
കള്ളികൾ തിരിച്ചിട്ട
സൂക്ഷിപ്പിന്റെ
തണുപ്പുകൂട്ടാൻ
ഇടക്കിടക്കോരോ ഇരമ്പം
അടച്ചും പൊതിഞ്ഞും
നിറച്ചുവെക്കാൻ
ഒന്നും ബാക്കിയുണ്ടാവരുതെന്നു്
എന്നുമോർത്തിട്ടും
പാകത്തിനു്
അന്നന്നത്തേക്കു്
എന്നൊക്കെ ദിവസവും
കണക്കു കൂട്ടിയിട്ടും
പഴയതൊക്കെയിങ്ങനെ
നിറഞ്ഞുനിറഞ്ഞു്
ഇടയ്ക്കിടെയെടുത്തു്
ചൂടാക്കി ചൂടാക്കി
വീണ്ടും തിരിച്ചുവെച്ചു്
ഒന്നും
കളയാൻ സമ്മതിക്കാത്ത
വല്ലാത്തൊരു ഓർമ്മപ്പെട്ടി…!
(ജനുവരി 2011.)


അച്ഛനു് ഷേവ് ചെയ്തുകൊടുക്കുമ്പോൾ
പണ്ടെന്നോ കവിളത്തുരസിപ്പോയ
ഒരു പരുക്കൻ ചൂടിൽ തടഞ്ഞുനിന്നു
ബ്ലേഡുമൂർച്ചയിൽ നനഞ്ഞ ഒരോർമ്മ…
പാതിരയ്ക്കു് പടികടന്നുവരുന്ന
ഒരു ടോർച്ചുമിന്നിച്ചയെക്കാത്തു്
ഏങ്ങലടിച്ചുവറ്റിയ കരച്ചിലിന്റെ
ഉപ്പടയാളങ്ങൾ പൊടിച്ചുകളഞ്ഞ
വരണ്ട പുകയിലച്ചുണ്ടുകൾ
ഇപ്പോൾ വൃദ്ധമായൊന്നു് വിറച്ചതു്
മരുന്നൊറ്റിച്ചുകലങ്ങിയ കാഴ്ചയിലും
തെളിഞ്ഞുകണ്ട
മകന്റെ താടിനരകൊണ്ടാവണം
അമ്പതുകളുടെ യൗവ്വനം തൊണ്ടപൊട്ടിച്ച
കീഴ്ത്താടിയനക്കങ്ങളുടെ
വിളറിയ ഓർമ്മഞരമ്പുകളിൽ
എൺപതുകളുടെ വെയിലത്തു്
മാനത്തേക്കുചുരുട്ടിയ വലംകൈയിലെ
റേസർ ചേർന്നുനിൽക്കുമ്പോൾ
പല കാലങ്ങളുടെ ചുവപ്പിലേക്കു്
ചോരപൊടിയാതെ, മിണ്ടാതെ
തൊട്ടുപോവുന്ന മൂർച്ചകളിൽ
ഒരേ സമയം കൊരുക്കുന്നുണ്ടു്
രണ്ടു തലമുറകളുടെ നരകൾ.

മൂലയിലൊളിഞ്ഞിരിക്കുന്ന
വീർത്തുന്തിയ കള്ളച്ചാക്കിൽ നിന്നു്
കല്ലുകളുടെ കുത്തു സഹിക്കാതെ
പുറത്തേക്കൊന്നു തല നീട്ടിയ
രണ്ടു രൂപാ ബി. പി. എല്ലിന്റെ
തടിച്ചു കുറുകിയ ഉണ്ടപ്പൊന്നി
സുതാര്യമായ മിനുത്ത കവറിൽ
സുഖിച്ചിരുന്നു പോവുന്ന
കിലോ നാല്പത്താറു രൂപാ
ബാസ്മതിയെക്കണ്ടു്
അസൂയപ്പെട്ടു ചോദിച്ചു
“കുട്ടിയെങ്ങന്യാ കുട്ടീ…
ഇങ്ങനെ വെള്ത്ത്ട്ട്…?
ഇങ്ങനെ മെലിഞ്ഞിട്ട്…?”
ചിരിച്ചുചിരിച്ചു കാറിൽ കയറിപ്പോയ
സുന്ദരിയെയോർത്തു്
അപകർഷതയോടെ
മുഷിഞ്ഞ ചാക്കിലേക്കു്
തിരിച്ചുവീണു പൊന്നി
ഇരുട്ടു വീണ ശേഷം
ധൃതിപിടിച്ചു് ചുരുട്ടിപ്പിടിച്ചെത്തിയ
ഒരു തുണിസ്സഞ്ചിയിൽ
“ഇനി എങ്ങനേച്ചാൽ അങ്ങനെ”
എന്നു തീരുമാനിച്ചു് കേറിയിരുന്നു
കുറച്ചു നേരത്തിനുള്ളിൽ
വിയർപ്പു മാറാത്ത ഒരു കരിവളക്കയ്യിലേക്കു്
ഞാനാദ്യം എന്നു തിരക്കിട്ടു ചെന്നു
കരിപിടിച്ചു ഞെണുങ്ങിയ
പൊളിഞ്ഞ കിണറുപോലൊരു പാത്രത്തിലേക്കു്
“ഇന്റെ ഈശരാ… ” എന്ന
ക്ഷീണിച്ച പ്രാർത്ഥനയ്ക്കൊപ്പം
ആത്മഹത്യപോലെ പൊഴിഞ്ഞുവീണു
ആലോചനയുടെ ചൂടാറുന്നതിനു മുമ്പു്
വിശപ്പിന്റെ ഒരു കത്തലിലേക്കു്
തുടച്ചെടുക്കപ്പെട്ടു് എരിഞ്ഞുതീർന്നു…
കവറിൽ പൊതിഞ്ഞ സുന്ദരി ബസ്മതി
കുറച്ചു ദൂരെയൊരു നാലാം നിലയിൽ
സ്റ്റെയിൻലസ്സ് സ്റ്റീൽ തിളക്കമുള്ള
ഒരു പരന്ന പാത്രത്തിലേക്കു്
സ്വിമ്മിംഗ് പൂളിലേക്കെന്ന പോലെ
സന്തോഷവതിയായി സുന്ദരമായി കൂപ്പുകുത്തി…
സന്തോഷം മായും മുമ്പു്
ഒരു കോഴിബിരിയാണിയുടെ ഇരുന്നുനീറലിൽ
അപ്രതീക്ഷിതമായ സ്വത്വപ്രതിസന്ധി നേരിട്ടു
ഒരു കോഴിക്കാലിന്റേയും ഐസ്ക്രീം കപ്പിന്റേയും
വെച്ചുമാറലിനിടയിൽ എച്ചിലാക്കപ്പെട്ടു്
ഒടുവിൽ വാലാട്ടുന്ന ഒരാമാശയത്തിന്റെ
കല്ലേറുകൊണ്ട രസതന്ത്രത്തിൽ എരിഞ്ഞുതീർന്നു…
പിറ്റേന്നു രാത്രി
അങ്ങാടിക്കു പിന്നിലെ
തരിശിട്ട പാടത്തിനു മുകളിൽ
അലഞ്ഞുതിരിഞ്ഞു കണ്ടുമുട്ടിയ
രണ്ടു് കാർബോ ഹൈഡ്രേറ്റ് ആത്മാക്കൾ
പരസ്പരം പറഞ്ഞു
“വേവിനങ്ങനെ ബി. പി. എൽ, എ. പി. എൽ
എന്നൊന്നൂല്യ… വേവ്വാച്ചാൽ… വേവ്വന്നെ… ”
(ഫെബ്രുവരി 2011.)


16343 അമൃതാ എക്സ്പ്രസ്സിൽ
ഇരുന്നുറങ്ങുന്ന ഒരു സ്വപ്നവും
16344 അമൃതാ എക്സ്പ്രസ്സിൽ
കിടന്നുറങ്ങുന്ന ഒരു സ്വപ്നവും
ഏറ്റുമാനൂരടുത്തുവെച്ചാണു്
‘ശ്ശ്വോ’ എന്നു പരസ്പരം
ആശ്ചര്യപ്പെട്ടു കടന്നുപോയതു്
അതിശയകരമാം വിധം
സമാനമായ ആവൃത്തികളിൽ
പാളങ്ങളൊന്നു് വിറച്ചതും
ഒരു പാലമിടയിൽ കുലുങ്ങിയതും
മാത്രമേയറിഞ്ഞുള്ളൂ
ഛടെം… ഛടെം… ഛടെം…
എന്ന നെഞ്ചിടിപ്പൊന്നടങ്ങി
പരസ്പരം മുഖമോർക്കാനാവാതെ
വെറുതേയെന്നറിഞ്ഞിട്ടും
ജനൽ തുറന്നൊന്നു് പുറത്തുനോക്കുമ്പോഴേക്കും
16343 തൃപ്പൂണിത്തുറയും
16344 കോട്ടയവും കടന്നിരുന്നു…
ഒരേ പേരുള്ള തീവണ്ടികളിലായിട്ടും
ഇനിയുമൊരുപക്ഷേ,
കാണാനേയിടയില്ലാത്തവിധം…
പരസ്പരം കാണാതെയുമറിയാതെയും
ഒരുപോലെയുള്ള
എത്ര സ്വപ്നങ്ങളാണു്
ഇങ്ങനെ ദിവസവും കടന്നുപോവുന്നതു്
സ്റ്റേഷനിൽ കാത്തിരിക്കുന്നതു്
ടിക്കറ്റുകിട്ടാതെ നിൽക്കുന്നതു്…!

(എന്റെ റേഷൻ കാർഡിലെ പഞ്ചസാരക്കള്ളിക്കു്…)
പഞ്ചസാര കിലോ
രണ്ടു രൂപാ മുപ്പതു പൈസ
ഉള്ള കാലത്താണു്
ആദ്യപ്രണയം
പാവാടഞൊറിയിളക്കി
പീടികത്തിണ്ണയിൽ
അരികിൽ നിന്നതു്
ഇപ്പഴൊക്കെ
ഒരു പ്രണയം കൊണ്ടുനടത്തുക
എന്നൊക്കെപ്പറഞ്ഞാൽ…
പഞ്ചസാരയ്ക്കൊക്കെ
എന്താ വെല…!?
പാതിയുറക്കം ചവർക്കുന്ന ചായയിൽ
ചൂടുകാഞ്ഞോരോ വിചാരങ്ങളോതിയും
ഓർമ്മയിലോരോ മധുരം നുണഞ്ഞും
മെല്ലെമെല്ലെത്തുടങ്ങും പതിവിന്റെ
വാതിൽക്കലെത്തുന്ന പത്രം പകുത്തും
കൂട്ടിയും താഴ്ത്തിയും തീയതി നീട്ടുന്ന
ഗ്യാസിന്റെ പപ്പാതി പങ്കിട്ടെടുത്തും
തോന്നിയതെല്ലാമരച്ചു തിളപ്പിച്ച
‘പേരറിയാത്തൊരു നൊമ്പര’ക്കറിയുടെ
സ്വാദിന്റെ പാതിക്കു പേറ്റന്റെടുത്തും
ധൃതിപിടിക്കുന്ന പുസ്തകസ്സഞ്ചികൾക്കൊ-
പ്പം ചിണുങ്ങുന്ന ചോറ്റുപാത്രങ്ങളെ,
തലതുവർത്താത്ത നെറുകയെ, ശാസിച്ചു
കൈത്തലം ചേർക്കുന്ന നേരമില്ലായ്മയായ്
ഒക്കെയൊരുവിധം തീർത്തു നടു നിവർത്തിയും
ദിവസവും സാരിയുടുത്തു പുറപ്പെട്ടു
പടിയിറങ്ങുമെൻ പ്രണയമേ
നിന്റെ ഞൊറിയുലച്ചിലിൽ
ദൂരെ നിന്നെൻ വിരൽ സ്പർശമെപ്പൊഴും
കൂടെയുണ്ടെങ്കിലും…
എങ്കിലും…
പഞ്ചസാരയ്ക്കൊക്കെ
ഇപ്പൊ എന്താ വെല…!!
(ഫെബ്രുവരി 2011.)

ശ്വാസച്ചൂടു് വിയർപ്പിച്ച
ഒരു മുഖക്കുരുത്തടിപ്പു്
മുടിയിഴകൾ കെട്ടുപിണഞ്ഞ
ഒരു മൂക്കുത്തിക്കുരുക്കു്
മൗനമായി വിറച്ചുനിന്ന
ഒരു കീഴു് ചുണ്ടുനനവു്…
വിരൽത്തുമ്പുകൊണ്ടു്
ബ്രെയിലിയാണു്
നിന്റെ മുഖത്തെ പ്രണയം
കൂട്ടിവായിച്ചെടുത്തതു്
എന്റെ പ്രണയത്തിനു്
കണ്ണുകാണാതായതു്
അതോടെയാണു്…!
(ഒക്ടോബർ 2010)

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ