ജനങ്ങളാണു് ഭാഷ സൃഷ്ടിക്കുന്നതു് എന്നു പറയാറുണ്ടു്. പഴഞ്ചൊല്ലു്, കടംകഥ, ശൈലി, നാടൻപാട്ടു് തുടങ്ങിയവ ജനങ്ങളുടെ സൃഷ്ടിയാണു്; ജനങ്ങൾ ഇപ്പോഴും ഉണ്ടല്ലോ. എന്തുകൊണ്ടാണവർ ഇപ്പോൾ ഭാഷ സൃഷ്ടിക്കാത്തതു്?
ജനങ്ങൾ ഇപ്പോൾ ഭാഷ സൃഷ്ടിക്കുന്നില്ലെന്നാരു പറഞ്ഞു?
വ്യക്തി ഒറ്റയ്ക്കല്ലാതെ, അനേകം വ്യക്തികളുടെ കൂട്ടായ്മയായ സമൂഹം വല്ലതും സൃഷ്ടിക്കുമ്പോൾ അതിനെ ‘സമൂഹസൃഷ്ടി’ എന്നു പറയുന്നു. ഇതിനെത്തന്നെയാണു് ജനങ്ങളുടെ സൃഷ്ടി എന്നു വിളിക്കുന്നതു്. ഈ അടുത്തകാലത്തു് പുതിയ അർത്ഥം കൈവന്ന ചെത്തു്, കത്തിച്ചു, കലക്കി തുടങ്ങിയ പ്രയോഗങ്ങൾ നോക്കുക. ‘ചെത്തു്’ എന്ന വാക്കിനു് മൂർച്ചയുള്ള ആയുധംകൊണ്ടു് കല്ലോ മരമോ മറ്റോ മുറിക്കുക എന്ന അർത്ഥം നിലനില്ക്കെത്തന്നെ ‘ഉല്ലാസപൂർവ്വം ചുറ്റിത്തിരിയുക’ എന്നു് പുതിയൊരർത്ഥം ഉണ്ടായിവന്നിരിക്കുന്നു. കത്തിച്ചു, കലക്കി എന്നിവയ്ക്കു് പഴയ അർത്ഥം നിലനില്ക്കുമ്പോൾത്തന്നെ അതിനു് വിപരീതം എന്നു പറയാവുന്ന വളരെ നന്നായി, ഗംഭീരമായി എന്നീ താൽപര്യങ്ങൾ വന്നുചേർന്നിരിക്കുന്നു. ഉദാഹരണം:
- ഗാനമേള കത്തിച്ചു.
- വേഷം കലക്കി.
‘അടിപൊളി’ എന്നതു് പുതിയൊരു സമസ്തപദമാണു്—നേരത്തേയുള്ള അടി, പൊളി എന്നീ പദങ്ങൾ ചേർന്നുണ്ടായതു്. അർത്ഥത്തിനു് അടിയുമായോ പൊളിയുമായോ ബന്ധമില്ല. നേരത്തേ ‘തല്ലിപ്പൊളി’യേ ഉള്ളു. ‘അടിപൊളി’യില്ല. തല്ലിപ്പൊളിക്കുള്ളതിന്റെ നേർവിപരീതമാണു് അടിപൊളിയുടെ അർത്ഥം—‘ജോർ’ എന്നു്! ‘അടിപൊളി’ എന്ന വാക്കിനു് രൂപംകൊടുത്തതും മേൽപ്പറഞ്ഞ പദങ്ങൾക്കു് പുതിയ അർത്ഥം കല്പിച്ചതും ഏതെങ്കിലും വ്യക്തിയല്ല, ജനങ്ങളാണു്.
ജനങ്ങൾക്കു് ഭാഷയിലുള്ള സൃഷ്ടിശേഷി വെളിപ്പെടുന്ന വെറെ മേഖലകളുണ്ടു്. ചില മാതൃകകൾ
- 1. മുദ്രാവാക്യങ്ങൾ:
- സമരങ്ങളോ പ്രതിഷേധങ്ങളോ ജാഥകളോ രൂപം കൊള്ളുമ്പോൾ ആളുകൾ ഒത്തുചേർന്നു് ഒരു പ്രത്യേകതാളത്തിൽ മുദ്രാവാക്യം വിളിക്കും. കേട്ടുപഠിച്ചതോ എഴുതിത്തയ്യാറാക്കിയതോ ആയ മുദ്രാവാക്യങ്ങൾക്കൊപ്പം ആ സമൂഹം സഹജവാസനകൊണ്ടെന്നപോലെ പുതിയ മുദ്രാവാക്യങ്ങൾ ഉണ്ടാക്കി വിളിക്കുന്നതു കാണാം. ഇതു് പിന്നെ പ്രചാരം നേടി നിലനില്ക്കുന്നു. അരനൂറ്റാണ്ടു മുമ്പു് നടന്ന വിമോചനസമരകാലത്തെ ‘അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇപ്പോഴും ജനങ്ങളുടെ ഓർമ്മയിലുണ്ടു്. അതിന്റെ സമ്പ്രദായത്തിൽ ഇപ്പൊഴും മുദ്രാവാക്യങ്ങൾ വാർന്നുവീഴുന്നുണ്ടു്.
- 2. സ്ഥലപ്പേരുകൾ:
- ഇപ്പോഴും പുതിയ സ്ഥലപ്പേരുകൾക്കു് ജനങ്ങൾ രൂപം നല്കുന്നുണ്ടു്. ഈനാംപേച്ചിയെ പിടിച്ചതു് വലിയ വാർത്തയായി. അതിനെ കാണാൻവേണ്ടി ധാരാളം ആളുകൾ ഒരു സ്ഥലത്തു് ഇറങ്ങിയപ്പോൾ പിറവികൊണ്ട ബസ്സ്റ്റോപ്പിനു് നിമിഷംകൊണ്ടു് പേരായി ‘ഈനാംപേച്ചിമുക്കു്’ മതഭീകരവാദികളാൽ കൊല്ലപ്പെട്ട ചേകനൂർ മൗലവിയുടെ ഭൗതികാവശിഷ്ടങ്ങൾക്കുവേണ്ടി സി. ബി. ഐ. ചുവന്ന കുന്നിൽ മണ്ണുമാന്തുന്ന സന്ദർഭം. ധാരാളം അളുകൾ അതിനടുത്തു് ഇറങ്ങിയതിനാൽ അവിടെ ഒരു ബസ്സ്റ്റോപ്പ് ഉണ്ടായി. ജനങ്ങളിട്ട പേരു്: ‘ചേകനൂർപ്പടി.’ കാലിക്കറ്റ് സർവ്വകലാശാലയ്ക്കു് സമീപമുള്ള ‘പടിക്കൽ’ ബസ്സ്റ്റോപ്പിന്റെ തൊട്ടപ്പുറത്തു് സർക്കാർ ആയുർവ്വേദ ആശുപത്രി വന്നു. അവിടെ ബസ്സ്റ്റോപ്പ് ഉണ്ടായതും ആളുകൾ പേരിട്ടു: ‘കഷായപ്പടി’
- 3. മാറ്റപ്പേരുകൾ:
- ചില വ്യക്തികളെ ബഹുമാനിച്ചോ പരിഹസിച്ചോ ഉരുവംകൊള്ളുന്ന പേരുകൾ സമൂഹത്തിന്റെ രചനയാണു്. ‘സഖാവു് ’ എന്നുപറഞ്ഞാൽ പി. കൃഷ്ണപിള്ളയാണെന്നും ‘ലീഡർ’ എന്നു പറഞ്ഞാൽ കെ. കരുണാകരൻ ആണെന്നും വ്യവസ്ഥപ്പെടുത്തിയതു് ഏതെങ്കിലും വ്യക്തിയോ പാർട്ടിയോ അല്ല, ആളുകളാണു്. പണ്ടു് ഞങ്ങളുടെ അയൽദേശത്തു് തെങ്ങോലകൊണ്ടുണ്ടാക്കിയ ‘വാച്ചും’ കെട്ടി നടക്കുന്ന പാത്തു എന്നൊരു പിച്ചക്കാരിയുണ്ടായിരുന്നു. അവരിടയ്ക്കിടെ വാച്ച് നോക്കും. ആർ എപ്പോൾ സമയം ചോദിച്ചാലും പറയും: ‘പത്തര’ അവർക്കു് ‘പത്തരപ്പാത്തു’ എന്നു് പേരായി. മാവിൻകൊമ്പത്തു് കയറുകെട്ടി ചാവാൻ ഒരുങ്ങുന്നതിനിടയിൽ രാമൻ കയറുപൊട്ടി നിലത്തുവീണു. ജീവിതത്തിലേക്കു് മടങ്ങിവന്ന അയാൾ ശിഷ്ടകാലം മുഴുവൻ ജനങ്ങൾ ചാർത്തിക്കൊടുത്ത ആ തമാശപ്പേരുമായി ജീവിക്കേണ്ടിവന്നു: ‘തൂങ്ങിച്ചത്തരാമൻ.’
- 4. ഫലിതങ്ങൾ:
- ഇപ്പോഴും ഫലിതങ്ങൾക്കു് സമൂഹം രൂപംകൊടുക്കുന്നുണ്ടു് എന്നതിനു് ‘സീതിഹാജിക്കഥകൾ’ തെളിവുതരും. അവയിൽ മഹാഭൂരിപക്ഷവും സീതിഹാജിയെ കഥാപാത്രമാക്കി സമൂഹം പറഞ്ഞുണ്ടാക്കിയതാണു്. ഒരുദാഹരണം: മുസ്ലിംലീഗിന്റെ ഒരു കമ്മിറ്റിയോഗം. എന്തെങ്കിലും സമരം ഉണ്ടാക്കിയാൽ മാത്രമേ പ്രതിപക്ഷത്തിരിക്കുമ്പോൾ ജനശ്രദ്ധ കിട്ടൂ എന്നു് യൂത്ത്ലീഗുകാർ വാദിച്ചു: “കഴിഞ്ഞയാഴ്ച ഡി. വൈ. എഫ്. ഐ.ക്കാർ റെയിൽ തടഞ്ഞിരുന്നു. അതുപോലെ വല്ലതും.” ഉടനെ അധ്യക്ഷൻ സീതിഹാജി ചാടിയെണീറ്റു: “ജ്ജി ആ വർത്തമാനം മാത്രം പറ്യണ്ടാ. കമ്യൂണിസ്റ്റുകാരെ ചോന്ന കൊടി കണ്ടാലു് വണ്ടി ആടെ നിക്കും. ഞമ്മളെ പച്ചക്കൊടി കണ്ടാലു് വണ്ടി ങ്ങട്ടു് ബർആ ചെയ്യാ ആ സമരം ഞമ്മക്ക് മാണ്ട.”

മലയാളത്തിലെ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനും. മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലൈ 2-നു് എൻ. സി. മുഹമ്മദ് ഹാജിയുടെയും കെ. സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു. കോഴിക്കോട് മാതൃഭൂമിയിൽ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ടു് (1976–78). 1978-ൽ, കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് മലയാള വിഭാഗത്തിൽ അധ്യാപകനായി. തുടർന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട്, ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു ഡോക്റ്ററേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. അലീഗഡ് സർവകലാശാലയിലെ പേർഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ വിസിറ്റിങ് പ്രഫസറായി പ്രവർത്തിച്ചു.
മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വർഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചു് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ടു്. എഴുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്.
ഭാര്യ: ഖദീജ. മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്. മരുമക്കൾ: ഷാജി, അശ്വതി സേനൻ, റൈഷ. പേരക്കുട്ടികൾ: അസീം, ഹംറാസ്, സൽമ.