images/Kirkham-Waterfall.jpg
Waterfall, Right Hand Fork, Logan Canyon, a painting by Reuben Kirkham (1845–1886).
ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും (ഒളപ്പമണ്ണക്കവിതകളിലെ കുടുംബബന്ധങ്ങളെക്കിറിച്ചു്)
പദ്മദാസ്
images/Olappamanna.jpg
ഒളപ്പമണ്ണ

തങ്ങളുടേതായ ഒരു കാവ്യസമ്പ്രദായം പിൻതുടരുമ്പോഴും ഒളപ്പമണ്ണ, അക്കിത്തം, വിഷ്ണുനാരായണൻ നമ്പൂതിരി എന്നീ കവികൾ, ചില കാവ്യശീലങ്ങൾ കൊണ്ടു്, അന്തരാ ഒന്നിച്ചവരാണു്. പുരാണ, ചരിത്രകഥാസന്ദർഭങ്ങളുടെ പുനർവിചിന്തനങ്ങൾ, ഭൂരിപക്ഷബോധങ്ങളിലെ ശരികേടുകളുടെ തുറന്നുകാട്ടൽ, ഛന്ദോവൈവിധ്യം, ശില്പസൂക്ഷ്മത, പൂർവ്വകവിതയുടെ തുടർച്ച പിൻപറ്റുമ്പോഴും സ്വന്തം കവിതാരീതികളിലുള്ള ദൃഢവിശ്വാസം, ചരിത്രവർത്തമാനാദികളെക്കുറിച്ചുള്ള തനതായ വ്യക്തിബോധങ്ങൾ എന്നിങ്ങനെ പട്ടിക നീട്ടാവുന്ന സമാനതകൾ ഈ മൂന്നു കവികളിലുമുണ്ടു്.

images/Akkitham_Achuthan_Namboothiri.jpg
അക്കിത്തം

അനുകൂലമല്ലാത്ത ജീവിതവ്യാപാരങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും, ഈ മൂന്നു കവികളും ഗാർഹികതയുടെ കൊടിക്കൂറ തങ്ങളുടെ കവിതകളിൽ ഉയരത്തിൽത്തന്നെ പാറിച്ചുകൊണ്ടിരുന്നു. അത്ര വിദൂരസ്ഥലമല്ലാത്ത പ്രവാസം അക്കിത്തത്തേയും, ജീവിതവൃത്തിയ്ക്കായുള്ള ബഹുവിധ വ്യാപാരങ്ങൾ (റബ്ബർകൃഷി, മരത്തടി വ്യാപാരം, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ കൃത്യനിർവ്വഹണം, കലാമണ്ഡലത്തിലെ ഔദ്യോഗികചുമതല തുടങ്ങിയവ) ഒളപ്പമണ്ണയേയും മുഴുസമയഗൃഹസാന്നിദ്ധ്യത്തിൽ നിന്നും വിച്ഛേദിച്ചു. വിഷ്ണുനാരായണൻ നമ്പൂതിരിയാകട്ടെ, തന്റെ പതിനാലു സ്ഥലം മാറ്റങ്ങളിലും തനിക്കു ബലവും പിന്തുണയും ലഭ്യമാകുംവിധം, സമൃദ്ധിരാഹിത്യങ്ങളിലും തന്റെ കുടുംബമെന്ന ചെറുകാരവൻ കൂടെ കൊണ്ടുനടന്നു.

images/Vishnunarayanan_Nambuthiri.jpg
വിഷ്ണുനാരായണൻ നമ്പൂതിരി

കടുത്തതോ വലുതോ ആയ ജീവിതാനുഭവങ്ങളല്ല മൂവരേയും കവിതയുടെ ഉൽക്കൃഷ്ടതകളിലേയ്ക്കും, ദർശന ഗരിമകളിലേയ്ക്കും നയിച്ചതു്. ചെറിയ ജീവിത സന്ദർഭങ്ങളിൽ നിന്നും ജീവിതാനുഭവങ്ങളിൽ നിന്നും അവർ ഉൽക്കൃഷ്ടജീവിതങ്ങൾ കണ്ടെടുക്കുകയാണു് ചെയ്തതു്. മാത്രമല്ല, സംസ്കൃതിയുടേയും, ദർശനങ്ങളുടേയും, ഭാരതീയ ചിന്താധാരകളുടേയും, പിൻപറ്റലുകളുടേയും സമാനമായ ഒരു ആഖ്യാനഭൂമിക ഇവർക്കു സ്വായത്തമായിരുന്നു എന്നതും സംഗതമാണു്. കുമരനെല്ലൂരിൽ നിന്നു് വെള്ളിനേഴിയിലേയ്ക്കും, വെള്ളിനേഴിയിൽ നിന്നു് തിരുവല്ലയിലേയ്ക്കും, അവിടെ നിന്നു് വീണ്ടും കുമരനെല്ലൂരിലേയ്ക്കും ഇതുപോലെ തിരിച്ചും അന്തർവാഹിയായ ഒരു കാവ്യഗംഗ ഇരുദിശകളിൽ ഒഴുകിയിരുന്നുവെന്നു് ഇവരുടെ കവിതയിലെ ഐകമത്യങ്ങളും സമാനതകളും പുലർത്തുന്ന കാവ്യവൃത്തി നമ്മോടു പറയും. അതു് വൈദിക സംസ്കാരത്തോടും പൂർവ്വസംസ്കൃതികളോടും ആഭിമുഖ്യം പുലർത്തുമ്പോഴും വർത്തമാനത്തിൽ പാദമൂന്നി നിന്നിരുന്നു എന്നതും ശ്രദ്ധേയമാണു്. ഏതു സ്റ്റോപ്പിലും നിർത്തി ആളെക്കൂട്ടുന്ന, ആർക്കും ഓടിക്കയറാവുന്ന ഒരു പൊതുവാഹനമായിരുന്നില്ല ഇവരുടെ കവിത എന്നതു് ഒരു ന്യൂനതയായി എണ്ണുകയാണെങ്കിൽ, യഥാർത്ഥ കവിത എന്നും ന്യൂനപക്ഷത്തിന്റേതുമാത്രമായിരുന്നു എന്ന മറുപടി കൂടി അതിന്റെ കൂടെ ചേർത്തുവെയ്ക്കേണ്ടതായി വരും. ഒരുപക്ഷേ, ന്യൂനപക്ഷ ആസ്വാദ്യപരതപോലും അവരിൽ അഭിമാനബോധമുണർത്തിയിരുന്നു എന്നതത്രേ സത്യം!

കുടുംബം എന്ന വ്യവസ്ഥാപിതസ്ഥാപനം, കാവ്യജീവിതത്തെയും വ്യക്തിജീവിതത്തെയും സുരഭിലമാക്കിയ സമസ്ക്കന്ധരായ കവികൾ കൂടിയായിരുന്നു ഈ മൂന്നുപേരും. കുടുംബം എന്ന അഭയകേന്ദ്രത്തിൽ ചുവടുറപ്പിച്ചു് ലോകത്തെ നോക്കിക്കാണുകയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുകയും സർഗ്ഗവൃത്തി നടത്തുകയും കുടുംബം എന്ന അഭയസങ്കേതത്തെ കവിതയിലേയ്ക്കു് ഉയർത്തുകയും ഉണർത്തുകയും ചെയ്തവരായിരുന്നു ഒളപ്പമണ്ണയും അക്കിത്തവും വിഷ്ണുനാരായണൻ നമ്പൂതിരിയും.

“ചാരമാമെന്നെ കർമ്മകാണ്ഡങ്ങളിൽ

ധീരനാക്കുന്നതെന്തൊക്കെയാണെന്നോ?

നിന്റെ രൂപവും വർണ്ണവും നാദവും

നിന്റെ പൂഞ്ചായൽ തൂകും സുഗന്ധവും

നിന്നിലെന്നും വിടരുമനാദ്യന്ത-

ധന്യചൈതന്യനവ്യപ്രഭാവവും

നിൻ തളർച്ചയും നിന്നശ്രുബിന്ദുവും

നിന്റെ നിർമ്മല പ്രാർത്ഥനാഭാവവും”

(കരതലാമലകം)

എന്നു് അക്കിത്തവും,

“ചെറുകുമ്പിളിലേന്തും നിന്നകത്തേനിൽക്കൂടി

എന്റെ രശ്മികളേഴുനിറമേലുന്നു, മുള-

ന്തണ്ടൂതും കാറ്റിൽ സപ്തസ്വരങ്ങളുയരുന്നു.”

എന്നു് ഒളപ്പമണ്ണയും (‘സുഫല’) പറയുമ്പോൾ,

“ദേവി, നീ തേർതെളിച്ചാലും

ഭദ്രമായ് ഞാൻ ഗ്രഹീച്ചീടു-

മീവലങ്കയ്യിനാൽത്താനെൻ

യോഗദണ്ഡം തകർന്നാവൂ.”

എന്നു് വിഷ്ണുനാരായണൻ നമ്പൂതിരിയും (സുഭദ്രാർജ്ജുനം) പറയും.

കർമ്മമണ്ഡലങ്ങളിൽ ധീരതയുടെ പിൻബലം നൽകുന്നതിലൂടെ, മധുവിറ്റുന്ന അന്തഃശുദ്ധിയിലൂടെ, ഭദ്രമായി തേർതെളിക്കുന്ന സാരഥ്യത്തിലൂടെ താന്താങ്ങളുടെ പത്നിമാരുടെ ഐക്യദാർഢ്യത്താൽ തങ്ങളുടെ വ്യക്തിജീവിതവും കാവ്യജീവിതവും പുഷ്ക്കലമാക്കിയവരായിരുന്നു ഈ മൂന്നു വരകവികളും.

ഒളപ്പമണ്ണക്കവിത നൂറു തികയ്ക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബസങ്കല്പമെന്തെന്നു് അദ്ദേഹത്തിന്റെ തന്നെ കവിതകളിലൂടെ നോക്കിക്കാണുവാനാണു് ഈ പ്രകരണത്തിന്റെ ഉദ്യമം.

കുടുംബം എന്ന സ്ഥാപനത്തെ പല വിതാനങ്ങളിൽ നിന്നുകൊണ്ടു്, പല വീക്ഷണകോണുകളിലൂടെ കവികൾ വീക്ഷിച്ചിട്ടുണ്ടു്. അയഞ്ഞും മുറുകിയും അവ സാഹിത്യത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ടു്. ഇന്നു നാം അനഭിലഷണീയമെന്നും കുറ്റമെന്നും പറഞ്ഞുപോരുന്ന പിതൃദായക്രമസമൂഹം (Patriarchal Society) ആയിരുന്നല്ലോ കേരളത്തിൽ നിലനിന്നിരുന്നതു്. ഇന്നും ഏറെക്കുറെ അതു് അങ്ങിനെയൊക്കെത്തന്നെയാണു് നിലകൊള്ളുന്നതു്. ശ്രേണീബന്ധിതം (Hierarchical) എന്നു പറയാവുന്ന കുടുംബം എന്ന സ്ഥാപനത്തെ തുല്ല്യതയിലും മാനുഷികതയിലും അധിഷ്ഠിതമായ മഹനീയ സങ്കല്പമായി ഒളപ്പമണ്ണ മാറ്റിയെടുക്കുന്നതു്, തന്റെ കവിതയുടെതന്നെ ആന്തരധാരയായ സ്നേഹം എന്ന ഉൽക്കൃഷ്ടലേപം പുരട്ടിയിട്ടാണു്. ഈ മഹനീയമായ ലേപത്തിനാകട്ടെ, ശ്രേണീശൃംഖലകളെ തകർത്തു് മാനവികത, പാരസ്പര്യം എന്നീ മൂല്യങ്ങളെ മുറുകെപ്പിടിക്കാനുള്ള ശേഷിയുമുണ്ടു്.

പിതൃദായക്രമം പേറുന്ന വെള്ളിനേഴിയിലെ ഒരു നാലുകെട്ടു് അക്ഷരാർത്ഥത്തിൽ പൊളിച്ചെടുത്തുകൊണ്ടാണു്, യൗവ്വനാരംഭത്തിൽ, ഒളപ്പമണ്ണ, കണ്ടമംഗലം എന്ന മണ്ണാർക്കാടിനടുത്തുള്ള കാട്ടിൽ തന്റെ കുടുംബത്തെ പ്രതിഷ്ഠിക്കുന്നതു്. ഒരർത്ഥത്തിൽ ഇതൊരു വിച്ഛേദവും മറ്റൊരർത്ഥത്തിൽ ഇതൊരു സ്വാശ്രയ, സ്വാതന്ത്ര്യോദ്ഘോഷണങ്ങളുടെ പ്രഖ്യാപനവുമാണു്. (Proclamation) ഒരുപക്ഷേ, ആചാരങ്ങളുടേയും മാമൂലുകളുടേയും ഇത്തരത്തിലുള്ള ഒരു തിരസ്കാരം കൂടിയാകാം ഒളപ്പമണ്ണ എന്ന കവിയെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (ഏഴക്കാടു്, കോട്ടോപ്പാടം എന്നീ പഞ്ചായത്തുകളുടെ) ഭരണാധിപനാവുക എന്ന സാമൂഹികതയിലേയ്ക്കു് പിന്നീടെത്തിക്കുന്നതു്.

കുടുംബം, പക്ഷേ, ഒളപ്പമണ്ണയുടെ സ്വന്തം സ്ഥാപനമാണു്—താൻ സ്ഥാപിച്ചെടുത്തതു് എന്ന അർത്ഥത്തിലും, താൻ ഭരണം നടത്തുന്നതു് എന്ന അർത്ഥത്തിലും, താൻകൂടി യത്നിക്കുന്നതു് എന്നു് അർത്ഥത്തിലും. “ആട്ടവും പാട്ടും/ലക്ഷത്തിൽപ്പരം പറ പാട്ടവും” വെടിഞ്ഞു് കവി റബ്ബർകൃഷിക്കാരനും തടിക്കച്ചവടക്കാരനും ആകുന്നതു് ഈ സ്വന്തം സ്ഥാപനത്തിന്റെ സുകരമായ നടത്തിപ്പിനുവേണ്ടി കൂടിയത്രേ!

പിതൃത്വമാകട്ടെ, ഭർത്തൃത്വമാകട്ടെ; പരിപൂർണ്ണ സമർപ്പണമത്രേ ഒളപ്പമണ്ണ എന്ന കുടുംബസ്ഥന്റെ മുഖമുദ്ര. രണ്ടിലും താൻ അരഞ്ഞും അലിഞ്ഞും ഇല്ലാതാവുന്നതത്രേ കവിയുടെ സാഫല്യം.

“കുട്ടികളെറിയുന്ന പന്തിന്നു കുഴിച്ചിട്ട മട്ട ഞാൻ,

എനിക്കിപ്പോൾ ഏറുകൊള്ളുവാൻ സുഖം

മറിഞ്ഞുവീഴാൻ സുഖം, പിന്നെയും കുഴിച്ചിട്ടു-

നിവരാൻ സുഖം, കളി കണ്ടിരിക്കുവാൻ സുഖം

മുറ്റമിന്നൊഴിയുമ്പോൾ ഏകാന്തദുഃഖം, പുറം-

കട്ടിളപ്പഴുതിൽ ഞാൻ നിന്നു നോക്കൂന്നൂ ദൂരെ.”

(മട്ട—വരിനെല്ലു്)

ആത്മസമർപ്പണത്തിലൂടെ പിതാവായ മറ്റേതെങ്കിലും കവി ഇങ്ങനെ സ്വയമലിഞ്ഞില്ലാതായിട്ടുണ്ടോ? സംശയമാണു്.

‘ഉണർന്ന കണ്ണുകൾ’ (ഏഹി! സൂനരി) എന്ന കവിതയിൽ തങ്ങളുടെ ദാമ്പത്യബന്ധത്തെ—ദാമ്പത്യബന്ധനത്തെത്തന്നെ—കവി ഇങ്ങനെ വരച്ചിടുന്നു.

“നമ്മളെ ദർഭപ്പുല്ലിൻ നാമ്പിനാൽക്കൂട്ടിക്കെട്ടി;

നമ്മുടെ ഹൃദയത്തിൻ നാരുണ്ടദ്ദർഭപ്പുല്ലിൽ.

ഹൃത്തിൽ നിന്നറുത്തെടുത്തുള്ളൊരീനാരിൻ ബന്ധ-

മറ്റുപോവാത്തൊന്നല്ലോ നാമുള്ള കാലത്തോളം.”

മനുഷ്യമനസ്സു് സുന്ദരവും സ്നേഹോജ്ജ്വലവുമാണെന്നു് കവിയെ ബോധ്യപ്പെടുത്തിയതാണാ ദാമ്പത്യം.

“എത്രമേൽ സുരഭില,മെത്രമേലാർദ്രം തോഴീ

മർത്ത്യമാനസം,നിത്യസുന്ദരം സ്നേഹോജ്ജ്വലം.”

ഹർഷങ്ങളിൽ സ്വയം പൊട്ടിച്ചിരിക്കുകയും ദുഃഖങ്ങളിൽ തമ്മിൽ വിതുമ്പുകയും ചെയ്യലത്രേ ഒളപ്പമണ്ണയ്ക്കു് ദാമ്പത്യം.

“അടക്കിപ്പിടിക്കാതെ ചിരിക്കാം, ഹൃന്നോവുക-

ളടക്കിപ്പിടിക്കാതെ കരയാം നമുക്കൊപ്പം.”

എന്നാണു് ‘ഏഹി, സൂനരി’ എന്ന കവിത അവസാനിക്കുന്നതു്.

‘ഒരുദിവസം’ (ഏഹി! സൂനരി) എന്ന കവിതയിൽ തന്റെ സ്വാതന്ത്ര്യവാഞ്ഛ കവി ഇങ്ങനെ ഉദ്ഘോഷിക്കുന്നു:

“അകലേ നീലാകാശപ്പരപ്പിന്നങ്ങേപ്പുറ-

ത്തലയാൻ ദാഹിക്കുന്നിതസ്വസ്ഥം മമ ചിത്തം.

ചങ്ങല കാലിൽ വീണൊരാനതൻ തുമ്പിക്കയ്യിൽ

തങ്ങുന്നിതെന്നന്നേയ്ക്കും പുന്നപൂത്തതിൻ ഗന്ധം.”

അകലെ കാടുപൂത്ത മദഗന്ധം, തന്നെ കാടിന്റെ വിശാലതകളിലേയ്ക്കു മാടിവിളിക്കുമ്പോഴും, ബന്ധിയായ ഹസ്തിയെപ്പോലെ ദാമ്പത്യബന്ധനത്തിന്റെ ഇളംചൂടിൽ, അതിന്റെ പരിമിതവൃത്തത്തിലലയുന്നതാണു് ഇക്കവിക്കിഷ്ടം. കാരണം, ‘കുപ്പിച്ചില്ലു’കളെ ‘മുല്ലമൊട്ടു’കളാക്കുന്ന സുരഭിലതയത്രേ ദാമ്പത്യം!

“അവൾ തൻ സ്പർശത്തിനാൽ

ക്കുപ്പിച്ചില്ലുകളേവ-

മറിയാ,തറിയാതേ

മുല്ലമൊട്ടുകളാകെ.”

എന്നു കവി.

മാസികത്താളിലെ തന്റെ കവിത അച്ചടിച്ച പേജ് കാപ്പിക്കുരു പൊതിഞ്ഞു കെട്ടപ്പെട്ടു് പിന്നീടു് മകളുടെ കയ്യിൽ ഇറാലിവെള്ളത്തിൽ കളിത്തോണിയാക്കപ്പെടുന്ന ഒരു രംഗമുണ്ടു് ‘കടലാസുതോണി’ എന്ന ഒളപ്പമണ്ണക്കവിതയിൽ (ഏഹി! സൂനരി)

“പത്രപംക്തിയിലേക്കാൾക്കൊണ്ടാടപ്പെടുമല്ലോ

പുത്രിതൻ കയ്യിൽക്കളിത്തോണിയാ

യ്ത്തീർന്നെങ്കിൽ ഞാൻ”

ഇതാണു് ഒളപ്പമണ്ണ എന്ന കവി മുറുകെപ്പിടിക്കുകയും മാനവസമക്ഷം ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന വിശുദ്ധമായ തന്റെ കുടുംബപക്ഷം.

“ഓമനേ, തവജീവ-

ചന്ദന സുരഭില-

മല്ലി മാമകജന്മം?”

(ചന്ദനം—ഏഹി! സൂനരി)

എന്ന നല്ലപാതിയുടെ സ്വയമരഞ്ഞു് സുഗന്ധമാവുന്നതിനെ പുരസ്ക്കരിക്കൽ മാത്രമല്ല ഒളപ്പമണ്ണയുടെ കുടുംബാഭിമുഖ്യം; താനെന്ന കവി, പുത്രിയുടെ കൈയിൽ കളിത്തോണിയായി മാറുന്നതിലൂടെയുള്ള സ്വയം തിരസ്കൃതത്വം കൂടിയാണു്.

വക്കോടെ പത പൊന്തുന്ന ജീവിതമാധുര്യം മത്തോടെ കുടിക്കലാണു് കവിയുടെ ജീവവാസന.

“വക്കോളം പതപൊന്തിക്കൊണ്ടേ-

ന്തിനിൽക്കുന്ന മാധുരി

കലത്തോടെ കുടിക്കുന്ന

മത്തല്ലീജീവവാസന?”

എന്നു് കവി ‘ദാഹം’ എന്ന കവിതയിൽ (ഏഹി! സൂനരി). ജീവിതമെന്ന അപൂർവ്വസൗഭാഗ്യം പുറംകാൽകൊണ്ടു് തട്ടിത്തെറിപ്പിക്കാനുള്ളതല്ല; ആർത്തിയോടെ മൊത്തിക്കുടിക്കുവാനുള്ളതാണു് ഒളപ്പമണ്ണയ്ക്കു്. അതുകൊണ്ടു്.

“കടിച്ചീമ്പിക്കുടിക്കുന്നു

ഞാനീക്കൈവന്ന മാമ്പഴം”

എന്നു് കവി.

ദാമ്പത്യത്തിൽ കവിയ്ക്കു സമർപ്പിക്കുവാനുള്ളതു് തന്നിലെ കാഠിന്യമാണു്. ആ കഠിനത കൈക്കൊള്ളുന്നതിലെ നിർവൃതിയാണു് മറുപാതിയും അനുഭവിക്കുന്നതു്.

“അവിടെച്ചൊടി കൊള്ളുന്നി-

തുദ്ധതം മമ പൗരുഷം

എന്റെ കൈപ്പിടിയിൽപ്പെട്ടു

ഞെരിഞ്ഞീടുന്നിതോമന.

എൻകൈയിൽ ഞെരിയും

നേരമവളും സുഖമുള്ളവൾ,

വെള്ളം പൊട്ടിത്തുടുക്കുന്നുവല്ലോ

വലിയ കണ്ണുകൾ!”

മാതൃ, പിതൃദത്തങ്ങളായ ചില മൂല്യബോധങ്ങൾ കവിയിലുണ്ടു്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയിൽ അതിന്റെ നന്മകളിൽ, അതിന്റെ മൂല്യബോധങ്ങളിൽ; സർവ്വോപരി, തായ്വഴി പകർന്നു നൽകിയ മൂല്യവത്തായ ഒരു ധർമ്മബോധത്തിന്റെ നെയ്ത്തിരി കെടാതെ സൂക്ഷിക്കുന്നതിൽ ഇക്കവി ഏറ്റം ശ്രദ്ധാലുവായിരുന്നു. മുത്തശ്ശിക്കഥകളുടെ പഴംപൊരുളുകളിൽ നിറഞ്ഞ തന്റെ പളുങ്കുപാത്രം കവി തന്റെ മകന്നു കൈമാറും. അതു പിന്നീടു് പൗത്രന്റെ കൈയിലെത്തും. ഒരു തായ്വഴിയുടെ സന്മാർഗ്ഗങ്ങളുടെയും സൽക്കഥകളുടേയും അന്തസ്സത്ത തലമുറകളിലേക്കു് സന്നിവേശിക്കപ്പെടും. അതിനെ വില കുറച്ചു കാണരുതെന്ന ഒരപേക്ഷ മാത്രമായിരിക്കും മുത്തച്ഛനായി മാറിയ കവി ഒരു തലമുറയ്ക്കപ്പുറം നൽകുന്ന സന്ദേശം.

“മുത്തച്ഛനെന്തുതരു?-

മുണ്ണീ, പളുങ്കുമണി

പാത്രം പഴക്കമതിനില്ല.

കളിയിലിതു മണ്ണിൽ-

ക്കളയരുതു കുഞ്ഞേ!”

(പളുങ്കുപാത്രം—ഏഹി! സൂനരി)

ജീവിതം അമൂല്യമായ ഒരു വരദാനമാണെന്നു് കവിക്കു നന്നായറിയാം. എന്നാൽ ജനിമൃതികളുടെ നിഗൂഢതയാണു് തനിക്കു പിടികിട്ടാത്തതു്. കൊളുത്തപ്പെടുന്ന ജീവിതത്തിന്റെ കൈത്തിരി തേജോമയനായ ഈശ്വരൻ തിരികെച്ചോദിക്കുംവരെ പ്രോജ്ജ്വലിപ്പിക്കലത്രേ ജീവിതധർമ്മം.

“കത്തലാണല്ലോ ധർമ്മം! കൊളുത്തപ്പെടുന്നതാ-

മിത്തിരി തീരുംവരെക്കത്തലാണല്ലോ ധർമ്മം!

ഒടുക്കം തേജോമയനീശ്വരൻ ചോദിക്കുമ്പോൾ

കൊടുക്കാം, തിരികത്തിത്തീരവേ ജ്വാലാനാളം.”

—ജ്വാലാനാളം (സുഫല)

മൃതിയിലും കൈമാറ്റം ചെയ്യപ്പെടുന്ന ആത്മവത്തയുടെ ജ്വാലാനാളം എന്ന ചിന്താമഗ്നമായ ആശയത്തിലേക്കു് കവിയെ നയിക്കുന്നതാകട്ടെ, തീർത്തും ഭൗതികമായ ഒരു കുടുംബസന്ദർഭമാണു്.

തനിക്കൊരുണ്ണി പിറന്നപ്പോൾ, താനുമൊരു കൈത്തിരി കൊളുത്തിവെച്ചുവെന്നു് കവിയറിയുന്നു.

“ഉണ്ണീ, നീയെൻ മടിയിൽ കുഞ്ഞി-

ക്കണ്ണു മിഴിച്ചു കരഞ്ഞപ്പോൾ,

പൊട്ടിക്കരയും നിന്നുടെ ചുണ്ടിൽ

മുത്തം കുത്തിനിവർന്നപ്പോൾ

ഊറ്റം കൊണ്ടേൻ, ഞാനുമൊരണയാ-

ക്കൈത്തിരി കത്തിച്ചെന്നായി.”

—ഇരുട്ടിൽ നിന്നു് (ഏഹി! സൂനരി)

സൃഷ്ടിയുടെ നിർവൃതി തന്നിലാറും മുമ്പേ, അതു ദുര്യോഗത്തിൽ പെടാനെന്തേ എന്നതിനാണു് കവിക്കുത്തരമില്ലാത്തതു്.

“എന്നാലുണ്ണീ, ചെറിയൊരു കാറ്റിൽ

നിന്നിലുയിർത്ത നറും വെട്ടം

പെട്ടെന്നാടിക്കെടുവാനെന്തേ

കത്തിത്തെളിയാൻ നിൽക്കാതേ?”

എന്നാണു് കവിയുടെ ഉദ്വിഗ്നത.

യാത്രയുടെ തുടക്കവും ഒടുക്കവും തെല്ലും വെളിപ്പെടാതെ നിൽക്കുന്നിടത്തു കൂടിയാണോ ജീവിതത്തിന്റെ പ്രസക്തി?

“നമ്മളുറക്കബ്ഭ്രാന്തിലിറങ്ങിയ

നമ്മളറിഞ്ഞിട്ടില്ലല്ലോ?

എങ്ങുന്നാണു പുറപ്പെട്ടൂ?

എങ്ങോട്ടാണു പുറപ്പെട്ടൂ?”

‘ഇരുട്ടിൽ നിന്നു്’ എന്ന കവിതയിലെ മേലുദ്ധരിച്ച അവസാനത്തെ രണ്ടു വരികളിൽപ്പരം ലളിതമായി, ജനിമൃതികളുടെ നിഗൂഢതയെ എങ്ങിനെയാണു് ഒരു കവിക്കു വരച്ചിടാനാവുക?

ഗാർഹസ്ഥ്യത്തിന്റെ തിരസ്കാരം സ്വജീവിതാനുഭവത്തിലേയ്ക്കു് ഉൾച്ചേർത്ത സമകാലികരായ ചില കവികളെ അപേക്ഷിച്ചു്, ഒളപ്പമണ്ണയ്ക്കു് ഗാർഹസ്ഥ്യം ഒരു ‘സ്വയംവരം’ തന്നെയായിരുന്നു. ലോകസഞ്ചാരം കവികളെ അനുഭവങ്ങളാൽ ഉദ്ഗ്രഥിതമാക്കുമ്പോൾ ഒളപ്പമണ്ണ ജീവിതത്തിന്റെ പച്ചപ്പു കാണുന്നതു് തന്റെ തന്നെ ഗാർഹികതയിൽ നിന്നാണു്. കേരളത്തിലെ തീവണ്ടികളുടെ സഞ്ചാരപഥത്തിലെന്നോണം അങ്ങുമിങ്ങും അലഞ്ഞ സമകാലീനരായ കുഞ്ഞിരാമൻനായർക്കോ, ‘നാട്ടിൻപുറത്തെ കുടുംബസൗഖ്യം’ വെടിഞ്ഞു് പട്ടണത്തിലെ ഏകാന്തവാസം സ്വയം വരിച്ച വൈലോപ്പിള്ളിയ്ക്കോ ലഭിക്കാതെപോയ ഗാർഹികതയുടെ ജ്ഞാനവും ഉന്മേഷവുമാണു് ഒളപ്പമണ്ണ തന്റെ ‘ഒരു കുടുംബഗാഥ’(ദുഃഖമാവുക സുഖം)യിലൂടെ ഇങ്ങനെ പൊലിപ്പിക്കുന്നതു്.

“സ്ഥാവരമാകിലുമിച്ചുറ്റുപാടിൽ ഞാൻ

ജീവിതത്തിൻ മുഴുപ്പച്ച കണ്ടേൻ.

പച്ചയിൽ കോരിക്കുടിക്കും നറുംപാലിൽ

ഉച്ചലൽച്ചേതനാഭംഗി കണ്ടേൻ.

ഞാനെത്ര കാതം നടന്നിട്ടൂമെങ്ങുമേ

കാണാത്ത സാഫല്യസിദ്ധി കണ്ടേൻ.”

ഉരുണ്ടുകൊണ്ടേയിരിക്കുന്ന കല്ലിന്റെ (Rolling Stone) ഹരിതകാന്തിപേറായ്മയുടെ മറുപുറമത്രേ ഒളപ്പമണ്ണയുടെ ഗാർഹിതയുടെ പറ്റിപ്പിടിക്കലിൽ നിന്നുളവാകുന്ന ജീവിതമുഴുപ്പച്ചയുടെ ചേതനാഭംഗി!

എന്നാൽ കുടുംബപാലനം എന്ന പ്രവൃത്തി ഒളപ്പമണ്ണയ്ക്കു് അത്രമേൽ സുകരമായിരുന്നോ? ഏതൊരു സമ്പ്രദായത്തിന്റെയും ഗതിമാറ്റത്തിന്റെ ദശാസന്ധി ആ സമയത്തു് അതിൽ ഇടപെടുന്നവരെ പ്രതികൂലമായി ബാധിക്കും. ജന്മിത്തം കുടിയാനു വഴിമാറിക്കൊടുത്ത ഭൂപരിഷ്ക്കരണം ഒളപ്പമണ്ണയുടെ ജീവിതത്തിലും മാറ്റങ്ങളുളവാക്കി.

“നടുങ്ങുന്നു നീ, ഭൂമിതിരിച്ചു മേടിക്കുന്നു

കുടിയാൻ! വിതപ്പവൻ വിളകൊയ്യുന്നു മേലിൽ”

(‘അനുശോചനം’—സുഫല)

എന്ന യാഥാർത്ഥ്യം ഒരേസമയം വീട്ടുപടിക്കലും പാടത്തുമെത്തി. കുടിയാനിൽ നിന്നു് ഒടുക്കത്തെ പാട്ടം വാങ്ങാനുള്ള ഭാഗ്യമോ നിർഭാഗ്യമോ എന്നു വ്യവച്ഛേദിച്ചറിയാനാകാത്ത നിയോഗത്തെ, കവി ‘സുഫല’യിൽ ഇങ്ങനെ വരികളാക്കി:

“കുടിയാനൊടുക്കത്തെപ്പാട്ടമെൻകയ്യിൽത്തന്നു

മടങ്ങീ—പണമെണ്ണുമെന്റെ കയ്യുകൾ നോക്കി

നശിച്ച കൈയെന്നു ഞാൻ

ശപിച്ചേൻ, കടുംകൈയേ

നിനക്കു വിധിച്ചതു കിട്ടിയതിപ്പോഴല്ലേ!”

വിധിവിഹിതത്തിന്റെ അനിവാര്യത നാലാമത്തെ വരിയിൽ സൂചിതമാണു്.

“കറുത്ത ചളിയാണിജ്ജന്മിത്തം! അതിൻമീതേ

വിരിഞ്ഞ മലരായ കുറ്റമേ നിനക്കുള്ളൂ”

(അനുശോചനം—സുഫല)

എന്നു് കവിക്കു നന്നായറിയാം. എങ്കിലും മനസാ ഫ്യൂഡലിസത്തിന്റെ തകർച്ചയെ അകമഴിഞ്ഞു പാരാട്ടുമ്പോഴും അതു് വ്യതിയാനകാലത്തു കൊണ്ടുവരുന്ന വ്യക്തിഗത നഷ്ടങ്ങളും കവി കാണാതിരിക്കുന്നില്ല. പാട്ടം കിട്ടിയ ഉതിർനെന്മണിയരി അടുപ്പത്തു പാകമാകുമ്പോൾ,

“വേവുന്നതടുപ്പത്തിപ്പുഴുങ്ങലരി, പാട്ട-

ക്കാരുടെ പറച്ചോടാലോണമുണ്ണുന്നൂ ഞങ്ങൾ.

നിങ്ങളിപ്പറച്ചോടും വാരുവിൻ സഖാക്കളേ!

ഞങ്ങളിൽത്തിളയ്ക്കുന്ന വെള്ളമാവട്ടേ ബാക്കി.”

(പാട്ടനെല്ലു്—സുഫല)

എന്നു് തനിക്കവശേഷിച്ചതുകൂടി നൽകാൻ തയ്യാറാവുന്ന കവിമനസ്സു്, ഈ ത്യാജബുദ്ധിയിലും തിരിച്ചറിയുന്നതു്, തന്റെ കൈ അദ്ധ്വാനിച്ചതല്ല എന്നുതന്നെയാണു്.

“ഇക്കൈയിൽത്തഴമ്പില്ലെന്നറിഞ്ഞേൻ, നിനക്കില്ല

നിൽക്കുവാൻ പുതുമണ്ണിലിരുകാലടിമണ്ണും.”

(സുഫല)

എന്നതിന്റെ പ്രായശ്ചിത്തം കൂടിയാവാം കവിയെ കണ്ടമംഗലം കാട്ടിലെ അമ്പതേക്കറിൽ റബ്ബർ വെച്ചുപിടിപ്പിക്കാനും പിന്നീടു് ജൈനമേട്ടിലെ മരക്കച്ചവടത്തിനും ഉദ്യുക്തനാക്കുന്നതു്.

“വാർത്തെടുത്തതു കളിവിളക്കല്ലല്ലോതറ-

വാട്ടിലെക്കരുവിൽ ഞാനുരുകിപ്പരക്കുമ്പോൾ”

എന്ന പ്രകൃഷ്ടമായ ‘ദഹനം, പതനം’ എന്ന കവിതയിലെ വരികൾ തന്റെ ആത്മബലത്തെയും കുടുംബത്തിനുവേണ്ടിയുള്ള തന്റെ ശ്രമകരമായ ജീവിതായോധനമാർഗ്ഗങ്ങളേയും ഒരുപോലെ പുരസ്കരിക്കുന്നു. തന്നിലെ മനുഷ്യനെയെന്നപോലെ തന്നിലെ കവിയേയും മാമൂലുകളുടെ വിച്ഛേദനത്തിലൂടെ താൻ വാർത്തെടുത്തു എന്നു കവി പറയുമ്പോൾ വെല്ലുവിളികൾ നിറഞ്ഞ ആ വ്യക്തി/കാവ്യജീവിതങ്ങളെ അടുത്തുനിന്നു കാണുന്നവർക്കു് അതങ്ങനെയല്ലെന്നു പറയാനാവില്ല. സ്വനിർമ്മിതനായ കവിയും (Self-made poet) സ്വനിർമ്മിതനായ മനുഷ്യനും (Self-made man) ആയിത്തീരുന്നതിനു് പാരമ്പര്യസംശോധനവും പാരമ്പര്യവിച്ഛേദനവും വേണ്ട അളവുകളിൽ സന്നിവേശിപ്പിച്ചു ഒളപ്പമണ്ണ. കുടുംബബന്ധങ്ങളിലെ ഈ ദ്വിത്വം ഉദാഹരിക്കാൻ, വെള്ളിനേഴിയിൽ നിന്നു പൊളിച്ചെടുത്തു് കണ്ടമംഗലംത്തെ കാട്ടിൽ പുനർനിർമ്മിച്ച നാലുകെട്ടിന്റെയും കാടുവെട്ടിത്തെളിച്ചുള്ള അമ്പതേക്കറിലെ റബ്ബർക്കൃഷിയേയും പോലെ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടാനില്ല. മുൻപറഞ്ഞ ഈരടികൾക്കു് മുമ്പേ ചൂട്ടു കത്തിച്ചുനടക്കാൻ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ “കാമകല, അമൃതകല” എന്ന ലേഖനത്തിലെ, “ഇവിടത്തെ കെട്ടടിയുന്ന ജന്മിത്തത്തിനു മീതെ നൂറിതൾ വിടർത്തി പൊന്തിയ പ്രതിഭയാണു് ഒളപ്പമണ്ണ” എന്ന ഇതിൽപ്പരം സംക്ഷിപ്തമാവാനില്ലാത്ത ഒറ്റ വാചകം മതിയാകും.

അതിരുവരച്ച ലൗകികതയിലധിഷ്ഠിതമായ ദൈനംദിനജീവിതവ്യാപാരങ്ങളിലേർപ്പെടുമ്പൊഴും, ഒളപ്പമണ്ണ എന്ന കവി ജീവിതത്തിന്റെ കവിത രചിച്ചിരുന്നതു് അതിരുകളില്ലാത്ത തന്റെ കല്പനാമണ്ഡപങ്ങളിലായിരുന്നു. കർമ്മനിരതമായ ലൗകികജീവിതത്തിൽ ഒളപ്പമണ്ണ എന്ന കവി, ഏറിയും കുറഞ്ഞും നിലനിന്നു. ടിമ്പർ മില്ലിലിരിക്കുന്ന കവി യഥാർത്ഥത്തിൽ മരപ്പേട്ടയിലല്ല; മരങ്ങൾ തിങ്ങിവിങ്ങുന്ന വൃന്ദാവനസ്ഥലികളിലാണു്. നോക്കൂ, ‘സുഫല’യിലെ ഈ വരികൾ,

“ഞാനിന്നിത്തടിമരച്ചന്തയിലാപ്പീസ്സിലെ-

ക്കോലായിലടിക്കോലുമായിരിക്കുമ്പോൾ ദൂരെ

ചെമ്പഞ്ഞിച്ചാറാൽച്ചോത്ത നിന്റെ കാലടി തട്ടി-

ക്കൊമ്പോളം കടതൊട്ടുരോമാഞ്ചംകൊണ്ടൂ മരം.”

കുടുംബബന്ധങ്ങളുടെ സുരഭിലസ്പർശത്താൽ കട മുതൽ തല വരെ പൂത്ത, കാതലുള്ള മാമരം തന്നെയായിരുന്നു ഒളപ്പമണ്ണ.

തറവാടിന്റെ പഴഞ്ചൊല്ലുകളിലൂടെ ഒഴുകി നിർവൃതികൊള്ളാനല്ല; യാഥാർത്ഥ്യജീവിതത്തിന്റെ രാപ്പകലുകളിലൂടെ തന്റെ ചെണ്ട കൊട്ടിമുറുക്കാനാണിക്കവിക്കു താല്പര്യം.

“ഇച്ചെണ്ടയ്ക്കിരുതല രാവും പകലും! ഞാനി-

തുച്ചത്തിൽക്കൊട്ടുമ്പോഴെന്നൊച്ചയാവുന്നു ചെണ്ട.”

(ദഹനം, പതനം—സുഫല)

അരങ്ങിലെ ആട്ടവിളക്കിനകമ്പടിയാകാനല്ല; ഉച്ചസ്ഥായിയിൽ കൊട്ടി താഴെ വീഴാനാണീ ചെണ്ടയ്ക്കുനിയോഗം.

“എത്രമേലുയർന്നുയർന്നൊച്ചവെച്ചാലും ശബ്ദം

തത്ര വീണടിയുന്നു, സുഖമിപ്പതനം മേ!”

സ്വയമെരിഞ്ഞുതീരലും വീണ്ടും തെറുത്തുകത്തിത്തീരലുമത്രേ കവികർമ്മം; അതുതന്നെയത്രേ കവിധർമ്മവും!

“തിരിയാവുക, കത്തിത്തീരുക, വീണ്ടും തിരി-

തെരച്ചുകത്തിക്കുക—സുഖമിദ്ദഹനം മേ!”

കൊളുത്തപ്പെടുന്ന തിരിയുടെ ജ്വലനം അതിന്റെ സ്വതസിദ്ധമായ ധർമ്മമത്രേ; അതിന്റെ തേജസ്സു് തിരികെ ചോദിക്കപ്പെടുംവരേയ്ക്കും.

“കത്തലാണല്ലോധർമ്മം,

കൊളുത്തപ്പെടുന്നതാ-

മിത്തിരി തീരുംവരെക്കത്ത-

ലാണല്ലോ ധർമ്മം.

ഒടുക്കം തേജോമയനീശ്വരൻ

ചോദിക്കുമ്പോൾ

കൊടുക്കാം തിരികത്തിത്തീർ-

ന്നൊരീ തേജോനാളം.”

(ജ്വാലാനാളം—സുഫല)

എരിഞ്ഞുതീർന്നു് പാഴ്‌വെണ്ണീറാവുന്നതിന്റെ സാഫല്യം ‘ദുഃഖമാവുക സുഖം’ എന്ന കവിതയിൽ കവി ഇങ്ങനെ ഇറക്കിവെയ്ക്കുന്നു:

“കത്തിത്തീരുക! ചാരം വെളുത്ത വെറും ചാരം

കെട്ടൊരു തിരിയുടെ രൂപത്തിൽ കിടക്കുക.”

സ്വയമെരിഞ്ഞുതീർന്നു് പ്രകാശമിറ്റിക്കുന്ന തിരി പോലെ, ഏറുകൊണ്ടുവീഴുന്ന മട്ടയെപ്പോലെ, ഒച്ചവെച്ചുയർന്നു് താഴെ വീണടിയുന്ന ശബ്ദംപോലെ കുടുംബം എന്ന സ്വക്ഷേത്രത്തിലേക്കുള്ള പതനം ഒന്നുമാത്രമത്രേ ഒളപ്പമണ്ണ എന്ന കവിയ്ക്കു ജന്മസാഫല്യം.

കാവ്യതപോനിഷ്ഠരായ മൂന്നു വരിഷ്ഠകവികളുടെ കവിതയ്ക്കു് അവരുടെ ഗൃഹസ്ഥാശ്രമം എങ്ങനെ കൂട്ടായിനിന്നു എന്നു പറഞ്ഞുകൊണ്ടാണു് ഈ പ്രകരണം തുടങ്ങിയതു്. തുടക്കത്തിൽ പറഞ്ഞ, തന്റെയകത്തുള്ളാൾ ചെറുകുമ്പിളിലേന്തിയ അസുലഭവും അസാമാന്യവുമായ (rare and uncommon) ഗാർഹപത്യത്തിന്റെ നറുതേൻ നുകർന്നു് താൻ സൗവ്വർണ്ണനായതും കാറ്റിൽ ഉൽക്കൃഷ്ടങ്ങളായ സപ്തസ്വരങ്ങളുയർന്നതും ഒളപ്പമണ്ണ എന്ന കവി തിരിച്ചറിഞ്ഞതിന്റെ വ്യക്തിസാക്ഷ്യങ്ങളും കാവ്യസാക്ഷ്യങ്ങളുമാണു് ഒളപ്പമണ്ണയുടെ കുടുംബകവിതകൾ എന്നു പറഞ്ഞുകൊണ്ടുതന്നെ ഇതവസാനിപ്പിക്കട്ടെ.

പദ്മദാസ്
images/padmadas-c.jpg

തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.

Colophon

Title: Garhasthyaththile Sapthaswarangalum Sauvarnnamareechikalum (ml: ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും).

Author(s): Padmadas.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Padmadas, Garhasthyaththile Sapthaswarangalum Sauvarnnamareechikalum, പദ്മദാസ്, ഗാർഹസ്ഥ്യത്തിലെ സപ്തസ്വരങ്ങളും സൗവ്വർണ്ണമരീചികളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 10, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Waterfall, Right Hand Fork, Logan Canyon, a painting by Reuben Kirkham (1845–1886). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.