

തുറന്നുപെയ്യുന്ന മഴയിൽ
അടഞ്ഞുമൂടിയിരിക്കുന്ന
ഒരു വീടിന്റെ മുറികൾക്കുള്ളിൽ
പരസ്പരം പൊരുതുന്നുണ്ടു്
മുഷിഞ്ഞതിന്റേയും
ഈറൻ മാറാത്തവയുടേയും ഗന്ധങ്ങൾ
കുപ്പായങ്ങൾ കൊണ്ടുമാത്രം
അളക്കപ്പെടാവുന്നതാണു്
ഇപ്പോൾ വീടിന്റെ ത്രിമാനത
എവിടെയും തട്ടിത്തടയാവുന്ന
അദൃശ്യമായ അയലുകളുടെ
അനന്തമായ സാദ്ധ്യതകളാണു്
ഇപ്പോൾ ഓരോ ചുമരുകളും
ഉണങ്ങിത്തീരാത്ത
ഒരുപാടു് മുറി(വു)കളുടെ
ഓർമ്മപ്പെടുത്തലാണു്
പലപ്പോഴും മഴക്കാലം


വോൾഗയുടെ തീരത്തെന്നപോലെ
“വസന്തപുഷ്പാഭരണം ചാർത്തിയ
വയലേലകളിൽ”
എന്നൊരു തോന്നലിൽ
തൂതപ്പുഴയോരത്തു് പാട്ടത്തിനെടുത്ത
ആറ്റുനേന്ത്രക്കൃഷിക്കിടയിൽ നിന്നു്
സഖാവു് കുഞ്ഞിരാമേട്ടനു്
കയ്ക്കോട്ടിൻമണ്ട ചേറിൽ കുത്തിനിർത്തി
വെള്ളച്ചോറിൽ പച്ചമോരിനൊപ്പം
ഞെരടിത്തീർക്കാൻ കഴിയുന്ന
അത്യന്തം വിപ്ലവകരമായൊരു
എരിവോളമില്ലെങ്കിലും
വേലായുധേട്ടന്റെ ചായ്പിലെ
പകൽക്കമ്മിറ്റിക്കിടയിൽ
“മഴ വരണേനുമുമ്പു്
ഇതൊന്നു വാരിക്കൂട്ടിത്തരാൻ
ഒരുത്തനൂല്ല്യല്ലോ ദൈവേ…!”
എന്ന ദാക്ഷായണ്യേട്ത്തിയുടെ ആത്മഗതത്തെ
സ്വയം വിമർശനപരമായി ഉൾക്കൊണ്ടുകൊണ്ടു്
ഉയർന്ന രാഷ്ട്രീയബോധത്താൽ
ചർച്ച തടസ്സപ്പെടാതെതന്നെ
അടുത്ത അജണ്ടയ്ക്കു മുമ്പായി
ആളൊന്നുക്കു് ഈരണ്ടണ്ണമെന്നു്
തികഞ്ഞ അച്ചടക്കത്തോടെ
വിതരണം ചെയ്യപ്പെട്ട
പാതിയുണങ്ങിയ കൊണ്ടാട്ടംമുളകോളമൊന്നും
കടിക്കാനില്ലെങ്കിലും
സ്മിർണോഫ് വോഡ്കയുടെ
പെറ്റിബൂർഷ്വാ ലഹരിയിൽ
വേലന്താവളം ബോർഡർ വഴി കയറിവന്ന
ഒരു ദ്രവീഡിയൻ, ദളിതു്,
പ്രോലിറ്റേറിയൻ പച്ചമുളകിനു്
ഹെയ്ശ്ശ്ശ്ശ്ശ്ശ്… എന്നു
തോന്നിപ്പിക്കാൻ കഴിയുന്ന
ഇന്ത്യയുടെ ആത്മാവായിരിക്കണം
കെ. ദാമോദരൻ എന്ന പോലൊരു നീറൽ.


വേട്ടക്കാരും ഇരകളും ഒരുപോലെ
സഹകരണബാങ്ക് നടത്തുന്ന കാലമാണെങ്കിലും
കാണം വിൽക്കുന്ന സൗകര്യമാണല്ലോ
ഓണക്കാലത്തൊരത്യാവശ്യത്തിനു്
നാരായണേട്ടൻ നോക്കേണ്ടതു്
ഇരകളുടെ സർവ്വീസ് സഹകരണബാങ്കിൽ
പാർട്ടിപറയുന്നതുപോലെയൊക്കെയാണെങ്കിലും
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടാവരുതല്ലോ
ഇരയാണെന്നതിന്റെ സാക്ഷ്യപത്രം
പെട്ടുപോയ കുഴിയുടെ സ്കെച്ച്
അവസ്ഥക്കേടിന്റെ അടിയാധാരം
സാഹചര്യങ്ങളുടെ ക്രൂരതാസർട്ടിഫിക്കറ്റ്
സംശയങ്ങളുടെ കൗണ്ടറിൽ
കാത്തുകെട്ടിയുള്ള നിൽപ്പു്
പിന്നെ പ്രസിഡണ്ടിന്റെ വീട്ടുമ്മറത്തുനിന്നു്
“നാരായണേട്ടനായതോണ്ടാണു്…
നമ്മടാൾക്കാരാവുമ്പൊ… ”
എന്നു കേൾക്കുമ്പോൾ ഗദ്ഗദം വരുത്തണം
കണ്ണു നിറയ്ക്കണം
വേട്ടക്കാരുടെ ബാങ്കിൽ
മാനേജർ വിളിപ്പിക്കുമ്പോൾ
‘ങ്യേയ് ’ എന്നു വാതിൽതുറന്നുചെല്ലണം
എപ്പഴെങ്കിലും വേട്ടയാടിയിട്ടുണ്ടോ
എന്നു ചോദിക്കുമ്പോൾ
പൂളത്തോട്ടത്തിൽ ഓടിച്ചിട്ടു തച്ചുകൊന്ന
ഏതെങ്കിലും പെരുച്ചാഴിയെ ഓർക്കണം
അതുമതി അതുമതി എന്നു് രണ്ടു സീലടിച്ചാൽ
ശർ… ശർ… എന്നു് കാശെണ്ണിയിറങ്ങാം
ഒരു ക്വാർട്ടർ ഓസീയാറിൽ
ആടിയാടി നിന്നു് പുലികളി കാണാം
പുലിയായി മുരളാം
തലകുത്തിമറിയാം
പുലിയാണെന്ന തോന്നലിൽ
ഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ടു്
ഓണത്തിന്റെ റിയാലിറ്റിഷോ…?

(സോവിയറ്റ് സോഷ്യലിസ്റ്റ് കുട്ടിക്കാലം ഓർമ്മയിലുള്ള മദ്ധ്യവയസ്കോവ്സ്കികൾക്കും മദ്ധ്യവയസ്സേവകൾക്കും)
നീലമലകളുടെ താഴ്‌വരയിലൂടെ
മഞ്ഞിൽത്തെന്നിയിറങ്ങുന്ന
ഒരു സ്വപ്നത്തിന്റെ
സ്ലെഡ്ജിലിരുന്നു് കുലുങ്ങിക്കുലുങ്ങിക്കൊണ്ടു്
തലേന്നത്തെ കമ്മിറ്റിക്ഷീണത്തോടെ
കുഞ്ഞിരാമൻമാഷുടെ മകൻ
വ്ലാദ്മിർ ഇലിച്ച് ഉല്യനേവു് എന്ന ലെനിൻ
കുണ്ടുവമ്പാടം പാടശേഖരസമിതിയുടെ
നടീൽ ഉദ്ഘാടനം കഴിഞ്ഞു്
പാതിമയക്കത്തിലിരിക്കുന്നു
ചുക്കും ഗെക്കും[1] എന്ന പുസ്തകത്തിലെ അമ്മ
നെറ്റിയിൽ ചുളിഞ്ഞുനിന്ന ഒരു ദുഃസ്വപ്നത്തെ
മൃദുവായി ഊതിയകറ്റുന്നു

പുതുമഴയുടേയും പുസ്തകത്തിന്റേയും മണമുള്ള
ഒരു കേരളപാഠാവലി മലയാളമോർമ്മയിൽ
കൃഷ്ണപുരം ബ്ലോക്കിൽ ഇത്തവണയും
ഒന്നാം സമ്മാനം വേലായുധനു തന്നെ
എന്ന പാഠത്തിലെ ട്രാക്റ്ററിരമ്പത്തിൽ
ഉണർന്നെണീക്കുന്നു
ലെനിനും കർഷകനും എന്ന പാഠത്തിലെ
ഉണക്കറൊട്ടി തിരയുന്നു
ഇഡ്ഡലിയും കോഴിയും സാമ്പാറും വരുന്നു
ട്രാക്റ്ററിനു മുമ്പിൽ നിന്നു്
തൊണ്ണിനടിയിൽ ഹാൻസ് തിരുകിയ
കറുത്ത മുണ്ടുടുത്ത അയ്യപ്പൻസഖാവു്
അയവെട്ടിക്കൊണ്ടിരിക്കുന്നു
ചെമ്പൻ, കാരി എന്നീ പോത്തുകളില്ലാതായ
പൊളിഞ്ഞുവീണ തൊഴുത്തിന്റേയും
ഈയെമ്മസ് ഭവനപദ്ധതിയിൽ
പാതിയുയർന്ന ചുമരിന്റേയും ഇടയിൽ നിന്നു്
കോഴിക്കാലിൽ തിരിയുന്ന കുടിലിലെ
ബാബായാഗയെന്നപോലെ[2]
കൊല്ലുന്ന ഒരു നോട്ടവും
ഒരു കയ്യിൽ ചൂലുമായി
ദേവയാന്യേട്ത്തി ഇറങ്ങിവരുന്നു
പെൻഷൻ കടലാസു് ഓർമ്മവന്നു്
ലെനിൻ വിദൂരതയിലേക്കു നോക്കുന്നു
തോട്ടുവരമ്പത്തേക്കു് നടക്കുന്നു
കൈ കഴുകുന്നു
സിഗററ്റുപുകയിലൂടെ
തോട്ടുവക്കത്തിരുന്നു്
“വാളമീൻ കല്പിക്കുന്നു
ഞാൻ ഇച്ഛിക്കുന്നു”[3]
എന്നു് വീണ്ടും സ്വപ്നം കാണുന്നു
സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ
സി. സി. ഷൈജുവിന്റെ മുത്തച്ഛൻ കോമ്പി
വെള്ളത്തിൽ നിന്നു്
ഒരു കോമ്പല കണ്ണൻമീനും
ജില്ലാ ബാങ്കിന്റെ എംബ്ലമുള്ള
പ്ലാസ്റ്റിക് സഞ്ചിയുമായി
തമ്പ്രാങ്കുട്ട്യേയ്… എന്നു് പ്രത്യക്ഷപ്പെടുന്നു
മീനും സഞ്ചിയും സഹകരിച്ചു്
ലെനിന്റെ ഹോണ്ട ആക്റ്റിവയിലിരിക്കുന്നു
വെള്ളത്തിനിടയിൽ മീനെന്നപോലെ
വെള്ളത്തിനിടയിൽ മീനെന്നപോലെ
എന്നുരുവിട്ടുകൊണ്ടുള്ള ഹരത്തിൽ
ലെനിൻ വണ്ടിയോടിക്കുന്നു
ഒരു ഗട്ടറിൽ ചാടിയ ശേഷം
കാറ്റും വെളിച്ചവും
കാറ്റും വെളിച്ചവും
എന്നു് പല്ലവി മാറിയതറിയാതെ
വീട്ടിലെത്തി വണ്ടി നിർത്തുന്നു
ജില്ലാ ബാങ്കിനെ ഫ്രിഡ്ജിൽ കയറ്റി
ഷർട്ടഴിച്ചു് കിടക്കയിൽ കമിഴ്‌ന്നടിച്ചുറങ്ങുന്നു
ഉണരുമ്പോൾ നടാഷട്ടീച്ചർ
മകളെയും കൂട്ടി സ്കൂൾ വിട്ടുവരുന്നു
ഓണാഘോഷ റിഹേഴ്സലായി
യൂനിഫോമഴിക്കാത്ത ആതിരാ ലെനിൻ
അവനവനുവേണ്ടിയല്ലാതേ… എന്നു്
രക്തസാക്ഷി ആലപിക്കുന്നു
ചുണ്ടുതുടച്ചെഴുന്നേൽക്കുന്ന ലെനിൻ
“ട്രപ്പീസിൽ പല വിദ്യകൾ കാട്ടും
കൊച്ചുമിടുക്കീ മത്യൂഷ്ക”[4] എന്നു കേൾക്കുന്നു
രാത്രിയിൽ നടാഷട്ടീച്ചർ
വെജിറ്റബിൾ മഞ്ചൂറിയനും
കണ്ണൻ മീൻ വറുത്തതും ഉണ്ടാക്കുന്നു
മഞ്ജു വാര്യരെക്കാണാൻ
ഇപ്പഴും എന്താ ഭംഗി എന്നു്
അതിശയപ്പെടുന്നു
രാവിലത്തെ ഐലന്റിനു പോണം
എന്നു കോട്ടുവായിടുന്ന ലെനിനെ
എന്റെ പേരിനി ഗസറ്റിൽ കൊടുത്തു്
ക്രൂപ്സ്കായ എന്നാക്കണോ എന്നു്
അരാഷ്ട്രീയമായി ഉമ്മവെക്കുന്നു
റേഡിയോ മോസ്കോവിൽ നിന്നെന്നപോലെ
ക്രെംലിൻ മണികൾ
കിലുകിലുങ്ങനെ നക്ഷത്രങ്ങളായി
ഒരു ലോ കോസ്റ്റ് വീടിനു ചുറ്റും
പൊഴിഞ്ഞുവീഴുന്നു
[1] ചുക്കും ഗെക്കും: അർക്കാദി ഗദാർ രചിച്ച സോവിയറ്റ് ബാലസാഹിത്യം.
[2] ബാബയാഗ: സോവിയറ്റ് നാടോടിക്കഥകളിലെ ദുർമന്ത്രവാദിനി.
[3] ഒരു സോവിയറ്റ് നാടോടിക്കഥയിൽ മണ്ടനായ യെമല്യേക്കു് കിട്ടുന്ന ഒരു വരം.
[4] ഒരു സോവിയറ്റ് കുട്ടിക്കവിത.


കാലാവധി കഴിഞ്ഞ
ഒരു എ. ടി. എം. കാർഡ്
വെറും പ്ലാസ്റ്റിക്കെന്നു്
സ്വന്തം ശരീരത്തെ നോക്കിക്കാണും
ഉപേക്ഷിക്കപ്പെടുന്ന നിമിഷത്തിനായി
തയ്യാറെടുത്തുതുടങ്ങും
ഹൃദയമെന്നപോൽ
നാലറകൾക്കുള്ളിലെ
രഹസ്യമായിരുന്ന പിൻനമ്പർ
ഇപ്പോൾ ഒരർത്ഥവുമില്ലാതായ
വെറും അക്കങ്ങളെന്നു്
തിരിച്ചറിയും
ഇനിയൊരിക്കലും
വായിക്കപ്പെടാത്ത,
തുറക്കപ്പെടാത്ത
വാതിലുകളായി
അതിന്റെ ലോകം
മാറിമറിയും

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ