images/Church_Heart_of_the_Andes.jpg
The Heart of the Andes, a painting by Frederic Edwin Church (1826–1900).
മാനുഷികപ്രശ്നങ്ങളുടെ തിരിച്ചറിവു്
നിസ്സാർ അഹമ്മദ്

സ്വന്തം കൂടപ്പിറപ്പുകളോടോ മിത്രങ്ങളോടോ ഇണയോടോ ഉള്ള അടുപ്പത്തെയല്ല മനുഷ്യസ്നേഹം എന്നുപറയുന്നതു്. അതു് മനുഷ്യരെ സംബന്ധിച്ച ഏതു് കാര്യത്തിലും ഉള്ള ശ്രദ്ധയാണു്. ഒരു വൈശ്വമായ ശുഭകാമന. ഈ ശ്രദ്ധയും ശുഭകാമനയും എവിടെ നിന്നു് ഉത്ഭവിക്കുന്നു എന്നു് അന്വേഷിക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. എന്നാൽ ഈ മനുഷ്യസ്നേഹം അത്യപൂർവ്വമായിട്ടാണു് മനുഷ്യചരിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നതു് എന്നതു് തർക്കമില്ലാത്ത കാര്യമാണു്. ഈ ശുഭകാമന പലപ്പോഴും, എല്ലായ്പ്പോഴും അല്ല, മനസ്സിന്റെ ഒരു ജാഗ്രതവസ്ഥ വ്യക്തിയിൽ ഉണ്ടാക്കുന്നു; ചിലപ്പോൾ യുക്തിഭദ്രമായ ചിന്തകളുടെ, മിക്കപ്പോഴും യുക്ത്യേതരമായ ഉൾക്കാഴ്ചകളുടെ അകമ്പടിയോടെ.

സമൂഹത്തിൽ കുറേപ്പേരുടെ സംവേദനരാഹിത്യത്തിനു് വിപരീതാനുപാതത്തിൽ എന്നവണ്ണം മറ്റുചിലർ അതിതീക്ഷ്ണമായ സംവേദനശീലത്താൽ വേദനിക്കുന്നു. ചുറ്റുമുള്ളവർ നിർല്ലജ്ജരായി പെരുമാറുമ്പോൾ അവരുടെ ലജ്ജയെല്ലാം നിങ്ങളിൽ ഇരച്ചുകയറി നിങ്ങളെ തളർത്തുന്നതു പോലെ. അമിതമായ മനുഷ്യസ്നേഹം ആത്മഹത്യാപരമാണു്. പക്ഷേ മനുഷ്യസ്നേഹം ഒരാളുടെ ജീവൻ തന്നെ അപഹരിക്കുകയാണെങ്കിൽ അതു് ചുറ്റുപാടുള്ള മനുഷ്യരിൽ ആ സ്നേഹത്തിന്റെ പരമമായ ദാരിദ്ര്യത്തെയാണു് വിളംബരം ചെയ്യുന്നതു്.

മനുഷ്യസ്നേഹം ഉള്ളവരെയാണു് മാനസികപ്രശ്നങ്ങൾ അലട്ടുന്നതു്; അല്ലാത്തവർക്കു് വേവലാതിപ്പെടാൻ അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടായിരിക്കും. മനുഷ്യജീവിതത്തിൽ ചിലർക്കുള്ള ഉത്കണ്ഠയാണു് അവരെ മനുഷ്യരുടെ യാതനകളുടെ നേർക്കു കണ്ണുതുറന്നിരിക്കാനും അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ആരായാനും പ്രേരിപ്പിക്കുന്നതു്. ഇതു് ഒരു സമർപ്പണബോധത്തിന്റെ പ്രശ്നമാണു്. ഈ സമർപ്പണമനോഭാവം ഇല്ലെങ്കിൽ ലോകത്തിനു് എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു എന്നു് ഒരു ആൾ വേവലാതിപ്പെടാൻ വകയില്ല. എവിടെയോ ഒരു തള്ള കുഞ്ഞിനു് മുല കൊടുത്തപ്പോൾ അതു് സ്വന്തം രക്തമായിപ്പോയതു്, എവിടെയോ ഒരു പിഞ്ചുബാലൻ വിശന്നു മരിച്ചതു്, എവിടെയോ കുറെ പട്ടാളക്കാർ നിരായുധരായ മനുഷ്യരെ വെടിവച്ചുകൊന്നതു്, എവിടെയോ ഒരു നിരപരാധി കഴുവിലേറിയതു്, എവിടെയോ ഒരു ചെറുപ്പക്കാരൻ നിശ്ശബ്ദമായി തന്റെ ജീവിതം അവസാനിപ്പിച്ചതു്, എവിടെയോ ഒരു ചെറുപ്പക്കാരിക്കു് തന്റെ കുടുംബത്തെ സംരക്ഷിക്കാൻ മാനഭംഗപ്പെടേണ്ടിവന്നതു്, എവിടെയോ ഒരാളെ മനോരോഗം പടിപടിയായി കീഴ്പ്പെടുത്തിയതു്, എവിടെയോ കുറെ മല്ലന്മാർ ചേർന്നു് ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തതു്, എവിടെയോ കുറച്ചുപേർക്കു് സുഖിക്കാൻ വേണ്ടി കുറേപേർ എല്ലുമുറിയെ പണിയെടുത്തതു്… ഇതെല്ലാം ഉത്കണ്ഠപോലും ഉണ്ടാക്കാത്തവരോടു് അതെപ്പറ്റി കുത്തിച്ചോദിച്ചു നോക്കു. അപ്പോൾ അവർ നിങ്ങളുടെ മുമ്പിൽ തങ്ങളുടെ ആവലാതികളുടെ ഭാണ്ഡക്കെട്ടു് അഴിക്കുന്നതു് കാണാം. സ്കൂളിൽ പഠിക്കുന്ന മകനു് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതാകാം, ജോലിത്തിരക്കിനിടയ്ക്കു് ഒന്നു തിരിയാൻ പോലും നേരം കിട്ടാത്തതാവാം, ഒരു വീടുപണിയാൻ നിന്നതിന്റെ പേരിൽ കഴുത്തറ്റം കടം കേറിയതാവാം, വീട്ടിൽ ഭാര്യയ്ക്കോ, ഭർത്താവിനോ ഭ്രാന്തായതാവാം, അല്ലെങ്കിൽ അടുത്ത മറ്റേതോ ബന്ധുവിനു്, മകനു് മാരകമായ ഒരു രോഗം പിടിപെട്ടതാവാം, വരുമാനനികുതിക്കാർ വന്നലട്ടുന്നതാവാം, തന്റെ തന്നെ തീരാരോഗമാവാം… സ്വന്തം കഷ്ടപ്പാടുകൾക്കു് നടുവിൽ മറ്റു് മനുഷ്യരുടെ വിഷമങ്ങളെക്കുറിച്ചു ചിന്തിക്കാൻ എനിക്കു് സാവകാശം എവിടെ? ഇതത്രെ ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ താല്പര്യഹീനതയ്ക്കു് ന്യായീകരണമായി മിക്കവരും മുന്നിൽ വയ്ക്കുന്നതു്.

സ്വന്തം വൈഷമ്യങ്ങൾ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങളാണെന്നും ആ മനുഷ്യർ തങ്ങൾ തന്നെയാണെന്നും ഉള്ള ഉൾക്കാഴ്ചയാണോ അവർക്കു് ഇല്ലാതെ പോയതു? തീക്ഷ്ണമായ സംവേദനശീലമുള്ള ഒരു മനസ്സു് സ്വന്തം ദുരന്തങ്ങളുടെ നടുവിലും ഇതര മനുഷ്യരുടെ വിഷമങ്ങളെക്കുറിച്ചു് ഉത്ക്കണ്ഠാകുലമാകും. സ്വന്തം വ്യക്തിത്വത്തിന്റെയോ കുടുംബത്തിന്റേയോ പരുപരുത്ത തോടുകൾക്കുള്ളിൽ തങ്ങളുടെ സംവേദനശീലം ഒതുക്കി നിർത്തുന്ന വ്യക്തികൾ ഗൗരവമായി കണക്കിലെടുക്കേണ്ടതു് സർവ്വ മനുഷ്യരും ഇപ്രകാരം സംവേദനസംകോചം ബാധിച്ചവരായ, അല്ലെങ്കിൽ അവരിൽ നിന്നു് സംവേദനക്ഷമത ഒട്ടും പ്രതീക്ഷിക്കാത്ത, ഒരു സാമൂഹികസംപ്രദായം തങ്ങൾ പൊറുപ്പിക്കാൻ തയ്യാറുണ്ടോ എന്നത്രെ. അത്തരമൊരു സംപ്രദായം തന്നെയാണു് തങ്ങൾ ഇപ്പോൾ പൊറുപ്പിച്ചുവരുന്നതു് എന്നാണു് അവരുടെ പ്രതിവചനമെങ്കിൽ അതിലൂടെ അവർ സ്വന്തം സംവേദനസംകോചത്തെ മാത്രമാണു് വിളംബരം ചെയ്യുന്നതു്. നിങ്ങളുടെ സംവേദനശേഷി ആ പരുപരുത്ത തോടുകൾക്കുള്ളിലേക്കു് വലിയുമ്പോൾ ദൈനംദിന ജീവിതത്തിൽ നിങ്ങൾ ഇതര മനുഷ്യരുമായി വിനിമയം ചെയ്യുന്ന വാക്കുകളുടെ അർത്ഥം ചോർന്നുപോകുന്നു.

പക്ഷേ, ഇതരർ അർത്ഥം മുറ തെറ്റാതെ പിൻതുടരുന്നതുകൊണ്ടാണു് നിങ്ങൾക്കു് അർത്ഥം തെറ്റിക്കുന്നതിന്റെ ആനുകൂല്യം കിട്ടുന്നതു്. ഇതരർ ചട്ടങ്ങൾ കൃത്യനിഷ്ഠയോടെ പിൻതുടരുന്നതു കൊണ്ടത്രേ നിങ്ങൾക്കു് ചട്ട ലംഘനത്തിന്റെ ഈ ആനുകൂല്യം അനുഭവിക്കാൻ കഴിയുന്നതു്. സംവേദനശീലത്തിന്റെ അഭാവമോ ന്യൂനതയോ നിങ്ങളുടെ വാക്കുകളെ ഉപചാരബദ്ധമാക്കുകയും നിങ്ങളുടെ സഹസംവാദിയെ ചതിക്കുകയും ചെയ്യുന്നു. ഇതരരും ഒരുപക്ഷേ നിങ്ങളെപ്പോലെ ഈ ആനുകൂല്യം അനുഭവിക്കുന്നവരായിരിക്കാം. എന്നാൽ ആ നിരർത്ഥതയുടെ വലക്കെട്ടു് പൂർണ്ണമാവുകയില്ല: ആരൊക്കെയോ എവിടെയൊക്കെയോ, വാക്കുകൾക്കു് സ്വന്തം ആത്മാവു് പകരുന്നതുകൊണ്ടു് അവയുടെ അർത്ഥം നിശ്ശേഷം ചോർന്നു പോവാതെ കിടക്കുന്നു. അതു പോലെ, സ്വകാര്യതയുടെ ആനുകൂല്യം തേടാത്ത ആരൊക്കെയോ എവിടെയൊക്കെയോ സ്വന്തം ജീവിതം അർപ്പിക്കുന്നതു മൂലം ചിലർക്കൊക്കെ തങ്ങളുടെ സംവേദനക്ഷമതയുടെ ഭാരം ഒഴിവാക്കാൻ കഴിയുന്നു. തങ്ങളുടെ സംവേദനസംകോചം നിമിത്തം ആ ചിലർക്കു് ഇതു കാണാൻ കഴിയാതെ വരുന്നു. സമൂഹത്തിൽ കുറേപ്പേരുടെ സംവേദനരാഹിത്യത്തിനു് വിപരീതാനുപാതത്തിൽ എന്നവണ്ണം മറ്റുചിലർ അതിതീക്ഷ്ണമായ സംവേദനശീലത്താൽ വേദനിക്കുന്നു. ചുറ്റുമുള്ളവർ നിർല്ലജ്ജരായി പെരുമാറുമ്പോൾ അവരുടെ ലജ്ജയെല്ലാം നിങ്ങളിൽ ഇരച്ചുകയറി നിങ്ങളെ തളർത്തുന്നതു പോലെ. അമിതമായ മനുഷ്യസ്നേഹം ആത്മഹത്യാപരമാണു്. പക്ഷേ മനുഷ്യസ്നേഹം ഒരാളുടെ ജീവൻ തന്നെ അപഹരിക്കുകയാണെങ്കിൽ അതു് ചുറ്റുപാടുള്ള മനുഷ്യരിൽ ആ സ്നേഹത്തിന്റെ പരമമായ ദാരിദ്ര്യത്തെയാണു് വിളംബരം ചെയ്യുന്നതു്.

എന്തുകൊണ്ടാണു് തൊഴിലാളിക്കു് കൂടുതൽ ധാർമ്മികമാന്യത കല്പിക്കപ്പെട്ടതു? വ്യവസായസംരംഭങ്ങളിൽ ഇത്രയേറെ മൂലധനസമാഹരണം, ഇത്രയേറെ സമ്പത്തു്, കൊണ്ടുവരാൻ മുഖ്യകാരണക്കാർ എന്ന നിലയിലോ? ആധുനികസമൃദ്ധിയുടെ മുഴുവൻ ആധാരം എന്ന നിലയിലോ? അഥവാ ആധുനിക മാനുഷികജീവിതത്തിനു് അത്യന്താപേക്ഷിതമായ അസ്തിത്വോപാധികളുടെ യഥാർത്ഥ ഉത്പാദകർ എന്ന നിലയിലോ? ഒന്നാമത്തേതാണെന്നു് വിചാരിക്കുക. എങ്കിൽ, ലാഭം ഉണ്ടാക്കുന്നതിനോടും, സമ്പത്തു് ആർജ്ജിക്കുന്നതിനോടും നമുക്കുള്ള അനുകൂലമനോഭാവത്തിൽ നിന്നാണു് അവയുടെ യഥാർത്ഥ സ്രോതസ്സിനു് ധാർമ്മികമായ ഒരു അധികമൂല്യം കൽപ്പിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതു്. മൂന്നാമത്തെ നിലയ്ക്കാണു് നാം തൊഴിലാളി വർഗ്ഗത്തിനു് പ്രാമാണ്യം കൽപ്പിക്കുന്നതെന്നു് വയ്ക്കുക. അപ്പോൾ മറഞ്ഞു കിടക്കുന്ന ഒരു യജമാനനെ പുറത്തുകൊണ്ടുവരാൻ വേണ്ടിയുള്ളതാവും ആ ന്യായം.

ലോകത്തിന്റെ പൊതുനന്മക്കായി മനുഷ്യർ ഓരോരുത്തരും തങ്ങളുടെ വിഹിതം നൽകാൻ കൂട്ടാക്കാത്തപ്പോഴത്രേ മാനുഷികമായ പ്രശ്നങ്ങൾ ആവിർഭവിക്കുന്നതു്. ദൈനംദിന ജീവിതത്തിൽ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ ഓരോന്നും—ഏറെയും—അങ്ങനെ മനുഷ്യനെ സംബന്ധിച്ച പ്രശ്നമായിത്തീരുന്നു. ഇപ്രകാരം മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും ആത്യന്തികമായ ആധാരം മാനുഷികമായ ഉത്ക്കണ്ഠയുടെ അസമമായ വിതരണമാവാം. പ്രാപഞ്ചികമായ ഈ ശുഭചിന്ത, ശ്രദ്ധ, മനുഷ്യചരിത്രത്തിൽ ഒട്ടും ഇല്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടോ എന്നു് നമുക്കറിയില്ല. രേഖപ്പെടുത്തപ്പെട്ട എല്ലാ ചരിത്രത്തിലും ഈ വൈശ്വമായ താത്പര്യം ചില മനുഷ്യർക്കിടയിലെങ്കിലും കാണുന്നുണ്ടു്. സാമൂഹികജീവിതത്തിന്റെ ചക്രം തിരിയുന്നതിനു് ഇതു് അനിവാര്യമാണോ എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതു തന്നെയാണു്. മനുഷ്യരുടെ സ്വാർത്ഥതാത്പര്യം മതിയാവുകയില്ലേ അതിനു്? സ്വാർത്ഥതാല്പര്യം ഹേതുഭൂതമായിരിക്കുന്ന സാമൂഹികജീവിതത്തിൽ സമൂഹം അതിലെ അംഗങ്ങൾക്കു് ഒരു മാനസികയാഥാർത്ഥ്യം ആയിരിക്കുകയില്ല. മറിച്ചു് ഒരു കൊള്ള-കൊടുക്കൽ യാഥാർത്ഥ്യമായി മാത്രം അവശേഷിക്കും. ആദ്യത്തേതു് ഒരു ആന്തരികയാഥാർത്ഥ്യവും രണ്ടാമത്തേതു് ഒരു പ്രാതിഭാസികമായ യാഥാർത്ഥ്യവുമാണു്. അതായതു് മനുഷ്യരുടെ നിത്യജീവിതത്തിലെ ഭൗതികമായ ഇടപാടുകളിലൂടെ വ്യവസ്ഥാപിതമാകുന്ന ഒരു അന്യോന്യബന്ധം. ഈ പ്രാതിഭാസിക യാഥാർത്ഥ്യത്തിൽ മാനുഷികപ്രശ്നങ്ങൾ എന്ന ഒന്നില്ല. ഇടപാടുകളുടെ പ്രകരണത്തിൽ നിന്നാണു് ആ പ്രശ്നങ്ങൾ ആവിർഭവിക്കുന്നതു്.

സാമൂഹികജീവിതത്തിലെ കൊള്ള-കൊടുക്കൽ ബന്ധങ്ങളുടെ പ്രകരണത്തിൽ ആവിർഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം മാനവികമായ ഒരു അഭ്യർത്ഥനയ്ക്കും സ്ഥാനമില്ല. ഭൗതികമായ ഇടപാടുകളിൽ നിന്നു് പൊന്തിവരുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും മനുഷ്യരുടെ—അല്ല, സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും—സാർവ്വത്രികമായ ഗുണത്തെ ഉദ്ദേശിച്ചു കൊണ്ടാവണം എന്നില്ലല്ലോ. മാനുഷികപ്രശ്നത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടു് അനുസരിച്ചു് ഒരു വ്യാവസായികവ്യവസ്ഥയിൽ സ്വാഭാവികമായി വന്നു ചേരുന്ന പ്രയാസങ്ങൾ മാനുഷികപ്രശ്നങ്ങൾ ആയി കണക്കാക്കിക്കൂടാ. വ്യവസായകമ്പനികളുടെ പൊതുവായ സ്വരൂപങ്ങളിൽ നിന്നു് ഉപജന്യമാകുന്ന പ്രശ്നങ്ങൾ ഉണ്ടു്. ഉത്പ്പാദനക്ഷമത കൂട്ടുക എന്നതു് അപ്രകാരം ഉളള ഒരു പ്രശ്നമാണു്. ഉത്പാദനക്ഷമത കൂട്ടുക എന്നതു് തീർച്ചയായും ഉപഭോക്താക്കളെ കൂടുതൽ കാര്യക്ഷമമായി സേവിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടല്ല. ഇതരവ്യവസായ കമ്പനികളോടു് മത്സരിക്കാനും കമ്പനിയുടെ ലാഭം ഉറപ്പുവരുത്താനും ആണു്. ഇതു് വളരെ ശ്രദ്ധേയമാണു്; കുറേ അധികം മഷി ചിന്തുകയും, കുറെ അധികം തലകൾ പുകയുകയും ചെയ്തിട്ടുണ്ടു് ഈ പ്രശ്നത്തിന്മേൽ. കമ്പോളങ്ങളുടെ പ്രവർത്തനരീതികളും ഇതുപോലെ വളരെയേറെ ചർച്ചകൾക്കു് വിഷയമായിട്ടുണ്ടു്. ഉൽപ്പന്നങ്ങൾ എങ്ങിനെ വിറ്റഴിക്കാം എന്നതത്രേ അവിടെ മർമ്മസ്പർശിയായ പ്രശ്നം. ഉപഭോക്താക്കളുടെ പെരുമാറ്റങ്ങളെ പ്രവചിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണു് ഇത്തരം അന്വേഷണങ്ങൾ നടത്തപ്പെടുന്നതു്. കമ്പനികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നിലനില്പു് ഭദ്രമാക്കുക മാത്രമല്ല തങ്ങളുടെ ലാഭം ഉറപ്പുവരുത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള വഴികളാണു് ഇവ. കമ്പനികളുടെ കാര്യകർതൃത്വത്തെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണങ്ങളുടെ ലക്ഷ്യവും ഏറ്റവും കാര്യക്ഷമമായ, സമർത്ഥമായ ഒരു ഉത്പാദനാന്തരീക്ഷം ഉണ്ടാക്കി എടുക്കുക എന്നതാകുന്നു. ഇപ്രകാരം ചരക്കുകളുടെ ഉത്പാദനവും അവയുടെ വില്പനയും സംബന്ധിച്ച കമ്പനികളുടെ ഉത്ക്കണ്ഠ ലാഭം ഉറപ്പുവരുത്തുക, കൂടുതൽ ലാഭം നേടുക എന്ന വളരെ സ്വകാര്യമായ താത്പര്യത്തിൽ നിന്നുണ്ടാകുന്നതാണു്.

ഇതു് കൂടുതൽ ഭീഷണമായ വിതാനങ്ങളിൽ ഉയരുന്നതു്, സ്വന്തം ലാഭങ്ങൾ ലക്ഷ്യമാക്കുന്ന ഇത്തരം നിരവധി വ്യവസായ കമ്പനികൾ തമ്മിൽ തമ്മിൽ ഒരുതരം കഴുത്തറപ്പൻ മാത്സര്യം ഈ സംരംഭങ്ങളിൽ കാണിക്കുമ്പോഴാണു്. വ്യവസായസംരംഭങ്ങളുടെ ഈ പ്രശ്നപരിസരത്തിൽ എന്താണു് യഥാർത്ഥത്തിൽ അന്തർഭവിച്ചിട്ടുള്ളതു? മനുഷ്യർക്കു് നിത്യോപയോഗത്തിനു് ആവശ്യമായ സാധനങ്ങൾ ഉത്പാദിപ്പിക്കുകയാണു് വ്യവസായ കമ്പനികൾ പ്രത്യക്ഷത്തിൽ ചെയ്യുന്നതു്. അവ മനുഷ്യരുടെ നിലനില്പിനു് അവശ്യം ആവശ്യമായ ഉപാധികൾ ആവണം എന്നില്ല. എങ്കിലും അവ മനുഷ്യർ ഏറെക്കുറെ സാർവ്വജനീനമായി ഉപയോഗിക്കുന്ന വസ്തുക്കളാണു്. അവ നിലനില്പിന്റെ തന്നെ ഉപാധികളായി എണ്ണപ്പെടാം, നിലനില്പിന്റെ വിശേഷണം കുറേക്കൂടി സംകീർണ്ണം ആവുമ്പോൾ. എങ്ങനെയെന്നാൽ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചവെള്ളം എനിക്കു് ഒരു നിത്യോപയോഗവസ്തുവാകാം. അതെനിക്കു് ഒഴിച്ചുകൂടാത്തതാവുമ്പോൾ; അപ്പോൾ അതെന്റെ നിലനിൽപ്പിനു് അവശ്യം ആവശ്യമാവുകയും എന്റെ നിലനില്പിനു് ഒരു പുതിയ മാനം കൂടി കൂട്ടിച്ചേർത്തു് അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഫ്രിഡ്ജ് അങ്ങനെ എന്റെ അസ്തിത്വത്തിനുള്ള ഒരു ഉപാധിയായിത്തീരുന്നു. കുട്ടികളുടെ വളരെ പരിഷ്കൃതമായ കളിക്കോപ്പുകൾ, സ്ത്രീപുരുഷന്മാരുടെ ലൈംഗികോപയോഗത്തിനുള്ള ഉപകരണങ്ങൾ, പലതരം സുഗന്ധദ്രവ്യങ്ങൾ, സംകീർണ്ണമായ ആയുധങ്ങൾ, നാനാതരം ഫേഷൻ വസ്ത്രങ്ങൾ ഇങ്ങനെ അനന്തമായി നീട്ടാവുന്ന ഒരു പട്ടിക മനുഷ്യരുടെ നിലനില്പിനാവശ്യമായ വസ്തുക്കളുടെ പേരുകൾ ഇപ്പോൾ ഉൾക്കൊള്ളുന്നുണ്ടു്. അതാണു് വ്യാവസായികലോകത്തിൽ മനുഷ്യജീവിതത്തിനു് കിട്ടിയ അപൂർവ്വമായ വിശേഷണം.

ഉദാഹരണത്തിനു്, ഉത്പ്പാദനത്തിലെ ക്രിയാത്മകമായ ശക്തിയല്ലാത്തതു കൊണ്ടും അതുമായി ബന്ധപ്പെട്ട ചൂഷണത്തിനു് വിധേയമാവാത്തതുകൊണ്ടും ഇതരവിഭാഗങ്ങൾക്കു് ധാർമ്മികമായ പ്രാമാണ്യത ഇല്ലാതാകുമോ? അതായതു് മനുഷ്യരാശിയ്ക്കു് വേണ്ടി സംസാരിക്കാനുള്ള, അതിന്റെ ഭാഗധേയം നിർണ്ണയിക്കാനുള്ള അവരുടെ അർഹത ഇല്ലാതാവുമോ? ആദിവാസികളും, ചെറുമരും, തൂപ്പുകാരും, ഉന്തുവണ്ടിക്കാരും, പ്യൂണും, ഗുമസ്തരും, ഡ്രൈവറും മറ്റും എന്തുകൊണ്ടു് നിർവ്വചനപ്രകാരമുള്ള തൊഴിലാളിയെ അപേക്ഷിച്ചു് നോക്കുമ്പോൾ മനുഷ്യരാശിയെ നയിക്കാൻ പ്രാപ്തരല്ല? അവർ പ്രാപ്തരല്ല, കാരണം തത്വത്തിൽ അവർ സമ്പത്തു് ഉണ്ടാക്കാനോ, നമ്മെ പുലർത്താനോ കെല്പുള്ളവരല്ല.

ഇവിടെ, വ്യവസായ കമ്പനികളാണോ മനുഷ്യരിൽ ഇത്തരം പുതിയ ആവശ്യങ്ങൾ സൃഷ്ടിച്ചതു്, അതോ മനുഷ്യരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു് കമ്പനികൾ അവ ഉത്പാദിപ്പിക്കാൻ തയ്യാറായതോ, എന്ന ചർച്ച നേരമ്പോക്കിനു് തൽക്കാലം വിട്ടുകൊടുക്കുക. വ്യവസായ കമ്പനികൾ പടച്ചുവിടുന്ന ഉത്പന്നങ്ങൾ വാങ്ങാൻ സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ശേഷിയുണ്ടോ എന്ന ചോദ്യവും തൽക്കാലം ഒഴിച്ചു നിർത്തുക. മനുഷ്യർക്കാവശ്യമായ ചരക്കുകളാണു് വ്യവസായ കമ്പനികൾ ഉത്പാദിപ്പിക്കുന്നതു് എന്നു് തന്നെ എടുത്താലും അതു് സംബന്ധിച്ച പ്രശ്നങ്ങളുടെ അമാനുഷികതയാണു് നമ്മെ ചിന്തിപ്പിക്കേണ്ടതു്. ഒരിക്കൽ വ്യവസ്ഥാപിതമായ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അതിന്റെ ആസ്തിയും ലാഭവും വർദ്ധിപ്പിക്കുക എന്നതു് തികച്ചും യാന്ത്രികമായ ആവശ്യമാണു്. കമ്പനിയുടെ ഉടമ (കൾ) യും ഉന്നതരായ കാര്യകർത്താക്കളും വാസ്തവത്തിൽ അതിന്റെ കൂടുതൽ ആനുകൂല്യം അനുഭവിക്കുന്ന തത്പരകക്ഷികൾ മാത്രമാകുന്നു. കമ്പനിയുടെ ആസ്തിയോ ലാഭമോ വർദ്ധിപ്പിക്കുന്നതിനു് വേണ്ടിയുള്ള ഈ മുന്നേറ്റം അമാനുഷികമായ ഒന്നാണു്. കമ്പനിയുടെ ഉടമത്വത്തെ തന്നെ ഇപ്രകാരം പുതുതായി നിർവ്വചിക്കേണ്ടിവരും. ഏറ്റവും ഉന്നതമായ കാര്യസ്ഥത, മേല്പറഞ്ഞ ദിശയിലേക്കുള്ള കമ്പനിയുടെ മുന്നേറ്റം അതിലെ തൊഴിലാളികളുടേയും താത്പര്യത്തിനു് ആവശ്യമാണു് എന്നതു് ഏറെ പ്രയാസപ്പെടാതെ ഗ്രഹിക്കാവുന്ന ഒരു വസ്തുതയാകുന്നു. ഇതാണു് ആധുനികലോകത്തിലെ തൊഴിലാളിയെ വിപ്ലവകാരിയാക്കുന്നതിനു പകരം പ്രതിലോമകാരിയാക്കുന്നതു്. മുതലാളിയെപ്പോലെ തൊഴിലാളിയും കഴുത്തറപ്പൻ മാൽസര്യത്തിലും ലാഭേച്ഛയിലും പങ്കാളിയാകുന്നു. വിപ്ലവത്തിനു പകരം തൊഴിലാളി ഇന്നു് സ്വാഭാവികമായും ആത്മാർത്ഥമായും ഇച്ഛിക്കുന്നതു് യാഥാസ്ഥിതികത്വമാണു്. അതിൽനിന്നുള്ള ലംബമാനമായ ഗതിയാണു്. ഇപ്രകാരം തൊഴിലാളിയും മുതലാളിയും ഒത്തുചേർന്നിട്ടാണു് വ്യവസായ ചക്രം തിരിക്കുന്നതു്. ഉപഭോക്താക്കളാണു് ഇതിന്റെ മർമ്മിയായ വശം. അവരെക്കൂടി ഈ വലക്കെട്ടിന്റെ ഭാഗമാക്കുക എന്നതാണു് വ്യാവസായിക സംരംഭങ്ങളുടെ മുഴുവൻ അന്തിമാഭിലാഷം. ആ ഭാഗത്തിന്റെ അപ്രവചനീയമായ സ്വഭാവങ്ങൾ, അതിന്റെ ആത്യന്തികമായ അനിശ്ചിതത്വം ആണു് വ്യാവസായികലോകം കടക്കേണ്ടുന്ന മുഖ്യമായ ഒരു കടമ്പ.

വ്യവസായസംരംഭങ്ങളിൽ അടങ്ങിയിട്ടുള്ള അമാനുഷികത അത്രതന്നെ സുതാര്യം അല്ലെങ്കിലും കുറഞ്ഞ മനനത്തിനു് വെളിപ്പെടാവുന്ന വസ്തുതയാണു്. വ്യവസായ സംരംഭങ്ങൾ മനുഷ്യർക്കാവശ്യമായ വസ്തുക്കൾ ഉൽപാദിപ്പിക്കുകയാണെന്നു് എടുത്താൽപ്പോലും, ആ ഉൽപ്പാദനപ്രക്രിയയിൽ നിന്നുൽഭവിക്കുന്ന പ്രശ്നങ്ങൾക്കു് മാനുഷികതയില്ല. ഇപ്രകാരം മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിയാൻ ഒരു വ്യാവസായിക വീക്ഷണകോടി പ്രകൃത്യാ അശക്തമാകുന്നു. ഉൽപാദനം, കമ്പോളം, വ്യാപാരം എന്നിവയെ ആധാരമാക്കിക്കൊണ്ടുള്ള ഒരു നിലപാടു് പ്രശ്നങ്ങൾ ഒന്നും തിരിച്ചറിയുന്നില്ല എന്നല്ല വാദിക്കുന്നതു്, ആ പ്രശ്നങ്ങൾ മാനുഷികമല്ല എന്നത്രേ. അതേസമയം ആ നിലപാടു് മാനുഷികപ്രശ്നങ്ങൾ തിരിച്ചറിയാൻ അശക്തമാണു് എന്നതു തന്നെ വേണ്ടത്ര മാനുഷികമായ ഒരു പ്രശ്നമാകുന്നു! സ്വകാര്യമായ ലാഭേച്ഛയിൽ അടങ്ങിയിട്ടുള്ള അന്ധത ഒരു മാനുഷികപ്രശ്നമാണു്. ലാഭം ഉണ്ടാക്കാൻ വേണ്ടി സ്വകാര്യസ്ഥാപനങ്ങൾ പരസ്പരം മത്സരിക്കുകയും അതിനു വേണ്ട ഫലഭൂയിഷ്ഠമായ മണ്ണായി ഉപഭോക്താക്കൾ എന്ന നിലയിൽ മനുഷ്യർ സ്വമേധയാലോ അല്ലാതെയോ മാറുകയും ചെയ്യുന്നതു് ഒരു മാനുഷികപ്രശ്നമാകുന്നു. ബുദ്ധിപരമായ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്ന തൊഴിൽ തുറകളിൽ ഏർപ്പെട്ടിട്ടുള്ളവർ—ബൗദ്ധിക പ്രയോക്താക്കൾ—പ്രശ്നങ്ങളെ തിരിച്ചറിയുന്നതിൽ ഒരു വിശ്വസമീപനം കൈക്കൊള്ളുന്നവരാണെന്ന ധാരണ ഉണ്ടു്. സാംകേതിക വിദഗ്ദ്ധർ, വൈദ്യന്മാർ, അഭിഭാഷകർ, അക്കാദമിക്കുകൾ, ശാസ്ത്രജ്ഞർ ഇവരെല്ലാം ബൗദ്ധികപ്രയോക്താക്കൾ ആണു്. ആധുനിക മനുഷ്യജീവിതത്തിന്റെ നാനാതുറകളിലുള്ള ബുദ്ധിപരമായ നേതൃത്വം വാസ്തവത്തിൽ ബൗദ്ധിക പ്രയോക്താക്കൾക്കുണ്ടു്.

പ്രശ്നങ്ങളെ തിരിച്ചറിയുന്നതിൽ ഒരു വിശ്വബോധം പ്രകടിപ്പിക്കുന്നവരാണെന്നു് പറയുമ്പോൾ എന്താണു് ഉദ്ദേശിക്കുന്നതു? ഒരു വർഗ്ഗം എന്ന നിലയ്ക്കു് അവർ അതിനു് കെല്പുള്ളവരാണെന്നോ, അതോ പ്രയോഗത്തിൽ അതവർ കാണിക്കുന്നു എന്നോ? അവരുടെ ഔദ്യോഗികമായ പ്രശ്നസമീപനങ്ങളിലും പരിഹാരശ്രമങ്ങളിലും അത്തരം വിശ്വബോധം ഒന്നും അന്തർലീനം അല്ലെന്നു് മാത്രമല്ല, സ്വാഭാവികം പോലുമല്ലെന്നു് സ്പഷ്ടമായി കാണാവുന്നതാണു്. മുരത്ത ഔദ്യോഗികതയ്ക്കു് പ്രസിദ്ധരാണു് ബൗദ്ധികപ്രയോക്താക്കൾ. എങ്ങനെയാണു് അവർക്കു് സ്വന്തം പരിമിതികളെ ഭേദിക്കാൻ കഴിയുന്നതു? പ്രതിജ്ഞാബദ്ധരായ ഒരു സാംകേതിക വിദഗ്ദ്ധന്റെ ഏറ്റവും വലിയ ഉൽക്കണ്ഠ സാംകേതികവിദ്യയിൽ ഉത്തമമായ ഫലം പുറത്തു കൊണ്ടുവരുക എന്നതാകുന്നു. എന്താണു് ഈ ഉത്തമമായ ഫലം? അതു് സാംകേതികവിദ്യയുടെ ഏറ്റവും ഉന്നതമായ നിലവാരങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കും. അതീവകാര്യക്ഷമതയും ഉപയോഗദൈർഘ്യവും മാത്രമല്ല ഈ നിലവാരത്തെ നിർണ്ണയിക്കുന്നതു്, ആപേക്ഷികമായി കുറഞ്ഞ ഉൽപാദനച്ചിലവു കൂടിയാണു്. ഉത്പാദനസംപ്രദായത്തിന്റെ സംകീർണ്ണതകളിൽ എവിടെയെങ്കിലും സ്പർശിക്കാത്ത ഒരു സാംകേതിക വൈദഗ്ദ്ധ്യവും അതിന്റെ മൂല്യനിർണ്ണയവും ഇല്ല. ഈ വൈദഗ്ദ്ധ്യം തിരിച്ചറിയുന്ന പ്രശ്നങ്ങൾ സ്വാഭാവികമായി ഉൽപാദനസംപ്രദായത്തിന്റെ പരിസരത്തിൽ ഉള്ളവ തന്നെയാണു്. അതുകൊണ്ടു് ബൗദ്ധികപ്രയോക്താക്കളുടെ സാംകേതിക വൈദഗ്ദ്ധ്യം അവരുടെ മാനുഷികമായ ഒരു താത്പര്യത്തിലേക്കു് നയിക്കുകയില്ല. മറ്റുതരം ബൗദ്ധികപ്രയോക്താക്കളുടെ കാര്യത്തിലും ഇതു് പ്രസക്തമാണു്.

എന്നാൽ തങ്ങളുടെ ഔദ്യോഗികമേഖലയിലെ പ്രത്യേകവൽകൃതമായ പ്രയോഗങ്ങളെക്കാൾ അവരുടെ കാഴ്ചപ്പാടിനെ പരിമിതമാക്കുന്നതു് ഒരു സാമൂഹ്യവിഭാഗമെന്ന നിലയ്ക്കുള്ള അവരുടെ ആനുകൂല്യങ്ങളാണു് എന്നു് സംശയിക്കേണ്ടതുണ്ടു്. ബൗദ്ധികപ്രയോഗത്തിന്റെ ഏറിവരുന്ന പ്രസക്തി മൂലം ഉത്പാദനസംപ്രദായത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും സാമീപ്യസമ്പർക്കം അനുഭവിക്കാൻ ഇടവരുന്ന ഈ വർഗ്ഗത്തിനു് സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അപേക്ഷിച്ചു് മെച്ചപ്പെട്ട ഭൗതികമായ ആനുകൂല്യങ്ങൾ ലബ്ധമാകുന്നു; മാത്രമല്ല തങ്ങളുടെ ഔദ്യോഗിക താത്പര്യങ്ങളുടെ രക്ഷാധികാരം ഏതു് ദിശയിൽ നിന്നു വരുന്നുവോ അവിടേയ്ക്കു് ഒരു അനുനയത്വം ബൗദ്ധികപ്രയോക്താക്കളിൽ സ്വാഭാവികവും അതിനാൽ പ്രവചനീയവും ആണു്.

ഒന്നും രണ്ടും ലോകങ്ങളിലെ തൊഴിലാളികളുടെ ഈ താരതമ്യം കാണിക്കുന്നതു്, പൊതുവായി അവർ പങ്കിടുന്ന ഗുണം ജീവിതസൗകര്യങ്ങൾക്കു വേണ്ടിയുള്ള അത്ര അമിതമല്ലാത്ത ആവശ്യമാണു്. അവർ രണ്ടിടത്തും മാനുഷികബോധത്താൽ, അല്ലെങ്കിൽ മനുഷ്യസ്നേഹത്താൽ പ്രചോദിതരാവുന്നതോ, മനുഷ്യവംശത്തെക്കുറിച്ചുള്ള പ്രാപഞ്ചികമായ ഉത്ക്കണ്ഠ അവരെ അലട്ടുന്നതോ ആയി നാം കാണുന്നില്ല. ഒന്നും രണ്ടും ലോകങ്ങളിലെ തൊഴിലാളികൾ ഇങ്ങനെയാണെങ്കിൽ, മൂന്നാം ലോകത്തിലെ തൊഴിലാളികൾക്കു് മാത്രം ഒരു പ്രത്യേക സ്വഭാവം കല്പിച്ചു കൊടുക്കുന്നതിൽ കഴമ്പില്ല. എവിടെയെങ്കിലും തൊഴിലാളികൾ പ്രാപഞ്ചികമായ മനുഷ്യസ്നേഹവും വിപ്ലവബോധവും പ്രകടിപ്പിച്ചിട്ടുണ്ടോ?

സമൂഹത്തിലെ ആനുകൂല്യങ്ങളുടെ വിതരണത്തിൽ എപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ടു് എന്നും ആനുകൂല്യം കൂടുതൽ അനുഭവിക്കുന്നവരുടെ എണ്ണം കുറഞ്ഞും ആനുകൂല്യങ്ങൾ കുറച്ചു് അനുഭവിക്കുന്നവരുടെ എണ്ണം കൂടിയും ഇരിക്കുന്നു എന്നും ഈ തരംതിരിവു് പടിപടിയായി കിടക്കുന്ന ഒരു മേൽകീഴ്ക്രമം ആണെന്നും അംഗീകരിക്കാമെങ്കിൽ ഉന്നത ശ്രേണികളിൽ നിന്നു മാത്രമാണു് ബൗദ്ധികപ്രയോക്താക്കൾക്കു് രക്ഷാധികാരം നീളുക എന്നു് കാണാൻ കഴിയും. നീചശ്രേണി നിർവ്വചനപ്രകാരം തന്നെ അതിനശക്തമാണു്. നീചശ്രേണിയെ അപേക്ഷിച്ചു് തങ്ങൾക്കു് ഉപലബ്ധമായ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ, അവയുടേതായ സ്വാധീനങ്ങൾ ബൗദ്ധികപ്രയോക്താക്കളിൽ ചെലുത്തുകയില്ല എന്നു് അംഗീകരിക്കാൻ വിഷമമുണ്ടു്. തങ്ങളുടെ മെച്ചപ്പെട്ട ആനുകൂല്യങ്ങളെ നിലനിർത്താനും സംരക്ഷിക്കാനും അവയെ കൂടുതൽ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നൊരു മനോഭാവമാണു് അവരിൽ നിന്നു് സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതു്. അതുകൊണ്ടു് സമൂഹത്തെ സാകല്യം സ്പർശിക്കുന്ന പ്രശ്നങ്ങൾ സ്വന്തം താത്പര്യസംരക്ഷണത്തിന്റെ ഭാഗമായിട്ടല്ലാതെ കാണാൻ ഒരു സാമൂഹികവിഭാഗം എന്ന നിലയ്ക്കു് അവർക്കു് കഴിയുമോ എന്നകാര്യം സംശയമാണു്. തങ്ങളുടെ ബൗദ്ധികപ്രയോഗം മൂലം ആർജ്ജിക്കുന്ന ഒരു തരം അനുശീലനം ബുദ്ധിപ്രയോക്താക്കൾക്കു് ഇതര സാമൂഹികവിഭാഗങ്ങളെക്കാൾ വ്യക്തവും സൂക്ഷ്മവും ആയി പ്രശ്നങ്ങളെ—അവ ഏതായാലും—ഗ്രഹിക്കാനുള്ള ശേഷി ഉണ്ടാക്കും എന്നതിൽ തർക്കമില്ല. എന്നാൽ തങ്ങൾ തെരഞ്ഞെടുക്കുന്ന പ്രശ്നങ്ങൾ തങ്ങളുടെ സാമൂഹികജീവിതത്തിൽ പറയത്തക്ക അനന്തര ഫലങ്ങൾ ഒന്നും ഉളവാക്കാത്തതാണെന്നു്, അഥവാ ആ അനന്തരഫലങ്ങൾ തങ്ങളുടെ ഭൗതികതാത്പര്യങ്ങളെ ബാധിക്കാത്തവയാണെന്നു് ഉറപ്പു് വരുത്താനുള്ള ഒരു അബോധപ്രേരണ അവർക്കു് ഉണ്ടെന്നു് തോന്നും അവരുടെ പ്രവൃത്തിയുടെ സ്വഭാവം കാണുമ്പോൾ. അവരുടെ ഔദ്യോഗികേതരമായ ശ്രദ്ധയെ ആകർഷിക്കുന്ന വിഷയങ്ങൾ താരതമ്യേന വളരെ നിരുപദ്രവകരങ്ങൾ ആയവ ആയിരിക്കും. ടി. വി., വർത്തമാനപത്രങ്ങൾ ഇത്യാദി മാധ്യമങ്ങൾ തന്നെ വേണ്ടത്ര വിഷയങ്ങൾ പ്രദാനം ചെയ്യുന്നുണ്ടു്. ആയുഷ്ക്കാലം മുഴുവൻ ഒരു ബൗദ്ധികപ്രയോക്താവിന്റെ ഔദ്യോഗികേതര താത്പര്യങ്ങളെ തളച്ചുനിർത്താൻ പ്രാപ്തമായ വിഷയങ്ങളാണു്, സംഗീതം, ചിത്രകല, സിനിമ തുടങ്ങിയ കലകളും ക്രിക്കറ്റ്, മറ്റിനം സ്പോർട്സ് എന്നിവയും. പറഞ്ഞുവരുന്നതു് അവരുടെ സാമൂഹികസംവേദനം യാഥാസ്ഥിതികമായിരിക്കും എന്നാണു്.

എന്തെങ്കിലും മാറ്റമുണ്ടാവണം എന്നു് തിരിച്ചറിയാനുള്ള പ്രവണത അവർക്കു് സ്വാഭാവികമായി ഉണ്ടാവുകയില്ല. അത്തരം ഒരു പ്രവണത ഉണ്ടായാൽ തന്നെ ആ ദിശയിലേക്കു് ഉള്ള അവരുടെ പ്രേരണാശക്തിയെ മരവിപ്പിക്കാൻ പോന്ന വിനോദസാമഗ്രികൾക്കു് സമർപ്പിതമാണു് അവരുടെ ഒഴിവു സമയങ്ങൾ. തങ്ങൾ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ ബാധിക്കുകയാണെങ്കിൽ അവരുടെ ഈ യാഥാസ്ഥിതികത്വം തീർച്ചയായും ഇളകും. പക്ഷേ, ഈ ഇളക്കം വളരെ വിഭാഗീയമായ കോണിൽ നിന്നു് ഉള്ളതായിരിക്കും. തങ്ങളുടേതിനേക്കാൾ താഴ്‌ന്ന ശ്രേണിയിൽ കഴിയുന്നവരുടെ പ്രതിഷേധങ്ങളോടു് സ്വന്തം പ്രതിഷേധങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുപോകാൻ അവർക്കു് പ്രയാസമായിരിക്കും. എന്നു തന്നെയല്ല, അതിന്റെ ആവശ്യകതയും നേരിടുകയില്ല. തങ്ങളുടെ ആനുകൂല്യങ്ങൾ സംരക്ഷിച്ചു് നിർത്തുന്നിടത്തോളംമാത്രമേ അവരുടെ യാഥാസ്ഥിതികതയുടെ ഇളക്കം പോകൂ. ഇപ്രകാരം ഔദ്യോഗികമായ ശേഷിയിലോ, ഒരു സാമൂഹികവിഭാഗം എന്ന നിലയ്ക്കോ, വിശ്വബോധം ഒട്ടും തന്നെ ഇല്ലാത്ത അഥവാ അങ്ങനെ ഒന്നിന്റെ സാന്നിദ്ധ്യം അനിവാര്യം അല്ലാത്ത വർഗ്ഗമാണു് ബൗദ്ധിക പ്രയോക്താക്കൾ. ഒരു പ്രഭാതത്തിൽ ലോകത്തുള്ള എല്ലാ ബൗദ്ധിക പ്രയോക്താക്കളുടേയും സ്ഥാനങ്ങളിൽ റോബോകൾ—യന്ത്ര മനുഷ്യർ—പ്രതിഷ്ഠിക്കപ്പെടുന്നതു് ഒന്നു വിഭാവന ചെയ്തു നോക്കൂ. എല്ലാം പൂർവ്വസ്ഥിതിയിൽ മുറതെറ്റാതെ നടക്കും. പക്ഷേ ഒരു വ്യത്യാസത്തോടെ; പണികൾ കൂടുതൽ സമർത്ഥമായി ചെയ്തുതീർക്കപ്പെടും. വാസ്തവത്തിൽ അതാണു് ബൗദ്ധികപ്രയോക്താക്കളുടെ ഔദ്യോഗികമായ സത്ത! കാര്യക്ഷമത, മാനുഷികമായ ദൗർബ്ബല്യസഹിതം. സാമൂഹികമായി നോക്കിയാലോ ആനുകൂല്യങ്ങളുടെ ഒരു ത്രിശങ്കുസ്വർഗ്ഗത്തിൽ അവർ നില്ക്കുന്നു. ത്രിശങ്കുസ്വർഗ്ഗത്തിൽ ഇരിക്കുന്നവരുടെ നോട്ടം മേൽപ്പോട്ടു് തന്നെയായിരിക്കും. സ്വന്തം അഭ്യുന്നതിക്കു് വേണ്ടി മാത്രമല്ല, അഭയത്തിനു വേണ്ടിയും കടക്കേണ്ട പടികൾ ആ ദിശയിൽ തന്നെയായിരിക്കും.

ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിൽ തൊട്ടുതാഴെ ഉപസ്ഥിതമായിരിക്കുന്ന തൊഴിലാളിവർഗ്ഗം ഒരു വിപ്ലവസ്വഭാവമുള്ള വർഗ്ഗമായി ചിത്രീകരിക്കപ്പെട്ടിട്ടു് ഇപ്പോൾ ഒരു നൂറ്റാണ്ടു് കഴിഞ്ഞിരിക്കുന്നു. ആരംഭം മുതലേ തൊഴിലാളിയുടെ നിർവ്വചനം പ്രയാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണി എന്ന പദ്ധതിയിൽ അല്ല തൊഴിലാളി നിർവ്വചിക്കപ്പെട്ടിരുന്നതു്. ഏറ്റവും അധികം സ്വീകാര്യമായി കരുതപ്പെട്ടിരുന്ന നിർവ്വചനം ഉൽപാദനപ്രക്രിയയിൽ ഉള്ള വ്യക്തിയുടെ പങ്കിനെ ആസ്പദമാക്കി ഉള്ള ഒന്നു് ആയിരുന്നു. ഉൽപാദനശക്തിയിലെ മാനുഷികഘടകമായ അദ്ധ്വാനം എവിടെനിന്നു് വരുന്നുവോ ആ സ്രോതസ്സു് ആണു് തൊഴിലാളി. മറ്റെല്ലാം സമമായി ഇരിക്കുമ്പോൾ ഉൽപാദനത്തിന്റെ പൂർവ്വാവസ്ഥയിൽ നിന്നു് ലാഭഹേതുകമായ ആ ഉൽപ്പന്നത്തെ സൃഷ്ടിക്കുന്നതു് ഈ അദ്ധ്വാനം ആണു്. വ്യവസായത്തിലെ ആ നിർണ്ണായകമായ വ്യത്യാസം ഉണ്ടാക്കുന്നതു് തൊഴിലാളി ആണു്. എന്നാൽ ആ തൊഴിലാളിക്കു് സമയബന്ധിതമായ വേതനം നിശ്ചയിക്കുന്നതിലൂടെ മുതലാളി മിച്ചമൂല്യം സൃഷ്ടിക്കുന്നു. ഇപ്രകാരം പ്രസിദ്ധമായ ഒരു വീക്ഷണം അനുസരിച്ചു് ഈ മിച്ചമൂല്യം തൊഴിലാളിയിൽ നിന്നുള്ള പിടിച്ചെടുക്കൽ ആകുന്നു. ഇതു തന്നെയാണു് ചൂഷണത്തിന്റെയും നിർവ്വചനം. വ്യവസായത്തിലെ യഥാർത്ഥനിർണ്ണായക ശക്തിയും അതേസമയം ചൂഷിതരും ആണു് ഈ നിർവ്വചനം അനുസരിച്ചുള്ള തൊഴിലാളികൾ.

ആധുനികമനുഷ്യജീവിതത്തിന്റെ അടിസ്ഥാനപരമായ മട്ടാണു് വ്യവസായം. അതിനാൽ തൊഴിലാളിക്കു് തന്റെ ചൂഷിതസ്വഭാവം തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതിനെതിരായി തിരിയാൻ പറ്റുമെങ്കിൽ, മനുഷ്യരാശിയുടെ ഭാഗധേയം തന്നെ മാറാം. ഇതാണു് തൊഴിലാളി വിപ്ലവശക്തിയായി പരിഗണിക്കപ്പെട്ടപ്പോൾ ഉയർന്നുവന്ന ന്യായം. പല അപാകതകളും തൊഴിലാളിയുടെ ഈ നിർവ്വചനത്തിലും തൊഴിലാളിയുടെ നേതൃത്വത്തിലുള്ള വിപ്ലവസാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തത്തിലും അടങ്ങിയിട്ടുണ്ടു്. അതിൽ ഒന്നാമത്തേതും സരളവുമായതു്, ഒരു സമൂഹത്തിന്റെ മൊത്തം ഫലത്തിൽ നിർവ്വചനപ്രകാരമുള്ള തൊഴിലാളി ഒരു ന്യൂനപക്ഷമാണു് എന്നതത്രെ. രണ്ടാമത്തേതു്, തൊഴിലാളി ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട വർഗ്ഗമായാലും അല്ലെങ്കിലും, സമൂഹത്തിലെ ഭൂരിഭാഗം വരുന്ന ഇതരർക്കു് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതു് തൊഴിലാളിയെപ്പോലെ ഉത്പാദനപ്രക്രിയയുമായി നേരിട്ടു് ബന്ധപ്പെട്ടിട്ടല്ല: വാസ്തവത്തിൽ ഉത്പാദനത്തിൽ അവരുടെ പങ്കു് ക്രിയാത്മകം അല്ല. അതുകൊണ്ടു് തത്വത്തിൽ വ്യവസായത്തിൽ നിന്നു് ആവിർഭവിക്കുന്ന സമ്പത്തിൽ അവർക്കു് യാതൊരധികാരവുമില്ല. മറിച്ചു് ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിൽ പടുക്കപ്പെട്ട ഒരു വ്യവസ്ഥയെ നിലനിർത്താൻ തങ്ങളുടേതായ പങ്കുകൾ നിർവ്വഹിച്ചുകൊണ്ടാണു് അവർ ഉപജീവനം നേടുന്നതും. ആ പ്രകരണത്തിൽ വച്ചാണു് തങ്ങളുടെ തുച്ഛമായ ആനുകൂല്യങ്ങൾ അവർ അനുഭവിക്കുന്നതും. നേരത്തേ സൂചിപ്പിച്ച നിർവ്വചനപ്രകാരമുള്ള തൊഴിലാളിക്കു് ഭൗതികവും നൈതികവുമായ അവകാശം ദത്തമാണു്. എന്നാൽ വ്യവസ്ഥയുടെ പിണിയാളുകൾ എന്നു വിളിക്കാവുന്ന ഇതര വിഭാഗക്കാർ—നിർവ്വചനപ്രകാരം ഉത്പാദനത്തിലെ ക്രിയാത്മകശക്തിയല്ലാത്തതുകൊണ്ടും അതുമായി ബന്ധപ്പെട്ട ചൂഷണത്തിനു് വിധേയരല്ലാത്തതുകൊണ്ടും—അത്തരം അവകാശം ഇല്ലാത്തവരാണു്. അതുകൊണ്ടു് ഉത്പാദനവുമായി ബന്ധപ്പെട്ട ചൂഷണത്തെ അടിസ്ഥാനമാക്കി നിർവ്വചിക്കപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ തിരിച്ചു് പിടിക്കുകയും വ്യവസ്ഥയെ മാറ്റുകയും ചെയ്യാൻ വേണ്ടിയുളള സമരത്തിൽ അതിനെ പിൻതുടരുകയെന്ന ധർമ്മമാണു് ഇതര സാമൂഹികവിഭാഗങ്ങൾക്കു് കല്പിക്കപ്പെട്ടിരിക്കുന്നതു്.

തൊഴിലാളിവർഗ്ഗത്തിന്റെ അധികാരം സ്ഥാപിക്കാനുള്ള അവരുടെ തന്നെ സമരത്തിൽ ഇതര വിഭാഗക്കാർ എന്തിനു് പങ്കാളികളാകണം എന്ന ന്യായാന്യായങ്ങൾ തൽക്കാലം മറന്നുകൊണ്ടു് ഒരു ചോദ്യം മാത്രം ഉന്നയിക്കാൻ ശ്രമിക്കാം. ഒരു വർഗ്ഗം എന്ന നിലയ്ക്കു് തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവു് എപ്രകാരമാണു് തൊഴിലാളിവർഗ്ഗത്തിനു് ഒരു മാനുഷികപ്രശ്നമാക്കി പരിവർത്തിപ്പിക്കാൻ കഴിയുക? പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചല്ല നമ്മൾ സംസാരിക്കുന്നതു് എന്നു് ഓർക്കണം. നാം ആലോചിക്കുന്നതു് പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ചാണു്. മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം, അല്ലെങ്കിൽ ഒരേയൊരു കാതലായ പ്രശ്നം തൊഴിലാളിയുടെ ചൂഷണം ആകുമ്പോൾ മാത്രമേ ആ തിരിച്ചറിവു് ഏറ്റവും പ്രധാനപ്പെട്ട ഒരു മാനുഷികപ്രശ്നത്തിന്റെ തിരിച്ചറിവായിത്തീരുന്നുള്ളൂ. തൊഴിലാളിയുടെ പ്രശ്നം വാസ്തവത്തിൽ വ്യാവസായിക സംരംഭത്തിൽ ഭാഗഭാക്കായ ഒരു മനുഷ്യവിഭാഗത്തിന്റെ പ്രശ്നം മാത്രമാണു്. വ്യാവസായിക ഉത്പാദനം ആധുനിക വ്യവസ്ഥയുടെ ആധാരങ്ങളിൽ പ്രമുഖമായ ഒന്നാണെങ്കിലും അതു് നിലനിന്നു പോരുന്നതു് വ്യവസ്ഥ പുലർത്താൻ വേണ്ടിയല്ല. മുമ്പു് സൂചിപ്പിച്ചതു പോലെ അതിന്റെ പ്രേരണ ലാഭേച്ഛയാകുന്നു. എങ്കിലും ഉച്ച-നീച ശ്രേണിയിൽ വാർക്കപ്പെട്ട ആ വ്യവസ്ഥയ്ക്കു് നല്ലൊരു പിൻബലമാണു് വ്യവസായം എന്നതിൽ തർക്കമില്ല. അതേസമയം വ്യവസായത്തെ നിലനിർത്തി പോരാനല്ല ആ വ്യവസ്ഥ ഉണ്ടായിട്ടുള്ളതു്.

എന്തുകൊണ്ടാണു് തൊഴിലാളിക്കു് കൂടുതൽ ധാർമ്മികമാന്യത കല്പിക്കപ്പെട്ടതു? വ്യവസായസംരംഭങ്ങളിൽ ഇത്രയേറെ മൂലധനസമാഹരണം, ഇത്രയേറെ സമ്പത്തു്, കൊണ്ടുവരാൻ മുഖ്യകാരണക്കാർ എന്ന നിലയിലോ? ആധുനികസമൃദ്ധിയുടെ മുഴുവൻ ആധാരം എന്ന നിലയിലോ? അഥവാ ആധുനിക മാനുഷികജീവിതത്തിനു് അത്യന്താപേക്ഷിതമായ അസ്തിത്വോപാധികളുടെ യഥാർത്ഥ ഉത്പാദകർ എന്ന നിലയിലോ? ഒന്നാമത്തേതാണെന്നു് വിചാരിക്കുക. എങ്കിൽ, ലാഭം ഉണ്ടാക്കുന്നതിനോടും, സമ്പത്തു് ആർജ്ജിക്കുന്നതിനോടും നമുക്കുള്ള അനുകൂലമനോഭാവത്തിൽ നിന്നാണു് അവയുടെ യഥാർത്ഥ സ്രോതസ്സിനു് ധാർമ്മികമായ ഒരു അധികമൂല്യം കൽപ്പിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതു്. മൂന്നാമത്തെ നിലയ്ക്കാണു് നാം തൊഴിലാളി വർഗ്ഗത്തിനു് പ്രാമാണ്യം കൽപ്പിക്കുന്നതെന്നു് വയ്ക്കുക. അപ്പോൾ മറഞ്ഞു കിടക്കുന്ന ഒരു യജമാനനെ പുറത്തുകൊണ്ടുവരാൻ വേണ്ടിയുള്ളതാവും ആ ന്യായം. വാസ്തവത്തിൽ മനുഷ്യാസ്തിത്വത്തിനു് ഇന്നുൽപ്പാദിപ്പിക്കപ്പെടുന്ന ഉപാധികൾ അത്യന്താപേക്ഷിതമാണോ എന്ന ചോദ്യം തന്നെ ഈ ന്യായത്തെ ഭേദിക്കാൻ പ്രാപ്തമാണു്. വാദം ഇത്രയുമാണു്: തൊഴിലാളിവർഗ്ഗത്തിനുള്ള ധാർമ്മികപ്രാമാണ്യത കല്പിച്ചുകിട്ടുന്നതു് അല്ലെങ്കിൽ അവർ സ്വയം തിരിച്ചറിയുന്നതു തന്നെ മൂലധനവ്യവസ്ഥയുടെ മൂല്യബോധങ്ങളിൽ നിന്നാണു്. തൊഴിലാളിവർഗ്ഗത്തിനു് സ്വന്തം ശക്തി തിരിച്ചറിയാൻ കഴിയുന്നതു് വ്യവസായസംരംഭങ്ങളുടെ ദിഗ്വിജയങ്ങൾക്കു്, ലാഭക്കൊയ്ത്തുകൾക്കു്, മൂലകാരണക്കാർ എന്ന തങ്ങളുടെ സ്ഥാനം മനസ്സിലാക്കുന്നതുകൊണ്ടാണു്. മൂലധനവ്യവസ്ഥയുടെ ആ മൂല്യബോധം തന്നെ രുഗ്ണമാണെങ്കിലോ? എങ്കിൽ തൊഴിലാളിയുടെ ശക്തിബോധം, മൂലധന ഉടമയുടെ അധികാരപ്രമത്തത പോലെ വ്യവസായ ലോകത്തിലെ മൂല്യ ശോഷണത്തിന്റെ ഫലമായിരിക്കും.

അപമാനവികമായ ജീവിതം നയിക്കുന്ന ആ മനുഷ്യർ നേരിടുന്ന ദൈനംദിനമായ അതിജീവനത്തിന്റെ പ്രശ്നമല്ല മാനുഷിക പ്രശ്നം. പിന്നെയോ, നിശ്ശൂന്യതയുടെ കൊല്ലിയിലേയ്ക്കു് നിരന്തരം എറിയപ്പെടുന്ന അപമാനവികമായ ജീവിതങ്ങൾ ഉണ്ടു് എന്നതാണു് മാനുഷിക പ്രശ്നം.

തൊഴിലാളിയുടെ പ്രതിബിംബം തന്നെ മാറിപ്പോയിരിക്കുന്നു. കായികാധ്വാനത്തെ കൂടുതൽ ഓരങ്ങളിലേക്കു് തള്ളിനീക്കിക്കൊണ്ടു്, സാംകേതികവൈദഗ്ദ്ധ്യം കേന്ദ്രസ്ഥാനത്തു് എത്തിയിരിക്കുന്നു. കുറഞ്ഞതു് അരപ്പതിറ്റാണ്ടത്തെ ശിക്ഷണത്തിലൂടെ ആർജ്ജിക്കുന്ന വിശേഷജ്ഞാനത്തെ ആധാരമാക്കിയുള്ള വിദഗ്ദ്ധാധ്വാനമാണു് ഇപ്പോൾ ഉൽപ്പാദനപ്രക്രിയയിൽ നിർണ്ണായകശക്തി. വിദഗ്ദ്ധാധ്വാനത്തിന്റെ ഒരുക്കൽച്ചെലവു് കൂടി കണക്കിലെടുത്തു കൊണ്ടാണു് ഇന്നു് ആ അദ്ധ്വാനത്തിനു് പ്രതിഫലം നിർണ്ണയിക്കപ്പെടുന്നതു്. അതുകൊണ്ടു്, ഒരു എൻജിനീയറും കായികാധ്വാനത്തെ കൂടുതൽ അവലംബിക്കുന്ന തൊഴിലാളിയും തമ്മിലുള്ള അകൽച്ച മുതലാളിയും എഞ്ചിനീയറും തമ്മിലുള്ളതിനെക്കാൾ വളരെ വലുതായിത്തീരുന്നു. എന്നാൽ വ്യവസായത്തൊഴിലാളിയും വ്യവസായേതരമേഖലകളിൽ തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള അകൽച്ചയും വളരെ വലുതാണു്. ഇന്നു തൊഴിലാളിയെ തിരിച്ചറിയാനും സ്വഭാവങ്ങൾ നിർവ്വചിക്കാനും സരളമായ മാനദണ്ഡങ്ങൾ ഒന്നുമില്ല. അതുകൊണ്ടു് തൊഴിലാളിയെ കുറിച്ചു സംസാരിക്കുമ്പോൾ ഒരു നിഷ്കൃഷ്ട സ്വഭാവം കാണിക്കുന്ന ഒരു വർഗ്ഗം നമ്മുടെ മുമ്പിൽ ഇല്ല. തൊഴിലാളിവർഗ്ഗം എന്നു അടച്ചു പറയുന്നതു് അതിലടങ്ങിയ വൈരുദ്ധ്യത്തെ മറച്ചുകളയലാകുന്നു. അതുകൊണ്ടു ആ വർഗ്ഗത്തെക്കുറിച്ചുള്ള പ്രസ്താവനകൾ വാസ്തവവിരുദ്ധവുമായിത്തീരുന്നു.

സമൂഹത്തിലെ ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയെ വിവരിക്കുമ്പോൾ തൊഴിലാളികളിൽ ഒരു വിഭാഗം ഉച്ചശ്രേണിയുടെ ഭാഗമായിട്ടോ ഉച്ചശ്രേണിയെ പറ്റി നില്ക്കുന്നതായിട്ടോ കാണപ്പെടും.

‘ഉത്പാദനവുമായി ബന്ധപ്പെട്ട’ ചൂഷണത്തിനു വിധേയരല്ലാത്ത, എന്നാൽ തുച്ഛമായ ആനുകൂല്യങ്ങളാൽ ഉച്ച-നീച ശ്രേണിയുടെ താഴ്‌ന്ന പടികളിൽ നിൽക്കുന്ന ഇതര വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിലാളിക്കുള്ള ധാർമ്മികമായ ഈ അധികമാന്യതയുടെ സ്വഭാവം കൂടുതൽ വെളിപ്പെടും. ഉദാഹരണത്തിനു്, ഉത്പ്പാദനത്തിലെ ക്രിയാത്മകമായ ശക്തിയല്ലാത്തതു കൊണ്ടും അതുമായി ബന്ധപ്പെട്ട ചൂഷണത്തിനു് വിധേയമാവാത്തതുകൊണ്ടും ഇതരവിഭാഗങ്ങൾക്കു് ധാർമ്മികമായ പ്രാമാണ്യത ഇല്ലാതാകുമോ? അതായതു് മനുഷ്യരാശിയ്ക്കു് വേണ്ടി സംസാരിക്കാനുള്ള, അതിന്റെ ഭാഗധേയം നിർണ്ണയിക്കാനുള്ള അവരുടെ അർഹത ഇല്ലാതാവുമോ? ആദിവാസികളും, ചെറുമരും, തൂപ്പുകാരും, ഉന്തുവണ്ടിക്കാരും, പ്യൂണും, ഗുമസ്തനും, ഡ്രൈവറും മറ്റും എന്തുകൊണ്ടു് നിർവ്വചനപ്രകാരമുള്ള തൊഴിലാളിയെ അപേക്ഷിച്ചു് നോക്കുമ്പോൾ മനുഷ്യരാശിയെ നയിക്കാൻ പ്രാപ്തരല്ല? അവർ പ്രാപ്തരല്ല, കാരണം തത്വത്തിൽ അവർ സമ്പത്തു് ഉണ്ടാക്കാനോ, നമ്മെ പുലർത്താനോ കെല്പുള്ളവരല്ല. അവർ തത്വത്തിൽ തന്നെ വെറും പിണിയാളുകളാണു്. അതായതു്, സമൂഹത്തിലെ പൂർവ്വവ്യവസ്ഥിതമായ ഒരു അസമത്വത്തിന്റെ, ഒരു വിഭജനത്തിന്റെ, അടിസ്ഥാനത്തിലാണു് ഇതര വിഭാഗക്കാർക്കു് ആ അർഹത, ധാർമ്മികമായ ബഹുമതി നഷ്ടപ്പെടുന്നതു്. അതിന്റെ പേരിൽ വേറൊരു വിഭാഗത്തിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ അവർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ഈ നിലപാടു തന്നെ ചോദ്യം ചെയ്യാവുന്നതാണു്. ഏതെങ്കിലും ഒരു വിഭാഗത്തിനു് ഇതര വിഭാഗങ്ങളെ അപേക്ഷിച്ചു് മനുഷ്യഭാഗധേയം നിർണ്ണയിക്കുന്ന വിഷയത്തിൽ ധാർമ്മികമായ അർഹത അല്ലെങ്കിൽ അവകാശം കൂടുതൽ ഉണ്ടു് എന്നത്രെ ആ നിലപാടു്. ശരിയായ ഉൽപാദകരും അല്ലാത്തവരും എന്ന വിഭജനം മറ്റൊരു തരം അസമത്വത്തെ ഉയർത്തിക്കൊണ്ടുവരുകയും, സാമൂഹികമാന്യതയുടെ വേറൊരു ആചാരക്രമം പ്രതിഷ്ഠിക്കുകയും ചെയ്യും. ചർച്ച ഇത്രയും നീട്ടി വലിച്ചു കൊണ്ടു പോയതു്, തത്വത്തിൽ തൊഴിലാളിയ്ക്കു് മാനുഷികപ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ശേഷിയുണ്ടോ എന്നു് അന്വേഷിക്കാനാണു്. താൻ ചൂഷണം ചെയ്യപ്പെടുകയാണെന്ന തൊഴിലാളിയുടെ തിരിച്ചറിവു് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം കാതലായ ഒന്നാണെങ്കിലും അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ മനുഷ്യരാശിയെ ആകമാനം രക്ഷിക്കുമെന്നതുകൊണ്ടു് മാനുഷികപ്രശ്നത്തിന്റെ തന്നെ തിരിച്ചറിവാണെന്നുള്ള വാദമാണു് സ്വീകാര്യമല്ലാത്തതു്.

ഇതിനെല്ലാം പുറമെ, ആധുനിക കാലഘട്ടത്തിൽ തൊഴിലാളികൾ അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്ന രീതി തന്നെ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാകുന്നു. ഒന്നാം ലോകത്തിലെ തൊഴിലാളികളെ എടുക്കുക. ജീവിതവീക്ഷണത്തിലും ജീവിതശൈലിയിലും യാഥാസ്ഥിതികരാണവർ. ഒന്നാം ലോകത്തിലാണു് വ്യാവസായിക സമൃദ്ധി ഏറ്റവും കൂടുതൽ എന്നതിനാൽ, തത്ത്വപ്രകാരം അവരായിരിക്കണം കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നവർ. എന്നാൽ വ്യവസായങ്ങളിലെ ലാഭവിഹിതം അനുഭവിച്ചുകൊണ്ടു് അവർക്കു് പൂർവ്വാധികം സുഖസൗകര്യങ്ങൾ ഉപഭോഗിക്കാനാണു് ഇടവരുന്നതു്. അതുകൊണ്ടു്, ഒന്നാം ലോകത്തിൽ തൊഴിലാളിവർഗ്ഗം, തങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന തിരിച്ചറിവു്, അല്ലെങ്കിൽ അങ്ങനെയുള്ള ഒരു സിദ്ധാന്തം, അവഗണിക്കാനുള്ള സാഹ്യചര്യത്തിലാവണം എത്തിയിരിക്കുന്നത്! തങ്ങൾക്കു് അത്ര മോശപ്പെട്ടതല്ലാത്ത സുഖസൗകര്യങ്ങൾ ലഭിക്കുകയാണെങ്കിൽ വിപ്ലവബോധം ഇല്ലാതാവുന്നവരാണു് തൊഴിലാളിവർഗ്ഗം. രണ്ടാം ലോകത്തിലെ തൊഴിലാളികളെ എടുക്കുക. ഈ രാജ്യങ്ങളിൽ, അവർക്കു് തങ്ങളുടെ അധ്വാനത്തിനാനുപാതികമായി ജീവിതസൗകര്യങ്ങൾ കിട്ടുന്നില്ല. അവരുടെ അധ്വാനഫലം, പൊള്ളുന്ന അടുപ്പിൽ വെള്ളത്തുള്ളികൾ പോലെ, സമൂഹത്തിന്റെ മൊത്തം ആവശ്യങ്ങളുടെ നിർവ്വഹണത്തിനായി ആവിയായിപ്പോവുകയായിരുന്നു. അവിടെയാകട്ടെ അവർ ചൂഷണത്തിന്റെ വാദവുമായി വരികയും ചെയ്തു!

തങ്ങൾ സൃഷ്ടിക്കുന്ന സമ്പത്തു് സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നില്ല എന്നതായിരുന്നില്ല അവരുടെ പരാതി (ഈ രാജ്യങ്ങളിലെ പാർട്ടി-ഭരണ വർഗ്ഗത്തിന്റെ ആഡംബരതയും അഴിമതിയും ചൂണ്ടിക്കാണിച്ചുകൊണ്ടു്, തീർച്ചയായും, തൊഴിലാളിവർഗ്ഗതാൽപര്യങ്ങളെ സംരക്ഷിക്കുന്ന രാഷ്ട്രീയപരിവർത്തനത്തിനു് ശ്രമിക്കാൻ സാധ്യതയുണ്ടായിരുന്നു). ഒന്നാം ലോകത്തിലെ തൊഴിലാളികളുടേതിനോടു് തട്ടിച്ചു നോക്കുമ്പോൾ തങ്ങളുടെ ജീവിതനിലവാരം ശോചനീയമാണു് എന്നതത്രെ! ഏതായാലും തൊഴിലാളികൾ സാർവ്വലൗകികമായി ചിന്തിക്കുന്നുവെന്നതിനു് ഇതിൽപ്പരം തെളിവു വേണ്ടതില്ല. എന്നാൽ ആ സർവ്വലോകം ഒന്നാം ലോകമാണെന്നു മാത്രം. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഒന്നാം ലോകത്തിലെ തൊഴിലാളികളുമായുള്ള സാമീപ്യം കൊണ്ടായിരിക്കാം രണ്ടാം ലോകതൊഴിലാളികൾ കൂടുതൽ ജീവിതസൗകര്യങ്ങൾക്കുവേണ്ടി സമരം ചെയ്യാൻ തയ്യാറായതു്. സോളിഡാരിറ്റിയും മതിൽ പൊളിക്കലും ഈ ദിശയിലേക്കുള്ള നീക്കമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയത്തിനും ന്യായമില്ല. കൂടുതൽ ഉദാരമായ സമ്പദ്വ്യവസ്ഥയിൽ തങ്ങളുടെ ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള സാധ്യതയേറും എന്ന ഉൾക്കാഴ്ചയാണു് അതിനനുയോജ്യമായ രാഷ്ട്രീയവ്യവസ്ഥയെ പുണരാൻ ഈ രാജ്യങ്ങളിൽ തൊഴിലാളിവർഗ്ഗം കൂട്ടുനിന്നതു്. ഒന്നും രണ്ടും ലോകങ്ങളിലെ തൊഴിലാളികളുടെ ഈ താരതമ്യം കാണിക്കുന്നതു്, പൊതുവായി അവർ പങ്കിടുന്ന ഗുണം ജീവിതസൗകര്യങ്ങൾക്കു വേണ്ടിയുള്ള അത്ര അമിതമല്ലാത്ത ആവശ്യമാണു്. അവർ രണ്ടിടത്തും മാനുഷികബോധത്താൽ, അല്ലെങ്കിൽ മനുഷ്യസ്നേഹത്താൽ പ്രചോദിതരാവുന്നതോ, മനുഷ്യവംശത്തെക്കുറിച്ചുള്ള പ്രാപഞ്ചികമായ ഉത്ക്കണ്ഠ അവരെ അലട്ടുന്നതോ ആയി നാം കാണുന്നില്ല. ഒന്നും രണ്ടും ലോകങ്ങളിലെ തൊഴിലാളികൾ ഇങ്ങനെയാണെങ്കിൽ, മൂന്നാം ലോകത്തിലെ തൊഴിലാളികൾക്കു് മാത്രം ഒരു പ്രത്യേക സ്വഭാവം കല്പിച്ചു കൊടുക്കുന്നതിൽ കഴമ്പില്ല. എവിടെയെങ്കിലും തൊഴിലാളികൾ പ്രാപഞ്ചികമായ മനുഷ്യസ്നേഹവും വിപ്ലവബോധവും പ്രകടിപ്പിച്ചിട്ടുണ്ടോ? എങ്കിൽ അതിന്റെ കാരണം തൊഴിലാളിയുടെ വർഗ്ഗസ്വത്വത്തിലല്ല മറ്റെവിടെയോ ആണു് തേടേണ്ടതു്.

ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിലെ ഏറ്റവും താഴത്തെ നിലയിൽനിന്നു നാം പുറത്തു കടക്കുമ്പോൾ അവിടെ യാചകരുടേയും കുറ്റവാളികളുടേയും ഭ്രാന്തരായി അലയുന്നവരുടേയും വേശ്യകളുടെയും നിരാലംബരായ മറ്റനേകം വിഭാഗങ്ങളുടേയും അഭിശപ്തമായ ജീവിതമാണു് കാണുക. ഇവർ ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിക്കു് പുറത്താണു്. എങ്ങനെയെങ്കിലും നിലനില്ക്കുക എന്നതാകുന്നു അവിടത്തെ പ്രശ്നം. അവസാനശ്വാസം വരെ ഏതുവിധവും അതിജീവിക്കാൻ ശ്രമിക്കുക. ആ പ്രശ്നത്തിനു മുമ്പിൽ വിശ്വമാനവികതയെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആലോചിക്കുന്നതു തന്നെ അസംബന്ധമാവും.

ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിലെ ഏറ്റവും താഴ്‌ന്നതട്ടിലുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ പോലും ആനുകൂല്യരഹിതരുടെ നില അഭിശപ്തമാണെന്നു കാണാം. അത്യന്തം ന്യൂനവും അനിശ്ചിതവുമായ വരുമാനത്തോടെ, അത്രതന്നെ ചുരുങ്ങിയ ജീവിതസൗകര്യങ്ങളോടെ, വ്യവസ്ഥയുടെ ഏതൊക്കെയോ മുക്കിലും മൂലയിലും പതുങ്ങിയും ഞെരുങ്ങിയും ഇടം കണ്ടെത്തുന്നവരാണു് ഉച്ച-നീച ശ്രേണിയുടെ അടിത്തട്ടിൽ നില്ക്കുന്നവർ. ചിന്തിയൊഴുകുന്ന സ്ഥാനങ്ങളാണിവ. എങ്കിലും അവ ആശ്വാസം പകരുന്ന തുരുത്തുകൾ തന്നെയാണു്. ഈ തുരുത്തുകൾ ഉറപ്പിക്കുക എന്നതായിരിക്കും അവരുടെ പ്രശ്നം. പ്രത്യാശയുടെ ഒരു കണം വളരെ സജീവമായി അവരിൽ തുടരുന്നു. ആനുകൂല്യരഹിതരെ സംബന്ധിച്ചിടത്തോളം പ്രത്യാശ നല്കുന്ന മൂല്യബോധമോ മാന്യതയോ ഇല്ല. ഇവർക്കു് സാമൂഹികജീവിതത്തിൽ ഒരു നിലയ്ക്കും സാംഗത്യമില്ലെന്നാണോ പറഞ്ഞുവരുന്നതു്? അല്ല! രാജ്യത്തിന്റെ പല മൂലകളിലും അവർക്കായി അനാഥാലയങ്ങളും തടവറകളും ഭ്രാന്താലയങ്ങളും അബലമന്ദിരങ്ങളും ബാലമന്ദിരങ്ങളും പൊന്തിവരുന്നു. ഇതെങ്ങനെ? സമൂഹം അവരെ തീരെ ഉപേക്ഷിച്ചിട്ടില്ലെന്നോ?

ആനുകൂല്യങ്ങളുടെ ഉന്നതശ്രേണിയിൽ നിന്നാണു് അവർക്കുവേണ്ടി ഈ രക്ഷാകർതൃത്വം നീളുന്നതു്. ഇതിൽ ഒരു പ്രകടനം അല്ലെങ്കിൽ പ്രദർശനം ഉണ്ടു്. ഈ പ്രകടനം ആനുകൂല്യങ്ങളുടെ ഉന്നത ശ്രേണിയെ സംബന്ധിച്ചിടത്തോളം അവരുടെ തന്മയെ പ്രഖ്യാപിക്കലാകുന്നു. ഈ പ്രത്യക്ഷമായ രക്ഷാകർതൃത്വത്തിലൂടെ അവർ സാധിക്കുന്നതു് സമൂഹത്തിൻമേൽ മൊത്തം അദൃശമായ ഒരു രക്ഷാകർതൃത്വത്തിന്റെ സമ്മർദ്ദം ഏല്പിക്കുകയാണു്. ഇപ്രകാരം, രക്ഷാകർതൃത്വത്തിനുള്ള യോഗ്യത തങ്ങളിൽ നിക്ഷിപ്തമാണെന്നു് സ്വയം ബോധ്യപ്പെടുത്താൻ മാത്രമല്ല, ആനുകൂല്യങ്ങളുടെ ഇതരശ്രേണികളിൽ തങ്ങളെ അപേക്ഷിച്ചുകൊണ്ടുള്ള ഒരു സുരക്ഷിതത്വബോധം സൃഷ്ടിക്കാനും അവർക്കു് കഴിയും. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയ്ക്കു് പുറത്തു് ആനുകൂല്യരഹിതരുടെ ഒരു ലോകം ഉണ്ടെന്ന നിരീക്ഷണത്തിനു് എതിരായി വരാവുന്ന ഒരു വാദത്തെ നേരിടാനാണു് ഇത്രയും വിസ്തരിച്ചതു്.

അത്തരം ഉച്ച-നീച ശ്രേണീ വ്യവസ്ഥ ആനുകൂല്യരഹിതരേയും പ്രജനിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണു് വാസ്തവം. മാനവികതയുടെ അഭാവമാണു് അവരുടെ അവസ്ഥയെ സവിശേഷമാക്കുന്നതു്. അത്തരം ഒരു വിഭാഗത്തിൽ നിന്നും മാനുഷികമായ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ശേഷി പ്രതീക്ഷിക്കുന്നതിൽ ന്യായമില്ല. അപമാനവികമായ ജീവിതം നയിക്കുന്ന ആ മനുഷ്യർ നേരിടുന്ന ദൈനംദിനമായ അതിജീവനത്തിന്റെ പ്രശ്നമല്ല മാനുഷിക പ്രശ്നം. പിന്നെയോ, നിശ്ശൂന്യതയുടെ കൊല്ലിയിലേയ്ക്കു് നിരന്തരം എറിയപ്പെടുന്ന അപമാനവികമായ ജീവിതങ്ങൾ ഉണ്ടു് എന്നതാണു് മാനുഷിക പ്രശ്നം. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയെപ്പറ്റിയും ഇതു തന്നെ പറയാവുന്നതാകുന്നു. മാനുഷികപ്രശ്നം അവിടെയും വിവിധ ശ്രേണികളിൽ മാനുഷികജീവിതം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളല്ല, മറിച്ചു് അത്തരം ഉച്ച-നീച ശ്രേണി തന്നെ നിലനിന്നു വരുന്നു എന്നതത്രേ.

ഒന്നാം ലോകത്തിൽ നിന്നു് മൂന്നാം ലോകത്തിലേയ്ക്കു് ഏറ്റവും അധികം കയറ്റി അയയ്ക്കപ്പെടുന്ന സാധനം ആയുധമാണെന്നതു് വിചിത്രമായിരിക്കുന്നു! എന്തിനാണു് മൂന്നാം ലോകക്കാർ ഈ ആയുധങ്ങൾ വാങ്ങുന്നതു? ഒന്നാം ലോകത്തോടു് ഏറ്റുമുട്ടാനോ? അല്ല, പരസ്പരം അടിക്കാൻ! ഇപ്രകാരം ആയുധങ്ങൾ വില്പന നടത്തുമ്പോൾ ഒന്നാം ലോകത്തിനു് മറ്റൊരു പ്രവൃത്തികൂടി ചെയ്യേണ്ടതുണ്ടു്: മൂന്നാം ലോകരാജ്യങ്ങൾ തമ്മിൽതമ്മിൽ സമരഞ്ജിപ്പില്ലാതെയിരിക്കാനുള്ള തന്ത്രങ്ങൾ എപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുക.

ഉച്ച-നീച ശ്രേണിയെ സമൂഹവുമായി താരതമ്യപ്പെടുത്താനുള്ള ശ്രമമൊന്നും ഈ ആലോചനയിൽ ഇല്ല എന്നു ശ്രദ്ധിക്കേണ്ടതാണു്. നിലനിന്നു പോരാൻ മനുഷ്യർക്കു് അതിനുളള ഉപാധികൾ ഉത്പാദിപ്പിക്കേണ്ടതുണ്ടാവും. അതിനു വേണ്ടി അവർ പരസ്പരം ഇടപെടേണ്ടതായി വരും. ആ ഇടപാടിൽ പലതരം സ്ഥാപനങ്ങൾ അവർക്കു് രൂപം കൊടുക്കേണ്ടതായും നിലനിർത്തേണ്ടതായും വരും. സമൂഹം ഇപ്രകാരം ഒരു ബാധ്യതയായി എപ്പോഴും മനുഷ്യർക്കിടയിലുണ്ടു്. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയാവട്ടെ ഈ സാധ്യത ഒരു പ്രത്യേക രീതിയിൽ ഭൗതികവൽകൃതമാവുമ്പോൾ ഉണ്ടാകുന്ന മനുഷ്യബന്ധങ്ങളുടെ ഒരു മാനമാണു്.

മനുഷ്യർ സ്വീകരിച്ചാലും ഇല്ലെങ്കിലും അവർക്കിടയിലുള്ള വ്യാവഹാരികബന്ധങ്ങൾ ഒരു കൂട്ടായ യാഥാർത്ഥ്യത്തെ ഉണ്ടാക്കുന്നു എന്നതു് സത്യമാണു്. ഈ യാഥാർത്ഥ്യത്തെ ആന്തരികവത്ക്കരി ക്കുമ്പോഴാണു് മനുഷ്യർക്കിടയിൽ തങ്ങൾ സാമൂഹികജീവികളാണെന്ന ബോധം ഉണ്ടാവുന്നതു്. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണി രൂപപ്പെടുമ്പോൾ അതു് ഈ ആന്തരികവത്ക്കരണത്തെ സ്വാധീനിക്കുന്നു. അങ്ങനെ ആന്തരികവത്ക്കരിക്കപ്പെട്ട സമൂഹം, ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിലുള്ള തങ്ങളുടെ സ്ഥാനത്തെയും ധർമ്മത്തെയും കുറിച്ചുള്ള അവബോധം ആയിത്തീരുന്നു.

സമൂഹം ഒരു കൂട്ടം മനുഷ്യരുടെ ഭൗതികവ്യവഹാരങ്ങളുടെ ആകെത്തുകയാണെന്നു് എടുത്താൽ അതിനെക്കുറിച്ചുള്ള ബോധമല്ല മനുഷ്യരുടെ സാമൂഹികാവബോധമായിത്തീരുന്നതു്, സാമൂഹിക ബോധത്തിലേയ്ക്കു് ഉയർന്നിട്ടില്ലാത്ത മനസ്സിന്റെ ഒരു കീഴ്ത്തട്ടാണതു് (ഒരു അവ-ബോധം). സാമൂഹികാവബോധം വ്യാവഹാരിക ബന്ധങ്ങളോടുള്ള മനുഷ്യരുടെ മനോഭാവമോ, നിലപാടോ ആണു്. ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിക്കാനുള്ള മാനസികമായ തയ്യാറെടുപ്പാവാമതു്. സമൂഹത്തിലെ ഒരംഗം എന്ന നിലയ്ക്കു് എങ്ങനെ പ്രവർത്തിക്കണം എന്നതല്ല, ഒരു വ്യക്തി എന്ന നിലയ്ക്കു് സ്വയം നിലനിൽക്കാൻ എങ്ങനെ ഇതരരുമായി ബന്ധപ്പെടണം എന്നതാണു് ഈ മാനസികമായ തയ്യാറെടുപ്പിൽ മുഖ്യമായി കടന്നുവരുന്ന പ്രേരണാശക്തി. ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണി അവർക്കു് അതിനു വേണ്ട ഫോർമാറ്റ് പ്രദാനം ചെയ്യുന്നു.

ഇന്നത്തെ ലോകത്തിൽ എല്ലാ സമൂഹത്തിലും ഈ ഫോർമാറ്റ് ഉണ്ടു്. എന്നാൽ ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണി വ്യവഹാരബന്ധങ്ങളുടെ അനിവാര്യമായ ഒരു ശൈലിയല്ല എന്നു കാണാൻ ഏറെയൊന്നും പണിപ്പെടേണ്ടതില്ല. കാരണം വ്യക്തികളുടെ ഇച്ഛാശക്തിയുമായി ബന്ധപ്പെട്ട ഒരു കാര്യമാണു് അത്തരം ഒരു വ്യവസ്ഥയോടു് പൊരുത്തപ്പെടണമോ വേണ്ടയോ എന്നതു്. തങ്ങളെ എപ്പോഴും അധഃകൃതാവസ്ഥയിൽ നിലനിർത്തുന്ന ഒരു വ്യവസ്ഥയോടു് വ്യക്തികൾ എന്തിനു് സമരസപ്പെടണം? അതേ സമയം ഭൗതികവ്യവഹാരത്തിന്റെ തന്നെ അനിവാര്യതയെ ഇപ്രകാരം ചോദ്യം ചെയ്യാൻ അതിൽ ഏർപ്പെടുന്നവർക്കു് കഴിയുകയില്ല. കാരണം, അതു് പരസ്പരവിരുദ്ധമായ പ്രവൃത്തിയായിരിക്കും.

വീണ്ടും എടുത്തു പറഞ്ഞാൽ, സാമൂഹികബോധവും സാമൂഹികാവബോധവും രണ്ടായിട്ടാണു് ഇവിടെ വിവക്ഷിച്ചിട്ടുള്ളതു്. ഏതെങ്കിലും ഒരു പ്രത്യേക വ്യവസ്ഥയെ ആന്തരികവത്ക്കരിക്കുന്നതിനെയാണു് സാമൂഹികാവബോധം എന്നു പറയുന്നതു്. സാമൂഹികബോധം എന്നാൽ, ഭൗതികവ്യവഹാരങ്ങളിലൂടെ യാഥാർത്ഥ്യമായിത്തീരുന്ന സമൂഹത്തെക്കുറിച്ചുള്ള ബോധമാണു്. ആദ്യത്തേതു് ഒരു വ്യവസ്ഥയിൽ അവർക്കുള്ള സ്ഥാന പദവികളുടെ മാധ്യമത്തിലൂടെ വ്യക്തികളിലേയ്ക്കു് അവരറിയാതെ സന്നിവേശിക്കുന്ന മനോഭാവമാകുന്നു. രണ്ടാമത്തേതു്, താൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ചു് വ്യവസ്ഥാവലംബിതമായ മാധ്യമങ്ങൾ വഴിയല്ലാതെ യുക്തിപൂർവ്വമായ അവലോകനത്തിൽ നിന്നു പ്രവഹിക്കുന്ന ഉണർവ്വാണു്. രണ്ടാമത്തേതിൽ മാത്രമെ സാമൂഹികനീതിയെക്കുറിച്ചുള്ള പരിഗണനകൾക്കു് സ്ഥാനമുള്ളൂ.

ആനുകൂല്യങ്ങളുടെ ഉച്ച-നീച ശ്രേണിയിൽ വ്യവസ്ഥാപിതമായ ഒരു ജീവിതം മനുഷ്യർ പൊറുപ്പിക്കുന്നു എന്നതു് തന്നെ ഒരു മാനുഷികപ്രശ്നമാണെന്നു് പറഞ്ഞുവല്ലോ. പ്രത്യേകം പ്രത്യേകം സമൂഹങ്ങളിൽ മാത്രമല്ല ഇത്തരം വ്യവസ്ഥകൾ കാണുന്നതു്. ലോകവ്യവസ്ഥയും ഇപ്രകാരം തന്നെയാണു് രൂപപ്പെട്ടിരിക്കുന്നതു്. വെറും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയല്ല, ആ രാഷ്ട്രങ്ങൾക്കകത്തെ മനുഷ്യജീവിതത്തെപ്പറ്റി തന്നെയാണു് ഇതു പറയുന്നതു്. ഭൂഗോള മനുഷ്യസമൂഹങ്ങളെ മൂന്നു ലോകങ്ങളായി തരം തിരിക്കാനുള്ള മുഖ്യ കാരണമായിട്ടെടുക്കുന്നതു്, അവയുടെ രാഷ്ട്രീയനിലപാടുകളല്ല (തുടക്കത്തിൽ ഈ തരം തിരിവു് അപ്രകാരമാണു് നടത്തപ്പെട്ടതെങ്കിലും), മറിച്ചു്, രാഷ്ട്രാന്തരീയ ബന്ധങ്ങളിൽ ഒരു വിഭാഗം രാജ്യങ്ങളിലെ മനുഷ്യർ മറ്റൊരു വിഭാഗം രാജ്യങ്ങളിലെ മനുഷ്യരേക്കാൾ ആനുകൂല്യം കൂടിയവരോ കുറഞ്ഞവരോ ആയിക്കാണുന്നതു കൊണ്ടാണു്.

ഒന്നാം ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും മൂന്നാം ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും (ഇന്നു് രണ്ടാം ലോകം അപ്രത്യക്ഷമായി എന്ന നിരീക്ഷണവും ശ്രദ്ധേയമാണു്) തമ്മിൽ ആനുകൂല്യങ്ങളുടെ ഒരു ഉച്ച-നീച ശ്രേണി ബന്ധം ഉണ്ടു്. അതുകൊണ്ടു്, രാഷ്ട്രാഭ്യന്തര രംഗത്തു് നിന്നു് രാഷ്ട്രാന്തരീയരംഗത്തേക്കു് കടന്നാലും കാണാൻ കഴിയുന്നതു് പ്രശ്നങ്ങളെ തിരിച്ചറിയുന്നതിലുള്ള വളരെ പാർശ്വികമായ രീതിയാണു്. മുഖ്യമായും രാഷ്ട്രീയശക്തിയുടേയും വ്യാവസായികശക്തിയുടേയും രണ്ടു ധാരകളാണു് അന്താരാഷ്ട്രബന്ധങ്ങളിൽ പ്രവഹിക്കുന്നതു്. രാഷ്ട്രത്തിന്റെ താത്പര്യം, വ്യവസായത്തിന്റെ താത്പര്യം എന്നിവ തനിത്തനിയായും രണ്ടു് താത്പര്യങ്ങൾ കൂട്ടു പിണഞ്ഞും അന്താരാഷ്ട്രബന്ധങ്ങളെ സംകീർണ്ണമാക്കുന്നുണ്ടു്. എന്നാൽ ഈ രാഷ്ട്രാന്തരീയബന്ധത്തിലും ചില രാഷ്ട്രങ്ങൾ ആനുകൂല്യങ്ങൾ കൂടുതൽ അനുഭവിക്കുകയും ചിലവ അതു കുറഞ്ഞ തോതിൽ മാത്രം അനുഭവിക്കുകയും ചെയ്യുന്നു. ഉച്ച-നീചശ്രേണി അവിടേയും സന്നിഹിതമായിരിക്കുന്നു. അതുകൊണ്ടു്, ഒന്നാം ലോകത്തിലെ ഒരു രാഷ്ട്രം തിരിച്ചറിയുന്ന ഒരു പ്രശ്നമല്ല മൂന്നാം ലോകത്തിലെ ഒരു രാഷ്ട്രം തിരിച്ചറിയുന്നതു്.

നീചശ്രേണിയിലെ ഭൂരിഭാഗം രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിയന്തിരമായ പ്രശ്നം അതിജീവനത്തിന്റേതാണു്. ഒന്നാം ലോകത്തിലെ സമൃദ്ധിയുടെ ആ സത്തു് മൂന്നാം ലോകത്തെ പിഴിഞ്ഞെടുത്തതാണെന്നും അല്ലെന്നും രണ്ടു പക്ഷമുണ്ടു്. എന്നാൽ അവ തമ്മിലുള്ള ബന്ധം സമത്വാസ്പദമല്ല എന്നു് കാണാൻ വലിയ സമ്പദ്ശാസ്ത്രപാണ്ഡിത്യം വേണ്ട. മൂന്നാം ലോകത്തു നിന്നു് വളരെ താഴ്‌ന്ന വിലയ്ക്കു് പ്രകൃതിവിഭവങ്ങളും അധ്വാനവും വാങ്ങി ഉയർന്ന വിലയ്ക്കു് തിരിച്ചു് അവരെക്കൊണ്ടു് ഉത്പന്നങ്ങൾ വാങ്ങിപ്പിക്കുന്ന ഒരു സംപ്രദായമാണു് ഒന്നാം ലോകത്തിന്റെ നിയന്ത്രണത്തിൽ നിലനിൽക്കുന്നതു്. അസമമായ ഈ കൈമാറ്റം ചൂഷണത്തിന്റെ ഒരു പര്യായമായി മൂന്നാം ലോകക്കാർ കാണുന്നതിൽ തെറ്റില്ല. ഒന്നാം ലോകത്തിനും മൂന്നാം ലോകത്തിനും ഇടയിലുളള ഒരു അസമത്വബന്ധത്തിൽ മുമ്പു തന്നെ കെട്ടിപ്പടുക്കപ്പെട്ട ഒരു ലോക കമ്പോളത്തിൽ വച്ചാണു് ഈ രണ്ടുതരം രാഷ്ട്രങ്ങൾ തമ്മിലുളള ക്രയവിക്രയബന്ധത്തിന്റെ മൂല്യം നിശ്ചയിക്കപ്പെടുന്നതു്. ഈ മൂല്യനിശ്ചയം ഒന്നാം ലോകത്തിനനുകൂലമാവുമെന്നതു് സിദ്ധം. മൂന്നാം ലോകത്തിലെ വിലകുറഞ്ഞ അധ്വാനംമൂലം അവിടത്തെ ഉത്പന്നം താഴ്‌ന്ന വിലയ്ക്കും ഒന്നാം ലോകത്തിലെ അധ്വാനം വിലപിടിച്ചതിനാൽ അവിടത്തെ ഉൽപന്നം ഉയർന്ന വിലയ്ക്കും ഈ ക്രയവിക്രയ ബന്ധത്തിൽ കൈമാറപ്പെടുന്നു.

മറ്റൊന്നുകൂടി ഈ ബന്ധത്തിൽ അന്തർഭവിച്ചിട്ടുണ്ടു്. മൂന്നാം ലോകത്തിലെ പ്രകൃതിവിഭവങ്ങളുടെയും അധ്വാനത്തിന്റെയും താഴ്‌ന്ന വിലയെ അതേപടി നിലനിർത്താൻ ഒന്നാം ലോകത്തിനുള്ള താൽപര്യമാണതു്. അതേസമയം മൂന്നാം ലോകത്തിലെ ഉൽപന്നങ്ങൾക്കു് ലോക കമ്പോളത്തിൽ മാത്സര്യത കുറയ്ക്കാനുതകുന്ന തരത്തിൽ ആ നാടുകളിലെ ഉൽപാദനച്ചെലവു് കൂടാൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഒന്നാം ലോകം ചട്ടങ്ങളുടെയും ആശയങ്ങളുടെയും മാധ്യമങ്ങളിലൂടെ ശ്രമം തുടരുകയും ചെയ്യുന്നു. പരസ്പര വിരുദ്ധമെന്നു തോന്നിക്കുന്ന ഈ രണ്ടു ശ്രമങ്ങളും തന്ത്രപരമായ ഇണക്കിച്ചേർക്കലുകളാണു്.

മിക്ക യൂറോപ്യൻചിന്താരീതികൾക്കും മനുഷ്യരാശിയെന്നാൽ പാശ്ചാത്യലോകത്തിലെ മനുഷ്യകവും മാനുഷികപ്രശ്നങ്ങളെന്നാൽ പാശ്ചാത്യനാഗരികതയെ മൊത്തത്തിൽ നേരിടുന്ന പ്രശ്നങ്ങളുമാണു്. പാശ്ചാത്യനാഗരികതയുടെ പ്രകരണത്തിൽ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടാണു് അവയത്രയും വികസിപ്പിച്ചിട്ടുള്ളതു്. ഇതിനു് അപവാദങ്ങൾ ഉണ്ടാകാം. പക്ഷെ, ഇതാണു് പ്രബലമായ ധാര. അപവാദങ്ങൾ പോലും അന്തിമ വിശകലനത്തിൽ അപവാദങ്ങളല്ല.

ഒന്നാം ലോകത്തിൽ നിന്നു് മൂന്നാം ലോകത്തിലേയ്ക്കു് ഏറ്റവും അധികം കയറ്റി അയയ്ക്കപ്പെടുന്ന സാധനം ആയുധമാണെന്നതു് വിചിത്രമായിരിക്കുന്നു! എന്തിനാണു് മൂന്നാം ലോകക്കാർ ഈ ആയുധങ്ങൾ വാങ്ങുന്നതു? ഒന്നാം ലോകത്തോടു് ഏറ്റുമുട്ടാനോ? അല്ല, പരസ്പരം അടിക്കാൻ! ഇപ്രകാരം ആയുധങ്ങൾ വില്പന നടത്തുമ്പോൾ ഒന്നാം ലോകത്തിനു് മറ്റൊരു പ്രവൃത്തികൂടി ചെയ്യേണ്ടതുണ്ടു്: മൂന്നാം ലോകരാജ്യങ്ങൾ തമ്മിൽ തമ്മിൽ സമരഞ്ജിപ്പില്ലാതെയിരിക്കാനുള്ള തന്ത്രങ്ങൾ എപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുക. മാത്രമല്ല, ലോകത്തു് ഒരിക്കലും സമാധാനപരമായ സഹവർത്തിത്വം ഉണ്ടാവരുതു്. ഉണ്ടെങ്കിലോ അതു് ചില സവിശേഷ വ്യവസായതാൽപര്യങ്ങൾക്കു് (ഇവിടെ ആയുധനിർമ്മാണം) ഉതകുകയില്ല. മൂന്നാം ലോകരാജ്യങ്ങൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്വം ഉണ്ടെങ്കിലും ആയുധങ്ങൾ വില്പന നടത്താൻ കഴിയും. ഈ രാജ്യങ്ങളുടെ ഭരണകൂടങ്ങളെ ദുർബ്ബലമാക്കുകയും അവിടങ്ങളിൽ പൊന്തിവരുന്ന വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും ആഭ്യന്തര കലാപങ്ങളിലേയ്ക്കു് നയിക്കുന്ന വിധത്തിൽ അതിശക്തമായ ആയുധങ്ങളുടെ ലഭ്യത ആ രാജ്യങ്ങളിൽ ഉറപ്പു വരുത്തുക. ഇതു രണ്ടും ഇന്നു നടക്കുന്നുണ്ടു്.

ഇത്തരം ഒരു സ്ഥിതിവിശേഷത്തിൽ ഒന്നാം ലോകത്തിന്റെ വീക്ഷണകോണത്തിൽ ഒരു മാനുഷികപ്രശ്നം ഉൾപ്പെടുക എന്നതു് എത്രയോ അസംഭവ്യമാകുന്നു. രണ്ടാം ലോകത്തിന്റെയും (?) മൂന്നാം ലോകത്തിന്റെയും സ്ഥിതി ഇതിനേക്കാൾ മെച്ചമല്ല. മൂന്നാം ലോകത്തെ സംബന്ധിച്ചിടത്തോളം അതിജീവനമാണു് അടിയന്തിര പ്രശ്നമെങ്കിലും അതും ആത്യന്തികമായി നോട്ടം ഉറപ്പിക്കുന്നതു് ഒന്നാം ലോകത്തിന്റെ സമൃദ്ധിയിന്മേലാണു്. രണ്ടാം ലോകത്തിലത്രെ ഈ ശക്തമായ ആകർഷണം ചെറുത്തു നിൽക്കാൻ ചില പതിറ്റാണ്ടുകളോളം ശ്രമമുണ്ടായതു്. പക്ഷെ, ചായ്വുകൾ ഇന്നു് പ്രകടമായും ആ ദിശയിലേക്കു തന്നെ. ഉന്നയിക്കാൻ ശ്രമിക്കുന്ന വാദം ഇത്രയുമാണു്: മനുഷ്യരാശിയെ നേരിടുന്ന പ്രശ്നങ്ങളുടെ ഒരു തിരിച്ചറിവിലേക്കു് എത്തുന്നതിൽ നിന്നു് ലോകരാഷ്ട്രങ്ങൾ എത്രയോ ദൂരത്താണു്. മറിച്ചു്, അവ തമ്മിലുള്ള ഇടപാടുകൾ ആഗോള മനുഷ്യജീവിതത്തിൽ എണ്ണമറ്റ ദുരന്തങ്ങൾ വരുത്തിവയ്ക്കാൻ കാരണമാകുന്നുണ്ടു് എന്നതു തന്നെ ഒരു മാനുഷിക പ്രശ്നമാണു്.

മിക്ക യൂറോപ്യൻ ചിന്താരീതികൾക്കും മനുഷ്യരാശിയെന്നാൽ പാശ്ചാത്യലോകത്തിലെ മനുഷ്യകവും മാനുഷിക പ്രശ്നങ്ങളെന്നാൽ പാശ്ചാത്യനാഗരികതയെ മൊത്തത്തിൽ നേരിടുന്ന പ്രശ്നങ്ങളുമാണു്. പാശ്ചാത്യനാഗരികതയുടെ പ്രകരണത്തിൽ നിന്നുകൊണ്ടുള്ള കാഴ്ചപ്പാടാണു് അവയത്രയും വികസിപ്പിച്ചിട്ടുള്ളതു്. ഇതിനു് അപവാദങ്ങൾ ഉണ്ടാകാം. പക്ഷെ, ഇതാണു് പ്രബലമായ ധാര. അപവാദങ്ങൾ പോലും അന്തിമ വിശകലനത്തിൽ അപവാദങ്ങളല്ല. ഉദാഹരണത്തിനു്, തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തെപ്പറ്റിയും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തെപ്പറ്റിയും പറയുമ്പോൾ, തൊഴിലാളികളുടെ സാർവ്വദേശീയതയെക്കുറിച്ചുള്ള സ്വയം പര്യാപ്തമായ ഒരു ദർശനമല്ല യഥാർത്ഥത്തിൽ അവതരിപ്പിക്കപ്പെടുന്നതു്. പിന്നെയോ, പാശ്ചാത്യലോകത്തിലെ സാമൂഹിക ജീവിതത്തിൽ വ്യവസായസംരംഭങ്ങളുടെ വർദ്ധിച്ചുവന്ന സ്വാധീനശക്തിയിൽ അവിടത്തെ തൊഴിലാളി വർഗ്ഗത്തിന്റെ വ്യക്തരൂപം പ്രാപിച്ചു വളർന്ന തന്മയെ തിരിച്ചറിയുന്ന ഒരു ചിന്താഗതിയാണു് അവതരിപ്പിക്കപ്പെട്ടതു്.

ആധുനിക പാശ്ചാത്യനാഗരികത വ്യവസായങ്ങളുടെ വളർച്ചയിലൂടെയാണു് രൂപം പ്രാപിച്ചു വന്നതു് എന്നതിനാൽ, ലോകസമ്പദ്വ്യവസ്ഥയിൽ—അഥവാ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ— പാശ്ചാത്യ താത്പര്യങ്ങളുടെ നിർണ്ണായകമായ ഇടപെടൽ മൂലം, അവിടങ്ങളിലും പുതിയ നാഗരികത രൂപം കൊണ്ടതു് വ്യവസായ മുന്നേറ്റത്തെത്തുടർന്നാണെന്നും അപ്രകാരം അവിടങ്ങളിൽ നാഗരികത കൊണ്ടുവരാൻ കാരണക്കാർ പാശ്ചാത്യരാണെന്നും ഉള്ള ഒരു വാദഗതി അനുക്തസിദ്ധമായിക്കാണുന്നു. ലോകനാഗരികതയുടെ നേതൃത്വം അറിഞ്ഞോ അറിയാതെയോ പാശ്ചാത്യ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങൾ ഏറ്റെടുക്കുകയെന്നതാണു് അതിന്റെ താർക്കികമായ പരിസമാപ്തി. ഈ പശ്ചാത്തലത്തിലാണു് തൊഴിലാളിവർഗ്ഗത്തിന്റെ മോചനം എന്ന ആശയം പോലും കാണേണ്ടതു്. അതായതു് ലോകത്തിലെ സർവ്വതൊഴിലാളികളും സംഘടിക്കുകയും വിമോചനം നേടുകയും ചെയ്യുക എന്നതിനു് ഒരു പ്രാപഞ്ചികമായ, സാർവ്വദേശീയമായ മാനം ഉണ്ടാവണമെങ്കിൽ, വ്യവസായവത്കൃതമായ പാശ്ചാത്യലോകത്തിലെ (അതു താരതമ്യേന ചെറിയ മാനവലോകമാണു്) തൊഴിലാളികളെ മാത്രം മുന്നിൽ കണ്ടാൽ പോരാ, മറിച്ചു് വ്യവസായവത്ക്കരണത്തിന്റെ ശൈശവം പോലും കടന്നിട്ടില്ലാത്ത രാജ്യങ്ങളിൽ ഇനിയും വ്യക്തരൂപം പ്രാപിച്ചിട്ടില്ലാത്ത തൊഴിലാളിവർഗ്ഗത്തെക്കൂടി ദർശിക്കണം. ഇതു് അന്വർത്ഥമാവണമെങ്കിലോ, പാശ്ചാത്യരാജ്യങ്ങൾ കോളനികളായിപ്പിടിച്ച ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യവസായങ്ങൾ ധൃതി പിടിച്ചു് വികസിപ്പിക്കുകയും അവിടങ്ങളിൽ ഒരു വലിയ തൊഴിലാളി വർഗ്ഗത്തെ സൃഷ്ടിക്കുകയും ചെയ്യണം.

അതായതു്, ലോകത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിനു വേണ്ടി ആദ്യം ചെയ്യേണ്ടതു് വ്യവസായങ്ങൾ ഇല്ലാത്തിടങ്ങളിൽ വ്യവസായങ്ങൾ അവതരിപ്പിക്കുകയും എന്നിട്ടു് തൊഴിലാളികൾ ഇല്ലാതിരിക്കുന്ന ആ ഇടങ്ങളിൽ (നിർവ്വചനപ്രകാരമുള്ള) തൊഴിലാളികളെ സൃഷ്ടിക്കുകയും ആണ്! ഇതിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ധാരണ എന്തെന്നാൽ, ആധുനികവ്യവസായമാണു് പാശ്ചാത്യകത്തിൽ നാഗരികത ഉയർത്തിയതു് എന്നതുകൊണ്ടും ഈ നാഗരികതയില്ലാതെ അതിജീവനം പ്രയാസവും അനിശ്ചിതവും ആണു് എന്നതുകൊണ്ടും, പാശ്ചാത്യേതര ലോകത്തിലെല്ലായിടത്തും ഈ നാഗരികത—അതു് അവരുടെ അതിജീവനത്തിനാണ്—വികസിപ്പിക്കാൻ പാശ്ചാത്യലോകത്തു നിന്നു് വ്യവസായങ്ങൾ അവിടേക്കു് ഇറക്കുമതി ചെയ്യേണ്ടിയിരിക്കുന്നു എന്നതത്രെ. അതുകൊണ്ടു്, പാശ്ചാത്യരാഷ്ട്രങ്ങൾ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ ആക്രമിക്കുകയോ, കീഴ്പ്പെടുത്തി നിർത്തുകയോ ചെയ്യുകയാണെങ്കിൽ അതു രണ്ടാമത്തവരുടെ നന്മയ്ക്കാണു്. (ഇതു പോലെയാണു് ഇസ്ലാംമതത്തിലും ക്രിസ്തുമതത്തിലും വിശ്വസിച്ച വിദേശീയ മനുഷ്യവിഭാഗങ്ങൾ, ഭാരതീയർ ബിംബാരാധനയിൽ നിമജ്ജരായിരിക്കുന്നതുകണ്ടു് മനസ്സലിഞ്ഞു് അവരെ ബലാൽക്കാരേണയോ അല്ലാതെയോ മതപരിവർത്തനം ചെയ്തു് ഉണർത്തേണ്ടതാണെന്നു് ധരിച്ചതും). പാശ്ചാത്യർ പുരോഗതി എന്നു വിളിക്കുന്നതെന്തോ അതു് അന്യദിക്കുകാർക്കും അപ്പോൾ കൈവരും.

ചുരുക്കത്തിൽ ലോകതൊഴിലാളിവർഗ്ഗം എന്ന ആശയവും അതിന്റെ വിമോചനം എന്ന ലക്ഷ്യവും വളരെ സംകീർണ്ണമായ വിവക്ഷകളുള്ള ഒരു ചിന്താഗതിയിലൂടെയാണു് ഉരുത്തിരിയുന്നതെന്നും പാശ്ചാത്യേതര രാജ്യങ്ങളിൽ അവയുടെ പ്രസക്തി നിർണ്ണയിക്കുന്നതിൽ ചില പ്രത്യേക ഭൗതിക സംപ്രദായങ്ങളുടെ ബലാൽക്കാരപൂർവ്വമായ സംക്രമണത്തിന്റെയും അബോധപൂർവ്വം നടത്തുന്ന പ്രത്യേകതരം ബോധവൽക്കരണങ്ങളുടെയും ഒരു അകമ്പടി തന്നെ ഉണ്ടാവേണ്ടതുണ്ടെന്നുമാണു് വാദിക്കുന്നതു്. ഈ അർത്ഥത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ വ്യവസായ തൊഴിലാളികളെ മാത്രമല്ല ഉപജന്യമാക്കിയതു്, അവർ ഇന്ത്യയിൽ ഭൗതികാഭിവൃദ്ധിയും ആധുനിക വിദ്യാഭ്യാസവും കൊണ്ടുവന്നു! അവർ ഇന്ത്യാക്കാരെ കൂടുതൽ സംസ്കാര സമ്പന്നരാക്കി.

ഇംഗ്ലണ്ട് തുടങ്ങിയ പാശ്ചാത്യരാഷ്ട്രങ്ങൾ ഏഷ്യൻ-ആഫ്രിക്കൻ നാടുകൾ കീഴടക്കി തങ്ങളുടെ കോളനികളാക്കിയതു മൂലം ആ നാടുകൾ അധഃപതനോന്മുഖമായി എന്ന വാദത്തിന്റെ സാധുത എത്രതന്നെയായാലും ഈ നാടുകളിലേക്കു് യൂറോപ്യർ അതിക്രമിച്ചോ അല്ലാതെയോ പ്രവേശിച്ചതു് അവയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണെന്നു് ഒരു മന്ദബുദ്ധി പോലും സംശയിക്കുകയില്ല. അവർ അവിടെ ചെന്നതു് തങ്ങൾക്കുതന്നെ നേട്ടമുണ്ടാക്കാനായിരുന്നു. ഈ വീക്ഷണകോണത്തിൽ നോക്കിയാൽ ഏഷ്യൻ-ആഫ്രിക്കൻ-അമേരിക്കൻ നാടുകളെ വൻപാശ്ചാത്യരാഷ്ട്രങ്ങൾ ചൂഷണം ചെയ്തിരുന്നുവെന്നതു് ഒരു ചരിത്ര വസ്തുത മാത്രമാണു്. ഈ ചൂഷണത്തിലൂടെ അവർ സ്വന്തം ദേശങ്ങളുടെയും അവിടെയുള്ള മനുഷ്യരുടെയും ജീവിതത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ സമ്പൽസമൃദ്ധി ഉണ്ടാക്കുകയോ ഉള്ള അഭിവൃദ്ധി നിലനിർത്തുകയോ ചെയ്തു.

അമേരിക്കയിലെ ആദിവാസികളെ കൊന്നൊടുക്കിയിട്ടും ആഫ്രിക്കയിൽ നിന്നു് കറുത്തമനുഷ്യരെ അടിമകളാക്കിപ്പിടിച്ചുകൊണ്ടുവന്നു് പണിയെടുപ്പിച്ചിട്ടുമാണു് യൂറോപ്യന്മാർ ഇന്നത്തെ അമേരിക്ക പടുത്തതു്. ഇന്ത്യയിലും മറ്റു് ഏഷ്യൻനാടുകളിലും അവയെ ആയുധബലം കൊണ്ടും ചതികൊണ്ടും കീഴ്പ്പെടുത്തി നിർത്തിക്കൊണ്ടുള്ള ഒരു വ്യാപാര ശൃംഖല സൃഷ്ടിച്ചുകൊണ്ടാണു് ഇംഗ്ലീഷുകാർ തങ്ങളുടെ നാട്ടിലെ സമ്പൽസമൃദ്ധി ആർജ്ജിച്ചതു്. വ്യാവസായികവും വാണിജ്യപരവുമായ ഈ ആക്രമണോന്മുഖത അവരെ പുറംനാടുകളിലേക്കു നയിച്ചില്ലായിരുന്നെങ്കിൽ, അവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പരിതഃസ്ഥിതികൾ വ്യത്യസ്തമാകുമായിരുന്നു. മറ്റു് മനുഷ്യസമൂഹങ്ങളോടു് മനുഷ്യത്വമില്ലാതെ പെരുമാറുകയല്ല ബ്രിട്ടീഷുകാർ (ഇന്ത്യ ആക്രമിച്ച മറ്റു വിദേശീയരും) ചെയ്തതു്. സ്വന്തം ജനപദത്തിനുണ്ടെന്നു് അവർക്കു് നല്ല ബോധ്യമുള്ള ആ മാന്യത, സ്വാതന്ത്ര്യം, മറ്റു ജനപദങ്ങൾക്കു് നിഷേധിക്കുകയാണു് അവർ ചെയ്തതു്. തങ്ങൾക്കു് വെട്ടിപ്പിടിക്കാവുന്നിടമൊക്കെ തങ്ങളുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കണം എന്ന അന്ധമായ ഇച്ഛാശക്തിയാണു് അവരെ നയിച്ചതു്. നീത്ഷെ ഇംഗ്ലീഷുകാരെക്കുറിച്ചു് എന്തു പറഞ്ഞാലും നീത്ഷെയുടെ കുലീന മനുഷ്യന്റെ ഒരു ശരിയായ പകർപ്പിനെപ്പോലെയാണു് ബ്രിട്ടീഷുകാർ ലോകം കീഴടക്കിയതു്. നീത്ഷെ അപലപിക്കുന്ന ഇംഗ്ലീഷുകാരുടെ ആധുനികാശയങ്ങൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്ന ആയുധങ്ങളാണെന്നും പുതിയ കുലീനാധിപത്യത്തിന്റെ രീതി അതാണെന്നും നീത്ഷെ അറിഞ്ഞില്ല.

പാശ്ചാത്യരോ പൗരസ്ത്യരോ ആവട്ടെ, ഈ വെട്ടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയും വിവരണങ്ങൾ ഒരു ചരിത്രപരിജ്ഞാനമായിട്ടല്ല ഉൾക്കൊള്ളേണ്ടതു്, മറിച്ചു് ഒരു ധാർമ്മികമായ ഞെട്ടൽ ആയിട്ടാണു്. മാനുഷികപ്രശ്നത്തെ പാശ്ചാത്യസംസ്കാരത്തിന്റെ പ്രകരണത്തിൽ കാണുന്നവർ വിസ്മരിക്കുന്ന കാര്യം ഇതാണു്. യൂറോപ്യൻ മനുഷ്യാവസ്ഥയിൽ പ്രാപഞ്ചികമായ മനുഷ്യാവസ്ഥ തന്നെ ദർശിക്കുമ്പോൾ, ഒരിക്കൽ കൊള്ളയടിച്ചു വർദ്ധിപ്പിച്ച ജീവിതസൗകര്യങ്ങളുടെ മദ്ധ്യത്തിൽ നിന്നുയർന്ന പ്രശ്നങ്ങളും മൂല്യങ്ങളും ഒന്നു പുനഃപരിശോധിക്കേണ്ടതല്ലേ? എങ്ങനെയെന്നാൽ, മനുഷ്യാവസ്ഥയെ ദരിദ്രമായ ഏഷ്യൻ-ആഫ്രിക്കൻ നാടുകളുടെ അവസ്ഥാവിശേഷത്തിൽ നിന്നുകൊണ്ടു് നോക്കുമ്പോൾ മാത്രമേ ആ കാഴ്ച പാർശ്വമാവാതിരിക്കൂ. (വൈയക്തിക സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ അവസ്ഥാവിശേഷം ആനുകൂല്യരഹിതരുടെ ജീവിതാവസ്ഥയാണു്).

ബലാൽക്കാരം ചെയ്യപ്പെട്ട ഒരു സ്ത്രീയെപ്പോലെ, കൊള്ളയടിക്കപ്പെട്ട ഒരു വീടുപോലെയാണു് ആ നാടുകൾ: ബലാൽക്കാരം ചെയ്യുന്നവരും അതിനു് ഇരയായവരും അടങ്ങുന്നതാണു് മനുഷ്യാവസ്ഥ. മുറിവേറ്റ—ഇനിയും ഉണങ്ങിയിട്ടില്ലാത്ത വ്രണങ്ങളും പരിചരിച്ചു നിരങ്ങുന്ന—രാജ്യങ്ങളിലെ മനുഷ്യജീവിതത്തിന്റെ അവസ്ഥയിൽ നിന്നാണു് ആ പ്രശ്നപരിപ്രേക്ഷ്യം ആരംഭിക്കേണ്ടതു്. ബലാൽക്കാരവും കഴിഞ്ഞു് ഒരു കുറ്റബോധവുമില്ലാതെ നടന്നു് അകലുന്ന പാശ്ചാത്യ മനുഷ്യത്വത്തിന്റെ പ്രകൃതത്തെക്കുറിച്ചു തന്നെയുള്ള നിർദ്ദയമായ ഒരു നൈതികവിചാരണയിൽ നിന്നാണു് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ചിന്ത ആരംഭിക്കേണ്ടതു്. ‘വെളുത്ത മനുഷ്യന്റെ ബാധ്യതകൾ’ ചുമലിലേറ്റിയോ, തോളുകുലുക്കി അതു കൈയൊഴിഞ്ഞോ അല്ല ഇതു ചെയ്യേണ്ടതു്. മാപ്പു പറഞ്ഞു രക്ഷപ്പെടുകയുമല്ല. വെളുത്ത മനുഷ്യർക്കു് ധാർമ്മിക ബാധ്യതകളൊന്നും ഇല്ല എന്നു ചിലർ കരുതുന്നു.

പക്ഷെ, ഇപ്പോൾ ദരിദ്രമായിരിക്കുന്ന പൗരസ്ത്യരാജ്യങ്ങളിൽ മിക്കതിലും സമ്പന്നമായ യൂറോപ്യൻ രാജ്യങ്ങളിലും അന്നത്തെ ചൂഷണത്തിന്റെ നീണ്ട യുഗങ്ങൾ ഒരു ഫലവും ഉളവാക്കിയിട്ടില്ലെന്നോ? ആ ചൂഷണം തീർത്തും അപ്രസക്തവും ഫലശൂന്യവുമായ ഒരു ചരിത്രഗതിയായിക്കാണാമോ? പ്രബലവും ധാർഷ്ട്യം നിറഞ്ഞതുമായ ഒരു പ്രതിവാദം ഇതത്രെ: ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ വ്യാവസായികത്താവളമാക്കിയതിനു് യുറോപ്യൻ രാജ്യങ്ങൾ അവർക്കു് നൽകിയ പ്രതിഫലം പുതിയ നാഗരികതയും പരിഷ്ക്കാരങ്ങളുമാണു്. എങ്ങനെയുള്ള പരിഷ്കാരങ്ങളെന്നാൽ, താവളരാജ്യങ്ങൾക്കു് ഒരിക്കലും സ്വയം ആർജ്ജിക്കാൻ പറ്റാത്തവ. ഈ വാദത്തിനു നല്ല ന്യായീകരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ടു്. പാശ്ചാത്യരാജ്യങ്ങളുടെ ഭാഗത്തു നിന്നല്ല. പൗരസ്ത്യരാജ്യങ്ങൾതന്നെ ഈ പുതിയ നാഗരികത സ്വന്തം പ്രാണവായുവായി കരുതി ജീവിക്കുന്നുണ്ടെന്നാണു് ആ ന്യായീകരണം. തങ്ങളെ കീഴ്പ്പെടുത്തിയവരുടെ നടപടിയെ സ്വന്തം ചെയ്ത്തുകൊണ്ടു് ന്യായീകരിക്കുന്ന ഈ ഏഴരാജ്യങ്ങളുടെ പ്രവൃത്തിയെ എങ്ങനെയാണു് മനസ്സിലാക്കേണ്ടതു? വിദേശീയരായ അക്രമികൾക്കു പകരം തങ്ങളുടെ ഇടയിൽ നിന്നു തന്നെ ഉയർന്നുവന്ന തദ്ദേശീയരായ അക്രമികൾ ഒരു പ്രബലമായ പ്രത്യയശാസ്ത്രം വേരിറക്കി എന്നോ? സ്വയം ആ കീഴ്പ്പെടുത്തുന്നവരായിത്തീർന്നു വെന്നോ? ശരിയ്ക്കും തങ്ങൾക്കുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിതരീതിയാണു് തങ്ങളെ കീഴ്പ്പെടുത്തിയവർക്കുള്ളതു് എന്നു ധരിച്ചോ? അതോ നീണ്ടകാലത്തെ സർവ്വവിധമായ ബോധനത്താൽ മറ്റൊരു കാഴ്ചപ്പാടിന്റെ സാധ്യത കാണാതെ പോയതിനാലോ? അതല്ല, ആധുനിക ലോകത്തിലെ അതിജീവനത്തിനു് പാശ്ചാത്യനാഗരികതയാണു് ഒരേയോരു പോംവഴി എന്നു തിരിച്ചറിഞ്ഞതു കൊണ്ടോ? ആക്രമിക്കുന്നതു് ആയുധങ്ങൾ കൊണ്ടാണെങ്കിലും ആധിപത്യം ഉറപ്പിക്കുന്നതു് ആശയങ്ങൾ കൊണ്ടാകുന്നു—ഇംഗ്ലീഷുകാർ പാകിയ ആ ‘പുതിയ ആശയങ്ങൾ’ പ്രതീക്ഷിച്ച വിള നൽകിയെന്നോ?

വിചാരണ ചെയ്യപ്പെടാതെ ചരിത്രത്തിൽ നിന്നു് മാഞ്ഞുപോയ കുറ്റകൃത്യങ്ങൾ ഇന്നു് കുഴിച്ചെടുക്കപ്പെടണം എന്നു വാദിക്കാനല്ല ഈ വരികൾ എഴുതുന്നതു്. മനുഷ്യരാശിയുടെ ഈ മറവി നമ്മെ ചിന്തിപ്പിക്കേണ്ടതാകുന്നു. പാശ്ചാത്യർ ഫാസിസത്തെ മറക്കുന്നില്ല. കാരണം അതു് അവർക്കുതന്നെ ആപത്തിനെ കൊണ്ടുവന്നതായിരുന്നു. എന്നാൽ അവർ മറ്റനേകം രാജ്യങ്ങളെ ബലാൽക്കാരേണ കീഴ്പ്പെടുത്തിയതു് അങ്ങനെയല്ല. അതവർക്കു് ഒരു ഋതുവിൽ വന്ന മാറ്റം പോലെ വിസ്മരണീയമാണു്. ലോകത്തിലെ ഏറ്റവും വലിയ കെടുതികൾ രണ്ടു ലോകമഹായുദ്ധങ്ങളാണെന്നും ഫാസിസമാണു് ആധുനികലോകത്തിനു് ഏറ്റവും ഭയങ്കരമായ ക്രൂരത കാണിച്ചുകൊടുത്തതെന്നും ആധുനികലോകത്തിലെ മനുഷ്യർ കരുതുന്നു. നാസി അതിക്രമങ്ങളെ പെരുപ്പിച്ചു കാണിക്കാനുള്ള ഒരു പ്രവണത അമേരിക്കൻ-യുറോപ്യൻ രാഷ്ട്രങ്ങൾക്കുണ്ടു്. അതിശക്തമായ ഒരു ജർമ്മനി തങ്ങളുടെ കൊളോണിയൽ മേധാവിത്വത്തിനു് ഭീഷണിയായതുകൊണ്ടായിരിക്കാം അവർക്കിത്ര വേവലാതി.

നീത്ഷെ ഇംഗ്ലീഷുകാരെക്കുറിച്ചു് എന്തു പറഞ്ഞാലും നീത്ഷെയുടെ കുലീന മനുഷ്യന്റെ ഒരു ശരിയായ പകർപ്പിനെപ്പോലെയാണു് ബ്രിട്ടീഷുകാർ ലോകം കീഴടക്കിയതു്. നീത്ഷെ അപലപിക്കുന്ന ഇംഗ്ലീഷുകാരുടെ ആധുനികാശയങ്ങൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്ന ആയുധങ്ങളാണെന്നും പുതിയ കുലീനാധിപത്യത്തിന്റെ രീതി അതാണെന്നും നീത്ഷെ അറിഞ്ഞില്ല.

എന്നാൽ അതിനേക്കാൾ ഒട്ടും കുറഞ്ഞതല്ലാത്ത അളവിൽ മനുഷ്യരെ ചൂഷണം ചെയ്തും വെട്ടിപ്പിടിച്ചും ആണു് തങ്ങൾ സമ്പന്നരായതു് എന്ന സത്യം മറച്ചു വയ്ക്കാൻ ജർമ്മനിയിലെ നാസികളുടെ മനുഷ്യത്വഹീനമായ പ്രവർത്തിയിൽ ലോക ശ്രദ്ധ ആകർഷിപ്പിച്ചുകൊണ്ടു് അവർക്കു സാധിച്ചു. ഇപ്രകാരം, വിയറ്റ്നാമിലെ ഒരു പെൺകുട്ടിയുടെ യോനിയിൽ തോക്കിൻ കുഴൽ കയറ്റിയതിനേക്കാൾ ക്രൂരമാണു് ജർമ്മനിയിൽ ജൂതന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കിയതു് എന്നു് വേണമെങ്കിൽ ഒരാൾക്കു്, സമർത്ഥിക്കാൻ സാധിക്കും. എന്നാലും ഒരു അതിക്രമത്തിലെ അന്യായം തുല്യമായ വേറൊരു അതിക്രമത്തെ പഴി പറഞ്ഞുകൊണ്ടു് മൂടിവയ്ക്കാൻ കഴിയുകയില്ല. ഫാസിസത്തെക്കുറിച്ചു് അടിക്കടി പിച്ചും പേയും പറയുന്ന ചില യുറോപ്യൻമാർ ലോകത്തു് കാലാകാലങ്ങളിലായി അവരുടെ പൂർവ്വികർ ചെയ്തുകൂട്ടിയ അക്രമങ്ങളെയെല്ലാം അതുപോലെ ശക്തമായി അപലപിക്കാൻ തുടങ്ങുമ്പോഴേ അവരുടേതു് ഒരു നൈതികരോഷമായി പരിഗണിക്കേണ്ടതുള്ളൂ.

ഇതുപോലെ ഉത്തരേന്ത്യൻ മുസ്ലീങ്ങളിൽ ചിലർ ശരിക്കും തങ്ങളുടെ പൂർവ്വികരായിക്കാണുന്നതു് അവിടത്തെ ഹിന്ദുക്കൾ അവരുടെ പൂർവ്വികരെന്നു് ശരിയ്ക്കും ധരിച്ചിട്ടുള്ള വിഭാഗക്കാരെ അതിക്രമിച്ചു് കീഴ്പ്പെടുത്തിയവരെയാണു് എന്നതത്രെ ഇപ്പോഴത്തെ ഹിന്ദുക്കളിൽ ചിലരെ ചൊടിപ്പിക്കുന്നതു്. ഇതുപോലെയാണു് ഇന്നു് ഹിന്ദുത്വത്തിനുവേണ്ടി വാദിക്കുന്നവരെ പഴയ ജാതിവ്യവസ്ഥയുടെ പ്രേതം ഓടിക്കുന്നതു്. വാസ്തവത്തിൽ, വ്യത്യസ്ത സംസ്കൃതികളുടെ വക്താക്കളോ പടയാളികളോ ആയിവരുന്നവർക്കു്, അതിക്രമത്തിന്റേതായ ഒരു സംസ്കാരം ഏതെങ്കിലും ഒരുതരത്തിൽ ആന്തരികവത്ക്കരിക്കാതെ സ്വന്തം പാരമ്പര്യത്തിന്റെ അംശമാക്കാതെ, അതിനു കഴിയുകയില്ല. അതുകൊണ്ടു് പാരമ്പര്യങ്ങളിൽ നിന്നു് പൂർണ്ണമായി വിമുക്തമായ ഭാഷയിലല്ലാതെ മാനുഷികകാര്യങ്ങളെക്കുറിച്ചു് സംസാരിക്കാൻ സാധിക്കുകയില്ല. ഭിന്നമനുഷ്യസമൂഹങ്ങൾ തമ്മിൽ, ഇപ്രകാരം, ഹിംസാത്മകമായ അസമത്വവും അസമഭാവനയും നിലനിന്നുപോരുന്നുവെന്നതു് വളരെ കാതലായ മാനുഷിക പ്രശ്നമാണു്. സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം സുസ്ഥാപിതമായിത്തീരുന്നതിനു മുമ്പു്, സമ്പന്നരാഷ്ട്രങ്ങളിൽ പലതും, അന്യദേശങ്ങളിലെ മനുഷ്യർക്കുനേരെ തങ്ങളുടെ ഹിംസയെ കെട്ടഴിച്ചു വിട്ടിട്ടുണ്ടു്. അതുകൊണ്ടു്, ഇന്നത്തെ ലോകവ്യവസ്ഥയ്ക്കു് മാനുഷികമായ ഒരു ചരിത്രമില്ല, പ്രാകൃതികമായ ചരിത്രമാണുള്ളതു്. കാട്ടുനിയമത്താൽ മാത്രം വിശദീകരിക്കപ്പെടാവുന്ന ചരിത്രം. അതായതു്, കാട്ടുനിയമം ആദ്യം ചിലരെ മറ്റു ചിലരേക്കാൾ അനുകൂലമായ സ്ഥിതിയിൽ എത്തിക്കുന്നു. പിന്നീടു്, ഈ അനുകൂലസ്ഥിതിയിൽ നിന്നുകൊണ്ടു് ആ ചിലർ ലോകനിയമമനുസരിച്ചു് പ്രവർത്തിക്കാൻ സന്നദ്ധരാകുന്നു.

രണ്ടു വിഭാഗങ്ങൾക്കിടയിൽ കാട്ടുനിയമത്താൽ സ്ഥാപിക്കപ്പെട്ട അസമത്വബന്ധമാണു് ഈ ലോകനിയമം നടപ്പാക്കുന്നതിനു മുമ്പുള്ള സ്വാഭാവികാവസ്ഥ. അതുകൊണ്ടു് ആനുകൂല്യം നേടിയവർക്കു് ലോകനിയമം കാട്ടുനിയമത്തേക്കാൾ ഗുണകരവും ആനുകൂല്യം കുറഞ്ഞവർക്കു് അതേനിയമം ഒരു ഭാരവും ആയിത്തീരുന്നു. ആ നിയമം അനീതിയുടെ നിയമവൽക്കരണമായിത്തീരുന്നു. ഈ അർത്ഥത്തിൽ ഒന്നാം ലോകവും മൂന്നാം ലോകവും തമ്മിൽ ഇന്നുള്ള ബന്ധം ലോകനിയമത്തിനു് പോരാത്തതാണെന്നു പറഞ്ഞുകൂടാ. അതുചിലപ്പോൾ അതിനേക്കാൾ അപ്പുറം ഉദാരം കൂടിയാണു്. പക്ഷേ ആ പഴയ കാട്ടുനിയമത്തിന്റെ ഫലത്തെ എന്തു ചെയ്യണം? അതിനെ മറ്റൊന്നാക്കി പരിവർത്തിപ്പിക്കാൻ ഇപ്പോഴത്തെ ലോകനിയമത്തിനു് കഴിയുമോ?

ഈ ഫലം മനുഷ്യർക്കിടയിൽ നിൽക്കേ, ലോകനിയമം എപ്പോഴും വീറ്റോ ചെയ്യപ്പെടുന്നു. തുല്യരല്ലാത്ത ജനവിഭാഗങ്ങൾക്കിടയിൽ, അതുകൊണ്ടു് അസമത്വത്തെ നിലനിർത്താനല്ലാതെ അതിനെ ഇല്ലായ്മ ചെയ്യാൻ ഇന്നത്തെ ലോകനിയമം പ്രാപ്തമാകുകയില്ല. അതുകൊണ്ടാണു് മാനുഷികപ്രശ്നങ്ങൾ തിരിച്ചറിയാൻ ഇപ്പോഴത്തെ നിയമവൽക്കരണങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു കാഴ്ചപ്പാടു് അശക്തമായിത്തീരുന്നതു്. ലോകരാഷ്ട്രങ്ങൾ ഇന്നത്തെ നിലയിലാണു് ഇന്നത്തെ ലോകനിയമത്തെ പ്രസക്തമാക്കുന്നതു്. ലോകരാഷ്ട്രങ്ങളുടെ ഇന്നത്തെ ആ നില തന്നെയാണു് ഉത്ക്കണ്ഠ ഉളവാക്കേണ്ട ഒരു മാനുഷികപ്രശ്നം. അതിനാൽ ലോകനിയമങ്ങൾക്കു് മാനുഷികപ്രശ്നത്തെ സംകീർണ്ണമാക്കാനല്ലാതെ അതിന്റെ കെട്ടഴിക്കാനാവില്ല.

1991-ൽ എഴുതി 1997 ‘സമകാലിക മലയാളം’ വാരികയിൽ (1997 മെയ്–ജൂൺ/1172 ഇടവം 23 – മിഥുനം 13) പ്രസിദ്ധപ്പെടുത്തിയതു്.

നിസാർ അഹമ്മദിന്റെ ലഘു ജീവചരിത്രം.

Colophon

Title: Manushikaprashnanngalude Thiricharivu (ml: മാനുഷികപ്രശ്നങ്ങളുടെ തിരിച്ചറിവു്).

Author(s): Nissar Ahmed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-14.

Deafult language: ml, Malayalam.

Keywords: Article, Nissar Ahmed, Manushikaprashnanngalude Thiricharivu, നിസ്സാർ അഹമ്മദ്, മാനുഷികപ്രശ്നങ്ങളുടെ തിരിച്ചറിവു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Heart of the Andes, a painting by Frederic Edwin Church (1826–1900). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.