(‘കാളീനൃത്തം’ എന്ന കവിതയിലൂടെ ബാലാമണിയമ്മ പറയാൻ ശ്രമിയ്ക്കുന്ന ‘കുറ്റവാളിയ്ക്കും പ്രാപഞ്ചികനീതി’ എന്ന തത്ത്വശാസ്ത്രത്തിന്റെ വിശകലനം.)
അസമങ്ങളായി നിലകൊള്ളുന്ന നീതിത്തുലാസിന്റെ തട്ടുകളെക്കുറിച്ചു് എക്കാലവും കവികൾ ആകുലരും അസന്തുഷ്ടരുമായിരുന്നിട്ടുണ്ടു്. മനുഷ്യനീതിയെക്കുറിച്ചു മാത്രമല്ല അതു് ആധി പൂണ്ടതു്. പ്രകൃതിയിൽ നിന്നോ, ദൈവസങ്കല്പങ്ങളായി ആരാധിക്കുന്ന മൂർത്തികളിൽ നിന്നോ ഉള്ള നീതിനിഷേധത്തിനുവരെ കവികൾ അവരുമായി നേർക്കുനേർ നിന്നിട്ടുണ്ടു്. നീതി, മാനുഷികം മാത്രമായ ഒന്നല്ലെന്നും അതു് പക്ഷിമൃഗാദികളും പുല്ലും പുഴുവുമടങ്ങുന്ന ചരാചരബന്ധിതമാണു് എന്നുമുള്ള വിശാലമായ പ്രാപഞ്ചിക നീതിബോധമാണു് എപ്പോഴും കവികളെ നയിച്ചതു്. ഇടശ്ശേരിയെപ്പോലുള്ള കവികൾ ദൈവസ്വരൂപിയായ ഒരുവളോടു് പോലും,
“അന്നു മുതൽക്കെങ്ങളുടെ
ദുർന്നയത്തിൻ നേരെ
പൊങ്ങിയാലും നിൻ കൊടുവാൾ
നിന്നിലേ പതിപ്പൂ”
എന്നു പോലും അവരുടെ നീതികേടിനെതിരെ ശാപവചസ്സുകളുച്ചരിക്കുന്നുണ്ടു്. നീതിബോധത്തിലധിഷ്ഠിതമായ കവിയുടെ സ്ഥൈര്യവും വെളിപാടുമാണതു്. മനുഷ്യനൊരു നീതി, മൃഗപക്ഷിപ്രകൃതികൾക്കു് മറ്റൊന്നു് എന്ന നില അവർക്കു സ്വീകാര്യവുമായിരുന്നില്ല.
നന്മതിന്മകളുടെയും, സത്യാസത്യങ്ങളുടേയും, ന്യായാന്യായങ്ങളുടെയും വിരുദ്ധദ്വന്ദ്വങ്ങൾ (binary opposites) എക്കാലവും അങ്ങിനെ തന്നെ ആയിരിക്കുമെന്നു് വിചാരിക്കാനാവുമോ? തിന്മയിൽ ചില നന്മകളും, അസത്യത്തിൽ സത്യത്തിന്റെ നേർത്ത കണികകളും, അന്യായത്തിൽ ചില ന്യായങ്ങളും കുടിയിരുപ്പുണ്ടാകാം. അങ്ങിനെ പരസ്പരം മാറിപ്പോയേയ്ക്കാവുന്ന ചില ഗുണദോഷവിശേഷങ്ങൾ (attributes) ഈ വിരുദ്ധദ്വന്ദ്വങ്ങളിൽത്തന്നെ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടില്ലേ? ഈയൊരു വിചാരം മനസ്സിൽ വെച്ചു കൊണ്ടുതന്നെ വേണം ബാലാമണിയമ്മ 1974-ൽ എഴുതിയ ‘കാളീനൃത്തം’ എന്ന കവിതയെ സമീപിക്കാൻ.
കാളി, ദുർഗ്ഗ എന്നീ പേരുകളിലറിയപ്പെടുന്ന ദേവി സംഹാരരൂപിണിയാണു്. ശിവപത്നിയായ പാർവതിയുടെ താമസികരൂപമായാണു് കാളി അറിയപ്പെടുന്നതു്. നിഗ്രഹോത്സുകങ്ങളായ ഖഡ്ഗ, ത്രിശൂലാദി ആയുധങ്ങളാണു് കാളീഹസ്തങ്ങളിൽ. (“എനിയ്ക്കെടുക്കാനായുധമനവധി” എന്നു് കവിതയിലെ കാളിയും തന്റെ ആയുധസഞ്ചയത്തെ പ്രതി ഗർവ്വിഷ്ഠയാവുന്നുണ്ടു്). നിഗ്രഹിക്കപ്പെട്ടവരുടെ കപാലാസ്ഥിമാലകളത്രേ അവളുടെ ഗളഭൂഷകൾ. രൗദ്രരൂപനായ ശിവന്റെ കണ്ണിൽ നിന്നാണവളുടെ ജനനമെന്നും കരുതപ്പെടുന്നു. ദുർഗ്ഗമങ്ങളായ വനപർവ്വതങ്ങളിലാണവളുടെ സഞ്ചാരം. ദുഷ്ടനിഗ്രഹമാണവളുടെ ദൗത്യം. തിന്മകളെ ഇല്ലായ്മ ചെയ്തു് ഭദ്രമായ കാലത്തിലേയ്ക്കു നയിക്കുന്നവളാണു് ഭദ്രകാളി. ദക്ഷയാഗത്തിൽ സതീദേഹത്യാഗത്തിൽ കുപിതനായ ശിവന്‍ ജട പിഴുതു നിലത്തടിച്ചപ്പോൾ ദക്ഷനെ എതിരിടാന്‍ ഭൈരവനോടോപ്പം ഭദ്രകാളിയും പിറകൊണ്ടു എന്നും പറയപ്പെടുന്നു. കാളിയുടെ പിറവി തന്നെ, ദുഷ്ടനിഗ്രഹത്തിനും ധർമ്മപാലനത്തിനുമാണു്.
മറ്റു പല പൂർവ്വ കവികളും ചെയ്തതു പോലെ മഹിതവും സമ്പന്നവുമായ ക്ലാസിക്കൽ ഇന്ത്യൻ മിത്തോളജിയുടെ ആന്തരഫലശ്രുതികൾ സമകാലികതയിലേയ്ക്കു് സന്നിവേശിപ്പിച്ചു് ധർമ്മാധർമ്മങ്ങളെ വിചാരണ ചെയ്യാൻ ബാലാമണിയമ്മയും തുനിയുന്നു, ‘കാളീനൃത്തം’ എന്ന, വരികൾക്കിടയിലൂടെ വായിക്കാൻ ഏറെയുള്ള കവിതയിലൂടെ.
“പിഴച്ചമർത്ത്യപ്രജകളിലൻപ-
റ്റഴിച്ചു വിട്ടേനുൾക്രോധം”
എന്നുപറഞ്ഞു കൊണ്ടാണു് കവിത തുടങ്ങുന്നതു്. പിറവിയിലേ ലഭിച്ച ദുഷ്ടനിഗ്രഹവും ധർമ്മപാലനവുമാണു് തന്റെ ദൗത്യമെന്നു് അടിയുറച്ചുവിശ്വസിക്കുന്ന ഒരു ദേവത, തിന്മയെ ഉച്ചാടനം ചെയ്യാനുള്ള തന്റെ കർമ്മക്ഷേത്രത്തിലേക്കിറങ്ങുകയാണു്.
“മനുഷ്യകോടിയിലാസുരമൂർത്തികൾ
മദിച്ചു പോർവിളി കൂട്ടുന്നു”
എന്ന അക്ഷന്തവ്യമായ അപരാധമാണു് ദേവിയെ തന്റെ കർമ്മദൗത്യത്തിനിറങ്ങാൻ പ്രേരിപ്പിക്കുന്നതു്.
ദുഷ്ടശക്തികളുടെ മനസ്സും ശരീരവും ഇല്ലാതാക്കലാണു് തന്റെ ദൗത്യം. (പക്ഷേ, ഈ ദൗത്യത്തിനു് തന്നെ നിയോഗിച്ചതാരാണു്? എന്താണു് അതിനു തന്റെ യോഗ്യത? (competance). മനുഷ്യകർമ്മങ്ങളിലെ ശരിതെറ്റുകൾ ആപേക്ഷികമാകുമ്പോൾ, അതു് എവ്വിധം വേർതിരിച്ചെടുക്കും? പാപിയും ദയ അർഹിക്കുന്നില്ലേ?)
“മനസ്സിലുയിരിൽത്തനുവിലുമെൻ മു-
മ്മുനക്കൊടും വേലാഞ്ഞേൽക്കെ”
എന്നാണു് തുടർന്നു വരുന്ന വരികൾ! ത്രിശൂലത്തിന്റെ ഉദ്ദേശ്യദൗത്യം കവി വ്യക്തമാക്കപ്പെടുകയാണിവിടെ. അങ്ങിനെ ദുഷ്ടരെ സംഹരിച്ചു മുന്നേറുമ്പോൾ ‘നിറുത്തുക’ എന്ന ഒരൊറ്റ ആജ്ഞ കൊണ്ടു് ആരാണു് തന്റെ ലക്ഷ്യത്തിനു തടസ്സം നിൽക്കുന്നതു്? ആരാണു് തന്റെ കർമ്മത്തിന്റെയും മേലധികാരി? കാലുകൾ ചലിക്കാതാവുന്നു. ക്രുദ്ധമായ മനസ്സിൽ സാവധാനം ആരോ നിലാവു പടർത്തുന്നു. എന്തു്? താഴെ വീണുകിടക്കുന്നതു് സകലാന്തസ്ഥനായ സദാശിവൻ തന്നെയോ? ഞാനങ്ങേക്കാണോ മുറിവേല്പിച്ചതു്? പശ്ചാത്താപഭരിതയാകുന്നു കാളി. ആയുധമേന്തിയവളുടെ കൈകളിൽ നിന്നു്, ചൂടു് തെല്ലുമേ ഇല്ലാത്ത വെളിച്ചം പൊഴിയുന്നു.
“വരാഭയപ്രദഹസ്തങ്ങളിൽ മേ
നിരാതപദ്യുതി വീശുകയായ്”
എന്നു് കവിവാക്യം. ഒരു മിന്നാമിനുങ്ങിൽ നിന്നു് അനവദ്യം ഉരുവം കൊള്ളുന്ന ജൈവദീപ്തി പോലെ കളങ്കമറ്റ ഒരു ജൈവപ്രഭ!
ചൂടില്ലാത്ത വെളിച്ചമെന്നതു് കവിയുടെ ഒരു പ്രിയ സങ്കല്പനമാണു്.
(“വെളിച്ചം ചൂടേകാത്ത മംഗള മുഹൂർത്തത്തിൽ
കളിക്കാനുന്നും കർമ്മവാസനാങ്കുരങ്ങളെ”
എന്നു് അവർ അൻപിയലയുന്നു കുട്ടികളോടു് ‘വിദ്യാലയത്തിന്റെ വിളി’ എന്ന കവിതയിൽ!)
കവിതയുടെ തുടക്കത്തിൽ, ‘അൻപറ്റ് ക്രോധം അഴിച്ചുവിട്ടവൾ’, ‘രൗദ്രത മറഞ്ഞ വദനവുമായി’ ‘പശ്ചാത്താപം ഉറന്ന കണ്ണുക’ളോടെ ശത്രുവിനു മുന്നിൽ തന്റെ ഗർവ്വു പൊറുക്കുക എന്നു് അപേക്ഷിച്ചു നിൽക്കുന്നു.
ഇവിടെ, അതുവരെയുള്ള സ്വാഭാവികത വെടിഞ്ഞു്, ബാലാമണിയമ്മയുടെ കവിത, അസാധാരണവും ഉത്കൃഷ്ടവുമായ ഒരു വിതാനത്തിലേയ്ക്കു് സ്വയം ഉയർത്തപ്പെടുന്നു. ശത്രുവിനോടുള്ള അപരകാരുണികത്വം എന്ന മാനുഷികവും ദൈവികവും മനോജ്ഞവുമായ ഒരു കൈവല്യം ബാലാമണിയമ്മയുടെ കവിതയ്ക്കു് കൈവരുന്നു. വൈലോപ്പിള്ളിയുടെ വരികൾ കടമെടുത്തു പറഞ്ഞാൽ, ‘നിഗ്രഹോത്സുകമായ ചിത്തം’, ‘സ്നേഹവ്യഗ്ര’മാകുന്നു! യേശുവിലും ബുദ്ധനിലുമെല്ലാം കൂടികൊണ്ടിരുന്ന സകലമർത്ത്യപ്രേമം എന്ന ഉദാത്തമായ മനുഷ്യപക്ഷമുദ്ര ബാലാമണിയമ്മക്കവിതയ്ക്കും കൈവരുന്നു. ബാലാമണിയമ്മ തന്നെയും, ‘മഴുവിന്റെ കഥ’യിൽ
“അടങ്ങി ക്രമാൽ ജയാഹംകൃതി, നിഹതനാ- മരിയിൽക്കണ്ടേൻ മുറ്റുമീശ്വരമഹത്വത്തെ.”
എന്നു് ശത്രുവിൽപ്പോലും ഈശ്വരമഹത്വത്തെ കാണുന്നതിനെക്കുറിച്ചു നേരത്തേ തന്നെ പറയുന്നുമുണ്ടു്.
“ഇതാ നിലത്തെൻ മറുമെയ്യാകും
സദാശിവൻ സകലാന്തസ്ഥൻ”
എന്ന ‘കാളീനൃത്ത’ത്തിലെ വരികൾ ചിന്തോദ്ദീപകമാണു്. പാർവ്വതിയുടെ അപരരൂപമാണു് കാളി. വിരാമമില്ലാത്ത, വിവേചനമില്ലാത്ത നിഗ്രഹപരമ്പരകൾക്കൊടുവിൽ അവളുടെ സംഹാരസന്നദ്ധമായ ‘മുമ്മുനക്കൊടും വേൽ’ ചെന്നു തറയ്ക്കാനുന്നി നിൽക്കുന്നതു് തന്റെ തന്നെ മറുമെയ്യായ ശൈവചേതസ്സിലാണു്. ശിവൻ തന്റെ സ്രഷ്ടാവു് കൂടിയാണു്. ജനനം നൽകിയവന്റെ വധോദ്യമത്തിലേയ്ക്കു തന്നെ തന്റെ ക്രൗര്യം ആയുധമേന്തി നിന്നല്ലോ എന്നതാണു് കാളിയുടെ പശ്ചാത്താപഹേതു. ഉറ്റവനെപ്രതിയുള്ള ഈ അനഭിലഷണീയതയാണു് അവളെ ആർദ്രചേതസ്സാക്കി ആയുധം വെടിഞ്ഞു് സ്നേഹദീപങ്ങൾ കൊളുത്തി വെയ്ക്കാൻ ഉദ്വിക്തയാക്കുന്നതു്. ഭൂമിയിലെ മറ്റൊരു മനുഷ്യനെ ദേവി സോദരനായി കണ്ടതാവാനും ഇട നൽകുന്നു കവി അപരൻ എന്നർത്ഥം ലഭിയ്ക്കുന്ന ‘മറുമെയ്’ എന്ന വാക്കിലൂടെ.
“പരുക്കണച്ചതു ഞാനവിടേയ്ക്കോ
പൊറുക്ക ഗർവ്വിതു ശാന്താത്മൻ”
എന്ന ശിക്ഷകന്റെ ഒരു തിരിച്ചറിവുകൂടി ബാലാമണിയമ്മ കവിതയിലേക്കു കൊണ്ടുവരുന്നുണ്ടു്. തന്റെ അഹങ്കാരം വിഹായസ്സിലേയ്ക്കു് പാറിച്ചുകളഞ്ഞു്, ‘ശാന്താത്മൻ’ എന്നു് ശത്രുവിനെ വിശേഷിപ്പിക്കുന്നു കവി! ഗർവ്വു് എന്ന ഒറ്റ വാക്കിനാല്‍ കൂടി പ്രഭാവിതമാണു് ഈ രണ്ടു വരികൾ. അധികാരകേന്ദ്രങ്ങളാകട്ടെ, നീതിപീഠങ്ങളാകട്ടെ, ശിക്ഷിതന്റെ, ശിക്ഷയ്ക്കുള്ള സകല അർഹതയും നിലനിൽക്കെത്തന്നെ, ശിക്ഷയോടൊപ്പം അതോടുകൂടി ശിക്ഷകർ അവർക്കു മേൽ സ്വയമറിയാതെ തങ്ങളുടെ അഹന്തയും ക്രൗര്യവും നടപ്പിലാക്കുന്നു എന്ന കണ്ടെത്തലത്രേ ചിന്തനീയം. തങ്ങൾ തെറ്റു ചെയ്യാത്തവരാണു് എന്ന ധാർഷ്ട്യം അവർ ഭാവിയിൽ തെറ്റു ചെയ്തേക്കില്ല എന്നതിനു ഗാരന്റിയൊന്നുമല്ലല്ലോ. ഇവിടെയാണു് കവി, തെറ്റു ചെയ്തവനും അല്ലാത്തവനും ഒരു പോലെ ലഭിക്കേണ്ടുന്ന കരുണ എന്ന മഹനീയമായ മാനുഷികവികാരത്തെ തന്റെ കവിതയിലുൾച്ചേർക്കുന്നതു്. ഇവിടെ നമ്മൾ,
“അഹസ്സൊടുങ്ങവേ നിലാവൊഴുകുമെ-
വന്നകത്തളത്തിൽ വന്നിരുന്ന നിൻ മുന്നിൽ
അനാദിപൂരുഷ! നിവേദിക്കട്ടെ ഞാൻ
മനോവചക്രിയാ മധുരമീയന്നം”
(നിവേദ്യം)
എന്നു്, തന്റെ വാഗർച്ചനയുടെ മാനിഫെസ്റ്റോ ഉദ്ഘോഷിക്കുന്ന ബാലാമണിയമ്മ എന്ന കവിയെ, ഒരിക്കൽ കൂടി തിരിച്ചറിയുന്നു. “നിലാവൊഴുകുന്ന അകത്തളം”—ഇതിനു മുൻപോ പിൻപോ മലയാളകവിത, കവിയുടെ അന്തരംഗത്തിനു് ഇത്ര വിശുദ്ധിയാർന്ന ഒരു വിശേഷണം നൽകിയിട്ടുണ്ടോ? തന്റെ മനഃശുദ്ധി കൊണ്ടു പചിച്ച മധുരാന്നം മറ്റാരെങ്കിലും കവിതയിൽ ഇതിനു മുൻപു് ഇങ്ങനെ ആത്മനൈവേദ്യമായി സ്വയം സമർപ്പിച്ചിട്ടുണ്ടോ? സംശയമാണു്.
“ദയാർഹരത്രേ പാപികൾ; ഏറെ -
ദ്ദയാർഹരത്രേ ശിക്ഷകരും”
എന്നു് ‘കാളീനൃത്ത’ത്തിൽ കവി പറയുന്ന ഉദാരമായ മൂല്യവിചാരം മാതൃഗാഥകൾ പാടുന്ന ഒരു കവിയാൽ മാത്രം എഴുതപ്പെടാവുന്നതും, ലോകദ്യുതി പരത്തുന്നതുമാണു്.
ബലി ആവശ്യപ്പെട്ടു് ‘ചോര വീഴ്ത്തി തർപ്പണം ചെയ്യാൻ’ പറഞ്ഞവളോടു്, നിന്റെ ക്രൌര്യം നിന്നിലേ പതിപ്പൂ എന്നു്, ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന വക്കീല്‍ ഗുമസ്തൻ—അല്ല മനുഷ്യനീതിയെക്കുറിച്ചു തീർപ്പു കല്പിക്കുന്ന പ്രാഡ്വിവാകൻ—എഴുതിവെച്ച, ഒറ്റവരി മാത്രമുള്ള സ്വാഭാവികനീതിയുടെ വിധിപ്രസ്താവത്തെ കൈയടിച്ചു പിന്താങ്ങുന്നു ബാലാമണിയമ്മയെന്ന മാതൃചോദനകളുടെ കവി, ‘കാളീനൃത്തം’ എന്ന കവിതയിൽ! ഇടശ്ശേരിയുടെ സമകാലികയായ ബാലാമണിയമ്മയുടെ വിധിപ്രസ്താവവും അദ്ദേഹത്തിന്റേതിൽനിന്നു് ഒട്ടും താഴെയല്ല; ഉൽക്കൃഷ്ടത കുറഞ്ഞതുമല്ല. വിശ്വസാഹോദര്യത്തിന്റെയും സ്വാഭാവിക നീതിയുടേയും അധിത്യകകളിൽത്തന്നെയാണു് രണ്ടും വിരാജിക്കുന്നതു്. മനുഷ്യനാകട്ടെ, ദേവതയാകട്ടെ, നീതനാകേണ്ട പ്രാപഞ്ചികനീതി എന്ന മഹത്തായ മൂല്യം ഒന്നുതന്നെ. ഔപചാരികമായ വിദ്യാഭ്യാസത്തിനായി സ്കൂളിൽ പോയിട്ടേയില്ലാത്ത ബാലാമണിയമ്മയുടെ ‘കാളീനൃത്ത’ത്തിൽ അറിഞ്ഞോ അറിയാതെയോ, അഞ്ചാമത്തെ വരിയിൽത്തന്നെയുണ്ടു് ‘പ്രപഞ്ചനീതി’ (natural justice) എന്നു് ഇന്നത്തെ ആധുനിക നിയമവ്യവസ്ഥ (modern jurisprudence) പേർത്തും പേർത്തും വാഴ്ത്തുന്ന വ്യവഹാരസംജ്ഞ!
“പ്രപഞ്ചനീതിയൊടൈക്യമിയറ്റും
പതുത്ത ബന്ധം ഛേദിച്ചോർ”
എന്നാണാ വരികൾ.
സ്വന്തം കാൽക്കീഴിൽ, സ്വന്തമെന്നു കരുതുന്നവർ തന്നെ ജീവനു വേണ്ടി പിടയുമ്പോൾ മാത്രം, ശിക്ഷകനിൽ ഉദിക്കുന്ന വെളിപാടാണതു്.
നാട്ടിൻപുറത്തെ ബാലാമണിയമ്മയെപ്പോലുള്ള സ്നിഗ്ദ്ധരായ ചില അമ്മമാരുടെ അനുഭവപരിസരങ്ങളിൽ നിന്നോ ചിന്തകളിൽ നിന്നോ ഉരുവം കൊണ്ട ചെറിയ കൈത്തിരികളിൽ നിന്നാവാം നിയാമകമെന്നു ലോകം കരുതുന്ന നീതിയെ സംബന്ധിച്ച നിയമങ്ങൾ ഉരുത്തിരിച്ചെടുക്കപ്പെട്ടിരിക്കുന്നതു്. ഇതു് മാനുഷികതയുടെ കൊടിക്കൂറ പാറുന്ന ലോകത്തെവിടെയും സംഭവിക്കാം. തടവുകാർക്കും കുറ്റവാളികൾക്കും മനുഷ്യാവകാശ ലംഘനമില്ലാതെ ഇന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒരു പക്ഷേ, ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നു് പിന്നീടു് പ്രാബല്യം കൈവരിച്ചതാകാം. ഇവാൻ ഇല്ലിച്ചു് “Deschooling Society” എഴുതുന്നതു് 1971-ലാണു്. ബാലാമണിയമ്മ എന്ന വീട്ടമ്മയായ കവി 1946-ലാണു് ‘പാഠശാലയിലേയ്ക്കു്’ എന്ന കവിതയിൽ തന്റെ മകളെ സ്കൂളിലയയ്ക്കുന്നതു് മുതിർന്നവരുടെ ക്രൗര്യമായിക്കണ്ടു് ഈ വരികൾ വിശാലലോകം അത്ര തന്നെ അറിയാത്ത നാലപ്പാട്ടെ ബാലാമണി പുന്നയൂർക്കുളത്തെ നാലുകെട്ടിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു് ഡീസ്കൂളിംഗിനെ പ്രകീർത്തിക്കുന്ന ഈ വരികൾ കുറിച്ചുവെയ്ക്കുന്നതു്:
“ആയിരം യുഗങ്ങൾ തന്നഞ്ജനാലേപത്തിനു-
മാവതല്ലെന്നോ മർത്ത്യന്നുൾക്കണ്ണു
തെളിയിക്കാൻ?
അപ്പരതത്ത്വത്തെപ്പാർത്തറിയാൻ പോരും
വംശ-മിപ്പൊഴും കാണുന്നല്ലോ
ക്രൗര്യത്തെക്കർത്തവ്യമായ്!”
“അന്തികേ പരന്നെഴും
മായികപ്പൊൻദീപ്തിയിൽ-
പ്പൊന്തി നിൽക്കുന്നൂ പ്രൗഢം
തത്ഭാവിവിദ്യാലയം”
എന്നു് ‘വിദ്യാലയത്തിന്റെ വിളി’ എന്ന കവിതയിൽ ബാലാമണിയമ്മ പറയുന്ന വിദ്യാലയം ഉലക് എന്നു് മഹദ് പാഠശാല തന്നെയാണു്.
(“പൊന്നർക്കൻ താരങ്ങളും
തിങ്കളും കതിരൊളി
ചിന്നിടും വാനിൻ ചോട്ടിലാണെന്റെ
വിദ്യാലയം”
എന്നു് ഒളപ്പമണ്ണ—‘എന്റെ വിദ്യാലയം’) വെറുതെയാവില്ല, ‘വിദ്യാലയത്തിലേയ്ക്കുള്ള പാത’ അവരുടെ കവിതയിൽ, ‘പാമ്പു പോലിഴ’ഞ്ഞു പോകുന്നതായതു്!!!
“അധികാധികം വെയ്ലിൽ
ശ്ശോഭിപ്പൂ വിദ്യാലയ-
മവിടേയ്ക്കൊരു പാത പാമ്പു പോലിഴയുന്നു”
—‘വിദ്യാലയത്തിന്റെ വിളി’.
സന്ദർഭവശാൽ, ഔപചാരികവിദ്യാഭ്യാസത്തെക്കുറിച്ചു് എഴുതിയതാണെങ്കിൽപ്പോലും, ഈ വരികൾ നീതിപീഠങ്ങളിൽ എഴുതിവെയ്ക്കപ്പെടുന്ന ആപ്തവാക്യമായ “ആകാശമിടിഞ്ഞു വീണാലും നീതി നടപ്പാക്കപ്പെടട്ടെ” (fiat justitia ruat caelum-Let Justice be done even when the heaven falls) എന്ന വാക്യത്തോടു് ചേർത്തു കൂടി എഴുതി വെയ്ക്കേണ്ടതാണു്.
അപരാധിയാകട്ടെ, നിരപരാധിയാവട്ടെ, പാപിയാവട്ടെ, അകളങ്കിതനാവട്ടെ, ഭൂമിയിലെ ജന്മം അസുലഭവും അമൂല്യവും ആണെന്നു് ശിക്ഷകനും വിധികർത്താവും ഒരുപോലെ തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യുന്ന ഉത്ക്കൃഷ്ടചിന്തയാണു് കാളിയെ ശിക്ഷിതന്റെ പാപത്തിന്റെ കാരണമെന്തെന്ന അന്വേഷണത്തിലേക്കു കൊണ്ടുപോകുന്നതു്.
“വളർച്ചകൂട്ടാൻ ജീവഗണത്തിനു വെളിച്ചമൂട്ടണം” എന്ന തിരിച്ചറിവാണു് അപ്പോൾ കാളി എന്ന ശിക്ഷകയ്ക്കു് വെളിപാടായി ലഭിക്കുന്നതു്. വെളിച്ചം അറിവാണു്. അതിന്റെ അഭാവമാണു് മർത്ത്യരിൽ പാപികളെ സൃഷ്ടിക്കുന്നതു് എന്നു് ഹന്താവു് തിരിച്ചറിയുന്നു. എന്നു മാത്രമല്ല, പാപിയ്ക്കുള്ളിൽപ്പോലും പവിത്രമായ ഒരു ശോകനിർഝരി ബാലാമണിയമ്മ വളരെ മുൻപേ തന്നെ കണ്ടിട്ടുമുണ്ടു്. കവിതയെക്കുറിച്ചുതന്നെയുള്ള ‘അഴകു്’ എന്ന കവിതയിലെ ഈ വരികൾ നോക്കൂ:
“പുരുധർമ്മപരായണന്റെ ഹൃത്തിൽ
ദുരിതം വായ്ച്ചൊരു പാപി തന്നകത്തും
ഒരു പോലെ പവിത്രശോകതീർത്ഥ-
ഝരിയെക്കാട്ടിയെനിക്കു നിൻ വെളിച്ചം.”
പാപിയുടെ ഉള്ളില്‍ പോലും അഴകു ദർശിക്കുന്ന വിസ്തൃതമായ ആ മനസ്സു് ‘കവിതയോടു്’ എന്ന ഈ കവിതയിലും ബാലാമണിയമ്മ പിന്തുടരുന്നു.
‘വരാഭയപ്രദഹസ്തങ്ങളിൽ’ നിന്നു ‘വീശിയ’ തന്റെ ‘നിരാതപദ്യുതി’ കൊണ്ടു് അനേകം പ്രകാശമാനമായ ദീപങ്ങൾ കൊളുത്തി വെയ്ക്കപ്പെടുകയും അവ പൂർണ്ണതയെ നോക്കി ചിരിക്കുകയും ചെയ്യുന്ന ദൃശ്യത്തോടെയാണു് കവിത അവസാനിക്കുന്നതു്.
കപാലാവലികൾ ഭൂമിയുടെ മണ്ണിൽ രക്തക്കറ തീർക്കാതിരിക്കാൻ ഓരോരുത്തരും സ്വാന്തരംഗങ്ങളിൽ കൊളുത്തി വെയ്ക്കേണ്ടുന്ന പ്രകാശം കിനിയുന്ന നെയ് വിളക്കാണതു്!! ശിക്ഷിതനുമേൽ ചൊരിയപ്പെടുന്ന ശിക്ഷകന്റെ അനുകമ്പാപ്രകാശം!!
മനസ്സാണു് ഓരോ മനുഷ്യന്റെയും ദുഷ്പ്രവൃത്തികൾക്കു നിദാനം. ദുഷ്ടത ചെയ്യുന്ന മനുഷ്യനു വേണ്ടതു് ശിക്ഷയല്ല; മനഃപരിവർത്തനമാണു്. ശിക്ഷ എന്ന കതിരിൽ വളം വെയ്ക്കലല്ല, വളർച്ചയുടെ പ്രാരംഭഘട്ടത്തിലേ ഉള്ള മനഃപോഷണമാണഭികാമ്യം! ചതുരുപായങ്ങളിലെ പ്രഥമോപായമായ സാമത്തിന്റെ അക്ഷരാർത്ഥത്തിലുള്ള, വിവേകപൂർണ്ണമായ പ്രയുക്തി തന്നെയല്ലേ ഇതു്?
“വളർച്ച കൂട്ടാൻ ജീവഗണത്തിനു
വെളിച്ചമൂട്ടണമെന്നോർക്കെ”
എന്ന വരികളിലിതു് സുവ്യക്തമാണു്. മനുഷ്യൻ മൃണ്മയനാണു്. നശ്വരതയുടെ ആ അസംസ്കൃത മൺപാത്രങ്ങളിലാണു് ദേവി അയുതം ചിരാതുകൾ കൊളുത്തി വെച്ചു് പ്രഭാപൂർണ്ണമാക്കി, അവിടം ജ്ഞാനസമൃദ്ധവും തേജോദീപ്തവുമാക്കുന്നതു്. ഈ ശുഭാപ്തി വിശ്വാസത്തിലാണു് കവിത അവസാനിക്കുന്നതു്. കന്മഷരഹിതമായ തന്റെ മനോവാക്കർമ്മ സാരാംശം കൊണ്ടു് മൃത്കുംഭത്തിലെ മനുഷ്യചേതനയിൽ നന്മയുടെ പുതുനാമ്പുകള്‍ വിരിയിച്ചു് നൈവേദ്യമാക്കുന്ന, ബാലാമണിയമ്മയ്ക്കു മാത്രം വഴങ്ങുന്ന, സാരസ്വതവിദ്യയാണതു്!!
“പരസ്സഹസ്രം മൺപാത്രങ്ങളിൽ
വിരിഞ്ഞ ചിത്തിൻ മുകുളങ്ങൾ”
എന്ന മായികത!
മനുഷ്യശരീരം മൃൺമയമാണു്. മണ്ണിലാണു് പൂക്കൾ വിരിയുന്നതു്. മെയ്യ് മനസ്സോടു ചേരുമ്പോഴാണു് ജീവൻ സാർത്ഥകമാവുന്നതു്. ‘മൃൺമെയ്യിൽ വിരിഞ്ഞ ചിത്തസൂനം’ എന്ന മനോജ്ഞമായ ഒരു സങ്കല്പമാണു് ബാലാമണിയമ്മ ‘കാളീനൃത്ത’ത്തിൽ ഒരിടത്തു് പ്രോദ്ഘാടനം ചെയ്യുന്നതു്. ആത്മാനുതാപം, ചിത്തങ്ങൾ തമ്മിലുള്ള ആശയ വിനിമയമാണു്. ശിക്ഷക, പരസ്സഹസ്രം മനസ്സുകളെ തന്റെ മനസ്സോടു ചേർത്തു വെയ്ക്കുമ്പോഴാണു് അല്ലെങ്കിൽ അനുതാപം (empathy) പ്രകടിപ്പിക്കുമ്പോഴാണു് അവിടെ പൂക്കൾ വിരിയുകയും വെളിച്ചമിറ്റുകയും ചെയ്യുന്നതു്. ‘പിഴച്ച മർത്ത്യപ്രജകൾ’ എന്നു കാവ്യാരംഭത്തിൽ കവി വിശേഷിപ്പിച്ചവരിലേയ്ക്കാണു് ദുർഗ്ഗ, ‘മെയ്യിലും കരളിലും’ ദ്യുതി പരത്തി നിൽക്കുന്ന പന്തങ്ങൾ കൊളുത്തിവെച്ചു പോകുന്നതു്.
“തുടർന്നു പോകെസ്സംഹൃതി താണ്ഡവ-
മുടഞ്ഞു ചിന്നാതെന്തുള്ളൂ.”
എന്ന തിരിച്ചറിവിൽ, ആർദ്രതാവിഹീനമായ തന്റെ അപൂർണ്ണതയുടെ തിരിച്ചറിവിൽ, സംഹാരതാണ്ഡവം തുടരാതിരിക്കാൻ, ശിക്ഷിതന്റെ ചെയ്തികൾ മാപ്പർഹിക്കാത്തതെന്നു മുൻപു പറഞ്ഞ
“അനശ്വരത്വം തേടേണ്ടിവരി-
ലിതസഹ്യമെങ്ങനെ മാപ്പേകും?”
എന്നു് തുടക്കത്തിലെ വരികൾ! ശിക്ഷക തന്നെ, തന്റെ ഗർവ്വു പൊറുക്കണമെന്നു പറഞ്ഞു് ശിക്ഷിതനു മുന്നിൽ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കു്! മുൻപേ, ഇടശ്ശേരിയുടെ കവിതയെ മുൻനിർത്തി പറഞ്ഞ ക്രൗര്യം, തന്റെ തന്നെ ശിരസ്സിൽ ചോരയിറ്റുന്ന മുറിപ്പാടുകള്‍ വീഴ്ത്താതിരിക്കാൻ, നിഗ്രഹം മുഖമുദ്ര ആക്കിയ ഒരു ദേവത, ന്യായാന്യായങ്ങളെ മുൻനിർത്തി, സ്വയം നടത്തുന്ന ഒരു ആത്മപരിശോധന!
ഒരുപക്ഷേ, സംഹാരോത്സുകയായ കാളിയല്ല; മസൃണമയിയായ, വരാഭയമുദ്രകളണിയുന്ന, ഉള്ളു കുളിർപ്പിക്കുന്ന ലോകമാതാവു് എന്ന ദൈവസങ്കല്പമത്രേ ബാലാമണിയമ്മയെപ്പോലുള്ള മാതൃപ്രകീർത്തനങ്ങളുടെ കവിയ്ക്കുള്ളിൽ എക്കാലവും കൂടികൊണ്ടിരുന്നതു്. (താമസികമായ കാളീ, ശാക്തേയ ആരാധനകൾ ബാലാമണിയമ്മ കുറേക്കാലം താമസിച്ച ബംഗാളിലേതു പോലെ, കൊച്ചുകേരളത്തിൽ സുപ്രചുരിതവുമായിരുന്നില്ല.)
‘ദേവാന്നം’ എന്ന കവിതയിൽ അവർ തന്നെ ഇതു പറയുന്നുണ്ടു്.
“ഗർഭഗേഹത്തിൽ കരൾ കുളിരെ പ്രശോഭിച്ചു
ഗർവ്വമോചിനിയാകും വിശ്വമാതാവിൻ രൂപം,
ശാശ്വത വരാഭയദാനമുദ്രകളോടെ,
ശാന്തിയുമശാന്തിയും ഞാനെന്ന ഭാവത്തോടെ”
വിരാജിക്കുന്നവളാണു് കവിയുടെ ദേവി.
സംഹാരതോത്സുകതയേ അല്ല അപ്പോള്‍ അവിടത്തെ സ്ഥായീഭാവം! ഹിംസ ജീവിതതത്ത്വശാസ്ത്രമായി കൊണ്ടു നടക്കാത്തവരിൽ അതു് അങ്ങിനെ തന്നെയല്ലേ വരൂ! ചെയ്ത പാപങ്ങളിൽ മനം നൊന്തു് പശ്ചാത്താപവിവശരായി കോവിലിലെത്തുന്നവർ, തങ്ങളുടെ മേൽ മറ്റൊരാള്‍ (അതു് മനുഷ്യനാകട്ടെ, ദേവനാകട്ടെ) കഠിനമായ ശിക്ഷാവിധി നടപ്പിലാക്കുന്നതു് അഭിലഷണീയമായി കാണുകയില്ലല്ലോ.
കൊല്ലാൻ വന്നവൾ, തന്റെ ഇരയ്ക്കു മുന്നിൽ പരശ്ശതം ദീപങ്ങൾ കൊളുത്തി വെച്ചു് പ്രണമിച്ചു പോകുന്ന കവിത—അതൊന്നേയുള്ളൂ മലയാളത്തിൽ! ബാലാമണിയമ്മയുടെ ‘കാളീനൃത്തം’ തന്നെയാണതു്!!
തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.