(കുറിപ്പു്: 2014 ഫുട്ബാൾ ലോക കപ്പ് സമയത്തു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രത്യേക ലക്കത്തിലാണു് ഈ ലേഖനം എഴുതിയതു്. ചിലമാറ്റങ്ങൾ വരുത്തിയിട്ടുണ്ടു്. കടന്നുപോയ ഈ വേനലിൽ മലപ്പുറത്തെ ഫുട്ബാൾ പാടങ്ങൾ കൊറോണയും കോവിഡും തരിശിട്ടു. അല്ലെങ്കിൽ ഓരോയിടത്തും ഫുട്ബാളിന്റെ അഴക്, പ്രത്യേകിച്ചും സെവൻസിന്റെ, ആകാശം മുട്ടുമായിരുന്നു. സെവൻസും ഫൈവ്സും വാമൊഴിക്കവിതയും ഇലവൻസ് അച്ചടിക്കവിതയുമാണെന്നും ഒരു സംശയവുമില്ലാതെ മലപ്പുറത്തുകാർ പറയും. വേനൽക്കാലത്തെ ഫുട്ബാൾ ഇനി മലപ്പുറത്തേക്കു് എന്നു് തിരിച്ചു വരുമെന്നറിയില്ല. ഇന്നു് ഒഴിഞ്ഞു കിടക്കുന്ന കളിക്കളങ്ങളുടെ മേൽ ഈ ലേഖനം ചുമരെഴുത്തായി പതിക്കാൻ ആഗ്രഹം തോന്നി. അതിനാലാണു് ഈ പ്രസിദ്ധീകരണം.)

ജിന്ന് മൊയ്തീൻ മലപ്പുറം ‘ഫുട്ബാൾ ലോറി’ലെ ഒരു മാർകേസ് കഥാപാത്രമാണു്. എത്രയോ കാലങ്ങൾക്കു ശേഷവും ഇന്നും പഴയ മലപ്പുറത്തിന്റെ ഫുട്ബാൾ കഥകളിലേക്കു് പോകുമ്പോൾ ഇതിഹാസ സമാനമായ കഥാപാത്രത്തെപ്പോലെ മൊയ്തീൻ ഉയർത്തെഴുന്നേൽക്കും. മലപ്പുറം ഫുട്ബാളിൽ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മിത്തുവൽക്കരണത്തിന്റെ വേരുകൾ തേടുമ്പോൾ ഒരു മനുഷ്യനെ ‘ജിന്നാ’യി പരിവർത്തിപ്പിച്ച മലപ്പുറം ഭാവനയുടെ സർഗാത്മക വിസ്ഫോടനം നമുക്കു് കാണാൻ കഴിയും. നാൽപ്പതുകളിലാണു് അദ്ദേഹം മലപ്പുറത്തെ മൈതാനങ്ങളിൽ നിറഞ്ഞു നിന്നതു്, അന്നു് മൊയ്തീന്റെ കളി കണ്ടവർ പല തലമുറകൾ പറഞ്ഞും പകർന്നും നൽകിയ കഥകൾ ഇന്നും നിലനിൽക്കുന്നു. ഫുട്ബാളിന്റെ മാമാങ്കങ്ങൾ നടക്കുമ്പോൾ, കളി കാണാനെത്തുന്നവരിൽ ഏറ്റവും പ്രായമുള്ള ഒരു കാരണവർ പറഞ്ഞു തുടങ്ങും, മൊയ്തീൻ എന്നൊരു കളിക്കാരനുണ്ടായ്നു്, ജിന്ന് മൊയ്തീൻ… ഫുട്ബാൾ പൂർണ്ണമായും ഒരു സാഹിത്യ സംഭവമായി മാറുന്ന മുഹൂർത്തങ്ങളിൽ ഒന്നായിരിക്കുമിതു്.
മൊയ്തീന്റെ പാസുകൾ, ഡ്രിബിളിംഗുകൾ, ഹെഡ്ഡറുകൾ, ഷോട്ടുകൾ, റിവേഴ്സ് കിക്കുകൾ ഒന്നും എതിരാളികൾക്കു് കാണാൻ കഴിയുമായിരുന്നില്ല എന്നാണു് പഴമക്കാരിൽ നിന്നും പകർന്നു കിട്ടിയ വിവരം. മൊയ്തീനെ തന്നെ കാണാൻ കഴിയാതെ പോകുന്ന അവസ്ഥ. നെറ്റ് കുലുങ്ങുമ്പോൾ മാത്രം, അതാ മൊയ്തീൻ ഗോളടിച്ചിരിക്കുന്നു എന്നു് കാണികളും എതിർ ടീമും എന്തിനു് മൊയ്തീന്റെ സ്വന്തം ടീം പോലും തിരിച്ചറിയൂ. അത്തരത്തിലുള്ള, അവിശ്വസനീയമായ പന്തടക്കം, ഒരു തരം കൺകെട്ടു്, ഒടിമറിച്ചിൽ… ഒടുവിൽ ഗോൾ!
മൊയ്തീനെക്കുറിച്ചു് ലഭിക്കുന്ന വാമൊഴിക്കഥകളും കളിക്കാരൻ എന്ന നിലയിലുള്ള പെർഫോമൻസിനെക്കുറിച്ചു് കേട്ടതും വെച്ചു നോക്കുമ്പോൾ അദ്ദേഹത്തിന്റെ കളിക്കളത്തിലുള്ള നീക്കങ്ങൾക്കു് അസാമാന്യമായ കരുത്തും അതിവേഗതയും ഉണ്ടായിരുന്നുവെന്നു് വേണം മനസ്സിലാക്കാൻ. അന്നത്തെ ഫുട്ബാളർമാരുടെ വേഗതയെ മറികടക്കുന്ന മറ്റൊരു അതിവേഗതയുടെ ഉടമസ്ഥനായിരുന്നിരിക്കണം മൊയ്തീൻ. ആ അമാനുഷികതയെ മനുഷ്യനു് കാണുവാൻ സാധ്യമല്ലെന്നു് വിശ്വസിക്കപ്പെടുന്ന ജിന്നുകളുടെ ഗോത്രത്തിലേക്കു് മലപ്പുറം നാട്ടു ഭാവന കൂട്ടിച്ചേർക്കുകയായിരുന്നു. പിൽക്കാലത്തു് ജില്ലയുടെ മറ്റൊരു ഭാഗത്തു് ജിന്ന് മൊയ്തീൻ രണ്ടാമനും ഉണ്ടായി. പഴയ മൊയ്തീന്റെ ചില രീതികൾ കൈവശപ്പെടുത്തിയ മറ്റൊരു കളിക്കാരൻ. മലബാർ കലാപത്തിനു (1921) ശേഷം മലപ്പുറത്തെ ജനങ്ങളും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള അകൽച്ച അതിഭീകരമായി വളർന്നു. സർക്കാർ പ്രതിനിധികളുമായി ഒരു തരത്തിലുള്ള വിനിമയത്തിനും നാട്ടുകാർ തയ്യാറായിരുന്നില്ല. തങ്ങളുടെ നേതാക്കളേയും അസംഖ്യം സാധാരണക്കാരേയും നിഷ്ഠൂരമായി കൊന്നുതള്ളിയ ബ്രിട്ടീഷുകാരെ മനുഷ്യരായി കാണുക മലപ്പുറത്തുകാർക്കു് സാധ്യമായിരുന്നില്ല. മലബാർ കലാപക്കാരെ നേരിടാനാണു് മലബാർ സ്പെഷ്യൽ പോലീസ് വഴി ബ്രിട്ടീഷ് പട്ടാളക്കാർ പന്തുകളിയിലൂടെ നാട്ടുകാരുമായി അടുക്കാൻ ശ്രമിച്ചതു്. അസാധ്യമായിരുന്നു അതു്, എന്നാൽ കളിയുടെ ആകർഷണത്തെ മലപ്പുറത്തുകാർക്കു് തള്ളിക്കളയാനും സാധിക്കുമായിരുന്നില്ല.
അത്തരം കളികൾ മലപ്പുറത്തെ കവാത്തു് പറമ്പിൽ (ഇന്നത്തെ കോട്ടപ്പടി ഗ്രൗണ്ട്-പട്ടാളക്കാർ കവാത്തു് നടത്തിയിരുന്നതു് ഇതേ സ്ഥലത്തു തന്നെയായിരുന്നു) ബ്രിട്ടീഷുകാർ ക്രിക്കറ്റും ബാസ്ക്കറ്റ് ബോളും വോളി ബോളും ഫുട്ബാളും കളിക്കും. മറ്റുകളികളിൽ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ഫുട്ബാൾ മലപ്പുറത്തുകാരെ അന്നേ ആകർഷിച്ചിരുന്നു. ആദ്യം അവരതു് അവഗണിച്ചെങ്കിലും പിന്നെ പിന്നെ കളി കണ്ടു നിൽക്കാൻ തുടങ്ങി. പുറത്തേക്കു് തെറിച്ചു പോകുന്ന പന്തെടുത്തു് കളിക്കുന്നവർക്കു് എറിഞ്ഞു കൊടുത്തു. ബ്രിട്ടീഷ് പട്ടാളക്കാരെപ്പോലെ (അതിൽ മലയാളികളും അംഗങ്ങളായിരുന്നു) പന്തു വാങ്ങാനോ ബൂട്ട് കെട്ടാനോ നാട്ടുകാർക്കു് സാധിക്കുമായിരുന്നില്ല. അതിനാൽ അവർ വാഴയിലകൊണ്ടുള്ള പന്തുകൾ നിർമ്മിച്ചു കളിക്കാൻ തുടങ്ങി. (പിൽക്കാലത്തു് വന്ന തുണികൊണ്ടു് കെട്ടിയുണ്ടാക്കുന്ന കെട്ടുപന്തായിരുന്നില്ല ഇതു്). ഒരു ഫുട്ബാളിന്റെ വലുപ്പത്തിൽ വാഴയിലെ കുത്തിനിറക്കും, അതിനു പുറമെ വാഴപ്പോള വരിഞ്ഞു ചുറ്റും. ഇങ്ങിനെയുണ്ടാക്കുന്ന പന്തു് ഇട്ടാൽ പൊന്തും, ശരീരത്തിൽ തട്ടിയാൽ വേദനിക്കുകയുമില്ല. പ്രഭാത പ്രാർഥനക്കു (സുബ്ഹി) പോകുമ്പോഴാണു് പന്തുണ്ടാക്കാനുള്ള വാഴയില ശേഖരിക്കുക. പുലർകാല മഞ്ഞോ നനവോ വീണ വാഴയില ചുരുട്ടാൻ എളുപ്പമാണു്, ഇല വാട്ടുന്നതു പോലെ ആയിക്കിട്ടും. ഇങ്ങനെയുണ്ടാക്കിയ പന്തുമായി പാടത്തും പറമ്പത്തും മലപ്പുറത്തുകാർ കളിച്ചു തുടങ്ങി.
ഒടുവിൽ ബ്രിട്ടീഷ് പട്ടാളക്കാരും നാട്ടുകാരും തമ്മിൽ മാച്ചുകൾ ഉണ്ടായതായും പഴയ കളിക്കാരുടെ തലമുറയിൽ നിന്നു് പകർന്നു് കിട്ടിയ വാമൊഴി വിവരങ്ങൾ പറയുന്നു. പട്ടാളക്കാർ ബൂട്ടിട്ടും നാട്ടുകാർ നഗ്നപാദരായും കളിച്ചു. ആ കളികളിൽ നാട്ടുകാർ ജയിച്ചിട്ടുണ്ടു്. പട്ടാളച്ചിട്ടയെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനം, അന്നു് കളിക്കളത്തിൽ മാത്രം സാധ്യമാകുന്ന അട്ടിമറികൾ, വൈകാതെ ബ്രിട്ടീഷ് ഇന്ത്യയിൽ നടക്കാൻ പോകുന്ന മാറ്റത്തിന്റെ സൂചനകളെ സംവഹിച്ചിരുന്നുവെന്നു് കരുതേണ്ടിയിരിക്കുന്നു. ഇതിലൂടെ നാട്ടുകാരും ബ്രിട്ടീഷുകാരും സൗഹൃദത്തിലായി എന്നു് കരുതേണ്ട, അവർ കളിക്കളത്തെ മുഖാമുഖം കാണാനുള്ള ഒരിടമാക്കി, രണ്ടു കൂട്ടരും തങ്ങളുടേതായ രീതിയിലുള്ള, സവിശേഷമായ പന്തുകളി തുടർന്നു കൊണ്ടിരുന്നു. 1930-കളിൽ ആയിരിക്കാം ഇങ്ങനെ നടന്നതു്. കലാപം കഴിഞ്ഞു് എട്ടോ ഒമ്പതോ കൊല്ലത്തിനു ശേഷം. നാട്ടുകാർ ബൂട്ട് കെട്ടാതെ (ബെയർ ഫൂട്ട്) ബ്രിട്ടീഷുകാരുമായി നടത്തിയ ഫുട്ബാൾ മൽസരത്തിന്റെ ഓർമ്മക്കായി ഒരു ബെയർ ഫൂട്ട് ടൂർണമെന്റ് അടുത്ത കാലം വരെ മലപ്പുറം ഹാജിയാർ പള്ളിയിൽ നടന്നിരുന്നു.

മുപ്പതുകളുടെ ഒടുവിലും നാൽപ്പതുകളുടെ തുടക്കത്തിലുമായി അരീക്കോട്ടു നിന്നു് മലപ്പുറത്തു് പഠിക്കാനെത്തുകയും പിൽക്കാലത്തു് പ്രസിദ്ധമായിത്തീർന്ന അരീക്കോടു് സോക്കറിന്റെ സ്ഥാപകൻ എന്ന ബഹുമതിക്കു് അർഹനാവുകയും ചെയ്ത കാഞ്ഞിരാല മുഹമ്മദലിയുടെ ഓർമ്മകളിലാണു് ബ്രിട്ടീഷുകാരും നാട്ടുകാരും തമ്മിലുണ്ടായ പന്തുകളികളുടെ വിവരങ്ങളും ചിത്രങ്ങളും പച്ച പിടിച്ചു നിന്നിരുന്നതു്. അദ്ദേഹവും ഇന്നില്ല. (2004 ആഗസ്റ്റ് 22-നു് മരിച്ചു). ഒരിക്കൽ മലപ്പുറത്തു് സ്റ്റോറിൽ പട്ടാളക്കാർ ഉപയോഗിച്ചതിനു ശേഷം വിൽക്കുന്ന ചില സാധനങ്ങളുടെ ലേലം നടന്നു. ആ ലേലത്തിൽ ഒരു ഫുട്ബാളും കാറ്റടിക്കുന്ന പമ്പും കാഞ്ഞിരാല മുഹമ്മദലി സ്വന്തമാക്കി. അതുമായി അരീക്കോട്ടെത്തി. ടീമുകളെയുണ്ടാക്കി പന്തു കളി തുടങ്ങി. പിൽക്കാലത്തു് ഖ്യാതി നേടിയ ഫുട്ബാളിലെ ‘അരീക്കോടു് സ്കൂളിന്റെ’ തുടക്കം യഥാർഥത്തിൽ അവിടെ നിന്നാണു്. അദ്ദേഹം മലപ്പുറം സ്കൂൾ, പാലക്കാടു് ഗവ. വിക്ടോറിയാ കോളേജ് എന്നീ ടീമുകളുടെ ക്യാപ്റ്റനായിരുന്നു.
മലപ്പുറം ഫുട്ബാളിൽ നിന്നു് പാക്കിസ്ഥാൻ ഫുട്ബാളിലേക്കും കൈവഴികൾ വെട്ടപ്പെട്ടു. മേൽമുറി സ്വദേശി കുഴിമാട്ടക്കളത്തിൽ മൊയ്തീൻകുട്ടി എന്ന ഇരുമ്പൻ മൊയ്തീൻകുട്ടി എന്ന മലപ്പുറം കുട്ടി (മലപ്പുറത്തു് അദ്ദേഹം ഇരുമ്പൻ എന്നും പാക്കിസ്ഥാനിൽ മലപ്പുറം കുട്ടി എന്നും അറിയപ്പെട്ടു) മലപ്പുറത്തെ ത്രസിപ്പിച്ച കളിക്കാരനായിരുന്നു. മലപ്പുറത്തെ വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച മൊയ്തീൻകുട്ടി 1944-ൽ ഇന്ത്യൻ റോയൽ എയർഫോഴ്സിൽ ചേർന്നു. വിഭജനത്തെത്തുടർന്നു് പാക്കിസ്ഥാനിലേക്കു് പോയി. 1968-വരെ പാക്കിസ്ഥാൻ എയർ ഫോഴ്സ് ടീമിൽ. 1954-ൽ ഫിലിപ്പൈൻസിലെ മനിലയിൽ നടന്ന രണ്ടാമതു് ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി. സിംഗപ്പൂരിനെതിരെ നടന്ന മൽസരത്തിൽ പാക്കിസ്ഥാൻ 6-2-നു് ജയിച്ചു. അതിൽ ഒരു ഗോൾ സ്കോർ ചെയ്തതു് ഇരുമ്പനായിരുന്നു.
പാക്കിസ്ഥാൻ എയർഫോഴ്സിൽ നിന്നു് വിരമിച്ച ശേഷം 15 വർഷം പാക്കിസ്ഥാൻ ടീമിന്റെ കോച്ചായിരുന്നു. ബെസ്റ്റ് സ്പോർട്സ് പേഴ്സൺ അവാർഡ് ജനറൽ യഹിയഖാനി ൽ നിന്നും ലഭിച്ചു. 81-ാം വയസ്സിൽ (2005, 20 ഡിസംബർ) കറാച്ചിയിൽ മരിച്ചു. വണ്ടൂർ സ്വദേശിയായ അൻവർ എന്നൊരു കളിക്കാരനും പാക്കിസ്ഥാൻ ടീമിൽ അംഗമായിട്ടുണ്ടു്. രണ്ടു് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ അരനൂറ്റാണ്ടു് പിന്നിട്ട കാദർ ആന്റ് മുഹമ്മദലി സ്പോർട്സ് ക്ലബ്ബ് രണ്ടു പ്രധാന ഫുട്ബാളർമാരുടെ സ്മരണയിലാണു് പ്രവർത്തിക്കുന്നതു്. കാദറും മുഹമ്മദലിയും 30-ാം വയസ്സിൽ മരിച്ചവരാണു്. 1961-ൽ. കാദർ ടൈഫോയ്ഡ് ബാധിച്ചും മുഹമ്മദലി പാമ്പുകടിയേറ്റും മരിച്ചു. രണ്ടു പേരും മരിച്ചതു് 25 ദിവസത്തെ ഇടവേളയിലായിരുന്നു. കാദർ കോഴിക്കോടു് യങ്മെൻസ് ക്ലബ്ബ്, മലബാർ ഹണ്ടേസ്, കണ്ണൂർ ലക്കിസ്റ്റാർ എന്നീ ടീമുകളിൽ കളിച്ചു. 1955-ൽ ബോംബെ റോവേസ് ക്ലബ്ബ് ടൂർണമെന്റിൽ ആദ്യമായി മലബാറിനു് വേണ്ടി ജഴ്സിയണിഞ്ഞു. ആ മൽസരത്തിൽ ഹൈദരാബാദ് ടീമുമായി നടന്ന മൽസരത്തിൽ കാദറിന്റെ പ്രകടനത്തെക്കുറിച്ചു് ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ റിപ്പോർട്ടുകളിൽ സവിശേഷ പരാമർശങ്ങളുണ്ടായിരുന്നു.

മുഹമ്മദലി കോഴിക്കോടു് യങ്ങ്മെൻസ്, കണ്ണൂർ ലക്കി സ്റ്റാർ, എം. ആർ. ഇ എന്നീ ടീമുകൾക്കുവേണ്ടി കളിച്ചു. വളരെച്ചെറിയ പ്രായത്തിൽ മരിച്ചുവെങ്കിലും പെരിന്തൽമണ്ണയിലെ എക്കാലത്തേയും ഫുട്ബാൾ ഹീറോമാർ ഇവരാണു്. അവരുടെ കളി അഴകിനെക്കുറിച്ചുള്ള കഥകൾ പല തലമുറകൾ കൈമാറി വന്നു് ഇന്നു് ഇവിടെയുള്ളവരുടെ ഇടയിൽ സജീവമായി നില കൊള്ളുന്നു.
പെരിന്തൽമണ്ണയിലെ പഴയകാല ഫുട്ബാളർമാരിൽ ചാത്തൻനായർ, എസ്. ബാലൻ, അടിയോളിയിൽ കേശവൻ, ചിന്നൻ എന്നിവരെക്കുറിച്ചും നിരവധി ഓർമ്മകൾ പഴയ തലമുറ പങ്കുവെക്കാറുണ്ടു്. പെരിന്തൽമണ്ണയുടെ കളി രീതിയും മലപ്പുറത്തുകാരുടെ ശൈലിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടു്. ഒരേ ജില്ലയിലാണെങ്കിലും തീർത്തും വിഭിന്നമായ രണ്ടു് ഫുട്ബാൾ സ്കൂളുകൾ.
ഫുട്ബാളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരസ്യമാക്കപ്പെടും എന്നതിനു് പെരിന്തൽമണ്ണയിൽ നിന്നും മികച്ച സെവൻസ് കളിക്കാരനുമായി ബന്ധപ്പെട്ട ഒരുദാഹരണമുണ്ടു്. ഉസ്മാൻക്ക എന്ന കളിക്കാരൻ ചോയി ഉസ്മാൻ എന്ന പേരിൽ അറിയപ്പെട്ട കഥ. ഉസ്മാൻക്ക (ഇന്നില്ല—2000-ത്തിൽ മരിച്ചു) സെവൻസ് ഫുട്ബാളിൽ കത്തി നിൽക്കുന്ന കാലം. ഒരിടത്തു് കളി കഴിഞ്ഞു് കളിക്കാരെല്ലാം അടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയി. കുളി തുടങ്ങി കുറച്ചു കഴിഞ്ഞാണു് അതൊരു അമ്പലക്കുളമാണു് എന്ന കാര്യം മനസ്സിലായതു്. സംഗതി കുഴപ്പമാകാതിരിക്കാൻ സഹ കളിക്കാർ ഉസ്മാൻക്കയെ ചോയി എന്നു് വിളിച്ചു. ഒന്നു വേഗം കുളിച്ചു് കയറൂ ചോയി എന്ന മട്ടിൽ. അവിടെ നിന്നു് രക്ഷപ്പെടാൻ വേണ്ടി മാത്രം പ്രയോഗിച്ച ഉപായം സ്വാഭാവികമായും ചോർന്നു. സെവൻസ് ഫുട്ബാൾ നടക്കുന്ന ഓരോ ഗ്രൗണ്ടിലും ഈ കഥ എത്തി. അങ്ങനെ രഹസ്യമാക്കാൻ തീരുമാനിച്ച കാര്യം അങ്ങേയറ്റം പരസ്യമായി. ഒടുവിൽ അദ്ദേഹത്തിന്റെ പേരു് ഫുട്ബാൾ കമ്പക്കാർ ചോയി ഉസ്മാൻ എന്നാക്കി മാറ്റി. അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ട മറ്റൊരു ഉസ്മാൻ ഫുട്ബാളർ ആയപ്പോൾ അദ്ദേഹം ചോയി ഉസ്മാൻ രണ്ടാമൻ (ജൂനിയർ) എന്നാണു് അറിയപ്പെട്ടതു്.
പാണ്ടിക്കാട്ടെ അതിപ്രശസ്തനായ ഫുട്ബാളറുടെ ജീവിതം പല നിലയിലും അതിശയിപ്പിക്കുന്നതാണു്. സെവൻസ് ഫുട്ബാൾ സീസണിൽ പടക്കുതിര. ഈ കളിക്കാരനുവേണ്ടി സീസണിൽ ക്ലബ്ബുകളും ടീമുകളും പിടിവലി നടത്തും. സീസൺ കഴിഞ്ഞാൽ കടുത്ത മദ്യപാനി. തെരുവിൽ, അരിച്ചാൽ വക്കിൽ ബോധരഹിതനായി വീണു കിടക്കുന്നുണ്ടാകും.
80-കളിൽ മമ്പാട്ടുകാർ പന്തുകളിക്കാരാകാൻ നിലമ്പൂരിൽ നടന്ന ഒരു ഫുട്ബാൾ പരിശീലന ക്യാമ്പ് ഒളിച്ചു കണ്ടതിനെക്കുറിച്ചുമുള്ള കഥകളും മലപ്പുറം ഫുട്ബാൾ ലോറിലുണ്ടു്. മൂന്നു് കളിക്കാരുടെ പ്രായം അടിസ്ഥാനപ്പെടുത്തി ലോകമെങ്ങും ഇന്നു് ഫുട്ബാൾ മൽസരങ്ങളുണ്ടു്. അണ്ടർ 16, അണ്ടർ 12 എന്നിങ്ങനെയുള്ള രീതിയിൽ. മലപ്പുറത്തു് സമീപകാലം വരെ കളിക്കാരുടെ ഉയരം കണക്കിലെടുത്തു് നടത്തുന്ന ടൂർണമെന്റുകൾ ഉണ്ടായിരുന്നു. കളി തുടങ്ങും മുമ്പു് കളിക്കാരുടെയെല്ലാം ഉയരമളക്കും. ഇത്ര അടി ഉയരം എന്നായിരുന്നു കണക്കു്. പ്രായം കണക്കിലെടുക്കാതെ ഉയരം മാത്രം കണക്കിലെടുക്കുന്നതു് പലയിടങ്ങളിലും പ്രശ്നമായതോടെയാണു് ഇത്തരത്തിലുള്ള ടൂർണമെന്റുകൾ ഇല്ലാതായതു്. ഈ രീതി അശാസ്ത്രീയമാണെന്നു് പിൽക്കാലത്തു് മൽസര നടത്തിപ്പുകാർക്കു് തന്നെ ബോധ്യപ്പെടുകയും ചെയ്തു. ഹെഡ്ഡറുകളാണു് ഫുട്ബാളിലെ ഗോൾ സ്കോറിംഗിനുള്ള ഏറ്റവും വലിയ ചതുരുപായമെന്ന തോന്നലാണു് ഉയരം മാനദണ്ഡമാക്കാനിടയാക്കിയതു്. എന്നാൽ മറ്റുകളിക്കാരെ അപേക്ഷിച്ചു് ഉയരം കുറഞ്ഞവർ മികച്ച ഹെഡ്ഡറുകൾ കൂടി സംഭാവന ചെയ്യുന്നു എന്നു് വന്നതോടെ ഇത്തരത്തിലുള്ള മൽസരങ്ങൾ മാഞ്ഞു തുടങ്ങുകയായിരുന്നു.

രണ്ടു ടീമുകളിൽ ഒന്നു് ജഴ്സിയണിയാതെ (ഷോർട്ട്സ് മാത്രം ധരിച്ചു്) മൽസരിക്കുന്ന ചെറിയ ടൂർണമെന്റുകളും ഉണ്ടായിരുന്നു. കൃത്യമായ ജഴ്സിയില്ലാതെ കളിക്കാർ വരുന്ന സന്ദർഭങ്ങളിലാണു് (ഒരേ പോലെയുള്ള ജഴ്സി രണ്ടു ടീമിലുള്ളവരും ധരിച്ചു വരുമ്പോൾ അമ്പയറാണു് ഒരു ടീമിനോടു് ബനിയൻ ഊരി കളിക്കാൻ ആവശ്യപ്പെടുക. ടീമിനെ തിരിച്ചറിയാൻ വേണ്ടിയാണിതു്, ജഴ്സിയണിഞ്ഞ ടീം, അതില്ലാത്ത ടീം എന്നിങ്ങനെയായിരിക്കും തിരിച്ചറിവിനു് വേണ്ടിയുള്ള ആ തരംതിരിവു്. മലപ്പുറത്തെ നാട്ടിൻ പുറങ്ങളിൽ ചെറിയ ക്ലബ്ബുകൾ പങ്കെടുത്തിരുന്ന ടൂർണമെന്റുകളിൽ 90-കളിൽ പോലും ഇത്തരത്തിലുള്ള മൽസരങ്ങൾ നടന്നിരുന്നു. ബൂട്ടും ജഴ്സിയുമില്ലാത്ത കളിക്കാർ ഒട്ടും അപൂർവ്വ കാഴ്ചയുമായിരുന്നില്ല. ഇന്നതു് പാടെ മാറി. കളിയേക്കാൾ വലുതു് കളി നിയമമാണു് എന്ന മട്ടിലേക്കു്, വിപണിയുടെ കൂടി ആവശ്യത്തിലേക്കുള്ള മാറ്റം മലപ്പുറം ഫുട്ബാളിനേയും വലിയ തോതിൽ പിടികൂടി.
മഞ്ചേരിയിലും നിലമ്പൂരിലും ഫുട്ബാൾ മേളകളുടെ സജീവത ഉണ്ടു്. നിലമ്പൂരിലെ ചെമ്പോല നാണി സെവൻസിൽ ഔട്ട് സ്റ്റാൻഡിംഗ് കളിക്കാരിൽ ഒരാളായിരുന്നു. കളിക്കാർ ബസ് കൂലിയല്ലാതെ മറ്റൊന്നും സംഘാടകരിൽ നിന്നു് വാങ്ങരുതെന്നു് വിശ്വസിച്ചയാൾ. കശ്മീരൊഴിച്ചു് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കളിച്ചയാൾ. നമ്മുടെ ഫുട്ബാളിനെ നശിപ്പിച്ചതു് പണത്തിന്റെ അതിപ്രസരമാണെന്നു് വിശ്വസിച്ചയാൾ. നാലു് ‘ഓർമകൾ കേരളം വിടുമ്പോൾ താഷ്കന്റ് സ്റ്റേറ്റ് ടീമിന്റെ പ്രദർശന മൽസരം കണ്ടതു് മനസ്സിലെത്തുന്നു. എന്റെ കൂടെ രാമുകാര്യാട്ടും ഉണ്ടായിരുന്നു. താഷ്കന്റും മോസ്കോ ഡൈനമോ കീവും തമ്മിലുള്ള ആ മൽസരം താഷ്കന്റിലെ ഒരു സ്റ്റേഡിയത്തിലാണു് കണ്ടതു്. പ്രശസ്ത റഷ്യൻ കവി എവ്തുഷൻകോയെ അവിടെവെച്ചു് കാണാനായി. കവിയായല്ല, ഗോൾ കീപ്പറായി.’—എം. ടി. വാസുദേവൻ നായർ (തിക്കോടിയന്റെ ഇടി എന്ന ലേഖനത്തിൽ). എവ്തുഷങ്കോയുടെ ഫുട്ബാൾ ജീവിതത്തെക്കുറിച്ചു് വളരെക്കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്നു് തോന്നുന്നില്ല. എന്നാൽ കവിതക്കും ജീവിതത്തിനുമിടക്കു് അദ്ദേഹം ഗോൾ പോസ്റ്റിന്റെ ഏകാന്തതയിലും കഴിഞ്ഞുവെന്ന വിവരമാണു് എം. ടി ഈ ചെറുലേഖനത്തിലൂടെ നൽകുന്നതു്.

കാസർകോട്ടു് മാപ്പിളപ്പാട്ടിൽ ഫുട്ബാൾ പാട്ടുകൾ എന്ന ഒരു വിഭാഗം തന്നെ ഉണ്ടായിരുന്നു. പത്തോളം പാട്ടുകൾ (പ്രശസ്തമായതും അല്ലാത്തവയും ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ടു്. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നേ കണ്ടെത്താൻ ആയുള്ളൂ. അഹമ്മദ് കുട്ടി ഇസ്മാഈൽ മൊഗ്രാൽ എഴുതിയ മുഹമ്മദൻ സ്പോർട്ടിംഗിനെക്കുറിച്ചുള്ള ‘ഫുട്ബോൾ പാട്ടു്’ ആണതു്. പാട്ടു് എഴുതിയ കവി 1965-ൽ മരിച്ചു. 50-കളുടെ ഒടുവിലോ 1960-കളുടെ തുടക്കത്തിലോ ആണു് ഈ പാട്ടു് എഴുതിയിരിക്കുന്നതു് എന്നാണു് ഊഹിക്കുന്നതു്. ഫുട്ബാളും വെള്ളപ്പൊക്കവും ഈ എഴുത്തുകാരൻ ആവർത്തിച്ചിരുന്ന പ്രമേയമാണെന്നു് പറയുന്നു. 15 ഭാഷകൾ അറിയുമായിരുന്ന ഇദ്ദേഹത്തിന്റെ പാട്ടിൽ പല ഭാഷകളിൽ നിന്നുള്ള വാക്കുകളുടെ പകർപ്പുകൾ കടന്നു വരുന്നു.
കാലിൽ പന്തു് കെണിഞ്ഞാൽ ഗോളാക്കാതെ മേലേ മടങ്ങാത്തവരാണു് മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബിലെ കളിക്കാരെന്നും, ഒരു ഗോളടിച്ചാൽ പിന്നെ ഗോൾ മഴയായിരിക്കുമെന്നും (നിത്തം ഈ ഗോളിന്നു് മറ്റു ഗോളിലേക്കെത്താതെ ഇല്ലാ മടക്കമെ) കവി പാടുന്നു. അഞ്ചു ഭാഷകൾ ചേർന്നതാണു് ഫുട്ബാൾപാട്ടിലെ ‘മലയാളം’. പാട്ടിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു.
രചന: അഹമ്മദ് കുട്ടി ഇസ്മാഈൽ മൊഗ്രാൽ

(കൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിംഗിനെ കുറിച്ചു്)
മുത്ത് സിനഹിതരെ പ്രധാനകൽക്കത്തയിൽ
ഘോഷവിശേഷമേ
മുന്തിയ പാതം പന്താലുള്ള
കളി ചിന്തുവാനെന്തൊരുൻമേഷമേ
സത്ത് മുഹമ്മദ് സ്പോർട്ടിംഗദെന്ന
സൽഗുണരായ കളിക്കാരും
പിന്നെ-മെച്ച ടീമും പല ഭാഗത്തിൽ നിന്നെ
ഫേദർ പലെ വർഗക്കാരുമേ-തന്നെ
പോരാടിക്കളിത്ത അതെല്ലാവും ധാരാളം ജഹിത്തെ
ജേഹത്തെ മുറ്റവരാം ശുജാഇങ്ങൾ
ലാഹോർ ആഫ്രിക്ക സിലോണുമേ
ഡൽഹി ലണ്ടൻ അലിഗർ ബൊമ്പായുമെ മിൽട്ടറി കൽക്കത്തക്കാരുമെ
ദേഹത്തിൻ മേൽ അണുവോളവും
ദയ മോഹം ഇല്ലാത്തവരാകുമേ
ശീലം ഇതുപോലെ അമ്പത്തിരണ്ട്
ടീമുകാരോടു് ജയിത്തവർ നിണ്ട്
ആഹൂ വഹിയത്തതയിൽ പതിനൊണ്ട്
അഞ്ചും കളിക്കാരോടും കളികൊണ്ട്
കാരിശം പിടിത്തെ ശത്രുക്കളും ശൂരിതം മികത്തെ (മുത്ത്സിന)
ശൂരിതമുറ്റവരിൽ ഇകൽ അടി ആറും
ചതുർകളി നേടിയ
തുമ്പില്ലാതെ മറു കൂട്ടരെ മതം
ബമ്പും ബിട്ടു് പിന്നോട്ടോടിയെ
ബാർകുഫിർ എന്നുള്ള ദേശത്തേക്കിവർ
ഏറോപ്ലാനിൽ കേറിപ്പാറിയെ
ബന്ന സൽക്കാരം അനുകൂലിച്ചതിൽ
നന്നെ ബഹുമാനം നേടിയെ
കൂറുവാൻ അളവുമെ മുപ്പത്തിനാല്
കൊല്ലം മുതൽക്കേ തുടങ്ങി ഹിമ്പേല്
നേരെ ജയം മുപ്പത്തിയേഴും ഇക്കാലെ
നേടിയ കപ്പും ചതുർവകയാലെ
എലാരിലും ജയിത്തെ എനി ആരും
ഇല്ലാ എന്നൂഹിത്തെ (മുത്ത് സിനഹിതരെ)
ഇല്ല എന്നൂഹിത്തിരിക്കും ചിങ്കമ്മാർ
നല്ലോണം മാനത്തെ നേടിയ
ഇന്ത്യ മുഹമ്മദൻ ടീമതെന്നു് പേർ
മന്തലമിൽ ശുഹ്റാടിയെ
ചൊല്ലാം പതിനേഴു് പേർകളാണവർ
ദില്ലിൽ ഭയങ്കരം നീക്കിയെ
സുന്ദരിമാർ പതിനൊന്നു് പേർകളെ
ചിന്തും നാമം കവിയാക്കിയെ
കെല്ലും സിംഹപ്പടി ഗോലിൽ താൻ നിന്നാൽ
കൊവിത്തെ നോട്ടങ്ങൾ ബോലിൽ മേൽ തന്ന
വല്ലാത്തെ ഹെഡ്ഡും അടിയും സൂട്ട് എന്നാ
വമ്പൻമാരൊക്കെ നടുങ്ങും താൻ നിന്നാൽ
കേമം ഗോൾകീപറാം ഉസ്മാൻഖാൻ നാമം ധീരധരാം (മുത്ത് സിനഹിതരെ)
ധീരധരാം ശഫിഖാൻ ജമ്മാഖാനും
പേറുക വമ്പമ്മാരുകുമെ
ദിവ്വിയരിപ്പേർകൾ ഫുൾബേക്കിൽ നിന്നാൽ
ഒവ്വരടിക്കു് ബോൾ പാറുമെ
നേരെ ഹവായിൽ പറക്കും പന്തിനെചേരെ
അടിത്തുറ്റു വാരുമെ
നിത്തം ഈ ഗോളിന്നു് മറ്റു
ഗോളിലേക്കെത്താതെ ഇല്ലാ മടക്കമെ
നൂറ് മുഹമ്മദ് ബെച്ചെൻ ഖാൻ തന്നെ
നേശക്കനീ മഹ്ശൂമിൽ തന്നെ
ശൂരിതത്തോടെ ഹാഫ്ബാക്കിൽ നിന്നെ
തുള്ളി അടിക്കും അതിർപ്പം എന്തെന്നെ
ബാറോടെ അടിക്കും ബോലും
ജനം താരിൽ വീണിളക്കും (മുത്ത് സിനഹിതരെ)
താറു് തടയാകളിക്കും ചിങ്കമാർ
ഫോർവേർഡിൽ കയറിപ്പാറുമേ
റഹ്മത്തും അബ്ബാസും ബി. എകാരിവർ
റഹീറും സെലിം ഹെഡ്ഡിൽ പാറുമെ
ഖാരി ഖുർ റഷീദ് അതെന്നവർ
ബാരി ഹിഫ്ളുള്ളോരാകുമേ
കാലിൽ പന്തു് കെണിഞ്ഞാൽ ഗോളാക്കാതെ
മേലേ മടങ്ങാത്തോരാകുമെ
കേറി ഈ ഗ്രൗണ്ടിൽ പറക്കുന്നോരാമെ
കേമം ഒന്നോടൊന്നു് തോൽക്കൂലാതാമെ
പാറും പരുന്ത്പോൽ കാണുന്നോർക്കാമെ
പാട്ടിൽ ചുരുക്കി ഇതൊക്കെ തമാമെ
സുന്ദിരർക്കറിവാൻ അഹ്മദ് കുട്ടി ചിന്തിടെക്കവിയാം
(വടക്കിന്റെ ഇശലുകൾ-സമ്പാദകർ-തനിമ അബ്ദുല്ല, യൂനസ് കട്ടത്തടുക്ക)
1930-കളിൽ മലപ്പുറത്തിന്റെ പല ഭാഗത്തായി ആരംഭിച്ച ഫുട്ബാൾ കളികളും മൽസരങ്ങളും കാണാൻ പോകുന്നവർ സന്ധ്യക്കു് കളി കഴിഞ്ഞു് പന്തം കൊളുത്തി വീടണയാൻ തിടുക്കപ്പെടുമ്പോൾ, കണ്ട കളിയെക്കുറിച്ചു്, കളിക്കാരെക്കുറിച്ചു് നാടൻ പാട്ടുകൾ കെട്ടിപ്പാടുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ആ പാട്ടുകൾ ആരും പകർത്തിവെക്കാത്തതിനാൽ, തലമുറകൾക്കിടെയുള്ള കൈമാറ്റങ്ങൾക്കിടെ മറവിയിലേക്കു് പിൻവാങ്ങിയതിനാൽ, ഫുട്ബാൾ കാണികളുടെ ഭാവന അക്കാലത്തു് എങ്ങനെയാണു് പ്രവർത്തിച്ചതെന്നു് മനസ്സിലാക്കാനുള്ള എല്ലാ വഴികളും ഇന്നു് അടഞ്ഞു പോയിരിക്കുന്നു.
പിൽക്കാലത്തു് ഫുട്ബാൾ ടൂർണമെന്റ് പരസ്യ അനൗൺസ്മെന്റിൽ കാണികളുടെ ഭാവനയിൽ നിന്നു് പകർന്നു് കിട്ടിയ വാമൊഴി സാഹിത്യത്തിന്റെ അംശങ്ങൾ ഉണർത്തെണീക്കുന്നതായി കാണാൻ കഴിയും. ‘ഈറ്റപ്പുലി പോലെ പാഞ്ഞടുത്ത പന്തിനെ ഒരു പൂച്ചക്കുട്ടിയെപ്പോലെ വാരിയെടുത്തു് ഉമ്മ വെക്കുന്ന ഗോളി’ (പന്തുമായി പാഞ്ഞടുക്കുന്ന ഫോർവേഡിനേയും എതിർടീമിലെ ഗോളിയേയും ഒരേ പോലെ പ്രശംസിക്കുന്ന പരസ്യവാചകമാണിതു്, പരസ്യത്തിലെ മികച്ച തന്ത്രങ്ങളിലൊന്നു്) പോലുള്ള നിരവധി പ്രയോഗങ്ങൾ ഈ അടുത്ത കാലം വരെ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സീസണിൽ അനൗൺസ്മെന്റ് ജീപ്പുകളിൽ നിന്നും മൽസരങ്ങൾ നടക്കുന്ന ഗ്രൗണ്ടുകളിലെ അനൗൺസ്മെന്റ് ബോക്സുകളിൽ നിന്നും പുറത്തു വരുമായിരുന്നു. ഫുട്ബാളുമായി ബന്ധപ്പെട്ടു് മാത്രം നിൽക്കുന്ന ഇത്തരത്തിലുള്ള വാമൊഴി സാഹിത്യം ഇന്നു് ലിഖിത രൂപത്തിലേക്കു് മാറ്റപ്പെട്ടിരിക്കുന്നതു് ഫ്ളെക്സ് ബോർഡുകളിലാണു്. അതിലെ വരികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതു് കാണികളുടെ ഭാവനകളും പ്രതിഭയുമാണു്. അതാണു് ഫുട്ബാളിനെ നില നിർത്തുന്നതിൽ മുഖ്യ പങ്കു് വഹിക്കുന്നതു്.
കോപ്പ കബാനയെ കണ്ട്ക്കോ,
ഇല്ലെങ്കിൽ മലപ്പുറത്തേക്ക് ബാ
നിലമ്പൂര്ക്ക് ബാ…
തുടങ്ങിയ, ഏറ്റവും ജനപ്രിയമായി മാറുന്ന ചില വരികളെ, സന്ദർഭങ്ങളെ തങ്ങളുടെ ആവശ്യത്തിനു് ഉപയോഗിക്കുന്ന രീതിയാണു് മലപ്പുറത്തു് എക്കാലത്തും ഫുട്ബാൾ പ്രചരണ സാഹിത്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളതു്. ഒരു പോപ്പുലർ ഗെയിമിന്റെ പ്രചാരണത്തിനു് ഏറ്റവും പോപ്പുലറായ പ്രയോഗങ്ങൾ കടമെടുക്കുക എന്ന രീതി. ഫുട്ബാൾ സാഹിത്യം എന്ന വിഭാഗത്തിൽ പെടുന്ന, ഈ പ്രചരണ സാഹിത്യത്തെക്കുറിച്ചു് പഠിക്കാൻ ആരും മിനക്കെട്ടിട്ടില്ല. എല്ലാം ഫുട്ബാൾ ഭ്രാന്തു് എന്ന വിഭാഗത്തിൽ പെടുത്തി അക്കാദമിക ലോകം തള്ളിക്കളഞ്ഞു. എന്നുമാത്രമല്ല, ഫുട്ബാൾ സാഹിത്യം എന്ന നിലയിൽ പൊതുവിൽ അംഗീകരിക്കപ്പെടേണ്ട ‘കളി എഴുത്തു്’ എന്ന വിഭാഗവും ഇതേ അവഗണന നേരിടുന്നുണ്ടു്. ഫുട്ബാൾ റിപ്പോർട്ടുകൾ, വിശകലന ലേഖനങ്ങൾ, കളിക്കാരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളും പുസ്തകങ്ങളും… അങ്ങിനെ പ്രബലമായ നിലയിൽ ഇവിടെ ഫുട്ബാൾ സാഹിത്യം നില നിൽക്കുന്നുണ്ടു്. അതിൽ നേരത്തെ പറഞ്ഞ പ്രചാരണ സാഹിത്യം ഉൾപ്പെടുന്നില്ല, ഉൾപ്പെടുത്തിയിട്ടുമില്ല. വാമൊഴിയും വരമൊഴിയും തമ്മിലുള്ള അകലം ഇക്കാര്യത്തിലുമുണ്ടു്.

അതിമനോഹരമായ ഒരു പ്രയോഗം ഒരിക്കൽ ഒരു ഫുട്ബാൾ റിപ്പോർട്ടിൽ കണ്ടിട്ടുണ്ടു്. (പയസ് ഫ്രാൻസിസ് മലയാളം എക്സ്പ്രസ്സിൽ എഴുതിയതാണെന്നാണോർമ്മ)—ആ പ്രയോഗം ഇതാണു്—വെണ്ണയിൽ കത്തി പാളുന്നതു പോലെ—എതിരാളികളെ വെട്ടിച്ചു്, പന്തു് ചെത്തിയിടുന്നതു പോലെ മുന്നോട്ടു തള്ളി പെനാൽറ്റി ബോക്സിലേക്കു് ഓടിക്കയറുന്ന ഒരു ഫോർവേർഡിനെക്കുറിച്ചായിരുന്നു ആ പ്രയോഗം. നാലു വാക്കുകളിൽ അതി സമ്പന്നമായ ഭാവനയുടെ തിളക്കം അതിൽ ഓളം വെട്ടി. സാഹിത്യത്തിൽ നിന്നുള്ള കടം കൊള്ളൽ അതിലുണ്ടു്, എന്നാൽ ഒരു ഫുട്ബാൾ സന്ദർഭത്തെ അങ്ങേയറ്റം സാഹിത്യ സമ്പന്നമാക്കാനുള്ള ‘സ്പോർട്സ് ജർണലിസ്റ്റിന്റെ’ സഹൃദയത്വവും അനുവാചകർ തിരിച്ചറിയേണ്ടതുണ്ടു്.
നമ്മുടെ പ്രതിഭാശാലികളായ പ്രധാന കളി എഴുത്തുകാരുടെ രചനകളിലെല്ലാം വലിയ തോതിലുള്ള സാഹിത്യ സ്വാധീനം കാണാം. അവർ പലപ്പോഴും സാഹിത്യത്തിൽ നിന്നുള്ള പ്രശസ്തമായ പ്രയോഗങ്ങളും കടമെടുത്തിട്ടുമുണ്ടു്. എന്നാൽ തിരിച്ചു് അവരുടെ എഴുത്തു് സാഹിത്യ പ്രവർത്തനം കൂടിയാണെന്നു്, ആ നിലയിൽ ഫുട്ബാളിലും ഒരു സാഹിത്യ പ്രവർത്തനമുണ്ടെന്നു് അംഗീകരിക്കാൻ ‘സാഹിത്യ മൗലിക വാദികൾ’ക്കു് ഇനിയും കഴിഞ്ഞിട്ടില്ല. തങ്ങളുടേതും ഒരു നിലയിലുള്ള സാഹിത്യ പ്രവർത്തനമാണെന്ന തോന്നൽ നമ്മുടെ കളി എഴുത്തുകാർക്കും ഉണ്ടെന്നു് തോന്നുന്നില്ല, അങ്ങിനെയുള്ള നിലപാടുകൾ അവർ എടുത്തതിനു് തെളിവുകളും ലഭ്യമല്ല. വിദേശങ്ങളിൽ കളിക്കാരുടെ, സ്പോർട്സ് താരങ്ങളുടെ ജീവചരിത്രവും ആത്മകഥകളും പലപ്പോഴും സാഹിത്യ ക്ലാസിക്കുകൾ എന്ന നിലയിൽ തന്നെ പരിഗണിക്കപ്പെട്ടു പോന്നിട്ടുണ്ടു്. കേരള/മലബാർ/ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചു് മികച്ച നിലവാരം അവകാശപ്പെടാവുന്ന പുസ്തകം മലയാളത്തിലിനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

25 വർഷം പത്രപ്രവർത്തകൻ. മാധ്യമം, മലയാളം ന്യൂസ് (ജിദ്ദ) പത്രങ്ങളിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. യാത്രാ വിവരണത്തിനു് 2010-ൽ ‘മരുഭൂമിയുടെ ആത്മകഥ’ക്കു് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം. കെ. വി. സുരേന്ദ്രനാഥ് പുരസ്ക്കാരം (മരുമരങ്ങൾ), കമലാ സുരയ്യ പ്രതിഭാ പുരസ്ക്കാരം (മരുഭൂമിയുടെ ആത്മകഥ) എന്നിവയും ലഭിച്ചു. കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയായിരുന്നു. മരുഭൂമിയുടെ ആത്മകഥ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥികൾക്കു് പാഠപുസ്തകമായിരുന്നു. അറേബ്യൻ മരുഭൂ യാത്രകളുടെ ഇംഗ്ലീഷ് പുസ്തകം ‘ക്യാമൽസ് ഇൻ ദ സ്കൈ’ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ പ്രസിദ്ധീകരിച്ചു.
ചിത്രങ്ങൾ: അഷ്റഫ് മുഹമ്മദ്