(അക്കിത്തത്തിന്റെ ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ കവിതാപഠനം)
“പൊൽത്താരരുണന്മാരേ, നിങ്ങടെ
രാഗം നിത്യാകർഷകമത്രേ!”
അക്കിത്ത ത്തിനു പ്രിയങ്കരമായ ചില ജീവിതമൂല്യങ്ങളോ, വിശ്വാസങ്ങളോ, ദർശനങ്ങളോ കവിതകളിൽ ആദ്യന്തം ഒളി പരത്തുന്നതു കാണാം. അപരസ്നേഹം, ധർമ്മചാരിത്വം, അഹിംസ, ഭൂതദയ, ഗാന്ധിമാർഗ്ഗം, ബൗദ്ധ മൂല്യങ്ങളുടെ അനുധാവനം എന്നിങ്ങനെ പോകുന്നു അവ. ഒരു നല്ല കവിയ്ക്കു് ആശയവൈരുദ്ധ്യങ്ങൾ കവിതയിൽ പാടേ ഒഴിവാക്കാൻ കഴിയാത്തതാണെങ്കിൽപ്പോലും താൻ മുറുകെപ്പിടിക്കുന്ന മേൽപ്പറഞ്ഞ പ്രിയതകളെ അക്കിത്തം, കവിതയിൽ ഉടനീളം പുൽകുകയും കവിതയിലുടനീളം വിന്യസിക്കുകയും ചെയ്യും. മറ്റു പലതിലുമെന്നതു പോലെ കവിതയിൽ ഈ മൂല്യങ്ങളിലെ വീക്ഷണസ്ഥിരത (consistency of ideologies) നിലനിർത്തുന്നതിൽ അക്കിത്തത്തിനു് നിർബ്ബന്ധബുദ്ധിയുണ്ടു്. മാറുന്ന ലോകത്തിലെ, ജീവിതക്രമങ്ങളിൽ എന്തെല്ലാം നൂതനത്വങ്ങളുണ്ടായാലും, എന്തെല്ലാം വ്യതിചലനങ്ങളും അപഭ്രംശങ്ങളുമുണ്ടായാലും കുടുംബബന്ധങ്ങളുടെ പവിത്രതയും പരസ്പരാശ്രിതത്വവും, ചിരകാലപ്രസക്തിയും അക്കിത്തം ‘കരതലാമലകം’ ആക്കി സ്വജീവിതത്തിലും തന്റെ കവിതയിലും നിലനിർത്തും. അതു് കവിതയിലൂടെത്തന്നെ ഉദ്ഘോഷിക്കയും ചെയ്യും.
കുടുംബബന്ധിതമായ പുരുഷപ്രേമം ഒരു കെടാവിളക്കു്; അവന്റെ പാരസ്പര്യമേറ്റുവാങ്ങുന്ന പ്രകൃതി ഒരു വാടാമലർ! വളരെ ലളിതമായി പറഞ്ഞാൽ ഇതാണു് ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എന്ന ശ്രേഷ്ഠവും പ്രേഷ്ഠവുമായ അക്കിത്തം—കവിതയുടെ രത്നച്ചുരുക്കം. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ടുന്ന അമൂല്യമായ ഒരു രത്നനിമീലിതത്വം കൂടിയുണ്ടു് ജീവിതവിജയത്തിനുതകുന്ന കുടുംബബന്ധങ്ങളുടെ പരസ്പരാശ്ലേഷിതത്വത്തിൽ. ആകാവുന്നിടത്തോളം സംയമത്തോടെ, അന്യാദൃശമായ പദബിംബങ്ങളുടെയും പദസംയുക്തങ്ങളുടെയും അവസരോചിതമായ സംയോജനത്തോടെ, സ്മൃതിയിലവശേഷിപ്പിക്കുന്ന ദൃശ്യചാരുതകളോടെ അക്കിത്തം തന്റെ ആശയസന്നിവേശം നടത്തുന്നുണ്ടു്, വിശ്രുതമായ ഈ കവിതയിൽ.
എം. പി. ശങ്കുണ്ണിനായരുടെ അസുലഭമായ അവതാരികാപ്രൗഢിയോടെ പ്രോദ്ഘാടനം ചെയ്യപ്പെട്ടതാണു് അക്കിത്തത്തിന്റെ ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ (മധുവിധുവിനു ശേഷം—1956) എന്ന സാമാന്യം ദീർഘമായ കവിത. വരികളുടെ എണ്ണം പോലും ശങ്കുണ്ണിനായർ എണ്ണിപ്പറയുന്നതിൽ നിന്നുതന്നെ മനസ്സിലാക്കാം അദ്ദേഹത്തിനു് ഈ കവിതയോടുള്ള പ്രിയത! കവിതയെഴുതുമ്പോൾ അക്കിത്തത്തിനു് വയസ്സു് മുപ്പതിൽത്താഴെ!
പാശ്ചാത്യസമൂഹത്തിൽ താരതമ്യേന കുറഞ്ഞുവരുന്നതും പൗരസ്ത്യ ജീവിത മാതൃകകളിൽ ഇപ്പോഴും ഗരിമയോടെ തലയുയർത്തി നിൽക്കുന്നതുമായ മാതൃകാദാമ്പത്യങ്ങൾക്കോ സ്ഥായിയായ കുടുംബ ബന്ധങ്ങൾക്കാേ, കൊടുക്കാവുന്ന ഒരു നല്ല നിർവ്വചനം കൂടിയാണു് കാവ്യശീർഷകമായ ‘വാടാത്ത താമരയും കെടാത്ത സൂര്യനും’. ഇതു തന്നെയാണു് അക്കിത്തം അസാമാന്യമായ കൈയടക്കത്തോടെയും വാക്യചാരുതകളോടെയും വരികൾക്കിടയിലും കാവ്യശരീരത്തിലും ഉള്ളടക്കം ചെയ്തു വെച്ചിരിക്കുന്നതു്.
വാടാമലരും കെടാവിളക്കും! തലക്കെട്ടിലെ വാക്കുകളുടെ വിന്യാസത്തിലെ ക്രമത്തിൽപ്പോലുമുണ്ടു് താൻ പറയേണ്ടുന്ന, ദാമ്പത്യത്തിലെ മുൻഗണനാക്രമം. മാതൃകാവൈവാഹികത്വത്തെ ഒരു കവി ഇതിലും നന്നായെങ്ങിനെ കവിതയിൽ വിശേഷിപ്പിക്കും? തന്റെ ‘താമര’യെ കണ്ടെത്തി എന്നു് കവിതയിലെ ആഖ്യാതാവായ പുരുഷൻ പറയുന്നതു്, ഒരു പുലരിയിൽ താനൊരു സരസ്തീരത്തിൽ നിൽക്കവേ ആണു്.
“ഒളി ചിതറിടുമൊരു പുലരിയിൽ ഞാനാ
വാപീതീരം പൂകി,
കുളിയാരംഭിച്ചിടവേ പൊന്നല-
മാലകളിളകീ ചൂഴെ.
കുളിരുന്മേഷമൊഴുക്കീ മാമക-
സിരയിൽ, മൃണാളത്തുമ്പ-
ത്തിളകിയരാളതരംഗാലിംഗിത-
പങ്കജമൊന്നെൻ മുന്നിൽ.”
എന്നാണു കവിത തുടങ്ങുന്നതു്. തന്റെ സിരയിൽ കാറ്റിലിളകുന്ന താമര ചലനമുളവാക്കി. ആഖ്യാതാവു് താൻ ആണു്. കാവ്യാന്ത്യത്തിലും ഈ ‘താൻ’ മറ്റൊരു വിധത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടു് എന്നതാണു് അടിവരയുടെ പ്രസക്തി. തുടർന്നു് ആദിമമനുഷ്യനിൽ ജീവിതക്രമങ്ങളും കണ്ടുപിടുത്തങ്ങളും സംസ്കാരവും എങ്ങിനെ പടിപടിയായി മാറ്റങ്ങൾ ഉളവാക്കി എന്നും അവനെങ്ങിനെ സമൂഹമനുഷ്യനായി എന്നും പറയുന്നു.
“അന്നു മടങ്ങും വേളയിലെന്നുടെ-
യന്തഃകരണം പാടീ:
എന്നേ നരനുടെയുൾക്കണ്ണിനെയീ-
പ്രാകൃതഭംഗി വിടർത്തീ?”
എന്നു് ഈ ആകർഷകത്വത്തെ, ഉദ്വേഗത്തോടെ കവിതയിലെ ആഖ്യാതാവു് നോക്കിക്കാണുന്നുണ്ടു്.
പ്രകൃതി പണിതു നൽകിയ ഗുഹ എന്ന വീട്ടിൽ ശിലാതല്പത്തിൽ ഏകയായി ശയിക്കുന്ന ‘പക്ഷ്മളമിഴിയാൾ’ ഒരു നാൾ ഒരു കിരാതനിലേയ്ക്കു് ശാരീരികമായണയുന്നു.
“തടമുല തൻ വിരിനെഞ്ചിലുടക്കി-
ദ്ദൃഢകരബന്ധമിണക്കി-
ച്ചുടുകനലുമ്മകളേകിശ്ശരണം
തന്നവളിവളാണല്ലോ!”
എന്നാണു് ശരണാർത്ഥിയായ പുരുഷനിലേക്കണഞ്ഞ പ്രകൃതിയെ കവി വരച്ചിടുന്നതു്. വിടർത്തി മാറ്റാനാവാത്ത കരവലയാശ്ലേഷം, പൊള്ളുന്ന ചുംബനം, മറ്റാർക്കും നൽകാനാവാത്ത അഭയം നൽകൽ! എന്തെല്ലാമുണ്ടു് നിസ്സാരമെന്നു തോന്നിക്കുന്ന നാലുവരികളിൽ!
“അവളേൽക്കും വരെ, നോവും നൂതന,-
മധുര,സമാധിയിലാണ്ടാൻ
അനുനിമിഷം കനമേറി വരുന്നോ-
രശ്രു കണക്കാക്കാടൻ.”
എന്നാണു് തുടർന്നു വരുന്ന വരികൾ. തന്റെ കവിതയിലെ സന്തത സാന്നിധ്യവും തന്റെ കവിതയുടെ നിയാമക ഘടകവുമായ കണ്ണുനീരിനെ കൂട്ടുപിടിച്ചു്, പ്രകൃതിയുടെ പുരുഷസ്വീകാരത്തെ ചിത്രീകരിക്കുന്നു അക്കിത്തം! നിമിഷം തോറും കനമേറി വരുന്ന ഒരു കണ്ണീർക്കണം! അനുനിമിഷം വ്യാപ്തവിസ്തൃതിയേറിക്കൊണ്ടിരിക്കുന്ന ഒരു വലിയ അശ്രുകണത്തെ പോലെ പ്രകൃതിയാൽ ഏറ്റെടുക്കപ്പെടുന്നു പുരുഷൻ. വിലക്കുകളില്ലാത്ത രതിയും നായാട്ടും ശീലിച്ച, ശരിക്കും കാടനായ ആദിമമനുഷ്യനിലെ വ്യക്തിഗതമായ ആദ്യത്തെ പ്രണയം. പിന്നീടങ്ങോട്ടു് പിരിയാനാവാതെ ആ ഇണകൾ ജീവിതത്തിൽ ഒരുമിച്ചാണു്; ഒരു കുടുംബം കെട്ടിപ്പടുത്തു കൊണ്ടു്. അങ്ങനെ ഒട്ടേറെ ഇണകളുടെ സംഘാതവും ഒട്ടേറെ കുടുംബങ്ങളുടെ സമൂഹവുമായി മാറുന്നു ഭൂമി! അതുവരെയില്ലാതിരുന്ന കുടുംബം എന്ന ഒരു സ്ഥാപനം (institution) ഭൂമിയിൽ പ്രോദ്ഘാടനം ചെയ്യപ്പെടുകയാണു്.
“ഇണചേർന്നിട്ടുണ്ടിരുവരുമാരോ-
ടെല്ലാം. എന്നാലിമ്മ-
ട്ടനുഭവമറിവായിട്ടില്ലല്ലോ
പോയ വയസ്സിന്നുള്ളിൽ!”
ഏകവ്യക്തിബന്ധിതമായ രതി, ഏകവ്യക്തികേന്ദ്രിതമായ ഉൽക്കണ്ഠയോ സാമൂഹ്യ സുരക്ഷിതത്വമോ ആണു്. ഇതാണു് സമൂഹ മനുഷ്യന്റെ, കുടുംബം എന്ന കെട്ടുറപ്പുള്ള സ്ഥാപനം സമാരംഭിക്കുന്ന കവിതാമുഹൂർത്തം! അതു് കവിതയിലെ ഒരു മഹനീയമുഹൂർത്തമെന്നതുപോലെ മാനവ ചരിത്രത്തിലെ തന്നെ കാവ്യാത്മകമായ (poetic) മുഹൂർത്തം കൂടിയാണു്.
“മാനവവംശ മഹാസംസ്കൃതികഥ-
മറ്റൊരു വികസിതരൂപം
പൂണുമനന്തര സർഗ്ഗാരംഭ-
പ്രോജ്ജ്വലഗാനം പോലെ”
ആണു് അതു്, എന്നാണു് കവിയുടെ പിഴയ്ക്കാത്ത വിലയിരുത്തൽ. മനുഷ്യസംസ്കൃതിക്കു് അതൊരു സർഗ്ഗ സമാരംഭം തന്നെയായിരുന്നു.
“കാമിനി ചൂണ്ടിക്കാട്ടി നീയാ-
ബ്ബാലാരുണനെപ്പോലെ!”
കാമി തുടർന്നു “നീയിപ്പുളയും
ചെന്താമരമലർ പോലെ!”
വാടാത്ത താമര വിരിഞ്ഞു കഴിഞ്ഞു! ഒപ്പം കെടാത്ത സൂര്യനും ഉദിച്ചു! വാടാത്ത സുഗന്ധവും അസ്തമിക്കാത്ത ദീപ്തിയും!
പ്രാകൃത മനുഷ്യന്റെ ഒട്ടേറെ കണ്ടുപിടുത്തങ്ങളെക്കുറിച്ചു പറയുന്നുണ്ടു് അക്കിത്തം കവിതയിൽ പലയിടത്തും. അവയെല്ലാം ഭൗതികമായ മനുഷ്യജീവിതം ആയാസരഹിതമാക്കുന്ന പ്രത്യക്ഷസഹായികളും ജീവിതത്തിൽ ഒന്നിലധികം വിധത്തിൽ പ്രയോജനപ്രദങ്ങളുമാണു്. കല്ലുളി, മരത്തോൽവസ്ത്രം, മണ്ണിൽ നിന്നു് ഇരുമ്പു്, പൊന്നു്, എന്നിവയാണു് ആ കണ്ടുപിടുത്തങ്ങൾ. പക്ഷേ, മനുഷ്യസംസ്ക്കാരത്തിൽ കുടുംബം എന്ന സ്ഥാപനത്തിന്റെ രൂപപ്പെടലാവട്ടെ (കണ്ടുപിടിത്തമാകട്ടെ) ഭൗതികതയ്ക്കുമപ്പുറം ഏറെ ആത്മീയമാണു്. ഭൗതികമായ നേട്ടങ്ങൾ മാത്രമായി, ആത്മീയോന്നമനമില്ലാതെ വളരുന്ന മനുഷ്യൻ സ്വാഭാവികമായും സംസ്കാരശൂന്യനാവുക മാത്രമല്ല; സമൂഹമനുഷ്യൻ ആവാതിരിക്കുകയും ചെയ്യുന്നു.
ഇടയ്ക്കു പറയട്ടെ, കവിതയിലൊരിടത്തു്, കാലമെന്ന പക്ഷി അതിന്റെ ഭീമാകാരവും വിസ്തൃതവുമായ ചിറകുകളുയർത്തി പറന്നു തുടങ്ങവേ, പ്രഭാതം വിടരുന്നു എന്നു പറയുന്നുണ്ടു് കവി. ആ പക്ഷി, ചിറകുകൾ താഴ്ത്തുമ്പോൾ രാവു പിറക്കുന്നു. മനോഹരമാണു് ഇങ്ങനെ വരിയൊക്കുന്ന അക്കിത്തത്തിന്റെ, കവിയുടെ മുഖ്യധാരയ്ക്കിടയിലെ ആ ഭാവന:
“ഇരുപുറമുദയാസ്തമയത്തൂവലു-
യർന്നാൽപ്പകലും താണാ-
ലിരവും വരുമാറക്ഷീണോൽബണ-
പക്ഷനിപാതം മൂലം.”
അനന്യമാണു് അക്കിത്തത്തിന്റെ കല്പന!
ഭൗതികസുഖത്തിനു് വേണ്ടി മാംസം തീയിൽ പാകം ചെയ്തും, തേനടയെടുത്തു ഭുജിച്ചും, പൈക്കളെപ്പോറ്റി പാൽ കറന്നെടുത്തു കുടിച്ചും ആദിമമനുഷ്യൻ മുന്നേറവേ അവരിലൊരുവനു് ഒരു ആത്മവ്യഥ തോന്നിയതു് ഇങ്ങനെയാണെന്നു പറയുന്നു അക്കിത്തം:
“പ്രകൃതിഭയാകുലനൊരുവനു തോന്നീ,
മൺപാത്രത്തെപ്പോലെ
പ്രകടവിഷാദാധീനം നശ്വര-
മാണീ മർത്ത്യശരീരം.”
വിഷാദം എന്ന, മൃഗ-പക്ഷി കുലങ്ങളിൽ പ്രകടമല്ലാത്ത ഒരു സ്ഥായിയായ ഭാവം മനുഷ്യനിലുണ്ടു്. ഒരു പക്ഷേ, ഈ ആത്മദുഃഖത്തെ വെല്ലാനായിരിക്കണം കലയും കൃഷിയും അവൻ കണ്ടു പിടിച്ചതു്.
“താഴ്‌വരയിൽപ്പടുകാടുകൾ കൊത്തി-
പ്പുഴയുടെ പച്ചപ്പള്ളം
താവളമാക്കി,ക്കൃഷി ചെയ്തും, ജല-
സേചിതമാം കൃഷി ചെയ്തും”
എന്നു് മനുഷ്യൻ കാർഷിവൃത്തിയിലേർപ്പെട്ടതിനെക്കുറിച്ചും,
“കലയുടെ ദിവ്യക്ഷേത്രമുയർന്നൂ,
ജീവിതചേതനയൊട്ടു-
ക്കലഘുതരദ്രുതതാളസ്വരവില-
യിതമായ് മാറുകയായീ.”
എന്നു് കലയുടെ സമാരംഭത്തെക്കുറിച്ചും കവി പറയുന്നു. അതുവരെ ഇല്ലാതിരുന്നതാണു് ഇതു രണ്ടും. സംസ്കൃതിയിലേക്കുള്ള ആദിമമനുഷ്യന്റെ ആദ്യചുവടുകൾ!
തുടക്കം മുതലേ കവിതയിലുള്ള, കവി തന്നെയായ ആഖ്യാതാവു്, കവിതയുടെ താരതമ്യേന ചെറുതായ അന്ത്യഖണ്ഡത്തിലും പ്രത്യക്ഷപ്പെടുന്നുണ്ടു്.
“ചായ തണുത്തേ പോയെ”ന്നുള്ളൊരു
കുണ്ഠിതമോടെന്നോമൽ-
പ്രേയസി നിൽപ്പൂ വാതിൽപ്പഴുതിൽ;
കുതിരുന്നൂ മമ നോട്ടം”
എന്നു പറഞ്ഞു കൊണ്ടു്.
‘താൻ’, ‘എൻ’ എന്നെല്ലാം പറഞ്ഞു കൊണ്ടു കവിതയിൽ പ്രത്യക്ഷപ്പെടുന്ന ആഖ്യാതാവു്, കവി തന്നെയാണെന്നു് കവിതയ്ക്കൊടുവിൽ വെളിപ്പെടുന്നു. കവിതയുടെ തുടക്കത്തിലും ഒടുക്കത്തിലും ഉള്ള ഈ ‘ഞാൻ’, പക്ഷേ, ആരാണു്? ആരാണു് കവി? ആരാണു് അക്കിത്തം? അക്കിത്തം—കവിതയിൽ, അക്കിത്തം എന്ന കവി അനാദികാലം മുതലുള്ള ഒരു വ്യക്തിയാണു്. ചിലപ്പോളയാൾ അമേറ്റിക്കരയിലെ അക്കിത്തത്തു മനയിലെ അച്യുതൻ നമ്പൂതിരി മാത്രമല്ലാതാകും കവിതയിൽ; വലിയ ജനപക്ഷത്തിനായി. കോടി വർഷങ്ങൾക്കു മുന്നിലെ മനുഷ്യസത്തയിലും ഈ ഞാൻ ഉണ്ടത്രേ! അല്ലെങ്കിൽ,
“ഹാ വിറച്ചു പറന്നകലുന്നു
ദേവി, നിന്നെ സ്മരിക്കവേ,
കോടി കോടി യുഗങ്ങളായെന്നിൽ-
ക്കൂടുകെട്ടിയ നോവുകൾ.”
എന്നു് ‘അനശ്വരന്റെ ഗാനം’ എന്ന കവിതയിൽ നൂറു വയസ്സു മാത്രം ആയുസ്സു കല്പിക്കപ്പെട്ട അക്കിത്തം എന്ന മനുഷ്യൻ പറയില്ലല്ലാേ! ദേശകാലാതീതനും ഭൗതിക ജീവിത സങ്കല്പാതീതനും കൂടിയാണു് അക്കിത്തം— കവിതയിലെ ആഖ്യാതാവായ കവി പലപ്പോഴും!
“ഇന്നു പുലർച്ചയ്ക്കെഴുനേറ്റപ്പോൾ
എന്നുടെ ഹൃദയം നിശ്ശബ്ദം”
എന്നു പറയുന്ന അക്കിത്തത്തിലെ കവിയോടു്, (‘ഇടിഞ്ഞു പൊളിഞ്ഞ ലോകം’) നിഷ്ക്കളങ്കമായി, “ഹൃദയമിടിപ്പു് നിലച്ചിട്ടും താനെങ്ങിനെ ഇപ്പോഴും ജീവിക്കുന്നു?” എന്നു ചോദിക്കാതിരിക്കാനുള്ള ഔചിത്യബോധമോ വിവേകമോ അക്കിത്തം—കവിതാവായനക്കാർക്കു് പ്രാഥമികമായി ഉണ്ടാവേണ്ടതുണ്ടു്!
അക്കിത്തം, കവിതയിൽ പറഞ്ഞ നോവു്, നൂതനത്വം, മാധുര്യം, സമാധി എല്ലാം സമഞ്ജസമായി ചേർത്തു വെച്ച കെട്ടുറപ്പുള്ള സാമൂഹ്യസ്ഥാപനമാണു് കുടുംബം. രാഷ്ട്രത്തിന്റെ തന്നെ ഏറ്റവും ചെറിയ യൂണിറ്റായി നിലകൊണ്ടു്, രാഷ്ട്രശക്തി തന്നെയാവാൻ കഴിവുള്ള സ്ഥാപനം. ചെറു ചെറു സംഘാതങ്ങളാൽ വലിയൊരു സമൂഹമാകാൻ കെല്പുള്ള സ്ഥാപനം! മനുഷ്യപുരോഗതിയ്ക്കു് കാലം നൽകിയ പുരസ്ക്കാരമോ വെളിപാടോ ആണു് കുടുംബം എന്ന സ്ഥാപനത്തിന്റെ തുടക്കം.
ദാമ്പത്യബന്ധത്തിലധിഷ്ഠിതമായ പുരുഷപ്രകൃതിപ്രണയം നിത്യനൂതനമാണെന്നും അതു് ദീപ്തിപ്രസാരകമാണെന്നും അക്കിത്തം പറയുന്നതു് ദാമ്പത്യം എന്ന ചിന്താപദ്ധതി ഭൂമിയിൽ ഉടലെടുക്കുന്നതായി വിവരിക്കുന്ന കവിതയുടെ സുദീർഘമായ ഒന്നാം ഖണ്ഡത്തിനൊടുവിലാണു്. ഇങ്ങിനെയാണാ വരികൾ:
“എന്നാലിന്നും നൂതനശോഭാ-
മഞ്ജുളമായേ കാണാ-
യെന്നുടെയന്തർന്നേത്രങ്ങൾക്കാ
രാഗകഥാമൃതമെന്തേ?”
ലോകത്തിനു് ദ്യുതി പ്രസരിപ്പിക്കുന്ന മനോഹരമായ ഒരു പുതിയ പ്രേമാമൃതം!
‘ചിരിവരുന്ന കാലം’ എന്ന കവിതയിലൂടെ, നിന്നു ചിരിക്കുന്ന, നിർത്താതെ ചിരിക്കുന്ന, ആർത്തു ചിരിക്കുന്ന ആഖ്യാതാവിന്റെ തന്നെ പുഷ്കലമായ ദാമ്പത്യം ഈയൊരു കവിതയ്ക്കു് പ്രചോദകമായിട്ടുണ്ടാവും എന്നു് കരുതാതിരിക്കാൻ ന്യായമില്ല. അല്ലെങ്കിൽ കവിതയ്ക്കൊടുവിൽ ചലച്ചിത്രത്തിലേതുപോലെ ആഖ്യാതാവിന്റെ പ്രേയസി, “ഈറനുടുപ്പു വിഴുക്കും മുമ്പേ”, “ചായ തണുത്തേ പോയെന്നുള്ളൊരു കുണ്ഠിതമോടെ,” ആഖ്യാതാവിനു മുന്നിൽ പ്രത്യക്ഷപ്പെടില്ലല്ലോ! ‘ദേവായന’ത്തിന്റെ സ്വീകരണമുറിയിൽ ഈ കവിതയ്ക്കോ, ‘ചിരി വരും കാലം’ എന്ന കവിതയ്ക്കോ ഉള്ള ഇല്ലസ്ട്രേഷനെന്ന മട്ടിൽ ഈ ദമ്പതികൾ മനസ്സറിഞ്ഞു ചിരിക്കുന്ന മനോഹരവും അത്യപൂർവ്വവുമായ ഒരു യഥാർത്ഥ ജീവിതചിത്രമുണ്ടു്. അതു വിളിച്ചു പറയും; ഒന്നല്ല നൂറു വട്ടം, കവിയുടെ ദാമ്പത്യം എന്തായിരുന്നെന്നു്; എങ്ങിനെയായിരുന്നെന്നു്! (യഥാർത്ഥ കവിത, ജീവിതത്തിനും, ജീവിതം തിരിച്ചു് കവിതയ്ക്കും, അങ്ങിനെ മായ്ക്കാൻ കഴിയാത്ത ചില ചിത്രങ്ങളും അടിക്കുറിപ്പുകളും സമ്മാനിക്കും!)
“അരാളതരംഗാലിംഗിതപങ്കജം, അപക്വാമിഷഫലജലഭുക്കുകൾ, ഇരുപുറയുദയാസ്തമയത്തൂവൽ, കാടിന്നത്യയപൂർവ്വതമസ്സ്, വിഭാതസ്നാനാർത്ഥിനിയാമായതലോചന, പുഷ്യദ്രാഗവിമഥിതകപോലം, അക്ഷീണോൽബണപക്ഷനിപാതം, മാനവവംശമഹാസംസ്കൃതികഥ, അലഘുതരദ്രുതതാളസ്വരവിലയിതം” എന്നിങ്ങനെ സ്വരൈക്യത്തോടെ, ഐകമത്യത്തോടെ, ചേരുംപടി ചേർന്ന പദസംയുക്ത ചാരുതകളുടെ ബഹുലത കൊണ്ടു കൂടി അക്കിത്തത്തിന്റെ ഈ കവിത, മറ്റു കവിതകളേക്കാൾ ശ്രദ്ധേയമാണു്. ഒരു കവി, തന്റെ സർഗ്ഗചേതന, വീറോടെ, ശ്രദ്ധാപൂർവ്വം ഒരു കവിതയിൽ ഇറക്കിവെച്ചതു പോലെ! വ്യാപകമായും സൂക്ഷ്മമായും വിശകലനവിധേയമായിട്ടില്ലെങ്കിൽപ്പോലും, തീർച്ചയായും, തന്റെ പ്രിയകവിതകളിലൊന്നായിത്തന്നെ അക്കിത്തം ഉൾപ്പെടുത്തിയിട്ടുണ്ടു് അനന്യമായ ഈ കവിതയെ!
തെളിച്ചു വെയ്ക്കപ്പെട്ടാൽ എന്നും പ്രകാശിക്കുന്ന വിളക്കാണു് ദാമ്പത്യത്തിന്റെ അടിസ്ഥാനമായ പുരുഷപ്രേമമെന്നും ഒരിക്കലും വാടാത്ത പൂവാണു് കുടുംബബന്ധങ്ങളിലെ പ്രകൃതിപ്രണയം എന്നും നിർണ്ണയിക്കാൻ സ്വജീവിതം തന്നെയാണു് അക്കിത്തം ഉദാഹരിക്കുന്നതു്. ചലച്ചിത്രങ്ങളിലെ ജംപ് കട്ട് എന്നതു പോലെ അതുവരെ വർണ്ണിച്ചതിൽ നിന്നു് വ്യത്യസ്തമായി കവിതയ്ക്കൊടുവിൽ ചേർത്തിരിക്കുന്ന ആത്മൈക്യപരമായ കവിതാഖണ്ഡത്തിൽ അതുവരെ പറഞ്ഞു പൊലിപ്പിച്ച ‘ശ്രേഷ്ഠസ്ഥാപന’ത്തിൽ അക്കിത്തം തന്നെത്തന്നെ കണ്ടെത്തുന്നു. താൻ തന്നെയായി വാപീതീരത്തു ചെന്നുനിന്നു് താമരയെ കണ്ടു് ആദികിരാതരുടെ കഥ പറഞ്ഞു തുടങ്ങിയ അക്കിത്തം കവിതയ്ക്കൊടുവിൽ ചെന്നു നിൽക്കുന്നു, സ്വയം സാക്ഷിയായി കാവ്യാഖ്യാതാവിന്റെ തന്നെ വളരെ പ്രത്യക്ഷമായ ഒരു വ്യക്തിജീവിതദൃശ്യത്തിലേയ്ക്കു്. വീട്ടിലേയ്ക്കു മടങ്ങി വരുന്ന തന്നെ പ്രതീക്ഷിച്ചു്, പടി വരെ നീളുന്ന ഉൽക്കണ്ഠവ്യഥയുമായി, കുളി കഴിഞ്ഞു്, ചായ ആറിപ്പോയല്ലോ എന്ന പരിഭവവുമായി കാത്തുനിൽക്കുന്ന പ്രേയസിയെ ആണു് ഈ കവിതാഖണ്ഡം ദൃശ്യപ്പെടുത്തുന്നതു്. “ചായ തണുത്തേ പോയെന്നുള്ളൊരു കുണ്ഠിതം” പുരുഷപരിചരണത്തിലെ പ്രകൃതിയുടെ ഉൽക്കണ്ഠയുടെ ദൃഷ്ടാന്തമാണു് കവിതയിൽ. പരസ്പരം ഉണ്ടാവേണ്ട ഒരു ഉത്ക്കണ്ഠ (concern)! പ്രിയം സൂചിപ്പിക്കുന്ന ഒരു സൂചനയും ഭാര്യ എന്നോ പത്നി എന്നോ ഉള്ള വാക്കു് ഉള്ളടക്കി വെയ്ക്കാത്തതുകൊണ്ടായിരിക്കണം തനിക്കു് കൂടുതൽ ഉൾപ്രിയമാർന്ന ‘പ്രേയസി’ എന്ന വാക്കു് കവിതയിൽ വിന്യസിച്ചു കൊണ്ടു്,
“ചായ തണുത്തേ പോയെ”ന്നുള്ളൊരു
കുണ്ഠിതമോടെന്നോമൽ-
പ്രേയസി നിൽപ്പൂ വാതിൽപ്പഴുതിൽ;
കുതിരുന്നൂ മമ നോട്ടം”
എന്നു കവി പറയുന്നതു്. അക്കിത്തം അതുവരെ വിസ്തരിച്ചു പറഞ്ഞു വന്ന മനുഷ്യവംശ—“ചരിത്രത്തിലെ ചാരുദൃശ്യം” ആണിതു്. ആഖ്യാതാവിൽപ്പൊതിഞ്ഞ സ്വാനുഭവപരമായ ആത്മസത്തയുടെ അനാച്ഛാദനമല്ലാതെ മറ്റൊന്നു കാണിച്ചു തരാനില്ല കവിക്കു്, താനതുവരെ പറഞ്ഞുറപ്പിക്കാൻ ശ്രമിച്ച ആശയത്തിനെ ഒന്നു കൂടി അടിവരയിട്ടുറപ്പിക്കാൻ! മാത്രമല്ല, അതു് നിത്യഭാസുരവും നിത്യനൂതനവുമാണെന്നു കൂടി കവി ഇങ്ങനെ പറയും:
“എന്നാലിന്നും നൂതനശോഭാ-
മഞ്ജുളമായേ കാണാ-
യെന്നുടെയന്തർന്നേത്രങ്ങൾക്കാ
രാഗകഥാമൃതമെന്തേ?”
മൊട്ടിട്ടു വിരിഞ്ഞാൽ, സ്വയംപ്രകാശിച്ചാൽ ചിരകാലം പരസ്പരാകർഷണീയതയും പരസ്പരാശ്രിതത്വവും മുറ്റുന്നതാണു് പുരുഷപ്രകൃതി പ്രണയം എന്ന തിരിച്ചറിവു കൂടി, വിലോലമായ ആ നിമിഷം കവിയ്ക്കു സമ്മാനിക്കുന്നു. ഉപമാലങ്കാരികത ചേർത്തു പറഞ്ഞാൽ ‘പാലിൽ നീരെന്ന പോലെ’ പരസ്പരം ലയിച്ചുചേർന്നതായിരുന്നല്ലോ കവിയുടെ തന്നെ ദാമ്പത്യം! അപരാനുഭവത്തേക്കാൾ എന്തുകൊണ്ടും വലുതു തന്നെയാണു്, ഏതു കവിക്കും തന്നിൽത്തന്നെ പ്രത്യക്ഷമായി വെളിപാടുയർത്തിയ ആത്മാനുഭവം!
കാലം എത്ര മുന്നോട്ടു പോയാലും, മർത്ത്യപ്രേമം നൂതനമാണു്. കുടുംബബന്ധത്തിലധിഷ്ഠിതമായി (കുടുംബബന്ധിതത്വത്തിലധിഷ്ഠിതമായി), അതു് സമൂഹത്തിന്റെ കെട്ടുറപ്പു് എന്ന ആധുനിക മനുഷ്യൻ വിഭാവനം ചെയ്യുന്ന സുരക്ഷയോ ഗ്യാരന്റിയോ ആണതു് ലക്ഷ്യം വെയ്ക്കുന്നതു് എന്നതിനെ പ്രതി അക്കിത്തത്തിനു് യാതൊരു സംശയവുമില്ല. മാനവപുരോഗതിയുടെ ഏതു് ചരിത്രമുഹൂർത്തത്തിലാണോ ഏകവ്യക്തികേന്ദ്രിതമായ പ്രണയവും രതിയും (one to one relationship of male and female-monogamy) ഉടലെടുത്തതു്, മനുഷ്യതതിയുടെ ആ സാമൂഹ്യസുരക്ഷ, ഒരു പക്ഷേ, മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ച ചക്രമോ വൈദ്യുതിയോ പോലുള്ള മനുഷ്യ പരിവർത്തനപരമായ (human transition) ഏതു കണ്ടുപിടുത്തത്തേക്കാളും, ഏതു പുരോഗമനത്വത്തേക്കാളും അമൂല്യവും പ്രിയങ്കരവുമാണു് തനിക്കെന്നു പറയും അക്കിത്തം എന്ന ഹ്യൂമനിസ്റ്റ്. ലോകത്തെവിടെയുമുള്ള മനുഷ്യസമൂഹങ്ങൾക്കു് ‘കരതലാമലക’മാകേണ്ട, അപ്രതിരോധ്യമായ, ഇന്നും പ്രസക്തമായ സാമൂഹ്യമൂല്യം!
ഇപ്പോഴെന്തു സാംഗത്യം അക്കിത്തത്തിന്റെ ഈ കവിതയുടെ കുടുംബവാദത്തിനെന്നു ചോദിച്ചാൽ, സഹജീവനം (co-living), ബഹുഭാര്യത്വം (polygamy) ബഹുഭർത്തൃത്വം (polyandry) എന്നിങ്ങനെ വ്യവസ്ഥകളില്ലാതെ കൊണ്ടാടപ്പെടുന്ന അനഭികാമ്യവും ശിഥിലവുമായ പാശ്ചാത്യമായ ജീവിതചര്യകളിലേയ്ക്കു് അറിയാതെ അതു കണ്ണയച്ചു് ചില സംശയങ്ങളുന്നയിക്കുന്നില്ലേ എന്ന മറുചോദ്യമുയർത്തുകയേ നിർവ്വാഹമുള്ളൂ.
പൂർണ്ണത തേടാനുഴറുന്ന മർത്ത്യജീവനു്, ജൈവമായ ആലക്തികത (bio luminescence) പ്രദാനം ചെയ്യുന്ന ആത്മസാക്ഷാത്ക്കാരത്തിലധിഷ്ഠിതമായ മഹത്വമാണതെന്നു പറഞ്ഞു കൊണ്ടു് ഇങ്ങനെ വിശിഷ്ടമായ തന്റെ കവിതയ്ക്കടിവരയിടുന്നു അക്കിത്തം:
“അറിവൂ ഞാനാദ്ദുർബ്ബലനിമിഷാ-
ഘാതം മൂലം പൊൽത്താ-
രരുണന്മാരേ നിങ്ങടെ രാഗം
നിത്യാകർഷകമത്രേ,
പൂർണ്ണത പൂണാനുഴറി യുഗങ്ങളി-
ലൂടെയൊലിക്കും മർത്ത്യ-
പ്രാണനിലാലക്തികമാം ദിവ്യ-
മഹത്വം നിലതിൽപ്പോളം.”
“ദ്യൗ അഹം, പൃഥിവീ ത്വം” (ഞാൻ ആകാശവും നീ ഭൂമിയുമാണു്) എന്ന വൈദികമന്ത്രം അക്കിത്തം വേദപഠനത്തിൽ മാത്രമല്ല, വേളിമുഹൂർത്തത്തിലും അറിഞ്ഞിരിക്കുമല്ലോ. വ്യോമവും പൃത്ഥ്വിയും തമ്മിലുള്ള സമ്മാനിതമായ ഒരു വിനിമയത്തെ അക്കിത്തം അച്യുതൻ നമ്പൂതിരി കവിതയിലേയ്ക്കാനയിക്കുകയും സമർത്ഥമായി അന്വയിക്കുകയും ചെയ്യുമ്പോൾ, ആകാശത്തെ പ്രതിനിധാനം ചെയ്തു് പുരുഷൻ സൂര്യനും, ഭൂമിയെ പ്രതിനിധാനം ചെയ്തു് സ്ത്രീ താമരയുമായി മാറി എന്ന വ്യത്യാസം മാത്രമേയുള്ളൂ!
പ്രാകൃതരായ ആദിപുരാതനർ കല്ലുകളുരസി തീയുണ്ടാക്കുന്നതും കൻമഴു എന്ന ടൂൾ കണ്ടുപിടിക്കുന്നതും അക്കിത്തം കവിതയിൽ ഒരിടത്തു വിശദീകരിക്കുന്നുണ്ടു്. ഭൗതികനേട്ടങ്ങൾക്കായുള്ള ഇത്തരം കണ്ടുപിടുത്തങ്ങളോടൊപ്പം തന്നെ, കുടുംബം എന്ന സ്ഥാപനത്തിന്റെ സംസ്ഥാപനത്തിലൂടെ ആത്മീയവും സാമൂഹികവുമായ ഒരു നേട്ടം മനുഷ്യൻ കൈവരിക്കുന്നതു് അനുഭാവപൂർവ്വവും അഭിനന്ദനപൂർവ്വവും ആണു് അക്കിത്തം വിവരിക്കുന്നതു്.
മനുഷ്യസ്വാർത്ഥതയുടെ ബഹിർസ്ഫുരണമെന്നോണം അവഗണിക്കേണ്ടതല്ലാത്ത ചില ലോകയാഥാർത്ഥ്യങ്ങൾ കൂടി അക്കിത്തം കവിതയിൽ ഇടയ്ക്കു പറയുന്നുണ്ടു്.
“അതിരുകൾ വീണു ഭൂമിക്കമൃതക-
രാഭയിലവിടെപ്പെയ്തൂ
കഠിനസ്മിതമസിതാസിത്തുമ്പുകൾ…”
അതിർത്തികളില്ലാതിരുന്ന ഭൂമിയിൽ അതിരുകൾ വന്നു. അതിന്റെ തുടർച്ചയായി പ്രവിശ്യകളുടെ നിയന്ത്രണത്തിനും, കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാനുമായി മനുഷ്യന്റെ ഉദ്യമങ്ങൾ. ഒപ്പം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ഭരിക്കുന്ന, അവന്റെ ജീവിതത്തെത്തന്നെ നിയന്ത്രിക്കുന്ന അധികാരം എന്ന നിയന്ത്രണ ശക്തിയും കടന്നു വരുന്നു. ഈ അധികാരം അഥവാ ഭരണം തന്നെയാണു് ഭൂമിയെ കലുഷിതമാക്കുന്നതു് എന്നാണു് അക്കിത്തത്തിന്റെ കണ്ടെത്തൽ! വെട്ടിപ്പിടിച്ചു്, കൂടുതൽ കൂടുതൽ പ്രവിശ്യകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണാധികാരിയുടെ വെമ്പൽ ഭൂമിയെ രണപങ്കിലമാക്കുന്നു.
“അതിരുകളെപ്പലർ വന്നു തിരുത്തീ
ജനരുധിരങ്ങളിൽ മുങ്ങി-
ക്കുതിരും ചെങ്കോലുകളാൽ-
ക്കലുഷിതമായീ ഭൂമി.”
എന്നു് കവിവാക്യം. ലോകമെമ്പാടും മനുഷ്യരക്തത്തിൽ മുങ്ങിയ ചെങ്കോലുകൾ കൊണ്ടു് കലുഷിതമാകുന്ന ഭൂമി! രാജാധിപത്യമോ ഭരണമാർഗ്ഗങ്ങളിൽ നൂതനമെന്നു നാം കരുതുന്ന ജനാധിപത്യമോ; ശാസനമേതുമാകട്ടെ; അതിന്റെ ലക്ഷ്യവ്യതിചലനത്താലും, അധികാര സ്വാർത്ഥതകളാലും ദയാരാഹിത്യത്താലും, ജനവിരുദ്ധതയാലും ഭൂമിയെ രക്തരൂഷിതവും കലുഷിതവുമാക്കുന്നുണ്ടു് എന്നു തന്നെയാണു് ഉറച്ച കവിമതം.
“അഞ്ചു കൊല്ലത്തേയ്ക്കു
ചോറ്റിൽ പൂഴിവാരിയിടേണ്ടവൻ
ആരെന്നു നിർണ്ണയിക്കട്ടേ
വോട്ടിന്റെ കവടിക്രിയ!”
എന്നും, (കാലഹൃദയം—മാനസപൂജ)
“എല്ലാവരും വിചാരിപ്പ-
തൊന്നാണി,പ്പാർ ഭരിക്കുവാൻ
ഞാനായാലേ നേരെയാവൂ
മറ്റാർക്കുണ്ടിത്ര വൈഭവം?”
എന്നും (‘പത്രവായന നിർത്തണോ?’—സ്പർശമണികൾ)
“ഓരോ മാതിരി ചായം മുക്കിയ
കീറത്തുണിയുടെ വേദാന്തം”
എന്നും (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) ഉള്ള കവിവചനങ്ങൾ അരാഷ്ട്രീയതയല്ല; കവിയുടെയും, കവിതയുടെയും രാഷ്ട്രീയം തന്നെയാണു് ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്നതു്.
“രാഷ്ട്രീയ പാർട്ടിയ്ക്കായിട്ടുഴിഞ്ഞിട്ടല്ലോ ഗന്ധം
പാറ്റിയിത്തെരുതോറും തനതാം കൊറ്റന്മാരേ”
എന്ന ഇടശ്ശേരിയൻ ചിന്താഗതിയിൽ നിന്നു് അക്കിത്തവും വിമുക്തി നേടിയിരുന്നില്ല എന്നു വേണം കരുതാൻ. (ധന്യവാദം—അന്തിത്തിരി)
ദയാരാഹിത്യം കൊണ്ടു മാത്രമല്ല; പാർട്ടിക്കകത്തും പുറത്തുമുള്ള ഹിംസകൊണ്ടു പോലും രാഷ്ട്രീയസംഘടനകൾ തങ്ങളുടെ രാഷ്ട്രീയമായ ശരികൾ (political correctness) ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ, കവി അരാഷ്ട്രീയനാവുകയല്ല (apolitical); തന്റെ കവിതയുടെ രാഷ്ട്രീയമോ ജനപക്ഷമോ ഉറക്കെ പ്രഖ്യാപിക്കുകയാണു് കവിതയിലൂടെ ചെയ്യുന്നതു്. അതു തന്നെയല്ലേ ശരിയായ കവിധർമ്മവും? ജനാധിപത്യം പോലും ജനവിരുദ്ധമായിത്തീരുന്ന വൈപരീത്യം കൺമുന്നിൽ ദൃഷ്ടാന്തമാകുമ്പോൾ, കവി മാത്രം എങ്ങനെ മറിച്ചു ചിന്തിക്കും? കൊല്ലരുതെന്നു പറഞ്ഞതിനാണല്ലോ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തെ മുൻനിർത്തി കവി വിമർശിക്കപ്പെട്ടതു്! കൊല്ലലിനെ ഭൂരിപക്ഷക്ഷേമമെന്നും സംഘടനാബലമെന്നും ഉള്ള വ്യാജങ്ങളാൽ അനുകൂലിക്കുന്നവർക്കാകട്ടെ, അവർ ചെയ്ത തെറ്റു്, ശരിയിൽ നിന്നു് ഇന്നും വേർതിരിഞ്ഞു കിട്ടിയിട്ടുമില്ല! കിട്ടാനിടയുണ്ടോ എന്നു പോലും അറിയുകയുമില്ല. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിനു ശേഷം തന്നെയാണു് അതിന്റെ വിദൂരമായ അനുരണനങ്ങൾ കൊണ്ടു കൂടി മുഖരിതമായ, “ചെങ്കോലുകളാൽ കലുഷിതമായീ ഭൂമി” എന്നു് അക്കിത്തം ഉറപ്പിച്ചു പറയുന്ന, ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എഴുതപ്പെടുന്നതു് !
ലോകത്തിന്റെയോ സമൂഹത്തിന്റെയോ എല്ലാ വ്യാധികൾക്കുമുള്ള സർവ്വരോഗസംഹാരി (panacea) ആവുന്നില്ലെങ്കിലും, കവിത എന്ന ഭേഷജം മനുഷ്യസങ്കടങ്ങൾക്കും സമൂഹസമസ്യകൾക്കും അനുഭാവപൂർവ്വം ചിലപ്പോഴെല്ലാം ആശ്വാസവചസ്സുകൾ പൊഴിയ്ക്കുകയോ കുറിപ്പടികൾ നിർദ്ദേശിക്കുകകയോ ചെയ്യാറുണ്ടു്. മാറുന്ന, ക്രമരഹിതമായ നവലോകം, അവധാനതയോടെ, വിവേകപൂർവ്വം തിരിച്ചു പിടിക്കേണ്ടുന്ന കുടുംബം എന്ന സാമൂഹ്യ,രാഷ്ട്രസുരക്ഷിതത്വം എന്നതു് ഒരു പഴഞ്ചൻ മൂല്യമേ അല്ല; നവവിവേകം തന്നെയാണു് എന്ന ഉറപ്പിക്കലിന്റെ വാടുകയോ അണയുകയോ ചെയ്യാത്ത ശശ്വത്പ്രസക്തിയാകാം ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എന്ന അക്കിത്തം-കവിത, ഇപ്പോഴും, എപ്പോഴും മുന്നോട്ടു വെയ്ക്കുന്നതു്! പുതിയ കാലവും, ഏറ്റവും പുതിയ ലോകക്രമവും, നവസാമൂഹികതയും, അക്കിത്തം പറഞ്ഞുവെച്ചതിന്റെ അനുബന്ധമായിത്തന്നെയാണു്, കുടുംബം എന്ന കൂട്ടായ്മ, അന്തഃഛിദ്രങ്ങളും (inner conflicts), ആൺമേൽക്കോയ്മയും (male domination) പാടേ ഒഴിവാക്കി കൂടുതൽ വളർച്ച പ്രാപിച്ചു്, ഒരു ജനാധിപത്യസ്ഥാപനം (democratic institution) കൂടി ആകണം എന്ന നവചിന്ത അതോടു ചേർത്തു വെയ്ക്കുന്നതു്!
തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.