കടപുഴകി വീഴാൻ പോകുന്ന
ഒരു മരത്തിനു്
എന്റെ ആഴമേയെന്നു്
വേരുകളാൽ കൂട്ടിപ്പിടിച്ച മണ്ണിൽ നിന്നു്
പിടിവിട്ടുപോകുന്ന നിമിഷത്തിൽ
തകർന്നമരാൻ പോകുന്ന
ഒരു ചില്ലയുടെയറ്റത്തു്
അവസാനത്തെ നനവും
ശ്വാസവുമെടുത്തു്
പൂക്കുന്ന പൂവു പോലെ
ഒരൊറ്റ വാക്കു്
നിനക്കു്
തരാൻ വേണ്ടി തിരയുന്നതു്
അതാണു്.
രക്തസാക്ഷിമണ്ഡപത്തിനു മുമ്പിൽ
മുഷ്ടി ചുരുട്ടിയുയർത്തി
കാലഘട്ടത്തിന്റെ ഗൗരവം
മൗനമായ് ചാർത്തി
ഓർമ്മകളിലേക്കു കൂർത്തു നിൽക്കുന്ന
സ്തൂപികാഗ്രിതവനങ്ങൾ…
പോക്കുവെയിലിന്റെ ഇളം ചൂടിലും
പാർക്കിൽ നിലം പതിഞ്ഞു്
പുലരിമഞ്ഞു തേടി വിരലുകളിഴയുന്ന
പ്രണയത്തിന്റെ സാവന്നകൾ
പെൻഷൻ പരിഷ്കരണത്തിന്റെ
സായാഹ്നചർച്ചയിൽ വേരാഴ്ത്തി
തഴമ്പുവന്നു തേഞ്ഞ
സിമന്റു ബെഞ്ചിനു ചുറ്റും
വട്ടം കൂടി നിൽക്കുന്ന
ഇലപൊഴിയും കാടുകൾ
അമ്പതു കഴിഞ്ഞ
സൈബീരിയൻ ശൈത്യം
കുശുകുശുപ്പിലുരഞ്ഞു
തീപ്പിടിച്ചകറ്റുന്ന
കൊച്ചമ്മമാരുടെ ക്ലബ്ബിലെ
തുന്ദ്രാ പ്രദേശം
പരുക്കൻ ലഹരിയുടെ
നില്പൻ കൗണ്ടറിൽ
ആടിയുലഞ്ഞു കത്തുന്ന
ആൺവിയർപ്പിന്റെ
ഉഷ്ണമേഖലാവനങ്ങൾ
നഗരഭൂപടത്തിന്റെ
അരികുപറ്റിയൊഴുകുന്ന
അഴുക്കുചാൽ ചെരുവിൽ
ചതഞ്ഞരഞ്ഞ വസന്തം
പാടുകൾ വീഴ്ത്തിയ
പച്ചപ്പാവാടയ്ക്കൊപ്പം
കീറിപ്പറിഞ്ഞ ഭൂമിശാസ്ത്രം ടെക്സ്റ്റ്…
—(ഏപ്രിൽ 2011)
ഇതിപ്പഴിങ്ങനെ
കുറവനും കുറത്തിക്കുമിടയിലെ
ഇടുക്കി ഡാം പോലെ
നെഞ്ചിലിങ്ങനെ കെട്ടിക്കിടന്നിട്ടു്
നിനക്കെന്താണുപകാരമെന്നോർക്കുമ്പഴാണു്…
എന്നാപ്പിന്നെ
അതങ്ങോട്ടൊഴുക്കിവിട്ടു്
ആ ടർബൈനൊന്നു കറക്കിത്തിരിച്ചു്
കമ്പികളിൽ ഊഞ്ഞാലാടിവന്നു്
ചുവപ്പുലൈറ്റു് കത്തുന്ന
മീറ്ററിനേം കളിപ്പിച്ചു്
ഒച്ചയുണ്ടാക്കാതെ
വീട്ടിൽ വന്നുകയറി
മിക്സിയുടെ സ്വിച്ചും ചാടി
ഗുർർർർർർർർർർർ… എന്നു്
നിനക്കു് ചട്ണിയരച്ചുതരാൻ തോന്നുന്നതു്…
ശുർർർർർർർർർർർ… എന്നു്
ഫാനായിത്തിരിഞ്ഞു്
നിന്റെ മൂക്കിൻതുമ്പിലെ വിയർപ്പിൽ
തുരുതുരുന്നനെ…,
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്… എന്നു്
ഇസ്തിരിച്ചൂടായി
നീ മടക്കിവെച്ച കുപ്പായങ്ങളിൽ
പതുപതുങ്ങനെ…,
ഉമ്മവെക്കണമെന്നു തോന്നുന്നതു്…
ടാങ്കിലേക്കുള്ള മോട്ടോർ
സിങ്കിലെ വെള്ളം
കുളിമുറിയിലെ വെളിച്ചം
മൊബൈലിന്റെ ചാർജ്ജ്…
പതുക്കെവെച്ച പാട്ടു്
നീ തൊടുന്നതെല്ലാം
നിന്നെത്തൊടുന്നതെല്ലാം
തൊട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നതു്
രാത്രിയിൽ നെടുവീർപ്പുകളോടൊപ്പം
നീയടച്ചുവെക്കുന്നതെല്ലാം
ങുർർർർർർർർർർർ… എന്നു് ഫ്രിഡ്ജായി മൂളി
തണുപ്പിക്കാൻ തോന്നുന്നതു്
രാവിലെ പാൽപ്പാത്രമെടുക്കാൻ
നിന്റെ കൈച്ചൂടുവരുന്നതും കാത്തു്
വെറുതേ ഇരിക്കാൻ തോന്നുന്നതു്…
വസന്തത്തിന്റെ സാരിക്കു്
ഞൊറിപിടിച്ചുകൊടുക്കുന്നു
മുന്താണിത്തുമ്പിൽ തലതുവർത്തിയ
മഴ നനഞ്ഞ ഒരു കാറ്റു്…
ഒരു കുഞ്ഞുസന്തോഷത്തിന്റെ
പഞ്ചസാരത്തരിയുമായി
ഒരു കുഞ്ഞുറുമ്പുചിന്ത…
മണൽത്തരിപ്പോറലുകൾ
എറ്റിച്ചു കളിക്കുന്ന
വിഷാദത്തിന്റെ
ആയിരം കുഴിയാനകൾ.