ലിയോ ടോൾസ്റ്റോയി യുടെ “കല എന്താണു് ?” എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം:
“ഏതാണ്ടു നാല്പതുകൊല്ലമാകും. സംസ്ക്കാരസമ്പന്നയെങ്കിലും ബുദ്ധിശൂന്യയായ ഒരു സ്ത്രീ എന്നോടു് ആവശ്യപ്പെട്ടു, അവരെഴുതിയ നോവൽ വായിച്ചു കേൾക്കണമെന്നു്. കാവ്യാത്മകമായ വെള്ളവസ്ത്രം ധരിച്ചു കാവ്യാത്മകമായ നീണ്ട തലമുടിയോടുകൂടി കാവ്യാത്മകമായ കാനനത്തിലുള്ള പുഴയ്ക്കരികിൽ ഇരുന്നു് കവിത വായിക്കുന്ന നായികയുടെ വർണ്ണനയോടുകൂടിയാണു് ആ നോവൽ ആരംഭിച്ചതു്. രംഗം റഷ്യതന്നെ. എന്നാൽ കുറ്റിക്കാടുകളുടെ പിന്നിൽനിന്നു കഥാനായകൻ പൊടുന്നനവേ പ്രവേശിച്ചു. അയാൾ തൂവലുള്ള തൊപ്പി ധരിച്ചിട്ടുണ്ടു്. കാവ്യാത്മകങ്ങളായ രണ്ടുനായ്ക്കൾ അയാളുടെ കൂടെയുണ്ടു്. ഇതൊക്കെ തികച്ചും കാവ്യാത്മകമാണെന്നു ഗ്രന്ഥകർത്ത്രി കരുതുന്നുണ്ടായിരുന്നു. നായകനു സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നെങ്കിൽ ഈ വർണ്ണന വിലപ്പോകുമായിരുന്നു. പക്ഷേ, തൊപ്പി ധരിച്ച ആ മാന്യൻ വെളുത്ത വസ്ത്രം ധരിച്ച ആ സ്ത്രീയോടു സംസാരിക്കാൻ തുടങ്ങിയപ്പോൾ എല്ലാം വ്യക്തമായി. ഗ്രന്ഥകർത്ത്രിക്കു് ഒന്നും പറയാനില്ലായിരുന്നുവെന്നും മറ്റു കൃതികളെസ്സംബന്ധിച്ച കലാത്മകങ്ങളായ സ്മരണകളാലാണു് അവർ ചലനംകൊണ്ടിരുന്നതെന്നും തെളിഞ്ഞുപോയി.”

വ്യാജമായ കലയെക്കുറിച്ചു പറയുന്നിടത്താണു് ടോൾസ്റ്റോയി ഈ സംഭവം വർണ്ണിക്കുന്നതു്. “കല എന്താണു് ? എന്ന ഗ്രന്ഥത്തിലെ എല്ലാ മതങ്ങളോടും നാം യോജിച്ചില്ലെന്നുവരും. പക്ഷേ, കലാഭാസത്തെക്കുറിച്ചുള്ള ഈ പ്രസ്താവത്തോടു് വിവേകമുള്ളവർക്കു് യോജിക്കാതിരിക്കാൻ സാധിക്കുകയില്ല. അത്രകണ്ടു് ഇതു് സത്യാത്മകമാണു്. ടോൾസ്റ്റോയിയുടെ ഈ ഗ്രന്ഥം ഞാൻ വായിച്ചിട്ടു് 25-വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നു് അതോർമ്മിക്കാനും പുസ്തകം എന്റെ ലൈബ്രറിയിൽ നിന്നു തേടിപ്പിടിച്ചെടുക്കാനും കാരണമുണ്ടായി. ‘മനോരമ’ ആഴ്ചപ്പതിപ്പിലെ “അർബുദം ബാധിച്ച പൂക്കൾ” എന്ന ചെറുകഥ ഞാൻ വായിച്ചു എന്നതുതന്നെ ഹേതു. രക്തത്തിൽ ക്യാൻസർ ബാധിച്ചു് മരണംകാത്തു കിടക്കുന്ന ഒരു യുവാവിന്റെ വിചാരങ്ങളും വികാരങ്ങളും ചിത്രീകരിക്കുന്ന ആ കഥയുടെ തുടക്കം ഇങ്ങനെയാണു്:
“ഈറനുടുത്ത പ്രഭാതത്തിന്റെ കവിളിൽ സിന്ദൂരം. സിന്ദൂരഛവി കണ്ട കൊതിയോടെ പൂക്കൾ വിടർന്നു. സൗരഭ്യം പരത്തി.”
ഈ വർണ്ണന ഇങ്ങനെ നീണ്ടുപോകുന്നുണ്ടു്. ഇടയ്ക്കിടയ്ക്കു് അയാളുടെ ഭാര്യ, കുഞ്ഞു് എന്നിവരെക്കുറിച്ചുള്ള ചിന്തകൾ. മരണം വന്നെത്തിയിരിക്കുന്നുവെന്ന വിചാരം. ഭയം മൂർദ്ധന്യാവസ്ഥയിലെത്തുമ്പോഴുള്ള ഒരു വർണ്ണനകൂടി കാണുക:
“മെർക്കുറിലൈറ്റ് വിസർജ്ജിക്കുന്ന നീലവെളിച്ചത്തിൽ പുതച്ചുറങ്ങുന്നപാതയിൽ രാത്രി ഒരുങ്ങിവരുന്നു. ഋതുമതിയാവാനൊരുങ്ങുന്ന പടിഞ്ഞാറനാകാശത്തിന്റെ മുഖത്തുനിന്നും ഒലിച്ചിറങ്ങുന്ന സിന്ദൂരരശ്മികൾ കണ്ണുകളിൽ തട്ടി.”

ഇതൊക്കെയാണു് ടോൾസ്റ്റോയി പറയുന്ന കാവ്യാത്മകവർണ്ണനകൾ. മരിക്കാൻ കിടക്കുന്നവന്റെ മാനസികനിലയ്ക്കു തെല്ലുപോലും യോജിച്ചതല്ല ഇത്തരം വർണ്ണനകളെന്നു് ഞാനെന്തിനു് ഒരു പുതിയ കാര്യമായി വായനക്കാരോടു പറയണം? കഥാകാരൻ പറയുന്നതുപോലെ അർബുദത്തിന്റെ പരാഗങ്ങൾ ആ യുവാവിന്റെ രക്തത്തിൽ ഒഴുകിനടക്കുമ്പോൾ പശ്ചിമാന്തരീക്ഷത്തെ ഋതുമതിയാക്കാൻ അദ്ദേഹത്തിനല്ലാതെ വേറെ ആർക്കു കഴിയും? മധുരപദങ്ങളെടുത്തു നിരത്തിയാൽ സാഹിത്യമായിക്കൊള്ളും എന്ന വിചാരമാണു് കഥാകാരനായ ശ്രീ. വൈക്കം മുരളിക്കുള്ളതെന്നു തോന്നുന്നു. ആ വിചാരം അദ്ദേഹത്തെ വഴിതെറ്റിച്ചിരിക്കുന്നു. ദീർഘമായ ആ കഥ വായിച്ചുതീരുമ്പോൾ വായനക്കാരനു് ഒരു വികാരവുമുണ്ടാകുന്നില്ല. “അർബുദപുഷ്പങ്ങൾ ഏറ്റുവാങ്ങിയ” യുവാവിനെ അവതരിപ്പിക്കുന്ന കഥാകാരൻ ലൂജിപിരാന്തെല്ലോ യുടെ “The man with the flower in his mouth” (വായിൽ പുഷ്പമുള്ളവൻ) എന്ന ചെറുകഥ വായിച്ചുനോക്കണം (അതുതന്നെ നാടകമാക്കി എഴുതിയിട്ടുണ്ടു് പിരാന്തെല്ലോ). വായിലെ പൂവു് അർബുദപുഷ്പം തന്നെ. അതു ചൂണ്ടിക്കാണിച്ചുകൊണ്ടു് ആ രോഗി വാതോരാതെ മറ്റൊരുവനോടു സംസാരിക്കുന്നു, ആ ചെറുകഥ അവസാനിക്കുമ്പോൾ മരണത്തെ നേരിട്ടുകണ്ടു നാം ഞെട്ടുന്നു. അവിടെ മധുരപദങ്ങളില്ല, ചോക്ലേറ്റു വർണ്ണനകളില്ല. എങ്ങനെയുണ്ടാവും? കഥ എഴുതിയതു് ലൂജിപിരാന്തെല്ലോ എന്ന പ്രതിഭാശാലിയാണല്ലോ. ഒറ്റവാക്യത്തിൽപ്പറയാം വൈക്കം മുരളിയുടേതു് വ്യാജമായ കലയാണു്. ടോൾസ്റ്റോയി Counterfeit art എന്നു പറയുന്നതിനെ ലക്ഷ്യമാക്കിയാണു് ഞാൻ ‘വ്യാജമായ കല” എന്നു് ഈ ചെറുകഥയെ വിശേഷിപ്പിക്കുന്നതു്. അല്ലാതെ മറ്റൊരർത്ഥത്തിലുമല്ല.

“സ്ത്രീകൾ സൗന്ദര്യമുള്ള ശിശുക്കളെ ഉല്പാദിപ്പിക്കുന്നതുപോലെ ബയറൺ മനോഹരങ്ങളായ കാവ്യങ്ങൾ സൃഷ്ടിച്ചു—വിചാരംകൂടാതെ; എങ്ങനെയാണു് അതനുഷ്ഠിച്ചതെന്നു് അറിയാതെ.” ഗോയ്ഥേ പറഞ്ഞതാണിതു് (തിയോലാങ് എഴുതിയ Difference between a man and a woman എന്ന ഗ്രന്ഥത്തിൽ നിന്നു്). പുരുഷന്റെ പ്രതിഭാശക്തിയെ വാഴ്ത്തുകയാണു് ആ ജർമ്മൻമഹാകവി. സ്ത്രീകൾക്കു പ്രതിഭയില്ലെന്നോ? അതേ. പുരുഷനുള്ളിടത്തോളം പ്രതിഭ സ്ത്രീക്കില്ല. ഷേക്സ്പിയറോ ബിഥോവനോ സ്ത്രീകളുടെ കൂട്ടത്തിലില്ല. എങ്കിലും സ്ത്രീ—സുന്ദരിയായ സ്ത്രീ—വിചാരിച്ചാൽ ഏതു പുരുഷനും വീണുപോകുമെന്നു് ചരിത്രം തെളിവുതരുന്നു. പ്രകൃതി ആ രീതിയിലുള്ള ശക്തിയാണു് അവൾക്കു നല്കിയിരിക്കുന്നതു്. ആ ശക്തി ഉപയോഗിക്കേണ്ടിടത്തു് ഉപയോഗിക്കാൻ അവൾക്കു് അറിയുകയും ചെയ്യാം. ഈ സാമാന്യതത്ത്വത്തെ ഒരു കഥയിലൂടെ വിശദീകരിക്കുകയാണു് ശ്രീ. കാവാലം ഗോവിന്ദൻകുട്ടി നായർ. ആദ്യമൊക്കെ കണിശക്കാരനായിരുന്ന ഒരുദ്യോഗസ്ഥനെ അയാളുടെ ഓഫീസിലുള്ള ഒരു സ്ത്രീ എങ്ങനെ വീഴ്ത്തി എന്നതു് അതിൽനിന്നു മനസ്സിലാക്കാം (ഒരാഫീസറുടെ മരണം—മലയാളരാജ്യം). പക്ഷേ, ഗോവിന്ദൻകുട്ടി നായരുടെ കഥ കലാപരമായ വിശ്വാസമുളവാക്കുന്നില്ല.
ടോൾസ്റ്റോയി “ഫാദർ സെർജിയസ് ” എന്നൊരു ചെറിയ നോവൽ എഴുതിയിട്ടുണ്ടു്. സന്ന്യാസിയായ സെർജിയസിനെ ചിലരൊക്കെ പ്രലോഭിപ്പിച്ചു. അദ്ദേഹം പരാജയപ്പെട്ടില്ല. ഒടുവിൽ അദ്ദേഹത്തെ ഒരു യുവതി തോല്പിച്ചു. നിസ്തുലമായ ഒരു കലാശില്പമാണു് “ഫാദർ സെർജിയസ്”. ഗോവിന്ദൻ കുട്ടിനായർ അതു വായിച്ചുനോക്കിയാൽ ഈ രീതിയിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതു് എങ്ങനെയാണെന്നു മനസ്സിലാക്കാം. സാഹിത്യരചനയ്ക്കു കഴിവുള്ള നമ്മുടെ എഴുത്തുകാർ ഇങ്ങനെയുള്ള ഉത്കൃഷ്ടങ്ങളായ കഥകൾ വായിച്ചു് ടെക്നിക്ക് മനസ്സിലാക്കുന്നതു കൊള്ളാം.
“ചുഴലിക്കാറ്റടിച്ചു് ഇരുപതിനായിരംപേർ ചരമം പ്രാപിച്ചു്”, “പൊടുന്നനവേയുണ്ടായ ഒരു ജലപ്രവാഹത്തിൽപ്പെട്ടു് ഒരു നഗരമാകെ ഒഴുകിപ്പോയി. കോടിക്കണക്കിനു് ആളുകൾ മരിച്ചിരിക്കുമെന്നു് ഊഹിക്കുന്നു,” “വിവാഹം കഴിക്കാതെതന്നെ ഗർഭിണിയായവൾ ആത്മഹത്യചെയ്തു”—ഇവയൊക്കെ പത്രവാർത്തകളാണു്. ഈ വാർത്തകൾ വായിക്കുന്ന നാം വലിയ ദുഃഖത്തിനു വിധേയരാവുന്നില്ല. പത്രം താഴെയിട്ടിട്ടു് നാം കുളിക്കാനോ കാപ്പികുടിക്കാനോ പോയിയെന്നുവരും. എന്നാൽ ഒരു ശിശുവിന്റെ പുറത്തു് സൈക്കിൾതട്ടി കുറച്ചൊന്നു മുറിഞ്ഞു് ചോരയൊഴുകിയെന്നിരിക്കട്ടെ. അതു കാണാനുള്ള ശക്തി നമുക്കുണ്ടാവുകയില്ല. എന്തിനു്! യുവതിയുടെ തലമുടിയിൽനിന്നു് ഉതിർന്നു് റോഡിൽവീണ പനിനീർപ്പൂവിനു മുകളിലൂടെ വണ്ടിച്ചക്രം ഉരുളുന്നതുപോലും നമുക്കു കാണാൻ കഴിയുകയില്ല. ഏതു കഥ വായിച്ചാലും, ഏതു കവിത വായിച്ചാലും ഈ രീതിയിലുള്ള അനുഭവമുണ്ടാകണം. അതു ജനിച്ചില്ലെങ്കിൽ കഥയും കവിതയും പരാജയപ്പെട്ടുവെന്നു കരുതാം. ഒരു ഹിന്ദുയുവതി ഒരു കൃസ്ത്യൻയുവാവിൽനിന്നു ഗർഭവതിയാകുന്നു. വീട്ടിലെത്തിയ അവളോടു് അമ്മ ചോദിക്കുന്നു: “അമ്മയ്ക്കു വല്ലതും കൊണ്ടുവന്നിട്ടുണ്ടോ മോളേ?” മകൾ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ഉണ്ടമ്മേ, ഉണ്ടു്.” ശ്രീ. പി. ആർ. നാഥൻ ചന്ദ്രികവാരികയിലെഴുതിയ “മുത്തുകിട്ടിയ പക്ഷി” എന്ന ചെറുകഥയുടെ സാരമാണിതു്. ഏതു സ്ത്രീയാണാവോ ഇത്ര ലഘുവായി ഇങ്ങനെയൊരു സംഭവം കൈകാര്യം ചെയ്യുന്നതു്? ഈ “മനഃശാസ്ത്രപരമായ അസാദ്ധ്യത” മാത്രമല്ല ഇക്കഥയെ അനാകർഷകമാക്കുന്നതു്. നമ്മെ നേരിട്ടു സ്പർശിക്കുന്ന ഒറ്റസ്സംഭവമായി ഇതു നമുക്കു് അനുഭവപ്പെടുകയില്ല. അതും വൈരൂപ്യത്തിന്റെ ഹേതുവാണു്. പി. ആർ. നാഥന്റെ കഥയ്ക്കു് ശ്രീ. ഗഫൂർ വരച്ചുചേർത്ത ചിത്രം നന്നായിട്ടുണ്ടു്. കഥാപാത്രത്തിന്റെ പേടിയും നിരാശതയും ഉത്കണ്ഠയും ഒക്കെ ചിത്രത്തിലുണ്ടു്. കഥയെക്കാൾ ധ്വന്യാത്മകത്വം ഗഫൂറിന്റെ ചിത്രത്തിനുണ്ടെന്നു് വളരെ വ്യക്തമായിത്തന്നെ പറയാം.

നവംബർലക്കം “അന്വേഷണം.” മനോഹരമായ കവർപേജ്; നല്ല കടലാസ്സ്; സുന്ദരമായ അച്ചടി. വിലയും കുറവുതന്നെ. പക്ഷേ, ഉള്ളടക്കം വളരെ മോശമെന്നു പറഞ്ഞാൽ എഴുത്തുകാർ പിണങ്ങുമോ എന്തോ? ശ്രീ. ഇരിങ്ങൽ കൃഷ്ണൻ എഴുതിയ “ഉഷ്ണം” എന്ന ചെറുകഥയിൽ ഒരുവൻ ദേവേന്ദ്രനെ കാണാൻ പോകുന്നതു വർണ്ണിക്കുന്നു. ശ്രീ. മുരളി ആവിലോറ എഴുതിയ “പാവം! ജൂദാസ് ” എന്ന കഥയിൽ ജൂദാസിന്റെ പ്രവർത്തനത്തെ നീതിമത്ക്കരിക്കുന്നു. പ്രചോദനമാർന്ന ഭാഷണമില്ലാത്ത, കലയുടെ സ്പന്ദനമില്ലാത്ത രണ്ടു കഥകളാണു് ഇവ. ശ്രീ. മുഹമ്മദി ന്റെ “ഹിരണ്യകശിപു” എന്ന നോവൽ ഇരിങ്ങൽ കൃഷ്ണനും, പാർ ലാജർക്ക്വിസ്റ്റി ന്റെ (പേരു് ഇങ്ങനെതന്നെയാണോ എഴുതേണ്ടതെന്നു് അറിഞ്ഞുകൂടാ) “ബാറബാസ് ” എന്ന നോവൽ മുരളി ആവിലോറയും വായിക്കേണ്ടതാണു്. വിശുദ്ധമായ വികാരവും വ്യക്തമായ വിചാരവുമാണു് കലാസൃഷ്ടികളുടെ മൗലികഘടകങ്ങൾ. അന്വേഷണത്തിലെ ഈ രണ്ടു കഥകളിലും അതൊന്നുമില്ല. കുറെ വാക്യങ്ങൾ മാത്രം. അത്രേയുള്ളു.
ചില പുരുഷന്മാർക്കു് ഗർഹണീയങ്ങളായ വിദ്യകളുണ്ടു്. നിസ്സാരമായ ജലദോഷം വന്നാൽമതി “അയ്യോ മോനേ, അച്ഛൻ മരിക്കാൻപോകുന്നെടാ. ഇനി നിനക്കാരുമില്ലല്ലോ” എന്നു് മകനെ വിളിച്ചു പറഞ്ഞുതുടങ്ങും. ഒരുദിവസം ഒരു കൊച്ചുപയ്യൻ എന്നെ കാണാൻവന്നു. അവർ ഏങ്ങിയേങ്ങി കരയുന്നു. കാര്യം ചോദിച്ചപ്പോൾ അവന്റെ അച്ഛൻ മരിക്കാൻ പോകുന്നുവെന്നു മറുപടി പറഞ്ഞു. രണ്ടുപേരും പാളയത്തിലുള്ള ഒരു ലോഡ്ജിലാണു് താമസിച്ചിരുന്നതു്. ഞാൻ ഓടിച്ചെന്നപ്പോൾ തന്തയ്ക്കു് ഒരു ചുക്കുമില്ല, വെറും ജലദോഷം. മകന്റെ സ്നേഹവും പരാധീനതയും കൂട്ടാൻ വേണ്ടി അയാൾ പ്രയോഗിച്ച വിദ്യയാണിതു്. മറ്റു ചിലർ ഭർത്താക്കന്മാരാണു്. സിഗററ്റു കൂടുതൽ വലിച്ചതുകൊണ്ടോ മറ്റോ ആയിരിക്കും ഒന്നു ചുമച്ചെന്നുവരും. ഉടനെ അയാൾ ഹൃദയത്തിന്റെ സ്ഥാനത്തു കൈവയ്ക്കുന്നു. ഭാര്യയോടു പറയുന്നു: “എടീ എനിക്കു് ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ പോകുന്നു.” ഭർത്താവു മരിച്ചാൽ ഭാര്യയ്ക്കു കഴിയാൻ ഒരു മാർഗ്ഗവുമില്ലെന്നിരിക്കട്ടെ ഉടനെ അവൾ വാവിട്ടുനിലവിളിക്കുകയായി. ഒരു കുരുമുളകു് ചവച്ചിറക്കിയാൽ മാറുന്ന ചുമയാണെന്നു് അയാൾക്കുമറിയാം. എങ്കിലും “ഹാർട്ട് അറ്റാക്ക്” അഭിനയിച്ചില്ലെങ്കിൽ ഭാര്യയുടെ പരാധീനത വർദ്ധിപ്പിക്കുന്നതെങ്ങനെ? ഇങ്ങനെയുള്ള ‘ഹിപ്പോക്രിറ്റുകൾ’ ധാരാളമുണ്ടു് ഈ ലോകത്തു്. വേറൊരുതരം ഹിപ്പോക്രിസി സ്ത്രീകളുടേതാണു്. പുരുഷൻ സ്ത്രീയെ അധഃപതിപ്പിക്കുന്ന ദുഷ്ടനാണെന്നു പറഞ്ഞുപരത്തുക. കെ. എം. രാധ മലയാളനാട്ടിലെഴുതിയ “കല്ലറ” എന്ന ചെറുകഥയിൽ ദുഷ്ടനായ ഒരു പുരുഷനാൽ ആപന്നസത്ത്വയായ ഒരു സ്ത്രീയുടെ പാരവശ്യം വർണ്ണിച്ചിരിക്കുന്നു. പണ്ടു് ഒരു വക്കീൽ ചോദിച്ച ചോദ്യമാണു് എനിക്കോർമ്മവരുന്നതു്. ബലാത്ക്കാരവേഴ്ചയ്ക്കു് എതിരായി കേസ്സുകൊടുത്ത സ്ത്രീയോടു് അഭിഭാഷകൻ ചോദിച്ചത്രേ: “സൂചിയിൽ നൂലു് കോർക്കണമെങ്കിൽ സൂചി അനങ്ങാതെ നിന്നുകൊടുക്കണ്ടേ?” ശരിയാണു്. നൂലു നേർക്കു് വരുമ്പോൾ അനങ്ങാതെ നിന്നിട്ടു് നൂലിനെ കുറ്റം പറയേണ്ട കാര്യമുണ്ടോ? ആശയമെന്തുമാകട്ടെ. കഥാകാരി കലാത്മകമായി പ്രതിപാദ്യ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടോ എന്നു മാത്രമേ നിരൂപകനു നോക്കേണ്ടതായുള്ളൂ. അങ്ങനെ വീക്ഷിക്കുമ്പോൾ ചെറുകഥയെഴുതുന്നതിന്റെ പ്രാഥമികപാഠങ്ങൾ രാധ പഠിക്കേണ്ടതുണ്ടു് എന്നു നാം പറഞ്ഞുപോകും. അത്രയ്ക്കു് ഇക്കഥ ബാലിശവും വിലക്ഷണവുമാണു്. കലാസൃഷ്ടിക്കു് അവശ്യമുണ്ടാകേണ്ട ബന്ധദാർഢ്യമോ ചാരുതയോ ഇതിനില്ല.
പുരുഷന്റെയോ സ്ത്രീയുടേയോ കലാസൃഷ്ടിയെ വിമർശിക്കൂ. രണ്ടുപേർക്കും ഇഷ്ടപ്പെടുകയില്ല. രണ്ടുപേരും നിങ്ങളെ വെറുക്കും. എന്നാൽ സ്ത്രീയുടെ വെറുപ്പിനു് തീക്ഷ്ണത കൂടും. അതിൽ കുറ്റം പറയേണ്ടതില്ല. പുരുഷൻ വസ്തുതകളെ വസ്തുനിഷ്ഠമായി കാണുന്നവനാണു്; സ്ത്രീ കർത്തൃനിഷ്ഠമായും. പുരുഷൻ തന്നിൽനിന്നുമാറി ജീവിതത്തെ നോക്കുന്നു. സ്ത്രീക്കു് അങ്ങനെയുള്ള ഒരു വീക്ഷണം സാദ്ധ്യമേയല്ല. മാറിനിന്നു നോക്കുന്ന പുരുഷനു് എല്ലാം കാണാൻ സാധിക്കുന്നു. വസ്തുതകളിൽ വിലയം കൊള്ളുന്ന സ്ത്രീ അക്കാരണത്താൽതന്നെ എല്ലാം കാണുന്നുമില്ല. അതിനാലാണു സ്ത്രീയുടെ കലാസൃഷ്ടികൾക്കു് ഒരു പരിമിതസ്വഭാവം വരുന്നതു്. ശ്രീമതി ലളിതാ രാമചന്ദ്രന്റെ “നേട്ടം” എന്ന കഥ “മലയാളനാട്ടി”ൽ അച്ചടിച്ചിരിക്കുന്നതു കണ്ടപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചതാണു് വല്ല പ്രേമമോ മറ്റോ ആയിരിക്കും അതിന്റെ വിഷയമെന്നു്. വായിച്ചുകഴിഞ്ഞപ്പോൾ എന്റെ അഭ്യൂഹം തെറ്റിപ്പോയില്ലെന്നു് വ്യക്തമാകുകയും ചെയ്തു. ഒരു സ്ത്രീയുടെയും പുരുഷന്റെയും ശൃംഗാരചേഷ്ടകളാണു് ശ്രീമതി ഇതിൽ വിരൂപമായി പ്രതിപാദിക്കുന്നതു്. നമ്മളാരും നരകം കണ്ടിട്ടില്ല. നരകത്തെക്കുറിച്ചുള്ള വർണ്ണനകൾ കേട്ടിട്ടേയുള്ളൂ. കലയുടെ സ്വർഗ്ഗംപോലെ കലയുടെ നരകവും ഉണ്ടല്ലോ. പി. സി. കുട്ടിക്കൃഷ്ണനും വൈക്കം മുഹമ്മദ് ബഷീറും മറ്റും നമ്മെ കലയുടെ സ്വർഗ്ഗത്തേക്കു നയിക്കുന്നു. ശ്രീമതി ലളിതാരാമചന്ദ്രനാകട്ടെ നമ്മെ കലയുടെ നരകത്തിലേക്കു കൊണ്ടുചെല്ലുന്നു. നന്ദിപറയാം നമുക്കു്. സ്വർഗ്ഗം മാത്രമല്ല നരകവും നാം കാണണമല്ലോ. ഈ വിമർശനം ജനിപ്പിക്കാവുന്ന വെറുപ്പു് ഞാൻ മുൻകൂട്ടി കാണുന്നു; അതിൽ വിഷമിക്കാതിരിക്കുകയും ചെയ്യുന്നു. കുഞ്ഞിനെ കുറ്റം പറഞ്ഞാൽ അച്ഛനു് ഇഷ്ടമാവുകയില്ല. അമ്മയ്ക്കും ഇഷ്ടമാവുകയില്ല. എങ്കിലും അമ്മയുടെ ശത്രുതയ്ക്കാണു് തീക്ഷ്ണത കൂടുന്നതു്. കാരണം ആ കുഞ്ഞും അമ്മയും രണ്ടുപേരല്ല, ഒരു വ്യക്തി തന്നെയാണു്.
ജീവിതത്തിന്റെ ദുഃഖം, പ്രത്യേകിച്ചും വാർദ്ധക്യകാലജീവിതത്തിന്റെ ദുഃഖം—ഇതു ചിത്രീകരിക്കാനാണു് “മാതൃഭൂമി”യിൽ “അസ്തമനം” എന്ന കഥയെഴുതിയ (അസ്തമയം എന്നുവേണം) ശ്രീ. എം. രാഘവന്റെ യത്നം. ഒരു വൃദ്ധന്റെ ശാരീരികവും മാനസികവും ആയ പ്രതികരണങ്ങൾ സ്ഫുടീകരിച്ചു് ജീവിതദുഃഖം ആവിഷ്ക്കരിക്കുക എന്നതാണു് അദ്ദേഹത്തിന്റെ മാർഗ്ഗം. ആ മാർഗ്ഗത്തിലൂടെ നേരേ സഞ്ചരിക്കുന്നില്ല കഥാകാരൻ… കുങ്കുമം വാരികയിലെ “മദ്യപാനത്തിന്റെ മൂന്നാംഭാഗം” എന്ന ചെറുകഥയിൽ മദ്യപാനാസക്തനും കലാകാരനുമായ ഒരുവന്റെ ദുരന്തം പ്രതിപാദിക്കുന്നു. ശ്രീ. മൊഹസിൻ നാലകത്തു് കുങ്കുമത്തിന്റെ വിലയേറിയ എട്ടുപുറങ്ങൾ അപഹരിക്കുന്ന ഈ കഥ ഒരു കലാഭാസമാണു്. ഞാനൊരു പുസ്തകാലയം കണ്ടു; അവിടെ പുസ്തകങ്ങൾ വാരിക്കൂട്ടി ഇട്ടിരിക്കുന്നു. വില്പനക്കാരൻ പുസ്തകങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടാണു് അവിടെ നടക്കുന്നതു്. ആ ഗ്രന്ഥങ്ങൾ വേണ്ടരീതിയിൽ ഒന്നടുക്കിവയ്ക്കട്ടെ. ഓരോ ഗ്രന്ഥത്തിനും മൂല്യമുണ്ടാകും. വസ്തുതകളെ വാരിവലിച്ചു് ഇടാനേ നമ്മുടെ പല കഥാകാരന്മാർക്കും അറിയാവൂ. അവയെ സംവിധാനം ചെയ്യുമ്പോൾ കലാസൗന്ദര്യമുണ്ടാകുമെന്നു് അവർക്കു് അറിഞ്ഞുകൂടാ.

ചില്ലിയിലെ മഹാകവിയായ പബ്ലോ നെറൂദ യ്ക്കാണു് ഈ വർഷത്തെ നോബൽസമ്മാനം (സാഹിത്യത്തിനുള്ളതു്) നല്കുന്നതു്. ആദ്യമൊക്കെ കാല്പനികങ്ങളായ കവിതകളെഴുതിയ നെറൂദ കുറേക്കാലം കഴിഞ്ഞപ്പോൾ സർറിയലിസ്റ്റായി. പിന്നീടു് അദ്ദേഹം ദൃഢവിശ്വാസമുള്ള കമ്മ്യൂണിസ്റ്റായി. സ്വന്തം രാജ്യത്തിന്റെയും യൂറോപ്പിന്റെയും രാഷ്ട്രവ്യവഹാരസംബന്ധമായ വികാസത്തെക്കുറിച്ചു് അദ്ദേഹമെഴുതിയ CANTO GENERAL എന്ന മഹാകാവ്യം ഉജ്ജ്വലമായ കലാസൃഷ്ടിയാണെന്നു് എല്ലാ നിരൂപകരും പറയുന്നു. നെറൂദയെക്കുറിച്ചു് ശ്രീ. പി. ഗോവിന്ദപിള്ള “ദേശാഭിമാനി”യിൽ എഴുതിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ലേഖനം വാരികയുടെ 19-ാം ലക്കത്തിൽ വായിക്കാം. ഈ മഹാകവിയെക്കുറിച്ചു് കേരളീയർക്കു വളരെയൊന്നും അറിഞ്ഞുകൂട. ശ്രീ. ഗോവിന്ദപിള്ളയുടെ ലേഖനം വിജ്ഞാനത്തിന്റെ രശ്മികൾ പ്രസരിപ്പിക്കുന്നു. ഇമ്മട്ടിലുള്ള ലേഖനങ്ങൾ ധാരാളമുണ്ടാകണമെന്നാണു് ഞങ്ങളുടെ ആഗ്രഹം… ദേശാഭിമാനി സ്റ്റഡിസർക്കിളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു സാഹിത്യസെമിനാറിനെക്കുറിച്ചു് ശ്രീ. എം. എൻ. കുറുപ്പു് ആ ലക്കത്തിൽതന്നെ എഴുതിയിട്ടുണ്ടു്. സാഹിത്യത്തെ സമീപിക്കാൻ വിവിധ മാർഗ്ഗങ്ങളുണ്ടല്ലോ. ആ മാർഗ്ഗങ്ങൾ നമ്മളൊക്കെ അറിഞ്ഞിരിക്കേണ്ടതുമാണു്. അങ്ങനെ എം. എൻ. കുറുപ്പിന്റെ ലേഖനം ശ്രദ്ധേയമായിബ്ഭവിക്കുന്നു.
മലയാളനാട്ടിൽ ശ്രീ. ഇയ്യങ്കോട് ശ്രീധരൻ എഴുതിയ കവിത മനോഹരമായിട്ടുണ്ടു്. കൊച്ചുകുഞ്ഞിനെക്കുറിച്ചാണു് കവിതയെങ്കിലും അതു് ‘മാതൃഭൂമി’യുടെ (35-ാം ലക്കം) കവർപേജുപോലെ സുന്ദരമാണെന്നു് ഞാൻ പറയും. സുന്ദരിയായ ഒരു പെൺകുട്ടി പുഞ്ചിരി പൊഴിച്ചുകൊണ്ടു് അകലെ നോക്കിനില്ക്കുന്നു. ആ കുട്ടിയുടെ മന്ദഹാസം സൗരഭ്യത്തിന്റെ മണ്ഡലം ഉദ്ഘാടനം ചെയ്യുന്നു, ശ്രീധരന്റെ കവിതപോലെ.
പാബ്ലോ നെറൂദ പാടുന്നു:
“ഈ നിശീഥിനിയിൽ ഏറ്റവും വിഷാദാത്മകമായ കാവ്യം എഴുതാൻ എനിക്കു കഴിയും. ഉദാഹരണത്തിനു്; ‘ഈ രാത്രി നക്ഷത്രപൂർണ്ണമാണു്. നീലനക്ഷത്രങ്ങൽ അകലെ വിറയ്ക്കുന്നു.’ ഈ നിശീഥിനിയിൽ ഏറ്റവും വിഷാദാത്മകമായ കാവ്യം എഴുതാൻ എനിക്കു കഴിയും. ഞാൻ അവളെ സ്നേഹിച്ചു. ചിലപ്പോഴെല്ലാം അവളും എന്നെ സ്നേഹിച്ചു. ഇതുപോലുള്ള രാത്രികളിൽ അവൾ എന്റെ കരവലയത്തിൽ ഒതുങ്ങിനിന്നു. അനന്തമായ ആകാശത്തിന്റെ താഴെവച്ചു് ഞാൻ അവളെ പല പ്രാവശ്യം ചുംബിച്ചു…”
അനന്തമായ ആകാശത്തിന്റെ താഴെവച്ചു കലാദേവതയെ മുകരുന്നവരാണു് കവികൾ. ആ പരമാർത്ഥം നാം വിസ്മരിച്ചുകൂടാ.