്ടു വാല്മീകി നാരദനോടു ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉത്തരമെന്തായിരിക്കുമെന്നു് മഹർഷിക്കു നല്ലപോലെ അറിയാം. അദ്ദേഹത്തിനു ചിന്താക്കുഴപ്പമുണ്ടുപോലും. നാം കലാശില്പങ്ങളെ മാനിച്ചില്ലെങ്കിലും സാരമില്ല, നമ്മുടെ കൈയിലെ അഴുക്കു് അവയിൽ വച്ചു തേക്കാതിരുന്നാൽ മതി.
മാ നിഷാദ എന്നു തുടങ്ങുന്ന ശ്ലോകത്തിനു സി. പി. ശ്രീധരൻ നല്കുന്ന വ്യാഖ്യാനമാണു് ഇതിലും രസാവഹം. ക്രൗഞ്ചമിഥുനത്തിൽനിന്നു് ഒന്നിനെ അമ്പെയ്തുവീഴ്ത്തിയ നിഷാദൻ നശിച്ചുപോകുമെന്നല്ല, നിഷാദവർഗ്ഗമാകെ മുടിഞ്ഞു പോകണമെന്നാണത്രേ മുനി ശപിച്ചതു്. ശ്രീധരന്റെ മനോധർമ്മം കൊള്ളാം. പക്ഷേ, അതു സത്യത്തോടു യോജിക്കുന്നില്ല.
“മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീഃ സമാഃ
യത് ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം.”
എന്നതാണു ശ്ലോകം. അതിന്റെ അന്വയവും അർത്ഥവും ഇതാ: (ഹേ) നിഷാദത്വം ശാശ്വതീ സമാഃ പ്രതിഷ്ഠാം മാ അഗമഃ യത് ക്രൗഞ്ചമിഥുനാത് ഏകം കാമമോഹിതം അവധീഃ—അല്ലയോ വേട, നീ വളരെക്കാലം പ്രതിഷ്ഠയെ പ്രാപിക്കാതെ പോകട്ടെ. കാമമോഹിതമായ ക്രൗഞ്ചമിഥുനത്തിൽ നിന്നു് ഒന്നിനെ നീ കൊന്നുവല്ലോ—നീ വളരെക്കാലം ജീവിച്ചിരിക്കാതെപോകട്ടെ, നീ ഉടനെ മരിക്കട്ടേ എന്നർത്ഥം. ഒരു നിഷാദൻ തെറ്റു ചെയ്തതുകൊണ്ടു് നിരപരാധർ കൂടി ഉൾപ്പെടുന്ന നിഷാദവർഗ്ഗമാകെ നശിക്കണമെന്നു മുനിക്കു് ഉദ്ദേശ്യമുണ്ടായിരുന്നുവെന്നു ശ്രീധരൻ വാദിക്കുന്നു. തപസ്വിയായ വാല്മീകി ശ്രീധരന്റെ ദൃഷ്ടിയിൽ എത്ര ദുഷ്ടൻ!
ക്രൗഞ്ചപ്പക്ഷിയുടെ ദുഃഖം ലോകത്തെവിടെയും കാണുന്ന ദുഃഖമാണു്; ജീവിത ദുഃഖമാണു്. അതുകണ്ട മഹർഷി വാല്മീകി, കവിയായ വാല്മീകിയായി മാറുന്നു. അപ്പോൾ ബ്രഹ്മാവു്—സ്രഷ്ടാവു്—സർഗ്ഗാത്മകപ്രക്രിയയുടെ അധീശൻ—നൂതനമായ ഒരു സൃഷ്ടിക്കുവേണ്ടി ആഹ്വാനം നടത്തുന്നു. അതനുസരിച്ചു കവി രാമായണം രചിക്കുന്നു. സർഗ്ഗപ്രക്രിയയെ (Creative Act) പ്രതിരൂപാത്മകമായി പ്രതിപാദിക്കുകയാണിവിടെ. അതു മനസ്സിലാക്കാതെ ശ്രീധരൻ അതുമിതും പറയുന്നു. “മാ” എന്നതു നിഷേധാത്മകമായ പ്രയോഗമാണെന്നു മനസ്സിലാക്കാതെ അദ്ദേഹം വാല്മീകിരാമായണം തർജ്ജമചെയ്ത വള്ളത്തോളി നേയും നിന്ദിക്കുന്നു. തങ്ങൾക്കു് ഉറപ്പില്ലാത്ത കാര്യങ്ങളെക്കുറിച്ചു് ആളുകൾ ഒന്നും എഴുതാതിരുന്നെങ്കിൽ!
രണ്ടുകൊല്ലത്തിനുമുൻപുണ്ടായ ഒരു സംഭവം. ഞാൻ തിരുവനന്തപുരത്തിനുതെക്കുള്ള ഒരു സ്ഥലത്തു്—പതിനഞ്ചു മൈൽ അകലെയുള്ള ഒരു സ്ഥലത്തു്—നില്ക്കുകയായിരുന്നു. ‘ബന്ത്’ നടക്കുന്ന ദിവസം തെക്കുനിന്നു് ഒരു കാർ വളരെ വേഗത്തിൽ വരികയാണു്. കുറെയാളുകൾ റോഡിന്റെ കുറുകെ ചാടി കാറുനിറുത്തി, ‘ബന്താണു്, പോകാൻ പാടില്ല’ എന്നു് ആക്രോശിച്ചു. ഉടനെ കാറിന്റെ ഡോർ തുറന്നു് ഒരു ചെറുപ്പക്കാരൻ റോഡിലേക്കു ചാടി തൊഴുകൈയോടെ അപേക്ഷിച്ചു: “എന്റെ ഭാര്യയാണു് അതിനകത്തു്. അവൾ പ്രസവവേദന കൊണ്ടു് പിടയ്ക്കുകയാണു്. ദയവുചെയ്തു് ആശൂപത്രിയിൽ കൊണ്ടുപോകാൻ സമ്മതിക്കണം” കാറിനകത്തു് യുവതി ഞരങ്ങുന്നതും മൂളുന്നതും കരയുന്നതുമൊക്കെ ഞാൻ കേട്ടു. പക്ഷേ, ആളുകൾ കാറ് മുന്നോട്ടുപോകാൻ സമ്മതിച്ചില്ല. യുവാവു് മാറിമാറി ഓരോ ആളിന്റെയും കാലിൽ വീണു. എന്നിട്ടും ആരും അലിയുന്നില്ല. അക്കാഴ്ചകണ്ടു സഹിക്കാനാവാതെ ഞാൻ ഓടിക്കളഞ്ഞു. ഒടുവിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ കാറിനകത്തുവച്ചു്, എല്ലാവരുടെയും മുൻപിൽ വച്ചു് ആ സാധു യുവതി പ്രസവിച്ചുവെന്നു് ഞാനറിഞ്ഞു. ഈശ്വര, എന്തൊരു ലോകമാണിതു്! ഈ സംഭവം എന്റെ ആത്മാവിലുളവാക്കിയ ക്ഷതം ഉണങ്ങിവരികയായിരുന്നു. ഇപ്പോൾ അതു് വിണ്ടുകീറി ചോരയൊലിക്കുന്നു. കാരണമെന്താണെന്നോ? ശ്രീ. മുണ്ടൂർ സേതുമാധവൻ മലയാളനാടു വാരികയിലെഴുതിയ “ഏകാദശി നോല്ക്കുന്ന ഈ നാടു്” എന്ന ചെറുകഥ ഞാൻ വായിച്ചു എന്നതുതന്നെ. ചീതയ്ക്കു പ്രസവവേദന, അവളുടെ ഭർത്താവിന്റെ കൈയിലാണെങ്കിൽ ഒന്നുമില്ല. ആശുപത്രിയിൽ കൊണ്ടുപോകമെങ്കിൽ പണം വേണ്ടേ? അയാൾ ഒരു നാടൻ ഡോക്ടറെ ചെന്നു വിളിച്ചു. പക്ഷേ, ഏകാദശിവ്രതമനുഷ്ഠിക്കുന്ന അവർ അന്നു പേറെടുക്കാൻ വരില്ല. മറ്റു മാർഗ്ഗമില്ലാതെ ചീതയെ ഒരു മഞ്ചലിൽ എടുത്തു് ഭർത്താവും മറ്റുള്ളവരും നടന്നു. പട്ടണത്തിലെത്തിയപ്പോൾ സ്വാതന്ത്രദിനാഘോഷം. റോഡിലൂടെ ജാഥ പോവുകയാണു്. ജാഥ മുറിച്ചു് മഞ്ചലിനു പോകാൻ വയ്യ. അങ്ങനെ വളരെനേരം കാത്തുനിന്നപ്പോൾ ജാഥ അവസാനിച്ചു. മഞ്ചലിനകത്തു് ഒരു രോദനം. കഥാകാരൻ ചോദിക്കുകയാണു്. “ജനനമോ? മരണമോ?” സ്വാതന്ത്ര്യ ദിനാഘോഷത്തോടു ബന്ധപ്പെട്ട ജാഥകൾ പോകുമ്പോൾ മാത്രമല്ല മരണം നടക്കാറുള്ളതെന്ന വസ്തുത കഥാകാരനെ നാം ഓർമ്മിപ്പിക്കേണ്ടതില്ല. അതു് സാഹിത്യനിരൂപണമല്ലല്ലോ? കഥാകാരൻ എഴുതുന്നതു് കലാപരമായ വിശ്വാസമുളവാക്കുന്നുണ്ടോ എന്നുമാത്രം നാം നോക്കിയാൽ മതി. അങ്ങനെ നോക്കുമ്പോൾ മുണ്ടൂർ സേതുമാധവന്റെ കഥ, തികച്ചും ഹൃദയസ്പർശകമാണെന്ന വസ്തുത നമുക്കു ബോധപ്പെടും. ചടുലമായ ആഖ്യാനം, വിദഗ്ദ്ധമായ വികാരാവിഷ്ക്കരണം, ആദരണീയമായ ഉദ്ബോധനം, പരകോടിയിലുള്ള പര്യവസാനം. എല്ലാ വിധത്തിലും ഭേദപ്പെട്ട ഒരു കഥ. ഇങ്ങനെ പറയാൻ വയ്യ ശ്രീ. സി. രഘുനാഥൻ “മലയാളനാട്ടി”ലെഴുതിയ “കയം” എന്ന കഥയെക്കുറിച്ചു്. അമ്മ വേശ്യ, മകൾ വേശ്യ. വികാരശമനത്തിനു വേണ്ടി അവർ വേശ്യകളായവരല്ല, വിശപ്പു മാറ്റാൻ വേണ്ടി മാത്രം. അമ്മ മരിച്ചപ്പോൾ പട്ടണത്തിൽ വേശ്യയായിക്കഴിയുന്ന മകളെത്തി പ്രേതം കാണാനായി. അപ്പോഴുണ്ടു മകൾ സ്നേഹിച്ചിരുന്ന ശേഖരേട്ടൻ മൃതദേഹത്തിനരികിൽ നില്ക്കുന്നു. അയാളുടെ സാന്നിധ്യം പൂർവകാല സ്മൃതികളിലേക്കു് അവളെ കൊണ്ടുപോയി. ആ സ്മരണകളിൽ നിന്നു മോചനം പ്രാപിച്ചു് അവൾ വീണ്ടും നോക്കുമ്പോൾ ശേഖരേട്ടൻ അപ്രത്യക്ഷനായിരിക്കുന്നു. സാമൂഹികങ്ങളായ വസ്തുതകളും സാമ്പദികങ്ങളായ ഉച്ചനീചത്വങ്ങളും മനുഷ്യനെ എത്രകണ്ടു് അധഃപതിപ്പിക്കും എന്നു ചൂണ്ടിക്കാണിച്ചു് നല്ല ജീവിതത്തിന്റെ ഒരു കിരണം വീഴ്ത്തി അതിന്റെ ശ്രേഷ്ഠത്വത്തെ വ്യക്തമാക്കാനാണു് രഘുനാഥന്റെ ശ്രമം. പക്ഷേ, ഈ കഥ കലാസൃഷ്ടിയല്ല. “അനുവാചകന്റെ വികാരം ഞാൻ ഇളക്കിവിടും” എന്നൊരു മട്ടുണ്ടു് കഥാകാരനു്. സർവസാധാരണത്വം ഇതിന്റെ ഒരു ദോഷമാണു്. റെഡിമെയ്ഡ് ഇതിവൃത്തം, റെഡിമെയ്ഡ് വികാരം, ഇവ രണ്ടും സർവസാധാരണത്വത്തിന്റെ ഘടകങ്ങളത്രേ. ഒരു ബാങ്കിലെ ക്ലാർക്കെന്ന നിലയിൽ സാമർത്ഥ്യത്തോടെ ജോലി ചെയ്യുന്ന ഒരുവൻ വിശ്രമവേളകളിൽ സ്വന്തം ദുഃഖത്തെ ചിത്രീകരിച്ചു കഥകളെഴുതും. “അണ്ഡകടാഹം, ബ്രഹ്മാണ്ഡദീപിക, ത്രിമാനഗണിതം, ആയുർവേദം, വിക്രമാദിത്യൻകഥകൾ എന്നിവയിൽ നിന്നുള്ള ഖണ്ഡികകൾ” അയാളുടെ കഥകളിൽ കാണുകയില്ല. അതുകൊണ്ടു വായനക്കാരെക്കൊണ്ടു് “ഇവനാരു് ഒരു പുത്തൻ ഉഗ്രൻ” എന്നു് അയാൾ പറയിച്ചിട്ടുമില്ല. ഈ കഥയെഴുത്തുകാരനെ കഥപറയുന്നയാൾ ഒരിടിക്കു കൊല്ലുന്നു. കാരണം അവൻ ഹിപ്പിയല്ല, അത്യന്താധുനികനല്ല എന്നതുതന്നെ. ശ്രീ. വി. കെ. എൻ. മാതൃഭൂമിയിലെഴുതിയ പരേതൻ എന്ന കഥയുടെ സാരമാണിതു്. കാർട്ടൂണിസ്റ്റ് ചിത്രങ്ങൾക്കു വക്രീകരണം—ഡിസ്റ്റോർഷൻ—വരുത്തുന്നതുപോലെ വി. കെ. എൻ. തന്റെ കഥാപാത്രങ്ങൾക്കും വക്രീകരണം വരുത്തുന്നു. ചിത്രങ്ങളുടെ വികൃതസ്വഭാവം ആളുകളെ ചിരിപ്പിക്കുന്നു. ആ രീതിയിൽ ഇക്കഥ വായിക്കുന്നവരും ചിരിക്കുന്നു. ആ ചിരിയും യഥാർത്ഥമായ ഫലിതത്തിൽനിന്നുണ്ടാകുന്ന ചിരിയും ഒന്നാണോ? ആലോചിക്കേണ്ട വസ്തുതയാണതു്.
ഇറ്റലിയിലെ നോവലെഴുത്തുകാരനായ ആൽബർട്ടോ മൊറേവിയ (ശരിയായ ഉച്ചാരണം മൊറേവിയ എന്നല്ല; മലയാളത്തിൽ അതു വേണ്ട രീതിയിൽ എഴുതിക്കാണിക്കാൻ പ്രയാസം) രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള സാഹിത്യകാരൻ തന്നെ. സ്നേഹം, സൗന്ദര്യം, കൃതജ്ഞത എന്നിവയില്ലാത്ത ക്രൂരമായ ഒരു ലോകമാണു് അദ്ദേഹം ചിത്രീകരിക്കുന്നതു്. ലൈംഗികത്വത്തിനു് അദ്ദേഹം അമിതപ്രാധാന്യം നല്കുന്നു. അങ്ങനെ വിലക്ഷണമായ ഒരു ജീവിതവീക്ഷണത്തോടുകൂടി അദ്ദേഹം നോവലും ചെറുകഥയും എഴുതുന്നു. ഈ ഇറ്റാലിയന്റെ സ്വാധീനശക്തിയിലമർന്ന പല എഴുത്തുകാരും മലയാളത്തിലുണ്ടു്, അവരിലൊരാളാണു് കുങ്കുമം വാരികയിൽ “ഇലയും മുള്ളും” എന്ന ചെറുകഥയെഴുതിയ ശ്രീ. രഥീന്ദ്രൻ. സ്നേഹമെന്ന വികാരത്തിന്റെ അയഥാർത്ഥാവസ്ഥ, ലൈംഗികവേഴ്ചയ്ക്കു ശേഷമുണ്ടാകുന്ന വൈരസ്യം ആ വേഴ്ചയിൽ ഏർപ്പെടുന്നവരുടെ കാപട്യം ഇവയൊക്കെ ഈ ചെറുകഥയിൽ ഉണ്ടു്. ആഖ്യാനത്തിനുള്ള കഴിവും രഥീന്ദ്രൻ പ്രദർശിപ്പിക്കുന്നു. പക്ഷേ, ഇക്കഥ എനിക്കിഷ്ടമായില്ല. മെറേവിയയെ ഞാൻ വെറുക്കുന്നതുകൊണ്ടാവാം ഈ വൈരസ്യമുളവായതു്. ജീവന്റെ ശക്തിയാണു് അതാ ആ വൃക്ഷത്തിനു ശോഭനല്ക്കുന്നതു്. അതു വളഞ്ഞുപുളഞ്ഞു അന്തരീക്ഷത്തിലേക്കു് ഉയരുന്നു. ഞാനിതു് എഴുതുമ്പോഴും ആ മരം ഉയരുകയാണു്. ആ ശക്തിവിശേഷം കാണാതെ ഞാൻ അതിന്റെ, പുഴുതിന്ന ഒരിലമാത്രം നോക്കി ഒരഭിപ്രായമെഴുതിയാൽ എങ്ങനെയിരിക്കും?

ഭാര്യയും ഭർത്താവും സ്വൈരജീവിതം നയിക്കുമ്പോൾ അവരുടെ വീട്ടിനരികെയുള്ള മറ്റൊരു വീട്ടിൽ കൂറെ ചെറുപ്പക്കാർ താമസത്തിനു വരുന്നു. ഭാര്യയ്ക്കു് അതോടെ പേടി. ചെറുപ്പക്കാരുടെ നേർക്കു് അവൾക്കുണ്ടാകുന്ന കൗതുകം—അബോധാത്മകമായ കൗതുകം—പേടിയായി രൂപം കൊള്ളുകയാണു്. repression psychology കൈകാര്യം ചെയ്യുകയാണു് കഥാകാരൻ (ചന്ദ്രിക ആഴ്ചപ്പതിപ്പു്—വാടകവീടു് എന്ന ചെറുകഥ—ശ്രീ. കെ. കെ. ശശിധരൻ). പക്ഷേ, ആ വിഷയം വിദഗ്ദ്ധമായി പ്രതിപാദിക്കാൻ ശശിധരനു് അറിഞ്ഞുകൂടാ. കഥയ്ക്കു സൗന്ദര്യമല്ലയുള്ളതു്; ഹിസ്റ്റീരിയയുടെ അന്തരീക്ഷം. സോമർസെറ്റ് മാമി ന്റെ Rain എന്ന ചെറുകഥ ശശിധരൻ വായിച്ചുനോക്കിയാൽ ഇമ്മാതിരി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്നു് മനസ്സിലാക്കാം.
12-ാം ലക്കം ദേശാഭിമാനിവാരികയിൽ കിഷൻ ചന്ദറു ടെ “തൊട്ടിൽ” എന്നൊരു ചെറുകഥ തർജ്ജമചെയ്തു ചേർത്തിട്ടുണ്ടു്. ഒരു പൊതുവായ തൊട്ടിലിൽ സ്ത്രീകൾ കുഞ്ഞുങ്ങളെ കൊണ്ടുവന്നു വയ്ക്കുന്നു. ആദ്യം വന്ന സ്ത്രീ ഒരു മുത്തശ്ശിയാണു്. അവരുടെ അവിവാഹിതയായ മകൾ പെറ്റ കുട്ടിയെയാണു് തൊട്ടിലിൽ വച്ചിട്ടു് ഓടിപ്പോകുന്നതു്. രണ്ടാമതു വന്നവൾ ചെറുപ്പക്കാരി. സമുദായത്തിൽ മാന്യത സമ്പാദിക്കാൻ വേണ്ടി അവൾക്കു് ഒരു കാറു വേണം. അതിനുവേണ്ടി വ്യഭിചരിച്ചതിന്റെ ഫലമാണു് ആ ശിശു. തങ്ങൾ പ്രസവിച്ച ശിശുക്കളെ നിഷ്ക്കരുണം ഉപേക്ഷിക്കാൻ സ്ത്രീകൾക്കു് ഒരു മടിയുമില്ല. അങ്ങനെയിരിക്കെ ഒരു പുരുഷൻ കുഞ്ഞിനെ തൊട്ടിലിൽ കൊണ്ടുവന്നു വയ്ക്കുന്നു. ശിശുവിനു് ആഹാരം കൊടുക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ടാണു് അയാൾ അങ്ങനെ പ്രവർത്തിക്കുന്നതു്. സ്ത്രീയുടെ കാപട്യത്തിനും ക്രൂരതയ്ക്കും ദുരഭിമാനത്തിനും അടികൊടുക്കുന്നു കിഷൻ ചന്ദർ. സമൂഹത്തെ ഒന്നാന്തരമായിത്തന്നെ അദ്ദേഹം വിമർശിക്കുന്നുണ്ടു്. പക്ഷേ, ചെറുകഥ ഒരു തത്ത്വത്തെ അല്ലെങ്കിൽ ആശയത്തെ ഉദാഹരിക്കുകയല്ല ചെയ്യുന്നതു്. അതു് ഭാവനാത്മകമായ പ്രപഞ്ചത്തെ സൃഷ്ടിക്കുകയാണു്. ഇവിടെ ചൈതന്യം നിറഞ്ഞ ഭാവനയുടെ ലോകമില്ല. ചൈതന്യരഹിതമായ, അമൂർത്തമായ ആശയപ്രപഞ്ചമേയുള്ളു. പ്രജ്ഞ സൃഷ്ടിക്കുന്ന കലാശില്പം വേറെ.

“അത്യന്താധുനികതയുടെ പുതിയവക്കീലന്മാർ” ഏന്ന പേരിൽ നവയുഗം വാരികയിൽ ശ്രീ. ടി. എസ്. എഴുതിയ ലേഖനം ശ്രീ. കെ. ദാമോദരനു ള്ള ഒരു മറുപടിയാണു്. സാഹിത്യത്തിലെ അത്യന്താധുനികതയെ നീതിമത്കരിച്ചുകൊണ്ടു് ദാമോദരൻ ‘ജനയുഗം’ വാർഷികപ്പതിപ്പിൽ ഒരു ലേഖനമെഴുതിയെന്നാണു് ഞാൻ ടി. എസ്സിന്റെ ലേഖനത്തിൽ നിന്നു മനസ്സിലാക്കുന്നതു് (ജനയുഗം വാർഷികപ്പതിപ്പു് എനിക്കു കാണാൻ കഴിഞ്ഞില്ല). അതിൽ ‘അത്യന്താധുനികതയുടെ പ്രവാചകനായി’ ദാമോദരൻ പ്രത്യക്ഷനായിയെന്നും ഞാൻ മനസ്സിലാക്കുന്നു. ദാമോദരന്റെ വാദഗതികൾ ഗ്രഹിക്കാതെ ഇവിടെ ഒന്നും പറയാൻ നിവൃത്തിയില്ല. എങ്കിലും മഹാന്മാരായ പല മാർക്സിസ്റ്റുകളും അത്യന്താധുനികതയെ നീതിമത്കരിക്കുന്നുണ്ടു്. അവരിലൊരാളാണു് ഏണസ്റ്റ് ഫിഷർ. അതുകൊണ്ടു് അദ്ദേഹം ഹിപ്പിസംസ്കാരത്തിന്റെയോ ലൈംഗികാരാജകത്വത്തിന്റെയോ ഉദ്ഘോഷകനാണെന്നു വന്നു കൂടുന്നില്ല. സത്യമേതാണെന്നു മനസ്സിലാക്കാനായി ഈ വിഷയത്തെക്കുറിച്ചു് സാഹിത്യകാരന്മാർ ചർച്ചകൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും വേണമെന്നു് ടി. എസ്സിന്റെ മതത്തോടു യോജിച്ചുകൊണ്ടു് ഞാൻ വിനയത്തോടെ അഭിപ്രായപ്പെട്ടുകൊള്ളട്ടെ.
അതാ ആ പാടത്തു ജോലിചെയ്യുന്ന യുവതികളിൽ സുന്ദരിയായ ഒരുവളുണ്ടു്. പക്ഷേ, സൗന്ദര്യമില്ലാത്തവർ അവളെ മറച്ചുനില്ക്കുന്നു. ഞാൻ പറയുന്നു: “വൈരൂപ്യമുള്ളവരേ, മാറൂ, മാറൂ. ആ കൊച്ചുസുന്ദരി മുന്നോട്ടുവരട്ടെ.” മാതൃഭൂമിയിൽ ‘തുള്ളികൾ’ എന്ന കവിതയെഴുതിയ ശ്രീ. ഓ. എം. അനുജനോ ടും മലയാളനാട്ടിൽ കവിതകളെഴുതിയ ശ്രീ. പുലാക്കാട്ടു് രവീന്ദ്രൻ, ശ്രീ. മടപ്പള്ളി സത്യാനന്ദൻ എന്നിവരോടും ഞാൻ ബഹുമാനപൂർവ്വം ആവശ്യപ്പെടുന്നു. “സ്നേഹിതരേ, വഴിമാറിക്കൊടുക്കു. കവിതാകാമിനി മുന്നോട്ടു വരട്ടെ…” സായാഹ്നം. അതിന്റെ അരുണിമയിൽമുങ്ങി ഒരു പക്ഷി പറന്നുയരുന്നു. കൂടു് അന്വേഷിച്ചാവാം അതു പറക്കുന്നതു്. എന്റെ ചിന്താവിഹംഗമവും കൂട്ടിലെത്തട്ടെ. ഇല്ല. അതു് ഇപ്പോഴും അസ്വസ്ഥമായിരിക്കുന്നു. കാരണം എന്തു്?
ചില പ്രയോഗവൈകല്യങ്ങൾ തന്നെ. “ചാരിത്ര്യഭദ്രത”, “ലവകുശന്മാർ”. ചാരിത്ര്യം എന്നൊരു വാക്കില്ല. ചാരിത്രം ശരി. ലവകുശന്മാരോ, കുശലവന്മാരോ? ദ്വന്ദ്വസമാസത്തിൽ പേരുകൾ ജ്യേഷ്ഠാനുജന്മാരുടെ ക്രമത്തിൽ ചേർക്കേണ്ടതല്ലേ. അപ്പോൾ കുശലവന്മാരെന്നല്ലേ വരൂ? ഹായ്, ഭാഷതന്നെ അപര്യാപ്തമായിരിക്കേ വ്യാകരണനിയമങ്ങളോ? പണ്ഡിതമാനിയായ ലേഖകൻ, കല്പദ്രുമപണ്ഡിതൻ അത്യന്താധുനികതയുടെ കാലത്തു വ്യാകരണകാര്യങ്ങൾ പറയുന്നു. ശരിതന്നെ, വിചാരങ്ങളേ കൂടണഞ്ഞാലും! കൂടണഞ്ഞാലും!