ഭാഷാസാഹിത്യചരിത്രകാരന്മാർ ശ്രീ. മൂർക്കോത്തു കുമാരൻ, മലയാളത്തിൽ ആദ്യം ചെറുകഥ എഴുതിയവരിൽ ഒരു മാന്യസ്ഥാനം ഉള്ള ആളായിരുന്നു; അദ്ദേഹം പത്തുനാല്പതു് വർഷങ്ങളോളം നിരവധി ചെറുകഥകൾ എഴുതിയിരുന്നു; അവ ബഹുരസമുള്ള കഥകളായിരുന്നു; എന്നൊക്കെ പറയുന്നുണ്ടു്; പക്ഷേ, ഭാഷയിലെ ചെറുകഥാകൃത്തുക്കൾ എന്ന വിഷയം പരാമർശിക്കുന്ന അവസരങ്ങളിൽ അദ്ദേഹത്തെപ്പറ്റി ഒന്നും പറഞ്ഞുകാണുന്നില്ല.
അങ്ങനെ പറയാതിരിക്കുവാനുള്ള ഒരു പ്രധാനമായ കാരണം മൂർക്കോത്തിന്റെ കഥകൾ പലേ പത്രമാസികളിലുമായി അങ്ങിങ്ങു് ചിതറിക്കിടക്കുന്നതല്ലാതെ, അവയെ സമാഹരിച്ചു് ഒരു ഗ്രന്ഥമോ, ഗ്രന്ഥങ്ങളോ, ഇല്ലാത്തതായിരിക്കണം. ആയൊരു കുറവു് നികത്തുവാനായിട്ടുംകൂടിയാണു് ശ്രീ. മൂർക്കോത്തു് കുമാരന്റെ ചെറുകഥകൾ ശേഖരിച്ചു് ഒരു കഥാതരംഗിണി മലയാളസാഹിത്യഭൂമിയിൽ ഇറക്കുവാൻ ഉദ്യമിച്ചതു്.
കഥകൾ വായിച്ചപ്പോൾ എനിക്കുപോലും, ഞാൻ പ്രതീക്ഷിച്ചതിലും അധികം രസം തോന്നുകയുണ്ടായി. അവയുടെ വൈവിധ്യം എന്നെ അത്ഭുതപ്പെടുത്തി. വെറും സംഭവങ്ങൾ, നേരംപോക്കു്, കുറ്റാന്വേഷണം, സാമുദായികാചാരചിത്രീകരണം, ഭാര്യാഭർത്തൃസ്നേഹം (പ്രത്യേകിച്ചു് ഭാര്യമാർക്കുള്ള സ്നേഹം)—പ്രണയം—(നാട്ടുമ്പുറംതൊട്ടു് മദിരാശിവരെയുള്ള രംഗങ്ങളിലെ പ്രണയം)—വെറും വെടി, മാനസികവികാരങ്ങളുടെ ചിത്രീകരണങ്ങൾ, ക്ലെപ്റ്റോമാനിയ, സോമ്നാബുലിസം, ഹിസ്റ്റീരിയാ തുടങ്ങിയ മാനസികരോഗങ്ങളെ ആസ്പദമാക്കി എഴുതിയവ—ഇങ്ങനെ ചെറുകഥാമണ്ഡലത്തിലെ നാനാവശങ്ങളെയും അദ്ദേഹത്തിന്റെ ചെറുകഥകൾ സ്പർശിച്ചിട്ടുണ്ടു്.
രണ്ടോ മൂന്നോ പേജുമാത്രം ഉള്ളവ തുടങ്ങി, അമ്പതോ അറുപതോ പേജുകളുള്ള കഥകൾവരെ അദ്ദേഹം എഴുതിയവയായുണ്ടു്. എല്ലാ കഥയിലും എന്നുതന്നെ പറയാം, ചെറുകഥകളെ ഒരു പ്രത്യേകമായ സാഹിത്യ വിഭാഗമാക്കി നിർത്തുന്ന, “Singleness of effect” ഉണ്ടു്. അതാണു് മലയാളത്തിലെ ആദികാലകാഥികരിൽ കാണാത്തതു് എന്നു് ഭാഷാഗദ്യസാഹിത്യചരിത്രത്തിൽ വിദ്വാൻ ചുമ്മാർ സമർത്ഥിച്ചിരിക്കുന്നു. അവരുടെ കഥാസമാഹാരങ്ങൾക്കു് അവതാരികകൾ എഴുതിയവരും അതു് സമ്മതിക്കുന്നു.
കാര്യം അങ്ങനെയിരിക്കുന്നതുകൊണ്ടു് മലയാളഭാഷയിൽ ചെറുകഥകൾ ആരംഭിച്ച കാലത്തുതന്നെ ചെറുകഥയുടെ യഥാർത്ഥലക്ഷണങ്ങളുള്ള കൃതികൾ നിർമ്മിച്ചു്, പത്തുനാല്പതുവർഷത്തോളം നിരവധി ബഹുരസികൻകഥകൾ എഴുതിയ ശ്രീ. മൂർക്കോത്തു് കുമാരനാണു് ഭാഷയിലെ ചെറുകഥാപ്രസ്ഥാനത്തിന്റെ ജനയിതാവും, ഒരു ഉൽകൃഷ്ട ചെറുകഥാകാരനും എന്നു് പറയാവുന്നതാണു്.
അദ്ദേഹത്തിന്റെ പുത്രനാണു് ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നതു് എന്നുള്ള വസ്തുത മറന്നു് പണ്ഡിതന്മാർ ഈ വാദത്തിന്റെ സാധുത്വംമാത്രം പരിഗണിച്ചു് നിഷ്പക്ഷമായ അഭിപ്രായം പറയും എന്നെനിക്കറിയാം. അതുകൊണ്ടാണു് അക്കാര്യം ശങ്കിക്കാതെ പറയുവാൻ ധൈര്യപ്പെട്ടതു്.
1894—ൽ ശ്രീ. മൂർക്കോത്തുകുമാരൻ എഴുതി, മലയാള മനോരമയിൽ പ്രസിദ്ധംചയ്ത, “അന്യഥാ ചിന്തിതം കാര്യം” എന്ന കഥയെപ്പറ്റി അച്ഛൻതന്നെയും മറ്റുള്ളവരും പലതവണയായി പറഞ്ഞിട്ടുള്ള സ്ഥിതിക്കു് അതിനെപ്പറ്റി മലയാളവായനക്കാർ ധാരാളം കേട്ടിരിക്കും. നിർഭാഗ്യവശാൽ ആ കഥ കിട്ടീട്ടില്ല. കണ്ടുകിട്ടുവാനുള്ള ശ്രമം തുടരുന്നു. അതിന്നുശേഷം എഴുതിയ രണ്ടാമത്തേതോ മൂന്നാമത്തേതോ ആയ കഥയായിരിക്കണം ഇതിലെ “കോഴിക്കോട്ടെ യാത്ര” എന്ന കഥ.
ഓരോ കഥയും പ്രസിദ്ധീകരിച്ച തീയതിയും മാസികയും ചുവടെ കൊടുത്തതിൽനിന്നു് വായനക്കാർക്കു് അദ്ദേഹത്തിന്റെ കഥാരചനയുടെയും ഗദ്യത്തിന്റെയും വളർച്ചയെ ഗ്രഹിക്കുവാൻ സാധിക്കുമെന്നു് വിശ്വസിക്കുന്നു.
ചില കഥകളുടെ പിന്നിൽ ചരിത്രമുണ്ടു്. “ഒരൊറ്റ നോക്കു്”, സാമുദായികപരിഷ്കാരത്തെ സംബന്ധിച്ചുള്ള ഏറ്റവും നല്ല കഥാമത്സരത്തിന്നുവേണ്ടി, വിവേകോദയത്തിലേക്കു് അയച്ചുകൊടുത്തതായിരുന്നു. ആ കഥ പരസ്യംചെയ്തുവെങ്കിലും, ഒന്നാംസമ്മാനം കിട്ടിയ കഥ പരസ്യംചെയ്തിരുന്നില്ല. അതിനെപ്പറ്റി പത്രാധിപരായിരുന്ന കുമാരൻ ആശാനോടു് ചോദിച്ചപ്പോൾ, മറ്റേ കഥ നല്ലതാണെന്നു് “ജഡ്ജി” വിധിച്ചതുകൊണ്ടു് സമ്മാനം കൊടുത്തു; പക്ഷേ, അതു് പരസ്യംചെയ്യാൻമാത്രം ഗുണമുണ്ടായിരുന്നില്ല എന്നു് അദ്ദേഹം അച്ഛനോടു് പറഞ്ഞു്; പൊട്ടിച്ചിരിച്ചു.
“നരിയെ കൊന്ന വെടിയിലെ സുകുമാരൻ സുപ്രസിദ്ധ കഥാകൃത്തായ കെ. സുകുമാരനാണു്. സുകുവിന്റെ ചില പ്രത്യേകതകൾ അതിൽ ഞാൻ വിവരിച്ചിട്ടുണ്ടു്” എന്നു് അച്ഛൻ എന്നോടു് പറഞ്ഞതു് മലയാളവായനക്കാർക്കു് അറിയുവാൻ രസമുണ്ടായിരിക്കും എന്നു് വിശ്വസിക്കുന്നു.
മാപ്പിളബറ്റാലിയൻ പിരിച്ചുവിടാനുള്ള യഥാർത്ഥകാരണം, താലികെട്ടുകല്യാണംകൊണ്ടുണ്ടായിരുന്ന അനർത്ഥങ്ങൾ, അതു് നിർത്തുവൻ ശ്രമിച്ചപ്പോൾ ഉണ്ടായിരുന്ന സംഘട്ടനങ്ങൾ, മരുമക്കത്തറവാടുകളുടെ ക്ഷയം, വ്യക്തികളുടെ അധഃപതനം, വെറും നാട്ടുംപുറക്കാരത്തിക്കു് അക്കാലത്തുണ്ടാവുന്ന പ്രണയവും അതു് പ്രദർശിപ്പിക്കാനുള്ള പ്രയാസവും അതിന്റെ പരിണതഫലവും, ഇങ്ങനെ നമ്മുടെ ഒരു തലമുറയ്ക്കുമുമ്പുണ്ടായിരുന്ന ജീവിതത്തിന്റെ ചിത്രം ഈ കഥകളിൽ കാണാനുണ്ടു്. അഞ്ചാറു് അംഗങ്ങളുള്ള കുടുംബം മാസത്തിൽ 20 രൂപാ ശമ്പളംകൊണ്ടു് ഒരുവിധം കഴിഞ്ഞുപോരുന്നതും, മദിരാശിയിൽ 500 രൂപാ മാസത്തിൽ കിട്ടുന്നതു് വലിയ പ്രാക്ടീസ്സായി കരുതുന്നതും, മറ്റുമായി ഈ കഥയിലെ ചില ഒറ്റവാചകങ്ങൾ കൂട്ടിച്ചേർത്താൽതന്നെ അന്നത്തെ ജീവിതത്തിന്റെ ഒരു ചിത്രം കാണാവുന്നതാണു്.
ഇതിലെ കഥകൾ സമ്പാദിച്ചുതന്ന ശ്രീമാന്മാർ കെ. ജി. മാധവൻ, കെ. ആർ. അച്യുതൻ, പി. കെ. ദിവാകരൻ, ചിത്തിരതിരുനാൾ വായനശാല (തിരുവനന്തപുരം) പ്രവർത്തകർ, ഒണ്ടേൻ, മൂർക്കോത്തു് അജിതകുമാർ, കെ. ഐ. ഗംഗാധരൻ എന്നിവരോടു് എനിക്കുള്ള നന്ദി ഇവിടെ പ്രസ്താവിച്ചുകൊള്ളുന്നു.
വേറെയും പലരും എന്നെ ഇതിൽ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടു്. അവരുടെ പേരുകൾ യഥാവസരം പ്രസ്താവിച്ചുകൊള്ളാം.
ഈ പുസ്തകം ഇത്രവേഗം ഇത്ര ഭംഗിയായി അച്ചടിച്ചു് പ്രസിദ്ധംചെയ്ത എം. എസ്സ്. ബുക്കുഡിപ്പോക്കാരോടും ഞാൻ കൃതജ്ഞനാണു്. ഇതിന്റെ കവർ ഭംഗിയായി വരച്ചുതന്ന മി: സോമനും എന്റെ നന്ദി.
അടുത്ത പ്രസിദ്ധീകരണം, ശ്രീ. മൂർക്കോത്തു് കുമാരന്റെ കുറ്റാന്വേഷണകഥകൾ ആയിരിക്കും. അതിനും ഈ പുസ്തകത്തിനു് ലഭിച്ചതുപോലെതന്നെ പ്രോത്സാഹനം ലഭിക്കുമെന്നു് പ്രതീക്ഷിക്കട്ടെയോ?
മൂർക്കോത്തു് കുഞ്ഞപ്പ.
കോഴിക്കോടു്,
10-1-67.
ഇന്നു് അഞ്ചായല്ലോ തീയതി. പതിനാറാംതീയതിയാണു് വിവാഹം. അമ്മാമൻ ബോമ്പായിൽനിന്നു് പണമയയ്ക്കുന്നതിനു് മുമ്പായി എനിക്കു് ഇവിടെനിന്നു് പുറപ്പെടാൻ സാധിക്കയില്ല. ഒന്നാംതീയതിക്കു് 300 ക. അയയ്ക്കുമെന്നാണു് കത്തിൽ എഴുതിയിരുന്നതു്—അതെ, ഒന്നാം തീയതി നിന്റെ മേൽവിലാസത്തിൽ 300 ക. മദിരാശിക്കു് അയയ്ക്കുന്നുണ്ടു്. നീ വേഗത്തിൽ പുറപ്പെട്ടുകൊൾക, ഞാൻ അധികം താമസിക്കേണ്ടിവന്നെങ്കിൽതന്നെ 14-ാം തീയതി മലയാളത്തിൽ വന്നുചേരാൻ ശ്രമിക്കാം—ഒന്നും പോയി; രണ്ടും പോയി. ഇന്നു് തീയതി അഞ്ചായല്ലോ. വഴിച്ചെലവു് എങ്ങനെയെങ്കിലും സാധിക്കുമെന്നു് വെയ്ക്കുക. പക്ഷേ, ഒരു ബുദ്ധിമുട്ടുണ്ടല്ലോ. ഞാൻ പുറപ്പെട്ടുകഴിഞ്ഞതിൽപിന്നെ ഇവിടെ പണമെത്തിയെങ്കിലോ? അമ്മാമന്നു് ഒരു കമ്പി അയച്ചാലെന്താ? എനിക്കിപ്പോൾ പി. ഓറിന്റെ കമ്പനിയിൽനിന്നു് കടുക്കൻ വാങ്ങേണ്ടയോ? എന്തൊരു സങ്കടമാണിതു് ! എനിക്കു് രാജ്യത്തെത്താനുള്ള ഉൽകണ്ഠയും വർദ്ധിക്കുന്നു. ഞാൻ ഇങ്ങനെ ഓരോന്നു് വിചാരിച്ചും കൂടെക്കൂടെ അമ്മാമന്റെ എഴുത്തെടുത്തു് വായിച്ചുംകൊണ്ടു് ഒരു സിഗററ്റും വലിച്ചു് ഒരു ചാരുകസേലമേൽ കിടന്നുകൊണ്ടിരിക്കുമ്പോൾ ആരോ വാതിലിന്നു് മുട്ടുന്ന ഒച്ചകേട്ടു. ആരതു് എന്നു് ഞാൻ ചോദിച്ചപ്പോൾ, പോസ്റ്റ്മാൻ സാർ, എന്നു് കേട്ടു; ഉടനെ ഞാൻ തുള്ളി എഴുന്നേറ്റു് വാതിൽ തുറന്നു. സംശയിക്കാനില്ല മണിയോർഡർതന്നെ. പണമെണ്ണിവാങ്ങുന്ന തിരക്കിൽ, തപ്പാൽശിപ്പായിയുടെ ഒന്നിച്ചു് പണി പഠിക്കാൻ വന്ന ഒരുവൻ, ഞാൻ എപ്പോഴാണു് പുറപ്പെടുന്നതെന്നും മറ്റും ചോദിച്ചതിനു്, ഞാൻ എന്തൊക്കെയോ ഉത്തരം പറഞ്ഞു. മണിയാർഡറിൽ എഴുതിയതു് വായിക്കാനറിയാമെന്നു് അവനു് എന്നെ അറിയിക്കണം എന്നു് തോന്നി. ഓരോരുത്തരുടെ അന്തസ്സു്. നടക്കട്ടെ നടക്കട്ടെ, എന്നു് ഞാൻ കരുതി.
മദിരാശിയിൽനിന്നു് മലയാളത്തിലേക്കുള്ള മെയിൽ തീവണ്ടി വൈകുന്നേരം ആറേകാൽ മണിക്കേ പുറപ്പെടുകയുള്ളു. അതുകൊണ്ടു് ബദ്ധപ്പെടാനൊന്നും ഇല്ല. ഒരുക്കങ്ങളൊക്കെ സാവധാനത്തിൽ ചെയ്തു് അഞ്ചരമണിക്കു് ശരിയായി സ്റ്റേഷനിലെത്തി. കോഴിക്കോട്ടേയ്ക്കു് ഒരു രണ്ടാംക്ലാസ്സു് ടിക്കറ്റ് വാങ്ങി വണ്ടിയിൽ കയറി ഇരുന്നു. ഒരു ചെറിയ ടിൻപെട്ടിയല്ലാതെ വേറെ സാമാനങ്ങൾ ഒന്നും എന്റെ കൈയിൽ ഇല്ലായിരുന്നു. രാവിലെ കിട്ടിയ 300 രൂപാകൊണ്ടു് കടുക്കനും മറ്റു് ചില സാധനങ്ങളും വാങ്ങി. ബാക്കി 200-ൽ ചില്വാനം ഉറുപ്പികയും ആ പെട്ടിയിലാണു് ഉള്ളതു്. വണ്ടി ഇളകാൻ ഇനി അഞ്ചുമിനിട്ടുമാത്രമേ ഉള്ളു. ഞാൻ കയറിയിരുന്ന മുറിയിൽ അതുവരേയ്ക്കും ആരും കയറാതിരുന്നതുകൊണ്ടു്, മലബാർവരെ ഇങ്ങനെയാണെങ്കിൽ വളരെ സുഖകരമായിരുന്നുവെന്നു് ഞാൻ വിചാരിച്ചു. ഇല്ല. എന്നെ ഉപദ്രവിക്കാനായി ഒരാൾ ഒരു ചെറിയ കെട്ടും എടുപ്പിച്ചുകൊണ്ടു് എന്റെ മുറിയുടെ നേരെ വരുന്നുണ്ടു്; അയാൾ വന്നു് വാതിൽ തുറന്നു് സാമാനം മുറിയിലിടാൻ കൂലിക്കാരനോടു് കല്പിച്ച സ്വരവും, വണ്ടിയിൽ കയറി ഇരുന്ന ഗമയും ഒക്കെ കണ്ടപ്പോൾ ഒരു ബഹദൂർ ആയിരിക്കുമെന്നുതന്നെ തോന്നി. ആരായാലെന്തു്, വണ്ടിയിൽ എല്ലാവരും സമന്മാരല്ലെ? ഞാനും ഗമയിൽ ഇരുന്നു. ഈ പുതിയ മനുഷ്യൻ ഒരു തമിഴനാണെന്നു് തോന്നി. കറുത്തുനീണ്ടു് അഗ്രം ചുരുണ്ട മീശയുണ്ടു്. നിറം കറുപ്പിനും വെളുപ്പിനും മദ്ധ്യത്തിലാണു്. ആറുഫീറ്റിൽ കുറയാതെ ഉണ്ടു് ഉയരം. ആകപ്പാടെ ഒരു ഗംഭീരനാണു്. ഉടുപ്പു് ഒരു പാളസാറും ഒരു കറുത്ത കോട്ടുമാണു്. ഈ ശല്യം വന്നുകയറിയതുകൊണ്ടു് എനിക്കു് വെറുപ്പാണു് ഉണ്ടായതു്. ഏതെങ്കിലും ആകട്ടെ. ഇദ്ദേഹം എവിടംവരെ ഉണ്ടെന്നു് നോക്കാമെന്നുവച്ചു്; എങ്കപ്പോറെ ഇയ്യ, എന്നു് ചോദിച്ചു. അതുകേട്ടപ്പോൾ അദ്ദേഹം അല്പം ഒന്നു് ചിരിച്ചിട്ടു് തെറ്റുതീർന്ന ഇംഗ്ലീഷിൽ, നല്ല സ്വരത്തിൽ, ഞാൻ മലയാളത്തിലേക്കു് പോകുന്നു, കോഴിക്കോട്ടേക്കാണു് ടിക്കറ്റ് വാങ്ങിയതു്; നിങ്ങൾ ഒരു മലയാളിയാണെന്നു് തോന്നുന്നുവല്ലോ; കോഴിക്കോട്ടുവരെ നിങ്ങളും ഉണ്ടായിരിക്കാം എന്നു് പറഞ്ഞു. ഞാൻ ഒന്നു് വല്ലാതെ ലജ്ജിച്ചു. ഈ ദുർഘടം കോഴിക്കോട്ടുവരെ ഉണ്ടായിരിക്കുമല്ലൊ എന്നു് അറിഞ്ഞപ്പോൾ കുറെ വെറുത്തു. ഇംഗ്ലീഷ് നല്ലവണ്ണം അറിയാമല്ലോ, വല്ല ഉദ്യോഗസ്ഥനുമായിരിക്കാമെന്നുവെച്ചു് സന്തോഷിച്ചു.
വണ്ടി ഇളകി. ഞങ്ങൾ ഓരോന്നു് സംസാരിപ്പാൻ തുടങ്ങി. അദ്ദേഹത്തിന്റെ പേരു് അരുണാചലം ആണെന്നു് പറഞ്ഞു. ബി. ഏ. ജയിച്ചിട്ടുണ്ടു്. പോലീസ്സ് ഇൻസ്പെക്ടരാണു്. അച്ഛൻ വലിയ ദ്രവ്യസ്ഥനാണു്. ഏതായാലും ഞാൻ ശങ്കിച്ചത്ര വ്യസനിക്കേണ്ടിവന്നിട്ടില്ല; എന്നല്ല അദ്ദേഹത്തിന്റെ സംസാരം കേട്ടതിൽ പരമരസികനാണെന്നു് മനസ്സിലായി. വഴിയാത്ര ബഹുരസകരമാകാനാണു് സംഗതി എന്നു് പ്രതീക്ഷിച്ചു് ഞങ്ങൾ പല രസങ്ങളും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്റെ കാലുകൊണ്ടു് അദ്ദേഹത്തിന്റെ ഭാണ്ഡത്തിന്നു് തട്ടിപ്പോയി. ഉടനെ അതിൽ എന്തോ ലോഹം ഉള്ളതുപോലെ ഒരു ഒച്ച പുറപ്പെട്ടു. അതിലെന്താണു്? എന്നു് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം, അതിലുള്ള സാധനം എന്താണെന്നു് പറവാൻ പാടില്ലെന്നു് പറഞ്ഞു. എനിക്കതു് അറിവാനുള്ള ആഗ്രഹം സ്വാഭാവികമായി വർദ്ധിച്ചു.
- ഞാൻ:
- എന്താ ഉറുപ്പികയാണോ?
- അ: പി:
- ഉറുപ്പികയെന്താ നിങ്ങൾക്കു് കണ്ടുകൂടയോ?
- ഞാൻ:
- എന്നാൽ പോകട്ടെ. കാണാൻ പാടില്ലാത്തതു് കാണ്മാൻ ആഗ്രഹിക്കരുതു്.
- അ: പി:
- ഇല്ല. ഞാൻ നേരംപോക്കു് പറഞ്ഞതാണു്. എനിക്കു് ഉറക്കം തൂങ്ങുന്നു. അതിന്റെ പേരിപ്പോൾ പറഞ്ഞാൽ അതു് നിങ്ങൾക്കു് കാണണമെന്നാകും. അപ്പോൾ അതു് അഴിച്ചു് കാണിക്കേണ്ടിവരും. അതൊക്കെ ബുദ്ധിമുട്ടാണെന്നു് വെച്ചിട്ടാണു് ഞാൻ അങ്ങനെ പറഞ്ഞതു്. നിങ്ങൾക്കു് മുഷിച്ചിലായോ?
- ഞാൻ:
- ഛെ! എന്തു് മുഷിച്ചിൽ! ഞാൻ, അതിൽ നിങ്ങളുടെ ഉടുപ്പോ മറ്റോ ആയിരിക്കുമെന്നായിരുന്നു ആദ്യം വിചാരിച്ചതു്. അതിൽ എന്തോ മണിഞ്ഞു് കണ്ടതുകൊണ്ടു് ചോദിച്ചതാണു്.
- അ: പി:
- ഓഹോ, അതൊ? അതൊരു പുതിയമാതിരി ആമമാണു്. ഞാൻ പറഞ്ഞില്ലേ നിങ്ങളോടു് ഞാൻ ഒരു പോലീസ് ഇൻസ്പെക്ടരാണെന്നു്. ഞാൻ, മലയാളത്തിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്നു് അറിഞ്ഞ ചില കള്ളന്മാരെ പിടിക്കുവാൻ പോവുകയാണു്. ചില കാൺസ്റ്റബിൾമാർ മൂന്നാംക്ലാസ്സുമുറിയിലുണ്ടു്.
ഇങ്ങനെ പറഞ്ഞു് ഭാണ്ഡം വലിച്ചു് അടുക്കെ വെച്ചു് അതിന്റെ കെട്ടഴിച്ചു്, രണ്ടുകൂട്ടം ആമം പുറത്തെടുത്തു് എന്നെ കാണിച്ചു.
ഇതെന്താണു്? ഒരു പുതിയമാതിരി ആമം! കള്ളന്മാരുടെ കൈക്കിടേണ്ടതിനല്ലേ? അതിനുപിന്നെ എന്തിനാണു് ഇത്ര മനോഹരമായ കൊത്തുപണികളൊക്കെ? എന്നു് ഞാൻ ചോദിച്ചു.
അതെന്തിനാണെന്നുള്ള കാര്യം എനിക്കും മനസ്സിലായിട്ടില്ല, എന്നു് അദ്ദേഹം ഉത്തരംപറഞ്ഞു.
നമ്മുടെ രാജ്യത്തു് കാണാറുള്ളവയിൽനിന്നു് വളരെ ഭേദിച്ചിട്ടുള്ള ഈ തരം ആമം ഉപയോഗിക്കുന്ന മാതിരിയും വളരെ ഭേദിച്ചിട്ടായിരിക്കണം, എന്നു് തോന്നി. അതു് അങ്ങിതന്നെയായിരുന്നു.
ഇതെങ്ങിനെയാണു് കൈക്കിടുന്നതെന്നു് ഞാൻ ചോദിച്ചപ്പോൾ, മി. പിള്ള അതിന്മേൽതന്നെയുണ്ടായിരുന്ന താക്കോൽകൊണ്ടു് അതു് തുറന്നു് എന്റെ കൈയ്ക്കിട്ടു് പൂട്ടി. മറ്റൊന്നെടുത്തു് ഇതു് കാലിനുള്ളതാണു്, ഇതു് ഉപയോഗിക്കേണ്ടതു് ഇങ്ങനെയാണെന്നും പറഞ്ഞു് അതെന്റെ കാലിന്നും ഇട്ടു് പൂട്ടി. കുറച്ചുനേരം ഞാൻ അതു് തിരിച്ചും മറിച്ചും നോക്കി. ലോകത്തിലെ പെരുംകള്ളന്മാരുടെ കയ്ക്കിടേണ്ടുന്നതു് എന്റെ ശരീരത്തോടുചേർന്നു് കണ്ടപ്പോൾ എനിക്കു് ഒരു വല്ലായ്മ തോന്നി. ഇതു് എടുത്തുകളയിൻ, എന്നു് ഞാൻ അദ്ദേഹത്തോടു് ആവശ്യപ്പെട്ടു. വേണ്ടഹെ—അതവിടെ ഇരിക്കട്ടെ. ഇപ്പോൾ നിങ്ങളെ കാണാൻ ബഹുരസമുണ്ടു്, എന്നു് അദ്ദേഹം മറുപടി പറഞ്ഞു. ഇതിനു് ഞാൻ:- നല്ല രസമാണിതു്! തടവുകാരന്റെ ആമം ധരിച്ചു് കാണുന്നതു് പോലീസുകാർക്കു് ബഹുരസമായിരിക്കും എന്നു് പറഞ്ഞപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. കീശയിൽനിന്നു് ഒരു കടലാസ്സെടുത്തു് ഗൗരവമായി എന്തോ വായിച്ചുതുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും അതു് എടുത്തുകളവാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്താ, ഞാൻ നിങ്ങളെ തടവുകാരൻ ആക്കിക്കളയുമെന്നു് പേടിയാവുന്നുവോ? എന്നുചോദിച്ചു.
- ഞാൻ:
- അല്ലെ, വെറുപ്പായിത്തുടങ്ങി.
- അ: പി:
- വെറുപ്പു് കുറെ നേരത്തേയ്ക്കേ ഉണ്ടാവുകയുള്ളു.
- ഞാൻ:
- അപ്പോൾ ഞാൻ ഇതു് കുറേ നേരത്തേയ്ക്കു് ധരിച്ചുകൊണ്ടിരിക്കുകയോ?
- അ: പി:
- (ചിരിച്ചുംകൊണ്ടു്) എത്രനേരത്തേയ്ക്കാണെന്നു് ഞാൻ ഇപ്പോൾ എങ്ങിനെ അറിയും?
- ഞാൻ:
- നിങ്ങളുടെ കളി പോകട്ടെ—എനിക്കു് വല്ലാതെ വെറുപ്പാകുന്നു. ഇതു് ദയവിചാരിച്ചു് എടുത്തുകളയിൻ.
- അ: പി:
- അതു് ഞാൻ എടുത്തില്ലെങ്കിൽ നിങ്ങൾ എന്നെ എന്തു് ചെയ്യും?
- ഞാൻ:
- എന്തു് ചെയ്യാൻ? നിങ്ങൾക്കു് മനുഷ്യരുടെ വേദന അറിഞ്ഞുകൂടെന്നു് വിചാരിക്കും.
- അ: പി:
- എങ്ങിനെ വിചാരിച്ചുകൊൾവിൻ—
എന്നുംപറഞ്ഞു് ഒരു ചുരുട്ടെടുത്തു് തീപിടിപ്പിച്ചു് വലിച്ചുതുടങ്ങി.
ഇദ്ദേഹത്തിന്റെ നേരംപോക്കു് അളവിൽ കവിയുന്നുണ്ടെന്നുകണ്ടിട്ടു് എനിക്കു് ദ്വേഷ്യം പിടിച്ചുതുടങ്ങി. കൈയ്ക്കും കാലിനും ആമം ഇട്ടതുകൊണ്ടു് വല്ലാത്ത വെറുപ്പും കലശലായി ഉണ്ടായി. ഒടുക്കം ഇങ്ങനെ പറഞ്ഞു:- നിങ്ങൾ അഴിക്കുന്നെങ്കിൽ അഴിക്കിൻ. ഞാൻ ഇപ്പോൾ ഗാർഡിനെ വിളിക്കും. അല്ലെങ്കിൽ വണ്ടി നിറുത്താൻ ഈ ബട്ടൺ അമർത്തും. അതിനു് അദ്ദേഹം വളരെ പരിഹാസനിലയിൽ, വണ്ടി ഓടുമ്പോൾ ഗാർഡിനെ എങ്ങനെ വിളിച്ചുവരുത്തും? ബട്ടൺ അമർത്താൻ, ഇവിടെ ഞാൻ ഉള്ളപ്പോൾ ഈ ആമം ഇട്ട കൈകൊണ്ടു് സാധിക്കുമോ? പരമാർത്ഥമല്ലെ പറയേണ്ടതു്. എനിക്കു് കുറെ ഭയമായിത്തുടങ്ങി. ഇതു് കാര്യത്തിൽത്തന്നെയാണോ? ഛേ! ഇത്ര യോഗ്യനാണെന്നു് തോന്നുന്ന ഇയ്യാളെപ്പറ്റി സംശയിക്കുന്നതുതന്നെ കഷ്ടമാണു്. കുറെനേരം അയാളുടെ മുഖത്തേയ്ക്കുതന്നെ ഞാൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിനു് ഞാൻ അവിടെ ഉണ്ടെന്നുള്ള കാര്യംതന്നെ ഓർമ്മയില്ലെന്നു് തോന്നി. കാലിന്മേൽ കാലുമെടുത്തുവച്ചിരുന്നു് ഒരു ചുരുട്ടും വലിച്ചു് കടലാസ്സു് വായിക്കുന്ന തെരക്കാണു്.
അല്പനേരം കഴിഞ്ഞപ്പോൾ എനിക്കു് അദ്ദേഹത്തിന്റെ മുഖച്ഛായ, രാവിലെ തപ്പാൽശിപായിയുടെകൂടെവന്നവന്റേതുപോലെയല്ലേ എന്നു് തോന്നി. ഉടനെ അവൻ എന്നോടു് ചോദിച്ച ചോദ്യങ്ങൾ ഓർമ്മവന്നു. ഈശ്വരാ! പറ്റി! ഇവൻ എന്നെ കൊന്നുകളയുമോ? എന്താണു് നിവൃത്തി? ഇങ്ങനെ പലതും ആലോചിച്ചു് ഭയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു്; അല്ലാ നിങ്ങളെ ഈ നിലയിൽ ഇട്ടു് നിങ്ങളുടെ പെട്ടിയുമെടുത്തു് ഞാൻ പോയിക്കളഞ്ഞാൽ നിങ്ങൾ എന്തുചെയ്യും എന്നു് ചോദിച്ചു.
- ഞാൻ:
- ഹെ! അങ്ങിനെ ഭയപ്പെട്ടിട്ടാണു് ഇതു് എടുത്തുകളവാൻ നിർബന്ധിക്കുന്നതെന്നു് വിചാരിക്കേണ്ട നിങ്ങളെ എനിക്കു് ഭയമില്ല. പക്ഷേ, നിങ്ങളുടെ നേരമ്പോക്കു് കുറെ അധികമായിപോകുന്നു.
- അ: പി:
- അയ്യോ നിങ്ങൾ വളരെ ചെറുപ്പക്കാരനല്ലെ? നിങ്ങൾ നാട്ടിലെ കള്ളന്മാരുടെയും മറ്റും പ്രവൃത്തികൾ എന്തറിഞ്ഞു! എന്റെ തലക്കെട്ടും വസ്ത്രവും മറ്റും കണ്ടില്ലെ നിങ്ങൾക്കു് എന്നെ ശങ്കയില്ലാത്തതു്? ഇങ്ങനെ ഇവിടങ്ങളിലൊക്കെ എത്ര പേരുണ്ടു്!… ഇത്രയും പറഞ്ഞുംകൊണ്ടു് എന്റെ അടുക്കൽ വന്നു് കുപ്പായക്കീശയിൽ കയ്യിട്ടുകൊണ്ടു്, നിങ്ങൾ ഈ ഇരിക്കുന്ന ഇരിപ്പിൽ നിങ്ങളുടെ താക്കോൽ എടുത്തു് (താക്കോൽ എടുക്കുന്നു) പെട്ടി തുറന്നു് (പെട്ടി തുറക്കുന്നു) അതിലുള്ള പണമെടുത്തു് (പണമെടുക്കുന്നു) അതും പോരെങ്കിൽ നിങ്ങളുടെ മോതിരവും പറ്റി (മോതിരം ഊരുന്നു) വണ്ടി തുറന്നു് ഓടിക്കളവാൻ വല്ല വിഷമവും ഉണ്ടോ?
ഇതൊക്കെ ചെയ്യുമ്പോൾ ഞാൻ ഒന്നും ചെയ്യാൻ നിവൃത്തിയില്ലാതെ നിർജ്ജീവനായി നിന്നുപോയി. അപ്പോൾ വണ്ടിയുടെ ഗതി സ്റ്റേഷൻ അടുക്കാറായതുകൊണ്ടു് മെല്ലെ മെല്ലെ ആയിത്തുടങ്ങി. നമ്മുടെ പോലീസ് ഇൻസ്പെക്ടർ തന്റെ സഞ്ചി എടുത്തു് ഒരു റെയിൽവേതാക്കോൽ അതിൽനിന്നും എടുത്തു് വണ്ടിയുടെ വാതിൽ തുറന്നു, നിങ്ങളുടെ ആമത്തിന്റെ താക്കോലിതാ ഇടുന്നു. അടുത്ത സ്റ്റേഷനിൽ എത്തിയാൽ ഗാർഡിനെക്കൊണ്ടു് തുറപ്പിച്ചുകൊൾവിൻ, എന്നുപറഞ്ഞു്, താക്കോൽ അവിടെ ഇട്ടു് വണ്ടിയിൽനിന്നു് തുള്ളിപ്പോയി. അവൻ ഒരു വയലിൽകൂടി ഓടിപ്പോകുന്നതു് എനിക്കു് നല്ലവണ്ണം കാണാമായിരുന്നു. കുറേ കഴിഞ്ഞു് വണ്ടി നിന്നു. ഉടനെ ഞാൻ ബുദ്ധിമുട്ടി എഴുന്നേറ്റു് ചാടിച്ചാടി ജനലിനടുത്തു് ചെന്നു് സ്റ്റേഷൻമാസ്റ്റരെയും മറ്റും വിളിച്ചു് വിവരം പറഞ്ഞു. എന്റെ ആമം തുറന്നു്, എന്നെ സ്വസ്ഥനാക്കി. ഉടനെ വിവരം പോലീസ്സിൽ അറിയിച്ചു. അന്വേഷണം നടത്താൻ രണ്ടു് കാൺസ്റ്റബിൾമാരെ വിട്ടു.
ഞാൻ ഒരുവിധം നാട്ടിലെത്തി. ഇന്നേവരെയ്ക്കും അരുണാചലംപിള്ള പോലീസ് ഇൻസ്പെക്ടരുടെ വിവരമേ ഇല്ല.
ഭാഷാപോഷിണി, 1072 മിഥുനം.
എന്റെ ഒന്നാമത്തെ യാത്ര കഴിഞ്ഞു് രണ്ടാമത്തേതു് തുടങ്ങുന്നതുവരെ സ്വസ്ഥനായിരിക്കുന്ന അവസരങ്ങളിലൊക്കെ ആ പോലീസുദ്യോഗസ്ഥനേയും അവൻ എന്നോടു് ചെയ്ത ദുഷ്ടതയേയും കുറിച്ചല്ലാതെ ഞാൻ വേറെ യാതൊന്നും വിചാരിക്കാറേ ഇല്ലായിരുന്നു. സാധാരണയായി സജ്ജനങ്ങളിൽനിന്നു് ഭേദിക്കാതെയുള്ള, അഥവാ ഭേദിക്കുന്നെങ്കിൽത്തന്നെ കാഴ്ചയിൽ അവരെക്കാൾ ഭംഗിയുള്ള വിധത്തിൽ ഭേദിക്കുന്ന, ആകാരവിശേഷത്തോടുകൂടിയുള്ള ഈവിധം എത്ര ദുഷ്ടജനങ്ങളെ നാം ദിവസേന കണ്ടും കേട്ടും, ചിലപ്പോൾ അവരോടു് ഇടപെട്ടും ഇരിക്കുന്നുണ്ടു്. ദൈവസൃഷ്ടിയിൽ സർവ്വവിധത്തിലും അത്യാശ്ചര്യകരമായ സൃഷ്ടി ഈ ദുഷ്ടജനങ്ങൾതന്നെയാണു്. “ഹേ മനുഷ്യരേ, നിങ്ങളുടെ അത്യാഗ്രഹത്തിന്റെ വലിപ്പം നിങ്ങളുടെ ക്രൂരതയുടെ രൂക്ഷതയാൽ അല്ലാതെ മറ്റെന്തിനാൽ ജയിക്കപ്പെടുന്നു.” ഇങ്ങനെ പറഞ്ഞ ആ വ്യുല്പന്നനായ ദേഹം പക്ഷേ, വല്ല തീവണ്ടികളിലുംവച്ചു് എന്നെപ്പോലെ ഒരു ചതിയിൽ അകപ്പെട്ടിരുന്നോ എന്നുകൂടി ഞാൻ പലപ്പോഴും സംശയിച്ചുപോയിട്ടുണ്ടു്. എനിക്കുണ്ടായ അനുഭവവും ഈ വാക്കിന്റെ തത്വവും അന്യോന്യം അത്ര പൊരുത്തം കാണുന്നു. ഹ! ദുഷ്ടൻ! ഇതെന്തൊരു ജീവിയാണു്? ജഗദീശ്വരൻ ദുഷ്ടമനുഷ്യരെ സൃഷ്ടിക്കുമ്പോൾ അവർക്കു് ദുഷ്ടമൃഗങ്ങളെ വേർതിരിച്ചറിയിക്കുന്ന മാതിരിയിലുള്ള ദംഷ്ട്രങ്ങളോ കൊമ്പുകളോ നഖങ്ങളോ മറ്റു് വല്ല അടയാളമോ കൊടുത്തിരുന്നുവെങ്കിൽ ഈ ലോകത്തിൽ മനുഷ്യരിൽനിന്നു് മനുഷ്യർക്കു് ഇത്ര ആപത്തുകൾ നേരിടുന്നതല്ലായിരുന്നു. ഒരു സർപ്പം ഫണം ഉയർത്തി കടിക്കാൻ വരുന്നതു് കാണുമ്പോൾ നമുക്കു് ഒന്നുകിൽ അതിനെ അടിച്ചുകൊന്നുകളയാം; അല്ലെങ്കിൽ അതു് സമീപിക്കുന്നതിനുമുമ്പിൽ ഓടിക്കളയാം. ഒരു ദുഷ്ടമനുഷ്യൻ ഭംഗിവാക്കും പറഞ്ഞു് സമീപത്തിൽ വന്നു് മന്ദഹസിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു കത്തിയെടുത്തു് നമ്മുടെ കഴുത്തിൽ കുത്തിക്കൊല്ലുവാനുറച്ചാലോ, അനുഭവിക്കയല്ലാതെ എന്തു് നിവൃത്തി? ഇതര ജന്തുക്കളെപ്പോലെതന്നെ മനുഷ്യരും ഈവക ഓരോ ക്രൂരകർമ്മങ്ങൾ ചെയ്യുന്നതിനുള്ള മുഖ്യഹേതു സ്വാർത്ഥംതന്നെയാണു്. എന്നാൽ ഒരു മൃഗത്തിന്റെ സ്വാർത്ഥവികാരങ്ങൾക്കു് അളവുണ്ടു്. മനുഷ്യന്റെ സ്വാർത്ഥവികാരങ്ങൾക്കു് യാതൊരു അളവും ഇല്ല. മൃഗത്തിനു് വിശേഷബുദ്ധി ഇല്ലാത്തതിനാൽ അതിന്റെ സ്വാർത്ഥവികാരനിവൃത്തിക്കുവേണ്ടി ചെയ്യുന്ന ദുഷ്ടകർമ്മങ്ങൾക്കു് അളവുണ്ടു്—എന്നിങ്ങനെയാണു് ശാരദയുടെ കർത്താവു് വിചാരിക്കുന്നതു്. ഇതുതന്നെയാണു് സജ്ജനങ്ങളും വിചാരിക്കുന്നതു്. വിശേഷവിധിയായിട്ടുള്ള ലോകജ്ഞാനമുള്ള മഹായോഗ്യന്മാർ എഴുതിവച്ചിട്ടുള്ള ചില സാരങ്ങളായ വാക്യങ്ങളുടെ തത്വം എല്ലാവർക്കും എപ്പോഴും പരമാർത്ഥമാണെന്നോ വിലയുള്ളതാണെന്നോ തോന്നിയെന്നു് വരികയില്ല. ആവക സംഗതികൾ അനുഭവമായിവരുമ്പോളാണു് ആ വാക്യങ്ങളുടെ തത്വം മനസ്സിൽ പ്രകാശിച്ചു് വെളിപ്പെടുന്നതു്. മേലെഴുതിയ ഉദ്ധൃതവാക്യങ്ങളുടെ പരമാർത്ഥജ്ഞാനം എനിക്കു് എന്റെ തീവണ്ടിയാത്ര കഴിഞ്ഞശേഷം ഉണ്ടായതുപോലെ അതിന്നുമുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
മടങ്ങി മദിരാശിക്കു് പോകേണ്ട കാലമായി. ഞാൻ വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. വീട്ടുകാരു് യാത്രയ്ക്കു് നല്ലമുഹൂർത്തം അന്വേഷിച്ചുതുടങ്ങി. മദിരാശിക്കു്, ചിലവിനും മറ്റുമായി, കൊണ്ടുപോകേണ്ടിയിരുന്ന കുറെ ഉറുപ്പിക എന്റെ ഒരു സ്നേഹിതന്റെ മേൽവിലാസത്തിൽ മദിരാശിക്കു് മണിയോർഡരായി അയച്ചുകൊടുത്തു. ഇത്തവണ മദിരാശിയിൽ വല്ല ഉദ്യോഗത്തിനും ശ്രമിക്കേണമെന്നു് വിചാരിച്ചു് അതിലേക്കു് യോഗ്യന്മാരായ ഒന്നുരണ്ടുപേരുടെ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചിരുന്നു. അതും കുറേ പുസ്തകവും വഴിച്ചിലവിലേക്കുള്ള അല്പം പണവും മാത്രമേ കൈവശമുള്ളു. സ്റ്റേഷനിലെത്തി മദിരാശിവരെ രണ്ടാം ക്ലാസ്സിൽ യാത്രചെയ്യുന്ന വല്ല സ്നേഹിതന്മാരുമുണ്ടോ എന്നു് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ എന്റെ അടുത്തു് വരുന്നതു് കണ്ടു. ഇദ്ദേഹത്തിനെ ഞാൻ മുമ്പു് കണ്ടറിവില്ലെങ്കിലും ഭാവംകൊണ്ടു് എന്നോടു് വല്ലതും സംസാരിപ്പാൻ ആഗ്രഹിക്കുന്നുണ്ടെന്നു് സംശയിച്ചിട്ടു് ഞാനും അദ്ദേഹത്തിന്നുനേരെ ചെന്നു. ഉടനേ ഞങ്ങൾ രണ്ടുപേരും തമ്മിൽ താഴെപ്പറയുന്ന സംഭാഷണം നടന്നു.
- ഞാൻ:
- എന്താ ഹെ, എന്നോടു് വല്ലതും പറയുവാനുണ്ടോ?
- അദ്ദേഹം:
- നിങ്ങൾ എവിടാണു് പോകുന്നുണ്ടു്?
ഇതു് കേട്ടപ്പോൾ എനിക്കു് കഠിനമായ ചിരിയാണു് വന്നതു്. പഴയ പോലീസ്സുദ്യോഗസ്ഥനെ ഓർത്തിട്ടാണു് എനിക്കു് ചിരിവന്നതെങ്കിലും മലയാളഭാഷ തനിക്കു് ശരിയായി സംസാരിക്കാൻ വയ്യാത്തതുകൊണ്ടായിരിക്കാം, ചിരി എന്നിൽ ഉണ്ടായതെന്നു് അദ്ദേഹത്തിന്നു് സംശയമുണ്ടായെങ്കിൽ അതൊരു പോരായ്മയാണെന്നു് ഉടനെ എനിക്കു് തോന്നി. ഈ തോന്നൽതന്നെ എന്റെ ചിരിയെ നിർത്താൻ ശക്തിയുള്ള ഒന്നായിരുന്നു.
- ഞാൻ:
- ഞാൻ മദിരാശിവരെ പോകുന്നു.
- അദ്ദേഹം:
- മദിരാശിന്റവിടത്തോളം ഉണ്ടെങ്കിൽ നമുക്കു് വളരെ സന്തോഷമുണ്ടു്. നമുക്കൊരുപകാരംശെയ്യോ?
- ഞാൻ:
- ഓ, എന്നാൽ കഴിയുന്നതു് ചെയ്യാം.
- അദ്ദേഹം:
- അതാ നിങ്ങൾ കാണണം. എന്റെ ഭാര്യയാണു് അവിടെ കിടക്കുന്നുണ്ടു്. കയ്ക്കും കാലിക്കും അനക്കാനായിട്ടു് പ്രയാശം. മദിരാശി ബൈദ്യത്തിന്നു് കൊണ്ടുപോകുന്നുണ്ടു്. സഹായം ആരും ഇല്ല. നമ്മൾ ഒരു കമ്പാർട്ടുമെന്റിൽതന്നെ കയറുവാൻ സമ്മതിക്കണം. എനിക്കൊരു തുണയായല്ലൊ…
ഈ സാധുമനുഷ്യന്റെ വാക്കു് കേട്ടാൽതന്നെ ആർക്കും കരുണതോന്നും. ആംഗ്യങ്ങളും മുഖസ്വഭാവവും മറ്റും കാണുന്തോറും, വിശേഷിച്ചും സഹായത്തിനായി അപേക്ഷിക്കുന്ന സ്വഭാവത്തിൽ ഉറ്റുനോക്കിക്കൊണ്ടു്, കാലും കയ്യും അനക്കാൻ പാടില്ലാതെ മലർന്നുകിടക്കുന്ന സാമാന്യം സുന്ദരിയായ ആ സ്ത്രീയെ കണ്ടാൽ, എന്തു് സഹായം വേണമെങ്കിലും ചെയ്യാമെന്നു് വാഗ്ദാനംചെയ്തുപോകാത്ത വല്ല കഠിനഹൃദയനും ജനിച്ചിട്ടുണ്ടെന്നു് തോന്നുന്നില്ല. അവരാരാണെന്നോ എവിടുന്നാണെന്നോ ഒന്നും ഞാൻ അന്വേഷിപ്പാൻ താമസിച്ചില്ല. ഉടനെ ഒന്നായിട്ടു് യാത്രചെയ്യാമെന്നു് സമ്മതിച്ചു്, ടിക്കറ്റൊക്കെ വാങ്ങി ഒരു രണ്ടാംക്ലാസ്സുമുറിയിൽ പോയി കയറി സ്ത്രീയേയും കയറ്റി. വണ്ടി ഇളകി. ഞങ്ങൾ ഓരോന്നു് സംസാരിച്ചുതുടങ്ങി. നമ്മുടെ സ്നേഹിതനെപ്പറ്റി പറയുമ്പോൾ “അദ്ദേഹം, അദ്ദേഹം” എന്നു് പറയേണ്ടതില്ല. ജോസെഫ് രത്നവേലുപ്പിള്ള എന്നാണു് പേരു്. ആദ്യം രത്നവേലുപ്പിള്ളയായിരുന്നു. ജോസെഫ് എന്ന പേരു് ക്രിസ്തുമതത്തിൽ ചേർന്നതിനുശേഷം കിട്ടിയതാണത്രെ. കമ്പിയാപ്പീസിലാണു് പ്രവൃത്തി. കോഴിക്കോട്ടു് വന്നിട്ടു് രണ്ടുകൊല്ലമേ ആയിട്ടുള്ളു. അതിനിടയ്ക്കാണത്രെ മലയാളഭാഷ എഴുതാനും വായിക്കാനും ശീലിച്ചതു്. ഇതിനിടയാണു് കല്പനവാങ്ങി രാജ്യത്തു് പോയിട്ടു് വിവാഹം ചെയ്തതു്. വിവാഹംചെയ്ത രണ്ടുമൂന്നു് മാസമായപ്പോൾതന്നെ ഭാര്യയ്ക്കു് ഈ കഠിനരോഗം തുടങ്ങിയിരിക്കുന്നു. അതിനു് ചികിത്സയ്ക്കായിട്ടാണു് മദിരാശിവരെ പോകുന്നതു്. നമ്മുടെ ജോസെഫിനെപ്പറ്റി ഇത്രമാത്രമെ പറയേണ്ടതുള്ളു. ഇദ്ദേഹത്തിനെ കണ്ടയുടനെ എനിക്കു് ദയയാണു് തോന്നിയതെന്നു് പറഞ്ഞുവല്ലൊ. എന്നെക്കൊണ്ടു് ഒരു ചെറുതായ ഉപകാരമെങ്കിലും ഉണ്ടാകുമെന്നു് അദ്ദേഹം ആഗ്രഹിച്ചിട്ടാണു് എന്റെ സേവയ്ക്കു് വന്നതെന്നു് അറിഞ്ഞതുകൊണ്ടു് കഴിയുന്നത്ര വല്ല സഹായവും ചെയ്യണമെന്നു് എനിക്കു് വിചാരമായി. സാധു! ആ സ്ത്രീ സീറ്റിന്മേൽ മലർന്നുകിടക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരു സീറ്റിന്മേൽ ഇരിക്കുന്നു. കണ്ണുമറിക്കാതെ അവൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നുണ്ടു്. അവളുടെ നേരെ എനിക്കുള്ള അനുകമ്പ ക്രമേണ വർദ്ധിച്ചുവന്നുവെങ്കിലും അവളുടെ മുഖത്തേക്കു് കൂടെക്കൂടെ നോക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. ജോസെഫും ഞാനും അവളുടെ രോഗത്തെപ്പറ്റിയും മദിരാശിയിലെ വൈദ്യന്മാരെപ്പറ്റിയും മറ്റും ഓരോന്നു് സംസാരിച്ചുകൊണ്ടു് കുറേനേരം കഴിച്ച ശേഷം കഴിഞ്ഞപ്രാവശ്യം വണ്ടിയിൽവച്ചു് എനിക്കു് നേരിട്ട കിണ്ടത്തെപ്പറ്റി ഞാൻ പറഞ്ഞു. ഇതു് കേട്ടപ്പോൾ അവരുടെ രണ്ടുപേരുടെയും ആശ്ചര്യം പറവാനില്ല. കഥയുടെ രസവും ആശ്ചര്യവും മറ്റും കഴിഞ്ഞശേഷം ജോസെഫ് എന്നോടു്: “സഞ്ചരിക്കുമ്പോൾ നിങ്ങൾകൂടെ പണം വളരെ എടുത്തുവരുന്നുണ്ടു്?”
- ഞാൻ:
- സാധാരണയായി ഞാൻ കൊണ്ടുപോകാറില്ലയെങ്കിലും ഞാൻ പറഞ്ഞില്ലെ ആ സമയം കുറെ പണം വേണ്ടിവന്നുവെന്നു്.
ഇതുകേട്ടപ്പോൾ ആ സ്ത്രീ എന്നോടു് തമിഴിൽ, ഇപ്പോൾ പണമില്ലെ, എന്നു് ചോദിച്ചു. ഇതു് കേട്ടപ്പോൾ ഇവർക്കു് വല്ല അവശ്യത്തിലേക്കും പണസഹായം വേണ്ടിവരും, അതിന്നായി എന്റെവശം ഉണ്ടോ എന്നു് ചോദിച്ചറികയാണു് ചെയ്തതെന്നു് എനിക്കു് തോന്നി. പരമാർത്ഥത്തിൽ എന്റെവശം പണം ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ ആശാഭംഗം വരുത്തേണ്ട എന്നുവെച്ചു് അല്പമൊക്കെ കാണണം എന്നു് പറഞ്ഞു. പിന്നെ അതിനെപ്പറ്റി യാതൊന്നും സംസാരിച്ചില്ല. നേരം വൈകുന്നേരമായിത്തുടങ്ങി. ഭാര്യാഭർത്താക്കന്മാർ എന്തൊക്കെയോ തെലുങ്കുഭാഷയിൽ സംസാരിച്ചുതുടങ്ങി. ഇതിനിടയ്ക്കു് ആ സ്ത്രീയെ പലപ്രകാരത്തിലും ശുശ്രൂഷിക്കേണ്ടതായി വരികയും അതു് ഞങ്ങൾ രണ്ടുപേരും നിവർത്തിക്കയും ചെയ്തിരുന്നുവെന്നു് വായനക്കാർ അറിഞ്ഞിരിക്കണം. ഇങ്ങനെ ഞാൻ ആ ചെറിയ കുടുംബത്തിനു് ഒരു അടുത്ത ബന്ധുവായിത്തീർന്നു. വണ്ടി ഒരു സ്റ്റേഷനിലെത്തിയപ്പോൾ ഇതു് ഏതു് സ്റ്റേഷനാണെന്നു് ആ സ്ത്രീ ചോദിച്ചു. മൊറാപ്പൂർ ആണെന്നു് ഞാൻ പറഞ്ഞു. ഉടനേ ആ സ്തീ:- “എനിക്കു് ദാഹിച്ചിട്ടു് സഹിച്ചുകൂടാ. അല്പം ചായകുടിക്കണം” എന്നു് പറഞ്ഞതു് കേൾപ്പാൻ ഇടയില്ലാതെ ജോസെഫ് വണ്ടിതുറന്നു് ഓടാൻ ഭാവിച്ചു. “ഇവിടെ രണ്ടുമൂന്നു് മിനിട്ടുമാത്രമേ വണ്ടി നില്ക്കയുള്ളു. സേലത്തു് എത്തിയാൽ ചായകുടിക്കാം” എന്നു് ഞാൻ പറഞ്ഞു. സ്ത്രീക്കു് അതുവരെ സഹിക്കാൻ നിവൃത്തിയില്ല. ജോസെഫ് മടങ്ങിവന്നില്ല. രണ്ടുമിനിട്ടായി; ഇല്ല. മൂന്നുമിനിട്ടു് കഴിഞ്ഞു. ഹെ! കാണാനില്ല. അതാ വിസിൽ വിളിച്ചു. വണ്ടി ഇളകി. ഞാൻ വാതിലിന്നുള്ളിൽകൂടി തലയിട്ടുനോക്കി. ജോസെഫിനെ കാണാനില്ല. ഞാൻ വല്ലാതെ പരിഭ്രമിച്ചു. പോർട്ടറെ വിളിച്ചു. ഗാർഡിനെ വിളിച്ചു. ആരും കേൾക്കുന്നില്ല. വണ്ടിയുടെ ഗതി മുറുകി. സ്റ്റേഷൻ വിട്ടു.
ഓടിത്തുടങ്ങി. ഈശ്വരാ എനിക്കു് വന്ന വ്യസനവും അന്ധാളിപ്പും പരിഭ്രമവും മറ്റും ഊഹിക്കയാണു് എളുപ്പം. ആ സ്ത്രീയെ ഞാൻ എന്തുചെയ്യും? എനിക്കു് യാതൊന്നും തോന്നുന്നില്ല. സ്ത്രീ എന്റെ പരിഭ്രമം കണ്ടിട്ടു് എന്നോടു് ഭയപ്പെടേണ്ട എന്നും ഭർത്താവിന്റെ കൈവശം പണമുണ്ടു്, അയാൾ അങ്ങോട്ടു് എത്തിക്കൊള്ളും. നമ്മൾ ഒന്നും ചെയ്യെണ്ടതില്ല. എങ്ങനെയെങ്കിലും മദിരാശിയിൽ എത്തിയാൽ മതി. അവിടെ സ്റ്റേഷനിൽ എന്റെ കുടുംബങ്ങൾ ഉണ്ടാകും, എന്നൊക്കെ പറഞ്ഞു. ഇവളുടെ ധൈര്യം കണ്ടപ്പോൾ എനിക്കു് ആശ്ചര്യവും ലജ്ജയും ഒരുപോലെ ഉണ്ടായി. രാത്രി ഇവളെ എങ്ങനെ പൊറുപ്പിക്കും, എന്നായി. കൂടെക്കൂടെ പല ശുശ്രൂഷകൾ ചെയ്യേണ്ടിവരും. അതു് എന്നാൽ നിവൃത്തിയാകുമോ? ആകപ്പാടെ കുഴങ്ങി. ആ സാധു ജോസെഫ് എത്ര വ്യസനിക്കുന്നുണ്ടായിരിക്കും! തന്റെ പ്രിയഭാര്യയെ അന്യന്റെ കൈവശം ഏല്പിക്കുന്നതിൽ അവന്നു് വല്ല മനസ്സമാധാനവും ഉണ്ടാകുമോ? ഏതായാലും വേണ്ടതില്ല, സേലത്തിറങ്ങിനില്ക്കാം. അവിടെനിന്നു് മൊറാപ്പൂരിലേക്കു് കമ്പി അയയ്ക്കാം. പിന്നെ ഉള്ള വണ്ടി വരുന്നതുവരെ അവിടെ താമസിക്കാം. ഇങ്ങനെ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു സ്റ്റേഷനിൽ വണ്ടി നിന്നു. ആ സ്ത്രീ പിന്നെയും തനിക്കു് ദാഹിക്കുന്ന വിവരം പറയുകയും വല്ലതും എന്നോടു് കൊണ്ടുവരാൻ അപേക്ഷിയ്ക്കുകയുംചെയ്തു. സേലത്തു് എത്തുന്നതുവരെ ക്ഷമിക്കുവാൻ പറയുവാൻ എനിക്കു് ധൈര്യമുണ്ടായില്ല. ഭർത്താവില്ലാത്ത നിലയിൽ ഞാൻ വല്ല നിർദ്ദയത്വവും കാണിക്കുന്നതു് കഷ്ടമല്ലെ എന്നു് വിചാരിച്ചു്, ഞാൻ ഉടനെ ചായ വാങ്ങാൻ ഇറങ്ങിപ്പോയി. ആ സ്റ്റേഷനിലും അല്പസമയത്തേക്കു് മാത്രമേ വണ്ടി നില്ക്കയുള്ളു. അതുകൊണ്ടു് കഴിയുന്ന വേഗത്തിൽ മടങ്ങിവരുവാൻ ഞാൻ ബദ്ധപ്പെട്ടു. ഒരു പിഞ്ഞാണത്തിൽ ചായ വാങ്ങി അവൾക്കു് കൊടുത്തിട്ടു് പിഞ്ഞാണം മടക്കിക്കൊണ്ടു് കൊടുക്കാൻ സമയമില്ല. ഭാഗ്യവശാൽ ഒരു മലയാളക്കാരൻ ബൊട്ടിളേരെ അവിടെ കണ്ടു. അദ്ദേഹം പിഞ്ഞാണം വണ്ടിയിലേക്കു് എടുത്തുകൊള്ളുവാനും അതു് സേലത്തുള്ള ബൊട്ടിളേരുടെ കൈവശം കൊടുത്താൽ തനിക്കു് കിട്ടുമെന്നും അനുവദിച്ചു് പറഞ്ഞതിനാൽ ഞാൻ വളരെ സന്തോഷിച്ചു്, ചായ വാങ്ങി വേഗത്തിൽ വണ്ടിയിൽ കയറാൻ പോയി. ഞാൻ വണ്ടിയുടെ അടുക്കൽ എത്തുമ്പോൾതന്നെ വണ്ടി ഇളകിത്തുടങ്ങിയിരിക്കുന്നു. ബദ്ധപ്പെട്ടു് മുറിയിൽ ചെന്നുകയറി. കഷ്ടം മുറി മാറിപ്പോയി. വേറെ മുറിയിലാണു് ചെന്നുകയറിയതു്. സ്ത്രീ അവിടെ ഇല്ല. സമീപമുള്ള വണ്ടിയിലേക്കു് നോക്കാൻ ശ്രമിച്ചു. അതിലൊന്നും ആരെയും കാണുന്നില്ല. എന്റെ പരിഭ്രമം കലശലായി. ഞാൻ വളരെ വ്യസനിച്ചു് സൂക്ഷിച്ചുനോക്കിയപ്പോൾ വണ്ടിയിൽ ഒരു കടലാസു് കണ്ടു. അതു് ഞാൻ വായിച്ചുവച്ച വർത്തമാനക്കടലാസ്സാണു്. ഇതെങ്ങനെ ഇവിടെ എത്തി. പിന്നെയും സൂക്ഷിച്ചുനോക്കിയപ്പോൾ, ഞങ്ങൾ ആദ്യം കയറിയ മുറിതന്നെ, ബോദ്ധ്യമായി. ആ സ്ത്രീ എവിടെപ്പോയി? ദാഹം സഹിയാഞ്ഞിട്ടു് ഇറങ്ങിനടക്കാൻ ശ്രമിച്ചു് വണ്ടിയുടെ ഇടയിൽ പെട്ടുപോയോ? ഞാൻ പലതും സംശയിച്ചു. മുറി രണ്ടാമതും പരിശോധിച്ചു. എന്റെ പെട്ടി കാണ്മാനില്ല. മുറി തെറ്റിപ്പോയിരിക്കാം. ഇങ്ങനെ പലതും ആലോചിച്ചും വ്യസനിച്ചും സംശയിച്ചും ഇരിക്കുമ്പോൾ സേലത്തു് എത്തി. വണ്ടി നിന്ന ഉടനെ ഇറങ്ങി വണ്ടികളിലൊക്കെ നോക്കി. ഏതു് സ്ത്രീ? എന്തു് സ്ത്രീ? സ്റ്റേഷൻമാസ്റ്റരോടു് വിവരം പറഞ്ഞു: ഓ നിങ്ങളെ പറ്റിച്ചു. സ്ത്രീയ്ക്കു് പക്ഷവാതവും ഇല്ല, പക്ഷഭേദവും ഇല്ല, എന്നാണു് അദ്ദേഹം എന്റെ കഥയൊക്കെ കേട്ടപ്പോൾ, മറുപടി പറഞ്ഞതു്. പിന്നെ എന്തു് പറവാൻ! ഇതു് വല്ലവരും വിശ്വസിക്കുമോ? എനിക്കു് എന്നിട്ടും സംശയം തീർന്നില്ല. ഒരുവിധം മദിരാശി എത്തി. സ്നേഹിതന്മാരോടൊക്കെ വിവരം പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കത്തു് കിട്ടി. അതിൽ എന്റെ രണ്ടു് സർട്ടിഫിക്കറ്റുകളും അടക്കം ചെയ്തിട്ടുണ്ടായിരുന്നു. അതിനുപുറമേ “ഞങ്ങൾ നിങ്ങളെ തോല്പിക്കാൻ വിചാരിച്ചു. നിങ്ങൾ ഞങ്ങളെയാണു് തോല്പിച്ചതു്. പെട്ടിയിൽ രണ്ടുറുപ്പികയും കുറെ പുസ്തകവുമല്ലാതെ മറ്റൊന്നുമില്ല. ഈ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്കു് അത്യാവശ്യമായിരിക്കുമെന്നുവെച്ചു് മടക്കി അയയ്ക്കുന്നു”… ആട്ടെ അതെങ്കിലും ആയല്ലൊ. ഞാൻ കുറെ സന്തോഷിച്ചു. ജോസെഫിനു് ഞാൻ ആദ്യം തന്നെ എന്റെ മേൽവിലാസം പറഞ്ഞു് കൊടുത്തതു് നന്നായി എന്നു് വിചാരിച്ചു. കത്തിന്റെ മുകളിൽ തപാലാപ്പീസിന്റെ പേരു് നോക്കിയപ്പോൾ സേലം എന്നാണു് കണ്ടതു്. എന്നിട്ടെന്താ! ആരെപ്പിടിക്കാൻ? എങ്ങനെ പിടിക്കാൻ?
ഇങ്ങനെയാണു് ഒരു പോലീസുദ്യോഗസ്ഥനും ഒരു ടെലിഗ്രാഫ് സിഗ്നലരും എന്നെ തോല്പിച്ച കഥകൾ. ഇനി വളരെ സൂക്ഷിച്ചുകൊള്ളാം.
ഭാഷാപോഷിണി, 1073, ചിങ്ങം.
പണ്ടു് അനവധി ദ്രവ്യസ്ഥന്മാരായ വ്യാപാരികളും, അത്രതന്നെ അധികം സൗന്ദര്യമുള്ള യുവതികളും ഉള്ളതാണെന്നു് പ്രസിദ്ധി സമ്പാദിച്ച ബാഗ്ദാദ് എന്നു് പേരായ അതിഭംഗിയുള്ള നഗരിയിൽ കാസ്മിയെന്നു് പേരായി ഒരു കച്ചവടക്കാരൻ താമസിച്ചിരുന്നു. കാസ്മിക്കു് വേറെയും പല പേരുകളും ഉണ്ടായിരുന്നുവെങ്കിലും, അവയൊക്കെ എന്തായിരുന്നുവന്നറിയാതെ ഈ കഥ മനസ്സിലാക്കാൻ വായനക്കാർക്കു് സാദ്ധ്യമാകയാൽ, ആ നാമാവലികളെക്കൊണ്ടു് ഈ കഥയുടെ വിസ്താരം വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല. കാസ്മി ബാഗ്ദാദിലെ ശ്രുതിപ്പെട്ട ആളുകളിൽ ഒരുവനായിരുന്നു. വലിയ പണക്കാരനോ, വലിയ കച്ചവടക്കാരനോ ആയിരുന്നതുകൊണ്ടല്ലായിരുന്നു കാസ്മിക്കു് കേൾവിയുണ്ടായതു്. ആ പട്ടണത്തിൽവച്ചു് അധികം മുഷിഞ്ഞുനാറിയ തലപ്പാവും കീറിപ്പഴകിയ ചെരിപ്പും ധരിച്ചതായിരുന്നു കാസ്മിയുടെ ഖ്യാതിക്കു് സംഗതി. കാസ്മിയെ കാണുമ്പോൾ അങ്ങാടിപ്പിള്ളരുംകൂടി പരിഹസിക്ക പതിവായിരുന്നു. ഇങ്ങനെ ചെയ്യുന്നതിൽ ഈ തെമ്മാടിക്കുട്ടികൾ ഭയപ്പെട്ടില്ല, ഭയപ്പെടേണ്ടുന്ന ആവശ്യവും ഉണ്ടായിരുന്നില്ല. കാസ്മി വലിയ പിശുക്കനാണെന്നു് അവർക്കെല്ലാം അറിയാം. വക്കീൽമാർക്കും ജഡ്ജിമാർക്കും വല്ലതും കൈമടക്കാൻ പണക്കെട്ടഴിക്കാത്തവരെ എന്തുചെയ്താലും, ആരും ചോദിക്കാനുണ്ടാകയില്ലെന്നു് ആർക്കും അറിയാം; ആ പിള്ളർക്കും അറിയാം. കാസ്മിയുടെ മുഖപരിചയം ഇല്ലാത്തവർക്കുകൂടി അദ്ദേഹത്തിന്റെ ചെരിപ്പു് കണ്ടയുടനേ അതിന്റെ ഉടമസ്ഥനെ അറിവാൻ എളുപ്പമായിരുന്നു. കാസ്മിയുടെ ചെരിപ്പു് ഒരിക്കലും വല്ല കഷണം വെച്ചു് പിടിപ്പിച്ചോ തുന്നിക്കെട്ടിയോ നന്നാക്കാത്ത ചക്കിളിയൻ (ചെരിപ്പുകുത്തി) ബാഗ്ദാദുനഗരത്തിൽ ഉണ്ടായിരുന്നില്ല. അതിന്റെ അടിത്തോൽ ഇളകിപ്പോകാതിരിക്കാൻ തറച്ചേല്പിച്ച നീളമുള്ള ആണികളുടെ ഘനംതന്നെ ഒരാൾക്കു് വഹിക്കത്തക്കവണ്ണമുണ്ടു്. കാസ്മി വല്ല ഷാപ്പുകളിലോ വീടുകളിലോ കയറിപ്പോകുമ്പോൾ ചെരിപ്പു് പുറത്തഴിച്ചുവച്ചിരുന്നെങ്കിൽ അതു് കാണുന്നവരൊക്കെ “ഓ കാസ്മിയുണ്ടു് ഈ ഷാപ്പിൽ; കാസ്മിയുണ്ടു് ഈ വീട്ടിൽ പോയിട്ടു്” എന്നു് പറക പതിവായി. കാസ്മിയുടെ ചെരിപ്പു് ഇങ്ങനെ ലോകവിശ്രുതമായി; ക്രമേണ അതു് അഭംഗിക്കും പഴക്കത്തിനും ഒരു പഴമൊഴിയായിത്തീർന്നു: “ഇതിനു് കാസ്മിയുടെ ചെരിപ്പിന്റെ വയസ്സുണ്ടു്.” “എന്താണു് ദുർഗ്ഗന്ധം? കാസ്മിയുടെ ചെരിപ്പുണ്ടോ ഇവിടെയെങ്ങാൻ” എന്നിങ്ങനെ പരിഹാസമായി സകലരും പറഞ്ഞുതുടങ്ങി.
ഒരു ദിവസം കാസ്മിതന്നെ, ചെരിപ്പിന്റെ ഭാരം നിമിത്തം അദ്ധ്വാനിച്ചു് വലിച്ചിഴച്ചു് നടന്നുകൊണ്ടു് അങ്ങാടിത്തെരുവിൽകൂടി പോകുമ്പോൾ, അവിടെ ഒരു പള്ളിക്കു് സമീപമുള്ള ഒരു അപ്പോത്തിക്കിരിക്കു് കടംപിടിക്കയാൽ അവന്റെ സാമാനങ്ങളൊക്കെ ലേലംചെയ്തു് വില്ക്കുന്നുണ്ടെന്നു് കേട്ടു്, ബദ്ധപ്പെട്ടു് അവിടേയ്ക്കു് ചെന്നു. അവിടെ വളരെ സുഗന്ധമുള്ള പനിനീർ ഉണ്ടെന്നും അതു് സാധു അപ്പോത്തിക്കിരി പകുതിവിലയ്ക്കു് വിൽക്കാൻ തയ്യാറുണ്ടെന്നും അവൻ അറിഞ്ഞു് അതു് വാങ്ങാൻ തീർച്ചപ്പെടുത്തി. തന്റെ ശരീരത്തിന്റെ ദുർഗ്ഗന്ധം മാറ്റേണ്ടുന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു കാസ്മി പനിനീർ വാങ്ങാൻ തീർച്ചയാക്കിയതെന്നു് വായനക്കാർ ലേശമെങ്കിലും ശങ്കിച്ചുപോകരുതു്. നല്ല ലാഭത്തിനു് വിൽക്കാമെന്നു് കരുതീട്ടു് മാത്രമായിരുന്നു കാസ്മി പനിനീർ വാങ്ങാൻ ഒരുങ്ങിയതു്. ഏതായാലും പനിനീർക്കച്ചവടത്തിലുണ്ടായ അതിലാഭം വിചാരിച്ചു് സന്തുഷ്ടനായിത്തീർന്ന കാസ്മി, അന്നു് ഒരു കുളി കഴിച്ചു് ദേഹശുദ്ധി വരുത്തിക്കളയാം എന്നു് വിചാരിച്ചു്, ബാഗ്ദാദുനഗരത്തിലെ ഒരു പ്രത്യേകതരം സ്നാനത്തിനുള്ള ആലയത്തിലേക്കു് കടന്നു. അതിൽ വസ്ത്രം മാറ്റാനുള്ള മുറിയിൽ തന്റെ ചെരിപ്പു് അഴിച്ചുവെക്കുന്നതു് കണ്ടുംകൊണ്ടു് ഒരു സ്നേഹിതൻ കടന്നുചെന്നു. ആ സ്നേഹിതൻ കാസ്മിയെ കണ്ട ഉടനെ: “അല്ലഹെ, ആ ദുർഘടംപിടിച്ച ചെരിപ്പു് എവിടെയെങ്കിലും എറിഞ്ഞുകളയരുതോ. അതു് ഈ നഗരത്തിൽ സർവ്വരുടേയും പരിഹാസത്തിനു് വിഷയമായിരിക്കുന്നുവെന്നു് നിങ്ങൾതന്നെ അറിയുന്നില്ലെ?”
ഇതിനു് കാസ്മി: “ശരിതന്നെ അതു് കുറെ പഴക്കമായിക്കൊണ്ടു് വരുന്നുണ്ടു്. പക്ഷേ, എന്നെ ഇങ്ങനെ പരിഹസിക്കുന്നവരൊക്കെ സ്വന്തം ചെരിപ്പു് വിലകൊടുത്തു് വാങ്ങിയവരാണെന്നാണോ നിങ്ങൾ വിചാരിക്കുന്നതു് ?” എന്നു് മറുപടി പറഞ്ഞു. ഇതുകേട്ടു് ആ ചങ്ങാതി തലയും താഴ്ത്തി നടന്നുപോയി.
കാസ്മി കുളിമുറിയിലേക്കു് കടന്നുപോയപ്പോൾ ആ നഗരത്തിലെ ഒരു “ഖാസിയും” കുളിക്കാൻ ചെന്നു. അദ്ദേഹത്തിന്റെ വിശേഷമായ ചുകന്ന ചെരിപ്പും കാസ്മി ചെരിപ്പു് അഴിച്ചുവെച്ച മുറിയിൽതന്നെ വെച്ചിട്ടായിരുന്നു അയാൾ കുളിക്കാൻപോയതു്. ഒരു വികൃതി, ഈ ചെരിപ്പുകൾ രണ്ടും കണ്ട ഉടനെ, അവ എടുത്തു് വേഗത്തിൽ അന്യോന്യം സ്ഥലംമാറ്റിവെച്ചു. കാസ്മി ഒന്നാമതു് പുറത്തുവന്നു. പുതിയ ചെരിപ്പു്കണ്ടു് അത്യന്തം സന്തോഷിച്ചു. “സ്വർണ്ണകസവുകളെക്കൊണ്ടു് ചിത്രപ്പണികൾ ഉണ്ടാക്കി വിചിത്രമായ ഈ ചെരിപ്പു് എന്റെ പഴയ ചെരുപ്പിനെപ്പറ്റി കുറ്റംപറഞ്ഞ ആ സ്നേഹിതൻ കൊണ്ടുവച്ചതുതന്നെ; സംശയമില്ല. നല്ല വസ്ത്രങ്ങൾ തരാൻ കഴിയാത്തവൻ നമ്മുടെ പഴയ വസ്ത്രങ്ങളെപ്പറ്റി ദൂഷ്യംപറഞ്ഞിട്ടു് കാര്യമുണ്ടോ?” എന്നിങ്ങനെ വിചാരിച്ചു്, കാസ്മി ഖാസിയുടെ ചെരിപ്പും ചവുട്ടി ഞെളിഞ്ഞു് നടന്നുപോയി.
ഖാസി പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ ചെരിപ്പു് കാണാഞ്ഞതിനാൽ ദാസന്മാരുടെ ഇടയിൽ പരിഭ്രമമായി. ഒടുക്കം ഉടമസ്ഥനില്ലാതെകണ്ടു് ഒരുകൂട്ടം ചെരിപ്പു് ആരോ കണ്ടെത്തി. ഉടനെ അതു് കാസ്മിയുടെ ചെരിപ്പാണെന്നു് സർവ്വരും അറിഞ്ഞു. കള്ളനെ പിടിക്കാൻ ഒരുകൂട്ടം ആളുകൾ ഓടി. കാസ്മിയെ പിടിച്ചു് വിസ്താരം തുടങ്ങി. ആ സാധു എന്തുതന്നെ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ഖാസിയുടെ ചെരിപ്പു് അവന്റെ കാലിന്മേൽ ഉണ്ടായിരുന്നു എന്നുള്ളതുതന്നെ അവനെതിരായ വലിയ തെളിവായിരുന്നു. എന്തിനു് പറയുന്നു! ഒരുചാക്കു് പണം തന്റെ മുമ്പിൽ കൊണ്ടുവച്ചശേഷമല്ലാതെ ഖാസിയാർ കാസ്മിയുടെ ഭാഗമുള്ള ന്യായം കണ്ടില്ല. കാസ്മി, താൻ കൊടുക്കേണ്ടിവന്നദ്രവ്യത്തിന്റെ സംഖ്യ ആലോചിച്ചു് അവന്റെ നെഞ്ചു് പിളർന്നു; തന്റെ വീട്ടിന്റെ അരികെ ഒഴുകിപ്പോകുന്ന ടിഗ്രീസ്സനദിയിൽ ആ ചെരിപ്പു് വലിച്ചറിഞ്ഞു. ആ സഥലം മീൻപിടിക്കാൻ വളരെ സൗകര്യമുള്ള ദിക്കായിരുന്നു. പിറ്റേദിവസം കുറേപ്പേർ മീൻപിടിക്കാൻ വലവീതപ്പോൾ, എന്തോ ഘനമുള്ള ഒരു സാധനം വലയിൽ കുടുങ്ങിയിരിക്കുന്നുവെന്നു് തോന്നി. വലിയൊരു മത്സ്യമായിരിക്കുമെന്നുവെച്ചു് സന്തോഷത്തോടുകൂടി വലിച്ചു് കരയ്ക്കിട്ടു. നോക്കുമ്പോഴെന്താണു്? ഒരുകൂട്ടം ചെരിപ്പു്. ചെരിപ്പിന്റെ ആണികൾ വലയ്ക്കു് കുടുങ്ങി വലയൊക്കെകീറിയിരിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അതു് കാസ്മിയുടെ ചെരിപ്പാണെന്നു് കൂട്ടർക്കു് മനസ്സിലായി. ചെറുപ്പക്കാരനായ ഒരു മീൻപിടിത്തക്കാരനു് കഠിനമായ ദേഷ്യം വന്നു. ആ ചെരിപ്പെടുത്തു് കാസ്മിയുടെ വീട്ടിൽ തുറന്നുവെച്ചിരുന്ന ഒരു ജാലകത്തിൽകൂടി അകത്തേയ്ക്കു് ഒരേറുകൊടുത്തു. അന്നുച്ചയ്ക്കു് കാസ്മി വീട്ടിലേക്കു് മടങ്ങിവരുമ്പോൾ, വീട്ടിന്റെ സമീപത്തെത്തുമ്പോഴേക്കുതന്നെ നല്ല ഒരു സുഗന്ധം ഉള്ളതായി തോന്നി. താൻ കുപ്പിയിലാക്കി അടച്ചുവെച്ചിട്ടുപോലും പനിനീരിന്നു് ഇത്ര വലിയ വാസനയുണ്ടായിരിക്കണമെങ്കിൽ, അതു് എത്ര നല്ലതായിരിക്കണം, എന്നു് ആലോചിച്ചു് കാസ്മി അത്യന്തം സന്തോഷിച്ചു. വീട്ടിലെത്തി മുറിയുടെ വാതിൽ തുറന്നുനോക്കിയപ്പോൾ എന്താണു് താൻ കണ്ടതു്? താൻ വച്ചിരുന്ന പനിനീർകുപ്പി മറിഞ്ഞുവീണു് മുറി മുഴുവനും പനിനീർ വ്യാപിച്ചുകിടക്കുന്നു. കാസ്മി വളരെ വ്യസനിച്ചു് നിലവിളിക്കാൻ തുടങ്ങി. നിലവിളികേട്ടു് സമീപസ്ഥന്മാരൊക്കെ ഓടിയെത്തിയെങ്കിലും ആരും കാസ്മിയോടു് അല്പമെങ്കിലും സഹതപിച്ചില്ല.
ഇനി ചെരിപ്പു് ചുട്ടുകളയുകയാണു് നല്ലതെന്നു് അവൻ നിശ്ചയിച്ചു. എന്നാൽ പുഴയിൽനിന്നും എടുത്തതുകൊണ്ടു് വളരെ നനഞ്ഞിരുന്നതിനാൽ അതിനു് കുറെയധികം വിറകു് ചിലവാക്കേണ്ടിവരുമല്ലൊ എന്നു് വിചാരിച്ചു്, അതു് ദഹിപ്പിക്കുന്നതിനുമുമ്പു് വെയിലത്തിട്ടുണക്കാമെന്നു് നിശ്ചയിച്ചു് കോലായുടെ മേല്പുരയിൽ ഉണങ്ങാൻവെച്ചു. ചെരിപ്പു് അവിടെവച്ചു്, കാസ്മി എവിടെയോ വെളിക്കിറങ്ങിപ്പോയതരത്തിനു് ഭക്ഷണംകിട്ടാതെ വിശന്നു് പരവശനായി മെലിഞ്ഞു് കുഴങ്ങിയിരുന്ന തന്റെ നായ് മാളികയുടെ ജാലകത്തിൽകൂടി ചാടി, ചെരിപ്പു് കടിച്ചുകാരാൻതുടങ്ങി. അങ്ങനെ കടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെരിപ്പു് താഴെ തെരുവിൽ വീണു. വീഴാൻകാലത്തു് അതു് ഒരു കഷണ്ടിക്കാരന്റെ തലയിലാണു് വീണതു്. ചെരിപ്പിന്റെ ആണി തലയിൽതറച്ചു് തലപൊട്ടി, മുഖത്തുകൂടി രക്തം ഒലിച്ചുതുടങ്ങി.
കാസ്മി വൈകുന്നേരം മടങ്ങി വീട്ടിലേക്കു് വരുമ്പോൾ പോലീസുകാരനും കഷണ്ടിക്കാരനും ഉണ്ടായിരുന്നു തന്നെയും കാത്തു് നിൽക്കുന്നു. തലമുറിഞ്ഞു് വന്നു് മുറിയെണ്ണി ആയിരം ഉറുപ്പികയും, പോലീസുകാർക്കു് യഥോചിതം സമ്മാനവും കൊടുക്കാതെ സാധു കാസ്മിയെ അവർ വിട്ടില്ല.
അവരൊക്കെ പോയതിന്നുശേഷം, അവൻ വീട്ടിന്റെ മുറിയിൽ ഒരു ഭ്രാന്തനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. നടന്നുനടന്നു് തന്റെ നായെ ചവുട്ടിപ്പോയി. ദേഷ്യംപിടിച്ചു് ഒരു ചെരിപ്പെടുത്തു് നായെ വളരെനേരം അടിച്ചു. അപ്പോൾ ദേഷ്യത്തിനു് തെല്ലു് പൊറുതിയുണ്ടായി.
“അഗ്നിക്കും വെള്ളത്തിനും എന്റെ ചെരിപ്പിനെ നശിപ്പിക്കാൻ കഴിയുന്നില്ല. ആട്ടെ അതിനെ ഞാൻ കുഴിച്ചിടുന്നുണ്ടു് ” എന്നു് കാസ്മി നിശ്ചയിച്ചു. പിറ്റേദിവസം ഉഷസ്സിന്നു് തന്റെ തോട്ടത്തിൽ കടന്നുചെന്നു് ആറടി ആഴത്തിൽ ഒരു കുഴി കുഴിച്ചു. കാസ്മി ഒരു കച്ചവടത്തിൽ തോല്പിച്ചിരുന്ന തന്റെ അയൽവക്കക്കാരൻ ഇതു് കണ്ടു. ഒരു മഫ്തിയോടു് (വക്കീൽ) കാസ്മി തന്റെ തോട്ടത്തിൽ ഒരു നിക്ഷേപം ഒളിച്ചുവച്ചിരിക്കുന്നുവെന്നു് പറഞ്ഞു. ആ രാജ്യത്തെ നിയമപ്രകാരം മൂന്നടിയിൽ അധികം ആഴത്തിൽ ഉള്ള നിക്ഷേപങ്ങൾ ബാഗ്ദാദ് നഗരക്കാർക്കുള്ളതായിരുന്നതിനാൽ ഈ വിവരം കേട്ട ഉടനെ മഫ്തി ഓടിച്ചെന്നു് തോട്ടം കുഴിപ്പിച്ചു. കിട്ടിയതെന്താ? കാസ്മിയുടെ ചെരിപ്പു്! എന്നാൽ അതു് തന്നെ തോല്പിക്കാൻ ചെയ്തതാണെന്നു് വക്കീൽ വാദിക്കയും നമ്മുടെ കാസ്മി പിന്നെയും കുറെ പണം കൊടുക്കേണ്ടിവരികയും ചെയ്തു.
കാസ്മിയ്ക്കു് ആകപ്പാടെ ഭ്രാന്തുപിടിച്ചു. ആ “മാലാകാരം” ചെരിപ്പും എടുത്തു് അവൻ മലമേൽ കയറി ചെരിപ്പു് ഒരു തോട്ടിൽ എറിഞ്ഞുകളഞ്ഞു. ആ തോട്ടിൽനിന്നു് കുഴൽമാർഗ്ഗമായിട്ടായിരുന്നു ബാഗ്ദാദ് പട്ടണത്തിൽ മുഴുവനും വെള്ളം അയച്ചിരുന്നതു്. കുറെ ദിവസം കഴിഞ്ഞപ്പോൾ കുഴൽമാർഗ്ഗമായി വെള്ളത്തിന്റെ വരവു് കുറഞ്ഞിരിക്കുന്നതായി കാണപ്പെട്ടു. ഉടനെ പരിശോധന തുടങ്ങി. നോക്കുമ്പോൾ ഒരുകുഴലിൽ ഒരു ചെരിപ്പു് കുടുങ്ങിയതായി കണ്ടു. എടുത്തപ്പോൾ അതു് കാസ്മിയുടെ ചെരിപ്പുതന്നെ. സാധുവിനു് പിന്നെയും കുടുങ്ങി ഒരു വലിയ പിഴ. എന്നല്ല ജനങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നു് സർവ്വരും ശങ്കിക്കയും ചെയ്തു.
ഇനി ഇതൊന്നുമല്ല വിദ്യ. പിഴയായി മുൻകൂട്ടിത്തന്നെ കുറെ പണം കൊടുത്തുകഴിഞ്ഞാൽ കൂടെക്കൂടെ ഇങ്ങനെ ബുദ്ധിമുട്ടേണ്ടിവരികയില്ലെന്നു് വിചാരിച്ചു് കാസ്മി കുറെ പണം എടുത്തു് ഖാസിയാരുടെ അടുക്കൽ ചെന്നു. പണം കണ്ടാൽ പിന്നെ ഖാസിയാർക്കു് ന്യായങ്ങളൊക്കെ തനിയെ തോന്നിക്കോളും, എന്നു് കാസ്മിക്കറിയാം. അങ്ങനെതന്നെ പണം കിട്ടിയ ഉടനെ ഖാസി ഒരു വിളംബരം പരസ്യംചെയ്തു. മേലാൽ കാസ്മിയുടെ ചെരിപ്പുകൊണ്ടു് വല്ലവർക്കും വല്ല ആപത്തും വന്നുപോയെങ്കിൽ അതിനു് കാസ്മി ഉത്തരവാദിയായിരിക്കയില്ലെന്നായിരുന്നു വിളംബരത്തിലെ താല്പര്യം.
ഇതോടുകൂടി കാസ്മിയുടെ കഷ്ടകാലവും തീർന്നു. അപ്പോഴാണു് ധനവാനായ ഒരു ഇംഗ്ലീഷ്കാരൻ രാജ്യസഞ്ചാരം ചെയ്തുകൊണ്ടു് ബാഗ്ദാദിൽ എത്തിയതു്. അദ്ദേഹം ഈ ചെരിപ്പിന്റെ വിവരം കേട്ടു്, അതു് കൈവശപ്പെടുത്തണമെന്നു് ആഗ്രഹിച്ചു്, കാസ്മിയുടെ അടുക്കൽ ചെന്നു. കാസ്മിക്കു് അനർത്ഥങ്ങൾ ഇത്രയൊക്കെ നേരിട്ടിരുന്നുവെങ്കിലും തന്റെ വ്യാപാരസാമർത്ഥ്യത്തിനു് കുറവൊന്നും സംഭവിച്ചിരുന്നില്ല അതുകൊണ്ടു് ഇംഗ്ലീഷുകാരൻ ചെരിപ്പിനു് ആയിരം പവൻ കൊടുക്കാമെന്നും അതു് താൻ ബിലാത്തിയിലേക്കു് കൊണ്ടുപോകുമെന്നും വാഗ്ദാനം ചെയ്തശേഷമല്ലാതെ കാസ്മി തന്റെ ചെരിപ്പു് വിറ്റില്ല. ഈ ചെരിപ്പു് ഇപ്പോഴും ലണ്ടൻനഗരിയിലെ കാഴ്ചബംഗ്ലാവിൽ സൂക്ഷിച്ചിട്ടുണ്ടു്. കഥയിൽ സംശയമുള്ളവർക്കു് പോയി കാണാം.
ഭാഷ പോഷിണി, 1077, മിഥുനം.
ഓണംപുലർന്നതു് അതിമനോഹരമായ സുദിനമായിട്ടായിരുന്നു. തലേരാത്രി അല്പാല്പമായുണ്ടായിരുന്ന വർഷം കുട്ടികളെയൊക്കെ അത്യന്തം ഭയപ്പെടുത്തി. പുലർച്ച എഴുന്നേറ്റു് പൂപറിക്കാൻ പോകുന്നതിനു് മഴയൊരു വിഘ്നമായിത്തീരുമെന്നു് അവർ വിചാരിച്ചു് വ്യസനിച്ചിരുന്നു. പാതിരാവായപ്പോൾ മഴ കേവലം വിട്ടു. ആകാശത്തിൽ മേഘപടലങ്ങൾ കേവലം ഇല്ലാതെ ത്രയോദശിച്ചന്ദ്രൻ അനേകം നക്ഷത്രങ്ങളോടുകൂടി പ്രകാശിച്ചുതുടങ്ങി. ഉഷസ്സിനു് മംഗലശ്ശേരിപ്രദേശത്തുള്ള കുട്ടികളൊക്കെ ആനന്ദഭരിതന്മാരായി എഴുന്നേറ്റു് അവരവരുടെ ‘കൊട്ട’കളും എടുത്തു് പുഷ്പങ്ങൾ ശേഖരിക്കാൻ തൊടികളിലും പാടങ്ങളിലും പ്രവേശിച്ചു് ഓണപ്പാട്ടുകൾ പടി ഉല്ലസിച്ചുതുടങ്ങി. സൂര്യഭഗവാന്റെ വരവിനെ മുൻകൂട്ടി അറിയിക്കുന്നതിനെന്നതുപോലെ രശ്മികൾ ഭൂലോകത്തു് വ്യാപിക്കാൻ തുടങ്ങുകയും അത്യുന്നതങ്ങളായ വൃക്ഷങ്ങൾ തങ്ങടെ ശിഖരങ്ങളെക്കൊണ്ടു് അവയെ ആദരിച്ചു് സ്വീകരിക്കയും ചെയ്തു.
അധികതാമസംകൂടാതെതന്നെ ചുട്ടുപഴുപ്പിച്ച അയഃപിണ്ഡത്തിന്റെ ശോഭാതിരേകത്തോടുകൂടി “ഉദിച്ചുപൊങ്ങീ ഭഗവാനും.”
കേരളത്തിലൊട്ടുക്കും ഉള്ള ഹിന്ദുസമുദായം ഒരു മഹോത്സവമായി കൊണ്ടാടുന്ന തിരുവോണദിവസം ഇങ്ങനെ പ്രകൃതിയുടെ കാരുണ്യംകൊണ്ടു്, അത്യന്തം മനോഹരമായിത്തീർന്നുവെങ്കിലും മംഗലശ്ശേരിപ്രദേശത്തുള്ള ആബാലവൃദ്ധം സ്ത്രീപുരുഷന്മാരെ പരിഭ്രമിപ്പിക്കുകയും വ്യസനിപ്പിക്കുകയുംചെയ്ത ഒരു കഠിനസംഭവവും അന്നുതന്നെ ഉണ്ടായി. മല്ലികക്കാട്ടു് എന്ന വീട്ടിലെ ദാസി, പെണ്ണൂട്ടി അമംഗളദേവതയുടെ അവതാരമെന്നപോലെ തലമുടി പറിച്ചുകീറി, മാറത്തടിച്ചുനിലവിളിച്ചുകൊണ്ടു് വൈദ്യൻ കുമരമംഗലത്തു് മൂസ്സതിന്റെ ഇല്ലത്തേക്കു് ഓടിപ്പോകുന്നതു് കണ്ടവരൊക്കെ സംഗതിയെന്തന്നറിയാതെ വളരെ പരിഭ്രമിച്ചു. അവളെ വഴിക്കുവച്ചു് കണ്ടവരിൽ ചിലർ തടുത്തിട്ടു് വിവരംചോദിച്ചതിൽ, “എന്റെ പൊന്നമ്മയെ കൊന്നപ്പാ” എന്നു് അവ്യക്തസ്വരത്തിൽ നിലവിളിച്ചു് പറഞ്ഞതല്ലാതെ കാര്യമൊന്നും പറഞ്ഞില്ല.
വൈദ്യൻ മല്ലികക്കാട്ടിൽ എത്തിയപ്പോൾ അവിടെ പുരുഷാരം നിറഞ്ഞിരിക്കുന്നു. മല്ലികക്കാടു് എന്ന വീടു് വളരെ പ്രാചീനമായതും, ആ പ്രദേശത്തു് സാമാന്യം ധനപുഷ്ടിയുള്ളതും ആയിരുന്നു. കുഞ്ഞിരാമൻ എന്നു് പേരായി ഒരു കാരണവർ വളരെ പണം സമ്പാദിച്ചു് തറവാടു് ധാരാളം പുഷ്ടിപ്പെടുത്തി. അദ്ദേഹത്തിനുശേഷം തറവാട്ടിന്റെ അഭ്യുദയത്തെ കാംക്ഷിക്കുകയോ അതിനായി യത്നിക്കാൻ പ്രാപ്തിയുണ്ടാകയോ ചെയ്ത കാരണവന്മാർ ഉണ്ടായില്ലെന്നു് മാത്രമല്ല, കുറേ മുടിയന്മാർ ജനിച്ചുവളർന്നു. സ്ത്രീജിതന്മാരും മദ്യപാനികളുമായ ചിലർക്കു് ചെറുപ്പത്തിൽതന്നെ ആ തറവാട്ടിലെ കാരണവസ്ഥാനം ലഭിച്ചിരുന്നതിനാലും അവരിൽ ആരുംതന്നെ വിദ്യാസമ്പന്നരല്ലായിരുന്നതിനാലും തറവാട്ടുവസ്തുക്കളൊക്കെ ക്രമേണ മുടിഞ്ഞുകൊണ്ടുവന്നു. വീട്ടിൽ സന്തതികളായ സ്ത്രീകളൊക്കെ തറവാട്ടുമാഹാത്മ്യവും പുരാപുണ്യവുംനിമിത്തം വിവാഹം ചെയ്യപ്പെട്ടിരുന്നതിനാൽ അവരൊക്കെ അവരവരുടെ ഭർത്താക്കന്മാരുടെകൂടെയായിരുന്നു താമസം. ഇക്കാലം തറവാട്ടിൽകാരണവരായ നാരായണനും അയാളുടെ ഭാര്യ ദേവകിയമ്മയും കുറെ ഭൃത്യന്മാരും മാത്രമേ വീട്ടിൽ താമസമുള്ളു. ദേവകിയമ്മ വലിയ ദ്രവ്യസ്ഥനായ ഒരു കരാറുകാരന്റെ മകളാണു്. അവളുടെ അച്ഛൻ കണ്ണൻമേസ്തിരി കരാർകൊണ്ടു് ധാരാളം പണം സമ്പാദിച്ചുവെന്നല്ലാതെ വലിയൊരു തറവാടിയായിരുന്നില്ല. തനിക്കു് വലിയ തറവാട്ടുകാരുമായി സംബന്ധം വേണമെന്നാഗ്രഹിച്ചിട്ടാണു് അതിസുന്ദരിയും സുശീലയുമായ തന്റെ പുത്രിയെ നാരായണനു് വിവാഹംചെയ്തുകൊടുത്തതു്. പ്രായം, ദേഹസ്ഥിതി, സൗഭാഗ്യം മുതലായവകൊണ്ടു് നാരായണൻ ദേവകിക്കു് യോജിപ്പുള്ള ഒരു ഭർത്താവായിരുന്നു എന്നതിനു് സംശയമില്ലെങ്കിലും, ദേവകിയുടെ സദ്ഗുണങ്ങളും സ്വഭാവവൈശിഷ്ട്യവും ബുദ്ധിപരിപാകവും മറ്റും ആലോചിച്ചാൽ അവൾ നാരായണന്റെ ഭർത്തവ്യയായിരിക്കാനല്ല സൃഷ്ടിക്കപ്പെട്ടതെന്നു് തോന്നും. എങ്കിലും ഭാര്യാഭർത്താക്കന്മാർ അത്യന്തം സ്നേഹത്തിലും വിശ്വാസത്തിലുംതന്നെ കാലക്ഷേപം കഴിച്ചുപോന്നു.
നാരായണൻ തല്ക്കാലം വീട്ടിലുണ്ടായിരുന്നില്ല. ഒരാഴ്ചയായി അയാൾ, എന്തോ ആവശ്യാർത്ഥം എവിടെയോ പോയിരിക്കയാണു്. ഓണത്തിനു് നിശ്ചയമായും മടങ്ങിവരുമെന്നു് വിശ്വസിക്കപ്പെട്ടിരുന്നു.
മൂസ്സതു് വീട്ടിന്റെ കോലായിലും മുറ്റത്തുമുള്ള ആളുകളോടു് യാതൊന്നും സംസാരിക്കാതെ, ബദ്ധപ്പെട്ടുകൊണ്ടു് നിശ്ശങ്കം വീട്ടിന്റെ അകത്തേക്കു് കടന്നു. “വാതിച്ചോർക്കും പ്രാണാപയെ ജാതിച്ചോദ്യംവേണ്ടാ തൊടുവാൻ” എന്നുള്ള പ്രമാണം വൈദ്യനു് നല്ലവണ്ണമറിയാമായിരുന്നു. വൈദ്യൻ മുറിക്കകത്തുചെന്നു് നോക്കുമ്പോൾ ദേവകിയമ്മ മാളികമേലുള്ള അവരുടെ മുറിയിൽ കട്ടിലിനടുക്കെ ബോധമില്ലാതെ വീണുകിടക്കുന്നു. വേഗം ചെന്നു്, അദ്ദേഹം പരിശോധിച്ചപ്പോൾ മരിച്ചിട്ടില്ലെന്നും പക്ഷേ, മരിക്കാൻ അധികമൊന്നും താമസം വേണ്ടിവരികയില്ലെന്നും കണ്ടു. ദേവകിയമ്മയുടെ ദേഹം പരിശോധിച്ചതിൽ അവരുടെ തലയുടെ പിൻഭാഗത്തു് കഠിനമായ ഒരു അടികൊണ്ടിരിക്കുന്നുവെന്നു് വെളിപ്പെട്ടു. മൂസ്സതു് അതിപ്രസിദ്ധനായ വൈദ്യനും ധാരാളം ലോകപരിചയമുള്ള മാന്യനുമായിരുന്നു. അദ്ദേഹം മുറിയിൽ നാലുപാടും ഒന്നു് ക്ഷണത്തിൽ കണ്ണയച്ചു് പരിശോധിച്ചതിൽ അടുക്കെയുള്ള ഒരു പെട്ടി തുറന്നിട്ടിട്ടുണ്ടെന്നും അതിന്നടുക്കെ ഒരു ചെറിയ ചന്ദനപ്പെട്ടി കിടപ്പുണ്ടെന്നും പെട്ടിയിലെ സാധനങ്ങളൊക്കെ താറുമാറായി കിടക്കുന്നുണ്ടെന്നും കണ്ടു. ഉടനെ അദ്ദേഹം തിരിഞ്ഞുനോക്കിയപ്പോൾ വാതിലിനടുക്കെ നില്ക്കുന്നതായി കണ്ട ഒരാളോടു്, ‘ഓടിപ്പോയി പോലീസ്സുകാരെ കൂട്ടിക്കൊണ്ടുവരൂ, ഇതു് കള്ളന്മാരുടെ പ്രവൃത്തിയാണു്’ എന്നു് പറഞ്ഞു. അതു് കേട്ടയാൾ ശേഷം കേൾക്കാൻ താമസിക്കാതെ ഏണിപ്പടി ചാടിയിറങ്ങി, പോലീസ്സ്സ്റ്റേഷനിലേക്കു് കുതിച്ചോടി. അദ്ദേഹത്തിന്റെ പിന്നാലെ വേറെ ചിലരും ഓടി. ആരും വീട്ടിനകത്തു് കടന്നുപോകരുതെന്നു് ധൃതിയിൽ വൈദ്യൻ കല്പിച്ചുകൊണ്ടു്, തന്റെ മടിയിൽ തിരുകിവെച്ചിരുന്ന ഒരു ചെപ്പുതുറന്നു് ഒരു മരുന്നെടുത്തു് ദേവകിയമ്മയുടെ മൂക്കിനുനേരെ വെച്ചു. അതുകൊണ്ടു് യാതൊരു ഫലവും ഇല്ലെന്നുകണ്ടു് ആ സ്ത്രീയെ സാവധാനത്തിൽ എടുത്തു് അടുത്തുള്ള കട്ടിലിൽകിടത്തി, എന്താണു് ചെയ്യേണ്ടതെന്നറിയാതെ വിഷണ്ണനായി തലയും ചൊറിഞ്ഞുകൊണ്ടു് അവിടെ നില്പായി. അപ്പോഴേയ്ക്കും ദേവകിഅമ്മയുടെ ഭർത്താവു്, നാരായണൻ വരുന്നുണ്ടെന്നു് വെളിയിൽനിന്നു് ആരോ പറയുന്നതു് കേട്ടു. മൂസ്സതു് വലിയൊരു ആശ്വാസസൂചകമായി ഒരു ദീർഘശ്വാസം ചെയ്തു.
നാരായണൻ അത്യന്തം പരിഭ്രമിച്ചു് കിതച്ചുവിളറി കണ്ണിൽനിന്നു് തുടുതുടെ വെള്ളം ചാടിയനിലയിൽ അകത്തു് പ്രവേശിച്ചു. തന്റെ പ്രാണേശ്വരിയുടെ നില കണ്ടപ്പോൾ “എന്താണങ്ങുന്നെ, ഇതെന്തു് കഥയാണു്? എന്റെ ഓണശ്ശകുനമോ ഈശ്വരാ ഇതു്” എന്നു് പറഞ്ഞ ഉടനെ മൂസ്സതു് അയാളെ ചെന്നു് പിടിച്ചു് “നാരായണൻ വ്യസനിക്കേണ്ടാ, നാരായണന്റെ ഭാര്യയ്ക്കു് ഒന്നും വന്നിട്ടില്ല, ഒക്കെ ശരിയാകും” എന്നു് പറഞ്ഞു. ഇതു് കേട്ടപ്പോൾ നാരായണന്റെ പ്രകൃതിയൊന്നു് മാറി; കണ്ണിലെ വെള്ളം നിന്നു. “എന്താ, ദേവകി മരിച്ചിട്ടില്ലെ?” എന്നു് പറഞ്ഞു് ഉടനേതന്നെ, “അങ്ങുന്നെന്നെ ആശ്വസിപ്പിക്കാൻവേണ്ടി പറകയാണോ?” എന്നു് ചോദിച്ചു.
- മൂസ്സതു്:
- “ഇല്ല മരിച്ചിട്ടില്ല, നാരായണൻ വരൂ. ഉടനെ ഒരു ഇംഗ്ലീഷുവൈദ്യനെ വിളിക്കട്ടെ എന്നെക്കൊണ്ടു് ഇവിടെയൊന്നും സാദ്ധ്യമാകുമെന്നു് തോന്നുന്നില്ല. സാധുസ്ത്രീയുടെ തലയ്ക്കു് കഠിനമായ ഒരടികൊണ്ടിട്ടു് തലയോടു് ചതഞ്ഞുപോയിട്ടുണ്ടെന്നു് തോന്നുന്നു. ഇംഗ്ലീഷുവൈദ്യൻ കണ്ടാൽ പക്ഷേ, വല്ല മാർഗ്ഗവും ഉണ്ടായേക്കാം.”
- നാരായണൻ:
- “വേണ്ട അങ്ങുന്നെ. അങ്ങുന്നുതന്നെ വല്ലതും ചെയ്താൽമതി. എന്റെ അമ്മയുടെ സുഖക്കേടിനു് അവിടുന്നു് ചികിത്സിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നില്ലേ, അച്ഛന്റെ വിഡ്ഢിത്തം നിമിത്തം ഡോക്ടരെ വിളിച്ചു് ചികിത്സിപ്പിച്ചതു്! കണ്ടില്ലേഫലം? ഞാൻ തീർച്ചയാക്കിയിരിക്കുന്നു, മേലാൽഇംഗ്ലീഷുവൈദ്യനെമാത്രം എന്റെ പടികയറ്റുകയില്ലെന്നു്.”
- മൂസ്സതു്:
- “രോഗം ഇതാവിധമല്ല. ഇതു് ഇംഗ്ലീഷുവൈദ്യൻതന്നെ കാണേണ്ടതാണു്.”
ഇംഗ്ലീഷുവൈദ്യനെ വിളിക്കുന്നതിനു് നാരായണൻ എന്തായിട്ടും സമ്മതിച്ചില്ല. മൂസ്സതുതന്നെ വല്ലതും പ്രവർത്തിക്കാൻ തീർച്ചയാക്കി. ഉടനെ പോലീസുകാരും എത്തി.
ദേവകിയമ്മയ്ക്കു് അവരുടെ അച്ഛൻ ധാരാളം ആഭരണങ്ങൾ കൊടുത്തിരിക്കുന്നു. അവയൊക്കെ ഒരു ചന്ദനപ്പെട്ടിയിലാക്കി വലിയൊരു പെട്ടിയിൽ വച്ചിരുന്നു. അവയൊന്നും കാണാനില്ല. മുറിയുടെ ജാലകത്തിൽക്കൂടി കള്ളന്മാർ പ്രവേശിച്ചു്, ഉള്ള പണ്ടങ്ങളൊക്കെ കട്ടുകൊണ്ടു് പോകയും, അപ്പോൾ ഉറക്കെ ഞെട്ടി നിലവിളിക്കുകയോ, കള്ളന്മാരെ തടുക്കാൻഭാവിക്കയോ ചെയ്ത ദേവകിയമ്മയെ അവർ അടിച്ചു് മോഹാലസ്യപ്പെടുത്തുകയും ചെയ്തതാണെന്നു് പോലീസുകാർ തീർച്ചയാക്കി. മാളികയിലെ ജാലകത്തോളം എത്തുന്ന ഒരു വലിയ ഏണി പുറമേനിന്നു് ചുവരോടു് ചാരിവെച്ചിട്ടുണ്ടു്. അതിന്റെ അടിയിൽ നിലത്തു് ചവിട്ടടികളും ഉണ്ടു്. ഇനി കള്ളനെ കണ്ടറിയേണ്ടുന്ന ഭാരമേ പോലീസിനുള്ളു. ദാസി പെണ്ണൂട്ടിയേയും വൈദ്യൻ മൂസ്സതിനേയും പോലീസുകാർ വിസ്തരിച്ചു.
പതിവുപ്രകാരം രാവിലെ ദേവകിയമ്മ താഴത്തിറങ്ങിച്ചെല്ലായ്കയാൽ, പെണ്ണൂട്ടി അവരെ അന്വേഷിച്ചു് മുകളിലേയ്ക്കു് ചെന്നുവെന്നും, അപ്പോൾ അവർ നിലത്തുകിടക്കുന്നതു് കണ്ടുവെന്നും, അവൾ പരിഭ്രമിച്ചു് അടുത്തുചെന്നുനോക്കിയപ്പോൾ ദേവകിയമ്മ ചത്തുപോയിരിക്കുകയാണെന്നു് അവൾ വിചാരിച്ചെന്നും, ഉടനെ വൈദ്യന്റെ അടുക്കൽ ഓടിപ്പോയതാണെന്നും അവൾ പറഞ്ഞു. അവൾ താഴത്താണു് കിടക്കാറു്. തലേദിവസം രാത്രി അവൾ വാതിൽ തുറക്കുന്ന ഒച്ച കേട്ടിരുന്നു. യജമാനൻ വന്നിരിക്കയാണെന്നു് വിചാരിച്ചാണു്, അവൾ ഒന്നും അനങ്ങാതിരുന്നതു്. വീട്ടിൽ അവളെക്കൂടാതെ ഒരു ദാസൻകൂടിയുണ്ടു്. അവൻ ഓണത്തിനു് സമ്മതംവാങ്ങി, തലേദിവസം വൈകുന്നേരം അവന്റെ വീട്ടിൽ പോയിരിക്കയാണു്.
പെണ്ണൂട്ടി വിവരംപറഞ്ഞ ഉടനെ താൻ ഓടിവന്നുവെന്നും, താൻ കാണുമ്പോൾ ദേവകിയമ്മ കവണ്ണുവീണിരിക്കയാണെന്നും പരിശോധിച്ചപ്പോൾ ചത്തിട്ടില്ലെന്നു് കണ്ടുവെന്നും മറ്റും വൈദ്യൻ പറഞ്ഞു.
ഓണത്തിനു് സമ്മതംവാങ്ങി വീട്ടിൽപോയ ദാസനറിയാതെ ഈ കാര്യം നടക്കുന്നതല്ലെന്നു് സമർത്ഥനായ ഹെഡ്കാണ്സ്റ്റബിൾ ക്ഷണത്തിൽ നിശ്ചയിച്ചു. അവനെ പിടിക്കാൻ, നൂറ്റിരുപത്തൊന്നിനെ ഓടിച്ചയച്ചു.
അതിനിടയ്ക്കു് മൂസ്സതു് രോഗിയുടെ മൂർദ്ധാവിലിടാൻ ചില മരുന്നുകളും മറ്റും തയ്യാറാക്കി, തന്നാൽ കഴിയുന്നതൊക്കെ പ്രവർത്തിച്ചുതുടങ്ങി. പല്ലു് കടിയിട്ടുപോയിരുന്നതിനാൽ വയറ്റിലേയ്ക്കു് മരുന്നു് യാതൊന്നും കൊടുക്കാൻ സാധിച്ചില്ല. എങ്കിലും ഒരു നസ്യംചെയ്തു. നസ്യംചെയ്തു് അല്പംകഴിഞ്ഞപ്പോൾ ദേവകിയമ്മ കണ്ണിന്റെ പുരികം അല്പമൊന്നിളക്കി. രണ്ടാമതും കണ്ണിന്റെ പുരികം അല്പമൊന്നിളക്കി. രണ്ടാമതും ഒരു നസ്യം വേണമെന്നു് വൈദ്യൻ അഭിപ്രായപ്പെട്ടപ്പോൾ “അയ്യോ വൈദ്യരെ, എന്തിനു്, ഉപദ്രവിക്കേണ്ടാ, ഇതുകൊണ്ടുതന്നെ ബോധംവരുമെന്നു് തോന്നുന്നുണ്ടല്ലോ” എന്നു് നാരായണൻ പറഞ്ഞു. ഏതായാലും നാരായണന്റെ തടസ്സം ഗണ്യമാക്കാതെ വൈദ്യൻ രണ്ടാമതും നസ്യംചെയ്തു.
ദേവകിയമ്മയ്ക്കു് ഓർമ്മവന്നുകഴിഞ്ഞാൽ കള്ളന്റെ വിവരം അവർ പറയുമെന്നും, പിന്നെ കള്ളനെയോ കള്ളന്മാരെയോ പിടിക്കാൻ പ്രയാസമുണ്ടാകയില്ലെന്നും ഹെഡ്കാൺസ്റ്റബിൾ വിചാരിച്ചു്, ആ സ്ത്രീയ്ക്കു് അല്പം ബോധംവരുന്ന അവസരവുംപാർത്തു് നിന്നു. രണ്ടാമത്തെ നസ്യം കഴിഞ്ഞു് അല്പം താമസിച്ചപ്പോൾ ദേവകിയമ്മ കണ്ണുതുറന്നു് നാലുപാടും ഒന്നു് നോക്കി. ഉടനെ നാരായണൻ വലിയൊരു ദീർഘശ്വാസം കഴിച്ചു് അടുത്ത ഒരു കസേലയിൽ ഇരുന്നു് കൈകൊണ്ടു് മുഖംപൊത്തി പരിഭ്രമിച്ചുതുടങ്ങി. ഉടനെ വൈദ്യൻ അദ്ദേഹത്തിന്റെ കൈപിടിച്ചു് കട്ടിലിനടുക്കെ നിർത്തി ദേവകിയമ്മയോടായി:
“ഇതാ, ദേവകിയുടെ ഭർത്താവിതാ വന്നിട്ടു്, കണ്ടുവോ?” എന്നു് ചോദിച്ചു.
ദേവകിയമ്മയുടെ മുഖത്തു് ഉടനെ ഒരു പ്രസന്നത ഉണ്ടായപോലെ കാണപ്പെട്ടു. ആ പ്രസന്നത അരനിമിഷമേ ഉണ്ടായുള്ളു. ഉടനെ ഒരു ഭയം അവളെ ബാധിച്ചപോലെ തോന്നി. സാധു നാരായണന്റെ മുഖത്തു് കഠാരകൊണ്ടു് കുത്തിയാൽ ഒരുതുള്ളി ചോര കാണൂല. ദേവകിയമ്മ, പക്ഷേ, ഇനിയും മൂർച്ഛിച്ചെങ്കിലോ എന്നു് വിചാരിച്ചു് ഹെഡ്കാൺസ്റ്റബിൾ അടുത്തുചെന്നു് “ആരായിരുന്നു?” എന്നു് ചോദിച്ചു. ദേവകിയമ്മ സാവധാനത്തിൽ, “കറുത്തു് തടിച്ച ഒരു മാപ്പിള” എന്നു് പറഞ്ഞു് പിന്നെയും കണ്ണടച്ചു. രണ്ടുമിനിട്ടു് കഴിഞ്ഞപ്പോൾ അടുത്തമുറിയിൽനിന്നു് ഒരു വെടിയൊച്ച കേട്ടു. ഹെഡ്കാൺസ്റ്റബിളും മൂസ്സതും തിരിഞ്ഞുനോക്കുമ്പോൾ നാരായണനെകാണാനില്ല. അടുത്തമുറിയിൽ ചെന്നു് നോക്കുമ്പോൾ അവൻ രക്തത്തിൽ മുഴുകി, പ്രാണനിട്ടു് പിടയ്ക്കുന്നു. അടുക്കെ ഒരു കൈത്തോക്കും ഉണ്ടു്.
നാരായണൻ വലിയൊരു മദ്യപാനിയും ചൂതാടിയും ആയിരുന്നു. തറവാട്ടുമുതൽ അവൻ ധാരാളം മുടിച്ചു. ഓണത്തിനുമുമ്പു് ഒരാഴ്ച അവൻ ചൂതുകളിച്ചു് വളരെ പണം തോറ്റു. തന്റെ ഭാര്യയുടെ പണ്ടങ്ങൾ, അവൾ അറിയാതെ, എടുത്തുകൊണ്ടുപോയി പണയംവയ്ക്കാമെന്നു് വച്ചു് രാത്രി അവളുടെ മുറിയിൽ കയറി പണ്ടമെടുക്കുമ്പോൾ അവൾ അറിഞ്ഞുപോയി. പെട്ടെന്നുണ്ടായ ലജ്ജയും അപമാനവും ഓർത്തു് അവളെ തന്റെ കയ്യിലുണ്ടായിരുന്ന വലിയ ഗദകൊണ്ടു് അടിച്ചു. അവൾ മോഹാലസ്യപ്പെട്ടുപോയപ്പോൾ, മരിച്ചിരിക്കുമെന്നു് വിചാരിച്ചു്, ഓടിപ്പോയി, പിറ്റേദിവസം തന്റെ സഞ്ചാരത്തിൽനിന്നും മടങ്ങിവരുന്ന ഭാവത്തിൽ വന്നതായിരുന്നു. തന്റെ ഭർത്താവാണു് അങ്ങനെ ചെയ്തതെന്നു് ദേവകിയമ്മ നല്ലവണ്ണം അറിഞ്ഞു. “എന്നിട്ടും” അദ്ദേഹത്തെ രക്ഷിപ്പാൻവേണ്ടി, ആ മോഹാലസ്യത്തിൽനിന്നു് നിവൃത്തയായ ആ സമയത്തുപോലും മാപ്പിളയാണു് തന്നെ ആ വിധംചെയ്തതെന്നു് കളവുപറഞ്ഞു. പുരുഷന്റെ മദ്യപാനത്തിനും ചൂതുകളിക്കും മറ്റു് ദുരാചാരങ്ങൾക്കും കൊലപാതകത്തിനുതന്നെയും ആ സ്ത്രീയുടെ സ്നേഹത്തെയും പ്രണയത്തെയും ഇല്ലായ്മചെയ്വാൻ സാധിച്ചില്ല.
വിവേകോദയം, 1085, ചിങ്ങം.
“എന്റെ സമ്മതമില്ലാതെ നിങ്ങളെങ്ങനെയാണു് അവളെ അയച്ചതു്? ഞാനല്ലെ അവളുടെ ഭർത്താവു്?”
“നിനക്കു് വിരോധമുണ്ടാകുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല.”
“വിരോധമുണ്ടാകുമോ ഇല്ലയോ എന്നു്, നിങ്ങളെങ്ങനെ അറിഞ്ഞു?”
“ഇതിനുമുമ്പും മാധവി നിന്റെ സമ്മതംകൂടാതെ അടിയന്തിരങ്ങൾക്കു് പോയിട്ടുണ്ടല്ലൊ. അന്നൊന്നും നീ വിരോധം പറഞ്ഞിരുന്നില്ലല്ലൊ. അവളുടെ അച്ഛനു് ഇഷ്ടമുള്ള ദിക്കിൽ അവൾ പോയിക്കൊള്ളട്ടെയെന്നല്ലേ പറയാറു് ? ഇതും അങ്ങനെതന്നെ നിനക്കു് സമ്മതമായിരിക്കുമെന്നു് ഞാൻ വിചാരിച്ചു.”
“ആ കാലമൊക്കെ മാറിയില്ലെ? എന്റെ അച്ഛൻ നിങ്ങളുടെ പരിഷ്കാരത്തിനൊക്കെ വിരോധിയാണു്. അതു് നിങ്ങൾക്കറിയാമല്ലൊ. ഞങ്ങൾക്കു് പഴയ സമ്പ്രദായങ്ങളൊക്കെ മതി.”
“അതെന്താ, പഴയ സമ്പ്രദായമെന്നു് നീ പറയുന്നതു്? ഇപ്പഴു് നടക്കുന്നതൊക്കെ പഴയ സമ്പ്രദായമാണോ?”
“അതൊക്കെ ക്രമേണ വന്ന പരിഷ്കാരങ്ങളല്ലേ? സർവജനങ്ങൾക്കും ഒരുപോലെ വിരോധമുള്ളതല്ലേ താലികെട്ടു് ഇല്ലാതാക്കുന്നതു്? അതിനു് നിങ്ങളൊക്കെ ഇങ്ങനെ പുറപ്പെട്ടാലോ?”
“എന്താണു് വാസുദേവനിങ്ങനെ കേവലം വിദ്യാഭ്യാസമില്ലാത്തവരെപ്പോലെ സംസാരിക്കുന്നതു്? ഇപ്പോൾ നമ്മുടെയിടയിൽ നടക്കുംപോലെയുള്ള താലികെട്ടിനു് എന്തൊരർത്ഥമാണുള്ളതു്? നിങ്ങളൊക്കെ ബി. ഏ. മുതലായ പരീക്ഷയൊക്കെ ജയിച്ചു്, വളരെ പുസ്തകങ്ങൾ വായിച്ചു്, പല രാജ്യങ്ങളിലും സഞ്ചരിച്ചു്, അനേകതരം ജനങ്ങളുമായി കണ്ടു് പരിചയമായി ബുദ്ധിവികാസവും ലോകപരിചയവും സിദ്ധിച്ചവരല്ലേ? ഞങ്ങൾ പെണ്ണുങ്ങൾ! ഞങ്ങൾക്കെന്തറിയാം? എന്റെ ചെറിയബുദ്ധികൊണ്ടു് ആലോചിച്ചതിൽ ഈ താലികെട്ടുകല്യാണം വെറും പണച്ചെലവു് മാത്രമല്ലാതെ മറ്റൊന്നുമല്ലെന്നാണു് തോന്നുന്നതു്. എന്തൊരു ഗോഷ്ടിയാണു് ചെറിയ പെൺകുട്ടികളെക്കൊണ്ടു് ചെയ്യിക്കുന്നതു്! വലിയൊരു വൈദികകർമ്മമാണു് താലികെട്ടെന്നല്ലേ വച്ചിരിക്കുന്നതു്. ആരാണു് നമ്മുടെ വൈദികൻ? നമ്മുടെ ക്ഷുരകനോ? നിങ്ങൾക്കു് സർവ്വപരിഷ്കാരവും വേണം. പെണ്ണുങ്ങളെ സംബന്ധിക്കുന്ന കാര്യത്തിലൊക്കെ പഴയ ആചാരം മതി. നിങ്ങൾക്കു് യൂറോപ്യൻസമ്പ്രദായത്തിൽ ഉടുക്കണം, മുടിവെട്ടണം, ഒക്കെ വേണം. അതെ, സ്ത്രീകളുടെ ഉടുപ്പിലും ചില മാറ്റം വരുത്തീട്ടുണ്ടു്; നേരുതന്നെ. എന്തിനു് വരുത്തി? നിങ്ങളുടെ ഒന്നിച്ചു് തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ, പുടവയും മുണ്ടും കുത്തിഞാത്തിയ കാതും പരുക്കൻവളയും കണ്ടാൽ അന്യജാതിക്കാർ പുച്ഛിക്കുന്നതിനെ പേടിച്ചിട്ടു് നിങ്ങൾ ചേല ഉടുപ്പിക്കുന്നു; കാതു് ചെറുതാക്കുന്നു. നിന്റെ യൂറോപ്യൻസ്നേഹിതന്മാരിൽ വല്ലവരോടും നമ്മളുടെ താലികെട്ടടിയന്തിരത്തെ ഒന്നങ്ങു് വിവരിച്ചുകൊടുക്കൂ; എന്താണു് അവരുടെ അഭിപ്രായമെന്നൊന്നു ചോദിക്കൂ. ബ്രാഹ്മണരുടെയിടയിൽ പെൺകുട്ടികൾ ഋതുവാകുന്നതിനുമുമ്പു് താലികെട്ടണം എന്ന നടപ്പുണ്ടു്; ശരിതന്നെ. താലികെട്ടുകയെന്നാൽ വിവാഹംകഴിക്കുകയെന്നാണു് അവിടെ അർത്ഥം. താലികെട്ടു് അവരുടെ വിവാഹത്തിന്റെ മുഖ്യകർമ്മങ്ങളിൽ ഒന്നാണു്. ശൂദ്രരുടെയിടയിൽ ‘പുടമുറി’ എന്നു് പറഞ്ഞാൽ എങ്ങനെ വിവാഹമെന്നർത്ഥമാണോ അതുപോലെ ബ്രാഹ്മണരുടെയിടയിൽ ‘താലികെട്ടു്’ എന്നു് പറഞ്ഞാൽ വിവാഹമെന്നാണർത്ഥം. ബ്രാഹ്മണരെ അനുകരിക്കുകയാണെന്നുവിചാരിച്ചു് നാം ചെയ്യുന്ന ഈ കർമ്മത്തിൽ, യഥാർത്ഥവസ്തുവെ വിട്ടു് വെറും നിഴലിനെയാണു് പിടിച്ചിരിക്കുന്നതു്. നായന്മാരെയാണു് നാം ഈവിധം അനുകരിച്ചതെന്നു് വിചാരിക്കുക. അവരുടെയിടയിൽ ഋതുസ്നാനത്തിനുമുമ്പു് പുടമുറികഴിക്കണം എന്നൊരു ചട്ടമുണ്ടെന്നും വിചാരിക്കുക. നമ്മൾ ആ സമ്പ്രദായത്തിൽ നിഴൽമാത്രം പിടിച്ചു് ഒരു പെൺകുട്ടി ഋതുവാകുന്നതിനുമുമ്പു് വളരെ പണം ചെലവാക്കി വാദ്യഘോഷത്തോടുകൂടി ഒരു സദ്യകഴിച്ചു്, നമ്മുടെ ക്ഷുരകനെക്കൊണ്ടു് പുടമുറിച്ചു് കൊടുപ്പിക്കുന്ന ഒരു അടിയന്തിരം നടന്നുവെന്നിരിക്കട്ടെ. അതെത്ര ആഭാസമായി തോന്നും? അത്രതന്നെ ആഭാസമാണിതു്. പക്ഷേ, പണ്ടുപണ്ടേ നടന്നുപോന്നതുകൊണ്ടു് അതിന്റെ ആഭാസം നമുക്കു് പ്രത്യക്ഷമാകുന്നില്ല.”
“നിങ്ങളെന്നോടു് ഇത്ര വലിയ പ്രസംഗമൊന്നും കഴിക്കേണ്ടതില്ല. എന്റെ അച്ഛനു് താലികെട്ടു് നിറുത്തൽചെയ്യുന്നതു് ഇഷ്ടമല്ല. താലികെട്ടി വിവാഹം കഴിക്കുന്നതു് വലിയ തെറ്റാണെന്നു് ഞങ്ങൾ വിചാരിക്കുന്നു.”
“നിങ്ങളുടെ മർക്കടമുഷ്ടി! മാധവിയുടെ അച്ഛൻ ഇതിൽ പ്രവേശിച്ചതുകൊണ്ടു് അതിനു് വിരോധമായി പ്രവർത്തിക്കണമെന്നു് നിന്റെ അച്ഛൻ വിചാരിക്കുന്നു. അല്ലാതെ അതിനു് അർത്ഥമില്ല.”
“നിങ്ങൾ പറയുന്നതിനും ചെയ്യുന്നതിനുംമാത്രമേ അർത്ഥമുള്ളു. ഞങ്ങളൊക്കെ വിഡ്ഢികൾ.”
“എന്നു് ഞാൻ പറഞ്ഞിട്ടില്ല.”
കല്യാണിയമ്മ ഒടുവിൽ പറഞ്ഞ ഈ വാക്കു് കേൾക്കാൻ വാസുദേവൻ നിന്നില്ല. അവൻ പടി ഇറങ്ങിപ്പോയി. തന്റെ മകളുടെ ഭർത്താവു് ഇങ്ങനെ കോപിച്ചിറങ്ങിപ്പോയതുകൊണ്ടു് കല്യാണിയമ്മ കുറെ വിഷാദിച്ചു. താൻ അന്യായമായി വല്ലതും പറഞ്ഞുപോയോ എന്നാലോചിച്ചു് പശ്ചാത്തപിച്ചു. കല്യാണിയമ്മയുടെ ഏകപുത്രിയാണു് മാധവി. അവളെ വാസുദേവൻ വിവാഹംചെയ്തു് അല്പദിവസം കഴിഞ്ഞശേഷംതന്നെ, അവളുടെ അച്ഛൻ ഗോവിന്ദനും, അവന്റെ അച്ഛൻ കൃഷ്ണനും തമ്മിൽ സംഗതിവശാൽ സ്വരച്ചേർച്ചയില്ലാതായിരുന്നു. ഗോവിന്ദൻ വളരെ ജനരഞ്ജനയും ജാത്യഭിമാനവും ഉള്ള ഒരു സുശീലനും സാധുപ്രകൃതക്കാരനുമാണു്. അദ്ദേഹം ധാരാളം കേസ്സും പണവുമുള്ള ഒരു വക്കീലാണു്. തന്റെ ജാതിയും തന്റെ രാജ്യക്കാരും നന്നാകണമെന്നു് നിർവ്യാജമായി വിചാരിച്ചു്, പണവും സമയവും അതിലേക്കായി വ്യയംചെയ്യുന്ന യോഗ്യനാണു് അദ്ദേഹം. കൃഷ്ണൻ വലിയ പണക്കാരനാണു്. ഗവണ്മെന്റുദ്യോഗത്തിൽ പ്രവേശിച്ചു്, തന്റെ സാമർത്ഥ്യംകൊണ്ടല്ലെങ്കിലും യൂറോപ്യന്മാരുടെ സേവകൊണ്ടു് ക്രമേണ കയറി ഒരു മുൻസിപ്പുദ്യോഗം കിട്ടി; അതിൽ നിന്നു് പെൻഷൻ വാങ്ങിയിരിക്കയാണു്. മുൻസിപ്പായിരുന്ന കാലത്തു് വളരെ പണം കൈക്കൂലിവാങ്ങി ധാരാളം സ്വത്തു് സമ്പാദിച്ചിട്ടുണ്ടു്. അതു് താനും തന്റെ കുടുംബങ്ങളും അനുഭവിച്ചു് സുഖിക്കയാണു്. ഗോവിന്ദന്റെ ജനസ്വാധീനവും മറ്റും കണ്ടിട്ടു് കൃഷ്ണന്റെ മനസ്സിൽ അസൂയയുടെ ഒരു ചെറിയ തൈയ് ആദ്യംതന്നെ തന്റെ അറിവുകൂടാതെ മുളച്ചിരുന്നു. അതു് ഇപ്പോൾ വളരെ വളർന്നു്, “സ്വൈരമതുപൂത്തു കുസുമങ്ങളുതിരുന്നു വേരഖിലഭൂതലവുമെങ്ങുമിടകൂടി” എന്ന നിലയിലായിരിക്കുന്നു. അങ്ങനെയിരിക്കുമ്പോഴാണു്, ഇക്കാലം ചില യോഗ്യന്മാർ ആരംഭിച്ച സമുദായപരിഷ്കാരകർമ്മത്തിൽ ഗോവിന്ദൻ ഒരു വലിയ ഉത്സാഹിയായിത്തീർന്നതു്. അതിൽ ഗോവിന്ദൻ ഉത്സാഹിയാണെന്നുള്ള പരമാർത്ഥംതന്നെ, കൃഷ്ണൻ അതിനു് വിരോധിയാകാൻ സംഗതിയായി. ജനങ്ങൾ വിചാരിച്ചാൽ സംഗതി കാണാൻ പ്രയാസമുള്ള കർമ്മങ്ങൾ ലോകത്തിൽ എന്തൊക്കെ സംഭവിക്കുന്നു! അതിലൊന്നാണു് കൃഷ്ണന്റെ മകനും ഗോവിന്ദന്റെ മകളും തമ്മിൽ ഉണ്ടായ വിവാഹബന്ധം. വാസുദേവൻ ബി. ഏ. പരീക്ഷ ജയിച്ചു് പരിഷ്കാരം സിദ്ധിച്ച ഒരു യുവാവും ഇപ്പോൾ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനുമാണു്. അവനിൽ പറയത്തക്ക ദുർഗ്ഗുണങ്ങൾ ഒന്നും ഉള്ളതായി അറിയുന്നില്ല. മാധവി മഹാസുന്ദരിയും അത്യന്തസുശീലയും ആയ ഒരു പൊൻകുട്ടിയാണു്. അവൾക്കു് അവളുടെ അച്ഛൻ നല്ല വിദ്യാഭ്യാസം നൽകിയിരുന്നതിനാൽ അവളുടെ ബുദ്ധിക്കു് ധാരാളം പാകത സിദ്ധിച്ചിരിക്കുന്നു. ചെറുപ്പത്തിൽത്തന്നെ ഇത്ര ആലോചനയും അനുസരണയും ഉള്ളവർ അധികമില്ല.
ഭാര്യാഭർത്താക്കന്മാർ വിവാഹശേഷം ദൃഢാനുരാഗത്തിൽത്തന്നെ വളർന്നുപോന്നു. അവരുടെ ഗുണങ്ങളെപ്പറ്റി ആലോചിച്ചാൽ,
“ചേർത്തിഹ തൗ സമാനഗുണരായ വധൂവരരെ-
ക്കീർത്തിപിതാമഹന്നു ചിരകാലമബധിതയായ്”
എന്നേ പറയേണ്ടതുള്ളു. വാസുദേവൻ അച്ഛന്റെ ആജ്ഞകളെ അക്ഷരംപ്രതി എന്നപോലെ അനുസരിക്കുന്നതിൽ അത്യന്തം ഉത്സുകനായിരുന്നു. വലിയ ഒരു ഗുണമായി വിചാരിക്കേണ്ടുന്ന ഈ സ്വഭാവം, വാസുദേവന്റെ അനർത്ഥത്തിനാണു് അവനിൽ ദൃഢമായി പതിഞ്ഞുകിടന്നതെന്നുവേണം പറവാൻ.
“മര്യാദലംഘനം ചെയ്വവനാകിലാ
ചാര്യനെന്നാകിലും ത്യാഗം ബുധമതം”
എന്നുള്ളതിൽ, വാസുദേവൻ ലവലേശം വിശ്വസിച്ചിരുന്നില്ല. കല്പിക്കുന്നവരുടെ ദുർഗ്ഗുണവും ദുഷ്ടവിചാരവുംകൊണ്ടു്, കല്പനയനുസരിക്കുന്നവർ സങ്കടത്തിലാവുന്നതു് സാധാരണയാണല്ലോ.
മാധവി ഇക്കാലത്തു് അല്പദിവസം തന്റെ അച്ഛന്റെ ഒന്നിച്ചു് താമസിക്കാൻ വന്നിരിക്കയായിരുന്നു. അതിലിടയ്ക്കു് ഒരുദിവസം സമീപത്തു് ഒരു വീട്ടിൽ ഒരു വിവാഹാടിയന്തിരം ഉണ്ടായിരുന്നതിൽ മണവാളൻ മണവാട്ടിക്കു് താലികെട്ടണം എന്ന പുതിയ ഏർപ്പാടുണ്ടായിരുന്നു. കൃഷ്ണനും അവന്റെ ഭാഗക്കാരും അതിനു് വിരോധികളായിരുന്നുവെങ്കിലും അതുവരെ പ്രത്യക്ഷത്തിൽ യാതൊന്നും കൃഷ്ണൻ പറഞ്ഞിരുന്നില്ല. ആ വിവാഹത്തിനു് ഗോവിന്ദൻ പോകുമ്പോൾ തന്റെ മകളെയും ഒന്നിച്ചുകൂട്ടി.
ആ ദിവസം ഉച്ചയ്ക്കു് പത്മനാഭൻ എന്നു് പേരായി ഒരു ചെറുപ്പക്കാരൻ കൃഷ്ണന്റെ വീട്ടിൽചെന്നു. ഈ ചെറുപ്പക്കാരനെ എന്റെ വായനക്കാർ നല്ലവണ്ണം മനസ്സിലാക്കണം. ഈവിധം ആളുകൾ നമ്മുടെ രാജ്യത്തു് അത്ര അധികമില്ല. ആൾ കുറിയവനാണു്. എപ്പോഴും കണ്ണട ധരിച്ചിട്ടാണു്. ദുഷ്ടതയും അസൂയയും ഉരുണ്ടുകൂടിയ ആകൃതിയിൽ സ്ഥിതിചെയ്യുന്ന രണ്ടു് ചെറുഗോളങ്ങൾ, കണ്ണടയുടെ ഉള്ളിൽനിന്നു് വെളിക്കുചാടി ലോകം മുഴുവൻ ഭസ്മീകരിക്കാൻ ശ്രമിക്കുന്നമാതിരി ചലിച്ചുകൊണ്ടിരിക്കുന്ന രണ്ടു് കണ്ണുകളാണു് അവനുള്ളതു്. ശരീരം വളരെ കറുത്തിട്ടാണു്; ഉള്ളു് അതിലധികം കറുത്തിട്ടാണു്. നടക്കുമ്പോൾ വലത്തുകാൽ ഭൂമിയിൽ കുറെ ബലത്തിൽ ചവിട്ടുകയും അതുനിമിത്തം ആ ഭാഗത്തേയ്ക്കു് ഒരു ചെരുവുള്ളമാതിരി കാണപ്പെടുകയുംചെയ്യും. പത്മനാഭൻ ഗോവിന്ദന്റെ ഒരു ആശ്രിതനാണു്; എന്നുവച്ചാൽ, താനും തന്റെ കുടുംബവും അദ്ദേഹത്തെക്കൊണ്ടാണു് ജീവിക്കുന്നതു്. തരംകിട്ടുമ്പോളൊക്കെ ഗോവിന്ദനു് വിരോധമായി സ്വകാര്യം വല്ലതും പ്രവർത്തിക്കുന്നതിലാണു് പത്മനാഭൻ തന്റെ കൃതജ്ഞതയെ കാണിക്കാറു്. അവൻ കൃഷ്ണന്റെ വീട്ടിൽ ചെന്നു് നാട്ടുവർത്തമാനങ്ങൾ പലതും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇങ്ങിനെ ഒരു സംഭാഷണമുണ്ടായി.
- പത്മനാഭൻ:
- നിങ്ങളിന്നത്തെ “കല്യാണമംഗല”ത്തിനു് പോകുന്നില്ലെ?
- കൃഷ്ണൻ:
- ഞാനില്ല, ഒരുപ്രാവശ്യം താലികെട്ടിയ പെണ്ണിനു് പിന്നെയുംപിന്നെയും താലികെട്ടുക. എന്തു് ഗോഷ്ടിയാണു് ! ഇവർക്കൊക്കെ ഭ്രാന്താണു്.
- പത്മനാഭൻ:
- വാസുദേവൻ പോകുന്നുണ്ടായിരിക്കാം.
- കൃഷ്ണൻ:
- ഞാൻ പോകാത്ത ദിക്കിൽ അവൻ പോകുമോ?
- പത്മനാഭൻ:
- ഓഹോ അങ്ങിനെയാണോ? എന്നാൽ
- കൃഷ്ണൻ:
- എന്നാൽ എന്താണു്; പറയിൻ എന്താണു്?
- പത്മനാഭൻ:
- എന്നാൽ—മറ്റൊന്നുമല്ല. എന്നാൽ ഭർത്താവു് പോകാത്ത ദിക്കിൽ ഭാര്യയ്ക്കും പോകാൻ പാടില്ലല്ലോ.
- കൃഷ്ണൻ:
- ഒരിക്കലുമില്ല. എന്റെ ഭാര്യയും പോകയില്ല.
- പത്മനാഭൻ:
- നിങ്ങളുടെ ഭാര്യയല്ല—ഞാൻ—അല്ലെങ്കിൽവേണ്ട—ഞാൻ നുണപറഞ്ഞെന്നുവരും—അല്ലെങ്കിൽത്തന്നെ എന്നെ ആർക്കും കണ്ടുകൂടാ.
- കൃഷ്ണൻ:
- പറയിൻ എന്താണു്, കേട്ടുകൂടെ?
- പത്മനാഭൻ:
- മറ്റൊന്നുമല്ല, നിങ്ങളുടെ മകന്റെ ഭാര്യ ഇന്നു് അടിയന്തിരത്തിനു് പോയിട്ടുണ്ടു്.
ഇതു് കേട്ടപ്പോൾ കൃഷ്ണൻ ഞെട്ടി എഴുന്നേറ്റു്, ഇങ്ങനെ ചോദിച്ചു:
“എന്തു് മാധവിയോ? നിങ്ങൾ കണ്ടുവോ അവൾ പോകുന്നതു്?”
തന്റെ വിദ്യ ഫലിക്കുന്നുണ്ടെന്നു് കണ്ടപ്പോൾ പത്മനാഭൻ വളരെ സാവധാനത്തിൽ ഇങ്ങനെ പറഞ്ഞു:
“ഞാൻ മിസ്റ്റർ ഗോവിന്ദന്റെ വീട്ടിൽനിന്നാണു് വരുന്നതു്. അദ്ദേഹവും മകളും അടിയന്തിരത്തിനു് പുറപ്പെട്ടു് പോയശേഷമാണു് ഞാൻ അവിടെനിന്നു് പുറപ്പെട്ടതു്.”
- കൃഷ്ണൻ:
- “ഞങ്ങളുടെ സമ്മതം ചോദിക്കാതെ, എങ്ങിനെയാണു് മാധവിയെ അയാൾ കൂട്ടിക്കൊണ്ടുപോയതു്. വാസുദേവൻ സമ്മതം കൊടുത്തിരിക്കുമോ?”
ഈ ഒടുവിൽ പറഞ്ഞ വാചകം പത്മനാഭനോടായിട്ടല്ല, തന്നോടുതന്നെയായിട്ടായിരുന്നു കൃഷ്ണൻ ചോദിച്ചതു്. എങ്കിലും അതിനു് മറുപടി പത്മനാഭൻ ഇങ്ങനെ പറഞ്ഞു:
“ഏ! ഞാനറിയും. വാസുദേവൻ സമ്മതംകൊടുത്തിട്ടില്ല. മിസ്റ്റർ ഗോവിന്ദൻ തന്റെ ഭാര്യയോടു്, ഞാൻ മാധവിയേയും അടിയന്തിരത്തിനു് കൂട്ടും, അവരെന്തുചെയ്യുമെന്നു് കാണാമല്ലൊ. അവന്റെ ധിക്കാരമൊന്നു് മാറ്റണം എന്നു് പറയുന്നതു് ഞാൻ കേട്ടു.”
ഈ പറഞ്ഞതു് കേവലം കളവായിരുന്നു. അങ്ങനെ യാതൊരു വാക്കും ഗോവിന്ദനാകട്ടെ, ഭാര്യയാകട്ടെ പറഞ്ഞിരുന്നില്ല. പത്മനാഭൻ ഇങ്ങനെ പറഞ്ഞതു് കേട്ടപ്പോൾ കൃഷ്ണനുണ്ടായ കോപം ഇന്നവിധമായിരുന്നുവെന്നു് വിവരിക്കാൻ പ്രയാസം. അയാൾ പല്ലുംകടിച്ചുകൊണ്ടു്, വാസുദേവന്റെ മുറിയിൽ ചെന്നു് അവിടെവച്ചുണ്ടായ സംഭാഷണത്തിന്റെ ഫലമായിട്ടായിരുന്നു വാസുദേവൻ അയാളുടെ ഭാര്യവീട്ടിൽ ചെന്നതും. അവിടെവച്ചു് ഈ കഥയുടെ ആരംഭത്തിൽ വിവരിച്ചപ്രകാരം, താനും തന്റെ ഭാര്യയുടെ അമ്മയും തമ്മിൽ സംസാരമുണ്ടായതും.
അന്നു് വൈകുന്നേരം, ഗോവിന്ദനും മകളും അടിയന്തിരംകഴിഞ്ഞു് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ, തനിക്കായി ഒരു കത്തുള്ളതായി കണ്ടു. കത്തു് കൃഷ്ണന്റേതായിരുന്നു. തന്റെ മകന്റെ ഭാര്യയെ തന്റെയോ, തന്റെ മകന്റെയോ അനുമതികൂടാതെ തനിക്കു് വിരോധമുള്ള ഒരു അടിയന്തിരത്തിനു് അയച്ചതുകൊണ്ടും, അവളുടെ അമ്മ തന്റെ മകനോടു് വളരെയധികമായി സംസാരിച്ചതുകൊണ്ടും, അത്യന്തം കോപിച്ചുകൊണ്ടു് എഴുതിയ കത്തായിരുന്നു അതു്. കത്തിന്റെ ഒടുവിലത്തെ വാചകം ഇങ്ങനെയായിരുന്നു:
“ഞങ്ങളുടെ ധിക്കാരം ശമിപ്പിക്കാൻ നിങ്ങളുടെ മകളെ ഞങ്ങൾക്കു് വിരോധമുള്ള ദിക്കിൽ ഒരടിയന്തിരത്തിനു് കൂട്ടിക്കൊണ്ടുപോയതു്, എന്റെ മകനു് വേറെ ഭാര്യയെ കിട്ടുകയില്ലെന്നുള്ള പൂർണ്ണവിശ്വാസത്തോടുകൂടിയാണെങ്കിൽ ആ വിശ്വാസം തെറ്റാണെന്നു് തെളിയിക്കാൻ ഞാൻ ഒരുങ്ങിയ വിവരം നിങ്ങളെ അറിയിച്ചിരിക്കുന്നു.”
ഈ എഴുത്തു് വായിച്ചപ്പോൾ, പ്രകൃത്യാ ശാന്തശീലനായിരുന്നുവെങ്കിലും, ഗോവിന്ദൻ അത്യന്തം കോപാതുരനായിത്തീർന്നു. കൃഷ്ണന്റെ എഴുത്തിൽ സൂചിപ്പിച്ചിരുന്ന ധിക്കാരങ്ങൾ പൊറുക്കത്തക്കവയായിരുന്നില്ല. എഴുത്തു് വായിച്ചയുടനെ ഗോവിന്ദൻ അതിനെപ്പറ്റി തന്റെ മകളോടോ ഭാര്യയോടോ യാതൊന്നും പറയാതെ അതിനു് ഇങ്ങനെ ഒരു മറുപടി എഴുതി അയച്ചു:
രാ. രാ. ശ്രീ.
നിങ്ങളുടെ ഏറ്റവും ധിക്കാരമായ എഴുത്തുകിട്ടി. ഞാൻ അത്യന്തം അത്ഭുതപ്പെട്ടു—എന്റെ മകളെ ഇന്നു് അടിയന്തിരത്തിനു് കൂട്ടിക്കൊണ്ടുപോയതു് നിങ്ങളുടെ ധിക്കാരം ശമിപ്പിക്കാനല്ല. ധിക്കാരത്തെ പ്രദർശിപ്പിക്കാൻ ഇടയാക്കാനാണു്. പക്ഷേ, സംഗതി വന്നതെന്നുകാണുന്നതിൽ വ്യസനിക്കേണ്ടിയിരിക്കുന്നു. എന്റെ മകൾ ചെയ്ത ഈ തെറ്റു് നിങ്ങളുടെ ബന്ധം മുറിക്കത്തക്ക ഗൗരവമുള്ളതായി നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ അതു് അവളുടെ തലവിധിയായി വിചാരിച്ചുകൊള്ളുന്നതാണു്.
എന്നു് ഗോവിന്ദൻ.
ഈ എഴുത്തെഴുതി അയച്ചുകഴിഞ്ഞതിനുശേഷമാണു് തന്റെ മകളുടെ ഭവിഷ്യത്തിനെപ്പറ്റി ഗൗരവമായി വിചാരിക്കാനും അതുനിമിത്തം പശ്ചാത്തപിക്കാനും ഗോവിന്ദനു് ഇടയായതു്. അന്നുരാത്രി അദ്ദേഹം വിവരം തന്റെ ഭാര്യയോടു് പറഞ്ഞു. കല്യാണിയമ്മ സംസ്കൃതവും മലയാളവും ധാരാളം പഠിച്ചറിഞ്ഞ ഒരു വലിയ വിദുഷിയായിരുന്നു. അവരുടെ അഭിപ്രായത്തിനു് വളരെ വിലയുണ്ടായിരുന്നു. ആ സ്ത്രീ എല്ലാം കേട്ടശേഷം ഇങ്ങിനെ മറുപടി പറഞ്ഞു:
“വാസുദേവൻ അവളെ വളരെ സ്നേഹിക്കുന്നുണ്ടെന്നാണു് ഞാൻ മനസ്സിലാക്കിയതു്. ആവിധം സ്നേഹം ഒരു ദിവസംകൊണ്ടു് മറന്നുകളയത്തക്കതാണെങ്കിൽ അതു് ഇല്ലാതിരിക്കയാണു് ഭംഗി.”
സാധു കല്യാണിയമ്മ തന്റെ മകൾക്കു് വരാനിരിക്കുന്ന അത്യാപത്തിനെ യാതൊരുവിധത്തിലും പ്രതീക്ഷിക്കാതെയാണു് ഈവിധം പറഞ്ഞതെന്നതിനു് സംശയമില്ല.
ഗോവിന്ദനാകട്ടെ അദ്ദേഹത്തിന്റെ ഭാര്യയാകെട്ടെ, വിവരം മാധവിയോടു് പറയാതെ കഴിച്ചു. തന്റെ ഭർത്തൃഗൃഹത്തിലുള്ളവരും അച്ഛനമ്മമാരും തമ്മിലെന്തോ ഒരു സ്വരച്ചേർച്ചയില്ലായ്മയുണ്ടെന്നു് ആ കുട്ടി മനസ്സിലക്കിയെങ്കിലും അതിന്റെ ഗൗരവം അശേഷം അറിഞ്ഞിരുന്നില്ല. എങ്കിലും തന്റെ ഭർത്താവു് തന്നെ കാണ്മാൻ വരുന്നില്ല; തന്നെ അങ്ങോട്ടു് കൂട്ടുക്കൊണ്ടു് പോകുന്നില്ല; അങ്ങോട്ടയയ്ക്കുന്ന കാര്യത്തെപ്പറ്റി അച്ഛനമ്മമാർ യാതൊന്നും പറയുന്നില്ല. ആകപ്പാടെ ആ സ്ത്രീയ്ക്കു് വളരെ സംശയങ്ങൾ ഉണ്ടായിത്തുടങ്ങി. ഈവക കാര്യങ്ങൾ പറവാൻ അർഹതയുള്ളവർ പറയാതിരുന്നാലും, അറിവാൻ ഇഷ്ടപ്പെടുന്നവരെ അറിയിക്കാൻ ആളുകൾ ലോകത്തിൽ ധാരാളമുണ്ടല്ലോ. ഒരുദിവസം മാധവി, വീട്ടിന്റെ വരാന്തയിൽ ഒരു കസേരയിൽ ഇരുന്നു് ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ പത്മനാഭൻ കയറിവന്നു. അവന്റെ കണ്ണു് കണ്ണടയുടെ ഉള്ളിൽകൂടി കണ്ടപ്പോൾത്തന്നെ, അവ പുറത്തുചാടി ലോകം ഭസ്മീകരിക്കാതിരിപ്പാൻ ദൈവംതന്നെ അവയെ ആ കണ്ണാടിക്കൂട്ടിലാക്കിയതാണെന്നു് മാധവിക്കു് തോന്നീട്ടുണ്ടായിരിക്കണം. മാധവിയെക്കണ്ടപ്പോൾതന്നെ പത്മനാഭൻ ഏറ്റവും പുച്ഛസമ്മിശ്രമായ കരുണരസത്തിൽ ഇങ്ങനെ പറഞ്ഞു:
“അവരവർ അനുഭവിക്കേണ്ടതു് അനുഭവിക്കാതെ കഴിയുമോ? നിങ്ങളെപ്പോലെതന്നെ ഞങ്ങൾക്കും വ്യസനമുണ്ടു്.”
ഇതു് കേട്ടപ്പോൾ മാധവി സാരം മനസ്സിലാകാതെ അല്പം അന്ധാളിച്ചു. എന്നിട്ടു്,
“നിങ്ങളെന്തിനെപ്പറ്റിയാണു് പറയുന്നതു്?” എന്നു് ചോദിച്ചു.
- പത്മ:
- “ഞാൻ വാസുദേവന്റെ വിവാഹകാര്യത്തെപ്പറ്റി പറഞ്ഞതാണു്. ഗോപാലൻവക്കീലിന്റെ മകൾ രുഗ്മിണിയെ വാസുദേവൻ കല്യാണം കഴിക്കാൻ തീർച്ചയാക്കിയിരിക്കുന്നുവെന്നു് കേട്ടു.”
ഇതു് കേട്ടപ്പോൾ മാധവിക്കുണ്ടായിരുന്ന ഭയങ്ങളൊക്കെ ഒരു സ്വരൂപം കൈക്കൊണ്ടു്, അവളെ തൽക്ഷണം, വല്ല പഴുപ്പിച്ച ശരംകൊണ്ടെന്നപോലെ, പീഡിപ്പിച്ചു. പക്ഷേ, ഒരക്ഷരമെങ്കിലും മറുപടി പറയാതെ, അവൾ അതുവരെ താഴ്ത്തിപ്പിടിച്ചിരുന്ന പുസ്തകം രണ്ടാമതും മുഖത്തിനുനേരെ പൊക്കിപ്പിടിച്ചു. അതിൽ നോക്കിയതോ വായിച്ചതോ ഇല്ല. അതിലൊന്നും അവൾ കണ്ടതേയില്ല. അവളുടെ ഹൃദയം കഠിനമായി തുടിച്ചുതുടങ്ങിയതിന്റെ ഒച്ച അവൾക്കുതന്നെ കേൾക്കാമായിരുന്നു. അവൾ തന്റെ വാക്കിനു് പ്രതിയായി യാതൊന്നും പറയുന്നില്ലെന്നു് കണ്ടപ്പോൾ പത്മനാഭൻ ഈ സന്തോഷവിവരം അവളുടെ അമ്മയോടു് പറവാൻ അകത്തേക്കു് പോയി. എന്നാൽ ഈ വർത്തമാനം കേവലം കളവായിരുന്നുവെന്നു് ഇവിടെ പറയേണ്ടിയിരിക്കുന്നു. വാസുദേവൻ പുനർവിവാഹത്തെപ്പറ്റി യാതൊന്നും ആലോചിച്ചിരുന്നില്ല. അവന്റെ അച്ഛൻ അതിനെപ്പറ്റി കൂടെക്കൂടെ പറയാറുണ്ടെങ്കിലും യാതൊന്നും തീർച്ചയാക്കിയിരുന്നില്ല. വിവരം കല്യാണിയമ്മയോടു് പറഞ്ഞപ്പോൾ അവരും അതിനെപ്പറ്റി മറുപടിയൊന്നും പറയാതിരിക്കയാണു് ചെയ്തിരുന്നതു്. ഏതായാലും അന്നുമുതൽ മാധവിക്കു് കഠിനമായ ആധിയായി. താൻ ഹൃദയപൂർവം സ്നേഹിച്ചിരുന്ന തന്റെ ഭർത്താവു് ഈവിധം പ്രവർത്തിച്ചതിനെപ്പറ്റി അവൾ കഠിനമായി വ്യസനിച്ചു. അങ്ങനെ ചെയ്യാനുള്ള സംഗതിയെപ്പറ്റി അമ്മയിൽനിന്നറിഞ്ഞപ്പോൾ അവളുടെ ആശ്ചര്യം വർദ്ധിച്ചു. ദിവസേന വൈകുന്നേരം ഗോവിന്ദൻ തന്റെ മകളെ വണ്ടിയിൽ കയറ്റി കടലോരത്തും മറ്റും സവാരിചെയ്യിച്ചും പല വിനോദങ്ങളും പറഞ്ഞും അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ മനസ്സും ശരീരവും ക്ഷീണിച്ചുതുടങ്ങി.
വാസുദേവൻ തന്റെ ഭാര്യയെ ഈവിധം ഉപേക്ഷിക്കേണ്ടിവന്നതിനെപ്പറ്റി വ്യസനിച്ചുതുടങ്ങി. അവൻ ഭാര്യയെ വളരെ സ്നേഹിച്ചിരുന്നു. “ഇഷ്ടം പാരമുദിക്കയാൽ ഹൃദയമൊന്നായുള്ള തൻപത്നിയെ” ഇങ്ങനെ അവളുടെ പക്കൽ യാതൊരു തെറ്റും ഇല്ലാത്ത നിലയിൽ കൈവിടെണ്ടിവന്നല്ലോ എന്നുവിചാരിച്ചു്, അയാൾ രാവും പകലും സങ്കടപ്പെട്ടുകൊണ്ടിരുന്നു.
കൊല്ലം രണ്ടുകഴിഞ്ഞു. താലികെട്ടുകല്യാണത്തെപ്പറ്റിയുണ്ടായ വഴക്കു് അവസാനിച്ചു. കൃഷ്ണന്റെ ഭാഗക്കാർ പരാജിതരായി. ജനങ്ങൾക്കൊക്കെ കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി മനസ്സിലായെങ്കിലും ഗോവിന്ദന്റെയും കൃഷ്ണന്റെയും കുടുംബങ്ങൾ തമ്മിലുള്ള വൈരം കേവലം തീർന്നില്ല. മാധവിയുടെ സുഖക്കേടു് വർദ്ധിച്ചുതുടങ്ങി. അവൾക്കു് ക്ഷയമാണെന്നു് വൈദ്യന്മാർ അഭിപ്രായപ്പെട്ടു. ശ്വാസകോശങ്ങൾ രണ്ടും വ്രണപ്പെട്ടിരുന്നു. ദീനം ഭേദമാകുന്നതു് കേവലം അസാദ്ധ്യമാണെന്നുതന്നെ വൈദ്യകുഞ്ജരന്മാരെല്ലാം ഒരുപോലെ ഉറപ്പിച്ചുപറഞ്ഞു. കല്യാണിയമ്മയ്ക്കും ഗോവിന്ദനും ഉണ്ടായ വ്യസനത്തിനു് അതിരില്ലാതായി. എങ്ങനെയെങ്കിലും വാസുദേവനെ “ഒരൊറ്റനോക്കു് ” ചാവുന്നതിനുമുമ്പു് കാണണമെന്നു് തനിക്കു് ആഗ്രഹമുണ്ടെന്നു് മാധവി അവളുടെ അമ്മയെ അറിയിച്ചു. ആ സ്ത്രീ വിവരം ഗോവിന്ദനോടു് പറഞ്ഞു. അദ്ദേഹം തന്റെ മകളുടെ ഒടുവിലത്തെ ആഗ്രഹം സാധിക്കാൻ എന്തുചെയ്യാമെന്നു് വിചാരിച്ചു് വാസുദേവനു് ഇങ്ങനെ ഒരു കത്തെഴുതി:
ശ്രീ
മാധവിക്കു് സുഖക്കേടു് കലശലാണു്; ഇനി അധിക ദിവസം ജീവിക്കുമെന്നു് തോന്നുന്നില്ല. നിന്നെ “ഒരൊറ്റ നോക്കു്” കാണണമെന്നു് ആഗ്രഹിക്കുന്നു. കഴിഞ്ഞതൊക്കെ മറക്കാമെങ്കിൽ നീ ഒരുദിവസം വന്നു് അവളെ കണ്ടുപോകാൻ താല്പര്യപ്പെടുന്നു.
എന്നു് ഗോവിന്ദൻ.
ഈ കത്തു് വായിച്ചപ്പോൾ വാസുദേവനുണ്ടായ വ്യസനം എങ്ങനെ വിവരിക്കാം! തന്റെ അച്ഛന്റെ ദുഷ്ടബുദ്ധിയേയും അദ്ദേഹം ചെയ്ത പല അന്യായങ്ങളേയും അവനിപ്പോൾ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഗോവിന്ദന്റെ നിർദ്ദോഷത്തേയും അവൻ മനസ്സിലാക്കിയിരുന്നു. നിസ്സാരമായ ഒരു സംഗതിനിമിത്തം എന്നെന്നും തന്റെ ഭാഗ്യത്തിനു് കാരണമായ, മനോഹരിയായ, തന്റെ ആത്മവല്ലഭയെ താൻ പരിത്യജിക്കേണ്ടിവന്നു എന്നല്ല, അവളുടെ ജീവനാശത്തിനും അതു് കാരണമായി. കത്തു് വായിച്ചശേഷം വാസുദേവൻ തന്റെ മുറിയിൽ പോയി കിടക്കയിൽ കമിഴ്‌ന്നുവീണു് വളരെനേരം കരഞ്ഞു. കുറേക്കഴിഞ്ഞപ്പോൾ എഴുന്നേറ്റു് ഗോവിന്ദന്റെ വീട്ടിലേക്കു് ചെന്നു.
അതൊരു വൈകുന്നേരമായിരുന്നു. സൂര്യൻ അസ്തഗിരിപ്രാപിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യലോകം തങ്ങളുടെ ദിനകൃത്യങ്ങൾ കഴിഞ്ഞു് അവരവരുടെ വീടുകളിലേയ്ക്കു് മടങ്ങി, ആശ്വസിച്ചുതുടങ്ങിയിരിക്കയാണു്. പക്ഷിമൃഗാദികളും പകലുള്ള വെയിലിന്റെ കാഠിന്യത്തിൽനിന്നു് വിമുക്തരായി സന്തോഷിക്കുന്നു. വാസുദേവൻ ഗോവിന്ദന്റെ വീട്ടിന്റെ പടികയറിച്ചെന്നു് പടിയുടെ അടുക്കലുള്ള ഒരു മരത്തിൽ ചാരിനിന്നു. രണ്ടു് ചെറിയ പക്ഷികൾ അവനെ ആദരിക്കാനെന്നപോലെ മൃദുഗാനം ചെയ്യുന്നു. വാസുദേവൻ മെല്ലെ വരാന്തയിൽ കയറിച്ചെന്നു് അവിടെ ഒരുഭാഗത്തു് ഒരു ചാരുകസേരയിൽ പ്ലാനലും കമ്പിളിയും മറ്റും ഇട്ടുപുതച്ചു്, ഏറ്റവും വിളറി, അത്യന്തം ക്ഷീണിച്ച ഒരു ശരീരം കിടക്കുന്നുണ്ടു്. വാസുദേവൻ ആ സ്വരൂപത്തെ കണ്ടറിഞ്ഞില്ല. അതു് മാധവിയായിരുന്നു. തന്റെ പ്രാണേശനെ കണ്ടയുടെനെ മാധവിയുടെ ഹൃദയം കഠിനമായി തുടിച്ചുതുടങ്ങി. അവൾ വലംകൈ ഹൃദയത്തിനടുത്തു് വെച്ചു് അതു് അമർത്തിക്കൊണ്ടിരുന്നു. വാസുദേവൻ മാധവിയെ കണ്ടറിഞ്ഞില്ലെന്നു് പറഞ്ഞുവല്ലോ. അവൻ അകത്തു് ചെന്നു. അവിടെ ഗോവിന്ദനെ കണ്ടു. അദ്ദേഹം വാസുദേവനെ കണ്ടയുടനെ എഴുന്നേറ്റു്, രണ്ടുകൈയും പിടിച്ചു. ഉടനെ അദ്ദേഹത്തിന്റെ കണ്ണിൽനിന്നു് രണ്ടുതുള്ളി വെള്ളം കവിൾത്തടത്തിൽ ഇറ്റുവീണു. അല്പനേരം രണ്ടുപേരും ഒന്നും മിണ്ടാതെ നിന്നശേഷം ഗോവിന്ദൻ, “അവൾ പുറത്തുണ്ടല്ലോ, നീ കണ്ടില്ലേ?” എന്നു് ചോദിച്ചു് രണ്ടുപേരും പുറത്തുവന്നു് മാധവിയുടെ അടുക്കൽ ചെന്നു. അവൾ കണ്ണുയർത്തി വാസുദേവനെ ഒരൊറ്റനോക്കുനോക്കി പെട്ടെന്നൊരു ശ്വാസംകഴിച്ചു. കണ്ണടച്ചു. ലോകത്തിലെ സർവ്വദുഃഖങ്ങളിൽനിന്നും വിമുക്തനായി, സർവ്വജനങ്ങളും ഇന്നല്ലെങ്കിൽ നാളെ ചെന്നുചേരേണ്ടുന്നതും, ആരാലും അറിവാൻ സാധിക്കാത്തതുമായ ആ സ്ഥലത്തേക്കു് യാത്രയാവുകയുംചെയ്തു.
വാസുദേവൻ ഉറുമാൽകൊണ്ടു് മുഖംപൊത്തി, ഗോവിന്ദനോടു് ഒരു വാക്കെങ്കിലും പറയാനാവാതെ ഇറങ്ങിപ്പോയി. അവൻ പടിയിറങ്ങിയപ്പോൾ, ഒരാൾ പടികയറിവരുന്നതു് കണ്ടു. അതു് പത്മനാഭനായിരുന്നു.
വിവേകോദയം, 1085 വൃശ്ചികം–ധനു.
മലയാളരാജ്യം ഇംഗ്ലീഷുകാരുടെ അധീനത്തിൽ ആകുന്നതിനുമുമ്പു് കോട്ടയംതമ്പുരാന്റെ കീഴിലായി, കിഴക്കൻപ്രദേശങ്ങളുടെ നായകത്വം വഹിച്ചുകൊണ്ടു്, കൈതേരി നമ്പ്യാർ എന്നു് പ്രസിദ്ധനായ ഒരു എടപ്രഭു ഉണ്ടായിരുന്നു. ഈ പ്രഭുവിന്റെ സമീപത്തു് കോരക്കുറുപ്പു് എന്നൊരു യോദ്ധാവും തന്റെ പുത്രിയും താമസിച്ചിരുന്നു. കുറുപ്പു് വളരെ വൃദ്ധനായിരുന്നു. കോട്ടയത്തുതമ്പുരാന്റെ കീഴിൽ ഒരു ഭടനായി വളരെ യുദ്ധങ്ങളിൽ ഏർപ്പെട്ടു് അനേകം ധീരകൃത്യങ്ങൾ ചെയ്തുപോന്നിരുന്നതിനാൽ ഇദ്ദേഹത്തിനു് വില്ലങ്കൽകുറുപ്പെന്നു് ഒരു വിശേഷനാമധേയം ലഭിച്ചു. ഇപ്പോൾ വളരെ വാർദ്ധക്യം പ്രാപിച്ചു്, പടയ്ക്കു് പോകാനൊന്നും ശേഷിയില്ലാത്ത നിലയിൽ ആയിരിക്കുന്നതിനാൽ തമ്പുരാൻ കുറുപ്പിനും കുടുംബങ്ങൾക്കും സുഖത്തിൽ ജീവിക്കത്തക്ക ആദായമുള്ള കുറെ വസ്തുക്കൾ സർവ്വമാന്യം വിട്ടുകൊടുത്തിരിക്കയാണു്. ഈ വസ്തുക്കളൊക്കെ, വേണ്ടുംപോലെ നോക്കിനടത്തി, അതുകൊണ്ടു് തന്റെ കുടുംബങ്ങളുടെ ചെലവുകഴിച്ചുപോരേണ്ടതിനായി, കുറുപ്പു് തന്റെ മരുമകനായ ചിരുക്കണ്ടക്കുറുപ്പിനെ ഏല്പിച്ചു്, തന്റെ ഏകപുത്രിയായ പാറുക്കുട്ടിയും താനും കൈതേരിഎടത്തിനുസമീപം ഒരു ചെറിയ വീട്ടിൽ താമസിക്കയാണു്. ഈ വീടും അതുനില്ക്കുന്ന പറമ്പും കുറുപ്പിനു് സർവ്വമാന്യം വിട്ടുകിട്ടിയ വകയിൽ പെട്ടതായിരുന്നു. പറമ്പിൽ പലവിധ പച്ചക്കറിത്തോട്ടങ്ങളും അവർ നട്ടുനനച്ചുണ്ടാക്കിപ്പോന്നു. പലമാതിരിയിലും തരത്തിലുമുള്ള കോഴികൾ, താറാവുകൾ, പ്രാവുകൾ മുതലായ പക്ഷികളെ പോറ്റിവളർത്തുകയും, ചെടികൾക്കു് വെള്ളം നനച്ചു് രക്ഷിച്ചുപോരികയും ആയിരുന്നു അവരുടെ ജോലി. പാറുക്കുട്ടി, കണ്ടാൽ അതിസുന്ദരിയായിരുന്നു. ഇക്കാലത്തു് ഒരു പതിന്നാലുവയസ്സു് പ്രായമുണ്ടു്. അമ്മയും മറ്റു് ബന്ധുക്കളും ഇല്ലാതിരുന്നതിനാൽ, ആ കുട്ടിയെ വളരെ വാത്സല്യത്തോടുകൂടിയായിരുന്നു കുറുപ്പു് പോറ്റിപ്പോന്നിരുന്നതു്. ചെറുപ്പത്തിൽതന്നെ ഈശ്വരഭക്തി, വൃദ്ധജനബഹുമാനം, ഭൂതദയ മുതലായ സർവഗുണങ്ങളും അവളിൽ അങ്കുരിക്കേണ്ടതിനു് തക്കവിദ്യാഭ്യാസം അവൾക്കു് നല്കി. “സത്യമേ ജയതി” എന്നുള്ളതു് അവളുടെ ജീവിതകാലത്തുള്ള സർവ്വകർമ്മങ്ങളിലും അനുസരിക്കേണ്ടുന്ന ദൈവവാക്യമായി സ്വീകരിക്കാൻ അവളെ പഠിപ്പിച്ചു. വൃദ്ധന്റെ സർവ്വപ്രവൃത്തികളും താൻ പുത്രിയെ പഠിപ്പിച്ച പ്രമാണങ്ങൾക്കു് അനുസരിച്ചായിരിക്കുവാൻ അദ്ദേഹം സൂക്ഷിക്കയുംചെയ്തു. ഇങ്ങനെ പാറുക്കുട്ടി വിനയം, സത്യം, മര്യാദ, കാരുണ്യം എന്നീ ഗുണങ്ങളുടെ ഒരു അവതാരലക്ഷ്മിയായി വളർന്നുപോന്നു. സമീപവാസികളായ സർവ്വജനങ്ങൾക്കും പാറുക്കുട്ടിയോടു് അത്യന്തം സ്നേഹവും ബഹുമാനവും ഭക്തിയും ഉണ്ടായി. ഏറ്റവും തെമ്മാടിയും ദുർമ്മാർഗ്ഗിയും ആയ ചെറുപ്പക്കാരൻപോലും പാറുക്കുട്ടിയുടെ സൽഗുണങ്ങളെ ബഹുമാനിച്ചു. അച്ഛനും മകളും സ്വന്തം അദ്ധ്വാനിച്ചു് സമ്പാദിക്കുന്നതുകൊണ്ടു് അവരുടെ ചെലവുകഴിക്കുകയും ബാക്കി സാധുക്കൾക്കു് ധർമ്മംകൊടുത്തുപോരികയുംചെയ്തു. ഭക്ഷണത്തിനായി അവിടെ ചെല്ലുന്ന സാധുക്കളൊന്നും മടങ്ങിപ്പോകേണ്ടിവരിക പതിവില്ല. പാറുക്കുട്ടിയുടെ “അക്ഷയപാത്രം” ആ ദേശത്തൊക്കെ ഒരു പഴഞ്ചൊല്ലായിത്തീർന്നു.
പല യുദ്ധങ്ങളിലും ധൈര്യത്തോടുകൂടി ഏർപ്പെടുകയും അവയിൽ മിക്കതിലും ജയിക്കുകയും ചെയ്കയാലുണ്ടായ മനക്കരുത്തും സ്ഥിരബുദ്ധിയും സ്വാഭിമാനവും തിങ്ങിക്കൊണ്ടിരിക്കുന്ന മുഖത്തു് വാർദ്ധക്യംകൊണ്ടുണ്ടായ ജരയും, നരച്ച തലയും—തന്റെ ധൈര്യത്തിന്റെയും സാമർത്ഥ്യത്തിന്റെയും ആജീവനാന്തസാക്ഷികളായി ശരീരത്തിൽ അവിടവിടെ ഉണ്ടായിരുന്ന മുറിവുകളും വിസ്താരമുള്ള മാർവിടവും—വയോധിക്യവും വ്യയാമപരിശീലവും തമ്മിൽ മത്സരിച്ചുകൊണ്ടിരിക്കെ ആദ്യം പറഞ്ഞതിനുണ്ടായ ജയത്തെ സ്ഥിരപ്പെടുത്താനെന്നപോലെ ശരീരത്തിനു് അല്പമായുണ്ടായ വളവും—ഒക്കെക്കൂടിയ വൃദ്ധന്റെ അടുക്കെ, ബാല്യം അങ്കുരിച്ചുകൊണ്ടുവരുന്ന സുന്ദരിയായ ആ പെൺകിടാവു്, ഇലകൾ കൊഴിഞ്ഞു് ഉണങ്ങിവീഴാൻപോകുന്ന ഒരു വൃക്ഷത്തിൽ ചുറ്റിപ്പറ്റി പടർന്നുനില്ക്കുന്ന ഒരു ലതപോലെ ശോഭിച്ചു. രണ്ടുപേരുടെ ആകൃതിവിശേഷംകൊണ്ടു് മാത്രമല്ല ഭവിഷ്യത്തിനെ സംബന്ധിച്ചും ഈ ഉപമ സാധുവാകുന്നു. ഈ വൃക്ഷം കേവലം ഉണങ്ങി വീണുപോയാൽ ഈ നിലയിൽ വള്ളിക്കു് പിന്നെ ആധാരമില്ല.
ഒരു ദിവസം രാവിലെ പാറുക്കുട്ടി പതിവുംപ്രകാരം തന്റെ വീട്ടിനു് സമീപമുള്ള പുഴയിൽ പോയി കുളിച്ചു് ഈറനോടുകൂടി മടങ്ങിവരികയായിരുന്നു. വളരെ ദീർഘതയുള്ള തലമുടി പിന്നിൽ ഉലർത്തിയിട്ടിരിക്കുന്നു. നനഞ്ഞ ഒരു മുണ്ടു് മടക്കി ചുമലിൽ ഇട്ടതുകൊണ്ടു് കുചാച്ഛാദംചെയ്തിട്ടുണ്ടു്. ഇടത്തുകൈകൊണ്ടു് പുടവയുടെ ഒരു കോന്തല പിടിച്ചു് പൊക്കുകയാൽ ചെറിയ സ്വർണ്ണസ്തംഭംപോലുള്ള കാലു് മുട്ടുവരെ കൂടക്കൂടെ വെളിക്കു് കാണാമായിരുന്നു. മറ്റേ കൈകൊണ്ടു് തലമുടി ചിക്കിക്കൊണ്ടിരിക്കയും അങ്ങിനെചെയ്യുമ്പോൾ മുഖം പിന്നോട്ടേയ്ക്കും അല്പം ഒരു ഭാഗത്തേയ്ക്കും നീങ്ങിക്കൊണ്ടിരിക്കയുംചെയ്യുന്നു. പാറുക്കുട്ടിയുടെ ചുണ്ടുകൾ ഇളകികൊണ്ടിരിക്കുന്നതു് കണ്ടാൽ എന്തോ മനസ്സിൽ ജലിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നു് ധരിക്കാം.
ഒരു ഇടുങ്ങിയ വഴിയിൽക്കൂടിയാണു് ആ സുന്ദരി ഇങ്ങനെ നടന്നുകൊണ്ടുവന്നിരുന്നതു്. ഈ വഴിയുടെ ഇരുഭാഗത്തും അരിപ്പൂച്ചെടികളെക്കൊണ്ടുള്ള വേലിയുണ്ടു്. അതിന്മേൽ അവിടവിടെ ചില വള്ളികൾ പടർന്നുപിടിച്ചു് അവയിൽ പലനിറത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞിരിക്കുന്നു. വേലിയിന്മേൽ ചില ചെറിയ പക്ഷികൾ ഇരുന്നു് പാറുക്കുട്ടിയുടെ ചന്തത്തിനനുസരിച്ചുള്ള സംഗീതം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ഇങ്ങനെ അവൾ നടന്നുപോയിക്കൊണ്ടിരിക്കെ കൈതേരി നമ്പ്യാരുടെ ഭാര്യ കല്യാണിയമ്മയും മകൾ കുഞ്ഞിമാക്കം എന്ന പെൺകുട്ടിയും ഒരു ദാസിയും അഭിമുഖമായി പുഴക്കരയിലേക്കു് പോകുന്നുണ്ടായിരുന്നു. അവർ വളരെ അടുത്തെത്തിയപ്പോൾമാത്രമേ പാറുക്കുട്ടി അവരെ കണ്ടുള്ളു. കണ്ട ഉടനെ പാറുക്കുട്ടി വഴിയിൽ മാറിനിന്നു്, അവരോടുള്ള ബഹുമാനത്തെ പ്രത്യക്ഷപ്പെടുത്തുന്ന വിധത്തിൽ മന്ദസ്മിതത്തോടുകൂടിതലയൊന്നു് താഴ്ത്തി. കല്യാണിയമ്മയും മാക്കവും ഇവളെ കണ്ട ഉടനെ, എന്തോ ഒരു ചൈതന്യം അവരെ ആകർഷിച്ച വിധത്തിൽ അവളുടെ അടുക്കെ നിന്നു. കുറേ ദൂരെ ദാസിയും നിന്നു.
കല്യാണിയമ്മ “എവിടെയാ കുട്ടീ” എന്നു് ചോദിച്ചു.
പാറുക്കുട്ടിയെ ആദ്യം കാണുന്നവരൊക്കെ ഇങ്ങനെ ചോദിക്കാൻ നിശ്ചയമായും നിർബന്ധിക്കപ്പെടുമായിരുന്നു. പാറുക്കുട്ടി ഈ ചോദ്യം കേട്ടപ്പോൾ മന്ദഹാസത്തോടുകൂടിയും വളരെ വിനയത്തിലും ഇങ്ങനെ മറുപടി പറഞ്ഞു:
“ഞാൻ തേവറപ്പാട്ടെയാണു്.”
- കല്യാണിയമ്മ:
- ഓ, വില്ലങ്കൻകുറുപ്പിന്റെ മകളാണല്ലേ?
- പാറുക്കുട്ടി:
- അതെ.
- കുഞ്ഞിമാക്കം:
- നിന്റെ പേരെന്താണു്?
- പാറുക്കുട്ടി:
- പാറു എന്നാണു്.
- കുഞ്ഞിമാക്കം:
- അയ്യോ! ഇവളെപ്പറ്റിയല്ലെ കാര്യസ്ഥൻ രാമൻമേനോൻ പറഞ്ഞതു്?
- കല്യാണിയമ്മ:
- അതെ. കുട്ടി, എന്താ എടത്തിൽ വരാത്തതു്? നിണക്കു് ചെറുശ്ശേരിപ്പാട്ടു് വായിക്കാൻ നല്ലവണ്ണം അറിയാമെന്നു് രാമൻമേനോൻ പറഞ്ഞു. നീ ഇന്നുവയ്യിട്ടു് ഒന്നങ്ങട്ടുവരോ. ചെറുശ്ശേരിയും എടുത്തോളൂ.
- കുഞ്ഞിമാക്കം:
- വേണ്ടമ്മേ; ഗ്രന്ഥം എടത്തിലുണ്ടല്ലോ.
- കല്യാണിയമ്മ:
- ഇരിക്കട്ടെ; അവൾക്കു് വായിച്ചു് ശീലമുള്ള ഗ്രന്ഥമാകുന്നതാണു് നല്ലതു്. പരതിപ്പിടിക്കണ്ടല്ലോ.
- പാറുക്കുട്ടി:
- അച്ഛനോടു് ചോദിച്ചുവരാം. എനിക്കു് ചെറുശ്ശേരി വായിക്കാൻ നല്ല ശീലമില്ല. രാമൻമേനോൻ എന്തു് വിചാരിച്ചു് പറഞ്ഞതാണെന്നറിഞ്ഞില്ല.
- കല്യാണിയമ്മ:
- ആകൃതിക്കനുസരിച്ച വിനയവും ഉണ്ടു്. അതു് നന്നായി. ആട്ടെ നീ വരാതിരിക്കരുതെ.
ഇങ്ങനെ പറഞ്ഞു് അവർ പിരിഞ്ഞു. പാറുക്കുട്ടി നേരെ വീട്ടിലേക്കുചെന്നു് കല്യാണിയമ്മയേയും മകളേയും കണ്ട വിവരവും മറ്റും, അവളുടെ അച്ഛനോടു് പറഞ്ഞു. അദ്ദേഹത്തിന്റെ അനുമതിയോടുകൂടി വൈകുന്നേരം എടത്തിൽ ചെന്നു.
പാറുക്കുട്ടിയുടെ വായനയും സംഗീതവും അവളുടെ വിനയാദി സ്വഭാവവും കല്യാണിയമ്മയും വിശേഷിച്ചു് കുഞ്ഞിമാക്കവും വളരെ കൊണ്ടാടി. കുഞ്ഞിമാക്കത്തിനു് അവളോടു് അത്യന്തം സ്നേഹമായി. പിന്നെ ദിവസംതോറും പറുക്കുട്ടി എടത്തിൽ ചെന്നു് കുഞ്ഞിമാക്കത്തെ ചെറുശ്ശേരിപ്പാട്ടും, രാമായണവും മറ്റും വായിക്കാൻ ശീലിപ്പിക്കേണ്ടതിനു് ശട്ടംകെട്ടി.
ഈ അവസരത്തിൽ കൈതേരിനമ്പ്യാർ വീട്ടിൽ ഉണ്ടായിരുന്നില്ല. കോട്ടയത്തെ ആധീനത്തിലുള്ള വെരിങ്ങലത്തെ ഒരു ജോനകമാപ്പിള, തമ്പുരാനു് വിരോധമായി അവിടത്തെ ചില സാധുകുടിയാന്മാരെ ദ്രോഹിക്കുന്നുണ്ടെന്നു് കേട്ടതിനാൽ നമ്പ്യാർ, ചില തീയ്യരെ കൂട്ടി, മാപ്പിളയെ പിടിച്ചു് ശിക്ഷിക്കാൻ പോയിരിക്കയായിരുന്നു. പാറുക്കുട്ടി എടത്തിലെ സംഗീതാദ്ധ്യാപകസ്ഥാനം വഹിച്ചു് രണ്ടു ദിവസം കഴിഞ്ഞശേഷമാണു് നമ്പ്യാർ ശത്രുവിനെ തോല്പിച്ചു മടങ്ങിവന്നതു്. അന്നു പതിവുപോലെ മാക്കത്തെ വായിപ്പിച്ചുകൊണ്ടു പാറുക്കുട്ടി അവളുടെ മുറിയിൽ ഇരിക്കെ നമ്പ്യാർ അകത്തു കടന്നുചെന്നു മകളെ സംഗീതം പഠിപ്പിക്കുന്ന പെൺകുട്ടിയെ കണ്ടു വളരെ സന്തോഷിച്ചു. അവളെക്കൊണ്ടു രാമായണത്തിലെ കുറെ അലേഖകൾ വായിപ്പിച്ചശേഷം അവൾ കുഞ്ഞിമാക്കത്തിന്റെ സഹചാരിണിയായി എന്നും എടത്തിൽത്തന്നെ താമസിക്കുന്നതു തനിക്കു വലിയ സന്തോഷമാണെന്നും, അതിനെപ്പറ്റി വില്ലങ്കൻകുറുപ്പോടു താൻ സംസാരിക്കുമെന്നും മറ്റും പറഞ്ഞശേഷം, പെരിങ്ങളത്തുനിന്നും താൻ സമ്പാദിച്ചുകൊണ്ടുവന്ന ഒരു വൈരമോതിരം എടുത്തു തന്റെ മകൾക്കു കാണിച്ചു് ഇങ്ങനെ പറഞ്ഞു: ‘കഞ്ഞിമാക്കെ, ഈ മോതിരംനോക്കൂ. ഇതെനിക്കു പെരിങ്ങളത്തുനിന്നു കിട്ടിയതാണു്. ഈ കല്ലു നല്ല ജാതിയാണു്. അതിലെ വെള്ളം കണ്ടുവോ? ഇതിനു വളരെ വിലയുണ്ടെന്നു തോന്നുന്നു. ഇതു് നിന്റെ വിരലിന്മേൽ ഇരിക്കട്ടെ. സൂക്ഷിക്കണെ പൊയ്പോകരുതു്.” ഇത്രയും പറഞ്ഞു്, നമ്പ്യാർ മുറിയിൽനിന്നു പുറത്തേക്കു പോയി. ഗ്രന്ഥങ്ങളൊക്കെ കെട്ടിവെച്ചശേഷം, നേരെ തന്റെ വീട്ടിലേക്കു നടന്നു.
പാറുക്കുട്ടി വീട്ടിലെത്തി അല്പനേരം കഴിഞ്ഞപ്പോൾ കുഞ്ഞിമാക്കവും ഒരു ദാസിയും ബദ്ധപ്പെട്ടുകൊണ്ടു തന്റെ വീട്ടിലേക്കു ചെല്ലുന്നതു കണ്ടു്, അവർ മുറ്റത്തെത്തിയ ഉടനെ പാറുക്കുട്ടി അവരെ എതിരേല്ക്കാൻ ഇറങ്ങിച്ചെന്നു. അവളെ കണ്ട ഉടനെ കുഞ്ഞിമാക്കം ഇങ്ങനെ ചോദിച്ചു.
“പാറുക്കുട്ടി, ആ മോതിരമിങ്ങോട്ടു തന്നേക്കു, അച്ഛൻ ചോദിച്ചാൽ ഞാൻ എന്തു പറയും?”
ഇതുകേട്ടപ്പോൾ പാറുക്കുട്ടി വളരെ പരിഭ്രമിച്ചുകൊണ്ടു് പറഞ്ഞു:
“ഏതു മോതിരം? ഇന്നു നമ്പ്യാർ തന്നതോ? അയ്യോ ഞാനതു് എടുത്തിരുന്നില്ലല്ലൊ. നിങ്ങളല്ലെ അതു നമ്പ്യാരോടു വാങ്ങിയതു്? നിങ്ങൾ എവിടെ വെച്ചുവെന്നു ഞാൻ കണ്ടിരുന്നില്ലല്ലൊ. വിരലിലിട്ടിരുന്നില്ലെ?”
- കുഞ്ഞിമാക്കം:
- ഇല്ല. ഞാൻ, നമ്മൾ ഇരുന്ന പുല്ലുപായിൽ വെച്ചു. പോകുമ്പോൾ എടുക്കാൻ മറന്നുപോയി. നീ നേരം പോക്കായി എടുത്തിരിക്കുമെന്നു ഞാൻ വിചാരിച്ചു് ഇങ്ങോട്ടു വന്നതാണു്. അച്ഛൻ എന്റെ വിരലിന്മേൽ കാണാഞ്ഞാൽ ചോദിക്കും. ഞാൻ എന്തു പറയും? അയ്യൊ കളിപ്പിക്കരുതു്. അതിങ്ങോട്ടു തന്നേക്കൂ.
- പാറുക്കുട്ടി:
- (പരിഭ്രമിച്ചുകൊണ്ടു്) സത്യമായിട്ടും ഞാൻ ആ മോതിരം എടുത്തിട്ടില്ല.
- കുഞ്ഞിമാക്കം:
- നീയല്ലാതെ ആ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. മറ്റാരും അവിടെ പോയിട്ടും ഇല്ല.
പാറുക്കുട്ടി ഇതു കേട്ടപ്പോൾ കരഞ്ഞുതുടങ്ങി.
- കുഞ്ഞിമാക്കം:
- നീ ഇപ്പോൾ അതു തന്നാൽ ഞാൻ അച്ഛനോടു് പറകയില്ല. നീ നേരം പോക്കായി എടുത്തതാണെന്നു ഞാൻ അമ്മയോടു പറയാം. അച്ഛൻ പറഞ്ഞതു നീ കേട്ടിരുന്നില്ലെ? അതിനു വളരെ വിലയുണ്ടത്രെ.
താൻ മോതിരംം അപഹരിച്ചിരിക്കയാണെന്നു സൂചിപ്പിച്ചുകൊണ്ടുള്ള കുഞ്ഞിമാക്കത്തിന്റെ വാക്കുകൾ കേട്ടപ്പോൾ പാറുക്കുട്ടിക്കു് ഭാവം പകർന്നു എന്നിട്ടു്, അവൾ പറഞ്ഞു:
“ഈ മോതിരമല്ല, ഇതിനേക്കാൾ നൂറിരട്ടി വിലയുള്ള സാധനമായാലും ഞാൻ അപഹരിക്കുമെന്നു നിങ്ങൾ വിചാരിക്കേണ്ട എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചതു് അങ്ങനെ അല്ല.”
ഇതു കേട്ടുകൊണ്ടു് പാറുക്കുട്ടിയുടെ അച്ഛൻ അകത്തു നിന്നു വെളിക്കുവന്നു്, വിവരം അന്വേഷിച്ചറിഞ്ഞശേഷം മോതിരം എടുത്തിട്ടുണ്ടെങ്കിൽ മടക്കിക്കൊടുത്തുകളവാൻ മകളോടു പറഞ്ഞു. പാറുക്കുട്ടി മോതിരം എടുത്തില്ലെന്നുതന്നെ ഉറപ്പിച്ചുപറഞ്ഞു. കിഴവൻ തന്റെ മകളുടെ വാക്കുകൾ സാവധാനത്തിൽ കേട്ടശേഷം അവൾ നിർദ്ദോഷിയാണെന്നു മനസ്സിലാക്കി, കുഞ്ഞിമാക്കത്തോടു് ഇങ്ങനെ പറഞ്ഞു.
“എന്റെ മകൾ മോതിരം കട്ടിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. മോതിരംകൊണ്ടു് അവൾക്കു യാതൊരാവശ്യവുമില്ല. നമ്മുടെ സർവ്വപ്രവൃത്തിയും ഈശ്വരൻ സദാ കണ്ടുകൊണ്ടിരിക്കുന്നുണ്ടു്. ആ തത്വം ഞാൻ അവളെ നല്ലവണ്ണം ധരിപ്പിച്ചിട്ടുണ്ടു്. മോതിരം അവിടത്തന്നെ വല്ല ദിക്കിലും ഉണ്ടായിരിക്കും.
- കുഞ്ഞിമാക്കം:
- “അങ്ങനെയാവട്ടെ. ഞാൻ അച്ഛനോടു പറയാം. അവരെ നിങ്ങൾക്കു നല്ലവണ്ണം അറിയാമല്ലൊ നിങ്ങൾ അവരോടു് ഉത്തരം പറഞ്ഞുകൊൾവിൻ.”
ഇതും പറഞ്ഞു് അവൾ ദാസിയോടുകൂടി പോയി. കുഞ്ഞിമാക്കം പോയശേഷം കുറുപ്പു് മകളോടു് ഇങ്ങനെ പറഞ്ഞു.
“മകളെ നീ ഭയപ്പെടേണ്ട നീ സത്യത്തിനു വിരോധമായി ഒന്നും പറയണ്ടാ. ഉള്ളതു പറഞ്ഞോളൂ. സത്യം പറഞ്ഞിട്ടു തല പോയാലും ദോഷമില്ല. നമ്പ്യാരു് മഹാശൂരനും കഠിനനുമാണു്. എനിക്കു വയസ്സായി. അയാളോടു പൊരുതാൻ ശക്തിയില്ല വരുന്നതു് അനുഭവിക്കാം. സർവ്വവ്വും കാണുന്ന ഈശ്വരി നമ്മെ സഹായിക്കും.”
പാറുക്കുട്ടിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പ്രയാസം “ജനനം മുതൽ ചതിയറിഞ്ഞിടാത്ത” തന്നെക്കുറിച്ചു് ഇങ്ങനെ ഒരു സംശയം ജനിച്ചതുതന്നെ സങ്കടമായി അവൾക്കു തോന്നി. അവൾ അത്യന്തം സ്നേഹിച്ചിരുന്ന കുഞ്ഞിമാക്കം അവളെ സംശയിച്ചതുകൊണ്ടു് അവളുടെ സങ്കടം വളരെ വർദ്ധിച്ചു. അക്കാലത്തു് ശിക്ഷ കുറ്റത്തിനനുസരിച്ചതായിരുന്നില്ല. ഈവക കുറ്റങ്ങളേയും ശിക്ഷകളേയും കുറിച്ചു് രാജാക്കന്മാർ അറിഞ്ഞതേ ഇല്ല. അവയൊക്കെ ഓരോ ദേശത്തുള്ള, ഈ നമ്പ്യാരെപ്പോലുള്ള, എടപ്രഭുക്കന്മാർ മുഖാന്തിരമായിരുന്നു നടത്തിയിരുന്നതു്.
കൈതേരിനമ്പ്യാർ മഹാധീരനും ശൂരനുമായിരുന്നു വല്ലവരുടേയും പ്രവൃത്തി തെറ്റാണണെന്നു തനിക്കു തോന്നിയെങ്കിൽ അവരെ കഠിനമായി ശിക്ഷിക്കാൻ അദ്ദേഹം അശേഷം മടിച്ചിരുന്നില്ല. അതിൽ ഒരു ഭയവും കാണിക്കാറില്ല.
മോതിരത്തിന്റെ വിവരത്തെക്കുറിച്ചു് അറിഞ്ഞ ഉടനെ അദ്ദേഹത്തിന്നു കഠിനമായ കോപമുണ്ടായി. ചില അന്വേഷണങ്ങളൊക്കെ ഝടിതിയിൽ ചെയ്തു. എടത്തിലുള്ളവരിൽ രണ്ടുപേർ പാറുക്കുട്ടിക്കും അവളുടെ അച്ഛനും എതിരായി സാക്ഷിപറകയും ചെയ്തു. ഇതിൽ ഒന്നു് മാനന്തേരിക്കുറുപ്പു് എന്നൊരു വൃദ്ധനാണു്. ഈ മനുഷ്യൻ എടത്തിലെ പടിപ്പുരകാവൽക്കാരനായിരുന്നു. വില്ലങ്കൻ കറുപ്പും ഇദ്ദേഹവും സമവയസ്സന്മാരാണു്. മാനന്തേരിക്കുറുപ്പിനെ ഒരിക്കൽ സൈന്യസമ്മേതം, ഒരു ലഹളക്കാരനെ അമർച്ചചെയ്വാൻ കോട്ടയത്തുനിന്നയയ്ക്കയും,അദ്ദേഹത്തിനു് അവനെ തോല്പിക്കാൻ കഴിയാതെ മടങ്ങിവരികയും ചെയ്തിരുന്നു. ആ ലഹളക്കാരനെ വില്ലങ്കൻകുറുപ്പാണു് പിന്നെപിടിച്ചുകെട്ടി തമ്പുരാന്റെ മുമ്പാകെകൊണ്ടു ചെന്നതു്. അന്നുമുതൽ മാനന്തേരിക്കുറുപ്പിനു് വില്ലങ്കൻ കുറുപ്പിനോടു അത്യന്തം വിരോധമായിരുന്നു. അദ്ദേഹത്തെ വല്ലവിധത്തിലും തോല്പിക്കണമെന്നു വിചാരിച്ചുകൊണ്ടിരുന്നുവെങ്കിലും അതിനു ഇതുവരെ ഒരു തരമുണ്ടായിരുന്നില്ല.
പാറുക്കുട്ടി പടിയിറങ്ങിപ്പോകുമ്പോൾ കയ്യിൽ എന്തോ തിളങ്ങുന്ന ഒരു ചെറിയ സാധനം പിടിച്ചുസൂക്ഷിച്ചുനോക്കുന്നതായി താൻ കണ്ടിരുന്നുവെന്നു കിഴവൻ പറഞ്ഞു.
പാറുക്കുട്ടി എടത്തിൽവന്നു മാക്കത്തിന്റെ വിശ്വസ്തമിത്രമായി തീർന്നതുകൊണ്ടു് അസൂയ ജനിച്ച ഒരു ഭൃത്യയായിരുന്നു മറ്റൊരു സാക്ഷി. പാറുക്കുട്ടി മോതിരം പുല്ലുപായിൽനിന്നെടുക്കുന്നതു് ജാലകത്തിനുള്ളിൽകൂടി താൻ കണ്ടിരുന്നുവെന്നു ഈ സാക്ഷിയും പറഞ്ഞു.
നമ്പ്യാർ ഈ സാക്ഷികളെ വിശ്വസിച്ചു. പാറുക്കുട്ടിയേയും കുറുപ്പിനേയും വിളിക്കാൻ ആളയച്ചു. രണ്ടുപേരും വന്നു.
- നമ്പ്യാർ:
- പറുക്കുട്ടീ, നീ മോതിരംം എടുത്തിരുന്നുവോ?
- പാറുക്കുട്ടി:
- ഞാൻ എടുത്തിട്ടില്ല.
- നമ്പ്യാർ:
- സത്യം പറഞ്ഞോള്ളു നീയല്ലാതെ ആരും എടുക്കാൻ സംഗതിയില്ല.
- പാറുക്കുട്ടി:
- ഇങ്ങനെ പറയുന്നതു വലിയ കഷ്ടമാണു്.
- നമ്പ്യാർ:
- നീ എടുക്കുന്നതു് പെണ്ണു് കണ്ടിരുന്നു. നീ മോതിരം കയ്യിൽ പിടിച്ചു് അതിന്റെ കല്ലു നോക്കിക്കൊണ്ടു പോകുന്നതു് ഈ കുറുപ്പും കണ്ടിരുന്നു. നീ എന്തു പറയുന്നു?
- പാറുക്കുട്ടി:
- ഞാൻ ചെയ്യാത്തകാര്യം ഇവർ കണ്ടുവെന്നു പറയുന്നതു് വലിയ അത്ഭുതമായി തോന്നുന്നു.
- നമ്പ്യാർ:
- ഓ! നിന്റെ വാക്സാമർത്ഥ്യം തരക്കേടില്ല. ഇത്ര സാമർത്ഥ്യമുള്ള പെണ്ണു മോതിരം അപഹരിക്കുന്നതിലും അതു മറച്ചുവയ്ക്കാൻ കളവുപറയുന്നതിലും ഞാൻ അശേഷം അത്ഭുതപ്പെടുന്നില്ല. ഏതായാലും നീ നേരു പറഞ്ഞാൽ ഞാൻ നിന്നെ വിട്ടയയ്ക്കാം.
ഇവരിങ്ങനെ സംസാരിക്കുമ്പോൾ ദേശക്കാരായ പലരും വീട്ടിലുള്ള സർവ്വരും മുറ്റത്തും കോലായിലും വന്നുനിറഞ്ഞു. ചിലർ പാറുക്കുട്ടി നിർദ്ദോഷിയാണെന്നും ചിലർ അവൾ കുറ്റക്കാരിയായിരിക്കാമെന്നും, അഭിപ്രായപ്പെട്ടു ഇവരെയൊക്കെ കണ്ടിട്ടുള്ള ലജ്ജയും ഭയവും, വ്യസനവും നിമിത്തം പാറുക്കുട്ടി പൊട്ടിക്കരഞ്ഞുപോയി. ഒടുവിൽ അവൾ ധൈര്യപ്പെട്ടു് ഇങ്ങനെ പറഞ്ഞു:
“ഞാൻ മോതിരം എടുത്തിട്ടില്ല. നിങ്ങൾ എന്നെ കൊന്നാലും ശരി തിന്നാലും ശരി മാത്രം എന്റെ അച്ഛനെ വയസ്സുകാലത്തു യാതൊന്നും ദ്രോഹിക്കാതിരുന്നാൽ മതി.”
- നമ്പ്യാർ:
- (കോപത്തോടുകൂടി) നിന്റെ അച്ഛൻ മഹാകള്ളനാണു്. അയാളാണു നിന്നെക്കൊണ്ടു് ഇങ്ങനെ കളവുചെയ്യിച്ചതു്. അതുകൊണ്ടു രണ്ടുപേരെയും ഞാൻ കഠിനമായി ശിക്ഷിക്കും.
ഇതു കേട്ടപ്പോൾ വില്ലങ്കൻ കുറുപ്പിന്റെ തടി മുഴുവൻ വിറച്ചുകൊണ്ടു് അദ്ദേഹം പറഞ്ഞു:
“എന്റെ ബാല്യത്തിലായിരുന്നെങ്കിൽ ഇങ്ങനെ പറവാനും ചെയ്വാനും നിങ്ങൾ ധൈര്യപ്പെടുന്നതല്ലായിരുന്നു.”
നമ്പ്യാർ കോപാന്ധനായി കുറുപ്പിനെ താൻതന്നെ പിടിച്ചിഴച്ചു് അറയിലിട്ടടയ്ക്കകയും. സാധുവും നിർദ്ദോഷിയുമായ പാറുക്കുട്ടിയുടെ പുറത്തു ചൂരൽകൊണ്ടു് പത്തടി അടിക്കാൻ കല്പിക്കുകയും ചെയ്തു.
പാറുക്കുട്ടിയെ അടിക്കുന്നതു കണ്ടവരൊക്കെ കരഞ്ഞു. ഇങ്ങനെ നിഷ്ഠുരമായ ഒരു കൃത്യം ആ പ്രദേശത്തുള്ളവരൊന്നും പണ്ടു കണ്ടിരുന്നില്ല. പനിനീർപൂപോലെ മാർദ്ദവമുള്ള ശരീരത്തിന്മേൽ ചൂരൽകൊണ്ടടിച്ചു ചോര പൊട്ടി അവൾ നിലവിളിച്ചു മോഹാലസ്യപ്പെട്ടു.
കണ്ടുനിന്നവരിൽ ചിലർ ഉടനെ വില്ലങ്കൻകുറുപ്പിന്റെ മരുമകനായ ചിരുകണ്ടക്കുറുപ്പോടു വിവരം പറയാൻ ഓടിപ്പോയി.
ചിരുകണ്ടക്കുറുപ്പു് 21 നായന്മാരോടുകൂടി കൈതേരി എടത്തിൽ എത്തുമ്പോൾ അർദ്ധരാത്രിയായിരുന്നു. വഴിയിൽവച്ചു് അദ്ദേഹം എടത്തിലെ കാവൽക്കാരുടെ വിവരമൊക്കെ അറിഞ്ഞിരുന്നതിനാൽ, അധികം പേരെ തന്റെ ഒന്നിച്ചു കൂട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നായിരുന്നു വിചാരിച്ചിരുന്നതു്. കുറുപ്പു് എടത്തിൽ എത്തിയപ്പോൾ പടിവാതിൽ പൂട്ടിയിരുന്നു. വാതിലിനു തന്റെ വാൾപ്പിടികൊണ്ടു് മുട്ടിവിളിച്ചു വിളിച്ചയുടനെ കാവൽക്കാരൻ വൃദ്ധൻ, വാതിൽ തുറക്കുകയും ചെയ്തു. നമ്പ്യാരുടെ മരുമകൻ കുഞ്ഞിക്കേളുനമ്പ്യാർ എന്നൊരു ചെറുപ്പക്കാരൻ യോദ്ധാവു് ഒന്നുരണ്ടുമണിക്കൂർ മുമ്പു് പടിയിറങ്ങി പോകുകയും പോകുമ്പോൾ കാവൽക്കാരനോടു് ‘നല്ല ഓർമ്മവേണം’ എന്നു പറകയും ചെയ്തിരുന്നു. അദ്ദേഹമാണു വിളിച്ചതെന്നു തെറ്റിദ്ധരിച്ചാണു കാവൽക്കാരൻ പടിപ്പുരവാതിൽ തുറന്നുകൊടുത്തതു്. വാതിൽ തുറന്നു ചിരുകണ്ടക്കുറുപ്പു് അകത്തായ ഉടനെ, “മൊച്ചക്കുരങ്ങേ! നീയല്ലേടാ കള്ളസ്സാക്ഷിപറഞ്ഞതു്?” എന്നു ചോദിച്ചുകൊണ്ടു വാൾകൊണ്ടു ആ വൃദ്ധനെ വെട്ടിയതും തല ഉടലിൽനിന്നും വേറായി വീണതും ഒന്നിച്ചു കഴിഞ്ഞു. കുറുപ്പും നായന്മാരും പിന്നെ മുറ്റത്തിറങ്ങി, ഒച്ചയുണ്ടാക്കാതെ അറയ്ക്കുനേരേ ചെന്നു. അറയുടെ വാതിലിനടുത്തെത്തിയപ്പോൾ അതു പുറമേനിന്നു പൂട്ടിയിരുന്നില്ലെന്നു കണ്ടു് അത്ഭുതപ്പെടുകയും അകത്തു പ്രവേശിക്കുകയുംചെയ്തു. മുറി മുഴുവൻ പരിശോധിച്ചു. ആരെയും കണ്ടില്ല. “അമ്മാവനെയിട്ടു പൂട്ടിയതു് ഇതിലല്ലായിരിക്കാം” എന്നു പറഞ്ഞുകൊണ്ടു കുറുപ്പു് ഒന്നിച്ചുള്ളവരെ തിരിഞ്ഞുനോക്കി അപ്പോൾ അതിലുള്ള ഒരാൾ “അതെ ഇതിൽതന്നെ ഞാൻ കണ്ടിരിക്കുന്നു. പിന്നെ വേറെ എവിടെയോ കൊണ്ടിട്ടിരിക്കാം. കുറുപ്പിനെ നമ്പ്യാർ കൊല്ലുമെന്നു തോന്നുന്നില്ല. അങ്ങനെ ചെയ്തെങ്കിൽ തമ്പുരാന്റെ തിരുവുള്ളക്കേടുണ്ടാകുമെന്നു ഭയപ്പെടാതിരിക്കയില്ല.”
“തമ്പുരാൻ! എന്തു തമ്പുരാൻ? തമ്പുരാൻ നന്നെങ്കിൽ ഈവക ധിക്കാരം നാട്ടിൽ നടക്കുമോ? ആട്ടെ, നിങ്ങൾ വരിൻ, ആ കഴുവേറിയെ ഒന്നു കണ്ടു പറയാം” എന്നു പറഞ്ഞു. കുറുപ്പു രണ്ടാമതും മുറ്റത്തിറങ്ങി നായന്മാരും ഇറങ്ങി. ഇറയത്തുകിടന്നുറങ്ങിയിരുന്ന രണ്ടുമൂന്നുപേരുടെ ഉറക്കം ഞെട്ടി, “ആരതു്?” എന്നു ചോദിച്ചു. കുറുപ്പിന്റെ ആൾക്കാരിൽ ഒരാൾ, അതിൽ ഒരുവനെ കടന്നുപിടിച്ചു്. “ഇവനാണു് പാറുക്കുട്ടിയെ അടിച്ചതു്” എന്നു പറഞ്ഞു് അവന്റെ കഥകഴിച്ചു. മറ്റു രണ്ടുപേരും നിലവിളിച്ചു. വീട്ടിലുള്ളവരൊക്കെ ഉണർന്നു. നമ്പ്യാർ വാളും പരിചയുമായി ചാടി നായാട്ടുനായ്ക്കൾ ഒരു നരിയെ എതിർക്കുന്നതു പോലെ കുറുപ്പും നായന്മാരും നമ്പ്യാരോടു് അടുത്തു. ഒരു തൂണും ചാരിനിന്നു കുറുപ്പു് അവരെയൊക്കെ അത്യന്തം ധൈര്യത്തോടുകൂടി എതിർത്തുനിന്നു അഞ്ചുമിനിട്ടുനേരം പൊരുതികൊണ്ടിരിക്കെ പടിപ്പുരയിൽ ഒരു കോലാഹലം കേട്ടു. ഒരുകൂട്ടം നായന്മാർ കുഞ്ഞിക്കേളു നമ്പ്യാരുടെ നായകത്വത്തിൻകീഴിൽ ആർത്തുവിളിച്ചു് ഓടിക്കൊണ്ടു മുറ്റത്തെത്തിയിരിക്കുന്നു. പിന്നെ കുറുപ്പിന്റെ ആൾക്കാരും നമ്പ്യാരുടെ ആൾക്കാരും തമ്മിൽ നടന്ന യുദ്ധം വിവരിക്കാൻ പ്രയാസം. രണ്ടുഭാഗത്തുനിന്നും വളരെപ്പേർ മരിച്ചു. നമ്പ്യാരുടെ ഭാഗം ആൾക്കാർ അധികം ഉണ്ടായിരുന്നതിനാൽ കുറുപ്പും നായന്മാരും കേവലം പരാജിതരായെന്നുതന്നെ പറയാം. ഒടുവിൽ കുറുപ്പും കുഞ്ഞിക്കേളുനമ്പ്യാരും തമ്മിൽ അടുത്തു. നമ്പ്യാരുടെ ഒരു വെട്ടും കൊണ്ടു ചിരുകണ്ടക്കുറുപ്പു വീഴുകയും ചെയ്തു. കൂറുപ്പ് വീണയുടനെ അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായിരുന്നവരിൽ ശേഷിച്ചവർ ഓടിപ്പോയി. കുറുപ്പിനെ ഒരുവെട്ടിനു കൊന്നുകളവാൻ വലിയ നമ്പ്യാർ ഭാവിച്ചെങ്കിലും മരുമകൻ വിലക്കി. അദ്ദേഹത്തെ എടുത്തുകോലായിൽ കിടത്തി.
“നാം ഇയ്യാളെ രക്ഷിക്കയാണു വേണ്ടതു്. അമ്മാവൻ ചെയ്തതു വലിയ തെറ്റാണു്. വില്ലങ്കൻകൂറുപ്പിനോടും അദ്ദേഹത്തിന്റെ മകളോടും പ്രവർത്തിച്ചതു വളരെ ന്യായമായില്ല. എത്രപേരുടെ ജീവൻ അതുനിമിത്തം വെറുതെ നഷ്ടമായി! ഈ ചിരുകണ്ടക്കുറുപ്പു് തന്റെ അമ്മാവനു വേണ്ടിയാണു് ഇതു ചെയ്തതു്. എന്റെ അമ്മാവനുവേണ്ടി ഞാനും ഇങ്ങനെതന്നെ പ്രവർത്തിക്കുന്നതാണു്. അതുകൊണ്ടു് ഇയ്യാളുടെ പ്രവൃത്തി നാം അഭിനന്ദിക്കുകയാണു വേണ്ടതു് ” എന്നും മറ്റും കുഞ്ഞിക്കേളുനമ്പ്യാർ പറഞ്ഞപ്പോൾ വലിയ നമ്പ്യാർ അടങ്ങി എന്നല്ല, കുറെ ലജ്ജിക്കുകയും വ്യസനിക്കുകയും ചെയ്തു.
കുഞ്ഞുക്കേളുനമ്പ്യാർ കണ്ടാൽ ബഹുയോഗ്യനും നല്ല ശക്തനും വലിയ അഭ്യാസിയുമാണെന്നതിനു പുറമേ, കുറെ വിവേകവും സ്വാഭിമാനവുമുള്ള ചെറുപ്പക്കാരനാണു് ഇക്കാലത്തു വയസ്സു് ഒരു ഇരുപത്തെട്ടു മാത്രമേ ആയിട്ടുള്ളു. അയാൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മോതിരക്കേസ്സുണ്ടായതും വില്ലങ്കൻ കുറുപ്പിനേയും മകളേയും ശിക്ഷിച്ചതും. അയാൾ വന്നു വിവരമൊക്കെ അറിഞ്ഞശേഷം വളരെ വ്യസനിച്ചു. കുഞ്ഞിക്കേളുനമ്പ്യാർ പാറുക്കുട്ടിയെ കണ്ടതുമുതൽ അവളോടു് അയാൾക്കു വളരെ പ്രേമം ജനിച്ചിരുന്നുവെന്നും അടുത്ത അവസരത്തിൽ അവളെ ഭാര്യയാക്കാൻ അയാൾ വിചാരിച്ചിരുന്നുവെന്നുമുള്ള രഹസ്യം വായനക്കാരിൽനിന്നും ഇനിയും മറച്ചുവെയ്ക്കാൻ ഞാൻ വിചാരിക്കുന്നില്ല.
കുഞ്ഞിക്കേളുനമ്പ്യാരുടെ പ്രേമത്തെ പാറുക്കുട്ടി കണ്ടറിഞ്ഞിട്ടുണ്ടെന്നും അതിന്നനുകൂലമായ ഒരു വികാരം അവളുടെ മനസ്സിലും ഉണ്ടായിട്ടുണ്ടെന്നുമാണു് എന്റെ വിശ്വാസം.
ഈ നിലയിൽ പാറുക്കുട്ടിയ്ക്കു സംഭവിച്ച സങ്കടാവസ്ഥയിൽ കുഞ്ഞിക്കേളുനമ്പ്യാർക്കു് എത്രമേൽ അനുകമ്പയുണ്ടായിരുന്നുവെന്നു് വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇനി വില്ലങ്കൻ കുറുപ്പിനെ ഇട്ടടച്ചിരുന്ന അറ ഒഴിഞ്ഞുകിടക്കുവാനുണ്ടായിരുന്ന സംഗതിയും പ്രത്യക്ഷമാണു്. അമ്മാവൻ ചെയ്തതു വലിയ അന്യായമാണെന്നറിഞ്ഞ ഉടനെ, ചെറിയനമ്പ്യാർ പാറുക്കുട്ടിയെ അടുത്തുള്ള ഒരു വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി അവളുടെ പരുക്കുകൾക്കു വേണ്ടുന്ന ചികിത്സയും ശുശ്രൂഷയും ചെയ്വാൻ ശട്ടം കെട്ടി. രാത്രിയായപ്പോൾ സ്വകാര്യമായി കുറുപ്പിനെ തുറന്നുവിടുകയും അദ്ദേഹത്തെയും മകളേയും കൂട്ടി ചിരുകണ്ടക്കുറുപ്പിന്റെ വീട്ടിലേയ്ക്കു കൊണ്ടാക്കാൻ ആലോചിക്കുകയും ചെയ്തു. അങ്ങനെ അവർ കുറെദൂരെ എത്തിയപ്പോഴാണു് ചിരുകണ്ടക്കുറുപ്പു് നായന്മാരെ ശേഖരിക്കുന്ന വിവരം കുഞ്ഞിക്കേളുനമ്പ്യാർ അറിഞ്ഞതു്. ഉടനെ വിശ്വസ്തരായ രണ്ടു ഭൃത്യരോടൊന്നിച്ചു്, അവരെ തലശ്ശേരിക്കടുത്ത വയലളം എന്ന പ്രദേശത്തേക്കയച്ചു അദ്ദേഹം മടങ്ങി വീട്ടിലേക്കു പോയി. ആദ്യം വലിയനമ്പ്യാരോടു വിവരം പറഞ്ഞാലോ എന്നു വിചാരിച്ചു അതുപിന്നെ വേണ്ടെന്നുവച്ചു. അമ്മാവന്റെ അന്യായത്തിനുള്ള പ്രതിഫലം അല്പമെങ്കിലും അദ്ദേഹം അനുഭവിക്കണമെന്നും തകരാറുകൾ അധികം ഉണ്ടാകുന്നതിനുമുമ്പു് താൻ വന്നു സഹായിക്കാമെന്നും സമർത്ഥനായ ആ ചെറുപ്പക്കാരൻ വിചാരിച്ചു. ഇറങ്ങിപ്പോകുമ്പോൾ, “നല്ല ഓർമ്മവേണം” എന്നു പടിപ്പുരകാവൽക്കാരനോടു പറഞ്ഞതു് ദ്വയാർത്ഥത്തിലാണു്. കള്ളസ്സാക്ഷി പറഞ്ഞതിന്റെ ഫലം ആ മനുഷ്യൻ അനുഭവിക്കുമെന്നുതന്നെ അയാൾക്കു വിചാരമുണ്ടായിരുന്നു.
ചിരുകണ്ടക്കുറുപ്പിനു കുറെ ആശ്വാസമായപ്പോൾ അയാൾ എഴുന്നേറ്റു സ്വന്തം വീട്ടിലേയ്ക്കു പോയി. മരിച്ച ഭടന്മാരുടെ ശവമൊക്കെ സംസ്ക്കരിച്ചതിനുശേഷമാണു് വലിയ കുറുപ്പിനെ കാണാനില്ലെന്നു വലിയ നമ്പ്യാർ അറിഞ്ഞതു്. ചിരുകണ്ടക്കുറുപ്പു് അയാളെ അറയിൽനിന്നും രക്ഷിച്ചു പറഞ്ഞയച്ചതാണെന്നു ആദ്യം വിചാരിച്ചു. പക്ഷേ, താക്കോൽകൊണ്ടു് പുറമേനിന്നു തുറന്നിട്ടാണു് അയാളെ രക്ഷിച്ചതെന്നു് അറിഞ്ഞപ്പോൾ നമ്പ്യാർക്കു സംശയമായി. പാറുക്കുട്ടിയും ആ ദേശം വിട്ടുപോയിരിക്കുന്നുവെന്ന വിവരം അറിഞ്ഞപ്പോൾ സംശയം വർദ്ധിച്ചു.
രണ്ടുപേരും തമ്പുരാന്റെ അടുക്കൽ ചെന്നു് ആവലാതി ബോധിപ്പിക്കാനോ, അതോ, അധികം ആൾക്കാരെ ശേഖരിച്ചു തന്നോടു പ്രതികാരം വീട്ടാനോ ശ്രമിച്ചേക്കാമെന്നും അവയിൽ എതെങ്കിലും ഒന്നു ഫലിക്കുന്നതിനു മുമ്പു് തടസ്സം ചെയ്യണമെന്നും വിചാരിച്ചു പലതും ആലോചിച്ചുകൊണ്ടു അകത്തു പ്രവേശിച്ചപ്പോൾ നമ്പ്യാരുടെ ഭാര്യ അടുത്തു ചെന്നിട്ടു്, “എന്താ സന്തോഷമായില്ലേ? ഇവിടുത്തെ മുറ്റത്തുവച്ചു് ഒരു നിണബലി വേണമെന്നു് കുറെ നാളായല്ലോ പറയുന്നു? നരബലിതന്നെ ആയി.”
- നമ്പ്യാർ:
- ആരാണു് അതിനൊക്കെ സംഗതി?
- ഭാര്യ:
- അതാ! ഞാനാണെന്നു പറയും. സർവ്വ ആപത്തിനും സംഗതി ഭാര്യ. സർവ്വസമ്പത്തും ഭർത്താവിന്റെ ഭാഗ്യം കൊണ്ടുണ്ടായതു്. ആ പെൺകുട്ടി നിരപരാധിയാണെന്നു ഞാൻ അപ്പഴേ പറഞ്ഞില്ലേ?
- നമ്പ്യാർ:
- വെറുതെ വല്ലതും പറയണ്ടാ; നീയും കുഞ്ഞിമാക്കവും അല്ലേ പറഞ്ഞതു്,പാറുക്കുട്ടിയാണു മോതിരം കട്ടതെന്നു്.
- ഭാര്യ:
- ഇതാ, നിങ്ങൾ ഇല്ലാത്തതോരോന്നു പറഞ്ഞു് എന്നെ കുറ്റപ്പെടുത്തരുതേ! ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, കുഞ്ഞിമാക്കം പറഞ്ഞിട്ടുണ്ടായിരിക്കാം.
- നമ്പ്യാർ:
- ആട്ടെ, ആരെങ്കിലും ആകട്ടെ. ചെയ്യേണ്ടതു ചെയ്തു ഇനി പറഞ്ഞിട്ടു കാര്യമില്ല വില്ലങ്കൻ കുറുപ്പു് അറയിൽനിന്നും ചാടിപ്പോയി. ഇനി എന്തനർത്ഥങ്ങളാണു വരികയെന്നറിഞ്ഞില്ല.
- ഭാര്യ:
- ചാടിപ്പോയോ? കുറുപ്പിനെ അറ തുറന്നുവിട്ടു എന്നു പറയരുതോ?
- നമ്പ്യാർ:
- ആർ? ആർ തുറന്നുവിട്ടു?
- ഭാര്യ:
- ആരാണു്, കുഞ്ഞിക്കേളു.
- നമ്പ്യാർ:
- ഫോ, കഴുതേ, ഫോ കുഞ്ഞിക്കേളുവല്ലേ ഇന്നലെ രാത്രി നായന്മാരെ കൂട്ടിക്കൊണ്ടുവന്നു് എന്നെ രക്ഷിച്ചതു്.
ഇതുകേട്ടപ്പോൾ നമ്പ്യാരുടെ ഭാര്യ, വിവരം ശരിയായി ഭർത്താവിനെ ധരിപ്പിച്ചു. നമ്പ്യാരുടെ സംശയങ്ങളൊക്കെ തീർന്നു. ഏതായാലും വില്ലങ്കൻകുറുപ്പ് രണ്ടാമതും നായന്മാരോടുകൂടി വന്നു, പോരാടാനോ, തമ്പുരാനോടു ചെന്നു് ആവലാതി പറവാനോ സംഗതി ഇല്ലെന്നു സമാധാനിച്ചു.
അന്നു രാത്രി ഒരു ചെറുപ്പക്കാരൻ നമ്പ്യാരും മുമ്പിൽ ചൂട്ടും കത്തിച്ചുപിടിച്ചു് ഒരു നായരും വയലളത്തവയലിൽക്കൂടി ബദ്ധപ്പെട്ടു നടന്നുപോകുന്നതായി കാണപ്പെട്ടു. നമ്പ്യാരും കാര്യസ്ഥനും തമ്മിൽ യാതൊന്നും സംസാരിക്കുന്നില്ല. അവർ വയൽ കഴിഞ്ഞു് ഒരിടവഴിയിലേയ്ക്കു കടക്കുമ്പോൾ മറ്റൊരാൾ ചൂട്ടുംകൊണ്ടു വയലിലേയ്ക്കു് ഇറങ്ങിവന്നു. രണ്ടുപേരും തമ്മിൽ തിരിച്ചറിഞ്ഞയുടനെ രണ്ടാമതുവന്ന ആൾ:- “ഞാൻ അങ്ങോട്ടു വരികയാണു്.” ഇതു കേട്ടപ്പോൾ കുഞ്ഞിക്കേളുനമ്പ്യാർ,—അതു മറ്റാരുമായിരുന്നില്ല—“എന്താ വിശേഷിച്ചു്? പാറുക്കുട്ടിയ്ക്കു പനിയോ മറ്റോ ഉണ്ടായോ?”
“പനിയോ? അതൊന്നുമില്ല. കുറുപ്പിനേയും മകളേയും കാണാനില്ല. ഇന്നു രാവിലെ വീട്ടിലുള്ള സ്ത്രീകൾ എഴുന്നേറ്റു നോക്കിയപ്പോഴാണു്, രണ്ടുപേരെയും കാണാനില്ലെന്നറിഞ്ഞതു. ഞാൻ പുലരാൻ അഞ്ചുനാഴിക മുമ്പു തന്നെ എഴുന്നേറ്റു്, പണിസ്ഥലത്തു പോയിരുന്നു. ഇപ്പഴാണു മടങ്ങിവന്നതു് വിവരമറിഞ്ഞ ഉടനെ ഞാൻ അങ്ങോട്ടേയ്ക്കു പുറപ്പെട്ടു.
- നമ്പ്യാർ:
- “അവർ എവിടേക്കാണു പൊയ്ക്കളഞ്ഞതു്?”
“ആരും അറിയുന്നില്ല കണ്ടവരും, ആരുമില്ല.”
വിവകോദയം, 1088 തുലാം.
അവനൊരു അപ്പക്കഷണവും കൈയിൽപിടിച്ചു അതിൽ നിന്നു് അല്പാല്പം കടിച്ചുതിന്നുകൊണ്ടു് കോലായിൽ തനിയെ ഇരിക്കുകയാണു്. ഒരു ആറുവയസ്സിൽ അധികമില്ല. ശിശുവാണെങ്കിലും അവന്റെ മുഖത്തു ഉള്ളിലുള്ള ചില മനോവികാരങ്ങളുടെ ലക്ഷണങ്ങൾ കാണാനുണ്ടു്. കുട്ടിക്കു് എന്തോ വലുതായ വ്യസനമുണ്ടു്. അപ്പം കടിച്ചുതിന്നുന്നുണ്ടെങ്കിലും അതിലല്ല കുട്ടിയുടെ ശ്രദ്ധ. ആകാശത്തിൽ കറുത്തിരുണ്ടു തിങ്ങിക്കൂടിയതിനു ശേഷം ധാരധാരയായി താഴോട്ടു പതിക്കേണ്ടതിനു സഹായിക്കാൻ ഒരു ചെറിയ ശീതക്കാറ്റിനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന കാർമേഘങ്ങളെപ്പോലെ കുട്ടിയുടെ കണ്ണിൽ കണ്ണുനീർ തയാറായിനിൽക്കുന്നുണ്ടു്. ഒരു ചെറിയ സംഗതിവല്ലതും മതി; അഥവാ അതിന്റെ ആലോചന ഒരു പടികൂടി മുന്നോട്ടുപോയാൽ മതി, കണ്ണുനീർ ധാരധാരയായി മുറിഞ്ഞുവീഴുന്നതു കാണാം.
എന്തായിരിക്കും ഈ കുട്ടിയുടെ വ്യസനത്തിനു കാരണം? സാധുകുട്ടി, അനാഥനാണോ? അതെ, കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചുപോയി. അമ്മ മരിച്ചിട്ടു് ഒരാഴ്ച കഴിയുന്നതിനുമുമ്പു് അച്ഛനും മരിച്ചു. രാജ്യത്തു കഠിനമായി വ്യാപിച്ചിരിക്കുന്ന വസൂരിരോഗത്തിന്നു രണ്ടുപേരും ഇരയായി ഭവിച്ചു. കഷ്ടം! അച്ഛൻ കൂലിപ്രവൃത്തിയെടുത്തു ഭാര്യയേയും തന്റെ ഏകപുത്രനേയും അത്യന്തം വാത്സല്യത്തോടെ പോറ്റിക്കൊണ്ടുവരുന്നതിനിടയ്ക്കാണു് ഈ അത്യാപത്തു നേരിട്ടതു്. കുട്ടിക്കു തറവാട്ടിൽ വല്ലവരുമുണ്ടോ? അമ്മയുടെ കുടുംബംഗങ്ങളായി ആരുമില്ല. ഇങ്ങനെ ആരുമോരുമില്ലാതെ അത്യന്തം സങ്കടസ്ഥിതിയിലായ കുട്ടിയെ അതിന്റെ അച്ഛന്റെ ഒരു അനുജൻ, അയാളുടെ വീട്ടിൽ കൊണ്ടുവന്നു വളർത്തിവരികയാണു്. രാമൻനായർക്കു മക്കളില്ല. അയാളും ഭാര്യയും സ്വകാര്യം ഒരു ചെറിയ വീട്ടിലാണു് താമസം. പാലത്താഴി എടത്തിൽ നീലകണ്ഠൻനായർ എന്ന ശ്രുതിപ്പെട്ട ആളുടെ സർവ്വവസ്തുക്കൾക്കും ഏകാവകാശിയാണു്. എടുത്താലൊഴിയാത്ത മുതലുള്ള ആ തറവാട്ടിൽ വേറെ വിശേഷിച്ചാരും ഇല്ലാതിരുന്നിട്ടും ആ മുതലുകളിൽനിന്നുണ്ടാകുന്ന ആദായം കൊണ്ടു നാൾകഴിച്ചു വെറുതെ ഇരുന്നുകളയാമെന്നു വിചാരിക്കാതെ, വിവേകജ്ഞനായ നീലകണ്ഠൻ നായർ ബിലാത്തിയിൽ പോയി ബാരിസ്റ്റർ പരീക്ഷ ജയിച്ചുവന്നതിനുശേഷം കുറേക്കാലം മദിരാശിയിൽ ആ പ്രവൃത്തി നടത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സൽഗുണങ്ങളും രാജഭക്തിയും, നിയമസംബന്ധമായ പരിജ്ഞാനവും, സാമർത്ഥ്യവും, ബുദ്ധിശക്തിയും കണ്ടറിഞ്ഞ ഗവണ്മെന്റു അദ്ദേഹത്തെ ഒരു ഹൈക്കോടതി ജഡ്ജിയായി നിശ്ചയിച്ചു. നീലകണ്ഠൻനായർക്കു സ്വദ്ദേശത്തിൽ അതിവിശേഷമായ ഒരു ഭവനമുണ്ടു്. ബിലാത്തിയിൽ പ്രഭുക്കന്മാരുടെ സദനങ്ങളെ മാതൃകയാക്കി ഉണ്ടാക്കപ്പെട്ട ഈ വീട്ടിനു തൊട്ടുകൊണ്ടുള്ള അതിരമണീയമായ തോട്ടത്തെ നോക്കിനടത്താനുള്ള അധികാരിയായിരുന്നു രാമൻനായർ. രാമൻനായർക്കു് താമസിക്കാൻ ചെറിയ ഒരു വീടു് തോട്ടത്തിന്റെ ഒരു ഭാഗത്തു വീട്ടിന്റെ തൊടിയിൽ കടക്കാനുള്ള വലിയ ഗെയിറ്റിനു സമീപം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടു്. ആ ചെറിയ വീട്ടിന്റെ കോലായിലാണു നാം, ആ ചെറിയ കുട്ടിയെ മേൽവിവരിച്ചവിധത്തിൽ ഏറ്റവും പരിതാപകരമായ ഭാവത്തിൽ കണ്ടതു്.
കുട്ടി കുറെനേരം അവിടെ ഇരുന്നശേഷം അകായിൽ നിന്നു ഒരു സ്ത്രീ വെളിക്കിറങ്ങിവന്നിട്ടു—“കുട്ടാ തോട്ടത്തിലൊന്നും പോവരുതെ ഏമാനൻ കണ്ടാൽ ദേഷ്യപ്പെടും. പൂക്കളൊന്നും അറുക്കരുതെ” എന്നു പറഞ്ഞു. കുട്ടൻ മുഖം തിരിക്കാതെയും തന്നോടു് സംസാരിച്ച സ്ത്രീയുടെ മുഖത്തേക്കു നോക്കാതെയും “ഇല്ല” എന്നുമാത്രം പറഞ്ഞു. കുട്ടിക്കു സംസാരിക്കാൻ അത്ര സൗകര്യമില്ലാതിരിക്കത്തക്കവണ്ണം തൊണ്ടയിൽ എന്തോ വന്നു തടയുന്ന വിധം തോന്നി. ഈ സങ്കടക്കട്ട പലപ്പോഴും അവനെ, തൊണ്ടയിൽ കുടുങ്ങി ഈയിടെ ബുദ്ധിമുട്ടിക്കാറുണ്ടു്. ഇതാണല്ലോ പലപ്പോഴും നമ്മയൊക്കെ ഗൽഗദാക്ഷരത്തിൽ സംസാരിക്കാൻ സംഗതിയാക്കാറുള്ളതു്. രാമൻനായരുടെ ഭാര്യ കുട്ടനെ വളരെ വാത്സല്യത്തോടെ പോറ്റിവരുന്നുണ്ടെന്നതിനു് സംശയമില്ല. അവനാവശ്യമുള്ള സാധാനങ്ങളൊക്കെ ആ സ്ത്രീ കഴിയുംപോലെ കൊടുക്കാറുണ്ടു്. ഭക്ഷണസാധനങ്ങളിൽ നല്ലവയൊക്കെ അവനു് കൊടുത്തശേഷമേ അവളും ഭർത്താവും തിന്നുകയുള്ളു രാമൻ നായരും എപ്പോഴും നല്ലവാക്കു പറഞ്ഞും മറ്റും കുട്ടനെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. കുട്ടനു അവരോടു അനിഷ്ടമാണെന്നു പറഞ്ഞുകൂടാ. പക്ഷേ, അവന്റെ അമ്മയിലും അച്ഛനിലും കണ്ടിരുന്നതും അനുഭവിച്ചിരുന്നതും ആയ എന്തോ ഒന്നു്, എളയച്ഛനിലും അയാളുടെ ഭാര്യയിലും അവൻ കണ്ടില്ല. കുട്ടി എപ്പോഴും അമ്മയേയും അച്ഛനേയും തന്നെ വിചാരിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ ആരും കാണാതെ തനിയെ ഇരുന്നു കരയും. ഉറക്കത്തിൽ ചിലപ്പോൾ “അമ്മെ അമ്മെ നിങ്ങളെവിടെയാണു്” എന്നിങ്ങനെ പലതും അമ്മയെ പ്പറ്റി പറഞ്ഞുകൊണ്ടിരിക്കും.
അന്നു്, കുട്ടി അങ്ങനെ ഇരുന്നുകൊണ്ടിരിക്കുമ്പോൾ, ഇരട്ടക്കുതിരപൂട്ടിയ ഒരു വിശേഷമായ വണ്ടി ഗയിറ്റിനടുത്തു വരുന്നതും തന്റെ ഇളയച്ഛൻ ഓടിച്ചെന്നു പടിവാതിൽ തുറന്നുകൊടുക്കുന്നതും കുട്ടി കണ്ടു. വണ്ടി ഓടിച്ചുകൊണ്ടു വീട്ടിലേക്കു പോകുന്നതിനിടയ്ക്കു അതിലുണ്ടായിരുന ആൾ കുട്ടിയെത്തന്നെ ഒന്നു സൂക്ഷിച്ചുനോക്കി. പിന്നെയും കുറേ നേരം ഇരുന്നശേഷം, കുട്ടി അവിടെനിന്നെഴുന്നെറ്റു സാവധാനത്തിൽ കോലായിൽനിന്നു മുറ്റത്തിറങ്ങി വളപ്പിൽ കയറി തോട്ടത്തിലേക്കു നടന്നു. എവിടേയ്ക്കാണു താൻ നടന്നുപോകുന്നതെന്നൊന്നും കുട്ടിക്കു വിവരമുണ്ടായിരുന്നില്ല. “തോട്ടത്തിലൊന്നും പോകരുതു്” എന്നു് ഇളയമ്മ വിരോധിച്ചതിനെ കുട്ടി മറന്നിരിക്കണം. കുട്ടി നടന്നുനടന്നു്, പൂന്തോട്ടം കഴിഞ്ഞു് കുറെ ചുള്ളിക്കാടുകളും അവിടവിടെ മാർദ്ദവമുള്ള പുല്ലുകളുമുള്ള ഒരു സ്ഥലത്തെത്തി. പുല്ലിൽ ഒരു ദിക്കിൽ കുട്ടി കിടന്നു. കിടന്നയുടനെ കരഞ്ഞുതുടങ്ങി. കുറേനേരം കരഞ്ഞശേഷം എഴുന്നേറ്റു കണ്ണുനീർ തുടച്ചു. “അമ്മേ, അമ്മേ” എന്നു മെല്ലെ വിളിച്ചുകൊണ്ടു പിന്നെയും നടന്നു. ഈശ്വരൻ കുട്ടിയുടെ ദീനസ്വരംകേട്ടു ദയവിചാരിച്ചായിരിക്കാം. വീട്ടിലേക്കു മടങ്ങുന്നതിനു പകരം കുട്ടി മറ്റൊരു വഴിക്കാണു നടന്നതു്. കുറെ നടന്നശേഷം ഒരു വലിയ മതിൽ കണ്ടു. ഇതു് എന്തായിരിക്കും? ഇതിനുള്ളിൽ എന്താണുള്ളതു് എന്നറിയാതെ കുട്ടി അത്ഭുതപ്പെട്ടു. കുറെദൂരത്തൊരു ഗയിറ്റു കണ്ടതിനു നേരെ നടന്നു. ഗെയിറ്റടച്ചിരിക്കുന്നു. അതിന്റെ അഴിയുടെ ഉള്ളിൽക്കൂട്ടി നോക്കിയപ്പോൾ അവിടെ അതിമനോഹരമായ പുഷ്പങ്ങളും ചെടികളും മറ്റും നിറഞ്ഞ, ഒരു തോട്ടമാണു് അവൻ കണ്ടതു് ഹാ! എത്ര വിശേഷമായ കാഴ്ച! തോട്ടത്തിന്റെ നടുവിൽ മനുഷ്യാകൃതിയിൽ വെള്ളക്കല്ലുക്കൊണ്ടുണ്ടാക്കിയ ഒരു രൂപം കണ്ടു് അവൻ അത്ഭുതപ്പെട്ടു. കുറേനേറം ഈ കാഴ്ചകളൊക്കെ കണ്ടുകൊണ്ടു നിൽക്കെ, വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ തോട്ടത്തിൽക്കൂടി നടന്നുവരുന്നതു് അവന്റെ കണ്ണിൽ പ്രത്യക്ഷപ്പെട്ടു. ആ സ്ത്രീ അതിസുന്ദരിയായിരുന്നു. വെളുത്തുമെലിഞ്ഞ ആ സ്വരൂപം അവന്റെ അമ്മയെയാണു് ഓർമ്മയിപെടുത്തിയതു് എന്നാൽ അമ്മ ഇങ്ങനെയല്ല വസ്ത്രം ധരിക്കാറു്. ഈ സ്ത്രീ ശരീരം മുഴുവൻ കുപ്പായവും ചേലയും മറ്റും ധരിച്ചു് മറച്ചിരിക്കുന്നു. സ്ത്രീ എന്തോ ആലോചിച്ചുകൊണ്ടു് താഴോട്ടുനോക്കി നടന്നുകൊണ്ടിരിക്കയാണു്. അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്ന ആ സ്ത്രീയെ കണ്ടതേയില്ല. കുറേനേരം കുട്ടി ആ സ്ത്രീയെത്തന്നെ നോക്കിക്കൊണ്ടിരുന്നശേഷം, ഇനി മടങ്ങി വീട്ടിലേക്കു പോകാമെന്നു നിശ്ചയിച്ചു. തൽസമയം സ്ത്രീ തലയുയർത്തി നോക്കുകയും ശിശുവിനെ കാണുകയുംചെയ്തു. ഏതാണു് ഇങ്ങനെ ഒരു കുട്ടി ഈ സമയം അവിടെ വന്നതെന്നറിവാൻ, ആ സ്ത്രീ അവന്റെ അടുക്കലേയ്ക്കു നടന്നുതുടങ്ങി. താൻ അവിടെ ചെന്നതുകൊണ്ടു് ആ സ്ത്രീ പക്ഷേ, കോപിക്കുമെന്നു വിചാരിച്ചു് കുട്ടി അവിടെനിന്നും മാറാൻ ഭാവിച്ചെങ്കിലും, സ്ത്രീയുടെ മുഖം നല്ലവണ്ണം കണ്ടപ്പോൾ കുട്ടിക്കു് അതിന്റെ അമ്മയെ രണ്ടാമതും ഓർമ്മവന്നു. അവിടെയിരുന്നു് “അയ്യോ അമ്മേ! അമ്മേ!” എന്നു പറഞ്ഞു്, കരഞ്ഞുതുടങ്ങി. സ്ത്രീ ഗെയിറ്റിനടുത്തു വന്നിട്ടു്, “കുട്ടീ, എന്താണു്? നീയാരാണു് ? അയ്യോ, കുട്ടീ നീയെന്തിനാണു കരയുന്നതു്?” എന്നു ചോദിച്ചു. കുട്ടി ഒരു കൈ നിലത്തുകുത്തി മറ്റെ കൈപ്പടം മടക്കി കണ്ണുതിരുമിക്കൊണ്ടു്. “എന്റെ അമ്മ, എന്റെ അമ്മ” എന്നിങ്ങനെ പറഞ്ഞു. “നിന്റെ അമ്മയ്ക്കു എന്താണു കുട്ടി? നീ എന്തിനു കരയുന്നു?” എന്നു പിന്നെയും ആ സ്ത്രീ ചോദിച്ചതിനു് കുട്ടി ഒന്നും ഉത്തരം പറയാതിരുന്നതിനാൽ, “നീ അവിടെ നിൽക്കു്. ഞാൻ പോയി ഗെയിറ്റിന്റെ താക്കോൽ കൊണ്ടുവരട്ടെ. ഈ ഗെയിറ്റു തുറന്നിട്ടു കുറേക്കാലമായി” എന്നു പറഞ്ഞു സ്ത്രീ ഓടിപ്പോയി. രണ്ടുമിനിട്ടുനേരം കൊണ്ടു സ്ത്രീവന്നു്, ഗെയിറ്റിന്റെ പൂട്ടിൽ താക്കോലിട്ടു തിരിച്ചുതുടങ്ങി. മണ്ണുപിടിച്ച ആ പൂട്ടു തുറക്കാൻ അവർ കുറെ അദ്ധ്വാനിക്കേണ്ടിവന്നു. ഗെയിറ്റു തുറന്നു് കുട്ടിയുടെ അടുക്കൽ ചെന്നിട്ടു്, “കുട്ടീ എഴുന്നേൽക്കൂ” എന്നു പറഞ്ഞു് അതിനെ പിടിച്ചെഴുന്നേല്പിച്ചു “നിനക്കെന്താണു്? നീ എന്തിനു കരയുന്നു? നീ വീണുവോ? പറയൂകുട്ടീ, പറയൂ” എന്നിങ്ങനെ വളരെ ദയയോടുകൂടി ചോദിച്ചു.
കുട്ടിയാകട്ടെ, വിങ്ങിവിങ്ങി കരഞ്ഞുകൊണ്ടു് “അയ്യോ, അമ്മേ! അമ്മേ!” എന്നു മാത്രം പറഞ്ഞു. കുട്ടി വീട്ടിലേയ്ക്കു നടക്കാൻ ഭാവിച്ചെങ്കിലും, ആ സ്ത്രീ അതിനെ മെല്ലെ പിടിച്ചുനിർത്തി, മുട്ടുകുത്തി അതിന്റെ പിടിച്ചു് ആലിംഗനംചെയ്തു. ആ സ്ത്രീയും കഠിനമായ വ്യസനം ഉണ്ടായപോലെ ശരീരം വിറച്ചുതുടങ്ങി. കുട്ടിയുടെ മുഖം അവരുടെ മാറോടണച്ചു. സ്ത്രീയുടെ കവിൾത്തടം അതിന്റെ തലയിൽവച്ചുകൊണ്ടു് കുറേനേരം ഒന്നും മിണ്ടാതെയും കൈകൊണ്ടു് സാവധാനത്തിൽ കുട്ടിയെ തന്റെ ശരീരത്തോടു് അടുപ്പിച്ചുപിടിച്ചുകൊണ്ടും, നിന്നുകൊണ്ടിരിക്കെ, അവരും കരയുന്നുണ്ടെന്നു കുട്ടിക്കുതോന്നി. കുട്ടിക്കു് എന്തോ ഒരു പരമസന്തോഷം ജനിച്ചപോലെ ഒരു മനോവികാരമുണ്ടായി. അവൻ അറിയാതെ അവന്റെ കൈകൾ തനിയെ അവരുടെ ശരീരത്തെ ചുറ്റിപ്പിടിച്ചു. രണ്ടുപേരും വിവിധങ്ങളായ മനോവികാരങ്ങളോടുകൂടി അങ്ങിനെയിരിപ്പായി.
അല്പം കഴിഞ്ഞപ്പോൾ അവൾ നിവർന്നുനിന്നു കുട്ടിയെ സാവധാനത്തിൽ തോട്ടത്തിലേയ്ക്കു നടത്തിക്കൊണ്ടു പോയി. തോട്ടത്തിന്റെ ഒരു ഭാഗത്തു് കല്ലുകൊണ്ടു് കെട്ടിയുണ്ടാക്കിയ ഒരു തൊട്ടിയും അതിലേയ്ക്കു് വെള്ളം ചെന്നുവീഴുന്ന ഒരു കുഴലും ഉണ്ടു്. അതിന്നടുക്കെ കുട്ടിയെ നടത്തിക്കൊണ്ടുപോയി കുഴലിന്റെ ഒരു ആണിതിരിച്ചു് അതിൽ നിന്നു വീഴുന്ന വെള്ളം തൊട്ടു് കുട്ടിയുടെ കണ്ണും മുഖവും തുടച്ചു. തന്റെ കണ്ണും കഴുകി, കുട്ടിയോടു്.
“നമ്മൾ കരഞ്ഞിരുന്നുവെന്നു് ആരും അറിയരുതു് ഇല്ലെ?” എന്നു ചോദിച്ചു.
“അതെ, ആരും അറിയരുതു്” എന്നു കുട്ടിയും പറഞ്ഞു.
- സ്ത്രീ:
- “കുട്ടീ നിന്റെ പേരെന്താണു്?
- കുട്ടി:
- “ശങ്കരൻകുട്ടി—എന്നെ കുട്ടനെന്നാണു് എല്ലാവരും വിളിക്കാറു, എനിക്കു ആറു വയസ്സായി.
കുട്ടിയോടു് അതിന്റെ പേരുചോദിക്കാറുള്ളവരൊക്കെ എത്ര വയസ്സായെന്നും സാധാരണ ചോദിക്കാറുള്ളതിനാൽ പേരു പറഞ്ഞ ഉടനെ വയസ്സും പറഞ്ഞതാണു്. ഏതായാലും കുട്ടിയുടെ ഉത്തരം കേട്ടയുടനെ സ്ത്രീ കഠിനമായ മനോവേദന പ്രദർശിപ്പിച്ചുകൊണ്ടു് ഒന്നു ദീർഘശ്വാസംചെയ്തു ചുണ്ടുകടിച്ചു. അവരുടെ കണ്ണു കലങ്ങി. അല്പം കഴിഞ്ഞശേഷം കുട്ടി.
“നിങ്ങളെന്തിനാണു് വ്യസനിക്കുന്നതു്?” എന്നു ചോദിച്ചു. അതിനു സ്ത്രീ നേരിട്ടു മറുപടിപറയാതെ. “വരൂകുട്ടീ, നാമീതോട്ടത്തിൽ നടക്കുക. നീ എന്നോടു് നിന്റെ വർത്തമാനമൊക്കെ പറയണം. നീ എങ്ങിനെയാണു് ഇവിടെ എത്തിയതു് ?”
- കുട്ടി:
- “എനിക്കു വല്ലാതെ വ്യസനമായി ഞാൻ ഇങ്ങോട്ടു നടന്നു. എന്നെ കണ്ടിട്ടു നിങ്ങൾക്കു് സന്തോഷമുണ്ടു് ഇല്ലെ?”
- സ്ത്രീ:
- “നിശ്ചയമായും—എനിക്കു് വളരെ സന്തോഷമുണ്ടു്. നീ ഇനിയും വന്നു് എന്റെ ഒന്നിച്ചു് കളിക്കുമോ?”
- കുട്ടി:
- “നിങ്ങൾ എന്റെ ഒന്നിച്ചുകളിക്കുമോ?”
- സ്ത്രീ:
- “കളിക്കും, കുട്ടാ—നീ അറിഞ്ഞിരുന്നുവെങ്കിൽ—നീ എവിടന്നാണു വരുന്നതു?”
കുട്ടി അവരോടു തന്റെ വിവരമൊക്കെ പറഞ്ഞുമനസ്സിലാക്കി. ഇടയ്ക്കു പല ചോദ്യങ്ങൾ ചെയ്യേണ്ടിവന്നെങ്കിലും മുഴുവൻ വിവരം അവർ ധരിച്ചു.
“നീ നിന്റെ ഇളയച്ഛന്റെ ഒന്നിച്ചുതന്നെ താമസിക്കാനാണോ ഇഷ്ടപ്പെടുന്നതു്?”
ഇതു കേട്ടപ്പോൾ കുട്ടി തലയാട്ടി. ഈ അവസ്ഥയിൽ അവനു് മറ്റൊന്നു ഇഷ്ടപ്പെടാൻ തരമില്ലല്ലോ ഉടനെ അല്പം ഭയപ്പെട്ടതു പോലെ—
“അവരെന്നെ ദേഷ്യപ്പെടും…” എന്നു വളരെ വ്യസനത്തോടുകൂടി പറഞ്ഞു.
“ശരി:—ഞാൻ കൂടി നിന്റെ ഒന്നിച്ചുവന്നു് അവരോടു വിവരമൊക്കെ പറയാം. ദിവസേന രാവിലെ നിന്നെ ഇവിടെ അയയ്ക്കാൻ ഞാൻ നിന്റെ ഇളയമ്മയോടു പറയാം. ഞാൻ മിക്കദിവസവും രാവിലെ ഈ തോട്ടത്തിലുണ്ടായിരിക്കും. ചിലപ്പോൾ ഞാൻ വല്ല പുസ്തകം വായിക്കയോ ചിലപ്പോൾ വല്ലതും തുന്നിക്കൊണ്ടിരിക്കയോ ചെയ്യും. കുട്ടാ, നിന്റെ കുടുക്കു് അഴിഞ്ഞിരിക്കുന്നു. ഞാൻ, കുടുക്കിത്തരാം.”
കുട്ടി ഒരു ചെറിയ കുപ്പായം ധരിച്ചിരുന്നു. അതിന്റെ അഴിഞ്ഞ കൂടുക്കു് ആ സ്ത്രീ ഇട്ടുകൊടുത്തു. അപ്പോൾ കുട്ടി—“നിങ്ങൾക്കു എന്നോടു എത്ര ദയയുണ്ടൂ?” എന്നു മെല്ലെ പറഞ്ഞു. പിന്നെയും സ്ത്രീ കരയുന്നതുകണ്ടു്. കുട്ടി വല്ലാതായി. ഇനി അവൻ വന്നാൽ താൻ കരയുകയില്ലെന്നു പറഞ്ഞു് കുട്ടിയുടെ കയ്യുംപിടിച്ചു രാമൻനായരുടെ വീട്ടിലേക്കു നടന്നു.
അങ്ങിനെ കുട്ടനു് നല്ലകാലം വന്നുതുടങ്ങി. എല്ലാ ദിവസവും സ്ത്രീയെ കാണ്മാൻ അവനു സാധിച്ചില്ല. എന്നാൽ ഏതുദിവസം വന്നാൽ തന്നെ കാണുമെന്നു് അവൻ വിട്ടുപിരിയുമ്പോൾ പറയാറുണ്ടായിരുന്നു. കാണുമ്പോഴൊക്കെ അവർ ഒന്നിച്ചു കളിച്ചുകൊണ്ടിരിക്കും. ആദ്യമാദ്യം, ആ സ്ത്രീ കളിയിൽ അത്ര ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. കളിച്ചുകൊണ്ടിരിക്കെ മദ്ധ്യത്തിൽ കളി നിറുത്തി വല്ലതും ആലോചിച്ചുകൊണ്ടോ കുട്ടിയെ വല്ലതും എടുക്കാൻ തോട്ടത്തിന്റെ മറ്റേ അറ്റത്തേയ്ക്കു പറഞ്ഞയച്ചു കൊണ്ടോ മിണ്ടാതിരിക്കും. എന്നാൽ പിന്നീടു കളിയിൽ അധികം തൃഷ്ണകാണിച്ചു വല്ല മഞ്ഞോ മഴയോ ഉണ്ടെങ്കിൽ പുസ്തകം വായിച്ചു കുട്ടിക്കു് വല്ല കഥയും പറഞ്ഞുകൊടുക്കും. ഇങ്ങനെ കുട്ടി അവരെ വളരെ സ്നേഹിച്ചുതുടങ്ങി. സ്ത്രീയോ, അവരുടെ അവസ്ഥ നിങ്ങൾക്കു് ഉടനെ അറിയാം.
അങ്ങനെ രണ്ടുമാസം കഴിഞ്ഞു. വർഷമൊക്കെ കുറെ അവസാനിച്ചു. ഓണക്കാലമടുത്തു ചെടികളൊക്കെ പൂത്തുതളിർത്തു മനോഹരമായിരിക്കുന്നു. അതിൽ സൗരഭ്യമുള്ള കുസുമങ്ങളുടെ വാസനയും വഹിച്ചു മന്ദമാരുതൻ അങ്ങുമിങ്ങും വീശിക്കളിച്ചുകൊണ്ടു മനുഷ്യരുടെ പരമാനന്ദത്തിനു് സംഗതിയായിത്തീരുന്നു. നാളെ ആ സ്ത്രീയെ ചെന്നുകാണേണ്ടുന്ന ദിവസമാകയാൽ നമ്മുടെ കുട്ടൻ സമയവും പോകുന്നതു പാത്തുകൊണ്ടു അക്ഷമനായിരിക്കുന്നു. കുട്ടന്റെ ആകൃതിയിലും പ്രകൃതിയിലും വലിയമാറ്റം വന്നിരിക്കുന്നു. മുട്ടോളം എത്തുന്ന ഒരു ചെറിയ “ക്ലാസ”വും യൂറോപ്യൻ സമ്പ്രദായത്തിലുള്ള വെളുത്ത ഒരു ചെരിപ്പും കറുത്ത ഒരു “സാക്കുസും” ഒരു കോട്ടും ധരിച്ചു കുട്ടൻ വലിയൊരു കുലീനനായിരിക്കുന്നു ഈ സാധനങ്ങളൊക്കെ തനിക്കു് എവിടന്നാണു് കിട്ടിയതെന്നു് കുട്ടനു യാതൊരു രൂപവുമില്ല. അതിനെപ്പറ്റി ചോദ്യമൊന്നും ചോദിക്കരുതെന്നും ചീത്തയാക്കാതെ അതു ധരിച്ചുകൊണ്ടാൽ മതിയെന്നും ആണു് ഇളയമ്മയുടെ ശാസന. കുട്ടനെ അക്ഷരാഭ്യാസം ചെയ്യിക്കാൻ ദിവസേന ഒരാൾ അവന്റെ വീട്ടിലേക്കു വരാറുണ്ടു്. അന്നു കുട്ടൻ തന്റെ പഠിപ്പൊക്കെ കഴിഞ്ഞു് ഒരു ചിത്രപുസ്തകവും തുറന്നു മടിയിൽവെച്ചു് അതിലെ മനോഹരമായ പക്ഷിമൃഗാദികളുടെ രൂപങ്ങൾ നോക്കി ആനന്ദിച്ചുകൊണ്ടിരിക്കയാണു്.
ദിവസേന അതിലേ പോകാറുള്ള ഇരട്ടക്കുതിര പൂട്ടിയ വണ്ടി വരുന്നതു കണ്ട ഉടനെ ഇളയച്ഛൻ പറഞ്ഞു കൊടുത്തതുപോലെ കുട്ടൻ എഴുനീറ്റു് അതിലുള്ള ആളെ തൊഴുതു വന്ദിക്കാൻ സശ്രദ്ധനായി നിന്നു. വണ്ടി എല്ലാ ദിവസവും അതിലേ ഓടിച്ചുപോകയാണു പതിവെങ്കിലും അന്നു് അവിടെനിന്നു്, അതിലുള്ള ആൾ വാതിലിന്റെ ഉള്ളിൽക്കൂടി തലയിട്ടുകൊണ്ടു്, “കുട്ടീ നീ എന്റെ കൂടെ സവാരിക്കു വരുന്നോ? എന്നു ചോദിച്ചു. കുട്ടി വളരെ പരിഭ്രമിച്ചു. എന്നിട്ടു് “എന്താണു്” എന്നു ചോദിച്ചു. ഇതു കേട്ടു ഉടൻ രാമൻനായർ ഗയിറ്റു തുറന്നുപിടിച്ചു നിലയിൽനിന്നു കുട്ടനെ ഒന്നു ശാസിക്കുന്ന വിധത്തിൽ കണ്ണുമിഴിച്ചു. എങ്കിലും വണ്ടിയിലിരുന്ന ആൾ വളരെ ദയയോടുകൂടി “വരൂ കുട്ടി വരൂ നമുക്കു സവാരിക്കു പോവാം” എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കിന്റെ മാധുര്യം കൊണ്ടു വശീകരിക്കപ്പെട്ട കുട്ടൻ ഓടി വണ്ടിയുടെ അടുക്കൽ ചെന്നു. അദ്ദേഹം വണ്ടി തുറന്നു കുട്ടിയെ എടുത്തു താൻ ഇരിക്കുന്നതിനു് അഭിമുഖമായി മുൻഭാഗത്തിരുത്തി വണ്ടി അടിച്ചുപോയി. രാമൻ നായർ ഗയിറ്റുപൂട്ടുമ്പോൾ, “ചെറുക്കന്റെ ഭാഗ്യം” എന്നു പറഞ്ഞു് ഒരു മൂളൽപാട്ടും പാടി തോട്ടത്തിലേയ്ക്കു കടന്നു. വണ്ടിയിലെ ആൾ കുട്ടനോടു പലതും ചോദിച്ചുതുടങ്ങി. “കുട്ടീ, നീ മുമ്പു കുതിരവണ്ടിയിൽ കേറിയിരുന്നുവോ” എന്നു ചോദിച്ചതിനു് ഇല്ലെന്നും, മറുപടി പറഞ്ഞു ആ തോലിന്റെ കിടക്കയിൽ ഇരുന്നിട്ടു് കുട്ടനു് അത്ര സുഖമുള്ളവിധം തോന്നിയില്ല. വണ്ടി ക്ഷണത്തിൽ ഓടിച്ചുകൊണ്ടു് ഒരു റോഡിലേക്കു് തിരിഞ്ഞപ്പോൾ കുട്ടൻ ഒരു ഭാഗത്തേക്കു ചരിഞ്ഞു വീഴാൻ പോയി. ഉടനെ അദ്ദേഹം അവനെ എടുത്തു തന്റെ അടുക്കെത്തന്നെ ഇരുത്തി. കുട്ടി പണ്ടു കാണാത്ത ദിക്കുകളൊക്കെ കണ്ടു. ഒടുവിൽ ഒരു വലിയ ഷാപ്പിന്റെ മുമ്പാകെ വണ്ടി നിന്നു. കുട്ടന്റെ കൈയുംപിടിച്ചുകൊണ്ടു് അദ്ദേഹം അവിടെ ഇറങ്ങി. അവിടുന്നു കുട്ടനു കുടിക്കാൻ വളരെ മധുരമുള്ള ഒരു സാധനവും കുറെ ബിസ്കറ്റും കിട്ടി. കുട്ടനു അതു കൊണ്ടുക്കൊടുത്ത സ്ത്രീ അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവൻ മുഖം തിരിച്ചുകളഞ്ഞു. ചുംബനം ധാരാളം കിട്ടാറുള്ള ചെറിയ കുട്ടികൾ മാത്രമല്ലെ, അവ വേണ്ടെന്നു പറഞ്ഞു നിരസിക്കയുള്ളു.
അവിടെനിന്നും മടങ്ങി വീട്ടിൽ വരുമ്പോൾ വണ്ടിയിൽവെച്ചു കുട്ടൻ തന്റെ ഒന്നിച്ചുള്ള ആ മനുഷ്യന്റെ മുഖത്തുതന്നെ ഉറ്റുനോക്കിക്കൊണ്ടു്.
“എന്താണു് നിങ്ങൾക്കൊരു വ്യസനം?” എന്നു ചോദിച്ചു.
“വ്യസനമോ, എനിക്കു വ്യസനമുണ്ടെന്നു നീ വിചാരിക്കാൻ കാരണമെന്തു്?”
“നിങ്ങൾ വ്യസനിക്കും പോലെ തോന്നുന്നു.”
“ആട്ടെ കുട്ടി അതുപോകട്ടെ, എന്തോ എന്റെ മുഖത്തു് അങ്ങനെ കാണുന്നതായിരിക്കാം.”
“അല്ല; നിങ്ങൾ ചിലപ്പോഴൊക്കെവ്യസനിക്കുംപോലെ തോന്നുന്നു.”
“ഓഹോ, അങ്ങനേയോ?
“എന്നാൽ ഇപ്പോൾ നിങ്ങൾക്കു വ്യസനമില്ല.”
“ഹാ! കുട്ടി” എന്നുമാത്രം പറഞ്ഞു് അവനെ തന്റെ ശരീരത്തോടു് അടുത്തുപിടിച്ചു.
“കുട്ടീ, നീ നാളെയും എന്റെ ഒന്നിച്ചു സവാരിക്കു വരുമോ?”
“നാളെയോ? വരാം. ഇല്ല, ഇല്ല; നാളെ വരാൻ സാധിക്കയില്ല.”
നാളെ ആ സ്ത്രീയുടെ ഒന്നിച്ചു് തോട്ടത്തിൽ കളിക്കാൻ പോകേണ്ട ദിവസമാണെന്നു കുട്ടനു ക്ഷണത്തിൽ ഓർമ്മവന്നതിനാലായിരുന്നു, അങ്ങനെ പറഞ്ഞതു്. എന്നാൽ അങ്ങനെ കളിക്കാൻ പോകുന്ന വിവരം ആരോടും പറയരുതെന്നു് ആ സ്ത്രീ പ്രത്യേകം താക്കീതുചെയ്തിരുന്നതിനാൽ, എന്തുകൊണ്ടാണു നാളെ പോകാൻ സാധിക്കാത്തതെന്നു പറവാൻ കുട്ടനു സാധിച്ചില്ല.
“വൈകുന്നേരമാണെങ്കിൽ വരാം” എന്നുമാത്രം കുട്ടിപറഞ്ഞു. ഇതുകേട്ടു് അദ്ദേഹം പൊട്ടിച്ചിരിച്ചു. കുട്ടിയും ചിരിച്ചു. എന്തിനാണു താൻ ചിരിക്കുന്നതെന്നു് അവൻ തന്നെ അറിഞ്ഞിരുന്നില്ല. ഒടുവിൽ അദ്ദേഹം! “ഞാൻ സാധാരണ വൈകുന്നേരം സവാരിക്കു പോകാറില്ല. എന്നാലും നിനക്കുവേണ്ടി നാളെ നാലുമണിക്കു പോകാം.” എന്നു പറഞ്ഞു. അപ്പോഴേയ്ക്കും വണ്ടി ഗെയിറ്റുകടന്നു. വണ്ടി നിർത്തി, കുട്ടനെ അതിൽ നിന്നു ഇറക്കി അദ്ദേഹം പോകയും ചെയ്തു.
ബഹുമാനപ്പെട്ട ഹൈക്കോടതിജഡ്ജി നീലകണ്ഠൻനായരവർകളുടെ പ്രിയപത്നി ലക്ഷ്മിയമ്മ, തോട്ടത്തിൽ അക്ഷമമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തോട്ടത്തിൽ ഒരു ദിക്കിൽ ഒരു ബഞ്ചിന്മേൽ വെച്ചിരുന്ന ചില പലഹാരങ്ങളും കളിസ്സാമാനങ്ങളും കൂടെക്കൂടെ നോക്കിക്കൊണ്ടുമിരിക്കുന്നു. ഒടുവിൽ “ഗെയിറ്റ് തുറന്നില്ലേ” എന്നു സാവധനത്തിൽ പറഞ്ഞുകൊണ്ടു്, ഗെയിറ്റിന്നടുക്കെ പോയി അതു് ഉന്തിനോക്കി. തുറന്നിട്ടുണ്ടു്. “എന്തായിരിക്കും കുട്ടി വരാത്തതു് ? അവൻ നിശ്ചയിച്ചസമയം വരാതിരിക്കാറില്ലല്ലൊ. അവനു കളിക്കാൻ വേറെ വല്ല കുട്ടികളെയും കിട്ടിയോ?” എന്നു വിചാരിച്ചുകൊണ്ടു് കുട്ടൻ വരേണ്ടുന്ന വഴിക്കുതന്നെ നോക്കി. ഇല്ല, അവൻ വരുന്നതു കാണുന്നില്ല. “ഈ ഒരു സന്തോഷവും ഈശ്വരൻ ഇല്ലാതാക്കിയോ?” എന്നിങ്ങനെ സാവധാനത്തിൽ ഉച്ചരിച്ചുകൊണ്ടു് ആ സ്ത്രീ നിൽക്കുമ്പോൾ പിന്നിൽ നിന്നു ഒരാൾ നടന്നുവരുന്ന ഒച്ച കേട്ടു. നോക്കിയപ്പോൾ അതു് അവരുടെ ഭർത്താവണെന്നു കണ്ടു. നീലകണ്ഠൻനായർ തോട്ടത്തിൽ കടന്നിട്ടു രണ്ടുകൊല്ലമായി. അവരുടെ ഏകപുത്രൻ രണ്ടുംകൊല്ലം മുമ്പു മരിച്ചതിനുശേഷം അവരുടെ മൂന്നുപേരുടേയും വിഹാരസ്ഥലമായ ആ തോട്ടത്തിൽ അദ്ദേഹം ചവിട്ടാറില്ല. പുത്രശോകം കൊണ്ടോ മറ്റോ സ്ത്രീകൾ വ്യസനിച്ചുകൊണ്ടിരിക്കുമ്പോൾ പുരുഷന്മാർ കഴിയുന്നത്ര അവരുടെ അടുത്തു ചെല്ലാതിരിക്കയാണല്ലൊ ചെയ്യാറു് അന്നു് അദ്ദേഹത്തിന്റെ ഹൃദയത്തിൽ വലുതായ ചില ക്ഷോഭങ്ങൾ ഉള്ളപ്രകാരം മുഖസ്വഭാവം വെളിപ്പെടുത്തി. അദ്ദേഹം അടുത്തെത്തിയയുടനെ, “ലക്ഷ്മീ നീ എന്നെ ഇവിടെ ഈ സമയത്തു കണ്ടതിൽ അത്ഭുതപ്പെടുന്നുണ്ടായിരിക്കാം. നമ്മുടെ തോട്ടക്കാരന്റെ വീട്ടിൽ ഒരു ചെറിയ കുട്ടിയുണ്ടു് നീ കണ്ടിട്ടുണ്ടായിരിക്കാം. രാമന്റെ ജ്യേഷ്ഠന്റെ മകനാണു്. ഇന്നു രാവിലെ അവൻ ഒരു ചെറിയ മരത്തിന്മേൽ കയറിയപ്പോൾ വീണു് അവന്റെ കൈയുടെ എല്ലുപൊട്ടിയിരിക്കുന്നു” ഇതു കേട്ടപ്പോൾ ലക്ഷ്മിയമ്മ താനറിയാതെ അയ്യോ, എന്നു പറഞ്ഞുപോയി എങ്കിലും ധൈര്യം നടിച്ചു. അദ്ദേഹം പിന്നെയും പറഞ്ഞുതുടങ്ങി. “നിന്നെ ഞാൻ ഭയപ്പെടുത്തിയോ? ഞാൻ പോയി ഡാക്ടരെ കൂട്ടിക്കൊണ്ടുവന്നു, അയാൾ ആ വീട്ടിലുണ്ടു്. കുട്ടിയുടെ കൈ കെട്ടി. എന്നാൽ എനിക്കു പറവാനുള്ളതു മറ്റൊന്നുമല്ല. ആ വീട്ടിൽ സ്ഥലമില്ല. അതുകൊണ്ടു കുട്ടിയെ അവിടന്നു് എടുപ്പിച്ചു്.”
“ആസ്പത്രിയിൽ കൊണ്ടുപോകാനോ? അയ്യോ ചെയ്യരുതേ.”
“അല്ല; നമ്മുടെ വീട്ടിൽ—നിനക്കു വിരോധമുണ്ടാകുമോ? സാധുക്കുട്ടി! ഞാനവനെ രണ്ടുപ്രാവശ്യം എന്റെ വണ്ടിയിൽ കയറ്റി സവാരിക്കു കൊണ്ടുപോയി. അവന്റെ അച്ഛനും അമ്മയും മരിച്ചുപോയി. അവർ സാധുകളായിരുന്നുവെങ്കിലും പഴയ മാന്യകുടുംബത്തിലുള്ളവരായിരുന്നുവെന്നു ഞാനറിയുന്നു. എന്റെ അച്ഛന്റെ കുടുംബത്തിൽനിന്നു് അറ്റാലവകാശികളായി പോയിരുന്ന ഒരു തായ് വഴിയിൽപെട്ടവളാണു് ആ കുട്ടിയുടെ അമ്മ. അതു ഞാൻ അന്വേഷിച്ചറിഞ്ഞു. അതുകൊണ്ടു് അവനെ നമ്മുടെ വീട്ടിലേക്കു് എടുപ്പിച്ചുകൊണ്ടുവരണം. നീ എന്തു പറയുന്നു?”
“എനിക്കു് ഒരു വിരോധവും ഇല്ല…”
അല്പനേരം രണ്ടുപേരും ഒന്നുംമിണ്ടാതിരുന്നശേഷം ആ സ്ത്രീ അദ്ദേഹത്തിന്റെ കൈപിടിച്ചു അല്പം മുന്നോട്ടു നടന്നിട്ടു്. “നോക്കിൻ നിങ്ങൾ കണ്ടുവോ, ആ സാധനങ്ങൾ? അതു ഞാൻ ആ കുട്ടിയ്ക്കായി കൊണ്ടുവന്നതാണു്. അവൻ പലപ്പോഴും ഇവിടെ വന്നു കളിക്കാറുണ്ടു്. നമ്മുടെ ശങ്കരൻകുട്ടി മരിച്ചതിനു് അതേപേരുള്ള ഒരു കുട്ടിയെ നമ്മുക്കു കിട്ടിയതാണു്. നിങ്ങൾക്കു രസിക്കുമോ എന്നറിയാഞ്ഞിട്ടാണു് ഇതുവരെ ഞാൻ നിങ്ങളോടു പറയാതിരുന്നതു്.”
“ഞാനും ആ കുട്ടിയെ സ്നേഹിക്കുന്നു. നിനക്കു സഹിക്കയില്ലെന്നു ശങ്കിച്ചാണു ഞാൻ പറയാഞ്ഞതും ഡാക്ടർ അവിടെത്തന്നെ കാത്തുനിൽക്കുന്നുണ്ടു് നാം പോകുക.”
രണ്ടുപേരും പോയി കുട്ടിയെ എടുപ്പിച്ചു അവരുടെ വീട്ടിൽ കൊണ്ടുവന്നു ഒരാഴ്ച കഴിഞ്ഞു. നീലകണ്ഠൻ നായർ എടുത്ത അവധികഴിഞ്ഞു മദിരാശിയിലേക്കു മടങ്ങിപ്പോകാറായി. താനും ഭാര്യയും കുട്ടനും മദിരാശിക്കു പോയി/ അവന്റെ സുഖക്കേടൊക്കെ ഭേഭമായി. കുട്ടനെ നീലകണ്ഠൻനായർ തന്റെ പുത്രനും അവകാശിയുമായി ദത്തെടുത്തു. ആ സാധുക്കുട്ടി അങ്ങനെ വളരെ സ്വത്തിനും വലിയ മാനത്തിനും അവകാശിയായിത്തീർന്നു.
ചിങ്ങമാസമായി വർഷമൊക്കെ ഒന്നു നിലച്ചു. മഴയ്ക്കു പൊടിച്ചു് വേനലിനു് ഉണങ്ങുന്ന ചെടികളൊക്കെ പുഷ്പിച്ചു. പാടങ്ങളിൽ നെൽകൃഷി വളർന്നുമുതിർന്നുനില്ക്കുന്നു. ആറുകളിലും തോടുകളിലും വെള്ളം നിറഞ്ഞിരിക്കുന്നു. അങ്ങിനെയുള്ള കാലത്തു് ഒരു ദിവസം പ്രഭാതത്തിൽ ഒരു ഉൾപ്രദേശത്തുള്ള പ്രകൃതി ശ്രീ, ദിവാകരന്റെ ബാലകിരണങ്ങൾകൊണ്ടു് തേജോമയമായിത്തീർന്നിരീക്കുന്നു. അതിനെ കണ്ടാനന്ദിപ്പാനും ആ ആനന്ദത്തെ വാങ്രൂപേണ പ്രത്യക്ഷപ്പെടുത്താനും തക്ക ശേഷിയുംം വാസനയുമുള്ള മനുഷ്യജീവികളെ സമീപത്തെങ്ങും കാണുന്നില്ല. മനുഷ്യ ജീവികൾ ഇല്ലെങ്കിൽ എന്തു്? അന്നത്തെ അതിമനോഹരമായ കാഴ്ചയെ അതാ ചില പക്ഷികൾ സ്തുതിച്ചുപാടുന്നു. ഭക്ഷണംതെണ്ടി അങ്ങുമിങ്ങും പറന്നുപോകാനുള്ള ജോലിയെ വിസ്മരിച്ചുകൊണ്ടു് പ്രകൃതലോകത്തിന്റെ സൗന്ദര്യം കണ്ടു് ആനന്ദാകുലരായി ഓരോ വൃക്ഷശാഖകളിലിരുന്നു് ചിറകടിച്ചും വാലാട്ടിയും പലവിധ വിഹഗങ്ങൾ പല രീതിയിൽ പാടുന്നു. പുഷ്പങ്ങളുടെ വാസനയും പരന്നുതുടങ്ങി. ആ സുഗന്ധത്താൽ ആകർഷിക്കപ്പെട്ട ചിത്രശലഭങ്ങൾ വാസനയുള്ള ദിക്കിൽ ആഹാരവും ലഭിക്കുമെന്നു ധരിച്ചുകൊണ്ടു് പുഷ്പങ്ങളിലേക്കു പറക്കുന്നു. ഒരു വാസനയും ഇല്ലെങ്കിലും വർണ്ണസാന്നിദ്ധ്യം മതി എന്ന തത്വമനുസരിച്ചു നല്ല മണമില്ലാത്ത പൂക്കൾ മനോഹരമായ നിറംകൊണ്ടു് പാറകളെയും ഈച്ചകളെയും ആകർഷിക്കുന്നു. ഭംഗിയും കൗതുകവുമുള്ള സുമദലങ്ങളെപ്പോലുള്ള ചിറകുകൾകൊണ്ടു്, ഒരു പുഷ്പത്തിൽനിന്നു പറന്നു് മറ്റൊന്നിന്മേൽ വീഴുന്ന ചിത്രപതംഗങ്ങളെ കാണുമ്പോൾ, പൂക്കളും ജംഗമങ്ങളായിത്തീർന്നിരിക്കുന്നുവോ എന്നു തോന്നും. പുൽക്കൊടികളിൽ തങ്ങിനിന്നിരുന്ന മഞ്ഞിൻതുള്ളികളിൽ അരുണകിരണങ്ങൾ പ്രതിഫലിക്കയാൽ അവ നല്ല മുത്തുപോലെ പ്രശോഭിക്കുന്നു.
അങ്ങനെയുള്ള ഒരു പ്രഭാതത്തിലാണു്—രണ്ടു പെൺകുട്ടികൾ അന്യോന്യം കൈപിടിച്ചു് ഒരു വയലിന്റെ കരയിൽക്കൂടി നടന്നുപോകുന്നു. സഹോദരിമാരാണു് മൂത്തവൾക്കു് പതിനേഴു–പതിനെടു വയസ്സു പ്രായമുണ്ടായിരിക്കും. അവൾ അത്യന്തം വാത്സല്യത്തോടുകൂടി കൈപിടിച്ചുകൊണ്ടുപോകുന്ന സഹോദരിക്കു് പത്തുവയസ്സിൽ അധികമില്ല. സഹോദരിമാർ രണ്ടും ഓരോ ശുഭവസ്ത്രം കൊണ്ടു് അര മറച്ചിട്ടുണ്ടു്. ജ്യേഷ്ഠത്തി ഒരു ചെറിയ മുണ്ടു് കഴുത്തിൽക്കൂടി ഇട്ടതിന്റെ രണ്ടുതലയും പുറത്തു ഞാന്നുകിടക്കുന്നു. അനുജത്തിക്കു് അതുമില്ല. ആഭരണങ്ങളൊ? അതെ, രണ്ടുപേരും കാതിൽ ഓരോ ചെറിയ “ഇയ്യത്തോല” ധരിച്ചിരിക്കുന്നു. കഴുത്തിൽ കറുത്ത ഓരോ ചരടിന്മേൽ ഓരോ താലിയുമുണ്ടു്. ആഭരണങ്ങൾ തീർന്നു. ഇല്ല; തീർന്നെന്നു സത്യം ചെയ്തുപറവാൻ പാടില്ല അനുജത്തിയുടെ ഇടത്തേ കൈയുടെ ചെറുവിരലിന്മേൽ ഇരുമ്പു കൊണ്ടുള്ള ഒരു മോതിരവും കൂടെയുണ്ടു്. ഈ പെൺകുട്ടികൾ രണ്ടും ഏകോദരസഹോദരിമാരാണെന്നു മനസ്സിലാക്കാൻ ആരുടെയും സാക്ഷ്യം വേണ്ടിയിരുന്നില്ല. മുഖത്തിന്റെ ആകൃതിക്കു് അത്ര സാമ്യമുണ്ടു്. കനിഷ്ഠസഹോദരിയുടെ വർണ്ണം വെളുപ്പോടു കുറെ അധികം സാമീപ്യമുണ്ടെന്നൊരു വ്യത്യാസമേ ഉള്ള “കല്യാണിക്കു് അമ്മയുടെ നിറം കിട്ടിപ്പോയി” എന്നു ജ്യേഷ്ഠത്തിയും മറ്റു പലരും പറയാറുണ്ടു്. നിറംകൊണ്ടു് ഇങ്ങനെ വ്യത്യാസമുണ്ടെങ്കിലും കുഞ്ഞിക്കോ, കല്യാണിക്കോ അധികം സൗന്ദര്യമെന്നു ഖണ്ഡിച്ചു പറവാൻ ആർക്കും സാധിക്കയില്ല.
കാട്ടിലും എത്ര നല്ല പൂക്കൾ മൊട്ടിട്ടു വികസിച്ചു നശിക്കുന്നു? വല്ല കാടൻമധുകരനും ചെന്നു് അതിന്റെ പുതുമധു ആസ്വദിച്ചുപോകുന്നുവെന്നല്ലാതെ, നാഗരികർക്കു കാണ്മാനോ അനുഭവിക്കാനോ സരസന്മാരായ ചിത്രകരാകന്മാർക്കു് മാതൃകയായി ഉപയോഗിക്കാനോ സംഗതിവരുന്നില്ല. പിന്നെയല്ലേ, വല്ല പ്രഭുക്കളോ രാജാക്കന്മാരോ ക്രീഡാപുഷ്പമായി ഒരു ദിവസമെങ്കിലും ഉപയോഗിച്ചെന്നുള്ള ഭാഗ്യമനുഭവിക്കുന്നതു്!
നാഗരികസാധാരണമായ അലങ്കാരങ്ങളാൽ മോടിപിടിപ്പിച്ച സൗന്ദര്യം വേറേ; ആഡംബരരഹിതമായി നിസർഗ്ഗമായ നാടൻസൗന്ദര്യം വേറെ പ്രകൃതിദത്തമായതിനോടു മനുഷ്യന്റെ കരകൗശലപാടവംകൂടി ചേർന്നു പാൽക്കട്ടിപോലെയാണു് ഒന്നു്; മറ്റേതാകട്ടെ, ഇപ്പോൾ കറന്നെടുത്തു ധാരോഷ്ണമായ ശുദ്ധദുഗ്ദ്ധം പോലെതന്നെ.
സ്വർണ്ണപ്പണ്ടങ്ങളാലും പട്ടുവസ്ത്രങ്ങളാലും കാണികളുടെ ദൃഷ്ടിയെ അന്യഥാ ആകർഷിക്കപ്പെടാതെ, കാണുന്നവരൊക്കെ ഈ സഹോദരിമാരുടെ യഥാർത്ഥസൗന്ദര്യം കാണ്മാൻ സംഗതിവന്നതിനാൽ അവരുടെ മുഖകാന്തിയെപ്പറ്റി. അഭിപ്രായഭേദം ഉണ്ടായിരുന്നില്ല. ചെറിയ കുട്ടികൾ കണ്ട ഉടനെ അടുത്തുചെല്ലാൻ മടിക്കയും അടുത്തു ചെന്നാൽപ്പിന്നെ വിട്ടുപിരിയാൻ സങ്കടപ്പെടുകയും തരുണന്മാർ ദൂരെനിന്നു് ആനന്ദിക്കുകയും വൃദ്ധന്മാർ പുത്രീനിർവ്വശേഷമായ വാത്സല്യം കാണിക്കുകയും ചെയ്യാൻ മാത്രമുള്ള മാധുര്യസ്വഭാവവും ആകൃതിസൗഷ്ഠവവും വിനയാദി സൽഗുണങ്ങളും ഈ സഹോദരിമാർക്കു് സ്വതസ്സിദ്ധങ്ങളായ വിശിഷ്ടഗുണങ്ങളായിരുന്നു.
രണ്ടുപേരും വയലിന്റെ കരയിൽക്കൂടി നടന്നു് ഒരു തൊടിയിൽ കയറി, അനവധി വലിയ വൃക്ഷങ്ങളും വള്ളികളും നിബിഡമായി വളർന്നു ചെറിയൊരു കാടുപോലുള്ള ഒരു പറമ്പിൽ കയറി, ദൃഷ്ടിയിൽനിന്നു മറഞ്ഞു. അവർ ഇരുവരും പിന്നെ അതിൽ നിന്നു വെളിക്കു പുറപ്പെട്ടതു് ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞശേഷമായിരുന്നു. അപ്പോൾ കുഞ്ഞിയുടെ തലയിൽ ഒരു ചെറിയ വിറകു കെട്ടുണ്ടു്. കല്യാണി ആദ്യം ചെയ്തിരുന്നപോലെതന്നെ ജ്യേഷ്ഠത്തിയുടെ കൈ പിടിച്ചുകൊണ്ടു് അരികെ നടന്നു. സഹോദരിമാർ ആ കാട്ടുപറമ്പിലേക്കു പോയതു് വിറകുശേഖരിക്കാനായിരുന്നു എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.
അമ്മയും അച്ഛനും അവരോടുകൂടിത്തന്നെ ലോകത്തുള്ള മറ്റു സഹായങ്ങളും നശിച്ച അനാഥകളെയാണു് നാം ഈ കണ്ടതു്. അവർക്കു മൂന്നു സഹോദരന്മാരുണ്ടായിരുന്നു. അവരും അച്ഛനും നിത്യം കൂലിപ്പണിയെടുത്തു ദിവസേന വല്ലതും സമ്പാദിച്ചു കൊണ്ടു വന്നിരുന്നതുകൊണ്ടു് ആ സാധു തീയ്യക്കുടുംബം ദാരിദ്രമെന്നതു് അറിയാതെ കാലം കഴിച്ചുപോരികയായിരുന്നു. കല്യാണിക്കു രണ്ടുവയസ്സു പ്രായമായ അവസരത്തിൽ ആ പ്രദേശത്തു ബാധിച്ചിരുന്ന വിഷൂചികകൊണ്ടു്, ഈ രണ്ടു കുട്ടികളൊഴികെ ബാക്കിയുള്ളവരൊക്കെ ഇഹലോഹവാസം വെടിഞ്ഞു. അന്നു് എട്ടൊമ്പതു വയസ്സുമാത്രം പ്രയമുണ്ടായിരുന്ന കുഞ്ഞി, തന്റെ സഹോദരിയെ അത്യന്തവാത്സല്യത്തോടുകൂടി പോറ്റിരക്ഷിച്ചുപോന്നു. സമീപവാസികളിൽ സൗജന്യശാലികളായ ചിലർ ഈ സാധുക്കൂട്ടികൾക്കു പലവിധ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. കുഞ്ഞിയുടെ സർവ്വപ്രവൃത്തികളും അനുജത്തിയുടെ സുഖത്തെയും സന്തോഷത്തെയും ഉദ്ദേശിച്ചു മാത്രമായിരുന്നു. സമീപത്തു കുറെ സമ്പത്തുള്ള ഒരു തീയ്യഗൃഹമുണ്ടു്. അവിടെ പോയി വല്ല പണിയും ചെയ്തുകൊടുത്തു കിട്ടുന്ന അരിയോ നെല്ലോ കൊണ്ടുവന്നു പാകംചെയ്തു് ഭക്ഷണമുണ്ടാക്കി താനും സഹോദരിയും കഴിക്കും. കാട്ടുപറമ്പിൽ പോയി വിറകുപെറുക്കി കൊണ്ടുവന്നു മറ്റുള്ളവർക്കും വിൽക്കും പീടികക്കാർക്കു സാമാനങ്ങൾ പൊതിയുവാൻ ആവശ്യമുള്ള ചില ഇലകളും തെങ്ങിന്റെ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂലുകളും പറങ്കിമാങ്ങയുള്ള കാലത്തു് അവയുടെ അണ്ടി ശേഖരിച്ചുകൊണ്ടുവന്നു വറുത്തു് അതിന്റെ പരിപ്പെടുത്തു് അവയും ആവശ്യക്കാർക്കു വിറ്റു വല്ലതും സമ്പാദിക്കും ഇങ്ങനെ പലവിധത്തിലും അവരുടെ അഹോവൃത്തിക്കു വേണ്ടുന്നതു സമ്പാദിക്കയല്ലാതെ, ആ നിലയിലുള്ള മറ്റു ചിലർ ചെയ്യുമ്പോലെ യാചകവൃത്തിയോടു അവൾക്കു് അത്യന്തം വെറുപ്പായിരുന്നു. അച്ഛനമ്മമാർ ഉള്ള കാലത്തു് കുഞ്ഞിയെ സമീപമുള്ള ഒരു എഴുത്തുപള്ളിയിലയച്ചു എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. കല്യാണിക്കു നാലുവയസ്സു കഴിഞ്ഞ ശേഷം അവളെ കുഞ്ഞിതന്നെ അക്ഷരാഭ്യാസം ചെയ്യിച്ചു. അഞ്ചാംവയസ്സിൽ അവളെയും എഴുത്തുപള്ളിയിലേക്കുയച്ചു.
ഇങ്ങനെ പലവിധത്തിലും തന്റെ സഹോദരിയെ രക്ഷിച്ചുപോന്നിരുന്ന കുഞ്ഞിയുടെ പലവിധ ഗുണങ്ങൾ നാട്ടുകാരൊക്കെ കണ്ടറിഞ്ഞു് അവളെ സ്നേഹിച്ചുബഹുമാനിച്ചു. ഞാൻ ആദ്യം പറഞ്ഞ അടുത്ത വീട്ടുകാരുടെ ഒരു പുരയിലാണു് അവർ താമസിച്ചിരുന്നതു്. സ്ത്രീകളുടെ പാതിവ്രത്യാദിസൽഗുണങ്ങളേ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യാത്ത ദുഷ്ടമൃഗങ്ങൾകൂടി ഇല്ലെന്നു നാം പുരാണേതിഹാസങ്ങൾ വഴിയായി അറിഞ്ഞിട്ടുള്ളതാണല്ലോ. ഈ പെൺകിടാങ്ങൾ തനിയേ ആയിരുന്നു താമസമെങ്കിലും അവരെ ആരും ദ്രോഹിക്കയില്ലെന്നു് എല്ലാവർക്കും അവർക്കുതന്നെയും ബോദ്ധ്യവും വിശ്വാസവും ഉണ്ടായിരുന്നു. വീട്ടിന്റെ ഉടമസ്ഥന്മാർ അവരോടു കൂലിയായോ വേറെ വിധത്തിലോ യാതൊന്നും ആവശ്യപ്പെട്ടില്ലെങ്കിലും കൊല്ലത്തിൽ രണ്ടുപ്രാവശ്യം ഓണത്തിനും വിഷുവിനും മറ്റു കുടിയാന്മാർ ചെയ്യുംപോലെ ജന്മിയെ “വെച്ചുകാണ്മാൻ” കുഞ്ഞി മുടക്കം വരുത്താറില്ല.
ജന്മിയുടെ വീട്ടിൽ വയസ്സുമൂത്ത അമ്മയുടെ പേർ മാധവി എന്നായിരുന്നു. മാധവിയമ്മ വളരെ സുശീലയും ധർമ്മബുദ്ധിയും ആയിരുന്നു. അവർക്കു കുഞ്ഞിയോടും സഹോദരിയോടും തന്റെ സ്വന്തം പുത്രിമാരോടെന്നപോലെ അത്യന്തം വാത്സല്യമായിരുന്നു. വല്ലവിധത്തിലും കുഞ്ഞിയെ അനുരൂപനായ ഭർത്താവിനു കൊടുക്കണം എന്നു് ആ അമ്മ വളരെ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. കുഞ്ഞിയെ സംബന്ധം ചെയ്യുവാൻ ഇഷ്ടമുള്ളവർ പലരും ഉണ്ടായിരുന്നു എങ്കിലും അവൾക്കു തൽക്കാലം വിവാഹത്തിനു് തീരെ മനസ്സുണ്ടായിരുന്നില്ല.
അങ്ങനെ ഇരിക്കുമ്പോഴാണു് ഒരു ദിവസം അവളെ, സഹോദരിയോടുകൂടി കാട്ടുപറമ്പിൽ നിന്നു വിറകു പെറുക്കി കൊണ്ടുവരുന്ന നിലയിൽ നാം കണ്ടതു്. ആ വിറകുംകൊണ്ടു് അവൾ വയലിൽ കൂടി ചെന്നു് ഇടവഴിയിൽ കയറിയപ്പോൾ കണ്ടതു് തന്റെ ഭവിഷ്യത്തു തന്നെ മുർത്തീകരിച്ചുണ്ടായ ഒരു മനുഷ്യനെയായിരുന്നു.
ഏകദേശം ഇരുപത്തഞ്ചു വയസ്സു പ്രായമായി, യൂറോപ്യൻ സമ്പ്രദായത്തിൽ തലമുടി വെട്ടിച്ചുരുക്കി അതിനെ മുർദ്ധാവിൽ ചെറിയൊരു തൊപ്പികൊണ്ടു് ആച്ഛാദനം ചെയ്തു് കറുത്ത ഒരു കോട്ടു ധരിച്ചു് കഴുത്തിൽ ഒരു കോളറും ടൈയും കൊളുത്തി ഒരു കുട്ടിമുണ്ടുടത്തു്, കയ്യിൽ ഒരു കുടയുമായി കേവലം നാടന്മാരായ ജനങ്ങൾ നിവസിക്കുന്ന ആ പ്രദേശത്തു പുതിയ വല്ല വേഷമെങ്ങാൻ ഇറങ്ങിയ പോലെ കൗതുകം ജനിപ്പിക്കുന്ന ഒരു സ്വരൂപമാണു് ഇടവഴിയിൽ വച്ചു കുഞ്ഞി കണ്ടുമുട്ടിയതു്. ഈ വേഷം കണ്ടയുടനെ പെൺകുട്ടികൾ രണ്ടുപേരും ഒരുഭാഗത്തു മാറിനിന്നു. ആ മനുഷ്യൻ അവരെ സൂക്ഷിച്ചുനോക്കിയിട്ടു്. “അല്ല ഇതെന്തു കഥ! കുഞ്ഞിയല്ലേ ഇതു്?” നിന്റെ അനുജത്തിയാണോ ഇതു? ഇവൾ വളരെ വലുതായിപ്പോയല്ലോ എന്നു വളരെ പരിചയഭാവത്തിൽ പറഞ്ഞു. ഇതു കേട്ടപ്പോൾ കുഞ്ഞിയ്ക്കു ആദ്യം കുറെ പരിഭ്രമമുണ്ടെയെങ്കിലും ആളെ മനസ്സിലായുടനെ പൊട്ടിച്ചിരിച്ചുകൊണ്ടു്—
“എനിക്കു നിങ്ങളെ കേവലം മനസ്സിലായില്ല. ഈ വേഷം കണ്ടാൽ ആർക്കാണു മനസ്സിലാവുക? നിങ്ങളും വേദത്തിൽ കൂടിക്കളഞ്ഞോ?” എന്നു ചോദിച്ചു, കല്യാണി ഇതൊക്കെ കേട്ടപ്പോൾ കുറെ അന്ധാളിച്ചു, അതാരാണെന്നു ജ്യേഷ്ഠത്തിയോടു് കൈയാംഗ്യം കൊണ്ടു ചോദിച്ചു കുഞ്ഞി അതിനു മറുപടിയായി—
“അതെന്തു കല്യാണീ നിനക്കറിഞ്ഞുകൂടേ? നമ്മുടെ ശങ്കരനല്ലേ ഇതു്? മാധവിയമ്മയുടെ വീട്ടിലുണ്ടായിരുന്ന ശങ്കരൻ.”
തന്നെ കല്യാണിക്കു പരിചയപ്പെടുത്തിയ സമ്പ്രദായം ശങ്കരനു് അത്ര ബോദ്ധ്യമായില്ല; എന്നല്ല. ഇഷ്ടമായില്ല. ശങ്കരൻ ചെറുപ്പം മുതൽ അഞ്ചുകൊല്ലം മുമ്പുവരെ താമരക്കാട്ടുവീട്ടിൽ ഒരു ഭൃത്യനായിരുന്നു. അവനു പെറ്റമ്മയും ഒരു സഹോദരിയുമല്ലാതെ വിശേഷിച്ചു കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാധവിയമ്മ അവനെവെറും ഒരു ഭൃത്യന്റെ നിലയിലായിരുന്നില്ല കരുതിപ്പോന്നിരുന്നതു്. എന്നിട്ടും അവനു് ഇരുപതു വയസ്സായപ്പോൾ ആ പ്രായത്തിൽ സാധാരണ കാണാറുള്ള സ്വാതന്ത്ര്യബുദ്ധി ഉണ്ടായിത്തുടങ്ങി. സ്വാതന്ത്ര്യബുദ്ധി മനുഷ്യനു സ്വതസ്സിദ്ധമായ ഒരു ഗുണമാണു്. അതിനെ വിവേകം കൊണ്ടു ശരിയായ മാർഗ്ഗത്തിലേക്കു നടത്താൻ കഴിയാത്തപ്പോഴാണു് അതു് ഒരു വക ചാപല്യമായി പരിണമിക്കുന്നതു്. ശരീരത്തിൽ മേദസ്സ് വർദ്ധിച്ചാൽ അതിനെ വ്യായാമം കൊണ്ടു നിയന്ത്രണം ചെയ്യാതിരുന്നാൽ രോഗമായി പരിണമിക്കും പോലെതന്നെ. ശങ്കരൻ തന്റെ ചാപല്യം കൊണ്ടു് അസ്വസ്ഥചിത്തനായി. സ്ഥലമാറ്റംകൊണ്ടു് ആവകരോഗങ്ങൾക്കു സുഖമുണ്ടാകും. അങ്ങനെയാണു ശങ്കരൻ താമരക്കാട്ടുവീട്ടിൽ നിന്നു ചാടിപ്പോയതു് അവൻ അടുത്ത പട്ടണത്തിൽ പ്രവേശിച്ചു. പട്ടണങ്ങളിൽ ആൾപിടിയന്മാർ ധാരാളമുണ്ടല്ലൊ. ഒരു ഉദ്യോഗസ്ഥനു് ഒരു ഭൃത്യനെ അന്വേഷിച്ചു നടക്കുന്ന ഒരാൾ ശങ്കരനെ കണ്ടുമുട്ടി. അല്പസമയത്തെ സംഭാഷണം കൊണ്ടു ശങ്കരൻ ഒരു സബ് അസിസ്റ്റന്റുസർജ്ജൻ കാര്യസ്ഥനായി പട്ടണത്തിലെ പരിഷ്കാരങ്ങളൊക്കെ ഭാഷയിലും വേഷത്തിലും കാലതാമസം കൂടാതെ ഉണ്ടായിത്തുടങ്ങി. ദരസ്സനമാർക്കുണ്ടോ വല്ല ദിക്കിലും സ്ഥിരം! ശങ്കരന്റെ യജമാനനുമൊന്നിച്ചു ശങ്കരനും സേലം, ഗോദാവരി, ബർമ്മ മുതലായ ദിക്കിൽ സഞ്ചാരം കഴിഞ്ഞു മടങ്ങി വരുന്ന വഴിയ്ക്കാണു് കുഞ്ഞിയേയും കല്യാണിയേയും ഇടവഴിയിൽ കണ്ടുമുട്ടിയതു്.
- ശങ്കരൻ:
- അതെന്താ, ഞാൻ മതം മാറിയെന്നു നീ ശങ്കിച്ചതു്?
- കുഞ്ഞി:
- നിങ്ങളുടെ കോലം കണ്ടാൽ ഒരു ക്രിസ്ത്യാനിയെപ്പോലെ ഇരിക്കുന്നുവല്ലോ?
- ശങ്കരൻ:
- അതു് നീ രാജ്യങ്ങളൊന്നും നടന്നു കാണാഞ്ഞിട്ടല്ലെ? ഇപ്പോൾ തീയനും നായരും പട്ടരും എല്ലാം ഈ വേഷമാണു് കണ്ടാൽ അറികയില്ല.
- കുഞ്ഞി:
- നിങ്ങൾ പല രാജ്യത്തും പോയോ?
- ശങ്കരൻ:
- ഞാൻ ഇന്ത്യാരാജ്യം മുഴുവൻ സഞ്ചരിച്ചു. കപ്പൽ കയറി ബർമ്മയിലും പോയി.
- കുഞ്ഞി:
- നിങ്ങൾ എന്തുകൊണ്ടായിരുന്നു ആർക്കും ഒരു കത്തയയ്ക്കാതിരുന്നതു്?
- ശങ്കരൻ:
- ഞാൻ കത്തയച്ചിട്ടില്ലേ? മാധവിയമ്മയ്ക്കു ഞാൻ സേലത്തുനിന്നൊരു കത്തയച്ചു. രംഗൂണിൽനിന്നും ഒന്നയച്ചു. അതിനു് അവർ മറുപടി അയച്ചില്ല.
- കുഞ്ഞി:
- നിങ്ങളുടെ അമ്മയ്ക്കു കത്തയച്ചോ?
- ശങ്കരൻ:
- അമ്മയ്ക്കു എഴുത്തറിയോ, കത്തു വായിക്കാൻ? മാധവിയമ്മയുടെ എഴുത്തിൽ ഞാൻ അവരെ അന്വേഷിച്ചിട്ടുണ്ടല്ലോ.
ഇങ്ങനെ ഇവർ സംസാരിച്ചുകൊണ്ടിരിക്കെ, താമരക്കാട്ടിന്റെ പടിക്കൽ എത്തി. പിന്നെ കാണാമെന്നു പറഞ്ഞു്, ശങ്കരൻ പടി കയറിപോയി. ശങ്കരനെ കുഞ്ഞി ചെറുപ്പത്തിലെ കണ്ടു പരിചയമാണു്. അവൻ ഒരു ശുദ്ധഹൃദയനാണെന്നും ദുർമ്മാർഗ്ഗിയല്ലെന്നും അവൾ ധരിച്ചിരുന്നു.
ശങ്കരൻ നാട്ടിൽ മടങ്ങിവന്ന വിവരം അറിഞ്ഞപ്പോൾ അവന്റെ അമ്മയും പെങ്ങളും നാട്ടുകാരിൽ പലരും അവനെ കാണാൻ ചെന്നു. താൻ കണ്ടിരുന്ന രാജ്യങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും മറ്റും ശങ്കരൻ ധാരാളം അതിശയോക്തിയോടുകൂടി സർവ്വജനങ്ങളോടും വിസ്തരിച്ചു പറഞ്ഞുതുടങ്ങി. ദുർല്ലഭം ചിലർക്കു ചില സമ്മാനങ്ങളും കുറെ പണവും കൊടുത്തു് ആകപ്പാടെ ശങ്കരൻ ഒരു വലിയ ആളായി അഞ്ചാറുദിവസം കഴിഞ്ഞു. മാധവിയമ്മയുടെ മേൽവിലാസത്തിൽ ശങ്കരപ്പിള്ളയ്ക്കു തപാൽ വഴിയായി ചില കത്തുകളും വന്നുതുടങ്ങി. ജനങ്ങളുടെ അത്ഭുതബഹുമാനങ്ങൾ വർദ്ധിച്ചു. ചെറുപ്പക്കാരിൽ പലർക്കും നാടുവിട്ടു പോവാൻ ഒരാഗ്രഹവും ഉണ്ടായി.
ഒരു ദിവസം വൈകുന്നേരം ശങ്കരൻ തന്റെ സഞ്ചാരവിവരത്തെപ്പറ്റി മാധവിയമ്മയോടു പല സൊള്ളും പൊട്ടിച്ചുകൊണ്ടിരിക്കെ, അവന്റെ അമ്മ വന്നു് അവരുടെ അരികത്തിരുന്നു് ഇനി വല്ലവിധത്തിലും ശങ്കരനേക്കൊണ്ടു് ഒരു സംബന്ധം ചെയ്യിക്കണമെന്നും, അതിനു മാധവിയമ്മതന്നെ ഉത്സാഹിക്കണമെന്നും പറഞ്ഞു, ഇതു കേട്ടപ്പോൾ മാധവിയമ്മ ഇങ്ങനെ പറഞ്ഞു:
“ഞാനും അതു് ആലോചിച്ചുകൊണ്ടിരിക്കയാണു്. അങ്ങേലെ കുഞ്ഞിയേത്തന്നെ സംബന്ധമായിക്കൊള്ളട്ടെ. നല്ല വകതിരിവുള്ള പെണ്ണാണു് കാണാനും നന്നു്. ശീലഗുണവും ഉണ്ടു്. എന്താ ശങ്കരാ, ശങ്കരനിഷ്ടമില്ലേ?”
- ശങ്കരൻ:
- നിങ്ങൾ പറഞ്ഞാൽ ഞാൻ വിരോധം പറയുമോ? എനിക്കു് അച്ഛനും അമ്മയും എല്ലാം നിങ്ങൾ തന്നെ.
ഇതുകേട്ടപ്പോൾ അവന്റെ അമ്മയും അതിനു് അനുകൂലിച്ചുതന്നെ പറഞ്ഞു. ഇതൊക്കെ കേട്ടുകൊണ്ടു് അടുത്ത ഒരു മുറിയ്ക്കകത്തു കുഞ്ഞി, എന്തോ പണി ചെയ്തുകൊണ്ടു് ഇരിക്കുന്നുണ്ടായിരുന്നു.
മനുഷ്യരുടെ ആയുഷ്കാലത്തു മനസ്സിനും പ്രകൃതിക്കും ചില മാറ്റങ്ങൾ സംഭവിക്കാറുണ്ടല്ലൊ ഒരു ദിവസം, ഒരു നിമിഷം സംഭവിക്കുന്ന ചില കാര്യങ്ങൾ ഈ മാറ്റത്തിനു കാരണമായിത്തീരാവുന്നതാണു്. പുറത്തുവെച്ചു മാധവിയമ്മയും ശങ്കരനും അവന്റെ അമ്മയും തമ്മിലുണ്ടായ സംഭാഷണം കുഞ്ഞിയിൽ എന്തോ ചില വികാരങ്ങൾ ഉണ്ടാക്കി. അതിന്റെ സ്വഭാവം അവൾക്കുതന്നെ അറിവാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ അനുഭവം ഒരു ആനന്ദവുമല്ല. സങ്കടവുമല്ല ഭയവുമല്ല. പ്രത്യാശയുമല്ല; എന്നല്ലാതെ ഇന്നതാണെന്നു പറവാൻ പ്രയാസം. വേറെ രണ്ടവസരങ്ങളിൽ മാത്രമേ ഈവിധം വികാരങ്ങൾ മനുഷ്യർക്കു് ഉണ്ടാവാൻ പാടുള്ളുവെന്നാണു് എനിക്കു തോന്നുന്നതു്. ജനിക്കുമ്പോഴും മരിക്കുമ്പോഴും. ആ രണ്ടവസരത്തിലും അതു പറഞ്ഞറിയിക്കാൻ നിവൃത്തിയില്ല. ഈ അവസരത്തിൽ പറവാൻ കഴികയുമില്ല. എന്തൊരാവശ്യത്തിനാണു തമ്മിൽ കലരുന്നതെന്നറിയാതെ, ഗന്ധകവും ഉപ്പും കരിയും ഒന്നിച്ച ചേർന്നുകഴിഞ്ഞതിന്റെ ശേഷം ഒരു തീപ്പൊരി അതിന്മേൽ വീണാൽ ഉണ്ടാകുന്ന അനുഭവം പോലെ, കുഞ്ഞി അറിയാതെ പല സംഭവങ്ങളും സംഗതികളും അവളുടെ ഹൃദയത്തിൽ കടന്നു കൂടികൊണ്ടിരുന്നവയ്ക്കു്, ഇപ്പോൾ കേട്ട വാക്കുകൾ ഒരു പ്രത്യേകതരമായ അനുഭവം ഉണ്ടാക്കി. ശങ്കരനിൽ അവൾക്കു്, എന്തെന്നില്ലാത്ത ഭക്തിസ്നേഹബഹുമാനങ്ങൾ ഉണ്ടായി. അന്നുമുതൽ ശങ്കരനാണു് തന്റെ ഭർത്താവെന്നു് അവൾ നിശ്ചയിച്ചു. അകൈതവമായി കേവലം പരിശുദ്ധമായ ഹൃദയത്തിനു് ഈ വക നിശ്ചയങ്ങൾക്കുണ്ടാവാൻ പാടുള്ള ദൃഢതയും അവൾക്കുണ്ടായി.
അഞ്ചുപത്തു ദിവസംകഴിഞ്ഞു ശങ്കരൻ മടങ്ങിപ്പോകേണ്ടിവന്നു അവന്റെ യജമാനനു മംഗലാപുരത്തേക്കു മാറ്റമാകയാൽ അവനും ഒന്നിച്ചുപോയി മടങ്ങിവന്നു് ഉടനെ സംബന്ധം കഴിക്കാമെന്നു തീർച്ചയാക്കി. പിന്നെയും മൂന്നുനാലുകൊല്ലത്തോളം ശങ്കരൻ മടങ്ങിവന്നില്ല. കുഞ്ഞി അവനെത്തന്നെ ധ്യാനിച്ചും അവൻ തന്നെയാണു് ഭർത്താവെന്നു ഉറപ്പിച്ചും പതിവ്രതയായി കാലം കഴിച്ചു.
ഒരു ദിവസം വൈകുന്നേരം പിന്നെയും ശങ്കരന്റെ ഉദയം ഉണ്ടായി. കുഞ്ഞിയുടെ മാനസകുമുദം ഒന്നുകൂടി വികസിച്ചു. അവൾ തന്റെ പുരയ്ക്കകത്തുവെച്ചു എന്തോ ചെയ്തുകൊണ്ടിരിക്കുമ്പോൾ കല്യാണി ഓടിച്ചെന്നു് ജ്യേഷ്ഠത്തി ശങ്കരനുണ്ടു് അങ്ങേൽ വന്നിട്ടു് എന്നു പറഞ്ഞു. ഉടനെ വെറും ശങ്കരൻ എന്നു പറഞ്ഞതുകൊണ്ടു കല്യാണിയെ ശകാരിക്കാനായിരുന്നു കുഞ്ഞിയുടെ മനസ്സിൽ തോന്നിയതു് അതിനെ ക്ഷണം അടക്കീട്ടു് “വരട്ടെ” എന്നുമാത്രം പറഞ്ഞു. അന്നും അടുത്ത ഒന്നുരണ്ടുദിവസവും അവൾ ശങ്കരനെ ദൂരത്തുനിന്നു കണ്ടതല്ലാതെ അടുത്തു കണ്ടിരുന്നില്ല. അവന്റെ വിവാഹകാര്യത്തെപ്പറ്റി കാര്യമായ ആലോചനയുണ്ടെന്നു് അവൾക്കു തോന്നി പക്ഷേ, അവളോടു ആരും ഒന്നും പറഞ്ഞില്ല. സംഗതിയില്ലാതെ അവളുടെ മനസ്സിൽ എന്തോ ഒരു ഉൽകണ്ഠയുണ്ടായി ഒടുവിൽ അവൾ അറിവാൻ ആഗ്രഹിച്ച കാര്യം, ആദ്യത്തെപ്പോലെതന്നെ, സ്വന്തം ചെവികൊണ്ടുകേൾപ്പാൻ സംഗതിയായി അവൾ താമരക്കാട്ടിൽ കിണറ്റുപുരയിലേക്കു കടന്നുചെന്നപ്പോൾ അടുക്കളയിൽനിന്നു മാധവിഅമ്മയും മറ്റും സംസാരിക്കുന്നതു കേട്ടു. കൂട്ടത്തിൽ ശങ്കരനും അവന്റെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു. അവരുടെ സംഭാഷണം ഇങ്ങനെ തുടർന്നു.
- പെങ്ങൾ:
- കുഞ്ഞിയെക്കൊണ്ടു് എനിക്കു ദോഷമൊന്നും പറയാനില്ല. കല്യാണിയല്ലെ നല്ലതു്? വയസ്സുകൊണ്ടു് അവളാണു് യോജിപ്പ്.
കുഞ്ഞി ഇതു കേട്ടപ്പോൾ തന്റെ കാലിന്റെ അടിയിൽവെച്ചു ഭൂമി പിളരുന്നുണ്ടെന്നു തോന്നി. ഉടനെ ശങ്കരന്റെ മറുപടി കേട്ടു.
- ശങ്കരൻ:
- അതെന്തൊ ഞാനറികയില്ല. ആദ്യം കുഞ്ഞിയെ കല്യാണം കഴിക്കണമെന്നല്ലെ നിങ്ങളൊക്കെ പറഞ്ഞതു് ?
- മാധവി:
- കുഞ്ഞിയായാലും കല്യാണിയായാലും എനിക്കു രണ്ടും ഒന്നുതന്നെ. സംബന്ധം ഒരാഴ്ചയിലിടയ്ക്കു കഴിയണം.
- ശങ്കരന്റെ അമ്മ:
- അതുതന്നെ. എനിക്കും അത്രയേ ഉള്ളു.
കുഞ്ഞിക്കു കാര്യം മുഴുവൻ മനസ്സിലായി. ശങ്കരന്റെ പെങ്ങൾക്കു് അവൻ തന്നെ കല്യാണം കഴിക്കുന്നതു് ഇഷ്ടമല്ല. കല്യാണിയെ കഴിക്കേണമെന്നാണു് അവളുടെ ഇഷ്ടം. അവൾ ഒന്നും മിണ്ടാതെ അവിടെനിന്നു് ഇറങ്ങി. സ്വന്തം പുരയിൽ പോയി ഒരു ദിക്കിൽ കിടന്നു. അന്നു രാത്രി അവൾക്കു് ഉറക്കംവന്നില്ല. തന്റെ സഹോദരിക്കു വേണ്ടി അവൾ സ്വന്തം സുഖം കൂടി അഗണ്യമാക്കി പലതും ചെയ്തു, കല്യാണിക്കുവേണ്ടിത്തന്നെയായിരുന്നു അവൾ ജീവിച്ചിരുന്നതു്. ഇപ്പോൾ ആ സഹോദരി തന്നെ, അവളുടെ അറിവോടുകൂടിയല്ലെങ്കിലും തന്റെ ഭാഗ്യത്തിനും തനിക്കും മദ്ധ്യത്തിൽ നില്ക്കുന്നു. ശങ്കരന്റെ പണം കണ്ടിട്ടല്ല മറ്റൊരു ഭർത്താവിനെ കിട്ടാതിരിക്കുമെന്നു ഭയപ്പെട്ടിട്ടുമല്ല. അവനെ അവൾ സർവ്വാത്മനാ ഭർത്താവായി മനസ്സുകൊണ്ടു വരിച്ചുപോയി. ഇനി തന്റെ സഹോദരിക്കുവേണ്ടീട്ടു പോലും കൈവടിയുന്നതു് പ്രാണസങ്കടമായി തോന്നി.
ഈ അവസരത്തിൽ ചതിയോ വഞ്ചനയോ കളവോകളങ്കമോ എന്താണെന്നു് അറിയാത്ത, ഈ പരിശുദ്ധമായ വനകുസുമം എന്തുചെയ്യും? ശങ്കരൻ തന്റെ പ്രാണതുല്യയായ സഹോദരിയെയല്ല മറ്റൊരു സ്ത്രീയെ കല്യാണം കഴിക്കേണമെന്നാണു് അവന്റെ പെങ്ങൾക്കു് അഭിലാഷമെങ്കിൽ വിദ്യ പലതും ഉണ്ടായിരുന്നു.
*****
പിറ്റേദിവസം രാവിലെ കല്യാണി അത്യന്തം വ്യസനാക്രാന്തയായി വിലപിച്ചുകൊണ്ടു താമരക്കാട്ടിൽ ഓടിച്ചെന്നു. മാധവിയമ്മ എഴുന്നേറ്റു മുഖം കഴുകിക്കൊണ്ടിരിക്കുമ്പോഴാണു് കല്യാണിയുടെ വരവു് അവർ അത്യന്തം പരിഭ്രമിച്ചു. സംഗതി അന്വേഷിച്ചു കല്യാണി ഗൽഗദാക്ഷരത്തിൽ തന്റെ ജ്യേഷ്ഠത്തിയെ കാണാനില്ലെന്നു പറഞ്ഞു.
- മാധവി:
- ജ്യേഷ്ഠത്തിയെ കാണാനില്ലെന്നോ? എവിടെ പോയി? എപ്പോഴാണു് കാണാതെയായതു്?
- കല്യാണി:
- ഞാൻ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ അവരെ കണ്ടില്ല. വാതിൽ ചാരീട്ടെ ഉള്ളു അവർ പുറത്തെങ്ങാൻ ഉണ്ടാകുമെന്നു വിചാരിച്ചു, ഞാൻ വിളിച്ചുനോക്കി. എവിടെയും കാണ്മാനില്ല.
- മാധവി:
- അതിനു നീ എന്തിനിങ്ങനെ കരയുന്നു? അവൾ അങ്ങേ വീട്ടിലോ മറ്റോ പോയിട്ടുണ്ടാകും. ഉടനെ വരും നിയെന്തിനു കരയുന്നു?
- കല്യാണി:
- അങ്ങനെ പോക, ഒരിക്കലും പതിവില്ല. അവർ എഴുനേറ്റു എന്നെ വിളിച്ചു് വിളക്കുകത്തിച്ചു വെച്ചേ പുറത്തിറങ്ങുകയുള്ളു. എവിടെ പോകുമ്പോഴും എന്നെ ഒന്നിച്ചു കൂട്ടുകയോ എന്നോടു ചോദിക്കുകയ്യോ ചെയ്യും. അയ്യൊ! ജ്യേഷ്ഠത്തിക്കു് എന്തോ ആപത്തു വന്നു.
ഈ സംഭാഷണവും കരച്ചിലും ഒക്കെ കേട്ടപ്പോൾ വീട്ടിലുള്ളവരൊക്കെ അവരുടെ സമീപത്തെത്തി. ശങ്കരനും എത്തി. എല്ലാവരുംകൂടി കുഞ്ഞിയെ അന്വേഷിച്ചു. ദേശക്കാരൊക്കെ ഒന്നു് ഉണർന്നുവശായി. സർവ്വരും കുഞ്ഞിയെ അന്വേഷിച്ചു കുളത്തിലും കിണറ്റിലും വീട്ടിലും കാട്ടിലും ഒക്കെ അന്വേഷിച്ചു. പന്ത്രണ്ടു മണിയാകുന്നതു വരെ അന്വേഷിച്ചു. ഒരു വിവരവും ഇല്ല. ഒടുവിൽ ഒരാൾ കുഞ്ഞി കിടന്ന പായ ചെന്നു നോക്കിയപ്പോൾ അതിൽ ഒരു കഷണം കടലാസ്സു കണ്ടു. എടുത്തു നോക്കിയപ്പോൾ അതു മാധവിഅമ്മയ്ക്കു ഒരു എഴുത്താണെന്നു കണ്ടു അതിന്റെ താല്പര്യം ശങ്കരന്റെ സഹോദരിയുടെ നിശ്ചയം താൻ അറിഞ്ഞിരിക്കുന്നുവെന്നും അതിനനുസരിച്ചു നടക്കുന്നതിനും തന്റെ സഹോദരിയെ ഓർത്തു താൻ പൂർണ്ണമനസ്സാലെ സമ്മതിക്കുന്നുവെന്നും നിർഭാഗ്യവശാൽ ശങ്കരനെ താൻ മനസ്സുകൊണ്ടു ഭർത്താവായി വരിച്ചുപോയെന്നും അയാൾ മറ്റൊരു സ്ത്രീയെ തന്റെ പ്രാണതുല്യയായ സഹോദരിയെപോലും കല്യാണം കഴിക്കുന്നതു കണ്ടുകൊണ്ടിരിക്കാൻ താൻ ശക്തയല്ലെന്നും, കല്യാണിയെ മാധവി അമ്മ സ്വന്തം പുത്രിയെപ്പോലെ വിചാരിച്ചുകൊള്ളണമെന്നും, താൻ കഷ്ടിച്ചു സമ്പാദിച്ച 50 ഉറുപ്പിക കല്യാണിയുടെ വിവാഹയടിന്തിരത്തിന്റെ ചെലവിലേക്കായി താൻ പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അതെടുത്തു് ഉപയോഗിച്ചുകൊള്ളണമെന്നും ആയിരുന്നു. കത്തിന്റെ ഒടുവിൽ താൻ വല്ല ആത്മഹത്യയോ മറ്റോ ചെയ്തുകളയുമെന്നു് ആരും ശങ്കിക്കരുതെന്നും കുറെ കൊല്ലം കഴിഞ്ഞു തന്റെ മനോവ്യഥയ്ക്കു് പൊറുതികിട്ടിയാൽ എല്ലാവരെയും വന്നു കാണുമെന്നുകൂടി എഴുതിയിരുന്നു.
അങ്ങനെയാണു് ആ “വനകുസുമം” ദൃഷ്ടിയിൽനിന്നു മറഞ്ഞതു് എന്തൊരു നിർവ്യാജമായ സഹോദരീസ്നേഹം! എന്തൊരു മാഹാത്മ്യമുള്ള യോഗം!!
‘ആരും കാണാതെ പാരിച്ചഴകുടയ നിറ-
ത്തോടു വൻകാടുതന്നിൽ
ചേരും കാറ്റിൽ സുഗന്ധം കളവതിനുളവാ-
കുന്നു പൂവിന്നനേകം.”
ഭാഷാപോഷിണി, 1090 ചിങ്ങം–കന്നി.
രാമറ്നമ്പ്യാരെ രണ്ടുദിവസമായി കാണാതിരുന്നതിൽ പാപശ്ശേരിദേശത്തുള്ള നിവാസികൾക്കുണ്ടായിരുന്ന പരിഭ്രമം, അദ്ദേഹത്തിന്റെ ശവം സമീപത്തുള്ള ഒരു പുഴയിൽ കണ്ടെത്തുകയും അവിടെനിന്നെടുത്തു സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ പതിന്മടങ്ങല്ല, നൂറുമടങ്ങു വർദ്ധിച്ചു. രാമറ്നമ്പ്യാരെ ആ പ്രദേശക്കാരൊക്കെ വളരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. സത്യവാനും സന്മാർഗ്ഗിയും പരോപകാരിയും ആയിരുന്നതിനാൽ നമ്പ്യാർക്കു് ശത്രുക്കൾ ആരും ഇല്ലെന്നായിരുന്നു പരക്കെ വിശ്വാസം. അദ്ദേഹം ഒരു കുട്ടിയെപ്പോലും ദ്രോഹിക്കയില്ല. വല്ലവരും കോപിച്ചു മറുത്തു പറഞ്ഞെങ്കിൽ ഒന്നും മിണ്ടാതെ പൊയ്ക്കളയും വല്ലവരെയും ദുഷിക്കുന്നതു കേട്ടാൽ ചെവിയും പൊത്തി നടന്നുകളയുകയും ചെയ്യും. ചെറുപ്പത്തിൽത്തന്നെ നമ്പ്യാരു് വലിയൊരു സ്വാഭിമാനിയായിരുന്നു. വീട്ടിൽനിന്നു വല്ലവരും അല്പം മുഷിഞ്ഞു സംസാരിച്ചുവെങ്കിൽ സഹിക്കാൻ പാടില്ലാത്ത സങ്കടം അനുഭവിക്കുന്നതായി പ്രത്യക്ഷപ്പെടുത്തി ദുഃഖിച്ചു കരയും. പണത്തിന്റെ കാര്യത്തിൽ അയാൾ വളരെ കൃത്യമുള്ള മനുഷ്യനാണു്. യാതൊരാളോടും കടമായി ഒരു പൈപോലും വാങ്ങുക പതിവില്ല. തറവാട്ടിൽ വലിയ മുതലൊന്നും ഉണ്ടായിരുന്നില്ല. എന്നല്ല ഒരു സാധുകുടുംബക്കാരനാണു്. രണ്ടു സഹോദരിമാരും അഞ്ചു മരുമക്കളും ഉണ്ടു് അവർക്കുപുറമെ, ഭാര്യയേയും നാലുമക്കളേയും പോറ്റേണ്ടുന്ന ഭാരവും തന്റെ തലയിൽത്തന്നെ ആയിരുന്നു. കുറെയൊക്കെ ഇംഗ്ലീഷുപഠിച്ചിട്ടുണ്ടു്. നല്ല കൈയക്ഷരമാണു്. ഉൾനാട്ടിൽ ഒരു മുൻസിപ്പുകോടതിയിൽ പകർപ്പുഗുമസ്തനായ നിലയിൽ പത്തിരുപതുറുപ്പിക മാസത്തിൽ വരവുണ്ടായിരുന്നു. അതുകൊണ്ടു് ഒരു വിധം കഴിഞ്ഞുപോരികയാണു്.
ആപ്പീസ്സിലേക്കു് കല്പനയ്ക്കു് എഴുതാതെയും ആരോടും ഒന്നും പറയാതെയും എവിടെയോ ഇറങ്ങിപ്പോയിരുന്ന നമ്പ്യാർ അന്നും പിറ്റേദിവസവും വീട്ടിൽ മടങ്ങിയെത്താതിരുന്നപ്പോൾത്തന്നെ, വീട്ടിലുള്ളവരൊക്കെ വളരെ പരിഭ്രമിച്ചു വശായിരുന്നു. പെങ്ങന്മാരും മരുമക്കളും ഭാര്യയും മക്കളും പിന്നെ കണ്ടതു് അദ്ദേഹത്തിന്റെ ജീർണ്ണിച്ച ശവമായിരുന്നു. അപ്പോൾ വീട്ടിലുണ്ടായിരുന്ന അലയും മുറയും നാട്ടുകാരുടെ ഇടയിലുണ്ടായിരുന്ന പരിഭ്രമവും ഇന്നവിധമാണെന്നു വിവരിക്കയെക്കാൾ ഊഹിക്കുകയാണു് എളുപ്പം.
ഉടനെ അധികാരിയും തുടർന്നുകൊണ്ടുതന്നെ പോലീസ്സുകാരും എത്തിയെന്നു പറയേണ്ടതില്ലല്ലൊ. കാലിന്നു വലിയൊരു കല്ലുകെട്ടി വെള്ളത്തിൽ ആണ്ടുകിടക്കുന്ന നിലയിലാണു് ശവം കണ്ടെത്തിയതു്. ഏതായാലും ആത്മഗതിയല്ലെന്നായിരുന്നു സബ്ബിൻസ്പെക്ടരുടെ അഭിപ്രായം. അധികാരിയും വ്യസനപൂർവ്വം അതിനോടു യോജിച്ചു. ഇതുകേട്ടപ്പോൾ അവിടെ വന്നുകൂടിയ അനവധി ജനങ്ങളിൽ ഓരോരുത്തരായി സാവധാനത്തിൽ വിട്ടുപിരിഞ്ഞുതുടങ്ങി. സബ്ബിൻസ്പെക്ടർ സാധാരണക്കാരനല്ല. വല്ല സംഗതിയും ഉണ്ടാക്കി വലവരോടും വല്ലതും തട്ടിപ്പറിക്കാതെ മൂപ്പർക്കു് ഒരുദിവസമെങ്കിലും ഉറക്കിടുകയില്ല. ഈ മരണം സംഗതിയാക്കി ആ പ്രദേശത്തുള്ള പലരെയും സംശയം പറഞ്ഞു കുറെ സമ്പാദിക്കണമെന്നു് ഇൻസ്പെക്ടരും അധികാരിയും ഉറച്ചുകഴിഞ്ഞിരിക്കുന്നു.
മരിച്ച നമ്പ്യാർ യാതൊരു കത്തും എഴുതിവെച്ചിട്ടില്ല. ആത്മഗതിക്കു് ഒരുങ്ങുന്ന ആൾ അങ്ങനെ വല്ലതും ചെയ്യാതിരിക്കയില്ല. എന്നല്ല ശരീരത്തിന്മേൽ ചിലപരിക്കുകളും കാണ്മാനുണ്ടു്. അവ മത്സ്യങ്ങൾ ചെയ്തതാണെന്നു സംശയിക്കുവാൻ വഴിയില്ല. ഇങ്ങനെയൊക്കെയായിരുന്നു കൊലപാതകത്തെ സ്ഥിരപ്പെടുത്താൻ സബ്ബിൻസ്പെക്ടരുടെ ന്യായം. ഇനി ശവം ഡാക്ടരുടെ പരിശോധനയ്ക്കു കൊണ്ടുപോകണം. എല്ലാം ഡാക്ടരുടെ സർട്ടിഫിക്കറ്റിനെ ആശ്രയിച്ചിരിക്കുന്നു. അദ്ദേഹത്തിന്നു വല്ലതും കൊടുത്താൽ കുറെ സമാധാനത്തിന്നു വകയുണ്ടാകും.
ചുരുക്കിപ്പറയാം വീട്ടിലെ സ്ത്രീകളുടെ കഴുത്തിലും കാതിലും ഉള്ളവയൊക്കെ അഴിച്ചു് സബ്ബിൻസ്പെക്ടർക്കും അധികാരിക്കും അവരുടെ മുഖേന ഡാക്ടർക്കുംം കൊടുക്കേണ്ടിവന്നു. സാധുകുടുംബം! ഈ വിധം ഒരു അനർത്ഥം അവർക്കിനി വരാനില്ല.
*****
ശവം ആസ്പത്രിയിലേക്കു് എടുത്തുകൊണ്ടുപോയ ഉടനെ ആ ദേശത്തിലെ ഒരു പ്രമാണിയായ കോമപ്പൻനായർക്കു് മദിരാശിയിൽനിന്നു ഗോപാലൻനമ്പ്യാരുടെ ഒരു കമ്പി കിട്ടി. രാമറ്നമ്പ്യാരും മരിച്ച രാമറ്നമ്പ്യാരുടെ കാരണവരുടെ മകനും, അദ്ദേഹത്തിന്റെ ഒരു വിശ്വസ്തമിത്രവും ആണു്. ഈ കമ്പി കിട്ടിയപ്പോൾ ജനങ്ങളുടെയിടയിൽ പല സംശയത്തിനും സംഗതിയായി. ഓരോരുത്തർ സരസ്വതീകടാക്ഷം പോലെ അതിനെ പലവിധത്തിലും വ്യഖ്യാനിച്ചു. ഡാക്ടരുടെ അഭിപ്രായം ആത്മഗതിയാണെന്നായിരുന്നു. ഇതിനു സത്യമോ അതല്ല വേറെ വല്ലതുമോ കാരണമെന്നു് ഈശ്വരനറിയാം. ശവം സസ്കരിക്കുന്നതിനു മുമ്പുതന്നെ രാമറ്നമ്പ്യാരുടെ സ്ഥിതിയെപ്പറ്റി കോമപ്പൻനായർ, ഗോപലൻനമ്പ്യാർക്കു കമ്പി അയച്ചു. പിറ്റേദിവസം ഗോപാലൻനമ്പ്യാർ മദിരാശിയിൽനിന്നു എത്തി. അദ്ദേഹത്തെ കാണ്മാൻ റെയിൽവേ ആഫീസിൽതന്നെ അനവധി ജനങ്ങൾ കൂടിയിരുന്നു. കമ്പി കിട്ടിയയുടനെ അദ്ദേഹം പുറപ്പെടാതിരിക്കയില്ലെന്നു പലരും വിശ്വസിച്ചിരുന്നു. തന്റെ മച്ചുനനും പ്രാണസ്നേഹിതനുമായിരുന്ന രാമറ്നമ്പ്യാരുടെ ഈ അപമൃത്യുവെപ്പറ്റി അദ്ദേഹം അത്യന്തം ദുഃഖിച്ചുവെന്നു പറയേണ്ടതില്ലല്ലോ. നാട്ടുകാരോടു വിവരമൊക്കെ അന്വേഷിച്ചറിഞ്ഞശേഷം, അദ്ദേഹം രാമറ്നമ്പ്യാരുടെ വീട്ടിൽപോയി. താൻ മരിച്ച നമ്പ്യാരുടെ വിവരമറിവാൻ കമ്പി അയച്ചതിന്റെ കാരണമെന്താണെന്നു പലരും ചോദിച്ചതിനു്, “അതൊക്കെ ഞാൻ ക്രമേണാ പറഞ്ഞുതരാം” എന്നേ മറുപടി പറഞ്ഞുള്ളു. തന്റെ മച്ചുനന്റെ വീട്ടിലെത്തിയപ്പോൾ, പോലീസുകാർക്കും അധികാരിക്കും കൈക്കൂലി കൊടുത്ത വിവരം അറിഞ്ഞു് അത്യന്തം കോപിക്കുകയും ആത്മഗതിയാണെന്നു ശരിയായി തെളിയിക്കത്തക്ക രേഖ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ കീശയിൽനിന്നു് ഒരു കത്തെടുത്തു വായിക്കുകയും ചെയ്തു. കത്തു് രാമറ്നമ്പ്യാരു് എഴുതിയതായിരുന്നു. ഇതാണു കത്തു്:
എന്റെ പ്രാണസ്നേഹിതനായ നിങ്ങൾ ഈ കത്തുവായിക്കുമ്പോൾ അസാമാന്യമായി ദുഃഖിക്കുകയും പരിഭ്രമിക്കുകയും ചെയ്യുമെന്നു എനിക്കു വിശ്വാസമുണ്ടു്. ആ വിധം ഒരു മനോവേദന നിങ്ങൾക്കു് അനുഭവമാക്കാൻ സംഗീതവന്നതിൽ ഞാൻ വ്യസനിക്കുന്നു. അധികം വളച്ചു പിടിക്കാതെ കാര്യം പറയാം. എന്റെ മരുമക്കളുടെ താലികെട്ടടിയന്തിരം കേവലം അനാവശ്യമാണെന്നും നിരർത്ഥകമാണെന്നും മാത്രമല്ല അതിന്റെ ഉത്ഭവത്തെപ്പറ്റി ആലോചിച്ചാൽ അതിനെ ഇപ്പോഴും ആദരിക്കുന്നവർ ലജ്ജിക്കേണ്ടതാണെന്നുമാണു് നമ്മുടെ രണ്ടുപേരുടെയും അഭിപ്രായവും വിശ്വാസവുമെന്നു ഞാൻ പറയേണ്ടതില്ല. എങ്കിലും എന്റെ സഹോദരിമാരുടെയും വിശേഷിച്ചു് അന്നു ജീവനോടുകൂടിയുണ്ടായിരുന്ന മുത്തശ്ശിയുടെയും നിർബ്ബന്ധപ്രകാരം ആ താലികെട്ടുകല്യാണം ഞാൻ നിർവ്വഹിക്കേണ്ടിവന്നു. പുരുഷന്മാരായ നമ്മൾ എത്രതന്നെ പരിഷ്കാരികളായാലും സ്ത്രീകളുടെ അഭിപ്രായത്തിനും നിർബ്ബന്ധത്തിനും എതിരായി പ്രവർത്തിക്കാൻ നമ്മൾക്കു സാധിക്കാത്തതു് എത്ര കഷ്ടാമാണു് ! അതുകൊണ്ടു് വല്ലപരിഷ്കാരവും നമ്മുടെയിടയിൽ വരുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഒന്നാമതു സ്ത്രീകളെ ശരിയായി വിദ്യാഭ്യാസം ചെയ്യിക്കേണ്ടതു അത്യാവശ്യമാണു് അതിനു പണ്ഡിതന്മാരാണെന്നു പറഞ്ഞുനടക്കുന്ന ചില കീചകന്മാരൊക്കൊണ്ടു നിവൃത്തിയില്ലാതെയാണല്ലോ വന്നിരിക്കുന്നതു്. സ്ത്രീകളെ വെറും മൃഗങ്ങളുടെ നിലയിൽ നിറുത്തിയല്ലാതെ അവരുടെ കീചകവൃത്തിക്കു സൗകര്യമില്ലെന്നു ധരിച്ചുവെച്ചിരിക്കുന്ന ആ വങ്കന്മാരാണു് നമ്മുടെ നാട്ടിനും സമുദായത്തിനും ശത്രുക്കളായിത്തീർന്നിരിക്കുന്നതെന്നു മറക്കരുതു്. അതെല്ലാം ഇരിക്കട്ടെ അന്നു താലികെട്ടുകല്യാണത്തിനു് എന്റെ കൈവശം പണമില്ലാതിരുന്നതിനാൽ ഞാൻ പലിശക്കുറുപ്പോടു് ഇരുനൂറു ഉറുപ്പിക കടംവാങ്ങിയിരുന്നു. എന്റെ ജീവകാലത്തു ഞാൻ കടം വാങ്ങിയതു്, അതു ഒന്നാമത്തെ പ്രാവശ്യമാണു് ഇപ്പോൾ മുതലും പലിശയും കൂടി 425 ക. ആയിരിക്കുന്നുപോലും! അതു് അഞ്ചുദിവസത്തിനുള്ളിൽ കൊടുത്തുവീട്ടിയില്ലെങ്കിൽ അവൻ അന്യായം കൊടുക്കുമെന്നു കാണിച്ചു് ഒരു രജിസ്റ്റർനോട്ടീസ്സ് അയച്ചിരിക്കുന്നു. എനിക്കു് ഈ അവമാനം സഹിച്ചുകൂടാ, 425 ക. പോയിട്ടു് 425 പൈ. എന്റെ കൈവശത്തിലില്ല. അതുകൊണ്ടു് പലിശക്കുറുപ്പു് അന്യായംകൊടുത്തു വിധിയാക്കി എന്റെ വീടു് ജപ്തിയാക്കുന്നതിനുമുമ്പു് ഞാൻ എന്റെ ഈ ദേഹം ഉപേക്ഷിക്കുന്നതാണു്. നിങ്ങൾക്കു് ഈ കത്തു കിട്ടുന്നതിനു മുമ്പു ഞാൻ അതു ചെയ്യും. എന്റെ മരുമക്കളേയും കുട്ടികളേയും നിങ്ങളുടെ കൈവശം ഏല്പിക്കുന്നു.
ഇത്രത്തോളം വായിച്ചശേഷം ഗോപാലൻനമ്പ്യാരുടെ തൊണ്ട ഇടറി ശേഷം വായിക്കാൻ സാധിക്കാതെ പൊട്ടിക്കരഞ്ഞു. അവിടെ കൂടിയിരുന്നവരൊക്കെ കരഞ്ഞു. അകായിൽനിന്നു ഭാര്യയും പെങ്ങന്മാരും അലമുറയായി അയ്യൊ ഈ വിവരം എന്നോടു പറഞ്ഞിരുന്നുവെങ്കിൽ ഞാൻ കൊടുക്കുമായിരുന്നുവല്ലൊ പണം, ഇതിന്നു് ഈ കഠിനകൈ ചെയ്യെണ്ടതുണ്ടായിരുന്നുവോ? എന്നും മറ്റും ഓരോരുത്തർ പറഞ്ഞുതുടങ്ങി. കത്തിന്റെശേഷം ഭാഗത്തിൽ തന്റെ കുട്ടികളിൽ ഓരോരുത്തരെ ഏതേതു പ്രവൃത്തിയിലാണു് ഏർപ്പെടുത്തേണ്ടതെന്നും മറ്റും വിവരിച്ചിരുന്നു. അതു് നമ്പ്യാർ വായിച്ചില്ല. വളരെനേരം കഴിഞ്ഞശേഷം അവിടെ കൂടിയവരോടായിട്ടു് ഗോപലൻ നമ്പ്യാർ ഇങ്ങനെ പറഞ്ഞു:
ഈ ഒരു സംഭവം നമുക്കാകെ ഒരു പാഠമായിരിക്കാൻ ഈശ്വരൻ തന്നെ വരുത്തിക്കൂട്ടിയതാണു്. മനുഷ്യൻ വല്ല തെറ്റും ചെയ്തുപോയാൽ ദേവപ്രീതിക്കുവേണ്ടി അവർക്കു് ഏറ്റവും വിലയേറിയ ജീവനെയോ സാധനത്തെയോ യാഗമായി അർപ്പിക്കുന്ന പതിവു് പണ്ടുണ്ടായിരുന്നു. ഇപ്പഴും ക്ഷേത്രങ്ങളിൽ നാം വഴിപാടു കഴിക്കുന്നതു് ആ സമ്പ്രദായത്തിന്റെ അവശിഷ്ടമാണു്. ആടു്, കോഴി മുതലായവയെ ചിലർ ഇപ്പഴും ബലികഴിക്കുന്നുണ്ടല്ലോ. ഈ മരിച്ച മാന്യനെ നമ്മളൊക്കെക്കൂടി ബലികഴിച്ചതാണു്. കേവലം നിന്ദ്യമായും നിരർത്ഥകമായും ഉള്ള താലികെട്ടുകല്യാണം കഴിച്ചു നമ്മുടെ സ്വത്തിന്നു് നാശവും നല്ല പേരിന്നു് കളങ്കവും, അപവാദവും വരുത്തുന്ന ഭോഷത്വത്തിനു വേണ്ടി ഈ മഹാനെ ബലികഴിക്കയാണു് ചെയ്തതു്. ഇങ്ങനെ എത്ര കുടുംബങ്ങൾ സങ്കടപ്പെടുവാൻ സംഗതിയാകുന്നു. രാമറ്നമ്പ്യാരെപ്പോലെ മഹാശുദ്ധഹൃദയന്മാരായ ജനങ്ങൾ വളരെ ദുർല്ലഭമാകയാലാണു് ഈ വിധം ആത്മഹതി നിത്യം സംഭവിച്ചുകേൾക്കാത്തതു്. അല്ലാത്തവർ കടവും വലിച്ചു തലയിലാക്കി, അതിന്റെ ഒഴിച്ചുകൂടാത്ത ഫലമായി പലവിധ കഷ്ടനഷ്ടങ്ങളും അനുഭവിക്കുന്നു. ചിലർ അതുനിമിത്തം കള്ളന്മാരും വഞ്ചകന്മാരും ആയീത്തിരാൻ സംഗതിവരുന്നു. അവയൊക്കെ നമ്മുടെ ഭോഷത്വത്തിനുവേണ്ടി നാം ചെയ്യുന്ന യാഗങ്ങളാണു്. എന്നാൽ ഇപ്പോൾ സംഭവിച്ചതിൽ പരം ഭയങ്കരമായ ഒരു ബലിയെപ്പറ്റി അറിവാൻ എനിക്കു സംഗതിവന്നിട്ടില്ല. എന്താണു് ഈ താലികെട്ടു്? ബ്രാഹ്മണർ വിവാഹത്തിന്നല്ലാതെ താലികെട്ടുന്നുണ്ടോ? അവരുടെ ഭർത്താക്കന്മാരല്ലാതെ താലികെട്ടുന്നുണ്ടോ? ഭർത്താവു മരിച്ചാൽ താലിക്കു് ഭംഗംവന്നു എന്നു് അവർ പറയുന്നു. താലിയും വിവാഹവും തമ്മിൽ അത്രമേൽ സംബന്ധമുണ്ടു്. ആ നിലയിൽ നമ്മളുടെ താലികെട്ടിന്റെ അർത്ഥമെന്താണു്? പരദേശങ്ങളിൽ ദേവദാസികളായിത്തീരുന്നവർക്കേ ഈ വിധം താലികെട്ടു നടപ്പുള്ളു. ഇതിലധികം ഞാൻ പറയേണ്ടുന്ന ആവശ്യമില്ല. താലികെട്ടുസമ്പ്രദായം കൊണ്ടു് നമുക്കു സംഭവിക്കുന്ന പരിഹാസത്തിനു അടിസ്ഥാനമുണ്ടെന്നു നിങ്ങൾക്കിപ്പോൾ മനസ്സിലായില്ലെ? ലോകത്തിൽ ഏറ്റവും മര്യാദയിൽ നടക്കുന്ന സമുദായങ്ങളോടു് അണുവും താണുകൊടുക്കാത്ത വിധത്തിൽ നമ്മൾ ആചരിച്ചുകൊണ്ടിരിക്കെ അതിന്നു വിപരീതമായ നടപടിയെ സൂചിപ്പിക്കുന്ന ഈ ഒരു ചിഹ്നം നാം കൈവിടാതെയിരിക്കുന്നതു് എന്തുകൊണ്ടാണു്? നമ്മുടെ ആലോചനയില്ലായ്മ. നമ്മുടെ ഭോഷത്വം അതിന്റെ ഫലം ഇതാ നാം അനുഭവിച്ചു. നമ്മുടെ ഇടയിൽ ഏറ്റവും യോഗ്യനായ ഒരാളെ നാം ബലിയായി അർപ്പിച്ചു. ആ മാന്യബന്ധുവിന്റെ സ്മരണയായി ഞാൻ ഇനിമേലാൽ എനിക്കധികാരമുള്ള പെൺകുട്ടികൾക്കു് ഈ താലികെട്ടുകാല്യാണം കഴിക്കയില്ലെന്നു നിങ്ങളുടെ മുമ്പാകെ സത്യംചെയ്യുന്നു.
ഇതു കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ പലരും ഗോപാലൻ നമ്പ്യാരുടെ പ്രതിജ്ഞയ്ത്തനുസരിച്ചു പ്രതിജ്ഞചെയ്തു. അങ്ങനെയാണു് പാപശ്ശേരിദേശത്തു് താലികെട്ടുകല്യാണം കേവലം നിന്നുപോയതു്.
സമുദായദീപിക, 1091 വൃശ്ചികം.
മദിരാശിയിൽ പരീക്ഷയ്ക്കു പഠിക്കാനായി താമസച്ചിരുന്ന കാലങ്ങളെ പിന്നീടു പല അവസരങ്ങളിലും ഓർത്തു സന്തോഷിക്കാത്തവർ ആരും ഉണ്ടായിരിക്കയില്ല. പല സങ്കടങ്ങളും ബുദ്ധിമുട്ടുകളും ആ അവസരങ്ങളിൽ അനുഭവമാകുന്നതാണു്, നേരുതന്നെ എന്നാൽ ആവക സങ്കടങ്ങളേയും ബുദ്ധിമുട്ടുകളേയും കുറിച്ചുപോലും പിന്നീടാലോചിക്കുന്നതിൽ പ്രത്യേകരസമുണ്ടു്. ഞാൻ താമസിച്ചിരുന്ന വീട്ടിൽ വേറെയും അഞ്ചുപേരുണ്ടായിരുന്നു. ഒക്കെ വിദ്യാർത്ഥികളാണു്. അതിലൊന്നു് എം. ബി. സി. എം. എന്ന വൈദ്യപരീക്ഷയ്ക്കു പഠിക്കുന്നുണ്ടായിരുന്ന രാമൻമേനോനാണു്. അദ്ദേഹം ഇപ്പോൾ വലിയ ഡാക്ടറായിപ്പോയി നല്ല പേരും വളരെ പണവും സമ്പാദിച്ചു. ഞങ്ങൾ രണ്ടുപേരും അന്നേ വളരെ സ്നേഹത്തിലാണു്. കോളേജിൽ ഒഴിവുള്ളപ്പോഴൊക്കെ ഒന്നിച്ചുതന്നെയാണു കഴിക്കാറു്.
മദിരാശിയിൽ താമസിച്ചിരുന്നവർക്കൊ, സന്ധ്യകഴിഞ്ഞു് രാത്രിയിലത്തെ ഊണുകാലമാകുമ്പോൾ, തെരുവിൽകൂടി ചില ഭിക്ഷുക്കൾ പാട്ടുപാടിക്കൊണ്ടു്, ഓരോ വീട്ടിന്റെ മുൻഭാഗത്തു ചെന്നു ഭക്ഷണത്തിനു് അപേക്ഷിക്കുന്ന സമ്പ്രദായം ഓർമ്മയുണ്ടാകുമല്ലോ. ഇതിൽ ചില നല്ല പാട്ടുകാരും ഉണ്ടാകും. ചിലർ സ്ത്രീകളായിരിക്കും. ഒരുദിവസം രാത്രി ഊണുകഴിഞ്ഞു്, ഞാനും മോനോനും വെണ്മാടത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാവിക്കൊണ്ടിരിക്കയായിരുന്നു. നല്ല നിലാവുണ്ടു് അപ്പോൾ തെരുവിൽ ഒരു പാട്ടു കേട്ടു. ഈ പാട്ടു് മേനോനെ ബലാൽ ആകർഷിച്ചു. ഉടനെ അദ്ദേഹം എന്നേടു്: കേട്ടില്ലെ, ആ പാട്ടു കേട്ടില്ലേ? നാം ദിവസേന കേൾക്കാത്ത ഒരു സ്വരമാണല്ലോ. ഒരു പെൺകുട്ടിയെന്നു തോന്നുന്നു എന്നു പറഞ്ഞു. ഞാൻ ശ്രദ്ധിച്ചു നല്ല സ്വരം നല്ല സ്വരമെന്നു വെറുതെ പറഞ്ഞു പോയാൽ പോരാ—ഇത്ര നല്ല സ്വരം അതിനു മുൻപും അതിനുശേഷവും ഞാൻ അധികംകേട്ടിട്ടില്ല. അധികം കേട്ടിട്ടില്ലെന്നു്, വിവാഹമൊക്കെ കഴിഞ്ഞു്, നിത്യമെന്നപോലെ, എന്റെ പ്രിയതമയുടെ സംഗീതപാടവം ആസ്വാദിക്കാൻ ഇടയായതിന്റെ ശേഷമായതുകൊണ്ടു പറകയാണു്. എന്റെ വിവാഹിത്തിന്റെ മുമ്പായിരുന്നു ഈ വിവരം ഞാൻ എഴുതിയിരുന്നതെങ്കിൽ “ഒരിക്കലും കേട്ടിട്ടില്ല” എന്നുതന്നെ പറയുമായിരുന്നു. ഏതായാലും.
…കണ്ഠരീതിയാൽ
പ്രാണസൗഖ്യമരുളും സജീവിയാം
വീണതന്നെ…
ഒന്നു കാണണമെന്നു വിചാരിച്ചു് മേനോനും ഞാനും താഴത്തിറങ്ങി. ഭിക്ഷതെണ്ടി പാട്ടുപാടി പാടുപെടുന്ന ഒരു പെൺകുട്ടിതന്നെ വസ്ത്രങ്ങൾ കീറിയും, ദാരിദ്ര്യത്തിന്റെ ഒന്നാംസാക്ഷിയായും കാരുണ്യത്തിനുള്ള ബലമായ ശൂപാർശയായും, ആ സാധുകുട്ടിയെ ശീതാതപാദികളിൽനിന്നു രക്ഷിക്കുന്ന ഏകമിത്രമായും, അതിന്റെ ശരീരത്തെ ചുറ്റിപ്പറ്റിയിരിക്കുന്നുണ്ടു്. പക്ഷേ, ഇപ്പോഴത്തെ കഷ്ടസ്ഥിതിക്കു് കേവലം അനുകൂലിക്കാത്ത മുഖശ്രീയാണുള്ളതു്. മുഖത്തിന്റെ ആകൃതിയും, ലക്ഷണവും ഭംഗിയും ശരീരത്തിന്റെ വർണ്ണവും ഒക്കെക്കൂടി കാണുകയും കണ്ഠത്തിൽനിന്നു അനായാസേന പുറപ്പെടുന്ന മധുരശബ്ദം കേൾക്കയുംചെയ്തപ്പോൾ അവൾ ജനനാത്തന്നെ ഒരു ഭിക്ഷക്കാരിയല്ലെന്നു് എനിക്കും മേനോനും ഏകസമയത്തു തോന്നി അങ്ങനെയാണല്ലോ.
“മിന്നുകില്ലി ശരദഭ്രശാതയായ
ഖിന്നയാകിലുമഹോ തടില്ലതാ,”
ഞങ്ങൾ ആ കുട്ടിയെ വീട്ടിലേയ്ക്കു ക്ഷണിച്ചു. ബാല്യക്കാരനെ വിളിച്ചു് അവൾക്കു ഭക്ഷണംകൊടുക്കാൻ പറഞ്ഞു. അവൾ ഭക്ഷണസാധനങ്ങൾ സ്വീകരിച്ചിട്ടു്, ഒരക്ഷരം മിണ്ടാതെ ഞങ്ങളുടെ മുഖത്തു കൃതജ്ഞതാസൂചകമായി ഒന്നു നോക്കി. ആ നോട്ടത്തിൽ അന്തർഭവിച്ച സങ്കടവും, കൃതജ്ഞതയും, ലജ്ജയും, സന്തോഷവും ഒക്കെക്കൂടി കണ്ടപ്പോൾ തള്ളയെപ്പിരിഞ്ഞ ഒരു മാൻകിടാവിനു ഭക്ഷിക്കാൻ അല്പം പുല്ലോ മറ്റോ നാം വച്ചുകാണിക്കുമ്പോൾ ആ സാധുമൃഗം നോക്കാറുള്ള നോട്ടമാണു് എനിക്കു് ഓർമ്മവന്നതു്. അവിടെത്തന്നെ ഇരുന്നു ഭക്ഷിച്ചോളാൻ ഞങ്ങൾ പറഞ്ഞുവെങ്കിലും, “ജ്യേഷ്ഠത്തിക്കുകൂടി കൊണ്ടുപോകണം” എന്നു തമിഴിൽ പറഞ്ഞു് അതൊക്കെ വസ്ത്രത്തിൽ കെട്ടിത്തുടങ്ങി. അപ്പോൾ മേനോൻ: “നിനക്കൊരു ജ്യേഷ്ഠത്തിയുമുണ്ടോ കുട്ടീ?”
- കുട്ടി:
- ഉണ്ടു്, ഒരു ജ്യേഷ്ഠത്തിയേയുള്ളു.
- മേനോൻ:
- നിനക്കു് അമ്മയും അച്ഛനും ഇല്ലേ?
ഈ ചോദ്യം കേട്ടപ്പോൾ കുട്ടി തലതാഴ്ത്തി കുറേനേരം മിണ്ടാതിരുന്നശേഷം, ഇല്ല, എന്നു പതുക്കെ പറഞ്ഞു. എനിക്കു മനസ്സിൽ വല്ലാത്ത ഒരു വികാരമുണ്ടായി. അതിന്റെ സ്വഭാവമെങ്ങനെയാണെന്നു ചോദിച്ചാൽ, മറ്റൊരാൾ സഹിക്കുന്ന കഠിനസങ്കടം കാണുമ്പോഴുള്ള വ്യഥയോടുകൂടി, അതിൽനിന്നു് അയാളെ രക്ഷിക്കാൻ ശ്രമിക്കണമെന്നുള്ള ഒരാഗ്രഹവും, അതിനുള്ള അസാദ്ധ്യതയും ഓർത്തുള്ള ബുദ്ധിക്ഷയവും ഒക്കെക്കൂടി ഒരു തീയുണ്ടയായി നെഞ്ചിൽ കിടന്നു വിലങ്ങിക്കൊണ്ടു് ഉടനെ മൂർച്ഛിച്ചേക്കുമോ എന്നു ഭയമുണ്ടാക്കുന്ന ഒരു വികാരമാണെന്നു സമഷ്ടിയായി പറയാം.
ഞങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ശേഷം നാലു സ്നേഹിതന്മാരും അടുത്തുവരുന്നു.
എല്ലാവരും ഓരോ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി. ആകപ്പാടെ കുട്ടിയുടെ പേരു് രതീഭായി എന്നാണെന്നും അവളും ജ്യേഷ്ഠത്തി മനോന്മണിഭായിയും സിങ്കാരവേലുപ്പിള്ളത്തെരുവിൽ 6-ആം നമ്പർ വീട്ടിലാണു താമസമെന്നും, അച്ഛനും അമ്മയും വേറെ കുടുംബങ്ങളൊന്നും ഇല്ലെന്നും, ഭിക്ഷതെണ്ടിയാണു കാലക്ഷേപമെന്നും മനസ്സിലായി.
അന്നു തുടങ്ങി, ദിവസംതോറും വീട്ടിൽ വന്നു ഭക്ഷണം വാങ്ങിപ്പോകാൻ ഞങ്ങൾ ചെയ്ത ഏർപ്പാടനുസരിച്ചു്, അവൾ ചെയ്തുപോന്നു. ഞങ്ങൾക്കു് അവസരമുള്ളപ്പോഴൊക്കെ അവളെക്കൊണ്ടു് ഓരോ പാട്ടുപാടിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു മാസംകഴിഞ്ഞു. പിന്നെ നാലഞ്ചു ദിവസം രതീഭായിയെ കണ്ടില്ല. എന്താണു വരാത്തതെന്നു ഞങ്ങൾ ആലോചിച്ചു. വല്ല സുഖക്കേടും ആയിരിക്കാമെന്നു സംശയിച്ചു. ഒരു ദിവസം മേനോൻ എന്നോടിങ്ങനെ പറഞ്ഞു.
നമ്പ്യാരെ, നാം ആ കുട്ടിയെ ഒന്നന്വേഷിക്കണം ഇന്നു വൈകുന്നേരം ചെന്നു നോക്കുകയല്ലേ?
- ഞാൻ:
- അങ്ങനെയാവട്ടെ. സധുക്കുട്ടിയ്ക്കു വല്ല ആപത്തും വന്നിരിക്കുമോ?
അന്നു വൈകുന്നേരം മേനോനും ഞാനും ചവിട്ടുവണ്ടിയിൽ കയറി സിങ്കാരവേലുപ്പിള്ളത്തെരുവുലേക്കു പോയി. ആറാം നമ്പർ ഒരു ചെറിയ വീടാണെങ്കിലും രണ്ടു തട്ടുള്ളതാണു്. മേലെ തട്ടിന്റെ വാതിൽ തുറന്നുകാണുകയാൾ ഞങ്ങൾ കോണിപ്പടി കയറിച്ചെന്നു. കോണിയുടെ മുകളിൽ എത്തി വടികൊണ്ടു മേനോൻ സാവധാനത്തിൽ ഒച്ച ഉണ്ടാക്കിയപ്പോൾ ഒരാൾ വന്നു ഞങ്ങളോടു വിവരം അന്വേഷിച്ചു. രതിഭായിയെപ്പറ്റി ഞങ്ങൾ അന്വേഷിച്ചപ്പോൾ അവളും ജ്യേഷ്ഠത്തിയും താഴത്തെ തട്ടിലാണു താമസമെന്നും, മനോന്മണീഭായിയ്ക്കു് അത്യന്തം സുഖക്കേടാണെന്നും പറഞ്ഞു. ഞങ്ങൾ താമസിക്കാതെ താഴെ ഇറങ്ങിച്ചെന്നു. രണ്ടുമിനിട്ടു കഴിഞ്ഞപ്പോൾ ഞങ്ങൾ ആ സഹോദരിമാരുടെ മുറിയിലെത്തി. കിടക്കാനും, ഭക്ഷിക്കാനും പാകംചെയ്വാനും ഒരു മുറിയേ ഉള്ളു. അതിൽ ഒരു ഭാഗത്തു ഒരടുപ്പും അതിനു സമീപം ചില മൺപാത്രങ്ങളും ഒന്നുരണ്ടു പിഞ്ഞാണങ്ങളും ഉണ്ടു്. മറ്റൊരു ഭാഗത്തു് ഏകദേശം പതിനെട്ടു വയസ്സു പ്രായമുള്ള ഒരു പെണ്ണു് കീറിപ്പാറിയ ചില വസ്ത്രങ്ങൾ പുതച്ചുകൊണ്ടു് കിടക്കുന്നു. അടുക്കൽ രതീഭായി ഇരുന്നു് ഒരു കീറിയ വസ്ത്രം തുന്നി നന്നാക്കുകയാണു് കിടക്കുന്ന സ്ത്രീ വളരെ മെലിഞ്ഞുവിളറി, അത്യന്തം ദീനസ്ഥിതിയിലായിരുന്നു. രോഗംകൊണ്ടു് അത്യന്തം പരിതാപകരമായ നിലയിലാണെങ്കിലും, നല്ല ആകൃതിയിലുള്ള നെറ്റിയും മൂക്കും ആരുടെ ശ്രദ്ധയേയും ആകർഷിക്കും. സുഖസ്ഥിതിയിൽ അതിസുന്ദരിയായിരിക്കണമെന്നു് പറവാൻ യഥാർത്ഥ സൗന്ദര്യം കണ്ടറിവാൻ ശേഷിയുള്ളവർക്കൊന്നും പ്രയാസമില്ല. ഞങ്ങളെക്കണ്ട ഉടനെ രതീഭായി എഴുന്നേറ്റു മനോഹരമായ മന്ദഹാസത്തോടുകൂടി ഇതാണു് എന്റെ ജ്യേഷ്ഠത്തി ഇവർക്കു സുഖക്കേടാണു എന്നു പറഞ്ഞു. പറഞ്ഞുതീർന്നതോടുകൂടി, മുഖത്തുണ്ടായിരുന്ന മന്ദഹാസവും പിന്മാറി. രതീഭായിയ്ക്കു് എട്ടുവയസ്സുമാത്രമേ പ്രായമുള്ളു. ഇത്ര ചെറുപ്പത്തിൽത്തന്നെ ഇങ്ങനെയുള്ള മനോവികാരങ്ങൾ പ്രത്യക്ഷപ്പെടുത്തത്തക്ക ഉൾബോധം സിദ്ധിച്ചതു് ആശ്ചര്യം! ഞങ്ങൾ ആരാണെന്നറിവാൻ, രോഗത്തിൽ കടക്കുന്ന ആ സ്ത്രീയ്ക്കു് ആഗ്രഹമുള്ളതുപോലെ അവൾ രതീഭായിയെ ഒന്നു നോക്കി. കുട്ടി ജ്യേഷ്ഠത്തിയുടെ അടുക്കൽ ചെന്നു സ്വകാര്യം എന്തോപറഞ്ഞു മന്മോണീഭായി ഞങ്ങളെ നോക്കി പുഞ്ചിരിയിട്ടു.
മേനോൻ അടുത്തുചെന്നിട്ടു്, നിങ്ങൾക്കു് എന്താണു സുഖക്കേടു് എന്നു ചോദിച്ചു. ഇതിനു മനോന്മണി വളരെ സാവധാനത്തിൽ അവൾക്കു പനിയാണു, സുഖക്കേടേന്നു പറഞ്ഞു.
- ഞാൻ:
- “ഇദ്ദേഹം ഡാക്ടറാണു് നിങ്ങളെ ഒന്നു പരിശോധിക്കട്ടെയോ?
ഇതു കേട്ടപ്പോൾ ആ നിർഭാഗ്യവതി കിടന്നദിക്കിൽ നിന്നു് എഴുന്നേൽക്കാൻ ഭാവിച്ചു. അവിടെത്തന്നെ കിടക്കാൻ മേനോൻ ആംഗ്യം കാണിച്ചു. അതു കണ്ടപ്പോൾ.
“സ്ഫുടതരാത്തിയുമാമുടൽകൊണ്ടു നീ
തുടരൊലാ മമ സൽക്രിയയിങ്ങനെ.”
എന്നു ശകുന്തളയോടു ദുഷ്യന്തൻ പറഞ്ഞതു് എനിക്കു ഓർമ്മ വന്നു. രണ്ടുപേരുടെയും മനോവികാരങ്ങൾക്കു മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു.
മേനോൻ സ്ത്രീയെ പരിശോധിച്ചശേഷം ഇംഗ്ലീഷിൽ എന്നോടു ഇങ്ങനെ പറഞ്ഞു.
സാധുസ്ത്രീ ക്ഷയമാണു് കൈകടന്നുപോയി. പനിയുണ്ടു്. കാലിനും കൈക്കും നീരുമുണ്ടു് ഒരാഴ്ചയിലധികം ജീവിക്കുമെന്നു തോന്നുന്നില്ല.
- ഞാൻ:
- കഷ്ടം! മഹാകഷ്ടം! നാം ഇവിടെ ചെയ്യേണ്ടതായിട്ടൊന്നുമില്ലേ? ഈകുട്ടി എന്തു ചെയ്യും?
- മേനോ:
- ഒരുകുപ്പി “ലംകോ” വാങ്ങികൊടുക്കണം, മരുന്നുകൊണ്ടെന്നും പ്രയോജനമില്ല.
ഞാൻ ഉടനെ പോയി അടുത്ത ഷാപ്പിൽനിന്നും ഒരു കുപ്പി “ലംകോ” എന്ന മാംസത്തും, ഒരു കുപ്പി വൈനും, ഒരു ടിൻ ബാർലിയും വാങ്ങിക്കൊണ്ടുവന്നു. അവയും 2 ക.യും മേനോൻ രതീഭായികൈവശം കൊടുത്തു്. അവയെക്കൊണ്ടു ചെയ്യേണ്ടതൊക്കെ ഉപദേശിച്ചു അന്നുരാത്രി ഒരു നേരിയ കമ്പിളി വാങ്ങി ഞങ്ങളുടെ ബാല്യക്കാരന്റെ വശം അവിടെ അയച്ചുകൊടുത്തു. ഞങ്ങൾ പിറ്റേ ദിവസം രാവിലെ രണ്ടാമതും ചെന്നു. വേറെയും ചില സാമാനങ്ങളും ഒരുറുപ്പികയും കൊടുത്തു. ഇങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞു.
ഒരു ഞായറാഴ്ച രാവിലെ എഴുന്നേറ്റു മുഖം കഴുകുമ്പോൾ ആരോ വാതിലിനു മുട്ടുന്നതു കേട്ടു. ബാല്യക്കാരനെ വിളിച്ചു് ആരാണെന്നു നോക്കാൻ പറഞ്ഞു രതീഭായിയാണു്. സാധുകുട്ടി വിക്കിവിക്കി കരഞ്ഞുകൊണ്ടു അകത്തുവന്നു. എനിക്കു് ഉടനെ കാര്യം മനസ്സിലായി. മനോന്മണി കഴിഞ്ഞുപോയി. മേനോൻ അതിരാവിലെ എഴുന്നേറ്റു ആശുപത്രിയിലേക്കു പോയിരിക്കയായിരുന്നു. ഞാനും ഞങ്ങളുടെ ഒരുമിച്ചു താമസിക്കുന്നുണ്ടായിരുന്നവരിൽ രണ്ടുപേരും കൂടി ഉടനെ പുറത്തിറങ്ങി. ഒരു വണ്ടി വരുത്തി, രതിയെക്കൂടി അതിൽ കയറ്റി അവളുടെ വീട്ടിൽ ചെന്നു.
സമീപവാസികളിൽ ചിലരൊക്കെ അപ്പോഴും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ചു ഉറുപ്പിക ശവസംസ്കാരത്തിലേയ്ക്കുള്ള ചിലവിലെക്കായി കൊടുത്തു. എല്ലാം ഭംഗിയായി നടത്താൻ ശട്ടംകെട്ടി. ശവസംസ്ക്കാരം കഴിഞ്ഞാൽ രതിയെ തക്കതായ ഒരു സ്ഥലത്താക്കണമെന്നു ഞങ്ങൾ തീർച്ചയാക്കി. അതൊക്കെ മേനോനുമായി ആലോചിച്ചു ചെയ്യേണ്ടതാണു്. തൽക്കാലം ആ വീട്ടിൽ തന്നെ മേലേതട്ടിൽ താമസിക്കുന്നവരുടെകൂടെ താമസിക്കാൻ ഏർപ്പാടുകൾചെയ്തു ഞങ്ങൾ പോയി.
മേനോൻ വന്നു വിവരം അറിഞ്ഞപ്പോൾ, അദ്ദേഹം വളരെ വ്യസനിച്ചു എന്നുള്ളതു് പറയേണ്ടതില്ലല്ലോ. രതിയിൽ അദ്ദേഹത്തിനു പ്രത്യേകമൊരു വാത്സല്യമുണ്ടായിരുന്നു. വൈകുന്നേരം ഞങ്ങൾ രതി പാർക്കുന്ന സ്ഥലത്തു ചെന്നു മുറി പൂട്ടിക്കിടക്കുന്നു. ശവസംസ്കാരമൊക്കെ കഴിഞ്ഞു. മേലേത്തട്ടിൽ താമസിക്കുന്നവരോടു രതിയെപ്പറ്റി അന്വേഷിച്ചപ്പോൾ ശവസംസ്കാരം കഴിഞ്ഞശേഷം അവളെ അവർ കണ്ടിരുന്നില്ലെന്നു പറഞ്ഞു. ഞങ്ങളൊക്കെ അവളെക്കുറിച്ചു വളരെവ്യസനിച്ചു.
അന്നു പല ദിക്കിലും അന്വേഷിച്ചു കണ്ടില്ല. പിറ്റേദിവസവും അന്വേഷിച്ചു ഒരു ദിക്കിലും കണ്ടില്ല ഒരാഴ്ചയോളം ഞങ്ങൾ ആവുന്നതൊക്കെ ശ്രമിച്ചിട്ടും രതിയെപ്പറ്റി ഒരു വിവരവും കിട്ടിയില്ല. ക്രമേണ ഞങ്ങളൊക്കെ അവളെ മറന്നുവെന്നുതന്നെ പറയാം. അങ്ങിനെയാണല്ലോ മനുഷ്യപ്രകൃതി എങ്കിലും മേനോനു് അവളെക്കുറിച്ചത്യന്തം വ്യസനമുണ്ടെന്നും സ്വന്തം ഒരു കുട്ടിയ്ക്കെങ്ങനാണു് ആ വിധം സംഭവിച്ചിരുന്നതെങ്കിലെന്നപോലെ ഹൃദയത്തോടുതട്ടിയ വേദന അദ്ദേഹത്തിനു് അനുഭവമായിട്ടുണ്ടെന്നും, ഞങ്ങളൊക്കെ മനസ്സിലാക്കി.
പത്തുകൊല്ലാം കഴിഞ്ഞു ഡാക്ടർ രാമൻമേനോൻ എം. ബി. സി. എം മദിരായിൽ ഒരു മരുന്നുഷാപ്പ് ഏർപ്പെടുത്തി ചികിത്സ നടത്തിത്തുടങ്ങിയിട്ടു എട്ടു കൊല്ലമായി ഞങ്ങളൊക്കെ ഓരോ ഉദ്യോഗം ഭരിച്ചു. പലരാജ്യത്തും പോകേണ്ടിവന്നു. രതിയുടെ ജ്യേഷ്ഠത്തി കാലകർമ്മം പ്രാപിക്കയും, രതി എവിടെയോ എങ്ങിനെയോ പോകയും ചെയ്തിട്ടു് പത്തുകൊല്ലം കഴിഞ്ഞശേഷം, ഒരു ഡിസംബർമാസത്തിൽ ഞാൻ മദിരാശിയിൽ പോയി ഡാക്ടർ മേനോന്റെ അതിഥിയായി താമസിക്കയായിരുന്നു. ഡാക്ടർ മേനോനു് മദിരാശിയിൽ നല്ല ചികിത്സ ഉണ്ടു്. മാസത്തിൽ നാനൂറു് അഞ്ഞുറു ഉറുപ്പിക കിട്ടും. അദ്ദേഹത്തിന്റെ മരുന്നുഷാപ്പോടു സംബന്ധിച്ചുതന്നെ രോഗികളെ താമസിപ്പിച്ചു ചികിത്സിക്കാൻ ഒരു എടുപ്പുണ്ടു്. അതിൽ നിത്യം പത്തും പതിനഞ്ചും രോഗികൾ ഉണ്ടാവും.
ക്രിസ്തുമസകാലത്തു് മദിരാശിയിലുള്ള വിനോദങ്ങൾക്കും നേരമ്പോക്കിനും കണക്കില്ല. അക്കാലത്താണു് “പാർക്കുഫേയർ”. ഞാനും ഡാക്ടർ മേനോനും “പാർക്കുഫേയർ” കാണാൻപോയി. അന്നു പാർക്കിൽ ഒരഗ്നിബാധയുണ്ടായി നാലഞ്ചുപേർ മരിക്കുകയും വളരെ പേർക്കു കഠിനമായി പൊള്ളുകയും ചെയ്തിരുന്നു. തീപൊള്ളിയവരിൽ കുറെപ്പേരെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോകയും രണ്ടാളെ ഡാക്ടർ മേനോന്റെ ആശുപത്രിയിൽ കൊണ്ടു വരികയും ചെയ്തു. ഈ രണ്ടുപേരിൽ ഒന്നൊരു സ്ത്രീയാണു്. ആ സ്ത്രീക്കു കഠിനമായി പൊള്ളിയിരിക്കുന്നു. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ ഓർമ്മയില്ല. ഡാക്ടർ മേനോൻ വേണ്ടുന്ന പരിശോധനകൾ കഴിച്ചശേഷം. ആ സാധുസ്ത്രീ ജിവിക്കുന്നകാര്യം പ്രയാസമാണെന്നു അഭിപ്രായപ്പെട്ടു. മറ്റേതൊരു കുട്ടിയായിരുന്നു. അതിനെ വല്ലവിധത്തിലും ജീവിപ്പിക്കാമെന്നു മേനോൻ ധൈര്യം പറഞ്ഞു മുർച്ഛിച്ചുകിടക്കുന്ന ആ സാധുസ്ത്രീയുടെ ഊരൂം പേരും ഒന്നും അറിയായ്കയാൽ അവളുടെ തല്ക്കാലസ്ഥിതിയെപ്പറ്റി ആർക്കാണു് അറിവുകൊടുക്കേണ്ടതെന്നറിയാതെ ഞങ്ങൾ വളരെ വിഷമിച്ചു. സ്ത്രീയ്ക്കൊരു മുപ്പത്തഞ്ചു വയസ്സു് പ്രായമുണ്ടായിരിക്കും. ഒരു ബ്രാഹ്മണസ്ത്രീയാണെന്നും വിധവയല്ലെന്നും അല്ലാതെ അവളെപ്പറ്റി മറ്റൊരു കാര്യവും അറിയാൻ തൽക്കാലം സാധിച്ചില്ല. അവൾക്കു് ഓർമ്മ വരാനുള്ള ചില പ്രയോഗങ്ങൾ മേനോൻ ചെയ്തശേഷം ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ, ബോധംവന്നു്, കണ്ണുതുറന്നു നാലുപാടും നോക്കി, അയ്യോ അയ്യോ. മനോന്മണി, രതി, രതി, മനോന്മണി, നിങ്ങളെവിടെ? എന്നിങ്ങനെ പുലമ്പിക്കൊണ്ടിരുന്നു. രതി! മനോന്മണി! ഈ പേരുകൾ പണ്ടെപ്പെഴോ കേട്ടിട്ടുള്ളപ്രകാരം എനിക്കുതോന്നി. പത്തുകൊല്ലം മുമ്പു കഴിഞ്ഞ ആ കഥ കേവലം എന്റെ മനസ്സിൽനിന്നു മറഞ്ഞുപോയിരുന്നില്ലെങ്കിലും, കുട്ടികളുടെ പേരുകൾ എനിക്കു നല്ല ഓർമ്മയുണ്ടായിരുന്നില്ല. മേനോനു് അങ്ങനെയല്ല. രതിയും മനോന്മണിയും അദ്ദേഹത്തിന്റെ തലയിൽ ഒരു ഭാഗം പിടിച്ചിരുന്നു. ബലത്തിൽ പിടിച്ചിരുന്നു. തലയിൽ എന്നേ ഞാൻ പറയുന്നുള്ളൂ. ഹൃദയത്തിൽ എന്നു പറയാൻ എനിക്കു് അധികാരമില്ല. ആ കുട്ടികളുടെ പേരുകേട്ട ഉടനെ അദ്ദേഹം സ്ത്രീയുടെ അടുത്തുചെന്നിട്ടു്, എന്തായിരുന്നു? നിങ്ങൾ രതിയേയും, മനോന്മണിയേയും അറിയുമോ? എന്നു ചോദിച്ചു. ഇതിനു് ആ സ്ത്രീ യാതൊരു ഉത്തരവും പറയാതെ, കുറേനേരം അദ്ദേഹത്തിന്റെ മുഖത്തുതന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഒടുക്കം, സാവധാനത്തിൽ ഇങ്ങനെ ചോദിച്ചു:-നിങ്ങളാരാണു്? ഞാനെവിടെയാണു്?
- മേനോൻ:
- ഞാനൊരു ഡാക്ടറാണു്. നിങ്ങൾക്കു തീപൊള്ളിയതിനാൽ എന്റെ ആസ്പത്രിയിൽ എടുത്തുകൊണ്ടുവന്നിരിക്കയാണു്.
- സ്ത്രീ:
- അയ്യോ! എന്റെ ശരീരം മുഴുവൻ പുകയുന്നല്ലോ. ഇതെന്താണു്, എന്റെ കയ്യിന്മേൽ?
- മേനോൻ:
- അതു പഞ്ഞിയാണു്. ഒരു മരുന്നുവച്ചതാണു്. പൊള്ളിയ സ്ഥലത്തൊക്കെ അങ്ങനെ മരുന്നുവച്ചിട്ടുണ്ടു്. നിങ്ങൾ എഴുന്നേൽക്കരുതു്. നിങ്ങളുടെ പേരെന്താണു്? നിങ്ങളുടെ വിവരത്തെപ്പറ്റി ഞാൻ ആരെയാണു് അറിയിക്കേണ്ടതു്?
- സ്ത്രീ:
- ആരെ അറിയിക്കാൻ! എനിക്കു് ആരുമേയില്ല. ആ കുട്ടികളെ ഒരുനോക്കു കണ്ടു്, മാപ്പിനപേക്ഷിച്ചു്, മരിച്ചാൽമതി.
- മേനോൻ:
- നിങ്ങൾ കുട്ടികളുടെ അമ്മയാണോ?
- സ്ത്രീ:
- അമ്മയല്ല. അവരുടെ അച്ഛന്റെ ഭാര്യയാണു്. ഞാൻ അവരോടു വലിയ കഠിനക്കൈ പ്രവർത്തിച്ചു. ഞാൻ ഇനി ജീവിക്കുമെന്നു തോന്നുന്നില്ല. ഞാൻ ചെയ്ത പാപത്തിനു മതിയായ ശിക്ഷതന്നെയാണു് അനുഭവിക്കുന്നതു്.
- മേനോൻ:
- നിങ്ങൾ എന്തു പാപമാണു ചെയ്തതു്? ഞങ്ങളോടു പറയാൻ വിരോധമില്ലെങ്കിൽ, പറയാം.
- സ്ത്രീ:
- ഞാൻ പറയാം, എനിക്കു പറയാതെ നിവൃത്തിയില്ല. മരിക്കുന്നതിനു മുമ്പു് എന്റെ പാപം ഒരാളോടു പറഞ്ഞാൽ എന്റെ മനസ്സിനു കുറെ സുഖമുണ്ടാകും. എന്റെ തല അല്പം പൊന്തിച്ചുവയ്ക്കുവിൻ. എനിക്കു നല്ലവണ്ണം സംസാരിക്കുവാൻ വയ്യാ.
മേനോൻ ഒരു തലയണയെടുത്തു് ആ സ്ത്രീയുടെ തലയ്ക്കു ചുവടെ വച്ചു. ഞങ്ങൾ രണ്ടുപേരും ഓരോ കസേരയിൽ കട്ടിലിന്റെ രണ്ടുഭാഗത്തും ഇരുന്നു.
സ്ത്രീ അവരുടെ കഥ പറഞ്ഞുതുടങ്ങി:
എന്റെ പേരു് അബലാമണിയെന്നാണു്. എന്നെ തൂത്തുക്കുടിയിലെ ഒരു വ്യാപാരിയാണു വിവാഹംകഴിച്ചതു്. അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യ മരിച്ചശേഷമാണു് എന്നെ വിവാഹംചെയ്തതു്. അദ്ദേഹം ഒരു മലയാളിശൂദ്രനാണു്. വളരെക്കാലം തൂത്തുക്കുടിയിൽ താമസിച്ചു് പേരും കോലവും മാറ്റി, ആ ദേശക്കാരനായിത്തീർന്നു. ഞാനൊരു ബ്രാഹ്മണവിധവയായിരുന്നു. ആജീവനാന്തം കഷ്ടപ്പെടുന്നതിനേക്കാൾ, ജാതി ഉപേക്ഷിച്ചു്, ഒരു യോഗ്യന്റെ ഭാര്യയായിരിക്കയാണു നല്ലതെന്നു് എനിക്കു തോന്നി. അങ്ങനെയാണു ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാകാൻ അനുകൂലിച്ചതു്. അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യയിൽ ഉണ്ടായിരുന്ന രണ്ടു മക്കളായിരുന്നു രതിയും മനോന്മണിയും. ആ കുട്ടികളുടെ അമ്മ ഒരു നായിഡുസ്ത്രീയാണെന്നു ഞാൻ കേട്ടിട്ടുണ്ടു്. എന്നെ വിവാഹം കഴിച്ചതിനുശേഷം, അദ്ദേഹം തന്റെ കുട്ടികളോടു കാണിക്കുന്ന വാത്സല്യം എനിക്കത്ര സമ്മതമായില്ല. ഞാൻ അദ്ദേഹത്തെ പ്രാണനെപ്പോലെ കരുതി സ്നേഹിച്ചിരുന്നു. അദ്ദേഹമാകട്ടെ, എന്നെക്കാൾ കുട്ടികളെയാണു സ്നേഹിക്കുന്നതെന്നും, അതു് അയാൾക്കു പ്രഥമഭാര്യയിൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ ഫലമാണെന്നും, ഞാൻ വിചാരിച്ചു. എനിക്കു് അസൂയ ജനിച്ചു. അതു ക്രമേണ വർദ്ധിച്ചു്, ഞാൻ ആ സാധുകുട്ടികളെപ്പറ്റി പല ദുഷിയും അവരുടെ അച്ഛനോടു പറഞ്ഞു. ആദ്യം, അദ്ദേഹം അവയൊന്നും ശ്രദ്ധിച്ചില്ല. നിത്യം ഇറ്റുവീഴുന്ന വെള്ളംകൊണ്ടു കുഴിഞ്ഞുപോകാത്ത കഠിനകല്ലുകളുണ്ടോ? എന്റെ ദുഷി ഫലിച്ചുതുടങ്ങി. എന്റെ ഭർത്താവിനു മക്കളിൽ സ്നേഹം കുറഞ്ഞുതുടങ്ങി. ഞാൻ വിടാതെ പലതും പറഞ്ഞും പ്രവർത്തിച്ചും തുടങ്ങി. അതൊക്കെ ഇന്നതാണെന്നു വിവരിക്കാൻ പ്രയാസം. രണ്ടാമത്തെ അമ്മയുടെ ദുർന്നയങ്ങളെ അറിയുന്നവർക്കൊക്കെ അവ എളുപ്പത്തിൽ ഊഹിക്കാം. എന്തിനു പറയുന്നു, കുട്ടികളോടു് അവരുടെ അച്ഛനു ദേഷ്യമായി. അതുവരെ സ്വർഗ്ഗീയകന്യകകളെപ്പോലെ നിർദ്ദോഷികളും നിരപരാധിനികളുമാണെന്നും വിചാരിച്ച കുട്ടികൾ, വെറും രാക്ഷസികളാണെന്നു് അവരുടെ അച്ഛൻ ധരിച്ചു. ഈ കുട്ടികളെ പുറത്താക്കിക്കളവാൻ ഞങ്ങൾ തീർച്ചയാക്കി. എന്റെ ഭർത്താവിനു മൂന്നു വലിയ പത്തേമാരികൾ ഉണ്ടായിരുന്നു. അവയിൽ സാമാനങ്ങൾ കയറ്റിക്കൊണ്ടുപോകുമ്പോൾ അതിൽ അദ്ദേഹവും ഞാനും കുട്ടികളുംകൂടി കയറിപ്പോകാൻ തീർച്ചയാക്കി. ഞങ്ങൾ മദിരാശി തുറമുഖത്തെത്തി, നാലുപേരും ഒരു തോണിയിൽ കയറി കരയ്ക്കുപോയി, അവിടെ കുറെ നേരം നഗരത്തിൽ നടന്നശേഷം. ഉപായത്തിൽ കുട്ടികളെ വിട്ടു്, ഞങ്ങൾ തോണിയിൽ കയറി പത്തേമാരിയിൽ പോയി. കുട്ടികളില്ലാതെ ചെന്നതുകൊണ്ടു പത്തേമാരിയിലെ പ്രവൃത്തിക്കാർ പലതും സംശയിക്കയും, എന്നെ ചിലർ കഠിനമായ ദേഷ്യത്തോടെ നോക്കുകയും ചെയ്തു. ആ നോട്ടങ്ങൾ ഇന്നും എന്റെ മനസ്സിൽ ശരംതറയ്ക്കുന്നതുപോലെ വേദനപ്പെടുത്തുന്നുണ്ടു്. ഹാ! സാധുകുട്ടികൾ! ഞങ്ങളെ കാണാതെ എങ്ങനെ കഴിച്ചിരിക്കുമെന്നുള്ളതു്, എനിക്കു വിചാരിക്കുവാൻപോലും സാധിക്കുന്നില്ല. എന്റെ ഭർത്താവിനു കഠിനമായ വ്യസനമുണ്ടായി. എന്നോടു പിന്നെ സന്തോഷത്തോടുകൂടി സംസാരിക്കപോലും ചെയ്തിരുന്നില്ല. ഞങ്ങൾ പത്തേമാരിയിൽ നാലുദിവസം സഞ്ചരിച്ചു. അഞ്ചാംദിവസം കഠിനമായ കാറ്റും കോളും ഉണ്ടായി. പത്തേമാരി ഒരു പാറയ്ക്കടിച്ചുപൊളിഞ്ഞു. ഞാൻ വെള്ളത്തിൽ വീണതും, ഓർമ്മയില്ലാതായതും, ഒന്നിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെ എനിക്കു ബോധം വന്നപ്പോൾ, ഞാൻ ഒരു വീട്ടിൽ ഒരു കട്ടിലിന്മേൽ കിടക്കുന്നതും, ചിലരെന്നെ ശുശ്രൂഷിക്കുന്നതും കണ്ടു. അതൊരു ആശുപത്രിയായിരുന്നു എന്നു് പിന്നീടു ഞാനറിഞ്ഞു. ഞാൻ എന്റെ ഭർത്താവെപ്പറ്റി അന്വേഷിച്ചതിൽ ആർക്കും വിവരമില്ലെന്നു പറഞ്ഞു. ഞാൻ, എന്റെ പണ്ടങ്ങൾ വിറ്റു്, കരവഴിയായി തൂത്തുക്കുടിയിൽ എത്തി, ഞങ്ങളുടെ വീട്ടിൽ ചെന്നു. ഭർത്താവു് അവിടെ എത്തിയിട്ടില്ലെന്നു കണ്ടു. ഞാൻ പിന്നെ എന്റെ സാമാനങ്ങളും മറ്റും വിറ്റു്, കുറേക്കാലം അവിടെത്തന്നെ താമസിച്ചു. ഭർത്താവിന്റെ ബാക്കിയുള്ള പത്തേമാരികളും മറ്റും ആരോ കൈവശപ്പെടുത്തി. ഭർത്താവു വെള്ളത്തിൽ മരിച്ചുപോയിരിക്കാമെന്നു ഞാൻ സംശയിച്ചു. അഥവാ അദ്ദേഹം രക്ഷപ്പെടുകയും എന്നെ ഉപേക്ഷിച്ചു കുട്ടികളുടെ അടുക്കെ പോകയും ചെയ്തിരിക്കാം. ഞാൻ ദേശസഞ്ചാരത്തിനു പുറപ്പെട്ടു. കുട്ടികളോടു ഞാൻ ചെയ്ത തെറ്റിനെപ്പറ്റി ആലോചിച്ചു പശ്ചാത്തപിച്ചു. ഒടുവിൽ മദിരാശിയിൽ എത്തി. കഷ്ടകാലത്തിനു് ഇന്നു് ഈ അപകടത്തിൽപ്പെട്ടു. വെള്ളത്തിൽനിന്നു് രക്ഷപ്പെട്ടു തീയിൽ മരിക്കാനാണു് എന്റെ യോഗം. പ്രകൃതിയിലെ ശക്തികൾതന്നെ എന്നോടു പ്രതിക്രിയ ചെയ്യുന്നതായിരിക്കാം. ഞാൻ ചെയ്ത പാപത്തിനു് ഇതു വലിയ കഠിനമായ ശിക്ഷയല്ല.
സ്ത്രീയുടെ ഈ കഥ കേട്ടപ്പോൾ ഞാനും ഡാക്ടർ മേനോനും ഇടിതട്ടിയ മരംപോലെ നിശ്ചലന്മാരായി ഇരുന്നുപോയി. രതിയേയും മനോന്മണിയേയുംപറ്റി ഞങ്ങൾ അറിഞ്ഞ വിവരം മേനോൻ ആ സ്ത്രീയെ ധരിപ്പിച്ചു. അവൾക്കു് അതുകേട്ടപ്പോളുണ്ടായ മനോവേദന കണ്ടപ്പോൾ, അവളെ ഈ അന്ത്യകാലത്തു ആ വിവരം അറിയിക്കേണ്ടതില്ലായിരുന്നുവെന്നു് എനിക്കു തോന്നി.
ഞാനും മേനോനും അദ്ദേഹത്തിന്റെ മുറിയിൽ പോയി രതിയെപ്പറ്റി പലതും പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“അല്ല നമ്പ്യരെ നാം ഇന്നുരാത്രി എന്താണു ചെയ്ക? എനിക്കു് ആ സ്ത്രീയുടെ കഥ കേട്ടതിൽപ്പിന്നെ മനസ്സിനു കേവലം സ്വസ്ഥതയില്ലാതായിരിക്കുന്നു. വല്ല വിനോദത്തിലും ഏർപ്പെടണം.”
- ഞാൻ:
- നാടകം കാണാൻ പോകാം, പുതിയ നാടകമല്ലേ? വളരെ നന്നെന്നാണു് എല്ലാവരും പറയുന്നതു്.
- മേനോൻ:
- ശരി അതുകൊള്ളാം. നിങ്ങൾ ഒരുങ്ങിക്കൊൾവിൻ. ഞാൻ 9 മണിക്കു മടങ്ങിവരാം. ഇങ്ങനെ പറഞ്ഞു് അദ്ദേഹം തന്റെ ചികിത്സയിലുള്ള ചില രോഗികളെ കാണ്മാൻ പോയി.
ബാലാമണി മുതലായ പ്രസിദ്ധ നടികളുടെ നാടകങ്ങൾ കണ്ടിട്ടുള്ള പലരോടും മദിരാശിയിലെ നാടകങ്ങളെക്കുറിച്ചു വിവരിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ള ഒരു നാടകം കാണ്മാൻ പോകാനാണു് ഞങ്ങൾ തീർച്ചയാക്കിയതു്. തൃശ്ശിനാപ്പള്ളിയിൽനിന്നു് ഒരു പുതിയ നാടകസംഘം വന്നിരിക്കയാണു്. അതിൽ നാലഞ്ചു സ്ത്രീകളുണ്ടു്. ഒരു സ്ത്രീ വിശേഷിച്ചും, അല്പകാലത്തിനുള്ളിൽ വളരെ പ്രസിദ്ധയായ നടിയായിത്തീർന്നിരിക്കുകയാണു്. അവളുടെ ആട്ടവും പാട്ടും, നിത്യം രാത്രി അനേകം ജനങ്ങളെ ആകർഷിക്കുന്നുണ്ടു്.
ഒൻപതുമണിക്കു് കൃത്യമായി ഡാക്ടർ മടങ്ങിവന്നു. ഞങ്ങൾ കളികാണ്മാൻ പോയി.
ഞങ്ങൾ രണ്ടുപേരും ഓരോ റിസർവ്വ് ടിക്കറ്റു വാങ്ങി രംഗത്തിനടുത്തുള്ള രണ്ടു കസാലകളിൽ ഇരുന്നു. ഒമ്പതരമണിക്കു കൃത്യമായി കർട്ടൻ പൊന്തി. സരസ്വതിയുടെ വേഷമായിരുന്നു ഒന്നാമത്തേതു്. ഒരു വീണയുമായി ഒരു സ്ത്രീ ഒരു കസാലയിൽ ഇരുന്നു പാടിത്തുടങ്ങി. പാട്ടു കേട്ട ഉടനെതന്നെ മേനോൻ അല്പം ബദ്ധപ്പെട്ടുകൊണ്ടു് എന്നോടു് ഏതാണു് ആ സ്ത്രീ?, എന്നു ചോദിച്ചു. ആരറിഞ്ഞു, എന്നുമാത്രം ഞാൻ മറുപടി പറഞ്ഞു. മേനോൻ പിന്നെയും, ഛെ! നിങ്ങൾക്കു മനസ്സിലാകുന്നില്ലെ! രതീഭായി അല്ലെ അതു്, എന്നു ചോദിച്ചു.
- ഞാൻ:
- നിങ്ങൾ എന്തൊക്കെയാണു് പറയുന്നതു്? ഈ നോട്ടീസ് നോക്കരുതോ? ഇതിൽ വേഷക്കരുടെ പേരു പറഞ്ഞിട്ടുണ്ടല്ലോ. സരസ്വതി: മോഹിനീഭായി; അവൾതന്നെയാണു് ദമയന്തിയുടെ വേഷവും.
- മേനോൻ:
- പേരു മാറ്റിക്കൂടെ? നോക്കൂ, നോക്കൂ, അവൾ നമ്മെത്തന്നെ നോക്കുന്നു. അവളുടെ മുഖസ്വഭാവം പകരുന്നുണ്ടു്; നിശ്ചയം.
- ഞാൻ:
- നിങ്ങൾക്കു ഭ്രാന്തായിപ്പോയി. അവൾ നമ്മെ നോക്കുന്നതുപോലെ, സർവ്വരേയും നോക്കുന്നുണ്ടു്.
ഞങ്ങളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ, ഗാലറിയിന്മേൽനിന്നു് ഒരു ശബ്ദം കേട്ടു ഈ വേഷക്കാരത്തി പാടുന്ന പാട്ടുതന്നെ ഒരാൾ ഗാലറിയിന്മേൽനിന്നു പാടുന്നു. ഒരു ഭ്രാന്തനായിരിക്കണം. സർവ്വരും അങ്ങോട്ടു തിരിഞ്ഞു നോക്കുകയും, ചിലർ അവനെ വിലക്കുകയും, ചിലർ ശു. ശു എന്നും, ശുമ്മായിരി, ശുമ്മായിരി, എന്നും പറഞ്ഞുകൊണ്ടിരുന്നു. മോഹിനീഭായി പാട്ടുനിറുത്തി, ഗാലറിയിൽതന്നെ നോക്കിക്കൊണ്ടിരുന്നു. പാടിയ കിഴവൻ ചാടിയെഴുനേറ്റു് രംഗത്തിലേയ്ക്കു ഓടിവന്നു. ചിലരവനെ തടഞ്ഞു താടിയും മുടിയും വളർത്തി ഒരു സന്യാസിയെപ്പോലുള്ള ഒരു കിഴവൻ. രതി, രതി, എന്റെ മക്കളേ, എന്നു വിളിച്ചുകൊണ്ടു് രംഗത്തേയ്ക്ക് ഓടിക്കയറി. മോഹിനീഭായിയും അച്ഛാ, അച്ഛാ എന്നു വിളിച്ചു് അദ്ദേഹത്തെ സ്വീകരിപ്പാൻ ഭാവിച്ചു. ഉടനെ കർട്ടൻ വീണു. പിന്നെയുണ്ടായ തിക്കും തിരക്കും, സംസാരവും പറവാനില്ല. കിഴവനെ ഒരാൾ വന്നു് അണിയറയിലേക്കു കൂട്ടിക്കൊണ്ടുപോയി.
ഉടനെ കളിയുടെ മാനേജർ സ്റ്റേജിന്മേൽ കയറിനിന്നിട്ടു് ഇങ്ങിനെ പറഞ്ഞു:
എല്ലാവരും യഥാസ്ഥാനത്തു ഇരിക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഞങ്ങളുടെ പ്രധാന വേഷക്കാരിയുടെ അച്ഛൻ സ്വരാജ്യം വിട്ടുപോയി വളരെക്കഴിഞ്ഞു്, ഇന്നു മടങ്ങിവന്നതാണു്. അദ്ദേഹം മരിച്ചുപോയിരിക്കുമെന്നു മകളും, മകൾ മരിച്ചുപോയിരിക്കാമെന്നു് അയാളും വിചാരിച്ചിരുന്നു. ഇന്നാണു് അവർ യാദൃശ്ചികമായി കണ്ടുമുട്ടിയതു്. അതാണു് ഈ ബഹളത്തിനു കാരണം. അതും ഞങ്ങളുടെ ഇന്നത്തെ നാടകത്തിലെ ഏറ്റവും രസകരമായ ഒരു കഥാഭാഗമാണെന്നു സ്വാഗതംചെയ്തു നിങ്ങളൊക്കെ ക്ഷമിക്കാനപേക്ഷ. കളി മുറയ്ക്കു് നടക്കുന്നതാണു്.
കളി മുറയ്ക്കു നടന്നു. അന്നത്തെ നളചരിതത്തിലെ ദമയന്തി പൂർവ്വാധികം നന്നായിരുന്നുവെന്നാണു് പണ്ടു് ആ യോഗക്കാരുടെ കളി കണ്ടവരുടെ അഭിപ്രായം. കളികഴിഞ്ഞു് എല്ലാവരും പോയി. ഞാനും ഡാക്ടരും അവിടെ കുറെ താമസിച്ചു. ഞങ്ങളുടെ ആവശ്യപ്രകാരം മാനേജർ രതിയേയും അവളുടെ അച്ഛനേയും ഞങ്ങളുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു. രതിയെ കണ്ട ഉടനെ മേനോൻ നിങ്ങൾ അന്നു് എവിടെ പൊയ്ക്കളഞ്ഞു? ഞങ്ങൾ അന്വേഷിച്ചു കണ്ടില്ലല്ലോ എന്നു ചോദിച്ചതിനു് അവൾ ഇങ്ങനെ മറുപടി പറഞ്ഞു: ജ്യേഷ്ഠത്തി മരിച്ച വ്യസനം നിമിത്തം എന്താണു ചെയ്യേണ്ടതെന്നറിയാതെ ഞാൻ തനിയെ കടലോരത്തു നടന്നു. കടലിൽ ചാടി മരിക്കണമെന്നുകൂടി എനിക്കൊരാഗ്രഹം ഉണ്ടായിരുന്നിരിക്കണം. അവിടെ തനിച്ചു് ഇരിക്കുമ്പോൾ ഈ നാടകസംഘക്കാർ കപ്പലിലേക്കു കയറാൻ പോകയാണു്. അതിലെ പ്രധാനവേഷക്കാരിയായ യമുനാമണി, എന്നെ കണ്ടപ്പോൾ എന്റെ അടുക്കൽ വന്നു പല വിവരങ്ങളും ചോദിച്ചു. എനിക്കു് അവരുടെ ഒന്നിച്ചു പോകാൻ ഇഷ്ടമുണ്ടെന്നറിഞ്ഞു. അവർ എന്നെയും ഒന്നിച്ചു കൂട്ടി. അല്പദിവസം കഴിഞ്ഞപ്പോൾ, യദൃശ്ചയാ എന്റെ പാട്ടുകേൾക്കാനിടയാകയും ഞാൻ നല്ല പാട്ടുകാരിയാകുമെന്നു ആ സ്ത്രീ പറയുകയും എന്നെ പാട്ടു പഠിപ്പിക്കയും, പിന്നെ നാടകത്തിൽ വേഷം കെട്ടിക്കയും ചെയ്തു. എന്റെ പാട്ടും ആട്ടവും ജനങ്ങൾക്കു വളരെ ബോധിച്ചു. യമുനാമണി എന്നെ അവരുടെ മകളെപ്പോലെ രക്ഷിച്ചുപോന്നു. ഞങ്ങൾ പല ദിക്കിലും സഞ്ചരിച്ചു. ഞാൻ ഒരുകാലം എന്റെ അച്ഛനെ കാണുമെന്നു്, എന്റെ മനസ്സിൽ തോന്നിക്കൊണ്ടിരുന്നു. അതുകൊണ്ടു് കളിയുള്ള ദിവസങ്ങളിലൊക്കെ ഞാൻ ആദ്യം സരസ്വതിയുടെ വേഷം കെട്ടിയാൽ പാടുന്നതു്, അച്ഛൻ എന്നെ ചെറുപ്പത്തിൽ പഠിപ്പിച്ച പാട്ടായിരുന്നു അതു് അച്ഛൻതന്നെ ഉണ്ടാക്കിയതാണു്. അതു കേട്ടാൽ അച്ഛൻ എന്നെ അറിയാതിരിക്കയില്ലെന്നും എനിക്കറിയാം. അങ്ങനെതന്നെ ഇന്നു ഫലമായല്ലൊ.
അവൾ ഇത്രയും പറഞ്ഞശേഷം, അവളുടെ അച്ഛൻ: അതേ മക്കളെ, ഞാൻ അങ്ങനെതന്നെയാണു നിന്നെ മനസ്സിലാക്കിയതു്. നിന്നെ ഏഴുവയസ്സിൽ കണ്ടതല്ലേ? അന്നു നീ ചെറിയ ഒരു തയ്യായിരുന്നു. ഇന്നു വലിയ വല്ലിയായി. ഇങ്ങനെ പറഞ്ഞു ഞങ്ങളോടായിട്ടു്: നിങ്ങൾ എങ്ങനെ ഇവളെ അറിയാൻ ഇടയായി? എന്നു ചോദിച്ചു. മേനോൻ കഥയൊക്കെ ചുരുക്കത്തിൽ പറഞ്ഞു. മനോന്മണിയുടെ ചരിത്രത്തെപ്പറ്റി പറയുമ്പോൾ ആ വൃദ്ധൻ പൊട്ടിക്കരഞ്ഞുതുടങ്ങി. ഒടുക്കം മേനോൻ, നിങ്ങളുടെ പത്തേമാരി ഉടഞ്ഞ കഥവരെ ഞങ്ങൾ അറിയും. അതിൽ പിന്നെ നിങ്ങൾ എവിടെയായിരുന്നു?
- കിഴവൻ:
- പത്തേമാരി ഉടഞ്ഞതോ? ആ വിവരം നിങ്ങളോടാരു പറഞ്ഞു?
- മേനോൻ:
- അതൊക്കെ പിന്നെ പറയാം.
- കിഴവൻ:
- ഞാൻ അവളെക്കണ്ടില്ല. ചത്തുപൊയെന്നു വിചാരിച്ചു. അതുകൊണ്ടു് എനിക്കു് അധികം വ്യസനമുണ്ടായില്ല. ഞാൻ ദേശാടനത്തിനു പുറപ്പെട്ടു. എന്റെ മക്കളെ കാണാൻ പല ദിക്കിലും സഞ്ചരിച്ചു. അങ്ങനെ ഒടുവിൽ ഇവിടെ എത്തിയതാണു്. മദിരാശിയിൽ ഞാൻ പലപ്പോഴും വന്നു് പലരോടും ചോദിക്കയും, പല ദിക്കിലും അന്വേഷിക്കയും ചെയ്തിട്ടുണ്ടു്.
- മേനോൻ:
- നിങ്ങൾ പറഞ്ഞ, അവൾ ചത്തിട്ടില്ല; ചാവാറായിരിക്കുന്നു.
- കിഴവൻ:
- എവിടെയുണ്ടു്?
- രതി:
- ആരാണച്ഛാ?
- കിഴവൻ:
- നിന്റെ അമ്മ—അമ്മയെന്നു നീ വിളിച്ചുപോന്നവൾ.
- രതി:
- അയ്യോ! അമ്മ എവിടെ?
ഞാൻ വിവരമെല്ലാം സാവധാനത്തിൽ പറഞ്ഞു. ഞാനും മേനോനും, കിഴവനേയും രതീഭായിയേയും പിറ്റേ ദിവസം രാവിലെ ഡാക്ടറുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. അവർ വരുന്ന വിവരം ആ സ്ത്രീ അറിഞ്ഞിരുന്നില്ല. അവരെ കണ്ടയുടനെ സ്ത്രീയ്ക്കുണ്ടായ മനോവികാരം പറഞ്ഞറിയിക്കാൻ പ്രയാസം. അവളുടെ മരണം കുറേക്കൂടി വേഗത്തിലാക്കുന്നതിനു് അതുതന്നെ മതിയായിരുന്നു എങ്കിലും, ആ സാധുസ്ത്രീ, അവളുടെ അപരാധത്തെ ഏറ്റുപറഞ്ഞു്, രതിയോടും അവളുടെ അച്ഛനോടും ക്ഷമായാചനം ചെയ്തശേഷമേ മരിച്ചുള്ളൂ എന്നുള്ളതു്, വലിയ ആശ്വാസം തന്നെ.
രതിയും അച്ഛനും ഡാക്ടരുടെ വീട്ടിൽതന്നെ താമസിച്ചു. നാടകസംഘത്തിൽനിന്നും അവൾ വിട്ടു. ഞാൻ നാലഞ്ചുദിവസം കഴിഞ്ഞു്, എന്റെ പ്രവൃത്തിസ്ഥലത്തേയ്ക്കു മടങ്ങിപ്പോകുന്നതിനു മുമ്പു്, രതിയുടെ അച്ഛന്റെ പൂർവ്വചരിതം മനസ്സിലാക്കിയിരുന്നു.
അദ്ദേഹം വടക്കേമലയാളത്തിലെ ഒരു നായരാണു്. സാമാന്യം നല്ല തറവാട്ടിലെ ഒരു അനന്തരവനായിരുന്നു. കാരണവരോടു പിണങ്ങി, രാജ്യംവിട്ടു പോയതാണു്. നല്ല സംഗീതജ്ഞനായിരുന്നതിനാൽ കഴിച്ചിലിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മദിരാശിയിൽവച്ചു് ഒരു നായിഡുസ്ത്രീയെ ഭാര്യയാക്കി, അവളോടുകൂടി തൂത്തുക്കുടിയിൽ പോയി, അവളുടെ കുറെ പണംകൊണ്ടു കച്ചവടംതുടങ്ങുകയാണു ചെയ്തതു്. ആ സ്ത്രീയിൽ രണ്ടു പെൺകുട്ടികൾ ജനിച്ചു. രതിയെ പ്രസവിച്ചയുടനെ ആ സ്ത്രീ മരിച്ചുപോയിരുന്നു. പിന്നീടുള്ള കഥയൊക്കെ വായനക്കാർ അറിയുമല്ലോ.
രണ്ടുകൊല്ലം കഴിഞ്ഞശേഷമാണു്, പിന്നെ ഞാൻ ഡാക്ടർ മേനോനെ കാണാൻ പോയതു്. ഞാൻ ചെന്നു് അദ്ദേഹത്തിന്റെ മുറിയിൽ ഒരു കസാലയിൽ ഇരുന്നയുടനെ, മേനോൻ അകത്തുനിന്നു കനകക്കട്ടപോലെയുള്ള ഒരു കുട്ടിയെ എടുത്തുകൊണ്ടുവന്നു് എന്റെ മടിയിൽവച്ചു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തൊന്നു നോക്കി—അപ്പോൾ അദ്ദേഹം—അതെ, സംശയിക്കാനെന്താ? രതിയുടേയും എന്റേയും കുട്ടിതന്നെ, എന്നു പറഞ്ഞു.
- ഞാൻ:
- ഇതിന്റെ പേരെന്താണു്?
- മേനോൻ:
- ചന്ദ്രശേഖരൻ.
- ഞാൻ:
- എന്തു്? എന്റെ പേരോ?
- മേനോൻ:
- അതെ, ഞങ്ങളുടെ ചരിത്രത്തിൽ നിങ്ങൾ അഭിനയിക്കാൻ ഇടയായ ഭാഗത്തിന്റെ സ്മാരകമാണതു്.
ഞാൻ മടങ്ങിപ്പോരുന്നതിനു തലേദിവസം മേനോനോടു്, എന്താ മേനോനെ, രാജ്യത്തൊന്നും പോകുന്നില്ലേ? കുടുംബങ്ങളെയൊന്നും കാണുന്നില്ലേ? എന്നു ചോദിച്ചു. അതിനു് അദ്ദേഹം അല്പനേരം ഒന്നും മിണ്ടാതിരുന്നതിനു ശേഷം സാവധാനത്തിൽ പറഞ്ഞ മറുപടി ഇതായിരുന്നു—
ആട്ടെ പോകാം, വിവാഹബിൽ പാസ്സാവട്ടെ.
ഭാഷാപോഷിണി, 1087 ധനു-മകരം
1924-ാം കൊല്ലത്തിലാണു്—“മലയാള വിവാഹദായനിയമം” എന്നൊരു നിയമം മദിരാശി നിയമനിർമ്മാണസഭക്കാർ ഉണ്ടാക്കി നടപ്പിൽ വരുത്തിക്കഴിഞ്ഞിരിക്കുന്നു. ആ നിയമമനുസരിച്ചു വളരെ വിവാഹങ്ങളും നടന്നുകഴിഞ്ഞിരിക്കുന്നു. മലയാളികൾക്കു് സ്ഥിരമായ വിവാഹസമ്പ്രദായം ഇല്ലെന്നുള്ളതൊക്കെ വെറും ചരിത്രപ്രസിദ്ധമായിത്തീർന്നു. വസ്ത്രം മാറുംപോലെ എളുപ്പത്തിലും വേഗത്തിലും ഭാര്യമാരെ ഉപേക്ഷിക്കാനോ, ഭർത്താക്കന്മാരെ ഉപേക്ഷിക്കാനോ രണ്ടും നിവൃത്തിയില്ലാത്ത നിലയിലായി. അങ്ങിനെയുള്ള കാലം ഒരു ദിവസം വൈകുന്നേരം, പത്മനാഭൻ എന്നു പേരായ ഒരു യുവാവു് കടപ്പുറത്തു് പൂഴിയിൽ തനിയെ ഇരിക്കുന്നു. ആരെയോ കാത്തിരിക്കയാണെന്നും എന്തോ സംഗതിവശാൽ മനസ്സിൽ വലുതായ ചില ക്ഷോഭങ്ങളൊക്കെയുണ്ടെന്നും കാണുന്നവർക്കു തോന്നും. അല്പനേരം കഴിഞ്ഞപ്പോൾ പത്മനാഭൻ എഴുന്നേറ്റു് ഒരു പുഞ്ചിരിയോടുകൂടി അടുത്തുവരുന്ന ഒരാളെ എതിരേല്ക്കാൻ അഞ്ചാറടി നടന്നു. അയാൾ അടുത്തെത്തിയ ഉടനെ പത്മനാഭൻ ഇങ്ങനെ പറഞ്ഞു: “മുഖം കണ്ടിട്ടു് കാര്യംസാധിച്ചപോലെ തോന്നുന്നുണ്ടല്ലോ!” “സാധിക്കാതെ മാധവൻ മടങ്ങുമോ?” മാധവൻ പത്മനാഭന്റെ ഒരു വിശ്വസ്തമിത്രമാണു്. അയാൾ പിന്നെയും പറഞ്ഞുതുടങ്ങി.
“എന്തൊക്കെ ബുദ്ധിമുട്ടു് സഹിച്ചുവെന്നറിഞ്ഞോ. നിനക്കല്ല, മറ്റുവല്ലവർക്കുംവേണ്ടിയാണെങ്കിൽ, ഞാൻ ഒരിക്കലും ഇത്ര ബുദ്ധിമുട്ടുകയില്ലായിരുന്നു. മി: നാരായണനും കാര്യം അശേഷം ഇഷ്ടമില്ല, മറ്റൊന്നുമല്ല നിനക്കു് ഇനിയും സ്ഥിരമായ ഒരു ഉദ്യോഗം കിട്ടീട്ടില്ല പിന്നെ ബർമ്മയിലേക്കും മറ്റും പോകുമ്പോൾ ആ കുട്ടിയേയും കെട്ടിവലിച്ചുകൊണ്ടുപോകുന്നതു കഷ്ടമല്ലെ? കണ്ണെത്താത്ത ദിക്കു്. അവിടെവച്ചു വല്ല സുഖക്കേടുമുണ്ടായാൽ എന്തുചെയ്യും? എന്നുംമറ്റുമാണു് അയാളുടെ ന്യായം!”
- പത്മനാഭൻ:
- ബർമ്മയിൽ എത്രമലയാളികളുണ്ടു്? കുടുംബങ്ങളോടുകൂടി താമസിക്കുന്നവർതന്നെ വളരെയുണ്ടു്.
- മാധവൻ:
- അവർക്കൊക്കെ സ്ഥിരമായ ഉദ്യോഗവും നല്ല ശമ്പളവും ഇല്ലേ?
- പത്മനാഭൻ:
- ഞാൻ അവിടെ എത്തേണ്ടുന്ന താമസം, എനിക്കു് എഴുപത്തഞ്ചു് ഉറുപ്പിക ശമ്പളത്തിന്മേൽ ഒരു ഉദ്യോഗം കിട്ടും. ഇന്നലെയും മിസ്റ്റർ രാഘവന്റെ എഴുത്തുണ്ടായിരുന്നു. അതുപോട്ടെ, നീ എന്താ സാധിച്ചുവെന്നു പറഞ്ഞതു്.
- മാധവൻ:
- ഞാൻ ഒടുവിൽ ലക്ഷ്മിഅമ്മയുടെ സേവപിടിച്ചു. അവരെക്കൊണ്ടു മിസ്റ്റർ നാരായണനോടു പറയിച്ചു. ഒടുവിൽ ഒരുവിധം സമ്മതമായിരിക്കുന്നു. നീ ബർമ്മയിൽപോയി ഉദ്യോഗംകിട്ടി, ഒരുകൊല്ലം കഴിഞ്ഞു മടങ്ങിവന്നിട്ടു്, കല്യാണം കഴിച്ചാൽ പോരെ?
- പത്മനാഭൻ:
- എന്നാൽ ഇത്രയൊക്കെ ബുദ്ധിമുട്ടേണ്ടിയിരുന്നോ കല്യാണംകഴിയട്ടെ. പക്ഷേ, ഞാൻ അവളെ ബർമ്മയിലേക്കു് കൂട്ടുന്നില്ല. അവിടെപ്പോയി ഉദ്യോഗംകിട്ടിയതിനുശേഷം മടങ്ങിവന്നു കൂട്ടിക്കൊണ്ടു പോയിക്കൊള്ളാം.
അങ്ങിനെയാണു് ഒടുവിൽ തീർച്ചയാക്കിയതു്. പത്മനാഭൻ ഒരു മരുമക്കത്തായ തറവാട്ടിലെ ഒരു അനന്തരവനാണു്. കുറെയൊക്കെ ഇംഗ്ലീഷുപഠിച്ചതിനുശേഷം ഒരു കച്ചവടക്കമ്പനിയുടെ ഏജന്റായി പലദിക്കിലും സഞ്ചരിച്ചു്, സാമാനങ്ങൾ വിലയ്ക്കുവാങ്ങാൻ ആളുകളെ അന്വേഷിക്കുന്ന ഉദ്യോഗത്തിൽ പ്രവേശിച്ചു സഞ്ചാരത്തിൽ ഒരിക്കൽ ഒരു വീട്ടിൽ കുറെ ഉണ്ടുതാമസിക്കാനിടയായി. ആ വീട്ടിലെ കാരണവൻ, നാരായണൻ ‘എന്നയാൾ, ഒരു ഗവർമ്മെന്റാഫീസിലെ ക്ലാർക്കാണു്. താമസിക്കുന്ന വീടും അതിനോടുചേർന്ന പറമ്പും കൊല്ലത്തിൽ 1000 പറ നെല്ലു് പാട്ടമുള്ള ഒരു പാടവും തറവാട്ടുവക സ്വത്തായിട്ടുണ്ടു്. അദ്ദേഹത്തിന്റെ മരുമകളായ സുമിത്ര എന്ന കുട്ടിയെ തനിക്കു വിവാഹം കഴിക്കണമെന്നു് ആഗ്രഹമായി. തന്റെ സ്നേഹിതനായ മാധവന്റെ സേവപിടിച്ചു് ശുപാർശചെയ്യിച്ചു, വിവാഹകാര്യം തീർച്ചപ്പെടുത്തി.
പെൺകുട്ടികൾ എങ്ങിനെയെങ്കിലും ഒരു വഴിക്കുപോയാൽ മതിയെന്നേ ചിലർക്കുള്ളൂ. മകൾക്കോ മരുമകൾക്കോ ഭർത്താക്കന്മാരെ തിരഞ്ഞെടുക്കുന്നകാര്യത്തിൽ “വളരെയൊന്നും നോക്കേണ്ടതില്ല” എന്നായിരിക്കുന്നു പലരുടേയും അഭിപ്രായം. പത്മനാഭൻ സുമിത്രയെ കല്യാണം കഴിച്ചു ഒന്നുരണ്ടു മാസം കഴിഞ്ഞു ബർമ്മയിലേക്കുപോയി, ആദ്യം കുറച്ചുദിവസം എഴുത്തുകളൊക്കെ വന്നുകൊണ്ടിരുന്നുവെങ്കിലും, പിന്നെ വിവരമൊന്നും ഇല്ലാതായി. കൊല്ലം ഒന്നുകഴിഞ്ഞു. ഒരുദിവസം വൈകുന്നേരം സുമിത്ര “കേരളഭാസ്ക്കരൻ” എന്ന പത്രം വായിച്ചുകൊണ്ടിരിക്കയായിരുന്നു. പെട്ടെന്നു് അവൾ “അയ്യോ” എന്നു പറഞ്ഞു് പത്രം താഴെയിട്ടു കരഞ്ഞുതുടങ്ങി. ഉടനെ അവളുടെ അമ്മ ഓടി വിവരം ചോദിച്ചപ്പോൾ സുമിത്ര പത്രമെടുത്തു അതിലെ ഒരു വർത്തമാനം കാണിച്ചുകൊടുത്തു. ആ സ്ത്രീ ഇങ്ങനെ വായിച്ചു. ബർമ്മക്കത്തു്—മാണ്ടലയിൽ ഒരു വലിയ വ്യാപാരക്കമ്പനിക്കാരുടെ കീഴിൽ ഒരു ഉദ്യോഗസ്ഥനായിരുന്ന പത്മനാഭൻ എന്ന ഒരു മലയാളി, നടപ്പുദീനത്താൽ മരിച്ചുപോയ വിവരം ഇവിടെയുള്ള മലയാളികൾക്കു് വളരെ സങ്കടകരമായിത്തീർന്നിരിക്കുന്നു. ഇദ്ദേഹം സ്വരാജ്യത്തുപോയി തന്റെ ഭാര്യയേയും മറ്റും കൂട്ടിക്കൊണ്ടു വരുവാൻ രണ്ടുമാസത്തെ അവധിവാങ്ങിയ പിറ്റേദിവസമാണു് ഈ വ്യസനകരമായ സംഭവമുണ്ടായതു്.
പത്മനാഭൻ മരിച്ചവിവരം പത്രത്തിൽ വായിച്ചു് ആറുമാസം കഴിഞ്ഞശേഷം, ശ്രീധരൻ എന്നു പേരായ ഒരു റെയിൽവേ അപ്പോത്തിക്കിരി സുമിത്രയുടെ വീട്ടിനുസമീപം താമസമാക്കി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചുപോയിരിക്കുന്നു. ആ ഒരു സംഗതികൊണ്ടുതന്നെ വിധവയായ സുമിത്രയിൽ അനുതാപവും ക്രമേണ അനുരാഗവും ഉണ്ടായി. പിന്നെ അവരന്യോന്യമുണ്ടായ സല്ലാപാദിരസങ്ങൾ വിവരിക്കാൻ ഒരു വലിയ നോവലോ മറ്റോ എഴുതേണ്ടിവരും. ചുരുക്കിപ്പറയാം. ശ്രീധരൻ സുമിത്രയെ കല്യാണം കഴിക്കാൻ തീർച്ചയാക്കി. കല്യാണത്തിനു് ഇനി ഒരാഴ്ചയേ ഉള്ളൂ. ഒരു രാത്രി അപ്പോത്തിക്കിരി തന്റെ മുറിയിൽ കിടന്നുറങ്ങിക്കൊണ്ടിരിക്കെ വാതിലിനു് ആരോ ഉച്ചത്തിൽ മുട്ടുന്നതുകേട്ടു. അപ്പോത്തിക്കിരി ഞെട്ടി എഴുന്നേറ്റു്, ആരതു്? എന്നു ചോദിച്ചു.
വാതിൽ തുറക്കിൻ, വേഗം. ലോക്കൽവണ്ടി സ്റ്റേഷനടുക്കെവച്ചു ഗുഡ്സുമായി മുട്ടി തകരാറായിരിക്കുന്നു.
ഇതു കേട്ടപ്പോൾ അപ്പോത്തിക്കിരി വേഗം എഴുന്നേറ്റു വാതിൽ തുറന്നു വിവരം ചോദിച്ചപ്പോൾ,—നിന്നു വരുന്ന ലോക്കൽവണ്ടി അബദ്ധത്തിൽ ലൈൻ മാറിപ്പോയെന്നും ഒരു ഗുഡ്സുവണ്ടിയുമായി മുട്ടിപ്പോയെന്നും വളരെ ആളുകൾക്കു് അപകടമുണ്ടെന്നും കേട്ടു്, ഉടനെ അദ്ദേഹം പുറപ്പെട്ടു, സ്ഥലത്തെത്തി. അവിടെയുള്ള സ്ഥിതി വർണ്ണിക്കാൻ പ്രയാസം. ഭാഗ്യവശാൽ ആർക്കും ജീവനാശം നേരിട്ടിരുന്നില്ലെങ്കിലും, വളരെപ്പേർക്കു മുറിവുകളും ഉടവുകളും തട്ടിയിരിക്കുന്നു. അവർക്കു വേണ്ടുന്ന സഹായം ചെയ്വാൻ പലരും ചെന്നുചേർന്നിരുന്നു ഓരൊരുത്തരുടെ മുറിവുകൾ കെട്ടിയും മരുന്നുകൾ വെച്ചുംകൊണ്ടിരുന്ന അപ്പോത്തിക്കിരിയുടെ അടുക്കൽ ഒരുവൻ ഓടിവന്നിട്ടു് “ബോധമില്ല” എന്നു പറഞ്ഞു. അപ്പോത്തിക്കിരി അവിടേയ്ക്കോടി. ആ മനുഷ്യനെയെടുത്തു്, ഒരു മുറിയിൽ കിടത്തി പരിശോധിച്ചപ്പോൾ, കാലിന്റെ തുടയ്ക്കു് ഒരു മുറിവുണ്ടെന്നും രക്തം ധാരാളം വാർന്നുപോയിരുന്നതിനാലാണു ബോധക്ഷയമുണ്ടായതെന്നും മനസ്സിലായി. രക്തംനിർത്തി, മുറിവു കെട്ടി, ബോധംവരുത്തേണ്ടതിനുള്ള ചില പ്രയോഗങ്ങൾ ചെയ്തു. കുറെ ബോധംവന്നശേഷം, സ്റ്റേഷനിലെ ഒരു മുറിയിൽ കൊണ്ടുപോയി കിടത്തി. മറ്റുള്ള രോഗികൾക്കൊക്കെ ആവശ്യമുള്ള ചികിത്സകളൊക്കെ ചെയ്തു് അപ്പോത്തിക്കിരി വീട്ടിലേയ്ക്കു മടങ്ങുമ്പോൾ നേരം പുലർന്നിരുന്നു. അന്നുച്ചയ്ക്കു് അപ്പോത്തിക്കിരി സ്റ്റേഷനിൽ ചെന്നു രോഗിയെ നോക്കി. അപ്പോൾ അദ്ദേഹത്തിനു് മുറിവുകൊണ്ടുണ്ടായിരുന്ന സുഖക്കേടല്ലാതെ മറ്റു വിശേഷിച്ചൊന്നും ഉണ്ടായിരുന്നില്ല. മുറിവുതന്നെയും സാരമില്ലെന്നുവേണം പറവാൻ. അപ്പോത്തിക്കിരിയെ കണ്ടപ്പോൾ അദ്ദേഹം വളരെ വന്ദനം പറകയും, എപ്പോൾ തനിക്കു സഞ്ചരിക്കുമാറാകുമെന്നു ചോദിക്കയുംചെയ്തു. രണ്ടുദിവസത്തിനുള്ളിൽ സഞ്ചരിക്കാറാവുമെന്നു്, അപ്പോത്തിക്കിരി പറഞ്ഞു. അവർ തീവണ്ടിയപകടത്തെപ്പറ്റി പിന്നെയും പലതും പറഞ്ഞുകൊണ്ടിരിക്കെ സ്റ്റേഷൻമാസ്റ്റർ മുറിയിൽ കടന്നുചെന്നു. അദ്ദേഹം ചെറുപ്പക്കാരനായ ഒരു യൂറോപ്യനായിരുന്നു. സ്റ്റേഷൻമാസ്റ്റർ അപ്പോത്തിക്കിരിയെ കണ്ടപ്പോൾ വിവാഹത്തെപ്പറ്റി പലതും പറഞ്ഞു പരിഹസിച്ചുതുടങ്ങി. അവർ പലതും അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ രോഗിയെപ്പറ്റി അധികവിവരം അന്വേഷിച്ചു. അപ്പോൾ അദ്ദേഹം, രണ്ടുകൊല്ലംമുമ്പു് ബർമ്മയിലേക്കു പോയിരുന്ന പത്മനാഭനാണെന്നു പറഞ്ഞു. പത്മനാഭനെപ്പറ്റിയും, അയാൾ സുമിത്രയെ വിവാഹംചെയ്തതിനെപ്പറ്റിയും അപ്പോത്തിക്കിരി കേട്ടിരുന്നു. പത്മനാഭനാണു് അതെന്നും അയാളെയാണു താൻ മരണത്തിൽനിന്നു രക്ഷിച്ചതെന്നും അറിഞ്ഞപ്പോൾ ശ്രീധരൻ അപ്പോത്തിക്കിരിയ്ക്കും മുഖംവിളറി. പണ്ടത്തെക്കാലമാണെങ്കിൽ ഇതുസാരമില്ലായിരുന്നു. സ്ത്രീയ്ക്കു് പുരുഷനെയോ, പുരുഷനു സ്ത്രീയെയോ ഇഷ്ടംപോലെ ഉപേക്ഷിക്കാം. പുതിയ നിയമപ്രകാരം ന്യായമായ വിവാഹത്തിൽനിന്നു മോചിക്കപ്പെട്ട ഒരു സ്ത്രീയെയല്ലാതെ മറ്റൊരാൾക്കു വിവാഹംചെയ്യാൻ പാടില്ല. താൻ അഞ്ചാറുദിവസം കഴിഞ്ഞാൽ കല്യാണം കഴിക്കാൻ പോകുന്നതു് മറ്റൊരാളുടെ ഭാര്യയെയാണോ? ഇതെന്തൊരപവാദം! എന്തൊരു കഷ്ടം! ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കെയാണു് പത്മനാഭൻ ചത്തുപോയിരുന്ന വിവരം തന്റെ ഓർമ്മയിൽ വന്നതു്. ഉടനെ ഇങ്ങനെ ചോദിച്ചു: നിങ്ങളെപ്പറ്റി എന്തോ പത്രങ്ങളിൽ കണ്ടിരുന്നുവല്ലോ.
- പത്മനാഭൻ:
- ശരി; ഞാൻ മരിച്ചുപോയെന്നല്ലേ? അതുവെറും വെടിയായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ.
- അപ്പോത്തിക്കിരി:
- അതല്ല ഞാൻ ചോദിച്ചതു്. അങ്ങനെ ഒരു വെടി പത്രത്തിൽ പരസ്യംചെയ്വാൻ എന്തായിരുന്നു സംഗതി?
- പത്മനാഭൻ:
- അതൊക്കെ പറയാമെന്നുവെച്ചാൽ വളരെയുണ്ടു് ഞാൻ സാവകാശത്തിൽ പറഞ്ഞുതരാം.
- അപ്പോത്തിക്കിരി:
- നിങ്ങൾ, ഭാര്യയ്ക്കും വീട്ടിലുള്ളവർക്കും എന്തുകൊണ്ടു് ഇതുവരെ കത്തയച്ചില്ല? നിങ്ങളെപ്പറ്റി സുമിത്ര എത്ര വ്യസനിച്ചു!
- പത്മനാഭൻ:
- സാധുസ്ത്രീ! ഞാൻ അവളെ ചതിച്ചു. ഞാൻ മടങ്ങിവരാൻ വിചാരിച്ചിരുന്നില്ല. ബർമ്മയിൽ ഞാൻ പണക്കാരത്തിയായ ഒരു സ്ത്രീയെ കല്യാണംകഴിച്ചു. അതിൽപിന്നെ വലിയ കുഴക്കിലായി. ഒടുവിൽ അവൾ എന്നെ ഉപേക്ഷിച്ചു് മറ്റൊരുവന്റെ ഒന്നിച്ചു് ഇന്ത്യയിൽ വന്നുകളഞ്ഞു. അതിൽപിന്നെ ഞാൻ മടങ്ങി സുമിത്രയെ കണ്ടു് വിവരം പറഞ്ഞു് ക്ഷമായാചനംചെയ്വാൻ വന്നിരിക്കയാണു്.
അതുവരെ രോഗിയുടെ അടുക്കൽ നിന്നുകൊണ്ടിരുന്ന അപ്പോത്തിക്കിരി ഒരു കസാലയിൽ ഇരുന്നു. കൈകൊണ്ടു തലയുടെ രണ്ടുഭാഗവും അമർത്തിക്കൊണ്ടു് കുറേനേരം ഇരുന്നശേഷം, യാതൊന്നും പറയാതെ എഴുന്നേറ്റുപോയി.
ഇവൻ പറയുന്നതു കളവായിരിക്കുമെന്നും, ഇവൻ പത്മനാഭൻ ആയിരിക്കയില്ലെന്നും അപ്പോത്തിക്കിരി സംശയിക്കുകയും, ഏതായാലും വിവരം മിസ്റ്റർ നാരായണനെ അറിയിക്കാമെന്നു തീർച്ചയാക്കുകയുംചെയ്തു. അയാളുടെ കച്ചേരി സ്റ്റേഷനിൽനിന്നു നാലുനാഴിക അകലെയായിരുന്നു. അവിടെയെത്തി അദ്ദേഹത്തെ കണ്ടു വിവരം അറിയിച്ചപ്പോൾ അദ്ദേഹം വളരെ പരിഭ്രമിക്കുകയും വ്യസനിക്കുകയുംചെയ്തു. രണ്ടുപേരും താമസിക്കാതെ സ്റ്റേഷനിലേയ്ക്കു ചെന്നു. മുറിയിൽ നോക്കിയപ്പോൾ പത്മനാഭനെ കണ്ടില്ല. സ്റ്റേഷൻമാസ്റ്റരോടു് അന്വേഷിച്ചപ്പോൾ അദ്ദേഹം മദിരാശിയിലേയ്ക്കു വണ്ടികയറിപ്പോയെന്നും പോകുമ്പോൾ അപ്പോത്തിക്കിരിക്കു കൊടുക്കാൻ ഒരു കത്തുതന്നെ ഏല്പിച്ചിട്ടുണ്ടെന്നും പറഞ്ഞു്, ഒരു കത്തു കൊടുത്തു, കത്തു് ഇതായിരുന്നു:
ശ്രീ
നിങ്ങൾ സുമിത്രയെ കല്യാണം കഴിക്കാൻ വേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്ത വിവരം, പത്മനാഭൻ പറഞ്ഞറിഞ്ഞു. ഈ അവസരത്തിൽ ഞാൻ ഇവിടെയെത്തി നിങ്ങൾക്കു മനസ്സിനു കുണ്ഠിതമുണ്ടാക്കാൻ സംഗതിയായതിനെപ്പറ്റി വ്യസനിക്കുന്നു. എന്റെ ജീവനെ രക്ഷിച്ചതു നിങ്ങളാണു്. നിങ്ങൾക്കു വല്ല പ്രതിഫലവും തരേണ്ടതു് എന്റെ കടമയാണു്. എനിക്കു മറ്റൊന്നും സാധിക്കയില്ല: ഇങ്ങോട്ടു മടങ്ങിവരാത്തവണ്ണം ഇന്നു തന്നെ ബർമ്മയ്ക്കു മടങ്ങിപ്പോകയാണു്. നിങ്ങൾക്കു സർവ്വ അഭ്യുദയവും ഞാൻ ആശംസിക്കുന്നു.
എന്നു്, പത്മനാഭൻ.
കത്തു വായിച്ചശേഷം അപ്പോത്തിക്കിരി ഇങ്ങനെ ചിന്തിച്ചു:—ആവൂ. ഭാഗ്യം! ഏതായാലും ഇതുകൊണ്ടായില്ലല്ലോ. അവർ തമ്മിലുള്ള ഈ വിവാഹബന്ധം വേർവിടുവിക്കണം. അതിനു കോടതിയിൽ ഒരു ഹർജി കൊടുക്കണം. ആറുമാസത്തിനകം എതിർകക്ഷി, ഹർജിക്കുവിരോധമൊന്നും പറഞ്ഞില്ലെങ്കിൽ വിവാഹം വേർപെട്ടതായി വിചാരിക്കും, എന്നാണല്ലൊ നിയമം, കഷ്ടം! നമ്മുടെ കാരണോന്മാരുടെ നടപടികളായിരുന്നു നല്ലതെന്നു തോന്നുന്നു.
സുമിത്രയുടെ കല്യാണം എന്തോ സംഗതിവശാൽ നീട്ടിവെച്ചിരിക്കുന്നു എന്നു് നാട്ടിലൊക്കെ വർത്തമാനമായി. ആറുമാസം കഴിഞ്ഞശേഷമാണു് പിന്നെ ആ അടിയന്തിരം നടന്നതു്. പുതിയ പുതിയ നിയമംകൊണ്ടു് പുതിയ പുതിയ ബുദ്ധിമുട്ടു്.
“മിതവാദി”, 1089 മകരം.
പത്തുപതിനഞ്ചു കൊല്ലങ്ങൾക്കുമുമ്പു് തിരുവനന്തപുരത്തെ നായർപട്ടാളംപോലെ മലബാറിൽ കണ്ണൂർ എന്ന സ്ഥലത്തു് ഒരു മാപ്പിളപ്പട്ടാളം ഉണ്ടായിരുന്നു. ബ്രൈറ്റ് എന്ന ഒരു യൂറോപ്യനായിരുന്നു ഈ പട്ടാളത്തിലെ നായകൻ. അദ്ദേഹത്തിനു നാട്ടുകാരുടെ സമ്പ്രദായങ്ങളൊന്നും നിശ്ചയ്മില്ലാത്തതിനാൽ നല്ല ശരീരമുള്ളവരെ അവരുടെ സ്ഥിതികളൊന്നും നോക്കാതെ പട്ടാളത്തിൽ ചേർത്തിരുന്നു. അതുകൊണ്ടു് അക്രമികളായ പലരും ഈ പട്ടാളത്തിൽ സ്ഥലംപിടിക്കുകയുണ്ടായി. അടുത്തുള്ള കാവുകളിലും മറ്റും ചില ആഘോഷങ്ങളുണ്ടാകുമ്പോൾ ഈ പട്ടാളത്തിലെ ചിലർ ഒത്തുചേർന്നു് അവിടെ ചെന്നു് ലഹളയുണ്ടാക്കുക പതിവാണു്. ഒരിക്കൽ പട്ടാളത്തിലെ നായകനായ ബ്രൈറ്റ്, എന്തോ വിരോധമായി ഇവരോടു പ്രവർത്തിച്ചതുകൊണ്ടു് അദ്ദേഹത്തെ ഇവർ എല്ലാവരുംകൂടി എതിർത്തു. ഉടനെതന്നെ ബ്രിട്ടിഷുഗവർമ്മെന്റിൽനിന്നു് ഈ പട്ടാളത്തെ പിരിച്ചയയ്ക്കുകയുംചെയ്തു. ഈ പട്ടാളത്തിലെ ഒരു ഡോക്ടരായിരുന്നു മിസ്റ്റർ അപ്പുണ്ണിമേനോൻ. ഇദ്ദേഹത്തിന്റെ അമ്മാവന്മാരും ജ്യേഷ്ഠന്മാരും വലിയ പരീക്ഷകൾ പാസ്സായി നല്ല ഉദ്യോഗങ്ങളിൽ ഇരിക്കുന്നുണ്ടു്. അപ്പുണ്ണിമേനോൻ ബാല്യകാലത്തിൽ പഠിപ്പിൽ ശ്രദ്ധവയ്ക്കാതെ ഓരോ രസികത്തരങ്ങളിൽ ഏർപ്പെട്ടിരുന്നു. ആയതുകൊണ്ടു് മെട്രിക്കുലേഷൻക്ലാസ്സിൽ ചെന്നുചേരുന്നതിനു പത്തൊൻപതുകൊല്ലത്തോളം വേണ്ടിവന്നു. അവിടെനിന്നു കയറിപ്പോകുന്നതു് അത്ര സുസാദ്ധ്യമല്ലെന്നു കാണുകയാലാണു് മിസ്റ്റർ മേനോൻ ഡാക്ടർ പരീക്ഷയ്ക്കു പഠിക്കാൻ പോയതു്. രണ്ടുമൂന്നുകൊല്ലംകൊണ്ടു് ഏതോ ചില ചെറിയപരീക്ഷകൾ പാസ്സായി നാട്ടിലേയ്ക്കു് തിരിച്ചുവന്നു. നാട്ടിൽ വന്നിട്ടു് മൂന്നുനാലുകൊല്ലത്തേയ്ക്കു് യാതൊരു ജോലിയും കിട്ടിയില്ല. അങ്ങിനെയിരിക്കുമ്പോൾ ഇളയമ്മാവന്റെ ശുപാർശയാൽ മേനോനെ മാപ്പിളപ്പട്ടാളത്തിൽ ഒരു ഡാക്ടരായി നിയമിച്ചു. വീട്ടിലെ കാരണവർക്കു് മേനോൻ ഈ ജോലിയിൽ പ്രവേശിച്ചതു് അത്ര പിടിച്ചില്ല. “അപ്പു! നീ ഇത്ര നിസ്സാരമായ ശമ്പളത്തിനുവേണ്ടി ഈ ജോലിക്കു പോകണ്ടാ. എനിക്കു വളരെ വയസ്സായി. അതുകൊണ്ടു് നീ വീട്ടുകാര്യമന്വേഷിച്ചു് എന്നെ സഹായിച്ചാൽമതി. അതുമല്ല, ഈ പട്ടാളത്തിലെ മാപ്പിളമാർ വലിയ പോക്കിരികളാണു്. കുറേദിവസങ്ങൾക്കുമുമ്പു് കണ്ണൻശിരസ്തദാരുടെ രണ്ടുമൂന്നു പശുക്കളെ മേഞ്ഞുനിന്ന സ്ഥലത്തുനിന്നു്, ഇവർ പിടിച്ചുകൊണ്ടുപോയി. അതുപോലെ, നീ അവരോടു വല്ലതും അപ്രിയം കാണിച്ചാൽ ഇവിടത്തെ കാളകളെയും പശുക്കളെയും കണികാണാൻകൂടി തരികയില്ല. അതുകൊണ്ടു് നീ ഇതിനൊന്നും പോകണ്ട” എന്നു് ഒരിക്കൽ അദ്ദേഹം മേനോനോടു് ഉപദേശിക്കയുണ്ടായി. എങ്കിലും വീട്ടുകാര്യം നോക്കുന്നതിനുള്ള ബുദ്ധിമുട്ടും അവസ്ഥക്കുറവും മറ്റും ഓർത്താണു് മിസ്റ്റർ മേനോൻ എഴുപതു രൂപാ ശമ്പളത്തിൽ ഈ ജോലിയിൽ പ്രവേശിച്ചതു്. കുറേനാൾ കഴിഞ്ഞപ്പോൾ രാമൻ എന്ന ഒരു നായർയുവാവു് മേനോന്റെ അടുക്കൽ വന്നുകൂടി. ഈയാൾ അഞ്ചാംക്ലാസ്സുവരെയേ പഠിച്ചിട്ടുള്ളൂ. അപ്പുണ്ണിമേനോന്റെകൂടെ നിന്നാൽ ഒന്നുരണ്ടുകൊല്ലംകൊണ്ടു് മരുന്നുകളുടെ പേരും മറ്റും മനസ്സിലാക്കി വല്ല ആസ്പത്രിയിലും ഒരു കമ്പൗണ്ടറായി ചാടിവീഴാമെന്നാണു് രാമൻ നിശ്ചയിച്ചിരുന്നതു്. രാമൻ ഒരു ഭേദമായനിലയിൽ വന്നേക്കുമെന്നു് മേനോനും വിചാരിച്ചിരുന്നു.
ആയിടയ്ക്കു് ഒരു തങ്ങൾ കണ്ണൂരിൽ വരികയുണ്ടായി. അദ്ദേഹത്തിന്റെ മുതുകിൽ ഒരു വലിയ കുരു വന്നു. ചില ഉപായചികിത്സകൾ ചെയ്തതിൽ കുരു ഭേദമാകുന്നില്ലെന്നുകണ്ടു്, ഒരു ഡാക്ടറെ വരുത്തണമെന്നു ചില പ്രധാനികൾ അഭിപ്രായപ്പെട്ടു. അപ്പുണ്ണിമേനോനായാൽ അധികം സംഖ്യ കൊടുക്കേണ്ടിവരികയില്ലെന്നും അതുകൊണ്ടു് അദ്ദേഹത്തെ വരുത്തുകയാണു് നല്ലതെന്നും ചിലർ പറഞ്ഞു. അതിനെ എല്ലാവരും സമ്മതിച്ചു. ഉടനെതന്നെ അപ്പുണ്ണിമേനോന്റെ വീട്ടിലേയ്ക്കു് ഒരു വണ്ടി അയച്ചു. അപ്പുണ്ണിമേനോൻ പട്ടാളത്തിൽപോയി തിരിയെവന്നു് ഉടുപ്പഴിക്കുമ്പോഴാണു ഒരു ചെറുപ്പക്കാരൻ, കണ്ണൂരിലെ ഒരു പ്രധാനകച്ചവടക്കാരന്റെ കത്തുംകൊണ്ടു വന്നതു്. തങ്ങളെ ചികിത്സിക്കുന്നതിനായി അദ്ദേഹം താമസിക്കുന്ന പള്ളിയിലേയ്ക്കു് മേനോൻ വേഗം ചെല്ലണമെന്നായിരുന്നു കത്തിന്റെ സാരം. സമയം നാലുമണിയായിരുന്നു മേനോൻ ഉടനെ തന്റെ വാല്യക്കാരനെ വിളിച്ചു് കാപ്പിയുണ്ടാക്കാൻ പറഞ്ഞു. പിന്നീടു് അദ്ദേഹം ചില കരുക്കളും മരുന്നുകളും മറ്റും ഒരു ചെറിയ സഞ്ചിയിൽ എടുത്തുവച്ചു് പോകുന്നതിനൊരുങ്ങി. തന്നെ സാധാരണയാരും ചികിത്സിക്കാൻ വിളിക്കാത്തതുകൊണ്ടാണു് മിസ്റ്റർ മേനോൻ ഇത്ര ജാഗ്രതയായി ഒരുങ്ങുന്നതു്. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കു് വാല്യക്കാരൻ കാപ്പിയും പലഹാരവും മേശമേൽ കൊണ്ടുവന്നുവെച്ചു. മേനോൻ വേഗത്തിൽ വന്നു് കാപ്പിയെടുത്തു കുടിച്ചു. ഒരു കവിൾ ഇറക്കിയ ഉടനെ ഛർദ്ദിച്ചു്, പാത്രം താഴെയിട്ടു. അടുത്തുനിന്നിരുന്ന വാല്യക്കാരൻ “അയ്യോ” എന്നു വിളിച്ചുകൊണ്ടു് മേനോനെ ശ്രുശ്രൂഷിക്കാനായി അടുത്തു. “നായെ നീ എന്നെ കൊല്ലാനായി കാപ്പിയിൽ വിഷംകലക്കിയോ?” എന്നു പറഞ്ഞു് മേനോൻ മേശയുടെ അരുകിൽ കിടന്നിരുന്ന ഒരു സോഡാക്കുപ്പിയെടുത്തു് അവന്റെ മുതുകിൽ ഒന്നു കൊടുത്തു. അവൻ “അയ്യൊ” എന്നു നിലവിളിച്ചുകൊണ്ടു് അടുക്കളയിലേക്കു് ഓടിപ്പോയി. മേനോൻ കോപത്തോടുകൂടി തന്റെ ഉടുപ്പുമുറിയിൽ കയറി ഇംഗ്ലീഷുമാതിരിയിൽ ഉടുപ്പും ധരിച്ചു് പുറത്തേക്കു വന്നു. ഉടനെതന്നെ തന്റെ സ്വന്തം കമ്പൗണ്ടർ രാമനെയും വിളിച്ചു്, പടിവാതുക്കൽ തയ്യാറായിനിന്നിരുന്ന വണ്ടിയിൽ കയറി യാത്രയാകുകയും ചെയ്തു. നമ്മുടെ മേനോന്റെ മേശമേലുണ്ടായിരുന്ന സാമാനങ്ങൾ ഛർദ്ദികൊണ്ടു് വൃത്തികേടാകുന്നതിനും, വാല്യക്കാരന്റെ പുറത്തു് ഒരുഭാഗത്തുള്ള മാംസം സമനിരപ്പിൽനിന്നു് പൊങ്ങുന്നതിനും ഉണ്ടായ കാരണം മറ്റൊന്നുമല്ല. വാല്യക്കാരന്റെ തരക്കേടുതന്നെയാണു്. മേനോൻ അവനോടു് കാപ്പിയുണ്ടാക്കാൻ പറഞ്ഞപ്പോൾ അവിടെ കാപ്പിപ്പൊടി തീർന്നുപോയിരിക്കുന്നു. രണ്ടാമതു് പൊടിച്ചു് കാപ്പി ശരിയാക്കുമ്പോഴേക്കു് സമയമധികമാകുമല്ലൊ എന്നു വിചാരിച്ചു് അടുത്തുള്ള പീടികയിൽനിന്നു് അരയണയ്ക്കു് കാപ്പിപ്പൊടി വാങ്ങി. ഈ വാല്യക്കാരൻ വലിയപൊടിവലിക്കാരനാണു്. യജമാനനെ പറ്റിച്ചെടുക്കുന്ന പൈസ മുഴുവനും പൊടിക്കും സിഗറ്ററിനുമായി ചിലവിടും. കാപ്പിപ്പൊടി വാങ്ങിയതോടുകൂടി ഒരണയ്ക്കു് മദ്രാസ് പൊടിയും ഇവൻ വാങ്ങി. ഈ രണ്ടു പൊതികളും തന്റെ മുറിയിലുള്ള അളമാരിയിൽ വെച്ചിരുന്നു. വെള്ളം തിളച്ചതിനുശേഷം കാപ്പിപ്പൊടിയെടുക്കുന്നതിനു വന്നു. കഷ്ടകാലശക്തിയാൽ പൊടി മാറിപ്പോയി. കാപ്പിപ്പൊടിക്കുപകരം പുകയിലപ്പൊടികൊണ്ടാണു് ഇയാൾ കാപ്പിയുണ്ടാക്കിയതു്. അതുകൊണ്ടാണു് മിസ്റ്റർ മേനോൻ കാപ്പിയുംകൂടി കുടിക്കാതെ, ശകുനവും തെറ്റി, ബദ്ധപ്പെട്ടു് തങ്ങളെ ചികിത്സിക്കാൻ പോയതു്. തങ്ങൾ താമസിക്കുന്ന സ്ഥലത്തു് ചെന്നപ്പോൾ, സമയം ആറുമണിയായി. അകത്തും പുറത്തുമായി ഒരായിരം മാപ്പിളമാരോളമുണ്ടു്. മേനോൻ വണ്ടിയിൽനിന്നു് ഇറങ്ങിയ ഉടനെ എഴുത്തുകൊടുത്തയച്ച കച്ചവടക്കാരൻ വന്നു് കൈകൊടുത്തു് തങ്ങൾ കിടക്കുന്ന മാളികയുടെ മുകളിലേക്കു് കൂട്ടിക്കൊണ്ടുപോയി. രാമനും പുറകേയുണ്ടായിരുന്നു. അയാൾ മുറിയിലേയ്ക്കു കടക്കാൻ ശ്രമിച്ചപ്പോൾ ചിലർ തടുത്തു. ഉടനെ മേനോൻ “അതു നമ്മുടെ കമ്പൗണ്ടറാണു്. അയാളും ഇങ്ങോട്ടു വരട്ടെ” എന്നു പറഞ്ഞു. അതുകൊണ്ടു് രാമനും ആ മുറിയിൽ പ്രവേശനം ലഭിച്ചു. മുറിയുടെ നടുവിൽ ഇട്ടിരിക്കുന്നതും ഭംഗിയായി അലങ്കരിച്ചതുമായ ഒരു കട്ടിലിലാണു തങ്ങൾ കിടക്കുന്നതു്. പ്രധാനികളായ ചിലർ ചുറ്റുമിട്ടിരിക്കുന്ന കസാലകളിൽ ഇരിക്കുന്നുണ്ടു്. മിസ്റ്റർ മേനോനും അവരുടെ അപേക്ഷയനുസരിച്ചു കട്ടിലിനോടടുത്തുള്ള ഒരു കസാലയിൽ ഇരുന്നു. ആ മുറി സാമാന്യം വിസ്താരമുള്ള ഒന്നാണു്, മുറിയുടെ നടുവിൽ ഒരു വലിയ ചിമ്മിണിവിളക്കു തൂക്കീട്ടുണ്ടു്. ഒരു പഴയ മണിയല്ലാതെ ചുവരിൽ വേറെ ഒന്നും ഉണ്ടായിരുന്നില്ല. ആ മണിയുടെ ചില്ലു് കുറെ പോയിട്ടുണ്ടു്. സൂചികളും മറ്റും തുരുമ്പുപിടിച്ചു് മുകൾഭാഗം പാറ്റ മുതലായ പ്രാണികളുടെ അവയവങ്ങളാൽ നിറഞ്ഞിരിക്കുന്നു. കണ്ടാൽ പൊതുവായി വയ്ക്കപ്പെടുന്ന സാധനങ്ങൾ ഈമാതിരിയിലേ കാണാൻ കഴിയൂ എന്നു് ആർക്കും മനസ്സിലാകും. ഒരു പത്തുമിനിറ്റു കഴിഞ്ഞപ്പോൾ തങ്ങൾ എഴുന്നേറ്റിരുന്നു. മുൻപറഞ്ഞ കച്ചവടക്കാരൻ തങ്ങളെ ഡോക്ടരുമായി പരിചയപ്പെടുത്തി. കുരു കീറാതെ ഭേദപ്പെടുന്ന കാര്യം പ്രയാസമാണെന്നു ഡോക്ടർ അഭിപ്രായപ്പെട്ടു. കീറുമ്പോൾ വളരെ വേദന സഹിക്കണമല്ലോ എന്നു വിചാരിച്ചു തങ്ങൾ ആദ്യം അതിനനുകൂലിച്ചില്ല. ബോധംകെടുത്തികീറുകയാണെങ്കിൽ വേദന അറിയുകയില്ലെന്നും മറ്റും ഡാക്ടർ പറഞ്ഞപ്പോൾ തങ്ങൾ ഒരു വിധം സമ്മതിച്ചു. ശസ്ത്രക്രിയസമയത്തു മുറിയിൽ ആരും പാടില്ലെന്നും എല്ലാവരും പുറത്തുപോകണമെന്നും ഡാക്ടർ പറഞ്ഞു. ഇതുകേട്ടു് എല്ലാവരും മുറിയിൽനിന്നു പുറത്തുകടന്നു താഴത്തേയ്ക്കു് ഇറങ്ങിപ്പോകുകയുംചെയ്തു. ഉടനെ ഡാക്ടർ വാതിൽ ബലമായി ബന്ധിച്ചു്, കുരു കീറുന്നതിനുള്ള വട്ടമായി. വിളക്കു് ഒന്നുകൂടി തെളിക്കാൻ രാമനോടു പറഞ്ഞു. പിന്നീടു് അദ്ദേഹം വാച്ചെടുത്തു രാമന്റെ കൈയിൽ കൊടുത്തു. ഇപ്പോൾ മണി ഏഴടിച്ചു് അഞ്ചുമിനിറ്റായിരിക്കുന്നു. മൂന്നുമിനിറ്റുനേരം ഈ കുപ്പി മൂക്കിനുനേരെ വെച്ചുകൊണ്ടിരിക്കണം. മൂന്നുമിനിറ്റു കഴിയുമ്പോൾ കുപ്പി എടുക്കണം. പിന്നീടു് പത്തുമിനിറ്റുകൂടി കഴിയുമ്പോൾ, അതായതു് ഏഴടിച്ചു പതിനെട്ടുമിനിറ്റാകുമ്പോൾ എന്നെ അറിയിക്കണം. ഇത്രയുംപറഞ്ഞു് ഒരു ചെറിയ കുപ്പി രാമന്റെ കൈയിൽ കൊടുത്തു. രാമൻ ആ കുപ്പി തങ്ങളുടെ മൂക്കിനുനേരെ വെച്ചു. ഉടനേതന്നെ, ഡാക്ടർ മൂർച്ചയുള്ള ശസ്ത്രമെടുത്തു ജോലിക്കാരംഭിച്ചു. രാമൻ വാച്ചുനോക്കേണ്ടതിനു പകരം ശസ്ത്രക്രിയയാണു നോക്കിക്കൊണ്ടിരുന്നതു്. യജമാനൻ ഈ ചെയ്യുന്നതെല്ലാം കണ്ടുപഠിച്ചാലേ നാലുപൈസ സമ്പാദിക്കാനാവൂ. അല്ലെങ്കിൽ എപ്പോഴും വല്ലവരുടേയും പുറകിൽ സഞ്ചിയും തൂക്കിക്കൊണ്ടു നടക്കേണ്ടിവരും എന്നുംമറ്റുമുള്ള മനോരാജ്യങ്ങളിലാണു് ഇയാൾ ലയിച്ചിരിക്കുന്നതു്. മിനിറ്റു മൂന്നുകഴിഞ്ഞു, അഞ്ചായി, ആറായി. എന്നിട്ടും രാമൻ വാച്ചുനോക്കാനുള്ള ഭാവമില്ല. കുറേനേരം കഴിഞ്ഞപ്പോൾ രോഗിയുടെ മൂക്കിനുനേരെവെച്ചിരുന്ന കുപ്പി എടുത്തിട്ടില്ലെന്നു ഡാക്ടർ കണ്ടു. അദ്ദേഹം ബദ്ധപ്പെട്ടു കുപ്പി തട്ടിക്കളഞ്ഞു. പരിഭ്രമത്തോടു കൂടി വേറൊരു കുപ്പി മൂക്കിൽ മണപ്പിച്ചു. എന്നിട്ടും തങ്ങൾ അനങ്ങുന്നില്ല. അദ്ദേഹത്തിന്റെ കഥകഴിഞ്ഞിരിക്കുന്നു. ഡാക്ടർ കുറേനേരത്തേക്കു് ഒന്നും മിണ്ടിയില്ല. പിന്നീടു് വളരെ പതുക്കെ ഇങ്ങനെ പറഞ്ഞു: ഇനി എങ്ങനെയെങ്കിലും ഇവിടെനിന്നു രക്ഷപ്പെടണം. മാപ്പിളമാർ അറിഞ്ഞാൽ നമ്മെ വെറുതേവിടുകയില്ല. പട്ടാളത്തിൽ ചെന്നു ചേർന്നാൽ നാം രക്ഷപ്പെട്ടു. അതുകൊണ്ടു നീ ഇവിടെനിന്നു വേഗം പൊയ്ക്കോളൂ. നിന്നോടു വല്ലവരും ചോദിച്ചാൽ ഒരു മരുന്നെടുത്തുകൊണ്ടുവരാൻ പോകുകയാണെന്നു പറഞ്ഞാൽ മതി. ഞാൻ കഴിയുമെങ്കിൽ ഇവിടെനിന്നു രക്ഷപ്പെടാൻ നോക്കാം. ഇങ്ങനെ പറഞ്ഞു്, അദ്ദേഹം വാതിൽ മെല്ലെ തുറന്നു രാമനെ പുറത്താക്കി, വാതിൽ വീണ്ടും അടച്ചു. കോണിവഴിയായി ഇറങ്ങിവരുന്ന ആൾ ഡാക്ടരായിരിക്കുമെന്നു വിചാരിച്ചു മാപ്പിളമാരെല്ലാവരുംകൂടി തിക്കിത്തിരക്കി വന്നു. എന്താ. സുഖോണ്ടോ, സുഖോണ്ടോ? എന്നു ചോദിച്ചുതുടങ്ങി. നല്ല സുഖമുണ്ടു്. യജമാനൻ ഒരു മരുന്നെടുക്കാൻ മറന്നുപോയി. ഞാനതെടുക്കാൻ പോകയാണു് എന്നുപറഞ്ഞുകൊണ്ടു് രാമൻ വേഗത്തിൽ പുറത്തേക്കു പോയി. അയാൾ അങ്ങിനെ രക്ഷപ്പെട്ടു. ഡാക്ടർ അപ്പുണ്ണിമേനോന്റെ ഗോഷ്ടികൾ ഈ സമയത്തു് ഒന്നു കാണേണ്ടതുതന്നെയാണു്. കുറെനേരം അനങ്ങാതെ ഇരുന്നശേഷം കൂട്ടിൽ കിടക്കുന്ന മെരുകിനെപ്പോലെ അദ്ദേഹം മുറിയിൽ ധൃതിയായി നടന്നുതുടങ്ങി. രക്ഷപ്പെടുന്നതിനുള്ള മാർഗ്ഗം പലതും ആലോചിച്ചു. ഒന്നുംതന്നെ അദ്ദേഹത്തിനു ബോദ്ധ്യമായില്ല. നമ്മുടെ പഴയ മണി അതിന്റെ വാർദ്ധക്യദശയിലുള്ള മന്ദഗതികൊണ്ടോ എന്തോ—ഒരു സെക്കന്റാകുമ്പോൾ ഡാക്ടരുടെ നെഞ്ചിൽ പത്തുപ്രാവശ്യം പിടയ്ക്കും. ആ മണിയുടെ ഇഴഞ്ഞ ശബ്ദമല്ലാതെ മുറിയിൽ വേറെ യാതൊന്നും കേൾക്കാനില്ല. മണി ഇപ്പോൾ കുറെ ഉറക്കെ ശബ്ദിക്കുന്നുണ്ടെന്നുകൂടി മേനോനു തോന്നി. കുറേക്കഴിഞ്ഞു് അദ്ദേഹം ധൈര്യമവലംബിച്ചു്, ഒരു ജനൽതുറന്നു. മുറിയിലുള്ള വെളിച്ചം ജനൽവഴിയായി മുറ്റത്തേയ്ക്കു പതിച്ചപ്പോൾ താഴെയുള്ളവരെല്ലാവരുംകൂടി ജനലിന്റെ ചുവട്ടിൽ വന്നു. എന്താ വേണ്ടതു് ? എന്നു ചോദിച്ചുതുടങ്ങി. ഇപ്പോൾ ഒന്നും വേണ്ട. മരുന്നുകൊണ്ടുവരാൻപോയ ആൾ ഇതുവരെ വന്നില്ലല്ലോ എന്നു പറഞ്ഞുകൊണ്ടു് ഡാക്ടർ വീണ്ടും ജനൽ അടച്ചു. ഒരഞ്ചുമിനിട്ടുകൂടി കഴിഞ്ഞ ഉടനെ അദ്ദേഹം വാതിൽ തുറന്നു പുറത്തുവന്നു. പുറത്തു കടന്ന ഉടനെ ഓടാമ്പൽ വലിച്ചിട്ടു വാതിൽ ദൃഢമായി ബന്ധിച്ചു. കോണിവഴിയായി അദ്ദേഹം താഴെയിറങ്ങിയ ഉടനെ എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റും കൂടി. മേനോന്റെ പരിചയക്കാരനായ കച്ചവടക്കാരൻ വന്നു് എന്താ സാറേ! എങ്ങിനെയിരിക്കുന്നു എന്നു ചോദിച്ചു. സാരമില്ല നല്ല സുഖമുണ്ടു്. കമ്പൗണ്ടർക്കു മരുന്നിന്റെ പേർ നല്ല നിശ്ചയമില്ലാത്തതുകൊണ്ടാണു് അയാൾ വരാൻ ഇത്ര താമസിക്കുന്നതു്. ഞാൻ പോയി വേഗത്തിൽ എടുത്തു കൊണ്ടുവന്നേയ്ക്കാം എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം പടിയ്ക്കലേക്കു നടന്നു. അസ്സൻ! വേഗം വണ്ടികെട്ടിക്കൊണ്ടുവാ എന്നു് ഒരു പ്രമാണി ആജ്ഞാപിച്ചു. രണ്ടുമിനിറ്റുകൊണ്ടു വണ്ടിക്കാരൻ വണ്ടികെട്ടിക്കഴിഞ്ഞു. താൻ വരുന്നതുവരെ, വാതിൽ തുറന്നു രോഗിയെ ബുദ്ധിമുട്ടിക്കരുതെന്നും മറ്റും ചട്ടംകെട്ടി, മേനോൻ വണ്ടിയിൽ കയറി. വണ്ടിക്കാരൻ അതിവേഗത്തിൽ കുതിരയെ ഓടിച്ചു. കുറേ ദൂരം ചെന്നപ്പോൾ, മരുന്നുപെട്ടി പട്ടാളത്തിലുള്ള കൂടാരത്തിലാണെന്നും അതുകൊണ്ടു വണ്ടി അങ്ങോട്ടു കൊണ്ടു പോയാൽ മതിയെന്നും മേനോൻ വണ്ടിക്കാരനോടു പറഞ്ഞു. അവൻ അതനുസരിച്ചു വണ്ടി പട്ടാളത്തിലേക്കോടിച്ചു. അവിടെ ചെന്നയുടനെ മേനോൻ വണ്ടിക്കാരനോടു തിരിച്ചുപൊയ്ക്കൊള്ളാൻ പറഞ്ഞു. ഏമാൻ വരുന്നില്ലേ? എന്നു് അവൻ ചോദിച്ചു. ഞാൻ വേറെ വണ്ടിയിൽ വരാമെന്നു നീ അവിടെപ്പോയി പറയൂ എന്നു പറഞ്ഞുകൊണ്ടു്, അദ്ദേഹം കൂടാരത്തിനകത്തേയ്ക്കു പോയി. മിസ്റ്റർ ബ്രെയിറ്റിനെ കണ്ടു കാര്യമെല്ലാം പറഞ്ഞു. അദ്ദേഹത്തിന്റെ ആജ്ഞയനുസരിച്ചു് അൻപതു പട്ടാളക്കാർ മേനോന്റെ വീടുകാവലിനായി പോയി. ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ, പത്തുമുന്നൂറു മാപ്പിളമാർ, തങ്ങൾ മരിച്ചവിവരമറിഞ്ഞു്, ലഹളയ്ക്കായി പള്ളിയിൽനിന്നിറങ്ങി. അവർ നേരെ മേനോന്റെ വീട്ടിലേക്കാണു തിരിച്ചതു്. അടുത്തെത്തിയപ്പോൾ ഡാക്ടരുടെ പടിക്കൽ പട്ടാളക്കാർ തോക്കുംപിടിച്ചു നില്ക്കുന്നതു് അവർ കണ്ടു. ഡോക്ടർ നേരത്തേ, പുകയിലവെള്ളം കാപ്പിയാണെന്നു വിചാരിച്ചു കുടിച്ചുപോയിരുന്നു. ഇപ്പോൾ തീരെ സുഖമില്ലാതെ കിടപ്പാണെന്നു വേലക്കാരൻ പറഞ്ഞു. അവന്റെ വാക്കു കേട്ടതുകൊണ്ടോ, പട്ടാളക്കാരെ കണ്ടതുകൊണ്ടോ, എന്തോ, എല്ലാവരും മടങ്ങി.
“മിതവാദി” മാസിക, (1091 ചിങ്ങം)
രഘു, വാസു, കിട്ടു. ഈ മൂന്നു സഹോദരന്മാർക്കും “ശിക്കാർ” നായാട്ടു മുതലായ വിനോദങ്ങളിൽ ഉള്ള വാസനയും സാമർത്ഥ്യവും പാരമ്പര്യമാണു്. അവരുടെ മച്ചുനനും, സ്യാലനും ആയ സുകുമാരനും ഈ വാസനാസാമർത്ഥ്യങ്ങൾ അവകാശപ്പെട്ടിരുന്നു. ഈ നാലുപേരുംകൂടി ഒരു ഞായറാഴ്ച നായാട്ടിനുപോകാൻ ഏർപ്പാടുചെയ്തു ശനിയാഴ്ച വൈകുന്നേരം അവർ സംഗതിവശാൽ എന്നെ കണ്ടുമുട്ടി. എന്നേയും നായാട്ടിനു ക്ഷണിച്ചു. നായാട്ടിനെപ്പറ്റി പറഞ്ഞുകേട്ടതല്ലാതെ, അതെങ്ങിനെയാണെന്നു് എന്റെ ജീവിതകാലത്തു് ഞാൻ കണ്ടിരുന്നില്ല. അതൊന്നു് അനുഭവിച്ചറിയേണമെന്നു് എന്റെ മനസ്സിൽ ഏറ്റവുംഗൂഢമായ ഒരു കോണിൽ ചെറിയ ഒരാഗ്രഹം കുടികൊണ്ടിരുന്നു എന്നുള്ളതു് നേരാണു്. പക്ഷേ, നരി, പന്നി മുതലായ ക്രൂരമൃഗങ്ങളെ നായാടുമ്പോൾ ഉണ്ടാകാറുള്ള അപകടങ്ങളെപ്പറ്റി ഞാൻ പലതും പറഞ്ഞുകേട്ടതിനാലും, പറങ്ങോടൻനായരുടെ തല ആവക അപകടങ്ങളുടെ സ്വഭാവത്തെ വിളംബരപ്പെടുത്തുന്ന ഒരു മാതൃകയായി എന്റെ മനസ്സിൽ പതിഞ്ഞുകിടന്നിരുന്നതിനാലും. മേൽപ്പറഞ്ഞ ആഗ്രഹത്തെ അതു കിടന്നിരുന്ന കോണിൽനിന്നു് അനക്കാതെയിരിക്കയാണു് മേലാലുള്ള സുഖജീവിതത്തിനു് അനുകൂലമായ പ്രവൃത്തിയെന്നു് ഞാൻ വിശ്വസിച്ചു കഴികയായിരുന്നു. ഒരിക്കൽ ഒരു നരി കടിച്ചും മാന്തിയും ഉണ്ടായ മുറിവുകൾ പറ്റിയിരുന്ന പറങ്ങോടൻനായരുടെ തല, അശ്വിനിദേവകൾ ഉണ്ടാക്കിയ കേശപോഷണതൈലംതന്നെ ധാരചെയ്തലും ഒരു രോമംപോലും ഇനി പുതുതായി മുളയ്ക്കാൻ നിവൃത്തിയില്ലാത്തവിധം, കലകൾനിറഞ്ഞു, പർവ്വതങ്ങളേയും താഴ്‌വരകളേയും ഉയർത്തിയും താഴ്ത്തിയും കാണിക്കുന്ന ഭൂഗോളപടംപോലെ സ്ഥിതിചെയ്യുന്നതു്, ഒരിക്കലെങ്കിലും കാണുവാൻ സംഗതിവന്നവരാരും നരിനായാട്ടിൽ ഭ്രമിക്കുവാൻ ഇടയില്ല. അതുകൊണ്ടു നായാട്ടിന്റെ അനുഭവം ഉണ്ടാകുവാൻവേണ്ടി പക്ഷേ, ഒരു ജന്മംകൂടി ജനിക്കേണ്ടിവന്നാലും, മൂക്കുകടിക്കുന്ന വല്ല കരടിയുടെയും വായിൽചെന്നു ചാടുന്നതു് അത്രവളരെ സുഖകരമായി തോന്നുകയില്ലെന്നു വിശ്വസിച്ചു്, ഞാൻ കള്ളി ആരോടും പറയാതെ അടങ്ങിയിരിക്കുകയായിരുന്നു.
അഥവാ, കഴിഞ്ഞ ഏതോ ജന്മത്തിൽ ഒരു പറങ്ങോടൻനായരായിരുന്നതുകൊണ്ടാണു് ഈ മൃഗയാവിരക്തിയുണ്ടായതെന്നും ഊഹിക്കാമല്ലോ. ഇങ്ങനെയൊക്കെയാണെങ്കിലും, സ്നേഹിതന്മാർ ക്ഷണിച്ചപ്പോൾ നായാട്ടെന്നും വിനോദമെന്നും മാത്രമല്ലാതെ നരിയെന്നും പന്നിയെന്നും അശേഷം ആലോചിക്കാതെ, ഞാൻ കൂടി വരാമെന്നു വളരെ ഉത്സാഹത്തോടും, സന്തോഷത്തോടും ഉറപ്പായി വാഗ്ദാനം ചെയ്തു.
എന്നാൽ, ഇന്നു രാത്രി ഞങ്ങളുടെ വീട്ടിൽ ഉറങ്ങാം; കാലത്തു മൂന്നുമണിക്കു് എഴുന്നേറ്റു പോകേണ്ടതല്ലേയെന്നു്, രഘു പറഞ്ഞു. ഉടനെതന്നെ, ഊണും അവിടെയാകാം, എന്നു സുകു ക്ഷണിച്ചു. ഞാൻ രണ്ടിനും സമ്മതിച്ചു. ഞങ്ങൾ സമീപവാസികളാണു്. ഞാൻ ക്ഷണത്തിൽ പോയി വീട്ടിൽ വിവരം അറിയിച്ചുവന്നേക്കാമെന്നു പറഞ്ഞു വീട്ടിലേക്കു് നടന്നു. അവിടെ എത്തി എന്റെ ഉദ്യമത്തെപ്പറ്റി ഭാര്യയോടു പറഞ്ഞശേഷം, അവളുടെ മറുപടി കേട്ടപ്പോഴാണു്, പറങ്ങോടൻനായരുടെ തല ഓർമ്മവന്നതു്.
അല്ല. നായാട്ടിനോ? നിങ്ങളോ? നിങ്ങൾക്കു് അറിയോ നരിയേയും പന്നിയേയും വെടിവയ്ക്കാൻ? എന്നുള്ള ഭാര്യയുടെ ചോദ്യത്തിൽ അടങ്ങിയ രണ്ടു മൃഗങ്ങളുടെ പേരുകൾ കേട്ട ഉടനെ വയറ്റിൽ എന്തോ ഒരു തീജ്ജ്വാല ഉണ്ടായതുപോലെ ഒരനുഭവം ഉണ്ടായി. അതുതന്നെ നെഞ്ചിലും വ്യാപിച്ചു. എന്നിട്ടും ധൈര്യം വിട്ടില്ല. സ്ത്രീകളുടെ വാക്കു് നിസ്സാരമാക്കുന്ന നിലയിൽ, ഞാൻ ചിലതൊക്കെ പറഞ്ഞു. ഏതായാലും സുകുമാരൻകൂടി ഉണ്ടെന്നു കേട്ടപ്പോൾ, വൈഷമ്യത്തിലൊന്നും കൊണ്ടുപോയി തലയിടാൻ സംഗതിയില്ലെന്നു് എന്റെ പത്നി സമ്മതിച്ചു.
ഞാൻ ക്ഷണത്തിൽ പുറപ്പെട്ടു്, സ്നേഹിതന്മാരുടെ വീട്ടിലെത്തി. കൂട്ടർ ശീട്ടുകളി ആരംഭിച്ചിരിക്കുന്നു. ഞാനും ചേർന്നു. എന്നിൽ സാധാരണ കാണാറുള്ള ആഹ്ലാദത്തിന്റെ അഭാവം, സമർത്ഥനായ സുകുമാരന്റെ മനസ്സിനെ ക്ഷണത്തിൽ ആകർഷിച്ചു. നായാട്ടിന്റെ സ്വഭാവത്തെപ്പറ്റിയും തോക്കുകാർ, മരത്തിന്മേൽ “പറം” അല്ലെങ്കിൽ “മച്ചാൻ” കെട്ടി ഇരിക്കുന്നതിനെക്കുറിച്ചും, അവിടെ യാതൊരുവിധം അപകടത്തിനും സംഗതിയില്ലെന്നും, ആപത്തു വരുന്നതു ചില വിഡ്ഢികൾ ദുർധൈര്യംകൊണ്ടു താഴത്തിറങ്ങി വന്യമൃഗങ്ങളുടെ നേരിട്ടുചെല്ലുന്നതുനിമിത്തമാണെന്നും മറ്റും എന്നെ ധൈര്യപ്പെടുത്തുവാനാണെങ്കിലും, ആ നാട്യമേ പുറത്തു കാണിക്കാതെ, സുകുമാരൻ വിസ്തരിച്ചു പറഞ്ഞുതുടങ്ങി. അതിന്റെ ഉദ്ദേശം ഞാൻ ക്ഷണത്തിൽ ധരിക്കയും, സ്നേഹിതനെ മനസ്സുകൊണ്ടു ബഹുമാനിക്കയും ചെയ്തുവെങ്കിലും, അവയൊക്കെ ഞാൻ ധാരാളം അറിയുന്ന സംഗതികളാണെന്നു ഞാനും നടിക്കയും ഇടയ്ക്കിടെ അതിനെ ബലപ്പെടുത്തുന്ന പില അഭിപ്രായങ്ങൾ ആലോചിച്ചു പുറപ്പെടുവിക്കയും ചെയ്തു. ഊണിനു് അന്നു നല്ല സുഖമുണ്ടായില്ല: വിശപ്പില്ലാത്തതുകൊണ്ടല്ല; തൊണ്ടയിൽനിന്നു ഭക്ഷണം സുഗമമായി താഴോട്ടിറങ്ങായ്കകൊണ്ടു് നെഞ്ചിൽ എന്തോ ഒരു പിടിത്തം. ധാരാളം വെള്ളം കുടിച്ചു ഉറക്കത്തിനും ഉണ്ടായില്ല സുഖം. കണ്ണു ചിമ്മിപ്പോയെങ്കിൽ പറങ്ങോടൻനായരുടെ തല സ്വപ്നം കാണുകയായി.
എന്താണു വിദ്യ! രാവിലെയായാൽ വയറ്റിനു നല്ല സുഖം പോരെന്നു പറഞ്ഞു് ഒഴിഞ്ഞാലോ? അയ്യോ! അതു പറ്റുകയില്ല. ശേഷം മൂന്നുപേരും പക്ഷേ, വിശ്വസിച്ചാലും സുകുമാരനു കാര്യം മനസ്സിലാകും. മറ്റാരോടും പറഞ്ഞില്ലെങ്കിലും അയാളുടെ മനസ്സിൽ ഞാനൊരു വെറും ഭീരുവാണെന്നു് ഉറപ്പിക്കും. അതുകൊണ്ടു വരുന്നതു വരട്ടെ വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ? എന്റെ തലവിധി നരിയുടെ വായിൽ തലകൊണ്ടിടണം എന്നാണെങ്കിൽ ആർക്കു്, എങ്ങനെ, അല്ലെന്നാക്കാൻ സാധിക്കും? മരിക്കുന്നതിലല്ല ഖേദം; തല പറങ്ങോടൻനായരുടെ തലപോലെ ആയിത്തീർന്നുവെങ്കിൽ, പിന്നെ ജീവിച്ചിട്ടെന്താണു്? ഇങ്ങനെ പലതും ആലോചിച്ചു്, മനസ്സിൽ വാദപ്രതിവാദങ്ങൾ നടത്തിയും, തിരിഞ്ഞും മറിഞ്ഞും കിടന്നും, വളരെനേരം കഴിഞ്ഞു. തലയ്ക്കുമീതെ വച്ചിരുന്ന ഘടികാരം മണിക്കൂർ കഴിയുന്നതു കുറിക്കുവാൻ പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമല്ല, അതിന്റെ ടിക്, ടിക് ശബ്ദംപോലും എനിക്കു നല്ലവണ്ണം കേൾക്കാമായിരുന്നു. മനസ്സിലെ ഭയവും ഉറക്കത്തിന്റെ ശക്തിയും തമ്മിൽ ഇങ്ങനെ വളരെനേരം ബലാബലങ്ങൾ പരീക്ഷിച്ചശേഷം, ഒടുവിൽ ഉറക്കം ജയിച്ചു. ഞാൻ അല്പം ഉറങ്ങിപ്പോയി. അപ്പോഴേയ്ക്കും കേട്ടു, ഘടികാരത്തിന്റെ ‘എലാറം’ കറ, കറ എന്നു ശബ്ദിക്കുന്നു. അതുവരെ വളരെ മനസ്സമാധാനത്തോടുകൂടി ഗാഢനിദ്രയണഞ്ഞിരുന്ന ചങ്ങാതിമാർ ചാടിയെഴുന്നേറ്റു്, എന്നെ വിളിച്ചു. സത്രാജിത്തിനു സ്യമന്തകം മണി വീണ്ടും കൊണ്ടുവന്നുകൊടുത്ത ശ്രീകൃഷ്ണഭഗവാനെ ഗാഢമായി സ്മരിച്ചുകൊണ്ടു്, ഞാനും എഴുന്നേറ്റു.
ഭക്ഷണസാധനങ്ങളും തോക്കിന്റെ തിരകളും മറ്റും ഒരുക്കിവച്ചിരുന്നവയെ ഒരു ഭൃത്യനെക്കൊണ്ടെടുപ്പിച്ചു്, ഞങ്ങൾ ഓരോരുത്തർ ഓരോ ഇരട്ടക്കുഴൽതോക്കും താങ്ങി പുറപ്പെട്ടു. മുറ്റത്തിറങ്ങിയപ്പോൾ ആകായിൽനിന്നു്, സുകുമാരന്റെ ഭാര്യയാണെന്നു തോന്നുന്നു, ഇതാ കാട്ടുമുയലിനെ കിട്ടിയാൽ ഉടനേ ഇങ്ങോട്ടെത്തിക്കണേ; സാധിച്ചെങ്കിൽ ജീവനോടുകൂടി പിടിക്കുവാൻ നോക്കണം, എന്നു പറഞ്ഞു.
ആവൂ, എനിക്കു വലിയ ഒരു ആശ്വാസമായി. ഇക്കൂട്ടർ മുയലിനെ വെടിവയ്ക്കാനാണു പോകുന്നതു്. നരിയുടേയും പന്നിയുടേയും കഥയൊക്കെ എന്റെ വെറും ഊഹമായിരുന്നു എന്നുവിചാരിച്ചു് ഞാൻ വലിയൊരുദീർഘശ്വാസംകഴിച്ചു. ഈ ആശ്വാസം രണ്ടുമിനിട്ടുനേരം എന്റെ മനസ്സിൽ കുടികൊൾവാൻ വാസു അനുവദിച്ചില്ല. അയാൾ മെല്ലെ ഇങ്ങനെ പറഞ്ഞു: ഞങ്ങൾ മുയലിനെ വെടിവയ്ക്കുവാൻ പോകയാണെന്നാണു സ്ത്രീകൾ വിചാരിച്ചിരിക്കുന്നതു്. നരിയെ വെടിവയ്ക്കുവാനാണെന്നു് അറിഞ്ഞിരുന്നുവെങ്കിൽ ഇവിടുന്നു പടിയിറങ്ങാൻ അമ്മ നമ്മളെ അനുവദിക്കില്ല.
ഹതവിധി! എനിക്കു പിന്നെയും ഒരു അസ്വാസ്ഥ്യം തുടങ്ങി. വഴിയിൽ സ്നേഹിതന്മാർ പല നേരമ്പോക്കുകളും പറയുന്നുണ്ടു്. ഞാൻ യാതൊന്നും കേൾക്കുന്നില്ല; കേട്ടതൊന്നും മനസ്സിലാകുന്നില്ല; മനസ്സിലായ ഫലിതങ്ങളെക്കുറിച്ചു ചിരിക്കുവാനും കഴിയുന്നില്ല; ചിരിച്ചെങ്കിൽത്തന്നെ വായല്ലാതെ, ഹൃദയം അതിൽ പങ്കുകൊള്ളുന്നില്ല.
സൂര്യൻ ഉദയഗിരിയിലെത്തി. ഞങ്ങൾ ഒരു കാട്ടിന്റെ സമീപത്തും എത്തി. അവിടെ ഞങ്ങളുടെ വരവും കാത്തു വാസുവിന്റെ കീഴിലുള്ള രണ്ടു പോലീസ് കാൺസ്റ്റബിൾമാർ നില്ക്കുന്നുണ്ടായിരുന്നു. ഇൻസ്പെക്ടരെ കണ്ടയുടനെ അവർ, ശരീരത്തിലെ മാംസപേശികളെയൊക്ക നേരെ നിറുത്തി, സല്യൂട്ടുചെയ്തു. അവരോടു് വാസു, കാടു തെളിക്കുന്നവർ എത്തിയോ? എന്നു ചോദിച്ചു.
ഇതാ, അവരൊക്കെ തയാർ എന്നു പറഞ്ഞു, അവരെ വിളിക്കുവാൻവേണ്ടി കാൺസ്റ്റബിൾമാർ അല്പം ദൂരത്തേയ്ക്കു നടന്നുപോയി. അതിനിടയ്ക്കു ഞങ്ങൾ അവിടെയിരുന്നു, കുറെ കാപ്പിയും പലഹാരവും മറ്റും കഴിച്ചു. ചുരുക്കിപ്പറയാം, സൂര്യൻ നല്ലവണ്ണം പ്രകാശിച്ചു. ഞങ്ങൾ കാട്ടിൽ കയറി, ചെറിയൊരു തോട്ടിന്റെ വക്കിൽ എത്തിയപ്പോൾ അവിടെയാണു് ഒരു കടുവയുള്ളതെന്നു് ഒരാൾ പറഞ്ഞു. വലിയൊരു മരത്തിന്മേൽ കെട്ടിയുണ്ടാക്കിയ “പറം” ചൂണ്ടിക്കാണിച്ചു്, നിങ്ങൾ ഇതിന്മേൽ കയറി ഇരുന്നുകൊൾവിൻ, എന്നു വാസു എന്നോടു പറഞ്ഞു ഒരു പശുവിനു കഷ്ടിച്ചു നടന്നുപോകുവാൻ മാത്രം വിസ്താരമുള്ള ഒരു വഴിയുടെ അടുക്കലാണു് ആ “പറം.” അതിനു അല്പം ദൂരത്തായി, മറ്റൊരു പറം ഉണ്ടായിരുന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടു്, അതിന്മേൽ ഞാൻ ഇരിക്കാം, എന്നു സുകുമാരൻ പറഞ്ഞു. കിട്ടു എന്റെ അടുക്കൽ വന്നു പുറത്തു തട്ടിക്കൊണ്ടു്, എന്താ പേടിയുണ്ടോ? ഒന്നും പേടിക്കുവാൻ ഇല്ല സൂക്ഷിച്ചു് ഇരുന്നുകൊൾവിൻ. വല്ല മൃഗത്തെയും നല്ല ലാക്കിൽ കണ്ടെങ്കിൽമാത്രം വെടിവച്ചാൽ മതി, എന്നു് ഇംഗ്ലീഷിൽ പറഞ്ഞു, വളരെ പ്രോത്സാഹജനകമായ വിധത്തിൽ മനോഹരമായി ഒന്നു മന്ദഹസിച്ചു. ഞാനും ഒരു പച്ചച്ചിരി ചിരിച്ചു. മൃഗത്തിനു വെടികൊണ്ടാലും ഇല്ലെങ്കിലും, ഞങ്ങളൊക്കെ മടങ്ങി ഇവിടെയെത്തുന്നതുവരെ താഴത്തിറങ്ങരുതു്, എന്നു രഘുവും പറഞ്ഞു.
അതു വലിയൊരു മരമായിരുന്നു. താഴത്തുനിന്നു രണ്ടുവാര ഉയരത്തിൽ അതിന്റെ വലിയൊരു കൊമ്പുവെട്ടിയെടുത്ത സ്ഥലം ചാണക്കല്ലുപോലെ പരന്നു മൃദുവായിരുന്നു. ഞാൻ ഒരു വിധത്തിൽ മരത്തിന്മേൽ കയറി. ഇരിക്കാൻ നല്ല സുഖമുള്ള “പറം” ഒരു പക്ഷേ, ഉറങ്ങിപ്പോയെങ്കിൽ ഉരുണ്ടു താഴെ വീണുപോകാൻ സംഗതിയില്ല. ഞാൻ അവിടെ കയറിയിരിപ്പായി. തോക്കിൽ രണ്ടു തിരകൾ നിറച്ചു. കാലുകൾ നീട്ടി തോക്കിന്റെ കുഴലുകൾ കാലിന്റെ മദ്ധ്യത്തിലാക്കിപ്പിടിച്ചു. സുകുമാരൻ മറ്റേ പറത്തിന്മേലും കയറി ഇരുന്നു. ഞങ്ങൾക്കുതമ്മിൽ കാണാം. സുകു കുറെ അടയ്ക്കാക്കഷണം വായിൽ ഇട്ടു ചവച്ചും ഇറക്കിയും കൊണ്ടു് യാതൊരു കൂസലും ഇല്ലാതെ അവിടെ ഇരിക്കുന്നതു കണ്ടപ്പോൾ, എനിക്കു് അസൂയതോന്നി. കൂട്ടരൊക്കെ കാട്ടിലേക്കു കയറി. സ്നേഹിതന്മാരൊക്കെ ഓരോ പറത്തിന്മേൽ കയറി ഇരുന്നിരിക്കണം. വളരെ നേരത്തേയ്ക്കു യാതൊരു ശബ്ദവും ഇല്ല.
ഞാൻ പഠിച്ച ഈശ്വരസ്തുതികളും, സ്തോത്രങ്ങളും ഉരുവിട്ടുകൊണ്ടിരുന്നു.
അതാ ഭയങ്കരമായ ഒരു ശബ്ദം! കൈകൊട്ടും ആർപ്പുവിളിയും, ടിന്നിന്നു മുട്ടുന്ന ശബ്ദവും കേട്ടുതുടങ്ങി. ഞാൻ സ്തോത്രം ചൊല്ലുന്നതും മുറുകിത്തുടങ്ങി. കുറേനേരം കഴിഞ്ഞു പെട്ടെന്നു താഴോട്ടുനോക്കിയപ്പോൾ കണ്ട കാഴ്ച എന്തുപറയുന്നു! വലത്തുകയ്യും ഇടത്തുകാലും അല്പം മുമ്പോട്ടുവച്ചു്, ആരാണീ ധിക്കാരികൾ, എന്നു ചോദ്യംചോദിക്കുമ്പോഴുള്ള പ്രകൃതിയെ അഭിനയിക്കുന്ന നോട്ടങ്ങളോടുകൂടെ, വാലിന്റെ അഗ്രംമാത്രം ചലിപ്പിച്ചുകൊണ്ടു നില്ക്കുന്നു: ഒരു വ്യാഘ്രം. എന്റെ വയറ്റിൽ പൊക്കിളിന്റെ അടുക്കെയായി, പെട്ടെന്നൊരു വിദ്യുച്ഛക്തി പ്രകാശിച്ചപോലെ ഒരനുഭവമുണ്ടായി. പുറത്തു നടുവെല്ലിൽകൂടെ ഒരു പുഴു ഇഴഞ്ഞുകയറുന്നുണ്ടെന്നു തോന്നി. വിവേകാനന്ദസ്വാമിയെ ഒരവസരത്തിൽ ശ്രീരാമകൃഷ്ണപരമഹംസൻ തൊട്ടപ്പോൾ, എല്ലാവൃക്ഷങ്ങളും ഭവനങ്ങളും, എന്നുവേണ്ട സർവ്വചരാചരങ്ങളും കീഴ്മെൽ മറിഞ്ഞു് അന്തർദ്ധാനം ചെയ്തു്, രണ്ടാമതും പൂർവ്വസ്ഥിതിയിൽ ആയതുപോലെ സ്വാമിക്കു് ഒരനുഭവമുണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ടു്. ഏകദേശം അതുപോലെയുള്ള ഒരനുഭവം എനിക്കു് ഈ അവസരത്തിൽ ഉണ്ടായി. ഭക്തിക്കും ഭയത്തിനും തമ്മിൽ ഉള്ള സാമ്യം, ആ വാക്കുകളുടെ ആദ്യവർണ്ണങ്ങളിൽ മാത്രമല്ലെന്നു് എനിക്കു തോന്നി. എന്റെ പരിഭ്രമത്തിൽനിന്നു ഞാൻ അല്പം നിവൃത്തനായയുടനെ, സുകുമാരനെ ഒന്നു നോക്കി. അയാൾ തോക്കെടുത്തു സൂത്രംപിടിക്കുവാൻ ഭാവിക്കയാണെന്നു കണ്ടയുടനെ എന്റെ തോക്കിന്റെ കാഞ്ചികൾ രണ്ടും ഞാനറിയാതെ എന്റെ വിരലുകൾ പൊക്കി. തോക്കെടുത്തു സൂത്രം നോക്കാൻ കൈയുടെ വിറയൽ അല്പം ശമിക്കട്ടെ എന്നു വിചാരിച്ചുതീരുന്നതിനു മുൻപിൽ, കാഞ്ചികൾ വീണു വെടിപൊട്ടി. ഞാൻ പിന്നോട്ടു ചാഞ്ഞുവീണു; തോക്കു കൈയിൽനിന്നു താഴത്തും വീണു. അല്പനേരം മൂർച്ഛിച്ചുവോ എന്നൊരു ശങ്ക അടുക്കരുതു്, അടുക്കരുതു് എന്നു സുകുമാരൻ വിളിച്ചുപറയുന്നതു കേട്ടു. ഞാൻ നിവർന്നിരുന്നു്, താഴോട്ടു നോക്കുവാൻ ഒരുവിധം ധൈര്യപ്പെട്ടു. നരി വെടികൊണ്ടു വീണുരുളുന്നു. എനിക്കുണ്ടായ ആശ്വാസവും സന്തോഷവും അഭിമാനവും ധീരതയും ഒന്നും പറവാനില്ല. അടുക്കരുതു്, അടുക്കരുതു്, എന്നു ഞാനും—നിലവിളിച്ചു. അടുക്കാതിരിക്കാനുള്ള അവസരമൊക്കെ കഴിഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം എന്റെ നിലവിളി കേട്ടപ്പോൾ സുകുമാരൻ പൊട്ടിച്ചിരിച്ചതു്. നരി അനങ്ങാതെ കേവലം മൃതപ്രായനായി കിടക്കുന്നു. സുകുമാരൻ മരത്തിൽനിന്നു് ഇറങ്ങാൻ ഭാവിക്കുന്നുണ്ടെന്നു കണ്ടപ്പോൾ ഞാൻ, ഇതാ ഇറങ്ങരുതു്—രഘു പറഞ്ഞിട്ടില്ലേ? എന്നു നിലവിളിച്ചു പറഞ്ഞു. സുകുമാരൻ എന്നെ സന്തോഷിപ്പിക്കാനായിരിക്കാം അവിടെത്തന്നെ ഇരുന്നു. അതിൽപിന്നെ ഉച്ചത്തിൽ, നരിയാണു്, ചത്തിരിക്കുന്നു, അടുക്കാം, എന്നു് അദ്ദേഹം പറഞ്ഞു. മൂന്നുനാലു മിനിട്ടുകഴിഞ്ഞു. കാടുതെളിക്കാൻ എർപ്പെട്ടിരുന്ന ചിലർ ചാടിയെത്തി. അതിലൊരു ധിക്കാരി, ഇതാരുടേതാണു തോക്കു താഴത്തു? എന്നു ചോദിച്ചു. ഞാൻ ഇതിനു മറുപടി പറയാതെ മിഴിച്ചുനിൽക്കുന്നതു കണ്ടപ്പോൾ, അതു മരത്തിന്മേൽനിന്നു് ഇറങ്ങാൻ സാധിക്കാത്തതിനാൽ അയാൾ താഴത്തിട്ടതാണു്—എന്നു സുകു പറഞ്ഞു. ഞാനും സുകുവും താഴത്തിറങ്ങി. ഉടനെ സ്നേഹിതന്മാർ മൂന്നുപേരും ചാടിയെത്തി. എന്നെ എല്ലാവരും അഭിനന്ദിച്ചു.
നരിക്കു വെടി എവിടെയാണു നോക്കിയപ്പോൾ വലത്തുചെവിയുടെ താഴത്താണെന്നു കണ്ടു. എന്റെ ‘പറം’ നരിയുടെ ഇടത്തുഭാഗത്താണല്ലോ എന്നു ഞാൻ ഉടനെ ഓർമ്മിച്ചു. ഞാൻ സുകുമാരന്റെ മുഖത്തു ഗൂഢമായൊന്നു നോക്കി.
പലനിലയിലും പലപ്രകാരവും
പലനാളും കാത്ത…
സുകുമാരൻ ഉടനെ, കാട്ടിൽനിന്നിറങ്ങിവന്നു്, ഈ നരി രണ്ടാമതു മടങ്ങാനാണു ഭാവിച്ചതു്, അപ്പോഴാണു് ഇയാളുടെ വെടി എന്നുപറഞ്ഞു്, എന്നെ ഒന്നു കടാക്ഷിച്ചു. നരിയെ കെട്ടിയെടുത്തു് എല്ലാവരും പുറപ്പെടുമ്പോൾ, ഞാൻ കയറി ഇരുന്ന മരത്തിനിടയിൽ ചാണക്കല്ലുപോലെ ഉണ്ടായിരുന്നതായി പറഞ്ഞ സ്ഥലം, സുകുമാരൻ എന്നെ സ്വകാര്യം ചൂണ്ടിക്കാണിച്ചുതന്നു. അവിടെ രണ്ടു് ഉണ്ടകൾ തറച്ച ദ്വാരങ്ങൾ നല്ലവണ്ണം കാണാമായിരുന്നു നരി ചത്തതു് സുകുമാരന്റെ വെടിക്കായിരുന്നുവെന്നു ഇനി പറയേണ്ടതില്ലല്ലോ. പക്ഷേ, ഞാൻ ഇന്നും വലിയ നരിനായാട്ടുകാരനായിട്ടാണു് അറിയപ്പെടുന്നതു്.
ഭാഷാപോഷിണി, 1094 മകരം.
മീവാർരാജ്യത്തിലെ രാജാവായിരുന്ന ഭീമസിംഹന്റെ മകളായിരുന്നു കൃഷ്ണാകുമാരി. ചരിത്രപ്രസിദ്ധയായിരുന്ന പത്മിനീരാജ്ഞിയുടെ ഭർത്താവായിരുന്ന ഭീമസിംഹനല്ല; അദ്ദേഹത്തിനുശേഷം, വളരെക്കൊല്ലം കഴിഞ്ഞതിൽപിന്നെ, രാജ്യഭാരം ചെയ്തിരുന്ന ഒരു രാജാവു്. ഈ രാജാവിന്റെ കാലത്തു് മീവാർരാജ്യത്തിന്റെ ഐശ്വര്യം വളരെ കുറഞ്ഞുപോയിരുന്നു. ഒരുകാലത്തു് രാജപുത്താനയിൽ ഏറ്റവും പ്രഭുത്വവും മാഹാത്മ്യവും ഉണ്ടായിരുന്ന രാജ്യമായി ശോഭിച്ച നിലയിൽ നിന്നു് മീവാർ അധഃപതിച്ച കാലത്തായിരുന്നു ഈ രാജാവു് അവിടെ വാണിരുന്നതു്. മഹാരാഷ്ട്രകാരുടെ ശക്തി വളരെ വർദ്ധിച്ചു്, സിൻഡ്യ, ഹോൾക്കാർ എന്നീ രാജാക്കന്മാരിൽ അതതുകാലത്തു് പ്രാബല്യം പ്രാപിച്ച ആളുടെ ശാസനയ്ക്കു് മീവാർ കീഴടങ്ങേണ്ടിവന്നു. അങ്ങിനെയുള്ള കാലത്താണു് ഈ കഥ ആരംഭിക്കുന്നതു്.
മീവാറിലെ രാജകുമാരി ശൈശവത്തിൽതന്നെ മഹാസുന്ദരിയാണെന്നു ശ്രുതിപ്പെട്ടിരുന്നു. സൗന്ദര്യത്തിൽ അവരോടു തുല്യയായി ആരും അക്കാലത്തുണ്ടായിരുന്നില്ല. പത്മിനീരാജ്ഞിയും സൗന്ദര്യത്തിനു ശ്രുതിപ്പെട്ടവരായിരുന്നുവല്ലോ. എന്നാൽ കൃഷ്ണാകുമാരി, സൗന്ദര്യത്തിൽ പത്മിനിയേയും ജയിച്ചു. സൗന്ദര്യം സ്ത്രീകൾക്കു് ഗുണത്തിനും നാശത്തിനും മതിയല്ലോ.
കൃഷ്ണാകുമാരിയെ ജനങ്ങൾ “രാജപുത്താനയിലെ കുസുമം” എന്നു വിളിച്ചുപോന്നു. കൊല്ലങ്ങൾ കഴിയുന്നതനുസരിച്ചു് ഈ കുസുമം വികസിച്ചുതുടങ്ങുകയും അതിന്റെ സ്വാഭാവികമായ സൗകുമാര്യത്തെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു. അതോടുകൂടി സ്വഭാവമെന്ന സൗരഭ്യവും ചേർന്നുകൂടി. പുത്രിക്കു് വിവാഹകാലം വന്നുവെന്നു പിതാവു് കണ്ടു. മാർവാർ രാജവംശത്തിലെ രാജകുമാരനു് കൃഷ്ണായെ വിവഹംചെയ്തുകൊടുക്കുവാൻ വേണ്ടുന്ന ആലോചനകൾ നടത്തി. ഏർപ്പാടുകളൊക്കെ ഏകദേശം പൂർത്തിയായി. എന്നാൽ,—അനുഭവിക്കാനുള്ള കാലം അടുത്തെത്തിയെന്നു വിചാരിച്ചുളവാകുന്ന ആനന്ദത്തെ ഏതെല്ലാം വിധത്തിലാണു്, “എന്നാൽ” എന്ന വാക്കുകൊണ്ടു് തുടങ്ങുന്ന വിവരണത്താൽ നിശ്ശേഷം നശിപ്പിക്കുവാൻ ചരിത്രകാരന്മാർക്കും കവികൾക്കും സംഗതിവന്നതു്!—എന്നാൽ വിവാഹകാര്യം നടക്കുന്നതിനുമുമ്പിൽ രാജകുമാരൻ കാലധർമ്മം പ്രാപിച്ചുപോയി, കഷ്ടം!
കൃഷ്ണായ്ക്കു മറ്റൊരു ഭർത്താവിനെ ആലോചിക്കേണ്ടി വന്നു. ഭീമസിംഹൻ, തന്റെ മകളെ ജയപ്പൂരിലെ ജഗത്സിംഹൻ എന്ന രാജകുമാരനു് വിവാഹംചെയ്തുകൊടുക്കുവാൻ തീർച്ചയാക്കി. ജയപ്പൂരിൽനിന്നു രാജപ്രതിനിധികൾ, അനവധി കാഴ്ചദ്രവ്യങ്ങളോടുകൂടി വിവാഹകാര്യം തീർച്ചപ്പെടുത്തുവാൻ മീവാറിൽ വന്നു. “ലഗ്നകപത്രം” എഴുതുവാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തടസ്സമില്ലാതെ നടന്നുകൊണ്ടിരുന്നു. എന്നാൽ—പിന്നെയും മറ്റൊരു “എന്നാൽ.”
മാർവാറിലെ തീപ്പെട്ട രാജകുമാരന്റെ അടുത്ത ഒരു അവകാശിയായ മാനസിംഹൻ, ജോഡ്പ്പൂർരാജ്യം കൈവശപ്പെടുത്തി അവിടുത്തെ രാജാവായി സിംഹാസനാരോഹണം ചെയ്ത ഉടനെ അദ്ദേഹം ചെയ്തതു്, കൃഷ്ണായെ തനിക്കു വിവാഹംചെയ്തുകിട്ടേണം എന്നു ഭീമസിംഹനോടു് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞുപോയ രാജാവിനു കൃഷ്ണായെ വിവാഹം ചെയ്തുകൊടുക്കുവാൻ മിക്കവാറും തീർച്ചയാക്കിയതാണു്; ആ രാജാവിന്റെ പിൻതുടർച്ചാവകാശിയായി താനാണു സിംഹാസനാരോഹണം ചെയ്തിരിക്കുന്നതു്; അതുകൊണ്ടു കൃഷ്ണായെ തന്റെ രാജ്ഞിയായും ലഭിക്കേണ്ടതാണു്—ഇതായിരുന്നു മാനസിംഹന്റെ ന്യായം. ഈ അവസരത്തിൽ ഗ്വാളിയോറിലെ സിൻഡ്യാമഹാരാജാവു് സൈന്യസമേതം മീവാറിൽ പാർത്തുവരികയായിരുന്നു. അദ്ദേഹം മാനസിംഹന്റെ മിത്രവും ജഗത്സിംഹന്റെ ശത്രുവുമായിരുന്നു. ജയപ്പൂരിലെ രാജപ്രതിനിധികളെ ഉടനെ മടക്കിയയച്ചു്, രാജപുത്രിയെ മാർവാറിലെ പുതിയ രാജാവിനു വിവാഹം ചെയ്തുകൊടുക്കണമെന്നു് അദ്ദേഹം ഭീമസിംഹനെ അറിയിച്ചു. ഐശ്വര്യവും ശക്തിയും ക്ഷയിച്ച ഈ കാലത്തു് സിൻഡ്യയുടെ കല്പനയ്ക്കു വിപരീതമായി പ്രവർത്തിച്ചാൽ തന്റെ രാജ്യവും വസ്തുക്കളും എന്നുവേണ്ട തന്റെ ജീവൻ പോലും അദ്ദേഹം നശിപ്പിക്കാൻ സംഗതിയുണ്ടെന്നു ഭീമസിംഹൻ ഭയപ്പെട്ടു. അത്യന്തം കുണ്ഠിതത്തോടുകൂടി ജയപ്പൂരിലെ രാജപ്രതിനിധികളെ അദ്ദേഹം മടക്കി അയച്ചു.
ജഗത്സിംഹനു് ഇതു് അത്യന്തം അവമാനകരമായി തോന്നിയതിൽ അത്ഭുതപ്പെടുവാനില്ലല്ലോ. അദ്ദേഹം ഉടനെ വലിയ ഒരു സൈന്യത്തെ ശേഖരിച്ചു. അത്രവലിയ ഒരു സൈന്യം അടുത്തകാലത്തൊന്നും അവിടങ്ങളിൽ ആരും കണ്ടിരുന്നുല്ല. സൈന്യത്തോടുകൂടി ജഗത്സിംഹൻ മീവാറിലേക്കു പുറപ്പെട്ടിരിക്കുന്നുവെന്നറിഞ്ഞപ്പോൾ മാനസിംഹനും വലിയൊരു സൈന്യത്തെ ഒരുക്കി അവിടുത്തേക്കു പുറപ്പെട്ടു. സിൻഡ്യ മാനസിംഹനെ സഹായിക്കാനും ഒരുങ്ങി. ആകപ്പാടെ മീവാർരാജ്യം വലിയൊരു യുദ്ധഭൂമിയായി പരിണമിച്ചു. ശത്രുസൈന്യങ്ങൾ തമ്മിൽ പിണങ്ങുന്നതിലിടയ്ക്കു് മീവാർരാജ്യം ശൂന്യമായിത്തീരുമെന്നു പലരും ഭയപ്പെട്ടു. ഇത്ര ഭയങ്കരമായ ഒരു ആപത്തു് ആ രാജ്യത്തിനു് ഇതിനുമുമ്പുണ്ടായിരുന്നില്ല സർവ്വദിക്കിലും കൊലയും കൊള്ളയുമല്ലാതെ മറ്റൊന്നില്ല. ജനങ്ങളൊക്കെ അപായത്തിൽപെട്ടു സദാ പരിഭ്രമിച്ചുകൊണ്ടിരുന്നു.
ഇങ്ങനെ രാജ്യം നശിച്ചുതുടങ്ങുന്നുവെന്നും അതിനുകാരണം കൃഷ്ണായാണെന്നും കണ്ടപ്പോൾ, തൽക്കാലസ്ഥിതിയെ ഭേദപ്പെടുത്താൻ പെട്ടെന്നു് ആവശ്യമുള്ള ഉപായങ്ങളെ മാത്രം ആലോചിച്ചു ശീലിച്ച മന്ത്രിമാരും പ്രഭുക്കന്മാരും, ആപത്തിനു കാരണമായ സൗന്ദര്യാതിരേകം വഹിച്ചുകൊണ്ടിരിക്കുന്ന കുമാരിയെ സംഹരിച്ചു രാജ്യത്തെ രക്ഷിക്കേണമെന്നു രാജാവോടു പറഞ്ഞു. ഇതു കേട്ടപ്പോൾ രാജാവിനുണ്ടായ കുണ്ഠിതത്തെ എങ്ങനെ വിവരിക്കാം? ലോകൈകസുന്ദരിയായ പുത്രിയെ കൊലചെയ്യിക്കാനോ? എത്ര കഠിനം, എത്ര നിർദ്ദയം, എത്ര സന്താപജനകം! ഒരു സ്ത്രീ നിമിത്തം രാജ്യത്തിനും രാജ്യത്തിലെ നിവാസികൾക്കും അത്യാപത്തു വരുന്നതിനെ രാജാവു കണ്ടുകൊണ്ടിരിക്കയോ? രാജാവിന്റെ ധർമ്മവും പിതാവിന്റെ വാത്സല്യവും തമ്മിൽ കുറേനേരം ശണ്ഠകഴിഞ്ഞശേഷം, ഒടുവിൽ പുത്രസ്നേഹത്തെ ഹൃദയത്തിൽ ഒതുക്കിവെച്ചു്, കൃഷ്ണായെ സംഹരിച്ചുകൊൾവാൻ നാവുകൊണ്ടു് അനുമതി നൽകി. രണ്ടുമൂന്നാളുകളൊഴികെ ആരും ഇതു് അറിയരുതെന്നു പ്രത്യേകം ചട്ടംകെട്ടി. ഏതായാലും ഈ കഠിനകൃത്യത്തെ ആർ നടത്തും? നിർദ്ദോഷിണിയായ ഒരു പെൺകുട്ടിയെ ആർ കൊലപ്പെടുത്തും? ഒരു മഹാസുന്ദരിയെ ഏതു കൈകൾ വെട്ടിക്കൊല്ലും? ഈ കഠിനകൃത്യം ചെയ്തു് ഉദയപ്പുരിന്റെ ബഹുമതിയെ പാലിക്കണമെന്നു് മീവാർരാജവംശത്തിലെ അംഗങ്ങളിൽവെച്ചു മാന്യനായ ദൗലത്ത് സിംഹനോടു് മന്ത്രിമാർ അപേക്ഷിച്ചു. അതുകേട്ടപ്പോൾ തന്നെ ഞെട്ടിവിറച്ചുകൊണ്ടു് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഹാ കഷ്ടം! ഭയങ്കരം! ഈവിധം കല്പിക്കാൻ തോന്നിയ നാവു് നശിച്ചില്ലെ? എന്റെ രാജഭക്തിയെ നിലനിർത്തേണ്ടതു് ഈ കർമ്മംചെയ്തിട്ടാണെങ്കിൽ, ആ രാജഭക്തി ദഹിച്ചു ഭസ്മമായിത്തീരട്ടെ.” അതിൽ പിന്നെ, രാജാവിന്റെ പിതാവിനു് മറ്റൊരു പത്നിയിൽ ജനിച്ചിരുന്ന യൗവ്വനദാസൻ എന്ന ആളോടു് ആവശ്യപ്പെട്ടു. അദ്ദേഹം വളരെയൊക്കെ മുടക്കംപറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ചു.
യൗവ്വനദാസൻ രാജകുമാരിയെ തന്റെ അടുക്കൽ വരാൻ ക്ഷണിച്ചു. ആ സുന്ദരി ക്ഷണം ചെന്നു് അദ്ദേഹത്തിന്റെ അടുക്കൽ നിന്നിട്ടു് മനോഹരമായ മന്ദഹാസത്തോടുകൂടി, ഇളയച്ഛൻ എന്തിനാണു് എന്നെ വിളിച്ചതു് എന്നു് ഏറ്റവും മാധുര്യമുള്ള സ്വരത്തിൽ ചോദിച്ചു. യൗവ്വനദാസൻ കൃഷ്ണായുടെ മുഖത്തു് കണ്ണുപറിക്കാതെ നോക്കി. നിഷ്കളങ്കയായി, മനോഹരയായി, കമനീയമായ എന്തൊരു മുഖപങ്കജം! അതു് ഒരുനോക്കു കണ്ടാൽ മതി, ദൈവീകമായ പരമാനന്ദം തനിയെ അനുഭവമാകും. യൗവ്വനദാസന്റെ ഹൃദയം ഉരുകി, കണ്ണിൽ വെള്ളം നിറഞ്ഞു, ശരീരം വിറച്ചു. വസ്ത്രത്തിൽ ഒളിച്ചുവച്ചിരുന്ന കഠാരം, ക്ലിങ്ങ് എന്ന ഒച്ചയോടുകൂടി താഴത്തു വെള്ളക്കല്ലിന്മേൽ വീണു.
കൃഷ്ണാകുമാരി ഭയപരവശയായി ഗൽഗദാക്ഷരത്തിൽ അയ്യോ, അയ്യോ, ഇതെന്താണു്, ഇളയച്ഛാ, നിങ്ങളെന്തിനു് ഇങ്ങനെ ഭയപ്പെട്ടു വിറയ്ക്കുന്നു? ആ കഠാരം എന്തിനു്? എന്നു ചോദിച്ചു. യൗവ്വനദാസൻ, ഹൃദയത്തിൽ വല്ല അസ്ത്രവും തറച്ചതു പറിച്ചെടുക്കുമ്പോളുണ്ടാകുന്ന കഠിനവേദനയോടുകൂടി അയ്യോ, ദേവീ, നീ എന്നോടതു ചോദിക്കരുതു്, ഞാൻ ജീവനില്ലാത്ത ഒരു കല്ലു്, ഹൃദയമില്ലാത്ത ഒരു പാപി, വെറും ഒരു രാക്ഷസൻ! ആ കഠാരമോ? അതു് എന്തിനാണെന്നു പറയട്ടെയോ,—ഹാ, കഷ്ടം! അതു് നിന്നെ കൊല്ലുവാൻവേണ്ടി ഞാൻ കൊണ്ടുവന്നതാണു്. എന്നു പറഞ്ഞു.
രാജകുമാരി, അത്ഭുതപാരവശ്യത്തോടുകൂടി യൗവ്വനദാസനെ നോക്കി, ഇങ്ങനെ ചോദിച്ചു; എന്നെ കൊല്ലുവാനോ? ഈ കഠാരമോ?—നിങ്ങളോ അതു ചെയ്വാൻ! എന്താണു് ഇളയച്ഛാ കാരണം? ഞാൻ അതിനുതക്ക തെറ്റു് എന്തുചെയ്തു?
യൗവ്വനദാസൻ: നീ മീവാർരാജ്യത്തിന്റെ നാശത്തിനു കാരണമായിത്തീർന്നു. നീ നിമിത്തമാണു് നമ്മുടെ പ്രിയപ്പെട്ട രാജ്യം ഈ കഷ്ടസ്ഥിതിയിലായതു്. നിന്നെ പത്നിയാക്കാനുള്ള ആഗ്രഹത്തോടുകൂടിയാണു് ജയപ്പൂരിലെ രാജാവു വന്നതു്. മാർവാറിലെ രാജാവും അതേ ഉദ്ദേശ്യത്തോടുകൂടി വന്നു. സിൻഡ്യ അദ്ദേഹത്തെ സഹായിക്കാനും വന്നു. അവരൊക്കെകൂടി ഇതാ മീവാർ നശിപ്പിക്കുന്നു. അവരെ എതിർത്തുനിൽക്കാൻ നമ്മളുടെ മഹാരാജാവിനു ശക്തിയില്ല. രാജ്യത്തെ രക്ഷിക്കാൻ മറ്റു യാതൊരു മാർഗ്ഗവും കാണായ്കയാൽ, തന്റെ മന്ത്രിമാരുടെ ഉപദേശമനുസരിച്ചു്, ഈ പൈശാചികകൃത്യം ചെയ്വാൻ നിശ്ചയിച്ചു.
കൃഷ്ണാകുമാരി ഇതു കേട്ടപ്പോൾ മന്ദഹസിക്കുകയാണു് ചെയ്തതു്. ആ പുഞ്ചിരികൊണ്ടു് അവളുടെ മുഖം വികസിച്ചു ചെന്താമരപ്പൂപോലെ ശോഭിച്ചു. രാജകുമാരി ഇങ്ങനെ പറഞ്ഞു: അത്രയേ ഉള്ളോ? അതിനാണോ ഇത്രയൊക്കെ ബഹളംകൂട്ടുന്നതു് ? ഞാനോ വെറുമൊരു നിസ്സാരജീവി. എന്റെ മരണംകൊണ്ടു് മീവാർരാജ്യത്തിന്റെ അനർത്ഥം തീരുമെങ്കിൽ നിങ്ങളെന്തിനുമടിക്കുന്നു? വരിൻ, ആ കഠാരം എടുക്കുവിൻ! ഇതാ എന്റെ മാർവ്വിടം.
ഈ വാക്കുകൾ കേട്ടു് അത്ഭുതപ്പെട്ടു്, യൗവ്വനദാസൻ താൻ അറിയാതെ രണ്ടുമൂന്നടികൾ പിന്നോട്ടുനടന്നു—ഇല്ല ദേവി, ഒരിക്കലുമില്ല. മീവാർ നശിക്കട്ടെ, സർവ്വവും നശിക്കട്ടെ, ഞാൻ ഇതു ചെയ്കയോ! ഇജ്ജന്മമില്ല. ഞാൻ ഇതിനു് ആളാകയില്ല എന്നു പറഞ്ഞു.
- കൃഷ്ണാ:
- ആകട്ടെ, നിങ്ങൾ ചെയ്കയില്ലെങ്കിൽ ഞാൻ തന്നെ ഈ കഠാരം എന്റെ മാർവ്വിൽ തറപ്പിക്കും. സ്വരാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാണത്യാഗംചെയ്യുന്നതിനു് മീവാറിലെ ഒരു തരുണി ഒരിക്കലും മടിക്കരുതു്.
ഇങ്ങനെ പറഞ്ഞു് ആ ധീര കഠാരം കയ്യിലെടുത്തു. ഉടനെ യൗവ്വനദാസൻ കടന്നുചെന്നു് ആയുധം അവരുടെ കയ്യിൽനിന്നു പിടിച്ചെടുത്തു്, ഇങ്ങനെ പറഞ്ഞു: ചെയ്യരുതു്. ഈ അവസരത്തിൽ ചെയ്യരുതു്. എന്റെ മുമ്പിൽ വച്ചു പാടില്ല. അല്പം ക്ഷമിക്കൂ. ഞാൻ രാജാവിനെ ചെന്നു കാണട്ടെ. തിരുമനസ്സുകൊണ്ടു കല്പിക്കുന്നതിന്നനുസരിച്ചു് ചെയ്തുകൊൾക. അവിടുത്തെ കല്പനയില്ലാതെ യാതൊരു സാഹസവും പ്രവർത്തിക്കരുതു്.
യൗവ്വനദാസൻ ആ മുറിയിൽനിന്നു ബദ്ധപ്പെട്ടു പോയി. രാജകുമാരി സാവധാനത്തിൽ തന്റെ അമ്മയുടെ മുറിക്കകത്തേക്കും പോയി. രഹസ്യം പരസ്യമായി. രാജകുമാരി വിഷംതിന്നു മരിക്കാൻ ഒരുങ്ങിയിരിക്കുന്നുവെന്നു് സർവ്വരും അറിഞ്ഞുവശായി.
രാജ്ഞി ഈ വർത്തമാനം കേട്ടു വ്യസനം നിമിത്തം ചിത്തഭ്രമം ഉണ്ടായവരെപ്പോലെ അലമുറകൂട്ടി. പിന്നെ മൂർച്ഛിച്ചു നിലത്തു പതിക്കുകയും ചെയ്തു. രാജകോവിലകത്തുള്ള മറ്റു സ്ത്രീകൾ കൃഷ്ണായെ ചുറ്റി വളഞ്ഞും ചിലർ അവരെ കെട്ടിപ്പിടിച്ചും അവരവരുടെ സങ്കടവും കോപവും പ്രദർശിപ്പിച്ചുതുടങ്ങി. ചിലർ ദീർഘശ്വാസമിട്ടു, ചിലർ വിക്കിവിക്കിക്കരഞ്ഞു. ചിലർ ഉറക്കെ അലമുറകൂട്ടി, പല്ലുകടിച്ചും കൈതിരുമിയും ചിലർ ഉറക്കെ കോപിച്ചു പറഞ്ഞു. വേറെ ചിലർ ഒന്നും വിശ്വസിക്കാൻ കഴിയാതെ സ്തംഭിച്ചുനിന്നു. മറ്റു ചിലർ ഈശ്വരനാമം ജപിച്ചു തുടങ്ങി. ഇവയൊക്കെ കണ്ടപ്പോൾ കൃഷ്ണാ സാവധാനത്തിൽ ഇങ്ങനെ പറഞ്ഞു. “എത്ര ലജ്ജാവഹം! ഇതെന്താണു് നിങ്ങളൊക്കെ കാട്ടിക്കൂട്ടുന്നതു്! മീവാറിലെ ഏതൊരു സ്ത്രീയാണു് സ്വരാജ്യത്തിന്റെ ഗുണത്തിനുവേണ്ടി മരിക്കാത്തതു് ! അതിന്നാണോ നിങ്ങളൊക്കെ ഈ അലമുറ കൂട്ടുന്നതു്? ഛീ. നിസ്സാരം! നിങ്ങളുടെ ഈ ഭീരുത്വം കാണുമ്പോൾ ഞാൻതന്നെ ലജ്ജിക്കുന്നു. സ്വന്തം മാനത്തെ രക്ഷിക്കേണ്ടതിനുവേണ്ടി രജപുത്രസ്ത്രീകൾ കൈകൾ കോർത്തുപിടിച്ചുകൊണ്ടു്, മന്ദഹാസത്തോടുകൂടി, അനേകം പേർ ഒന്നിച്ചു തീയിൽ ചാടി ആത്മത്യാഗം ചെയ്തിരുന്നതു് നിങ്ങളുടെ ഓർമ്മയിലില്ലേ? വാളും കൈയിലെടുത്തു നൃത്തംചെയ്തുകൊണ്ടു് പോർക്കളത്തിലിറങ്ങി സ്വരാജ്യത്തിനുവേണ്ടി മരിച്ച സ്ത്രീകളെ നിങ്ങൾ മറന്നുകഴിഞ്ഞുവോ? നിങ്ങളും രജപുത്രസ്ത്രീകളല്ലയോ? അന്തഃപുരത്തിനു പുറത്തു രജപുത്രനെന്ന പേരിനെ അർഹിക്കുന്ന ഒരു പുരുഷനും ഇല്ലാതായിരിക്കുന്നു. ഉണ്ടായിരുന്നുവെങ്കിൽ ഈ രാജ്യം ഈ സങ്കടസ്ഥിതിയിൽ ആകുന്നതല്ലയിരുന്നു. അന്തഃപുരത്തിലെങ്കിലും മാതൃരാജ്യത്തിനുവേണ്ടി സ്വന്തം ജീവനെ ബലികഴിക്കാൻ മടിയില്ലാത്ത ഒരുത്തി ഉണ്ടാകേണ്ടതല്ലയോ? മീവാർരാജ്യം അത്രമേൽ അധഃപതിച്ചുപോയോ? നിസ്സാരം, നിസ്സാരം. കരയാതിരിക്കുവിൻ. സന്തോഷത്തോടുകൂടി ചിരിച്ചുകൊണ്ടു് എന്നെ പോകാൻ അനുവദിക്കുവിൻ. ചുറ്റുമുള്ളവർ സന്തോഷിച്ചു് അഹങ്കരിക്കുന്നതിനിടയിൽ സ്വരാജ്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്വാൻ ഒരു രജപുത്രസ്ത്രീക്കു സംഗതിവരുത്തുവിൻ.
സ്ത്രീകൾ അലമുറ നിർത്തി. കൃഷ്ണായുടെ വാക്കുകൾ കേട്ടിട്ടു് അവരൊക്കെ ലജ്ജിച്ചുപോയിരിക്കണം. ഒരു രജപുത്രസ്ത്രീ, മാതൃരാജ്യത്തെ രക്ഷിക്കാൻവേണ്ടി മരിക്കാൻ ഭാവിക്കുന്ന അവസരത്തിൽ കരയുന്നതു് അനുചിതമാണെന്നു് അവർക്കു് തോന്നിയിരിക്കണം.
കൃഷ്ണാ പിന്നെ, തന്റെ മാതാവു് സന്താപസാഗരത്തിൽ മുങ്ങിക്കിടക്കുന്ന സ്ഥലത്തു ചെന്നു. അമ്മയുടെ തല സാവധാനത്തിൽ പൊക്കിയെടുത്തു മടിയിൽവെച്ചു് ഇങ്ങനെ പറഞ്ഞു: അമ്മേ, എഴുന്നേല്ക്കുവിൻ. ഇതാ നിങ്ങളുടെ കൃഷ്ണാ, കണ്ണുതുറന്നു് എന്നെ ഒന്നു നോക്കുവിൻ. ഞാൻ ഇഹലോകവാസം വെടിയാൻപോകുന്നു. ഇനി എന്നെ നിങ്ങൾ കാണുകയില്ല.
ശ്രീരാമൻ വനവാസത്തിനു പുറപ്പെട്ടപ്പോൾ കൗസല്യ എങ്ങിനെയോ, അങ്ങനെയും, അഭിമന്യു യുദ്ധത്തിൽ മരിച്ച വർത്തമാനം കേട്ടപ്പോൾ സുഭദ്ര എങ്ങിനെയോ, അങ്ങനെയും കണ്ണുനീരിൽ മുഴുകിക്കിടന്ന രാജ്ഞി, എഴുന്നേറ്റു മകളെ കെട്ടിപ്പിടിച്ചു മാറോടണച്ചു്, ബലമായി അവിടെത്തന്നെ നിർത്താൻ ശ്രമിച്ചു. പുത്രി അമ്മയുടെ പിടിയിൽനിന്നു തെറ്റിത്തെറിച്ചു്, അല്പം മാറിനിന്നു്, അവരെ സമാധാനപ്പെടുത്താൻ ഇങ്ങനെ പറഞ്ഞു:
“അമ്മേ! നിങ്ങൾ വീരമാതാവല്ലയോ? നിങ്ങൾ ധീരന്മാരുടെ വംശത്തിൽ ജനിച്ചവരല്ലയോ? സാധാരണ ഒരു സ്ത്രീയെപ്പോലെ ഇങ്ങനെ ചാപല്യം കാണിക്കുന്നതു നിങ്ങൾക്കു പറ്റിയതാണോ? നമ്മൾ രജപുത്രസ്ത്രീകളല്ലയോ? നമ്മൾ മരിക്കാനല്ലയോ ജനിച്ചതു? ചെറുപ്പത്തിൽതന്നെ മരിച്ചെന്നുവരാം, യുദ്ധത്തിൽ മരിച്ചെന്നു വരാം, അഗ്നിയാൽ മരിച്ചെന്നുവരാം വിഷംതിന്നു മരിച്ചെന്നുവരാം, കഠാരംകൊണ്ടു മരിച്ചെന്നുവരാം—വല്ലവിധത്തിലും നമ്മൾ മരിക്കേണ്ടവരാണു്. മരണത്തിൽനിന്നു വല്ലവർക്കും രക്ഷപ്പെടാൻ കഴിയുമോ? ജീവദശയിൽ സങ്കടങ്ങളനുഭവിക്കാനുള്ള കാലത്തെ ഞാൻ കുറയ്ക്കുന്നതിൽ നിങ്ങളെന്തിനു വ്യസനിക്കുന്നു? ദീർഘായുസ്സു അനുഭവിച്ചു് വാർദ്ധക്യം തികഞ്ഞു മരിക്കാൻ നമ്മളിൽ എത്രപേർക്കു സാധിക്കും? ഇത്രകാലത്തോളമെങ്കിലും ജീവിക്കാൻ അനുവദിച്ചതിനു് ഞാൻ അച്ഛനോടു നന്ദിയുള്ളവളായിരിക്കേണ്ടതാണു്. തുർക്കികൾ വന്നു നമ്മളുടെ കോട്ട പിടിച്ചിരുന്നുവെങ്കിൽ നമ്മളൊക്കെ ഒന്നിച്ചുചേർന്നു ജോഹർ എന്ന കർമ്മം ചെയ്യേണ്ടിയിരുന്നില്ലേ? നമ്മളുടെ കുലദേവതയായ കാളി കല്പിച്ചിരുന്നുവെങ്കിൽ നമ്മളൊക്കെ ആയുധം ധരിച്ചു യുദ്ധക്കളത്തിൽ ഇറങ്ങി പോരാടി മരിക്കേണ്ടിവരികയില്ലേ? എന്റെ ഭർത്താവു് വീരസ്വർഗ്ഗം പ്രാപിച്ചെങ്കിൽ ഞാൻ ഉടന്തടി ചാടി സതീധർമ്മം പരിപാലിക്കേണ്ടിവരികയില്ലേ? ആ അവസരങ്ങളിൽ എന്റെ അമ്മയായ നിങ്ങൾ എന്നെ അനുഗ്രഹിക്കുകയും എന്റെ ആത്മാവിനു നിത്യശാന്തി ആശംസിക്കുകയും ചെയ്യുന്നതിനു പകരം ഇപ്രകാരം കിടന്നു കരയുകയായിരുന്നുവോ ചെയ്യുക? ആ വക മരണങ്ങളോടു താരതമ്യപ്പെടുത്തിയാൽ ഇപ്പോൾ ഞാൻ അനുഭവിക്കാൻപോകുന്ന മരണം എത്ര ശ്രേഷ്ഠതരം! മീവാർരാജ്യം മുഴുവനും നശിക്കാൻപോകുന്നു. അവിടുത്തെ നിസ്സാരയായ ഒരു സ്ത്രീയുടെ മരണംകൊണ്ടു് ആ ആപത്തു നിരാകരിക്കാം, എന്നു വന്നിരിക്കുന്നു. ആവിധം മരണം ഒരു രജപുത്രസ്ത്രീയ്ക്കു് വെറും ഒരു ലീലയല്ലേ? നമ്മളുടെ ജീവകാലംതന്നെ ഒരു കളിയാണു്, കളിച്ചുകൊണ്ടു് ഇഹലോകത്തെ നാം ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു. പിന്നെ എന്തിനാണമ്മേ നിങ്ങൾ ഇങ്ങനെ കരയുന്നതു് ? എഴുന്നേല്ക്കുവിൻ! എന്നെ അനുഗ്രഹിക്കുവിൻ, നിങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ ഗുണത്തിനുവേണ്ടി മരിക്കുവാൻ സന്തോഷത്തോടുകൂടി അനുവദിക്കുവിൻ.”
രാജ്ഞി ഇതൊക്കെ കേട്ടശേഷം കണ്ണുനീർ തുടച്ചു്, ഇങ്ങനെ പറഞ്ഞു: അയ്യോ മകളെ, കരയുവാൻ എനിക്കു കാരണമില്ലയോ? തക്കതായ കാരണമില്ലയോ? മീവാർ രാജ്യത്തിന്റെ ശോച്യാവസ്ഥയെ ഓർത്താണു ഞാൻ കരയുന്നതു്. സ്വരാജ്യത്തെ രക്ഷിക്കാൻ രജപുത്രരിൽ ആരും മുന്നോട്ടു വരാനില്ലാത്തതിനെ ഓർത്താണു ഞാൻ കരയുന്നതു്. ശത്രുവിനുനേരെ ഓങ്ങാൻ ഒരു വാൾ ഉറയിൽനിന്നു് ഊരേണ്ടതിനു ത്രാണിയുള്ള ഒരു രജപുത്രൻ ഇല്ലാത്തതിനെ ഓർത്താണു് ഞാൻ കരയുന്നതു്. വലതുകൈ പൊക്കി, ഒരു സഖാവിനെ മാടിവിളിച്ചു യുദ്ധത്തിനിറങ്ങാൻ ഒരു പുരുഷൻ ഇല്ലാത്തതിനെ ഓർത്താണു ഞാൻ കരയുന്നതു്—മീവാറിന്റെ കഥ അസ്തമിച്ചു. ശത്രുക്കൾ രാജ്യത്തു സർവ്വവിധ നാശങ്ങളും ചെയ്യുന്നതിലിടയ്ക്കു് രജപുത്രർ ഒളിച്ചിരിക്കയാണു ചെയ്യുന്നതു്. മീവാർ നശിച്ചു. ഹാ, അതിന്റെ ഭരതവാക്യം ചൊല്ലിക്കഴിഞ്ഞു. ഇവിടുത്തെ സന്താനങ്ങൾ, സ്വരാജ്യത്തിന്റെ പേർ വഹിക്കാൻപോലും യോഗ്യരല്ലാതായിരിക്കുന്നു. അവർ മാതൃരാജ്യത്തിന്നു് അപമാനം വരുത്തുന്നവരായിട്ടാണു് തീർന്നിരിക്കുന്നതു്. ബാപ്പാസിംഹൻ, സമദർശിസിംഹൻ, സാംഗസിംഹൻ, പ്രതാപസിംഹൻ, രാജസിംഹൻ എന്നിവർ ജനിച്ച രാജ്യമല്ലേ ഇതു്? അവരൊക്കെ എത്ര ധീരന്മാരായിരുന്നു! ഇപ്പോഴത്തെ പുരുഷന്മാർ സ്ത്രീകളെക്കാൾ കഷ്ടം! ഇപ്പോൾ രാജ്യത്തെ രക്ഷിക്കാൻ മറ്റു യാതൊരു മാർഗ്ഗവും ഇല്ലെന്നു കണ്ടപ്പോൾ നിർദ്ദോഷിണിയായ ഒരു തരുണിയെ ബലി കഴിക്കുന്നു. ഇതൊക്കെ ഓർത്താൽ എനിക്കു കരയുവാൻ തക്ക കാരണമില്ലയോ മകളേ?
തന്റെ മാതാവു പറഞ്ഞതൊക്കെ സത്യമാണെന്നു കൃഷ്ണാ സമ്മതിച്ചുവെങ്കിലും, ഈ അവസരത്തിൽ ആപത്തൊഴിക്കാൻ താൻ മരിക്കാതെ നിവൃത്തിയില്ലെന്നു പറഞ്ഞു ധരിപ്പിച്ചു ഒടുവിൽ അമ്മയുടെ അനുഗ്രഹത്തെ യാചിച്ചപ്പോൾ അ വീരമാതാവു് ഇങ്ങനെ പറഞ്ഞു:
എന്നാൽ നീ പൊയ്ക്കൊ, എന്റെ അനുഗ്രഹത്തോടുകൂടി നീ പോയി പ്രാണത്യാഗംചെയ്തു സന്തോഷത്തോടുകൂടി വൈകുണ്ഠത്തെ പ്രാപിച്ചുകൊൾക. സന്താപമെന്താണെന്നറിയാത്ത ദേവകളോടൊന്നിച്ചു് അവിടെ നിത്യശാന്തി അനുഭവിച്ചുകൊൾക. നിന്റെ പരിശുദ്ധമായ ജീവനെ ബലിയായി അർപ്പിച്ചതുകൊണ്ടു് മീവാറിലെ സർവ്വപാപങ്ങളും നശിക്കുമാറാകട്ടെ.
അല്പനേരം കഴിഞ്ഞപ്പോൾ, തോഴി, വിഷംനിറച്ചപാനപാത്രം കൊണ്ടുവന്നു. കൃഷ്ണാ അതുമെടുത്തു തന്റെ മുറിയ്ക്കകത്തു പോയി തന്റെ രജതാസനത്തിൽ ചെന്നിരുന്നു. കുലദേവതയെ ഹൃദയപൂർവ്വം സ്മരിച്ചുകൊണ്ടു്, സ്വർഗ്ഗീയമായ നിഷ്കളങ്കതയുടെയും അകൈതവമായ സ്വരാജ്യസ്നേഹത്തിന്റെയും ഏകോപിച്ച മൂർത്തീകരണമായ ആ സാദ്ധ്വി, നിശ്ചഞ്ചലമായ ധീരതയോടുകൂടി പാനപാത്രത്തിലെ വിഷം മുഴുവൻ വായിലേയ്ക്കു് ഒഴിച്ചു. ആ വിഷമാകട്ടെ, അവളുടെ രക്തത്തിൽ വ്യാപിച്ചില്ല. മറ്റൊരു പാത്രത്തിൽ പിന്നെയും വിഷംനിറച്ചു കൊടുത്തു. അതും അവൾ കുടിച്ചു. അതും ഫലിച്ചില്ല. അഥവാ നിഷ്ഠൂരനായ യമനു് അതികമനീയമായ ആ വിഗ്രഹത്തിൽനിന്നു ജീവനെ തട്ടിപ്പറിച്ചുകൊണ്ടു പോകാനും ഈ ലോകത്തിൽ പ്രശോഭിക്കുന്ന ഏകസൗന്ദര്യധാടിയെ നഷ്ടപ്പെടുത്തുന്നതിനും വൈമനസ്യമുണ്ടായിരിക്കാം. മൂന്നാമതു് ഒരു പാത്രത്തിൽ കുറേക്കൂടി ശക്തിയിൽ വിഷംകലർത്തി കൊടുത്തു. കൃഷ്ണാ, യമധർമ്മരാജാവിനെ തന്റെ സർവ്വശക്തിയോടും ധ്യാനിച്ചു് അതും കുടിച്ചു. കുടിച്ചുകഴിഞ്ഞയുടനെ ശരീരത്തിന്റെ ചേതനകൾ അവസാനിച്ചു. ശ്വാസം അടങ്ങി. “രാജപുത്താനയിലെ കുസുമം” എന്നെന്നേയ്ക്കുമായി കൂമ്പിപ്പോകയുംചെയ്തു. മീവാർരാജ്യത്തെ ദഹിപ്പിച്ചുപോന്നിരുന്ന സമരാഗ്നിയും അടങ്ങി.
മിതവാദി, 1093 ചിങ്ങം.
[1] മിസ്റ്റർ ശംഭുചന്ദ്രഭായി (ബി. എൽ.)ഇംഗ്ലീഷിൽ എഴുതിയതിനെ അടിസ്ഥാനമാക്കി എഴുതിയതു്.
“വിധവയാണോ? നിങ്ങളറിയുമോ?”
“എന്തു കഥയാണു്, നിങ്ങൾ പറയുന്നതു്? ഞാൻ അറിയുമോ എന്നോ! ഞങ്ങൾ ഒരേഗ്രാമക്കാരാണു: ഞങ്ങളുടെ ഗ്രാമത്തിൽവച്ചുതന്നെയാണു് ഇവരുടെ വിവാഹം നടന്നതു്. ഇവരുടെ ഭർത്താവു് ഗോവിന്ദസ്വാമി അയ്യർ ഒരു പോലീസ് സബ് ഇൻസ്പെക്ടരായിരുന്നു, ഒരു കാറപകടത്തിൽപ്പെട്ടാണു മരിച്ചതു്.” രാമയ്യശാസ്ത്രി ഇങ്ങനെ പറഞ്ഞപ്പോൾ, സഹസ്രനാമയ്യർ പെട്ടെന്നു് എന്തോ ഓർമ്മവന്നതുപോലെ, “ഗോവിന്ദസ്വാമി അയ്യർ! ഗോവിന്ദാസ്വാമിഅയ്യർ! സബ്ബിൻസ്പെക്ടർ! മലപ്പുറത്തുവച്ചു് ഒരു കാറപകടത്തിൽപ്പെട്ടു മരിച്ചുപോയ അദ്ദേഹമോ?” എന്നു ചോദിച്ചു.
“അതേ, ആ ഗോവിന്ദസ്വാമിഅയ്യർ തന്നെ. നിങ്ങൾ അറിയുമോ?”
“മരിച്ചശേഷം അറിഞ്ഞു: അദ്ദേഹത്തെ മുൻപു് പരിചയമുണ്ടായിരുന്നില്ല. ശവമാണു് ഞാൻ ഒന്നാമതു് കണ്ടതു്. അന്നു ഞാൻ മലപ്പുറത്തുണ്ടായിരുന്നു. ഒരു ബ്രാഹ്മണയുവാവു് കാറപകടത്തിൽ പെട്ടിരിക്കുന്നുവെന്നറിഞ്ഞപ്പോൾ, ഞാനും അവിടുത്തെ ഒരു ഹോട്ടൽക്കാരൻ ശുപ്പു അയ്യരും, വേറൊരാളും—അയാളുടെ പേർ നല്ല ഓർമ്മയില്ല, ഞങ്ങൾ ഒരു കാറിൽ കയറി സംഭവസ്ഥലത്തു ചെന്നു. ഞങ്ങളൊക്കെത്തന്നെയാണു് അദ്ദേഹത്തിന്റെ അച്ഛനു കമ്പിയയച്ചതും, ശവം ഒരു ബസ്സിൽ കയറ്റി ആലത്തൂരേയ്ക്കയച്ചതും. സാധു, ഗോവിന്ദസ്വാമി! അയാളുടെ വിധവയാണു് അല്ലേ? നാരായണയ്യരുടെ സ്ഥിതിയെന്താണു്? പഴയ ആചാരക്കാരനായിരിക്കാം.
“ഒരിയ്ക്കലുമല്ല, നിങ്ങൾ കാണുന്നില്ലേ, മകളുടെ തലമുടി വെട്ടുകയോ മറ്റോ ചെയ്തിട്ടുണ്ടോ? മീനാക്ഷിയെന്നാണു പേർ. മീനാക്ഷിയെക്കണ്ടാൽ വിധവയാണെന്നു തോന്നുന്നുണ്ടോ?”
ഇവർ ഇത്രയും പറഞ്ഞപ്പൊഴേയ്ക്കും സദ്യയ്ക്കുള്ള അവസരമായി. മറ്റുള്ളവരോടുകൂടി അവരും സദ്യയിലേർപ്പെട്ടു. സഹസ്രനാമയ്യർക്കു് അന്നു് ഊണുകഴിപ്പാൻതന്നെ നല്ല മനസ്സുണ്ടായില്ല. ഭക്ഷണസാധനങ്ങളെ വയറങ്ങു സ്വീകരിക്കുന്നില്ലെന്നോ, നെഞ്ഞിൽ എന്തോ തടസ്സമുള്ളതിനാൽ ഒന്നുമങ്ങു് ഇറങ്ങുന്നില്ലെന്നോ; വിശപ്പുതന്നെ ഇല്ലെന്നോ തോന്നി. ഊണുകഴിച്ചതായി ഒരുവിധം കാട്ടികൂട്ടി, എഴുന്നേറ്റു.
സഹസ്രനാമയ്യർ ഒരു ഡിസ്ട്രിക്ട് രജിസ്ട്രാരാണു് നല്ല സമ്പാദ്യവുമുണ്ടു്. വലിയ പരിഷ്ക്കാരിയാണു്. അദ്ദേഹത്തിന്റെ ഭാര്യ കാലധർമ്മംപ്രാപിച്ചിട്ടു് അഞ്ചുകൊല്ലമായി. മക്കളില്ല. വീണ്ടും വിവാഹംകഴിക്കാൻ അച്ഛനമ്മമാർ വളരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നുവെങ്കിലും ഇതുവരെ ഓരോ കാരണങ്ങൾ പറഞ്ഞു് ഒഴിയുകയാണു ചെയ്തതു്. എട്ടൊമ്പതു വയസ്സുള്ള ഏതെങ്കിലും ഒരു പെൺകിടാവിനെ വിവാഹംകഴിക്കുന്നതിനു് അദ്ദേഹത്തിനു് അശേഷം ഇഷ്ടമുണ്ടായിരുന്നില്ല. എന്നല്ല, അങ്ങനെ ചെയ്യുന്നതു്, തന്നെസ്സംബന്ധിച്ചു മാനസികമായും പെൺകിടാവിനെ സംബന്ധിച്ചു ശാരീരികമായും, സ്വവർഗ്ഗത്തെസ്സംബന്ധിച്ചു സാമുദായികമായും ചെയ്യുന്ന ദോഷവും അധർമ്മവുമാണെന്നു് അദ്ദേഹത്തിനു ദൃഢമായ അഭിപ്രായമുണ്ടായിരുന്നു. സമുദായപരിഷ്ക്കാരേച്ഛുവായിരുന്നതിനാൽ ഒരു വിധവയെ വിവാഹം കഴിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിനുള്ള പ്രയാസം അല്പമായിരുന്നില്ല. സ്വസമുദായത്തിലെ വിധവമാർ പുനർവിവാഹത്തിനു് അനർഹരെന്നും അങ്ങനെ ചെയ്യുന്നതു് അശാസ്ത്രീയവും അധാർമ്മികവുമാണെന്നു രക്ഷിതാക്കൾക്കു ദൃഢമായ വിശ്വാസമുണ്ടെന്നും ലോകത്തു വിളംബരപ്പെടുത്തത്തക്കവണ്ണം, ആ വിധവമാരിൽ അധികംപേരും ആകൃതിയാലും അലങ്കാരത്താലും ആകർഷണീയരാവാൻ പാടില്ലാത്തവിധം അലങ്കോലപ്പെടുത്തപ്പെട്ടിരിക്കയാണു്. ഇതിനെപ്പറ്റി സഹസ്രനാമയ്യർ ഇങ്ങനെ ചിന്തിച്ചു:
രാജ്യത്തു കുറ്റംചെയ്തവരെ തടവിലിട്ടടയ്ക്കാറുണ്ടു്. തടവുമുറി ഉറപ്പുള്ള ചുവരുകളാലും ഇരുമ്പഴികളാലും ബന്ധിക്കപ്പെട്ടിരിക്കുന്നു. ആ ബന്ധനസ്ഥർക്കു്, വാർഡർമാരുടെ സമ്മതമോ ആനുകൂല്യമോ ഇല്ലാതെ യാതൊന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. അവരെങ്ങാൻ തടവുചാടി സ്വാതന്ത്ര്യം പ്രാപിച്ചെങ്കിൽ, വീണ്ടും പിടിച്ചുകൊണ്ടു് അധികശിക്ഷ അനുഭവിക്കേണ്ടിവരും. ബ്രാഹ്മണവിധവമാർ അനുഭവിക്കുന്ന തടവുമുറിയുടെ ചുവരും ഇരുമ്പഴികളും അവർക്കു കാണ്മാൻ സാധിക്കുന്നില്ല. ജാത്യാചാരനിഷ്ഠുരതയാലാണു് അവർ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതു്. പ്രകൃതിയും ഈ ആചാരവും തമ്മിൽ തടവുകാരുടെ ഹൃദയത്തിൽവെച്ചു മത്സരിച്ചുകൊണ്ടിരിക്കുന്നു അതിന്റെ ഫലമായി വല്ലവരും പ്രകൃതിയുടെ ശാസനയെ സ്വീകരിച്ചു തടവുചാടി സ്വാതന്ത്ര്യം പ്രാപിച്ചാൽ അവരെ വീണ്ടും ഈ തടവിലേയ്ക്കു സ്വീകരിക്കയില്ലെന്നുള്ളതാണു വ്യത്യാസം. പോയവർ പോയതുതന്നെ. ഇങ്ങനെ എത്ര വിധവമാർ സ്വന്തം കുറ്റത്താലല്ല, സ്വന്തം ദോഷംകൊണ്ടല്ല, നിരപരാധികളായി നിർദ്ദോഷകളായ നിലയിൽ ഭൂലോകകാരാഗാരമല്ല, ഭൂലോകനരകം അനുഭവിക്കുന്നു! ബുദ്ധിമാന്മാരായി, വിദ്വാന്മാരായി, ലോകതത്വങ്ങൾ ഗ്രഹിച്ചവരായി, സർവ്വസമുദായങ്ങളേയും നേർവഴിക്കു നടത്താനുള്ളവരായ ബ്രാഹ്മണർ എത്ര ശതവർഷങ്ങളായി സ്വന്തംസഹോദരികളേയും മക്കളേയും ഇങ്ങനെ നരകദുഃഖം അനുഭവിപ്പിക്കുന്നു. എത്ര തരുണികൾ വഞ്ചകികളും ഭ്രഷ്ടകളുമായിത്തീരുന്നു. ഈ ആചാരത്തെ നശിപ്പിക്കാനുള്ള സദുദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നവരെ എത്രപേർ പഴിക്കുന്നു; അതിനുവേണ്ടി ഉണ്ടാക്കപ്പെടുന്ന രാജനിയമങ്ങളെ എത്രപേർ പരസ്യമായി എതിർക്കുന്നു; എന്നെപ്പോലെയുള്ള ചിലർ ഈ ദുരാചാരത്തെ നിഷേധിച്ചു പ്രവർത്തിച്ചില്ലയോ? എന്തുകൊണ്ടു് എനിക്കും അങ്ങനെ ചെയ്തുകൂടാ?
നാരായണയ്യരുടെ ഇളയ മകളുടെ വിവാഹത്തിനു വന്നുചേർന്നവരിൽ ഒരാളായിരുന്നു സഹസ്രനാമയ്യർ. അവിടെവച്ചു് അദ്ദേഹം നാരായണയ്യരുടെ മൂത്തമകളായ മീനാക്ഷിയെ കാണാനിടയായി. അവളുടെ സൗന്ദര്യവും മുഖലക്ഷണവും അദ്ദേഹത്തെ ആകർഷിച്ചു. വല്ലവരുടെയും ഭാര്യയായിരിക്കുമെന്നു വിശ്വസിച്ചു്, തന്റെ വിചാരം ഉള്ളിൽ അടക്കിയതല്ലാതെ അതിനെപ്പറ്റി ആരോടും ഒന്നും പറഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണു് രാമയ്യശാസ്ത്രീയുമായി മേൽപ്രകാരം സംഭാഷണം നടന്നതു്.
“കാക്കയും വന്നു, പനമ്പഴവും വീണു.” എന്ന ആക്കത്തോടുകൂടി മീനാക്ഷിയെ വിവാഹംചെയ്യാൻ സഹസ്രനാമയ്യർ മനസ്സിൽ ഉറച്ചു.
ബ്രാഹ്മണസ്ത്രീകളിൽതന്നെ ചിലർ വൈധവ്യദുഃഖം ആജീവനാന്തം മതനിബന്ധനയായി, പുണ്യം കാംക്ഷിച്ചു്, ഹൃദയപൂർവ്വം അനുഭവിച്ചു കാലംകഴിക്കാറുണ്ടു്. മീനാക്ഷിയും അങ്ങിനെയുള്ള ഒരു സ്ത്രീയാണെങ്കിലോ? അതുകൊണ്ടു് അവളുടെ ആഗ്രഹം എന്താണെന്നു് ഒന്നാമതു് അറിയണമെന്നും അതു് അന്യസഹായംകൂടാതെ അറിയണമെന്നും തീർച്ചയാക്കി. സഹസ്രനാമയ്യർ അവൾക്കു് ഒരു കത്തെഴുതി. ഭാഗ്യവശാൽ അതു് അവളുടെ കയ്യിൽതന്നെ കൊടുപ്പാൻ അദ്ദേഹത്തിനു സാധിച്ചു. തന്നെപ്പറ്റിയുള്ള വിവരങ്ങളും തന്റെ ആഗ്രഹവും നിശ്ചയവും വളരെ മര്യാദയിൽ എഴുതിയതിനുശേഷം അവൾക്കു് ആ കാര്യം ഇഷ്ടമാണെങ്കിൽ, പിറ്റേദിവസം നടക്കാനിരിക്കുന്ന വിവാഹച്ചടങ്ങിൽ മറ്റു സ്ത്രീകളൊന്നിച്ചു് അവൾ സംബന്ധിക്കുമ്പോൾ മുടിയിൽ ഒരു പുഷ്പം ചൂടിയിരിക്കണമെന്നും, അങ്ങിനെ ചെയ്തെങ്കിൽ അവൾക്കു് വിവാഹം സമ്മതമാണെന്നു താൻ ധരിക്കുമെന്നും, ചെയ്തില്ലെങ്കിൽ സമ്മതമല്ലെന്നാണു് അർത്ഥമെന്നു കരുതുമെന്നും എഴുതിയിരുന്നു.
മീനാക്ഷി എഴുത്തുവാങ്ങി; ഒന്നു പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖത്തൊന്നു നോക്കി, അകത്തേയ്ക്കു പോകയും ചെയ്തു.
പിറ്റേദിവസം സഹസ്രനാമയ്യർ വളരെ ഉൽക്കണ്ഠയോടുകൂടി സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കെ മീനാക്ഷി മറ്റു സ്ത്രീകളോടൊന്നിച്ചു പന്തലിൽ ഇറങ്ങിവന്നു. മുടിയിൽ പൂവില്ല; ഹതവിധി! വിവാഹത്തിലെ മറ്റു ചടങ്ങുകൾ കഴിയുന്നതുവരെ കാത്തിരിക്കാതെ സഹസ്രനാമയ്യർ അന്നുതന്നെ വിടവാങ്ങി സ്വരാജ്യത്തേയ്ക്കു പോയി.
മീനാക്ഷി വിവാഹത്തിനു അനുകൂലയായിരുന്നില്ലേ? നിശ്ചയമായും അനുകൂലയാകുമായിരുന്നു. പിറ്റേദിവസം അവൾ മുടിയിൽ പുഷ്പംചൂടി തന്റെ അനുമതിയെ കാമുകനെ അറിയിക്കുമായിരുന്നു. എന്നാൽ ഒരാൾക്കു് ദൗർഭാഗ്യം ഏതെല്ലാം വിധത്തിൽ അനുഭവമാകാം! ആ ദൗർഭാഗ്യംതന്നെ മറ്റുള്ളവർക്കു ഭാഗ്യമായും കലാശിച്ചുകൂടെയോ? മീനാക്ഷിക്കു് അക്ഷരാഭ്യാസം സിദ്ധിച്ചിരുന്നില്ല; അവൾക്കു് ആ എഴുത്തു വായിക്കാൻ സാധിച്ചില്ല. മറ്റു വല്ലവരെക്കൊണ്ടും എഴുത്തുവായിപ്പിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല, ധൈര്യപ്പെട്ടില്ല. ആ വിധവ അപവാദത്തെ ഭയപ്പെട്ടു. എഴുത്തു ഭദ്രമായി ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ചു. താൻ അന്നുമുതൽ എഴുത്തുപഠിക്കാൻ ആരംഭിക്കുകയും എഴുത്തുപഠിച്ചു താൻതന്നെ ആ കത്തു് വായിക്കുമെന്നു് തീർച്ചയാക്കുകയും ചെയ്തു.
ദിവസങ്ങൾ കഴിഞ്ഞു; മാസങ്ങൾ കഴിഞ്ഞു; അതിലിടയ്ക്കു് സഹസ്രനാമയ്യർ മറ്റൊരു വിധവയെ വിവാഹം ചെയ്തു. ഒരുദിവസം മീനാക്ഷി കത്തെടുത്തു വായിച്ചു വിവരം അറിഞ്ഞു. അല്പനേരം സ്തംഭിച്ചിരുന്നു. പിന്നെ ധാരധാരയായി കണ്ണുനീർ ഒഴകി.
വൈധവ്യം അനുഭവിച്ചു് ആശയ്ക്കുള്ള എല്ലാ വഴികളും മുട്ടി, ഒരേ നിശ്ചയത്തിൽ മനസ്സുറപ്പിച്ചു ചിത്തത്തിനു ദൃഢതസംഭവിച്ച ആ സാദ്ധ്വി, ഈ പശ്ചാത്താപാവസരത്തിൽ, തന്റെ സമുദായത്തേയും അതിലെ ആചാരങ്ങളെയും തന്നെപ്പോലെ നിത്യദുഃഖം അനുഭവിക്കുന്ന സഹോദരിമാരെയും ഓർത്തു. ബ്രാഹ്മണവിധവമാരിൽ, ഈവിധം പശ്ചാത്താപത്തിനു കാരണമാകുന്നവരുടെ സംഖ്യ തന്നാൽ കഴിയുംവിധം ചുരുക്കുവാൻ വേണ്ടതു ചെയ്യണമെന്നു് മീനാക്ഷി ഉറച്ചു. അവൾ ഉത്സാഹിച്ചു പഠിച്ചു; അച്ഛനെ നിർബന്ധിച്ചു് ഒരുവിധത്തിൽ അദ്ദേഹത്തിന്റെ അനുമതിവാങ്ങി ഒരു വിദ്യാലയത്തിൽ ചേർന്നു. വഴിക്കു വഴിയായി സ്കൂൾഫൈനൽ, ഇന്റർമീഡിയറ്റ്, ബി. ഏ. എന്നീ പരീക്ഷകൾ ജയിച്ചു. ബ്രാഹ്മണരുടെയും അല്ലാത്തവരുടെയും ഇടയിൽ ചെന്നു വിധവമാരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിനു് ഒരു ശാല ഏർപ്പെടുത്തുവാൻ ധനം അഭ്യർത്ഥിച്ചു. ഉദ്ദേശശുദ്ധിയോടുകൂടിച്ചെയ്ത ആ അഭ്യർത്ഥന പ്രതീക്ഷിച്ചതിലും അധികം ഫലപ്രദമായി.
അതിലിടയ്ക്കു് അവൾ ഒരു ധീരകൃത്യം ചെയ്തു. അങ്ങനെ ധനമഭ്യർത്ഥിച്ചു നടക്കുന്നതിനിടയിൽ, പെൻഷൻപറ്റി ഭാര്യാപുത്രരൊന്നിച്ചു സഹസ്രനാമയ്യർ പാർത്തിരുന്ന വീട്ടിൽ കയറിച്ചെന്നു. താൻ ആരാണെന്നും, ആ കത്തിന്റെ വിവരവും അതിനുശേഷമുള്ള കഥകളും തന്റെ ഉദ്ദേശവും യാതൊരു മടിയും ചഞ്ചലതയും ഇല്ലാതെ നല്ല ഇംഗ്ലീഷിൽ വാഗ്ദ്ധാടിയോടുകൂടി അദ്ദേഹത്തെ അറിയിച്ചു. അത്ഭുതപരതന്ത്രനായ ആ മാന്യൻ യാതൊരു മറുപടിയും പറയാതെ അകത്തുപോയി ഒരു കടലാസ് എടുത്തുകൊണ്ടുവന്നു്, ആ വിദുഷിയുടെ കയ്യിൽ കൊടുത്തു്, “ഇതു വായിച്ചുഗ്രഹിക്കാൻ ഇപ്പോൾ അറിയാമല്ലോ” എന്നുമാത്രം പറഞ്ഞു. അതു് 15,000ക-യുടെ ഒരു ചെക്കായിരുന്നു.
മീനാക്ഷിയമ്മാൾ ഏർപ്പെടുത്തി അതിഭംഗിയിൽ നടത്തിവരുന്ന ശാലയുടെ പേരാണു് ‘അവീരാലയം’ എന്നതു്. അതിൽ ഇപ്പോൾ 237 വിധവമാർ പാർത്തു വിദ്യാഭ്യാസംചെയ്തുവരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പു്—1104 മേടം.
[2] ഇതു് ഒരു യഥാർത്ഥസംഭവത്തെ അടിസ്ഥാനമാക്കി എഴുതിയതാകുന്നു. കഥാപാത്രങ്ങളുടേയും മറ്റും പേരുകൾ ഭേദപ്പെടുത്തുകയും സംഭവവിവരണത്തിനായി കഥാരചനയ്ക്കു് ആവശ്യപ്പെട്ട രീതി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു.
മൂർക്കോത്തു കുമാരൻ പത്രാധിപർ, പത്രലേഖകൻ, വിമർശകൻ, കവി, കഥാകൃത്തു്, ജീവചരിത്രപ്രണേതാവു്, വാഗ്മി എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം സമാർജ്ജിച്ചിരുന്ന സ്ഥാനം ആരെയും ആശ്ചര്യപരതന്ത്രരാക്കുന്നതും ആർക്കും അസൂയാവഹവുമായിരുന്നു…അത്ര അനാഡംബരമായ ഭാഷയിൽ അത്ര അർത്ഥബഹുലങ്ങളായ ആശയങ്ങൾ അടക്കിഗദ്യമെഴുതുവാൻ പ്രാഗത്ഭ്യമുള്ള സാഹിത്യനായകന്മാർ കേരളത്തിൽ വേറെയുണ്ടോ എന്നു സംശയമാണു്.
(ഉള്ളൂർ)
മലയാളത്തിൽ ഒന്നാമത്തെ ചെറുകഥയെഴുതിയതു മി. കുമാരനല്ലേ എന്നുപോലും സംശയമുണ്ടു്. ആ ചെറുകഥകളും മറ്റു പ്രബന്ധങ്ങളും ശേഖരിച്ചു പ്രത്യേകം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അതു്… ഒരു ഉത്തമ കൃത്യമയിരിക്കും.
(ഏ. ഡി. ഹരിശർമ്മ)
കേരളത്തിൽ നിന്നുള്ള ഒരു എഴുത്തുകാരനും സാമൂഹികപരിഷ്കർത്താവും ആണു് മൂർക്കോത്തു് കുമാരൻ (1874–1941). മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂർക്കോത്തു് കുമാരൻ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.
മലബാർ പ്രദേശത്തു് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു.
മൂർക്കോത്തു കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-നു് ജനിച്ചു. പിതാവു്—മൂർക്കോത്തു് വലിയ രാമുണ്ണി, മാതാവു്—പരപ്പുറത്തു കുഞ്ചിരുത. കുമാരന്റെ ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛന്റെ തറവാട്ടിലാണു് കുമാരൻ വളർന്നതു്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1941 ജൂൺ 25-നു് 67-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
എസ്. എൻ. ഡി. പി. യോഗത്തിന്റെ രണ്ടാമത്തെ ജനറൽ സെക്രട്ടറി ആയിരുന്നു, എന്നാൽ ജഡ്ജ് ആയി നിയമനം കിട്ടിയതിനാൽ അധികം കാലം ഈ സ്ഥാനത്തു് ഇദ്ദേഹത്തിനു് തുടരുവാനായില്ല. ഗുരുദേവന്റെ പ്രതിമ, തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം രചിച്ചതും ആയിരുന്നു. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കുമാരനാശാന്റെ വീണപൂവു് മിതവാദിയിൽ പ്രസിദ്ധീകരിച്ചതു് മൂർക്കോത്തു് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണു്. ഒ. ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ടു്.
യശോദയാണു് കുമാരന്റെ ഭാര്യ. മാധ്യമപ്രവർത്തകനായിരുന്ന മൂർക്കോത്തു് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായിരുന്ന മൂർക്കോത്തു് രാമുണ്ണി, മൂർക്കോത്തു് ശ്രീനിവാസൻ എന്നിവരാണു് മക്കൾ.