കരിമ്പാട്ടുന്ന മെഷീനിൽപ്പെട്ട്
കൈ ചതഞ്ഞുപോയ ഒരാളെപ്പോലെ
ജീവിതം തുണ്ടുതുണ്ടാക്കി
മധുരമൂറ്റുമ്പോൾ പറ്റിയ ഒരപകടത്തിൽ
ഹൃദയം ചതഞ്ഞുപോയ ഒരാൾ
നിങ്ങളിരിക്കുന്ന ബസ്സിൽക്കയറി
മടിയിലേക്ക് ഒരു കാർഡിട്ടുതരുന്നു
ഹൃദയമുള്ളവരേ…
സഹോദരമ്മാരേ
സഹോദരിമാരേ
നിങ്ങളെപ്പോലെ ഹൃദയം കൊണ്ട്
സ്വപ്നം കാണാൻ പറ്റാത്താളാണേ…
ഭാഗ്യല്യാത്താളാണേ…
സഹായിക്കണേ…
അവനവന്റെ ഹൃദയം
കൈകാര്യംചെയ്യാൻ കഴിയാത്തവനെ
നിങ്ങൾ പുച്ഛത്തോടെ നോക്കുന്നു
ദേശാഭിമാനിയിലേക്കോ മനോരമയിലേക്കോ
സിനിമാമംഗളത്തിലേക്കോ
മഹിളാരത്നത്തിലേക്കോ
സുഭാഷ് ചന്ദ്രനിലേക്കോ മുഖം തിരിക്കുന്നു
കടല വാങ്ങിത്തിന്നുന്നു
കേരളാ ലോട്ടറി എടുക്കുന്നു
കതിന പൊട്ടിത്തെറിച്ച്
കാഴ്ച നഷ്ടപ്പെട്ട ആളെപ്പോലെ
ജീവിതം ഇടിച്ചുനിറയ്ക്കുമ്പോൾ
പറ്റിയ ഒരപകടത്തിൽ
വെളിച്ചം കെട്ടുപോയ ഒരാൾ
നിങ്ങളിരിക്കുന്ന ബസ്സിൽക്കയറി
മടിയിലേക്ക് ഒരു കാർഡിട്ടുതരുന്നു
രണ്ടു കണ്ണൂള്ളവരേ…
സഹോദരമ്മാരേ
സഹോദരിമാരേ
നിങ്ങളെപ്പോലെ കണ്ണു കൊണ്ട്
വെളിച്ചം കാണാൻ പറ്റാത്താളാണേ…
ഭാഗ്യല്യാത്താളാണേ…
സഹായിക്കണേ…
അവനവന്റെ കണ്ണുകൾ
സൂക്ഷിക്കാൻ അറിയാത്തവനെ
നിങ്ങൾ പുച്ഛത്തോടെ നോക്കുന്നു
മാതൃഭൂമിയിലേക്കോ മാധ്യമത്തിലേക്കോ
ജ്യോതിഷരത്നത്തിലേക്കോ വനിതയിലേക്കോ
പൗലോ കൊയ്ലോവിലേക്കോ മുഖം തിരിക്കുന്നു
അഞ്ചുരൂപയ്ക്ക് അഞ്ചുമഷിയിലെഴുതുന്ന
പേന വാങ്ങിക്കുന്നു, ബബിൾഗം ചവയ്ക്കുന്നു
ഹൃദയം ചതഞ്ഞ ആളും
വെളിച്ചം കെട്ടുപോയ ആളും
ബസ്സിൽ നിന്നിറങ്ങി
ഒരു സിമന്റ് ബഞ്ചിൽ ചാരിയിരുന്ന്
ഒന്നിച്ച് ബീഡി കത്തിക്കുന്നു
പരാജിതർക്കിടയിലെ
അത്ഭുതകരമായ പരസ്പരധാരണയോടെ
സഞ്ചിയിൽ കയ്യിട്ടുപരതി
രണ്ടു കണ്ണു നിറയെ വെളിച്ചവും
ഒരു ഹൃദയം നിറയെ മധുരവും
പരസ്പരം കൈമാറുന്നു
നിങ്ങളിരിക്കുന്ന ബസ്സിനെ
നിസ്സംഗതയോടെ നോക്കുന്നു
നിങ്ങളാവട്ടെ
നിങ്ങൾക്ക് നിയന്ത്രണമൊന്നുമില്ലാത്ത
ഒരു ബസ്സിലിരുന്ന്
മാതൃഭൂമിയിലേക്കോ മനോരമയിലേക്കോ…
ഛന്ദസ്സിന്റെ നിബന്ധനയിലൊതുങ്ങാത്തൊരു വാക്ക്
കൂട്ടത്തിൽ നിന്ന് സ്വയം പിരിഞ്ഞുപോകുന്ന
ഒരു കാട്ടാനയെപ്പോലെ
ചിന്തകളിലേക്ക് കാടുകയറിപ്പോയിട്ടുണ്ട്
ഒന്നുകിൽ കവിതയുടെ മദപ്പാടടങ്ങും വരെ…
അല്ലെങ്കിൽ സ്വയം കൊമ്പുകുത്തിച്ചരിയും വരെ
അതങ്ങനെ ചിന്നം വിളിച്ചുകൊണ്ടേയിരിക്കും
നെറ്റിപ്പട്ടം കെട്ടിയ വാക്കുകൾ
മാത്രകളുടെ താളം പിടിച്ച്
ചെവിയാട്ടിക്കൊണ്ടേയിരിക്കും
ഉത്സവം പിരിയുമ്പോൾ
ദൂരെ നിന്നൊരു ചിന്നംവിളിയുടെ
പൊടിയണിഞ്ഞ ഓർമ്മകൾ
അവയെ വാരിക്കുഴിയിൽ വീഴ്ത്തും
തോട്ടിക്കുത്തിന്റെ തലയെടുപ്പുകൾ
അലങ്കാരങ്ങളൊന്നുമില്ലാതെ താനേ കുനിയും
(ഒരു ചെറുക(വി)ത)
ആർ. സി. സിയിൽ നിന്ന്
നാലാമത്തെ കീമോ കഴിഞ്ഞ
രമണീദേവി സി. കെയെ
പത്താം ക്ലാസിലെ മൈസൂർ എസ്കർഷന്
പ്രകൃതിരമണി എന്നു കമന്റടിച്ച
കാഞ്ഞിരത്തിങ്കലെ പ്രഭാകരൻ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിൽ
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല
ശ്വാസകോശങ്ങളിലൊന്ന്
മെഡിക്കൽ കോളേജിൽ മുറിച്ചിട്ടുപോന്ന
കാഞ്ഞിരത്തിങ്കൽ പ്രഭാകരനെ
പോൾവാൾട്ട് മത്സരത്തിന്റെ നേരത്ത്
വേലിചാടി പ്രഭാകരൻ എന്നു കളിയാക്കിയ
രമണീദേവി സി. കെ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിലും
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല
അസാധാരണമായി സംഭവിച്ചത്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ
കുളക്കാട്ടുശ്ശേരി എസ്. എം. എം. ഹൈസ്കൂളിലെ
യൂത്ത് ഫെസ്റ്റിവൽ സ്റ്റേജ്
പെട്ടെന്ന് ഉയർന്നുവന്നു എന്നുള്ളതാണ്
ഉൾക്കടൽ സിനിമയുടെ സെറ്റിട്ടപോലെ
മുളങ്കൂട്ടവും പുഴയും വരച്ചിട്ട പശ്ചാത്തലം
നിവർന്നുവന്നു എന്നുള്ളതാണ്
“നിൻ ചുടുനിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും”
എന്ന് മുടിനീട്ടിയ പ്രഭാകരൻ
പ്രകൃതിരമണിയോട് ഫ്ലാഷ്ബാക്കിൽ പാടി
എന്നുള്ളതാണ്
അപ്പോൾ
രമണീദേവി സി. കെയുടെ
കരിഞ്ഞ മാറിടങ്ങളിലെ
ഇല്ലാത്ത ഉയർച്ചതാഴ്ചകളിൽ
ഇടിച്ചുനിരത്തിയ പതിറ്റടിക്കുന്നിന്റെ നെറുകയിലെന്നപോലെ
അലഞ്ഞുവയ്യാതായ ഒരു കാറ്റ് നിന്ന് കിതച്ചു
ഉറവമുറിഞ്ഞ ഒരു കാട്ടുചോലക്കരച്ചിൽ നനഞ്ഞു
അപ്പോൾ
കാഞ്ഞിരത്തിങ്കൽ പ്രഭാകരന്റെ
പാതിയിടമൊഴിച്ചിട്ട നെഞ്ചിലെ
പകുതി മുറിഞ്ഞ ശ്വാസം
ഇഴുകിയ ബീഡിക്കറയുള്ള
കരിഞ്ഞ ചുണ്ടുകളിൽ
പി. കെ. സ്റ്റീൽസിന്റെ പുകക്കുഴലിലൂടെയെന്നപോലെ
ഇരുമ്പൊച്ചയുള്ള ഒരു നെടുവീർപ്പായി പൊള്ളിനിന്നു
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കായി പുകഞ്ഞു
അപ്പോൾ
ഒരു തീവണ്ടിയെക്കൊണ്ട് ആവുംവിധമൊക്കെ
തൊഴുതുമടങ്ങുന്നു പിന്നെയും പിന്നെയും എന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ നിൽക്കുന്ന
അമൃതാ എക്സ്പ്രസ്സും അഭിനയിച്ചുകൊണ്ടിരുന്നു
ഈ ഓപ്രേഷൻ വന്ദേഭാരതിനും സമുദ്രസേതുവിനുമൊക്കെ ഇന്ത്യൻ ഗവണ്മെന്റ് കയ്യിന്ന് കാശെടുക്കണുണ്ടോ? (അറിയാത്തതുകൊണ്ട് ചോദിച്ചതാണ്) ഇല്ലാച്ചാൽ ഇനിയിപ്പൊ റേഷൻ ഷാപ്പിൽ നിന്ന് സൗജന്യ പഞ്ചസാര കൊടുക്കുന്നതിന് ഓപ്പറേഷൻ മധുരിമ, മണ്ണെണ്ണക്ക് ഗൃഹജ്യോതി, തുടങ്ങി കമ്യൂണിറ്റി കിച്ചന് വരെ കേരള സർക്കാർ എന്തു പേരിട്ടാലും ഒന്നും പറയാൻ വയ്യ. ഓട്ടോറിക്ഷയിൽ നിന്നിറങ്ങുമ്പോൾ ഡ്രൈവർ കാശുവാങ്ങിയിട്ട്, “നമസ്കാരം ഓപ്പറേഷൻ ത്രിചക്രയിൽ പങ്കാളിയായതിന് താങ്കൾക്ക് അഭിനന്ദനം… വന്ദേ മാതരം” എന്നും പറഞ്ഞെന്ന് വരും…
(23 ജനുവരി 2013, 19:47)

അടുത്തിടെ മൂന്ന് വിശാല മലയാളി ഗ്രൂപ്പുകളിൽ ചേർത്തപ്പെട്ടു. ആദ്യത്തേതിൽ അറിയാവുന്ന പലരും സ്വന്തം വിവരങ്ങളൊക്കെ പടം സഹിതം ഇടുന്നതു കണ്ടപ്പോൾ നമ്മടെ വകയും കിടക്കട്ടെ എന്നു കരുതി ഒരു ഇൻട്രൊ ഇട്ടു. ഗ്രൂപ്പിന്റെ സ്വഭാവത്തിൽ ഒരു പന്തികേടു തോന്നിയപ്പോൾ അതേ വേഗത്തിൽ അത് ഡിലറ്റ് ചെയ്ത് പുറത്തുചാടി. പിന്നെ ചേർക്കപ്പെട്ട ഒന്നിൽ രണ്ടു വരിയിൽ ഒരു സലാം പറഞ്ഞു. അത് പടവും മറ്റു വിവരങ്ങളും ഒന്നുമില്ലാതെ അവിടെ കിടപ്പുണ്ട്. മൂന്നാമതൊരു ഗ്രൂപ്പ് ഏറെ പ്രിയപ്പെട്ട പലരുമുള്ള, പത്തു വർഷത്തെ പഴക്കമുള്ള സമാനഹൃദയരുടെ ഒരെണ്ണം. അവിടെ ആ ഗ്രൂപ്പിനോടുള്ള സ്നേഹമറിയിച്ചു കൊണ്ട് ഒരു നാലു വരി ഇൻട്രൊ പടമൊന്നുമില്ലാതെ എഴുതിയിട്ടു. അപ്പോഴേക്കും ഏറെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് “നടന്ന് ഇൻട്രോ ഇടുകയാണല്ലോടാ” എന്ന മട്ടിൽ ഒന്ന് കളിയാക്കി. എനിക്കും ഒരു ചളിപ്പു തോന്നി അത് അപ്പോൾത്തന്നെ ഡിലറ്റ് ചെയ്തു. ആത്മരതിയും നാർസിസിസവുമൊക്കെ എളുപ്പത്തിൽ ആരോപിക്കപ്പെടാവുന്ന ഇടം കൂടിയാണല്ലോ സാമൂഹ്യമാദ്ധ്യമങ്ങൾ …
പിന്നെ നോക്കുമ്പോൾ അതിപ്രഗത്ഭരും കേരളത്തിലെ കൊച്ചു കുട്ടികൾ പോലും അറിയുന്നവരുമൊക്കെയാണ് അവിടെ ഇൻട്രൊ ഇടുന്നത്. ഗുരുവായൂരപ്പൻ തൊട്ടടുത്തുള്ള കുന്നംകുളം മുനിസിപ്പാലിറ്റിയിൽ പോയി “ഞാൻ കെ. ഗുരുവായൂരപ്പൻ. വനമാല ഓഡിറ്റോറിയത്തിനടുത്തുള്ള അമ്പലത്തിലാണ് താമസം. കലാസ്നേഹിയാണ്. കല്യാണങ്ങൾ നടത്തിക്കൊടുക്കലുണ്ട്” എന്നൊക്കെ പരിചയപ്പെടുത്തിയാൽ എങ്ങനെ ഇരിക്കും. ഏതാണ്ട് അതു മാതിരി രസമാണ് സെലിബ്രിറ്റികളുടെ ഇൻട്രൊ വായിക്കാൻ.
എന്തായാലും ഒരു തീരുമാനമെടുത്തു. ഗാന്ധിജിയെ കൂട്ടുപിടിക്കുന്നത് കടന്ന കൈയാണെന്ന് അറിയാഞ്ഞിട്ടല്ല. രാഷ്ട്രപിതാവല്ലേ. സഹിക്കുമായിരിക്കും.
എന്തായാലും ഇനി മുതൽ
“My status is my intro”
(ഫേസ്ബുക് പോസ്തിൽ നിന്നു്)
… എങ്കിലും കഴിഞ്ഞ ഏഴു മാസമായി കരയിൽ ഒരു തവണ പോലും കാൽ തൊടാതെ ഉരുക്കുകൊണ്ടുണ്ടാക്കിയ ഒരു ദ്വീപിൽ ജീവിക്കുന്ന ഒരാൾ എഴുതിയിടുന്നത് സത്യത്തിൽ ആരെങ്കിലും വായിച്ചേക്കും എന്നുപോലും ഉദ്ദേശിച്ചല്ല എന്നതാണ് സത്യം. മറ്റേതൊരു ദ്വീപിലും അകപ്പെട്ടുപോവുന്ന മനുഷ്യർ നടത്തിയേക്കാവുന്ന ആത്മഭാഷണങ്ങൾ പോലെയാണ് ഈ എഴുത്തും. കൂടുതലും അത് രണ്ട് മഹാസമുദ്രങ്ങൾക്കപ്പുറമുള്ള സ്വന്തം നാടിനെക്കുറിച്ചാവുന്നത് സ്വാഭാവികവും.
പ്രിയപ്പെട്ടവരേ,
കടലിലുള്ള ഞങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കരുതലോടെ വന്ന സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾക്കെല്ലാം നന്ദി. എല്ലാവർക്കും പ്രത്യേകമായി മറുപടി അയക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ട് തൽക്കാലം ഇത്രയും അറിയിക്കട്ടെ. തീരത്ത് അടുക്കാൻ പറ്റുന്നില്ല എന്ന വാർത്ത ശരിയല്ല. വളരെ മുൻകരുതലുകളോടെ തുറമുഖങ്ങൾ അധികവും പ്രവർത്തിക്കുന്നുണ്ട്. ചൈനയിൽ നിന്ന് പോരുമ്പോൾ അവിടെ കാര്യങ്ങൾ പൂർണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്നു എന്നതുകൊണ്ട് അധിക പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും ഞങ്ങൾ വിധേയരാവേണ്ടതുണ്ട് എന്നത് സത്യമാണ്. Crew change നടക്കുന്നില്ല എന്നതും ജോലിയുടെ സാധാരണ കാലാവധി കഴിഞ്ഞ് എന്നെപ്പോലെ കുറേ പേർ ലോകത്തിന്റെ പലയിടങ്ങളിലെ കപ്പലുകളിൽ കുടുങ്ങിക്കിടപ്പുണ്ട് എന്നതും സത്യമാണ്. എങ്കിലും മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്ന കുടുംബാംഗങ്ങൾ ഉള്ളവർ പരിഭ്രമിക്കത്തക്കതായി ഒന്നും ഇല്ല. നാട്ടിലെത്താൻ പറ്റുന്നില്ല, പലയിടത്തും കരയിൽ ഇറങ്ങാൻ കഴിയില്ല എന്നൊക്കെയുള്ള സങ്കടമൊഴിച്ചാൽ. എല്ലാവർക്കും സ്നേഹം.
— നിരഞ്ജൻ 22.03.20
പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.