
വീട്ടുമുറ്റത്തെ പേരറിയാമരം
ഞാൻ നട്ടതാണു്…
വലുതായി ഞാൻ
എന്നു മരം കൊമ്പുനീട്ടിയപ്പോൾ
അയലത്തെ കുറുമ്പുകാരിയെ
കൊമ്പിലിരുത്തി കരയിച്ചതും ഞാനാണു്…
പിന്നെപ്പിന്നെ…
കുഞ്ഞുടുപ്പിട്ട കുസൃതികൾ
പല നിറങ്ങളിൽ ചില്ലകളിൽ നിറഞ്ഞു…
പിന്നെപ്പിന്നെ
പേരറിയാപ്പക്ഷികൾ
കൂടെയിരുന്നു ചിലച്ചു…
മരംകേറിപ്പെണ്ണുങ്ങളുടെ
പ്രിയപ്പെട്ട കുഞ്ഞുമരം
എന്റെ വീട്ടുമുറ്റത്തു് ചിരിച്ചുനിന്നു…
ഇന്നാളൊരു ദിവസം
ആ കുറുമ്പുകാരിപ്പെണ്ണു്
ആകെ പൂത്തുലഞ്ഞു്
ഫുൾ പാവാടയിട്ടു്
മരം കേറാതെ നിന്നപ്പോൾ
എന്തേയെന്ന വിഡ്ഢിച്ചോദ്യം
ചോദിച്ചതും ഞാനാണു്…
ഞാനും വലിയ കുട്ടിയായി
എന്നവൾ നാണിച്ചപ്പോൾ
എന്റെ മരവും നാണിച്ചുപൂത്തു…!
(ഫെബ്രുവരി 2011)


“വിക്ഷുബ്ധനായിപ്പോവുന്നു
നിയന്ത്രണം കിട്ടുന്നില്ല”
ഇളം നീലക്കോട്ടിട്ടു്
കുനിഞ്ഞുനിന്നു പരിശോധിക്കുന്ന
ആകാശത്തിനോടു് കടൽ പറഞ്ഞു
“ഉപ്പു കുറയ്ക്കണം ബി. പി. കൂടുതലാണു്”
ആകാശം കാര്യം പറഞ്ഞു
“അയ്യോ… ഞാൻ കടലാണു്…!
ഉപ്പു് ന്നു് വെച്ചാൽ…!”
കടൽ അന്തം വിട്ടു
“ആരായാലും വേണ്ടില്ല… ”
ഒരു പഞ്ഞിമേഘമെടുത്തു് മൂക്കു തുടച്ചു്
കഴിയുന്നത്ര നിർവ്വികാരനായി
ആകാശം പറഞ്ഞു “ബി. പി. കൂടുതലാണു്
ഉപ്പു കുറയ്ക്കണം… അത്ര തന്നെ… ”
നിസ്സഹായനായ കടൽ
ചക്രവാളത്തിന്റെ വാതിൽക്കലേക്കു നോക്കി
യൂണിഫോമിൽ കടന്നുവന്ന
അല്പമിരുണ്ടു തുളുമ്പുന്നൊരു മഴയെ
ദയനീയമായി നോക്കി
മഴയൊന്നു പുഞ്ചിരിച്ചു
കടലിന്റെ ഞരമ്പിൽ മൃദുവായൊന്നമർത്തി
ചെറുതായൊന്നു് തട്ടിത്തലോടി
“അങ്ങനീണ്ടാവും സാരല്ല്യ
ഒന്നുകൂടി നോക്കാം…”
മഴയുടെ വിരൽസ്പർശങ്ങളിൽ
കടലങ്ങനെ ഉറങ്ങിപ്പോയി
ഉണർന്നപ്പോൾ ചിരിച്ചുതെളിഞ്ഞുനിൽക്കുന്നു മഴ
ആകാശത്തിന്റെ ചാർട്ടിൽ
നീലമഷികൊണ്ടു് കുറിച്ചിട്ടിരിക്കുന്നു.
120/80


ചുമച്ചും കിതച്ചും
ഓടിത്തേഞ്ഞ ഒരു എഞ്ചിന്റെ
കാർഡിയോഗ്രാം പോലൊരു പവർ ഡയഗ്രം
വെളിവാക്കിത്തന്നതെല്ലാം
ഇന്നും തെളിഞ്ഞുകാണുന്നുണ്ടു്
മാറുന്ന സ്ഥലവും കാലവും
അടയാളപ്പെടുത്തിയിട്ട
ഋതുക്കളുടെ രേഖാചക്രത്തിൽ
വിശപ്പും വിയർപ്പും വിരഹവും
ഉന്മാദിപ്പിച്ച ഒരാളലോടെ
വേനലിന്റെ ഊർജ്ജമാണു്
വസന്തമായിപൂത്തുലയുന്ന
ശിഖരബിന്ദുവിലേക്കു്
പറന്നുകയറിയതെന്നു്
അറിയുന്നുണ്ടു്
സ്വപ്നങ്ങളുടെ ശിശിരം
ഒരു എക്സോസ്റ്റ് സ്ട്രോക്കായി
നിശ്വസിക്കുന്നതും
മഴക്കാലത്തണുപ്പുള്ള
ഒരു കാറ്റിനെ
ഏറ്റുവാങ്ങാൻ കാത്തിരിക്കുന്നതും
അതുകൊണ്ടാണു്.


പലപ്പോഴും
വറ്റിപ്പോയെന്നു തോന്നിക്കുന്ന
പുഴകളുടെ താഴെയുമുണ്ടു്
മണലിലാഴ്‌ന്നു് മണ്ണിൽ പടർന്നിറങ്ങുന്ന
ആരും കാണാത്ത ഒരൊഴുക്കു്
പലപ്പോഴും
അർത്ഥമില്ലെന്നു തോന്നിക്കുന്ന
വാക്കുകൾക്കടിയിലുമുണ്ടു്
ചങ്കിൽ കൊളുത്തി തൊണ്ടയിടറിക്കുന്ന
ചില തോന്നലുകളുടെ നനവു്.


പെയ്യാത്ത മഴയുടെ
കിനിയാത്ത നനവിൽ
മുളയ്ക്കാത്ത വിത്തിന്റെ
പടരാത്ത കൊമ്പിൽ
പൂക്കാത്ത പൂവിന്റെ
കായ്ക്കാപ്പഴത്തിൽ
കൊത്താത്ത കിളിയുടെ
നിവരാത്ത ചിറകിൽ
പറക്കാത്ത ദൂരത്തെ
ആകാശമത്രയും
വിങ്ങുന്ന മേഘമായ്
കൂടിനിൽപ്പുണ്ടെന്റെ ഉമ്മകൾ
നിനക്കെന്നു മാത്രം
ഇടിമിന്നി നിൽക്കുന്ന
വാക്കുകളുടെ ചുണ്ടുകൾ കൊണ്ടു്
കവിതയിൽ നിന്നെ ഉമ്മവെക്കുമ്പോൾ
എത്ര മഴകളാണു്, എത്ര മരങ്ങളാണു്
എത്ര പൂക്കളാണു്, എത്ര കനികളാണു്
എത്രയോ കിളിച്ചിറകുകളായി
എനിക്കും നിനക്കും മാത്രമറിയുന്ന
ഒരാകാശത്തേക്കു് പറന്നുയരുന്നതു്…!

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ