കുറുങ്കഥ: ഒന്നു്

ഒരേ ഒരിക്കൽ അവളുടെ മൊബൈലിലേക്കു് ഒരു ചെറു പ്രാണി കൂടു കയറും പോലെ ഒരു ബ്ലാങ്ക് മെസേജ് വന്നു പെട്ടു. ആരുടേതാണെന്നു് അവൾക്കറിയില്ലായിരുന്നു. മറുപടി അയച്ചില്ല.
ആ മെസേജിനെ അവഗണിച്ചു. എല്ലാ ദിവസവും രാത്രി എട്ടു മണിക്കു് അവളുടെ മൊബൈലിലേക്കു് ബ്ലാങ്ക് മെസേജുകൾ വന്നു കൊണ്ടിരുന്നു. ഒട്ടും പരിഗണിച്ചേ ഇല്ല.
കാലം കഴിയവേ അവളും ദാമ്പത്യത്തിന്റെ പെട്ടിയിലായി. ഇരുട്ടും കയ്പും നിറഞ്ഞൊരു നാൾ അവളാ പഴയ മെസേജുകളെ കുറിച്ചോർത്തു. മുകളിലേക്കു് നോക്കിയപ്പോൾ മേഘങ്ങളിൽ ചിറകു കൊണ്ടു് മുടന്തുന്ന പക്ഷികളെ കണ്ടു.
ആ നമ്പർ എന്തു കൊണ്ടോ അവൾ ഓർത്തു വെച്ചിരുന്നു. ഏറെ ഹൃദയ-ബാധ്യതയോടെ അതിലേക്കു് വിളിച്ചു: ‘ആ മനുഷ്യൻ നിലവിലില്ല…’ എന്നോ മറ്റോ അവ്യക്തമായി വളരെ ദൂരെ നിന്നു് കേട്ടു.
കുറുങ്കഥ: രണ്ടു്

അമ്മാവനു് ഒരു തോക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം അമ്മായി അതു് സ്വന്തമാക്കി. അവരെ എല്ലാരും പേടിക്കാൻ തുടങ്ങിയതു് അതിനു ശേഷമായിരുന്നല്ലോ! അടുക്കളയുടെ ചുമരിൽ ഇരട്ടക്കണ്ണുകൾ പോലെ അതു തൂങ്ങിക്കിടന്നു.
പതുക്കെ അമ്മായിയോടു് അടുക്കള കാര്യം പോലും ചോദിക്കാൻ ഏവരും ഭയപ്പെട്ടു തുടങ്ങി. രാത്രിയിൽ അടുക്കളയും മച്ചിൻ പുറവും അസാധാരണമായ ചില വാക്കുകൾ സംസാരിക്കുന്നുണ്ടോ? തുറന്നു ചോദിക്കാൻ വീട്ടിലെ ഏവർക്കും മടി.
കാലം പുതിയ മരങ്ങളെ തൊടിയിൽ നട്ടു. അടുക്കള കിച്ചണായി.
ആത്മഹത്യ ചെയ്ത അമ്മായിയുടെ പടം ആലയിൽ തള്ളിയ പഴയ ചൈനാപ്പെട്ടിയിൽ നിന്നു ഈയിടെ കിട്ടി. അമ്മായി അവസാനം പറഞ്ഞതെന്തായിരുന്നു? ആ പഴയ എട്ടു വയസുകാരനോടു് പീത നിറമുള്ള ഒരു ഓർമ്മയിലേക്കു് പിന്തിരിഞ്ഞു നിന്നു് ഞാൻ ചോദിച്ചു.
‘ഠോ!…’
—മനസ്സു പതിയെ ആ പഴയ ഒച്ച പുറത്തു വിട്ടു.
കുറുങ്കഥ: മൂന്നു്

‘ല’ എന്നു വിളിച്ചാൽ വിളികേൾക്കുന്ന ഒരു മരമുണ്ടായിരുന്നു, തൊടിയിൽ.
ല ല ല, ല ല ല… എന്നു ചില രാത്രികളിൽ ഞാൻ മൂളുമ്പോൾ ആ മരവും ഒപ്പം താളത്തിൽ പാടുമായിരുന്നു.
വിവാഹത്തിനു ശേഷം ആ മരമേ മറന്നു പോയ്. ഇപ്പോൾ നോക്കുമ്പോൾ തൊടിയിൽ നിറയെ:
ല ല ല, ല ല ല…
കുറുങ്കഥ: നാലു്

രണ്ടു് കള്ളന്മാരായിരുന്നു അവർ. ഒരാൾ പുരുഷനും മറ്റേയാൾ സ്ത്രീയും. ഒരു മോഷണത്തിനിടയ്ക്കു് രാത്രിയിൽ പരിചയപ്പെട്ടതാണു്.
മോഷ്ടാവായ ഒരു വനിതയെ ആദ്യമായി കാണുകയായിരുന്നു അയാൾ. കൂട്ടു പ്രയത്നമായി കുറെ നാൾ മോഷണം തുടർന്നപ്പോൾ അവർ താമസവും ഒരേ ഇടത്താക്കി. ജോലി ചെയ്യാൻ എളുപ്പമാകുമല്ലോ.
ഒരു നാൾ വെളുപ്പാൻ കാലത്തു് വന്നു കിടന്നു് ഉച്ച വെയിലിൽ കണ്ണു തുറന്നു നോക്കിയപ്പോൾ പുരുഷനായ കള്ളനു് എന്തോ ഒരു മാറ്റം അനുഭവപ്പെട്ടു.
കണ്ണാടിയിൽ നോക്കി. ശരിയാണു്! പഴയ മെലിഞ്ഞുണങ്ങിയ കള്ളനല്ല അവിടെ. പകരം, ഒത്ത, സുന്ദരനായ ഒരു പുരുഷൻ!
നിലത്തു് പായയും വിരിച്ചു് കിടന്നുറങ്ങുന്നവൾ സുന്ദരിയായ ഒരു യുവതിയും.
ആലോചിച്ചപ്പോൾ നാളുകളായുള്ള ആ ഓട്ടങ്ങൾക്കിടയിൽ തന്റെ പ്രണയം എപ്പോഴോ മോഷണം പോയിരുന്നെന്നു് യുവാവിനു് മനസ്സിലായി.
ആരുമറിയാതെപോയ ആ പകൽക്കൊള്ള നടന്നതു് അങ്ങനെയാണു്!
കുറുങ്കഥ: അഞ്ചു്

‘സംസാരിച്ചു് നിനക്കു മടുക്കുന്നില്ലേ’—പകൽ മുഴുവൻ കോളുകളിൽ നീന്തി നടന്ന എന്നോടു് ഒടുവിൽ മൊബൈൽ ഫോൺ തന്നെ ചോദിച്ചു.
‘ആഗ്രഹമുണ്ടു്. പക്ഷേ, നിർത്താനാകുന്നില്ല ഇതു്…’—നിസ്സഹായതയോടെ ഞാൻ പറഞ്ഞു.
ഞാൻ വീണ്ടും കോളുകളിൽ മുഴുകി. ഏതോ സംഭാഷണത്തിൽ മുങ്ങി, തളർന്നവശനായാണു് വെളുപ്പിനെപ്പഴോ ഉറക്കത്തിലേക്കു് ഉടൽതെറ്റി വീണതു്.
രാവിലെ എണീറ്റപ്പോൾ മൊബൈൽ ഫോൺ ഗാഢമായ ഉറക്കത്തിൽ. ഫുൾ ചാർജു ചെയ്തു് ഞെക്കിയിട്ടും തടവിയിട്ടും അതു് ഉണരുന്നേയില്ല.
നിസ്സഹായതയോടെ ഞാൻ ആ മൊബൈൽ ഫോണിലേക്കു് നോക്കി. വീണ്ടും വീണ്ടും തടവി നോക്കി.
ഒരു ബുദ്ധ ശിരസ്സു തെളിഞ്ഞു വന്നു!.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പു് സ്വദേശി. ചെറുകഥാകൃത്തു്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, അധ്യാപകൻ. പരിയാരം ഗവ ഹൈസ്കൂൾ, തളിപ്പറമ്പു് സർസയ്യദ് കോളേജ്, മാനന്തവാടി മേരീ മാതാ കോളേജ്, മഹാത്മാഗാന്ധി സർവകലാശാല ജേണലിസം വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
മലയാളത്തിൽ റാഡിക്കൽ ജേണലിസത്തിനു് തുടക്കമിട്ടു് ദില്ലിയിൽ നിന്നു് പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ് മാഗസിന്റെ സ്ഥാപകരിലൊരാളും അതിന്റെ ലിറ്റററി എഡിറ്ററുമായിരുന്നു.
ഇന്ത്യാ ടുഡേ, ന്യൂസ് ടുഡേ, കവേർട് മാഗസിൻ, ടൈംസ് ഓഫ് ഇന്ത്യ, ഡൂൾ ന്യൂസ് ഡോട് കോം എന്നീ മാധ്യമ സ്ഥാപനങ്ങളിൽ ജേണലിസ്റ്റായി ഒരു പതിറ്റാണ്ടുകാലത്തോളം ജോലി ചെയ്തു. കണ്ണൂർ സർവകലാശാല ജേണലിസം വിഭാഗത്തിന്റെ കോഴ്സ് ഡയറക്ടർ, ജേണലിസം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ‘ഇന്ത്യൻ ഇങ്ക്’എന്ന ഇംഗ്ലിഷ് ലിറ്റിൽ മാഗസിന്റെ പത്രാധിപ സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ തളിപ്പറമ്പു് സർസയ്യദ് കോളേജിൽ ജേണലിസം അധ്യാപകൻ.
മാതൃഭൂമി വിഷുപ്പതിപ്പു് കഥാ സമ്മാനം, മുട്ടത്തുവർക്കി കലാലയ കഥാ അവാർഡ്, എം പി നാരായണപ്പിള്ള ചെറുകഥാ പുരസ്കാരം, നാവു് കഥാ പുരസ്കാരം, ബാലകൃഷ്ണൻ മാങ്ങാടു് ചെറുകഥാ അവാർഡ്, അങ്കണം—ഇ പി സുഷമ എൻഡോവ്മെന്റ് തുടങ്ങിയ അംഗീകാരങ്ങൾ.
തിരക്കഥ രചിച്ച ‘അവൾ’ എന്ന ഷോർട് ഫിലിം 2010-ൽ ഇന്ത്യൻ പനോരമാ വിഭാഗത്തിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു.
വാൻഗോഗിന്റെ ചെവി, മിസ്ഡ് കോൾ, ഷോക്ക്, ജീവിതോൽസവം, മരമാണു് മറുപടി, അയ്യോ!, ചോക്കുകളുടെ കരച്ചിൽ, ആതിരാ-സൈക്കിൾ, മിസിസ്. ഷെർലക് ഹോംസ് (കഥകൾ), പേരയ്ക്ക, മൂന്നു്, അനിതാ-വയലറ്റ്, ഏകാന്തതയെക്കുറിച്ചു് ഒരു നോവൽ കൂടി (നോവൽ), അബ്ദുവിന്റെ പേനകൾ (ബാലസാഹിത്യം).
പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, ഫിലിം സ്റ്റഡീസ്: ആൻ അക്കാദമിക് ഇൻട്രൊഡക്ഷൻ എന്നീ അക്കാദമിക് ഗ്രന്ഥങ്ങളും രചിച്ചു.
- മലാലാ-ടാക്കീസ് (കഥകൾ)
- ടുട്ടു ദ ജേണലിസ്റ്റ്, ഭൂമിയുടെ അലമാര (ബാലസാഹിത്യം)
- എസ് എം എസ് ബിരിയാണി (കവിതകൾ)
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: ജി. രജീഷ്