
അമേരിക്കയിലെ തത്ത്വചിന്തകനായ എമേഴ്സണി നേയും ബ്രിട്ടീഷ് ചരിത്രകാരനും സമൂഹപരിഷ്കർത്താവുമായ കാർലൈലി നേയും സംബന്ധിക്കുന്ന ഒരു കഥ പ്രഖ്യാതമാണു്. എമേഴ്സൺ ഒരു മാസത്തോളം കപ്പലിൽ യാത്രചെയ്തു് ഇംഗ്ലണ്ടിൽ ചെന്നിറങ്ങി അദ്ദേഹം നേരെ പോയതു് കാർലൈൽ താമസിച്ചിരുന്ന ലണ്ടൻപട്ടണത്തിലെ ഭവനത്തിലേയ്ക്കാണു്. അവിടെ ആ മഹാനെ കാണാത്തതുകൊണ്ടു് എമേഴ്സൺ, അദ്ദേഹം പതിവായി ചെല്ലാറുണ്ടായിരുന്ന ഒരു ക്ലബ്ബിൽ പോയി. കാർലൈൽ അവിടെ മേശയ്ക്കരികിലുള്ള കസേരയിൽ ഇരിക്കുന്നുണ്ടു്. എമേഴ്സൺ അദ്ദേഹത്തിന്റെ അടുത്തുള്ള മറ്റൊരു കസേരയിൽ ചെന്നിരുന്നു. രണ്ടു മണിക്കൂർനേരം അവർ അങ്ങനെതന്നെയായിരുന്നു. എന്നിട്ടും ഒരക്ഷരംപോലും ഉരിയാടിയില്ല. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ എമേഴ്സൺ എഴുന്നേറ്റു തുറമുഖത്തുചെന്നു് കപ്പലിൽ കയറി അമേരിക്കയിലേയ്ക്കു പോരികയും ചെയ്തു. അമേരിക്കയിലെത്തിയ എമേഴ്സണിനോടു് ഒരു സ്നേഹിതൻ ചോദിച്ചു: “താങ്കൾ കാർലൈലിനെ കണ്ടോ?” സംസാരിച്ചോ?” എമേഴ്സൺ മറുപടി നല്കി: കാർലൈലിന്റെ സാന്നിദ്ധ്യം ആഹ്ലാദജനകമായിരുന്നു. എനിക്കു അദ്ദേഹത്തോടുള്ള സംസർഗ്ഗം എന്തെന്നില്ലാത്ത ശാന്തതയും സന്തോഷവും പ്രദാനം ചെയ്തു.” എമേഴ്സൺ പിന്നൊന്നും പറഞ്ഞില്ല. മഹാന്മാരുടെ സാന്നിദ്ധ്യം അങ്ങനെയാണു്. ഈ ലേഖകൻ ആലപ്പുഴ സനാതനധർമ്മവിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നപ്പോൾ, ആലപ്പുഴ കിടങ്ങാംപറമ്പു മൈതാനത്തു പ്രസംഗിക്കാൻ വന്ന മഹാത്മാഗാന്ധി യുടെ അടുത്തുചെന്നു നിന്നിട്ടുണ്ടു്. അപ്പോഴുണ്ടായ പ്രശാന്തത, ആഹ്ലാദം എന്നിവയെ വിശദമാക്കാൻ പ്രയാസം. ആധ്യാത്മികങ്ങളായ വസ്തുതകളെ പ്രതിപാദിക്കുന്ന കൃതികൾ വായിക്കുമ്പോഴും നമുക്കു് ഈ വികാരങ്ങളുണ്ടാകും. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. സേതു “ചെകുത്താൻകോട്ടയിലെ രഹസ്യം” എന്നൊരു പ്രതിരൂപാത്മകമായ കഥ എഴുതിയിരിക്കുന്നു. ആ കോട്ടയെ സംബന്ധിക്കുന്ന രഹസ്യം അജ്ഞാതമാണു്, അജ്ഞേയ ഇംഗ്ലീഷിൽ Ultimate reality എന്നു പറയുന്ന പരമസത്യം തന്നെയാണു് ഈ രഹസ്യം. അതു സാക്ഷാത്ക്കരിക്കാൻ ആർക്കും സാധിക്കുകയില്ലെന്നു വ്യക്തമാക്കാനായി സേതു ത്രാസകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു കഥ പറയുന്നു. ആഖ്യാനപാടവം അന്തരീക്ഷസൃഷ്ടിയിലുള്ള പ്രാഗത്ഭ്യം ഇവയൊക്കെ ഇവിടെ ദർശിക്കാം. കഥ പ്രതിരൂപാത്മകമാണെന്നു മനസ്സിലാക്കാതെ വായിക്കുന്നവർക്കും രസമുണ്ടാകും. “ചെകുത്താൻകോട്ടയിലെ രഹസ്യം” സംഭവബഹുലമാണു്. ഒരു സംഭവത്തെപ്പോലും വർണ്ണിക്കാതെ ചിലർ ഇമ്മാതിരി കഥകളെഴുതിയിട്ടുണ്ടു്. അവയിലേറ്റവും ശ്രേഷ്ഠം വാൾട്ടർ ഡിലാമേറി ന്റെ “All Hallows ” എന്ന ചെറുകഥയാണു്.

ഒരിക്കൽ ഒരു സ്നേഹിതൻ എന്നെയും എന്റെ ഒരു കൂട്ടുകാരനേയും വീട്ടിലേയ്ക്കു ക്ഷണിച്ചു. സ്നേഹിതൻ വലിയ സൽക്കാരപ്രിയനാണു്. അതിഥിസൽക്കാരത്തിലുള്ള താൽപര്യം. അദ്ദേഹം മേശപ്പുറത്തു് ഒരുക്കിയിരിക്കുന്ന ഫലങ്ങൾ പലതാണു് ഓറഞ്ച്, ആപ്പിൾ, മുന്തിരി അങ്ങനെ പലതും. അവയുടെ കൂട്ടത്തിൽ ചെറുനാരങ്ങയും വച്ചിട്ടുണ്ടു്. എന്റെ കൂട്ടുകാരൻ വേറൊന്നും തൊടാതെ ചെറുനാരങ്ങയെടുത്തു. അതിന്റെ പുറംതോടു കടിച്ചുപൊട്ടിച്ചു് ഉള്ളിലെ രസം നുണഞ്ഞുതുടങ്ങി. “എന്താ ഓറഞ്ചു് വേണ്ടേ? ആപ്പിൾ വേണ്ടേ?” എന്നായി ഗൃഹനായകൻ. ഒന്നും വേണ്ടെന്നു കൂട്ടുകാരൻ. അദ്ദേഹത്തിനു് ചെറുനാരങ്ങയുടെ പുളിപ്പിലാണു് കൗതുകം മുഴുവൻ. ഇങ്ങനെയുള്ള ആളുകളുണ്ടു്. അങ്ങനെ ഒരാളെ ശ്രീ. വൈശാഖൻ “പിന്നെ പൂവുകൾ വിടർന്നില്ല” എന്ന മനോഹരമായ കഥയിൽ അവതരിപ്പിക്കുന്നു (ചന്ദ്രിക, ഒക്ടോബർ 30). അയാളുടെ വിവാഹം കഴിഞ്ഞു. മൂന്നു ദിവസംപോലും ആയില്ല അയാൾ ആ പുതിയ ജീവിതത്തിൽ പ്രവേശിച്ചിട്ടു്. അതിനുമുൻപു്, അവധി തീർന്നുവെന്നു പറഞ്ഞു് അവിടം വിട്ടുപോയി. ഇപ്പോൾ മടങ്ങിയെത്തിയിരിക്കുകയാണു്. പരമസുന്ദരിയായ ഭാര്യ അടുക്കലുണ്ടു്. അവൾ സ്നേഹസമ്പന്നയാണു്; താമസിക്കുന്ന വീടു് മനോഹരമാണു്, എല്ലാ ജീവിതസൗകര്യങ്ങളുമുണ്ടു്. എങ്കിലും അയാൾ ഒരു ചെറ്റക്കുടിലിനെക്കുറിച്ചു വിചാരിക്കുന്നു. അവിടെ താമസിക്കുന്ന തന്റെ പൂർവ്വകാമുകിയെ സ്മരിക്കുന്നു. അവിടെ ചെല്ലണമെങ്കിൽ ചെളി ചവിട്ടിമറിക്കണം. എന്നിട്ടും രാത്രിയായപ്പോൾ അയാൾ അവിടെയെത്തി “നീ എന്നെ കൊല്ലും” എന്നു് അവളോടു പറഞ്ഞു. പ്രേമവിവശയായ അവൾ ആത്മഹത്യചെയ്യാൻ പുഴയിലേക്കു നടന്നു. എന്റെ കഥ തെറ്റിപ്പോയെന്നു തോന്നുന്നു. അവൾ അമ്ലതകലർന്ന ചെറുനാരങ്ങയല്ല, മധുരനാരങ്ങതന്നെയാണു്. അയാൾക്കു് അവളെസ്സംബന്ധിച്ചുള്ള മാനസികനില എന്റെ കൂട്ടുകാരനു് ചെറുനാരങ്ങയെസ്സംബന്ധിച്ചുള്ള മാനസികനിലയ്ക്കു തുല്യം. വൈശാഖന്റെ ഈ ചെറുകഥ സുന്ദരമായിട്ടുണ്ടു്. കഥാപാത്രങ്ങളുടെ മാനസികനിലകൾക്കു് അനുരൂപങ്ങളായ വർണ്ണനകളാണു് ഈ കഥയിലാകെയുള്ളതു്. അവ കഥാകാരന്റെ വൈദഗ്ദ്ധ്യത്തിനു നിദർശകമായിരിക്കുന്നു.
“മാതൃഭൂമി”യിലൂടെ നമ്മെ രസിപ്പിച്ച സേതു ഇതാ വീണ്ടും “മലയാളനാട്ടി”ലൂടെ നമ്മെ രസിപ്പിക്കുന്നു (ലക്കം 24). ജനാബ് കുഞ്ഞിമൂസഹാജിയെ കാണാൻ ഒരുവൻ വന്നെത്തുന്നു. ഹാജിയാരെ കാണാൻ അയാൾക്കു കഴിയുന്നില്ല. കാണുന്നതു് സുലൈമാനെയും അസ്സനെയും മൊയ്ല്യാരെയും. അവർ ആവർത്തിച്ചാവർത്തിച്ചു് അയാളോടു് അപേക്ഷിച്ചതാണു് സന്ദർശനത്തിന്റെ രഹസ്യം വ്യക്തമാക്കാൻ. അയാൾ കൂട്ടാക്കുന്നില്ല. രാത്രിയായപ്പോൾ അവർ മൂന്നുപേരും അയാളുടെ ചുറ്റുംകൂടി. അവർ പറഞ്ഞു: “ഹഹഹ-മാനെ ഞങ്ങളു് പണ്ടേ കൊന്നിരിക്ക്ണു.” അയാൾ മണ്ണിലേക്കു കുഴഞ്ഞു വീണു. ആ അന്ത്യനിമിഷത്തിലും അയാളുടെ മനസ്സു് കുഞ്ഞു മൂസഹാജിക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. പത്രഭാഷയിൽ പറഞ്ഞാൽ “നിക്ഷിപ്തതാൽപര്യക്കാർ” കൊന്നു കുഴിച്ചുമൂടിയ സത്യം സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു സത്യാന്വേഷകന്റെ ഉത്കണ്ഠമുഴുവൻ ഇവിടെ കലാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. നിസ്തുലമായ ആഖ്യാനപാടവമാണു് ഈ കഥയിലുള്ളതു്. ഇതു വായിക്കുമ്പോൾ ആരോ “താഴത്ത വിരലുകൊണ്ടു് നട്ടെല്ലിനെ സ്പർശിക്കുന്ന” പ്രതീതി നമുക്കുണ്ടാകും… ശ്രീ. കെ. എൽ മോഹനവർമ്മ യുടെ “ഗീതോപദേശ”വും ഒന്നാന്തരമായിട്ടുണ്ടു്. തിരഞ്ഞെടുപ്പിലെ കാപട്യം, നേതൃത്വത്തിലെ കാപട്യം ഇവയുടെ നേർക്കാണു് അദ്ദേഹം പരിഹാസത്തിന്റെ കല്ലുകൾ എറിയുന്നതു്. അവ ലക്ഷ്യത്തിൽ കൊള്ളുന്നുണ്ടു്. ഇടയ്ക്കു് അല്പം വ്യാകരണമായിക്കൊള്ളട്ടെ. “ലോഭം”, “പ്രാപ്ത”, “രുഗ്മിണി”, “മഹദ്കാര്യം”, “തെരഞ്ഞെടുപ്പു്” എന്നൊക്കെ മോഹനവർമ്മ എഴുതുന്നു. കുറവെന്ന അർത്ഥത്തിൽ “ലോപം” എന്നാണെഴുതേണ്ടതു്. ലോഭത്തിനു കൊതിയെന്നേ അർത്ഥമുള്ളൂ. “കഴിവുള്ളവൾ” എന്നുദ്ദേശിച്ചു് അദ്ദേഹം “പ്രാപ്ത” എന്നു പ്രയോഗിക്കുന്നു. “പ്രാപ്ത”യെന്നാൽ “ചെന്നുചേർന്നവൾ” എന്നേ അർത്ഥമാകൂ. “അവൻ കഴിവുള്ളവനാണു്” എന്നു പറയുന്നതിനു പകരം “അവൻ പ്രാപ്തനാണു്” എന്നെഴുതുന്നതു് തെറ്റു്. “രുഗ്മിണി” എന്നല്ല “രുക്മിണി” എന്നുവേണം. വലിയകാര്യം മഹാകാര്യവും മഹാന്റെകാര്യം “മഹദ്കാര്യ”വും ആണു്. “തെരഞ്ഞെടുപ്പ”ല്ല “തിരഞ്ഞെടുപ്പാ”ണു് ശരി.
സ്ത്രീയും പുരുഷനും. ഇന്നത്തെ ചില എഴുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ രണ്ടു “പ്രതിഭാസങ്ങൾ.” ആ “പ്രതിഭാസങ്ങളെ”ക്കുറിച്ചു് ശ്രീ. യു. പി. ജയരാജ് നല്ലൊരു കഥ എഴുതിയിരിക്കുന്നു കുംകുമം വാരികയിൽ. ആ വാരികയിൽതന്നെ ശ്രീമതി വിമല “ഡിമിനിഷിംഗ് യൂട്ടിലിറ്റി” എന്നൊരു കഥ എഴുതിയിട്ടുണ്ടു്. അർത്ഥശാസ്ത്രത്തിലെ ചില പേരുകളെ വച്ചുകൊണ്ടൊരു കളിയാണു് ഈ “കഥ”യിൽ നടത്തിയിരിക്കുന്നതു്. വളരെ മൃദുലമായ ഭാഷയിൽ വിമർശിക്കട്ടെ. ഇതു് തികച്ചും “ബോറിംഗ്” ആണു്.
ശ്രീ. കെ. എസ്. ചന്ദ്രന്റെ “നഗരത്തിന്റെ മാറിലും മറവിലും” എന്ന ലേഖനപരമ്പരയിൽ ഉൾപ്പെട്ട “വിപ്ലവത്തിന്റെ ഇന്ധനം” എന്ന പേരിലുള്ള ലേഖനം കുങ്കുമം വാരികയിൽ വായിക്കാം. ഭാര്യയുടെ സന്നിപാതജ്വരം ഭേദമാക്കാനുള്ള മരുന്നു വാങ്ങാൻ കാശില്ലാതെ വിഷമിച്ചുനില്ക്കുന്ന യോഹന്നാൻ ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്നു. ക്ലാർക്കിനു കൈക്കൂലി കൊടുത്തപ്പോൾ അയാൾക്കു ജാമ്യം കിട്ടി. അടുത്തദിവസം, ഭാര്യയുടെ താലി പണയം വച്ചു മരുന്നു വാങ്ങാനായി അയാൾ ഓടുമ്പോൾ “ഭയങ്കരമായ” ഒരു ജാഥ വരുന്നു; സർക്കാരുദ്യോഗസ്ഥരുടെ സമരജാഥ. മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. അവയിലൊരു മുദ്രാവാക്യം; “ഞങ്ങളുടെ ലക്ഷ്യം അഴിമതിയും കൈക്കൂലിയുമില്ലാത്ത സിവിൽസർവ്വീസ്.” യോഹന്നാൻ ആ മുദ്രാവാക്യം വിളിക്കുന്നവനെ സൂക്ഷിച്ചുനോക്കി തലേദിവസം തന്റെ കൈയിൽനിന്നു പണംവാങ്ങിക്കൊണ്ടു ജാമ്യക്കച്ചീട്ടു് ഒപ്പിടുവിച്ച ക്ലാർക്കുതന്നെ. കെ. എസ്. ചന്ദ്രന്റെ കഥ അവസാനിക്കുന്നു. “യോഹന്നാൻ താനറിയാതെ കീശ തപ്പിനോക്കി, കുഴപ്പമില്ല. പെമ്പിളയുടെ വക മിന്നു് സുരക്ഷിതമായി അവിടെ കിടപ്പുണ്ടു്.” ഹൃദ്യമായ ഫലിതം. നിശിതമായ വിമർശനം. ശ്രീ. കെ. എസ്. ചന്ദ്രൻ അനുഗൃഹീതനായ ഫലിതസാഹിത്യകാരനാണെന്നു് ഈ ചെറുകഥ പ്രഖ്യാപിക്കുന്നു. ജനസംഖ്യ വർദ്ധിച്ചതോടുകൂടിയാണു് ലോകത്തു് അക്രമം വർദ്ധിച്ചതെന്നു ചിന്തകന്മാർ പറയുന്നു. ഞാനിതെഴുതുമ്പോൾ കൊതുകുകൾ മൂളിക്കൊണ്ടു പറക്കുന്നുണ്ടു്. അവയുടെ സംഖ്യ വർദ്ധിച്ചാലോ? അവ അവകാശങ്ങൾ പ്രഖ്യാപിച്ചുകൊണ്ടു മുന്നോട്ടു വരും. അക്രമം കൂടിയപ്പോൾ, മനുഷ്യന്റെ സ്വസ്ഥതയ്ക്കു ഹാനി സംഭവിച്ചപ്പോൾ അവൻ വിഷാദമഗ്നനായി. ആ വിഷാദത്തെയാണു് ശ്രീമതി പി. വത്സല “ഒരു തിരി അണയുന്നു” എന്ന ചെറുകഥയിൽ ചിത്രീകരിക്കുന്നതു് (മലയാളരാജ്യം ചിത്രവാരിക നവംബർ 1). ചെറുകഥയ്ക്കു വേണ്ടതെല്ലാം ഇതിലുണ്ടു്. എന്നിട്ടും കഥ വായിച്ചുതീരുമ്പോൾ എന്തോ ഒരു പോരായ്മ അനുഭവപ്പെടുന്നു. ഒരു നല്ല കഥ വായിച്ചാൽ, നല്ല കവിത വായിച്ചാൽ ആഹ്ലാദത്തിനു പുറമേ വിശ്രാന്തികൂടി ഉണ്ടാകുമല്ലോ. വത്സലയുടെ കഥ ആ വിശ്രാന്തി നല്കുന്നില്ല.
ദേശാഭിമാനി വാരികയിൽ “അഭിമാനം” എന്ന ചെറുകഥയെഴുതിയ ശ്രീ. ഓമല്ലൂർ രാജരാജവർമ്മ കലയെസ്സംബന്ധിച്ചിടത്തോളം ശരിയായ മാർഗ്ഗത്തിലൂടെയല്ല സഞ്ചരിക്കുന്നതു്. അദ്ദേഹം കഷ്ടപ്പെടുന്ന ഒരു കുടുംബത്തെ ചിത്രീകരിക്കുന്നു. പട്ടിണിയെങ്ങനെ മനുഷ്യന്റെ അഭിമാനത്തെപ്പോലും നശിപ്പിക്കുന്നുവെന്നു വ്യക്തമാക്കുന്നു. പക്ഷേ, ഇതിൽ കലയുടെ ഒരംശംപോലുമില്ല. സാഹിത്യത്തിന്റെ അസംസ്കൃതവസ്തു ജീവിതംതന്നെ. ആ ജീവിതത്തെ ബ്ലോട്ടിംഗ് പേപ്പർകൊണ്ടു് മഷി ഒപ്പിയെടുക്കുന്നതുപോലെ പുനരാവിഷ്ക്കരണം ചെയ്താൽ കലയാവുകയില്ല. കലാകാരൻ ഭാവനാത്മകമായി അതിനെ ആവിഷ്ക്കരിക്കണം. മറ്റൊരു വിധത്തിൽ പറയാം. രണ്ടാമതൊരു സൃഷ്ടിതന്നെ നടക്കണം. അങ്ങനെയുള്ള സൃഷ്ടിക്കു രാജരാജവർമ്മയ്ക്കു കഴിവില്ലെന്നാണു് “അഭിമാനം” എന്ന കഥ വിളംബരം ചെയ്യുന്നതു്. ആളുകൾ തമ്മിൽ പിണങ്ങുന്നതു് നിസ്സാരങ്ങളായ കാരണങ്ങളാലാണെന്നു തോന്നും. രണ്ടു വിരോധികളിൽ ഒരുവനോടു നാം ചോദിക്കുകയാണെന്നിരിക്കട്ടെ: “എന്താണു് നിങ്ങൾ അയാളോടു പിണങ്ങിയതു്?” മറുപടി ഇങ്ങനെയായിരിക്കും: “അയാൾ എന്നെ ‘എടാ’ എന്നു വിളിച്ചു.” ‘എടാ’ എന്നു വിളിച്ചതിന്റെ പേരിലായിരിക്കും പിണക്കം. പക്ഷേ, യഥാർത്ഥമായ കാരണം അതിനെക്കാളൊക്കെ അഗാധമായിരിക്കും. അതു നമുക്കറിഞ്ഞുകൂടാ. പിണങ്ങുന്നവർക്കും അറിഞ്ഞുകൂടാ. ഓരോ സംഭവത്തിലെയും ഈ അഗാധസത്യം കണ്ടറിയാൻ പ്രയാസമാണു്. ആരെങ്കിലും അതിനെ ചാരുതയോടെ ചിത്രീകരിക്കുകയും ചെയ്താൽ അയാളെ നാം കലാകാരനെന്നു വിളിക്കും അയാളുടെ ചിത്രീകരണത്തെ കലാസൃഷ്ടിയെന്നു വിളിക്കും. ഓമല്ലൂർ രാജരാജവർമ്മയ്ക്കു് അഗാധസത്യം കാണാൻ കഴിവില്ല.
മലയാളനാടു വാരികയിൽ “വർണ്ണമീമാംസ” എന്ന പേരിൽ ശ്രീ. കെ. രാമചന്ദ്രൻനായരുടെ ഒരു ലേഖനമുണ്ടു്. ചിത്രകലയുടെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ചാണു് അദ്ദേഹം ഉപന്യസിക്കുന്നതു്. രാമചന്ദ്രൻനായരുടെ ലേഖനം വായിക്കുന്നതു് ക്ലേശപൂർണ്ണമായ ജോലിയാണു്. കാരണം അദ്ദേഹത്തിന്റെ വാക്യങ്ങൾക്കു ചാരുതയില്ല, അന്യോന്യബന്ധമില്ല എന്നതുതന്നെ. പ്രതിപാദിക്കുന്ന തത്ത്വം എത്ര ദുർഗ്രഹവുമാകട്ടെ. അതിനെ അസങ്കീർണ്ണമായി സ്ഫുടീകരിക്കണം. കുട്ടിക്കൃഷ്ണമാരാരു ടെ ലേഖനങ്ങൾ വായിക്കൂ. നാം അദ്ദേഹത്തോടു യോജിച്ചില്ലെന്നുവരും. എന്നാൽ അദ്ദേഹത്തിന്റെ ലേഖനം ദുർഗ്രഹമാണെന്നോ അദ്ദേഹം നമ്മെ ക്ലേശിപ്പിച്ചുവെന്നോ നാം പറയുകയില്ല. ഡോക്ടർ കെ. ഭാസ്കരൻ നായർ ശാസ്ത്രീയങ്ങളായ വിഷയങ്ങളെക്കുറിച്ചു് എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിക്കുക. ചെറുകഥകൾ വായിക്കുന്ന രസമുണ്ടാകും. അദ്ദേഹം പറയാനുദ്ദേശിച്ച വസ്തുതകൾ മുഴുവൻ നാം മനസ്സിലാക്കുകയും ചെയ്യും. തന്റെ ആശയങ്ങൾ മറ്റുള്ളവർ ഗ്രഹിക്കണമെന്നാണു് രാമചന്ദ്രൻനായരുടെ ഉദ്ദേശ്യമെങ്കിൽ ഈ ഗദ്യരീതിയും സങ്കീർണ്ണതയും ഉപേക്ഷിക്കേണ്ടതുതന്നെ.
നമ്മുടെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ജീവിതരീതികൾ, സാഹിത്യരചനാമാർഗ്ഗങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ചോദിച്ചു് വസ്തുതകൾ വിശദമാക്കിത്തരുന്ന നല്ല കൃത്യത്തിലാണല്ലോ ശ്രീ. ടി. എൻ. ജയചന്ദ്രൻ ഉത്സുകനായിരിക്കുന്നതു്. ഇത്തവണ അദ്ദേഹം ശ്രീ. വെട്ടൂർരാമൻനായരോടാണു് ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളതു്. ചോദ്യങ്ങൾ കൊള്ളാം ഉത്തരങ്ങളും കൊള്ളാം. ഏറ്റവും രസകരമായിത്തോന്നിയതു് നിരൂപകരെക്കുറിച്ചുള്ള ചോദ്യത്തിനു് വെട്ടൂർ രാമൻനായർ നല്കിയ ഉത്തരമാണു്.
“പ്രസിദ്ധനായ ഒരു നിരൂപകൻതന്നെ തനിക്കു സർഗ്ഗാത്മകമായി ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടാണു് ഈ പണിക്കു പോയതെന്നു് സമ്മതിക്കുകയുണ്ടായി. പക്ഷേ; മറ്റുള്ളവർക്കു് ആ സത്യസന്ധ്യയുണ്ടായെന്നു് വരികയില്ല. എന്തായാലും നിരൂപണം സുഖകരമായ ഒരു ജോലിയാണു്. കൂടുതൽ ആളുകൾ ആ വഴിക്കു വരട്ടെ. വല്ല പണിമുടക്കോ സമരമോ വേണ്ടിവന്നാൽ സാഹിത്യകാരന്മാരും എണ്ണത്തിൽ മോശക്കാരാവില്ലല്ലോ.”
(മലയാളരാജ്യം) വെട്ടൂർ രാമൻനായർ എത്ര ഭേഷായി നിരൂപകരെ പുച്ഛിക്കുന്നുവെന്നു നോക്കുക. ഈ പുച്ഛത്തിന്റെ അമ്പേറ്റു് നിരൂപകന്മാർ മരിക്കുന്നു. ആരെങ്കിലും മരിക്കുന്നില്ലെങ്കിൽ ആ നിരൂപകകാണ്ടാമൃഗത്തിന്റെ തൊലിക്കു വലിയ കട്ടിയുണ്ടെന്നു കരുതിക്കൊള്ളണം… വാണക്കുറ്റി യുടെ “പേരും മേൽവിലാസവും” എന്നെ ഫലിതാത്മകമായ ലേഖനം രസകരമായിട്ടുണ്ടു് (മലയാളരാജ്യം).
കാളിദാസ നെക്കുറിച്ചു് ശ്രീ. സി. പി. ശ്രീധരൻ ‘ജനയുഗം’ വാരികയിലെഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
“കാളിദാസൻ ലോകത്തിലെ ഏറ്റവും വലിയ രണ്ടു മഹാകവികളിൽ ഒരാളാണു്. ഷേക്സ്പിയരാ ണു് രണ്ടാമത്തെയാൾ.” ഈ മതം പണ്ഡിതന്മാരുടെ മതത്തോടു യോജിക്കുന്നില്ല. മഹാകവിയും മഹാപണ്ഡിതനുമായ അരവിന്ദഘോഷ് കവികളെ തരംതിരിച്ചിട്ടുണ്ടു്.
ഒന്നാമത്തെ വിഭാഗത്തിൽ ചേർന്ന കവികൾ സ്വകീയങ്ങളായ പ്രപഞ്ചങ്ങൾ സൃഷ്ടിച്ചവരാണെന്നും രണ്ടാമത്തെ വിഭാഗത്തിൽപെട്ടവർക്കു് ദർശനക്ഷമമായ മനസ്സു് (Poetic seeing mind) മാത്രമേയുള്ളുവെന്നും അരവിന്ദഘോഷ് തെളിയിച്ചിട്ടുണ്ടു്. കാളിദാസനെക്കാൾ വലിയ കവിയാണു് ദാന്തേ. ആ ദാന്തേയ്ക്കു് ആദ്യത്തെ വിഭാഗത്തിലുള്ള കവികളെ സമീപിക്കാൻപോലും അർഹതയില്ല. ചിന്തകനാണു് ഗോയ്ഥേ. എന്നാൽ കവിയെന്ന നിലയിൽ അദ്ദേഹത്തിനു് മൂന്നാമത്തെ വിഭാഗത്തിലേ സ്ഥാനമുള്ളൂ. ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ഉജ്ജ്വലപ്രതിഭാശാലി അരവിന്ദഘോഷിന്റെ ഈ അഭിപ്രായങ്ങളെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടു്.

ജനയുഗം വാരികയിലെ “ബാലകൃഷ്ണൻ സംസാരിക്കുന്നു” എന്ന ‘കോളം’ ആ വാരികയുടെ ശോഭ വർദ്ധിപ്പിക്കുന്നു. ചലനമില്ലാത്തിടത്തു് ശക്തിയില്ല. ശ്രീ. കെ. ബാലകൃഷ്ണന്റെ ഉത്തരങ്ങൾ ചലനാത്മകങ്ങളാണു്. അതുകൊണ്ടു് അദ്ദേഹം ശക്തനാണെന്നു തെളിയുന്നു. ഈ ശക്തി സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രകടമാകുന്നതു തികച്ചും ആദരണീയമത്രേ.
ജനയുഗം വാരികയിൽ ശ്രീ. പുനലൂർ ബാലൻ എഴുതിയ “മിഴിനീരൊപ്പുന്നു ഞാൻ” എന്ന കവിത ശോകമെന്ന ഭാവത്തെ പ്രഗൽഭമായി ആവിഷ്ക്കരിക്കുന്നു. ഏകാന്തത കൊണ്ടുണ്ടാകുന്ന വിഷാദം, ക്രൂരതകൊണ്ടുണ്ടാകുന്ന ദുഃഖം. ഇവയെല്ലാം പ്രചോദനമാർന്ന ഏതാനും വരികൾ കൊണ്ടു് ചിത്രീകരിക്കപ്പെടുന്നു.
“വെയിലിന്നൊളിമങ്ങി, ദുനമാണിസ്സന്ധ്യ എൻ
അയൽ വൃക്ഷത്തിൻകൊമ്പിൽ ദീനരോധനം കേൾപ്പൂ!”
എന്ന തുടക്കത്തിലെ രണ്ടു വരികൾതന്നെ കവിതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ശോകത്തെയും നൈരാശ്യത്തെയും നിർമ്മാർജ്ജനം ചെയ്യാൻ തനിക്കു ശക്തിയുണ്ടായെങ്കിൽ എന്നു് ആശിച്ചു കൊണ്ടു കവി കാവ്യം അവസാനിപ്പിക്കുന്നു. കലാപരമായി വിജയം പ്രാപിച്ച കാവ്യം. സംശയം തെല്ലുപോലുമില്ല. ബാലൻ ആലേഖനം ചെയ്ത വൈകാരികാവസ്ഥയെയാണു് ശ്രീ. സുഗുണൻ തന്റെ “ഭയം” എന്ന കവിതയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നതു് (മാതൃഭൂമി). പക്ഷേ, സുഗുണന്റെ ചിത്രീകരണത്തിനു സ്പഷ്ടതയില്ല. സുനിശ്ചിതത്വമില്ല. ആ ന്യൂനതതന്നെ ശ്രീ. ബി. രസികേന്ദ്രന്റെ ‘ഷോക്ക്’ എന്ന കവിതയിലും കാണാം. കാമുകന്റെയും കാമുകിയുടെയും വിരൽത്തുമ്പുകൾ മുട്ടിയപ്പോഴുണ്ടായ പ്രകമ്പനത്തെ വർണ്ണിക്കുകയാണു് രസികേന്ദ്രൻ (കവിത കുങ്കുമം വാരികയിൽ). ആ വർണ്ണനമാകട്ടെ കാവ്യാനുഭവത്തെ പ്രത്യക്ഷമാക്കാൻ അസമർത്ഥങ്ങളായ കുറെ വാക്കുകളിൽ അമർന്നുപോകുന്നു. അതിനാലാണു് ഇവിടെയും സ്പഷ്ടതയില്ല. സുനിശ്ചിതത്വമില്ല എന്നു് ഈ ലേഖകൻ പറഞ്ഞതു്. ശ്രീ. കരൂർ ശശിയുടെ പ്രതിപാദ്യവിഷയവും ദുഃഖം തന്നെ (മലയാളരാജ്യം—നിഴൽ പാടുന്നു). ശോകം അഭിവ്യഞ്ജിപ്പിക്കാൻ സർവഥാ യോജിച്ച ഒരു വൃത്തത്തിലാണു് അദ്ദേഹം കവിതയെഴുതിയിട്ടുള്ളതു്. ലാളിത്യവും ഋജുതയും അതിന്റെ മുദ്രകളാണു്.

പണ്ടു് നമ്മുടെ ഈ നാട്ടിൽ ദൃഢഗാത്രനായ ഒരു സന്ന്യാസിയുണ്ടായിരുന്നു. അദ്ദേഹം എല്ലാ ഭവനങ്ങളിലും ചെന്നു് ഭിക്ഷയാചിക്കും. ഒരു ഗൃഹനായകൻ കോപത്തോടെ പറഞ്ഞു: “തടിയൻ, തെണ്ടാൻ നടക്കുന്നു. ജോലി ചെയ്തൂടേ. അതാ അവിടെക്കിടക്കുന്ന വിറകുകീറു. വല്ലതും തരാം.” സന്ന്യാസി കോടാലി വാങ്ങി വിറകുകീറാൻ തുടങ്ങി. കാലത്തു തുടങ്ങിയ ആ ജോലി വൈകുന്നേരമായപ്പോൾ തീർന്നു. സന്ന്യാസി കോടാലി തിരിച്ചേല്പിച്ചിട്ടു നടന്നു. ഗൃഹനായകൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു “ഹേ, ആഹാരം കഴിച്ചിട്ടുപോകൂ.” സന്ന്യാസി വിനയത്തോടെ മറുപടി നൽകി: “ഞാൻ ജോലിചെയ്യുന്ന സ്ഥലത്തുനിന്നു് ആഹാരം കഴിക്കാറില്ല. ആഹാരം കഴിക്കുന്നിടത്തു് ജോലിചെയ്യാറുമില്ല.” ഈ സന്ന്യാസിയെപ്പോലെയാണു് വായനക്കാരൻ. അയാൾക്കു ക്ലേശം കൂടാതെ കാവ്യം ആസ്വദിക്കണം. ക്ലേശമുണ്ടായാൽ ആസ്വാദനം ഉണ്ടാകുകയില്ല. ഇതാ ഒരു ഇംഗ്ലീഷ് കവിത:
The fog comes
on little cat feet.
It sits looking
over harbor and city
on silent haunches
and then moves on.
(Carl Sandburg—Fog)