ഒരേ പാറ്റേണിലുള്ള
ആറു കുതിരകൾ
തെരുവിലൂടെ ഓടിക്കൊണ്ടിരുന്നു
രാജാവിന്റെ രഥം
ആളുകൾ വളഞ്ഞിരുന്നു
കുതിരകളെ അഴിച്ചുവിടും മുമ്പു്
രാജാവിന്റെ വഴിയല്ലാതെ
സ്വന്തം വഴിയില്ലേ എന്നു്
കുതിരകളോടു്
ജനങ്ങൾ ചോദിച്ചിരുന്നു.
രഥത്തിൽ രാജാവുണ്ടായിരുന്നില്ല
അദ്ദേഹത്തിന്റെ
പാദുകങ്ങൾ മാത്രമേ
ഉണ്ടായിരുന്നുള്ളൂ
അദ്ദേഹമുണ്ടെന്ന തോന്നൽ
പെട്ടെന്നു് പൊട്ടിച്ചിതറി
തെരുവു നിറയെ ജനം
തടിച്ചുകൂടുമ്പോൾ
കുതിരകൾ
പാറ്റേണുകൾ അഴിച്ചു വെച്ചു്
ഒറ്റയൊറ്റയായി
ആറുദിക്കുകളിലേക്കു് സഞ്ചരിച്ചു.
ആറുദിക്കുകളിലും
രാജാവുണ്ടായിരുന്നില്ല
അവിടെ ഉണ്ടെന്ന തോന്നൽ
കുതിരകൾ ചവിട്ടിത്തകർത്തു.
പ്രജകൾ എങ്ങോട്ടു പോകുമെന്നറിയാതെ
നിലവിളിക്കുമ്പോൾ
വന്യമായ നിലവിളിയോടെ
കുതിരകൾ പ്രാചീനമായ കാടുകളിലേക്കു്
കുതിച്ചു പാഞ്ഞു.
അതിരുകൾ
അവ കണ്ടില്ല.
കുറെയാളുകൾ
മറ്റാരുടേയോ കാലുകളുമായ്
കടപ്പുറത്തിരിക്കുന്നു
തിരകളെ കുറിച്ചു്
ആരും ഒന്നും സംസാരിക്കുന്നില്ല
കുറെ സ്ത്രീകൾ
തിളച്ചുതൂവി
ആകാശങ്ങൾ തേടി
അവകാശങ്ങൾ തേടി
നടന്നു പോകുന്നു
വെയിലിനെ കുറിച്ചു് അവർ
ഒന്നും മിണ്ടുന്നില്ല
ഒരാൾ
ഉറക്കം വരാതെ
മറ്റൊരാളിൽ കിടക്കുന്നു
അയാൾക്കു്
സ്വപ്നത്തെ കുറിച്ചു് പറയാൻ
അടുത്താരുമില്ല.
എല്ലാവരും
ഇനിയിങ്ങനെ ഇരിക്കാനാവുമോ
നടക്കാനാവുമോ
കിടക്കാനാവുമോ
എന്നു മാത്രം ചോദിക്കുന്നു
രണ്ടു കൊക്കുകൾ
ഒരാമയെയും കൊണ്ടു്
പറന്നു പോകുന്നതു് അവർ കാണുന്നു
പഴയ കാലമല്ല
പഴയ കഥയല്ല
ആമ വാ തുറക്കില്ലെന്നു്
അവർക്കറിയാം.
കഥ കാണുമ്പോലെ
അവരതു്
നോക്കി നിൽക്കുന്നു.
ആകാശത്തേക്കു് കൈകളുയരുന്നു
ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽ
നാളെയുടെ ശ്വാസമാണു്
അതു് സംരക്ഷിക്കാൻ
തെരുവിലൂടെ അനേകം പേർ
നടന്നു പോകുന്നു
അവരുടെ ജീവന്റെ തുടർച്ചയാണു്
നാളെയുടെ ജീവൻ.
എത്ര ശ്രമിച്ചിട്ടും
ഭയത്തിനു് അവരുടെ
കണ്ണുകളിലെത്തിച്ചേരാൻ
കഴിഞ്ഞിട്ടില്ല
പൂർണ്ണചന്ദ്രൻ എല്ലാം കാണുന്നുണ്ടു്
സൂര്യൻ കണ്ടതുപോലെ
അവരുടെ മുദ്രകളിൽ
തെളിഞ്ഞു വരുന്ന സ്നേഹത്തിന്റെ
സ്വപ്നത്തിന്റെ കോർത്ത വിരലുകൾ
അവർക്കു നേരെ എത്ര
ഒളിയമ്പുകൾ വന്നാലും
അവർ പിന്തിരിയില്ല
കാരണം
നാളെയെ ഗർഭത്തിൽ പേറിയ കുട്ടി
ആക്രമിക്കപ്പെട്ടിട്ടും
തളരാതെ അവർക്കു് ഒപ്പമുണ്ടു്.
അടുക്കളയിലെ
അഴിയാക്കുരുക്കിലോ
പാർക്കിലെ മരബെഞ്ചിലെ
സ്വതന്ത്രമായ മുടിയിഴകളിലോ
സൈബർ അഴിക്കുള്ളിലോ
നിങ്ങൾ അവളെ തിരയുന്നു.
അവൾ തെരുവിൽ
മുദ്രാവാക്യം വിളിക്കുന്നു
അങ്ങോട്ടു് നോക്കാതിരിക്കാനാവാത്ത വിധം
ഉച്ചത്തിൽ കൈ ഉയർത്തിപ്പിടിക്കുന്നു
രാജ്യത്തിന്റെ കുനിഞ്ഞ ശിരസ്സു്
പെട്ടെന്നുയർന്നു് അവളെ നോക്കുന്ന പോലെ
അവൾക്കടുത്തു് അവൻ
അവനടുത്തു് അവൾ
അവൻ അവൻ
അവൾ അവൾ
അവർ അവർ…
ഒച്ച വലിയ മരുന്നാകുന്നു
മൗനമെന്ന മഹാമാരി മാറുന്നു
രാജ്യം ഉയർന്നു നിന്നു് അതു് കാണുന്നു
മരിക്കാൻ പോയവൾ
തിരിച്ചു വന്നു
ഒരു കുഞ്ഞു കരച്ചിൽ
അവളുടെ കവിൾ പിടിച്ചു്
തന്റെ കവിളിൽ അമർത്തി
നടന്നുപോകുമ്പോൾ
കൊല്ലപ്പെട്ടേക്കുമോ
ഉറക്കമില്ലാതെ പിടയുമ്പോൾ
വീടു് പൊട്ടിത്തെറിക്കുമോ
വെള്ളമില്ലാതെ
വെളിച്ചമില്ലാതെ
ആത്മാവു് മൺതരികളായിപ്പോകുമോ
എന്ന ഭീതിയിൽ അവൾ മാത്രമാകുന്നു
ഒറ്റയാവല്ലേ എന്നു പറഞ്ഞു
അവളെപ്പുണരുന്ന
അനേകം ചിരികളിൽ
ഞാൻ ഒരു ശലഭമായി
അലഞ്ഞു
മഴക്കാലം കഴിഞ്ഞു
ശരത് കാലം കഴിഞ്ഞു
മുടിയിൽ വെളുത്ത പൂക്കൾ
മറ്റൊരു ഋതുവായ്
വിടർന്നു
മരിക്കാൻ പോയവൾ
ജീവിക്കുന്ന
മുന്തിരിത്തോപ്പിൽ
ഞാൻ ചെന്നു
അവൾ
അനേകം കുഞ്ഞുങ്ങൾക്കൊപ്പം
നൃത്തം ചെയ്യുന്നു
ആ വീടിനെ
അനാഥാലയം എന്നു് വിളിക്കാൻ
ആ കുഞ്ഞുങ്ങൾക്കു് അറിയില്ല
അവൾക്കും അറിയില്ല
മരിക്കാൻ പോയവൾ
ജീവിക്കുന്ന ഒരിടമാണു് അതു്
ആ കുഞ്ഞുങ്ങൾ
അവളുടേതല്ലെങ്കിലും
അവളുടെ ചലനമാണു്
സ്വന്തം ജീവൻ വിട്ടു്
പോകാൻ തോന്നാത്ത ഒരാൾ
മറ്റൊരാളെ നോക്കുന്നതു്
അൽഭുതം ആണെങ്കിൽ
അത്ഭുതത്തിന്റെ
ഒരറ്റത്തു്
കടൽക്കരയിൽ എന്നപോലെ
ഞാൻ ഇരിക്കുന്നു
കത്തിക്കൊണ്ടിരിക്കുന്ന ഒരാൾ
ഒട്ടും പുകയാതെ
തെരുവിലൂടെ പോകുന്നു
യേശുവിന്റേയോ
ബുദ്ധന്റെയോ
കൃഷ്ണന്റേയോ
മുഖച്ഛായ അയാളിൽ
മൂന്നു പേർ കാണുന്നു
ഒരു കുട്ടി
അയാളുടെ പ്രകാശം മാത്രം
കാണുന്നു
എന്തിനാണു് അയാൾ കത്തുന്നതെന്നു്
മനസ്സിലാക്കാൻ
ഒരു ജലപീരങ്കി
ഒരു വിലങ്ങ്
ഒരു തോക്ക്
അയാൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു
അയാൾ കെട്ടുപോകില്ലെന്നു്
കുട്ടി ഉറപ്പിക്കുന്നു
കറണ്ടും
ഇന്റർന്നെറ്റും
പെട്ടെന്നു് റദ്ദായി
ഉടനെ
അയാളിൽ നിന്നും കുട്ടി
ഇത്തിരി തീ കൊളുത്തി
ഒട്ടും പുകയാതെ
അടുത്ത തലമുറയിലേക്കു് നടന്നു
ഒരു പൂ വിരിഞ്ഞു
മറ്റൊന്നു് കൊഴിഞ്ഞു
സത്യത്തിൽ മറ്റൊന്നും സംഭവിച്ചില്ല
നിശബ്ദതയുടെ ഭാഷയിൽ
ചെടികൾ കവിതയെഴുതി
ഓരോ വാക്കിനും
ഓരോ നിറങ്ങൾ
ഓരോ നിറത്തിനും
ഓരോ രൂപങ്ങൾ
ഓരോ രൂപത്തിലും
ഓരോ മണങ്ങൾ
കിളികളതു്
ഉച്ചത്തിൽ വായിച്ചു
ഒരു വരിയുടെ അർത്ഥം തീരാതെ
വണ്ടുകൾ
കുട്ടികൾ
പൂമ്പാറ്റകൾ…
ഒരു പൂ വിടർന്നു
മറ്റൊരു പൂ കൊഴിഞ്ഞു
ഒരാൾ വീണതിനെ നോക്കിയിരുന്നു
അയാൾ കവിയായി
ഒരാൾ വിടരുന്നതിനെ നോക്കിയിരുന്നു
അയാൾ കാമുകനായി
ഒരാൾ
കൊഴിഞ്ഞതിന്റെയും
വിടർന്നതിന്റെയും നടുക്കിരുന്നു്
അസ്വസ്ഥനായി.
അയാൾ അപ്പോൾ ഭ്രാന്തനായി
ഒരു പൂ വിടർന്നു
ഒരു പൂ കൊഴിഞ്ഞു
മറ്റൊന്നുമില്ല
ഒരു വാക്കു്
ഉച്ചത്തിൽ വായിക്കുന്നുണ്ടു്
ഒരു പെൺകുരുവി
വാക്കിന്റെ നിറം
മറ്റൊരു പൂവായി
മറ്റൊരു കവിതയായി
മറ്റൊരു വസന്തമായി
മൗനത്തിന്റെ തോടു് പൊളിച്ചു്
അതു് വായിക്കുവിൻ.
എന്റെ വല്യമ്മയ്ക്കു്
പത്തു വയസ്സു് തികഞ്ഞപ്പോൾ
ആരവിടെ?
എന്നു ചോദ്യം കേട്ടു
ആരും മിണ്ടിയില്ല
റാൻ എന്ന മൂളൽ
ചരിത്രത്തിൽ വായിച്ചിട്ടും
വർത്തമാനം അല്ലല്ലോ എന്നതിനാൽ
ഒരാളും മിണ്ടിയിരുന്നില്ല
ചോദ്യം വീണ്ടും കേട്ടു
അന്നു്
ഉത്തരമില്ലാത്തതിനാൽ
ആ ചോദ്യം നാടുനീങ്ങി.
ഇന്നു് എന്റെ മക്കൾക്കു്
പത്തു വയസ്സു കഴിഞ്ഞു
നാടുനീങ്ങിയെന്നു കരുതിയ
ആ ചോദ്യം
വീണ്ടും കേൾക്കുന്നു
മകന്റെ ഉത്തരമെന്തായിരിക്കും?
അവൻ വിളി കേൾക്കുമോ?
അവന്റെ കേൾവി
ആ ചോദ്യത്തെ
ഉത്തരത്താൽ
അഭിഷേകം ചെയ്യുമോ?
ചോദ്യം
വീണ്ടും മുഴങ്ങുന്നു
രാജ്യത്തെ ആകെ
വിഴുങ്ങുന്ന ഒച്ചയിൽ.
അലച്ചിൽ തിന്നു നടന്നു,
സമയം തീരാമഴയായ്
ഞരമ്പിലൂടെ ഒഴുകി
പടുമാവു് വിളിച്ചു
അതിന്റെ മടിയിൽ കിടന്നു
ഉണർന്നപ്പോൾ
ബേഗുകാണാനില്ല
ഓർമ്മകളെഴുതിയ പുസ്തകം
അതിലുണ്ടു്
അതിലെ അക്ഷരങ്ങൾ
ഏകാന്തതയുടെ ചിത്രങ്ങളാണു്
കള്ളൻ അതു കാണില്ല
വാക്കുകളിൽ പ്രകാശിക്കുന്ന
നിന്നെ കാണാം
അവൻ നിന്നെ തിരഞ്ഞു വരാം
എന്റെ ഹംസമല്ലെന്നു പറഞ്ഞു്
ഉപേക്ഷിക്കപ്പെട്ട പൂച്ചയുടെ
ആത്മകഥയിലെ
ഒന്നാമത്തെ അദ്ധ്യായമാണു് ഞാൻ
അതു കൊണ്ടു്
എന്നെ തിരഞ്ഞാരും വരില്ല
കള്ളാ
ഇന്നോളം ഞാൻ സൂക്ഷിച്ച
എന്റെ എകാന്തതകളുടെ ഭാണ്ഡം
നീ കൊണ്ടു പോയല്ലോ
ഇനി കനത്തു വീഴുമേകാന്തനിമിഷങ്ങൾ
ഞാനെവിടെ വരയ്ക്കും?
പൊള്ളിക്കരിഞ്ഞ പകലിന്റെ കരി കൊണ്ടു്
ഈ മാവെനിക്കു്
കുളിർ വരച്ചു തന്ന പോലെ
പൊള്ളലുകൾ തന്ന കരി കൊണ്ടല്ല
പ്രണയം തന്ന വെളിച്ചം കൊണ്ടു്
വരച്ചതാണവ
കള്ളാ അതു് കൊണ്ടു പോകരുതേ
കൊണ്ടു പോകരുതേ
അവളുടെ അസാന്നിധ്യത്തിൽ
കിടക്കുവാൻ
ഞാൻ വരച്ച തണലാണതു്.
മനസ്സിൽ നിന്നും പെട്ടെന്നു്
ഒരു ബസ്സ് പുറത്തെടുത്തു
അധികം തിരക്കില്ലാത്ത
നട്ടുച്ചയുടെ ഞരമ്പിലൂടെ
അതോടുകയാണു്.
അടുത്ത സ്റ്റോപ്പിൽ
കയറാനും ഇറങ്ങാനും
ആരൊക്കെയുണ്ടാവുമെന്നറിയില്ല
ഒരാളും ഇല്ലാതിരിക്കില്ലെന്ന
വിശ്വാസം അതിന്റെ
ഡ്രൈവിംഗ് സീറ്റിലുണ്ടു്.
ആരോ ഒരാൾ
ഇറങ്ങാനുണ്ടെന്ന തോന്നൽ
അതിന്റെ
വാതിൽപ്പടിയിൽ നിൽക്കുന്നുണ്ടു്
ഒഴിഞ്ഞുകിടക്കുന്ന മൂന്നു സീറ്റുകളിൽ
മുമ്പേ ഇരുന്നവർ ഉപേക്ഷിച്ച ചൂടും ചൂരും
മറ്റൊരാൾ വരുവോളം
അവിടെ ഇരിക്കുമെന്നതിനു്
ഒരുറപ്പുമില്ലാത്ത വേഗത്തിൽ
ബസ്സ് പോകുന്നു
ഇരിക്കും മുമ്പു് ടിക്കറ്റെടുത്തവരും
ഇരുന്നിട്ടു് ടിക്കറ്റെടുത്തവരും
ഒരേ പാട്ടുകേൾക്കുന്നു
എത്തിയ സ്റ്റോപ്പിൽ നിന്നും
നാലു പേർ കയറി
ഒരാളും ഇറങ്ങിയില്ല
ഒരാൾക്കു മാത്രം സീറ്റില്ല
അയാൾ കമ്പിയിൽ ചാരി നിൽക്കുന്നുണ്ടു്
ഒഴിയാനുള്ള ഒരു സീറ്റ് മാത്രമാണു്
ഇപ്പോൾ അയാളിലൂടെ കടന്നുപോകുന്നതു്
അയാൾ ഇരിക്കും മുമ്പു്
ബസ് മനസ്സിനുള്ളിലേക്കു്
ഓടുകയാണു്
അടുത്ത സ്റ്റോപ്പ്
കോളജിന്റെ ഓർമ്മകൾ വളർന്നു നിൽക്കുന്ന
ഉങ്ങുമരത്തണലിലാണു്.
പാതിരാത്രിയിൽ
ഒറ്റയ്ക്കിരുന്നു സിനിമ
കാണുന്നവൾക്കൊപ്പമിരുന്നു
ഇത്തിരി ചുണ്ണാമ്പു ചോദിച്ചു.
ചെവികളിൽ നിന്നും
കാഴ്ചയുടെ വേരുകളിറങ്ങി
മൊബൈലിലെ സിനിമയിൽ
പടർന്നതിനാൽ
അവളതുകേട്ടില്ല
പുറത്തിറങ്ങി
പൗർണ്ണമി തൂവിയ
ചുണ്ണാമ്പു തൊട്ടു്
ഇരുട്ടിന്റെ വെറ്റിലയിൽ തേച്ചു
മുറുക്കി
ചോരയോളം ചുവന്നു
കുറ്റിരുട്ടിലാരും കാണാതെ
അവൾ കേൾക്കെ
വാക്കുകൾ നീട്ടിത്തുപ്പി
മൂകമല്ലാത്ത രാവിൽ
അവളിരിക്കുമിടത്തൊരു
വെളിച്ചത്തിൻ തുരുത്തു്
ഞാനിരിക്കുമിടമിരുളിൻ കടൽ
ഏകാന്തതയും
ഞാനും സിനിമയും
പണി തീർത്ത പാതിരയും,
പണ്ടത്തെ ഹോസ്റ്റലിൽ
പാട്ടു കേട്ടു മലർന്നു കണ്ട സ്വപ്നവും,
വീണ്ടുമെന്നിൽ
മാമ്പൂക്കളിൽ മഞ്ഞു പോലെ
പെയ്യുന്നു
മയക്കത്തിന്റെ മറ്റേതോ വൻകരയിൽ
വെറ്റിലത്തോണിയിൽ
ഞാനുമുറക്കുമന്നേരം
കരയണഞ്ഞു കഴിഞ്ഞിരുന്നു
കേട്ടില്ല,
അവൾ പറഞ്ഞതൊന്നും
കണ്ടില്ല, അവൾ കണ്ടതൊന്നും
രാവുതീരുമ്പോൾ
ഞാനുണരുമ്പോൾ,
പുട്ടിനാവി വന്നില്ലെന്ന വാക്കുമായ്
അവൾ
ഒറ്റയ്ക്കു നിന്നു വിയർക്കുന്നു.
ഒപ്പം നിന്നു,
പക്ഷേ ഒപ്പമെത്തിയില്ല.
‘ചൂൽ ഒരു ദളിത് ജീവിയല്ല’
പഴങ്കഥകളെ
പൊളിച്ചു പണിയാൻ വന്ന ആൾ
അങ്ങനെ പറഞ്ഞു്
അങ്ങാടിക്കു് പോകുമ്പോൾ
ചൂൽ കയ്യിലെടുത്തു
ടോർച്ചോ ഊന്നുവടിയോ
മൊബൈലോ പിടിക്കേണ്ട വിരലുകൾ
ഈർക്കിളിന്റെ മിനുസത്തിൽ
ഒരു സ്വപ്നം ചേർത്തു പിടിച്ചു.
അയാൾ നാല്ക്കവലയിൽ വന്നു്
ആൽത്തറയിൽ കയറി
ആളുകളോടു പറഞ്ഞു,
എല്ലാ ചൂലുകളും ഉമ്മറവാതിലിലൂടെ
ഇറങ്ങി വരുന്ന ഒരു ദിവസം
എന്റെ സ്വപ്നമാണു്
വീടിനു പുറത്തു് വന്നു്
നാടു വൃത്തിയാക്കുന്ന
ചൂലുകളുടെ ഒരറ്റം മണ്ണിലും
ഒരറ്റം നമ്മുടെ ഹൃദയത്തിലും
തൊടുന്ന ഒരു ദിനം
ഇതാ എന്റെ വാക്കുകളിൽ
ചേർത്തു കെട്ടുന്നു
അയാൾ പറഞ്ഞു കൊണ്ടിരുന്നു
മെല്ലെ മെല്ലെ
ചൂലുകൾ ഇറങ്ങി വന്നു
എടുക്കൂ എന്നു്
ആളുകളോടു് പറഞ്ഞു
ഓരോ ചൂലും ഇപ്പോൾ ഒരായുധമാണു്
ചപ്പും ചവറും മാത്രമല്ല
ചരിത്രത്തിന്റെ പൊടിയും മാറാലയും
അതു് തൂത്തുകളയുന്നു
അയാൾ
അയാൾ മാത്രമല്ല
അനേകം ആളുകളെ ചേർത്തുണ്ടാക്കിയ
ഒരു ചൂലാണു്
കാലം അതുകൊണ്ടു്
ജനതയുടെ
മനസ്സടിച്ചു വാരുന്നതു കണ്ടു,
സ്കൂൾ വിട്ടു വരുന്ന കുട്ടി.
മനുഷ്യനെ കുറിച്ചു സംസാരിക്കുമ്പോൾ
മരങ്ങളെ കുറിച്ചും
മണ്ണിനെ കുറിച്ചും സംസാരിക്കുമ്പോൾ
മറ്റൊന്നിനെ കുറിച്ചും
സംസാരിക്കരുതേ!
അതിര്
രേഖ
യാത്ര
അയൽ രാജ്യം
കുലം
വംശം
എന്നൊക്കെ കേൾക്കുമ്പോൾ
പറഞ്ഞതു് മറ്റൊന്നായിരുന്നോ എന്നു്
കുട്ടികൾ സംശയിക്കുന്നുണ്ടു്
അതുകൊണ്ടു്
അവർ എല്ലാം ശരിയാക്കി പറയുകയാണു്
ലാത്തികളും തോക്കുകളും
അവ കേട്ടു് അവരോടു തർക്കിക്കുന്നുണ്ടു്
പക്ഷെ അവർ
പറയുക തന്നെയാണു്
ശരിയായ വാക്കുകൾ
പറയുക തന്നെയാണു്.
ചെരിഞ്ഞു കിടക്കുന്നു
മേശമേൽ
ഒരു പ്ലാസ്റ്റിക്ക് കുപ്പി,
കടലാസ്ച്ചുരുളുകൾ
നല്ല നേരത്തിന്റെ
വികൃതമാമോർമ്മ പോൽ
പാറാനാവാതെയിരിക്കുന്നു.
ഒരു കുറിപ്പു്.
ക്രമം തെറ്റിയ കസേരയിൽ
ആരെയും സ്വീകരിക്കുവാൻ
ശൂന്യതയുടെ മനസ്സുണർന്നിരിക്കുന്നു
പത്രം,
അരുംകൊലകളുടെ
രക്താക്ഷരങ്ങളിൽ ചുവന്നു്
നിലത്തു് മലർന്നു കിടക്കുന്നു
കാറ്റിൽ പിടയുന്നു
തുറന്ന ജനലിന്റെ
തുറന്ന മനസ്സിലൂടെ
സൂര്യൻ പടിഞ്ഞാട്ടു പോകുന്നു
അതു കാണുവാൻ അവനെവിടെ?
ഏറെത്തണുത്ത ചോദ്യം
കാറ്റേറ്റെടുക്കുന്നു
അവനെത്തിരഞ്ഞു്
തെരുവിലും ജയിലിലും ചെല്ലുന്നു
അതിരുകാക്കും മരത്തിന്റെ
ഇലയടർത്തി ചോദിക്കുന്നു
അവന്റെ ആത്മാവിലൊളിച്ചവൾ
ആദ്യമായ്
അവനെത്തിരഞ്ഞു്
പുറത്തേക്കൊഴുകി വന്നു
അലിഞ്ഞിട്ടും
അവളവനെ കണ്ടില്ല
അവനുണ്ടായിരുന്നതിൻ രേഖകൾ
ആ മേശയിലില്ല
ആ കസേരയിലില്ല
ആ കടലാസിലില്ല
പക്ഷേ
ഇല്ലാതിരിക്കുമോ?
ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഒരൊച്ചയെങ്കിലും അവൻ
ബാക്കി വെച്ചിട്ടുണ്ടാവില്ലേ!
മറ്റൊരാളെ ഓർത്തുള്ള
നിശ്വാസമെങ്കിലും
എവിടെയോ തങ്ങിനിൽപുണ്ടാവില്ലേ!
ദൈവവും ചെകുത്താനും
നടക്കാനിറങ്ങിയ നഗരത്തിൽ
വെടിയുണ്ടകൾ പുതിയ കഥ
പറഞ്ഞിരിക്കുന്നതു് കണ്ടു
അവർ കയ്യടിക്കുകയും
പൊട്ടിച്ചിരിക്കുകയും
പൂക്കളുടെ കഴുത്തു് ഇടയ്ക്കിടെ
കടിച്ചു കീറുകയും ചെയ്യുന്നുണ്ടായിരുന്നു
മൂടൽമഞ്ഞുണ്ടായിരുന്നതിനാൽ
അവയ്ക്കു്
ആരുടെ മുഖച്ഛായ ആണെന്നു്
വ്യക്തമായില്ല
നിലവിളികൾ തഴച്ചുവളരുന്ന
പുറമ്പോക്കിൽ
ചെകുത്താൻ ഒളിച്ചിരുന്നു
ഒളിക്കാൻ ഇടമില്ലാതെ
നഗര വെളിച്ചത്തിൽ
ദൈവം കരഞ്ഞുകൊണ്ടിരുന്നു
എല്ലാ വെടിയുണ്ടകളും
ദൈവത്തിന്റെ നെഞ്ചിലൂടെ കടന്നു പോയി
ആളുകൾ ദൈവത്തെ കണ്ടില്ല
രക്തമൊലിക്കുന്ന വെളിച്ചം കണ്ടു
ആളുകൾ ചെകുത്താനെ കണ്ടില്ല
ചോരകുടിക്കുന്ന ഇരുട്ടു കണ്ടു
ദൈവം സ്ത്രീകളുടെ ഉറക്കമെടുത്തു
മുറിവു് തുടച്ചു കൊണ്ടിരുന്നു
ചെകുത്താൻ സ്ത്രീകളുടെ പേടികൊണ്ടു് തന്റെ പല്ലുകൾക്കു് മൂർച്ചകൂട്ടികൊണ്ടിരുന്നു
ദൈവത്തെയും ചെകുത്താനെയും
ആരും കണ്ടില്ല
പെട്ടെന്നു്
ഒരമ്മയുടെ ചങ്കിൽ നിന്നു്
പൊട്ടിവീണ
കരച്ചിലോ ചിരിയോ എന്നറിയാത്ത
ഒരൊച്ചയിൽ
നഗരം പൊട്ടിത്തെറിച്ചു.
സിലബസിനു
പുറത്തുപോവാത്ത മാഷ്
ക്ലാസിൽ വന്നു,
എന്തൊരച്ചടക്കമാണു്!
ഒരു കുട്ടി
സിലബസിനു പുറത്തേക്കു്
നാവു നീട്ടി
രുചിക്കും മുമ്പു്
മാഷതു് മുറിച്ചു കളഞ്ഞു
സ്കൂൾ മുഴുവൻ
ഇപ്പോൾ മൗനം നിറഞ്ഞിരിക്കുന്നു
നാടു് മുഴുവനും മൗനം
പടരുന്നു
ഒരു കുട്ടിയെ പാമ്പുകടിച്ചു
കടിയുടെ പാട്
സിലബസിലില്ലെന്നു് പറഞ്ഞു്
മാഷ് കുട്ടിയെ ഓടിച്ചു
കുട്ടികൾ സിലബസ്സിനു പുറത്തിറങ്ങി
പാമ്പിൻ മാളം കണ്ടു പിടിച്ചു
കുട്ടികൾ ഒച്ചവെച്ചു
മാഷ്ക്ക്
ഇപ്പോൾ തത്തമ്മയുടെ നാവു്
മാഷ്
പൂച്ച പൂച്ച എന്നു പറഞ്ഞു കൊണ്ടിരുന്നു.
കോഴിക്കോടു് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെ സഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. കോഴിക്കോടു് ദേവഗിരി സെന്റ് ജോസസ് കോളജിൽ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. ഇപ്പോൾ നിലമ്പൂർ അമൽകോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ. ചിത്രകലയിൽ യൂനിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻആർട്സിൽ നിന്നു് ഡിപ്ലോമ കരസ്ഥമാക്കി.
ചേമ്പിലചൂടിപ്പോയ പെൺകുട്ടി (2007), മയിൽപീലികൾ പറയുന്നത് (2010), മഞ്ഞുമൂടിയ മുടിയിഴകളിൽ (2010), ചുംബിക്കുന്ന കുതിരകളുടെ വെളുത്ത പുസ്തകം (2012), എന്റെ മലയാളം; രചനയും പഠനപ്രവർത്തനങ്ങളും (2010), ശ്രേഷ്ഠമലയാളം: മലയാളത്തിലെ ശരിയായ വാക്കും പ്രയോഗവും (2014) എന്നിവയാണു് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
ആദ്യ കവിതാസമാഹാരമായ ചേമ്പിലചൂടിപ്പോയ പെൺകുട്ടിക്കു് 2009-ലെ കാവ്യവേദി പുരസ്ക്കാരം ലഭിച്ചു. പേടിപെയ്യുന്ന വഴികൾ എന്ന പേരിൽ 2011-ലെ കാമ്പസ് കവിതകൾ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു.
നാലു വർഷക്കാലം നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസറായി സേവനം അനുഷ്ഠിച്ചു. മൂന്നു വർഷം കോഴിക്കോടു് സർവ്വകലാശാല ബിരുദ പഠനത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു
ചിത്രങ്ങൾ: വി. മോഹനൻ