‘ഫ്രീഡം’ എന്ന ആശയവും ‘ലിബർട്ടി’ എന്ന ആശയവും രണ്ടാണു്. നമ്മൾ സ്വാതന്ത്ര്യം എന്നാണു് രണ്ടിനെയും കുറിക്കാൻ ഉപയോഗിക്കുന്നതു്. ‘ലിബർട്ടി’ എന്നുള്ളതും ‘ഓട്ടോണമി’ എന്നുള്ളതും വ്യത്യസ്തമാണു്. ഓട്ടോ എന്നാൽ സ്വയം, നോമി എന്നാൽ ഭരണം, സ്വയംഭരണം ആണു് ഓട്ടോണമി. ഓട്ടോണമി എന്നു് പറയുമ്പോൾ ഒരു സമൂഹത്തെപ്പറ്റിയല്ല ഒരു ആളുടെ ഗുണത്തെപ്പറ്റിയാണു് സൂചിപ്പിക്കുന്നതു്. സ്റ്റേറ്റിന്റെ കാര്യത്തിൽ ലിബർട്ടി ആണു്. ലിബർട്ടി എന്നതു് നിഷേധസൂചകമാണു്. അതായതു് നിങ്ങൾക്കു പുറത്തുള്ളതിന്റെ നിയന്ത്രണം നിങ്ങളുടെ മേലില്ല എന്നാണു് അതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. നിങ്ങൾ ലിബർട്ടിയിലാണെന്നു് പറയുമ്പോൾ നിങ്ങൾ വേറെ ഒന്നിന്റെയും അധീനത്തിലല്ല എന്നാണുദ്ദേശിക്കുന്നതു്.
ഉള്ളിൽ നിന്നു് നൈസർഗികമായി വരുന്ന ഒരു സ്ഥിതിയെ ആണു് സ്വാതന്ത്ര്യം കൊണ്ടു് ഉദ്ദേശിക്കുന്നതു്. എപ്പോഴെങ്കിലും അതിനു് തടസ്സം വരുമ്പോഴാണു് അസ്വാതന്ത്ര്യം എന്നു് പറയുന്നതു്. ഒരു രാജ്യം പൊതുവെ ലിബർട്ടിയിൽ ആണെന്നു് പറയില്ല; ഒരു ജനത സ്വതന്ത്രമാണു് എന്നാണു് പറയുക. ലിബർട്ടി എന്നു പറഞ്ഞാൽ പുറം ശക്തികൾ അതിനെ അധീനത്തിൽ വച്ചിട്ടില്ല എന്നാണു്. ജോൺ സ്റ്റ്യുവർട്ട് മില്ലിന്റെ ‘ഓൺ ലിബർട്ടി’ എന്നുള്ള പുസ്തകം രാഷ്ട്രീയമാനങ്ങളെക്കുറിച്ചു് തന്നെയാണു് പറയുന്നതു്. അമേരിക്കൻ റിപ്പബ്ലിക്കിന്റെ ആധാരമായിട്ടുള്ളതു് ലിബർട്ടി എന്നുള്ള സംകല്പമാണു്. ജനതയുടെ സ്വയംഭരണം. ഗാന്ധി ഓരോ ആളുടേയും സ്വാതന്ത്ര്യമാണു് ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യമായി എടുക്കുന്നതു്. രാഷ്ട്രത്തിന്റെ മൊത്തം സ്വാതന്ത്ര്യം എന്ന ഒന്നില്ല. ഒരാളുടെയും മേൽ വേറൊരാളുടെ നിയന്ത്രണം അവിടെ ഇല്ല. ആ രാജ്യത്തിലെ ഓരോരുത്തരും സ്വതന്ത്രരാകുമ്പോഴാണു് ആ രാഷ്ട്രം സ്വതന്ത്രമാകുന്നതു്.
സ്വാതന്ത്ര്യത്തെപ്പറ്റി വേണമെങ്കിൽ അങ്ങനെ ആലോചിക്കാവുന്നതേയുള്ളൂ. അപ്പോൾ രാഷ്ട്രതസ്വാതന്ത്ര്യത്തെ ചലനാത്മകമായിട്ടാണു് ഇവിടെ കാണുന്നതു്. ഇതനുസരിച്ചു് സ്വാതന്ത്ര്യം എന്നാൽ സാമൂഹികമായി മാത്രം രൂപപ്പെടുന്നതാണു്. മറ്റൊരാളുമായുള്ള ബന്ധത്തെ ആശ്രയിച്ചാണതു് രൂപപ്പെടുന്നതു്. ഒരാൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ മറ്റൊരാളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ടാകും അതു് നേടുന്നതിനു മൊത്തമായി സ്വാതന്ത്ര്യമുണ്ടാകില്ല.
സ്വാതന്ത്ര്യത്തെക്കുറിച്ചു് എഴുതിയ ഒരു ലേഖനത്തിൽ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്തസംകല്പനങ്ങളെക്കുറിച്ചു് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ടു്: അടിച്ചമർത്തൽ സംകല്പം (repressive notion of freedom), എതിർമനോഭാവ സംകല്പം (agonistic notion of freedom), പരസ്പരബന്ധസംകല്പം (relational notion of freedom) തുടങ്ങിയ സംകല്പങ്ങൾ അതിൽ പറയുന്നു. ഒരാൾ മറ്റൊരാളുമായി എപ്പോഴും യുദ്ധത്തിന്റെ മനോഭാവത്തിലാണു് എന്നതാണു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള എതിർമനോഭാവസംകല്പത്തിന്റെ അടിസ്ഥാനം. ആളുകൾ പരസ്പരം അക്രമോത്സുകരാണു് എന്നാണു് ഇതിൽ നിന്നു് വരുന്നതു്. പരസ്പരബന്ധസംകല്പം എന്നു് പറയുന്നതു് ഒരാളുടെ സ്വാതന്ത്ര്യം മാത്രമായി ഇല്ല, മറ്റൊരാളുമായി ബന്ധപ്പെട്ടു് മാത്രമേ ഒരാൾക്കു് സ്വാതന്ത്ര്യമുള്ളൂ. ഒരാൾക്കു് കൂടുതൽ സ്വാതന്ത്ര്യം ഉണ്ടാകുന്നതു് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ കുറച്ചുകൊണ്ടാണു് എന്നാണു് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരസ്പരബന്ധസംകല്പത്തിന്റെ അടിസ്ഥാനം. ഇതൊരു നിലപാടായിട്ടല്ല, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനയ്ക്കു് ഒരു ബദൽവീക്ഷണമായി വെയ്ക്കുന്നുവെന്നേയുള്ളൂ. സ്വാതന്ത്ര്യത്തെപ്പറ്റി വേണമെങ്കിൽ അങ്ങനെ ആലോചിക്കാവുന്നതേയുള്ളൂ. അപ്പോൾ രാഷ്ട്രതസ്വാതന്ത്ര്യത്തെ ചലനാത്മകമായിട്ടാണു് ഇവിടെ കാണുന്നതു്. ഇതനുസരിച്ചു് സ്വാതന്ത്ര്യം എന്നാൽ സാമൂഹികമായി മാത്രം രൂപപ്പെടുന്നതാണു്. മറ്റൊരാളുമായുള്ള ബന്ധത്തെ ആശ്രയിച്ചാണതു് രൂപപ്പെടുന്നതു്. ഒരാൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുമ്പോൾ മറ്റൊരാളുടെ സ്വാതന്ത്ര്യം കുറച്ചുകൊണ്ടാകും അതു് നേടുന്നതിനു മൊത്തമായി സ്വാതന്ത്ര്യമുണ്ടാകില്ല.
സ്വാതന്ത്ര്യം എന്തിന്റെ അടിസ്ഥാനത്തിലാണു് പരിശോധിക്കേണ്ടതു? ചലിക്കാനുള്ള സ്വാതന്ത്ര്യം, ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം, വിഭവങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള സ്വാതന്ത്ര്യം, നിരത്തിൽ നടക്കാനുള്ള സ്വാതന്ത്ര്യം. സ്വാതന്ത്ര്യം അങ്ങിനെ പലതലങ്ങളിലുമുണ്ടു്. പണ്ടു് കേരളത്തിൽ താഴ്‌ന്ന ജാതിയിൽപ്പെട്ട ആളുകൾക്കു് പൊതുനിരത്തിൽ നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഇതിനർത്ഥം ഒരു വിഭാഗം പേർക്കു് സ്വാതന്ത്ര്യമുണ്ടു് മറ്റൊരു വിഭാഗത്തിനു് ഇല്ല. അങ്ങിനെ എടുത്താൽ സ്വാതന്ത്ര്യം എന്നതു് വിഭവമാണു്. ഒരാൾക്കു് അതുണ്ടാവും. മറ്റൊരാൾക്കു് അതുണ്ടാവില്ല. എല്ലാവരും പൊതുവായി അംഗീകരിക്കപ്പെടുന്ന ഒരു ചട്ടം വന്നാൽ ആ വിഭവം നേടുന്നതിനു് എല്ലാവരും സ്വതന്ത്രരാകും. ഉദാഹരണത്തിനു് ഒരു പൊതുറോഡ് വരുന്നു. എല്ലാവർക്കും അതു് ഉപയോഗിക്കാം എന്നു വന്നപ്പോൾ അവിടെ എല്ലാവരും സ്വതന്ത്രരാണു്. പ്രതിനിധാനം ഇതുപോലെയാണു്, എല്ലാവർക്കും സ്റ്റേറ്റിൽ പങ്കാളിയാകാൻ പറ്റില്ലെങ്കിൽ ഒരാൾക്കു് പ്രതിനിധീകരിക്കാൻ സ്വാതന്ത്ര്യമുണ്ടു്. അപ്പോൾ മറ്റൊരാൾക്കു് പ്രതിനിധീകരിക്കാൻ അധികാരമില്ല. അപ്പോൾ ആ ആൾ അതിൽ സ്വതന്ത്രമല്ല, അപ്പോൾ എല്ലാത്തിലും സ്വാതന്ത്ര്യം എന്ന അർത്ഥത്തിൽ എടുക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുമിച്ചു് എല്ലാം കിട്ടില്ല. എന്നാൽ ഈ വാദവും നിലനിൽക്കില്ല. ഒരു രാജ്യം മുഴുവൻ സ്വതന്ത്രമാണെന്നു് പറയുമ്പോൾ എന്താണു് നാം പൂർവ്വകല്പന ചെയ്യുന്നതു?
നമ്മുടെ രാജ്യം ഗാട്ട്സിൽ ഒപ്പു വെയ്ക്കുന്നു… ഒപ്പു് വെച്ചതു് ഉദ്യോഗസ്ഥരോ, നേതാക്കളോ, രാഷ്ട്രീയപാർട്ടിയോ ആരു് ആയാലും ഇവിടെ സ്വാതന്ത്ര്യം എന്ന ആശയം ഇവരുടെ ആശയമായി പരിവർത്തിപ്പിക്കപ്പെടുന്നു. അങ്ങനെ അവർ ഒരു കരാറിൽ ഒപ്പു് വയ്ക്കാൻ സ്വതന്ത്രരായിത്തീരുന്നു. പക്ഷേ ഒപ്പു വയ്ക്കുന്ന ആൾക്കു് വേറെ ആരോടും ഉത്തരവാദിത്തമില്ലെങ്കിൽ പ്രശ്നമില്ല. പക്ഷേ ഇവിടെ ഒരു രാഷ്ട്രം മുഴുവനാണു് ഉത്തരവാദപ്പെട്ടിരിക്കുന്നതു്. അപ്പോൾ ഇവിടെ സ്വതന്ത്രരാജ്യം എന്നു് പറയാൻ കഴിയുമോ? വ്യക്തമല്ല. സ്വതന്ത്രരാജ്യം എന്നു പറയുമ്പോഴും അനന്തരഫലങ്ങൾ ഉണ്ടാകും എന്നു് വ്യക്തമായ കാര്യങ്ങളിൽപോലും തീരുമാനമെടുക്കുന്നതു് ഇങ്ങിനെയാണു്: കരാറിന്റെ ഉപാധികളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും മറച്ചുവെച്ചുകൊണ്ടു് ചിലർ സ്വതന്ത്രരായി, ജനങ്ങളുടെ പേരിൽ ഒപ്പു വെയ്ക്കാൻ അനുനയിക്കപ്പെടുന്നു.
എല്ലാവരും സമരാണു് എന്നു് പറഞ്ഞാൽ എല്ലാവരും സ്വതന്ത്രരാണെന്നു് പറയാൻ പറ്റുമോ? ബാഹ്യമായ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സ്വാതന്ത്ര്യം ഉണ്ടെന്നു് പറയാമോ? സാഹചര്യമനുസരിച്ചു് നമുക്കു് വ്യാഖ്യാനിക്കാൻ പറ്റാവുന്ന ഒരു സംകല്പമാണോ ഇവിടെ സ്വാതന്ത്ര്യം? ഇനി സ്ഥാപനപരമായ ചട്ടക്കൂടിൽ നിലനിൽക്കുമ്പോഴുള്ള സ്വാതന്ത്ര്യം. സ്ഥാപനങ്ങളിൽ എല്ലാവർക്കും എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം ഇല്ലല്ലോ, അത്തരം സ്ഥാപനവ്യവസ്ഥയിൽ ചട്ടങ്ങൾ എങ്ങിനെ ഉണ്ടാക്കപ്പെടുന്നു. ആളുകളുടെ കർമ്മങ്ങളെ, പ്രവർത്തികളെ ആ ചട്ടങ്ങൾ എങ്ങിനെയാണു് നിർണ്ണയിക്കുക എന്നതിനെ ആശ്രയിച്ചാണു് ആർക്കൊക്കെ എന്തൊക്കെ സ്വാതന്ത്ര്യം ഉണ്ടു് എന്നു് തീരുമാനിക്കപ്പെടുക. ഇതു് സമൂഹത്തിലും സ്റ്റേറ്റിന്റെ കാര്യത്തിലും ബാധകമാണു്. ആ അർത്ഥത്തിൽ പറയുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം പൊതുതാൽപര്യത്തിനു് വേണ്ടി കീഴ്പ്പെടുത്തുന്നതിനു് തുല്യമാണു്. എന്നുവച്ചാൽ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കുറെ ഭാഗങ്ങൾ മൊത്തം താൽപര്യങ്ങൾക്കുവേണ്ടി സമർപ്പിക്കുവാൻ തയ്യാറാകുകയാണു് നാം. പൊതുതാൽപര്യങ്ങൾക്കു് വേണ്ടി കുറെ അസ്വാതന്ത്ര്യം ഏൽക്കുവാൻ തയ്യാറാകുകയാണു് നാം. സ്വാതന്ത്ര്യത്തെകുറിച്ചു് ഈ മട്ടിൽ ആലോചിക്കുമ്പോൾ വ്യക്തി എന്നതു് ഒരു മുന്നുപാധിയാണു്. ഇതു് പക്ഷെ ആധുനികതയുടെ ഒരു സംകല്പമാണു്. സ്വാതന്ത്ര്യം എന്ന സംകല്പം അങ്ങനെ തന്നെ വരണമെന്നില്ല.
പൗരർ എന്നതു് സിറ്റിസ്റ്റേറ്റിൽ നിന്നു് വരുന്നതാണു്. അതു് ഏതൻസിൽ നിന്നു് ഉൽഭവിച്ചതാണല്ലോ. ഏതൻസിൽ പൗരർ പ്രത്യേകതരത്തിലാണു്. അടിമകളും സ്ത്രീകളും പൗരരല്ല. അപ്പോൾ പൗരർ ആരാണു് എന്നു് തീരുമാനിക്കപ്പെടുന്നതനുസരിച്ചാണു് സ്വാതന്ത്ര്യം എന്തൊക്കെയെന്നു്, സ്വാതന്ത്ര്യം ആർക്കൊക്കെയാണു് വേണ്ടതു് എന്നു് നിശ്ചയിക്കപ്പെടുന്നതു്. ഇത്തരം പ്രശ്നം എല്ലാ കാലത്തും ഉണ്ടു്, ആർക്കു് എന്തു് സ്വാതന്ത്ര്യമാണു് ഉണ്ടാകേണ്ടതു് എന്നതു്. സാമൂഹികസാഹചര്യങ്ങളുമായും ചരിത്രപരമായും ബന്ധിതമായിട്ടല്ലാതെ സ്വാതന്ത്ര്യം എന്നുള്ളതു് ചർച്ചചെയ്യാൻ പറ്റുമോയെന്നതു് സംശയമാണു്.
താത്വികമായല്ലാതെ സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്താണു്? എപ്പോഴാണു് ആളുകൾ സ്വതന്ത്രരാണു് എന്നു പറയാനാവുക? അതു വ്യക്തമല്ല. സംകല്പനഘട്ടത്തിൽ തന്നെ ഈ ആശയക്കുഴപ്പമുണ്ടു്. ഇന്നയിന്ന സാഹചര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ടു്, സ്വാതന്ത്ര്യം നഷ്ടപ്പെട്ടു, എന്നൊക്കെ പറയണമെങ്കിൽ എന്താണു് സ്വാതന്ത്ര്യം എന്നു നമുക്കു് ആദ്യം വ്യക്തമായിരിക്കണം. ഇതു് വ്യക്തമല്ല. ചെറിയ ഒരു ഉദാഹരണം നോക്കാം. നമ്മുടെ രാജ്യം ഗാട്ട്സിൽ ഒപ്പു വെയ്ക്കുന്നു. ഇതു് നമ്മുടെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിൽ എത്ര തടസ്സമുണ്ടാക്കാൻ ഇടയാക്കും എന്നു പറയാനാകുമോ? അതു് വ്യക്തമല്ല. ഇനി വ്യക്തമാണെങ്കിലും ഒരാളുടെ സ്വാതന്ത്ര്യത്തെ ഇതു് എങ്ങനെ ബാധിക്കും എന്നു് നമുക്കറിയില്ല. അപ്പോൾ എന്താണു് സ്വാതന്ത്ര്യം? ഉദാഹരണത്തിനു്, ബലപ്രയോഗത്തിലൂടെ നാം ഗാട്ട്സിൽ ഒപ്പുവയ്ക്കപ്പെട്ടതാണോ? അല്ലെങ്കിൽ ചില വിഘാതങ്ങളുടെ അടിസ്ഥാനത്തിൽ ഒപ്പു് വെയ്ക്കാൻ നിർബന്ധിതമാക്കപ്പെട്ടതാണോ? ഇതൊന്നും വ്യക്തമല്ല. അതു് മാത്രമല്ല. ഒരാൾ ആണു് ഒപ്പു് വെയ്ക്കന്നതെങ്കിൽ രാഷ്ട്രത്തിനെ എങ്ങിനെയാണു് അതു് ബാധിക്കുക? ഒപ്പു് വെച്ചതു് ഉദ്യോഗസ്ഥരോ, നേതാക്കളോ, രാഷ്ട്രീയപാർട്ടിയോ ആരു് ആയാലും ഇവിടെ സ്വാതന്ത്ര്യം എന്ന ആശയം ഇവരുടെ ആശയമായി പരിവർത്തിപ്പിക്കപ്പെടുന്നു. അങ്ങനെ അവർ ഒരു കരാറിൽ ഒപ്പു് വയ്ക്കാൻ സ്വതന്ത്രരായിത്തീരുന്നു. പക്ഷേ ഒപ്പു വയ്ക്കുന്ന ആൾക്കു് വേറെ ആരോടും ഉത്തരവാദിത്തമില്ലെങ്കിൽ പ്രശ്നമില്ല. പക്ഷേ ഇവിടെ ഒരു രാഷ്ട്രം മുഴുവനാണു് ഉത്തരവാദപ്പെട്ടിരിക്കുന്നതു്. അപ്പോൾ ഇവിടെ സ്വതന്ത്രരാജ്യം എന്നു് പറയാൻ കഴിയുമോ? വ്യക്തമല്ല. സ്വതന്ത്രരാജ്യം എന്നു പറയുമ്പോഴും അനന്തരഫലങ്ങൾ ഉണ്ടാകും എന്നു് വ്യക്തമായ കാര്യങ്ങളിൽപോലും തീരുമാനമെടുക്കുന്നതു് ഇങ്ങിനെയാണു്: കരാറിന്റെ ഉപാധികുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും മറച്ചുവെച്ചുകൊണ്ടു് ചിലർ സ്വതന്ത്രരായി, ജനങ്ങളുടെ പേരിൽ ഒപ്പു വെയ്ക്കാൻ അനുനയിക്കപ്പെടുന്നു. അവരുടെ സ്വാതന്ത്ര്യത്തിൽ നിന്നല്ല അവർ അതു ചെയ്യുന്നതു്. സ്വാതന്ത്ര്യത്തിൽ നിന്നുള്ളതാണു് എന്നു് പറയുന്നതെങ്കിൽ വലിയ പ്രശ്നമാണു്.
ഒരു വിഭാഗം ആളുകൾ വളരെ ആർത്തിയോടെയും കാര്യക്ഷമതയോടെയും ശക്തിയോടെയും കാര്യങ്ങൾ ചെയ്യുകയും അപരരെ നിർദ്ധനരും നിസ്സഹായരും അധഃസ്ഥിതരുമാക്കുന്ന രീതിയിലേക്കു് കാര്യങ്ങളെ നീക്കുകയും ചെയ്യുമായിരിക്കാം. അതുകൊണ്ടു് ആളുകൾ വളരെ ശ്രദ്ധാപൂർവ്വം നിന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാദ്ധ്യതകൾ ഇല്ലാതാകും.
രാഷ്ട്രങ്ങൾ തമ്മിലുള്ള കരാറുകളിൽ എന്താണു് നടക്കുന്നതു് എന്നു് നമുക്കറിയില്ല. ഒപ്പു വെയ്ക്കുന്നവരുടെ താൽപര്യം, ഇങ്ങനെ ചെയ്താൽ എനിക്കു് എന്തു് ലാഭം ഉണ്ടാകും എന്നു് നോക്കിയിട്ടാണു് ഓരോരുത്തരും ചെയ്യുന്നതെങ്കിൽ ആ യുക്തിയാണു് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നതു്. അതു് സ്വാതന്ത്ര്യമാണോ? നമുക്കു് സുരക്ഷിതത്വം ആവശ്യമാണു്, ഇങ്ങനെ ഒപ്പിട്ടാൽ നമുക്കു് സുരക്ഷിതത്വം ലഭിക്കും തുടങ്ങിയ പ്രതിബിംബങ്ങളുടെ അടിസ്ഥാനത്തിലാണു് നാം കരാർ ഒപ്പു വെയ്ക്കുന്നതെങ്കിൽ നാം സ്വതന്ത്രരാണെന്നു് കരുതാമോ? ഇതു് വ്യക്തമല്ല. ഉദാഹരണത്തിനു്, ഇറാക്കിലെ ഇപ്പോഴത്തെ ഭരണകൂടം സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നാണു പറയുന്നതു്. എന്തടിസ്ഥാനത്തിലാകും ഇങ്ങനെ പറയുന്നുണ്ടാവുക? ഇപ്പോൾ ഭരിക്കുന്നവരുടെ താൽപര്യങ്ങളും, തീരുമാനങ്ങളും ഭരിക്കപ്പെടുന്ന ആളുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാകും എന്ന പ്രതിബിംബത്തിൽ നിന്നാണു് അതു് വരുന്നതു്. ഇതിന്റെ ദൂരവ്യാപകമായ അനന്തരഫലങ്ങളെപ്പറ്റിയുള്ള ആലോചനകളിൽ നിന്നല്ല ഈ ഭരണം വരുന്നതു്. അത്തരം ദൂരവ്യാപകമായ അനന്തരഫലങ്ങളിലേക്കു് കടന്നുവരേണ്ട ആവശ്യമില്ല എന്നുള്ള ഒരു മുൻവിധിയിൽ കൂടിയാണു് ഇതു് സംഭവിക്കുന്നതു്. അമേരിക്കൻഭരണകൂടവുമായി ഇറാക്ക്ഭരണകൂടത്തിനുള്ള ബന്ധത്തിൽ നിന്നാകാം ഈ മുൻവിധി വരുന്നതു്.
സ്വാതന്ത്ര്യം എന്ന സംകല്പനം ഒരു പ്രത്യേകപരിധി വരെ മാത്രമേ സാദ്ധ്യമാകൂ. പൂർണ്ണമായ സ്വാതന്ത്ര്യം എന്ന സംകല്പനം മനുഷ്യബന്ധങ്ങളിൽ ഒരു അടിസ്ഥാനമായി എടുക്കുകയാണെങ്കിൽ അതു് നിലനിർത്താൻ വളരെ പ്രയാസമായിരിക്കും. കാരണം എനിക്കു് നിങ്ങളുടെമേലെ താൽപര്യമുണ്ടെങ്കിൽ, നിങ്ങളുടെ വിഭവത്തിൽ താത്പര്യമുണ്ടെങ്കിൽ നിങ്ങളുടെ അസ്വാതന്ത്ര്യം എനിക്കു് വലിയ ആവശ്യമാണു്. നിങ്ങളുടെ അസ്വാതന്ത്ര്യത്തിലൂടെ എന്റെ സ്വാതന്ത്ര്യം എനിക്കു് ലഭിക്കണം എന്നാണു് സ്ഥിതി. എനിക്കു് എന്നോടു് താൽപര്യം ഉള്ളതുപോലെ നിങ്ങളിൽ താൽപര്യം ഇല്ലെങ്കിൽ നമുക്കൊരുമിച്ചു് സ്വരച്ചേർച്ചയുള്ള ബന്ധം ഉണ്ടാക്കാൻ കഴിയില്ല. കാരണം അതു് കൊടുക്കലും എടുക്കലും ആണു്. നിങ്ങൾക്കു് നിങ്ങളോടുള്ള താൽപര്യംപോലെ നിങ്ങൾക്കു് എന്നോടു് താൽപര്യം ഉണ്ടാകുമ്പോൾ നാം തമ്മിൽ ബന്ധപ്പെടുന്നതിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചു് പരസ്പരസമ്മതത്തിലെത്താം. അത്തരം മുഹൂർത്തം വലിയ പ്രശ്നങ്ങൾ നിറഞ്ഞതാണു്. മറ്റേയാൾക്കു് താൽപര്യമില്ലെങ്കിലും നിങ്ങൾക്കു് അവരിൽ നിന്നു് വിഭവങ്ങൾ ബലംപ്രയോഗിച്ചു് പിടിച്ചെടുക്കാം. നിങ്ങൾക്കു് അവരിൽ താൽപര്യമുണ്ടു് എങ്കിൽ നിങ്ങളുടെ താൽപര്യം അവരുടെ സ്വാതന്ത്ര്യത്തിന്റെ മേലെ എപ്പോഴും ഭീഷണിയായി ഉണ്ടാകും. ഇതു് ഒഴിവാക്കാൻ ഗ്യാരണ്ടിയൊന്നുമില്ല. കാരണം, ഇതു് എങ്ങിനെയാകണമെന്നു് ആരും നിശ്ചയിച്ചിട്ടില്ല. മുൻകൂട്ടി പറയാനാകാത്ത സ്ഥിതിയാണതു്.
രാഷ്ട്രത്തെ സംബന്ധിച്ചായാലും മനുഷ്യരുടെ വ്യക്തിപരമായ ബന്ധങ്ങളെ സംബന്ധിച്ചായാലും ഇങ്ങനെ തന്നെയാണു് കിടക്കുന്നതു്. മനുഷ്യവ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിലും, സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളിലും സ്വാതന്ത്ര്യം എന്നുള്ള സംകല്പം മൗലികപ്രാധാന്യമുള്ളതാകുന്നതു്, ഈ സ്വാതന്ത്ര്യ സംകല്പമാണു് ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്നതുകൊണ്ടാണു്. അതിന്റെ മേലെ ഒത്തുതീർപ്പുകൾ സാദ്ധ്യമല്ല. എനിക്കു് നിങ്ങളിൽ താൽപര്യമുണ്ടു്. താൽപര്യമുണ്ടു് എന്നു് വെച്ചാൽ എന്തെങ്കിലും തരത്തിലുള്ള വിഭവമായി, വസ്തുവായി ഞാൻ നിങ്ങളെ നോക്കുകയാണെങ്കിൽ എനിക്കു് നിങ്ങളിൽ നിന്നു് എന്തോ ലഭിക്കാനുണ്ടു്. അപ്പോൾ നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ അതു് എങ്ങനെ നേടാമെന്നു് ഞാൻ സ്വയം ഉറപ്പുവരുത്തുകയോ മറ്റേയാളുമൊരുമിച്ചു് ഉറപ്പുവരുത്തുകയോ ചെയ്യുന്നില്ലെങ്കിൽ തുടർന്നു് പ്രവർത്തിക്കാൻ പാടില്ലെന്നു് വയ്ക്കണം. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തി ഒരാൾ ചെയ്യാതിരിക്കുകയോ പ്രവൃത്തിയിൽ നിന്നു് വിട്ടുനിൽക്കുകയോ ചെയ്യുന്ന അവസ്ഥയാണു് സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്നതു്. അങ്ങിനെയല്ലെങ്കിൽ ഒരിക്കലും സ്വാതന്ത്ര്യമില്ല.
ഇവിടത്തെ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥയിൽ തീരുമാനങ്ങളെടുക്കുന്നതു് ജനങ്ങളുടെ ഹിതപരിശോധനയിൽ കൂടിയല്ല. ജനങ്ങളോടു് ഒരു കാര്യം വാഗ്ദാനം ചെയ്തു് നിയമനിർമ്മാണസഭയിൽ പോകുകയും അവിടെ വേറൊരു രീതിയിൽ പ്രവർത്തിക്കാനും ഇന്നു് ജനപ്രതിനിധികൾക്കു് കഴിയുന്നുണ്ടു്. ജനങ്ങൾക്കു് നല്കിയ വാഗ്ദാനം പാലിക്കണമെന്നില്ല. ഇതിനർത്ഥം നിയമനിർമ്മാണസഭ ജനങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരമല്ലാതായിരിക്കുന്നു.
സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള ഒരാളുടെ തീരുമാനത്തിനു് ഏറ്റവും ഭീഷണി വരുന്നതു് അനുനയങ്ങളിൽ നിന്നാണു്. പരിവർത്തനം ചെയ്യൽ, അനുനയിപ്പിക്കൽ, സാധൂകരിക്കൽ. ഞാൻ മറ്റെയാളെ പരിവർത്തിപ്പിക്കാൻ അനുനയിപ്പിക്കുന്നു. കാര്യങ്ങളുടെ സ്ഥിതി ആ ആൾക്കനുകൂലമാണെന്നു് ഞാൻ ആ ആളെ ധരിപ്പിക്കുന്നു. എന്നിട്ടു് മെല്ലെ ഞാൻ വശീകരിച്ചു് എന്റെ ആവശ്യത്തിനു വേണ്ടി മറ്റെ ആളെ കൊണ്ടുവരുന്നു. ഇതു് വളരെ ക്ഷണികമായ ഒരവസ്ഥയാണു്. കാരണം നമ്മൾ അതിലേക്കു കടന്നുവരുന്ന സമയത്തു് അവിടെ എന്താണു് സംഭവിക്കുകയെന്നു് പറയാൻ പറ്റില്ല. എങ്ങിനെയും സംഭവിക്കാം. കാരണം, അനുനയനം ഒരു കലയാണു്. അങ്ങനെ കലയും വിശ്വാസവും പോലെ പല രീതിയിലുള്ള ആവരണങ്ങളിലൂടെയാണു് ഒരാൾ ഒരു താൽപര്യം സാധിക്കുന്നതു്.
മനുഷ്യർ സ്വതന്ത്രരാകാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറയാറുണ്ടു്. അതു് അസ്തിത്വത്തിന്റെ ഘടകമായിട്ടാണു് കരുതുന്നതു്. അതു കഴിഞ്ഞാൽ ഒരാളെ സംബന്ധിച്ചിടത്തോളം മറ്റവൻ നരകം തന്നെയാണു്. അപരരോടു് സാർത്രിനുള്ള മനോഭാവം ഇങ്ങനെയായിരുന്നു. കാരണം സ്വാതന്ത്ര്യം എന്നുള്ള സംകല്പം ഇവിടെ ബന്ധത്തെ ആസ്പദമാക്കിയാണു്. ഞാൻ ഒറ്റയ്ക്കാവുമ്പോൾ ഞാൻ സ്വതന്ത്രമാണെന്നു് പറയാനാകുമോ? ഞാൻ ഒറ്റയ്ക്കാവുമ്പോൾ സ്വാതന്ത്ര്യം എന്നുള്ളതു് പ്രസക്തമല്ല. മറ്റൊരാൾ ഉണ്ടാകുന്ന സമയത്താണു് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമോ ഇല്ലാതാകുമോ എന്നറിയുക. ഞാൻ മറ്റൊരാളുമായി കൂട്ടു് ചേർന്നു് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോഴോ ക്രയവിക്രയം നടത്തുമ്പോഴോ സ്വാതന്ത്ര്യത്തിന്റെ ചോദ്യം വരും. കൂടുതൽ പേരുൾപ്പെടുമ്പോൾ കൂടുതൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും. ഒറ്റയ്ക്കായിരിക്കുമ്പോൾ എത്ര സ്വതന്ത്രമാണു് ഞാൻ എന്നു പറയുന്നതു് ഭാവനയാണു്. അല്ലെങ്കിൽ പിന്നെ മറ്റു് ജന്തുജാലങ്ങളെ അപേക്ഷിച്ചു് ഇങ്ങനെ പറയാം. പക്ഷേ മനുഷ്യരുടെയിടയിലുള്ള കാര്യമാണു് നാം നോക്കുന്നതു്. ഉദാഹരണത്തിനു്, ആളുകൾ ആരുമില്ലാത്ത ഏതെങ്കിലും സ്ഥലത്തു് ചെന്നിട്ടു് ആളുകളുള്ള മറ്റു് സ്ഥലങ്ങളുമായി അപേക്ഷിച്ചു് ഇവിടെ സ്വാതന്ത്ര്യമനുഭവപ്പെടുന്നു എന്നു പറയുമ്പോൾ വ്യത്യാസമുണ്ടു്. ഇതു് മുൻപു് പറഞ്ഞ മറ്റു് മനുഷ്യരുമായി ഇടപെടുന്ന സാമൂഹികജീവിതത്തിലെ സ്വാതന്ത്ര്യസംകല്പവുമായി വ്യത്യാസമുണ്ടു്. ഉദാഹരണത്തിനു്, ഒരു സമതലപ്രദേശത്തു് ഇഷ്ടംപോലെ സ്വാതന്ത്ര്യമുണ്ടു് എന്നു് പറയുന്നതും എന്നാൽ ചെറിയ ഇടുക്കുകളിൽ ഞാൻ സ്വതന്ത്രനല്ല എന്നു് പറയുന്നതും പോലത്തെ സ്വാതന്ത്ര്യസംകല്പമല്ല മനുഷ്യബന്ധങ്ങളുടെ അകത്തു്, സമൂഹത്തിന്റെ അകത്തു് അല്ലെങ്കിൽ സ്റ്റേറ്റിന്റെ അകത്തു് ഉള്ള സ്വാതന്ത്ര്യം. കാരണം, അതു് എന്തെങ്കിലുമായുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള സ്വാതന്ത്ര്യസംകല്പമാണു്. ഒരു വിഭാഗം ആളുകൾ വളരെ ആർത്തിയോടെയും കാര്യക്ഷമതയോടെയും ശക്തിയോടെയും കാര്യങ്ങൾ ചെയ്യുകയും അപരരെ നിർധനരും നിസ്സഹായരും അധഃസ്ഥിതരുമാക്കുന്ന രീതിയിലേക്കു് കാര്യങ്ങളെ നീക്കുകയും ചെയ്യുമായിരിക്കാം. അതുകൊണ്ടു് ആളുകൾ വളരെ ശ്രദ്ധാപൂർവ്വം നിന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാദ്ധ്യതകൾ ഇല്ലാതാകും.
സ്റ്റെയ്റ്റ് എന്നുള്ളതു് ഒരു രാഷ്ട്രീയവ്യവസ്ഥയാണു്. ഒരു രാഷ്ട്രീയ വ്യവസ്ഥ സ്വതന്ത്രമാണെന്നു് പറയുമ്പോൾ എന്താണു് അർത്ഥമാക്കുന്നതു? ആളുകൾ അതിൽ എങ്ങനെ ബന്ധപ്പെടുന്നുവെന്നു് നോക്കിയാണു് ഒരു രാഷ്ട്രീയവ്യവസ്ഥ സ്വതന്ത്രമാണെന്നു പറയുന്നതു്. രാഷ്ട്രീയവ്യവസ്ഥ എന്നതു് സ്ഥാപനങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതിന്റെ കാര്യമാണു്. സ്ഥാപനങ്ങൾ എന്നുവെച്ചാൽ മനുഷ്യരുടെ പലതരം വർത്തനപ്രതിവർത്തനത്തിലൂടെ ഉണ്ടായിവരുന്ന കാര്യങ്ങളാണു്. അതിന്റെ ക്രമീകരണങ്ങളാണു് സ്റ്റെയ്റ്റ് അല്ലെങ്കിൽ രാഷ്ട്രീയവ്യവസ്ഥ എന്നു് പറയുന്നതു്. ഒരു രാഷ്ട്രീയ വ്യവസ്ഥയിലെ സ്ഥാപനങ്ങളിലൊക്കെ അതിൽ ഉൾപ്പെടുന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരമാണോ കാണാവുന്നതു? ഈ സ്ഥാപനത്തിൽ ഉൾപ്പെടുന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരമായി സ്ഥാപനങ്ങൾ ഉണ്ടാവുകയും ഈ സ്ഥാപനങ്ങളുടെ ക്രമീകരണം അതിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കാത്ത രീതിയിലുമാണെങ്കിൽ ആ രാഷ്ട്രീയവ്യവസ്ഥ സ്വതന്ത്രമാണെന്നും പറയാം. അപ്പോൾ രാഷ്ട്രീയവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്റെ പരിശോധന വരുന്നതു് ഈ സ്ഥാപനങ്ങളിൽ നിൽക്കുന്ന ഓരോ മനുഷ്യരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണു്.
എന്തെങ്കിലും തരത്തിലുള്ള വിഭവമായി, വസ്തുവായി ഞാൻ നിങ്ങളെ നോക്കുകയാണെങ്കിൽ എനിക്കു് നിങ്ങളിൽ നിന്നു് എന്തോ ലഭിക്കാനുണ്ടു്. അപ്പോൾ നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാതെ അതു് എങ്ങനെ നേടാമെന്നു് ഞാൻ സ്വയം ഉറപ്പുവരുത്തുകയോ മറ്റേയാളുമൊരുമിച്ചു് ഉറപ്പുവരുത്തുകയോ ചെയ്യുന്നില്ലെങ്കിൽ തുടർന്നു് പ്രവർത്തിക്കാൻ പാടില്ലെന്നു് വയ്ക്കണം. മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തി ഒരാൾ ചെയ്യാതിരിക്കുകയോ പ്രവൃത്തിയിൽ നിന്നു് വിട്ടുനിൽക്കുകയോ ചെയ്യുന്ന അവസ്ഥയാണു് സ്വാതന്ത്ര്യത്തെ ഉറപ്പാക്കുന്നതു്. അങ്ങിനെയല്ലെങ്കിൽ ഒരിക്കലും സ്വാതന്ത്ര്യമില്ല.
ഒരു കുടുംബമായാലും നീതിന്യായവ്യവസ്ഥയായാലും നിയമനിർമ്മാണസഭയായാലും കമ്പോളമായാലും ഇവയൊക്കെ സ്വതന്ത്രമായ ആവിഷ്ക്കരണങ്ങളാണു്. ഉദാഹരണത്തിനു്, എന്റെ താത്പര്യങ്ങൾക്കു് എതിരായി ചില കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുകയാണു്. എന്റെ താത്പര്യങ്ങൾക്കു് എതിരാണു് ഞാൻ ചെയ്യാൻ പോകുന്നതു് എന്നു് എന്നെ ഒരാൾ ധരിപ്പിച്ചാണു് ഞാൻ ചെയ്യാൻ പോകുന്നതെങ്കിൽ അതു് സ്വതന്ത്രമല്ല. എന്റേതു് സ്വതന്ത്രമായ ആവിഷ്ക്കാരമല്ല. ചിലപ്പോൾ നമുക്കു് അതിനെപ്പറ്റി അറിവു് ഉണ്ടാകില്ല. നാം അതിനെപ്പറ്റി പരിശോധിക്കാൻ തുനിഞ്ഞിട്ടുണ്ടാവില്ല. സ്വതന്ത്രമായ രീതിയിൽ ആവിഷ്ക്കരിക്കുന്നതു് തടസ്സപ്പെടുന്നതാണെങ്കിൽ അതു് സ്വതന്ത്രമല്ല എന്നർത്ഥം. കുടുംബത്തിലായാലും ക്രയവിക്രയം പോലുള്ള മറ്റു സ്ഥാപനങ്ങളിലായാലും ഇതു തന്നെ സ്ഥിതി. ഇവിടെയൊക്കെ ഇടപെടുന്ന വരിൽ ഒരാൾ, തനിക്കു് അനുകൂലമല്ല ഈ വർത്തനപ്രതിവർത്തനം എന്നറിഞ്ഞിട്ടും നിവൃത്തിയില്ലാത്തതുകൊണ്ടു് ഇടപെടുകയാണെങ്കിൽ ആ ആൾ സ്വതന്ത്രമായിട്ടല്ല ഇടപെടുന്നതു് എന്നുപറയണം. ഒരു വർത്തനപ്രതിവർത്തനത്തിൽ ഏർപ്പെടുന്ന രണ്ടുകൂട്ടരും തുല്യനേട്ടമാണു് ഉള്ളതെന്നു് കരുതുന്ന ബന്ധത്തെയാണു് സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരം എന്നു് പറയാനാകുക. ഒരാളുടെ നേട്ടത്തിനാണു് ഇതെന്നു് ഒരാൾ അറിയുകയും മറ്റെയാൾ ഇതു് തനിക്കു് നേട്ടങ്ങളുണ്ടാകുന്നതല്ലെന്നു് അറിയുകയും ചെയ്യുന്ന ഇടപാടു് ഉണ്ടാകാതിരിക്കുക എന്നതു് വലിയ സ്വാതന്ത്ര്യമാണു്. അങ്ങിനെയുള്ള ബന്ധത്തിൽ നിങ്ങൾക്കൊന്നും നേടാൻ കഴിയുന്നുണ്ടാകില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്കു് നഷ്ടപ്പെടുന്നില്ല.
ഇന്ത്യയിൽ ഇപ്പോൾ രാജഭരണത്തിനുപകരം ജനാധിപത്യഭരണം വന്നപ്പോൾ എന്താണു് ഉണ്ടായതു? രാഷ്ട്രീയാധികാരത്തെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഒന്നു് നിയമനിർമ്മാണസഭ, രണ്ടു് നീതിന്യായവ്യവസ്ഥ, പിന്നെ നിർവ്വഹണവിഭാഗം. ഈ രീതിയിലാകുന്നതുകൊണ്ടു് ആർക്കും ഒന്നിന്റെ മേലെ അമിതമായി അധികാരം കേന്ദ്രീകരിക്കാനാകില്ല. ഒന്നിന്റെ വീഴ്ച മറ്റേതിനു് ചൂണ്ടിക്കാണിക്കാൻ പറ്റും. പക്ഷേ, ഇവിടെ ജനങ്ങളും ജനാധിപത്യവുമായി ബന്ധപ്പെട്ടിരിക്കുന്നതു് എങ്ങനെയാണു്? ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളിൽ കൂടിയാണു് ഇവിടെ ജനാധിപത്യവുമായി ബന്ധപ്പെടുന്നതു്. അപ്പോൾ ജനപ്രതിനിധികൾ എന്തുചെയ്യുന്നുവെന്നതനുസരിച്ചാണു് നമുക്കു് ജനാധിപത്യത്തെപ്പറ്റി പറയാനാവുക. ഇവിടത്തെ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥയിൽ തീരുമാനങ്ങളെടുക്കുന്നതു് ജനങ്ങളുടെ ഹിതപരിശോധനയിൽ കൂടിയല്ല. ജനങ്ങളോടു് ഒരു കാര്യം വാഗ്ദാനം ചെയ്തു് നിയമനിർമ്മാണസഭയിൽ പോകുകയും അവിടെ വേറൊരു രീതിയിൽ പ്രവർത്തിക്കാനും ഇന്നു് ജനപ്രതിനിധികൾക്കു് കഴിയുന്നുണ്ടു്. ജനങ്ങൾക്കു് നല്കിയ വാഗ്ദാനം പാലിക്കണമെന്നില്ല. ഇതിനർത്ഥം നിയമനിർമ്മാണസഭ ജനങ്ങളുടെ സ്വതന്ത്രമായ ആവിഷ്കാരമല്ലാതായിരിക്കുന്നു.
നമ്മുടെ നാട്ടിലെ ഒരു നിശ്ചിതശതമാനം ഭൂമി വിദേശികൾക്കു് കൊടുക്കാമെന്നു് ജനപ്രതിനിധികൾ സ്വയം തീരുമാനിക്കുകയാണു്. ഇതിനു് ജനങ്ങളുടെ ഹിതപരിശോധനയൊന്നുമില്ല. ഇവിടെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ഭൂമി എടുത്തിട്ടില്ലെങ്കിൽപോലും, ഇതു് അസ്വാതന്ത്ര്യമാണു്. ഇതു് നടപ്പിലാകുവാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ നിങ്ങൾ നിർബന്ധിക്കപ്പെടുകയാണു്. ഉദാഹരണത്തിനു് നികുതിയൊന്നും നൽകേണ്ടതില്ലാത്ത ഒരു സ്വതന്ത്രസാമ്പത്തികമേഖല ഇവിടെ വരികയാണെന്നു് വയ്ക്കുക. ഇതിനായി വളരെ വിശാലമായ ഭൂമി ഏറ്റെടുക്കുകയാണു്. പക്ഷെ നിങ്ങളുടെ ഭൂമി എടുക്കപ്പെട്ടില്ലെങ്കിലും ഈ തീരുമാനമെടുക്കൽ നിങ്ങളുടെ നൈസർഗികമായ ഒരു താല്പര്യത്തിന്റെയൊ ആവിഷ്കാരത്തിന്റെയൊ അടിസ്ഥാനത്തിലുള്ള ഒരു തീരുമാനമല്ല. അതു് അസ്വാതന്ത്ര്യമാണു്. സ്വാതന്ത്ര്യത്തെപ്പറ്റി നോക്കേണ്ടതു് ഇങ്ങിനെയാണു്. നിങ്ങൾക്കു് സ്വീകാര്യമല്ലാത്ത ഒരു തീരുമാനത്തിനു് നിങ്ങൾ നിർബന്ധിക്കപ്പെടുകയാണു്. ജനാധിപത്യ സംവിധാനത്തിൽ പ്രതിനിധാനരാഷ്ട്രീയത്തിന്റെ പങ്കു് ആണു് ഇവിടെ തിരിച്ചറിയപ്പെടുന്നതു്.
ഒരു രാജഭരണത്തിൽ രാജാവു് സ്വേച്ഛാപരമായാണു് പ്രവർത്തിക്കുന്നതു്. ഇതു് നിങ്ങളുടെ സ്വാതന്ത്ര്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്നതാണു് ചോദ്യം. രാജാവിനു പറയാം ഞാൻ നിങ്ങളുടെ താത്പര്യത്തിനു വേണ്ടിയാണു് പ്രവർത്തിക്കുന്നതു്. ജനാധിപത്യഭരണത്തിൽ ജനപ്രതിനിധികൾക്കും ഇതുതന്നെ പറയാം. പക്ഷേ ഇവിടെ സ്വാതന്ത്ര്യത്തിനു് എന്താണു് സംഭവിക്കുന്നതു് എന്നാണു് നാം നോക്കേണ്ടതു്.
ഒരു വർത്തനപ്രതിവർത്തനത്തിൽ ഏർപ്പെടുന്ന രണ്ടുകൂട്ടരും തുല്യനേട്ടമാണു് ഉള്ളതെന്നു് കരുതുന്ന ബന്ധത്തെയാണു് സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരം എന്നു് പറയാനാകുക. ഒരാളുടെ നേട്ടത്തിനാണു് ഇതെന്നു് ഒരാൾ അറിയുകയും മറ്റെയാൾ ഇതു് തനിക്കു് നേട്ടങ്ങളുണ്ടാകുന്നതല്ലെന്നു് അറിയുകയും ചെയ്യുന്ന ഇടപാടു് ഉണ്ടാകാതിരിക്കുക എന്നതു് വലിയ സ്വാതന്ത്ര്യമാണു്. അങ്ങിനെയുള്ള ബന്ധത്തിൽ നിങ്ങൾക്കൊന്നും നേടാൻ കഴിയുന്നുണ്ടാകില്ലായിരിക്കാം. പക്ഷെ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്കു് നഷ്ടപ്പെടുന്നില്ല.
ആളുകൾക്കു് ഇതു് പ്രതിരോധിക്കാമോയെന്നതു് പ്രതിരോധത്തിനുള്ള സ്ഥാപനങ്ങൾ നാം ശക്തിപ്പെടുത്തിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണു് നില്ക്കുന്നതു്. നിങ്ങൾ സ്വതന്ത്രയാണു് എന്നു് പറയാൻ കഴിയണമെങ്കിൽ അസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാൻ വേണ്ടത്ര സ്ഥാപനങ്ങൾ നിങ്ങൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്നുള്ളതിനെ അനുസരിച്ചാണു്. അങ്ങനെ അസ്വാതന്ത്ര്യത്തെ ഫലപ്രദമായി തടയുവാൻ കഴിയുമ്പോഴേ നിങ്ങൾ സ്വതന്ത്രയാണു് എന്നു് പറയാനാകൂ. ജനാധിപത്യത്തിൽ ഇങ്ങിനെയാണു് സ്വതന്ത്രരാകാൻ കഴിയുക. ഇല്ലെങ്കിൽ ജനാധിപത്യമില്ലാത്ത രാജ്യത്തിനു് തുല്യമാണു്. അമേരിക്കയെ നോക്കുക. അമേരിക്ക ജനാധിപത്യമില്ലാത്ത രാജ്യങ്ങളെയും രാജഭരണങ്ങളെയും സംരക്ഷിക്കുന്നു. അതേസമയം, അവർ സ്വാതന്ത്ര്യത്തിനു വേണ്ടിയും ജനാധിപത്യത്തിനു വേണ്ടിയും പൊരുതുന്നവരാണു്. ഇതിനർത്ഥം, അവർ ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം വേറൊരു രീതിയിലുള്ളതാണു് എന്നാണു്. സൗദി അറേബ്യ ഒരു സ്വതന്ത്രരാജ്യമാണു് എന്നാണു് അമേരിക്കയും സൗദി അറേബ്യയും പറയുന്നതു്. ഇതു് സ്വാതന്ത്ര്യത്തെക്കുറിച്ചു് എന്തു് കാഴ്ചപ്പാടിലാണു് സംസാരിക്കുന്നതു് എന്നതിനെ ആശ്രയിച്ചാണു്. ബിൻലാദൻ ഇതിനു് എതിരെയാണു് പൊരുതുന്നതു്. പക്ഷേ ബിൻലാദൻ ടെററിസത്തിലൂടെ ഒരു ജനതക്കു് മുഴുവൻ അസ്വാതന്ത്ര്യമുണ്ടാക്കി കൊണ്ടാണു് ഇതു് ചെയ്യുന്നതു്. ഇറാനിൽ സംഭവിച്ചതു് എന്താണു്? അമേരിക്കവത്ക്കരണം നടന്ന ഒരു സ്ഥലത്തു് അമേരിക്കയ്ക്കു് എതിരായ ഒരു ഭരണകൂടം ഉണ്ടാക്കുവാൻ ആളുകളെ അസ്വതന്ത്രമാക്കുകയാണു് ചെയ്തതു്. നിങ്ങൾ ഇങ്ങനെ ഇങ്ങനെയൊക്കെയേ പെരുമാറാൻ പാടുള്ളൂ എന്നാണു് പറയുന്നതു്. ഇവിടെയൊക്കെ ജനാധിപത്യപരമാവുക എന്നു് പറഞ്ഞാൽ എന്താണു് എന്നാണു് ചോദിക്കേണ്ടതു്. ജനാധിപത്യവ്യവസ്ഥയിൽ സ്വാതന്ത്ര്യം എങ്ങിനെയാണു് നിർണ്ണയിക്കുന്നതു് എന്നതാണു് ഇവിടെയൊക്കെ ചോദ്യം വരുന്നതു്.
ജനപ്രതിനിധികൾ ഉണ്ടു് എന്നതുകൊണ്ടു് ജനങ്ങൾ സ്വതന്ത്രരാകണമെന്നില്ല. അതു് രാജഭരണം പോലെ തന്നെ ആകാം. പഴശ്ശിരാജയുടെ ഭരണത്തിൽ ആദിവാസികളും മറ്റു് നാട്ടുകാരും സ്വതന്ത്രരായിരുന്നോ? ബ്രിട്ടീഷുകാർ വന്നപ്പോൾ പഴശ്ശിരാജ സ്വാതന്ത്ര്യത്തിനു വേണ്ടി പക്ഷേ, പൊരുതി. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? അതിനുള്ള സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ? എങ്കിൽ മാത്രമേ ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്നു് പറയാനാകൂ. അതല്ലെങ്കിൽ ജനാധിപത്യം രൂപപരമായി മാത്രമേ നിലനില്ക്കുന്നുള്ളൂ. ജനാധിപത്യത്തിന്റെ രൂപപരമായ നിലനില്പു് നിസ്സാരമാണെന്നു് പറയുകയല്ല. അതു് വളരെ പ്രധാനം തന്നെയാണു്. ഫലപ്രാപ്തി കുറവാണെങ്കിൽ പോലും ജനാധിപത്യരൂപം നിലനില്ക്കുന്നുവെന്നതു് തന്നെ വളരെ പ്രധാനപ്പെട്ടതാണു്. ഇന്ത്യയിൽ അറുപതു വർഷമായി ജനാധിപത്യരൂപം നിലനിൽക്കുന്നുവെന്നതു് വളരെ പ്രാധാന്യമുള്ളതു് തന്നെയാണു്. കാരണം സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും കാര്യങ്ങൾക്കു് ഉപരിയായി നീതിയുടെയും അനീതിയുടെയും കാര്യങ്ങൾ ഉണ്ടതിൽ.
സുതാര്യതയാണു് സ്വാതന്ത്ര്യത്തിന്റെ ഒരു പ്രധാനസൂചകം. ലോകം ഇന്നു് കൂടുതൽ സുതാര്യമായിരിക്കുന്നു. ആശയവിനിമയത്തിന്റെ സാംകേതികവളർച്ച കൊണ്ടാണിതു് സംഭവിക്കുന്നതു്. രഹസ്യമായി ഒരു കാര്യം ആർക്കും ചെയ്യാൻ പറ്റാത്തവിധം ഈ രംഗം വളർന്നിരിക്കുന്നു. ഇതു് ജനാധിപത്യലോകത്തു് സ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണു്. പക്ഷേ, നീതി നടപ്പിലാക്കപ്പെടുന്നില്ല. എന്നാൽ പഴയ കാലത്തെക്കാൾ കൂടുതൽ സാദ്ധ്യതകൾ ജനങ്ങൾക്കുണ്ടായി എന്നു പറയാം. പക്ഷേ നീതി ജനങ്ങൾക്കു് പൂർണ്ണമായും കിട്ടണമെന്നില്ല. അതു് പല രീതിയിലും വികലപ്പെടുത്തപ്പെടാം. ഈ വികലപ്പെടുത്തലുകളെ അതിജീവിക്കാവുന്ന വിധത്തിൽ പുതിയ പ്രവർത്തനങ്ങളും സംരംഭങ്ങളും ജനതയുടെ ഭാഗത്തുനിന്നു് ഉണ്ടായിക്കൊണ്ടിരിക്കണം. എങ്കിലേ സ്വാതന്ത്ര്യവും നീതിയും ഉറപ്പാക്കപ്പെടൂ. ആഗോളപ്രസ്ഥാനങ്ങളും ഇൻറർനെറ്റു് കൂട്ടായ്മകളും ഇത്തരം പുതിയ ആവിഷ്കാരങ്ങളാണെന്നു് പറയാം.
മനുഷ്യരുടെ അത്യാർത്തി വളരെയേറെ തുറന്നുവിടപ്പെട്ട ഒരു കാലമാണു് ഇതെന്നു് പറയാം. അത്യാർത്തി അന്ത്യമില്ലാത്ത ഒന്നാണു്. അത്യാർത്തി എന്നതിലേക്കു് വന്നുകഴിഞ്ഞാൽ പിന്നെ ലക്ഷ്യംനേടാൻ വഴികളൊന്നും പ്രശ്നമല്ല, ചട്ടങ്ങളും പ്രശ്നമല്ല. ജനാധിപത്യവും സ്വാതന്ത്ര്യവും ഒക്കെ അപരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു്. അപ്പോൾ അത്യാർത്തിയാൽ സ്ഥാപനങ്ങളിലും വർത്തനപ്രതിവർത്തനങ്ങളിലും ഉണ്ടാക്കപ്പെടുന്ന രൂപാന്തരങ്ങൾ വളരെ അപകടകരമാണു്. ഇതുകൊണ്ടാണു് കോർപ്പറേറ്റുകളും നീതിന്യായവ്യവസ്ഥയും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധങ്ങളിലെ വ്യതിരിക്തതകളും വിശുദ്ധികളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതു്. ഈയിടെ കണ്ട ഒരു അമേരിക്കൻ സിനിമയിൽ ഒരു കഥാപാത്രം പറയുന്നു: അത്യാർത്തിയാണു് ആളുകളെ ശക്തരാക്കുന്നതു്, സ്നേഹത്തെ ഉണ്ടാക്കുന്നതു് അത്യാർത്തിയാണു്, സൗന്ദര്യം വേണ്ട, നീതി വേണ്ട, അത്യാർത്തി എല്ലാത്തിനെയും ന്യായീകരിച്ചു കൊള്ളും.
ജനപ്രതിനിധികൾ ഉണ്ടു് എന്നതുകൊണ്ടു് ജനങ്ങൾ സ്വതന്ത്രരാകണമെന്നില്ല. അതു് രാജഭരണം പോലെ തന്നെ ആകാം. പഴശ്ശിരാജയുടെ ഭരണത്തിൽ ആദിവാസികളും മറ്റു് നാട്ടുകാരും സ്വതന്ത്രരായിരുന്നോ? ബ്രിട്ടീഷുകാർ വന്നപ്പോൾ പഴശ്ശിരാജ സ്വാതന്ത്ര്യത്തിനു വേണ്ടി പക്ഷേ, പൊരുതി. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുണ്ടോ? അതിനുള്ള സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ? എങ്കിൽ മാത്രമേ ജനാധിപത്യത്തിൽ സ്വാതന്ത്ര്യമുണ്ടെന്നു് പറയാനാകൂ.
ജനാധിപത്യം അടിസ്ഥാനമാക്കുന്നതു് വളരെ നേർത്ത ചില കാര്യങ്ങളിലാണു്. അത്യാർത്തിയിൽ ഇവയെല്ലാം പിടിച്ചുലയ്ക്കപ്പെടുന്ന സ്ഥിതിയിലേക്കു് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണു്. ഉദാഹരണത്തിനു്, അംബാനി വളരെ കുറഞ്ഞ കാലംകൊണ്ടു് രാജ്യത്തിലെ ഏറ്റവും ശക്തനായ കളിക്കാരനായി മാറി. ഇതു് വളരെ നീതിപൂർവ്വവും മാന്യതയോടെയും ഉണ്ടാക്കപ്പെട്ടതായാണു് അവതരിപ്പിക്കപ്പെടുന്നതു്. മറ്റുള്ളവരുടെ സ്ഥിതിയെ ബാധിക്കാതെ ഒരാൾക്കു് ഇങ്ങിനെ പണം ഉണ്ടാക്കാൻ പറ്റുമോ? സാധിക്കില്ല. സ്റ്റേറ്റിനു് ഇതിൽ വലിയ പങ്കുണ്ടു്. പക്ഷെ ആരെയൊക്കെ എവിടെയൊക്കെയാണു് ഇതിനായി വളച്ചു കൊണ്ടുവന്നതു് എന്നു് പറയാൻ പറ്റില്ല.
സ്വാതന്ത്ര്യം എന്താണു് എന്നുള്ള പ്രശ്നങ്ങളെക്കാളേറെ എന്തുകൊണ്ടു് ജനാധിപത്യം എന്നു് നാം ചോദിക്കേണ്ടതുണ്ടു്. സാമൂഹികജീവിതത്തിൽ ഒരാൾക്കും നീതി നൽകാതെ ജനാധിപത്യം എന്നുള്ള സംകല്പം എന്തിനാണു് ? ആളുകളുടെ അടിസ്ഥാനാവശ്യത്തിൽ നിന്നാണു് ജനാധിപത്യം ആവശ്യമായി വരുന്നതു്. മറ്റൊരാളുടെ ആനുകൂല്യങ്ങളുടെ ചിലവിൽ ഒരാളും കൂടുതൽ പണവും അധികാരവും നേടുന്നതിനു് ആനുകൂല്യമുള്ളവരായിക്കൂടാ. ഇതാണു് ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യത്തെക്കുറിച്ചുള്ള ഈ സംകല്പത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെടാത്ത സ്വാതന്ത്ര്യം എന്ന സംകല്പം പ്രയോജനരഹിതമായിരിക്കും. ഇതു് വളരെ ക്ഷണികമായ സംകല്പനമായിരിക്കും. ഒരു വിഭാഗം ആളുകൾ വളരെ ആർത്തിയോടെയും കാര്യക്ഷമതയോടെയും ശക്തിയോടെയും കാര്യങ്ങൾ ചെയ്യുകയും അപരരെ നിർദ്ധനരും നിസ്സഹായരും അധഃസ്ഥിതരുമാക്കുന്ന രീതിയിലേക്കു് കാര്യങ്ങളെ നീക്കുകയും ചെയ്യുമായിരിക്കാം. അതുകൊണ്ടു് ആളുകൾ വളരെ ശ്രദ്ധാപൂർവ്വം നിന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാധ്യതകൾ ഇല്ലാതാകും.
(09-08-2007-നു് നടന്ന അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങൾ.)
‘കേരളീയം’, 2007 ആഗസ്റ്റ്, സെപ്തംബർ.