images/Royal_Castle.jpg
View of Warsaw from the terrace of the Royal Castle., a painting by Bernardo Bellotto (1722–1780).
ഇല്ലാത്ത നക്സലിസം അന്നു്: ഇല്ലാത്ത മാവോയിസം ഇന്നു്
എൻ. പി. രാജേന്ദ്രൻ
ഇന്നു് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാൻഡ് ചിലർ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നുമാത്രം.

മാവോയിസത്തിന്റെ കേരളത്തിലേക്കുള്ള വരവറിയിച്ചുകൊണ്ടു് ചില്ലറ വെടിയും പുകയും അവിടെയും ഇവിടെയും ഉയരുന്നുണ്ടു്. കഴിഞ്ഞ ആഴ്ചയും ഉണ്ടായി കണ്ണൂരിൽ ആക്രമണം. പക്ഷേ, മാധ്യമങ്ങൾക്കു് പൊലിപ്പിക്കാൻ പാകത്തിൽ പോലും അവ ശ്രദ്ധേയമല്ല. കൊട്ടിഘോഷിച്ചു് രാജകീയമായി വേണം വരാൻ എന്നല്ല പറയുന്നതു്. പൊലീസും രഹസ്യാന്വേഷണവിഭാഗക്കാരും ഇവരെക്കുറിച്ചു് ഉണ്ടാക്കിയെടുത്തിട്ടുള്ള പ്രതിച്ഛായ ഇതൊന്നുമല്ലല്ലോ. യഥാർത്ഥത്തിൽ ഇതു് ശരിയായ മാവോയിസ്റ്റ് ആക്രമണങ്ങൾ തന്നെയാണോ? ഛത്തീസ്ഗഡിലും മറ്റും ചോരപ്പുഴയൊഴുക്കുന്ന മാവോയിസ്റ്റ് പാതക്കാർ തന്നെയാണോ ഇവർ? മറ്റെന്തോ ഉദ്ദേശ്യത്തോടെ ആരോ നടത്തുന്ന വ്യാജ ആക്രമണങ്ങളാണോ ഇവിടത്തേതു്? ജനങ്ങളിൽ സംശയം പെരുകുന്നുണ്ടു്.

സി. പി. ഐ. എം അനുകൂല വിദ്യാർത്ഥി സംഘടനയിൽ പാർട്ടി ഘടകം നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ തോൽപ്പിച്ചു് സംസ്ഥാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് എം. പ്രസാദാണു് അധികം വൈകാതെ നക്സലൈറ്റുകൾക്കൊപ്പം ഇറങ്ങിത്തിരിച്ചതു് എന്നോർക്കണം. നക്സലൈറ്റ് ഭാഷയിൽ പറഞ്ഞാൽ ‘കേരളത്തിൽ എങ്ങും ഉണങ്ങിയ പുൽപാടങ്ങളാണു് ഉണ്ടായിരുന്നതു്. ഒരു തീപ്പൊരി മതിയായിരുന്നു എല്ലാം കത്തിയമരാൻ’. തലശ്ശേരിയിൽ തീപ്പൊരി ചിതറിനോക്കി, പുൽപ്പള്ളിയിൽ നോക്കി, പലേടത്തും നോക്കി. തീമാത്രം ഉയർന്നില്ല. ആ സ്വപ്നം അങ്ങനെ കെട്ടടങ്ങി.

മാവോയിസ്റ്റ് ആക്രമണം എന്നു് കേൾക്കുമ്പോഴെല്ലാം കേരളീയർ പഴയ നക്സലൈറ്റ് ആക്രമണങ്ങൾ ഓർക്കും. അതു് പറഞ്ഞാൽ ഉടനെ അടുത്ത ചോദ്യം ഉയരും. മാവോയിസ്റ്റുകളും നക്സലൈറ്റുകളും തമ്മിൽ എന്താണു് വ്യത്യാസം? അതവിടെ നിൽക്കട്ടെ. പഴയ നക്സൽ ആക്രമണങ്ങൾ കേരളീയ രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു കാലത്തു് വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ ആയിരുന്നു. ആളനക്കം കുറഞ്ഞ ക്വാറിയോ ഏതെങ്കിലും പീടികയോ ആക്രമിച്ചുകൊണ്ടല്ല അവർ തുടങ്ങിയതു്. ആദ്യം കൈവെച്ചതു് പോലീസ് സ്റ്റേഷനു് മേലാണു്. 1968 നവംബർ 21 നു് രാത്രി തലശ്ശേരിയിലെ പോലീസ് സ്റ്റേഷൻ ആണു് ആക്രമിച്ചതു്. എ. കെ. 47 തോക്കുകൾ കൊണ്ടോ ബോംബുകൾ കൊണ്ടോ ആയിരുന്നില്ല അതു്. കുന്തങ്ങളും ഏറുപടക്കങ്ങളും ആസിഡ് ബൾബുകളും മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. റോഡിൽ ഉറങ്ങിക്കിടന്ന പശുക്കൾ പരക്കം പായുന്ന ശബ്ദം കേട്ടു്, തിരിച്ചടിക്കാൻ വരുന്ന പോലീസ് സേനയുടെ ബൂട്ടുകളുടെ ഇരമ്പമാണെന്നു് സംശയിച്ചു് ആക്രമണകാരികൾ പലായനം ചെയ്തുവെന്നതു് പിൽക്കാലത്തു് കേട്ട കഥ. തലശ്ശേരി ആക്രമണം നടക്കുമ്പോൾ നക്സലൈറ്റുകളുടെ മറ്റൊരു സംഘം വയനാട്ടിലെ പുൽപ്പള്ളിയെ ലക്ഷ്യമിട്ടു് നീങ്ങുന്നുണ്ടായിരുന്നു. പിന്നീടു് ആ സ്റ്റേഷൻ ആക്രമിച്ചതും പോലീസുകാരൻ മരിച്ചതും നക്സലൈറ്റ് പ്രവർത്തനത്തിലൂടെ ജനനായകനായ വർഗീസിന്റെ കൊലയുമെല്ലാം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണു്. പത്തു് വർഷത്തോളം നീണ്ടുനിന്നു ആ പ്രതിഭാസം. 1977-ൽ അടിയന്തരാവസ്ഥ അവസാനിക്കുന്നതിനു് തൊട്ടുമുമ്പു് നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിനും രാജൻ വധത്തിനും ശേഷം ശ്രദ്ധേയമായ നക്സലൈറ്റ് വാർത്തകൾ ഉണ്ടായിട്ടില്ല.

അറുപതുകളുടെ അവസാനം കേരളത്തിലേക്കു് നക്സലിസം എത്തിയതു് ബംഗാളിൽ നിന്നാണു്. ചൈനയിൽ 1966-ൽ മാവോ സെ തൂങ്ങ് തുടക്കമിട്ട സാംസ്കാരിക വിപ്ലവം മാർക്സിസത്തിന്റെ പതിവു് അജൻഡകളിൽ ഒതുങ്ങുന്നതായിരുന്നില്ല. മാവോ ചിന്ത ഉണ്ടാക്കിയതായി പ്രചരിപ്പിക്കപ്പെട്ട അസാധാരണമായ വിപ്ലവങ്ങളുടെ പേരിൽ ഇന്ത്യയിലും മാവോവിനു് വലിയ പിൻബലമുണ്ടായി. ‘ചൈനയിൽ വന്ന വമ്പിച്ച മാറ്റങ്ങൾ എന്നെ രോമാഞ്ചം കൊള്ളിച്ചു. തൊഴിലില്ലായ്മക്കും പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരായി മാത്രമല്ല, മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായിക്കൂടി മാവോ സെ തൂങ്ങ് എന്ന മഹാനായ ചരിത്രപുരുഷന്റെ നേതൃത്വത്തിൽ സമരംചെയ്തു് ആത്മാവിനെപ്പോലും ഇളക്കിമറിക്കുന്ന ഫലങ്ങൾ നേടിയെടുത്ത ഈ ജനതയുടെ വിജയങ്ങൾ എന്റെയും കണ്ണുതുറപ്പിച്ചു. അതിന്റെയെല്ലാം മീതെയായി, ഭരണത്തിലിരിക്കുന്ന ഉന്നത സ്ഥാനത്തുള്ള വ്യക്തികളെപ്പോലും ചോദ്യം ചെയ്യാവുന്ന തരത്തിൽ അസാധാരണ ധീരത വളർത്തിയെടുക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ തൊഴിലാളി വർഗ സാംസ്കാരിക വിപ്ലവം മറ്റേതു് രാജ്യത്താണു് നടന്നിട്ടുള്ളതു് ? ഇതല്ലേ യഥാർത്ഥ ജനാധിപത്യം?…’ അന്നത്തെ വിപ്ലവകാരി അജിത ഓർമക്കുറിപ്പുകളിൽ ആ കാലത്തിന്റെ വികാരം ഇങ്ങനെ വരച്ചുകാട്ടുന്നുണ്ടു്. മരണം പോലും പുല്ലാക്കി കുറെ പേർ വിപ്ലവാഗ്നിയിലേക്കു് എടുത്തുചാടിയതിൽ അത്ഭുതമില്ല.

പ. ബംഗാളിലും കേരളത്തിലും പ്രബലമായ മാർക്സിസ്റ്റ് പാർട്ടിയാണു് ഇതിന്റെ വില നൽകിയതു്. നക്സൽബാരി എന്ന ബംഗാൾ ഗ്രാമത്തിൽ കൊളുത്തിയ തീ കുറെ കാലം കത്തിനിന്നു. കേരളത്തിൽ മുസ്ലിംലീഗിന്റെയും മറ്റു് പല ഈർക്കിൾ പാർട്ടികളുടെയുമെല്ലാം സഹായത്തോടെ 1967 മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതു് നല്ലൊരു ഭാഗം മാർക്സിസ്റ്റ് ബുദ്ധിജീവികളിൽ അസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ഇരുപതിനായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഗണേശ് ബീഡി കമ്പനി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതുണ്ടാക്കിയ അമർഷം നക്സൽ പ്രസ്ഥാനത്തിനു് കരുത്തേകി. വയനാട്ടിലെ ആദിവാസികൾ ഇന്നത്തെ അതേ ദയനീയ അവസ്ഥയിലായിരുന്നു, ജന്മിമാർക്കെതിരെ അമർഷം ശക്തമായിരുന്നു. നാട്ടിലെങ്ങും തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്നങ്ങളും കെടുതി വിതച്ചിരുന്നു. എല്ലാം കൂടിച്ചേർന്നാണു് അന്നത്തെ നക്സലിസത്തിനു് വളക്കൂറുള്ള മണ്ണൊരുക്കിയതു്. സി. പി. ഐ. എം. ഘടകങ്ങൾ പലേടത്തും പിളർന്നു. ഒരു പാടു് ചെറുപ്പക്കാർ, സജീവ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ… ഇവരെല്ലാം പാർട്ടിക്കു് തലവേദനയുണ്ടാക്കുന്ന ചോദ്യങ്ങൾ ഉയർത്തി. സി. പി. ഐ. എം. അനുകൂല വിദ്യാർത്ഥി സംഘടനയിൽ പാർട്ടി ഘടകം നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ തോൽപ്പിച്ചു് സംസ്ഥാന ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് എം. പ്രസാദാ ണു് അധികം വൈകാതെ നക്സലൈറ്റുകൾക്കൊപ്പം ഇറങ്ങിത്തിരിച്ചതു് എന്നോർക്കണം. നക്സലൈറ്റ് ഭാഷയിൽ പറഞ്ഞാൽ ‘കേരളത്തിൽ എങ്ങും ഉണങ്ങിയ പുൽപാടങ്ങളാണു് ഉണ്ടായിരുന്നതു്. ഒരു തീപ്പൊരി മതിയായിരുന്നു എല്ലാം കത്തിയമരാൻ’. തലശ്ശേരിയിൽ തീപ്പൊരി ചിതറിനോക്കി, പുൽപ്പള്ളിയിൽ നോക്കി, പലേടത്തും നോക്കി. തീമാത്രം ഉയർന്നില്ല. ആ സ്വപ്നം അങ്ങനെ കെട്ടടങ്ങി.

സ്വപ്നങ്ങൾക്കു് യുക്തി വേണമെന്നില്ല. ആധുനിക ചൈന മാവോ സെ തൂങ്ങിനെ പ്രതിമവൽക്കരിച്ചു് നിലനിർത്തിയിട്ടുണ്ടെങ്കിലും മാവോയിസം കുഴിച്ചുമൂടിക്കഴിഞ്ഞു. അവരിപ്പോൾ എങ്ങോട്ടും വിപ്ലവം കയറ്റുമതി ചെയ്യുന്നില്ല. ലോകമുതലാളിത്തത്തിനു് പോലും ഒട്ടും വിരോധമില്ലാത്ത ഒരു സാമ്പത്തിക വ്യവസ്ഥയിലൂടെ നേടിയ ഭൗതിക പുരോഗതി കാട്ടിത്തരാൻ ഇടതുവലതുവ്യത്യാസമില്ലാതെ പാർട്ടിക്കാരെ ക്ഷണിച്ചുകൊണ്ടുപോവാറുണ്ടെന്നല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിക്കാർക്കു് ചൈനയിൽ സ്പെഷൽ സീറ്റൊന്നുമില്ല ഇപ്പോൾ. ഇവിടെ നിന്നാരും സൈദ്ധാന്തികപ്രത്യയശാസ്ത്ര ചോദ്യങ്ങൾക്കു് മറുപടി തേടിയോ സംശയം തീർക്കാനോ അങ്ങോട്ടുപോകാറില്ല. ‘ചൈനയ്ക്കു് മേൽ ചുവന്ന താര’ത്തിന്റെ പൊലിമ കാണാൻ ഇപ്പോൾ ഒരു എഡ്ഗർ സ്നോവും ചെല്ലാറില്ല. ഇന്ത്യയിലല്ലാതെ ലോകത്തൊരു രാജ്യത്തും ഇപ്പോൾ മാവോയിസ്റ്റ് ലേബൽ ബ്രാക്കറ്റിലുള്ള കമ്യൂണിസ്റ്റ് പാർട്ടികളുമില്ല.

കേരളത്തിൽ മുസ്ലിംലീഗിന്റെയും മറ്റു് പല ഈർക്കിൾ പാർട്ടികളുടെയുമെല്ലാം സഹായത്തോടെ 1967 മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതു് നല്ലൊരു ഭാഗം മാർക്സിസ്റ്റ് ബുദ്ധിജീവികളിൽ അസ്വാസ്ഥ്യം സൃഷ്ടിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ഇരുപതിനായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഗണേശ് ബീഡി കമ്പനി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതുണ്ടാക്കിയ അമർഷം നക്സൽ പ്രസ്ഥാനത്തിനു് കരുത്തേകി. വയനാട്ടിലെ ആദിവാസികൾ ഇന്നത്തെ അതേ ദയനീയ അവസ്ഥയിലായിരുന്നു, ജന്മിമാർക്കെതിരെ അമർഷം ശക്തമായിരുന്നു. നാട്ടിലെങ്ങും തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്നങ്ങളും കെടുതി വിതച്ചിരുന്നു. എല്ലാം കൂടിച്ചേർന്നാണു് അന്നത്തെ നക്സലിസത്തിനു് വളക്കൂറുള്ള മണ്ണൊരുക്കിയതു്.

ഇത്തരമൊരു വിചിത്രകാലത്താണു് കേരളത്തിലേക്കു് മാവോയിസ്റ്റുകൾ കടന്നുവരുന്നതായി നാം കേൾക്കുന്നതു്. തീർച്ചയായും മാവോയിസം ഗ്രസിച്ച പല സംസ്ഥാനങ്ങളിലും അതിനെ ന്യായീകരിക്കുന്ന ദാരിദ്ര്യവും ചൂഷണവും യാതനയും ജനങ്ങളിൽ ഉണ്ടു്. അതിനെ നേരിടുന്നതിനുള്ള രാഷ്ട്രീയ ബദലുകൾ ഇല്ലാത്തതിന്റെ ശൂന്യതയുമുണ്ടു്. കേരളത്തിൽ അതെത്രത്തോളം ഉണ്ടെന്നതു് ചർച്ച ചെയ്യേണ്ട വിഷയമാണു്. പക്ഷേ, നമ്മുടെ സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ആയുധമേ അല്ല മാവോയിസം എന്നു് അറിയാത്തവരല്ല മാവോയിസ്റ്റുകൾ പോലും. പക്ഷേ, എല്ലായിനം ഭീകരപ്രവർത്തനങ്ങൾക്കും അതിന്റേതായ ന്യായീകരണങ്ങളും അതു് സൃഷ്ടിക്കുന്ന സൗകര്യങ്ങളുമുണ്ടു്. ലോകത്തെങ്ങും അതങ്ങനെയാണു്.

നവംബർ അവസാനമാണു് സി. ആർ. പി. എഫ്. കേന്ദ്ര ഡയറക്റ്റർ ജനറൽ ദിലീപ് ദ്വിവേദി സേവനത്തിൽനിന്നു് വിരമിച്ചതു്. പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്കു് നേതൃത്വം നൽകി വരികയായിരുന്ന ദ്വിവേദി മാധ്യമപ്രവർത്തകരോടു് വളരെ ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു. ‘ചില സംസ്ഥാനങ്ങൾക്കു് മാവോയിസ്റ്റ് പ്രശ്നം കത്തിനിൽക്കണമെന്നുതന്നെയാണു് ആഗ്രഹം. കാരണം അതുണ്ടെങ്കിൽ അവർക്കു് വൻതുക കേന്ദ്രസഹായമായി ലഭിക്കും.’ നവംബർ 28-നു് ദി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് അനുസരിച്ചു് ദ്വിവേദി ശ്രദ്ധേയമായ ഒരു കാര്യം കൂടി പറയുകയുണ്ടായി ‘മാവോയിസ്റ്റുകളെ നേരിടാൻ എ. എഫ്. എസ്. പി. എ. പോലുള്ള കർക്കശ നിയമങ്ങളൊന്നും ആവശ്യമില്ല. അതിനു് സി. ആർ. പി. സി. തന്നെ ധാരാളം’. കേരളത്തിൽ മാവോയിസത്തെ നേരിടാൻ തോക്കു് തിരയുന്ന മേധാവികൾ ഈ വാക്കുകൾ ശ്രദ്ധിക്കേണ്ടതുണ്ടു്.

മാവോയിസ്റ്റുകളും നക്സലൈറ്റുകളും തമ്മിൽ എന്താണു് വ്യത്യാസം എന്ന ചോദ്യം അവശേഷിക്കുന്നു. വലിയ വ്യത്യാസമൊന്നും ഇല്ല. പഴയ നക്സലൈറ്റുകളാണു് യഥാർത്ഥത്തിൽ ശരിയായ മാവോയിസ്റ്റുകൾ. അന്നു് ചൈനയിൽ മാവോ ഉണ്ടു്. മാവോയിസവും ഉണ്ടു്. അന്നു് പക്ഷേ, നമ്മൾ അവരെ നക്സലൈറ്റുകൾ എന്നു് വിളിച്ചു. വിളിപ്പിച്ചതു് മാധ്യമങ്ങളാണു്. അവരുടെ പാർട്ടികൾക്കു് മാർക്സിസ്റ്റ് ലെനിനിസ്റ്റ് എന്ന പേരേ ബ്രാക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. ആ സംഘടനകൾ മാവോയിസം മടുത്തു് ഉപേക്ഷിച്ചുകഴിഞ്ഞപ്പോഴാണു് ഇപ്പോൾ ചിലർ അതുമായി ഇറങ്ങിയിരിക്കുന്നതു്. ഇന്നു് മാവോയും ഇല്ല മാവോയിസവും ഇല്ല. ആ ബ്രാൻഡ് ചിലർ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നുമാത്രം.

എൻ. പി. രാജേന്ദ്രൻ
images/nprajendran.jpg

നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തു് സജീവമാണു്. മാതൃഭൂമി ദിനപത്രത്തില്‍ ഡപ്യൂട്ടി എഡിറ്ററായി 2014 നവംബറില്‍ വിരമിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയൻ പ്രസിഡന്റ്, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍, കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പ്രവർത്തിച്ചിട്ടുണ്ടു്. മാധ്യമരംഗത്തെ മികവിനു് നിരവധി അവാർഡുകള്‍ നേടി. മാധ്യമസംബന്ധമായ പന്ത്രണ്ടു് പുസ്തകങ്ങളുടെ കർത്താവാണു്.

Colophon

Title: Illaththa Naksalism Annu: Illaththa Mavoism Innu (ml: ഇല്ലാത്ത നക്സലിസം അന്നു്: ഇല്ലാത്ത മാവോയിസം ഇന്നു്).

Author(s): N. P. Rajendran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-08-28.

Deafult language: ml, Malayalam.

Keywords: Article, N. P. Rajendran, Illaththa Naksalism Annu: Illaththa Mavoism Innu, എൻ. പി. രാജേന്ദ്രൻ, ഇല്ലാത്ത നക്സലിസം അന്നു്: ഇല്ലാത്ത മാവോയിസം ഇന്നു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 14, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Warsaw from the terrace of the Royal Castle., a painting by Bernardo Bellotto (1722–1780). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.