

ചെറുതുരുത്തി കഴിഞ്ഞു്
പുഴയെത്താറാവുമ്പോൾ
ഷൊർണൂരിറങ്ങാൻ
വാതിലിന്റട്ത്തു്
കസവുചുരിദാറിട്ട നിലാവു്
ടോയ്ലറ്റിൽ നിന്നിറങ്ങിപുകയൂതിവിട്ടു്
വേച്ചുവേച്ചു പുറത്തേക്കുവന്ന
കോട്ടയത്തൂന്നു കേറിയ ഇരുട്ടു്
‘അനാഘ്രാതകുസുമമാണു സാർ’
അച്ചടിമലയാളമാണു്
കൂട്ടിക്കൊടുത്തതു്…
പിന്നെ
പുഴ നിറയെ
വാർത്തയായിരുന്നു…


നീ ചെമ്മീനിലഭിനയിച്ച
കാലമോർക്കുകയായിരുന്നു ഞാൻ…
നാട്ടിക ബീച്ചിന്റെ
അടിവയറ്റിലുമ്മവെച്ചുകൊണ്ടു്
കടൽ പറഞ്ഞു…
ഷീലക്കണ്ണുകളുടെ മീൻപെടപ്പു്
മധുവിന്റെ ഉറുമാൽ കെട്ടിയ കുരുവിക്കൂടു്
അവരുടെ പ്രണയം
ചതുക്കിപ്പിതുക്കി നടന്നു പോയ
നിന്റെ കവിളുകൾ
ഓരോ ഷോട്ട് കഴിഞ്ഞും
ഞാൻ തഴുകിക്കൊണ്ടേയിരുന്നതു്…
കരയാകെ ഒന്നുലഞ്ഞുചിരിച്ചു…
പിന്നെയെന്തോ
ഇടവപ്പാതിയുടെ ചുടുനനവുള്ള നെടുവീർപ്പിട്ടു്
ഇരുണ്ടുകൂടി വിഷാദിച്ചു
എന്റെ ചന്തമൊക്കെപ്പോയി പൊന്നേ
നീയോ… ദ്വീപിലെ ജോസിന്റെ കൂടെ
തലത്തിന്റെ പാട്ടിനൊപ്പം
അന്നൊക്കെ അഭിനയിച്ചപോലെത്തന്നെ
ഇപ്പോഴും ചെറുപ്പമായിട്ടിരിക്കുന്നു
നിത്യഹരിതനായകൻ…
കടൽ പ്രേംനസീറായി…
ഞാൻ ചെറുപ്പമായിട്ടിരിക്കുന്നതു്
നിനക്കുവേണ്ടിയല്ലേ…
പിന്നെയീ ദ്വീപുകൾ…
പാവങ്ങൾക്കെല്ലാം കൂടി
ഞാനൊരു കടലല്ലേയുള്ളൂ…
മണ്ടിപ്പെണ്ണേ…!
ഷൊർണൂരിൽ മഴയത്തു്…
വിരഹത്തിന്റെ ഞാറ്റുവേലകളിൽ
കിതച്ചുകൊണ്ടോടിവന്ന
ഞായറാഴ്ചത്തീവണ്ടികൾ
സ്റ്റേഷനിൽ നില്പുണ്ടു്
തിരിമുറിയാതെ പെയ്യുന്ന
തിരുവാതിരമഴയിലേക്കു്
ഓർമ്മയുടെ കമ്പാർട്ട്മെന്റുകൾ
ചില്ലുകണ്ണുകൾ തുറക്കുന്നുണ്ടു്
വൈകിയെത്തിയ ധൻബാദിന്റെ
S1 കോച്ചിലൊരുവൾ
രൂപമില്ലാത്തൊരു ബാഗിൽ നിന്നു്
ഒരൊഴിഞ്ഞ സിഗററ്റുകൂടെടുത്തു്
മണം പിടിക്കുന്നുണ്ടു്
കണ്ണൂർ ഫാസ്റ്റിലേക്കു്
ഓടിക്കയറുന്ന ഒരാൾ
ചുരുട്ടിയ ആഴ്ച്ചപ്പതിപ്പിൽ
ഒരു വാടിയ മുല്ലമാല
തിരുകിവെച്ചിട്ടുണ്ടു്
കോയമ്പത്തൂർ പാസഞ്ചറിലിരുന്നു്
വാട്ടിപ്പൊതിഞ്ഞ
ഇഡ്ഡലികളിലൊരാൾ
പൂവിനെയെന്ന പോലെ
തൊട്ടുനോക്കുന്നുണ്ടു്
മുല്ലപ്പൂവിനും സിഗററ്റുകൂടിനും ഇഡ്ഡലിക്കും
ഇപ്പോൾ ഒരേ മണമാണു്
നിർത്താതെ പെയ്യുന്ന പ്രണയത്തിലും
ഒരു തീവണ്ടിയിൽ അടച്ചുമൂടി-
യിരിക്കേണ്ടിവരുന്ന
ജീവിതത്തിന്റെ മണം…

ഒരേ പാളത്തിലെന്നറിഞ്ഞുള്ള
നെഞ്ചിടിപ്പോടെ
രണ്ടു ബോഗികൾ ഉമ്മവെയ്ക്കുമ്പോൾ
അതുവരെ തേഞ്ഞതിന്റെ
എല്ലാം ചേർത്തെന്നപോലെ
ചക്രങ്ങളുടെ ഒരു തേങ്ങിക്കരച്ചിലുണ്ടു്…!


വഴന്ന ഉള്ളിയുടെ നിറം
മല്ലി മൂപ്പിച്ച മണം
കടുകുപൊട്ടിയമരുന്ന ശബ്ദം
ചപ്പാത്തിമാവിന്റെ മയം
ഉള്ളം കയ്യിൽ ഇറ്റിച്ചുനോക്കിയ
ഉപ്പു്, എരിവു്, പുളി, മധുരം
അടുക്കളയിലെ ആണറിവുകൾ,
ഇന്ദ്രിയജ്ഞാനങ്ങൾ…
നാം പകുത്ത അടുക്കളയിൽ
അറുനൂറ്റിമുപ്പതു് കിലോഹെർട്സിലെ
തൃശ്ശൂർ നിലയത്തിനൊപ്പം
നമുക്കിടയിലുണ്ടായിരുന്ന
ആറാമിന്ദ്രിയങ്ങളുടെ
തരംഗദൈർഘ്യങ്ങൾ,
ആവൃത്തികൾ, അനുനാദങ്ങൾ…
കുക്കറിലെ ബിരിയാണിക്കൂട്ടിൽ
മലമ്പുഴ ഡാമിലെ
ജലനിരപ്പടയാളമോർത്തുകൊണ്ടു്
ഒരാൾ വെള്ളത്തിന്റെ
വിരലളവെടുക്കുമ്പോൾ
മറ്റയാൾ റോപ് വേയിലെ
ഒരു കിനാവിൽ സഞ്ചരിച്ചുചിരിക്കുകയും
പിന്നെ ഒന്നിച്ചൊരു ബൈക്കിൽ
മഴകൊണ്ടു് ഒലവക്കോട്ടേക്കു പോകുന്ന
ചറപറാപെയ്യുന്ന ചിരിയിൽ
പരസ്പരം നനഞ്ഞൊട്ടുകയും ചെയ്യുന്ന
അതീന്ദ്രിയാത്ഭുതങ്ങൾ
കാണാതെയും കേൾക്കാതെയും
തൊടാതെയും രുചിക്കാതെയും
ആവിയടങ്ങാൻ കാത്തു്
ഇരുന്നു വിങ്ങുന്ന നേരങ്ങളിൽ
നമുക്കിടയിൽ നിറയുന്ന
മുരിങ്ങടെലെൽശ്ശേരിയിൽ[1]
ഉള്ളി വറുത്തിടുന്ന മണമാണു്
ലോകത്തിലെ
ഏറ്റവും കാല്പനികമായ മണം…!
[1] മുരിങ്ങയില എരിശ്ശേരി.

മഴയും നിലാവും ചേർന്നു് ഇഴനെയ്തെടുത്ത
കണ്ണാടിയലുക്കുകൾ വകഞ്ഞു മാറ്റി
നീ കയറിവന്നതു്, ഒരു നിമിഷം
ലജ്ജിച്ചു നിന്നതു് ഓർമ്മയുണ്ടു്
മന്ത്രവിദ്യയാലെന്ന പോലെ
ഉടുപ്പൊന്നുമുലയാതെ, നനയാതെ
എങ്ങനെ എന്നതിശയപ്പെടുമ്പോഴേക്കും
മഴയും നിലാവും നിറഞ്ഞ കണ്ണുകളുയർത്തി
നീ നോക്കിയതും ഓർമ്മയുണ്ടു്
പാതിര വരെ നൃത്തം ചെയ്തു്
എങ്ങോ മറഞ്ഞുപോയ
കവിതയുടെ രാജകുമാരീ…
സ്വപ്നമായിരുന്നോ
എന്നത്ഭുതപ്പെടുമ്പോൾ
നീ മറന്നിട്ടുപോയ
വാക്കിന്റെ ഒറ്റച്ചെരുപ്പിൽ
പ്രഭാതസൂര്യന്റെ വജ്രത്തിളക്കം…!

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ