

പഞ്ചായത്തതിർത്തിയിലെ
മൊത്തം രക്തസാക്ഷികൾ
കഴിഞ്ഞ പത്തുവർഷത്തിൽ 17.5
0.5 കണാരേട്ടന്റെ ചെക്കൻ ഷൈജു
ബ്രേക്കില്ലാത്ത സൈക്കിളിൽ
ഇടയിൽ വന്നു വീണതാണെങ്കിലും
ഓനെയും കണക്കിൽപ്പെടുത്തണം
ഇക്കണക്കിൽ മാത്രം
താലൂക്കാസ്പത്രിയിലെ ബ്ലഡ് ബാങ്കിൽ
പഞ്ചായത്തിൽ നിന്നു് മൊത്തം കൊടുത്തതു്
18,750 മില്ലി ചോര
വർഷത്തിൽ ശരാശരി
1.75 വെച്ചു നോക്കുമ്പൊ
പ്രതിവർഷം പ്രതി രക്തസാക്ഷി
1071.4286 മില്ലി ചോര
ഇതിൽ തീയന്റെയെത്ര
മാപ്ലയുടെ എത്ര
നായരുടെ എത്ര
എന്നും കൂടി നിങ്ങക്കറിയണെങ്കിൽ
നിങ്ങടെ ചാനലിൽ
എപ്പഴും ലൈനിൽ നിക്കണ ആ പെണ്ണില്ലേ…?
ഓളോടു് പോയി ചോദിക്കു്…

നെറ്റിയിൽ കുറി തൊട്ടു്
കൈത്തണ്ടച്ചരടു് വലിച്ചുകേറ്റി
മുണ്ടുമടക്കിക്കുത്തിയ
ഒരു ആർഷഭാരതശരീരഭാഷ
ടാർപാളിൻ തട്ടമിട്ടു്
കുണുങ്ങിക്കുണുങ്ങി
കാടാമ്പുഴ റൂട്ടിൽ വന്ന
ഒരു ഏറനാടൻ ഓട്ടോറിക്ഷ
തടുത്തുനിർത്തി
“പഥസഞ്ചലനമാണു്
മുന്നോട്ടുപോവരുതു്…!”
“മലയാളം പറയെടാ ചെയ്ത്താനേ… ”
“അണക്കതിനു് മലയാളറിയോടീ പോത്തേ?”
“കാകളിക്കാദ്യപാദാദൗ…
ബാക്കി പറയെടാ ഹമുക്കേ… ”
“കാക്കേനെ പറപ്പിച്ചു്
വെരട്ടണ്ടെടി കൊണിച്ചീ”
“കൊണിച്ചി അന്റെ പെങ്ങള് ജാന്വേട്ത്തി
അവിര്ക്ക് സുകല്ലേ?”
“ങും… യ്യെങ്ങടാ…? ദുബായ്ക്കാശ് പൊടിക്കാനല്ലേ?”
“അയ്ക്കാരം… അനക്കെന്തടാ ചേതം?”
“ഒന്നു് പോടി പെണ്ണേ… ”
“ഒന്നു് പൊയ്ക്കട ചെക്കാ… ”
കരിങ്കല്ലിൽ ചുണയുരച്ചു്
സ്ലൈഡ് കുത്തിയ മുറിത്തട്ടത്തുമ്പിൽ
തുടച്ചുനീട്ടിയ കണ്ണിമാങ്ങാമണം
പെട്ടെന്നു് റോഡിലാകെ പരന്നു…
കുടുക്കു പൊട്ടിയ കാക്കിട്രൗസറിന്റെ
പിടി വിടാൻ പറ്റാത്തനില്പിൽ
ചന്ദനക്കുറി മായ്ച്ചോടിയ
മൂന്നാം ക്ലാസ് കുസൃതിക്കു മുന്നിലെ
പഴയ നിസ്സഹായത
പൊടിഞ്ഞുവന്ന ചിരിയോടെ
ഉറക്കെ വിളിച്ചു
“ബോലോ ഭാരത് മാതാ കീ… ”
(ഫെബ്രുവരി 2011.)

(പ്രത്യേക ഓഫർ: കഥയ്ക്കൊപ്പം അനുബന്ധം ഫ്രീ)
കഥ:
ചിങ്ങവെയിൽ തിളങ്ങുന്ന ചുമലിൽ
കമ്പുഴിഞ്ഞുകളഞ്ഞ മുളയിൽ
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു്
മുമ്മൂന്നെണ്ണം അപ്രത്തുമിപ്രത്തുമായ്
കെട്ടിത്തൂക്കിയ നേന്ത്രക്കുലകളും കൊണ്ടു്
ഓട്ടവും നടത്തവുമല്ലാത്തമട്ടിൽ
പെരുമാങ്ങോടു് ചന്തയ്ക്കു് താളത്തിൽ പോവുന്ന
അപ്പുണ്ണിത്തരകന്റെ വിയർത്ത ചിരിയിലുണ്ടാവും
കൂട്ടിയും കിഴിച്ചും ഗുണിച്ചും കുറേ സന്തോഷങ്ങൾ
വിലാസിനിക്കു് പാവാടയും ജമ്പറും
ഹരിദാസനു് കോളേജ് ഫീസും രണ്ടു് ഡബിൾ മുണ്ടും
കല്യാണിക്കു് കസവുവേഷ്ടി
അമ്മയ്ക്കു് മൂന്നു മാസത്തേക്കു് കുഴമ്പു്
സൊസൈറ്റിയിൽ നിന്നു് പൊട്ടാഷും യൂറിയയും
ചെർപ്പുളശ്ശേരി ആനന്ദിന്റെ വെള്ളിത്തിരയിൽ
തച്ചോളി മരുമകൻ ചന്തു
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു്
എന്നൊക്കെ തിരിച്ചും മറിച്ചും
കൂട്ടിയും കിഴിച്ചും ഗുണിച്ചും കുറേ സന്തോഷങ്ങൾ
ടൈപ്പിനുവിട്ട വിലാസിനിക്കു്
ദിവസത്തിന്റെ കണക്കുതെറ്റി
വിപ്ലവത്തിനുപോയ ഹരിദാസനു്
കണക്കുകൂട്ടിയതൊക്കെത്തെറ്റി
മഞ്ഞരളിക്കായ, എൻഡ്രിൻ
എന്നു് രണ്ടാളും കണക്കുവെട്ടി
പിന്നെ കയ്പ, കുമ്പളം,നേന്ത്ര
വെള്ളരി, തെങ്ങ്, കവുങ്ങ്
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു്
എന്നങ്ങനെ ഓരോരുത്തരോരോരുത്തരായി
ഓരോരുത്തരോരോരുത്തരായി…


ബാങ്കിലെ ഓണസ്സദ്യ കഴിഞ്ഞു്
കൈകഴുകിവരുമ്പോൾ
“ഒരു കയിൽ പഴപ്രഥമനിലറിയാം
വാഴ നനച്ചതിന്റെ കണക്കു്”
എന്നു് പ്രസിഡണ്ട് തമാശപറയുമ്പോൾ
ഉള്ളൊക്കെ ഉറക്കുത്തിപ്പോയ
ഉണങ്ങിയ മുളപോലെ
തിണ്ണയിൽചാരിയിരിപ്പുണ്ടു്
അവസാനത്തെ പന്തിയും കാത്തു്
അപ്പുണ്ണിത്തരകൻ
എണ്ണക്കം തെറ്റിയ ഓർമ്മകളിലേക്കു്
വീണ്ടും വിരൽമടക്കുന്നുണ്ടു്
ഒന്നു് രണ്ടു് മൂന്നു് നാലു് അഞ്ചു് ആറു്…

സംസാരജടിലവും
മാംസനിബദ്ധവുമായ
സാംസംഗ് മൊബൈൽ
പൂർവ്വാശ്രമത്തിലെ
നമ്പറിനോടൊപ്പം
മാറ്റിയതാണു്
ആത്മീയതയിലേക്കു്
നോക്കാൻ തുടങ്ങിയപ്പോഴാണു്
ഈ നോക്കിയ വാങ്ങിയതു്…
തിളങ്ങുന്ന ശുഭ്രതയിൽ
മൃദുസ്പർശസൗകര്യത്തോടെ…
എപ്പോഴും ചാർജ്ജിൽ വെച്ചു്
ഓഫാക്കിയിടലാണു്
സന്യാസത്തിന്റെ പരമകാഷ്ഠയെന്നു്
കഴിഞ്ഞ സെഷനിൽ
സ്വാമിജി പറഞ്ഞു തന്നതാണു്
ഞാൻ പരിധിക്കു പുറത്താണെന്നുള്ളതു്
നിന്റെ ഒരു തോന്നൽ മാത്രമാണു്
സത്യത്തിൽ ഞാനിപ്പോൾ
എന്റെ വരുതിക്കുള്ളിലാണു്…!
ഇല്ലാതായ പഴയ ഫോണിലെ
പഴയ സംസാരങ്ങൾ
ദേഹം നഷ്ടപ്പെട്ട ദേഹി പോലെ
അലയുന്നുണ്ടാവാം…
ഒരു പക്ഷേ,
നിന്റെ ഫോൺ കിടന്നുറങ്ങുന്ന
തലയിണച്ചുവട്ടിലും
ഉറക്കം കെടുത്തുന്ന
തരംഗദൈർഘ്യത്തിൽ…
എങ്കിലും ചന്ദ്രികേ…
ഇതാശ്രമമാണു്…
ഇപ്പോൾ സത്സംഗമാണു്
സാംസംഗിനെക്കുറിച്ചു് പറയരുതു്…!
(ജനുവരി 2011.)


വിഷാദത്തിന്റെ ഉരുൾപൊട്ടിവീണു്
ഒറ്റപ്പെട്ടുപോയൊരു താഴ്‌വരയിൽ
അടയാളപ്പെടുത്താൻ അടുക്കിക്കിടത്തിയ
വെള്ളത്തുണിക്കെട്ടുകളുടെ ഇടയിലെന്നപോലെ
വരിയകലത്തിൽ
സ്വന്തമർത്ഥം തിരഞ്ഞുകൊണ്ടിരിക്കുന്ന
കറുത്ത പർദ്ദയിട്ട ഒരു വാക്കു്
കരച്ചിലടക്കിനിൽക്കുന്നു
തണുത്തുറഞ്ഞ മഞ്ഞിലേക്കു്
എപ്പോഴെങ്കിലും
എപ്പോഴെങ്കിലും
ആകാശത്തുനിന്നു് ചിതറിവീഴാവുന്ന
പൊതിക്കെട്ടുകളെപ്പോലെ
നിശ്ശബ്ദതയിൽ നിന്നു് പെറുക്കിയെടുക്കേണ്ട
അർത്ഥങ്ങൾ തിരയുന്ന
അഭയാർത്ഥികളാണെങ്ങും
മുഷിഞ്ഞ ഭാണ്ഡങ്ങൾ പേറി
വീടുപേക്ഷിച്ചുപോവുന്ന വാക്കുകളുടെ
മുഖം കുനിച്ച നടത്തമാണു്
ഇറങ്ങിപ്പോകുന്ന വഴികളിൽ
മുൾവേലികളിൽ കുരുങ്ങി
അക്ഷരങ്ങളൂർന്നുപോയ ഭാഷയുടെ
നഗ്നമായ നീറലുകൾ
കരച്ചിലായി മാത്രം പരിഭാഷപ്പെടുന്ന
അതിർത്തികളിലൊന്നിൽ
കാത്തുകാത്തു് വരിനിൽക്കുകയാണു്
ഈ കവിത
(പലായനത്തിനും നിസ്സഹായതയ്ക്കുമിടയിലെ
ഒരു തോന്നലിലാവണം
കഴുത്തിൽ കുടുക്കിട്ടു്
ഈ കവിതയെ തട്ടിമറിച്ചിട്ടു്
തലക്കെട്ടും പിടഞ്ഞുപിടഞ്ഞവസാനിച്ചതു്.)

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ