“അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം.”
എന്ന ആപ്തവാക്യത്തെ ചെറുപ്പം മുതൽക്കേ വിശ്വസിച്ചുപോന്ന കുമ്മിണി അമ്മയ്ക്കു്, ഒരു ശ്രുതിപ്പെട്ട മന്ത്രവാദിയായ ചെമ്പറ എഴുത്തശ്ശൻ എഴുതികൊടുത്തതും “സർവ്വോപദ്രവനാശനമായി ഭൂതപ്രേതപിശാചയുംകേകയധ്വാസിയായ’ ഒരു തകിടു തന്റെ ദേഹത്തിൽ ആഭരണമായി അണിയുന്നുണ്ടല്ലോ എന്ന ബോധം, വിശേഷവിധിയായി യാതൊരു ആശ്വാസവും ഉണ്ടാക്കിയില്ല. ഒരു പാടത്തിന്റെ നടുവിൽ, മണത്തിട്ടമേൽ കാവപ്പുരയിൽ, അർദ്ധരാത്രി സമയം, ഒരു ജീവിയും സഹായത്തിന്നില്ലാതെ കിടന്നു പ്രസവിയ്ക്കേണ്ടി വരുമെന്നു സ്വപ്നത്തിൽപോലും അറിഞ്ഞിരുന്നുവെങ്കിൽ ടിപ്പുസുൽത്താനല്ല അവനിൽ മികച്ച പടയാളിയും സൈന്യങ്ങളും വന്നാൽക്കൂടി, നന്നമ്പ്രതറവാട്ടിൽനിന്നു പടിയിറങ്ങി ഓടി രക്ഷ പ്രാപിയ്ക്കുവാൻ കുമ്മിണി അമ്മയ്ക്കു ധൈര്യം വരുന്നതല്ലായിരുന്നു.
‘അസിതോരഗഭോഗഭീരമാരാ
ദസിമേകേനകരേണനർത്തയന്തി
ഇതരേണഗവാമിഷഞ്ചവിസ്രം
പ്രദിശാന്തി…
എന്നു പറഞ്ഞപോലെ ടിപ്പുസുൽത്താനും സേനയും വാൾ ഒരു കയ്യിലും, മൂരിമാംസം മറ്റൊരു കയ്യിലുമായി സംഹാരരുദ്രനും ഭൂതഗണങ്ങളുമെന്നമട്ടിൽ മംഗലാപുരത്തുനിന്നു തെക്കോട്ടു പുറപ്പെട്ടു കോഴിക്കോട്ടു് എത്താറായിരിയ്ക്കുന്നു. കോലത്തിരി, കോട്ടയം, കുറുമ്പ്രനാടു, കടത്തനാടു മുതലായ രാജാക്കന്മാരും, അവരുടെ ഉറ്റബന്ധുക്കളും ഇടപ്രഭുക്കന്മാരും കുടുംബങ്ങളും, ആശ്രിതന്മാരും ഒക്കെ രാജ്യഭാരം വേണ്ടെന്നു വെച്ചു ചൊവ്വക്കാരൻ കേയിയുടെയും, ഈസ്റ്റിന്ത്യാ കമ്പനിക്കാരുടേയും സഹായത്തോടുകൂടി കപ്പലുകളിലും പത്തേമാരികളിലുമായി പൊന്നുതമ്പുരാന്റെ രാജ്യത്തുപോയി ശരണം പ്രാപിച്ചുതുടങ്ങിയിരിക്കുന്നു. കൂട്ടത്തിൽ ഒരു കപ്പൽ പരപ്പനാട്ടു രാജാക്കന്മാരേയും അവരുടെ ഉറ്റമിത്രങ്ങളേയും കയറ്റി തിരുവിതാംകൂറിൽ കൊണ്ടിറക്കുവാനായി ബേപ്പൂരഴിമുഖത്തു് എത്തിയിരിക്കുന്നു.
പരപ്പനാട്ടു രാജാക്കന്മാരുടെ കീഴിൽ ഒരു പ്രധാനിയായി ഇടപ്രഭു നന്നമ്പ്ര കുറുപ്പാണു്. ഈ സംഭവകാലത്തു 1784-ൽ പരപ്പനാട്ടു മൂപ്പിന്നു വീരവർമ്മനെന്ന ഒരു തമ്പുരാനായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രി നന്നമ്പ്രക്കുറുപ്പുമായിരുന്നു.
കോഴിക്കോടും, ഏറനാടും, പൊന്നാനിയിലും ഉള്ള മുഹമ്മദീയർ സാമൂതിരിപ്പാട്ടിലേയ്ക്കു കീഴടങ്ങി ഒതുങ്ങിക്കൂടിയവരായിരുന്നുവെങ്കിലും, ടിപ്പുസുൽത്താന്റെ മതഭ്രാന്തോടുകൂടിയ ഈ ആക്രമണത്തിൽ, ഈ മുഹമ്മദീയരൊക്കെ മൈസൂർ സൈന്യങ്ങളുടെ ഒറ്റുകാരായിരുന്നു. ടിപ്പുസുൽത്താന്റെ ഈ ആക്രമണത്തിൽ പ്രധാനമായി രണ്ടുദ്ദേശമാണു് സാധിയ്ക്കാനുണ്ടായിരുന്നതു്. (1) കേരളീയരെ മുഴുവനും മുഹമ്മതുമതം വിശ്വസിപ്പിയ്ക്കുക. (2) കൊള്ളചെയ്തും തട്ടിപ്പറിച്ചും കൂട്ടാൻ കഴിവുള്ളേടത്തോളം ധനം സമ്പാദിയ്ക്കുക, ഈ രണ്ടു കാര്യമല്ലാതെ രാജ്യം കീഴടക്കി സാർവ്വഭൗമനായിരുന്നു വാഴേണമെന്ന മോഹമേ സുൽത്തനുണ്ടായിരുന്നില്ല.
സുൽത്താന്റെ നയം മേൽപ്രകാരം കൊള്ളയിടലും പിടിച്ചുപറിയുമാണെന്നു വന്നപ്പോൾ മംഗലാപുരത്തുനിന്നു തുടങ്ങി കോഴിക്കോട്ടു എത്തുമ്പോഴെയ്ക്കും സൈന്യത്തിന്റെ സംഖ്യ ഒന്നിരട്ടിച്ചു. സ്വാമിദ്രോഹികളും രാജ്യദ്രോഹികളുമായ മലയാളികളിൽ ചിലർ തന്നെ സുൽത്താന്റെ ഒറ്റുകാരും, സഹായികളുമയിത്തീർന്നു. ഇങ്ങിനെയുള്ള അവസരത്തിൽ സ്വരാജ്യം വിട്ടു് അന്യരാജ്യങ്ങളിലേയ്ക്കു ജനങ്ങൾ ശരണം പ്രാപിച്ചതിൽ ആശ്ചര്യപ്പെടുവാനില്ല. നന്നമ്പ്ര രാമക്കുറുപ്പും കുടുംബങ്ങളും നിറങ്കൈതകോട്ടയിൽ വന്നു താമസിയ്ക്കേണമെന്നും കപ്പൽ ബേപ്പൂർ തുറയിൽ എത്തിയാൽ അപ്പോൾ എല്ലാവരുംകൂടി നിറങ്കൈതകോട്ടയിൽനിന്നു ബേപ്പൂർ തുറയിലേയ്ക്കു പോകാമെന്നുമായിരുന്നു വീരവർമ്മതമ്പുരാന്റെ നിശ്ചയം.
രാമക്കുറുപ്പിന്റെ തറവാട്ടിൽ ഐശ്വര്യവും സമ്പത്തും യഥേഷ്ടമുണ്ടെങ്കിലും സന്തതി കുറവാണു്. കുമ്മണി അമ്മ പ്രസവിച്ചുണ്ടായിട്ടുവേണം സന്തതി വർദ്ധിയ്ക്കുവാൻ. മറ്റുള്ള രണ്ടു സ്ത്രീകൾക്കു പ്രസവിയ്ക്കേണ്ടതായ കാലം തെറ്റിയിരിയ്ക്കുന്നു. കുറുപ്പിന്റെ മരുമക്കളായ രണ്ടു പേർ വീരവർമ്മതമ്പുരാന്റെ പടമുഖത്തു വാൾക്കാരുമാണു്. മുതലുള്ളതെല്ലാം കഴിച്ചിട്ടും, നിക്ഷേപിയ്ക്കാൻ സാധിയ്ക്കാത്തതൊക്കെ വിശ്വസ്തന്മാരായ ചില മുഹമ്മദീയരെ ഏല്പിച്ചും എടുപ്പാൻ കഴിയുന്നതൊക്കെ കയ്യിലെടുത്തും കുറുപ്പും കുടുംബങ്ങളും ഉച്ചയോടുകൂടി നിറങ്കൈതക്കോട്ടയിലെത്തി. അവിടെ അപ്പോഴെയ്ക്കും തമ്പുരാനും അവിടുത്തെ അനന്തിരവന്മാരും കോവിലകത്തുള്ളവരും അകമ്പടിക്കാരും ഒക്കെ എത്തിക്കഴിഞ്ഞിരിക്കുന്നു.
നിറങ്കൈതക്കോട്ടയ്ക്കു് കേരളത്തിലെ മറ്റു കോട്ടകളേക്കാൾ ഒരു വിശേഷം പ്രകൃതിതന്നെ കൊടുത്തിട്ടുണ്ടു്. ഒരു ഉയർന്ന കുന്നു്, അതിന്റെ മുകളിലും താഴ്‌വാരത്തിലും ക്ഷേത്രം. ഈ കുന്നിനെ ചുറ്റി മൂന്നു ഭാഗവും വളരെ ആഴമുള്ള പുഴ. കുന്നിന്മേൽനിന്നു നോക്കിയാൽ രണ്ടുനാലു നാഴിക സമചതുരം രാജ്യം മുഴുവൻ കാണാം. ശത്രുക്കളിൽനിന്നു രക്ഷപ്രാപിയ്ക്കുവാൻ ഇത്ര നല്ലതായ ഒരു സങ്കേതം കേരളത്തിൽ എവിടേയും ഇല്ല. ഈ കോട്ടയിലാണു് പരപ്പനാട്ടു തമ്പുരാനും, കുടുംബങ്ങളും, ആശ്രിതന്മാരും, അകമ്പടിക്കാരും ഇപ്പോൾ സങ്കേതം ഉറപ്പിച്ചിട്ടുള്ളതു്. ദീപാരാധന പൂജകഴിഞ്ഞു് തൊഴുതു് എല്ലാവരും തോണികയറി കടൽവണ്ടിപ്പുഴയിൽകൂടി ബേപ്പൂർ പുഴയിൽ ചെന്നു ചേരാമെന്നാണു് തീർച്ചയാക്കീട്ടുണ്ടായിരുന്നതു്.
പൂർണ്ണ ഗർഭിണികൾക്കു ക്ഷേത്രത്തിൽ കയറുവാൻ പാടില്ലെന്നുള്ള നിശ്ചയം നിമിത്തം കുമ്മിണിഅമ്മയെ കോട്ടയ്ക്കരികെ ഒരു ഭവനത്തിൽ നിർത്തിയിരിയ്ക്കുകയായിരുന്നു. സമയം അഞ്ചുമണിയായപ്പോഴേയ്ക്കും വടക്കുനിന്നും തെക്കുനിന്നും വെടിയുടെ ശബ്ദം കേട്ടുതുടങ്ങി. ടിപ്പുസുൽത്താന്റെ ഒരു വലിയ സൈന്യം നിറങ്കൈത കോട്ട ആക്രമിപ്പാൻ വരുന്നുണ്ടെന്ന കാര്യം തീർച്ചയായി. ഈ സൈന്യത്തെ ജയിച്ചു് ഏതൊരു പ്രകാരേണയാണു് കപ്പലിലേയ്ക്കു് എത്തിച്ചേരേണ്ടതു് എന്ന ആലോചന മാത്രമായിരുന്നു കോട്ടയിൽ കൂടിയവർക്കു് ഉണ്ടായിരുന്നതു്. യോദ്ധാക്കളായ തമ്പുരാക്കന്മാരും മറ്റുള്ളവരും ഒക്കെ ശത്രുക്കളെ എതിർത്തു് സ്ത്രീകളേയും വൃദ്ധന്മാരേയും രക്ഷിയ്ക്കുവാനുള്ള ആലോചനയായി. നിർബന്ധിച്ച വീരവർമ്മ വലിയ തമ്പുരാനും തമ്പുരാട്ടിമാരും കുറുപ്പും കുടുംബങ്ങളും ഉള്ളേടത്തോളം തോണികളിൽ കയറി വേഗം പുഴയിലേയ്ക്കു കടക്കേണ്ടതാണെന്നു് തീർച്ചയാക്കി. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. നേരം സന്ധ്യയായി തുടങ്ങി. മുഹമ്മദീയ സൈന്യങ്ങൾ പുഴയ്ക്കക്കരെ കോട്ട വന്നു വളഞ്ഞു കഴിഞ്ഞു. കാര്യം ഒക്കെ വലിയ പരുങ്ങലിലായി.
നാലു ചെറിയ തോണികൾ നിറയെ ആൾക്കാർ കയറി കടൽവണ്ടിപുഴ മദ്ധ്യത്തിൽ ആയിരിയ്ക്കുന്നു. ശേഷം രണ്ടു തോണികളിൽ ആൾക്കാരെ കയറ്റുവാനുള്ള ഉത്സാഹം തുടങ്ങിയിരിക്കുന്നു. അപ്പോഴേയ്ക്കും മറുകരകളിൽനിന്നു മുഹമ്മദീയ സൈന്യങ്ങൾ തോണിയിലുള്ളവരെ വെടിവെച്ചു തുടങ്ങി. തോണി തുഴയുന്നവരുടെ സാമർത്ഥ്യംകൊണ്ടോ ഭഗവതിയുടെ കടാക്ഷംകൊണ്ടോ എന്നറിഞ്ഞില്ല, ആദ്യത്തെ മൂന്നു തോണിയും വെടിപ്പാടു കടന്നു അപ്പുറം കടന്നിരിയ്ക്കുന്നു. ഈ മൂന്നു തോണിയും അതി ജാഗ്രതയോടെ ബേപ്പൂരേയ്ക്കു തുഴഞ്ഞുപോയി. ശേഷം പുഴ നടുവിലുണ്ടായിരുന്ന തോണിയും ആൾക്കാരും വെള്ളത്തിൽ ആണ്ടുപോയി. ചിലർ നീന്തി മറുകരയിൽ രക്ഷപ്രാപിച്ചു. ശേഷമുള്ളവർ മുങ്ങിച്ചത്തു.
ബേപ്പൂർ തുറയിൽ കപ്പൽ വന്നിട്ടുണ്ടെന്നും, നിറങ്കൈതക്കോട്ടയിലുള്ളവരൊക്കെ കപ്പൽ കയറാനുള്ളവരാണെന്നും ഒറ്റുകാർ മുഖേന അറിഞ്ഞാണു് മുഹമ്മദീയസൈന്യങ്ങൾകോട്ടയ്ക്കു നേരെ വന്നതു്. തോണിയിലുള്ളവർ എങ്ങോട്ടേയ്ക്കാണു് പോകുന്നതെന്നു മുഹമ്മദീയർക്കു മനസ്സിലാവാത്തതിനാൽ അവയെ തൽക്കാലം പിൻതുടർന്നില്ല. കോട്ടയ്ക്കുള്ളിൽ സങ്കേതം പ്രാപിച്ചവരെ പിടികൂടി, അവരൊക്കെ കപ്പലിൽ കയറ്റിക്കൊണ്ടുപോവാൻ ഒരുക്കിവെച്ച ദ്രവ്യം കയ്ക്കലാക്കുവാനുള്ള ആഗ്രഹമാണു് മുഹമ്മദീയ സൈന്യങ്ങൾക്കു് മുൻകടന്നുനിന്നിരുന്നതു്. ആഴമുള്ള പുഴകടപ്പാൻ സൗകര്യമില്ലായ്കയാൽ വിഷണ്ഡന്മാരായി. മുഹമ്മദുസൈന്യവും കൂട്ടിലെ കിളികളെപ്പോലെ പാപ്പനാട്ടുകാരും നില്പായി. പാപ്പനാട്ടു നായന്മാരും തമ്പുരാക്കന്മാരും എല്ലാവരെയും കോട്ടയ്ക്കുള്ളിലാക്കി ജീവൻ പോകുന്നതുവരെ മുഹമ്മദീയസൈന്യങ്ങളോടു് എതിർപ്പാൻ തീർച്ചയാക്കി. മുഹമ്മദീയർ ഏതുഭാഗത്തിൽകൂടിയാണു് പുഴ കടക്കുന്നതെന്നു് തിട്ടമില്ലായ്കയാൽ അവിടെയും ഇവിടെയും കാവൽക്കാരെ നിർത്തി. സമയം രാത്രി പന്ത്രണ്ടുമണിയായപ്പോഴേയ്ക്കും മുഹമ്മദീയ സൈന്യങ്ങൾ പുഴ കടന്നു കഴിഞ്ഞു. വളരെ മുഹമ്മദീയരെ നായന്മാർ കൊല്ലാതിരുന്നില്ല. എങ്കിലും കപ്പൽയാത്രയ്ക്കു പുറപ്പെടുന്നവർ ആയുധം കയ്യിലെടുക്കായ്കയാൽ മുഹമ്മദീയരുടെ തോക്കോടു നേരിടുവാൻ ഒരു നിവൃത്തിയും ഇല്ലാതെ വന്നു. മുഹമ്മദീയർ കോട്ടയിൽ കടന്നപ്പോഴുണ്ടായ ബഹളങ്ങളൊന്നും പറയേണ്ടതില്ല. നിലവിളിയും ആർപ്പുവിളിയും അട്ടഹാസവും വെടിയുടെ ശബ്ദവും ഒക്കെക്കൂടി സുബോധമുള്ളവർ ഇരുകക്ഷികളുടെ കൂട്ടത്തിലും തീരെ ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. നായന്മാരും തമ്പുരാക്കന്മാരും മുഹമ്മദീയരോടു ദ്വന്ദ്വയുദ്ധം ചെയ്തു വീരസ്വർഗ്ഗം പ്രാപിച്ചു. അശക്തന്മാരായവർ പലരും മരിച്ചു. ശേഷമുള്ളവരെ മുഹമ്മദീയർ തടവുകാരാക്കി കോഴിക്കോട്ടേയ്ക്കയച്ചു. ക്ഷേത്രവും, ഭണ്ഡാരവും അയൽപ്രദേശങ്ങളിലുള്ള ഭവനങ്ങളും മുഹമ്മദീയർ കൊള്ളയിട്ടു ജയഭേരിയോടുകൂടി കോഴിക്കോട്ടേയ്ക്കു മടങ്ങി. നിറങ്കൈതക്കോട്ട മുഴുവനും രക്തത്തിൽ മുക്കി. പുലരുമ്പോൾ ആകപ്പാടെ കാണ്മാനുണ്ടായിരുന്നതു് എത്രയൊ ആയിരം ശവശരീരങ്ങളായിരുന്നു. നിറങ്കൈതകോട്ടയിൽ അന്നുച്ചയ്ക്കുണ്ടായിരുന്നതിൽ വീരവർമ്മ വലിയതമ്പുരാനും നന്നമ്പ്രകുറുപ്പും തമ്പുരാട്ടിമാരും അല്പം ചില ആശ്രിതന്മാരും ഒഴികെ ശേഷമുള്ളവരൊക്കെ പടയിൽപെട്ടു. കപ്പലിൽ എത്തിച്ചേർന്നവർ മറ്റുള്ളവരുടെ ദുർദ്ദശയോർത്തു് നന്നെ വ്യസനിച്ചു മനസ്സല്ലാമനസ്സോടെ കപ്പൽമാർഗ്ഗം തിരുവിതാംകൂറിലേക്കു പോകയും ചെയ്തു.
പൂർണ്ണഗർഭിണിയായ കുമ്മിണി അമ്മയെ നിറങ്കൈതക്കോട്ടക്കു സമീപം ഒരു വീട്ടിൽ ആക്കിയാണല്ലൊ നാം ‘പട’വർത്തമാനം പറഞ്ഞതു്. ദീപാരാധനപൂജ കഴിഞ്ഞാൽ തന്നെ കൂട്ടുവാൻ ആളെത്തുമെന്ന ധാരണയിൽ ആറു മണിവരെ ക്ഷമിച്ചിരുന്ന കുമ്മിണിഅമ്മ വെടിയുടെ ശബ്ദം കേട്ടപ്പോൾ കലശലായി പരിഭ്രമിച്ചു. എന്തൊ ചില അപകടങ്ങൾ സംഭവിയ്ക്കാൻ പോകുന്നുണ്ടെന്നു തീർച്ചയാക്കി. കുറെ കഴിഞ്ഞിട്ടും ആരും വരുന്നതു കണ്ടില്ല. അതിലിടയ്ക്കു പുഴയിലേയ്ക്കു നോക്കിയപ്പോൾ മറുകരയിൽ ഭയങ്കരരൂപികളും ആയുധപാണികളുമായ മുഹമ്മദീയരെ അണിയണിയായി കണ്ടു. പുഴയിൽ ഒരു തോണി മറിഞ്ഞു ശവങ്ങൾ ഒലിയ്ക്കുന്നതു കണ്ടു. ചിലരുടെ മരണക്കളിയും കണ്ടു. ആകപ്പാടെ ഒരു ഭ്രാന്തത്തിയുടെ നിലയിലായി. ആരൊക്കെയാണു് മരിച്ചതു്, എന്തൊക്കെയാണു് കോട്ടയിൽ നടന്നതു്, എന്നറിവാൻ ഒരു മാർഗ്ഗവുമില്ല. ഏതെങ്കിലും കൂരിരുട്ടാവുന്നതിനു മുമ്പു വീട്ടിൽ നിന്നു പുറത്തിറങ്ങുക തന്നെ എന്നു നിശ്ചയിച്ചു വടക്കോട്ടു നടന്നു. രണ്ടു ഫർലോങ്ങു നടന്നപ്പോൾ വിശാലമായ ഒരു പാടം കണ്ടു. അങ്ങും ഇങ്ങും നോക്കിയാൽ ആരേയും കാണ്മാനില്ല.
‘ടിപ്പുസൈന്യത്തിന്റെ’ ദുഷ്ടകർമ്മംകൊണ്ടു
ധാത്രിതലങ്ങളിൽ ധർമ്മവും കർമ്മവും
നഷ്ടമായെന്നല്ലനല്ലപെണ്ണൂങ്ങളും
ശിഷ്ടജനങ്ങളുംനെല്ലുംധനങ്ങളും
തുഷ്ടിയുംപുഷ്ടിയുംഅഷ്ടിയുംമിഷ്ടിയും
വൃഷ്ടിയും കൃഷ്ടിയും
നല്കിപിടിപെട്ടുനാനാജനങ്ങളും
നാട്ടിലുംവീട്ടിലുംനിന്നുപുറപ്പെട്ടു
കാട്ടിലുംകോട്ടിലുമോരോതരമല്ല
നാട്ടിലുംതൊട്ടിലുംപൊക്കൊളിച്ചീടിനാർ.
എന്നുപറഞ്ഞപോലെ അന്നത്തെ ദിവസം നിറങ്കൈതകോട്ടയിൽ ചെല്ലാത്ത പരപ്പനാട്ടുകാരൊക്കെ പടവരുന്ന വർത്തമാനം കേട്ടപ്പോഴേയ്ക്കും നാടും വിടും ഒക്കെ വേണ്ടെന്നുവെച്ചു കിഴക്കൻ മലകളിലേയ്ക്കു രക്ഷയ്ക്കായി ഓടി. കോട്ടയിലല്ലാതെ അയൽപ്രദേശങ്ങളിലൊന്നും ഒരു ജീവിയും ഉണ്ടായിരുന്നില്ല. പലേ ആലോചനകളോടും നടക്കുന്ന കുമ്മിണിഅമ്മ ഏതു ഭാഗത്തേയ്ക്കാണു് പോകുന്നതെന്നു വിവരമില്ലാതെ ഏതാണ്ടു് ഒരു നാഴികയോളം നടന്നുപോയി. ഇരുൾ കലശലായി തുടങ്ങി. കണ്ണു കാണാതെയായി. ക്ഷീണം കലശലായി തുടങ്ങി. പ്രസവവേദനയുടെ ആരംഭമുണ്ടോ എന്നു ശങ്ക തോന്നിത്തുടങ്ങി. അല്പം ദൂരെ പാടത്തിന്നുമദ്ധ്യെ ഒരു മണൽത്തിട്ടന്മേൽ ഒരു കാവൽപുര നിഴൽപോലെ കാണ്മാനുണ്ടോ എന്നു സംശയം തോന്നി. അവിടെയ്ക്കു നടന്നു. ഭാഗ്യവശാൽ കൃഷിക്കാർ നെല്ലു കാവലിന്നായി കെട്ടിയിട്ട ഒരു ചാള തന്നെയായിരുന്നു ആ കണ്ടതു്. അവിടെ കയറി ചെന്നു. കയ്യിലുണ്ടായിരുന്ന മുണ്ടു് അവിടെ വിരിച്ചുകിടന്നു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രസവം കഴിഞ്ഞു. പിന്നെയൊന്നും കുമ്മിണിഅമ്മ ഓർമ്മയില്ല. നേരം പ്രഭാതമായപ്പോൾ ജീവനിശ്ശേഷമായി കിടക്കുന്ന കുട്ടിയേയും വിട്ടു കുമ്മിണിഅമ്മ പരലോകപ്രാപ്തയാകയും ചെയ്തു. ഈ രാത്രിയിൽ തന്നെ ജീവരക്ഷയ്ക്കായി ഈ പാടത്തുകൂടി ഓടിപ്പോകുന്നവരെ പിന്തുടർന്നു പിടിപ്പാൻ മുഹമ്മദീയർ നടന്നിരുന്നു. എന്നാൽ ഭാഗ്യാശക്തിയാലൊ നിർഭാഗ്യശക്തിയാലോ കാവൽപുരയിൽ മരിച്ചുകിടക്കുന്ന തള്ളയേയും ഒരു കൊച്ചുകുട്ടിയേയും ആരും കണ്ടില്ല.

നേരം പുലർന്നു പത്തുമണിയായിരിക്കുന്നു. നിറങ്കൈതക്കോട്ടയിലും അടുത്ത പ്രദേശത്തും ഒരു ജീവിയെപോലും കാണ്മാനില്ല. വെടിയുടെ ശബ്ദം കേട്ടു പക്ഷിമൃഗങ്ങളും കൂടെ അകലെ പോയിരിയ്ക്കുന്നു. കാവൽപ്പുരയിൽ കിടന്നു് ഒരു അഗതിയായ കുട്ടി കാലും കയ്യും കുടഞ്ഞു നിലവിളിയ്ക്കുന്നുണ്ടു്. ഈ നിലവിളി ഈ വിജനപ്രദേശത്തു് ആരാണു് കേൾക്കുന്നതു്!
നിറങ്കൈതകോട്ടയിൽ എന്തൊ ചില സംഭവങ്ങൾ നടന്നതായി പരപ്പനങ്ങാടിക്കാരൻ ചെമ്പാർ ആലിക്കുട്ടി നേരം പ്രഭാതമാകുമ്പോൾ തന്നെ അറിഞ്ഞിരിക്കുന്നു. ‘ഈ ധുനിയാവിന്റൊത്തു് എന്തെല്ലാം ഇക്കമത്തപ്പാ പടച്ചോൻ’ ഉണ്ടാക്കുന്നു. ‘ഈ ഹറാമ്പറന്ന മക്കൾ ഹലാക്കാക്കുന്നു!’ എന്നും പറഞ്ഞു്, ആലിക്കുട്ടി പടവർത്തമാനം അറിവാൻ നിറങ്കൈതകോട്ടയിലേയ്ക്കു യാത്രയായി. അക്കാലത്തു ‘നൂസ് പേപ്പർ’ ഒന്നും ഇല്ലാത്ത കാലമാണല്ലൊ. അതുകൊണ്ടാണു് ആലിക്കുട്ടി പടവർത്തമാനം നേരിട്ടുചെന്നു് അന്വേഷണം നടത്തിക്കളയാമെന്നു വെച്ചതു്. ഏകദേശം പത്തുമണിയായപ്പോൾ പാടത്തിന്റെ നടുവിൽ കാവൽപുരയുടെ ഒരു തീണ്ടൽപ്പാടു ദൂരത്തെത്തിയ ആലിക്കുട്ടിയ്ക്കു്, ഒരു കുട്ടിയുടെ നിലവിളി നല്ലവണ്ണം കേൾപ്പാനുണ്ടായിരുന്നു. ഇതെന്തൊരു് ‘ഇക്കമത്താ’ണെന്നു മനസ്സിലാവാതെ ആലിക്കുട്ടി വളരെ പരിഭ്രമിച്ചുവെങ്കിലും സ്ഥലത്തുചെന്നു് നോക്കുകതന്നെ എന്നു നിശ്ചയിച്ചു. കാവൽപുരയിൽ എത്തിനോക്കിയപ്പോഴാണു് ‘പടച്ചോന്റെ’ കളിയൊക്കെ ആലിക്കുട്ടിക്കു മനസ്സിലായതു്. കാതിലും കഴുത്തിലും കയ്യിലും സ്വർണ്ണാഭരണങ്ങളണിഞ്ഞു രക്തമണിഞ്ഞു് ഒരു സ്ത്രീ മരിച്ചുകിടക്കുന്നു. ഈ ശവശരീരത്തിന്നരികെ ജീവശേഷത്തിൻ പ്രഭാവംകൊണ്ടു അഞ്ചാറു മണിക്കൂർ പ്രായം ചെന്ന ഒരു കുട്ടി കാലും കയ്യും കുടഞ്ഞു നിലവിളിയ്ക്കുന്നു. ആകപ്പാടെ പ്രകൃത്യാ തന്നെ ദുഷ്ടനല്ലാത്ത ആലിക്കുട്ടി ‘പടച്ചോന്റെ’ പ്രഭാവത്താൽ ആർദ്രചിത്തനായി. അല്പനേരം സ്തംഭിച്ചുനിന്നു. പിന്നെ നാലുഭാഗവും തിരിഞ്ഞു നോക്കി. ഒരു ഭാഗം ദൂരെ കുന്നിന്മേലുള്ള നിറങ്കൈതക്കോട്ട ക്ഷേത്രം കത്തി നശിച്ചതായി കണ്ടു. പാടത്തു കുറെ ദൂരെ തല പോയതും കാലുമുറിഞ്ഞതുമായ ചില ശവശരീരങ്ങൾ കണ്മാനുണ്ടു്. താൻ എന്താണു് പ്രവൃത്തിയ്ക്കേണ്ടതെന്നറിയാതെ വിഷണ്ഡനായി കുറെ നേരം കഴിച്ചു. ഒടുവിൽ ആ മണത്തിട്ടമേൽ വളർന്നിരുന്ന ഒരു ചെറിയ തെങ്ങിന്മേൽ നിന്നു ഒരു കരിക്കു തള്ളിയിട്ടു താൻ കയ്യിൽ എപ്പോഴും കൊണ്ടു നടക്കാറുള്ള കത്തികൊണ്ടു് അതിനുള്ളിൽ നിന്നു കുറെ വെള്ളം എടുത്തു കുട്ടിക്കു് കുടിക്കാൻ കൊടുത്തു. കുട്ടിയുടെ കരച്ചിൽ നിന്നു, ഉറങ്ങാൻ തുടങ്ങി. ഈ കുട്ടിയെ രക്ഷിക്കേണ്ടതായ ഭാരം തനിയ്ക്കാണെന്നു ആലിക്കുട്ടി തീർച്ചപ്പെടുത്തി, കുമ്മിണി അമ്മയുടെ ആഭരണങ്ങളൊക്കെ കൈവശപ്പെടുത്തി. മണത്തിട്ടയിൽ കുഴികുഴിച്ചു കുമ്മിണിഅമ്മയെ സംസ്കരിച്ചു. കുട്ടിയേയുംകൊണ്ടു് സ്വദേശത്തേയ്ക്കു പോയി. ഒരു അഗതിയായ ‘കാഫ്രിനെ’ മുഹമ്മദ് മതത്തിൽ ചേർത്തുവെന്ന കൃതാർത്ഥതയോടെ ഈ കുട്ടിയെ തന്റെ കെട്ടിയവളായ ആമിന ഉമ്മയെ ഏല്പിച്ചു. കുട്ടിക്കു ആയിസ്സുക്കുട്ടിയെന്ന പേരും കൊടുത്തു.
കൊല്ലം പത്തുപന്ത്രണ്ടു കഴിഞ്ഞു. ടിപ്പുസുൽത്താനും ചത്തു. മലയാളജില്ല ഈസ്റ്റിന്ത്യാ കമ്പനിയ്ക്കധീനമായി. രാജ്യം വിട്ടുപോയവരൊക്കെ മടങ്ങി എത്തിത്തുടങ്ങി. പരപ്പനാട്ടു വീരവർമ്മ വലിയ തമ്പുരാനും രാമക്കുറുപ്പും മടങ്ങിയെത്തീട്ടു രണ്ടു നാലു കൊല്ലമായി. നിറങ്കൈതകോട്ടയെ വിചാരിയ്ക്കുമ്പോൾ തമ്പുരാനും രാമക്കുറുപ്പിനും കണ്ണിൽ വെള്ളം നിറയും. ശൂരന്മാരായ തന്റെ അനന്തിരവന്മാർ മരിച്ചതിൽ തമ്പുരാനും, തന്റെ കുലത്തെ നിലനിർത്തേണ്ടവളായ കുമ്മിണിയെ രക്ഷിപ്പാൻ തന്നാൽ സാധിച്ചില്ലല്ലൊ എന്ന പശ്ചാത്താപം രാമക്കുറുപ്പിനും നന്നെയുണ്ടായിരുന്നു. കുമ്മിണിഅമ്മ പടയിൽ പെട്ടു മരിക്കാതെ ശേഷിച്ചിട്ടുണ്ടെന്നു സ്വപ്നത്തിൽപോലും വിശ്വസിപ്പാൻ രാമക്കുറുപ്പിനു് അവകാശമുണ്ടായിരുന്നില്ല.

ആലിക്കുട്ടി ആകപ്പാടെ ഒരു പ്രാരാബ്ധക്കാരനായിരുന്നു. ആയിസ്സക്കുട്ടിക്കു് ഏതാണ്ടു് പത്തു വയസ്സു പ്രായമായപ്പോൾ ആലിക്കുട്ടിയുടെ കെട്ടിയവൾ മരിച്ചു. ആയിസ്സക്കുട്ടിയെ വിട്ടുപിരിഞ്ഞു നില്പാൻ അശേഷം നിവൃത്തിയില്ലാത്ത വിധത്തിലായിരിയ്ക്കുന്നു ആലിക്കുട്ടിയുടെ സ്ഥിതി. കുമ്മിണിഅമ്മയുടെ വക മിക്ക പണ്ടങ്ങളും വിറ്റു മുതലാക്കികഴിഞ്ഞിരിയ്ക്കുന്നു. ആകപ്പാടെ ശേഷിപ്പുണ്ടായിരുന്നതു് ചെമ്പ്ര എഴുത്തശ്ശൻ സ്വർണ്ണത്തകിടിൽ എഴുതിക്കെട്ടിയ ഒരു പൊൻതകിടു മാത്രമാണു്. ആയതു ‘ചൈത്താന്റെ’ ഉപദ്രവം കൂടാതെ കഴിപ്പാൻ ചെറുപ്പം മുതൽക്കെ ആയിസ്സക്കുട്ടി ധരിച്ചുവന്നിരുന്ന ഒരാഭരണമാണു്. ആയിസ്സക്കുട്ടിയ്ക്കു് അത്യാവശ്യം വീട്ടുപണികൾ ചെയ്വാൻ പ്രായമായിട്ടുണ്ടെന്നല്ലാതെ ഭക്ഷണത്തിന്നുള്ള വക തെണ്ടിത്തേടി ഉണ്ടാക്കുവാൻ പ്രായമായിട്ടില്ല. ആലിക്കുട്ടിക്കു പ്രായാധിക്യം ആയിരിയ്ക്കുന്നു. ഈ ഘട്ടത്തിൽ ഒരു ദിവസം ആയിസ്സക്കുട്ടിയുടെ തകിടു വില്ക്കാനുള്ള ആലോചനയായി. ഈ പണ്ടം വില്ക്കുന്നതിനു് ആലിക്കുട്ടിയ്ക്കു് അശേഷം മനസ്സുണ്ടായില്ല. ഏതെങ്കിലും പണയം വെച്ചു തൽക്കാലനിവൃത്തിക്കു വല്ല സംഖ്യയും ഉണ്ടാക്കി കഴിവുവരുമ്പോൾ പണയപ്പാടു് വീടു്, പണ്ടം വീണ്ടെടുക്കാമെന്നുള്ള നിശ്ചയത്തിന്മേൽ തകിടും കയ്യിലാക്കി ആലിക്കുട്ടി പുറത്തേയ്ക്കിറങ്ങി. പരപ്പനാട്ടു രാജാക്കന്മാരുടെ ബേപ്പൂർ കോവിലകത്തേയ്ക്കു യാത്രയായി.
ബേപ്പൂർ കോവിലകത്തു ചെന്നപ്പോൾ ആലിക്കുട്ടിയ്ക്കു് തമ്പുരാന്റെ പ്രധാന മന്ത്രി രാമക്കുറുപ്പിനെ കാണ്മാൻ അധികം പ്രയാസമുണ്ടായില്ല. ആലിക്കുട്ടി പരപ്പനാടു് സ്വരൂപത്തിലേക്കു് എപ്പോഴും കീഴടങ്ങിയവനാണെന്നും പടക്കാലത്തൊന്നും സ്വാമിദ്രോഹമായി യാതൊന്നും പ്രവൃത്തിച്ചിട്ടില്ലെന്നും, നാടുവിട്ടു് ഓടിപ്പോകുമ്പോൾ പലരും തന്നെ ഏല്പിച്ച സാധനങ്ങളൊക്കെ ഒരു പൈപോലും കുറയ്ക്കാതെ മടങ്ങിവന്നവർക്കു മടക്കിക്കൊടുത്തിട്ടുണ്ടെന്നും മറ്റും കുറുപ്പിനെ പറഞ്ഞു മനസ്സിലാക്കി. താൻ തല്ക്കാലം ഒരു പരാധീനക്കാരനാണെന്നും, തള്ളയില്ലാത്ത ഒരു കുട്ടിയെ രക്ഷിക്കേണ്ടതായ ഒരു ഭാരം കൂടിയുള്ളതുകൊണ്ടു് കുറെ കഴകിലാണെന്നും, തല്ക്കാലം എന്തെങ്കിലും ഒരു സംഖ്യ കടമായി കിട്ടിയാൽ കൊള്ളാമെന്നും അതിനു പണയമായി തന്റെ കൈവശമുള്ള ഒരു പൊൻപണ്ടം വെക്കാമെന്നും മറ്റും പറഞ്ഞു തകിടു കുറുപ്പിന്റെ കയ്യിൽ കൊടുത്തു. സ്വർണ്ണതകിടുവാങ്ങി ഒന്നു പരിശോധിച്ചപ്പോഴേക്കും കുറുപ്പു് സ്തംഭിച്ചുനിന്നുപോയി. വളരെ നേരം ഒന്നുംമിണ്ടാതെ നിന്നതിന്നുശേഷം ക്രോധതാമ്രാക്ഷനായി ആലിക്കുട്ടിയെ ഒന്നു നോക്കി. ഒടുവിൽ അവനോടു് ഒന്നും മിണ്ടാതെ കുറുപ്പു അടുക്കെ നിന്നിരുന്ന ഒരു നായരോടു് ആലിക്കുട്ടിയെ വിട്ടയക്കരുതെന്നും പറഞ്ഞു് തമ്പുരാന്റെ അടുക്കലേക്കു് പോയി.
തകിടിന്റെ മുകളിൽ കുമ്മിണിഅമ്മയുടെ പേരു് കൊത്തിയിരുന്നുവെന്നുമാത്രമല്ല, ഈ തകിടു് ഉണ്ടാക്കുന്ന കാര്യത്തിൽ രാമക്കുറുപ്പു് നേരിട്ടുതന്നെ മുമ്പു ശ്രമം ചെയ്താളായതുകൊണ്ടു്, ഇതു കണ്ടപ്പോൾ തന്നെ തന്റെ മരുമകളെ കൊന്നു പണ്ടങ്ങൾ കൈവശപ്പെടുത്തിയതു് ആലിക്കുട്ടിയാണെന്ന ബോധം വേഗം വന്നു കഴിഞ്ഞു. ഈ വിവരം തമ്പുരാനെ ഉണർത്തിപ്പാനാണു് രാമക്കുറുപ്പു് വേഗം തിരുമുമ്പാകെ ചെന്നതു്.

ഈ കഥയെ ഇനി അധികം ദീർഘിപ്പിച്ചിട്ടു് കാര്യമില്ല. ആലിക്കുട്ടിയെ വിചാരണ ചെയ്തപ്പോൾ മുൻ സംഭവങ്ങളെല്ലാം കുറുപ്പിനു മനസ്സിലായി. ആലിക്കുട്ടിയോടു് ആദ്യം തനിക്കുണ്ടായിരുന്ന കോപം മാറി കൃതജ്ഞതയാണു് കുറുപ്പിനുണ്ടായതു്. എങ്കിലും തന്റെ വംശവർദ്ധനക്കു് കാരണഭൂതയായ ഒരു പെൺകുട്ടി പത്തുപന്ത്രണ്ടു കൊല്ലകാലം ഒരു മുഹമ്മദീയന്റെ അധീനത്തിൽ ഇരിക്കേണ്ടി വന്നതിൽ നന്നെ പശ്ചാത്താപവും ജനിച്ചു.
തമ്പുരാൻ വൈദികന്മാരെ വരുത്തിയതും, ആയിസ്സക്കുട്ടിയെ വരുത്തി ചില ശുദ്ധികർമ്മങ്ങൾ ഒക്കെ കഴിച്ചതും, കുറുപ്പിന്റെ തറവാടു് “ചേലാവിൽ ചേർന്ന” നായന്മാരുടെ കൂട്ടത്തിൽ ഒന്നാക്കിയതും ആലിക്കുട്ടിക്കു് മരണംവരെ ചിലവിന്നു വക കൊടുത്തതും ഒക്കെ വേഗം കഴിഞ്ഞു. ഈ ആയിസ്സക്കുട്ടിയുടെ സന്താനങ്ങൾ ഇപ്പോഴും ഏറനാടു താലൂക്കിൽ ഉണ്ടു്.

കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.
ചിത്രീകരണം: വി. പി. സുനിൽകുമാർ