images/Birth_of_the_Wolves.jpg
Birth of the Wolves, woodcut on Japanese paper by Franz Marc (1880–1916).
1977–2019: ചരിത്രം തിരിഞ്ഞു നടക്കുമ്പോൾ
എൻ. പി. രാജേന്ദ്രൻ

കന്നിവോട്ടു് ചെയ്ത തിരഞ്ഞെടുപ്പു് ആയാണു് ഞാൻ 1977-ലെ പൊതു തിരഞ്ഞെടുപ്പിനെ ഓർക്കേണ്ടതു്. 23-ാം വയസ്സിലാണു് കന്നിവോട്ടു് വന്നതു്. അക്കാലത്തു വോട്ടവകാശം കിട്ടുന്നതു് 21-ാം വയസ്സിലാണു്. അടിയന്തരാവസ്ഥ കാരണം ലോക്സഭയുടെ കാലാവധി ഒരു വർഷം നീട്ടിയ വകയിൽ അങ്ങനെയും നീണ്ടു. കന്നിവോട്ടല്ല, പ്രശ്നം അടിയന്തരാവസ്ഥയാണു്. അടിയന്തരാവസ്ഥ അവസാനിപ്പിച്ച തിരഞ്ഞെടുപ്പു് എന്നതാണു് 1977-ലെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം—എനിക്കെന്നല്ല, ഈ രാജ്യത്തിനാകെയും. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഈ രാജ്യം പിന്നിട്ട അത്യപൂർവ്വമായ, ഏറ്റവും ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പു് എഴുപത്തേഴിലേതാണു്. അതുപോലൊന്നു ഒരുപക്ഷേ, ഇനിയും നൂറുവർഷം പിന്നിട്ടാലും ഉണ്ടാവണമെന്നില്ല. തിരഞ്ഞെടുപ്പിലൂടെ ഒരു ഏകാധിപത്യഭരണകൂടത്തെ പിഴുതെറിയാൻ 1977-ലെ ഇന്ത്യയ്ക്കല്ലാതെ ലോകത്തൊരു രാജ്യത്തിനും കഴിഞ്ഞതായി കേട്ടിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല. ആ തിരഞ്ഞെടുപ്പിൽ വെറുതെ ഒരു കന്നിവോട്ടു് ചെയ്യുകയല്ല, അടിയന്തരാവസ്ഥാ ഭരണകൂടത്തിനെതിരെ പ്രസംഗപ്രചാരണവും വോട്ടുപിടിത്തവും നടത്തിയാണു് കന്നിവോട്ടു് ചെയ്തതു്. ചെറിയ കാര്യമല്ല എന്നിപ്പോൾ ഓർക്കുന്നു.

ഇനി ജനാധിപത്യമോ ഏകാധിപത്യമോ എന്നു നിർണയിക്കുന്ന തിരഞ്ഞെടുപ്പുഫലം. വാർത്ത തരാൻ അന്നുള്ളതു് സർക്കാർ ഉടമസ്ഥതയിലുള്ള ആകാശവാണി മാത്രം. വാർത്താ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ അപ്പോഴപ്പോൾ ഉച്ചഭാഷിണികളിലൂടെ വിളിച്ചു പറഞ്ഞിരുന്നതു് വലിയ നഗരങ്ങളിലെ പത്രം ഓഫീസുകളിൽനിന്നു മാത്രമാണു്. അതു കേൾക്കാൻ വലിയ ജനക്കൂട്ടം കോഴിക്കോട്ടെ അന്നത്തെ റോബിൻസൺ റോഡിൽ മാതൃഭൂമിക്കു മുന്നിൽ നിലയുറപ്പിച്ചിരുന്നതിനെക്കുറിച്ചു് കഥകൾ നാലു വർഷത്തിനു ശേഷം പത്രത്തിൽ ജോലിക്കു ചേർന്ന ഞങ്ങളുടെ തലമുറ കേട്ടിട്ടുണ്ടു്.

ഓർക്കാപ്പുറത്താണു് 1977 ഫിബ്രുവരിയിൽ തിരഞ്ഞെടുപ്പു് പ്രഖ്യാപിക്കപ്പെട്ടതു്. ലോക്സഭയുടെ കാലാവധി ആറാം വർഷവും പിന്നിട്ടാൽ സഭ പിരിച്ചുവിട്ടു് മുഴുവൻ അധികാരവും കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കും എന്ന ആശങ്ക പരക്കെ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ പിൻവലിക്കാതെയാണു് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു്. അതിന്റെ അർത്ഥം, ഇന്ദിരാഗാന്ധി ജയിച്ചാൽ അടിയന്തരാവസ്ഥ പൂർവാധികം ക്രൗര്യത്തോടെ തിരിച്ചുവരും എന്നായിരുന്നില്ലേ? ആവോ, സെൻസർഷിപ്പ് പിൻവലിച്ചിട്ടുണ്ടു്, ജയിലിലുള്ള നേതാക്കളെ വിട്ടയക്കുന്നുമുണ്ടു്. പക്ഷേ, എന്താണു് സംഭവിക്കാൻ പോകുന്നതു് എന്നു് ആർക്കും ഒരുറപ്പും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പു് ബഹിഷ്കരിക്കുകകയാണു് വേണ്ടതു് എന്നു വാദിച്ച പല പ്രതിപക്ഷ നേതാക്കളുമുണ്ടായിരുന്നു. പക്ഷേ, പ്രതിപക്ഷം ഒന്നിച്ചു മത്സരിക്കണമെന്ന ജയപ്രകാശ് നാരായണന്റെ ആഹ്വാനം എല്ലാ അനിശ്ചിതത്ത്വത്തിനും തിരശ്ശീലയിട്ടു. തിരഞ്ഞെടുപ്പെന്ന ജീവന്മരണ പോരാട്ടത്തിന്റെ കാഹളമുയർന്നു.

എന്തു ധൈര്യത്തിലാണു് അന്നു് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പു് പ്രഖ്യാപിച്ചതു് എന്നു് ചോദിച്ചവർ അന്നും ഉണ്ടു്, ഇന്നും ഉണ്ടു്. പലരും പല സിദ്ധാന്തങ്ങൾ മുന്നോട്ടു വച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ട് വിശ്വസിച്ചാണു് അതിനു മുതിർന്നതു് എന്നു് അക്കാലത്തും കേട്ടിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്ത പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ. കെ. ധവാൻ അടുത്തകാലത്തു് ഒരു മാധ്യമ അഭിമുഖത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ടു്. അപ്പോൾ തിരഞ്ഞെടുപ്പു് നടന്നാൽ 340 സീറ്റെങ്കിലും കിട്ടും എന്നായിരുന്നത്രെ ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ദിരാഗാന്ധിയും കോൺഗ്രസ്സും നല്ല ആത്മവിശ്വാസത്തോടെയാണു് രംഗത്തിറങ്ങിയതു്. പക്ഷേ, കുറച്ചുനാൾ കൊണ്ടു കാറ്റു മാറി വീശിത്തുടങ്ങി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും മുതിർന്ന സഹപ്രവർത്തകനായിരുന്ന ജഗ്ജീവൻ റാം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതും അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞതും ഇന്ദിരാഗാന്ധിക്കു വൻ പ്രഹരമായി. ജഗ്ജീവൻ റാമിനൊപ്പം, ഉത്തരപ്രദേശിൽ നല്ല പിൻബലമുള്ള എച്ച്. എൻ. ബഹുഗുണ യും ഒറിസ്സ മുഖ്യമന്ത്രിയായിരുന്ന നന്ദിനി സത്പതിയും മറ്റനേകം നേതാക്കളും കൂടിച്ചേർന്നതോടെ പ്രതിപക്ഷത്തിനു് വൻകരുത്തായി. പിന്നീടങ്ങോട്ടു് സംഗതി ജീവന്മരണ പോരാട്ടം തന്നെയായി. കോൺഗ്രസ് പ്രവർത്തകസമിതിയംഗം ചന്ദ്രശേഖർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾതന്നെ അതിനെ ചോദ്യം ചെയ്തു് ജയിലിലായിരുന്നു. അദ്ദേഹം പിന്നീടു് ജനതാപാർട്ടി പ്രസിഡന്റായി.

ബി. ജെ. പി.-യുടെ പൂർവരൂപമായ ഭാരതീയ ജനസംഘവും കോൺഗ്രസ്സിന്റെ ഒറിജിനൽ രൂപമായ സംഘടന കോൺഗ്രസ്സും പലയിനം സോഷ്യലിസ്റ്റ് പാർട്ടികളും ഭാരതീയ ക്രാന്ത്രി ദൾ പോലുള്ള യു. പി.-ബിഹാർ പാർട്ടികളും ചേർന്നു രൂപം നൽകിയ ജനതാപാർട്ടിയാണു് കോൺഗ്രസ്സിനെ നേരിട്ടതു്. സമുന്നത സ്വാതന്ത്ര്യസമര സേനാനികളായ ജയപ്രകാശ് നാരായാണ നും ജെ. ബി. കൃപലാനി യും ജനതാപാർട്ടിക്കു എല്ലാ പിന്തുണയുമേകി.

വോട്ടെണ്ണൽ വാർത്തയും പൂഴ്ത്തി

’77 മാർച്ച് 20-നു് ആയിരുന്നു വോട്ടെണ്ണൽ. അന്നു്, വാർത്തയ്ക്കായി ഒരു പകലും രാത്രിയും റേഡിയോകൾക്കു് അരികിൽ ചെവി കൂർപ്പിച്ചിരുന്നവരാരും അതു മറിക്കില്ല. ഇനി ജനാധിപത്യമോ ഏകാധിപത്യമോ എന്നു നിർണയിക്കുന്ന തിരഞ്ഞെടുപ്പുഫലം. വാർത്ത തരാൻ അന്നുള്ളതു് സർക്കാർ ഉടമസ്ഥതയിലുള്ള ആകാശവാണി മാത്രം. വാർത്താ ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ അപ്പോഴപ്പോൾ ഉച്ചഭാഷിണികളിലൂടെ വിളിച്ചു പറഞ്ഞിരുന്നതു് വലിയ നഗരങ്ങളിലെ പത്രം ഓഫീസുകളിൽനിന്നു മാത്രമാണു്. അതു കേൾക്കാൻ വലിയ ജനക്കൂട്ടം കോഴിക്കോട്ടെ അന്നത്തെ റോബിൻസൺ റോഡിൽ മാതൃഭൂമിക്കു മുന്നിൽ നിലയുറപ്പിച്ചിരുന്നതിനെക്കുറിച്ചുള്ള കഥകൾ നാലു വർഷത്തിനു ശേഷം പത്രത്തിൽ ജോലിക്കു ചേർന്ന ഞങ്ങളുടെ തലമുറ കേട്ടിട്ടുണ്ടു്. ടെലിവിഷൻ ചാനലുകൾ വന്നശേഷം പോലും ഈ ഉച്ചഭാഷിണി ഫലപ്രഖ്യാപനം തുടർന്നതായാണു് ഓർമ്മ. കേരളത്തിലെ 20 മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥികൾ ലീഡ് വർദ്ധിപ്പിക്കുന്ന വിവരങ്ങളേ ആദ്യം മുതൽ കേൾക്കാനുണ്ടായിരുന്നുള്ളൂ. ദേശീയതലത്തിൽ സ്ഥിതി വ്യത്യസ്തമാവില്ലെന്നും ഏകാധിപത്യത്തിലേക്കു രാജ്യം തിരിച്ചുപോകുമെന്നുമുള്ള ഭീതി വളരുകയായിരുന്നു. കയ്യടികളും കൂക്കൂവിളികളും അലർച്ചകളുമായി ആൾക്കൂട്ടം ഇന്ദിരയ്ക്കുവേണ്ടി തെരുവിൽ ജയാരവം മുഴക്കുന്നുണ്ടായിരുന്നു.

പകുതി കോമാളിയായും പകുതി പോരാളിയായും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സുപരിചിതനായ രാജ് നാരായണനാണു് റായ്ബറേലിയിൽ ഇന്ദിരയെ തോല്പിച്ചതു്. തിരഞ്ഞെടുപ്പു ജയം അദ്ദേഹത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു. 1972-ൽ ഇതേ റായ്ബറേലിയിൽ ഇന്ദിരയോടു് തോറ്റ രാജ് നാരായണൻ അലഹബാദ് കോടതിയിൽ നടത്തിയ തിരഞ്ഞെടുപ്പു് കേസ്സ് സൃഷ്ടിച്ച വമ്പിച്ച കോളിളക്കം രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണു്. രാജ് നാരായണൻ കൊടുത്ത കേസ്സിൽ ഇന്ദിരാഗാന്ധി തോറ്റതും പ്രതിപക്ഷം ഒന്നടങ്കം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും സുപ്രിം കോടതിയിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുവദിച്ച ഭാഗിക സ്റ്റേയുടെ ബലത്തിൽ അവർ അധികാരത്തിൽ തുടർന്നതും അതു സൃഷ്ടിച്ച വൻവിവാദവും രാഷ്ട്രീയ കോളിളക്കവുമാണു് യഥാർത്ഥത്തിൽ അടിയന്തരാവസ്ഥയിലേക്കു് നയിച്ചതു്.

വൈകുന്നേരം ആയപ്പോഴേക്കു് സ്ഥിതിമാറി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിലും മകൻ സഞ്ജയ് ഗാന്ധി അമേത്തിയിലും തോറ്റുകൊണ്ടിരിക്കുന്നുവെന്നു് ഏജൻസികൾ റിപ്പോർട്ട് ചെയ്തതു് ആദ്യം എതിരാളികൾ പോലും വിശ്വസിച്ചില്ല. ആകാശവാണി അതു് ദീർഘനേരം മറച്ചുവയ്ക്കുകതന്നെ ചെയ്തു. അടിയന്തരാവസ്ഥയിലെ സെൻഷർഷിപ്പിൽനിന്നു് അവരുടെ മനസ്സു് മോചിതമായിരുന്നില്ല. പത്രം ഓഫീസുകൾതന്നെ നല്ല മുൻകരുതൽ എടുത്തേ വോട്ടെണ്ണൽവിവരങ്ങൾ പതുക്കെ വെളിപ്പെടുത്തിയുള്ളൂ. ആദ്യം ജനക്കൂട്ടം ക്ഷോഭിച്ചു… ഇന്ദിര തോല്ക്കുകയോ… അവർ ആക്രോശിച്ചു. ഉത്തരേന്ത്യയിലെ വൻ കോൺഗ്രസ് തകർച്ച സ്ഥിരീകരിക്കുമ്പോഴേക്കു് അർദ്ധരാത്രി പിന്നിട്ടിരുന്നു. ബി. ബി. സി. കേട്ടവർ നേരത്തെതന്നെ വിവരമറിഞ്ഞിരുന്നു. കേരളത്തിൽ മുഴുവൻ സീറ്റിലും ജയിച്ചതു് ആഘോഷിക്കാൻ കഴിയാതെ, ഡൽഹി വാർത്തകളുടെ ഞെട്ടലിലായിരുന്നു ഇന്ദിരാഗാന്ധിയുടെ ആരാധകർ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിയെ ജനങ്ങൾ തോല്പിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെത്തന്നെ ജനങ്ങൾ തോല്പിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി, ഒരു പക്ഷേ അവസാനമായും ഒരു ഏകാധിപത്യ ഭരണകൂടത്തെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ വലിച്ചുതാഴെയിടുകയായിരുന്നു.

പകുതി കോമാളിയായും പകുതി പോരാളിയായും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ സുപരിചിതനായ രാജ് നാരായണനാണു് റായ്ബറേലിയിൽ ഇന്ദിരയെ തോല്പിച്ചതു്. തിരഞ്ഞെടുപ്പു ജയം അദ്ദേഹത്തിനു ഒരു പ്രതികാരം കൂടിയായിരുന്നു. 1972-ൽ ഇതേ റായ്ബറേലിയിൽ ഇന്ദിരയോടു് തോറ്റ രാജ് നാരായണൻ അലഹബാദു് കോടതിയിൽ നടത്തിയ തിരഞ്ഞെടുപ്പു് കേസ്സു് സൃഷ്ടിച്ച വമ്പിച്ച കോളിളക്കം രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണു്. രാജ്നാരായണൻ കൊടുത്ത കേസ്സിൽ ഇന്ദിരാഗാന്ധി തോറ്റതും പ്രതിപക്ഷം ഒന്നടങ്കം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതും സുപ്രിം കോടതിയിൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുവദിച്ച ഭാഗിക സ്റ്റേയുടെ ബലത്തിൽ അവർ അധികാരത്തിൽ തുടർന്നതും അതു സൃഷ്ടിച്ച വൻവിവാദവും രാഷ്ട്രീയ കോളിളക്കവുമാണു് യഥാർത്ഥത്തിൽ അടിയന്തരാവസ്ഥയിലേക്കു് നയിച്ചതു്. റായ്ബറേലിയിൽ ഇന്ദിരയെ തോല്പിച്ച രാജ് നാരായണൻ ജനതാപാർട്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായതും പിന്നെ ജനതാഭരണത്തെ തകർത്തതുമെല്ലാം ചരിത്രം.

ഇന്ദിരയും സഞ്ജയനുമെല്ലാം തോൽക്കുകയും ബിഹാറിലും ഉത്തരപ്രദേശിലുമൊക്കെ ഒരു സീറ്റു പോലുമില്ലാതെ തൂത്തുവാരപ്പെടുകയും ചെയ്തുവെങ്കിലും കോൺഗ്രസ്സിന്റെ നില ഇന്നത്തേക്കാൾ വളരെ ഭേദമായിരുന്നു. 298 സീറ്റാണു് ജനതാപാർട്ടിക്കു ലഭിച്ചതു്. കോൺഗ്രസ്സിനു് നൂറ്റമ്പതിലേറെ സീറ്റ് ലഭിച്ചു. ഈ അംഗബലം കൊണ്ടു് അവർ ജനതാ ഭരണത്തെ ശരിക്കും വിറപ്പിക്കുകയും വെറും മൂന്നു വർഷം കൊണ്ടു് അധികാരം തിരിച്ചുപിടിക്കുകയും ചെയ്തു. അതും വല്ലാത്ത അപൂർവ്വതയായി.

കേരളം അന്നും ഇന്നും

1977-ൽ ഇരുപതിൽ ഇരുപതു സീറ്റും കോൺഗ്രസ് പക്ഷം നേടി. ഇത്തവണ ഇരുപതിൽ പത്തൊൻപതാണു് നേടിയതു്. അന്നു കേരളത്തിനാണു് തെറ്റിയതു്. ഇന്നോ? ചരിത്രം എന്താണു് തീരുമാനിക്കുക എന്നറിയില്ല. 1977-ൽ രാഷ്ട്രത്തിന്റെ പൊതുനിലപാടിൽനിന്നു മാറി നിന്ന ഒരേയൊരു സംസ്ഥാനമാണു കേരളമെന്നതു സത്യമല്ല. 1977-ൽ ആന്ധ്രപ്രദേശും കർണ്ണാടകയും കോൺഗ്രസ്സിനെയാണു് ജയിപ്പിച്ചതു്. വേറെയും പല സംസ്ഥാനങ്ങൾ അതേ നിലപാടു് എടുത്തിരുന്നു. ഏകാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തിൽ ഈ സംസ്ഥാനങ്ങൾ ഏകാധിപത്യപക്ഷത്തു നിലകൊണ്ടു എന്നു പറയാമെന്നതു ശരിയാണു്. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലഭിക്കുന്ന അവസാന അവസരമാണു് അതെന്നു തിരിച്ചറിയാൻ അവർക്കു് കഴിഞ്ഞില്ലെന്നതും സത്യമാണു്. അതിന്റെ കാരണങ്ങളെക്കുറിച്ചു് വിശദപഠനം ഇനിയും നടക്കാനിരിക്കുന്നേയൂള്ളൂ. അടിയന്തരാവസ്ഥക്കാലം മുഴുവൻ കൊടിയ അതിക്രമങ്ങളിലൂടെ കണ്ണീരു കുടിപ്പിച്ചവർക്കെതിരെ സാധാരണജനം നിശ്ശബ്ദം വോട്ടുചെയ്യുന്നതാണു് 77-ൽ ഉത്തരേന്ത്യയിൽ കണ്ടതു്. ദക്ഷിണേന്ത്യയിൽ അതിന്റെ ആവശ്യമേ ഉണ്ടായില്ല. ഇന്ദിരാപുത്രൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നസ്ബന്ദിയുടെയും (നിർബന്ധ വന്ധ്യംകരണം) 20 ഇന പരിപാടിയുടെയും ചേരിനിർമാർജനത്തിന്റെയും പേരിൽ നടന്ന ക്രൂരതകൾക്കെതിരെയാണു് ജനങ്ങൾ വോട്ടു ചെയ്തതു്. ആ അതിക്രമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഹിന്ദിജനതയും ഇന്ദിരയെ വാഴ്ത്തുമായിരുന്നോ? ആർക്കറിയാം…

അടിയന്തരാവസ്ഥയെക്കുറിച്ചു് മൗനം

2019-ലെ പ്രചാരണകാലത്തു് പഴയ അടിയന്തരാവസ്ഥ ഒരു വിഷയമേ ആയിരുന്നില്ല. എന്തു കൊണ്ടാണു് ബി. ജെ. പി.-പ്രത്യേകിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി—അടിയന്തരാവസ്ഥ എന്ന ആ കിരാതകാലത്തെക്കുറിച്ചോ അതിലൂടെ കോൺഗ്രസ് കാട്ടിയ ജനദ്രോഹത്തെക്കുറിച്ചോ വോട്ടർമാരെ ഓർമിപ്പിക്കാതിരുന്നതു്? അര നൂറ്റാണ്ടു മുമ്പു് ദിവംഗതനായ നെഹ്റു വിനെതിരെ ദിവസവുമെന്നോണം മോദി ആഞ്ഞടിച്ചു. 27 വർഷം മുമ്പു് രാഷ്ട്രശത്രുക്കൾ നിഷ്ഠുരം ഉന്മൂലനം ചെയത രാജീവ് ഗാന്ധി യെയും മോദി വെറുതെ താറടിച്ചു. അത്ഭുതമെന്നു പറയട്ടെ, അടിയന്തരാവസ്ഥയെക്കുറിച്ചോ ഇന്ദിരാഗാന്ധിയെക്കുറിച്ചോ ആ കാലത്തെ അതിക്രമങ്ങൾക്കു മുഖ്യ ഉത്തരവാദിത്തം വഹിച്ച സഞ്ജയ് ഗാന്ധിയെക്കുറിച്ചോ മോദി മിണ്ടുകയുണ്ടായില്ല.

കേരളത്തിലെ മിക്ക പാർട്ടികളും ആ കാലം ഓർക്കാനല്ല, മറക്കാനാണു് ഇഷ്ടപ്പെടുക. ദേശീയതലത്തിൽ രൂപം കൊണ്ട കോൺഗ്രസ് വിരുദ്ധ ദേശീയമുന്നണിയുടെ ഭാഗമായിരുന്നു കേരളത്തിൽ സി. പി. എമ്മും. അന്നത്തെ ജനസംഘവും സംഘടനാകോൺഗ്രസ്സും ഭാരതീയ ലോക് ദളും സോഷ്യലിസ്റ്റ് പാർട്ടിയും ജഗ്ജീവൻ റാമിന്റെ സി. എഫ്. ഡി.-യും എല്ലാം ചേർന്നുള്ള ജനതാപാർട്ടിക്കൊപ്പമാണു് സി. പി. എം., അഖി. മുസ്ലിം ലീഗ്, കോൺ. പരിവർത്തനവാദികൾ തുടങ്ങിയ കക്ഷികൾ കേരളത്തിൽ അണിനിരന്നതു്.

ഇന്ദിരാഗാന്ധിയുടെ പേരു് ജനങ്ങളെ ഓർമിപ്പിക്കാതിരുന്നതു തന്നെയാണോ? ഇന്ദിരയുടെ പേരു് ഓർമിപ്പിക്കുന്നതു് ജനങ്ങളിൽ മറ്റു പല ശോഭന ഓർമ്മകളും ഉയർത്തിയേക്കും എന്നു മോദി ഭയന്നോ? അറിയില്ല. വ്യോമസേനയുടെ ഒന്നോ രണ്ടോ വിമാനങ്ങൾ എയ്ത മിസൈലുകൾ ബാലക്കോട്ടു് ഉണ്ടാക്കിയ നാശം തന്റെ തീവ്ര ദേശസ്നേഹത്തിന്റെയും നേതൃത്വപൗരുഷത്തിന്റെയും തെളിവായി എടുത്തുകാട്ടി വോട്ടു ചോദിച്ച മോദിക്കു് ഇന്ദിരാഗാന്ധിയുടെ പേരു് ഓർമിപ്പിക്കുന്നതു ദോഷം ചെയ്യുമെന്നു തോന്നിയിരിക്കാം. കാരണം, 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലൊരിക്കൽ മാത്രമാണു് ഇന്ത്യ പാകിസ്ഥാനെ ശരിക്കും തകർത്തതു്. 93,000 പാക് സൈനികരാണു് അന്നു തടവുകാരാക്കപ്പെട്ടതു്. ആ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെട്ടതു് ആ യുദ്ധത്തിന്റെ ഫലമായാണു്. ആ യുദ്ധത്തിൽ ഇന്ത്യയെ നയിച്ച ഇന്ദിരാഗാന്ധിയുടെ പേരു് ഓർമിക്കാൻ അവസരം നൽകാതിരുന്നതു് നല്ല ബുദ്ധി തന്നെയാണു്.

ഇന്ദിരാഗാന്ധിയെക്കുറിച്ചു് നല്ലതും ചീത്തയും പറയാൻ പറ്റാത്ത വിധമുള്ള മറ്റൊരു ഇന്ദിരാകണക്ഷൻ ബി. ജെ. പി. പക്ഷത്തിനുണ്ടു്. അടിയന്തരാവസ്ഥയിലെ മിക്കവാറും അതിക്രമങ്ങൾക്കും ഉത്തരവാദിയെന്നു മുദ്രകുത്തപ്പെട്ട സഞ്ജയ് ഗാന്ധിയെ, രാജീവ് ഗാന്ധിയെ താറടിക്കുംപോലെ താറടിക്കാനാവുമോ? ഇല്ല. സഞ്ജയ് ഗാന്ധിയുടെ ഭാര്യയും പുത്രനും ബി. ജെ. പി. നേതാക്കളാണു്. അവരെ വിവാദത്തിലേക്കു് വലിച്ചിഴക്കാൻ രാഹുൽ ഗാന്ധി പോലും ഇഷ്ടപ്പെടുകയില്ല!

ഇടതുപക്ഷത്തും മൗനം

അടിയന്തരാവസ്ഥയ്ക്കു് അന്ത്യം കുറിച്ച 77-ലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചു് കേരളത്തിലെ ഇടതുപക്ഷവും മൗനം ദീക്ഷിക്കും. കാരണം, 1977-ൽ കേരളത്തിൽ ഇടതുപക്ഷമുന്നണിയേ ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയിലേക്കു നയിച്ച ബിഹാർ പ്രക്ഷോഭകാലത്തും അടിയന്തരാവസ്ഥയിൽതന്നെയും സി. പി. ഐ. ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു. പ്രതിപക്ഷത്തെയാണു് സി. പി. ഐ. ഫാസിസ്റ്റുകളായി കണ്ടിരുന്നതു്. കേരളത്തിൽ കോൺഗ്രസ് നയിച്ച മുന്നണിയിലെ ഘടകകക്ഷിയായിരുന്നു സി. പി. ഐ.-യും ആർ. എസ്. പി.-യും. കോൺഗ്രസ് നയിച്ച മുന്നണി എന്നു പറയാൻ പോലും പറ്റില്ല. 1971–77 കാലത്തു് സി. പി. ഐ. നേതാവായ സി. അച്യുതമേനോൻ ആയിരുന്നല്ലോ ആ മുന്നണിയുടെ കേരള മുഖ്യമന്ത്രി. ചരിത്രത്തിന്റെ അലമാറകളിൽ എന്തെല്ലാം വികൃത കോലങ്ങളാണു് അടുക്കി വച്ചിരിക്കുന്നത്!

1977-ൽ അടിയന്തരാവസ്ഥയെ പ്രകീർത്തിച്ചു് ജനങ്ങളുടെ കയ്യടി നേടി ലോക്സഭയിലേക്കു് തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രഗത്ഭരായ പല ഇടതുപക്ഷനേതാക്കളും ഉണ്ടായിരുന്നു എന്നും ഓർക്കണം. തിരുവനന്തപുരത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ടതു് പ്രഗത്ഭ സി. പി. ഐ. നേതാവു് എം. എൻ. ഗോവിന്ദൻ നായരാ യിരുന്നു. ആർ. എസ്. പി.-യുടെ എക്കാലത്തെയും പ്രമുഖനേതാവു് വിപ്ലവകാരി എൻ. ശ്രീകണ്ഠൻനായരും യുവ സി. പി. ഐ. നേതാവു് സി. കെ. ചന്ദ്രപ്പനും വിജയശ്രീലാളിതരായിട്ടുണ്ടു്. ഒരു പേരു കൂടി ഓർക്കാതെ വയ്യ—എൽ. കെ. അദ്വാനി യും ഇ. എം. എസ്സും ചേർന്നു് കേരളത്തിലേക്കു് അനുഗ്രഹിച്ചയച്ച പ്രതിപക്ഷ സ്ഥാനാർത്ഥി പ്രശസ്ത പത്രാധിപർ ബി. ജി. വർഗീസ്. ഇന്ദിരയുടെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയെ എതിർക്കാൻവേണ്ടിത്തന്നെ ജന്മദേശത്തു് മത്സരിക്കാൻ എത്തിയതായിരുന്നു. മാവേലിക്കരയിൽ അദ്ദേഹം അരലക്ഷത്തിലേറെ വോട്ടിനു് കോൺഗ്രസ് സ്ഥാനാർത്ഥി ബി. കെ. നായരോടു് തോറ്റു മടങ്ങി. മുപ്പതു തികഞ്ഞിട്ടില്ലാത്ത വി. എം. സുധീരൻ ആലപ്പുഴയിൽ തോല്പിച്ചതു് മുതിർന്ന സി. പി. എം. നേതാവു് ഇ. ബാലാനന്ദനെ ആയിരുന്നു. കാസർകോടു് ഇ. കെ. നായനാരെ തോല്പിച്ചതു് മറ്റൊരു യുവ നേതാവു് രാമചന്ദ്രൻ കടന്നപ്പള്ളി യും.

കേരളത്തിലെ മിക്ക പാർട്ടികളും ആ കാലം ഓർക്കാനല്ല, മറക്കാനാണു് ഇഷ്ടപ്പെടുക. ദേശീയതലത്തിൽ രൂപം കൊണ്ട കോൺഗ്രസ് വിരുദ്ധ ദേശീയമുന്നണിയുടെ ഭാഗമായിരുന്നു കേരളത്തിൽ സി. പി. എമ്മും. അന്നത്തെ ജനസംഘവും സംഘടനാകോൺഗ്രസ്സും ഭാരതീയ ലോക് ദളും സോഷ്യലിസ്റ്റ് പാർട്ടിയും ജഗ്ജീവൻ റാമിന്റെ സി. എഫ്. ഡി.-യും എല്ലാം ചേർന്നുള്ള ജനതാപാർട്ടിക്കൊപ്പമാണു് സി. പി. എം., അഖി. മുസ്ലിം ലീഗ്, കോൺ. പരിവർത്തനവാദികൾ തുടങ്ങിയ കക്ഷികൾ കേരളത്തിൽ അണിനിരന്നതു്. ജനതാപാർട്ടി സ്ഥാനാർത്ഥിയായി ഉദുമയിൽ മത്സരിച്ച മുൻ ജനസംഘം നേതാവു് കെ. ജി. മാരാരെ ജയിപ്പിക്കാൻ സി. പി. എം. ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സി. പി. എം. ആ രണ്ടു് അവിഹിത ബന്ധങ്ങളെയും പിന്നീടു് തള്ളിപ്പറഞ്ഞു. ജനസംഘം ഉൾപ്പെടുന്ന ജനതാപാർട്ടിയെയും അഖി. മുസ്ലിംലീഗിനെയും പാർട്ടി തിരസ്കരിച്ചു. ജനസംഘക്കാർ ജനതാപാർട്ടി വിട്ടു് ബി. ജെ. പി. ഉണ്ടാക്കി. അഖി. മുസ്ലിം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലേക്കു മടങ്ങി.

വ്യക്തിപരം

1977-ലെ തിരഞ്ഞെടുപ്പു് എനിക്കു വ്യക്തിപരമായും മറക്കാനാവാത്ത അനുഭവമായിരുന്നു എന്നു പറഞ്ഞല്ലോ. ആ തിരഞ്ഞെടുപ്പിൽ മാത്രമാണു് പാർട്ടി പ്രവർത്തകനായി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായതു്. അടിയന്തരാവസ്ഥയെ എതിർത്ത കോൺഗ്രസ് പരിവർത്തനവാദികളുടെ തലശ്ശേിയിലെ സജീവപ്രവർത്തകരിൽ ഒരാളായിരുന്നു. തലശ്ശേരി ഇല്ലിക്കുന്നിലെ ബി. ഇ. എം. എൽ. പി. സ്കൂളിലാണു് കന്നിവോട്ടു് ചെയ്തതു്. പഠിച്ച സ്കൂൾ തന്നെ.

പ്രചാരണത്തിന്റെ ഒരു മാസക്കാലം എല്ലാ ദിവസവും വൈകുന്നേരം തലശ്ശേരി ടി. സി. മുക്കിലെ സി. പി. എം. ഓഫീസിലെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ എത്തുമായിരുന്നു. മണ്ഡലത്തിലെങ്ങും രാത്രി പ്രചാരണയോഗങ്ങളുണ്ടാകും. ഈ കന്നിവോട്ടർ എല്ലാ രാത്രിയും രണ്ടും മൂന്നും പൊതുയോഗത്തിൽ പ്രസംഗിക്കാൻ നിയോഗിക്കപ്പെടാറുണ്ടു്. വലിയ നേതാക്കൾ വരുന്നതു വരെ കാലോ അരയോ മണിക്കൂർ പ്രസംഗിക്കാനേ അവസരം കിട്ടൂ. ഒരു തവണ മാത്രം വട്ടംകറങ്ങിപ്പോയി. ധർമടം പ്രദേശത്തെ ചിറക്കുനിയിലെ പ്രചാരണയോഗത്തിൽ, ലോക്സഭാ സ്ഥാനാർത്ഥി അരങ്ങിൽ ശ്രീധരൻ വരുംവരെ പ്രസംഗിക്കണം, ഉടൻ വരും എന്നു സ്വകാര്യം പറഞ്ഞാണു് മൈക്ക് ഏല്പിച്ചതു്. കാലും അരയും മുക്കാലും ഒന്നും മണിക്കൂർ കഴിഞ്ഞിട്ടും ആരും വന്നില്ല. എന്റെ സ്റ്റോക്ക് തീർന്നിട്ടും പ്രസംഗം നിർത്താനായില്ല. കടിച്ചുവലിച്ചു നീട്ടി. തല കറങ്ങി വീഴും മുമ്പു് അരങ്ങിൽ എത്തി… രക്ഷപ്പെട്ടു… ശീലമില്ലാഞ്ഞിട്ടാണു്. അഞ്ചു മണിക്കൂർ പ്രസംഗിക്കുന്നവരൊക്കെ അക്കാലത്തു് സാധാരണമായിരുന്നു.

അരങ്ങിൽ ലോക്സഭയിലേക്കു് ജയിച്ചില്ല. സി. പി. എം. സ്ഥാനാർത്ഥി പാട്യം ഗോപാലൻ നിയമസഭയിലേക്കു ജയിച്ചു. മിക്ക ദിവസവും ഏതെങ്കിലും യോഗസ്ഥലത്തു് അദ്ദേഹത്തെ കണ്ടുമുട്ടാറുണ്ടായിരുന്നു. നല്ല മനുഷ്യൻ. ഇതേ തലശ്ശേരിയിൽനിന്നു 26-ാം വയസ്സിൽ നിയമസഭാംഗമായ ആളാണു് പാട്യം ഗോപാലൻ. അന്നു അദ്ദേഹത്തിന്റെ എതിർസ്ഥാനാർത്ഥികളിൽ ഒരാൾ പിൽക്കാലത്തു് ഏറെ ഉയരങ്ങൾ താണ്ടിയ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ആയിരുന്നു. സി. പി. ഐ. സ്ഥാനാർത്ഥിയായിരുന്നു അന്നു കൃഷ്ണയ്യർ. പാട്യം ഗോപാലൻ ഏറെ ഉയരാൻ കഴിവുള്ള നേതാവായിരുന്നു. പക്ഷേ, 78-ൽ എം. എൽ. എ. ആയിരിക്കെ മരണമടഞ്ഞു… അന്നു തലശ്ശേരിയിൽ പ്രാദേശിക നേതാവായി ഉണ്ടായിരുന്ന ഒരാൾ ഇന്നു സംസ്ഥാന നേതൃത്വത്തിലുണ്ടു്—കോടിയേരി ബാലകൃഷ്ണൻ. പിണറായി വിജയൻ അന്നു കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു.

(ഡൽഹി മലയാളി മാധ്യമ കൂട്ടായ്മ പ്രസിദ്ധീകരണമായ ഡൽഹി സ്കെച്ചസിൽ നിന്നു്.)

എൻ. പി. രാജേന്ദ്രൻ
images/nprajendran.jpg

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ജനനം. അച്ഛൻ അവിടെ ഒരു എസ്റ്റേറ്റിൽ ജോലിയിലായിരുന്നു. മൂലകുടുംബം തലശ്ശേരിയിൽ. സ്കൂൾ വിദ്യാഭ്യാസം തലശ്ശേരിയിൽ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ കലാലയവിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. പത്രപ്രവർത്തകനാകുന്നതിനു മുമ്പു് കണ്ണൂരിനടുത്തു് എടക്കാട്ടു് ബ്ലോക്ക് ഡവ. ഓഫീസിൽ എൽ. ഡി. ക്ലാർക്കായും കാലിക്കറ്റ് സർവ്വകലാശാലയിൽ അസിസ്റ്റന്റായും ഉദ്യോഗം. 1981-ൽ പത്രപ്രവർത്തക പരിശീലനത്തിനു് മാതൃഭൂമിയിൽ ചേർന്നു. പരിശീലനത്തിനു ശേഷം സ്റ്റാഫ് റിപ്പോർട്ടറായി കോഴിക്കോടു്, പാലക്കാടു്, കൊല്ലം, തൃശ്ശൂർ, കണ്ണൂർ ബ്യൂറോകളിൽ പ്രവർത്തിച്ചു. ദൈനംദിന സംഭവങ്ങളും രാഷ്ട്രീയവും റിപ്പോർട്ട് ചെയ്തതോടൊപ്പം വ്യാപകമായി സഞ്ചരിക്കുകയും നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സാമ്പത്തിക ചൂഷണം, മാവൂരിലെ ഗ്വാളിയോർ റയേൺസ് ഫാക്ടറി നടത്തിയ പരിസ്ഥിതിവിനാശകമായ പ്രകൃതിവിഭവചൂഷണം (1988), സർക്കാർ വിദ്യാലയങ്ങൾ നിലനില്പിനായി നടത്തേണ്ടി വരുന്ന സഹതാപാർഹമായ ശ്രമങ്ങൾ, ഭൂമി ഇടപാടുകളിൽ നടക്കുന്ന വ്യാപകമായ അഴിമതി, ഇതിനു പിന്നിലെ മാഫിയാ സമാനമായ സംഘങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധേയമാണു്. കേരളത്തിലെ 44 നദികൾക്കു് സംഭവിക്കുന്ന നാശത്തെക്കുറിച്ചു് എട്ടു് ലക്കങ്ങളിലായി എഴുതിയ റിപ്പോർട്ട് (1990) ഈ വിഷയത്തിലുള്ള ആഴത്തിലുള്ള പഠനമാണു്.

Colophon

Title: 1977–2019: Charithram Thirunnju Nadakkumbol (ml: 1977–2019: ചരിത്രം തിരിഞ്ഞു നടക്കുമ്പോൾ).

Author(s): N. P. Rajendran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-12.

Deafult language: ml, Malayalam.

Keywords: Article, N. P. Rajendran, 1977–2019: Charithram Thirunnju Nadakkumbol, എൻ. പി. രാജേന്ദ്രൻ, 1977–2019: ചരിത്രം തിരിഞ്ഞു നടക്കുമ്പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Birth of the Wolves, woodcut on Japanese paper by Franz Marc (1880–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.