വള്ളത്തോൾ, നാലപ്പാട്ട് എന്നീ പേരുകൾ ഒരേശ്വാസത്തിൽ ഒന്നിച്ചുച്ചരിക്കപ്പെട്ടിരുന്നൊരു കാലം ഉണ്ടായിരുന്നു—ഒരാൾ എവിടെ അവസാനിക്കുന്നു, മറ്റേയാൾ എവിടെ തുടങ്ങുന്നു എന്നു പറവാൻ പ്രയാസമുണ്ടായിരുന്നൊരു കാലം; സാഹിത്യക്കുഴമ്പുകളായ രണ്ടു ഹൃദയങ്ങൾ സ്നേഹാമൃതത്തിൽ അലിഞ്ഞുചേർന്നു് ഒന്നായി ഒഴുകിക്കൊണ്ടിരുന്നൊരു കാലം! അക്കാലത്താണു് ഇവർ രണ്ടുപേരേയും ഞാൻ നേരിട്ടു കണ്ടു പരിചയപ്പെട്ടതു്. ഏതാണ്ടിരുപത്തഞ്ചുകൊല്ലം മുമ്പു്, എന്റെ വിദ്യാർത്ഥിജീവിതം അവസാനിക്കാറായ ഘട്ടം—ഈ സാഹിത്യദൈവതങ്ങളുടെ ദർശനം ‘കണ്ണിനു പുണ്യോത്സവ’ മെന്നു കരുതി ഞാൻ കാത്തിരിക്കയായിരുന്നു. യാദൃച്ഛികമായി അതിന്നൊരവസരം ലഭിച്ചു. വള്ളത്തോളിന്റെ മൂത്തമകളുടെ വിവാഹം സംബന്ധിച്ചുണ്ടായ അടിയന്തിരത്തിൽ പങ്കുകൊള്ളാൻ ഒരു ക്ഷണക്കത്തു് എനിക്കും കിട്ടി. മഹാകവിയുടെ ക്ഷണക്കത്തു കിട്ടുക—അന്നു പേടിച്ചു പേടിച്ചു സാഹിത്യലോകത്തിലേയ്ക്കു് എത്തിനോക്കിക്കൊണ്ടിരുന്ന എനിക്കു് അതെന്തൊരു ഭാഗ്യമായിത്തോന്നി! ആഹ്ലാദത്തിൽ മുഴുകി ആലുവായിൽ നിന്നു ഞാൻ കുന്ദംകുളത്തേയ്ക്കു പുറപ്പെട്ടു. അവിടെച്ചെന്നു കയറിയപ്പോൾ ആദ്യം കണ്ടതാരെയാണെന്നോ—ഉന്മേഷം ഉടലെടുത്തതുപോലെ പ്രസരിപ്പോടുകൂടി ഓടി നടക്കുന്ന നാലപ്പാട്ടിനെ. നോക്കുന്നിടത്തൊക്കെ അദ്ദേഹത്തെ കാണാമായിരുന്നു. അടിയന്തിരത്തിന്റെ വല്ല ചുമതലയും തന്റെ തലയിലുണ്ടെങ്കിൽ അതൊന്നും താനേറ്റിട്ടില്ലെന്ന ഭാവം, ആരേയും ആഹ്ലാദിപ്പിക്കുന്ന സരസ സംഭാഷണം, രണ്ടുമുണ്ടുകൊണ്ടുമാത്രം അലംകൃതമായ കൃശശരീരം, മുഖത്തു സദാപി കളിയാടുന്ന ഹാസഭാവം കലർന്ന പുഞ്ചിരി—ഇങ്ങനെയൊക്കെയാണു് അന്നു്. എന്റെ മനസ്സിൽ പതിഞ്ഞ ചിത്രം. ഞങ്ങളെ തമ്മിൽ പരിചയപ്പെടുത്താൻ പറ്റിയ ഒരാൾ ഞാനൊന്നിച്ചുണ്ടായിരുന്നു—എന്നെ പഠിപ്പിച്ചിട്ടുള്ള ഒരധ്യാപകൻ. അദ്ദേഹം നാലപ്പാട്ടിന്റെ ഒരു സ്നേഹിതനുമാണു്. പെട്ടെന്നു കഴിഞ്ഞു പരിചയപ്പെടൽ. നാലഞ്ചു വാക്കുകളേ ആ ധൃതഗതിക്കാരനിൽനിന്നു പുറപ്പെട്ടുള്ളൂ. അപ്പോഴേയ്ക്കും അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞു. അതിഥികൾ ധാരാളം വന്നുകൊണ്ടിരുന്നൊരു സമയം; വരുന്നവർക്കൊക്കെ ആ കലാരസികൻ തന്റെ മധുരഭാഷണം പങ്കുവച്ചു കൊടുത്തിരുന്നു. അതിലൊരു നല്ല പങ്കുകിട്ടുമെന്നാശിച്ചിരുന്ന ഈയുള്ളവനു വാസ്തവത്തിൽ അന്നു് ഇച്ഛാഭംഗമാണുണ്ടായതു്. ആ ബഹളത്തിൽ അദ്ദേഹത്തെ പിന്നെ കാണാൻ കഴിഞ്ഞില്ല. ഇനിയും കാണണം. കുറെക്കൂടി അടുക്കണം എന്നൊരാശ അന്നേ എന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചു. അനന്തരകാലങ്ങളിൽ പലപ്പോഴായിട്ടു് അതിനവസരം ലഭിക്കുകയുമുണ്ടായി.
ആലുവായിൽ വച്ചുതന്നെ എത്രയോ തവണ ഞങ്ങൾ ഒരുമിച്ചു കൂടിയിട്ടുണ്ടു്; വർത്തമാനംപറഞ്ഞു രസിച്ചിട്ടുണ്ടു്—രസിക്കാൻ ഞാനും രസിപ്പിക്കുവാൻ അദ്ദേഹവും. കേരളത്തിലെ പല സാഹിത്യകാരന്മാരുമായി ഞാൻ സംഭാഷണം ചെയ്തിട്ടുണ്ടു്. എന്നാൽ ഇത്രത്തോളം ഭാഷണചാതുര്യം മറ്റൊരാളിലും കണ്ടിട്ടില്ല. ആലാപമാധുര്യം—അതു വലിയൊരനുഗ്രഹംതന്നെ. ചിലരില്ലേ, വർത്തമാനം പറഞ്ഞു കൊല്ലുന്നവർ! ഈ ‘ബോറ’ന്മാർ വരുന്നതു കണ്ടാൽ വഴിമാറിപ്പോകാൻ തോന്നും. വേറൊരു കൂട്ടരുണ്ടു്—അവർ പറയുന്നതു് ഒട്ടുനേരം കേട്ടുകൊണ്ടിരിക്കാം. പിന്നെ സഹിക്കവയ്യാതാകും. ആദ്യാവസാനം മുഷിപ്പിക്കാതെ കഴിച്ചു കൂട്ടാനും ചിലർക്കു കഴിയും. ഇങ്ങനെ പല തരക്കാരുണ്ടല്ലോ നമ്മുടെയിടയിൽ. എന്നാൽ എത്രകേട്ടാലും മതിവരാത്ത വിധം ചതുരമധുരമായി സംസാരിക്കുവാൻ സമർത്ഥനാണു് നാലപ്പാട്ടു്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര കൂടുതൽ തെളിഞ്ഞുകാണുന്നതു് ഈ സംഭാഷണത്തിലാണു്. മുഖഭാവം, നോട്ടം, കൈവിരലുകളുടെ ഇളക്കം, ഉച്ചാരണരീതി എന്നുവേണ്ടാ എല്ലാറ്റിലുമുണ്ടു് ഒരു പ്രത്യേകത. അതു് അത്യന്തം ആകർഷകമാണുതാനും. കളിയിൽ കാര്യം, കാര്യത്തിൽ കളിയെന്ന മട്ടിലാണു് പോക്കു്. കേട്ടുകൊണ്ടിരിക്കുന്നവർ രണ്ടും തിരിച്ചറിവാൻ വിഷമിക്കും. വിഡ്ഢിത്തം പറയുന്നവരെ കളിയാക്കാനുള്ള കൗതുകം നാലപ്പാട്ടിന്റെ കൂടപ്പിറപ്പാണു്. വാക്കുകൾ ഒരു ചൊറുചൊറുപ്പോടെ പുറത്തു ചാടിക്കൊണ്ടിരിക്കും. ചിലപ്പോൾ നാക്കല്ല കണ്ണാണു് സംസാരിക്കുന്നതെന്നു തോന്നിപ്പോകും. അത്രയ്ക്കു ഭാവസ്ഫുരത്താണു് നോട്ടം. നമ്മൾ മുമ്പിലിരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദൃഷ്ടികൾ ചിലപ്പോൾ നമ്മെ വിട്ടു് അതിദൂരം സഞ്ചരിച്ചു ചക്രവാളത്തിലെവിടേയോ ചെന്നു മുട്ടുന്നുണ്ടെന്നും തോന്നും. ചുരുക്കത്തിൽ കാണാനും കേൾക്കാനും ധാരാളം വകയുണ്ടു് വർത്തമാനം പറയാനിരുന്നാൽ.
ബഹുരസമാണു് നാലപ്പാട്ടുമായി വാദിക്കാൻ. കളിയാക്കിക്കൊണ്ടുതന്നെ അദ്ദേഹം നമ്മെ കാര്യം ഗ്രഹിപ്പിക്കും. ‘പാവങ്ങ’ളുടെ ഒരു നിരൂപണമെഴുതിയപ്പോൾ ശൈലീഭംഗത്തെപ്പറ്റി അതിൽ ഞാനൽപ്പം പറഞ്ഞിരുന്നു. പിന്നൊരിക്കൽ തമ്മിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു് ചോദിക്കയാണു് ‘എന്താണീ ശൈലീഭംഗം, പാതിവ്രത്യഭംഗംപോലെ വല്ലതുമാണോ’ എന്നു്. ആ ഒരൊറ്റചോദ്യവും അതിന്റെ പിന്നിലുണ്ടായ ഹാസ്യംകൊണ്ടു മൂർച്ചകൂട്ടിയ നോട്ടവും എന്നെ ഒന്നു വട്ടം കറക്കി. അതെന്നെ ഇരുത്തി ചിന്തിപ്പിച്ചു. ആ നിരൂപണത്തിൽ ഞാൻ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ മുഴുവൻ ശരിയല്ലെന്നു് എനിക്കു ബോധ്യമായി. വിദേശശൈലീവിവർത്തനത്തിൽ നാലപ്പാട്ടു കൈക്കൊണ്ട നയംതന്നെ സ്വീകാര്യമാണെന്നും തോന്നി. എതിരാളിയെ ന്യായംപറഞ്ഞു മുട്ടുകുത്തിക്കാനുള്ള വിരുതു കുറച്ചൊന്നുമല്ല അദ്ദേഹത്തിനു്. ഒരിക്കൽ ഞങ്ങളുടെ കോളേജിൽ അപ്പൻതമ്പുരാനും വള്ളത്തോളും ഒരു യോഗത്തിൽ സംബന്ധിക്കാൻവന്ന അവസരത്തിൽ കൂടെയുണ്ടായിരുന്ന നാലപ്പാട്ട സംഭാഷണമധ്യേ തമ്പുരാനുമായി ഏറ്റുമുട്ടി. സാഹിത്യമായിരുന്നു വാദവിഷയം. നാലപ്പാട്ടിന്റെ ചില ചോദ്യങ്ങൾക്കു ശരിയായ മറുപടി പറയുവാൻ വഴികാണാതെ തമ്പുരാൻ വിഷമിച്ചു പോയതു് ഇന്നും ഞാനോർക്കുന്നു.
യുക്തിവാദം നാലപ്പാട്ടിനിഷ്ടമാണു്. എന്നാൽ യുക്തിയുടെ മുനകൾകൊണ്ടു് കുത്തിത്തുറക്കാൻ സമ്മതമില്ലാതെ ഭദ്രമായി അടച്ചു സൂക്ഷിച്ചിട്ടുള്ള ഒരു വിശ്വാസപേടകം അദ്ദേഹത്തിനുണ്ടു്. സ്വതന്ത്രചിന്തയുടെ സുന്ദര പടത്തിൽ പൊതിഞ്ഞിട്ടുള്ള ഈ പെട്ടിക്കകത്തു് എന്താണെന്നു കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. തനി യാഥാസ്ഥിതികത്വം അതിനകത്തൊളിച്ചിരിക്കുന്നുവെന്നു വല്ല വിപ്ലവകാരികളും വിളിച്ചുപറഞ്ഞേയ്ക്കുമോ എന്നെനിക്കൊരു പേടി. ഇപ്പോഴത്തെ കാലം അതാണല്ലോ. എണ്ണം പറഞ്ഞ ഒരുത്പതിഷ്ണുവാണദ്ദേഹം. അടുത്തിരുന്നു സംസാരിക്കുമ്പോളേ നാമതറിയൂ. പക്ഷേ, ആ ഉൽപതിഷ്ണുത്വം പ്രസംഗപടഹം മുഴക്കാത്തതായതുകൊണ്ടു് തെറ്റിദ്ധരിക്കപ്പെട്ടേയ്ക്കാം. ഒന്നുകൊണ്ടും ചങ്ങലയിട്ടു പിടിക്കാൻ സാധിക്കാത്ത ഒരു മനസ്സാണു് നാലപ്പാട്ടിന്റേതെന്നല്ലേ നമുക്കു തോന്നുക? ആകാശത്തിൽ പറക്കുന്ന പക്ഷിയെപ്പോലെ അതു് ചിന്താലോകത്തിൽ സ്വച്ഛന്ദ സഞ്ചാരം ചെയ്യുകയാണു്. എന്നാലീ പക്ഷിയുടെ കാലിലും ഒരു ചരടു തൂങ്ങിക്കിടപ്പുണ്ടു്. പഴമയുടെ ചരടെന്നു പറഞ്ഞാൽ അധികം തെറ്റില്ല. ഭാരതീയ വേദാന്തത്തിലാണു് അതു് ചെന്നുമുട്ടുന്നതു്. വേദാന്തഭിത്തികൾക്കുള്ളിൽ തന്റെ തത്ത്വചിന്തയെ പിടിച്ചുനിർത്തി സുരക്ഷിതമാക്കാൻ അദ്ദേഹം യത്നിക്കുകയായിരിക്കാം. അറിയേണ്ടതിന്റെയെല്ലാം അന്തം അതിലാണെന്നാണല്ലോ ഭാരതീയരുടെ വിശ്വാസം. നമ്പൂരിയുടെ പൂണുനൂൽ പൊട്ടിച്ചു കളയാനുപദേശിച്ച നാലപ്പാട്ടിന്റെ ഈ വേദാന്തച്ചരടൊന്നു പൊട്ടിയിരുന്നെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല. എന്റെ ഉപരിപ്ലവബുദ്ധി കൊണ്ടാകാം. ഈയിടെ പ്രൊഫസർ മുണ്ടശ്ശേരിയുടെ വസതിയിൽവച്ചു ഞങ്ങൾ തമ്മിൽ കണ്ടെത്തി. ഏറെക്കൊല്ലങ്ങൾ കഴിഞ്ഞുണ്ടായൊരു സന്ദർശനമാണിതു്. ഇപ്പോളെന്തു ചെയ്യുന്നുവെന്നു ചോദിച്ചതിനു ഹിന്ദുമതത്തെപ്പറ്റി ഒരു വമ്പിച്ച ഗ്രന്ഥമെഴുതാനുള്ള പുറപ്പാടാണെന്നായിരുന്നു മറുപടി. സത്യം പറയട്ടെ, ഞാൻ അമ്പരന്നുപോയി. മനുഷ്യർക്കു പ്രയോജനമുള്ളതെന്തെങ്കിലും എഴുതരുതേ; ആയിരത്തൊന്നു് ആവർത്തിച്ച ക്ഷീരബല—അതു തലയ്ക്കൊന്നാന്തരമാണെങ്കിൽക്കൂടി—ഇനിയും ആവർത്തിക്കണോ എന്നു ചോദിക്കാൻ തോന്നി. കുറച്ചൊന്നു തർക്കിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം പിടിവിടാൻ ഭാവമില്ലെന്നു കണ്ടു ഞാൻ പിൻവാങ്ങി. ഒരു പുതിയ രീതിയിലാണത്രേ അദ്ദേഹത്തിന്റെ ഹിന്ദുമതദർശനം. ആകട്ടെ, കാണാമല്ലോ. ഏതായാലും അവസാനമായി ഒന്നു ഞാൻ പറയാതിരുന്നില്ല—ഒന്നാന്തരം പ്രതിഭ, തിളങ്ങുന്ന ചിന്താശക്തി, അന്യാദൃശ്യമായ സഹൃദയത്വം ഇതെല്ലാം ഒരെത്തും പിടിയുമില്ലാത്ത ഹിന്ദുമതക്കടലിര കലക്കിക്കളയാതെ ഇതുവരെ ചെയ്തതുപോലെ കുറെക്കൂടി പ്രയോജനപ്രദമായ എന്തിലെങ്കിലും വിനിയോഗിക്കണമെന്നു്. അദ്ദേഹം കേൾക്കുമോ ആവോ! അതുമിതും കേട്ടു് എളുപ്പം ഇളകുന്ന കൂട്ടത്തിലല്ല ചങ്ങാതി.
എന്തിനും പോരുന്നൊരു തൂലികയാണു് നാലപ്പാട്ടിന്റേതു്. ഏതെല്ലാം രംഗങ്ങളിൽ അതു് വിളയാടി! ‘ലണ്ടൻകൊട്ടാരത്തിലെ രഹസ്യ’ങ്ങളിൽ നിന്നുയർന്നു ‘പാവങ്ങ’ളെ പരിരംഭണം ചെയ്തു്. ‘കണ്ണുനീർത്തുള്ളി’ തൂകി ‘ചക്രവാളം’ വരെ പോയി തിരിച്ചുവന്നു ‘രതിസാമ്രാജ്യം’ സ്ഥാപിച്ചു് അതങ്ങനെ കേരളീയകലാപ്രശസ്തി പുലർത്തിക്കൊണ്ടു വിജയിക്കുകയാണു്. കല, മതം, ശാസ്ത്രം എന്നേതിലും കൈവയ്ക്കുവാനുള്ള കരുത്തു് അതിനുണ്ടു്. ‘പാവങ്ങളും’ ‘കണ്ണുനീർത്തുള്ളിയും’ മതിയല്ലൊ അദ്ദേഹത്തിന്റെ കവിത്വം തെളിയിക്കാൻ. മലയാളത്തിലെ ഗദ്യത്തിനു് ആദ്യമായൊരു പരിവർത്തനം വരുത്തിയതു പാവങ്ങളിലെ ചമത്കാരഭംഗിനിറഞ്ഞ വാക്യങ്ങളല്ലേ?
നാലപ്പാട്ടിനെ വാർദ്ധക്യം ബാധിക്കയോ! എനിക്കതു വിശ്വസിക്ക വയ്യാ. യുവത്വത്തിന്റെ പുതുമപൂണ്ട ശരീരത്തിൽ, എന്നും പതിനാറു വയസ്സെന്നു തോന്നിക്കുന്നൊരു ഹൃദയം തുള്ളിക്കളിക്കുന്നതായിട്ടാണു് എനിക്കെപ്പോഴും അനുഭവപ്പെട്ടിട്ടുള്ളതു്. തൊണ്ണൂറിനുള്ളിലും ഇരുപത്തഞ്ചിന്റെ ഉന്മേഷം പരിപാലിക്കുന്ന ബർനാർഡ്ഷാ മാത്രമേ ഇക്കാര്യത്തിൽ ഇദ്ദേഹത്തെ തോൽപ്പിക്കുകയുള്ളൂ. വാർദ്ധക്യത്തിന്റെ പിടിയിൽ നിന്നു കുതറിയോടി ഒഴിഞ്ഞുനിൽക്കുന്നോരു മട്ടുണ്ടു് ആ ശരീരത്തിനു്—മനസ്സിനും അങ്ങനെതന്നെ. പക്ഷേ, ഇന്നാൾ തമ്മിൽ കണ്ടപ്പോൾ ഈ മട്ടെല്ലാം അൽപ്പം മാറിയിരിക്കുന്നതു പോലെ തോന്നി. ആകെക്കൂടി ഒരു വാട്ടം, ചിന്താമഗ്നത, അധികഭാഷണ വൈമുഖ്യം ഇങ്ങനെ പലതും എന്റെ ദൃഷ്ടിയിൽപ്പെട്ടു. എന്നാലും അറുപതിനോടടുത്താണു് നാലപ്പാട്ടിന്റെ നിൽപ്പെന്നു് എനിക്കു തോന്നിയില്ല! പറഞ്ഞപ്പോഴേ മനസ്സിലായുള്ളൂ. ക്ഷണനേരത്തേയ്ക്കു് ഒരു ശൂന്യതയിൽ ഞാൻ വീണുപോയി. എത്രനാളിനി ഈ സരസസല്ലാപം കേൾക്കാം, എത്ര നാളീ തൂലിക തുടർന്നു ചലിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ശോകമൂകമായൊരു വിചാരം മനസ്സിലൂടെ കടന്നുപോയി. നാലപ്പാട്ടുമായി സംസാരിച്ചു കൊണ്ടിരിക്കുകയെന്നതു് എന്റെ ചുരുക്കം ചില ജീവിതസന്തോഷങ്ങളിലൊന്നായിത്തീർന്നിട്ടുണ്ടു്. പക്ഷേ, അതിനുള്ള സൗകര്യം ദുർല്ലഭമായേ വന്നു ചേരാറുള്ളൂ. അന്നു് അതു ധാരാളം അനുഭവിച്ചു. ഈ ഷഷ്ടിപൂർത്തി ദിനത്തിൽ—കേരളം മുഴുവൻ കൂപ്പുകൈയോടെ ഈ മഹാകവിക്കു മംഗളമാശംസിക്കുന്ന ഈ സുമുഹൂർത്തത്തിൽ—ഞാനും എന്റെ എളിയ പങ്കു സ്നേഹാദരപുരസ്സരം നിർവ്വഹിച്ചു കൊള്ളുന്നു. സർവ്വസൗഭാഗ്യങ്ങളോടെ അദ്ദേഹം ഇനിയും ചിരകാലം വാഴുമാറാകട്ടെ!![1]
നിരീക്ഷണം
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971
[1] ശ്രീ. നാലപ്പാട്ട് 1954 ഒക്ടോബർ 31-ാം തീയ്യതി നിര്യാതനായി.