നാലപ്പാട്ട് നാരായണ മേനോൻ ദാർശനിക കവി, തത്ത്വചിന്തകൻ, വിലാപകാവ്യകാരൻ, വിവർത്തകൻ, ആർഷജ്ഞാനി പിന്നെ ലൈംഗിക ശാസ്ത്രാവബോധകൻ എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധമേഖലകളിൽ പ്രവർത്തിച്ചു. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യാവസ്ഥകളുടെ പല മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്ഗ്രന്ഥങ്ങളായിരുന്നു.
പൊന്നാനിക്കടുത്തു് വന്നേരിയിലാണു് 1887 ഒക്ടോബർ ഏഴിനാണു് നാലപ്പാട് നാരായണമേനോൻ ജനിച്ചതു്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ഒക്ടോബർ 31-ന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണു്.
- കണ്ണുനീർത്തുള്ളി
- സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട്ട് നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളിൽ ഒന്നാണു്.
- പാവങ്ങൾ
- വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന വിശ്വവിഖ്യാതമായ നോവൽ, 1925-ലാണു് നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതു്. മലയാളവിവർത്തനരംഗത്തെ മഹാസംഭവമായിരുന്ന ഈ വിവർത്തനം, മലയാളഗദ്യശൈലിയെ കാര്യമായി സ്വാധീനിച്ച ഒന്നായി വിലയിരുത്തപ്പെടുന്നു. പാവങ്ങൾ മലയാളിക്ക് തീർത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു. ആ പരിഭാഷ വിൽക്കാൻ മഹാകവി വള്ളത്തോൾ നടത്തിയ ക്ലേശകരമായ ശ്രമങ്ങൾ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണു്.
- ആർഷജ്ഞാനം
- നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസപ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞ നാലപ്പാടൻ തന്നെയാണു് ആർഷജ്ഞാനം രചിച്ചതു്. ഭാരതീയ സംസ്കാരത്തിന്റെ അഗാധതകളിൽ ആഴ്‌ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകൾ എല്ലാ തലമുറകളിലെയും സുമനസ്സുകൾക്കുള്ള സമർപ്പണമാണു്.
- രതിസാമ്രാജ്യം
- ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തിൽ നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തിൽ പ്രചരിപ്പിക്കാൻ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു. മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ ലൈംഗികവിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തിൽ നിന്നും സ്വാംശീകരിച്ച നിരീക്ഷണങ്ങൾ. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് മേന്മയാർന്നതു് നാലപ്പാടന്റെ ഗ്രന്ഥം തന്നെയാണെന്ന് പറയാം.