(മരണാനന്തരം, ഗുരുകല്പനായ ഇടശ്ശേരിയ്ക്കു് അക്കിത്തം സമർപ്പിച്ച രണ്ടു കവിതകളിലെ വികാരവായ്പിനെക്കുറിച്ചും, അതിന്റെ അന്തർദീപ്തികളെക്കുറിച്ചും)
“എങ്ങനെ പുലരേണ്ടൂ ഞാ-
നങ്ങയിൽ നിന്നറ്റു വീണ ലോകത്തിൽ?”
ഒരു കവിയുടെ ആത്മസത്തയും അന്തഃഛോദനകളും കവിതയിൽ, പ്രത്യക്ഷമായല്ല, പരോക്ഷമായാണു് പലപ്പോഴും പ്രവർത്തിക്കാറുള്ളതു്. കവിയുടെ ജീവിതദർശനം, കാവ്യാദർശങ്ങൾ, രാഷ്ട്രീയ ചായ്വു്, സൗഹൃദങ്ങൾ, വ്യക്തിസത്തകളോടുള്ള അടുപ്പം എന്നിവ തെളിഞ്ഞല്ല; ഒളിഞ്ഞാണു് കവിതയിൽ പ്രവർത്തിക്കുക. അതു് കവി അറിഞ്ഞാവണമെന്നില്ല. കവി അതു് മനഃപൂർവ്വം ഗോപ്യമായി വെയ്ക്കുന്നതും ആവണമെന്നില്ല. അന്തർനിഹിതങ്ങളുടെ സ്വാഭാവികമായ ഒരു ബഹിർസ്ഫുരണദീപ്തിയാകുമതു് ചിലപ്പോൾ കവിതയിൽ. കവിയുടെ അന്തരംഗം മാലോകർക്കു മുന്നിൽ കൊട്ടിക്കുടയുക എന്ന പ്രവൃത്തി കൂടി, കവി പോലുമറിയാതെ ഒരു ദൗത്യമായി കവിത സ്വയം ഏറ്റെടുത്തു നടത്തുന്നുണ്ടു്. ഒരുപക്ഷേ, കവിയുടെ സത്യം, കവിതയുടെ സത്യം എന്നെല്ലാം നമ്മൾ പലപ്പോഴും പറയുന്നതു്, കവിയ്ക്കു് ഒളിച്ചു വെയ്ക്കാൻ കഴിയാത്ത ആത്മസത്തയെക്കുറിച്ചോ അയഞ്ഞും മുറുകിയും കവിതയിൽ ദൃശ്യപ്പെടുന്ന അത്തരം ആത്മപ്രത്യക്ഷങ്ങളെക്കുറിച്ചോ ആയിരിയ്ക്കാം. ഒരു കവി എഴുതുന്ന എല്ലാ കവിതകളും ഇങ്ങനെ പച്ചയായ ആത്മപ്രകൃതസ്വഭാവം പ്രകടിപ്പിച്ചുകൊള്ളണമെന്നുമില്ല. വിട്ടുവീഴ്ചയില്ലാതെ ശില്പഭദ്രതയും, വ്യാകരണവും, ഛന്ദോബദ്ധതയും ദീക്ഷിച്ചു് നിർബന്ധബുദ്ധിയോടെ ‘ചമയ്ക്കപ്പെടുന്ന’ കവിതകളിൽ ഈ ഘടകം താരതമ്യേന കുറഞ്ഞെന്നുമിരിക്കാം. ജൈവികതയോടെ, സ്വാഭാവികമായി ഉരുത്തിരിയപ്പെടുന്ന ജീവിതഗന്ധിയായ കവിതകൾക്കു്, ബോധപൂർവ്വം ഉരുത്തിരിച്ചെടുക്കുന്ന കവിതകളേക്കാൾ മാറ്റു കൂടുമല്ലോ!
ധർമ്മബോധം, കവിയുടെ രാഷ്ട്രീയം, കവിതയുടെ രാഷ്ട്രീയം, സാമൂഹ്യബോധം, അപരകാരുണ്യം, അഹിംസാബോധം, ജീവിതത്തിന്റെ മൂല്യബോധം, സർഗ്ഗക്രിയയെക്കുറിച്ചുള്ള കവിബോധ്യങ്ങൾ എന്നിവ പ്രത്യക്ഷവും പരോക്ഷവുമായി അക്കിത്തം കവിതകളിൽ പ്രേരകശക്തിയായി പലപ്പോഴും പ്രവർത്തിച്ചിട്ടുണ്ടു്. ഇടശ്ശേരി സുഹൃത്തും, വഴികാട്ടിയും, രക്ഷിതാവും, സഹചാരിയും, ഗുരുവുമെല്ലാമായിരുന്നു അക്കിത്ത ത്തിനു്. ഇടതടവില്ലാതെ, കവിതയിലും ജീവിതത്തിലും പരസ്പരം അകന്മഷതയോടെ ഒത്തുചേർന്നവർ!
കാളിദാസൻ, തുഞ്ചത്തെഴുത്തച്ഛൻ, കെ. കെ. രാജ, കുമാരനാശാൻ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, വള്ളത്തോൾ, കുറ്റിപ്പുറത്തു കേശവൻനായർ, പി. കുഞ്ഞിരാമൻ നായർ, എം. ആർ. ബി., വെണ്മണിക്കവികൾ, എൻ. എൻ. കക്കാട്, കേവീയം, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ കവികളെക്കുറിച്ചെല്ലാം അക്കിത്തം കവിസ്മരണകൾ രചിച്ചിട്ടുണ്ടു്. പക്ഷേ, ഇടശ്ശേരി യ്ക്കല്ലാതെ, വ്യക്തിസ്മരണയിൽ, രണ്ടു കവിതകൾ ഒരു സ്മര്യപുരുഷനും അക്കിത്തം സമ്മാനിച്ചിട്ടില്ല. സംക്ഷിപ്തതയുള്ള, ഇഴയടുപ്പമുള്ള, മൂല്യവത്തായ, ഉള്ളൊഴുക്കുകളാൽ ദീപ്രമായ, സ്മൃതിബന്ധങ്ങളെ യഥോചിതം പുരസ്ക്കരിക്കുന്ന ജീവിതസ്പർശിയായ രണ്ടു വിശിഷ്ടരചനകൾ!
പ്രത്യക്ഷസമർപ്പണവാക്യം ആമുഖമായിട്ടില്ലെങ്കിൽ പോലും, ‘പ്രണതബാഷ്പം’, ‘പത്മപാദൻ’ എന്നീ ആദ്യ രണ്ടു കവിതകൾ ഗുരുസ്മരണയാക്കി ഒരു കവിതാസമാഹാരം തന്നെ ഗുരുവിനു സമർപ്പിക്കപ്പെട്ട പോലെയാണു് ഇടശ്ശേരിയുടെ മരണശേഷമുള്ള അക്കിത്തത്തിന്റെ ആദ്യ പുസ്തകമായ ‘മാനസപൂജ’ 1980-ൽ പ്രസിദ്ധീകൃതമാവുന്നതു്. പുസ്തകത്തിന്റെ പേരുള്ള ഒരു കവിത ആ സമാഹാരത്തിൽ ഇല്ല എന്നതു് ഈ പരോക്ഷസമർപ്പണത്തെ സാധൂകരിക്കുന്നു. ഗുരുവിനുള്ള മാനസപൂജയായി, സമർപ്പണമായി ഒരു കവിതാസമാഹാരം! (ചങ്ങമ്പുഴ സ്മരണയായ ‘ശംഖിൽ നിന്നൊരു പുഴ’യും, ആശാൻ സ്മരണയായ ‘പ്രതിമാപ്രബോധ’വും, കുറ്റിപ്പുറത്തു കേശവൻനായർ സ്മൃതിയായ ‘കേശവസ്മരണ’യും അതേ സമാഹാരത്തിലുണ്ടെന്നതു് പുസ്തകത്തിന്റെ പേരിനു്, മലയാളത്തിന്റെ സ്മരണീയരായ നാലു കവികൾക്കുള്ള മാനസപൂജ എന്ന കുറേക്കൂടി വിശാലമായ അർത്ഥം കല്പിക്കാനിട നൽകുമെങ്കിൽപ്പോലും, കവി, വ്യക്തിബന്ധാധിഷ്ഠിതമായി, ‘മാനസപൂജ’, ഏറിയപങ്കും ഇടശ്ശേരിക്കുള്ള ഗുരുപൂജ തന്നെയല്ലേ ആവേണ്ടതു്?)
“കണ്ടിരിക്കുന്നു ഞാൻ കണ്ണു-
നിറച്ചു പലവട്ടവും
കരിങ്കൽക്കോവിൽ പോലെന്നെ-
പ്പുൽകുമീ പ്രേമരൂപനെ.”
—(‘താമരത്തോണി’—കരതലാമലകം)
എന്നു് പി. കുഞ്ഞിരാമൻനായരെ തന്നിലേയ്ക്കു നടന്നു വരുന്ന പൂർണ്ണകായനായി കവിതയിൽ അക്കിത്തം നമുക്കു മുന്നിൽ പ്രത്യക്ഷമാക്കും.
“കാലമെൻ വപ നാളെപ്പിഴിഞ്ഞാൽ,
പരമാണു കീറിയാൽ കാണും
നിന്റെ സംഗീതധൂളീപൂരം”
(‘ശംഖിൽ നിന്നു് ഒരു പുഴ’—മാനസപൂജ)
എന്നു് താൻ പോലുമറിയാതെ തന്റെ ആദ്യസമാഹാരം (‘വീരവാദം’) ‘മംഗളോദയ’ത്തിൽ നിന്നു് ഇറക്കിയ ചങ്ങമ്പുഴയോടു് കവി കൈകൾ കൂപ്പി കൃതജ്ഞതാബദ്ധനാകും.
‘പ്രണതബാഷ്പ’ത്തിലാവട്ടെ, ‘പത്മപാദ’നിലാവട്ടെ മറ്റു കവികളെപ്പറ്റിയുള്ള സ്മരണാവിശേഷങ്ങളിൽ നിന്നു് വിഭിന്നമായി, മേൽപ്പറഞ്ഞ കവിതാപ്രത്യക്ഷങ്ങളിൽ എന്നതിലേറെ, കവിതയുടെ ആന്തരധാരകളിലാണു് അക്കിത്തം ശ്രദ്ധ ചെലുത്തുന്നതു്. എന്തു് ഇടശ്ശേരിയിൽ നിന്നു് അക്കിത്തം കൈക്കൊണ്ടു എന്നതും, ഇടശ്ശേരി അദ്ദേഹത്തിനു് എന്തു നൽകിയെന്നതും കാവ്യവിചാരത്തിന്റെ മഷിയിട്ടു നോക്കിയാൽ തെളിഞ്ഞുവരുന്ന രണ്ടു കവിതകൾ!
‘പ്രണതബാഷ്പ’ത്തിൽ, പ്രഭാതഭക്ഷണത്തിനിടെ ഇടശ്ശേരി ജീവിതയാത്ര അവസാനിപ്പിച്ചു എന്ന കേട്ടപ്പോൾ, വെടി കൊണ്ട പന്നിയെപ്പോലെ,
“വീതബോധമിരച്ചു പാഞ്ഞു കി-
തച്ചു വന്നു തവാംഘ്രിയിൽ
കേതുപൂണ്ട പതാകയായ് നിപ-
തിച്ചതിപ്പൊഴുമോർപ്പു ഞാൻ”
എന്നു് അക്കിത്തം പറയുന്നു.
ഉന്നതിയിൽ പാറിയിരുന്ന താനെന്ന പതാകയാണു് താഴെ കേതു ബാധിച്ചു തളർന്നുവീണതു് എന്നു് അക്കിത്തം പറയുമ്പോൾ സ്മര്യപുരുഷനോടു് തന്നിലെ കവിക്കും വ്യക്തിക്കുമുള്ള ആശ്രിതത്വം, നഷ്ടബോധം, തന്റെ പതനം എന്നിവ മാത്രമല്ല, ഇടശ്ശേരിയുടെ മരണം എന്ന വിധിവിഹിതത്തിന്റെ യാഥാർത്ഥ്യവും വെളിപ്പെടുന്നു.
“എന്നിനിത്തല പൊക്കി നോക്കിടുമി-
ജ്ജഗത്തിനു നേരെ ഞാൻ,
എന്നു വറ്റിടുമെന്റെ കണ്ണിലു-
റന്നിടും ബഡവാഗ്നികൾ”
എന്നു തുടർന്നു വരുന്ന വരികളിലാവട്ടെ, തന്നെ കവിതയിൽ തല പൊക്കി ലോകത്തിനു മുന്നിൽ നിൽക്കാൻ കെല്പുള്ളവനാക്കിയതു് ഇടശ്ശേരിയാണെന്നു പറയുന്നു. സമുദ്രാന്തർഭാഗത്തുളള തീയാണു് ബന്ധവാഗ്നി. പയോധിയിലെ ജലത്താൽ ആമഗ്നമായ ഒരഗ്നി!
“അപ്പിനുള്ളിലെരിയുന്ന ഘോരമാ-
മഗ്നി കണ്ടു ഞാൻ ഞെട്ടിത്തെറിപ്പിതോ?”
എന്നു് കവി ‘വൃദ്ധസുന്ദരി’ (സമന്വയത്തിന്റെ ആകാശം) എന്ന കവിതയിൽ.
തീ ഇവിടെ കണ്ണുനീരാണു്. ഓരോ ദുഃഖവും, ഓരോ ദുരിതവും തീ തന്നെയാണു്. കടുത്ത ദുരിതവും ദുഃഖവും അനുഭവിക്കുമ്പോഴും, ‘ഞാൻ എത്ര തീ തിന്നു’ എന്നേ ആണതു്. ഒരുപക്ഷേ, അതു് സ്നേഹം, ആദരം എന്നിവയിലേറെ ധർമ്മബന്ധിതമാണു്. തനിക്കു് ഒട്ടൊക്കെ അറിയാവുന്ന ലോകനീതിയെ തന്നിൽ ഊട്ടി ഉറപ്പിച്ചു മൂർച്ച വെപ്പിച്ചതു് ഇടശ്ശേരിയാണു്. അപ്പോൾ കണ്ണുനീർ അഗ്നിയാവാതെങ്ങിനെ? കണ്ണീരൊലിച്ചിറങ്ങേണ്ടിടത്തു് തീയുറയുക. അശ്രുവാരാശി തന്നെയാണു് അക്കിത്തം കവിതകൾ. ആ അശ്രുവാരാശിയിലെ വറ്റാത്ത ബഡവാഗ്നിയായി മാറുന്നു തന്റെ ഗുരുനാഥന്റെ വിയോഗദുഃഖവും.
“എന്നു ഞാനറിയും ഭവാൻ നര-
കാഗ്നി താണ്ടിയ നാൾകളിൽ-
ത്തന്നെയും മിഴിനീരൊലിക്കറ
തീണ്ടിടാതെ ചിരിച്ചതും?”
എന്നു അക്കിത്തം പറയുമ്പോൾ “കണ്ണീരുപ്പു പുരണ്ട ജീവിതപലഹാരം” മാത്രമേ തനിക്കു വേണ്ടൂ എന്നു സ്വയം തീർപ്പു കല്പിക്കുന്ന ഇടശ്ശേരിയുടെ കവിതയിലെ വരികളെ മാത്രമല്ല; ഇടശ്ശേരിയുടെ, ‘ജീവിതത്തിന്റെ കണ്ണീർക്കറ പുരളാതെ ചിരിച്ചുകൊണ്ടിരിക്കുക’ എന്ന ഫിലോസഫിയെത്തന്നെയാണു് അക്കിത്തം സാഷ്ടാംഗം പ്രണമിക്കുകയും തന്റെ കവിതയിലാവാഹിക്കുകയും ചെയ്യുന്നതു്. അശ്രുപരിചര്യയാകട്ടെ, ധർമ്മപാലനമാകട്ടെ, കവിതയും ജീവിതവും തമ്മിലുള്ള അകലം പരമാവധി കുറച്ച രണ്ടു കവികൾ! അവരിലൊരാൾ, മുൻപേ നടന്നു നേർവഴി നയിച്ചയാളുടെ ജീവിതത്തിന്റെയും കവിതയുടെയും തത്ത്വശാസ്ത്രങ്ങൾ കൈക്കുമ്പിളിൽ കോരിയെടുത്തു് അർപ്പണബുദ്ധിയോടെ, മനഃശുദ്ധിയോടെ തന്റെ ഗുരുവിനു നേരെ അദ്ദേഹത്തിന്റെ ചരമവേളയിൽ അർച്ചിക്കുന്നു. ഇതല്ലേ യഥാർത്ഥത്തിൽ ശരിയായ കാവ്യധന്യത? ഇടശ്ശേരി ഗോവിന്ദൻ നായരുടേയും അക്കിത്തം അച്യുതൻ നമ്പൂതിരിയുടെയും?
കണ്ണുനീർ അത്ര തന്നെ ഉറന്നൊഴുകിടാത്ത ഇടശ്ശേരിക്കവിതയുടെ ശോകവും, ബഡവാഗ്നിയായി മാറിയ അക്കിത്തം കവിതയുടെ ദുഃഖവും! അടുത്തടുത്തിരുന്ന രണ്ടു കണ്ണുനീർത്തുള്ളികൾ ഒന്നു ചേർന്നു് വലിയൊരു കണ്ണീർത്തുള്ളിയാവുന്നു എന്നതിലെ സ്വാഭാവികതയും, വിസ്മയവും, ഐക്യവും, പാരസ്പര്യവും ഒത്തു ചേരുന്നു ‘പ്രണതബാഷ്പ’ത്തിൽ! അതോടൊപ്പം, ലോകദുഃഖത്തിനു് ഒറ്റ ബഹിർസ്ഫുരണമേയുള്ളൂ, അതു പുറത്തുവരികയോ അകത്തൊതുക്കപ്പെടുകയോ ചെയ്യപ്പെട്ട കണ്ണുനീരാണെന്ന തുറന്നു പറച്ചിലും!
തുടർന്നു വരുന്ന വരികളിൽ തന്റെ തെറ്റുകൾക്കു നേരെയല്ല; ശരികൾക്കു നേരെയാണു് ഇടശ്ശേരിയുടെ ശുദ്ധമനസ്സു് മിഴി പായിച്ചതെന്നു് അക്കിത്തം പറയുന്നതിങ്ങനെ:
“എത്ര തെറ്റുകളാണറിഞ്ഞുമ-
റിഞ്ഞിടാതെയുമിജ്ജഗൽ-
ച്ചിത്രയാത്രയിലെന്റെ മൂഢത
ചെയ്തതെന്നറിവീല്ല മേ.
തത്തിയില്ലതിലൊന്നുമുജ്ജ്വല-
ചക്രവാളസമം ഭവൽ-
ചിത്തവൃത്തിയിലെന്നു മാത്രമ-
റിഞ്ഞിരുന്നു സദാപി ഞാൻ.”
തന്റെ പിഴകളല്ല, ശരികളാണു് ഇടശ്ശേരി കണ്ടതെന്നു് അക്കിത്തം പറയുമ്പോൾ, ചക്രവാളസമാനോജ്ജ്വലമായ ആ മഹാമനസ്സിനും ഹൃദയവിശാലതയ്ക്കും നേർക്കു തന്നെയാണു് അക്കിത്തം കൈകൂപ്പി കൃതജ്ഞതാപൂർവ്വം കാലടികൾ പിന്നോട്ടു വെച്ചു മടങ്ങുന്നതു്.
“ബ്രഹ്മസ്വരൂപൻ ഗുരു കനിഞ്ഞീടുകിൽ
ബ്രഹ്മാണ്ഡമൊക്കെയും നിൻ
കളിപ്പന്തൽ താൻ”
എന്നു് പി.-യെപ്പോലെ, അക്കിത്തത്തിനും ഇടശ്ശേരിയെക്കുറിച്ചു് നല്ല തീർച്ചയും ഉറപ്പുമുണ്ടായിരുന്നു. കവിതയിലെന്നപോലെ ജീവിതമൂല്യാനുസന്ധാനങ്ങളിലും ധർമ്മബോധാങ്കുരണത്തിലും ഇടശ്ശേരി, അക്കിത്തത്തിന്റെ ജീവിതയാത്രയ്ക്കു മാത്രമല്ല കവിതയ്ക്കു തന്നെയും തുണയും, തണലും, സ്വാധീനവും ആയിരുന്നു എന്നതു് കാവ്യചരിത്രം!
സ്മൃതികവിത, ഒന്നു മാത്രം പോരാ ഗുരുവരനെന്നു് അക്കിത്തത്തിനു തീർച്ചയുള്ളതു കൊണ്ടോ, തനിക്കു ലഭിച്ച ഗുരുകടാക്ഷത്തിനു് ഒരു കവിതയുടെ കൃതജ്ഞത മാത്രം പോരാ എന്നു തോന്നിയതു കൊണ്ടോ ആകാം, അക്കിത്തം ഇരുകൈകൾ കൊണ്ടു് കൂപ്പുന്ന പോലെ, ഇരുകവിതകൾ കൊണ്ടു്, ഇടശ്ശേരിയെ അർച്ചന ചെയ്തതു്.
രണ്ടാമത്തെ കവിതയുടെ ശീർഷകം ‘പദ്മപാദൻ’ എന്നു് ആയതും വെറുതെയല്ല. ശങ്കരാചാര്യരുടെ പ്രഥമശിഷ്യനാണു് പദ്മപാദൻ. (ശിഷ്യത്വം പറയുകയാണെങ്കിൽ, അക്കിത്തം കഴിഞ്ഞേ ഇടശ്ശേരിക്കും മറ്റൊരാൾ ഉള്ളൂ.) ഗുരുപരിചര്യ ജീവിതവ്രതമാക്കിയവനാണു് പദ്മപാദൻ! പുഴയ്ക്കക്കരെ നിന്നു് ആചാര്യൻ വിളിച്ചപ്പോൾ പുഴയാണെന്നോർക്കാതെ പദ്മപാദൻ, ഗുരുസവിധത്തിലേയ്ക്കു് ജലോപരിതലത്തിലൂടെ നടന്നെത്തിയത്രേ! പാദം വെച്ചിടത്തെല്ലാം പുഴയിൽ മുളച്ച അസംഖ്യം താമരകൾ അദ്ദേഹത്തെ താങ്ങി നിർത്തുകയും ചെയ്തു! ഇടശ്ശേരിയുടെ ഗുരുവരത്തോടുള്ള കൃതജ്ഞതാനിർഭരമായ ഗുരുദക്ഷിണ കൂടിയാണു് ‘പദ്മപാദൻ’ എന്ന കവിത.
“അദ്ദേഹത്തിൻ വിളി കേട്ട-
ലകളിലൂടെക്കിതച്ച കാൽക്കീഴിൽ
തത്തന്നിമിഷോദ്ഭിന്ന-
ത്താമരമലർ പൊന്തിവന്നതെൻ മികവോ?”
എന്നു് അക്കിത്തം പറയുമ്പോൾ ഗുരുവിനോടുള്ള വിധേയത്വം, പ്രാതികൂല്യങ്ങളെക്കുറിച്ചുള്ള ചിന്താലേശമെന്യേ അദ്ദേഹത്തിന്റെ ആജ്ഞ ശിരസാ വഹിക്കാനുള്ള സന്നദ്ധത, ഗുരുവിൽ നിന്നു് തിരികെ ലഭിക്കുന്ന ആശീർവാദം, ആത്മസമർപ്പണം, കവികർമ്മത്തിലുള്ള ആത്മബലം എന്നിവ ഒരുപോലെ കവിതയിൽ പ്രതിഫലിക്കുന്നു. ഗുരുകടാക്ഷമുണ്ടെങ്കിൽ പോലും, ജലോപരിതലത്തിലൂടെ നടക്കുക എന്ന കർമ്മം, താൻ തന്നെ നിർവ്വഹിക്കണമല്ലോ. ഗുരുശിക്ഷണങ്ങളിലും പൂർവ്വാദാനങ്ങളിലും താനെഴുതുന്ന കവിത തന്റേതു മാത്രവുമാകണം. സ്വന്തം കവികർമ്മത്തിലുള്ള അക്കിത്തത്തിന്റെ അചഞ്ചലവിശ്വാസം കൂടിയാണതു്.
എന്നു മാത്രമല്ല അപ്പപ്പോൾ പൊന്തി വരുന്ന താമര എന്ന വിശേഷണത്തിലൂടെ, (“തത്തതു് നിമിഷോദ്ഭിന്നത്താമരമലർ”) ഏതു ഉൽക്കൃഷ്ടകവിതയ്ക്കും കൊടുക്കാവുന്ന മനോഹരമായ നിർവ്വചനങ്ങളിലൊന്നു് (അതതു നിമിഷങ്ങളുടെ കൈവല്യവും വിഭിന്നതയും) ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്നു, അക്കിത്തം! കവിതയിൽ, തന്നെ, കാലുറപ്പിച്ചു നിർത്തിയ ഇടശ്ശേരി! ഇതല്ലേ കവിത? കവിത, ഇങ്ങനെ തന്നെയല്ലേ ആകേണ്ടതു്? ശങ്കരാചാര്യർ-പദ്മപാദൻ/ഇടശ്ശേരി-അക്കിത്തം ദ്വന്ദ്വങ്ങളുടെ സമാന്തരവിന്യാസം എല്ലാ അർത്ഥത്തിലും മികവുറ്റതും, അനന്യവും, അന്യൂനവും, സന്ദർഭോചിതവുമായി മാറുന്നു അക്കിത്തത്തിന്റെ രണ്ടാമത്തെ ഗുരുസ്മരണയിൽ (പിതൃസ്മരണയിൽ!).
അടുത്ത നാലുവരികളിലാകട്ടെ, താനെന്ന കവിയുടെ (ജനിതകമല്ലാത്ത) മാതൃപിതൃസത്തകൾ ഇടശ്ശേരിയിൽ ആരോപിക്കുന്നു, അക്കിത്തം.
“അച്ഛനുമമ്മയുമായി-
ട്ടെന്നെസ്സേവിച്ച ധർമ്മശാസ്താവേ,
എങ്ങനെ പുലരേണ്ടൂ ഞാ-
നങ്ങയിൽ നിന്നറ്റു വീണ ലോകത്തിൽ?”
ഇടശ്ശേരിയല്ല ഭൂമി വെടിഞ്ഞതു്; ലോകമാണു് അദ്ദേഹത്തിൽ നിന്നറ്റു പോയതെന്നു് അക്കിത്തം വിലയിരുത്തുന്നു. സ്വന്തം പങ്കിനെ നിഷേധിക്കാതെ, കവിയെന്ന നിലയ്ക്കു് തന്റെ സൃഷ്ടിയുടെ മാതൃത്വവും, പിതൃത്വവും, മടി കൂടാതെ ഇടശ്ശേരിയ്ക്കു പതിച്ചു നൽകുന്നു വിനയാന്വിതനായ (കവിതയിലും ജീവിതത്തിലും) അക്കിത്തം. ഇതിൽപ്പരം എന്തു വേണം ഒരാചാര്യനു്? ഇടശ്ശേരിയില്ലെങ്കിൽ താനെന്ന കവിയുടെ പിറവി ഇല്ല. ഈ കവിതയിലെ ‘ധർമ്മശാസ്താവു്’ ശബരിമല അയ്യപ്പനല്ലല്ലോ. കവിതയിലും ജീവിതത്തിലും ധർമ്മത്തെ മുറുകെപ്പിടിച്ച, തന്റെ ധർമ്മദൈവമായ ഇടശ്ശേരിക്കളത്തിൽ ഗോവിന്ദൻ നായർ തന്നെയല്ലേ യഥാർത്ഥത്തിൽ തന്റെ ‘കവിയച്ഛൻ’? ആത്മപ്രചോദിതമായി, ഇടശ്ശേരിയിൽ നിന്നു് താൻ ഒരുപക്ഷേ, ഏറ്റവും കൂടുതൽ ആഗിരണം ചെയ്തതും, പിൻതുടർച്ചയായി കൈക്കൊണ്ടതും കവിതയിൽ ഉടനീളം വിന്യസിച്ചതും ധർമ്മം തന്നെയാണല്ലോ. ഇടശ്ശേരിയും അക്കിത്തവും ഒരുപോലെ കവിതയിൽ ആചരിച്ച രണ്ടു കാര്യങ്ങൾ ധർമ്മപാലനവും അശ്രുപരിചര്യയുമായിരുന്നു. ഇടശ്ശേരി “ഹാ! രക്ഷയ്ക്കാത്മകർമ്മം ശരണം” എന്നുപറയുമ്പോൾ (‘മാപ്പില്ല’— തിരഞ്ഞെടുത്ത കൃതികൾ), “ധർമ്മത്തേക്കാൾ പെരിയ പരമാനന്ദമെന്തുള്ളു വാഴ്‌വിൽ” എന്നു പറയും അക്കിത്തം, എന്നേയുള്ളൂ വ്യത്യാസം! (‘മുല്ലമംഗലം’—സമന്വയത്തിന്റെ ആകാശം)
“ഇടക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം?”
എന്നു് ഇടശ്ശേരി പറയുമ്പോൾ (‘അമ്പാടിയിലേയ്ക്കു് വീണ്ടും’—കാവിലെ പാട്ടു്)
“ആവോ തമസ്സാൽത്തളരുമെൻ നേത്രത്തി-
ലാവിർഭവിക്കുന്ന കണ്ണുനീരേ നീയാവാ-
മിജ്ജഡബ്രഹ്മാണ്ഡകോടിയിൽ
ജീവാതു കുത്തിയിടുന്ന സൂര്യൻ”
(‘വെളിച്ചം തിരഞ്ഞു്’—ഇടിഞ്ഞു പൊളിഞ്ഞ ലോകം)
എന്നു് അക്കിത്തവും അതിനെ പിൻതാങ്ങും.
“അദ്ദേഹത്തിൻ സ്നേഹം
പ്രസരിച്ചും കൊണ്ടിരുന്ന ലോകത്തിൽ
ഏതൊരു കണ്ണീരാറ്റിൻ
കടവത്തും ഞാനധീരനായില്ല.”
എന്ന ‘പത്മപാദനി’ലെ വരികളിൽ തന്റെ കണ്ണുനീരിലും ഇടശ്ശേരിയായിരുന്നു തനിക്കു് സ്നേഹാധിഷ്ഠിതമായ കവികർമ്മധീരത പകർന്നു തന്നിരുന്നതെന്നു പറഞ്ഞു് അക്കിത്തം ആചാര്യനു നേരെ ഒരിക്കൽക്കൂടി അഞ്ജലീബദ്ധനാകുന്നു. അഞ്ചു ശ്ലോകത്തിനു് അമ്പതിന്റെ ഫലം കിട്ടുന്ന കാവ്യധന്യതയാണു് ആറ്റിക്കുറുക്കിയ, ഒന്നും കളയാനും, ഒന്നും ചേർക്കാനുമില്ലാത്ത ‘പത്മപാദൻ’ എന്ന അക്കിത്തത്തിന്റെ ഇടശ്ശേരി സ്മരണാവിശേഷത്തിനു്!
ഇതര കവിസ്മരണകളിൽ നിന്നു് ഇടശ്ശേരിസ്മൃതിയിൽ അക്കിത്തം വിഭിന്നനാകുന്നതു് പ്രകടാർത്ഥതലങ്ങളിലല്ല, ജീവിതബന്ധിയും കാവ്യസംബന്ധിയുയായ ഇടപഴകലിന്റെയും ആദാനപ്രദാനങ്ങളുടേയും നിലീനാർത്ഥധ്വനികളിലാണു്. അതു തന്നെയാണു് അവ രണ്ടിനേയും ഒരേ സമയം തന്റെ ഗുരുവിനുള്ള വിശിഷ്ടകാവ്യപരിചര്യയും (special poetic treatment) അമൂല്യമായ വ്യക്തിസ്മൃതിയുമാക്കി മാറ്റുന്നതു്.
ഒരേ വേദിയിലിരിക്കുന്ന ഇടശ്ശേരിയേയും അക്കിത്തത്തേയും, സദസ്സിലെ ഏറ്റവും പിൻനിരയിൽ നിന്നു് കൈകൾ കൂപ്പാൻ കഴിഞ്ഞ പാരായണ, പരാവർത്തനധന്യതകൾ കൂടി പ്രിയ വായനക്കാരോടു് പങ്കുവെച്ചു കൊണ്ടു് സവിനയം വിരമിക്കട്ടെ!
തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.