എന്നെന്നേയ്ക്കുമായി പിരിഞ്ഞുപോയ ഒരാത്മസുഹൃത്തിന്റെ ജീവിത മഹത്ത്വത്തെ അനുസന്ധാനം ചെയ്യുമ്പോൾ ഭാവസ്ഥിരങ്ങളായ പല സൗഹൃദ ചിന്തകളും പൊന്തിവരാം. അവയൊന്നും ഇവിടെ പ്രപഞ്ചനം ചെയ്യുന്നില്ല. എം. പി. പോൾ കേരളത്തിലെ സംസ്ക്കാരമണ്ഡലത്തിൽ അനന്യദൃഷ്ടമായ പ്രകാശം വീശിയ ഒരു സാഹിത്യജ്യോതിസ്സായിരുന്നു. ആ നിലയിൽ അദ്ദേഹത്തെ നോക്കിക്കാണുകയാണു് ഇവിടെ ഉദ്ദിഷ്ടം.

“പ്രൊഫസർ എം. പി. പോൾ എല്ലാംകൊണ്ടും ഒരു ജീനിയസ്സായിരുന്നു” എന്നു് അദ്ദേഹം അകാലചരമമടഞ്ഞപ്പോൾ ശ്രീ. മുണ്ടശ്ശേരി രേഖപ്പെടുത്തി. ശ്രീ. പനമ്പിള്ളി യും ആയിടയ്ക്കു പരേതനെപ്പറ്റി ഒരു പ്രൗഢപ്രബന്ധം എഴുതി വായിക്കുകയുണ്ടായി. പ്രശംസാത്മകമായ മറ്റു പല അനുസ്മരണകളും അന്നു് പുറത്തുവന്നു. എന്നാൽ പോൾ ജീവിച്ചിരുന്ന കാലത്തു് അദ്ദേഹം അർഹിച്ചിരുന്ന ഈ പ്രശസ്തിക്കു് വേണ്ടത്ര പ്രസിദ്ധീകരണം ലഭിച്ചിരുന്നില്ല. ഇമിറ്റേഷൻ സാധനങ്ങൾക്കു പ്രചാരക്കൂടുതലുള്ള നമ്മുടെ നാട്ടിൽ തനിപ്പൊന്നിന്റെ വിലയറിയുന്നവർ ചുരുക്കമാണല്ലോ.

പോൾ പ്രകൃത്യാ ശാലീനനും പ്രശസ്തിവിമുഖനുമായിരുന്നു. പേരിനും പെരുമയ്ക്കും വേണ്ടി സ്വയം പെരുമ്പറകൊട്ടാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ‘മരിക്കാൻ പ്രയാസമില്ല, മനുഷ്യത്വത്തോടെ ജീവിക്കാനാണു് വിഷമം’ എന്നു് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ടു്. മനുഷ്യത്വം മാനിക്കപ്പെടാത്ത കാലഘട്ടത്തിൽ ജീവിക്കുന്ന താദൃശന്മാരായ സ്വതന്ത്രബുദ്ധികൾക്കു പല വൈഷമ്യങ്ങളും നേരിടാം. എതിർപ്പും ഏഷണിയും അവഹേളനവും അപവാദവും അവർക്കു സഹിക്കേണ്ടിവരും. പോളിനും ഈ അനുഭവം കുറെയുണ്ടായി. ജാതിമതസമുദായങ്ങളുടെ ഇടുങ്ങിയ മതിൽക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നല്ല മനുഷ്യത്വം. അതിന്റെ വിശാല വീഥിയിൽ, അന്ധവും സങ്കുചിതവുമായ സകലതിനേയും വെല്ലുവിളിച്ചുകൊണ്ടു്, അകുതോഭയനായിട്ടാണു് പോൾ സഞ്ചരിച്ചതു്. ആ ധീരാത്മാവിന്റെ ഉത്പതിഷ്ണുത്വവും സ്വതന്ത്ര ചിന്തയും ശാസ്ത്രീയമനോഭാവവും മതമണ്ഡലത്തിലെ കൂപമണ്ഡൂകങ്ങളെ വിറളിപിടിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. സാഹിത്യത്തിൽ മാത്രമല്ല മതത്തിലും പോൾ പുതിയൊരു വെളിച്ചമായിരുന്നുവെന്നു ഭാവിതലമുറകൾ മനസ്സിലാക്കിക്കൊള്ളും.
പണ്ഡിതൻ, നിരൂപകൻ, പ്രബന്ധകാരൻ, അധ്യാപകൻ, സൗന്ദര്യാരാധകൻ, പുരോഗമനവാദി എന്നിങ്ങനെ എത്രയോ നിലകളിൽ സ്മര്യപുരുഷൻ തന്നെ മായാത്ത വ്യക്തിമുദ്രപതിച്ചിട്ടുണ്ടു്. ഗംഭീരാശയനായ ഒരു പണ്ഡിതൻ എന്നു് പോളിനെ വിശേഷിപ്പിച്ചാൽ അതുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ യോഗ്യത മുഴുവൻ വെളിപ്പെടുന്നതല്ല. അന്യാദൃശമായ സഹൃദയത്വം കൊണ്ടും സൗന്ദര്യപ്രബോധംകൊണ്ടും മധുരീകരിച്ചതായിരുന്നു ആ പാണ്ഡിത്യം.
“പണ്ഡാ തു സംസ്കൃതാ ബുദ്ധി:-
തദ്വാൻ പണ്ഡിത ഉച്യതേ.”
എന്നൊരു നിർവ്വചനം കേട്ടിട്ടുണ്ടു്. യഥാർത്ഥ പാണ്ഡിത്യത്തിന്റെ ലക്ഷണമായ ഈ സംസ്കൃതബുദ്ധി പോളിന്റെ ചിന്തയിലും വചനത്തിലും പ്രവൃത്തിയിലും പൂർണ്ണമായി പരിലസിച്ചിരുന്നു. അറിവിന്റെ വെറും ചുമടല്ല അദ്ദേഹം നേടിയതു്. ‘വിദ്യയുമിരുളേ പൊരുളില്ലാഞ്ഞാൽ’ എന്നൊരാപ്തവാക്യമുണ്ടു്. പോളിന്റെ വിദ്യാസമ്പത്തു പൊരുൾത്തെളിഞ്ഞു് ഒളിവീശുന്നതായിരുന്നു. പരിപക്വമായ വിജ്ഞാനവും സമുൽക്കൃഷ്ടമായ സംസ്ക്കാരവും അദ്ദേഹത്തിൽ കൈകോർത്തു പിടിച്ചിരുന്നു. സ്വന്തം ചിന്തയിൽ ദഹിച്ചു ചേരാത്ത വിജ്ഞാനഖണ്ഡങ്ങൾ നിറഞ്ഞ പാണ്ഡിത്യഭാണ്ഡം ഭേസി നടക്കുന്ന പലരേയും നാം കണ്ടിട്ടുണ്ടല്ലോ. അവരോടു് താരതമ്യപ്പെടുത്തുമ്പോഴേ പോളിന്റെ പാണ്ഡിത്യ മഹിമ വെളിപ്പെടുകയുള്ളൂ. തന്റെ മനീഷാചഷകത്തിലിട്ടു പുടപാകം ചെയ്തു സ്വാംശീകരിച്ചിട്ടേ അദ്ദേഹം ഏതറിവും മറ്റുള്ളവർക്കു പകർന്നുകൊടുക്കൂ. ജീവിതത്തെ സമഗ്രമായി വീക്ഷിച്ച ഒരു ദാർശനികനേയും നമുക്കു പോളിൽ കാണാം. അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലുമില്ല അശാസ്ത്രീയമായ പാർശ്വവീക്ഷണം. സിദ്ധാന്തബദ്ധമോ ഏകപഥീനമോ ആയിരുന്നില്ല ആ പ്രതിഭ.

നമ്മുടെ സാഹിത്യത്തിനു പോളിൽനിന്നു് എന്തു നേട്ടമുണ്ടായി എന്ന ചോദ്യം ഈയവസരത്തിൽ സംഗതമാണു്. നോവൽ സാഹിത്യം, ചെറുകഥാപ്രസ്ഥാനം, സൗന്ദര്യനിരീക്ഷണം, സാഹിത്യവിചാരം, ഗദ്യകലിക, ലുബ്ധൻ എന്ന നാടകം ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ആദ്യത്തെ മൂന്നും ലക്ഷണഗ്രന്ഥങ്ങളാണു്. അവ കൈരളീകണ്ഠത്തിലെ തേച്ചുമിനുക്കിയ രത്നങ്ങളാണെന്നു് അതിശയോക്തികൂടാതെ പറയാം. കഥാപ്രസ്ഥാനങ്ങളെപ്പറ്റി ഇത്ര വിപുലവും വിജ്ഞാനപ്രദവുമായ നിരൂപണഗ്രന്ഥങ്ങൾ മലയാളത്തിൽ വേറെയില്ല എന്നതുതന്നെ അവയുടെ മേന്മയെ വെളിപ്പെടുത്തുന്നു. ‘നോവൽ സാഹിത്യ’ത്തിലെ അപ്പൻതമ്പുരാന്റേ യും സി. വി. രാമൻപിള്ള യുടേയും കൃതികളെപ്പറ്റിയുള്ള ഗുണദോഷവിചിന്തനം ഗ്രന്ഥകാരന്റെ അഭിപ്രായധീരതയ്ക്കും നിരൂപണനൈപുണിക്കും ഉദാഹരണമാണു്. നോവലെഴുത്തുകാർക്കു് ഒരു ബൈബിളായിട്ടുണ്ടു് ഈ ലക്ഷണഗ്രന്ഥം. പോളിന്റെ ഇരുപത്താറാം വയസ്സിലാണു് ഇതെഴുതിയതെന്നോർക്കുമ്പോൾ ആ പ്രതിഭാവിലാസത്തിൽ നമുക്കു് അത്ഭുതം തോന്നാം.

‘ചെറുകഥാപ്രസ്ഥാ’നവും ഇതുപോലെതന്നെ എണ്ണം പറഞ്ഞ ഒരു കൃതിയാകുന്നു. അതിന്റെ രണ്ടാംപതിപ്പിൽ “ഇതു വിമർശകനെ വിമർശിക്കാനും കഥാകൃത്തിനെ കഥയെഴുതാനും മാത്രമല്ല വായനക്കാരെ വായിക്കാനും പഠിപ്പിക്കുന്നു” എന്നു പ്രസാധകൻ പറഞ്ഞിട്ടുള്ളതു് തികച്ചും വാസ്തവമാണു്. ചെറുകഥാഗാത്രത്തിന്റെ സർവ്വാവയവങ്ങളും ഇതിൽ സനിഷ്ക്കർഷം നിരൂപിതമായിട്ടുണ്ടു്. ചുരുക്കത്തിൽ കഥാസാഹിത്യ നിരൂപണത്തിന്റെ ഒന്നാംതരം മാതൃകകളാകുന്നു ഈ രണ്ടു ഗ്രന്ഥങ്ങളും.
എന്നാൽ മൂല്യനിർണ്ണയത്തിൽ ഈ രണ്ടിനേയും അതിശയിക്കുന്നുണ്ടു് ‘സൗന്ദര്യനിരീക്ഷണം.’ സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ചു് ഈയൊരു ഗ്രന്ഥമേ മലയാളത്തിലുള്ളൂ. അതു് ഒറ്റതിരിഞ്ഞ നക്ഷത്രം പോലെ പ്രശോഭിക്കുന്നു. പോളിന്റെ സൗന്ദര്യാവബോധം ശാസ്ത്രീയവും അതേസമയം സഹൃദയാസ്വാദനത്തിൽ അധിഷ്ഠിതവുമാണു്. പാശ്ചാത്യവും പൗരസ്ത്യവുമായ സൗന്ദര്യബോധത്തെ സമന്വയിപ്പിച്ചു് നൂതനമായൊരു വിചാരണസരണിയെ ഗ്രന്ഥകാരൻ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. സൗന്ദര്യമെന്നാലെന്തു് എന്ന ചോദ്യം ഒരെത്തും പിടിയുമില്ലാത്ത ഒന്നാണല്ലോ. പോളിനെപ്പോലുള്ള കലാമർമ്മജ്ഞർക്കേ അതിനു ശരിക്കുത്തരം പറയാൻ കഴിയൂ. ആകൃതിയിൽ ചെറുതാണെങ്കിലും ഉള്ളടക്കംകൊണ്ടു കനംകൂടിയ ഈ കൃതി അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായിട്ടു കണക്കാക്കാം.
ഏതാനും പ്രബന്ധങ്ങളുടെ സമാഹാരമാണു് ‘സാഹിത്യവിചാരം.’ കലയും കാലവും, പാശ്ചാത്യരുടെ കാവ്യനിർവ്വചനം, ഭാഷാഗദ്യശൈലി, കവിതയിൽ വാഗാർത്ഥങ്ങൾക്കുള്ള സ്ഥാനം, കത്തുകൾ, ആത്മഗതം, കാവ്യ പ്രചോദനം, ഹാസ്യത്തിന്റെ ഉത്പത്തി, ആധുനിക ഗദ്യസാഹിത്യം, സാഹിത്യ പുരോഗതി എന്നീ വിവിധവിഷയങ്ങളെ ഇതിൽ ചർച്ചചെയ്തിരിക്കുന്നു. ഇന്നത്തെ സാഹിത്യകാരന്മാർ അറിയേണ്ടതും ആലോചിക്കേണ്ടതുമായ പല തത്ത്വങ്ങളും ഓരോ നിരൂപണത്തിലുമുണ്ടു്. ഗദ്യകവിതാവൈകൃതത്തെപ്പറ്റി “പു, തു ഇത്യാദി ഉപസർഗ്ഗങ്ങൾകൊണ്ടു മോടിപിടിപ്പിച്ചു പ്രാസാനുപ്രാസങ്ങൾ കണക്കിലേറെ ചെലുത്തി, സൗന്ദര്യം നടിക്കുന്ന ചില ആശയങ്ങൾക്കൊണ്ടു് അമ്മാനമാടുന്ന വിദ്യയാണോ നമ്മുടെ ഗദ്യകവിതയെന്നു തോന്നിപ്പോകും” എന്നു് ഒറ്റവാക്യത്തിൽ അടക്കം ചെയ്തിരിക്കുന്ന ആക്ഷേപം ഗദ്യകവിതാനിർമ്മാതാക്കളുടെ കണ്ണുതുറപ്പിക്കും. ഇപ്പോഴത്തെ കവിതാ നിരൂപണമോ? അതിനെപ്പറ്റിയുള്ള ഗ്രന്ഥകാരവിമർശം ഇതിനേക്കാളേറെ രസകരമാണു്. കേൾക്കുക: “കവിതയിൽ വാക്കിനും അർത്ഥത്തിനും തമ്മിലുള്ള സമ്പർക്കമെങ്ങനെയാണെന്നു് അറിഞ്ഞുകൂടാത്ത നിരൂപകന്മാരും അതു വിസ്മരിച്ചുകൊണ്ടുള്ള നിരൂപണങ്ങളും ഇന്നു ധാരാളമുണ്ടു്. ചിലർ ശബ്ദപ്രധാനമായ കവിതയുടെ പുറംമോടിയെ അപലപിക്കുന്നു. മറ്റുചിലർ ശബ്ദഭംഗിയുടെ പക്ഷം പിടിച്ചു് ആശയകാർക്കശ്യത്തെ അവഹേളിക്കുന്നു. മൂന്നാമതൊരു കൂട്ടർ ഒരു മാർക്സിയൻ കുറുവടിയുമായി കവിതാഹർമ്മ്യത്തിൽ ചാടിക്കയറി അവിടെയുള്ള വെള്ളിപ്പാത്രങ്ങളിലും സ്വർണ്ണപ്പാത്രങ്ങളിലും കൊട്ടിനോക്കി ‘ഇങ്കിലാബ് ’ മുഴങ്ങുന്നുണ്ടോ എന്നു ചെവിയോർത്തു് അവയുടെ വില നിശ്ചയിക്കുന്നു. സനാതനമായ ഓങ്കാരമാണു് മറ്റുചിലർക്കു കേൾക്കേണ്ടതു്. ഇങ്ങനെയുള്ള കോലാഹലങ്ങൾക്കിടയിൽ കുളിപ്പിച്ചു് കുളിപ്പിച്ചു് ഇല്ലാതാക്കിയ കുട്ടിയുടേതുപോലെയാണു് കവിതയുടെ സ്ഥിതി.” ഇതു കേൾക്കുന്നവരിൽ ചിലർ പോളിനെ ഒരു പിന്തിരിപ്പനാക്കിയേയ്ക്കാം. പക്ഷേ, കാടുകയറാൻ തുടങ്ങിയ പുരോഗമനസാഹിത്യത്തെ നേർവഴിക്കു തിരിച്ചതു് ഏതാദൃശാഭിപ്രായങ്ങളാണെന്നു് നിർമ്മത്സരർ സമ്മതിക്കും. ഏറെക്കാലം ആ സാഹിത്യ സംഘടനയുടെ പ്രസിഡണ്ടെന്ന നിലയിൽ അദ്ദേഹം നൽകിയ നേതൃത്വവും അനുഷ്ഠിച്ച സേവനവും അവിസ്മരണീയമാകുന്നു കവിതയുടെ മർമ്മം കുറിക്കുന്ന മറ്റൊരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “കവിതയിൽ വാഗർത്ഥങ്ങൾ സംയോജിക്കുമ്പോൾ വാക്കും അർത്ഥവും മാത്രമല്ല അനിർവ്യാചമായ മൂന്നാമതൊന്നു് ഉളവാകുന്നുണ്ടെന്നും അതിന്റെ മാനദണ്ഡം സഹൃദയന്റെ അനുഭൂതിയാണെന്നും അതില്ലാത്ത കൃതി മറ്റെന്തൊക്കെ ഉണ്ടായിരുന്നാലും കവിതയാകയില്ലെന്നും വിസ്മരിക്കാതിരുന്നാൽ നിരൂപണലോകത്തിലുള്ള പല ദുർവാദങ്ങളും ആശയക്കുഴപ്പങ്ങളും നിവാരണം ചെയ്യാം.” കാവ്യനിരൂപകരും കവികളും കാണാപാഠം പഠിക്കേണ്ട ഒരു വാക്യമാണിതു്. പുരോഗമന സാഹിത്യത്തിന്റെ ലക്ഷ്യം പലപ്പോഴും വിവാദവിഷയമായിട്ടുണ്ടല്ലോ. അതിലും പോളിനു് ഉറച്ചൊരു നിലപാടുണ്ടു്. അദ്ദേഹം പറയുകയാണു്. “പുരോഗമന സാഹിത്യകാരന്റെ മനോഭാവവും വീക്ഷണഗതിയും സാർവ്വലൗകികമായിരിക്കണം. വിഷയത്തിലും പ്രതിപാദനത്തിലും അതിനു പൂർണ്ണസ്വാതന്ത്ര്യം വേണം. അതു സാമാന്യ ജനതയുടെ ജീവിതത്തിന്റെ അഭിന്നാംശമായിരിക്കണം. അതു മനുഷ്യഹൃദയങ്ങളിൽ ശുഭോദർക്കമായ പരിവർത്തനമുണ്ടാക്കി സമുദായത്തെ മുന്നോട്ടു നയിക്കണം. പുരോഗതിക്കുപകരിക്കുന്ന ശാസ്ത്രനിർദ്ദിഷ്ടമായ സദാചാര ബോധമായിരിക്കണം അതിനെ ഉത്തേജനം ചെയ്യേണ്ടതു്. സത്യത്തേയും സൗന്ദര്യത്തേയും ഭിന്ന ലോകങ്ങളിൽ അകറ്റിനിർത്താതെ അവ രണ്ടിനേയും സമീകരിക്കണം. പ്രകൃത്യാ പരിവർത്തന വിമുഖനായ മനുഷ്യനെ കർത്തവ്യനിരതനും അമോഘചിന്തകനും പുരോഗമനേച്ഛുവുമാക്കാൻ അതു സമർത്ഥമാകണം.” പോളിന്റെ ഈ സിംഹാവലോകനത്തിൽ പുരോഗമന സാഹിത്യത്തിന്റെ അന്തസ്സത്ത മുഴുവൻ അടങ്ങിയിരിക്കുന്നു. ഇതുപോലെ ഉദ്ധരണയോഗ്യങ്ങളായ എത്രയോ ഭാഗങ്ങൾ ‘സാഹിത്യവിചാര’ത്തിലുണ്ടു്. വിസ്തരഭയത്താൽ അങ്ങോട്ടു കടക്കുന്നില്ല. ‘ഗദ്യകലിക’ എന്ന ലേഖന സമാഹാരവും പഠനാർഹമായ ഒരു ഗ്രന്ഥമാണു്. ലൂബ്ധൻ എന്ന നാടകം പോളിന്റെ പരിഭാഷാപാടവത്തിനു മകുടോദാഹരണമാകുന്നു.
ഈ കലാവല്ലഭന്റെ മനോഹരമായ ഗദ്യശൈലിയെപ്പറ്റിയും രണ്ടുവാക്കു പറയേണ്ടതുണ്ടു്. ഇത്ര നല്ല ഗദ്യമെഴുതുന്നവർ മലയാളത്തിലധികമില്ല. ആഴമേറിയതും എന്നാൽ അടിത്തട്ടു കാണാവുന്നതുമായ ഒരരുവിയാണു് അദ്ദേഹത്തിന്റെ ഗദ്യശൈലി. ദുർഗ്രഹമായ ഏതു വിഷയവും അതിൽ പ്രതിഫലിക്കുമ്പോൾ സുഗ്രഹമായിത്തീരും. സ്വന്തമായ വിചാരണസരണി, ആത്മാർത്ഥത, സംഭാഷണഭാഷാസമ്പർക്കം എന്നീ മൂന്നു ഗുണങ്ങളുള്ളതാണു് വ്യക്തിമുദ്രയുള്ള ഗദ്യശൈലി എന്നു പോൾ ഒരിടത്തു പറയുന്നുണ്ടു്. ഈ ലക്ഷണമൊത്തതത്രേ അദ്ദേഹത്തിന്റെ ശൈലി. അർത്ഥം നിറഞ്ഞു തുളുമ്പുന്ന സ്ഫടികസ്ഫുടമായ വാക്യങ്ങൾ ആ തൂലികയിൽ നിന്നു താനേ വാർന്നു വീഴും. കലുഷമായ പ്രതിപാദനം ഒരിടത്തുമില്ല. ‘അധ്യാപകന്റെ മഹത്വം ഭാഷയുടെ ലാളിത്യത്തിൽ സ്ഥിതിചെയ്യുന്നു’ എന്ന ചൊല്ലു ശരിയാണെങ്കിൽ പോളിനെസ്സംബന്ധിച്ചിടത്തോളം അതു് ഏറ്റവും അർത്ഥവത്താണു്. വെറും ശബ്ദജാലത്തെ അദ്ദേഹം വെറുത്തിരുന്നു. “ബുദ്ധിക്കില്ലാത്ത ഗാംഭീര്യം ഭാഷയിൽ പ്രകടിപ്പിക്കുന്നവരാണു് ഇന്നധികവും” എന്നു് അദ്ദേഹം അധിക്ഷേപിച്ചിട്ടുണ്ടു്. ഇതു വാസ്തവമല്ലേ? ഉള്ളിലൊന്നുമില്ലാതെ മുഴക്കം മാത്രം കേൾക്കുന്ന മദ്ദളസദൃശമായ വാക്കുകൊണ്ടുള്ള ചെപ്പടിവിദ്യ ഇന്നു ധാരാളം കാണുന്നുണ്ടല്ലോ. ജീവിതത്തിലും സാഹിത്യത്തിലും നിഷ്കപടമായ ആത്മാർത്ഥതയാണു് രമണീയം” പോളിന്റെ അർത്ഥഗർഭമായ മറ്റൊരു വാക്യമാണിതു്. ഏതദർത്ഥത്തിൽ തികച്ചും രമണീയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും. എം. പി. പോൾ എന്ന വ്യക്തിയെപ്പറ്റി കൂടുതലായി അറിയണമെങ്കിൽ മിസ്സിസ് പോൾ എഴുതിയ അനുസ്മരണം വായിച്ചുനോക്കണം. ഒരിക്കലും മങ്ങാത്ത ആ പുഞ്ചിരി, ഏതിലും തലപൊക്കുന്ന നർമ്മബോധം, ഇടയ്ക്കിടയ്ക്കിളകുന്ന സംഗീതഭ്രമം, മക്കളുമായുള്ള കളിയാട്ടം, പൂക്കളോടുള്ള കൂട്ടുകെട്ടു് മുതലായ സ്വഭാവവിശേഷങ്ങളെല്ലാം അതിൽ ഭംഗിയായി നിഴലിക്കുന്നുണ്ടു്. സാഹിത്യത്തിൽ ആധികാരികമായി അഭിപ്രായം പറയാൻ സർവ്വഥാ അർഹനായ ഒരപൂർവ്വാചാര്യനായിരുന്നു എം. പി. പോൾ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടു് ഒൻപതു കൊല്ലം കഴിഞ്ഞു. മഹത്തായ ആ ജീവിതവും അതിൽനിന്നു് എമ്പാടും പ്രസരിച്ച സാംസ്കാരികപ്രഭയും കേരളീയരുടെ പുരോഗതിക്കു പ്രചോദനം നൽകട്ടെ.
മാനസോല്ലാസം 1962.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, ക്രേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971