പഞ്ചവർണ്ണൻ ഗ്രാമത്തിലെത്തിയതു് അസാധാരണമായി ഒന്നും സംഭവിക്കാത്ത ഒരു ദിവസമായിരുന്നു. പകലിന്റെ ആരംഭത്തിൽ അരണ്ട വെളിച്ചത്തിൽ ഒരു മനുഷ്യരൂപം കിഴക്കു് കുന്നിറങ്ങിവരുന്നതു് കണ്ടവരുണ്ടു് എന്നു് പിന്നീടാരൊക്കെയോ പറഞ്ഞു. ആരാലും ശ്രദ്ധിക്കപ്പെടാതെ ഗ്രാമത്തിന്റെ കവലയിൽ പഞ്ചവർണ്ണൻ ഒരു രാവിലെ വന്നെത്തുകയും അവിടെയുള്ള ആലിൻചോട്ടിൽ തന്റെ ഭാണ്ഡത്തിൽ നിന്നും ഒരു തുണി വിരിച്ചു് ഇരിപ്പായി എന്നതുമാണു് സത്യം. തന്നെ ആരെങ്കിലും ശ്രദ്ധിക്കണമെന്ന വിചാരം അയാളെ ബാധിച്ചിരുന്നില്ല. വഴിപോക്കർ ആരെങ്കിലും അയാളെ ഗൗനിച്ചുവെങ്കിൽ അയാളതു് തീർത്തും അവഗണിക്കുകയും ചെയ്തു.
എന്നാൽ പഞ്ചവർണ്ണൻ എങ്ങനെയാണു് ഗ്രാമനിവാസികളുടെ ശ്രദ്ധയിൽപെട്ടതെന്നോ? ഗ്രാമത്തിൽ പുറമേനിന്നു് ആരും വരാറുണ്ടായിരുന്നില്ല. അവിടെനിന്നു് ആരും എങ്ങോട്ടും പോകാറും പതിവില്ല. രാവിലെ ഗ്രാമമുണരുകയും രാത്രി ഉറങ്ങുകയും ചെയ്യും. അങ്ങനെയുള്ള ഗ്രാമത്തിൽ ഒരു നവാഗതൻ എങ്ങനെ ശ്രദ്ധിക്കപ്പെടാതിരിക്കും? അയാളുടെ വരവു് ഗ്രാമനിവാസികൾക്കു് ഒരുതരം കൗതുകമാണുളവാക്കിയതു്. അത്ഭുതംകൊണ്ടാർപ്പുവിളിക്കുകയോ വിദ്വേഷംകൊണ്ടു് ആക്രോശിക്കുകയോ ആരും ചെയ്തില്ല.
കവലയിലെ ചായക്കടക്കാരനാണു് അയാളെ ആദ്യം കണ്ടതു്. ചായപ്പാത്രം അടുപ്പിൽ വെച്ചു് കടയുടെ പകുതിപൊളിഞ്ഞ മുൻവാതിൽ തുറക്കാനായി എത്തിയപ്പോഴാണു് അതുണ്ടായതു്. പുതിയ കച്ചവടസാധ്യത മനസ്സിൽക്കണ്ടു് വാതിൽ തുറക്കാൻ മറന്നു് അടുപ്പിലെ തീ ആളിക്കത്തിച്ചു. ആ തീയിൽ നിന്നും ബീഡി കത്തിച്ചു് ദീർഘമായി വലിച്ചു് സാവധാനം പുക വെളിയിലേക്കു് ഊതിവിട്ടു് നോക്കുമ്പോൾ നവാഗതൻ അകലെയുള്ള ആൽച്ചോട്ടിൽ ഇരുന്നുകഴിഞ്ഞു. ‘ഒരു പണ്ടാരം’ എന്നു പറഞ്ഞു് ചായക്കടക്കാരൻ ഉള്ളിലേക്കു വലിഞ്ഞു. അടുത്തുള്ള കുറ്റിക്കാട്ടിൽ തങ്ങളുടെ അന്നത്തെ സുപ്രധാന പ്രവൃത്തിയായ മലവിസർജനം നടത്താനെത്തിയ രണ്ടു യുവാക്കൾ അതു കേട്ടു് തലയുയർത്തി നോക്കി. അപ്പോൾ അവരും അതുതന്നെ പറഞ്ഞു. ‘ഒരു പണ്ടാരം’. പക്ഷേ, അപ്പോഴും അയാളുടെ വേഷവും മുഖവും ആരും ശ്രദ്ധിച്ചിരുന്നില്ല. അരണ്ട വെളിച്ചത്തിൽ അതു സാധിക്കുമായിരുന്നില്ല. അങ്ങോട്ടുചെന്നു് മനസ്സിലാക്കുവാനുള്ള താൽപര്യം ആർക്കും ഉണ്ടായിരുന്നുമില്ല. കുറച്ചുകൂടി സമയം കഴിഞ്ഞു് നേരം വെളുക്കുകയും അടുത്തുള്ള മുറുക്കാൻകട, വായനശാല എന്നിവ തുറക്കുകയും ചെയ്തപ്പോൾ ഗ്രാമനിവാസികൾ കവലയിലേക്കു വന്നുതുടങ്ങി. തങ്ങളുടെ പ്രഭാതത്തിലെ ചായയ്ക്കും ബീഡിക്കും പത്രത്തിനും കവലയിലേക്കു വരാതെ ഗ്രാമനിവാസികൾക്കു് മറ്റു പോംവഴിയില്ലായിരുന്നു. ചിലർ പത്രത്തിനു മുകളിലൂടെയും ചിലർ ചൂടുചായയുടെ ആവി ഊതിപ്പറപ്പിക്കുന്നതിനിടയിലും മറ്റുചിലർ മുറുക്കാൻകടയിലെ പഴക്കുലകൾക്കിടയിലൂടെയും ആൽച്ചുവട്ടിലിരുന്ന ആഗതനെ സൂക്ഷ്മമായി നിരീക്ഷിച്ചു. പ്രായാധിക്യത്താൽ അക്ഷരംമറന്നവരും കാഴ്ചനഷ്ടപ്പെട്ടവരും അക്ഷരം വായിക്കാനറിയില്ലാത്തവരും അന്നു് പതിവിനു വിപരീതമായി പത്രം വായിച്ചുകേൾക്കാൻ വായനക്കാരനെ സമീപിച്ചില്ല. വായനക്കാരനാകട്ടെ അന്നു് വായനയിൽ പ്രത്യേകതാൽപര്യവുമില്ലായിരുന്നു. ആൽച്ചോട്ടിലിരിക്കുന്നയാളെ ഒന്നുകൂടി നോക്കിയിട്ടു് അവർ ചായക്കടക്കാരനോടു് യോജിച്ചു. ‘ഒരു പണ്ടാരം’.
ഗ്രാമനിവാസികളിലൊരാളാണു് അയാളുടെ വസ്ത്രം ശ്രദ്ധിച്ചതു്. കഴുത്തു മുതൽ പാദം വരെ നീണ്ട കുപ്പായം. തലയിലെ തുണിത്തൊപ്പി കുപ്പായത്തോടു് തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. കുപ്പായത്തിനു് വയലറ്റ്, നീല, പച്ച, മഞ്ഞ, ചുവപ്പു് എന്നീ നിറങ്ങളുണ്ടായിരുന്നു. ഇനിയും നിറങ്ങളുണ്ടായിരുന്നുവെങ്കിൽ അവയുടെ പേരറിയാഞ്ഞു് അയാൾ വിട്ടുകളഞ്ഞു കാണും. അങ്ങനെ പഞ്ചവർണ്ണൻ പണ്ടാരം എന്ന പേരു് അയാൾക്കു് ഏറ്റവും അനുയോജ്യമാണെന്നു് നിവാസികൾ വിശ്വസിച്ചു.

അപ്പോൾ രാവിലെ ചായകുടിക്കാനും ബീഡിവലിക്കാനും പത്രം വായിക്കാനും മറന്നുനിന്ന അവർക്കു് പഞ്ചവർണ്ണനെ കൂടുതൽ അറിയാനുള്ള ജിജ്ഞാസയുണ്ടായി. നിയന്ത്രിക്കാനാവാത്ത ഏതോ ഉൾപ്രേരണയാൽ അവർ സാവധാനം ആൽചുവട്ടിലേക്കു് നീങ്ങി. ഗ്രാമനിവാസികൾക്കപ്പോഴയാളെ കൂടുതൽ വ്യക്തമായി കാണാൻ സാധിച്ചു. ചെമ്പിച്ചുനീണ്ടു് കഴുത്തറ്റമെത്തുന്ന മുടി അലസമായിക്കിടക്കുന്നതു് നേർത്ത തുണിത്തൊപ്പിയിലൂടെ കാണാമായിരുന്നു. മുഖത്തു് ഇരുണ്ടും ചെമ്പിച്ചതുമായ രോമം. നേർത്തു് നീണ്ട ചുണ്ടുകളും തീക്ഷ്ണമായ കണ്ണുകളും. തുളഞ്ഞുകയറുന്ന അയാളുടെ നോട്ടം നിവാസികളെ അസ്വസ്ഥരാക്കാൻ പോന്നതായിരുന്നു. അവർ അടുത്തെത്തിയപ്പോൾ അസ്വസ്ഥമായ അവരുടെ മനസ്സു് തണുക്കാനെന്നോണം പഞ്ചവർണ്ണൻ മൃദുവായി പുഞ്ചിരിച്ചു. എന്നിട്ടു് മനപ്പൂർവ്വമെന്നപോൽ തിരിഞ്ഞു് തന്റെ ഭാണ്ഡത്തിൽ നിന്നും ഒരു സ്ഫടികഗോളം പുറത്തെടുത്തു് മുമ്പിൽ വെച്ചു. പകൽവെളിച്ചം അതിൽ പതിച്ചുണ്ടാകുന്ന ത്രീവ്രമായ പ്രതിപതനപ്രകാശത്താൽ ഗോളത്തിലേക്കു നോക്കിനിന്ന ഗ്രാമനിവാസികളുടെ കണ്ണുകൾ കൂമ്പി. ഗോളാകൃതിയായ ആ സ്ഫടികോപലത്തിൽ നിഗൂഢദൃശ്യങ്ങൾ കാണാമെന്ന തോന്നൽ അവരെ കീഴടക്കി. പ്രചണ്ഡമായ ജിജ്ഞാസ പരൽഗോളത്തിലവരെ പിടിച്ചുനിർത്തിക്കഴിഞ്ഞപ്പോൾ ഒരു സമ്മോഹനക്കാരന്റെ സ്ഫുടതയോടെ മെല്ലെ പഞ്ചവർണ്ണൻ അവരോടായി പറഞ്ഞു; “അടുത്തുവരൂ” മന്ത്രനിബദ്ധരായി അടുത്തേക്കു നീങ്ങുന്ന അവരുടെയിടയിൽ നിന്നൊരുവനെ പഞ്ചവർണ്ണൻ ആംഗ്യംകാട്ടി ക്ഷണിച്ചു. വശ്യമായ ആ കണ്ണുകളുടെ ക്ഷണം നിരസിക്കാനാവാതെ അയാൾ പഞ്ചവർണ്ണന്റെ അടുത്തെത്തി.
ആരോഗ്യമുള്ള ശരീരവും ബലിഷ്ഠങ്ങളായ കരങ്ങളുമുള്ള അയാൾ ചെത്തുകാരനായിരുന്നു. രാവിലേയും വൈകിട്ടും തെങ്ങിൽനിന്നും കള്ളു് ശേഖരിച്ചു് ഷാപ്പിലെത്തിക്കയാണു് അയാളുടെ പ്രവൃത്തി. പഞ്ചവർണ്ണന്റെ നിശ്ശബ്ദമായ പ്രേരണയാൽ ചെത്തുകാരൻ സ്ഫടികഗോളത്തിന്റെ മുമ്പിലെത്തി അതിലേക്കു് നോക്കിനിന്നു. ഗോളത്തിൽ പതിച്ച അയാളുടെ പ്രതിബിംബത്തെ പഞ്ചവർണ്ണൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ക്രമേണ ആ നോട്ടം കൂടുതൽ തീക്ഷ്ണമാവുകയും കണ്ണുകൾ ജ്വലിക്കുകയും ചെയ്യുന്നതു് കണ്ടുനിന്നവരെ ഉത്കണ്ഠാകുലരാക്കി. പഞ്ചവർണ്ണന്റെ ദൃഷ്ടിയിൽ നിന്നും വികിരണം ചെയ്ത ഊർജ്ജത്തിന്റെ പ്രഭാവത്തിൽ ചെത്തുകാരൻ ചേതന നഷ്ടപ്പെട്ട കണ്ണുകളോടെ പകുതിബോധം നശിച്ചു്, ഗോളത്തിലേക്കു തന്നെ നോക്കിനില്ക്കുമ്പോൾ, വശ്യവും, സ്ഫുടവും എന്നാൽ ദൃഢവുമായ സ്വരത്തിൽ പഞ്ചവർണ്ണൻ അയാളോടു് പറഞ്ഞു. “നിങ്ങൾക്കു ജീവിതം നാളെ സന്ധ്യവരെ”.
അവിടെക്കൂടി നിന്നവർക്കു് ആദ്യമായുണ്ടായതു് അവിശ്വാസം കലർന്ന ആശ്ചര്യമായിരുന്നു. തീർച്ചയായും സംഭവിക്കില്ലാത്ത എന്തോ കേട്ടതായി അവർ നടിച്ചെങ്കിലും അടുത്തനിമിഷം തങ്ങളുടെ പ്രതിബിംബം ഗോളത്തിൽ പതിക്കാതിരിക്കാൻ അവർ സാവധാനം മുഖം തിരിച്ചു. ജിജ്ഞാസ കെട്ടടങ്ങി, പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ലാതെ അവർ മെല്ലെ പത്രവായനക്കാരന്റെ അടുത്തെത്തി. ആശങ്കയും ഭയവും ചേർന്ന വികാരം മുഖത്തേൽപ്പിച്ച പിരിമുറുക്കം മറക്കാൻ ചെത്തുകാരൻ ശരിക്കും ശ്രമിക്കുന്നുണ്ടായിരുന്നു. പഞ്ചവർണ്ണന്റെ ആകർഷണവലയത്തിൽനിന്നും മുക്തി നേടിയ ഗ്രാമനിവാസികൾ ആദ്യത്തെ പ്രവചനം തള്ളിക്കളഞ്ഞു. നടക്കുവാൻ സാധ്യത തീരെയില്ലാത്ത ബാലിശമായ ഒന്നായി അവർ അതിനെ വിശേഷിപ്പിച്ചു. ചെത്തുകാരനാകട്ടെ പുതുതായി ധൈര്യം കിട്ടിയപോലെ തീർത്തും അതിനോടു് യോജിക്കുന്നുവെന്നു് ഉറക്കെപ്പറയുകയും ചെയ്തു. എങ്കിലും അയാളുടെ മനസ്സിൽ ഭയവും ആശങ്കയും അപ്പോഴും പതഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
പഞ്ചവർണ്ണന്റെ ആവിർഭാവവും ആദ്യത്തെ പ്രവചനവും വളരെ വേഗം ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. ഏതാനും ചില ഗ്രാമനിവാസികൾ ചൂടുള്ള ആ വാർത്ത തങ്ങളുടെ വീട്ടിലും പരിസരങ്ങളിലും അറിയിച്ചു. അവരുടെ സ്ത്രീകൾ മറ്റു സ്ത്രീകൾ വഴി കൂടുതൽ ആൾക്കാരെയും. അങ്ങനെ ഗ്രാമത്തിലെ പ്രധാനവ്യക്തികളും പൊതുജന സമ്പർക്കമുള്ള പലചരക്കു വ്യാപാരി, ക്ഷുരകൻ, ആശാരിമാർ, സ്വർണ്ണപ്പണിക്കാരൻ, ഗ്രാമത്തിലെ വേശ്യ എന്നിവരും അറിഞ്ഞു. പഞ്ചവർണ്ണനെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി അറിയാൻ ആഗ്രഹിച്ചവർ കവലയിലെ ചായക്കടക്കാരൻ, മുറുക്കാൻ കടക്കാരൻ, ബീഡിതെറുപ്പുകാരൻ, പത്രപാരായണക്കാരൻ എന്നിവരെ തന്നെയാണു് ആശ്രയിച്ചതു്. അങ്ങനെ പഞ്ചവർണ്ണന്റെ വൃത്താന്തം ആധികാരികമായി പ്രചരിപ്പിക്കാൻ പോന്ന ഒരു കേന്ദ്രമായി കവല രൂപാന്തരപ്പെട്ടു. സ്ഥലം സന്ദർശിച്ചിരുന്നില്ലെങ്കിലും തന്റെ പ്രവൃത്തിയുടെ പ്രത്യേകതകളാൽ ഗ്രാമത്തിലെ വേശ്യയ്ക്കും പഞ്ചവർണ്ണന്റെ വിശേഷങ്ങൾ കൃത്യമായി അപ്പപ്പോൾ പറയുവാൻ കഴിയുമായിരുന്നു. ഗ്രാമത്തിലെ എഴുത്താശാൻ കുടിപ്പള്ളിക്കൂടത്തിലെത്തിയ കുട്ടികളുടെ ആവേശംപൂണ്ട സംസാരത്തിൽ നിന്നാണു് പുതിയ വാർത്ത ഗ്രഹിച്ചതു്. തൊട്ടടുത്തുള്ള ഗ്രാമത്തിലെ വേശ്യയോടു് എഴുത്താശാൻ ഇതേക്കുറിച്ചന്വേഷിച്ചു. ശരിയെന്ന മട്ടിൽ തലയാട്ടി പഞ്ചവർണ്ണന്റെ കൂടുതൽ വിവരം പറയുവാനായി അവൾ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു. വിശേഷം ഗ്രഹിച്ചു കഴിഞ്ഞപ്പോൾ എഴുത്താശാന്റെ കീശയിലെ നാണയങ്ങൾ ചോർന്നുപോയിരുന്നു.
ചെത്തുകാരൻ അവിടെനിന്നും നേരെ വീട്ടിലേക്കാണു് പോയതു്. തന്നേക്കാൾ വേഗം വാർത്ത ഗ്രാമത്തിൽ പടർന്നതിനാൽ മറ്റുള്ളവരുടെ ഉത്കണ്ഠയോടും, ദയയോടും, ആശങ്കയോടും മറ്റുമുള്ള നോട്ടം അയാൾക്കു നേരിടേണ്ടി വന്നു. തീർച്ചയായും അതയാളെ കൂടുതൽ ക്ഷീണിതനാക്കി. വീട്ടിൽ ഈ വാർത്തയുടെ നടുക്കത്തിൽ നിന്നും മുക്തി നേടിയിട്ടില്ലാത്ത ഭാര്യയുടെ മ്ലാനമായ മുഖമാണു് അയാളെ എതിരേറ്റതു്. അതുവരെ അമർത്തിവെച്ചിരുന്ന ആശങ്കയും ഭയവും പുകഞ്ഞു് ലോകത്തോടുള്ള വിദ്വേഷമായി. ലോകം ചുരുങ്ങി തന്റെ ഭാര്യയിലേക്കു കേന്ദ്രീകരിക്കുന്നതയാൾ കണ്ടു. അപ്പോൾ ഉന്മാദത്തിന്റെ ലാഞ്ചനയേറ്റ അയാളുടെ ബലിഷ്ഠങ്ങളായ കരങ്ങൾ അവളെ മർദ്ദിച്ചു. അതുകൊണ്ടും കുത്തഴിഞ്ഞ തന്റെ അന്തഃക്ഷോഭങ്ങൾ കെട്ടടങ്ങാത്തതിനാൽ ഏതാനും കോപ്പ മദ്യത്തിൽ അതലിയിച്ചുകളയാനായി അയാൾ ശ്രമിച്ചു. പരാജിതനായി ക്ഷീണിച്ചു് ഉന്മാദം പിടിപെട്ടു് അയാൾ വീട്ടിനുള്ളിലേക്കു് ചുരുങ്ങി.
ഇതിനിടെ ജിജ്ഞാസുക്കളായ മറ്റു ഗ്രാമനിവാസികൾ കൂട്ടം ചേർന്നു് പഞ്ചവർണ്ണനെക്കാണാൻ പോയി. അന്നേദിവസം സന്ധ്യവരെവന്ന പലരിൽ നിന്നും മൂന്നുപേർക്കുകൂടി പഞ്ചവർണ്ണൻ ആയുസ്സു് നിശ്ചയിച്ചു കഴിഞ്ഞിരുന്നു. ഗ്രാമത്തിലെ ചെറുകിട മോഷ്ടാവിനു് അന്നുമുതൽ രണ്ടു ദിവസവും, സ്വർണ്ണപ്പണിക്കാരനു് മൂന്നു ദിവസവും കല്ലാശാരിക്കു് നാലുദിവസവുമാണു് പഞ്ചവർണ്ണൻ കല്പിച്ചതു്. അന്നത്തെ സന്ധ്യയിൽ നിഴലുകൾ നീണ്ടുവന്നപ്പോൾ ഭീതിയുടെ മുഖഛായ ഗ്രാമനിവാസികൾ കണ്ടു. കാറ്റിനു് വേഗം കുറയുകയും തെങ്ങോലകൾ ക്രമേണ നിശ്ചലമാകുകയും ചെയ്തു. രാത്രിയിൽ ചേതനയില്ലാതെ എരിയുന്ന ചെറുനാളങ്ങളോടെ മണ്ണെണ്ണവിളക്കുകൾ ഗ്രാമത്തിൽ പടർന്നിരുന്ന ദുഃഖം വിളിച്ചറിയിച്ചു. അടക്കിപ്പിടിച്ച ശബ്ദങ്ങളും നിശ്വാസങ്ങളും അതിനു് ആക്കം കൂട്ടി.
തുടർന്നുവന്ന പ്രഭാതത്തിൽ ജിജ്ഞാസയേക്കാൾ ആശങ്ക പൂണ്ട ഗ്രാമനിവാസികൾ കവലയിൽ ഒത്തുകൂടി. അതുവരെയുള്ള വാർത്തകൾ ചായക്കടക്കാരനിൽ നിന്നും, പത്രവായനക്കാരനിൽ നിന്നും കേട്ടറിഞ്ഞു് ഗൗരവമായ ചർച്ച ആരംഭിച്ചു. അകലെ മരച്ചോട്ടിൽ പഞ്ചവർണ്ണൻ ഇരിക്കുന്നതു് കാണാമായിരുന്നെങ്കിലും അങ്ങോട്ടു നോക്കാൻ ആർക്കും ഉൾക്കരുത്തുണ്ടായിരുന്നില്ല. പഞ്ചവർണ്ണന്റെ പ്രവചനങ്ങൾ നടക്കാത്തതും പൊള്ളയായതുമാണെന്നു് ഒരിക്കൽക്കൂടി അവർ തീരുമാനിച്ചു. തങ്ങളോടൊപ്പമുണ്ടായിരുന്ന ചെത്തുകാരനു് ആരോഗ്യത്തിനു് യാതൊരു കോട്ടവുമുണ്ടായിട്ടില്ലെന്ന കാര്യം അവർ പ്രത്യേകം സ്മരിച്ചു. അതിനിടെ പഞ്ചവർണ്ണൻ മനുഷ്യനാണെന്നും, അല്ലെന്നുമുള്ള വാദഗതികൾ ഉണ്ടായതിനാൽ ദിവസം മുഴുവൻ അയാളെ ശ്രദ്ധിക്കാൻ ഏതാനും പേരെ സംഘം ചുമതലപ്പെടുത്തി. അവർ ദൂരെയും അടുത്തും നിന്നു് പഞ്ചവർണ്ണനെ നിരീക്ഷിച്ചുകൊണ്ടിരിക്കും. പഞ്ചവർണ്ണൻ തൊടുത്തുവിട്ട പുതിയ കൊടുങ്കാറ്റു് ഗ്രാമത്തലവനെ അറിയിക്കാനും ഗ്രാമനിവാസികൾ ഒരു സംഘത്തെ നിയമിച്ചു. ഈ സംഘം ഗ്രാമത്തലവനെ സന്ദർശിച്ചെങ്കിലും പ്രത്യേക തെളിവൊന്നുമില്ലാതെ എങ്ങുനിന്നോ വന്നെത്തിയ സാധു പണ്ടാരത്തെ വിരട്ടി ഓട്ടിക്കാനോ ഉപദ്രവമേൽപ്പിക്കാനോ ഗ്രാമത്തലവൻ മടിച്ചു. മാത്രമല്ല ഗ്രാമനിവാസികളുടെ അനിർവ്വചനീയവും അവ്യക്തവുമായ ഏതോ ഭീതിയായി മാത്രമേ പ്രശ്നത്തെ ഗ്രാമത്തലവനു കാണാൻ കഴിഞ്ഞുള്ളൂ. കാത്തിരുന്നു കാണുക എന്ന നയം അദ്ദേഹം സ്വീകരിച്ചു. ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ കൂട്ടായും അല്ലാതെയും ഇതേക്കുറിച്ചു് ചർച്ചകളും തർക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും പഞ്ചവർണ്ണൻ തന്റെ വശ്യമായ പുഞ്ചിരിയും ആകർഷകവും തീക്ഷ്ണവുമായ നോട്ടവുമായി ഗ്രാമനിവാസികളെ ആകർഷിച്ചുപോന്നു. ഒളിച്ചും പതുങ്ങിയും അവർ പഞ്ചവർണ്ണനെ കാണുകയും അയാളുടെ ചുണ്ടുകളിൽ വിരിയുന്ന നേർത്ത പുഞ്ചിരിയിൽ മോഹിതരാവുകയും ചെയ്തുകൊണ്ടിരുന്നു. അന്നു സന്ധ്യയായപ്പോഴേക്കും പുതിയ രണ്ടുപേർക്കുകൂടി സ്ഫടികഗോളത്തിലൂടെ തങ്ങളുടെ ജീവിതാവസാനം നിശ്ചയിച്ചു കൊടുത്തിരുന്നു. ഗ്രാമത്തിൽ മുട്ട കച്ചവടം ചെയ്തു ജീവിച്ചു പോന്ന മദ്ധ്യവയസ്സനു് അന്നുമുതൽ നാലുദിവസവും ബന്ധുക്കളിൽ നിന്നും വേർപെട്ടു് കടത്തിണ്ണകളിൽ ഉറങ്ങുന്ന ചട്ടുകാലൻ വൃദ്ധനു് അഞ്ചുദിവസവും.
യഥാർഥത്തിൽ ഗ്രാമം നടുങ്ങിയതു് അന്നു സന്ധ്യയ്ക്കാണു്. ആദ്യമൊക്കെ ഗ്രാമനിവാസികൾക്കു് അതു് ശരിക്കും മനസ്സിലായിരുന്നില്ല. ഗ്രാമത്തെ നടുക്കിയതു് പതിവിനു വിപരീതമായി കിഴക്കുനിന്നും പടിഞ്ഞാറേക്കു് ഒഴുകിയ കാറ്റാണു്. വേഗത്തിൽ വന്നുകൊണ്ടിരുന്ന കാറ്റിനു് മനുഷ്യരക്തത്തിന്റെയും മദ്യത്തിന്റെയും മണമുണ്ടായിരുന്നു. ഗ്രാമത്തിലെ മദ്യഷാപ്പുകാരനും അറവുകാരനുമാണു് ഇതിലെ പന്തികേടു് ആദ്യം മനസ്സിലാക്കിയതു്. അവർ പുതുതായി കാറ്റുകൊണ്ടുവന്ന ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ചു് കിഴക്കോട്ടു് പാഞ്ഞു. ഗ്രാമത്തിന്റെ കിഴക്കറ്റത്തു് ചെത്തുകാരൻ തെങ്ങിൽനിന്നും തലകറങ്ങി വീണു് മരിച്ചുകിടന്നു. അയാളുടെ കത്തി ശരീരത്തിൽ തുളച്ചുകയറി ശരീരം പിളർന്നിരുന്നു. കള്ളു് ശേഖരിക്കുന്ന കുടം കമിഴ്‌ന്നു് മണ്ണു് നനഞ്ഞിരുന്നു. ഇതു കണ്ടു് അവർ ഗ്രാമത്തെ ഉണർത്തി. കവലയിലെ ചായക്കടക്കാരനും മുറുക്കാൻകടക്കാരനും പത്രവായനക്കാരനും അറിഞ്ഞു. ഗ്രാമത്തിലെ പ്രധാന വ്യക്തികളും, വേശ്യയും അറിഞ്ഞു് ഭയന്നു. ആ രാത്രിയിലെ ഗ്രാമത്തിന്റെ നിദ്ര കാറ്റിൽ ഒഴുകിപോയി. ഇനിയുള്ള നാളിൽ മരണം നിശ്ചയിച്ചു വെച്ചിരുന്നവരുടെ വീട്ടിൽ ദുഃഖത്തിന്റെ തീനാളം കത്തിനിന്നു. അവരുടെ ഉറക്കമില്ലാത്ത രാത്രികൾക്കു് പ്രകാശം പകരാൻ അവയ്ക്കു് സാധിച്ചില്ലെങ്കിലും മനുഷ്യച്ചോരയുടേയും മദ്യത്തിന്റെയും മണമുള്ളകാറ്റിനു് അതിനെ നശിപ്പിക്കുവാനും സാധിച്ചില്ല. പഞ്ചവർണ്ണനെ സൂക്ഷ്മമായി ശ്രദ്ധിക്കുവാൻ നിയോഗിക്കപ്പെട്ടിരുന്ന രണ്ടുപേർ നടുക്കത്തോടെയാണു് ആ രാത്രി പിന്നിട്ടതു്. ഒളിച്ചും പതുങ്ങിയും പഞ്ചവർണ്ണന്റെ ശ്രദ്ധയിൽ പെടാതെ അവർ ദൂരെ മാറിനിന്നു. പലരുടെയും മരണം കൃത്യമായി കുറിച്ചുകൊടുത്ത അയാൾ തങ്ങളെ ശ്രദ്ധിക്കാതെ വിട്ടതു് നന്ദിപൂർവ്വം അവർ ഓർത്തു. അന്നുമുതൽ ജീവിക്കുവാൻ വീണ്ടും ഒരു ഊഴവും കൂടി ലഭിച്ചതിൽ അവർ പഞ്ചവർണ്ണനോടു് കടപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പഞ്ചവർണ്ണനെ ശ്രദ്ധിക്കുന്ന കാര്യത്തിലും തികഞ്ഞ ഉദാസീനതയാണു് പ്രകടിപ്പിച്ചിരുന്നതു്. വലിയ ഒരു തുണിക്കെട്ടുപോലെ ഇരുളിൽ കാണാമായിരുന്ന പഞ്ചവർണ്ണനെക്കുറിച്ചു് അവർക്കൊന്നും പഠിക്കുവാൻ ഏതായാലും സാധ്യമായിരുന്നില്ല.
പിറ്റേന്നു് പുലർന്നതു് ഗ്രാമം ഒരു എകാധിപതിയായ പട്ടാളമേധാവിയുടെ ഭരണത്തിലായെന്ന മട്ടിലാണു്. ഗ്രാമത്തിന്റെ ഭരണം ഗ്രാമത്തലവനിൽനിന്നും ചോർന്നുപോയതായും പഞ്ചവർണ്ണനിൽ വന്നുചേർന്നതായും കവലയിൽ കൂടിയ ഗ്രാമവാസികൾക്കു തോന്നി. പഞ്ചവർണ്ണനെ നോക്കുവാനോ അയാളെക്കുറിച്ചു് സംസാരിക്കുവാനോ ഭയന്ന ഗ്രാമവാസികൾക്കപ്പോഴും ഉത്കണ്ഠയും ജിജ്ഞാസയും കലർന്ന വികാരം മുമ്പിട്ടുനിന്നു. അന്നു രാത്രിയിൽ ഒരു ഭവനഭേദനം ചെയ്യുന്നതിനിടയിൽ ഗ്രാമത്തിലെ ചെറുകിട മോഷ്ടാവു് കുത്തേറ്റു് മരിച്ചുവീണു. അയാൾ അപ്പോൾ ഒരു പറ്റം വെള്ളി ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ആ രാത്രിയിലെ കാറ്റിനു് മനുഷ്യരക്തത്തിന്റെയും വെള്ളിയുടെയും മണമുണ്ടായിരുന്നു. ഗ്രാമത്തലവൻ ഇതിനു പരിഹാരം കണ്ടുപിടിക്കേണ്ടതാണെന്ന ഏകാഭിപ്രായത്തിലാണു് ഗ്രാമനിവാസികൾ അടുത്ത ദിവസമെത്തിയതു്. പഞ്ചവർണ്ണൻ ഗ്രാമത്തെ കുടുക്കിയിരിക്കുന്ന മാന്ത്രികവലയത്തിൽ നിന്നും തങ്ങളെ രക്ഷിക്കേണ്ട ചുമതല ഗ്രാമത്തലവനാണെന്ന പ്രഖ്യാപനം വന്നു, പിന്നാലെ. ഗ്രാമത്തലവനാകട്ടെ തികഞ്ഞ നിഷ്ക്രിയത്ത്വവുമായാണു് ഇതിനെ നേരിട്ടതു്. പഞ്ചവർണ്ണനെ നേരിടുന്നതിനുള്ള ഭയമായിരുന്നു അയാൾക്കു്. ഗ്രാമം നേരിടുന്ന ഗുരുതരമായ വൈകാരികപ്രശ്നത്തിൽനിന്നും ഒഴിഞ്ഞുനിന്ന അയാളെ നേർവഴിക്കുകൊണ്ടുവരാൻ നിവാസികൾ മറ്റൊരുപാധി കണ്ടുപിടിച്ചു. പതിവുപോലെ വൈകിട്ടു് തന്റെയടുത്തെത്തിയ ഗ്രാമത്തലവനെ സ്ത്രൈണമായ തന്റെ കഴിവുകൾകൊണ്ടു് ഗ്രാമത്തിലെ വേശ്യ ബോധവാനാക്കി. പഞ്ചവർണ്ണനുമായി ഉടൻ ഏറ്റുമുട്ടുമെന്ന തീരുമാനവുമായി ഗ്രാമത്തിലെ വേശ്യയുടെ വീടിനുള്ളിലേക്കു് വിരമിക്കുമ്പോൾ അന്നത്തെ കാറ്റിനു് സ്വർണ്ണത്തിന്റെയും സൈനൈഡിന്റേയും മണമുണ്ടെന്നു് അവരും ഗ്രാമവാസികളും ശ്രദ്ധിച്ചു. അതു് ഗ്രാമത്തിലെ സ്വർണ്ണപ്പണിക്കാരന്റെ മരണം സൂചിപ്പിക്കുന്നതായിരുന്നു.
പഞ്ചവർണ്ണനെ നേരിടാൻ തന്നെ ഗ്രാമത്തലവൻ നിശ്ചയിച്ചു. അയാൾ മനുഷ്യനാണോ അല്ലയോ എന്നുള്ള തർക്കം അപ്പൊഴും അവസാനിച്ചിരുന്നില്ല. അയാളുടെ മുഖത്തുനോക്കിയ ആർക്കും അയാളോടു് സ്നേഹവും ആദരവും ചേർന്ന വികാരം മാത്രമേ തോന്നിയിരുന്നുള്ളു. എങ്കിലും ഗ്രാമത്തിലെ ജീവിതത്തെ അടിച്ചുടച്ചു് അതിലെ നിവാസികൾക്കു് വൈകാരികപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന പഞ്ചവർണ്ണനെ അവിടെനിന്നും പറഞ്ഞയക്കേണ്ടിയിരിക്കുന്നുവെന്നു് തീരുമാനമായി.

അടുത്ത നാളിൽ ഗ്രാമത്തലവൻ ആരോഗ്യദൃഢഗാത്രനായ തന്റെ കിങ്കരന്മാരുമായി ആൽച്ചുവട്ടിലെത്തി. ദൂരെ കവലയിൽ ഒരു സംഘം ഗ്രാമനിവാസികൾ രംഗം നോക്കിനിൽപ്പുണ്ടായിരുന്നു. അവർ പഞ്ചവർണ്ണനിലോ സ്ഫടികഗോളത്തിലോ ദൃഷ്ടി പതിപ്പിക്കാതെ നിന്നു വെറുതെ. പത്രവായനക്കാരൻ പത്രം മടക്കി ബഞ്ചിൽ നിക്ഷേപിച്ചു. ബീഡിതെറുപ്പുകാരൻ ഇലയും ചുക്കായും മാറ്റിവച്ചു. ചായക്കടക്കാരൻ ചായപ്പാത്രത്തിന്റെ തീ താഴ്ത്തിവെച്ചു. ഗ്രാമത്തെ തഴുകിക്കൊണ്ടിരുന്ന കാറ്റു് വേഗം കുറഞ്ഞു് ഇല്ലാതായി. ഇലകൾ നിശ്ചലമാകുകയും പക്ഷികൾ നിശ്ശബ്ദരാകുകയും ചെയ്തു.
ഗ്രാമത്തലവൻ അടുത്തെത്തിയപ്പോൾ പഞ്ചവർണ്ണൻ വശ്യമായി പുഞ്ചിരിച്ചു. നേർത്ത പുഞ്ചിരിയെ കൂസാതെ നിൽക്കുന്ന ഗ്രാമത്തലവന്റെ മുന്നിലേക്കു് അയാൾ സ്ഫടികഗോളം നീക്കിയിട്ടു് ഗ്രാമത്തലവന്റെ പ്രതിബിംബം ആവാഹിച്ചെടുക്കുന്ന മട്ടിൽ സൂക്ഷ്മമായി അതിലേക്കു നോക്കി പഞ്ചവർണ്ണൻ നിശ്ചലമായി നിന്നു. ആ നില കണ്ടു് അസ്വസ്ഥനായ ഗ്രാമത്തലവൻ എന്തോ ചീത്ത ശകുനം കണ്ടെന്നപോലെ രോഷാകുലനായി. ആ രോഷാഗ്നിക്കു് പഞ്ചവർണ്ണനെ സ്പർശിക്കാൻപോലും കഴിവില്ലായിരുന്നു. ഇതു് ഗ്രാമത്തലവനെ കൂടുതൽ രോഷാകുലനാക്കുകയാണു് ചെയ്തതു്. പഞ്ചവർണ്ണൻ തന്റെ നേർത്ത ചുണ്ടുകൾ ചലിപ്പിച്ചു് നേർത്ത പുഞ്ചിരിയോടെ പറഞ്ഞു. “നിങ്ങൾക്കു് രണ്ടു് സൂര്യോദയം കൂടി. മൂന്നാമത്തെതിനുമുമ്പു് നിങ്ങൾ അവസാനിക്കും.” ഗ്രാമത്തലവനെ ധിക്കരിക്കാൻപോന്ന പഞ്ചവർണ്ണനെ പിടിച്ചുകെട്ടാൻ അയാൾ കിങ്കരന്മാരോടു് ആജ്ഞാപിച്ചു. അവർ മടിച്ചുനിന്നപ്പോൾ ശബ്ദമുയർത്തി ഗ്രാമത്തലവൻ അവരോടു് കർശനമായും വ്യക്തമായും ആജ്ഞാപിച്ചു. “ഇയാളെ പിടിച്ചുകെട്ടി ഈ ആൽമരച്ചോട്ടിൽ ജീവനോടെ കുഴിച്ചുമൂടുക.” ക്രൂരമെങ്കിലും ന്യായമായ ശിക്ഷയാണതെന്നു് ഗ്രാമനിവാസികളിൽ കൂടുതൽപേരും കരുതി. തനിക്കു വിധിച്ച ശിക്ഷകേട്ടു് പഞ്ചവർണ്ണൻ തന്റെ വശ്യമായ പുഞ്ചിരി പൊഴിച്ചുകൊണ്ടിരുന്നതേയുള്ളൂ. കിങ്കരന്മാർ പിടിച്ചുകെട്ടുന്നവേളയിൽ പഞ്ചവർണ്ണന്റെ കണ്ണുകൾ കൂടുതൽ തേജോമയമായി. സ്ഫടികഗോളം കൂടുതൽ പ്രകാശമാനമായിത്തോന്നി. സ്വമേധയാ കീഴടങ്ങുംപോലെനിന്ന പഞ്ചവർണ്ണനെ കയറാൽ മുറുകെ കെട്ടി അരയാൽച്ചോട്ടിൽ നിക്ഷേപിച്ചു. എന്നിട്ടു് കിങ്കരന്മാർ അയാൾക്കുള്ള കുഴിമാടത്തിന്റെ പണി ആരംഭിച്ചു. അന്നു് വൈകുന്നേരം ആയപ്പോൾ വിശാലമായ കുഴിമാടം തയ്യാറായി. ഗ്രാമത്തലവനും ഗ്രാമത്തിലെ പ്രധാന വ്യക്തികളും കുഴിമാടം സന്ദർശിച്ചു് തങ്ങളുടെ അംഗീകാരം അറിയിച്ചു. അപ്പോഴും ഗ്രാമത്തെ തഴുകികൊണ്ടിരുന്ന കാറ്റു് ഇല്ലാതായിരുന്നു. ഇലകൾ നിശ്ചലമായിരുന്നു. പക്ഷികൾ നിശബ്ദമായിരുന്നു. സന്ധ്യയായപ്പോൾ കിങ്കരന്മാരൊത്തുചേർന്നു് പഞ്ചവർണ്ണനെ കുഴിയിലേക്കിറക്കി. തുടർന്നു് അയാളുടെ ഭാണ്ഡവും സ്ഫടികഗോളവും. പഞ്ചവർണ്ണൻ അപ്പോഴും തന്റെ വശ്യമായ പുഞ്ചിരി ഗ്രാമനിവാസികൾക്കു് നൽകി. ചുറ്റും നിന്ന എല്ലാരേയും ഒരിക്കൽകൂടി കണ്ണോടിച്ചു് അജ്ഞാതമായ ആത്മവിശ്വാസം തുളുമ്പുന്ന മുഖവും കണ്ണുകളോടുംകൂടി തനിക്കുവേണ്ടി ഗ്രാമം വിധിച്ച കുഴിയിലേക്കൊതുങ്ങി. അതിനുമുമ്പു് ഇത്രയും പറഞ്ഞു. “ഇനി പേമാരിയും അതിസാരവും.”
അടുത്തുനിന്ന പലരും അതു് കേൾക്കുകയുണ്ടായില്ല. കേട്ടവർക്കു് അതിന്റെ പൊരുൾ മനസ്സിലായതുമില്ല. പഞ്ചവർണ്ണന്റെ അവസാനത്തെ നോട്ടം ഗ്രാമനിവാസികളെ ഒരു മോഹനിദ്രയിലാഴ്ത്തിയിരുന്നു. കിങ്കരന്മാർ പഞ്ചവർണ്ണനെ അടക്കിയ കുഴി മണ്ണുകൊണ്ടു് മൂടി ഗ്രാമത്തെ രക്ഷിക്കുമ്പോഴും നിവാസികൾ മോഹനിദ്രയിലായിരുന്നു. അപ്പോൾ ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്തു് ഒരു കയറിന്റെ കുരുക്കിൽ മരിച്ച കല്ലാശാരിയിൽനിന്നും കയറിന്റെയും മണ്ണിന്റേയും ഗന്ധമുയർന്നുവെങ്കിലും കാറ്റിന്റെ അഭാവത്തിൽ ഗ്രാമനിവാസികൾക്കെത്തിയില്ല.
അന്നു സന്ധ്യ മുതൽ മഴ തുടങ്ങി. നിർത്താതെ കോരിച്ചൊരിയുന്ന മഴ ആ രാത്രിയും തുടർന്നുള്ള രണ്ടുദിവസവും നീണ്ടുനിന്നു. വെള്ളം പൊങ്ങി ഗ്രാമത്തിന്റെ ഭൂരിഭാഗവും മുട്ടറ്റം വെള്ളമായി. ചായക്കടയിലും മുറുക്കാൻകടയിലും ഇരിക്കാൻ വിഷമമായി. പത്രവായനക്കാരനു് തന്റെ വായന കേൾക്കാൻ ആരും വരാതെയായി. പൊങ്ങിയ വെള്ളത്തിൽ മലയിൽനിന്നും കുത്തിയൊലിച്ചുവന്ന വെള്ളം കലർന്നു. അതോടൊപ്പം പിടയ്ക്കുന്നതും ചത്തുമലർന്നതുമായ മത്സ്യങ്ങളും അതിസാരവുമെത്തി. മിക്കവാറും കുട്ടികളെയാണു് ബാധിച്ചതു്. പല കുട്ടികളും അതിനു വഴങ്ങി. ചീത്ത മുട്ട തിന്നാവണം മുട്ടക്കച്ചവടക്കാരനും അതിസാരം വന്നു മരിച്ചു. മൃതശരീരങ്ങൾ മറവുചെയ്യാൻ ഗ്രാമനിവാസികൾക്കു് വെള്ളപ്പൊക്കത്തിൽ നിവൃത്തിയില്ലാതായി. അല്പംപോലും വിട്ടുവീഴ്ചയില്ലാത്ത മഴ അടുത്ത പകലും കഴിഞ്ഞു് അതിനടുത്ത രാത്രിയിലേക്കു് കടന്നു.
പിന്നെ പുലർന്നതു് പഞ്ചവർണ്ണൻ ഗ്രാമത്തിൽ വന്നു് ഏഴു ദിവസം പൂർത്തിയായിക്കഴിഞ്ഞുള്ള പ്രഭാതമാണു്. അന്നു് സൂര്യനുദിക്കുന്നതിനു് വളരെ മുമ്പു് മഴ തോർന്നു. മഴവെള്ളം വളരെ വേഗം ഒലിച്ചുപോകാനും തുടങ്ങി. വേഗത്തിലുള്ള ഒഴുക്കിൽപ്പെട്ടു് ചട്ടുകാലൻ വൃദ്ധന്റെ മൃതശരീരം എങ്ങോ പോയ്മറഞ്ഞു.
മഴ തീർന്നു് പൊങ്ങിയ വെള്ളം വാർന്നുപോകുമ്പോൾ അന്തരീക്ഷത്തിനു് സന്തോഷത്തിന്റെ ലാളിത്യമുണ്ടായിരുന്നു. ഏതോ ഒരു നീണ്ട ഉറക്കത്തിനുശേഷം അവസാനത്തെ ആലസ്യവും വിട്ടുപോയുണരുന്നതുപോലെ ഗ്രാമമുണർന്നു. ദിവസങ്ങൾക്കുശേഷം അന്നു് ഗ്രാമനിവാസികൾക്കു് മറവിയുടെ ലാഘവം അനുഭവപ്പെട്ടു. അവ്യക്തമായ സന്തോഷംപോലെ ഗ്രാമനിവാസികൾ ഓരോരുത്തരായി പുറത്തേക്കുവന്നു. ചത്തുമലർന്ന മത്സ്യങ്ങളേയും നനഞ്ഞ ചെളിയും ചവുട്ടി പലരും കവലയിലെത്തി. ചായക്കടക്കാരൻ വീണ്ടും ചായപ്പാത്രം അടുപ്പിൽവെച്ചു് തിളപ്പിക്കാനുള്ള ശ്രമമായി. ആൽച്ചുവട്ടിൽ വന്നവർ പഞ്ചവർണ്ണന്റെ കുഴിമാടത്തിനടുത്തു് നല്ല വസ്ത്രം ധരിച്ചു് കമിഴ്‌ന്നുകിടക്കുന്ന മനുഷ്യരൂപം ശ്രദ്ധിച്ചു. അവർ അടുത്തുവന്നു നോക്കി. വസ്ത്രത്തിന്റെ പിൻഭാഗം അഴുക്കുപുരളാത്തതായിരുന്നു. മുൻഭാഗമാകട്ടെ ചളിപുരണ്ടു് മലിനപ്പെട്ടുമിരുന്നു. തോളിൽ പിടിച്ചു് അവരിലൊരാൾ ആ ശരീരം മലർത്തിവെച്ചു. അതു് ഗ്രാമത്തലവനായിരുന്നു. മുഖത്തു് സന്തോഷത്തിന്റെ ലക്ഷണമുണ്ടായിരുന്നു. ചുണ്ടിൽ നേരിയ പുഞ്ചിരിയും. മരിക്കുമ്പോൾ അയാൾക്കു് സന്തോഷമായിരുന്നുവെന്നു് വ്യക്തം.
അപ്പോഴേക്കും കവലയിലെ ചായക്കടക്കാരൻ ചായപ്പാത്രം അടുപ്പിൽവെച്ചു് തീ പിടിപ്പിച്ചുകഴിഞ്ഞു. തീ ഊതിക്കത്തിച്ചു് അതിൽ നിന്നും ബീഡികത്തിച്ചുവലിച്ചു് പകുതി പൊളിഞ്ഞ മുൻവാതിൽ തുറക്കാനായി എത്തിയപ്പോൾ ഉദിച്ചുവരുന്ന സൂര്യന്റെ പ്രകാശത്തിൽ ദൂരെ കിഴക്കു് കുന്നുകയറി ഒരാൾരൂപം മെല്ലെ നടന്നകലുന്നതു് കണ്ടു. ആൽച്ചോട്ടിൽ കൂടിനിന്നവർക്കും ഇതു കാണാമായിരുന്നു. അതു് പഞ്ചവർണ്ണൻ ആയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ഒരു മെഡിക്കൽ ഡോക്ടർ ആണു്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു വിവിധ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനൊപ്പം, കലാപരമായ സംഭാവനകളും നൽകുന്നു. ഇദ്ദേഹത്തിെന്റ ചെറുകഥകളുടെ സമാഹാരമായ ‘56’ സായാഹ്നയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.