images/The_Synnot_children1.jpg
The Synnot children, a painting by Joseph Wright of Derby (1734–1797).
ചെറുതായ് തുടങ്ങുക
ഡി. പങ്കജാക്ഷക്കുറുപ്പ്
ഞാൻ:
പ്രകൃതിയിൽ നാം കാണുന്ന എല്ലാ വലുതുകളും വലുതായി തുടങ്ങിയതല്ല. പുതിയ ലോകവും ചെറുതായ് തുടങ്ങാനേ പറ്റൂ എന്നാണു് എനിക്കു തോന്നുന്നതു്. വിശ്വത്തോളം പടർന്നു വളരേണ്ട ഒരു ചെറിയ സംവിധാനമാണു “തറക്കൂട്ടം.” സാധാരണക്കാരായ ചെറിയ മനുഷ്യർക്കു് ഇതാണുചിതം. ഇതവരുടെ കൈയിലൊതുങ്ങും. ഇന്ത്യ ആകെ ഒന്നിച്ചു തുടങ്ങണം എന്നു പറഞ്ഞാൽ, അതിന്റെ സാക്ഷാത്കാരത്തിനു് നാടുതോറുമുള്ള ഈ മുളകൾ ആവശ്യമാണെന്നുകൂടി പറയേണ്ടിവരും. പക്ഷേ, എന്തുകൊണ്ടോ നമ്മുടെ മനസ്സിൽ ഇത്ര ചെറുതിനു് സ്ഥാനമുറയ്ക്കുന്നില്ല. ലക്ഷംപേരെങ്കിലും കൂടാത്ത ഒരു കാര്യവും ഇന്നിപ്പോൾ തുടങ്ങാനാവില്ല എന്നായി. പത്തുപൈസയ്ക്കു വിലയില്ലാതായതുപോലെ പത്തുവീടുകൾ ചേരുന്നതിനേയും നിസ്സാരമായി തള്ളിക്കളയുന്നു പലരും.
നവ:
സമകാലീനചിന്ത തറക്കൂട്ടത്തിനു അനുകൂലമല്ല. കാരണം സ്വതന്ത്രചിന്തയിൽ നിന്നുണ്ടാവേണ്ടതാണു് പുതിയ ഈ സങ്കല്പം. ചിന്താരംഗത്തും കർമരംഗത്തും നാം ഇന്നു് അടിമകളാണല്ലോ.
രാജു:
മോചനത്തിനെന്താണൊരു വഴി?
ഞാൻ:
ഇന്നിന്റെ വിമർശനം, നാളെയുടെ ഭാവന, അതു പ്രത്യക്ഷമാക്കാനുള്ള കർമശക്തി. ഇതു മൂന്നും സാധാരണജനങ്ങളിലുണ്ടാവാതെ മോചനം സംഭവിക്കില്ല.
കേശു:
ഈ സ്വതന്ത്രചിന്ത സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അഥവാ ഉണ്ടായാൽതന്നെ അതിനെ വളരാൻ അനുവദിക്കുകയുമില്ല. മനുഷ്യസ്നേഹികളായ പലരും ഇതിനു് ശ്രമിച്ചിട്ടുണ്ടു്. സാധാരണ ജനങ്ങളുടെ മനസ്സു് സ്വകാര്യപരതയുടെ തലങ്ങളിൽ നിന്നുയരാൻ അനുവദിക്കാതെ അമർത്തിയിട്ടിരിക്കുകയാണു്. പല കൂടങ്ങൾ മാറിമാറി ശിരസ്സിൽ പ്രയോഗിച്ചാണു് വളർച്ചയെ തടഞ്ഞുകൊണ്ടിരിക്കുന്നതു് എന്നെനിക്കു തോന്നാറുണ്ടു്. ലോകമാകെയുള്ള സഞ്ചാരത്തിനിടയിൽ ഞാൻ കണ്ടെത്തിയതാണിതു്. മനുഷ്യന്റെ വ്യക്തിത്വം അന്യരിലേക്കു പടരാൻ അനുവദിക്കാതെ അവന്റെ തലയിൽ നിരന്തരമായി മുട്ടിക്കൊണ്ടിരിക്കുന്ന മൂന്നുകൂടങ്ങൾ ഇതിൽ മുഖ്യങ്ങളാണു്.
രാജു:
എന്താണീ മൂന്നു കൂടങ്ങൾ?
കേശു:
ഒന്നു് ഭരണകൂടം തന്നെ. ജനാധിപത്യഭരണകൂടങ്ങളെന്നോ, ഏകാധിപത്യഭരണകൂടങ്ങളെന്നോ, സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെന്നോ ഏതു പേരിൽ ആയിരുന്നാലും മനുഷ്യന്റെ വളർച്ചയെ ഭരണകൂടങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ഭരണകൂടത്തിലുള്ള വിശ്വാസം മാറാനിടകൊടുക്കാത്ത തരത്തിൽ സർവശക്തനാണു് ഭരണകൂടം എന്നൊരു ധാരണ ഉറച്ചുപോയി. ചൈന ഇപ്പോൾ ജനാധിപത്യഭരണകൂടത്തിൽ വിശ്വാസം അർപ്പിക്കുകയാണു്. രണ്ടാമത്തേതു് പള്ളിക്കൂടങ്ങളാണു്. നമ്മുടെ പള്ളിക്കൂടങ്ങൾ വിദ്യാഭ്യാസത്തിന്റെ പേരിൽ മനുഷ്യരാശിയോടു് ചെയ്യുന്ന ദ്രോഹം അതിഭയങ്കരമാണു്. വളരെ ശൈശവത്തിൽതന്നെ മനുഷ്യന്റെ തലച്ചോറിന്റെ മേൽ ഇവൻ പിടിമുറുക്കുന്നു. കലകളും ടെലിവിഷനുകളുമെല്ലാം വിദ്യാഭ്യാസമാദ്ധ്യമങ്ങളായിട്ടാണു് അവതരിപ്പിക്കപ്പെടുക. ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനുമായി ബന്ധിപ്പിച്ചു അങ്ങനെ ആഗോളമനുഷ്യനായി വളരാൻ വ്യക്തികളെ തയ്യാറാക്കുന്നതിനു പകരം കൂടെയുള്ളവനെ തോല്പിക്കുകയാണു് വേണ്ടതെന്നു് പഠിപ്പിക്കുകയാണു് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു വന്നിരിക്കുന്നു. വിദ്യാഭ്യാസം സർക്കാർ അധീനതയിൽ വച്ചിരിക്കുന്നതു് അധികാരികൾ ചിന്തിക്കുന്നതുപോലെ ജനങ്ങൾ ആയിത്തീരാൻ വേണ്ടിയാണു്, സ്വതന്ത്രചിന്ത വളർത്താൻ വേണ്ടിയല്ല. ഒരു ഗവണ്മെന്റും അതാഗ്രഹിക്കുകയില്ല. മറ്റേജൻസികളും ഇതു തന്നെ ലക്ഷ്യമാക്കുന്നു. മറ്റുള്ളവരുടെ മനസ്സിനെ തന്നിഷ്ടംപോലെ ചലിപ്പിക്കുവാൻ കഴിയുന്ന ഒരുപകരണം താമസിയാതെ ഭരണത്തലവന്മാരുടെ കൈകളിൽവരും എന്നു കേൾക്കുന്നു. അതിനു മുമ്പു് ലോകം പൊട്ടിത്തെറിച്ചുപോയെങ്കിൽ എന്നു ഞാൻ വിചാരിക്കുന്നു. ഞാനൊഴിച്ചു് വ്യക്തിത്വമുള്ള മറ്റാരും ഭൂമിയിൽ വേണ്ട, എനിക്കുവേണ്ടി പണിയെടുക്കുന്നവർ മതി എന്നു കരുതുന്നതു് എത്ര ഭീകരമാണു്. മുമ്പു് അടിമയുടെ കാലിലെ ചങ്ങല നമുക്കു് പ്രത്യക്ഷമായി കാണാമായിരുന്നു. ഇന്നു് മനുഷ്യരാശിയുടെമേൽ ഭരണകൂടങ്ങൾ ചെലുത്തുന്ന നിയന്ത്രണം അത്ര സ്പഷ്ടമായി കാണാനാവുകയില്ല. വികാരം കൊണ്ടിട്ടു് കാര്യമില്ലെന്നു് എനിക്കറിയാം. ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുന്നതു് അടിസ്ഥാനപരമായി ശരിയല്ലെന്നും എനിക്കറിയാം. ഒരിക്കലും പരസ്പരം അംഗീകരിക്കാൻ കഴിയാതെ ഒറ്റപ്പെട്ടുജീവിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന നമ്മൾ ഓരോരുത്തരും തന്നെയാണു് കുറ്റക്കാർ എന്നും എനിക്കറിയാം. എങ്കിലും ഈ ബീഭത്സചിത്രത്തെക്കുറിച്ചോർക്കുമ്പോൾ ആരും വികാരം കൊണ്ടുപോകും.
രാജു:
വളരെ ശരിതന്നെ. നമ്മളെന്തു ചെയ്താലും ഫലമില്ലെന്നു ചിലപ്പോൾ തോന്നിപ്പോകും. ഭരണകൂടങ്ങളുടേയും പള്ളിക്കൂടങ്ങളുടേയും സ്വാധീനവലയത്തിലാണു് ലോകം. മൂന്നാമതൊരു കൂടംകൂടി കേശു കണ്ടെത്തിയതെന്താണെന്നു് അറിഞ്ഞാൽ കൊള്ളാം.
കേശു:
നോട്ടടിക്കുന്ന അച്ചുകൂടമില്ലേ, അതുതന്നെ! രണ്ടു മനുഷ്യർ തമ്മിലുള്ള കടപ്പാടു് നാണയം കൊണ്ടു് മുറിച്ചുകളയാനുള്ള പ്രതിഫലമെന്ന ഈ ഏർപ്പാടു് സംസ്കാരമുള്ള മനുഷ്യരാശിക്കു സഹിക്കാനാവുന്നതല്ല. എന്തിനും പ്രതിഫലം! പ്രതിഫലം കൂടാത്ത ഒരു പ്രവൃത്തിയും സങ്കല്പിക്കാനേ കഴിയുകയില്ല. മനുഷ്യബന്ധങ്ങളിൽ നാണയം വരുത്തിക്കൊണ്ടിരിക്കുന്ന വിടവു് ബന്ധുത്വബോധം കൊണ്ടു് നാം നികത്തിയില്ലെങ്കിൽ അന്യത്വം എന്ന വിഷയം മനുഷ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വ്യാപിച്ചുപോകും പ്രതിഫലം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴെല്ലാം ബന്ധം മുറിയുകയാണു്. മനുഷ്യന്റെ ജീവരക്തത്തിൽ നിന്നു് പ്രതിഫലം എന്ന ഈ വിഷയം മാറ്റുന്നതിനുള്ള ഏറ്റവും പറ്റിയ ഒരു മരുന്നു് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.
ഞാൻ:
ഇതിനൊരു പോംവഴി കണ്ടെത്താനുള്ള പരീക്ഷണത്തിലാണു് ഞങ്ങൾ കുറച്ചുകാലമായി ഏർപ്പെട്ടിരിക്കുന്നതു്. ഞങ്ങൾ കണ്ടെത്തിയ ഒരു മറുമരുന്നാണു് ‘തറക്കൂട്ടം’.
നവ:
ഇന്നത്തെ ജനങ്ങളുടെ ഇടയിൽ എങ്ങനെയിതു നടപ്പിലാക്കും?
പ്രവർത്തനത്തിലേക്കു്
ഞാൻ:
വീടുകളിൽ ചെന്നു് മുഖാമുഖം കണ്ടു് അടുത്തിരുന്നു സംസാരിക്കണം. ഓരോ വ്യക്തിക്കും ലോകത്തോടാകെയുള്ള ബന്ധുത്വവും ഉത്തരവാദിത്വവും പറഞ്ഞു ശരിക്കും ബോധ്യപ്പെടുത്തിക്കൊടുക്കണം. വേണ്ടത്ര സമയം എടുക്കണം. അയൽക്കാരുമായി ബന്ധപ്പെട്ടു് സമൂഹജീവിതം തുടങ്ങുകയാണു് രക്ഷാമാർഗം എന്നൊരു ബോധം സ്ത്രീപുരുഷന്മാരിലും, കുട്ടികളിലും ഉയർന്നുവരണം. തൊഴിൽ തരാം, കലാപരിപാടികൾ കാണിക്കാം, വീടുവച്ചുതരാം, സ്ത്രീധനം കൊടുക്കരുതു് എന്നൊന്നും ഇപ്പോൾ പറയരുതു്. സ്വകാര്യപരതയുടെ നാക്കുനീട്ടാൻ ഇടവരുത്തുന്നതായ യാതൊന്നും പറയരുതു്. വെറുപ്പിന്റെ ഫണം വിടർത്താനും ഇടവരുത്തരുതു്. പുതിയൊരു ലോക സമൂഹത്തിലേക്കു്—ഉയർന്ന ഒരു മാനസിക ഭൂമികയിലേക്കു്—ഉയരാനുള്ള പ്രേരണ തന്നെ കൊടുക്കണം. ഇന്നുള്ള വ്യവസ്ഥയെ കലക്കുകയും ചെയ്യരുതു്. അടുത്തടുത്ത വീടുകളിൽ വിടാതെ കയറി സംസാരിക്കണം. ഒരു പ്രദേശം തിരഞ്ഞെടുത്തു് അവിടെയുള്ള എല്ലാ വീടുകളുമായും ബന്ധപ്പെടണം. ഒരു സമൂഹജീവിതത്തിനു തക്ക ചലനശേഷി ഉണ്ടാക്കാൻ പറ്റിയ വിസ്തൃതിയുള്ള പ്രദേശമായിരിക്കണം തിരഞ്ഞെടുക്കേണ്ടതു്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒരു മുന്നൂറു വീടു് ഒരു പരീക്ഷണശാലയായി കരുതാം എന്നു തോന്നുന്നു. ഉത്സാഹമോ, ആവേശമോ ആദ്യം ഉണർത്തരുതു്. ചിന്തിപ്പിക്കണം. ഒന്നിച്ചുജീവിക്കുന്നതിനുള്ള പ്രേരണ വളർത്തണം. നാം അന്യോന്യം വേണ്ടപ്പെട്ടവരാണു്, നമുക്കൊന്നിച്ചേ പുരോഗമിക്കാൻ പറ്റൂ എന്ന ബോധം വളർത്തി, പരസ്പരം ആർദ്രതയുണർത്തി, കണ്ണി ചേർക്കാനുള്ള വിനീതമായ ഒരു ശ്രമം തുടർന്നു നടത്തണം. ഉത്സാഹം അതിൽനിന്നുണ്ടായിക്കൊള്ളും. ഒന്നിച്ചുകൂടാൻപോലും ആദ്യഘട്ടത്തിൽ ആവശ്യപ്പെടരുതു്. ഒന്നിച്ചുകൂടൽ ഈ പ്രവർത്തനത്തിന്റെ ഫലമായുണ്ടാകേണ്ടതാണു്. ഒരിടത്തു് ഇതു സംഭവിച്ചാൽ അതു പടരും എന്നാശിക്കാം.
നവ:
ഈ പരീക്ഷണത്തോടു പൂർണമായി യോജിക്കുന്നു. എന്നാൽ ഈ സമീപനം മതിയാകുമോ എന്നു് സംശയമുണ്ടു്.
ഞാൻ:
ആ സംശയം എനിക്കുമുണ്ടു്. പുതുതായി നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും നിർദ്ദേശിക്കാനുണ്ടോ?
അമ്പലപ്പുഴ മുന്നോട്ടു വരുന്നുവോ?
നവ:
അതുടനെ പറയാനാവില്ല. ദർശനം ഇപ്പോൾ അമ്പലപ്പുഴയിൽ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവർക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ?
ഞാൻ:
ഇല്ല; രണ്ടുകൊല്ലം മുൻപു് അവിടെ പ്രവർത്തനം ആരംഭിക്കുമ്പോൾ കാഴ്ചപ്പാടിത്രപോലും വ്യക്തമല്ലായിരുന്നു. കഴിഞ്ഞ ക്യാമ്പിൽ ‘നവസമൂഹരചന’യെപ്പറ്റി ചർച്ച നടന്നപ്പോൾ വളരെ കുറച്ചു വീട്ടുകാർ മാത്രമേ അതിൽ പങ്കെടുത്തിരുന്നൊള്ളു.
കേശു:
എന്താവാം അതിനു കാരണം?
ഞാൻ:
ഞാൻ കണ്ടെത്തിയ കാരണം പറയാം. നാട്ടുകാർക്കു് ആവശ്യബോധം വന്നിട്ടില്ല. നാം ഭാവന ചെയ്യുന്ന ഈ പുതിയ ലോകം അവരുടെ ഭാവനയിൽ വന്നിട്ടില്ല.
രാജു:
ഞങ്ങളുടെ അറിവു് അങ്ങനെ അല്ലല്ലൊ? കഴിഞ്ഞ ക്യാമ്പിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിയുമായി ഞങ്ങൾ സംസാരിച്ചു. ആ യുവാവു് പറഞ്ഞതു് നാട്ടുകാരുടെ ആത്മാർത്ഥമായ സഹകരണം ഇത്ര ഒരിടത്തും ഉണ്ടായിട്ടില്ല എന്നാണു്.
ഞാൻ:
അങ്ങനെ കുറെ കാര്യങ്ങൾ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാൽ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന—അതാണു നമുക്കും ലോകത്തിനും രക്ഷാമാർഗം എന്നൊരു തോന്നൽ—അതു് നാട്ടുകാരുടെ മനസ്സിൽ വേരൂന്നിയിട്ടുണ്ടോ? അയൽക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാൻ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ടു് എന്നു പറയാം.
സ്വകാര്യപരതേ, നീ തന്നെ ശത്രു
നവ:
ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ടു് കൊണ്ടുവരാം എന്നു് ആലോചിക്കേണ്ടേ?
ഞാൻ:
വേണം. സമൂലപരിവർത്തനത്തെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണു്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാർക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികൾക്കും അതിൽ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോൾ അതൊരു പ്രശ്നമാണു്.
രാജു:
വ്യക്തികൾക്കാകുന്നതു് പ്രദേശത്തിനാകാതെ വരുന്നതു് എന്തുകൊണ്ടു്?
ഞാൻ:
പറയാം. ഈ പ്രദേശത്തു പല പാർട്ടിക്കാരുണ്ടു്. അവരുടെ പാർട്ടിക്കന്യമായ ഒന്നിനോടു് സഹകരിക്കാമോ എന്നവർ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങൾ ഉണ്ടു്. അവർക്കു പ്രത്യേകം സംഘടനകളും പ്രവർത്തനങ്ങളും ഉണ്ടു്. ഇവർക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാർഗവും ഉണ്ടാകുക എളുപ്പമല്ല.
കേശു:
ദർശനത്തിൽനിന്നുതന്നെ ഞാൻ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണു്. പാർട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാൽ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോടുചേർത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ടു്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങൾക്കുള്ളിൽ തടഞ്ഞുനിർത്തുന്ന ഈ ചങ്ങലയുടെ പേരാണു് ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ആ ചങ്ങലയിൽ അയവുവരുത്തുവാൻ കഴിയുന്നില്ല. മനുഷ്യസ്നേഹികളായ വ്യക്തികളുമായി അപൂർവ സംഗമത്തിനിടവരുമ്പോൾ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്നു് അതു് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാർട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണു്.
സ്വകാര്യപരതയുടെ പരിണാമങ്ങൾ
രാജു:
വളരെ ശരിയാണതു്. വളരെ വിശാലമായി സംസാരിക്കുമ്പോഴും നാം വളരെ ചെറുതാണെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. നായർക്കു് നായരായി നിന്നുകൊണ്ടുതന്നെ വിഭാഗീയതകളില്ലാത്ത മാനുഷികതയെപ്പറ്റി ഒത്തിരിയൊത്തിരി പറയാനാവും. അവ നമ്മിൽനിന്നു പുറത്തേക്കുപോകുന്ന വാക്കുകളാണു്. നമ്മിലേക്കു് ഒരിക്കലും തിരിച്ചുവരുന്നതേയില്ല.
ഞാൻ:
തലമുറ തലമുറയായി തുടർന്നുപോരുന്ന ഈ സ്വകാര്യ ജീവിതശൈലി നമ്മുടെ മനസ്സിനെയാകെ വികൃതമാക്കിയിരിക്കുകയാണു്. നമ്മുടെ മനസ്സിൽ മാനുഷികമൂല്യങ്ങൾക്കു വളരാൻ തരപ്പെടാത്ത ഒരവസ്ഥ ഇവൻ സൃഷ്ടിച്ചുകഴിഞ്ഞു. ചിലതു പറയാം; പൊതുവഴിയിൽ നിന്നു് നമ്മുടെ പറമ്പിലേക്കു് കഴിയുന്നത്ര മണ്ണു് കോരിയെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു മനസിക ഘടന പൊതുവിൽ ഉണ്ടായിപ്പോയിട്ടുണ്ടു്. അടുത്ത പറമ്പിലെ മരം നമ്മുടെ വേലിക്കകത്തായിരുന്നുവെങ്കിൽ എന്നു് ആശിക്കും. വേലി സാവധാനം അല്പം വളച്ചുകൊണ്ടു് ഒരവകാശവാദം ഉന്നയിക്കാൻ നമുക്കു മടിയില്ല. നമ്മെക്കാൾ മോശപ്പെട്ടൊരു വീടു് നമ്മുടെ ഒപ്പം വരുവാൻ നാം ഇഷ്ടപ്പെടുന്നില്ല. നമ്മേക്കാൾ താഴെയാണെന്നു കരുതപ്പെടുന്ന ഒരു ജാതിക്കാരൻ നമ്മോടു തുല്യതയിൽ നിന്നു സംസാരിക്കുമ്പോൾ എന്തോ ഒരു ക്രമക്കേടു് സംഭവിച്ചതുപോലെ തോന്നിപ്പോകുന്നു. നമ്മുടെ വീട്ടിലെ മാവിൽനിന്നു് ഒരു മാങ്ങ നമ്മുടെ വീടിന്റെ പുറത്തു വീണാലത്തെപ്പോലെയുള്ള അനുഭവമല്ല അയൽവീട്ടിലെ മാങ്ങ നമ്മുടെ പുരപ്പുറത്തു വീണാൽ തോന്നുക. നമ്മുടെ വീട്ടിലെ ഇല്ലി വളർന്നു ചാഞ്ഞു് അടുത്ത വീട്ടുകാർക്കു് അസഹ്യമാകുന്നതു് നാം ശ്രദ്ധിക്കുന്നില്ല; അവരുടെ വീട്ടിലെ റേഡിയോ നമ്മുടെ കുട്ടിയുടെ പഠിത്തത്തെ ബാധിക്കുമ്പോൾ നമുക്കു വെറുപ്പുതോന്നുന്നു. നമ്മുടെ കൃഷിയേക്കാൾ മെച്ചമാണു് അയൽനിലത്തിലെ കൃഷിയെന്നു കാണുമ്പോൾ അസൂയ തോന്നുന്നു. അടുത്ത വീട്ടിൽ ഒരു കാര്യം മംഗളമായി നടക്കുമ്പോൾ നമുക്കതിൽ സന്തോഷിക്കാൻ കഴിയുന്നില്ല. അയൽവീട്ടുകാരൻ കോടാലി ഉണ്ടോ എന്നു ചോദിച്ചാൽ ‘ഇതാ ഉണ്ടു് കൊണ്ടുപോകാം’ എന്നു പറയാനല്ല ‘ഇല്ല’ എന്നു പറയാനാണു് തോന്നുക. തന്റെ കുട്ടി പഠിക്കുന്ന ഒരു ക്ലാസ്സിൽ എല്ലാ കുട്ടികളും ജയിച്ചു എന്നു കേൾക്കുന്നതിനേക്കാൾ നമുക്കു സന്തോഷം തോന്നുക വളരെപ്പേർ തോറ്റപ്പോൾ തന്റെ കുട്ടി ജയിച്ചു എന്നു കേൾക്കുന്നതിലാണു്. അന്യമതസ്ഥനു്, അന്യകക്ഷിക്കാരനു്, അന്യരാഷ്ട്രത്തിനു് ഒക്കെ നേരിടുന്ന വിപത്തുകളിൽപോലും മാനുഷികമായ സഹതാപം ഉണ്ടാവാനാകാത്തതരത്തിൽ പലരുടേയും മനസ്സു് സങ്കോചിച്ചുപോയിരിക്കുന്നു. സ്വകാര്യപരതയുടെ ചൂടിൽ മനുഷ്യമനസ്സാകെ വരണ്ടു് കട്ടിയായിപ്പോയി. ആർദ്രത വറ്റിപ്പോയി. പെട്ടെന്നു ദേഷ്യം വരും. എന്തു കഠിന കൃത്യവും ചെയ്യും. ദീർഘകാലമായി ഇണങ്ങിക്കഴിഞ്ഞവരോടു് ഒരു ചെറിയ കാരണം കൊണ്ടു് പെട്ടെന്നു പിണങ്ങും. മനസ്സിനു് പൊരുത്തപ്പെടുവാനുള്ള അയവു് വളരെ കുറഞ്ഞുപോകുന്നതാണിതിനു് കാരണം. സ്വകാര്യജീവിതാസക്തി കൂടുന്നതനുസരിച്ചു് നമ്മുടെ ജീവിതശൈലി വളരെ തരംതാണുപോകും. അയൽക്കാരെന്നോ, സഹോദരനെന്നോ ഒന്നും പരിഗണിക്കാതെ കഴിയുന്നതും മറ്റുള്ളവരിൽനിന്നു വിട്ടുനിൽക്കാനുള്ള പ്രവണത കൂടിക്കൂടിവരും. ഈ ഗതിയിലാണിന്നു ലോകം. സ്വകാര്യതയിലേക്കുള്ള ഈ സങ്കോചം മറ്റേതിനേക്കാളും വിശാലഭാവനയെ തടസ്സപ്പെടുത്തിക്കൊണ്ടാണിരിക്കുന്നതു്.
എന്തുകൊണ്ടു് ഭാവന വിടരുന്നില്ല?
നവ:
മറ്റൊരു തടസ്സം എനിക്കിപ്പോൾ തോന്നിയതു പറയട്ടെ. പുതുലോകത്തെപ്പറ്റിയുള്ള സ്വപ്നം വ്യക്തിയുടെ മനസ്സിൽ വിടരണമെങ്കിൽ എല്ലാവരുടെയും അഭ്യുദയം കാംക്ഷിക്കാൻ തക്ക വിശാലത അതിനുണ്ടായിരിക്കണമല്ലോ? വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോൾ—എന്നെ ചതിച്ച, എന്നെ അപമാനിച്ച, എന്നോടു് മിണ്ടാത്ത, എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ, എന്റെ വഴി മുടക്കിയ, എന്റെ കൂട്ടരെ കൂട്ടക്കൊല ചെയ്ത… അങ്ങനെയൊക്കെയുള്ള വ്യക്തികളാണെന്റെ ചുറ്റും. ഞാൻ നേർക്കുനേരെ അവരെ കാണുകയാണു്. അവരുടെ അഭ്യുദയം എന്റെ സ്വപ്നത്തിൽ എങ്ങനെ വരും? വൈരാഗ്യം നിറഞ്ഞ മനസ്സിനു നാം ഭാവന ചെയ്യുന്ന നവലോകം സ്വപ്നം കാണാനാവുമോ?
പ്രതിബന്ധങ്ങൾ മുന്നേറാൻ
ഞാൻ:
ഈ പ്രതിബന്ധങ്ങളെ മുന്നേറാനുള്ള കടമ്പകളായി കാണാൻ കഴിയുന്നവരാണു് വിപ്ലവകാരികൾ. പ്രതിബന്ധങ്ങൾ കണ്ടു് ഇതു മാറ്റാനാവില്ല എന്നു തോന്നി പിന്മാറുന്നവർ യാഥാസ്ഥിതികരായിത്തീരും. ഒരുവക മരണമാണതു്. ജീവനുണ്ടു് എന്നു തെളിയേണ്ടതു് ഈ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതിൽ കൂടിയാണു്.
രാജു:
ഇന്നിപ്പോൾ സംഭവിച്ചിരിക്കുന്നതു മരണമാണു്. പ്രതിബന്ധങ്ങളുടെ കാൻവാസിൽ പ്രവർത്തനങ്ങളെ നിരത്തിവച്ചുനോക്കി ‘അസാദ്ധ്യം, അപ്രായോഗികം, സമയമില്ല’ എന്നൊക്കെപ്പറഞ്ഞു് പിന്മാറാനാണു് ബുദ്ധിമാന്മാർപോലും ശ്രമിക്കുന്നതു്. “നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ ഒന്നും നടക്കില്ല. ദൈവപുത്രന്മാർക്കു് സാധിക്കാത്ത കാര്യം നമുക്കു സാധിക്കുമോ?” എന്നൊരു ചോദ്യം ഉന്നയിച്ചു് പലരും പിന്മാറുന്നു.
കേശു:
ബഹുഭൂരിപക്ഷവും ഇങ്ങനെയൊന്നും വിചാരിക്കുകപോലും ചെയ്യുന്നില്ല. പലരുടേയും മനസ്സിൽ അവരുടെ സ്വകാര്യദുഃഖങ്ങളും സ്വകാര്യമോഹങ്ങളുമല്ലാതെ പുതുലോകം എന്നൊരു പ്രശ്നമേയില്ല. തന്റെ കുട്ടിയുടെ വിവാഹത്തെപ്പറ്റി പറഞ്ഞാലവർക്കു മനസ്സിലാകും. നാട്ടിലെ എല്ലാ കുട്ടികളുടേയും വിവാഹം അതവർക്കു് മനസ്സിലാകില്ല. അങ്ങനെയൊരാവശ്യമേ അവരുടെ മനസ്സിലില്ല. എല്ലാവർക്കും ജോലി, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും വീടു്, ഇങ്ങനെ ആവശ്യബോധത്തിന്റെ പരിധി അവനവനിൽ നിന്നു് മറ്റുള്ളവരിലേക്കു് പടർന്നു പരന്നു വരുമ്പോഴാണു് വ്യക്തികൾ പുതിയ ലോകം സ്വപ്നം കാണാൻ തുടങ്ങുക. പല രാഷ്ട്രങ്ങളിലെ ചെറുപ്പക്കാരുമായി ഞാൻ സംസാരിച്ചിട്ടുണ്ടു്. സ്വന്തമായൊരു നല്ല വരുമാനമാണു് അവികസിത രാഷ്ട്രങ്ങളിലെ യുവാക്കളുടെ മുഖ്യ അന്വേഷണ വിഷയം. എന്തിനാണവർ വരുമാനത്തിന്റെ പിന്നാലെ ഓടുന്നതു? ഇഷ്ടാനുസരണം ജീവിക്കണം അതിനുതന്നെ. സമൂലപരിവർത്തനം, ലോകസമാധാനം, നവലോകം തുടങ്ങിയ സാർവജനീന പ്രശ്നങ്ങളിലേക്കു് അവരുടെ ശ്രദ്ധ ഒട്ടും പതിയുന്നതായി കാണുന്നതേയില്ല. പറഞ്ഞാൽ പോലും പ്രതികരിക്കില്ല. വളരെ ചുരുക്കം ചെറുപ്പക്കാരേ ഇതിൽ നിന്നു വ്യത്യസ്തരായുള്ളൂ.
രാജു:
എന്തായിരിക്കാം കാരണം?
കേശു:
സാഹചര്യത്തിനനുസരിച്ചാണു് മനസ്സു് രൂപപ്പെടുന്നതു്. എല്ലാവരും വാൾപയറ്റു് പഠിക്കുന്നതായാണു് കാണുന്നതെങ്കിൽ ഏറ്റവും ബുദ്ധിമാനായ കുട്ടിപോലും നല്ല പയറ്റുകാരനാകാൻ ആഗ്രഹിക്കും. നല്ല സംസ്കൃതപണ്ഡിതനെ ആണു് ചുറ്റുമുള്ള ലോകം മാനിക്കുന്നതെങ്കിൽ എന്റെ കുട്ടി സംസ്കൃതപാണ്ഡിത്യത്തിൽ ഏറ്റവും മികച്ചവനാകണം എന്നാഗ്രഹിക്കും. ഇന്നിപ്പോൾ ഇഷ്ടംപോലെ പണം കൈയിലുണ്ടായിരിക്കുന്നവനെ ആണു് സമൂഹം കൂടുതൽ ശ്രദ്ധിക്കുന്നതു് എന്നു വന്നിരിക്കുന്നതിനാൽ ഓരോരുത്തരും കൂടുതൽ പണം ആർജിക്കാൻ ആഗ്രഹിക്കുന്നു. അക്കരയ്ക്കു് കുതിക്കുന്നു. മനസ്സിൽ പൊന്തിവരുന്ന ഓരോ മോഹവും ചുറ്റുപാടിൽനിന്നാണു് ഉള്ളിലേക്കു് കടന്നുവരുന്നതു്. വ്യക്തിയെ കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല.
പരസ്പര രൂപീകരണം
ഞാൻ:
ജീവികളെല്ലാം ജന്മവാസനകൾക്കനുസരണമായി സാഹചര്യത്തോടിണങ്ങി രൂപപ്പെടുമ്പോൾ മനുഷ്യൻമാത്രം പരസ്പര രൂപീകരണത്തിലൂടെ രൂപപ്പെടുന്ന ഒരു സവിശേഷജീവിയാണു്. ഒരാൾ ഏതുതരം ഷർട്ടു ധരിക്കണം എന്നു നിശ്ചയിക്കുന്നതു് സ്വന്തം ആവശ്യത്തെപ്പറ്റി ചിന്തിച്ചിട്ടല്ല; മറ്റുള്ളവർ ധരിക്കുന്നവ കണ്ടിട്ടാണു്. വീടു്, വീട്ടുപകരണങ്ങൾ, അടിയന്തിരങ്ങൾ എല്ലാം എങ്ങനെവേണം എന്നു നിശ്ചയിക്കുന്നതും ഇത്തരത്തിൽ തന്നെ. മാർക്കറ്റും പരസ്യങ്ങളും ഇടുന്ന താളത്തിനൊപ്പിച്ചാണു് ജനം ചുവടുവയ്ക്കുന്നതു് എന്നതു് മാറ്റത്തിനു ശ്രമിക്കുന്നവരുടെ മുമ്പിൽ വലിയൊരു പ്രതിബന്ധമാണു്.
നവ:
ഈ പ്രവണത മാറ്റത്തിനനുകൂലമായി തിരിച്ചുകൊണ്ടുവരുവാൻ ശ്രമിക്കുന്നതിലാണു് നാം ബുദ്ധി കാട്ടേണ്ടതു്. അതുകൊണ്ടാണു് ഏകാന്ത പരീക്ഷണങ്ങൾ പോരാ; സമൂഹജീവിതതലത്തിൽതന്നെ മാറ്റത്തിന്റെ ചലനങ്ങൾ സൃഷ്ടിക്കണം എന്നു നാം കരുതുന്നതു്. പരസ്പര രൂപീകരണം വിശ്വമൈത്രീഭാവത്തിന്റെ ചാലിൽ വരണം. ഓരോ കരയും കൂടുമ്പോൾ മറ്റു് ഓരോ കരയും കൂടാൻ തുടങ്ങും.
ഭൂമിക്കാരൻ
കേശു:
ദർശനത്തിൽ ‘ഭൂമിക്കാരൻ’ എന്ന ശബ്ദം ആദ്യമായി കണ്ടപ്പോൾ ഞങ്ങൾ അതേപ്പറ്റി ചിന്തിച്ചു. വിമൻ സംബന്ധിച്ച പല യോഗങ്ങളിലും സംസാരമദ്ധ്യേ ഈ പുതിയ പദം പ്രയോഗിക്കുകയുണ്ടായി. “ഇന്ത്യക്കാരൻ, റഷ്യക്കാരൻ, അമേരിക്കക്കാരൻ തുടങ്ങിയ ശബ്ദങ്ങൾക്കുപരി ‘ഭൂമിക്കാരൻ’ എന്ന ശബ്ദം അഭിമാനഭരിതമാകണം. ഭൂമിയാണെന്റെ ജന്മനാടു് എന്ന സത്യബോധം ഉണരണം. ‘പൃഥ്വീമാത’ എന്ന വൈദികശബ്ദത്തിന്റെ വ്യാഖ്യാനമാണു് ഭൂമിക്കാരൻ” എന്നെല്ലാം വിമൻ വിശദീകരിക്കുകയുണ്ടായി. വിശാലദൃഷ്ടി നൽകുന്ന ഇത്തരം പദങ്ങൾ ബഹുജനങ്ങൾക്കിടയിൽ പരന്നുവരണം. പലർ ധൈര്യമായി പറഞ്ഞാൽ സമൂഹം അതുൾക്കൊള്ളും. ദർശനത്തിൽ അതു് പ്രയോഗിച്ചതുകൊണ്ടാണല്ലോ വിമൻ ഏറ്റെടുത്തതു്. ഇന്നു് പരസ്പരരൂപീകരണം നടക്കുന്നതു് സങ്കുചിതതാത്പര്യങ്ങളുടെ താളത്തിനൊപ്പിച്ചാണു്. നമുക്കു് പരസ്പര മൈത്രിയുടെ താളം ഇട്ടുകൊടുക്കാൻ കഴിഞ്ഞാൽ അത്തരത്തിൽ രൂപീകരണം സംഭവിക്കും. ലോകം ഇങ്ങനെയേ പോകൂ എന്ന ധാരണ മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണു്. ഇന്നു് സർവത്ര സങ്കോചമാണെങ്കിൽ നാളെ സർവത്ര വികാസം. ഈ വികാസം പരസ്പരം സാവധാനം സാധിക്കാവുന്നതാണു്.
നവാഗതർ

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കിഴക്കുവശത്തുനിന്നു് ആരൊക്കെയോ നടന്നുവരുന്നുണ്ടായിരുന്നു. കുടിലിന്റെ ഇറ താഴ്‌ന്നതാണു്. കാണാൻ വയ്യ. കുടിലിന്റെ ദർശനം വടക്കോട്ടാണു്. രാധിക കാട്ടിക്കൊടുത്ത വഴിയിലൂടെ അവർ കുടിലിനു മുൻപിലെത്തിയപ്പോഴാണു് ഞങ്ങൾ കാണുന്നതു്. രണ്ടുപേരും എന്റെ പരിചയക്കാരാണു്; മിനിയും, കബീറും. ആലപ്പുഴക്കാർ. കൂട്ടത്തിൽ കൂടാൻ പറ്റിയവർ. ഞങ്ങൾ എല്ലാപേരും എഴുന്നേറ്റു് അകത്തുവരുവാൻ അവരെ ക്ഷണിച്ചു. നവനും മറ്റും അവരെ അറിയില്ല. അകത്താണെങ്കിൽ സ്ഥലം കുറവു്. അവരെല്ലാം മടിച്ചു. പൂർവകാലബന്ധുക്കളെ മാതിരി നവൻ അവരെ രണ്ടുപേരേയും അകത്തേക്കു പിടിച്ചിരുത്തി. നവനും രാജുവും കസേരയിൽനിന്നും ഞങ്ങളുടെ കട്ടിലിലേക്കു മാറി. കബീറും, മിനിയും കസേരകളിൽ ഇരിക്കാൻ നിർബന്ധിതരായി. നല്ല ദിവസം. ഞാൻ വിചാരിച്ചു. മനസ്സടുപ്പമുള്ളവർ ഒന്നിച്ചുചേരുക, താത്പര്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യുക, പുതിയ കണ്ടെത്തലുകളിലേക്കു് ഒന്നിച്ചുയരുക. ഇതിൽപരം ആനന്ദകരമായി മറ്റെന്തുണ്ടു്? പരിചയപ്പെട്ടശേഷം കബീർ വിഷയത്തിലേയ്ക്കു വന്നു.

കബീർ:
ഈയിടെ ആലപ്പുഴയിൽ അഖിലേന്ത്യാതലത്തിൽ ഒരു സ്കൗട്ട്ക്യാമ്പ് നടന്നു. ആ ക്യാമ്പിൽ കുട്ടികളുടെ ഭാവനയെ പുതിയ ലോകത്തിന്റെ രൂപഭാവങ്ങളിലേക്കു് കൊണ്ടുവരുവാൻ ഒരു ലേഖന മത്സരം നടക്കുകയുണ്ടായി. ‘പുതിയ ലോകം’ ആയിരുന്നു വിഷയം. അതേസമയം തന്നെ നവസമൂഹരചനയെപ്പറ്റി അമ്പലപ്പുഴയിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ചർച്ച നടത്തുകയായിരുന്നു.
മിനി:
ഞങ്ങൾ ആലപ്പുഴയിൽ ഏതാനും സുഹൃത്തുക്കൾ ഇതേ വിഷയം ചർച്ചയ്ക്കെടുത്തിട്ടുണ്ടു്. ഞങ്ങൾ ഒരു ചോദ്യാവലി തയ്യാറാക്കി തിരഞ്ഞെടുത്ത കുറച്ചുപേരെ സമീപിച്ചു് ഇതിനവർക്കുള്ള ഉത്തരം അറിയുവാൻ നിശ്ചയിച്ചു. സാറിനോടും സംസാരിക്കണം എന്നു കരുതിയാണിങ്ങോട്ടു വന്നതു്.
നവ:
ആ ചോദ്യാവലി നിങ്ങളുടെ കൈവശം ഉണ്ടോ?

“ഉണ്ടു്, ഇതാ നോക്കണം.” എന്നു് പറഞ്ഞു് മിനി ബാഗിൽനിന്നും ഒരു ഡയറിയെടുത്തടയാളം വച്ചു് നവനു നൽകി. വളരെ ജിജ്ഞാസയോടെ നവനതു വാങ്ങി ആകെയൊന്നു നോക്കിയിട്ടു പറഞ്ഞു.

നവ:
ഞങ്ങൾ ഇന്നു സംസാരിക്കാനുദ്ദേശിച്ചുവന്ന പലേ പോയിന്റുകളും ഇതിലുണ്ടു്. അത്ഭുതകരമായ ഒരു സഹയോഗമാണു് ഇവിടെ സംഭവിച്ചതു്. നിങ്ങൾക്കും ഇന്നിവിടെ വരാൻ തോന്നിയല്ലോ?
മിനി:
നമ്മുടെ ചർച്ച ഈ ടേപ്പിലെടുക്കാൻ വിരോധമില്ലല്ലോ?
ഞാൻ:
ടേപ്പിൽ വന്നുകൊള്ളട്ടെ. എന്താണു് രാജുവിന്റെ അഭിപ്രായം?
രാജു:
എനിക്കല്പമൊരു തിരുത്തുണ്ടു്. ഇവർ ഒരു ചോദ്യാവലി തയ്യാറാക്കി സാറിന്റെ അഭിപ്രായം അറിയുവാൻ വന്നിട്ടുള്ളവരാണു്. അതു് ഓരോന്നായി വായിക്കുക. സാർ ഉത്തരം പറയുക. ഞങ്ങൾ കേട്ടിരിക്കാം. അതിനുശേഷം പോരെ ചർച്ച?
കബീർ:
ഞങ്ങൾ ഉദ്ദേശിച്ചിരുന്നതു് അതാണെങ്കിലും, നമ്മളിത്രയും പേർ ഒരേകാര്യം ഉദ്ദേശിച്ചുകൂടിയവരാണല്ലോ? പല അഭിപ്രായങ്ങളും വരുന്നതു് ഞങ്ങൾക്കു പ്രയോജനമാകും. ഈ ടേപ്പിന്റെയടിസ്ഥാനത്തിൽ ഞങ്ങൾ ആലപ്പുഴയിൽ ചർച്ച തുടരാനാണു് തീരുമാനിച്ചിരിക്കുന്നതു്.
മാറ്റത്തിന്റെ സാധ്യത
നവൻ:
ഞാൻ വായിക്കാം.
ചോദ്യം:
മനുഷ്യവർഗത്തിനു ഭൂമിയിൽ ബോധപൂർവമായ ഒരു സമൂഹജീവിതം നയിക്കാൻ സാധിക്കുമെന്നു സാറിനു തോന്നുന്നുണ്ടോ?
ഉത്തരം:
ഉണ്ടു്.

അടുത്ത ചോദ്യം വായിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും കബീർ ഇടപെട്ടു. “ചോദ്യം ഞങ്ങൾ വായിക്കാം. ഉത്തരത്തിനു അനുസരണമായി ചോദ്യത്തിൽ മാറ്റം വരുത്തണമെന്നാണു് ഞങ്ങളുടെ തീരുമാനം”. ഡയറി നവൻ കബീറിനെ ഏല്പിച്ചു.

ചോദ്യം:
സാധിക്കും എന്ന നിഗമനത്തിനു അടിസ്ഥാനമായ എന്തെങ്കിലും കാരണം പറയാനുണ്ടോ? അതോ അതൊരു വിശ്വാസം മാത്രമാണോ?
ഉത്തരം:
ഉണ്ടു്. ഭൂമിയിൽ നിരവധി ജീവിവർഗങ്ങൾ ഉള്ളതിൽ ബോധപൂർവമായ സമൂഹജീവിതത്തിനു കഴിവുള്ള ഒരേ ഒരു ജീവി മനുഷ്യനാണു്. ചിതലും, എറുമ്പും, തേനീച്ചയും കൂട്ടായ ജീവിതം നയിക്കുന്നുണ്ടു്. അവയിൽ വർഗവിഭജനംപോലും ഉണ്ടു്. തൊഴിലാളി, റാണി ഒക്കെ ഉണ്ടു്. എന്നാൽ, വർഗസമരം ഇല്ല. എന്തുകൊണ്ടു്? ജന്മസിദ്ധമായ വാസനകൾക്കനുസരിച്ചു് ജീവിക്കുകയല്ലാതെ മനസ്സിൽ പുതിയ ഭാവനകൾ വിരചിച്ചു് അതിനനുസരിച്ചു് സാഹചര്യത്തിൽ മാറ്റം വരുത്തുവാൻ അവയ്ക്കൊന്നും കഴിവില്ല. തേനീച്ചകളുടെ ഇടയിൽ ഒരു റാണി മാറിയാൽ മറ്റൊരു റാണി ഉണ്ടായി വരും. എന്നാൽ ഒരിക്കലും ഒരു ഗാന്ധി ഉണ്ടായി വരില്ല; ഒരു ഗോഡ്സേയും. ഗാന്ധിയും ഗോഡ്സേയും ജന്മവാസനകൾക്കനുസരിച്ചു് ഉണ്ടായവരല്ല. ഗാന്ധിജി ബാല്യകാലത്തു് ഭീരുവായിരുന്നു. വിവാഹിതനായതിനു ശേഷവും രാത്രി മൂത്രമൊഴിക്കുവാൻപോലും പുറത്തിറങ്ങണമെങ്കിൽ കസ്തൂർബ ഒന്നിച്ചുവരണമായിരുന്നു. ഭൂതപ്രേതാദികളിൽ വിശ്വാസവും ഭയവും ഉണ്ടായിരുന്ന അതേ മനുഷ്യനാണു് എഴുപത്തൊമ്പതാം വയസ്സിൽ അപ്രതീക്ഷിതമായി മാറിൽ വെടിയുണ്ടകൾ ഏറ്റപ്പോൾ ‘ഹേ! റാം’ എന്നു് ശാന്തനായി ഉച്ചരിച്ചു് ശരീരമുപേക്ഷിച്ചതു്. ‘ചൊട്ടയിലെ ശീലം ചൊടലവരെ’ എന്ന ചൊല്ലു് മനുഷ്യൻ തെറ്റിക്കും. ശ്രീ. സി. രാധാകൃഷ്ണൻ ഒരിക്കൽ ഇതേപ്പറ്റി എഴുതുകയുണ്ടായി. മനുഷ്യന്റെ തിരുനെറ്റിയിൽ മറ്റൊരു ജീവിക്കും ഇല്ലാത്ത സാമൂഹ്യബോധത്തിന്റെ ഒരു ചുരുൾ ഉണ്ടു്. അതു് ശരിയാണെന്നു തെളിയിക്കുന്ന ധാരാളം അനുഭവങ്ങളുണ്ടു്.
ചോദ്യം:
ഇന്നത്തെ ലോകവ്യവസ്ഥിതി ഇത്തരത്തിലൊരു ബോധത്തിന്റെ പരിണാമമാണെന്നു കരുതുമോ?
മാറ്റം സംഭവിക്കാതിരിക്കുന്നതിന്റെ കാരണം
ഉത്തരം:
അല്ല; ഈ ബോധതലം മനുഷ്യർ വേണ്ടവിധം ഇതുവരെ വളർത്തിയെടുത്തിട്ടില്ല.
ചോദ്യം:
അങ്ങനെയെങ്കിൽ ഇന്നത്തെ വ്യവസ്ഥിതി രൂപപ്പെട്ടതു് എങ്ങനെയായിരിക്കും?
ഉത്തരം:
മനുഷ്യമനസ്സു് സങ്കോചിച്ചു് സ്വകാര്യമാത്രപരതയുടെ തലത്തിൽ എത്തിക്കൊണ്ടിരിക്കുന്നതിൽ നിന്നുണ്ടായ സംഭവവികാസങ്ങളുടെ പരിണാമങ്ങളാണു് ഇന്നു പരക്കെ കാണുന്നതിൽ ഏറിയകൂറും. മനുഷ്യനൊഴിച്ചു് മറ്റൊരു ജീവിയിലും ഇത്ര വ്യത്യസ്തമായ സ്വഭാവമഹിമയും ഇത്ര ഹീനതയും വ്യക്തികൾക്കിടയിലും തലമുറകൾക്കിടയിലും സംഭവിപ്പിക്കുന്നതായി കാണുകില്ല. മനുഷ്യമനസ്സിന്റെ പ്രത്യേകസ്വഭാവമാണിതിനു കാരണം. മറ്റു ജീവികളുടെ മനസ്സു് നിയതമായ ഓരോരോ ചാലിൽകൂടി തലമുറ തലമുറയായി ചലിക്കുന്നതുകൊണ്ടു് നമുക്കവയെ മനസ്സിലാക്കാം. അതതിന്റെ ജന്മസിദ്ധസ്വഭാവങ്ങളിൽ നിന്നു് അവ ഉയരുകയോ, താഴുകയോ ചെയ്യാറില്ല. മനുഷ്യമനസ്സാകട്ടെ വളരെ ഉയരാനും ഏറെ താഴാനും കഴിവുള്ളതാണു്. മനുഷ്യമനസ്സിന്റെ മറ്റൊരു പ്രത്യേകത ഉയർത്താൻ ബോധപൂർവം ശ്രമിച്ചില്ലെങ്കിൽ അതു താണുകൊണ്ടിരിക്കും എന്നതാണു്. മനസ്സിന്റെ ഈ സ്വഭാവഗതിയുടെ വിശേഷം മനസ്സിലാക്കിയിരുന്നതുകൊണ്ടു് മഹാപുരുഷന്മാർ മനുഷ്യനു് വിദ്യാഭ്യാസം, സാധന, പ്രാർത്ഥന തുടങ്ങി മനസ്സിനെ ഉയർത്തിക്കൊണ്ടുവരുവാനുള്ള വിവിധ പരിശീലനങ്ങൾ നൽകിക്കൊണ്ടിരുന്നു. ഭരണാധികാരികൾ ജീവിതാവശ്യങ്ങൾ നേടിക്കൊടുത്തു് ജനങ്ങളെ തങ്ങളുടെ അധികാരത്തിൻകീഴിൽ നിലനിർത്താനാണു് ശ്രമിച്ചതു്. ക്രമേണ വിദ്യാഭ്യാസം സർക്കാറിന്റെ ഉപകരണമായി. പ്രാർത്ഥനാലയങ്ങളും ഭരണാധികാരികളുടെ നിയന്ത്രണത്തിൽ വരുത്തിക്കൊണ്ടിരുന്നു. മഹാത്മാക്കൾ നിർദ്ദേശിച്ചിരുന്ന മാർഗങ്ങളേക്കാൾ ഭരണാധികാരികളുടെ വോട്ടും നോട്ടും ജനങ്ങളെ കൂടുതൽ ആകർഷിച്ചു. മനസ്സിന്റെ ഗതി കീഴോട്ടായി. ഓരോരുത്തരും മറ്റുള്ളവരെ അന്യരായി കരുതി സ്വന്തം ജീവിതം തുരുത്തുകളിലേക്കു് ഒതുക്കിനിറുത്തി. തന്നെ സഹായിക്കാൻ ഭരണകൂടം ഉണ്ടു്. അയൽക്കാരന്റെ ബന്ധം വേണ്ട. ഭരണകൂടം തരുന്ന നോട്ടു് തന്റെ സകല ആവശ്യങ്ങൾക്കും ഉപകരിക്കും. വ്യക്തിബന്ധത്തേക്കാൾ ശ്രേഷ്ഠം പണമാണു്. പണം സമ്പാദിക്കാനുള്ള ത്വരയിലാണു് മനുഷ്യവർഗം. മാർക്കറ്റുകൾ ഉണ്ടായി. മാർക്കറ്റ് വ്യാപകമാക്കാൻ സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. നിരവധി ചൂഷണപ്രക്രിയകൾ കണ്ടെത്തി. നാം ഇന്നു കാണുന്ന ഓരോന്നും വിശകലനം ചെയ്തു നോക്കിയാൽ മറ്റുള്ളവരെ ചൂഷണം ചെയ്തു് അധികാരവും പണവും സമ്പാദിക്കാനുള്ള തന്ത്രത്തിൽനിന്നുണ്ടായി വന്നതാണിതെല്ലാം എന്നു മനസ്സിലാകും. മഹാത്മാക്കളേയും അവരുടെ തത്വസംഹിതകളേയുംപോലും സ്വകാര്യമാത്രവ്യഗ്രത പൊതിഞ്ഞുകളഞ്ഞു. ആശ്രമങ്ങൾപോലും പണത്തിന്റെ മോഹവലയത്തിൽ വീണുപോയി. മനസ്സു് താഴോട്ടൊഴുകിയാൽ എന്തെല്ലാം സംഭവിക്കാമോ അതൊക്കെയാണു് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതു്. ഒന്നാന്തരം വിത്തുകൾ പുളിനിലത്തിൽ വിതച്ചാൽ എന്നപോലെ മൂല്യങ്ങളെ എല്ലാം സ്വകാര്യപരത എന്ന പുളി പൊതിഞ്ഞുകളഞ്ഞു. ഇതാണു് മാറ്റത്തിന്റെ മുഖ്യ തടസ്സക്കല്ലു്. ഈ പുളി മാറിയാൽ ഇനിയും നേർമുള പൊട്ടാവുന്നതേയുള്ളൂ.
സ്വാർത്ഥതയും സ്വകാര്യപരതയും
ചോദ്യം:
ഈ പുളി എവിടെനിന്നു ഊറിവന്നു. എങ്ങനെ ലോകം നിറഞ്ഞു എന്നറിഞ്ഞാലല്ലേ പരിഹാരം കണ്ടെത്താനാവൂ?
ഉത്തരം:
സ്വാർത്ഥത തളംകെട്ടിപ്പോയതിൽനിന്നു് ഊറി വന്നതാണു് സ്വകാര്യമാത്രപരത. മനുഷ്യൻ ഒറ്റപ്പെടുന്തോറും സ്വകാര്യത വർദ്ധിച്ചുവന്നു. അങ്ങനെ ലോകം നിറഞ്ഞുവെന്നാണു് എന്റെ ധാരണ. അന്യവത്കരണമാണു്; സ്വാർത്ഥതയല്ല സ്വകാര്യപരതയുടെ ഉറവിടം.
ചോദ്യം:
സ്വാർത്ഥതയും സ്വകാര്യമാത്രപരതയും തമ്മിലുള്ള അന്തരം എന്താണു്?
ഉത്തരം:
വ്യക്തമാക്കാം. പ്രകൃതി, വികൃതി, സംസ്കൃതി എന്ന മൂന്നു തലങ്ങൾ മനസ്സിലുണ്ടു്. ‘സ്വാർത്ഥത’ പ്രകൃതിയാണു്. ‘സ്വകാര്യമാത്രപരത’ വികൃതിയാണു്. ‘നിസ്വാർത്ഥത’ സംസ്കൃതിയും. നിസ്വാർത്ഥതയിലേക്കു വളരാൻ ശ്രമമില്ലാതെ വന്നാൽ സ്വാഭാവികമായി സ്വാർത്ഥത സ്വകാര്യമാത്രപരതയായി താണുപോകും.
ചോദ്യം:
ആ പോയന്റ് ഒന്നുകൂടി വ്യക്തമാക്കണം?
ഉത്തരം:
എന്റെ കുട്ടി ജയിക്കണം. ഇതു് സ്വാർത്ഥ വിചാരമാണു്. എല്ലാ കുട്ടികളും ജയിക്കണം ഇതു് നിസ്വാർത്ഥ വിചാരമാണു്. മറ്റുകുട്ടികൾ എന്റെ കുട്ടിയുടെ ഒപ്പം വരരുതു് ഇതാണു് സ്വകാര്യമാത്രപരത. എനിക്കു ഗുരുവായൂരപ്പന്റെ ദർശനം കിട്ടണം. ഇതു് സ്വാർത്ഥത. എല്ലാവർക്കും ദർശനം കിട്ടണം. ഇതു് നിസ്വാർത്ഥത. മറ്റുള്ളവരെ തള്ളിമാറ്റി തിക്കിക്കയറുമ്പോൾ സ്വകാര്യമാത്രപരത വന്നു. മനസ്സിന്റെ അവസ്ഥകളാണിതെല്ലാം. സ്വാർത്ഥതയുണ്ടായിരുന്നാലേ അതു് നിസ്വാർത്ഥതയായി വികാസം പ്രാപിക്കൂ. വ്യക്തിയിൽ സ്വാഭാവികമായുള്ള സ്വാർത്ഥത നശിപ്പിക്കപ്പെടേണ്ടതല്ല. വ്യക്തികൾ തമ്മിൽ അടുക്കുമ്പോൾ ഈ സ്വാർത്ഥതകൾ പരസ്പര പൂരകപ്രക്രിയയിൽ പെട്ടു് ഒരു പ്രവാഹഗതിയിൽ ഒന്നിക്കും, ഒഴുകും. സ്വാർത്ഥത അന്യോന്യം കണ്ണിൽചേർന്നു് സമൂഹമെന്ന വലിയ സ്വാർത്ഥത ആയാൽ അതു് ഒരു പ്രവാഹമാകും. പിന്നെ കെട്ടിക്കിടന്നു് പുളിച്ചു സ്വകാര്യമാത്രപരതയാകാനിടവരില്ല. ഇന്നു് കെട്ടിക്കിടക്കുകയാണു്. പരസ്പരബന്ധത്തിന്റെ ഒഴുക്കു് ഇല്ലാതായിപ്പോയി. തന്റെ പ്രശ്നങ്ങളെല്ലാം മറ്റുള്ളവർക്കും ഉള്ളതാണെന്നും, തന്റേതുമാത്രമായി പരിഹരിക്കാൻ ശ്രമിക്കുന്നതു് പ്രശ്നം വർദ്ധിപ്പിക്കുമെന്നും, ഒന്നിച്ചു പരിഹരിക്കുവാൻ ശ്രമിച്ചാൽ പ്രശ്നങ്ങൾ താനെ ഒഴിഞ്ഞുമാറുമെന്നും നാം മനസ്സിലാക്കുന്നില്ല. ഓരോരുത്തരും അവരവരുടെ കള്ളിയിലെ വെള്ളം മറ്റു കള്ളിയിലേക്കു് തേകിക്കളഞ്ഞു് രക്ഷപ്പെടാൻ നോക്കുകയാണു്.
രാജു:
നമ്മുടെ വ്യാപാരശാലകളുടെ വർദ്ധനവിന്റെ വേഗത നോക്കിയാൽ ഇതറിയാം. എല്ലാവരും വ്യാപാരികളാകുകയാണു്. വീടുകളൊക്കെ ഏതെങ്കിലും തരത്തിൽ വ്യാപാരശാലകളായി മാറുകയാണു്. സ്വകാര്യത വർദ്ധിക്കുന്നതിന്റെ തെളിവാണിതു്.
കേശു:
പാർട്ടികൾ പിളരുന്നതും, പെരുകുന്നതും ഇതിന്റെ ഫലമാണു്. ഞാനിപ്പോൾ കാണുന്നതു പറയട്ടെ. ആകെ പ്രളയം. സ്വകാര്യമാത്ര ജീവിതമോഹത്തിന്റെ പുളിവെള്ളത്തിൽ വിദ്യാഭ്യാസവും, ഭരണവും, കൃഷിയും, സാഹിത്യവും, കലകളും, പ്രാർത്ഥനപോലും മുങ്ങിപ്പോയിരിക്കുന്നു. എവിടെ നോക്കിയാലും ഒന്നേ കാണാനുള്ളു. തൻകാര്യം മാത്രം.
മിനി:
ഇന്നു പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്നു് നാം അറിയുന്ന ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലിന്റെയും പിന്നിൽ ഭരണകൂടങ്ങളുടെ സ്വകാര്യമോഹം പ്രവർത്തിക്കുന്നു. മറ്റൊരു സത്യം പറഞ്ഞാൽ നിസ്വാർത്ഥരായ വ്യക്തികളുടെ കണ്ടെത്തലുകൾപോലും വളരെ വേഗം കച്ചവടച്ചരക്കായി മാറ്റാൻ കഴിയുന്നൊരു സമൂഹത്തിലാണു് നാം വന്നുപെട്ടിരിക്കുന്നതു്.
നവ:
ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണു്. ഒന്നിച്ചുള്ള പുരോഗതിയാണു് യഥാർത്ഥ പുരോഗതി എന്നു ദർശനം ആവർത്തിച്ചു പറയാറുള്ളതിന്റെ അടിസ്ഥാനം ഇപ്പോൾ ഒന്നുകൂടി തെളിഞ്ഞുവന്നു.
ബോധപൂർവസമൂഹം
ചോദ്യം:
ബോധപൂർവമായ സമൂഹം എന്നു പറയുമ്പോൾ എന്താണു് ഉദ്ദേശിക്കുന്നതു?
ഉത്തരം:
എല്ലാം ഒന്നിനോടൊന്നു് ബന്ധപ്പെട്ടിരിക്കുന്നു എന്ന അറിവാണു് ബോധം. എല്ലാം അന്യോന്യം വേണ്ടപ്പെട്ടതായിരിക്കുന്നു. മണ്ണും മനുഷ്യനുമായി ബന്ധമുണ്ടു്. മനുഷ്യനു വേണ്ടപ്പെട്ടതാണു മണ്ണു്. മണ്ണിനു വേണ്ടപ്പെട്ടതാണു ജീവികളെല്ലാം. ഈ ബന്ധബോധത്തിൽ ഊന്നിയുള്ള ആകെ ജീവിതത്തിനാണു് ബോധപൂർവമായ ജീവിതം എന്നു പറയാവുന്നതു്.
ചോദ്യം:
അവിടെ ആകെ എന്ന പ്രയോഗത്തിനു് പ്രസക്തി ഏറെ കൊടുത്തതു് എന്തുകൊണ്ടാണു്?
ഉത്തരം:
ഞാനതു തറപ്പിച്ചു പറഞ്ഞതു് മനഃപൂർവമാണു്. ഈ ബോധം മാനവവർഗത്തിന്റെ ആകെയുള്ള ബോധമാവണം. സകല സ്ത്രീ പുരുഷന്മാരിലും കുട്ടികളിലും അന്യോന്യബോധത്തിന്റെ മാനസികാവസ്ഥ ഉണ്ടാകണം. ഇതായിരിക്കണം നവലോകത്തിൽ നിറഞ്ഞുനില്ക്കുന്ന ഭാവം. ഒറ്റപ്പെട്ട വ്യക്തികളിൽ തങ്ങിനില്ക്കുന്ന അസാധാരണമായ ഒരു നന്മ എന്ന നിലയിൽ നിന്നുള്ള ഒരു വ്യാപനമാണിതു്.
ചോദ്യം:
എല്ലാമനുഷ്യരും ഇങ്ങനെ ഉയർന്ന ഒരു മാനസിക തലത്തിലേക്കു് വരുമെന്നു് സാർ കരുതുന്നുണ്ടോ?
ഉത്തരം:
ഇല്ല. ഒരിക്കലും അങ്ങനെ വരുമെന്നു കരുതുന്നില്ല.
ചോദ്യം:
അപ്പോൾ പിന്നെ എങ്ങനെ പുതിയ ലോകം ഉണ്ടാകും?
നവ:
സാറിന്റെ പ്രസ്താവനകളിൽ പരസ്പര വൈരുദ്ധ്യം സംഭവിച്ചതായി എനിക്കിപ്പോൾ തോന്നുന്നു.
കേശു:
ഞാനതു പറയാൻ പോവുകയായിരുന്നു. വ്യക്തികളാകെ പരാർത്ഥതയിലേക്കു വരുന്ന ലോകമാണു് പുതിയ ലോകമെന്നു സാർ പറഞ്ഞു. ഈ പുതിയ ലോകം സംഭവിക്കുമെന്നു് സാർ വിശ്വസിക്കുന്നു. എന്നാൽ വ്യക്തികൾ എല്ലാം പരാർത്ഥതയിലേക്കു മാനസികമായി ഉയരുക ഒരിക്കലും സാദ്ധ്യമല്ലെന്നും ഇപ്പോൾ പറഞ്ഞു.
ഞാൻ:
എന്റെ പ്രസ്താവനയിലെ വിരുദ്ധാംശങ്ങളുടെ ഐക്യം എവിടെയാണു് എന്നു ഞാൻ നോക്കട്ടെ. ഒന്നാമതു്, ലോകമാകെ പാരസ്പര്യം ഉറപ്പിക്കുവാനുള്ള ഒരു പരിശ്രമം നടക്കണം. അതെല്ലാവരിലും ഒരു പോലെ ഫലിക്കില്ലെങ്കിലും ആ പരിശ്രമത്തിനു് ഒരു സാമൂഹ്യ പരിവേഷം ആകെ ലോകത്തിന്റെ മേൽ ഉണ്ടാക്കാൻ കഴിയും. ഇന്നിപ്പോൾ സ്വകാര്യതയുടെ പരിവേഷവും ലോകത്തെയാകെ ചുറ്റിനില്ക്കുകയാണു്. അതുകൊണ്ടു് ഓരോ വ്യക്തിയും അപരനെ തള്ളിമാറ്റി ഏകാന്തദ്വീപുണ്ടാക്കി അവിടെ സ്വന്തം സ്വകാര്യ ജീവിതം നയിക്കാൻ ബദ്ധപ്പെടുന്നു. എന്നാൽ ഇതിനിടയിൽ എല്ലാവരേയും സ്വന്തമായി കാണാൻ കഴിയുന്ന അപൂർവം നിസ്വാർത്ഥമതികളും ഉണ്ടാകുന്നുണ്ടു്. പുതിയ ലോകത്തിൽ മറിച്ചു സംഭവിക്കുമെന്നാണെന്റെ വിചാരം. അന്നത്തെ സങ്കുചിതമതികൾക്കു് ഇന്നത്തെ മാതിരി ലോകമാകെ കലക്കാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ സാഹചര്യമാകെ, അന്യോന്യതയുടെ താളത്തിലായിപ്പോകും. സാമൂഹ്യമായ അനുസരണ ഉണ്ടാകും.
സ്വാതന്ത്ര്യത്തിന്റെ പരിമിതി
ചോദ്യം:
എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ നിങ്ങൾക്കധികാരമില്ല. ഞാൻ എന്റെ ഇഷ്ടം പോലെ ജീവിക്കും, നിങ്ങളും ജീവിച്ചുകൊള്ളൂ എന്ന വാദഗതിക്കു് എന്താണൊരു മറുപടി?
ഉത്തരം:
ഞങ്ങളുംകൂടി നിങ്ങളുടെകൂടെ ഉണ്ടെന്നതുകൊണ്ടു് നമ്മുടെ ആകെ നില കണക്കാക്കിയേ നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം ഉപയോഗിക്കാൻ പാടുള്ളു. പത്തുപേർ ഒരു വള്ളത്തിൽ യാത്ര ചെയ്യുന്നു. ഒരാൾക്കു പടിയിൽ കയറി നില്ക്കണം എന്നു നിർബന്ധം തോന്നിയാൽ വള്ളം മറിഞ്ഞു് എല്ലാവരും മരിക്കാനിടവരും. അതനുവദിക്കാൻ പാടില്ല. പറഞ്ഞാൽ മനസ്സിലാകാതെ വന്നാൽ ബലം പ്രയോഗിക്കേണ്ടിവരും. എന്നാൽ ബലപ്രയോഗം കൊണ്ടുണ്ടാകുന്ന ഫലം നേരത്തെ വള്ളം മുങ്ങും എന്നതാകാനും പാടില്ല.
ചോദ്യം:
പുതിയ സമൂഹത്തിൽ ബലപ്രയോഗം ആവശ്യമായി വരുമോ?
ഉത്തരം:
തീർച്ചയായും. വ്യക്തികളെ ചിലപ്പോൾ നിർബന്ധിച്ചു് അനുസരിപ്പിക്കേണ്ടതായും വന്നെന്നു വരും.

മനസ്സുകളുടെ വൈവിദ്ധ്യവും വൈരുദ്ധ്യവും മനുഷ്യനുള്ള കാലത്തോളം നമ്മോടൊന്നിച്ചു് ഉണ്ടാവുമല്ലോ. വിദ്യാഭ്യാസത്തിനും, നിയമത്തിനും, ശിക്ഷകൾക്കും ഒന്നിനും മനുഷ്യരെ എല്ലാവരേയും സാമൂഹ്യബോധമുള്ളവരാക്കിക്കൊണ്ടുവരുവാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല. എന്നും പ്രശ്നങ്ങൾ ഉണ്ടാവും. എന്നാൽ ഒരു വ്യത്യസ്തത വരുന്നതു് പ്രശ്നങ്ങളെ ഒന്നിച്ചഭിമുഖീകരിക്കാൻ ഓരോ പ്രദേശത്തും ശ്രമം നടക്കും എന്നതാണു്. ഒന്നിനൊന്നു തുണയാണു് എന്ന ബോധം വന്നു കഴിയുന്ന ആ സമൂഹമാണു് ബോധപൂർവ സമൂഹം. അവിടെ എല്ലാം പുതിയ പാളത്തിലേക്കു് മാറി ചലിക്കാനിടവരും. സ്വാതന്ത്ര്യത്തിനും പുതിയ മാനം വരും.

പുതിയ ലോകത്തിൽ തൊഴിൽ
ചോദ്യം:
ആ പുതിയ ലോകത്തിൽ തൊഴിൽ സംവിധാനം എങ്ങനെ ആയിരിക്കും?
ഉത്തരം:
ചെറുവാണ്ടൂരിൽ നിന്നു് ഒരു സർവകലാശാല വിദ്യാർത്ഥി ഇതേ ചോദ്യം എഴുതി ചോദിച്ചിരുന്നു. ഇന്നത്തേതിൽനിന്നു് വളരെ വ്യത്യസ്തമായിരിക്കും പുതിയ തൊഴിൽ സങ്കല്പം. തൊഴിലിനു് തൊഴിലെന്ന നിലയിൽ ഇന്നുകാണുന്ന മാതിരി ഒരു ഭാരം അന്നുണ്ടാവുകയേ ഇല്ല. ജീവിതത്തോടു് ഇണങ്ങിച്ചേർന്നുനില്ക്കും തൊഴിലുകളെല്ലാം. നെയ്ത്തു് അന്നു് വെറും ഒരു തൊഴിലല്ല; യജ്ഞമാകും. കൃഷിയും അങ്ങനെതന്നെ. ആ പുതിയ ലോകത്തിൽ ഒരു വ്യക്തി പണിയെടുക്കുന്നതു് ഒരു വിശ്വകുടുംബ ജീവിതകാര്യം എന്ന നിലയ്ക്കായിരിക്കും. അമ്മ അടുക്കളത്തോട്ടത്തിൽ ചീര നടുമ്പോൾ മനസ്സിൽ തൊഴിൽ എന്നൊരു ഭാവന ഉണ്ടാകുന്നുണ്ടോ? തൊഴിലാളി, മുതലാളി, മൂലധനം, ലാഭം ഈ വക ചിന്തകളൊന്നും അമ്മയിലില്ല. വീട്ടിലുള്ളവർക്കു് കൂട്ടാൻ വയ്ക്കാൻ ചീരവേണം. അതവരുടെ കുടുംബജീവിത കാര്യമാണു്. വേണ്ടതു് അധികം ഉണ്ടായാൽ അയൽവീടുകൾക്കു് പങ്കിടുന്നു. ചിലപ്പോൾ കുറവാണെങ്കിൽ പോലും അതിന്റെ പങ്കു് അയൽക്കാർക്കും കൊടുക്കുന്നു. ഇവിടെ വിതരണ ചിന്തയൊന്നും ഇല്ല. ഇതുപോലെ മനുഷ്യരാശി വിശ്വകുടുംബ ബോധത്തിൽ വരുമ്പോൾ എല്ലാത്തരം തൊഴിലുകളും ജീവിതത്തിൽ ലയിച്ചു് ആർക്കും പ്രത്യേക ഭാരം ഇല്ലാതായിത്തീർന്നുപോകും. തൊഴിൽ ജീവിതമാകും. സന്തോഷമാകും. തൊഴിലിൽനിന്നു് വിട്ടൊരു ജീവിതമില്ലെന്നാകും.
ചോദ്യം:
അപ്പോൾ തൊഴിലിന്റെ പ്രേരണ എന്തായിരിക്കും?
ഉത്തരം:
ആവശ്യബോധം. കുടുംബാവശ്യം എന്നു കണ്ടാൽ എത്ര കഠിന ജോലിയും ചെയ്യുവാൻ ആരും മടിക്കില്ല. തൊഴിൽപ്രേരണ എന്നൊരു പ്രത്യേക പ്രേരണതന്നെ ഉണ്ടാവില്ല. ഞാൻ ജീവിക്കുന്നതു് എന്നെ ഉൾക്കൊള്ളുന്ന എന്റെ സമൂഹത്തിനും കൂടിയാണു്. അന്യ ഒരാൾക്കുവേണ്ടി പണി ചെയ്യുവാൻ നിർബന്ധിതരാകുമ്പോഴാണു് പ്രത്യേക പ്രേരണ വേണ്ടതു്. പുതിയ ലോകത്തിൽ അന്യത്വം അവസാനിക്കുന്നു. എന്റെ നിലനില്പു് എല്ലാവരുടേയും ആവശ്യമാണു്. എല്ലാവരുടേയും നിലനില്പു് എന്റേയും ആവശ്യമാണു്. അപ്പോൾ ഞാൻ ജോലി ചെയ്യുന്നതു് ഒരു വയർ അല്ലെങ്കിൽ മൂന്നുവയർ എന്ന കാഴ്ചപ്പാടിലല്ല ലോകത്തിനു വേണ്ടിയുള്ള യജ്ഞം എന്ന നിലയ്ക്കാണു്. എനിക്കു ഡ്രൈവിംഗറിയാം എന്നിരിക്കട്ടെ. ഞാൻ വാഹനമോടിക്കുന്നതു്, ആർക്കൊക്കെ ആ യാത്ര ഉപകരിക്കുമോ അവർക്കെല്ലാം വേണ്ടിയാണു്. എന്തുകൊണ്ടെന്നാൽ അവർ യാത്ര ചെയ്യുന്നതു് എനിക്കുകൂടി വേണ്ടിയിട്ടാണെന്നുള്ള ഒരറിവു് എനിക്കുണ്ടു്. ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ എന്നെ ആ വഴിക്കാണു് ഗുരു ചിന്തിപ്പിക്കുന്നതു്. പുതിയ ലോകത്തിൽ സാമൂഹ്യബോധം കേവലം ഒരറിവായിരിക്കുകയില്ല. അനുഭവമായിരിക്കും. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഞാൻ വണ്ടിയോടിക്കുന്നതും, യാത്രക്കാർ യാത്ര ചെയ്യുന്നതും എല്ലാവർക്കും വേണ്ടിയാണെന്നു് എല്ലാവരും അറിയുന്നു. തൊഴിൽരംഗത്തു് ഇന്നുള്ള ഉച്ചനീചത്വം ഇതോടെ ഇല്ലാതാകുന്നു. ആവശ്യത്തിനും സന്ദർഭത്തിനും അനുസരിച്ചു് ഓരോ തൊഴിലും ഉച്ചസ്ഥാനത്തുവരും. കടത്തു കടക്കേണ്ടി വരുമ്പോൾ കടത്തുകാരനാണു് പ്രഥമസ്ഥാനം. ജീവിക്കുക എന്നാൽ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുകയാണു്. എല്ലാവരും തൊഴിലാളികളായിരിക്കും. തൊഴിലില്ലാത്തവരാരും ഉണ്ടാവില്ല. ജീവിക്കാനുള്ള പ്രേരണയും തൊഴിൽ പ്രേരണയും വേർതിരിക്കേണ്ട ആവശ്യമേ വരില്ല.
പുതിയ ലോകത്തിൽ പ്രതിഫലം
ചോദ്യം:
പുതിയ ലോകത്തിൽ ജോലിക്കു് പ്രതിഫലം ഏതു തരത്തിലായിരിക്കും?
ഉത്തരം:
സ്വന്തം കുടുംബത്തിൽ ചെയ്യുന്ന ജോലിക്കു് പ്രതിഫലവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ? പ്രതിഫലം ജോലിയിൽ ലയിച്ചു നിൽക്കും. ദാഹിക്കുന്ന ഒരാൾക്കു് മറ്റൊരാൾ വെള്ളം കൊണ്ടുവന്നുകൊടുക്കുന്നു. ദാഹശമനമാണതിന്റെ പ്രതിഫലം. പ്രതിഫലത്തിനു വിലയെന്ന രൂപത്തിൽ സ്ഥാനം വരുന്നതു് അന്യത്വം നിലനില്ക്കുമ്പോൾ മാത്രമാണു്. നാണയത്തിനു സർവാധികാരമുള്ള ഇക്കാലത്തുപോലും സുഹൃത്തുക്കളുടെ ഇടയിൽ അതിനു സ്ഥാനം ഇല്ലാതായി പോകാറില്ലേ? പുതിയ ലോകത്തിൽ വില, കൂലി, പലിശ, മൂലധനം തുടങ്ങിയ ശബ്ദങ്ങൾതന്നെ ഉണ്ടാവില്ല. ഓരോ പ്രവൃത്തിയും അതിന്റെ പ്രതിഫലവും കൂടി ആയിരിക്കും. ബുക്കുതുന്നുന്ന ഒരാളിന്റെ പ്രതിഫലം ബുക്കുണ്ടാവുന്നു എന്നതാണു്. നെയ്ത്തിന്റെ പ്രതിഫലം വസ്ത്രം. കിണർ കുഴിക്കുന്നതിനുള്ള പ്രതിഫലം തെളിനീർ. ഒന്നുകൂടി വ്യക്തമാക്കാം. മരംകയറ്റമറിയാവുന്നവർ മരം കയറുന്നു. മരംകയറ്റം ആരോഗ്യമുള്ള എല്ലാവരും പഠിച്ചിരിക്കും. അവർക്കു് ക്ഷീണം തോന്നുമ്പോൾ ഏതു വീട്ടിൽ നിന്നും ആഹാരം കഴിക്കാം. നെയ്ത്തുശാലയിൽ ചെന്നു് ആവശ്യമുള്ള വസ്ത്രം എടുക്കാം. സോപ്പുനിർമാണ സ്ഥലത്തുനിന്നു് സോപ്പെടുക്കാം. ഇരുമ്പുപണി അറിയാവുന്ന ആരും നല്ല വെട്ടുകത്തി ഉണ്ടാക്കി കൊടുക്കും. അവർക്കു് വീടുവയ്ക്കാനും അതിൽ ആവശ്യമായ ഉപകരണങ്ങൾ കൊടുക്കുവാനും ആളുണ്ടു്. പിന്നെ പ്രത്യേക പ്രതിഫലം തെങ്ങു കയറുന്നവർക്കു് വേണമോ? പ്രതിഫലം കൊടുത്തു് നാം ഇന്നു് ബന്ധം മുറിക്കുകയാണു്. പഠിപ്പിക്കുന്ന അദ്ധ്യാപകനു് വിദ്യാർത്ഥി മാസം ഇരുനൂറുരൂപാ കൊടുക്കുമ്പോൾ അദ്ധ്യാപക വിദ്യാർത്ഥിബന്ധം തീർന്നു. ഈ ഇരുനൂറുരൂപയ്ക്കു വേണ്ടിയാണു് ഈ അദ്ധ്യാപകൻ വീട്ടിൽ വന്നു് എന്നെ പഠിപ്പിക്കുന്നതെന്നറിയാവുന്നതുകൊണ്ടു് വിദ്യാർത്ഥിയുടെ മനസ്സു് അദ്ധ്യാപകന്റെ നേരെ വേണ്ടത്ര അടുക്കുന്നില്ല. മറിച്ചു് പുതിയ സമൂഹത്തിൽ ഓരോ കൊടുക്കൽ വാങ്ങലിലും മനുഷ്യബന്ധം തിളങ്ങിക്കൊണ്ടിരിക്കും; ദൃഢമായിക്കൊണ്ടിരിക്കും. പകരത്തിനു പകരം എന്നൊരേർപ്പാടേ ആവശ്യമായി വരില്ല. കൊടുക്കലിനും വാങ്ങലിനുമിടയിൽ പ്രതിഫലം എന്നൊരു ഇടനിലക്കാരൻ വരാഞ്ഞതുകൊണ്ടു് കൊടുക്കൽ വാങ്ങലിൽനിന്നു് സ്നേഹാദരങ്ങൾ ഊറിവന്നു് മനുഷ്യബന്ധത്തെ ആർദ്രമാക്കാനിടവരുന്നു.
ചോദ്യം:
മറ്റു രാഷ്ട്രങ്ങളുമായുള്ള വിനിമയ ബന്ധം എങ്ങനെ ആയിരിക്കും?
ഉത്തരം:
പുതിയ ലോകത്തിൽ രാഷ്ട്രാതിർത്തികൾ ഉണ്ടാവില്ലല്ലോ. ദേശീയബോധം നഷ്ടപ്പെടുമെന്നു് പറയുന്നില്ല. എന്നാൽ ദേശീയാതിർത്തികൾ ജീവിതത്തെ ഒട്ടും ബാധിക്കുകയില്ല. ഭൂമിയുടെ ഏതുകോണിലും ഏതൊരു വ്യക്തിയും വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതു് ഭൂമിയിലുള്ള എല്ലാവർക്കും വേണ്ടി ആയിരിക്കും.
ചോദ്യം:
നാണയം തീരെ വേണ്ടെന്നു വയ്ക്കാനാവുമോ?
ഉത്തരം:
ആവും. ജോലിക്കു് കൂലി അടിമത്തമല്ലേ. ആലോചിക്കുന്തോറും എനിക്കങ്ങനെയാണു തോന്നുന്നതു്. ഒരാൾ നിർദ്ദേശിക്കുന്ന ജോലി മറ്റൊരാൾ ചെയ്യുക, അതിനുള്ള കൂലി വാങ്ങുക. എന്തിനു്? ഉപജീവനത്തിനു്. ഒരാളിന്റെ കൈവശമിരിക്കുന്ന പണം എന്റെ കൈയിൽ വന്നാലേ മറ്റൊരാളിന്റെ കൈവശത്തിലുള്ള സാധനം എനിക്കു് കിട്ടൂ എന്നു വരുന്നതിനർത്ഥം പരസ്പരം ആർക്കും ആരേയും വേണ്ട എന്നല്ലേ. ഒരാൾ ജീവിക്കേണ്ടതു് മറ്റൊരാളുടെ ആവശ്യമല്ലെന്നു വരുന്നതാണിതിനു കാരണം. ഒരു വ്യക്തിയെ എനിക്കു ബന്ധുവായി കിട്ടുന്നതിനേക്കാൾ വിലപ്പെട്ടതാണു് പണം കിട്ടുന്നതു് എന്നു വരുന്നതു് എത്ര ലജ്ജാകരമാണു്. മനുഷ്യനാണു് ഏറ്റവും വിലപ്പെട്ടതു് എന്നു വരുമ്പോൾ നാണയം വേണ്ടാതായിക്കൊള്ളും. ഇപ്പോൾ നാണയത്തെ എതിർത്തു് ബഹളമുണ്ടാക്കിയിട്ടു കാര്യമില്ല. പുതിയ ലോകത്തിൽ മനുഷ്യർ തമ്മിൽ അടുക്കുമ്പോൾ നാണയം ആവശ്യമില്ലാതായിക്കൊള്ളും.
പുതിയ ലോകത്തിൽ വിദ്യാഭ്യാസം
ചോദ്യം:
പുതിയ വിദ്യാഭ്യാസത്തിന്റെ രൂപഭാവങ്ങൾ എങ്ങനെ ആയിരിക്കും?
ഉത്തരം:
പുന്നപ്ര യു. പി. സ്കൂളിലാണു് ഞാൻ 33 വർഷം പഠിപ്പിച്ചിരുന്നതു്. എന്നാൽ ഞാനിപ്പോൾ പറയുവാൻ പോകുന്ന അഭിപ്രായം അതിൽ നിന്നു് രൂപപ്പെട്ടു വന്നതല്ല. വിദ്യാലയത്തിനു പുറത്തുള്ള ജീവിതാനുഭവങ്ങളാണു് വിദ്യാഭ്യാസത്തെപ്പറ്റി പറയുവാൻ എനിക്കു് ധൈര്യം നല്കുന്നതു്. ഒന്നാമതായി പറയട്ടെ, സ്പെഷ്യൽ സ്കൂളുകൾ എല്ലാം നിർത്തി, സ്വകാര്യ വിദ്യാലയങ്ങളും നിർത്തി വിദ്യാഭ്യാസം പൂർണമായി ഗവണ്മെന്റുകൾ ഏറ്റെടുത്തുവെന്നിരിക്കട്ടെ. അങ്ങനെ ആയാൽ വിദ്യാഭ്യാസരംഗത്തു് മാറ്റം വന്നുവെന്നു കരുതാമോ? മനുഷ്യത്വമുള്ള ഒരാളെ എങ്കിലും വികസിപ്പിച്ചെടുക്കാൻ ഇന്നത്തെ വിദ്യാലയങ്ങൾക്കു് കഴിയുമോ? വിദ്യാലയം നടത്തുന്ന ഏജൻസിയിലല്ല, വിദ്യാഭ്യാസത്തിലാണു് മാറ്റം സംഭവിക്കേണ്ടതു്. ഇന്നു് നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്നമാതിരിയുള്ള വിദ്യാഭ്യാസം ആരു നടത്തിയാലും മനുഷ്യത്വത്തിനു ദോഷമേ ചെയ്യൂ. ഒരു പുതിയ ലോകത്തെപ്പറ്റി അല്പമെങ്കിലും പ്രതീക്ഷയുള്ളവർ, വിശേഷിച്ചും വിദ്യാഭ്യാസരംഗത്തു് മാറ്റം ആഗ്രഹിക്കുന്ന വിപ്ലവകാരികൾ, ആദ്യം മനസ്സിലാക്കണമെന്നു് ഞാനാഗ്രഹിക്കുന്ന കാര്യം, ഇന്നൊരു വിദ്യാലയത്തിലും വിദ്യാഭ്യാസം നടക്കുന്നില്ല എന്നതാണു്. ഇത്ര തറപ്പിച്ചു പറയുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെപ്പറ്റി എന്റെ വ്യക്തമായ അഭിപ്രായം പറയേണ്ടിവരും. ഒരു വ്യക്തിക്കു് അനന്തവിശാലമായ മഹാപ്രപഞ്ചവുമായുള്ള അഭേദ്യമായ ബന്ധം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന പരിശീലനമാണു് വിദ്യാഭ്യാസം എന്നു ഞാൻ പറയട്ടെ. ഇത്ര മഹത്തും ബൃഹത്തുമായ ഒരു വിഷയത്തെ നിർവചിച്ചു പറയുവാനുള്ള എന്റെ അനർഹത എനിക്കു് നന്നായി അറിയാം. എങ്കിലും എന്റെ അഭിപ്രായം ഞാൻ പറയുകയാണു്. “ഈശാവാസ്യം ഇദം സർവം” എന്ന അറിവിന്റെ അഭ്യാസമാണു് വിദ്യാഭ്യാസം. ഭാഷകൾ പഠിക്കുന്നതു് മനുഷ്യബന്ധം ഉറപ്പിക്കാനാണു്. ജന്തുശാസ്ത്രം പഠിക്കുന്നതു് ജീവലോകവുമായുള്ള മനുഷ്യന്റെ അത്ഭുതകരമായ ബന്ധം മനസ്സിലാക്കി സഹകരിച്ചു ജീവിക്കാനാണു്. ഭൂമിശാസ്ത്രം പഠിക്കുന്നതു് എന്റെ നാടു് ഒറ്റപ്പെട്ടതല്ല; ആകെ ഭൂമിയോടൊന്നിച്ചുള്ളതാണു് എന്നു മനസ്സിലാക്കാനാണു്. തൊഴിൽ പഠിക്കുന്നതു് എന്റെ കഴിവു് മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുവാനാണു്. ചരിത്രം പഠിക്കുമ്പോൾ അറുപത്തി ഏഴു വയസ്സുള്ള ഞാൻ അറുപത്തിഏഴായിരം വയസ്സുള്ളവനായിത്തീരും. വിദൂരഗ്രഹങ്ങളും നക്ഷത്രങ്ങളുമായി എന്റെ നിത്യജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നു് ജോതിശ്ശാസ്ത്രപഠനത്തിലൂടെ ഞാനറിഞ്ഞു്, മഹാപ്രപഞ്ചങ്ങളെ തമ്മിലിണക്കിനിർത്തുന്ന സത്യസ്വരൂപനു് ഞാൻ പ്രണാമങ്ങളർപ്പിക്കുന്നു. ഈ ലക്ഷ്യത്തിനു പകരം, പഠിക്കുന്നതു് പണം കൂടുതലാർജിക്കാനാണു് എന്നുവന്നാൽ ആ പഠനത്തിനു് വിദ്യാഭ്യാസം എന്നു പറയാമോ? അതല്ലേ ഇന്നു സംഭവിച്ചിരിക്കുന്നതു്. വീട്ടിനുള്ളിൽപോലും പരസ്പരബന്ധം നിലനിർത്താൻ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലല്ലോ. ഇരുകൈകളും ഉയർത്തി എല്ലാവർക്കുംകൂടി ഉച്ചത്തിൽ വിളിച്ചുപറയാം “ഭൂമിയിൽ ഒരിടത്തും ഇന്നു് വിദ്യാഭ്യാസം നടക്കുന്നില്ല, വിദ്യാലയങ്ങളില്ല, ഉണ്ടായിരുന്നെങ്കിൽ ലോകം ഇന്നു് ഈ രൂപത്തിലായിത്തീരുമായിരുന്നില്ല.” ഞാനിങ്ങനെ ഉറപ്പിച്ചുപറഞ്ഞുപോകുന്നതു് വിദ്യാഭ്യാസരംഗത്തു് ഉടനീളം നിറഞ്ഞുനില്ക്കുന്ന ധനാർജന പ്രവണത കാണുന്നതുകൊണ്ടാണു്. അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും, വിദ്യാലയം നടത്തുന്നവർക്കും, വേണ്ടതു പണമാണു്. പ്രതിമാസം നല്ലൊരു തുക കിട്ടുമെന്നു വന്നാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയങ്ങൾ വിടും. പരിമിതികളൊന്നുമില്ലാത്ത മനുഷ്യത്വത്തിന്റെ സാർവത്രികമായ വികാസം ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ പെടുന്നതായി തോന്നുന്നില്ല. എന്നാൽ ഒരു സത്യം കാണാതിരുന്നുകൂടാ. ലോകം ഇങ്ങനെയെങ്കിലും നിലനിന്നുപോകുന്നതു് മനുഷ്യസ്നേഹികളായ മഹാത്മാക്കൾ നൽകുന്ന വിദ്യാഭ്യാസം കൊണ്ടാണു്. ലോകം അറിയുന്നവരും അധികമാരാലും അറിയപ്പെടാത്തവരും ആയ എത്രയോ പേർ അവരുടെ ജീവിതത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ലോകത്തിനു് വിദ്യാഭ്യാസം നൽകിക്കൊണ്ടിരിക്കുന്നു. ആ വിദ്യാഭ്യാസമല്ല; മനുഷ്യത്വത്തിലേക്കു് നമ്മെ കുറച്ചെങ്കിലും നയിക്കുന്നതു്. ആ വഴി പിടിച്ചു വിദ്യാഭ്യാസത്തെ ആകെ നവീകരിക്കേണ്ടിയിരിക്കുന്നു. പുതിയ സമൂഹത്തിൽ വിദ്യാഭ്യാസം പാലിൽ വെണ്മപോലെ ജീവിതത്തിൽ ലയിച്ചു നില്ക്കും. പുതിയ ലോകത്തിൽ ഓരോരുത്തരും എന്നും വിദ്യാർത്ഥികളായിരിക്കും. എന്നും അദ്ധ്യാപകരുമായിരിക്കും. പ്രപഞ്ചമാകെ സൗരയൂഥങ്ങളുൾപ്പെടെ നമ്മുടെ സർവകലാശാല ആയിരിക്കും. വിദ്യാർത്ഥിക്കു് പ്രായപരിധിയില്ല. പരീക്ഷകളില്ല, ഡിഗ്രികളില്ല. ഓരോരുത്തരുടേയും വാസനയ്ക്കനുസരിച്ചും ആവശ്യത്തിനനുസരിച്ചും പഠിക്കാനുള്ള സൗകര്യം നാടുനീളെ ഉണ്ടായിരിക്കും. കൃഷിയിടങ്ങൾ, വ്യവസായശാലകൾ, ആരോഗ്യകേന്ദ്രങ്ങൾ, ഉത്സവസ്ഥലങ്ങൾ, പാചകശാലകൾ എല്ലാം വിദ്യാലയങ്ങൾ കൂടി ആയിരിക്കും. ആർക്കും ഏതു വിദ്യാലയത്തിലും പോയി അവരോടൊന്നിച്ചു ചിന്തനത്തിൽ പങ്കെടുക്കാം. തനിക്കറിയാവുന്നതു് അവർക്കു് താത്പര്യമെങ്കിൽ അവരുടെ ചിന്തനത്തിനു വയ്ക്കുകയും ചെയ്യാം. വിവിധ ചിന്തനങ്ങൾക്കു് വേറെ വേറെ സ്ഥാപനങ്ങളും ഉണ്ടായിരിക്കും. ഓരോന്നും ഗവേഷണസ്ഥാപനങ്ങൾ കൂടി ആയിരിക്കും. ഓരോ വിദ്യാലയവും അറിവുള്ള ഓരോരുത്തരിൽ കേന്ദ്രീകരിച്ചിരിക്കും. വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്കല്ല, അദ്ധ്യാപകനിലേക്കാണു് ചെല്ലുന്നതു്. “നീ ഏതു വിദ്യാലയത്തിൽ പോകുന്നു എന്ന ചോദ്യമല്ല; ആരുടെ അടുത്തു പോകുന്നു” എന്ന ചോദ്യമാകും അന്നു് ഉണ്ടാവുക. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുവാൻ വിവിധ അദ്ധ്യാപകരെ സമീപിക്കും. ഒരേവിഷയം തന്നെ പലരിൽനിന്നു് ഗ്രഹിക്കുവാൻ ശ്രമിക്കും. സമൂഹങ്ങളിൽ കാലാകാലത്തുണ്ടാകുന്ന ആവശ്യങ്ങൾക്കനുസരിച്ചു് മനനവിഷയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കും. എന്നാൽ ഏതു വിഷയം മനസ്സിലാക്കുമ്പോഴും അതോടൊന്നിച്ചു് പാരസ്പര്യബോധം വളർത്തിക്കൊണ്ടിരിക്കും. ഏതൊരാൾക്കും ഒരു വിദ്യാലയം തുടങ്ങാം. ഏതൊരാൾക്കും ഏതുപ്രായത്തിലും ഏതു വിദ്യാലയത്തിലും ചെല്ലാം. വിദ്യാർത്ഥിയേക്കാൾ ചിലപ്പോൾ അദ്ധ്യാപകനു് പ്രായവും അറിവും കുറവാണെന്നും വരും. ശബ്ദതരംഗങ്ങളുടെ ഗതിവിഗതികളെപ്പറ്റി ഏറ്റവും കൂടുതലറിവുള്ള ലോകപ്രസിദ്ധനായ ഒരദ്ധ്യാപകൻ മണ്ണിനെപ്പറ്റി അറിയാൻ ഒരു കൃഷിക്കാരന്റെ കളപ്പുരയിൽ ചെല്ലും. ഭാവിയിൽ ആവശ്യമാകുമെന്നു് കരുതി കുട്ടികളുടെ തലയെ സ്റ്റോർ റൂമാക്കി നേരത്തെ എല്ലാം കുത്തിനിറയ്ക്കേണ്ടുന്ന ആവശ്യമേ മേലിൽ വരില്ല. പഠനം ആവശ്യത്തിനനുസരിച്ചു് ജീവിതത്തിന്റെ കൂടെ സംഭവിച്ചുകൊള്ളും. സംഗീതത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരാൾ തന്റെ അടുത്തുവരുന്നവരെ സംഗീതം പഠിപ്പിക്കും. വീട്ടിൽ ഒന്നിച്ചു താമസിച്ചു പഠിക്കാം. ആ വീടു് സംഗീത വിദ്യാലയമായി. അടുത്തുള്ള വയലിലും പറമ്പിലും താളലയത്തോടെ പണിഎടുക്കാം. നെയ്ത്തുശാലയിൽപോയി നെയ്യാം. രോഗികളെ ചെന്നു കാണാം. ശുശ്രൂഷിക്കാം. അവിടുത്തെ അയൽക്കൂട്ട യോഗത്തിൽ സംബന്ധിച്ചു് അഭിപ്രായങ്ങൾ പറയാം. പാടാൻ കഴിവാകുമ്പോൾ അവർ വീട്ടിലേക്കു മടങ്ങുന്നു. പാടാൻ പഠിച്ചതു് അതു് ഒരാദായമാർഗമാക്കാനല്ല. സ്വയം ആനന്ദിക്കാനും ആനന്ദിപ്പിക്കാനുമാണു്. പാട്ടു പഠിക്കുന്ന കൂട്ടത്തിൽ വിദ്യാർത്ഥി ജീവിതത്തിൽ ഉപയോഗമുള്ള പലതും പഠിച്ചിരിക്കും. വിദ്യാഭ്യാസം ആവശ്യത്തിനനുസരിച്ചു് മിതമായിരിക്കും. ജീവിതം മത്സരാധിഷ്ഠിതമായതുകൊണ്ടാണു് അന്യരെ തോല്പിക്കാൻ ഓരോരുത്തർക്കും കൃത്രിമമായ അറിവുകൾ ഇന്നു നേടേണ്ടി വരുന്നതു്. സോപ്പു നിർമാണത്തിൽ ഒരു പുതിയ കാര്യം ഒരാൾ കണ്ടെത്തിയാൽ ഇന്നു് അതു് അയാളുടെ കുത്തകയായി സൂക്ഷിച്ചു് ധനാഗമ മാർഗമാക്കും. പുതിയ സമൂഹത്തിലാകട്ടെ അതു് വേഗം ലോകമാകെ പരക്കും. അറിവു നേടുന്നതു തന്നെ ലോകത്തിനുവേണ്ടി ആയിരിക്കും എന്നതുകൊണ്ടു് അറിവിന്റെ വ്യാപനം വേഗം നടക്കും. തടസ്സം ഉണ്ടാവില്ല. ഇന്നത്തെ വിദ്യാലയങ്ങളിലെ വൈകൃതങ്ങളെ തിരുത്താനോ, എല്ലാ വിദ്യാലയങ്ങളും സർക്കാർ അധീനതയിൽ കൊണ്ടുവരുവാനോ ശ്രമിച്ചു് സമയവും ശക്തിയും പാഴാക്കരുതു് എന്നാണെനിക്കു തോന്നുന്നതു്. വിദ്യാഭ്യാസത്തെ തിരുത്തുകയാണു് വേണ്ടതു്. പുതിയ സമൂഹജീവിതമാണു് പുതിയ വിദ്യാഭ്യാസം. അനന്യഭാവന സാക്ഷാത്കരിക്കുകയാണു് വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ട മുഖ്യകാര്യം.
പുതിയ ലോകത്തിൽ ഭരണസമ്പ്രദായം
ചോദ്യം:
പുതിയ ലോകത്തിൽ ഭരണസമ്പ്രദായം എങ്ങനെ ആയിരിക്കും?
ഉത്തരം:
മനുഷ്യൻ എന്നും അപൂർണനായിരിക്കും എന്നുള്ളതുകൊണ്ടു് അവൻ സാമൂഹ്യവിരുദ്ധനാവാൻ സാദ്ധ്യതയുണ്ടു്. ആ നിലയ്ക്കു് വ്യക്തിയുടെമേൽ എന്നും ഒരു സാമൂഹ്യ നിയന്ത്രണം കൂടിയേ തീരൂ. പുതിയ സമൂഹത്തിലും അതുണ്ടായിരിക്കും. എന്നാൽ അതു് ഇന്നത്തെമാതിരിയുള്ള മേലധികാരമായിരിക്കുകയില്ല.
ചോദ്യം:
ആ നിയന്ത്രണത്തിന്റെ സ്വഭാവം എന്തായിരിക്കും?
ഉത്തരം:
നിയമം നിർമിക്കുന്നവർ, അതു നടപ്പിലാക്കുന്നവർ, നിയമപാലകർ, ഇതിന്റെ എല്ലാം ഫലം അനുഭവിക്കുന്നവർ എന്നീ നാലു വ്യത്യസ്ത തലങ്ങൾ ഇന്നുള്ളമാതിരി അന്നുണ്ടായിരിക്കുകയില്ല. പ്രാദേശികസമൂഹങ്ങൾ അവർക്കുവേണ്ടി നിയമമുണ്ടാക്കുന്നു. അവരുതന്നെ അതു നടപ്പിലാക്കുന്നു. പരിരക്ഷിക്കുന്നു. അതിന്റെ ഫലം അനുഭവിക്കുന്നു. ലോകത്തിനാകെ ഒരു നിയമം വേണ്ടിവരില്ല. ലോകമാകെ എല്ലാ സ്ഥലങ്ങളിലും പ്രാദേശിക ചെറുസമൂഹങ്ങൾ ഉണ്ടായിരിക്കും. അവ പരസ്പരം ബന്ധപ്പെട്ടിരിക്കുകയും പരസ്പരം നിയന്ത്രിക്കുകയും ചെയ്യും.
ചോദ്യം:
അത്തരം സമൂഹങ്ങൾക്കു് ശിക്ഷാധികാരം ഉണ്ടായിരിക്കുമോ?
ഉത്തരം:
ഉണ്ടായിരിക്കും. ശിക്ഷണം എന്ന നിലയ്ക്കായിരിക്കും. അതു പ്രയോഗിക്കുക. ചിലപ്പോൾ വേദനിപ്പിക്കേണ്ടതായി വരും. അതൊക്കെ അന്നത്തെ സമൂഹങ്ങൾ പരസ്പരം ആലോചിച്ചു് തീരുമാനിക്കും.
പുതിയ സമൂഹങ്ങളിൽ തീരുമാനമെടുക്കുന്നതെങ്ങനെ?
ചോദ്യം:
പുതിയ സമൂഹങ്ങൾ തീരുമാനമെടുക്കുന്നതു് ഇന്നത്തെ രീതിയിലുള്ള വോട്ടിംഗ് മൂലമായിരിക്കുമോ?
ഉത്തരം:
ഭൂരിപക്ഷമല്ല, സർവാനുമതി ആയിരിക്കും നോക്കുക. സർവസമ്മതി അല്ലെങ്കിൽ സർവാനുമതി.
ചോദ്യം:
അവയുടെ പ്രയോഗം എങ്ങനെയായിരിക്കും.
ഉത്തരം:
പ്രയോഗിച്ചുനോക്കി തെളിഞ്ഞുവരേണ്ട കാര്യങ്ങളാണു് സർവാനുമതി, സർവസമ്മതി എന്നിവ രണ്ടും. അഭിപ്രായവ്യത്യാസം വരുന്ന കാര്യങ്ങളെപ്പറ്റി പലവട്ടം ചർച്ച ചെയ്യും. എല്ലാവർക്കും സമ്മതമായാൽ സർവസമ്മതമായി. അല്ലാതെവന്നാൽ സർവാനുമതി കിട്ടുമോ എന്നു നോക്കും. പൂർണസമ്മതമല്ലെങ്കിലും വളരെപ്പേർ അംഗീകരിക്കുന്നതുകൊണ്ടു് ഞങ്ങളും അംഗീകരിച്ചേക്കാം എന്നൊരു നിലയിൽ എതിർത്തവരും സമ്മതം മൂളുന്നതാണു് സർവാനുമതി. അതിനും പ്രയാസം വരുന്ന ഘട്ടത്തിൽ ഭൂരിപക്ഷാഭിപ്രായം നോക്കാം. ഭൂരിപക്ഷാഭിപ്രായം അറിയുന്നതു് അതുമനസ്സിലാക്കി സർവാനുമതിയിലേക്കു് വരാൻവേണ്ടിയാണു്. ഭൂരിപക്ഷാഭിപ്രായം അറിഞ്ഞാൽ നമുക്കതു് സ്വീകരിക്കാം എന്ന നിഗമനത്തിൽ എല്ലാവരും വന്നതിനുശേഷമാണു് അതു് നോക്കുക. മറ്റൊരു വഴി ഇല ഇട്ട പുറം നോക്കുകയാണു്. മറ്റൊരു വഴി സർവസമ്മതനായ ഒരാളിനെ നിശ്ചയിച്ചു് അദ്ദേഹത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുക എന്നതാണു്. ഏതായാലും ഭിന്നിപ്പിനിടവരാത്ത ഒരു ക്രമീകരണം തീരുമാനങ്ങൾ എടുക്കുന്നതിനുണ്ടായിരിക്കും. എന്നാൽ അതു കേവലം വോട്ടെടുപ്പിലൂടെ ആയിരിക്കുക ഇല്ല.
പുതിയ ലോകസംവിധാനം
ചോദ്യം:
സമൂഹങ്ങളുടെ സംവിധാനം എങ്ങനെ ആയിരിക്കും?
ഉത്തരം:
തൊട്ടടുത്തുള്ള 10–15 വീടുകൾ ചേർന്നുള്ള തറക്കൂട്ടങ്ങളായിരിക്കും. അടിസ്ഥാന സമൂഹജീവിത ഘടകം. ഓരോ തറക്കൂട്ടവും ലോകത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും. ഓരോ തറയും കൂടുന്നതു് ലോകത്തിനാകെ വേണ്ടിയായിരിക്കും എന്നതുകൊണ്ടു് തറക്കൂട്ടയോഗത്തിൽ ആർക്കും സംബന്ധിക്കാം. അഭിപ്രായം പറയുകയും ചെയ്യാം. അഞ്ചുതറകൾ ചേരുന്നതാണു് ഒരയൽക്കൂട്ടം. 50–60 വീടുകൾ കാണും. അഞ്ചയൽക്കൂട്ടത്തിൽ പെട്ട 250–300 വീടുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഒരു ഗ്രാമക്കൂട്ടം. ഇവ മൂന്നും കൂടിയാണു് പുത്തൻ സമൂഹത്തിനു് താങ്ങായി പ്രവർത്തിക്കുന്നതു്. ഈ മൂന്നു ഘടകത്തിലും വ്യക്തികൾ നേരിട്ടു് യോഗങ്ങളിൽ പങ്കെടുക്കും. ഇതിനു മേലോട്ടു് പ്രതിനിധി സഭകളാണു്. അഞ്ചു് ഗ്രാമക്കൂട്ടക്കാർ ഓരോരുത്തരെ വീതം നിശ്ചയിച്ചു് അഞ്ചുപേരടങ്ങുന്ന വാർഡുകമ്മറ്റി ഉണ്ടാകുന്നു. വാർഡുകമ്മറ്റി യോഗങ്ങളിൽ ആർക്കും പങ്കെടുത്തു് അഭിപ്രായം പറയാം. അഞ്ചുവാർഡു കമ്മറ്റികളിൽ ഓരോന്നും നിശ്ചയിക്കുന്ന അഞ്ചുപേർ ചേർന്നു് പഞ്ചായത്തു സമിതി രൂപപ്പെടുന്നു. ജനപ്രതിനിധികളല്ലാതെ ഉദ്യോഗസ്ഥന്മാരാരും പ്രതിനിധി സഭകളിലൊന്നിലും ഉണ്ടായിരിക്കുകയില്ലെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദ്യോഗസ്ഥരെന്നൊരു വർഗമേ ഉണ്ടാവില്ലെന്നോർക്കണം. എല്ലാവരും ഉദ്യോഗസ്ഥർ. മേലോട്ടു ചെല്ലുന്തോറും വാർത്താവിനിമയ ഘടകം എന്നതിൽ കവിഞ്ഞു് വലിയ പ്രാധാന്യമൊന്നും ഈ പ്രതിനിധി സഭകൾക്കു് ഉണ്ടാവില്ല. ഏതുതലത്തിലെ യോഗത്തിലും ഏതൊരാൾക്കും പങ്കെടുക്കാം. സംഭവിച്ചു കണ്ടാലല്ലാതെ ഇപ്പോൾ ഇതു് രൂപകല്പനചെയ്യാൻ എനിക്കാവില്ല. തറകൾ ഉറച്ചാൽ നല്ല അടിസ്ഥാനമായി.
പുതിയലോകത്തിൽ ഗതാഗതം
ചോദ്യം:
പുതിയ ലോകത്തിൽ ഗതാഗതസൗകര്യം എങ്ങനെ?
ഉത്തരം:
ടിക്കറ്റ് എന്നൊരേർപ്പാടു് ഉണ്ടായിരിക്കുക ഇല്ല. വാഹനയാത്രയേക്കാൾ കാൽനടയാത്ര വർദ്ധിക്കും. വാഹനയാത്രയേക്കാൾ കാൽനടയാത്ര വർദ്ധിക്കും. വാഹനയാത്ര കൂടുതലും ആകാശമാർഗേണ ആയിരിക്കും. ഓരോരുത്തർക്കും യഥേഷ്ടം ആകാശത്തുകൂടി സഞ്ചരിക്കത്തക്ക ‘സൈക്കിൾ പ്ലെയിൻ’ ശാസ്ത്രം വികസിപ്പിച്ചെടുത്തിരിക്കും. ആഗ്രഹിക്കുന്ന വേഗത്തിൽ യാത്രചെയ്യാം. വിചാരിക്കുന്നിടത്തിറങ്ങാം. മലിനീകരണങ്ങൾ ഒന്നും ഉണ്ടാവില്ല; ശബ്ദമലിനീകരണം ഉൾപ്പെടെ. ട്രെയിനും കപ്പലും എല്ലാം ഓടിക്കൊണ്ടിരിക്കും. ചരക്കുകൾക്കോ ആളുകൾക്കോ എങ്ങോട്ടു വേണമെങ്കിലും കയറി ഇറങ്ങാം. അതിർത്തി തടസ്സങ്ങൾ ഒന്നും ഇല്ലല്ലോ. അടിസ്ഥാന ജീവിതാവശ്യങ്ങൾക്കു് ദൂരയാത്ര ചെയ്യേണ്ട ആവശ്യം ആർക്കും ഉണ്ടാവില്ല. തീർത്ഥയാത്രികരായിരിക്കും ഏറ്റവും കൂടുതൽ.
ആരാധനാലയങ്ങൾ
ചോദ്യം:
ആരാധനാലയങ്ങൾ അന്നും ഉണ്ടായിരിക്കുമോ?
ഉത്തരം:
ഉണ്ടായിരിക്കും. ഈശ്വരാഭിമുഖമായി മനസ്സിനെ വ്യാപരിപ്പിക്കുവാൻ പരിശീലനം നൽകുന്ന പവിത്രസ്ഥാനങ്ങളായി പ്രാർത്ഥനാലയങ്ങൾ എന്നും നിലനില്ക്കുമെന്നാണെന്റെ വിചാരം. മനുഷ്യനതാവശ്യമാണു്.
ചോദ്യം:
ഈശ്വരാഭിമുഖം എന്നതുകൊണ്ടെന്താണുദ്ദേശിക്കുന്നതു?
ഉത്തരം:
എല്ലാറ്റിലുമുള്ള തന്നെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണു് ഞാനുദ്ദേശിക്കുന്നതു്. ജനനത്തിലും മരണത്തിലും അന്ധകാരത്തിലും പ്രകാശത്തിലും ഭൂമിയിലും ആകാശത്തിലും, ചരങ്ങളിലും അചരങ്ങളിലും, ഭൂതത്തിലും ഭാവിയിലും ഉടനീളം നിറഞ്ഞുനില്ക്കുന്ന എന്നെ നേർക്കുനേരെ കാണുന്നതാണു് ഈശ്വരാഭിമുഖത. ദേശമോ കാലമോ വിശ്വാസമോ ആചാരമോ ഏതെങ്കിലും ഒന്നിനാൽ ഈ അന്വേഷണം തടയപ്പെട്ടുപോയാൽ അവിടെവച്ചു് ഈശ്വരാഭിമുഖം നഷ്ടപ്പെടും. ഞാൻ എന്റെ വെറുമൊരു ധാരണ പറയുന്നുവെന്നേയുള്ളു. എനിക്കു് പിടിയുള്ള കാര്യമല്ലിതു്. ഒന്നിനും തടസ്സപ്പെടുത്താനാവാത്ത ഒരു വികാസം വ്യക്തികളിൽ സംഭവിക്കണം.
ചോദ്യം:
ഈശ്വരാഭിമുഖം എങ്ങനെയാണു് തടയപ്പെടുന്നതു?
ഉത്തരം:
ഞാൻ ഹിന്ദുവാണു്. എന്റെ ആരാധനാലയമാണു് ക്ഷേത്രം. മോസ്ക്കും ചർച്ചും എനിക്കന്യമാണു് എന്നു തോന്നിപ്പോയാൽ ഈശ്വരാഭിമുഖ്യം നഷ്ടപ്പെട്ടു. ഞാൻ ഭാരതീയനാണു് പാകിസ്താൻകാർ എന്റെ ശത്രുക്കളാണു് എന്നു തോന്നിയാൽ ഈശ്വരനോടു് അടുക്കാനാവാതെ വരും. ജനനത്തിനപ്പുറം ഭൂതകാലത്തിലും മരണത്തിനപ്പുറം ഭാവികാലത്തിലും ഞാനുണ്ടു്. അത്ര സൂക്ഷ്മമാണു് പ്രകൃതിയുമായുള്ള എന്റെ ബന്ധം. കാലദേശഭേദമൊന്നും ഇവിടെ ഇല്ല. മരണത്തിനും ഈശ്വരാഭിമുഖ്യം തടസ്സപ്പെടുത്താനാവില്ല. ശത്രുമിത്രഭേദവും ഇല്ല. ഞാനീപ്പറയുന്നതു് വെറും ശബ്ദങ്ങളിലൂടെ ബുദ്ധിയെ വ്യാപരിപ്പിക്കുകയാണു് എന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ മഹാപുരുഷന്മാർക്കു് ഇതു് അനുഭൂതിയാണു്; നിജസ്ഥിതിയാണു്. ശ്രീരാമകൃഷ്ണ ദേവനു് ഈ സ്ഥിതിയിൽ നിന്നു് താഴോട്ടു വരാനായിരുന്നു പ്രയാസം. അനുനിമിഷം മേലോട്ടുള്ള ഗതിയാവണം ജീവിതം. അതിനായിരിക്കണം വിദ്യാഭ്യാസം. വിദ്യാഭ്യാസവും ആദ്ധ്യാത്മികതയും ഇവിടെ ഒന്നായിത്തീരുന്നു. സർവാത്മബന്ധം സംഭവിക്കുന്നു.
രാജു:
ഇന്നതു് സാധിക്കുന്നില്ല, ജാതി, മതം, കക്ഷി തുടങ്ങി നിരവധി വിഭാഗീയതകൾ മനുഷ്യനെ തമ്മിലടുക്കുവാൻ അനുവദിക്കുന്നില്ല.
ഞാൻ:
പുതിയ ലോകത്തിൽ അതുണ്ടാവില്ല. ലോകത്തുള്ള സർവപ്രാർത്ഥനാലയങ്ങളും സർവർക്കും ഉള്ളതാകുമ്പോഴേ ‘സർവേശ്വരാ’ എന്നു് സംബോധന ചെയ്യുന്നതിലർത്ഥമുള്ളു എന്നു് എല്ലാവരും മനസ്സിലാക്കും.
നവ:
ലോകത്തുള്ള എല്ലാ ആരാധനാലയങ്ങളിലും ഒരേ ആചാരക്രമം ആയിരിക്കുമോ അന്നുണ്ടാവുക.
ഞാൻ:
അല്ല വ്യത്യസ്തമായിരിക്കും. എന്നാൽ വൈവിദ്ധ്യം ഭിന്നിപ്പിനു് കാരണമാകില്ല. വിഗ്രഹാരാധനയിൽ വിശ്വാസം ഇല്ലാത്തവരും ഉള്ളവരും ഒന്നിച്ചിരുന്നു് പ്രാർത്ഥന നടത്തും. വ്യത്യസ്തതകൾ പലതുണ്ടായിരിക്കെ ഐക്യം സാധിക്കുന്നിടത്താണു് ആനന്ദാനുഭൂതി ഉണ്ടാവുക. പ്രപഞ്ചത്തിനു് അനന്തമായ വ്യത്യസ്തതകൾ ഉള്ളതുകൊണ്ടല്ലേ ജീവിതം ഇത്ര സന്തോഷപ്രദമായിരിക്കുന്നതു്.
നവ:
നാം എത്തിച്ചേർന്ന ഈ വീക്ഷണഗതിയിലൂടെ നോക്കുമ്പോൾ ഇന്നുള്ള ആരാധനാലയങ്ങൾ ഒന്നും ഈശ്വരാഭിമുഖമല്ലെന്നു വരും. ലോകത്തു് ദേവാലയങ്ങൾ ഇല്ലെന്നു പറയേണ്ടിവരും.
ഞാൻ:
വിദ്യാലയങ്ങൾ പോലെ ദേവാലയങ്ങളും ഇന്നില്ലെന്നു് അംഗീകരിച്ചാലേ യഥാർത്ഥ വിദ്യാലയങ്ങൾക്കുവേണ്ടിയും ദേവാലയങ്ങൾക്കുവേണ്ടിയും നമുക്കു് ശ്രമിക്കാനാവൂ. ദേവാലയങ്ങളിൽ ഒരു മനുഷ്യനും പ്രവേശനം നിഷേധിച്ചുകൂടാ. ഒരു മതത്തിനും ഈ നിഷേധം ചേരില്ല. ഈശ്വരവിശ്വാസവും ഈശ്വരനിഷേധവും ഒന്നിച്ചുകൊണ്ടുപോകുവാൻ ശ്രമിക്കുകയാണു് നാമിന്നു്. ഇവ ഒന്നിച്ചുപോവില്ല. ഈശ്വരനിഷേധം ഇന്നു് ഈശ്വരവിശ്വാസികളുടെകൂടെയുണ്ടു് എന്നു പറയേണ്ടിവരും. അവരവർക്കേ താൻ വിശ്വാസിയാണോ നിഷേധിയാണോ എന്നു് നിശ്ചയിക്കാൻ കഴിയൂ. ക്ഷേത്രദർശനം, ജപം, ധ്യാനം, പൂജ, പുരാണപാരായണം, ഭജന, വ്രതാനുഷ്ഠാനം, ദാനം, ഇതെല്ലാം വിശ്വാസത്തിൽപെടും. ഇതെല്ലാം അനുഷ്ഠിച്ചാലും ഈശ്വരനിഷേധി ആയെന്നും വരും. ഈശ്വരനു് എല്ലാം സ്വന്തമാണു്. പ്രപഞ്ചത്തെയാകെ സ്വന്തമായി കാണാൻ പരിശ്രമിക്കുമ്പോൾ വ്യക്തി ഈശ്വരവിശ്വാസിയാവാൻ തുടങ്ങുന്നു. ഒരു മതത്തിലോ, ഗ്രന്ഥത്തിലോ, പ്രവാചകനിലോ, ദേശത്തിലോ, ചര്യയിലോ എവിടെയെങ്കിലും തടയപ്പെട്ടു് മറ്റുള്ളവയെ അന്യമായി കാണാനിടവരുന്നേടത്തു് ഈശ്വരൻ കൈവിട്ടുപോകും. ഈശ്വരവിശ്വാസം പിന്നേയും നിലനിന്നെന്നു വരും. ചാർജ് തീർന്ന ബാറ്ററിയുള്ള ടോർച്ചുപോലെ കൊണ്ടുനടക്കാം. ക്രമേണ ടോർച്ചിനെക്കൂടി അതു കേടാക്കുകയും ചെയ്യും.
നവ:
ആ കേടു് ഇന്നു് സംഭവിച്ചുകൊണ്ടിരിക്കുകയാണു്. വർഗീയലഹളകൾക്കെല്ലാം കാരണം ഈശ്വരൻ നഷ്ടപ്പെട്ട ഈശ്വരവിശ്വാസമാണു്. ഈശ്വരനിലല്ല; തങ്ങളുടെ ഗ്രൂപ്പുകളിലാണു് പലരും വിശ്വാസമർപ്പിച്ചിരിക്കുന്നതെന്നു് സൂക്ഷിച്ചുനോക്കിയാൽ കാണാൻ കഴിയും. തങ്ങളുടെ മതക്കാർ ന്യൂനപക്ഷമായിപ്പോയെങ്കിലോ എന്നാണു് ഭയം. ഭൂരിപക്ഷമതക്കാർ തങ്ങളെ നാമാവശേഷമാക്കിയേക്കാം. ഈശ്വരന്റെ പേരിൽ ഒരു ബലാബലപരീക്ഷയാണു് അപ്പോൾ നടക്കുക. അപ്പോഴാണു് ഭൂമിയിൽ ഇടം കിട്ടാത്തതുകൊണ്ടു് ഈശ്വരൻ അനന്തമായ ആകാശം സ്വസ്ഥാനമാക്കുന്നതു്! ഒരാരാധനാലയത്തിന്റെ പേരിൽ ഈശ്വരവിശ്വാസികൾ കലഹിക്കുമ്പോൾ അവിടെ ഈശ്വരന്റെ സ്ഥാനത്തു് പിശാചിനു് കയറിപ്പറ്റാൻ സന്ദർഭം കൊടുക്കുകയാണു്. വ്യക്തികളിലുള്ള ഈശ്വരാംശം മങ്ങിമങ്ങി അന്ധകാരാവൃതമാകുന്നൊരവസ്ഥയാണിന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതു്. നാസ്തികരല്ല, ആസ്തികരെന്നു കരുതപ്പെടുന്നവരാണു അറിയാതെ ഈ ദുഃസ്ഥിതി വരുത്തിവയ്ക്കുന്നതു്. എന്താണിതിനൊരു പരിഹാരം?
ഞാൻ:
മതന്യൂനപക്ഷസങ്കല്പമേ ഇല്ലാതാകണം. പുതിയ ലോകത്തിൽ ന്യൂനപക്ഷസമുദായം എന്നൊന്നുണ്ടായിരിക്കുകയില്ല. പുതിയ ലോകത്തിൽ ഈശ്വരൻ ഉണ്ടാകും. കേവല വിശ്വാസമല്ല, അനുഭവമായിരിക്കും ഈശ്വരസാന്നിദ്ധ്യം. പരസ്പരാനുകൂലതയിലൂടെ ആയിരിക്കും ഈശ്വരസാന്നിദ്ധ്യം ഓരോരുത്തർക്കും അനുഭവപ്പെടുക. ഒരു വ്യക്തി ലോകത്തു് എല്ലാവർക്കും വേണ്ടപ്പെട്ടവനാകുകയും, എല്ലാവരും തനിക്കു് വേണ്ടപ്പെട്ടവരാണെന്നു് വ്യക്തിക്കു് അനുഭവമാകുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വസ്ഥത ഈശ്വരാനുഭൂതിയല്ലേ? പുതിയ തലമുറയ്ക്കു് ആ സ്വസ്ഥത ലഭിക്കും, ശാന്തി കൈവരും.
പുതിയ ലോകത്തിൽ ആരോഗ്യം
ചോദ്യം:
നവലോകത്തിൽ ആരോഗ്യനില എങ്ങനെ ആയിരിക്കും?
ഉത്തരം:
സംഘർഷങ്ങളും പിരിമുറുക്കങ്ങളും കുറയുന്നതോടുകൂടി ശരീരത്തിലെ സൂക്ഷ്മ ഘടകങ്ങളായ സെല്ലുകൾക്കുള്ളിൽ സ്വസ്ഥത കൈവരും. ആയുസ്സും ആരോഗ്യവും വർദ്ധിക്കുന്നതിനു് മുഖ്യകാരണമായിത്തീരും ഈ അവസ്ഥ. സർവരുടേയും അഭ്യുദയം ഓരോരുത്തരുടേയും ജീവിത ലക്ഷ്യമാകുന്നതോടുകൂടി ആ ലക്ഷ്യത്തിലേക്കുള്ള പ്രവാഹമായിത്തീരും ഓരോ ജീവിതവും. അദ്ധ്വാനം ആനന്ദാനുഭൂതിയാകും. വിചാരം, പ്രവൃത്തി ഇവ രണ്ടും തമ്മിൽ അനുരഞ്ജനം വരുന്നതു് ആരോഗ്യരംഗത്തു് വളരെ ഗുണകരമായ പരിണാമങ്ങൾ ഉണ്ടാക്കും. ഇഷ്ടമില്ലാത്തതു് ചെയ്യേണ്ടി വരുന്ന ഗതികേടു് മാറും. മാനസികരംഗം ഇങ്ങനെ സ്വസ്ഥമാകുന്നതോടൊപ്പം തന്നെ ഭക്ഷണരംഗത്തും മാറ്റം വരും. പ്രകൃതി പാചകം ചെയ്തുതരുന്ന സാധനങ്ങൾ എല്ലാവരും കഴിച്ചുതുടങ്ങും. ലോകത്താകെ അടുക്കളപ്പണി കുറഞ്ഞുവരും. ലോകം പാചകശാലകൂടിയാണെന്നറിയും. പ്രകൃതി അടുക്കളക്കാരിയും. മാവു്, മാങ്ങ പാകമാക്കിത്തരും. മണ്ണും വെയിലും കൂടി പാചകശാലയുടെ ചുമതല ഏറ്റെടുക്കും. ആസ്ത്മ, ക്യാൻസർ, ക്ഷയം, ഭ്രാന്തു് തുടങ്ങിയ നിരവധി രോഗങ്ങൾ ഭൂമിയിൽ ഇല്ലാതാകും. ഒടിവു്, മുറിവു് തുടങ്ങിയ ആകസ്മിക സംഭവങ്ങൾക്കു് എവിടെയും ശുശ്രൂഷ കിട്ടും. ആരോഗ്യരംഗത്തു് നാടുതോറും ഗവേഷണങ്ങൾ നടക്കും. ആർക്കും പഠിക്കാം. ചികിത്സിക്കാം. ഡിഗ്രികൾ ഒന്നും വേണ്ട. ലൈസൻസും വേണ്ട. ഓരോരുത്തരുടേയും കണ്ടെത്തൽ മറ്റുള്ളവരെ അറിയിച്ചുകൊണ്ടിരിക്കും. ശരി എന്നുറപ്പുവന്നാൽ ലോകമാകെ അതു പ്രയോഗിക്കപ്പെടും. മത്സ്യമാംസങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരും. എന്നാൽ വേണ്ടവർക്കു് യാതൊരു തടസ്സവും ഉണ്ടായിരിക്കുകയില്ല. പ്രകൃത്യനുസരണമായ ജീവിതവും ഭക്ഷണവും മാനസിക സ്വസ്ഥതയും സാമൂഹ്യലക്ഷ്യബോധവും കൈവരിക്കുന്നതോടുകൂടി മനുഷ്യലോകം ആരോഗ്യത്തിന്റെ സുഖം അനുഭവിക്കാൻ തുടങ്ങും. ചരിത്രാരംഭത്തിനുശേഷം മനുഷ്യരാശിക്കു് ആരോഗ്യത്തിന്റെ സുഖം ഇത്രമാത്രം ഒരിക്കലും അനുഭവിക്കാൻ ഇടവന്നിട്ടുണ്ടാവില്ല. മറ്റു ജന്തുക്കളെപ്പോലെ മനുഷ്യരും രോഗമുക്തരാകും. രോഗങ്ങൾ വിധിയല്ല, കൃത്രിമമായിരുന്നുവെന്നു് അന്നു് ലോകം അറിയും. മറിച്ചു് ഇന്നത്തെ നില തുടരാനാണിടവരുന്നതെങ്കിൽ രണ്ടു് ആശുപത്രി പോക്കുകളുടെ ഇടയിലുള്ളതു മാത്രമാകും ജീവിതം. ആയുസ്സു് നീണ്ടെന്നുവരും; ഡോക്ടർ, ആശുപത്രി, മരുന്നുകൾ, പരിശോധനാ ഉപകരണങ്ങൾ ഇവ നാലും ആരോഗ്യത്തിന്റെ ഉപേക്ഷിക്കാനാവാത്ത ഘടകങ്ങളാണെന്നൊരു തെറ്റിദ്ധാരണ ഇന്നു പരക്കെ ഉണ്ടു്. ഓരോ നാട്ടിലും ഓരോ ആശുപത്രി വേണം. വീട്ടിൽ ഒരംഗം ഡോക്ടറായിരിക്കണം. കൈവശം ചില മരുന്നുകൾ കൊണ്ടുനടക്കണം. ഇതെല്ലാം ആധുനികതയുടെ പ്രൗഢി ആയി തീർന്നിട്ടുണ്ടു്. മനുഷ്യർ രോഗബാധിതരാകുന്നതുകൊണ്ടാണല്ലോ ഇതെല്ലാം വേണ്ടിവരുന്നതു്. രോഗങ്ങൾ മനുഷ്യർക്കു് ഉണ്ടായേ തീരൂ എന്നുണ്ടോ? 120 വയസ്സുവരെ ജീവിതം ലഭിച്ചാൽ അതിൽ ഒരു ദിവസം പോലും മനുഷ്യൻ രോഗബാധിതനാവണം എന്നില്ല. രോഗം ഒഴിവാക്കാവുന്നതാണു്. എന്നാൽ ഭേദപ്പെടുത്തേണ്ടവയാണെന്നേ നാം കരുതിപ്പോരാറുള്ളു. അതു ശരിയല്ല. മരണത്തിനുപോലും രോഗം വേണമെന്നില്ല. ഇന്നു് രോഗം കൂടാത്തൊരു ജീവിതം മനുഷ്യനു് സങ്കല്പിക്കാനാവാതായിരിക്കുന്നു. മനുഷ്യന്റെ ശരീര നിർമിതി സ്വസ്ഥതയുടെ അടിസ്ഥാനത്തിലാണു്. രോഗാടിസ്ഥാനത്തിലല്ല കാണേണ്ടതു്. ആരോഗ്യമായി ജീവിക്കുവാൻ ഇന്നത്തെ വ്യവസ്ഥിതിയിൽ സാദ്ധ്യമല്ലെന്നു സമ്മതിക്കുന്നു. എന്നാൽ ഒരിക്കലും സാദ്ധ്യമല്ലെന്നു കരുതിക്കൂടാ. പുതിയ ലോകത്തിൽ മനുഷ്യൻ അതു സാധിക്കും. എന്തുകൊണ്ടു്? എല്ലാവർക്കും സ്വതന്ത്രമായ ദേഹാദ്ധ്വാനത്തിനവസരം കിട്ടുന്നു. മറ്റുള്ളവരുടെ സ്വസ്ഥത ഓരോരുത്തരും ആഗ്രഹിക്കുന്നു. യുദ്ധവും പട്ടിണിയും ഇല്ലാതാകുന്നു. ശരീരവും മനസ്സും സാഹചര്യവും സ്വസ്ഥതയിൽ വരുന്നു. ലോകത്തിനാകെ താൻ ആവശ്യമാണെന്നു് ഓരോരുത്തരും അറിയുന്നു. ഇതോടെ ആരോഗ്യം സഹജാവസ്ഥയാകും.
പുതിയ ലോകത്തിൽ ലഹരി
ചോദ്യം:
ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തൻ സമൂഹത്തിൽ ഉണ്ടായിരിക്കുമോ?
ഉത്തരം:
കാണുകയില്ല. ലഹരി ഉപയോഗിക്കുന്നതിന്റെ സാഹചര്യമേ ഇല്ലാതായിപ്പോകും. അത്തരം തൊഴിലുകളിൽ ഏർപ്പെടാൻ ആരും തയ്യാറാവുകയില്ല. അതിന്റെ ആവശ്യം വരില്ല. മനുഷ്യർ പരസ്പരാദരവോടെ ജീവിക്കുന്ന ഒരു കാലം വന്നാൽ എല്ലാവർക്കും സമൂഹത്തിൽ മാന്യത ലഭിക്കും. തനിക്കു് സമൂഹത്തിൽ അർഹമായ സ്ഥാനം ഉണ്ടായിരിക്കുകയും മറ്റുള്ളവരുടെ സ്ഥാനം നിലനിർത്തുന്നതിൽ തനിക്കു് പങ്കുണ്ടെന്നറിയുകയും ചെയ്യുന്ന സാഹചര്യത്തിൽ മയക്കുമരുന്നുകൾ മനുഷ്യനാവശ്യമായി വരില്ല. മദ്യം, കറുപ്പു്, കഞ്ചാവു് തുടങ്ങിയ ലഹരിവസ്തുക്കൾ, മനുഷ്യർ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇതു് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്നു് ഇവ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാം. വൈപ്പിൻകരക്കാർക്കു് ഇനി മദ്യത്തിന്റെ വിപത്തു് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തിൽനിന്നു് കഷ്ടിച്ചു് രക്ഷപ്പെട്ടവർപോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയിൽ ജീവിതം തുടങ്ങിയ നാൾമുതൽ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാൻ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ടു് ഇതേപ്പറ്റി പറയുവാൻ എനിക്കുള്ള അർഹത കുറയുമെന്നു് ഞാൻ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്കു് ഇവ ഞാൻ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ടു് ഞാൻ ആദരിക്കുന്നു. ഇവയെല്ലാം ഉത്തേജകവസ്തുക്കളാണു്. തുടങ്ങിക്കഴിഞ്ഞാൽ നിറുത്താൻ പ്രയാസം തന്നെ. തുടങ്ങുന്നതെന്തുകൊണ്ടു്? മനസ്സിനു് സാധാരണയിൽ കവിഞ്ഞ ഉത്തേജനം വേണ്ട ചില സന്ദർഭങ്ങൾ വരും. ഇഷ്ടപ്പെടാത്ത ജോലി, ചെറുത്തുനിൽക്കേണ്ട സന്ദർഭങ്ങൾ, അമിതജോലി, വർദ്ധിച്ച ആഹ്ലാദം വേണ്ട വേദികൾ, ക്രൂരകൃത്യങ്ങൾ ചെയ്യേണ്ട ആവശ്യം ഇതൊക്കെ വരും. മദ്യത്തിൽ വളരെ താത്പര്യമുള്ള ഒരു സുഹൃത്തിനോടു് എന്തേ ഇതിൽ ഇത്ര ആസക്തി എന്നു് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞു. ലൈംഗിക ഉത്തേജനം ലഭിക്കാനും കൂടുതൽ സമയം ലൈംഗീകവേഴ്ചയിൽ ഏർപ്പെടാനും അദ്ദേഹത്തിനു് മദ്യം ആവശ്യമാണു്. ഒന്നിനൊന്നു് അദ്ദേഹം വികൃതനായിത്തീർന്നുകൊണ്ടിരുന്നു. ഒടുവിൽ അതു് ഉപേക്ഷിച്ചു സ്വസ്ഥനായി മരിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. അപകർഷതാബോധം ഉള്ള ചിലർ മദ്യം കഴിച്ചും പുകവലിച്ചുവിട്ടും തന്റെ വലിപ്പം കാണിക്കാൻ ബദ്ധപ്പെടുന്നു. ക്രൂരകൃത്യം ചെയ്യേണ്ടിവരുമ്പോൾ മദ്യം ചിലർക്കു് ആവശ്യമായി തീരുന്നു. അയൽക്കാരെ രണ്ടു ചീത്ത പറയേണ്ടി വരുമ്പോൾ ഒന്നു് തയ്യാറെടുക്കുന്നു. രണ്ടുനാലു സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചു് കൊണ്ടുപോകേണ്ടിവരുന്നതു് ചിലർ ഒരു മേന്മയായി കരുതുന്നു. അങ്ങനെയുള്ളവരെക്കൊണ്ടു് ആകൃഷ്ടരായിത്തീരുന്നവരുണ്ടു്. കമ്പനി ചേരുമ്പോൾ കൂട്ടത്തിൽ മോശക്കാരനായി തീരാതിരിക്കുവാനാണു് ചിലർ തുടങ്ങുന്നതു്. കിട്ടാനുണ്ടു് എന്നുള്ളതുകൊണ്ടു് ഒന്നു രുചിച്ചുനോക്കാം എന്നുകരുതി തുടങ്ങുന്നവരുണ്ടു്. അല്പം രഹസ്യമായ കാര്യമായതുകൊണ്ടു് അതൊന്നറിയണം എന്ന താത്പര്യമുണ്ടായി ചിലർ തുടങ്ങുന്നു. താൻ അസാധാരണനാണു് എന്നു വരുത്തിത്തീർക്കാൻ സാമാന്യമര്യാദകളെയെല്ലാം ലംഘിക്കുകയാണു് വേണ്ടതു് എന്ന തോന്നലുകൊണ്ടു് ചിലർ ലഹരി ഉപയോഗിച്ചു്, തലയും, താടിയും, നീട്ടി, പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി, എന്തിനും അതീതമായ ഉത്തരം പറഞ്ഞു്, ഔന്നത്യം കാട്ടാറുണ്ടു്. കലയുടെ വികൃതമായ സ്വാധീനത്തിൽപെട്ടാണു് യുവാക്കൾ പലരും വീണുപോകുന്നതു്. ജീവിതത്തെ ആകെ വെറുക്കുമ്പോൾ ലഹരിയിൽ ആശ്രയം തേടുന്നവരുണ്ടു്. കുടുംബത്തിൽ അസ്വസ്ഥത വർദ്ധിച്ചു് സംഘർഷം സദാ മുറ്റിവരുമ്പോൾ ഒരയവുകിട്ടാൻ ഇതൊന്നു നോക്കിയാലോ എന്നു് ചിലർ കരുതി വീണുപോകുന്നു. അവിഹിതമായ മാർഗത്തിൽ പണം ധാരാളം കൈയിൽ വരുമ്പോൾ ചിലർ ചിലവുചെയ്യുവാൻ കൂടിയ ലഹരിയുടെ വഴി കണ്ടെത്തും. എന്തും പറയുവാനും, എന്തും ചെയ്യുവാനും ഒരു ലൈസൻസായി ലഹരിയെ കരുതുന്നു ചിലർ. വികൃതമായ ശവങ്ങൾ മറവുചെയ്യുക, സാധാരണക്കാർക്കു് ആവാത്ത കാര്യങ്ങൾ ചെയ്യുക, ഇതിനൊക്കെ മദ്യം കഴിക്കുന്നവർവേണം എന്നൊരു ധാരണ പരക്കെ ഉണ്ടു്. തണുപ്പിൽ നിന്നു് രക്ഷ നേടാനാണു് ചിലർ കഴിക്കുന്നതെന്നു പറയുന്നു. ചില വിശേഷാൽ പൂജകൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ ഇതിനൊക്കെ ലഹരി കഴിക്കൽ ഒരു ചടങ്ങായി തീർന്നിട്ടുണ്ടു്. അമിതലാഭമുണ്ടാക്കാവുന്ന വ്യാപാരമായതുകൊണ്ടു് ബിസിനസ്സുകാർ ലഹരിയുടെ രംഗത്തു് ധാരാളമായി വരുന്നു. ഉന്നതതലയോഗങ്ങളിൽ അവർ മദ്യത്തെ അലങ്കരിച്ച പാത്രങ്ങളിലാക്കി പ്രതിഷ്ഠിച്ചു് കാര്യം നേടുന്നു. കലാസാഹിത്യ രംഗങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വളരെ പ്രസക്തമാണെന്നു് ചിലർ വരുത്തിക്കൂട്ടുന്നു. വാത്മീകിയും, എഴുത്തച്ഛനും, നമ്പ്യാരുമെല്ലാം മദ്യപിച്ചിരുന്നുവെന്നവർ പറഞ്ഞു പരത്തുന്നു. ലഹരിവസ്തുക്കൾ ഇത്രമാത്രം പ്രചരിച്ചുവരുന്നതിന്റെ അടിസ്ഥാന കാരണം സമൂഹജീവിതത്തിന്റെ അഭാവമാണെന്നാണു് എന്റെ നിഗമനം. മനുഷ്യനു് സാമൂഹ്യബന്ധം കിട്ടാതെ ഒറ്റപ്പെടേണ്ടിവരുന്തോറും അവൻ പരസ്പരം അകലും. അതുവഴിയാണു് ലഹരി മുഖ്യമായും ജീവിതത്തിലേക്കു് കടന്നു് സ്വാധീനം ഉറപ്പിക്കുന്നതു്. ഭൂമിയിൽ മനുഷ്യർ പരസ്പരം ചേർന്നു് മനസ്സടുപ്പത്തിൽ വന്നു് സന്തോഷമായി ജീവിക്കാൻ തുടങ്ങിയാൽ അഭൂതപൂർവമായ ഒരു പുതിയ ആനന്ദാനുഭൂതി ഓരോരുത്തർക്കും കൈവരും. അതോടെ കൃത്രിമമായ ഉത്തേജനങ്ങൾ ഒന്നും വേണ്ടെന്നാകും. ലാഭത്തിനുവേണ്ടിയുള്ള ബിസിനസ്സുകൾക്കും സ്ഥാനമില്ലാതാകും. പരസ്പര സ്നേഹാദരങ്ങളുടെ ആ ലോകത്തു് ലഹരികൾ ഒന്നും നിലനില്ക്കാനിടയില്ല. അഥവാ അവശേഷിക്കുന്നെങ്കിൽ അതിന്റെ സാഹചര്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കും. കൃത്രിമമായിരിക്കുകയില്ല, രഹസ്യമായിരിക്കുകയില്ല.
ആഡംബരാസക്തി
ചോദ്യം:
ആഡംബരജീവിതത്തിലുള്ള ആസക്തി അന്നും നിലനിൽക്കില്ലെ?
ഉത്തരം:
ഓരോരുത്തരും സ്വന്തം തലമുറയേയും വരും തലമുറകളെയും പ്രകൃതിയെ ആകെയും പരിഗണിച്ചു് സ്വന്തം ജീവിതത്തിനു് രൂപം നൽകുവാൻ ശ്രമിക്കുമ്പോൾ ലളിതജീവിതം താനേ കൈവരും. പുതിയ സൗന്ദര്യബോധം ഉണ്ടാവാം. ഇന്നു് ഒരാൾ സ്വയം വിവിധ തരം വസ്ത്രങ്ങൾ മാറിമാറി തൂക്കിയിടാനുള്ള കുറ്റിയായി സ്വന്തം ശരീരത്തെ വിട്ടുകൊടുത്തു് അനാവശ്യമായ ഭാരം ചുമക്കുന്നതെന്തുകൊണ്ടു്? തരത്തിൽ ചേരാൻവേണ്ടിയല്ലെ. കൂട്ടത്തിൽ പിൻതള്ളപ്പെട്ടുപോകാൻ ഇഷ്ടപ്പെടുന്നില്ലെന്നതു് ഒരു കുറ്റമാകുമോ? വീടു്, വസ്ത്രം, ആഭരണം, വാഹനം, വീട്ടുപകരണങ്ങൾ ഇതെല്ലാം ജീവിതത്തിനു് ഭാരമായി തീരത്തക്കവണ്ണം മനുഷ്യർ ഏറ്റെടുത്തു പോകുന്നതു് ഗത്യന്തരമില്ലാതെ വരുന്നതുകൊണ്ടാണു്. പുതിയ ലോകത്തിൽ ഈ ഗതികേടു് മാറും. സദാ താൻ മറ്റുള്ളവരോടൊപ്പമുണ്ടു്. തന്റെ കൂടെ മറ്റുള്ളവരും എപ്പോഴുമുണ്ടു്. സാഹചര്യം ഇപ്രകാരം അനുകൂലമാകുമ്പോൾ കൃത്രിമമായ ആർഭാടങ്ങൾ എല്ലാം ഒഴിവായിപ്പോകും എന്നാണെനിക്കു തോന്നുന്നതു്.
ലൈംഗികാസക്തി
ചോദ്യം:
അന്നു് മനുഷ്യന്റെ ലൈംഗികവാസന ഇന്നത്തേതിൽ നിന്നു് വ്യത്യസ്തമായിരിക്കുമോ? എങ്ങനെയായിരിക്കും അന്നത്തെ വൈവാഹികബന്ധങ്ങൾ?
ഉത്തരം:
മനുഷ്യമനസ്സിലും സാഹചര്യത്തിലും വരുന്ന മാറ്റത്തിനനുസരിച്ചു് എല്ലാ രംഗങ്ങളിലും ഉയർച്ച ഉണ്ടാവുന്ന കൂട്ടത്തിൽ ലൈംഗികതലത്തിലും ഉയർച്ച ഉണ്ടാവാതെ വരില്ല. എന്നാൽ ജന്തുസഹജമായ സംഭോഗാസക്തി എന്നും നിലനില്ക്കും എന്നാണെന്റെ വിചാരം. സ്ത്രീപുരുഷ ബന്ധത്തിലും അല്ലാതെയും നാനാതരത്തിൽ അതു് പ്രകടമായെന്നുവരും. ഏക ദാമ്പത്യം മനുഷ്യജീവിതത്തിൽ ഒരിക്കലും പൂർണമായി എന്നു വരികയില്ല. എന്നാൽ ഉപജീവനത്തിനുവേണ്ടി ആർക്കും ലൈംഗികബന്ധത്തിനു വഴങ്ങേണ്ടിവരികയില്ല. ബലാത്സംഗങ്ങൾക്കും സാഹചര്യം കുറഞ്ഞെന്നു വരും. കാരണം തന്റെ നേരെ അഹിതമായ ഒരു സമീപനം മറ്റൊരാളിൽനിന്നുണ്ടായാൽ തന്റെ അനിഷ്ടം വ്യക്തമാക്കിക്കൊടുക്കാൻ അപരനു് അവസരമുണ്ടാകും. സ്ത്രീപുരുഷന്മാർക്കു തമ്മിൽ അത്ര അടുത്തു് തുറന്നു് ഇടപെടാൻ കഴിയും. ഇന്നത്തേക്കാൾ തുറന്ന ജീവിതമാകുമെന്നതിനാൽ ബലാത്സംഗത്തിന്റെ സൂചനകളെ എല്ലാവരും നിരുത്സാഹപ്പെടുത്തും. എന്നാൽ ആരിലും ഈദൃശമായ തോന്നലുകൾ ഉണ്ടാവില്ല എന്നു പറയാൻ സാദ്ധ്യമല്ല. ലൈംഗികാകർഷണങ്ങൾക്കു് പതിത്വം കല്പിക്കാത്ത ഒരു സാമൂഹിക മാനസികാവസ്ഥയായിരിക്കും അന്നുള്ളതു്. മനുഷ്യനു് ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നതിനുള്ള ജന്മസിദ്ധമായ അവകാശത്തെ സമൂഹം അംഗീകരിക്കും.
ചോദ്യം:
ഒരു നിയന്ത്രണവും കാണുകില്ല എന്നാണോ ഉദ്ദേശിക്കുന്നതു?
ഉത്തരം:
അന്നത്തെ സമൂഹത്തിനു് ആ സംഗതി വിടുകയാണുത്തമം എന്നെനിക്കു് തോന്നുന്നു. ഓരോരുത്തരും ആവശ്യമുള്ളത്ര സ്വയം നിയന്ത്രണം ഉള്ളവരാകും. ഇണകളുടെ ആനന്ദം ആരും നിന്ദ്യമായി കരുതുകില്ല. ജീവികൾക്കു് പ്രകൃതിദത്തമായ ആനന്ദാനുഭൂതിയാണു് ലൈംഗികത. അതു നിലനില്ക്കും.
പുതിയ സമൂഹത്തിൽ വ്യക്തി ഉദാസീനനാവാൻ ഇടയാവില്ലേ?
ചോദ്യം:
ലോകത്തിലെവിടെയും എന്തുണ്ടോ അതു് തനിക്കും കിട്ടും എന്നു വന്നാൽ മനുഷ്യൻ ഉദാസീനനാവാനിടയാവില്ലേ? എന്തിനു് കഠിനപ്രയത്നം ചെയ്യണം?
ഉത്തരം:
ഇതു് പ്രധാനമായ ഒരു വിഷയമാണു്. പത്തുവീടു് ഒരു തറ എന്നതു് മനുഷ്യരാശിയുടെ ആറാമത്തെ ഇന്ദ്രിയമാണു്. ആ ഇന്ദ്രിയം എല്ലാം കാണും കേൾക്കും, പ്രേരണ നൽകും. പരാർത്ഥതാവസ്ഥയിലേക്കു് മനുഷ്യനു് നിരന്തരം പ്രേരണനൽകുന്ന നേരായ ഉറവകളായിരിക്കും, ലോകമാകെ അന്നു് ഉണ്ടായിക്കഴിഞ്ഞിട്ടുള്ള തറക്കൂട്ടങ്ങൾ. വ്യക്തിക്കു് നിരന്തരമായ സമൂഹപ്രേരണ, തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം എന്നീ ത്രിവിധ യോജനകളിൽനിന്നു് ലഭിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും വറ്റാത്ത ഈ പ്രചോദന ശ്രോതസ്സുകൾ മനുഷ്യനെ അലസനായിരിക്കാൻ സമ്മതിക്കില്ല. ഓരോ വ്യക്തിയും അംഗീകരിക്കപ്പെടാനാഗ്രഹിക്കുന്നു. അദ്ധ്വാനത്തിലാണംഗീകാരം എന്നുവരുമ്പോൾ ലോകത്തിനുവേണ്ടി പരമാവധി അദ്ധ്വാനിക്കുവാൻ ഓരോരുത്തരും തയ്യാറാകും.
കേശു:
കഠിനജോലികൾക്കു് കൂടുതലാളുകൾ മുന്നോട്ടു വരുമെന്നാണെനിക്കു തോന്നുന്നതു്. അതായിരിക്കും അന്നത്തെ സാഹചര്യം.
നവ:
താൻ മറ്റുള്ളവർക്കു് എത്രമാത്രം പ്രയോജനപ്പെടാമോ അത്രമാത്രം പ്രയോജനപ്പെടണമെന്നായിരിക്കും ഓരോരുത്തരും അന്നു വിചാരിക്കുക. അത്തരമൊരു സമൂഹത്തിൽ ആലസ്യത്തിനു് സ്ഥാനമുണ്ടാവാനിടയില്ല. ഓരോരുത്തർക്കും ആർജിക്കാനും ത്യജിക്കാനും അവസരമുണ്ടായിരിക്കും. അതു് ഉത്സാഹം വർദ്ധിപ്പിക്കും.
സ്വത്തുടമ പുതിയ ലോകത്തിൽ
ചോദ്യം:
പുതിയ സമൂഹത്തിൽ സ്വത്തുടമാസമ്പ്രദായം ഏതു തരത്തിലുള്ളതായിരിക്കും?
ഉത്തരം:
സ്വകാര്യ ഉടമ, സർക്കാർ ഉടമ ഇതുരണ്ടും ഉണ്ടായിരിക്കുക ഇല്ല.
രാജു:
പൊതു ഉടമ വേണ്ടിവരില്ലേ?
നവ:
ഒരിക്കൽ ദർശനത്തിൽ വ്യക്തി ഉടമ എന്നൊരു പ്രയോഗം വന്നതു് ഞാനോർക്കുന്നു.
ഞാൻ:
അതെ. അതാണെന്റെ ചിന്തയിൽ ഉയർന്നുനില്ക്കുന്ന ഉടമാ സങ്കല്പം. അതു വ്യക്തമാക്കാം. ഞാനെന്നും, എന്റേതെന്നും രണ്ടുഭാവങ്ങൾ ജീവനു് ഉണ്ടു്. എല്ലാ ജീവികളിലും ഇതു കാണാം. എല്ലാം വ്യത്യസ്തമായി ഭവിച്ചിരിക്കുന്നതിന്റെ അടിസ്ഥാനപരമായ ഒരു കാരണം ഇതാണെന്നെനിക്കു തോന്നാറുണ്ടു്. ഞാൻ പ്രപഞ്ചത്തിലെ മറ്റെല്ലാറ്റിലും നിന്നും വ്യത്യസ്തനാണെന്നു് ഞാൻ കരുതുന്നു. എന്നോളം പ്രാധാന്യം മറ്റൊന്നിനും കല്പിക്കുവാൻ എനിക്കു സാദ്ധ്യമല്ല. ഇങ്ങനെ ഓരോരുത്തരും കരുതുന്നതുകൊണ്ടാണു് പ്രകൃതിയിൽ നാനാത്വവും സൗന്ദര്യവും ശക്തിയുമെല്ലാം ഇത്രമാത്രം വൈവിദ്ധ്യത്തോടെ ഉണ്ടായിരിക്കുന്നതു്. ഓരോന്നും, ഓരോ നിമിഷവും, തന്നെ ആവിഷ്കരിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണു്. സ്വത്വത്തിന്റെ നിരന്തരമായ ആവിഷ്കാരമാണു് ജീവിതം. അതുതന്നെയാവാം ചലനത്തിന്റെ മൂലശക്തി. എനിക്കു് താത്വികമായി ഇതേപ്പറ്റി പറയുവാൻ കഴിവില്ല. തോന്നലുകൾ മാത്രമാണു് ഞാൻ പറയുന്നതു്. സർവാബദ്ധമായി കൂടായ്കയില്ല. എങ്കിലും എനിക്കു തോന്നുന്നതു് ഞാൻ പറയട്ടെ. ഞാനെന്നും എന്റേതെന്നുമുള്ള ഈ ഭാവങ്ങളെ തളർത്താൻ ശ്രമിച്ചാൽ ജീവന്റെ സ്ഫുരണം വികൃതമായേക്കാനിടയുണ്ടു്. ഒരിക്കൽ ഞാൻ റ്റി. ഡി. മെഡിക്കൽ കോളേജിലെ ഒരു പ്രദർശനത്തോടനുബന്ധിച്ചു് ഒരു ഫിലിം കാണുകയുണ്ടായി. പുരുഷബീജം, സ്ത്രീയുടെ ഗർഭാശയത്തിൽ കടന്നു് അണ്ഡവുമായി ചേരുന്നതു മുതൽ ബാലനാകുന്നതുവരെ സജീവമായി അതിൽ കാണിച്ചിരുന്നു. ഒരു ബിന്ദു ഇരട്ടിക്കുന്നതും അതു സൂക്ഷ്മമായി ഒരു മാംസപിണ്ഡമാകുന്നതും അതിനു് കണ്ണും കാതും ഉണ്ടാകുന്നതും കൈകാലുകൾ സ്ഫുടിക്കുന്നതും ഒക്കെ നമുക്കതിൽ കാണാം. അതു കണ്ടപ്പോൾ ഈ മാംസപിണ്ഡത്തിൽ എന്തുകൊണ്ടു് കണ്ണും കാതും ഉണ്ടായി വന്നു എന്നു ഞാൻ ചിന്തിച്ചു. എനിക്കു തോന്നി ജീവന്റെ ഇച്ഛാശക്തിയുടെ പ്രകടനഫലമാണിതെല്ലാം എന്നു്. സമസ്തചലനങ്ങളുടേയും പിന്നിൽ ഇച്ഛാശക്തി പ്രവർത്തിക്കുന്നുണ്ടു്. അതുകൊണ്ടു് ഞാൻ എന്ന വ്യക്തി ഒരിച്ഛാശക്തിയാണെന്ന യാഥാർത്ഥ്യത്തെ നമുക്കംഗീകരിക്കുക. ഇച്ഛാശക്തിയുടെ ആവിഷ്കാരമാണു് രൂപം. ആവിഷ്കാരങ്ങൾ എല്ലാം ഇച്ഛാശക്തി അനുസരിച്ചായിരിക്കണം. മറ്റൊരാളുടെ ഇച്ഛക്കനുസരിച്ചു എന്നിൽ ആവിഷ്കാരം ഉണ്ടാകണമെന്ന മോഹം പ്രകൃതിവിരുദ്ധമാണു്. ഞാനെന്തിനാണു് ഉണ്ടായിരിക്കുന്നതു് എന്നു ചിന്തിക്കുവാൻ കഴിയുന്ന ഒരേയൊരു ജീവിയാണു് മനുഷ്യൻ. ഞാൻ പ്രത്യേക വ്യക്തിത്വങ്ങളോടുകൂടി ഉണ്ടായിരിക്കുന്നതു് ആകെ പ്രപഞ്ചത്തോടു ചേർന്നു് ആനന്ദം അനുഭവിക്കാനാണു്. ചേർച്ചയിലെ ആനന്ദത്തിനു് അതിനുമുമ്പുള്ള അകലം ആവശ്യമാണു്. പ്രത്യേകതകളുണ്ടായിരിക്കെ ഓരോന്നിനോടുമുള്ള ബന്ധം സാക്ഷാത്കരിക്കാൻ കഴിയുന്നതിനനുസരിച്ചു് ആനന്ദാനുഭൂതിയും വർദ്ധിച്ചുവരും. ഈ വീടു് എന്റേതാണു് എന്ന ബോധം പുതിയ സമൂഹത്തിൽ നശിക്കുന്നില്ല. ഈ വീടു് എന്റേതാണു്. എല്ലാവരും എനിക്കുള്ളവരായതുകൊണ്ടു് ആരു് ഇവിടെ വരുന്നതും എനിക്കു സന്തോഷമാണു്. ഈ 45 സെന്റുസ്ഥലം എന്റേതാണു്. എന്റെ അച്ഛൻ തന്നതാണു്. ഈ ഭൂമിയിൽ എന്റെ കൂടെ അദ്ധ്വാനിക്കാൻ ആർക്കും വരാം. എന്റെ തൊട്ടടുത്ത കുമ്മൻകോട്ടു പറമ്പു് പാലത്തിട്ട വകയാണു്. അവിടെ അവരോടൊപ്പം പണി ചെയ്യുവാൻ എനിക്കും അവസരം ഉണ്ടാകും. എന്റെ പറമ്പിലുണ്ടായിട്ടുള്ള വിളകൾ എല്ലാം എനിക്കുള്ളതാണു്. കുമ്മൻകോട്ടു പറമ്പിലുണ്ടാകുന്നതെല്ലാം പാലത്തിട്ടക്കാർക്കുള്ളതാണു്. ഞാൻ എന്റെ വിളകൾ മറ്റുള്ളവർക്കു കൊടുക്കുന്നു. മറ്റുള്ളവർ എനിക്കാവശ്യം പോരാത്തതു് തരികയും ചെയ്യുന്നു. ഞാൻ മറ്റുള്ളവർക്കു കൊടുക്കുന്നതു് ഇവിടെ അവർകൂടി പണിചെയ്തതുകൊണ്ടല്ല; അവർ എനിക്കു് വേണ്ടപ്പെട്ടവരായതുകൊണ്ടാണു്. പൊതു ഉടമയിൽ ഉണ്ടാക്കിയ വിളവു് അവകാശപ്പെട്ടവർക്കു് കൊടുക്കുന്നതിലെ ശുഷ്കമായ കണക്കല്ല ഇവിടെ പ്രസക്തം. എനിക്കു് യഥേഷ്ടം ഉപയോഗിക്കാവുന്ന വിളകൾ ഞാൻ എന്റെ ഇഷ്ടപ്രകാരം മറ്റുള്ളവർക്കു് കൊടുക്കുന്നു. ഇവിടെയാണു് വ്യക്തിവികാസം സംഭവിക്കുക. വ്യക്തിബന്ധം ഉറയ്ക്കുക. കൊടുക്കുന്നവനും വാങ്ങുന്നവനും സന്തോഷമുണ്ടാവുക അതു് സ്വന്തം ഇച്ഛക്കനുസരിച്ചു് ആകുമ്പോഴാണു്. ഇച്ഛാശക്തി ഇവിടെ തളരുന്നില്ല; വളരുന്നു. പൊതു ഉടമാ സമ്പ്രദായമാണല്ലോ ഇന്നു് കൂടുതൽ കാര്യമായി കരുതപ്പെടുന്നതു്. നമ്മുടെ ആറുപേരുടേയും സമ്പത്തു് ഒന്നിച്ചു കൊണ്ടുവന്നിട്ടു് നമുക്കാറുപേർക്കും ജോലി തരുന്ന ഒരേജൻസി ഉണ്ടാകണമെന്നു് നാം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണു്. നാം നേരിട്ടു് അതിനു് തയ്യാറല്ലെന്നതുകൊണ്ടല്ലേ. സമ്പത്തിന്റെ ദേശസാത്കരണം ആവശ്യമായി വരുന്നതു വ്യക്തികൾ അന്യോന്യം വേണ്ടപോലെ പെരുമാറുകില്ല എന്ന നിഗമനത്തിലാണു്. പൊതുഉടമ വേണമെന്നു തോന്നുന്നതു് സ്വകാര്യ ഉടമാ സമ്പ്രദായത്തിലുള്ള ദോഷം കൊണ്ടാണു്. സ്വകാര്യ ഉടമ എന്നാൽ മറ്റെല്ലാവരും എനിക്കന്യരാണു് എന്ന ബോധമാണു്. എനിക്കു വേണ്ടതു് ഞാനാർജിച്ചേ തീരൂ. ലോകത്തു് മറ്റാരും എന്റെ കുടുംബത്തെ ശ്രദ്ധിക്കാനില്ല. ഈ ബോധമാണു് സ്വകാര്യ ഉടമാ സമ്പ്രദായത്തിന്റെ അടിത്തറ. ഈ ബോധമാണു് ധനിക ദരിദ്ര ഭേദം ഉണ്ടാക്കുന്നതു്.
രാജു:
ഒറ്റപ്പെടലിന്റെ അടിസ്ഥാനമാണു് നാം കണ്ടെത്തുന്നതു്. തുരുത്തുതുരുത്തായി അകന്നകന്നു് ജീവിക്കേണ്ടിവരുന്നതു്. മറ്റുള്ളവരെ വേണ്ടപ്പെട്ടവരായി കരുതി ജീവിക്കാനുള്ള ബോധവും സാഹചര്യവും വളർത്തുന്നതിനുപകരം മറ്റുള്ളവരിൽ നിന്നു് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ഭരണകൂടങ്ങൾ നാം ഉണ്ടാക്കി വച്ചതുകൊണ്ടല്ലേ.
നവൻ:
വിദ്യാഭ്യാസവും അതേ ചാലിലായിപ്പോയി. ഒറ്റയ്ക്കൊറ്റയ്ക്കു് ജീവിക്കാനുള്ള മാർഗം ഓരോരുത്തർക്കും തെളിയിച്ചുകൊടുക്കുകയാണു് വിദ്യാഭ്യാസം എന്നു വന്നു.
മിനി:
ഈയിടെയായി നാണയത്തിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള ഒരു ചർച്ചയിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. ഒറ്റയ്ക്കു് ആർജിക്കാനും രക്ഷിക്കാനും വേണ്ടി കണ്ടെത്തിയ ഒരേർപ്പാടാണീ നാണയം. നോട്ടായപ്പോൾ സൗകര്യംകൂടി. ചെക്കു് അതിനേക്കാൾ വ്യക്തിക്കു് ഒതുക്കി കൈകാര്യം ചെയ്യാം. ഒറ്റയ്ക്കുള്ള ആർജനത്തിന്റേയും വിനിമയത്തിന്റെയും സൂക്ഷിപ്പിന്റെയും വഴികൾ ഇന്നു് ഏറെ ഏറെ തെളിച്ചുകൊണ്ടുവരികയാണു് സാമ്പത്തികശാസ്ത്രം! എത്ര കഷ്ടമായ ദിശയിലേക്കാണു് സാമ്പത്തിക തത്വശാസ്ത്രം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതു്.
കബീർ:
ഞങ്ങൾ ആലപ്പുഴവച്ചു ചോദ്യം എഴുതിയപ്പോൾ ഉടമാസമ്പ്രദായത്തെപ്പറ്റി ചർച്ച ചെയ്യുകയുണ്ടായി. സാമൂഹ്യ ഉടമയോടാണു് എല്ലാവർക്കും അപ്പോൾ യോജിപ്പു തോന്നിയതു്.
ഞാൻ:
വ്യക്തി ഉടമാസമ്പ്രദായത്തെപ്പറ്റി നിങ്ങൾ ചിന്തിച്ചിരുന്നുവോ?
കബീർ:
ഇല്ല. ആ ആശയം ഞാനിപ്പോൾ ആദ്യമാണു് ശ്രദ്ധിക്കുന്നതു്.
രാജു:
ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സിദ്ധാന്തത്തോടു് ഇതു് ബന്ധപ്പെട്ടിരിക്കുന്നുവെന്നു് എനിക്കു തോന്നുന്നുണ്ടു്.
ഞാൻ:
ഖനികൾ, വനങ്ങൾ തുടങ്ങി വ്യക്തിയുടെ സ്വാധീനവലയത്തിലും സങ്കല്പത്തിലും ഒതുങ്ങാത്ത പലതും സാമൂഹ്യ ഉടമയിൽ വരും. ഇവിടെ ഓർമിക്കേണ്ട കാര്യം വ്യക്തികൾ പരസ്പരം ചൂഷണം ചെയ്യാനിടയുള്ളതുകൊണ്ടു് അതിനൊരു പരിഹാരമെന്ന നിലയിൽ സാമൂഹ്യ ഉടമാസമ്പ്രദായം പുത്തൻ സമൂഹത്തെ ആവശ്യമായി വരില്ല എന്നതാണു്. വ്യക്തി ഉടമയുടെ പൂരകമായിരിക്കും സാമൂഹ്യ ഉടമ. വ്യക്തി ഉടമാ സങ്കല്പം ഗാന്ധിജിയുടെ ട്രസ്റ്റിഷിപ്പ് സങ്കല്പത്തോടു് വളരെ ബന്ധപ്പെട്ടതാണു്. ഓരോ വ്യക്തിയും ഉടമയാകുന്നതു് തന്റെ സമൂഹത്തിനുവേണ്ടിയായിരിക്കും. എല്ലാവരും ഉടമകളായിരിക്കും. കുറെ ഉടമകൾ മറ്റുള്ളവരെ തങ്ങളുടെ ധർമബോധംകൊണ്ടു് രക്ഷിക്കുന്നു എന്ന കാഴ്ചപ്പാടു് ആരും പുലർത്തുകയില്ല. എന്നാൽ സമ്പത്തു് ഒരുപോലെ ആയിരിക്കണമെന്നില്ല. ഒരാൾക്കു് കൂടുതൽ ഉണ്ടായെന്നുവരാം. ആരും അതു് അന്യമായി കണക്കാക്കുക ഇല്ല. ഒരാൾ വളരെ വലിയ ഒരു വീടു് ഉണ്ടാക്കി എന്നുവരും. അയാളുടെ ഒരു താത്പര്യമാണതു്. എല്ലാവരും കൂടി അതു സാധിച്ചുകൊടുക്കും. അതുകൊണ്ടു് മറ്റാർക്കും ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു വൈവിദ്ധ്യം എന്നേ കരുതൂ. ചിലർ കുടിൽകെട്ടി താമസിച്ചുവെന്നു വരും. കൊട്ടാരം കെട്ടാൻ ആവാത്തതുകൊണ്ടല്ല; വേണമെന്നു തോന്നാത്തതുകൊണ്ടു്. വ്യക്തി ഉടമ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സമൂഹത്തിൽ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല. ഓരോ വ്യക്തിയും മറ്റെല്ലാവർക്കുംവേണ്ടി എല്ലാവരുടേയും സഹകരണത്തോടു കൂടി എന്നാൽ സ്വന്തം ഇച്ഛക്കനുസരിച്ചു് ആവിഷ്കാരങ്ങൾ നടത്തുമ്പോൾ ഉണ്ടാകുന്ന വൈവിദ്ധ്യം ലോകത്തെ ഏറെ ആനന്ദപ്രദമാക്കാനാണു് സാദ്ധ്യത. പൊതു ഉടമയിലെ സമാനതയെക്കാൾ സുന്ദരമായിരിക്കും വ്യക്തിഉടമയിലെ വൈവിദ്ധ്യം എന്നെനിക്കു തോന്നുന്നു.
വിതരണ സമ്പ്രദായം
ചോദ്യം:
വിതരണ സമ്പ്രദായം എങ്ങനെ ആയിരിക്കും?
ഉത്തരം:
മുമ്പൊരിക്കൽ ദർശനത്തിൽ പുലരി എന്നൊരു ഗ്രാമത്തിലെ പുതിയ ജീവിതക്രമം വിവരിച്ചിരുന്നു, ആ ഗ്രാമത്തിലെ വീടുകൾതോറും രാവിലെ ഉന്തുവണ്ടികൾ വരുന്നു. നാളികേരം, മാങ്ങ, ചക്ക, വെണ്ടക്കാ, പൈനാപ്പിൾ, കറിവേപ്പില, പാലു്, മോരു് തുടങ്ങിയ വിവിധ സാധനങ്ങൾ നിരത്തിവച്ചിട്ടുള്ള വണ്ടികൾ. ഓരോ വീട്ടുകാരും അവർക്കു വേണ്ടതു് അതിൽ നിന്നെടുക്കുന്നു. അവർക്കുള്ളതു് അതിൽ വച്ചുകൊടുക്കുകയും ചെയ്യുന്നു. ഒന്നും വച്ചുകൊടുക്കാനില്ലെങ്കിലും വേണ്ടതെടുക്കാം. വിവിധ ചരക്കു കപ്പലുകളും വിമാനങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു ചരക്കുകളുമായി പോകുന്നതും താവളങ്ങളിൽ നിന്നു് ചെറുവാഹനങ്ങളിൽ നാനാവഴി പ്രവഹിക്കുന്നതും ഞാൻ കാണുന്നു. എവിടെ എന്തിന്റെ കുറവു് അനുഭവപ്പെട്ടാലും അതു് ലോകകേന്ദ്രത്തെ വേഗം അറിയിക്കുവാൻ കഴിയും. ലോകകേന്ദ്രം അതു് ലോകത്തെയാകെ അറിയിക്കും. പലഭാഗങ്ങളിൽനിന്നും വസ്തുവകകൾ അങ്ങോട്ടു നീങ്ങാൻ തുടങ്ങും. നിയമതടസ്സങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടു് ഈ പ്രക്രിയ വേഗം നടക്കും. ദൗർലഭ്യംകൊണ്ടു് ലോകത്താരും വേർതിരിഞ്ഞു് കഷ്ടപ്പെടാനിടവരികയില്ല. വേഗത്തിൽ എത്തിക്കേണ്ടവ ആകാശത്തുനിന്നു് ചൊരിഞ്ഞുകൊടുക്കുവാൻ കഴിയും. അതു കൈയിൽ കിട്ടുന്നവർ കിട്ടാത്തവർക്കു് എത്തിച്ചുകൊടുക്കും. അന്യനെപ്പറ്റിയുള്ള ശ്രദ്ധയാണു് വിതരണത്തിന്റെ പ്രേരകശക്തി. ഏറ്റവും നല്ല സാധനങ്ങൾ ആയിരിക്കും വിതരണം ചെയ്യുന്നതു്. കൂടാതെ കൈവഴി വിതരണം നിത്യേന നടക്കും. വീടുകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങൽ പൊതുജീവിതത്തിലെ സന്തോഷകരമായ കാര്യമായിരിക്കും. അപൂർവവസ്തുക്കൾ ഉണ്ടാക്കി അയൽവീടിനു് കൊടുക്കുന്നതിനു് ഓരോ വീട്ടുകാരും മനസ്സുവയ്ക്കും. വെള്ളത്തിലൊഴുക്കിയും സാധനങ്ങൾ വിതരണം ചെയ്യാം. ജന്തുക്കളും വിതരണത്തിൽ പങ്കാളികളാകും. മനുഷ്യബുദ്ധി വികസിക്കാൻ തുടങ്ങിയാൽ ഇന്നു കാണാത്ത പലതും അന്നു കണ്ടെത്തും.
മലിനീകരണം
ചോദ്യം:
ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയൊരു ഭീകരപ്രശ്നമാണു് മലിനീകരണം. പുതിയ ലോകത്തിലും വൻ വ്യവസായങ്ങളും വാഹനബാഹുല്യവും മറ്റും ഉണ്ടാകുമല്ലോ. എന്താണൊരു പോംവഴി?
ഉത്തരം:
പുതിയ വാഹനങ്ങളും വ്യവസായശാലകളും, ശബ്ദവും പുകയും ഇല്ലാത്തവ ആയിരിക്കും. പുതിയ ലോകത്തിലെ യന്ത്രങ്ങൾ, ആകർഷണശക്തി, സൂര്യോർജ്ജം, കാറ്റു്, ഒഴുക്കു്, തിരമാല, മാനവശേഷി, മൃഗശക്തി തുടങ്ങിയവകൊണ്ടു് പ്രവർത്തിക്കുന്നവ ആയിരിക്കും. പലതും ഗൃഹാന്തരീക്ഷത്തിൽ ഒതുങ്ങും. ഇന്നത്തെക്കാൾ വലിയ വ്യവസായശാലകളും ഉണ്ടായെന്നു വരും. പ്രകൃതിക്കു് ദോഷം ചെയ്യുന്ന അവശിഷ്ടങ്ങൾ അതിലുണ്ടാവില്ല. മനുഷ്യന്റെ ചലനം പ്രകൃതിയുടെ താളത്തിനൊത്തായാൽ മലിനീകരണപ്രശ്നം തീർന്നു. ഒന്നാലോചിച്ചുനോക്കൂ. അനന്തജീവരാശികളും കാടും കടലും എല്ലാം ഉണ്ടായിരുന്നിട്ടും അവയിലെ മലിനീകരണം ഭൂമിയിൽ പ്രശ്നമാകാൻ പ്രകൃതി ഇട വരുത്തുന്നില്ലല്ലോ. തീ തുപ്പുന്ന ബ്രഹ്മാണ്ഡകോടികൾക്കും ഒരു താളക്രമം ഉണ്ടു്. എല്ലാം പരസ്പരം ശ്രദ്ധിക്കുന്നു. മനുഷ്യൻ മാത്രമാണു് തന്റെ കൂടെയുള്ളവരെ ചൂഷണം ചെയ്തു് തനിക്കും പ്രകൃതിക്കും ഹാനി വരുത്തുന്ന ഏക ജന്തു. മനുഷ്യൻ പരസ്പരം ശ്രദ്ധിക്കാൻ തുടങ്ങിയാൽ പ്രകൃതിയിലെ ഏറ്റവും കൂടുതൽ ആനന്ദമനുഭവിക്കുന്ന ജീവി ആയി ഉയരും. ശാസ്ത്രം നമുക്കു കൂട്ടുണ്ടു്. ആയുധനിർമാണശാലകൾ വേണ്ടെന്നാകുമ്പോൾ തന്നെ ഭൂമിയുടെ ഭാരം പാതിയും തീരും. ലളിതസുന്ദരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതോടു കൂടി ബാക്കി മാലിന്യങ്ങളും ഇല്ലാതാകും. വനങ്ങളും പുഴകളും മൃഗങ്ങളും മത്സ്യങ്ങളും പണ്ടേപ്പോലെ സമ്പന്നമാകും. മലിനവസ്തുക്കളെ ഉപയോഗത്തിൽ കൊണ്ടുവരുന്ന ഒരു ചാക്രികശൈലി പ്രകൃതിക്കുണ്ടു്. മനുഷ്യന്റെ സമൂഹജീവിതത്തിൽ ആ ഗതി സ്വീകരിക്കുന്നതോടു കൂടി പ്രശ്നം പരിഹൃതമാകും. സന്തോഷമായി ജീവിച്ചാൽ പോരേ. എന്തിനീ ആർത്തി കാട്ടി ജീവിതം ദുഃഖമയമാക്കുന്നു. മനുഷ്യർ തമ്മിൽ അകലുമ്പോൾ ഉണ്ടാകുന്ന വിടവിൽ നിന്നാണു് മലിനീകരണങ്ങൾ എല്ലാം ഉണ്ടാകുന്നതു്. അടുക്കുമ്പോൾ തീരാനുള്ളതേയുള്ളു. മനുഷ്യർ തമ്മിൽ അടുക്കുമ്പോൾ മനുഷ്യൻ പ്രകൃതിയോടും അടുത്തുവരും. മനുഷ്യർ തമ്മിൽ അകലുമ്പോൾ പ്രകൃതിയിൽനിന്നും അകലും. ഇന്നു് ലോകം അകലത്തിന്റെ ചാലിലായിപ്പോയി. ഇതു് മനസ്സിലാക്കി അടുപ്പത്തിന്റെ ചാലിലേക്കു് തിരിയാൻ നമുക്കു കഴിഞ്ഞാൽ, മാനസികമാലിന്യം, പരിസരമാലിന്യം, അന്തരീക്ഷമാലിന്യം, ശബ്ദമലിനീകരണം തുടങ്ങിയവ എല്ലാം മാറി, സ്വസ്ഥത കൈവരും.
വാർത്താ മാദ്ധ്യമങ്ങൾ
ചോദ്യം:
പുതിയ ലോകത്തിൽ വാർത്താമാദ്ധ്യമങ്ങളുടെ സ്ഥാനം എന്തായിരിക്കും?
ഉത്തരം:
സംഭവങ്ങളെപ്പറ്റിയും സാധനങ്ങളുടെ കൂടുതൽ കുറവിനെപ്പറ്റിയും പുതിയ പുതിയ കണ്ടെത്തലുകളെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും നവീന ചിന്താഗതികളെക്കുറിച്ചുമൊക്കെ ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്ന ഒരു ലോക വാർത്താകേന്ദ്രമുണ്ടായിരിക്കും. ഏതൊരു വ്യക്തിക്കും അവിടെ അന്തരീക്ഷം വഴി വാർത്ത എത്തിക്കാം. അവിടെനിന്നു് അതു് ലോകത്തെ ആകെ അറിയിക്കാനുള്ള സംവിധാനം ഉണ്ടാകും. ഫ്യൂജിയാമയിൽ ഒരു അഗ്നിപർവതസ്ഫോടനത്തിനു് സാദ്ധ്യത ഉണ്ടെന്നു കണ്ടാൽ ഏതാനും മണിക്കൂറുകൾക്കകം ലോകം മുഴുവൻ അതിനെ നേരിടാൻ തയ്യാറായിക്കഴിയും. കൂടാതെ വ്യക്തികൾക്കു തമ്മിൽ ആശയവിനിമയത്തിനു് വളരെ പുതിയ സംവിധാനം കണ്ടെത്തും. ഊർജസഞ്ചാരത്തിനും വാർത്താവിനിമയത്തിനും കമ്പികളെ ആശ്രയിക്കേണ്ടിവരികയേ ഇല്ല. ആകാശമാർഗം നടക്കും. പത്രമാസികകൾ കുറയും. കടലാസ്സിന്റെ ആവശ്യം വളരെ കുറയും. പണം നേടാൻ വേണ്ടി പ്രസിദ്ധീകരണങ്ങൾ നടത്തുന്ന പ്രവണത പാടേ ഇല്ലാതാകുമല്ലോ. എന്നാൽ പുതിയ മാനവസാഹിത്യങ്ങളും മാനവ കലകളും മാനവഭാഷയും ഉണ്ടാകും. ഓരോ പ്രസിദ്ധീകരണവും ലക്ഷോപലക്ഷം പ്രതികളായി ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കും. അവശ്യസാധനങ്ങളുടെ കൂട്ടത്തിൽ ഗ്രന്ഥങ്ങളും വരും.
മനുഷ്യമനസ്സു്
ചോദ്യം:
പുതിയ ലോകത്തിൽ മനുഷ്യമനസ്സിനു് കാര്യമായ മാറ്റം സംഭവിക്കും എന്നാശിക്കാമോ?
ഉത്തരം:
പുതിയ മനസ്സാണു് പുതിയ ലോകം സൃഷ്ടിക്കേണ്ടതു്. മനസ്സു് ദൃഢമായ ഉറച്ച ഒരു വസ്തുവല്ലല്ലോ. രണ്ടുതരത്തിൽ മനസ്സിനു് മാറ്റം സംഭവിക്കും. ഒന്നു്, സാഹചര്യം മാറുന്നതിനനുസരിച്ചു്, രണ്ടു്, ബോധത്തിനനുസരിച്ചു്. പുതിയ ലോകത്തിൽ സാഹചര്യത്തിലും ബോധത്തിലും മാറ്റം സംഭവിക്കുമെന്നതിനാൽ മനുഷ്യമനസ്സു് ആകെ മാറിവരും. മനസ്സിന്റെ നിഗൂഢതകളെപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂടാ. എന്നാലും കഠിനത മാറിയും, ആർദ്രത വർദ്ധിച്ചും വരും എന്നതിൽ എനിക്കു സംശയമില്ല. കുശുമ്പു് നിലനില്ക്കാനിടയില്ല. ഒരാളുടെ സൗഭാഗ്യത്തിൽ എല്ലാവർക്കും സന്തോഷിക്കാൻ കഴിയും. അന്യത്വഭാവം ഭൂമിയിൽനിന്നു മാറിക്കൊണ്ടിരിക്കും. ആരെ എവിടെ കണ്ടാലും അയാൾ വേണ്ടപ്പെട്ടവനാണെന്ന തിരിച്ചറിവു് എല്ലാവരിലും ഉണ്ടായിരിക്കും. മന്ദബുദ്ധികളോ, ദുർബുദ്ധികളോ ഉണ്ടായിക്കൂടെന്നില്ല. അവരുടെ എണ്ണം കുറഞ്ഞുവരാനാണു് സാദ്ധ്യത. ഭാവത്തിൽ മാറ്റം വരുന്നതിനനുസരിച്ചു് രൂപത്തിലും മാറ്റം വരും. എല്ലാവർക്കും സൗന്ദര്യം വർദ്ധിച്ചുകൊണ്ടേവരും. ആയുർദൈർഘ്യം തീർച്ചയായും വരും. മനസ്സു് ഊർദ്ധഗതിയിലേക്കു തിരിയുന്നതിനുള്ള പരിശീലനങ്ങൾ വ്യാപകമായി നടക്കും. മനസ്സു് സങ്കോചവികാസങ്ങളിലൂടെ വിശാലമായി വരുന്നതിനു് അനുകൂലമായ സാഹചര്യം നിലനിറുത്തുവാൻ പ്രാദേശികസമൂഹങ്ങൾ ശ്രദ്ധിക്കും. ഒരു വ്യക്തിയുടെ മനസ്സു് താഴുകയോ ഉയരുകയോ ചെയ്യുന്നതു് മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാൻ അധികസമയം വേണ്ടിവരില്ല. നിത്യബന്ധജീവിതം പ്രാദേശികസമൂഹങ്ങളിൽ ഉണ്ടായിരിക്കുമെന്നതുകൊണ്ടു് ഓരോരുത്തരും മറ്റെല്ലാവരുടേയും ശ്രദ്ധയിൽവരും. ഒരു മനുഷ്യനും വ്യാപനത്തിനു് തടസ്സമായി വരില്ല. ഇന്നു് സർവത്ര തടസ്സമാണുള്ളതു്. എങ്ങോട്ടും പ്രവേശിക്കാനാവാത്തതരത്തിൽ മതിലുകളുണ്ടു്. തൊട്ടടുത്ത വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യം ഇന്നു വരുന്നില്ല. പുതിയ യുഗത്തിൽ ലോകമാകെ പടർന്നുപരക്കാൻ ഓരോ മനസ്സിനും സന്ദർഭം ലഭിക്കുമെന്നതിനാൽ മനസ്സു് നിർമലമാകും. ക്ഷോഭിക്കേണ്ട സന്ദർഭം കുറഞ്ഞുവരും. ഹൃദയശുദ്ധി കൈവരുന്നതിനുപരി മനുഷ്യനു് എന്തു സൗഭാഗ്യമാണു് വേണ്ടതു്. ഓരോ കുട്ടിക്കും ആയിരം അമ്മമാർ. ഓരോ അമ്മയ്ക്കും ആയിരം മക്കൾ. മനസ്സിന്റെ ശക്തികളുടേയും ഭാവനകളുടേയും ചുരുളുകൾ അന്നാണു് വിടരാൻ തുടങ്ങുക. മനസ്സുകൾ പരസ്പരം പടർന്നു് പൂത്തുവിരിഞ്ഞു്, ലോകമാകെ സുഗന്ധം പരത്തി, സ്വർഗാനുഭൂതി ഉണർത്തുന്ന ആ കാലഘട്ടം നമുക്കിനി വിദൂരമായിക്കൂടാ. കൂട്ടത്തിൽ പിറകിലാകാൻ ഒരു മനസ്സും ഇഷ്ടപ്പെടുന്നില്ല. മനസ്സിനു് സംക്രമണസ്വഭാവമുണ്ടു്. ഒന്നിച്ചെങ്കിൽ മരണം വരിക്കാൻപോലും മനസ്സൊരുക്കമാകും. പുതിയ ഉണർവു് ലോകവ്യാപകമായ മുന്നേറ്റത്തിലേക്കായിരിക്കും എന്നതുകൊണ്ടു് ഒരു മനസ്സും പിന്നോക്കം പോകില്ല എന്നാശിക്കാം. മനസ്സിന്റെ മഹത്തായ കഴിവുകൾ അപൂർവം ചില വ്യക്തികളിലൂടെ പുറത്തുവന്നു് ലോകം കണ്ടിട്ടുണ്ടു്. ഫ്രാൻസീസ് അസ്സീസിയുടെ മനസ്സു് നിർമലസ്നേഹമായി പ്രവഹിച്ചു് ജന്തുക്കളെക്കൂടി സ്വാധീനിച്ചിരുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ മനസ്സു് അമ്പാടിയിലെ ഗോപാലകുലത്തെയും ഗോക്കളെയും തരുലതാദികളേയും യമുനയേയും ആശ്ലേഷിച്ചിരുന്നു. ക്രിസ്തുദേവന്റെ സ്നേഹം ജഡങ്ങളിൽ ചൈതന്യം പകർന്നിരുന്നു. തന്റെ ഏക വത്സലപുത്രനെപ്പോലും ബലി അർപ്പിക്കത്തക്ക വണ്ണം എത്രമാത്രം സമർപ്പിതമായിരുന്നു ഇബ്രാഹിം നബിയുടെ മനസ്സ്. എന്നാൽ വ്യക്തികളിലൂടെ പ്രകാശിതമായി കണ്ട ഈ മാനസിക ഉയർച്ച ഒരു സമൂഹം നേടിയെടുത്തതായി ഇതുവരെ അറിഞ്ഞുകൂടാ. വ്യക്തിപ്രഭാവം സമൂഹത്തിനാകെ പ്രയോജനം ചെയ്ത ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നല്ലാതെ സമൂഹമനസ്സു് പരസ്പരം ബന്ധപ്പെട്ടു് വിശാലതയിലേക്കു വന്നതായി കാണുന്നില്ല. പുതിയ സമൂഹത്തിൽ അതു സംഭവിക്കും.
ഇടനേരം

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ ശബരി ഓടിവന്നു് എല്ലാവരേയും ഊണുകഴിക്കാൻ വിളിച്ചു. രാധികയും പിന്നാലെ ഉണ്ടായിരുന്നു. “മണിയപ്പൻ മാമ്മൻ ഇലവച്ചു” ശബരി പറഞ്ഞു. ഞാൻ വിളിച്ചപ്പോൾ അകത്തേക്കു വരാൻ അവൻ മടിച്ചു. “എല്ലാവരും ചേട്ടന്മാരാണു്.” മോനു് അപ്പൂപ്പന്റെ മടിയിലിരുന്നു് എല്ലാവരേയും കാണാം. ശബരി മടിയിലിരുന്നു് എല്ലാവരേയും നോക്കി. നവനെക്കണ്ടു് അവൻ ചിരിച്ചു. വെള്ളത്താടിയിലെ കറുത്ത രോമങ്ങൾ അവനിൽ കൗതുകമുണർത്തിയിരിക്കാം. നവൻ നിമിഷംകൊണ്ടു് ശബരിയെ സ്വന്തമാക്കി. മിനിയും രാധികയും ചേർന്നു. ഞങ്ങൾ കിഴക്കുവശത്തു ചെന്നു് കൈകഴുകി ഹാളിനോടു ചേർന്നുള്ള മുറിയിൽ ഒന്നിച്ചു് ഊണുകഴിക്കാനിരിക്കുന്നതിനിടയിൽ നവൻ വീട്ടിലെല്ലാവരുമായി പരിചയപ്പെട്ടു. തങ്കമ്മഅമ്മ ചോദിച്ചു: “ആലപ്പുഴക്കാരുണ്ടെന്നു പറഞ്ഞല്ലോ. രവിക്കുട്ടൻസാറിനെ അറിയുമോ?” അവരാരും സാറിനെ അറിയില്ല. ഞാൻ പറഞ്ഞു. “ദർശനം വാരികയ്ക്കു് ‘ദർശനം’ എന്നു പേർ നിർദ്ദേശിച്ചതു് അദ്ദേഹമാണു്. എസ്. ഡി. കോളേജിൽ പ്രൊഫസറായിരുന്നു.” മുരളീധരമേനവൻ സാറിനെ അറിയുമോ എന്നു് മണിയപ്പൻ ചോദിച്ചപ്പോൾ മിനി ഉത്സാഹത്തോടെ പറഞ്ഞു: “എസ്. ഡി. വി. ബസന്റ് ഹാളിൽ രംഗനാഥാനന്ദ സ്വാമികൾ വന്നു പ്രസംഗിച്ചുവല്ലോ. അന്നാണു് ഞാൻ മുരളീധരമേനോൻസാറിനെ ആദ്യമായി കാണുന്നതു്.”

ഞാൻ:
മേനവൻ സാറായിരുന്നു ദർശനത്തിന്റെ ആദ്യത്തെ പത്രാധിപർ. ഗാന്ധിജിയുടെ ആത്മരേഖ സർ തയ്യാറാക്കിയതാണു് അന്നു് എഡിറ്റോറിയലായി കൊടുത്തുകൊണ്ടിരുന്നതു്. രണ്ടാമത്തെ പത്രാധിപർ ശ്രീധരൻമച്ചൂനായിരുന്നു. ഇപ്പോൾ വരും. ശാന്തിയെ അങ്ങോട്ടയച്ചിട്ടുണ്ടു്.” ശാന്തി ഓടിവന്നു പറഞ്ഞു: “അപ്പൂപ്പൻ അവിടെ ഇല്ല. വണ്ടാനത്തു പോയിരിക്കുകയാണു്.” ഊണുകഴിഞ്ഞു് ഞങ്ങൾ അടുത്തുള്ള വട്ടപ്പായി ക്ഷേത്രത്തിലെ കളിത്തട്ടിൽ കൂടി ക്ഷേത്രത്തിന്റെ പഴമകളെപ്പറ്റി സംസാരിച്ചു.
നവൻ:
ഈ വെള്ളക്കുഴിയിൽ അന്നു് ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടായല്ലോ. അന്നത്തെ ആളുകളുടെ സങ്കല്പശക്തി വിലമതിച്ചേ പറ്റൂ.
കബീർ:
വേണ്ടതെന്തോ അതേപ്പറ്റി ഭാവനചെയ്യുമ്പോൾ സാദ്ധ്യാസാദ്ധ്യതകളുടെ സീമ കടക്കുന്ന ഒരു പ്രകൃതം പണ്ടുള്ളവർക്കു് നമ്മേക്കാൾ ഉണ്ടായിരുന്നുവെന്നു തോന്നുന്നു. കാണാത്ത ലോകം കണ്ടെത്തുവാൻ അവരെത്ര സാഹസങ്ങൾ കാട്ടി. നമുക്കിന്നുപോലും സ്വപ്നം കാണാനാവാത്തവ അവർ രൂപപ്പെടുത്തിയിരുന്നു.
മിനി:
പുഷ്പകംപോലൊരു വിമാനം നമുക്കിന്നും സങ്കല്പിക്കാൻ പ്രയാസമാണു്. ലങ്കയിൽനിന്നു് അയോദ്ധ്യയിലേക്കു് മടങ്ങുമ്പോൾ അതിൽ ലക്ഷക്കണക്കിനു് യാത്രികരുണ്ടായിരുന്നു. കിഷ്ക്കിന്ധയിൽനിന്നു് എത്രയോ പേരെ കൂടെക്കയറ്റി. കാട്ടിൽ ഭരദ്വാജാശ്രമത്തിൽ ഇറങ്ങാനും പ്രയാസമുണ്ടായില്ല.
രാജു:
പുഷ്പകം ദൂരെനിന്നു വരുന്നതു് അയോദ്ധ്യാനിവാസികൾ കാണുന്ന രംഗമുണ്ടല്ലോ രാമായണത്തിൽ. ആകാശത്തുകൂടി വിമാനം വരുമ്പോൾത്തന്നെ അതിന്റെ മുൻവശത്തു് ശ്രീരാമൻ ഇറങ്ങിനിന്നിരുന്നു. അത്ഭുതകരമായ ഒരു ദർശനമാണതു്. ഭരതൻ താഴെനിന്നു് ശ്രീരാമനെക്കണ്ടു് നമസ്കരിച്ചതിനുശേഷമാണു് മെല്ലെ വിമാനം താണു വരുന്നതു്.
കേശു:
നമുക്കും സങ്കല്പിക്കുക നല്ലൊരു നാളെയെപ്പറ്റി. സങ്കല്പിക്കുമ്പോൾ പ്രായോഗികതാ വാദത്തിനല്ല; ആവശ്യത്തിനാണു് നാം മുൻതൂക്കം നൽകേണ്ടതു്. പ്രായോഗികതയെ ഭയന്നു് സ്വപ്നം കാണാൻ പോലും മടിക്കുന്നു എന്നതാണു് നമുക്കു സംഭവിച്ചിരിക്കുന്ന മാന്ദ്യത്തിനു കാരണം.
വിമർശനം
രാജു:
നാം പുതിയ ലോകത്തെപ്പറ്റി ഭാവന ചെയ്തുവല്ലോ. ഇനി അതിന്റെ സാക്ഷാത്കാരം എങ്ങനെ സാധിക്കാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഞാൻ:
അതിനു് മൂന്നു ഘട്ടങ്ങൾ ഉണ്ടു്. ഒന്നു് വിമർശനം. രണ്ടു് ഭാവന. മൂന്നു് കർമം.
നവൻ:
ഒന്നാം ഘട്ടം ഇന്നു് ശരിക്കു് അരങ്ങേറിയിട്ടുണ്ടു്. എവിടെയും നിശിതവിമർശനത്തിന്റെ രൂക്ഷ ശബ്ദമേ കേൾക്കാനുള്ളു.
മിനി:
ഇന്നിനെ വിമർശിക്കുന്നതിൽ അഹമഹമികയാ എല്ലാവരും മുന്നിലാണു്.
കബീർ:
ഈ വിമർശന ശൈലിയാണോ നമുക്കു വേണ്ടതു? എല്ലാവരും ഇങ്ങനെ പരസ്പരം തള്ളിപ്പറഞ്ഞാൽ ഇതു മാറുമോ?
ഞാൻ:
ഇല്ല. പുതിയ ലോകത്തെ ഭാവനയിൽ കണ്ടുകൊണ്ടു് അതിനെ സാക്ഷാത്കരിക്കുവാൻവേണ്ടി ഇന്നിനെ വീണ്ടും വിമർശിക്കേണ്ടിവരുന്ന ഒരു ഘട്ടമുണ്ടു്. അതാണു് ഞാനുദ്ദേശിച്ചതു്.
രാജു:
വിമർശിക്കുന്നതെന്തിനു് എന്നു് നോക്കണം. ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ചതു് ആ സ്ഥാനത്തു് ഇന്ത്യക്കാരൻ കയറിപ്പറ്റാനായിരുന്നുവോ? രാജഭരണത്തെ വിമർശിച്ചതു് കൊട്ടാരം ജനങ്ങൾക്കു് സ്വന്തമാക്കാനായിരുന്നുവോ? ആണെങ്കിൽ ആ വിമർശനവും സമരവും നമ്മെ നിന്നേടത്തുനിന്നു് മുന്നോട്ടു കൊണ്ടുപോവില്ല.
കേശു:
അതാണിന്നു് സംഭവിച്ചിരിക്കുന്നതു്. ഇന്ത്യക്കു് സ്വാതന്ത്ര്യം കിട്ടി. ജനാധിപത്യം വന്നു. എന്നൊക്കെ പറയുന്നതു് വലത്തുകാലിലെ മന്തു് ഇടത്തു കാലിലായി എന്നു പറയുന്നതുപോലെ ആയിത്തീർന്നിരിക്കുന്നു.
ഞാൻ:
എന്റെ നോട്ടത്തിൽ പ്രശ്നം ഇതാണു്. സ്വകാര്യമാത്ര ജീവിതാസക്തി മാറുന്നുണ്ടോ? അപരൻ എന്റെ ശത്രുവാണു് എന്ന വിചാരം മാറി എന്റെ മിത്രമാണു് എന്നു വിചാരിക്കാൻ കഴിയുന്നുണ്ടോ? ഇതു സാധിക്കാതെ ഭരണം മാറിയാലും സമ്പത്തു് ഏകീകരിച്ചാലും ശാസ്ത്രം പുരോഗമിച്ചാലും വേണ്ടതൊന്നും സംഭവിക്കുകയില്ലെന്നു് ഇതുവരെയുള്ള ലോകചരിത്രം വ്യക്തമാക്കുന്നുണ്ടു്. സമ്പത്തു് ഏകീകരിച്ച രാഷ്ട്രങ്ങളിൽപോലും പരാർത്ഥതാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയാതെവന്നതിന്റെ പ്രശ്നങ്ങൾ ഇന്നു് പടർന്നുകൊണ്ടിരിക്കുകയാണു്. അതുകൊണ്ടു് വിമർശനത്തിനു് പുതിയ അർത്ഥവ്യാപ്തി ഉണ്ടാകണം.
മിനി:
എന്തായിരിക്കണം വിമർശനത്തിന്റെ പൊരുൾ?
ഞാൻ:
മനുഷ്യവർഗം ആകെ അപകടത്തിലായിരിക്കുന്നു. ഈ അപകടാവസ്ഥയ്ക്കു് നമുക്കെല്ലാവർക്കും പങ്കുണ്ടു് എന്ന ബോധം വിമർശകനു വേണം. ഒരു കൂട്ടർ അപകടകാരികളാണെന്ന ബോധത്തിൽ വിമർശനം നടക്കുമ്പോൾ ആ കൂട്ടരുടെ പിടിയിൽനിന്നു് മറ്റുള്ളവരെ രക്ഷിക്കാനാവും ശ്രമം. അവർ മാറിയാൽ കാര്യം ശരിയായി എന്നു തോന്നും. ഇതു ശരിയായ പാതയല്ല. മുതലാളിത്തത്തെ വിമർശിക്കുമ്പോൾ തൊഴിലാളിയിലെ മുതലാളിത്ത മനോഭാവംകൂടി കാണണം. ചൂഷണത്തെ എതിർക്കുമ്പോൾ ഇന്നത്തെ ചൂഷിതർക്കു് സാഹചര്യം കിട്ടിയാൽ അവരും ചൂഷകരാവില്ലേ? ചൂഷണത്തിനവസരം നൽകുന്ന സാഹചര്യമല്ലേ ഉള്ളതു് എന്നതുകൂടി കണക്കിലെടുക്കണം. അതായതു് ഓരോ വിമർശനത്തിനും രണ്ടു കണ്ണുവേണം. ഒന്നു് മറ്റുള്ളവരിലേക്കും മറ്റൊന്നു് അവരവരിലേക്കും. അകത്തേക്കുള്ള കണ്ണു് അടച്ചുകൊണ്ടാണു് ഇന്നു് വിമർശനം പലതും നടക്കുന്നതു്. ഗവണ്മെന്റ് ഇന്നകാര്യം ചെയ്തില്ല എന്നു് കുറ്റപ്പെടുത്തുന്നവർ തങ്ങൾക്കു് ആ സ്ഥാനം ലഭിച്ചിരുന്നപ്പോൾ എന്തുകൊണ്ടു് കഴിഞ്ഞില്ല; ഇനിയും ലഭിച്ചാൽ കഴിയുമോ എന്നു നോക്കണം. എന്തുകൊണ്ടു് നാമെല്ലാം ഇങ്ങനെ ആയി എന്നും ചിന്തിക്കണം.
മിനി:
ഇന്നു് വിമർശനം മുഴുവൻ വോട്ടുനേടുന്നതിനുവേണ്ടി ആയിപ്പോയി. മറ്റൊന്നു് നമ്മുടെ ബുദ്ധിമാന്മാരെല്ലാം ഒന്നുകിൽ കക്ഷികളിലായി അല്ലെങ്കിൽ ഉദ്യോഗത്തിലായിപ്പോയി എന്നതാണു്. രണ്ടുകൂട്ടർക്കും വസ്തുതകൾ ബോദ്ധ്യമായാൽപോലും സ്വതന്ത്രമായ വിമർശനം സാദ്ധ്യമാവില്ലല്ലോ.
കേശു:
ഞാൻ അല്പം നാടകീയമായി ഒന്നു ചോദിച്ചോട്ടെ. നമുക്കു് ഇന്നത്തെ സമ്പദ്വ്യവസ്ഥയെയോ വിദ്യാഭ്യാസത്തെയോ നാം ഉദ്ദേശിക്കുന്ന പുതിയ അടിസ്ഥാനത്തിൽ ഒന്നു വിമർശിച്ചു നോക്കാം.
കബീർ:
ഓഹോ. അതുകൊള്ളാം.
ഞാൻ:
ഞാനും അതിനോടു യോജിക്കുന്നു. നവൻ ആദ്യം തുടങ്ങിയാൽ കൊള്ളാം. വിഷയം സമ്പദ്വ്യവസ്ഥ തന്നെ ആകട്ടെ.
സാമ്പത്തിക അസമത്വം ഉണ്ടായതെങ്ങനെ?
നവ:
എനിക്കു വളരെ കുറച്ചേ പറയാനുള്ളു. സ്വകാര്യലാഭത്തെ മുൻനിറുത്തിയുള്ളതാണു് ഇന്നത്തെ സമ്പദ്വ്യവസ്ഥ. ഉത്പാദനവും വിതരണവും മാത്രമല്ല ഉപഭോഗം പോലും ലാഭത്തെ മുൻനിർത്തി ആയിപ്പോയി. വിദ്യാഭ്യാസവും, മതവും, ഭരണവും, ആരോഗ്യ പ്രസ്ഥാനങ്ങളും എല്ലാം സ്വകാര്യ ലാഭത്തിന്റെ താളത്തിലാണു് ചലിക്കുന്നതു്.
മിനി:
എങ്ങനെ സർവരംഗങ്ങളിലും ലാഭേച്ഛ കയറിപ്പറ്റി?
നവൻ:
മനുഷ്യർക്കു് ഇതുവരെ സമൂഹജീവിതത്തിന്റെ ആനന്ദം അനുഭവിക്കാനിടയായിട്ടില്ല. അതാണു് കാരണം.
മിനി:
അതു ശരിയാണോ? ചരിത്രാതീത കാലത്തു് സമൂഹജീവിതം ഉണ്ടായിരുന്നില്ലേ? അതു പിന്നീടു് തകർന്നല്ലേ ഈ സ്വകാര്യ ഉടമാ കാലഘട്ടം ഉണ്ടായതു്.
നവ:
എനിക്കതു തോന്നുന്നില്ല. കാട്ടാള കാലഘട്ടത്തിൽ എല്ലാം എല്ലാവർക്കുമായിരുന്നു. വേലിക്കെട്ടുകളില്ല, മതവ്യത്യാസങ്ങളില്ല, ഭരണകൂടങ്ങളില്ല, വിവാഹബന്ധമില്ല. രണ്ടേരണ്ടു പ്രശ്നങ്ങളേ അന്നു് ഉണ്ടായിരുന്നുള്ളു. ഒന്നു് ഇരയും, ഇണയും തേടുക. രണ്ടു് ഇരയാവാതിരിക്കുക. ഇര തേടാനും, ഇരയാകാതിരിക്കാനും കാട്ടാളന്മാർക്കു് കൂട്ടുചേരേണ്ടിവരുന്നു. കാട്ടുമൃഗങ്ങളെ ഓടിക്കുന്നതും പിടിക്കുന്നതും ഒറ്റയ്ക്കാകാവുന്നതല്ല. ഇന്നും കാട്ടാളജാതിക്കാരുടെ ഇടയിൽ ഈ ഐക്യം ഉണ്ടു്. ഇന്നും ആയിരം അവാന്തര വിഭാഗങ്ങളും കലഹങ്ങളും അവരുടെ ഇടയിൽ ഉണ്ടു് എന്നുകൂടി കാണണം. എന്തുകൊണ്ടു് അന്നും ഇന്നും ഈ കൂട്ടായ്മ ബോധപൂർവമായിരുന്നിട്ടില്ല. പരിഷ്കൃത മനുഷ്യൻ സഹകരണസംഘങ്ങളിൽ ചേരുന്നതുപോലെയാണു് കാട്ടാളയുഗത്തിലെ മനുഷ്യൻ കൂട്ടംചേർന്നു് മൃഗങ്ങളെ വേട്ടയാടിയതും. ഒറ്റയ്ക്കു് പിടിക്കാവുന്നതിനെ അവൻ അങ്ങനെത്തന്നെ പിടിച്ചു തിന്നു. കൂട്ടുകാരനുവേണ്ടിക്കൂടി പിടിക്കുക, മറ്റുള്ളവരെക്കൂടി ഊട്ടുക, ഈ ബോധമുണ്ടല്ലോ അതു് വെറുതേ ഉണ്ടാവില്ല. അതിനു് സാധന വേണം. വാസന പോര. കൂട്ടായ്മബോധം വളർത്തിയാലേ വളരൂ. കാട്ടാളഘട്ടം മുതൽ ഇന്നുവരെ മനുഷ്യനിലെ ഈ സാമൂഹ്യബോധം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അതാണു് സാമ്പത്തിക അസമത്വത്തിന്റെ അടിസ്ഥാനകാരണം. ധനികനും ദരിദ്രനാണു്. എന്തുകൊണ്ടു്? അവൻ പിന്നേയും കിട്ടാത്തതിനുവേണ്ടി വെമ്പുകയും ഉള്ളതു നഷ്ടപ്പെടാതെ സൂക്ഷിക്കുകയുമാണു്. ദരിദ്രനും ഇതുതന്നെ ചെയ്യുന്നു. തൊഴിലാളി മുതലാളിയാണു്. എന്തുകൊണ്ടു്? അവന്റെ ആത്മസഖി തൊഴിലല്ല; മുതലാണു്. തൊഴിലിനെ ആളി (തോഴൻ) ആക്കിയവനാണു് തൊഴിലാളി. മുതലിനെ തോഴനാക്കുന്നവനാണു് മുതലാളി. ഇന്നു് എല്ലാവരും മുതലാളിമാരാണു്. ഇരുകൂട്ടരും തമ്മിലുള്ള ഒരേ ഒരു വ്യത്യാസം അടിസ്ഥാനാവശ്യത്തിനുപോലും വേണ്ടതുകിട്ടാത്ത മുതലാളിമാരും എല്ലാ അനാവശ്യങ്ങൾക്കും വേണ്ടതു കിട്ടിയ മുതലാളിമാരും എന്നു മാത്രം. അടിസ്ഥാനാവശ്യത്തിനു കിട്ടിക്കഴിഞ്ഞാൽ തൊഴിലാളി അതിനുപരി ആശിക്കും. മുൻപു് കൂടെക്കഴിഞ്ഞ ദരിദ്രരെ പരിഗണിക്കില്ല. സർവരും സദാ സമ്പത്തിന്റെ പിന്നാലെ പായുകയാണു്. തെങ്ങുകയറ്റക്കാരൻ തന്റെ മകനെ പഠിപ്പിക്കുന്നതു് നിവൃത്തിയുണ്ടെങ്കിൽ ഇംഗ്ലീഷ്മീഡിയം സ്കൂളിലായിരിക്കും. അതയാളുടെ കുറ്റമല്ല. മുതലാളിത്ത ലോകമനോഭാവമാണു്. നാം മനുഷ്യന്റെ പ്രാരംഭകാലം മുതൽ ഇന്നുവരെയും മുതലാളിത്തയുഗത്തിലാണു്. അടിമ ഉടമ എന്നോ, രാജാ പ്രജ എന്നോ, പ്രഭു സേവകൻ എന്നോ, മുതലാളി തൊഴിലാളി എന്നോ ഒക്കെ പേരു പറഞ്ഞാലും മനോഭാവം തന്റെ കൈയിലുള്ളതിൽ കൂടുതൽ തനിക്കുണ്ടാകണം എന്നതാണു് അടിമ ആഗ്രഹിക്കുന്നതു്. ഉടമയിലേക്കുള്ള മോചനമാണു്. എല്ലാവരും ഓടുമ്പോൾ എല്ലാവരും ഓടും. ചിലർ ജയിക്കും. ചിലർ തോൽക്കും. ഉച്ചനീചത്വങ്ങൾ എല്ലാം ഈ ഓട്ടത്തിന്റെ ഫലമാണു്. വീണുപോയവനെ ഒരിക്കലും എഴുന്നേൽക്കാൻ മുന്നിൽ പോയവൻ സമ്മതിക്കില്ല. എഴുന്നേറ്റുപോയാൽ അവൻ തന്നെ പിന്നിലാക്കിയേക്കാം എന്ന ഭയം മുന്നിൽ പോയവനുണ്ടു്. സാമ്പത്തിക അസമത്വം നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം ഈ കൂട്ട ഓട്ടമാണു്. ഈ ഓട്ടത്തിനിടയിൽ ദരിദ്രർ ധനികരായെന്നും, ധനികർ ദരിദ്രരായെന്നും വരും. ദാരിദ്ര്യം പൂർണമായി മാറിയാലും ഓട്ടം നിലയ്ക്കുക ഇല്ല.
ജാതിവ്യത്യാസം ഉണ്ടായതെങ്ങനെ?
ഞാൻ:
ഇതുതന്നെയാണു് ജാതിവ്യത്യാസം നിലനില്ക്കുന്നതിനും കാരണം. മുൻകാലത്തു് പിന്നിൽ പോയവർ ഒരിക്കലും മുന്നിൽ വരില്ല എന്നു് മുന്നോക്കക്കാരനു് ഉറപ്പുണ്ടായിരുന്നു. അവർ അതിനു് ഭരണാധികാരികളായി, ജാതി തിരിച്ചു് സമൂഹത്തിൽ അടുക്കുകൾ ഉണ്ടാക്കിയിരുന്നു. മുന്നോക്കഭാവം ഒന്നിനൊന്നു നൽകി എല്ലാവരെക്കൊണ്ടും അംഗീകരിപ്പിച്ചിരുന്നു.
രാജു:
ജാതിവ്യത്യാസം ഉണ്ടായതു് ചാതുർണ്യത്തിൽ നിന്നല്ലേ. തൊഴിൽ അടിസ്ഥാനത്തിലുള്ള ജീവിതം പില്ക്കാലത്തു് ജാതിയായി പരിണമിച്ചുപോയതല്ലേ?
ഞാൻ:
ജാതിയല്ല ഉച്ചനീച ഭാവമാണു് പ്രശ്നം. പരസ്പരം മത്സരിക്കുന്നു എന്നതാണു് യഥാർത്ഥ പ്രശ്നം. ആദിമ മനുഷ്യനു് ലോകം മുഴുവൻ യഥേഷ്ടം സഞ്ചരിക്കാമായിരുന്നെങ്കിലും ഒരു പരിധിവിട്ടു പോയിരുന്നില്ല. നിത്യജീവിതത്തിനാവശ്യമായതു് കിട്ടാതെ വരുമ്പോഴേ ദൂരേയ്ക്കു സാധാരണ സഞ്ചരിക്കാറുണ്ടായിരുന്നുള്ളു. തന്റെ പരിചയപരിധിക്കപ്പുറത്തുള്ള എല്ലാറ്റിനേയും അവൻ സംശയിച്ചു. ഭയപ്പെട്ടു പ്രകൃതിയെ സ്വന്തമാക്കി വയ്ക്കുവാനുള്ള ശക്തിയും അറിവും നേടുന്നതിനനുസരിച്ചു് മനുഷ്യൻ മൃഗങ്ങളെ, മരങ്ങളെ, മണ്ണിനെ, സമുദ്രത്തെ, ആകാശത്തെ ഒക്കെ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണു്. എത്ര സ്നേഹത്തോടെ പട്ടിയേയും, പൂച്ചയേയും, പശുക്കളേയും ഒക്കെ അവൻ സ്വന്തമാക്കി വളർത്തുന്നു. മരങ്ങൾ നട്ടുവളർത്തുന്നു. ഭൂമിക്കു് അതിരിട്ടു സൂക്ഷിക്കുന്നു. എന്നാൽ ഒന്നുമാത്രം സ്വന്തമാക്കാൻ അവൻ കൂട്ടാക്കിയില്ലെന്നു തന്നെയല്ല, ആ ഒന്നിനെ ശത്രുവായി കരുതിക്കൊണ്ടാണു് അവൻ മറ്റുള്ളവയെ ഒക്കെ സ്വന്തമാക്കാൻ ശ്രമിച്ചതു്. എന്താണാ ഒന്നു്. പാമ്പാണോ? അല്ല. പാമ്പിനെ അവൻ പൂജിച്ചു. കാവു കൊടുത്തിരുത്തി. പിന്നെ എന്തിനെ? മനുഷ്യനെ. അന്നും ഇന്നും പ്രകൃതിയിൽ ഒരു മനുഷ്യനു് വേണ്ടാത്തതു് മറ്റു മനുഷ്യരെ ആണു്.
രാജു:
എന്തുകൊണ്ടിങ്ങനെ വന്നു?
ഞാൻ:
മറ്റു ജന്തുക്കളെയെല്ലാം അവനു് മനസ്സിലാക്കാമായിരുന്നു. ഇണക്കിയോ പിണക്കിയോ കീഴ്പെടുത്താമായിരുന്നു. തന്റെ രൂപത്തിലുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത ഉള്ളതു്, തനിക്കു വേണ്ടതുതന്നെയാണു് അവനും വേണ്ടതു് എന്നതാണു്. തന്റെ ഇണയെ ലോകത്തു് മറ്റൊരു ജന്തുവിനും ഇണയായി വേണ്ട, മറ്റൊരു മനുഷ്യനു വേണം. എന്റെ കാറ് ലോകത്തു് മനുഷ്യനൊഴിച്ചു് മറ്റൊരു ജന്തുവിനും ആവശ്യമില്ല. ഒരു വസ്തുവിൽ രണ്ടുപേർക്കു് പിടി ഇടേണ്ടി വരുമ്പോൾ ശത്രുത വരും. മനുഷ്യനു് ഇങ്ങനെ മനുഷ്യൻ ഏറ്റവും വലിയ ശത്രുവായിത്തീർന്നുപോയി. ഈ ശത്രുതാ ബോധം പരസ്പരം കീഴടക്കാനുള്ള വാസനയായി വികസിച്ചു. കൈയൂക്കുള്ളവൻ മറ്റുള്ളവരെ കിങ്കരന്മാരാക്കി. മനുഷ്യന്റെ ബോധത്തെ ചൂഷണം ചെയ്തു് മേലുകീഴ്ഭാവം സൃഷ്ടിച്ചു നിലനിറുത്തി. സ്ത്രീക്കു് സ്വാതന്ത്ര്യമില്ല. ശൂദ്രനു പഠിച്ചുകൂടാ. മന്ത്രിസഭായോഗം രഹസ്യമായിരിക്കണം. നിയമസഭയിൽ വോട്ടറന്മാർക്കു് സംസാരിച്ചുകൂടാ. ഞങ്ങളുടെ ദേവാലയത്തിൽ അന്യർക്കു കയറിക്കൂടാ. ഞാൻ വച്ച വീടു് എനിക്കു മാത്രമുള്ളതാണു്. ഈ ആധാരത്തിൽ കാണുന്ന സ്ഥലം എനിക്കുള്ളതാണു്. എന്നെല്ലാം അബദ്ധ പ്രമാണങ്ങൾ ചമച്ചുകൂട്ടുന്ന കൂട്ടത്തിലാണു് ജാതിയിലൂടെ ഉച്ചനീചത്വം ഉറപ്പിച്ചുവച്ചതു്. ആദ്യം താഴെ വന്നവർ സ്ഥിരമായി താഴെയായിപ്പോയി. എന്നാൽ പറയർക്കും പാക്കനാരുടെ പാരമ്പര്യസ്ഥാനം കൊടുത്തുയർത്തുകയും ചെയ്തു. ആപേക്ഷികമായ ഔന്നത്യം എല്ലാവർക്കും കൊടുത്തു് അതതു സ്ഥാനത്തു് ഉറപ്പിച്ചു.
നവ:
ലോകമൊട്ടാകെ ഈ അവസ്ഥയ്ക്കു് പതുക്കെപ്പതുക്കെ മാറ്റം വന്നു. ഒരു പുതിയ ബോധം ഉണർന്നു. തുല്യതയുടെ ബോധം, സമത്വത്തിന്റെ ആവേശം. അതോടെ അതിരുകൾ ഭേദിക്കപ്പെട്ടു. ചങ്ങലകൾ പൊട്ടിത്തെറിച്ചു. അടിയിൽനിന്നും മേലോട്ടു് ഒരു കുതിച്ചുകയറ്റം ഉണ്ടായി. മേൽഘടകങ്ങൾ ഭയന്നുവിറച്ചു. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഈ ദൃശ കുതിച്ചുകയറ്റം പല പേരുകളിൽ ഉണ്ടായി. ചിലേടത്തു സ്വാതന്ത്ര്യസമരം, ചിലേടത്തു രാജവാഴ്ചക്കെതിരായ പോരാട്ടം, ചിലേടത്തു സോഷ്യലിസം.
ഇതുവരെയുണ്ടായ സമരങ്ങളുടെ ആകെ ഫലം
ഞാൻ:
ആകെക്കൂടി ഉണ്ടായ ഫലം ഞാൻ പറയട്ടെ. എന്റെ തോന്നലാണിതു്. തെറ്റാവാം. എങ്കിലും പറയട്ടെ. അതിരുകളെല്ലാം പൊട്ടിച്ചെറിഞ്ഞു് നാം വർഗരഹിതസമൂഹത്തിലേക്കു് കുതിച്ചെങ്കിലും ഏകവർഗസമൂഹത്തിലാണു് തിരിച്ചെത്തിച്ചേർന്നതു്. യഥാർത്ഥത്തിൽ സംഭവിക്കേണ്ടതു സംഭവിച്ചില്ല.
കേശു:
ആ വർഗം മനുഷ്യവർഗമാണോ?
ഞാൻ:
അല്ല. മുതലാളിവർഗം തന്നെ. ശരിക്കുപറഞ്ഞാൽ സ്വകാര്യവർഗം. ആ പദം മലയാളത്തിൽ വന്നിട്ടില്ലാത്തതുകൊണ്ടു്, ഞാൻ മുതലാളിവർഗം എന്നു പറഞ്ഞുവെന്നേയുള്ളു. സ്വകാര്യവർഗം, പരാർത്ഥവർഗം എന്നു രണ്ടായി മനുഷ്യരെ തിരിച്ചാൽ രണ്ടാംവർഗം ചരിത്രത്തിൽ എന്നും അത്യന്തം കുറവായിരുന്നു എന്നു കാണാം. തൊഴിലാളിവർഗം പരാർത്ഥവർഗത്തിനു പകരമാവില്ല.
രാജു:
ഈ വിശകലനം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതു് ലോകാരംഭം മുതൽ ഇന്നുവരെയും മനുഷ്യരാശി സ്വകാര്യമാത്ര ജീവിതമാണു് നയിച്ചുപോരുന്നതു് എന്നാണു്. മാറ്റത്തിനാഗ്രഹിക്കുന്നവർ ധനിക ദരിദ്രഭേദമോ, ഉച്ചനീചഭേദമോ, വർഗവിഭജനമോ നോക്കാതെ സ്വകാര്യാസക്തിയിൽനിന്നു് സർവർക്കും മോചനം നേടാൻ വഴി ഒരുക്കുകയാണു് വേണ്ടതു്. എന്തുകൊണ്ടെന്നാൽ സ്വകാര്യമാത്ര ജീവിതശൈലിയാണു് ഇക്കണ്ട വിഭജനങ്ങളെല്ലാം ഉണ്ടാക്കി നിലനിർത്തിക്കൊണ്ടിരിക്കുന്നതു്.
പുതിയ ശ്രമം
ഞാൻ:
ഈ വസ്തുത അംഗീകരിച്ചാൽ മാറ്റത്തിനു് വിഭാഗീയശ്രമം പോര; സർവസ്പർശിയായ സമീപനമാണു് ആവശ്യം എന്നു് ബോദ്ധ്യമാകും. അപ്പോൾ വിമർശനം ഒരു വിഭാഗത്തെ മാത്രം പ്രതിക്കൂട്ടിലാക്കിക്കൊണ്ടു് വയ്യ എന്നുവരും. ഡോ. യു.ആർ. അനന്തമൂർത്തി അമ്പലപ്പുഴയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ പറഞ്ഞതുപോലെ ഉള്ളിൽ നിന്നുകൊണ്ടുള്ള വിമർശകരാകേണ്ടിവരും എല്ലാവരും. ഉള്ളിൽനിന്നു് എന്നുവച്ചാൽ ഏതിനെ ഇല്ലാതാക്കാൻ നാം ശ്രമിക്കുന്നുവോ അതിന്റെ തന്നെ ഭാഗമായി നിന്നുകൊണ്ടു് എന്നർത്ഥം.
മിനി:
ഒരു ജാതീയ സംഘടനയിൽ അംഗമായിരുന്നുകൊണ്ടു് ജാതിവ്യത്യാസത്തെ വിമർശിക്കുന്നതു് ആത്മവഞ്ചന ആവില്ലേ? അതു ഫലപ്രദമാകുമോ?
ഞാൻ:
ഞാൻ കഞ്ഞിപ്പാടം 854-ആം നമ്പർ എൻ. എസ്. എസ് കരയോഗത്തിലെ ഒരംഗമാണു്. നായന്മാരുടെ ഈ സംഘടനയിൽ അംഗമായിരുന്നുകൊണ്ടു് മാനുഷികതയെപ്പറ്റി പറഞ്ഞുനടക്കുന്നതു് ശരിയാണോ എന്ന ചോദ്യം പലർ ഉന്നയിച്ചിട്ടുണ്ടു്. ആ സംഘടനയിൽ ഞാൻ ഇന്നും തുടരുന്നു. രാജിവയ്ക്കുവാൻ ഉദ്ദേശിച്ചിട്ടേ ഇല്ല.
മിനി:
സാറിനു് ഈ വൈരുദ്ധ്യത്തെ കൊണ്ടുനടക്കാൻ പ്രയാസം തോന്നാറില്ലേ?
ഞാൻ:
ഇല്ല. എന്തുകൊണ്ടെന്നു പറയട്ടെ. വിഭാഗീയതകളില്ലാത്ത ഒരു മനുഷ്യസമൂഹം ഇന്നുള്ള വിഭാഗീയ വ്യവസ്ഥിതിയിൽ നിന്നാണല്ലോ വിരിഞ്ഞു വരേണ്ടതു്. വിഭാഗീയ ഗ്രൂപ്പുകളിൽനിന്നു് രാജിവച്ചു പിരിഞ്ഞു പോരുന്നവരെ ആ ഗ്രൂപ്പിൽ നില്ക്കുന്നവർ പിന്നീടു് ശ്രദ്ധിക്കാതെ വരും. പരസ്പരം പിൻതള്ളിക്കൊണ്ടു് ഉയർന്ന ഒരു മേഖലയിലേക്കു് കുതിച്ചുചാടിയ ഒരനുഭവമായിരിക്കും ഇരുകൂട്ടർക്കും ഉണ്ടാവുക. ഒന്നിച്ചുള്ള മാറ്റം പിന്നീടു് ഏറെ പ്രയാസമാകും. ഒരു പുതിയ അകൽച്ചകൂടി സൃഷ്ടിക്കുകയാവും ഫലം. ഇന്നിപ്പോൾ ഞങ്ങളുടെ കരയോഗ മന്ദിരത്തിൽ അയൽക്കൂട്ടത്തെപ്പറ്റി ഒരു ചർച്ചായോഗം സംഘടിപ്പിക്കാൻ പ്രയാസമില്ല. കരയോഗത്തിന്റെ പൊതുയോഗത്തിൽ വേണ്ടപ്പോൾ ഈ വിഷയം അവതരിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടു്. ജാതി, മതം, രാഷ്ട്രീയകക്ഷികൾ, തൊഴിൽ യൂണിയനുകൾ, ഇതിലൊക്കെ പ്രവർത്തിക്കുന്നവരാരും രാജിവച്ചു് അയൽക്കൂട്ടപ്രവർത്തനത്തിലേക്കു് വരരുതെന്നു് ഞങ്ങൾ പറയാറുണ്ടു്. ഓരോ കരയിലും എല്ലാവരും ഒന്നിച്ചുകൂടി തുടങ്ങുമ്പോൾ, ക്രമേണ മറ്റോരോന്നിനേക്കാളും പ്രയോജനം ഈ പുതിയ ഒന്നിച്ചുള്ള കൂട്ടങ്ങളിലൂടെ സംഭവിക്കുമെന്ന ധാരണ തെളിഞ്ഞു വരും. അന്നു് വിഭാഗീയതകൾ കൊഴിഞ്ഞുപോകും. ഉള്ളിൽനിന്നുള്ള വിമർശനത്തിനേ ഇതു കഴിയൂ. വിഭാഗീയതകൾ വേണ്ടെന്ന ബോധം വിഭാഗീയതകൾക്കുള്ളിൽനിന്നു വളർന്നു വരണം. അതിനു പുറത്തു് മറ്റൊരു ഗ്രൂപ്പുണ്ടാക്കിയാൽ സംഘട്ടനത്തിനു് വഴിതെളിക്കാമെന്നല്ലാതെ ഒരിക്കലും പുത്തൻസമൂഹം ഉണ്ടാവില്ല. മദ്യപന്മാർ മദ്യപാനത്തിനു് എതിരാകണം. “ഞങ്ങളോ ഇങ്ങനെ ആയി. ഭാവി തലമുറ എങ്കിലും രക്ഷപ്പെടണം” എന്നവർ പറയണം. അതിനുമുണ്ടു് ഒരു ഫലം. തന്നെയല്ല ആ വഴിയാണു് എതിർപ്പിന്റെയോ രാജിവയ്ക്കലിന്റെയോ വഴിയല്ല, ശരിയായ വഴി എന്നെനിക്കു തോന്നുന്നു. നാം എല്ലാം ചേറിലായിപ്പോയി. കഴുത്തറ്റം ചേറിൽ കുളിച്ചവർ, അതു മനസ്സിലാക്കി, ഒന്നിച്ചു കരകയറാൻ ശ്രമിക്കുന്ന ഒരു ശൈലിയാണു് നവസമൂഹ രചനയ്ക്കു് ഇനി ആവശ്യം. ഇത്തരത്തിൽ പോകണം പുതിയ വിമർശനം.
പുതിയ ലോകത്തെപ്പറ്റിയുള്ള ഭാവനയുടെ തടസ്സം

രണ്ടാമത്തേതു് ഭാവനയാണു്. പുതിയ ലോകത്തെപ്പറ്റിയുള്ള സ്വപ്നം അതാണല്ലോ നമ്മുടെ ഇന്നത്തെ ചർച്ചാവിഷയം.

കബീർ:
അതായിരുന്നു ഇങ്ങോട്ടു വരാൻ ഞങ്ങളെ പ്രേരിപ്പിച്ച കാര്യവും.
മിനി:
ഈ സ്വപ്നം സാമൂഹ്യസ്വപ്നമായി മാറണം. വളരെ കുറച്ചുപേരുടെ ഭാവനയിലേ ഇന്നുള്ളു.
ഞാൻ:
അതുതന്നെയാണു പ്രശ്നം. അമ്പലപ്പുഴയിൽ അയൽക്കൂട്ടം ഇന്നും വളരെ കുറച്ചുപേരുടെമാത്രം സ്വപ്നമാണു്. പലർക്കും ഇതൊന്നും ഒരു ചിന്താവിഷയംപോലും ആയിട്ടില്ല. പുതിയ ജീവിതഭാവന എങ്ങനെ എല്ലാവരിലും ഉദ്ദീപിപ്പിക്കാം എന്നതൊരു പ്രശ്നം തന്നെയാണു്. മറുപടി കിട്ടാത്ത പ്രശ്നം.
ആശയവും പ്രയോഗവും
ചോദ്യം:
ആശയം പ്രാവർത്തികമാകുന്നതെങ്ങനെ?
ഉത്തരം:
ശരിക്കറിഞ്ഞുകൂടാ. ഒരാളിൽ ഒരാശയം വിടർന്നുവന്നാൽ അതു് ഭാഷയിലൂടെ മറ്റൊരാളിൽ എത്തുന്നു. രണ്ടാമത്തെയാൾക്കു അതൊരറിവാണു്. ആ അറിവു് അയാൾ സ്വയം രൂപീകരിച്ചെടുത്തതല്ല. അതു വീണ്ടും അയാളുടെ ആശയമായി തീരണം. അപ്പോൾ അയാൾ അതു മൂന്നാമതൊരാളോടു പറയുന്നു. മൂന്നാമനിലും ആ അറിവു് ആശയമാകുകയും ആശയാവിഷ്കരണം നടക്കുകയും ചെയ്യും. ഇങ്ങനെ ആശയങ്ങൾ വിനിമയത്തിലൂടെ ആദ്യം അറിവായും അറിവു വീണ്ടും ചിന്തനത്തിലൂടെ ആശയമായും പരിചിതസമൂഹത്തിൽ നിറഞ്ഞു് കനം തൂങ്ങിവന്നു് കർമരൂപത്തിൽ സംഭവങ്ങളാകണം. അതുകൊണ്ടാണു്, ഒരു പ്രദേശം കേന്ദ്രീകരിച്ചു് എല്ലാ വീടുകളിലും ആശയം പകരണമെന്നു പറയുന്നതു്. ആശയം ഇങ്ങനെ വ്യക്തികളിലൂടെ പകർന്നു വരുമ്പോൾ വ്യക്തികളുടെ മാനസികനിലയ്ക്കനുസരിച്ചു് അതിൽ മാറ്റം സംഭവിക്കും. സാഹചര്യത്തിനനുസരിച്ചു് ആശയം അങ്ങനെ തെളിയുകയോ മങ്ങുകയോ ചെയ്യും. ആവിഷ്കർത്താക്കൾ അതറിഞ്ഞു് വിശദീകരണം നൽകിക്കൊണ്ടേ ഇരിക്കണം. അല്ലെങ്കിൽ ആശയങ്ങൾ തെറ്റിദ്ധരിക്കപ്പെടും. ലക്ഷ്യപ്രാപ്തിയിലെത്തുകയില്ല. ആശയ കൈമാറ്റത്തിനു് ഒരുദാഹരണം പറയാം. ‘നമ്മുടെ നാട്ടിൽ അതിർത്തി തർക്കം ഉണ്ടാവരുതു്. മനുഷ്യബന്ധത്തിനു് അതു് തടസ്സമാകും. മരത്തെക്കാളും മണ്ണിനേക്കാളും എത്രയോ വിലപ്പെട്ടതാണു് മനുഷ്യൻ. അതുകൊണ്ടു് നിലവിലുള്ള എല്ലാ അതിർത്തിത്തർക്കങ്ങളും സുല്ലിട്ടവസാനിപ്പിച്ചു് അയൽക്കാർ തമ്മിൽ നല്ല ബന്ധത്തിൽ വരണം’ എന്നു് ഒരാൾക്കു് തോന്നുന്നുവെന്നിരിക്കട്ടെ. അയാൾ അതു് മറ്റൊരു സുഹൃത്തിനോടു പറയുന്നു. ‘നടക്കാത്ത കാര്യം’ എന്നുപറഞ്ഞു് ആ സുഹൃത്തു് അതു് തള്ളിക്കളയുന്നു. മറ്റൊരു സുഹൃത്തു് ‘ഏറ്റവും ആവശ്യമുള്ള കാര്യം’ എന്നു പറഞ്ഞു് അംഗീകരിക്കുന്നു. നമുക്കു് അടുത്ത വീട്ടിൽചെന്നു് ഇതേപ്പറ്റി പറഞ്ഞുനോക്കാം എന്നു പറയുമ്പോൾ അംഗീകരിച്ച സുഹൃത്തു് ‘എനിക്കിപ്പോൾ ഒരത്യാവശ്യകാര്യമുണ്ടെ’ന്നു പറഞ്ഞുപോകുന്നു. ഇവിടെ എന്താണു് സംഭവിച്ചതു്. അറിവു് രണ്ടുപേരിലും ആശയമായില്ല. ഒരാൾ ചിന്തിച്ചതേയില്ല. മുഖവിലയ്ക്കു തള്ളി. മറ്റെയാൾ അംഗീകരിച്ചു. എന്നാൽ അയാളിൽ ആ അറിവു് സ്വന്തം ആശയമായി തീർന്നില്ല. ആശയത്തെ കർമമാക്കി മാറ്റാൻ തക്ക സന്നദ്ധത അയാളിൽ ഉണർന്നില്ല. ഈ സന്നദ്ധതയാണു് മുഖ്യ കാര്യം എന്നെനിക്കു തോന്നാറുണ്ടു്.
ചോദ്യം:
അപ്പോൾ പിന്നെന്തുചെയ്യും?
ഉത്തരം:
അറിഞ്ഞുകൂടെന്നതാണു സത്യം. എങ്കിലും ചെയ്യുന്നതു പറയാം. കണ്ടവരെ വീണ്ടും കാണുന്നു. ചിലർ ഒന്നിച്ചുവരാൻ തയ്യാറാകുന്നു. അവരിലും സന്നദ്ധത ഉണർന്നിട്ടുണ്ടെന്നു് വരില്ല. ഇവിടെ വ്യക്തിബന്ധം പ്രവർത്തിക്കും. തനിക്കു് ഉപേക്ഷിക്കാൻ വയ്യാത്ത ഒരാളുടെ കൂടെ സഞ്ചരിക്കാൻ കൗതുകം തോന്നുന്നു. ആശയപരമായ യോജിപ്പു് ഉണ്ടെന്ന വസ്തുതയും ഉണ്ടു്. ഇങ്ങനെ പുതിയ പുതിയ ആളുകളെ കണ്ടും പറഞ്ഞും ഉണർത്തിയും ഒരു പ്രദേശത്തു് അതിർത്തി തർക്കങ്ങളിൽ നിന്നുള്ള മോചനം ഒരു സംഭാഷണവിഷയമാകണം. ചായക്കടയിലും ചാരായഷാപ്പിലും അമ്പലപ്പറമ്പിലും ഒക്കെ ആളുകൾ പരസ്പരം സംസാരിക്കാൻ തുടങ്ങുന്ന ഒരു ഘട്ടത്തിൽ എത്തണം. സാവധാനം സമൂഹമനസ്സു് രൂപപ്പെട്ടുവരുന്ന പ്രക്രിയയാണിതു്. സമൂഹമനസ്സിൽ ഈ ബോധം വന്നു കഴിഞ്ഞാൽ അതു് സാമൂഹ്യാവശ്യമായിത്തീരും. പിന്നീടു് എല്ലാവരും ഒന്നിച്ചുചേർന്നു് അതു് നടപ്പാക്കും. തന്റെ കൂടെ മറ്റുള്ളവരും ഉണ്ടു് എന്നു് എല്ലാവരും സാവധാനം അറിയുന്നു. ഒന്നിച്ചായാൽ ജനം എന്തിനും തയ്യാറാകും. വിശേഷിച്ചും വ്യക്തികളിൽ ബോധപൂർവം ഉറച്ച ഒരാവശ്യം നടപ്പാക്കാൻ എല്ലാവരും ഒന്നിച്ചുണ്ടു് എന്നുവന്നാൽ ആ കാര്യം ഏറ്റവും ഭംഗിയായി നിർവഹിക്കപ്പെടും. സമൂഹജീവിതം എന്ന ആശയത്തെ ഇപ്രകാരം ഒരു സാമൂഹ്യാവശ്യമാക്കി തീർക്കാൻ കഴിയുമോ എന്നാണു് അമ്പലപ്പുഴയിൽ പരീക്ഷിക്കുന്നതു്.
അമ്പലപ്പുഴയിലെ സ്ഥിതി
ചോദ്യം:
മുന്നൂറു വീടുകൾക്കിടയിൽ ഏതാണ്ടു് രണ്ടു വർഷത്തോളം ഈ പ്രവർത്തനം നടത്തീട്ടു് ഇപ്പോൾ അമ്പലപ്പുഴ ഏതു ഘട്ടത്തിലാണു് എത്തിയതു?
ഉത്തരം:
ആശയം എല്ലാ വീടുകളിലും എത്തി. പലേടത്തും അതു് അറിവായിപ്പോലും സ്വീകരിക്കപ്പെട്ടിട്ടില്ല. ആശയം കേട്ടതുകൊണ്ടു് അറിവാകുകയില്ലല്ലോ. അറിവാകണമെങ്കിൽ ശ്രദ്ധ വേണം. ആ അറിവു സൂക്ഷിക്കണമെങ്കിൽ അത്യാവശ്യമാണെന്നു തോന്നണം. കുറേപ്പേർ സഹകരിച്ചു പ്രവർത്തിക്കുന്നു. അവരുടെ ഇടയിൽ സംസാരവിഷയമാകാൻ തുടങ്ങിയിട്ടുണ്ടു്.
ചോദ്യം:
എതിർക്കുന്നവരുണ്ടോ?
ഉത്തരം:
ഉണ്ടു്. അയൽക്കൂട്ടത്തെപ്പറ്റി പഠിച്ചു് അറിവാക്കി, ആ അറിവിനെ വിമർശിച്ചു് തെറ്റാണെങ്കിൽ തള്ളിക്കളയുന്ന മട്ടിലുള്ള അടിസ്ഥാന എതിർപ്പു് ഒരുത്തരിൽനിന്നും ഉണ്ടായിട്ടില്ല. തങ്ങളുടേതല്ല എന്നു തോന്നി തള്ളിക്കളയുന്ന ഒരു പ്രവണത കാണുന്നുണ്ടു്. ഇതു് ഒരു ബദ്ധപ്പാടാണെന്നു കരുതി തള്ളിക്കളയുന്നവരുണ്ടു്. ഇതിലൊക്കെ വീണാൽ കൈയിലെ പണം നഷ്ടമാകാനിടവരും എന്നു കരുതി ഒഴിഞ്ഞുമാറുന്നവരുണ്ടു്. സമയക്കുറവും ആരോഗ്യക്കുറവും കൊണ്ടു് മുന്നോട്ടു വരാൻ കഴിയാത്തവരുമുണ്ടു്.
രാജു:
ഞാൻ ഈയിടെ ഒരാളുടെ സംസാരം കേട്ടു. അദ്ദേഹം സന്തോഷമായി ജീവിക്കുന്നു. കുടുംബാംഗങ്ങളുടെ ഓരോരുത്തരുടേയും പേരിൽ ഓരോ ലക്ഷം രൂപാവീതം നിക്ഷേപമുണ്ടു്. വളരെ സൗകര്യമായൊരു വീടുണ്ടു്. കൃഷി, വ്യവസായം ഒന്നുമില്ല. പ്രതിമാസം കിട്ടുന്ന പലിശ ജീവിതച്ചെലവിനു വേണ്ട. മക്കൾക്കെല്ലാം ജോലിയുണ്ടു്. ഒരു പ്രശ്നവും ഇല്ല. അദ്ദേഹം യഥാർത്ഥത്തിൽ സ്വസ്ഥനും സന്തുഷ്ടനുമാണു്. സന്തോഷമായി ജീവിക്കാമെന്നിരിക്കെ പുതിയൊരു നാളേയ്ക്കുവേണ്ടി എന്തിനു കഷ്ടപ്പെടണം എന്നാണദ്ദേഹം ചോദിക്കുന്നതു്.
നവ:
പലരും ഇന്നീ മനോഭാവത്തിലാണു്. ആരോടും ബന്ധപ്പെടാതെ വീടിനുള്ളിൽ പുത്രകളത്രങ്ങളോടുകൂടി നല്ല സാധനങ്ങൾ പാകപ്പെടുത്തി യഥേഷ്ടം കഴിച്ചു്, ടി. വി., ഫോൺ, കാർ എല്ലാ ഉപകരണങ്ങളോടും കൂടി സ്വസ്ഥമായി ജീവിക്കുന്നു. ഇതിലുപരി എന്തുവേണം.
കേശു:
ഇതു സാധിക്കാത്തവരുടെ നിലയോ?
കബീർ:
വിദ്യാസമ്പന്നനായ ഒരാൾ ഈയിടെ പറയുകയുണ്ടായി ഇതിനുത്തരം. “ഞങ്ങൾ വളരെ കഷ്ടപ്പെട്ടാണു് ഇതൊക്കെ നേടിയതു്. എല്ലാവർക്കും ഇതിനുള്ള സ്വാതന്ത്ര്യമുണ്ടു്. കണ്ടമാനം പണം ചെലവാക്കാതെ സൂക്ഷിച്ചുവച്ചു് അദ്ധ്വാനിച്ചു് ഉയരണം. ഓരോരുത്തരും അതിനു ശ്രമിച്ചാൽ മതി. ആരെങ്കിലും അതിനു പ്രാപ്തരല്ലെങ്കിൽ അവരുടെ വിധി അവരനുഭവിക്കട്ടെ. അതിനു നമുക്കു് കാര്യമൊന്നുമില്ല. നേരവുമില്ല. നാം കഷ്ടപ്പെട്ടുണ്ടാക്കിയതു് അലസന്മാർക്കുവേണ്ടി ചെലവിടാനില്ല. നമുക്കു് അനുഭവിക്കാനാണു്. മറിച്ചു് ചെലവിടുന്നതു് അലസത വർദ്ധിപ്പിക്കുകയേയുള്ളു.”
മിനി:
ഈ വാദത്തിനു് എന്തു മറുപടി പറയും?
ഞാൻ:
പ്രൊഫ: മുരളീധരമേനോൻസാർ ഒരിക്കൽ ഒരു കഥ പറയുകയുണ്ടായി. ഒരാൾ ഒരു കാട്ടിലൂടെ നടന്നുപോയപ്പോൾ പിന്നിൽ ഒരനക്കം കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരു പുലി വരുന്നതായി കണ്ടു. അയാൾ ഓടി. പുലിയും പിന്നാലെ ഓടി. പുലി അടുത്തുവെന്നു കണ്ടപ്പോൾ അരികിൽ കണ്ട കുഴിയിലേക്കു് അയാൾ ചാടി. ഇടയ്ക്കു് ഒരു വള്ളിയിൽ പിടികിട്ടി. അതിലയാൾ മുറുകെ പിടിച്ചു. തൂങ്ങിക്കിടന്നുകൊണ്ടു് മേലോട്ടു നോക്കിയപ്പോൾ പുലി പല്ലിളിച്ചു കരയ്ക്കു നോക്കിനില്ക്കുന്നു. കരകയറിയാൽ കഥ കഴിഞ്ഞതു തന്നെ. താഴോട്ടിറങ്ങാം എന്നു കരുതി കീഴോട്ടു നോക്കിയപ്പോൾ രണ്ടു പാമ്പുകൾ പത്തി വിരിച്ചു നില്ക്കുന്നു. ഭയന്നുവിറച്ചു് പിടിവള്ളിയിൽ മാത്രം അഭയംതേടി കിടക്കുമ്പോൾ ഒരു ചെറിയ ശബ്ദം കേട്ടു. അയാൾ പരതി. താൻ പിടിച്ചിരുന്ന വള്ളിയുടെ മൂടു് ഒരെലി ഇരുന്നു കരളുകയാണു്. അപ്പോഴേ അയാൾ ജീവിതാന്ത്യം കണ്ടു. ഭയപരവശനായി മേലോട്ടു വീണ്ടും നോക്കി. ഒരു പൂ വിടർന്നു് അതിൽ നിന്നു് തേൻ ഇറ്റു വീഴുന്നു തന്റെ നേരെ മുകളിൽ. അയാൾ നാക്കു നീട്ടി തുള്ളിതുള്ളിയായി ഊറി വീണുകൊണ്ടിരുന്ന തേൻതുള്ളികൾ നുണഞ്ഞു കുടിച്ചു. ഹാ! എന്തു രസം! സാഹചര്യബോധം കെട്ടടങ്ങി ഉണ്ടാകുന്ന ഇത്തരം നൈമിഷികസുഖമനുഭവിക്കുന്നവരുടെ അവസ്ഥ വ്യക്തമാക്കാൻ ഇതിൽപരം നല്ലൊരുദാഹരണം ആവശ്യമില്ല.
മിനി:
എല്ലാവരും നശിക്കുന്ന കൂട്ടത്തിൽ ഞാനും പോകട്ടേന്നു്. അതുവരെ സുഖമായി കഴിയാമല്ലോ എന്നവർ പറയും.
സാമൂഹ്യബോധം ഉണർത്താനുള്ള വഴി
ഞാൻ:
ശരി. അദ്ദേഹത്തെ ബദ്ധപ്പെടുത്താതിരിക്കൂ. സന്തോഷമായി ജീവിക്കുന്നവർ ജീവിച്ചുകൊള്ളട്ടെ. എങ്കിലും നമുക്കു് അദ്ദേഹത്തോടു് ചിലതു് ചോദിച്ചറിയേണ്ടതുണ്ടു്. നിങ്ങൾ ഇപ്പോൾ ശ്വസിക്കുന്ന വായു ശുദ്ധമാണെന്നു കരുതുന്നുണ്ടോ? കുടിക്കുന്ന ജലം മലിനമല്ലെന്നു തോന്നുന്നുണ്ടോ? മാർക്കറ്റിൽ നിന്നു വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കളിൽ നിങ്ങൾ തൃപ്തനാണോ? ആരാലും വഞ്ചിക്കപ്പെടാറില്ലെന്നാണോ വിശ്വസിക്കുന്നതു? നിങ്ങളുടെ കുടുംബാംഗങ്ങൾ നല്ല നിലയിലാണോ തമ്മിൽ തമ്മിൽ പെരുമാറുന്നതു? നിങ്ങൾക്കു് അവരിൽനിന്നു് സ്നേഹം കിട്ടുന്നുണ്ടോ? നിങ്ങൾക്കു ചുറ്റുപാടും നിന്നുള്ള ശബ്ദം കേട്ടിട്ടു് അസ്വസ്ഥത തോന്നാറുണ്ടോ? നിങ്ങൾ കഴിക്കുന്ന മരുന്നുകൾ അപകടം വരുത്തുകില്ലെന്നു് ഉറപ്പുണ്ടോ? അതൊക്കെയിരിക്കട്ടെ, നിങ്ങൾക്കു് സുരക്ഷിതത്വബോധം ഉണ്ടോ? നിങ്ങൾ ദൂരെയായിരിക്കുമ്പോൾ പുത്രകളത്രാദികളെപ്പറ്റി ഉത്കണ്ഠ തോന്നാറുണ്ടോ? നിങ്ങൾക്കു നീതി ലഭിക്കുമെന്നു തോന്നുന്നുവോ? നിങ്ങളുടെ സന്താനങ്ങൾ ഈ വ്യവസ്ഥിതിയിൽ നിങ്ങളുടെ മാതിരി സന്തോഷത്തിൽ കഴിഞ്ഞുകൂടുമെന്നു് കരുതുന്നുണ്ടോ? നിങ്ങളുടെ പടിക്കൽ വന്നു് തെണ്ടികൾ മുട്ടിവിളിക്കുമ്പോൾ അസഹ്യത തോന്നാറില്ലേ? ഏതുനിമിഷവും എന്തും സംഭവിക്കാം എന്നൊരവസ്ഥയല്ലേ ഇന്നുള്ളതു? സ്നേഹിതാ, സ്വസ്ഥത ഒറ്റപ്പെട്ട ഒരവസ്ഥയല്ല. മനുഷ്യമനസ്സു് അസാധാരണമായ സംക്രമണശേഷിയുള്ളതാണു്. പരിസരം സംസ്കാരശൂന്യമാണെങ്കിൽ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും അതു് ബാധിക്കും. ആരോഗ്യവും നിങ്ങൾക്കു മാത്രമായി നിലനിറുത്താവുന്നതല്ല. ജീവിതം പരസ്പരം കെട്ടുപിണഞ്ഞതാണു്. പുരോഗതി ഒറ്റപ്പെട്ട ഒന്നല്ല. ആകെ പുരോഗതി സംഭവിച്ചാലേ നിങ്ങളുടെ പുരോഗതിയുടെ വേരാവൂ. ഒറ്റപ്പെട്ട പുരോഗതി അധോഗതിയാണു്. ഒന്നിച്ചു് സഹകരിച്ചു് പുരോഗമിക്കുന്നതിലെ ആനന്ദം നാം അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടാണു് പ്രശ്നങ്ങളുടെ നടുവിൽ അല്പസുഖം ആവിഷ്കരിച്ചു് അതിൽ തൃപ്തരാകാൻ നമുക്കു് കഴിയുന്നതു്. ഇനി അതു സാധിക്കുകയില്ല. ഒരാൾ അസംതൃപ്തനായാൽ അയാൾക്കു ചിലപ്പോൾ ലോകത്തെ ആകെ കലക്കാൻ കഴിഞ്ഞെന്നു വരാവുന്നൊരു കാലമാണിതു്.
നവ:
ഇതിനു മറ്റൊരു വശമുണ്ടു്. എന്തിനിങ്ങനെ ഒറ്റയ്ക്കു സുഖം അനുഭവിക്കണം. ചുറ്റുപാടുള്ള മനുഷ്യരോടും പ്രകൃതിയോടും ഇണങ്ങാതെ വേർപിരിഞ്ഞുള്ള ജീവിതം മനുഷ്യോചിതമാണോ? ഒരു ശ്വാസംമുട്ടലല്ലേ അതു്. ഗത്യന്തരമില്ലാത്തതുകൊണ്ടല്ലേ ആളുകൾ വേർപിരിഞ്ഞു് ദുഃഖം അനുഭവിച്ചു കഴിഞ്ഞുകൂടുന്നതു്. ഇതു് മാറ്റാവുന്നതാണു്. മറ്റൊരാളുടെ ജിവിതം ധന്യമാക്കുന്നതിൽ നമുക്കു പങ്കാളികളാവാൻ കഴിയുമ്പോളാണു് നാം ധനികരാകുന്നതു്. മറ്റുള്ളവരിൽ നിന്നു് കഴിയുന്നതും അകന്നു് സ്വന്തം ജീവിതം സ്വസ്ഥമാക്കാമെന്ന ആത്മഹത്യാപരമായ ധാരണ ഉപേക്ഷിച്ചു് എല്ലാവരും പരസ്പരം ഉപയോഗപ്പെട്ടു ജീവിക്കുന്ന സഹകരണ സമൂഹ ജീവിതശൈലി സ്വീകരിക്കുകയാണു് ഇനി ലോകത്തിനുള്ള ഏക രക്ഷാമാർഗം എന്നു് ഇത്തരക്കാരെ ബോദ്ധ്യപ്പെടുത്താൻ കഴിയും; കഴിയണം.
മിനി:
എനിക്കു് ഈയിടെ ഒരു കുടുംബത്തിന്റെ അനുഭവ കഥ അറിയാനിടയായി. അച്ഛനും അമ്മയും ഒരു മകനും. നല്ല വരുമാനമുള്ള കുടുംബം. വിദ്യാസമ്പന്നരും ഉയർന്ന ഉദ്യോഗസ്ഥരും. രണ്ടുപേരും പെൻഷൻപറ്റി. മകൻ മുഴുക്കുടിയനായി. കഴിഞ്ഞമാസം ഒരു പെൺകുട്ടിയെ കൂട്ടി വീട്ടിലെത്തി. അടി പേടിച്ചു് അച്ഛനുമമ്മയും ഒന്നും പറഞ്ഞില്ല. കരുത്തനാണു് മകൻ. ആവശ്യപ്പെടുന്നതു കൊടുത്തില്ലെങ്കിൽ ചീത്തപറയുക മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യും. ആ വീട്ടിൽ എന്തു സംഭവിച്ചാലും അയൽക്കാർ തിരിഞ്ഞുനോക്കില്ല. അച്ഛനമ്മമാർ ഒരിക്കൽപോലും അയൽവീട്ടിൽ എത്തിനോക്കിയിട്ടില്ല. അങ്ങോട്ടാരും കടന്നുവരുന്നതു് അവർക്കിഷ്ടവുമായിരുന്നില്ല. രണ്ടുപേരും വീടിനുവേണ്ടിത്തന്നെ സമ്പാദിച്ചു; ജീവിച്ചു.
ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടു്
കബീർ:
നാരായണഗുരുവിനു് അയൽബന്ധത്തെപ്പറ്റി ഉണ്ടായിരുന്ന കാഴ്ചപ്പാടു് വ്യക്തമാക്കുന്ന ഒരു സംഭവം ഞാൻ ഓർമിക്കുന്നു. കൊല്ലവർഷം നൂറാമാണ്ടോടടുത്തു നടന്ന സംഭവമാണു്. മക്കത്തായ ബിൽ വന്ന കാലം. മക്കത്തായമോ, മരുമക്കത്തായമോ ശ്രേയസ്കരം എന്നതിനെപ്പറ്റി അന്നു് തിരുവിതാംകൂറിൽ പരക്കെ ചർച്ച നടന്നിരുന്നു. തിരുവനന്തപുരത്തുകാരായ ഏതാനും യുവ വക്കീലന്മാർ ഈ തർക്കത്തിൽ പെട്ടു. വാദപ്രതിവാദം വളരെ നടന്നെങ്കിലും ഒരു നിഗമനത്തിൽ എത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. ഒടുവിൽ സ്വാമികളുടെ അഭിപ്രായം അറിയണമെന്നു് അവർ നിശ്ചയിച്ചു. അന്നു് സ്വാമികൾ അരുവിപ്പുറത്തുണ്ടെന്നറിഞ്ഞു് അവർ അവിടെ എത്തി. പ്രശ്നം ഗുരുവിന്റെ മുന്നിൽ വച്ചു. മക്കത്തായമോ മരുമക്കത്തായമോ ഏതാണു് കുടുംബഭദ്രതയ്ക്കു് കൂടുതൽ ഉതകുന്നതു? അവർ ഗുരുവിനോടു് ചോദിച്ചു. ചെറുപ്പക്കാർ ചെവികൂർപ്പിച്ചുനില്ക്കെ സ്വാമികൾ പെട്ടെന്നു് മറുപടി കൊടുത്തു. “കുഞ്ഞുങ്ങളെ, മക്കത്തായത്തിന്റെയും മരുമക്കത്തായത്തിന്റെയും കാലം കഴിഞ്ഞു. അതു രണ്ടും മനുഷ്യനു ചേരില്ല. ഇനി ആവശ്യം അയൽവക്കത്തായമാണു്. സ്വത്തു് അയൽക്കാർക്കുകൂടി ഉള്ളതാണു്. അതാണു് കുടുംബഭദ്രത.”
രാജു:
ഓരോരുത്തരും തങ്ങളുടെ വരുമാനത്തിൽ അയൽക്കാർക്കും കൂടി പങ്കുണ്ടെന്നു കരുതി പ്രവർത്തിച്ചാൽ കുടുംബത്തിനകത്തു നിന്നുണ്ടാകുന്ന അവഗണനയെ അതിജീവിക്കാൻ കഴിയും. കുടുംബത്തിനകം പൊട്ടിത്തെറിച്ചാൽ പിന്നെ നില്ക്കക്കള്ളിയില്ലാത്ത ഒരവസ്ഥയാണിന്നുള്ളതു്. സ്വത്തുണ്ടാക്കി വീതംവച്ചു കൊടുത്തിട്ടു് ഒടുവിൽ വഴിയാധാരമാകേണ്ടി വരുന്ന എത്രയോ പേരുടെ കഥ നമുക്കറിയാം. ജീവിതം മുഴുവൻ കുടുംബത്തിനു വേണ്ടിമാത്രം. ഒടുവിൽ കുടുംബത്തിൽ അധികപ്പറ്റാകുമ്പോൾ ആശ്വസിപ്പിക്കാൻ മറ്റാരും ഇല്ലാത്തൊരവസ്ഥ. എന്തിനു് നാം ഇത്ര സങ്കുചിതരാകണം.
മിനി:
നാം ഇന്നു നയിച്ചുപോരുന്നമാതിരി സ്വകാര്യ കുടുംബജീവിതം നയിച്ചാൽ മതിയായിരുന്നെങ്കിൽ മനുഷ്യനു് ആർദ്രത, സഹാനുഭൂതി, വിശാലത, സത്യാന്വേഷണബുദ്ധി തുടങ്ങിയ ഗുണങ്ങൾ ഒന്നും വേണമായിരുന്നില്ല. മനുഷ്യനു് ലഭിച്ചിട്ടുള്ള ഈ വക ഗുണബീജങ്ങളെ വളരാനനുവദിക്കാതെ സംശയം, ഭയം, ആർത്തി, വിദ്വേഷം, ജന്തുക്കൾക്കുപോലുമില്ലാത്ത അസൂയ ഇതൊക്കെ വളർത്തി എടുക്കത്തക്ക വണ്ണം നാം ഇത്ര വിഡ്ഢികളായിപ്പോയല്ലോ.
ഞാൻ:
ഇതിനിടയിൽ കുറച്ചെങ്കിലും ചില ഗുണങ്ങൾ അവശേഷിക്കുന്നതുകൊണ്ടാണു് മനുഷ്യരാശി നിലനിന്നുപോകുന്നതു്. അവ വികസിപ്പിച്ചെടുക്കുകയാണു് ഏക രക്ഷാമാർഗം.
മിനി:
മാനുഷിക ഗുണങ്ങളിൽ ഏതാണു് ശ്രേഷ്ഠം? സത്യസന്ധതയാണോ? സ്നേഹമാണോ?
കബീർ:
ആർദ്രതയാണു്. ഓരോ മനസ്സിന്റേയും തുമ്പത്തു് അപരനോടുള്ള ആർദ്രത ഊറിയാൽ പരസ്പരം കണ്ണിചേർന്നു് പുതിയ ലോകമുണ്ടാകും. അവിടെ സത്യത്തിനും സ്നേഹത്തിനും പുലരാൻ കഴിയും.
ഞാൻ:
അതുതന്നെയാണു് ശരി. അങ്ങനെ ഒരു ലോകം നമ്മുടെ തലമുറ സ്വപ്നം കാണാൻ ഇട വന്നാൽ അതു സാക്ഷാത്കരിക്കുവാനും കഴിയാതെ വരില്ല.
എവിടെ തുടങ്ങണം?
കബീർ:
എവിടെയാണു് തുടങ്ങേണ്ടതു് എന്നു് നമുക്കാലോചിക്കാം.
ഞാൻ:
ഞങ്ങൾ അമ്പലപ്പുഴയിൽ പ്രാദേശികതലത്തിൽ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണു്. ഗവണ്മെന്റും, രാഷ്ട്രീയ-ജാതി-മത ശക്തികളും എല്ലാം പ്രാദേശിക സമൂഹരചനയ്ക്കു് ഊന്നൽ നൽകണം. പ്രവർത്തകരുടെ സമീപനം അതിനു് വഴി തുറക്കത്തക്കവണ്ണമായിരിക്കണം. എല്ലാവരും സഹകരിച്ചാൽ മാത്രമേ ഇക്കാര്യം നടക്കൂ.
നവ:
ഒരു ഗവണ്മെന്റിനും നിയമം കൊണ്ടു് സാധിക്കാവുന്ന കാര്യമല്ല നവസമൂഹരചന. ഗവണ്മെന്റുകളെ ഒഴിവാക്കിക്കൊണ്ടും സാദ്ധ്യമല്ല. പ്രാദേശികതലങ്ങളിൽ ജനങ്ങളെ ഉണർത്തണം. പരാർത്ഥ ജീവിതത്തിനു് പ്രേരിപ്പിക്കണം. ഓരോരുത്തരും അവരുടെ കഴിവുകളെല്ലാം ആകെ ലോകത്തിന്റെ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുവാൻ തയ്യാറാകുന്നൊരവസ്ഥ നാടുതോറും വളർത്തിയെടുക്കണം. ചെറിയ പ്രാദേശികസമൂഹങ്ങൾ ഉണ്ടായാൽ കാര്യം എളുപ്പമാകും. കൃഷിയിടങ്ങളിൽനിന്നോ, ഫാക്ടറികളിൽനിന്നോ വിദ്യാലയങ്ങളിൽനിന്നോ, അല്ല; ജീവിത ഇടങ്ങളിൽ നിന്നാണു് മാറ്റത്തിന്റെ തുടക്കം സംഭവിക്കേണ്ടതു്.
രാജു:
ഇന്നുള്ള സംഘടനകൾ ഈ പുതിയ ശ്രമത്തിൽ പങ്കാളികളാകുമോ? രാഷ്ട്രീയ കക്ഷികൾ ഈ രംഗത്തേക്കു് വരുമോ?
ഞാൻ:
ഇല്ലെങ്കിൽ ഇതു നടക്കുമെന്നു് ഞാൻ കരുതുന്നില്ല. അവരെ പ്രവർത്തകർ സമീപിക്കണം. ‘അവർ സഹകരിക്കുന്നില്ലെങ്കിൽ വേണ്ട; നമുക്കു ശ്രമിച്ചു നോക്കാം’ എന്നു നിശ്ചയിക്കാനിടവന്നാൽ ഈ ശ്രമവും പരാജയപ്പെടും. മാറ്റത്തിനു് തടസ്സമായി നില്ക്കുന്ന എല്ലാറ്റിന്റേയും ഒന്നിച്ചുള്ള മാറ്റമാണു് പരിവർത്തനം. മാറ്റത്തിനാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും തമ്മിലുള്ള യുദ്ധം മാറ്റത്തെ തടസ്സപ്പെടുത്തുകയേയുള്ളു.
പ്രവർത്തകരെ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ
കേശു:
നമ്മെ അഭിമുഖീകരിക്കാനിടയുള്ള തടസ്സങ്ങൾ എന്തെല്ലാമാകും? അതേപ്പറ്റി നമുക്കു് വ്യക്തമായ ധാരണ വേണം.
രാജു:
ഒന്നാമത്തെ തടസ്സം സ്വകാര്യജീവിത തൃഷ്ണ തന്നെയായിരിക്കും. അനന്തകാലത്തിന്റെ പഴക്കംകൊണ്ടു് ദൃഢമായിത്തീർന്ന ഈ മാനസികാവസ്ഥ വ്യക്തിയെ മറ്റുള്ളവരിലേക്കു് തിരിയുവാനും വളരുവാനും അനുവദിക്കുകയില്ല. നാം പാർട്ടികളേയും സർക്കാരിനേയും ഒക്കെ കുറ്റം പറഞ്ഞെന്നു വരും. ജാതി, വർഗീയത ഒക്കെ തടസ്സമാണെന്നു് പ്രഖ്യാപിക്കുവാൻ നാം തയ്യാറാകും. നമ്മളാണു് മുഖ്യതടസ്സം എന്നു തിരിച്ചറിയാൻ നാം കൂട്ടാക്കില്ല.
മിനി:
നമുക്കു നമ്മോടു തന്നെ ചോദിച്ചു നോക്കാം. എതിരായി നില്ക്കുന്നവരോടു പൊരുത്തപ്പെടാൻ നാം ഒരുക്കമാണോ?
ഞാൻ:
അവിടെത്തന്നെയാണു് തുടങ്ങേണ്ടതു്. പുതിയ സമൂഹം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ അതിനു് എല്ലാവരും പുതിയ സാധനയ്ക്കു് തയ്യാറാകണം. എല്ലാവരും ചേർന്നു് തീരുമാനിക്കണം. അതിർത്തിത്തർക്കം വേണ്ട. തർക്കമുള്ള മരം മറ്റേ വീട്ടുകാർ വെട്ടി എടുത്തുകൊള്ളട്ടെ. ആ മരത്തേക്കാൾ നമുക്കു് ആവശ്യം ആ വീട്ടിലെ മനുഷ്യരാണു്. എന്റെ വീട്ടിൽ ഒരാവശ്യം വന്നാൽ ഞാൻ എന്റേതാക്കി പിടിച്ചുവച്ച മരത്തിനു് ഒന്നും ചെയ്യാനാവില്ല; അയൽക്കാർക്കു് ആകും. മരത്തെക്കാളും മണ്ണിനെക്കാളും എനിക്കാവശ്യം മനുഷ്യരാണു്. ഇത്തരം ഉയർന്ന തീരുമാനങ്ങൾ നാടുകൂടി ഒന്നിച്ചെടുക്കണം.
രാജു:
അപ്പോഴും തടസ്സമുണ്ടാകും. നിലവിലുള്ള കക്ഷികൾ തങ്ങൾക്കു ജനങ്ങളുടെ മേലുള്ള പിടിവിട്ടുപോയേക്കാം എന്നറിഞ്ഞു് മറ്റു കാരണങ്ങൾ ഉന്നയിച്ചു് തടസ്സം സൃഷ്ടിച്ചെന്നു വരും.
നവ:
അതു് സ്വാഭാവികമാണു്. വേർപിരിഞ്ഞുള്ള എല്ലാ കാഴ്ചപ്പാടുകളും തടസ്സമായി വരാതിരിക്കില്ല. ജാതി, മതം, കക്ഷി, വർഗം, ആചാരം, ഭാഷ, ദേശം ഒക്കെ തടസ്സമായി വരും. സ്വന്തം നിലനില്പു് എല്ലാവരും ആഗ്രഹിക്കുന്നതാണിതിനു കാരണം. നാം അതു മനസ്സിലാക്കണം. സുരക്ഷിതത്വത്തിനും സ്വസ്ഥതയ്ക്കും ഇനി വേർപിരിഞ്ഞു നിന്നാൽ പോര; കൂടിച്ചേർന്നേ തീരൂ എന്ന ബോധം ഉണ്ടാകുമ്പോൾ സ്ഥിതി മാറും.
തടസ്സം നീക്കാൻ ദർശനം ചെയ്യുന്ന ശ്രമങ്ങൾ
ഞാൻ:
നമ്മുടെ രാഷ്ട്രീയകക്ഷികൾ ലക്ഷ്യമാക്കുന്നതെന്തോ അതാണു് ദർശനവും ലക്ഷ്യമാക്കുന്നതു് എന്നവർക്കു് മനസ്സിലാകണം. ചൂഷണമില്ലാത്ത, വിഭാഗീയതകളില്ലാത്ത ഒരു ലോകം എല്ലാ കക്ഷികളും ഇഷ്ടപ്പെടുന്നുണ്ടല്ലോ. ഇതു് ഏതെങ്കിലും ഒരു പാർട്ടിക്കു് ഭരണകൂടം വഴി നിർമിക്കാവുന്നതല്ലെന്നേ ദർശനം പറയുന്നുള്ളു. പുതിയ സമൂഹ രചന പുതിയൊരു ജീവിതമാണു്. അതൊരു സംഘടനയോ ഗവണ്മെന്റോ അല്ല. ജീവിതം സ്വസ്ഥമാകണമെങ്കിൽ ബന്ധപ്പെട്ടവരുടെയെല്ലാം സൗഹൃദം വേണം. പ്രവർത്തനത്തിൽ എല്ലാവരും പങ്കുചേരണം. 1983-ൽ ദർശനം സർവരോടും സഹകരണം അഭ്യർത്ഥിക്കുന്ന ഒരു നിവേദനം തയ്യാറാക്കി. 1400-ൽ പരം പേർ കൈയൊപ്പുവച്ചു് ആ നിവേദനം കേരളത്തിലെ ഇരുപത്തിയൊന്നു രാഷ്ട്രീയ പാർട്ടികൾക്കും, ജാതിമത സംഘടനകൾക്കും ഗവണ്മെന്റിനും കൊടുക്കുകയുണ്ടായി. നേതാക്കന്മാരെ നേരിൽ കണ്ടു സംസാരിക്കുന്നതിനുവേണ്ടി തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോടു് മുതലായ നഗരങ്ങളിൽ ചെന്നു താമസിച്ചു് നേരിൽകണ്ടു സംസാരിച്ചു. ആരും തന്നെ തള്ളിപ്പറഞ്ഞില്ല. ക്രിയാത്മകമായ സഹകരണം വേണ്ടത്ര ഉണ്ടായില്ലെങ്കിലും, എതിർക്കുന്നില്ല എന്നതുതന്നെ വലിയൊരു കാര്യമാണു്.
മിനി:
കക്ഷികളെ കവച്ചുവച്ചു് ജനങ്ങളെ സ്വാധീനിക്കുവാൻ നമുക്കുദ്ദേശ്യമില്ലല്ലോ?
ഞാൻ:
തീർച്ചയായുമില്ല. ഒരു ചെറുപ്രദേശം നിശ്ചയിച്ചു് അവിടെയുള്ള എല്ലാ വീടുകളിലും പ്രവർത്തകർ ചെന്നു് വീട്ടിലെ സ്ത്രീപുരുഷന്മാരും കുട്ടികളുമായി സംസാരിച്ചു നോക്കുക. “ഇത്ര കാലവും നാം വീടുതിരിഞ്ഞും ജാതിതിരിഞ്ഞും കക്ഷിതിരിഞ്ഞും ഒക്കെ ജീവിച്ചു. അതിന്റെ സുഖവും ദുഃഖവും നാം അനുഭവിക്കുന്നു. ഇനി നമുക്കു് എല്ലാപേർക്കും ഒന്നിച്ചു ജീവിച്ചുനോക്കാം.” ഇതു പറഞ്ഞാൽ നല്ല പ്രതികരണങ്ങൾ ഉണ്ടാകുമെന്നാണു് എന്റെ അനുഭവം.
മിനി:
ആ വഴിയിലും തടസ്സമുണ്ടാകാറില്ലേ?
ഞാൻ:
ഉണ്ടു്. അയൽക്കാർ തമ്മിലുളള കലഹം മുന്നോട്ടുള്ള ഗതിയെ ബാധിക്കും. കുടുംബത്തിനകത്തുള്ള കലഹം തടസ്സമായി വരും. പ്രവർത്തകരുടെ ഇടയിലുള്ള കുറവുകൾ ആളുകൾ എടുത്തുയർത്തി കാണിച്ചെന്നു വരും. ‘ഇത്തരക്കാരുടെ കൂടെ ഞങ്ങളില്ല’ എന്നു പറഞ്ഞു പരത്തും. ഇതിന്റെയൊക്കെ ഫലമായി പ്രവർത്തകർ നിരാശപ്പെട്ടു് പിൻവാങ്ങാൻ ഇടവരും. ജനങ്ങൾക്കു വേണ്ടാത്തതു് ഞങ്ങൾക്കും വേണ്ട എന്നു പറഞ്ഞു് പ്രവർത്തകർ പിൻമാറും.
നവ:
ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും?
ദർശനത്തിന്റെ സമീപനം
ഞാൻ:
ഇതു സംഭവിക്കുമെന്നറിഞ്ഞു തന്നെ പ്രവർത്തനം തുടങ്ങണം. ഒന്നാമതു് സ്വന്തം പാർട്ടിയിൽ നിന്നോ ജാതിമത സംഘടനകളിൽ നിന്നോ വിട്ടുപോരാനാരോടും ആവശ്യപ്പെടരുതു്. പ്രവർത്തകർ ആരും നില്ക്കുന്ന ഗ്രൂപ്പുകളിൽ നിന്നു സ്വയം വിട്ടുപോരികയും അരുതു്. അതോടൊപ്പം പുതിയൊരു പരീക്ഷണമെന്ന നിലയിൽ പ്രാദേശിക സമൂഹ രചനയ്ക്കുവേണ്ടി ശ്രമമാരംഭിക്കണം.
മിനി:
പാർട്ടിക്കുപുറത്തുള്ള പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ ഇടപെടരുതെന്നു് നേതൃത്വം വിലക്കിയാലോ?
ഞാൻ:
പാർട്ടിപ്രവർത്തകർ അതനുസരിക്കണം. പാർട്ടിക്കുള്ളിൽ പിളർപ്പുണ്ടാക്കരുതു്. പാർട്ടി നേതാക്കന്മാരെ പുതിയ പരീക്ഷണത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കണം.
ചോദ്യം:
ഭരണകൂടങ്ങളോടുള്ള നമ്മുടെ സമീപനം എങ്ങനെ ആയിരിക്കണം?
ഉത്തരം:
ഭരണകൂടം കൈയിലെടുത്തു് ശക്തമായ ഒരു ഉപകരണമാക്കി ബഹുജനങ്ങളുടെമേൽ പ്രയോഗിച്ചു് പുത്തൻ വ്യവസ്ഥിതി സാധിക്കാം എന്നു കരുതരുതു് എന്നാണെന്റെ അഭിപ്രായം. ഭരണകൂടങ്ങളെ സാവധാനം ഒഴിവാക്കുകയാണു് വേണ്ടതു്. അതിനു് ഗവണ്മെന്റിനെതിരായുള്ള സമരങ്ങൾ നിറുത്തിവയ്ക്കണം. ആവശ്യങ്ങൾ ഉന്നയിക്കാം. തരുന്നതു വാങ്ങാം. സർക്കാരിലേക്കു് കൊടുക്കേണ്ടതു കൊടുക്കാം. ഗവണ്മെന്റുകളെ ജനം സഹിക്കണം. എതിർക്കരുതു്. എന്തിനു്? ഗവണ്മെന്റിൽനിന്നു് മോചനം നേടാൻവേണ്ടി. തിരുവനന്തപുരത്തേക്കും ഡൽഹിയിലേക്കുമുള്ള ജാഥകൾ നാട്ടിൻപുറങ്ങളിലേക്കു തിരിച്ചുവിടണം. അധികാരത്തിലൂന്നിയുള്ള നോട്ടം വിട്ടു് ജനങ്ങളിലേക്കു് ശ്രദ്ധ തിരിക്കണം. സർക്കാർ ജനങ്ങൾക്കും പ്രകൃതിക്കും ഹാനികരമായ പലതും ചെയ്തെന്നുവരും. പലതിനും കൂട്ടുനിന്നെന്നും വരും. എങ്കിലും എതിർക്കാൻ നില്ക്കാതെ ഇടതുകൈകൊണ്ടു് വിലക്കിയിട്ടു് വലതുകൈ ജനങ്ങളിലുറപ്പിക്കണം. സർക്കാർ നയങ്ങൾക്കെതിരായി സമരം തുടങ്ങിയാൽ നാട്ടിൽ മനുഷ്യബന്ധം വളർത്തുന്ന ജോലി നടക്കില്ല. സർക്കാരിനെതിരായി ഇന്നു നടക്കുന്ന ഭൂരിഭാഗം സമരങ്ങളും തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമാണു്. യഥാർത്ഥത്തിൽ നാമെന്നും തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണുള്ളതു്. സമരവും സഹായവും പ്രകടനവുമെല്ലാം വോട്ടിൽ കണ്ണുനട്ടുകൊണ്ടാണു് ചെയ്യുന്നതു്. വോട്ടും തിരഞ്ഞെടുപ്പും സർക്കാരിന്റെ കാര്യമാണു്. തിരഞ്ഞെടുപ്പു സർക്കാർ പ്രഖ്യാപിക്കുമ്പോൾ നമുക്കു വോട്ടു ചെയ്യാം. അതിനു് അമിത പ്രാധാന്യം നൽകാതിരുന്നാൽ മതി. പ്രധാനവും പ്രഥമവുമായ കാര്യം ഏതെന്നു തിരിച്ചറിയണം. പ്രാദേശിക സമൂഹ നിർമാണം തന്നെയാണു് ലോകത്തിനു് ഇനി ആവശ്യം. ജനപ്രതിനിധികളെയല്ല. നാട്ടിലെ കാര്യങ്ങൾ നാട്ടുകാരാണു് നോക്കേണ്ടതു്. മനുഷ്യന്റെ നിത്യജീവിതത്തിൽ സദാ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കേന്ദ്രാധികാരം മനുഷ്യനാവശ്യമാകരുതു്. മനുഷ്യൻ അന്യോന്യജീവിതത്തിനു് തയ്യാറാകുന്നില്ല എന്നതാണു് ഗവണ്മെന്റുകളെ ആവശ്യമാക്കിത്തീർത്തിരിക്കുന്നതു്. നമുക്കു പുതിയൊരു ഗവണ്മെന്റല്ല; പുത്തൻ സമൂഹജീവിതമാണാവശ്യം. ഈ ബോധം ജനങ്ങളിൽ വളർത്തിയെടുക്കാൻ സർക്കാരിനെതിരായ സമരങ്ങൾ തടസ്സമായേ വരൂ. അഭിപ്രായം പറയരുതെന്നല്ല; അതു പറയണം. എന്നാൽ പുതിയ നിയമനിർമാണത്തിനും നിരോധനങ്ങൾക്കും വേണ്ടി സമരം ചെയ്യുന്നതിനു പകരം നാട്ടിൽ പുതിയ ജീവിതത്തിനു കളമൊരുക്കുകയാണു് ബുദ്ധി. ഇതിനു് തടസ്സമാകാത്ത തരത്തിലായിരിക്കണം ഗവണ്മെന്റിനോടുള്ള സമീപനം. ഏതാവശ്യവും സമരരൂപത്തിൽ അവതരിപ്പിക്കപ്പെടണം, എന്നാണു് ഇന്നു് മന്ത്രിസഭകൾപോലും ആഗ്രഹിക്കുന്നതു്. സമരം സർക്കാരിന്റെ നിലനില്പിന്റെ-ശക്തികേന്ദ്രീകരണത്തിന്റെ-അനിവാര്യ ഘടകമായിത്തീർന്നിട്ടുണ്ടു്. സെക്രട്ടറിയേറ്റിനെയും, നിയമസഭകളേയും ശല്യം ചെയ്യാതെ നമുക്കിനി ജനങ്ങളെ ശല്യം ചെയ്യാം. ഗവണ്മെന്റിനെ ഉണർത്തുന്നതിനു പകരം ജനങ്ങളെ ഉണർത്താം. പ്രശ്നങ്ങളുടെ നേരെ സർക്കാരിന്റെ ശ്രദ്ധ തിരിക്കുന്നതിനു പകരം നാടിന്റെ ശ്രദ്ധ തിരിക്കണം. പാർലമെന്റും നിയമസഭകളും പഞ്ചായത്തുകളും രൂപീകരിക്കുന്നതുകൊണ്ടു നിറുത്താതെ പ്രാദേശികസഭകൾകൂടി രൂപീകരിക്കണം. പ്രതിനിധി സഭകളിൽ മാത്രം പോരാ നാട്ടിലും നാട്ടുകാർ നിയമങ്ങൾ ഉണ്ടാക്കണം. നാടിന്റെ തീരുമാനം പാർലമെന്റിന്റെ തീരുമാനങ്ങളേക്കാൾ എത്രവേഗം നടപ്പിലാക്കാം, എത്ര ഉചിതമായിരിക്കും അവ. ഈ പ്രാദേശിക സമൂഹങ്ങളിലൂന്നിയുള്ള പുത്തൻ സംവിധാനം പരക്കെ ഉണ്ടാകുന്നതു വരെ ഗവണ്മെന്റുകൾ നിലനില്ക്കേണ്ടതു് ആവശ്യമാണു്. ഇതു് ബലപ്പെടുമ്പോൾ അതു് ദുർബലമായിക്കൊള്ളും. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങളെ പരസ്പരം കണ്ണിചേർക്കുന്നതിനു പകരം വേർതിരിച്ചു നിർത്തിക്കൊണ്ടു് കേന്ദ്രാധികാരത്തെ ബലപ്പെടുത്തുവാനാണു് ഇനിയും നാം ശ്രമിക്കുന്നതെങ്കിൽ രാഷ്ട്രങ്ങൾ സദാ ലഹളബാധിത പ്രദേശങ്ങളായി മാറുകയല്ലാതെ സ്വസ്ഥജീവിതം ഒരിടത്തും ഉണ്ടാവുകയേ ഇല്ല. ജനങ്ങൾ ചെയ്യേണ്ടതിനു പകരം നില്ക്കാൻ ഒരു ഗവണ്മെന്റിനും സാധ്യമല്ല. പുതിയ ലോകം പുതിയ മനുഷ്യനിലൂടെ സംഭവിക്കേണ്ടതാണു്. പുതിയ സർക്കാരിലൂടെ സാധിക്കേണ്ടതല്ല.
മാറ്റം പൊട്ടിത്തെറിക്കലല്ല, ഉണ്ടായി വരലാണു്
കബീർ:
മാറ്റം സംഭവിപ്പിക്കുന്നതിനു് ഒരു ഏജൻസി വേണ്ടേ? സ്വയം മാറ്റം സംഭവിക്കുമോ?
ഞാൻ:
മാറ്റം സംഭവിക്കണമെങ്കിൽ പുതിയ ഒരു ബോധം സമൂഹമാകെ ഉരുത്തിരിഞ്ഞു വരിക തന്നെ വേണം. ആ ബോധം ഉണർത്തി പ്രചോദിപ്പിക്കുന്നതിനു് പ്രവർത്തകരും വേണം. എന്നാൽ സംഘടനയും ഫണ്ടും ഉതകുമെന്നു് തോന്നുന്നില്ല. അവയുണ്ടായിപ്പോയാൽ ചേരിതിരിവു് സംഭവിക്കും. ഒരു പ്രത്യേക ഗ്രൂപ്പ് എത്ര നല്ല കാര്യത്തിലേർപ്പെട്ടിരുന്നാലും മറ്റു ഗ്രൂപ്പുകൾക്കു് അതിനെ ഉൾക്കൊള്ളാൻ പ്രയാസം വരും. അതുകൊണ്ടു് നവസമൂഹ രചന ഒരു സംഘടനാ പ്രവർത്തനമാകാതെ ഒരു ജീവിതഗതിയാവണം. ഒരു നാടു് സാവധാനം ഒന്നിച്ചുകൂടിയാലോചിച്ചു് പുതിയൊരു സമൂഹസൃഷ്ടിക്കുവേണ്ടി പുതിയൊരു ജീവിതം നയിക്കുന്നു. അതാവണം ശൈലി. ലക്ഷ്യം നേടിക്കഴിഞ്ഞാൽ മാദ്ധ്യമങ്ങൾ ഒന്നും അവശേഷിക്കരുതു്. അതായതു് പുതിയ സമൂഹത്തിൽ ജീവിക്കേണ്ടവർ തന്നെയാണു് പുതിയ സമൂഹത്തിനു് രൂപം കൊടുക്കുന്നതു്. വിജയം ഒരു ഗ്രൂപ്പിന്റേതാകരുതു്. എല്ലാവരുടേതുമാകണം. എല്ലാവർക്കുംവേണ്ടി എല്ലാവരുംകൂടി ചെയ്യുന്ന ഒരു കാര്യമെന്ന നിലയ്ക്കായിരിക്കണം പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതു്.
മിനി:
അങ്ങനെ എല്ലാവരും കൂടിച്ചേർന്നു് ഒരു കാര്യം തുടങ്ങാനാവുമോ?
ഞാൻ:
ആവുകില്ല. അതുകൊണ്ടു് താത്പര്യമുള്ളവർ ചേർന്നു് പ്രവർത്തിച്ചു് തുടങ്ങുകയേ പറ്റൂ. എന്നാൽ ആ പ്രവർത്തനം മറ്റുള്ളവരെക്കൂടി രംഗത്തേക്കു് കൊണ്ടുവരുന്ന തരത്തിലായിരിക്കണം. തങ്ങളുടെ ശരി മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുന്ന രീതി പുതിയ സൃഷ്ടിക്കു് ദോഷം ചെയ്യും.
നവ:
ജനങ്ങളുടെ തലച്ചോറിനുമീതേക്കൂടി ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, മതം എല്ലാം ഉരുട്ടിക്കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതിന്റെ ഫലമായി ബുദ്ധികെട്ടടങ്ങി മരവിച്ച ഒരു നിലയിലാണു് ഇന്നു് മനുഷ്യനുള്ളതു്. ഇനിയെങ്കിലും പ്രവർത്തനശൈലി മാറ്റണം. അമ്പലപ്പുഴയിലുള്ളവർക്കു് വേണമെന്നു തോന്നുന്നില്ലെങ്കിൽ അമ്പലപ്പുഴയിൽ അയൽക്കൂട്ടം ഉണ്ടാകരുതു്. കുറേ പ്രവർത്തകരുടെ താത്പര്യം ജനങ്ങളുടെമേൽ വച്ചുകെട്ടരുതു്. അതു് ദോഷമേ ചെയ്യൂ.
മിനി:
സേവനപ്രവർത്തനങ്ങൾ തുടങ്ങുന്നതു് പ്രയോജനപ്രദമാകുമോ? ശ്രദ്ധിക്കപ്പെടാൻ അങ്ങനെ ഒന്നു് വേണ്ടേ?
നവ:
സമൂഹത്തിലേറ്റവും കഷ്ടതയനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞു് അവർക്കു് തൊഴിൽ നൽകുക, വീടുവച്ചുകൊടുക്കുക, കക്കൂസ് ഉണ്ടാക്കിക്കൊടുക്കുക തുടങ്ങിയ സേവാപ്രവർത്തനങ്ങൾ ചെയ്തുകൊടുത്താൽ അതു് അടിസ്ഥാന സമൂഹ നിർമാണത്തിനു് സഹായകരമാകണമെന്നില്ല; എന്നാണു് എന്റെ അനുഭവം. സേവനത്തിന്റെ ധാര അതു് അനുഭവിക്കുന്നവരിൽ ചെന്നവസാനിച്ചു് പോവുന്നു എന്നതാണു് ഒരു ദോഷം. അവരിൽനിന്നു് അതു് മറ്റുള്ളവരിലേക്കു് ഒഴുകുന്നില്ല. എനിക്കു് വീടു് വേണം. അതുകിട്ടിയാൽ ഒരു തൊഴിലുവേണം. വീടും തൊഴിലും കിട്ടിയാൽ വേതനം കൂടുതൽ വേണം. ഇങ്ങനെപോകുന്നു ആഗ്രഹം. സേവനത്തിന്റെ ഫലമനുഭവിക്കുന്നവരിൽ സാമൂഹ്യബോധം ഉണരാനിടവരുന്നില്ല. കഷ്ടപ്പെടുന്നവരെ സാമൂഹ്യബോധത്തിലേക്കു് കൊണ്ടുവരിക സുസാദ്ധ്യമല്ലെന്നു് പ്രവർത്തകർ കരുതുന്നു. ജഠരാഗ്നിയും വിപ്ലവാഗ്നിയും ഒന്നിച്ചു് കത്തുകില്ല എന്നു പറയപ്പെടുന്നു. ജഠരാഗ്നി കെട്ടടങ്ങിയാൽ അവിടെ വിപ്ലവാഗ്നി ജ്വലിക്കുമോ?
സേവനം മതിയാവില്ല
മിനി:
വിശക്കുന്നവനോടു് ഒരു പ്രവർത്തകൻ എന്താണു് പറയേണ്ടതു? ഇയാൾക്കാവശ്യം ഭക്ഷണമാണെന്നറിയാം.
ഉത്തരം:
വിശന്നുതളർന്നവരെ തത്കാലം നമുക്കു് ശല്യപ്പെടുത്താതിരിക്കാം. എന്തെങ്കിലും കൈയിലുണ്ടെങ്കിൽ കൊടുക്കുകയും ചെയ്യാം. എന്നാൽ നമ്മുടെ സമീപനത്തിൽനിന്നു് അവർ ഒരുകാര്യം മനസ്സിലാക്കിയിരിക്കണം. നാം വിശക്കുന്നവരെ തേടി നടക്കുന്നവരല്ല. അതിന്റെ കാരണം ഇല്ലാതാക്കാൻ അവരുടേയും കൂടി സഹായം തേടാൻ വന്നവരാണു്. ഓരോരുത്തരും മറ്റുള്ളവരെക്കൂടി പരിഗണിച്ചു് ജീവിക്കുന്ന ഒരു വ്യവസ്ഥിതി ഉണ്ടായാൽ മാത്രമേ ദാരിദ്ര്യം ഇല്ലാതാവൂ. നമുക്കു് നല്ലൊരു വരുമാനം ഉണ്ടായി നമ്മുടെ ദാരിദ്ര്യം തീർന്നാൽ ദാരിദ്ര്യം എന്ന പ്രശ്നത്തിനു് അതൊരു പരിഹാരമാവുന്നില്ലെന്നു് ദരിദ്രരെ ബോദ്ധ്യപ്പെടുത്തണം. ശാശ്വത പരിഹാരത്തിനു് സേവനം പോരാ; സഹകരണം വേണം. നാം എല്ലാവരും വേണ്ടപ്പെട്ടവരെന്ന ബോധത്തിലുള്ള സഹകരണം വേണം.
രാജു:
ആ ബോധം ഒരു പ്രധാന പോയിന്റാണു്. ഒരു ദരിദ്രനു് ഒരാൾ ഒരുനേരത്തെ റേഷൻ വാങ്ങിക്കൊടുക്കുന്നു. അയാളതു് സന്തോഷപൂർവം സ്വീകരിക്കുന്നു. ഇല്ലായ്മ കണ്ടതുകൊണ്ടുണ്ടായ സഹതാപമാണു് അവിടെ പ്രവർത്തിച്ചതു്. നമുക്കു് അതു് പോരാ. ഈ മനുഷ്യൻ എനിക്കു് വേണ്ടപ്പെട്ടവനാണു്. എന്റെ ജീവിതം സുരക്ഷിതമായിരിക്കണമെങ്കിൽ ഇവനും സുരക്ഷിതനായിരിക്കണം. ലക്ഷോപലക്ഷം സെല്ലുകൾകൊണ്ടു് നിർമിക്കപ്പെട്ട ശരീരത്തിൽ ഒരു സെല്ലിനു് സ്ഥാനഭ്രംശം വന്നാൽ അതു് ആകെ വിപത്തുണ്ടാക്കും. അതുപോലെ ഓരോരുത്തരുടേയും നിലനില്പിന്റെയും പുരോഗതിയുടേയും കാര്യമാണു് കൂട്ടത്തിൽ ആരും പിന്നിൽ പോകാനിടവരരുതെന്ന കാര്യം. ഈ ബോധം ധനികരിലും ദരിദ്രരിലും എല്ലാവരിലും വളർത്തിയെടുക്കുന്നതിനുതകുന്ന സമീപനമാണു് പ്രവർത്തകരിലുണ്ടാകേണ്ടതു്. പത്തുവീടെങ്കിലും ഒന്നുചേർന്നിരുന്നു് അവർ നിശ്ചയിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ തുടങ്ങിയാൽ നീക്കം വിപ്ലവാത്മകമാകും.
അന്യായങ്ങൾക്കെതിരായ സമരം
നവ:
ദർശനത്തിൽ അന്യായങ്ങൾക്കെതിരെയുള്ള സമരങ്ങളെപ്പറ്റി ഇതുപോലെ വ്യത്യസ്തമായ ഒരു വീക്ഷണം ഉന്നയിക്കപ്പെട്ടതായി ഞാൻ ഓർക്കുന്നു.
കേശു:
സമരങ്ങളുടെ ശൈലിയിലും മാറ്റം ആവശ്യമാണു്.
മിനി:
പൂ വിരിയുന്നതുപോലെ ഒരു ജൈവപ്രക്രിയയാണു് സാമൂഹ്യമാറ്റം എന്നു് ദർശനം കരുതുന്നതായി എനിക്കു് തോന്നിയിട്ടുണ്ടു്.
ഞാൻ:
അതുശരിയാണു്. ബോധപൂർവമായ ഒരു ജൈവപ്രക്രിയ എന്നു് എടുത്തുപറയണം. സ്വാഭാവിക ജൈവപ്രക്രിയയല്ല. മാറ്റം സംഭവിക്കുന്നതെങ്ങനെയെന്നു് നമുക്കു് ചിന്തിക്കാം അരിയിൽ റെഡ് ഓക്സൈഡ് ചേർത്തു് വെള്ളയരി ചുമലയരിയാക്കി കൂടിയ വിലയ്ക്കു് വില്ക്കുന്ന ഒരു അരിവ്യാപാരിയെ നമുക്കു് സമീപിക്കാം. കേശു അപ്രകാരം ഒരു അരിവ്യാപാരിയാണെന്നിരിക്കട്ടെ. നമുക്കു് കേശുവിനെ സമീപിച്ചു് ചോദിച്ചു നോക്കാം.
ചോദ്യം:
നിങ്ങൾ എന്തുകൊണ്ടാണു് അരിയിൽ മായം ചേർക്കുന്നതു?
കേശു:
എനിക്കുമെന്റെ കുടുംബത്തിനും മറ്റുള്ളവരെപ്പോലെയെങ്കിലും ജീവിക്കണം. എല്ലാ കുഞ്ഞുങ്ങളും കുടയും പിടിച്ചു് സ്കൂളിൽ പോകുമ്പോൾ എന്റെ കുഞ്ഞു് വാഴയില ചൂടിപ്പോകുന്നതു് അവൾക്കും എനിക്കും ദുഃഖമാണു്. അതിനാണു് ഞാൻ അരിയിൽ മായം ചേർക്കുന്നതു്.
ഞാൻ:
അതിനു് അരി ലാഭത്തിൽ വിറ്റാൽപോരേ. കുടലിൽ അൾസറുണ്ടാക്കുന്ന ഈ വിഷം ചേർക്കണോ? ചിലപ്പോൾ ഒരു ഹോട്ടലിൽ നിന്നു് ആ ചോറ് തന്റെ കുട്ടിയും കഴിച്ചു എന്നു് വരില്ലേ?
കേശു:
ഇതു ചേർക്കുന്നതു് തെറ്റാണെന്നു് മറ്റാരെക്കാളും കൂടുതലായി എനിക്കറിയാം. മാർക്കറ്റിൽ എന്റെ വെളുത്തയരി കൊണ്ടുചെന്നാൽ അതവിടെ കിടന്നുപോകും. ചുമലയരി വിറ്റുപോകും.
ഞാൻ:
ചുമലയരിക്കു മാർക്കറ്റുള്ളപ്പോൾ താൻ പവിഴമോ പന്ത്രണ്ടെൺപത്തഞ്ചോ ഏതെങ്കിലും ചുമലയരിയുള്ള നെല്ലെടുക്കണം.
കേശു:
അതിനു വില കൂടും. മറ്റുള്ളവർ താണവിലയ്ക്കു് നെല്ലെടുത്തു് ഉയർന്ന വിലയ്ക്കു വിൽക്കുമ്പോൾ ഞാനുയർന്ന വിലയ്ക്കു നെല്ലെടുത്താൽ ഏതു വിലയ്ക്കു വിൽക്കും. ഇതു കൂടാതെ മില്ലിലും ലോറിക്കും കൂലി ദിവസേന വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥന്മാർക്കു് കൈക്കൂലിയും കൊടുക്കണം. ഇതൊക്കെ സഹിക്കാം. അരിവ്യാപാരി എന്നനിലയിൽ പിരിവുകാർ 50 രൂപയിൽ കുറഞ്ഞു് രസീത് എഴുതുകയില്ല. ഒരു കളത്തിൽ നിന്നു് ലോറിയിലേക്കു് നെല്ലു് മറിച്ചു കിട്ടണമെങ്കിൽ ഇപ്പോൾ ക്വിന്റലിനു 6-ഉം 7-ഉം രൂപ അട്ടിമറിക്കാർക്കു കൊടുക്കണം. കഴിഞ്ഞപ്രാവശ്യം ഒരു ചാക്കുമറിച്ച കൂട്ടത്തിൽ ചാക്കു പൊട്ടി നെല്ലു് വെള്ളത്തിൽ പോയി. “പുത്തൻ ചാക്കു വാങ്ങെടോ” എന്നാണു് അട്ടിമറിക്കാർ പറഞ്ഞതു്. എന്റെ നഷ്ടത്തിൽ എന്നോടു സഹതപിക്കാൻ ആരുമില്ല. അവരേയും കുറ്റം പറയുവാനാവില്ല. രാവിലെ മുതൽ കാത്തിരുന്നു് കാത്തിരുന്നാണു് അവർക്കൊരു പണി കിട്ടുന്നതു്. വെറുപ്പോടെയാണു് അവരും പണിയെടുക്കുന്നതു്. ഞാനെന്തു ചെയ്യണം സാർ പറഞ്ഞാട്ടെ? അരിയുടെ കൂടെ റെഡ് ഓക്സൈഡിനു പുറമേ ചരൽകൂടി ചേർത്താലോ എന്നാണു് ഞാനാലോചിക്കുന്നതു്. എന്റെ സഹപ്രവർത്തകർ പലരും നെല്ലു പുഴുങ്ങി പൊടിമണൽ ചേർത്തു് ഉണക്കി തൂക്കം കൂട്ടിയാണു് വില്ക്കാറുള്ളതു്.
രാജു:
താനീപ്പണി വേണ്ടെന്നുവയ്ക്കണം. ജനങ്ങളെ ദ്രോഹിക്കരുതു്.
കേശു:
സാറെ, ഏതു ജനങ്ങളെയാണു് ദ്രോഹിക്കാതിരിക്കേണ്ടതു്. മറ്റൊരാളെ ദ്രോഹിക്കാൻ അവസരം കിട്ടിയാൽ അതുപയോഗിക്കാത്ത ഏതു ജനങ്ങളെയാണു ഞാൻ ദ്രോഹിക്കാതിരിക്കേണ്ടതു്. കഴിഞ്ഞയാഴ്ച ഒരു പശുക്കച്ചവടക്കാരൻ 7 ലിറ്റർ പാലു് കറന്നുകാണിച്ചു് 3000 രൂപയ്ക്കു് എനിക്കൊരു പശുവിനെ തന്നു. ഇപ്പോൾ നാലു ലിറ്റർ ആയി. ഏതോ മരുന്നു കുത്തിവച്ചു് പാലു് വർദ്ധിപ്പിച്ചതായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. ശ്വാസം നിലച്ചതുപോലെയായിപ്പോയി. ഞാൻ പറഞ്ഞു: “ഈ മായംചേർക്കലുകാരൻ കേശുവിനെതിരായി സമരം ചെയ്താൽ പ്രശ്നം പരിഹൃതമാകുമോ?”
നവ:
ഓരോരുത്തരും ചൂഷണത്തിനുള്ള അവസരം കിട്ടാൻ തരം കാത്തു നടക്കുകയാണു്. അന്യായത്തിനെതിരായി സമരം സംഘടിപ്പിക്കുന്ന പല ഗ്രൂപ്പുകാരുടേയും സമരഫണ്ടിന്റെ വരവു ചിലവു് ആക്ഷൻ കമ്മറ്റിയിൽ അവതരിപ്പിക്കാറേയില്ല.
കബീർ:
കുറച്ചുനാൾമുമ്പു് ആലപ്പുഴ ഭാഗത്തു് രസകരമായ ഒരു സംഭവം നടന്നു. സിമന്റിനു് നിയന്ത്രണം ഏർപ്പെടുത്തിയ ഘട്ടം. നിയന്ത്രിത വില ചാക്കിനു് 12 രൂപ. കരിഞ്ചന്തയിൽ 80 രൂപയ്ക്കുമേൽ വന്നു. ഒരുസംഘം ചെറുപ്പക്കാർ കൊള്ളലാഭത്തിനെതിരായി ഒരു കെണി ഒരുക്കി. കരിഞ്ചന്തയ്ക്കു കൊണ്ടുപോകുകയായിരുന്ന ഒരു ലോറി സിമന്റ് അവർ തടഞ്ഞു. റോഡിൽ ആളു കൂടി. സിമന്റുടമ യുവാക്കളുടെ നേതാവിനെ വിളിച്ചു് തന്നെ രക്ഷിക്കണമെന്നും ഇനി ഒരിക്കലും ഇതു ചെയ്യുകില്ലെന്നും പറഞ്ഞു. അയാളും ഒരു ചെറുപ്പക്കാരനായിരുന്നു. നേതാവു് അടുക്കുകില്ലെന്നു കണ്ടപ്പോൾ അയാൾ ഒരു നോട്ടുകെട്ടു പുറത്തെടുത്തു. ഇതു കണ്ടതോടു കൂടി യുവാവു് പൊട്ടിത്തെറിച്ചു. സിമന്റു മുഴുവൻ റോഡരികിൽ ഇറക്കിവയ്പിച്ചു. ചാക്കെണ്ണി, ഒരു ചാക്കിനു് 12 രൂപാ വച്ചുള്ള വില കണക്കാക്കി ലോറിക്കാരനെ ഏല്പിച്ചിട്ടു് ഇനി മേലാൽ താൻ കരിഞ്ചന്ത നടത്തുകയില്ലെന്നു് സത്യം ചെയ്യിച്ചു് വിട്ടു. യുവാക്കളുടെ ആ സംഘം ആ സിമന്റു മുഴുവൻ സാധാരണക്കാർക്കു് അവരുടെ വീട്ടാവശ്യത്തിനു് ചാക്കൊന്നിനു് 12 രൂപാ വിലവച്ചു് കൊടുത്തു. ഒരു പൈസപോലും അധികം വാങ്ങിയില്ല. അവരിൽനിന്നു തന്നെയാണു് എനിക്കീ വിവരം ലഭിച്ചതു്. സംഭവം വേദനയോടെ അവർ എനിക്കു് വിവരിച്ചുതന്നു. 12 രൂപാ കൊടുത്തു് ഒരു ചാക്കു വീതം വീട്ടാവശ്യത്തിനുവേണ്ടി വാങ്ങിക്കൊണ്ടു പോയവരിൽ പലരും അതു് 80 രൂപയ്ക്കു് മറിച്ചുവിറ്റു.
ഞാൻ:
എന്തുകൊണ്ടിതു സംഭവിച്ചു. പരസ്പര പരിഗണന ഇല്ലാത്ത ഒരു ലോകമാണു് നമ്മുടേതു്. ഗവണ്മെന്റാഫീസുകളിലോ, ആശുപത്രികളിലോ, മദ്യഷാപ്പുകളിലോ തിരഞ്ഞെടുപ്പു വേദികളിലോ വച്ചു് നമുക്കീ അന്യായങ്ങളെ വേറെ വേറെ എടുത്തു് പരിഹരിക്കുക സാദ്ധ്യമല്ല. അതുകൊണ്ടാണു് സമരമുറ മാറ്റണം എന്നു ദർശനം പറയുന്നതു്.
പുതിയ സമരമുറ
ചോദ്യം:
അനീതികൾക്കെതിരായി നടക്കുന്ന സമരങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതല്ലേ? ഒരുണർവുണ്ടാക്കാൻ അതൊരു വഴിയാവില്ലേ?
ഉത്തരം:
ഏറ്റവും വലിയ അനീതി ഏതാണു്? ഈ വ്യവസ്ഥിതിയാണെന്നാണു് എന്റെ പക്ഷം. വ്യക്തമായി പറഞ്ഞാൽ സ്വകാര്യമാത്രനിഷ്ഠമായ ഇന്നത്തെ ജീവിത വ്യവസ്ഥയാണു് ഏറ്റവും വലിയ അനീതി. അനീതികൾക്കെതിരായുള്ള ഇന്നത്തെ സമരങ്ങൾ പലതും വ്യവസ്ഥിതി ആകെ മാറ്റുവാനല്ല, ഈ വ്യവസ്ഥിതി നിലനില്ക്കെ ഇതിലെ ചില അനീതികളെ മാറ്റുവാനുള്ളതായിത്തീരുകയാണു് ഫലത്തിൽ. എന്നാൽ ലക്ഷ്യം ആകെ മാറ്റം തന്നെയാണു്. പിന്നെ എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? എല്ലാ അന്യായങ്ങളും അന്യോന്യം കൈകോർത്തു നിന്നാണു് ഈ സ്വകാര്യപര അധർമ്മ വ്യവസ്ഥിതിയെ നിലനിർത്തുന്നതു്. അതിൽനിന്നു് ഒന്നിനെ മാത്രമായി ഒരു കൂട്ടർതന്നെ എടുത്തുമാറ്റാൻ ശ്രമിക്കുന്നതാണു് വിഫലതയുടെ കാരണം. സമരം ഏതെങ്കിലും ഒരു പ്രശ്നത്തിനെതിരായിട്ടായിരിക്കും എന്നുള്ളതുകൊണ്ടു് ജനം ആ പ്രശ്നത്തെ മുൻനിറുത്തിയാകും സമരത്തിൽ പങ്കെടുക്കുക. പുതിയ സമൂഹം അവരുടെ മനസ്സിലില്ല. സ്വകാര്യത അവിടെ അവരോടൊന്നിച്ചുണ്ടാകും. കൂടാതെ അനുകൂല പ്രതികൂല ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും. അവർ തമ്മിലുള്ള സമരമാകും പിന്നെ. മറ്റൊന്നു് സമരത്തിൽ പങ്കെടുക്കുന്ന ജനങ്ങൾക്കു് തമ്മിൽ തമ്മിൽ സമരകാലത്തുണ്ടാകുന്ന അടുപ്പം, വിജയത്തിനു ശേഷം സാമൂഹ്യ ജീവിതരംഗത്തേക്കു് ഫലപ്രദമായി തിരിച്ചുവിടാൻ കഴിയാതെ വരുന്നു എന്നതാണു്. എന്തുകൊണ്ടെന്നാൽ സ്വകാര്യ പ്രേരണകൾ കൊണ്ടു് ഈ പ്രത്യേക പ്രശ്നത്തിലേക്കു് അവർ വന്നവരാണു്. പുത്തൻ സമൂഹത്തിന്റെ സ്വപ്നംപോലും അവരുടെ മനസ്സിലില്ല. എതിർ ഗ്രൂപ്പിനോടുള്ള വൈരാഗ്യവും ജനിച്ചു. വൈരാഗ്യവും സ്വകാര്യാസക്തിയും കൂടിച്ചേർന്നു് കലുഷമായ മനസ്സു് പുതിയ സമൂഹരചനയ്ക്കു് ഉതകുകയില്ല. മൂന്നാമത്തേതു് ഈ ഒരു അനീതി മാത്രമായി പരിഹരിക്കപ്പെട്ടാൽ അതിനെ മാത്രം ആശ്രയിച്ചു നില്ക്കുന്നവരുടെ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകും. അവർ സമരത്തിനെതിരാകും. ഏറ്റവും മുഖ്യമായ മറ്റൊരു കഷ്ടം മാറ്റം ആഗ്രഹിക്കുന്നവർ വിവിധ ഗ്രൂപ്പുകളിലായി വിവിധ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതു കാരണം അവരൊന്നിച്ചു് ഒരു ബഹുജന ശക്തിയായി പുത്തൻ വ്യവസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കാൻ ഇടവരാതാകുന്നു എന്നതാണു്. ഇത്തരത്തിൽ എത്ര തീവ്രശ്രമം നടന്നാലും പ്രശ്നങ്ങൾ വർദ്ധിക്കുകയല്ലാതെ പരിഹൃതമാകാനിടവരില്ല. ഉപരിചിന്തനം വേണ്ട ഒരു മുഖ്യ വിഷയമാണിതു്.
മിനി:
പുതിയ സമരമുറയുടെ സ്വഭാവം എന്തായിരിക്കണം?
ഞാൻ:
പുതിയ സമരമുഖങ്ങൾ കഴിയുന്നത്ര പ്രദേശങ്ങളിൽ കഴിയും വേഗം തുറക്കണം. ഈ മുഖങ്ങൾ സമരത്തിന്റെ ഭാവത്തിലല്ല; ജീവിതത്തിന്റെ ഭാവത്തിലാണു് തുറക്കപ്പെടേണ്ടതു്. അമ്പലപ്പുഴയിലെ ഗ്രാമക്കൂട്ടം അത്തരത്തിലൊരു സമരമുഖമാണു്. അരിയിൽ മായംചേർക്കുന്ന കേശുവിന്റെ കുടുംബത്തിനു ചുറ്റും മറ്റെല്ലാ വീടുകളും രക്ഷയ്ക്കുണ്ടു് എന്നുവരുമ്പോൾ കേശു മായംചേർക്കില്ല. ഓരോ വ്യക്തിയുടേയും ഓരോ കുടുംബത്തിന്റേയും ആവശ്യങ്ങളും പ്രശ്നങ്ങളും എല്ലാവരും ശ്രദ്ധിക്കുന്നുണ്ടു് എന്നുവരട്ടെ. എന്റെ മകളുടെ വിവാഹം എന്റെ നാട്ടിലുള്ള എല്ലാവരുടേയും അന്വേഷണ വിഷയമായിട്ടുണ്ടു് എന്നു വരുമ്പോൾ അവൾക്കു 30 വയസ്സു കഴിഞ്ഞാലും അവൾക്കോ എനിക്കോ ഇത്ര ഉത്കണ്ഠ ഉണ്ടാവുകയില്ല. ഇന്നു് ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്കു് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണു്. എന്റെ കാര്യം നോക്കാൻ ഞാനേ ഉള്ളു എന്നതൊരവസ്ഥ. എന്റെ ആവശ്യങ്ങളെന്തെല്ലാം എന്നു നിശ്ചയിക്കാൻ എനിക്കു സ്വാതന്ത്ര്യം ഇല്ല എന്നുള്ളതു് മറ്റൊരവസ്ഥ. ടെലിവിഷൻ ആവശ്യമില്ലെന്നെനിക്കറിയാം. പക്ഷേ, വീട്ടിൽ ടെലിവിഷൻ വാങ്ങിയില്ലെങ്കിൽ വീട്ടിനുള്ളിൽ സ്വസ്ഥത കിട്ടുകയില്ല. വീടു കാണാൻ വരൻ വരുമ്പോൾ ടെലിവിഷന്റെ പോരായ്മ ഏറെ അനുഭവപ്പെടും. അടിസ്ഥാനാവശ്യങ്ങളിൽ പെട്ടതല്ലെന്നു് എനിക്കറിയാമെങ്കിലും കറവപ്പശുവിനെ വിറ്റു് ടെലിവിഷൻ വാങ്ങാൻ ഞാൻ തയ്യാറാകും. അങ്ങനെ ഒരു വശത്തു് എന്റെ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഞാനേയുള്ളു എന്നു വരികയും മറുവശത്തു് എന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും എന്റെ നിയന്ത്രണത്തിലല്ലാതെ പെരുകി വരികയും ചെയ്യുമ്പോൾ ഞാനെന്തുചെയ്യും? ഞാൻ ആദരിക്കുന്ന മൂല്യങ്ങളെല്ലാം ആരാധനാവേദിയിലേക്കു മാറ്റി പ്രതിഷ്ഠിച്ചിട്ടു് നിലനില്പിനു് എന്താവശ്യമോ അതു ഞാൻ ചെയ്യും. ഈ സാഹചര്യം മാറ്റാതെ എന്നെ മാത്രം തിരുത്താൻ ശ്രമിച്ചാൽ തൂമ്പിന്റെ മുഖം അടയ്ക്കാൻ ശ്രമിച്ചാലത്തെപ്പോലെ ചിറ പൊട്ടാൻ ഇടവരുത്തുകയേ ചെയ്യു.
നവ:
സമീപനത്തിൽ വിവേകം വേണം. മാറ്റത്തിന്റെ കുത്തക ഏറ്റെടുക്കരുതു്. നടക്കുന്നില്ലെങ്കിൽ വേണ്ട. അതായതു് നാട്ടുകാരിൽ ആവശ്യബോധം ഉളവാക്കാൻ ആവുന്നില്ലെങ്കിൽ നാട്ടുകാർക്കുവേണ്ടി അവരുടെമേൽ പ്രവർത്തകർ നല്ല ഭാവി വച്ചുകെട്ടരുതു്. മാറ്റത്തിനു് ധൃതി പറ്റില്ല. ഒരു മുട്ട നമുക്കു് ഒരു നിമിഷംകൊണ്ടു് അടിച്ചു പൊട്ടിക്കാം. എന്നാൽ വിരിയാൻ അതിനാവശ്യമായ ചൂടു് ശാസ്ത്രീയമായി കൊടുത്തേപറ്റൂ. നാടുകൂടി സഹകരിച്ചു തുടങ്ങേണ്ട കാര്യങ്ങൾ പ്രവർത്തകർക്കു തന്നെ തുടങ്ങാൻ കഴിഞ്ഞാൽ പോലും അതു ചെയ്യരുതു്. ഒരു നാട്ടിൽ സർവോദയ സംഘത്തിന്റെ സഹായത്തോടെ ഒരു ഖാദി നെയ്ത്തു ശാല തുടങ്ങാൻ ഏതാനുംപേർ വിചാരിച്ചാൽ മതി. നാടിനു് പ്രയോജനപ്രദമായ കാര്യമാണിതു്. ഒരു വരുമാനവും ഇല്ലാത്ത കുറച്ചു സ്ത്രീ പുരുഷന്മാർക്കു് ജോലി കിട്ടും. അവരെ പൊതുരംഗത്തേക്കു കൊണ്ടുവരാം. ഇങ്ങനെയൊക്കെ കരുതി നെയ്ത്തുശാല തുടങ്ങിയതു് പലതും പിന്നീടടഞ്ഞുപോയി.
മിനി:
എന്താണു് കാരണം?
ഞാൻ:
നെയ്ത്തുശാലയിലേക്കു് ജനം ആകർഷിക്കപ്പെട്ടതു് അതു തുടങ്ങാൻ പ്രവർത്തകരെ പ്രേരിപ്പിച്ച ലക്ഷ്യത്തിലായിരുന്നില്ല. ജനം കൂലിക്കുവേണ്ടി വന്നു. പിന്നീടെന്തെല്ലാം പറഞ്ഞാലും കൂടുതൽ എന്ന പ്രശ്നം മനസ്സിൽനിന്നു മായില്ല. മറിച്ചു് നാട്ടിൽ വേണ്ട വസ്ത്രം നമുക്കുണ്ടാക്കാം, നമുക്കു് പരസ്പരം ബന്ധപ്പെട്ടു ജീവിക്കാം. ഇന്നത്തെ ഭീകര ലോകപ്രശ്നങ്ങൾക്കു് നമുക്കു് നമ്മുടെ നാട്ടിൽ ഒരു പരിഹാര കർമം നോക്കാം. ഈ ബോധത്തിൽ ജനത്തെ കൊണ്ടുവന്നു് അവർ ആലോചിച്ചു് സഹകരിച്ചു് നെയ്ത്തുശാല തുടങ്ങിയാൽ അവിടെ കൂലി എന്നൊരു പ്രശ്നമേ ഉണ്ടാവില്ല. വിലയ്ക്കു് എന്തെല്ലാം വാങ്ങേണ്ടി വന്നുവോ അതിന്റെ അനുപാത വിലയേ വസ്ത്രത്തിനു വരൂ. പണി സന്തോഷമായിരിക്കും. അതോടു കൂടി പുതിയ സമൂഹത്തിലേക്കു ഒരു പടി വച്ചുകഴിഞ്ഞു.
ഭരണകൂടവും വിപ്ലവവും
ചോദ്യം:
ഭരണകൂടശക്തിയെ വിപ്ലവത്തിനു് ഉപകരണമാക്കാവുന്നതല്ലേ?
ഉത്തരം:
അതേ.
ചോദ്യം:
അതിനു് വിപ്ലവകാരികളുടെ കൈയിൽ ഭരണകൂടം വരേണ്ടേ?
ഉത്തരം:
അവിടെ നമുക്കു് വഴിമാറി ചിന്തിക്കേണ്ടി വരും. ഭരണകൂടം വിപ്ലവകാരിയുടെ കൈയിൽ വന്നാൽ വിപ്ലവം സംഭവിക്കുകയില്ല. വിപ്ലവം സംഭവിപ്പിക്കാൻ കൊള്ളാവുന്ന ശക്തിയല്ല ഭരണകൂടം. ഗവണ്മെന്റെന്നാൽ സൈനികശക്തി, ധനശക്തി, ഉദ്യോഗസ്ഥശക്തി ഇതു മൂന്നുംകൂടി കേന്ദ്രീകരിച്ചുണ്ടാകുന്നതാണു്. ഇതു മൂന്നിനേക്കാളും ഉപരി ഗവണ്മെന്റുകളെ നിലനിറുത്തുന്നതു് ജനങ്ങൾക്കു് ഗവണ്മെന്റിന്റെ ശക്തിയിലുള്ള വിശ്വാസമാണു്. തങ്ങളുടെ ഏതു പ്രശ്നവും ഗവണ്മെന്റു വിചാരിച്ചാൽ പരിഹരിക്കാനാവും തങ്ങൾക്കാവില്ല എന്നൊരു വിശ്വാസം ജനങ്ങളുടെ ഇടയിൽ ഇന്നും നിലനിന്നുപോരുന്നുണ്ടു്. ജനങ്ങളുടെ രക്ഷകനാണു് ഭരണകൂടം എന്ന ധാരണയാണു് ഭരണകൂടങ്ങളെ നിലനിറുത്തുന്നതു്.
വിപ്ലവകാരി എന്തിനുവേണ്ടി നിലകൊള്ളണം?

ഈ അന്ധവിശ്വാസം മാറി ഭൂമിയിൽ മനുഷ്യജീവിതം അന്യത്വത്തിൽനിന്നു് അന്യോന്യതയുടെ തലത്തിലേക്കു് ഉയരണം. ലോകത്തിന്റെ ആകെ പുരോഗതിയുടെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കും ഉണ്ടെന്നു് ഓരോരുത്തരും അറിയണം. ഈ അറിവിന്റെ അടിസ്ഥാനത്തിൽ പ്രാദേശികസമൂഹങ്ങൾ ലോകമാകെ വിരിഞ്ഞു വരണം. ഭരണമുക്തലോകമാണു് വിപ്ലവകാരിയുടെ ലക്ഷ്യം. ആ ലോകത്തു് ചൂഷണം സംഭവിക്കാതെ സൂക്ഷിക്കുന്നതു് ഒരു പിടി ഉദ്യോഗസ്ഥന്മാരല്ല; സാഹചര്യമാണു്. ഈ സാഹചര്യം നിലനിറുത്തുന്നതു് ബഹുജനങ്ങളാണു്. നാടുതോറും നിത്യബന്ധമുള്ള ജനങ്ങൾ ഒന്നിച്ചുചേർന്നു് വേണ്ടതു് ആലോചിച്ചു് ചെയ്യുന്നു. അവരുടെ ജീവിതത്തെ തന്നിഷ്ടംപോലെ തിരിക്കാൻ ഒരു മേൽഘടകം ഉണ്ടായിരിക്കുകയില്ല. ലോകത്തു് ഒരു മനുഷ്യനും അങ്ങനെ ഒരു ഘടകം ആവശ്യമില്ല. അതാവശ്യമായി വന്നതു് പരസ്പരധാരണ വളർത്താൻ വേണ്ടത്ര ശ്രമം നടത്തുവാൻ കഴിയാതെ വന്നതുകൊണ്ടാണു്. പരസ്പരം ആശ്രയിച്ചേ നമുക്കു് ജീവിക്കാൻ കഴിയൂ. അങ്ങനെയാണു് ജീവിക്കുന്നതും. ആ ജീവിതം സ്വസ്ഥമായിരിക്കുന്നതിനാവശ്യമായ പരസ്പരബന്ധ ബോധം വളർത്തിയെടുക്കാതിരുന്നതുകൊണ്ടു് ഗവണ്മെന്റുകൾ ഒരിടനിലക്കാരൻ എന്ന നിലയിൽ വേണ്ടിവന്നു. ആദ്യമാദ്യം വല്ല യുദ്ധമോ മൃഗങ്ങളുടെ ശല്യമോ വല്ലതും ഉണ്ടാകുമ്പോൾ മാത്രമേ ഭരണാധികാരി ആവശ്യമായി വന്നിരുന്നുള്ളു. ഇന്നിപ്പോൾ വീടുവച്ചു താമസിക്കണമെങ്കിൽ വീടിന്റെ രൂപത്തിനു് സർക്കാരിന്റെ അനുവാദം വേണമെന്നും പുരയ്ക്കു് കരം കൊടുക്കണമെന്നും വരെ വന്നു. എന്തൊരു ഗതികേടാണിതു്. ലോകത്തുള്ള സകല ഭരണകൂടങ്ങളേയും ഒഴിവാക്കിക്കൊണ്ടു് ജനങ്ങൾ പരസ്പരം ചെറുസമൂഹങ്ങളായി ബന്ധപ്പെട്ടു ജീവിക്കുകയാണിനി ആവശ്യം. അതിനു് വിപ്ലവകാരികൾ അതതു രാഷ്ട്രങ്ങളിൽ നിലനിന്നു പോരുന്ന ഗവണ്മെന്റുകളുടെ സഹകരണം തേടണം. അധികാരം കൈയിലെടുക്കരുതു്. അധികാരം കൈയിൽ വന്നാൽ അതിൽ പിടിമുറുക്കേണ്ടിവരും. വളരെ ബലമായി പിടിച്ചില്ലെങ്കിൽ അതു മറുകൈയിൽ പോകും. അതുകൊണ്ടു് വിപ്ലവകാരി അധികാരത്തിൽ വരാതെ അധികാരത്തിന്റെ തണലിൽ നാടുതോറും സമൂഹജീവിതത്തിന്റെ വിത്തുകൾ മുളപ്പിച്ചുകൊണ്ടുവരണം. അവ ബലപ്പെട്ടു വരുമ്പോൾ ഗവണ്മെന്റുകൾ കൊഴിഞ്ഞുപോകും. ആവശ്യമില്ലാതാകും. അതുവരെ ഭരണകൂടങ്ങളെ എതിർക്കരുതു്. ഉദ്യോഗസ്ഥന്മാരുടേയും സൈനികരുടേയും ഭരണാധികാരികളുടേയും കൂടി ആവശ്യമാക്കിത്തീർക്കണം വിപ്ലവം.

മിനി:
ഇതിനു സമയമെടുക്കും. കാത്തിരിക്കാൻ ആളുകൾ തയ്യാറാകുമോ?
സാംസ്കാരിക വിപ്ലവം
നവ:
സാമ്പത്തിക ഭരണരംഗങ്ങളിൽ വേഗം വിപ്ലവം സാധിച്ചിട്ടു് ആ ശക്തികൾ ഉപയോഗിച്ചു് സാംസ്കാരിക വിപ്ലവം പിന്നാലെ നടത്താൻ ശ്രമിച്ച രാഷ്ട്രങ്ങളുടെ അനുഭവപാഠം നമ്മുടെ മുമ്പിലുണ്ടു് അതു പറ്റില്ലെന്നു തെളിഞ്ഞു കഴിഞ്ഞു. സാംസ്കാരിക വളർച്ചയ്ക്കനുസരിച്ചു് ജീവിതത്തിന്റെ സകല തുറകളിലും മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും എന്ന നിഗമനമാണു് കൂടുതൽ ശരി എന്നു് എനിക്കു തോന്നുന്നു.
കേശു:
ഈ സാംസ്കാരിക വിപ്ലവം സാധിക്കാൻ സാഹിത്യത്തിനും കലകൾക്കും എത്രമാത്രം കഴിയും എന്നു നാം ആലോചിക്കണം.
നവ:
അടിസ്ഥാന പ്രവർത്തനങ്ങളുണ്ടെങ്കിൽ അതിന്റെ കൂടെ സാഹിത്യാദികലകൾക്കു് പ്രോത്സാഹനം നൽകാനാവും എന്നതിൽ കവിഞ്ഞു് അവയ്ക്കു് തനതായി മാറ്റം വരുത്താൻ കഴിയുകയില്ല. വ്യക്തിപരമായ സമീപനം വേണം. ഓരോരുത്തരെയായി കാണുക. എവിടെയെങ്കിലുമുള്ള ഏതെങ്കിലും കുറെ വ്യക്തികളെയല്ല; ഒരു പ്രദേശത്തുള്ള എല്ലാ ഭവനങ്ങളിലേയും എല്ലാവ്യക്തികളേയും സമീപിക്കുക. ആ പ്രദേശത്തുള്ള സകല സ്ഥാപനങ്ങളിലേയും ആൾക്കാരെ കാണുക. വേണ്ടത്ര സമയമെടുത്തു്, വ്യക്തിബന്ധം പുലർത്തി, ആശയവിനിമയം സാധിച്ചതിനുശേഷം കൂട്ടായ ചർച്ചകൾ തുടങ്ങണം.
കബീർ:
ഇവിടെയാണു് പ്രശ്നം ആരംഭിക്കുന്നതു് വിളിച്ചാലാരും കൂടില്ല. വ്യക്തിപരമായും സംസാരിക്കുമ്പോൾ ശരിയെന്നു് എല്ലാവരും പറയും വരാമെന്നും പറയും. എന്നാൽ വരില്ല.
മിനി:
അവിടെ ആവശ്യങ്ങളും പ്രശ്നങ്ങളും ആകർഷണ ബിന്ദുവാക്കുന്നതിൽ തെറ്റില്ലെന്നെനിക്കു തോന്നുന്നു. ഒരു പൊതുവായ ആവശ്യം മുന്നോട്ടുവയ്ക്കണം. പോസ്റ്റാഫീസില്ലാത്തൊരു നാട്ടിൽ പോസ്റ്റാഫീസ് മുന്നോട്ടുവയ്ക്കാവുന്ന ഒരു കാര്യമാണു്. വഴികൾ, പൈപ്പ്, വൈദ്യുതി, കക്കൂസ് ഇതൊക്കെ ജാതിമത വ്യത്യാസം കൂടാതെ എല്ലാവർക്കും വേണ്ട കാര്യങ്ങളാണു്. അതുപോലെ ചില പ്രശ്നങ്ങൾ മുന്നിലേക്കു കൊണ്ടുവരാം. അതാതു നാട്ടിലെ സാഹചര്യാനുസരണം ഇതേതും മുന്നോട്ടുവയ്ക്കാം.
രാജു:
അറിവിന്റെ വഴിയും ആകർഷണ ബിന്ദുവാക്കാം. ഒരു ദൂരദർശിനി കൊണ്ടുവന്നു് അന്തരീക്ഷത്തിലെ ഗ്രഹങ്ങളെ കാണിച്ചു് വിശദീകരിക്കുക. ഒരു സൂക്ഷ്മദർശിനി കൊണ്ടുവന്നു് ബഹുജനങ്ങൾക്കു രോഗാണുക്കളെ കാണിച്ചുകൊടുത്തു് രോഗകാരണം വിശദീകരിച്ചു കൊടുക്കുക. നല്ല സിനിമാ പ്രദർശനങ്ങൾ നടത്തുക. തെരുവു നാടകങ്ങൾ, ഗാനമേളകൾ എന്നിവ ആളുകളെ കൂട്ടുന്നതിനു സഹായകമാകും. ശാസ്ത്ര സാഹിത്യ പരിഷത്തു് ഇതു ചെയ്യാറുണ്ടു്. നല്ല പ്രതികരണം ഉണ്ടാകുന്നുണ്ടു്.
കബീർ:
തൊഴിലിന്റെ അടിസ്ഥാനത്തിലുമാകാം. പപ്പടനിർമാണം, നെയ്ത്തു്, ഫോട്ടോഗ്രാഫി തുടങ്ങിയുള്ള തൊഴിലുകൾ സൗജന്യമായി പഠിപ്പിച്ചുകൊടുക്കുന്ന കേന്ദ്രങ്ങൾ ഉണ്ടാക്കി അതുവഴിയും കൂട്ടായ്മബോധം വളർത്താം.
രാജു:
ദേവാലയങ്ങളിൽ എല്ലാമതസ്ഥരും കൂട്ടങ്ങൾ നടത്താറുമുണ്ടല്ലോ. ചിലർ ഒന്നാംതിയതി തോറും കൂടുമായിരുന്നു. എല്ലാവർക്കും ഉച്ചയൂണു് അന്നു് ക്ഷേത്രത്തിലായിരിക്കും. അതൊരാകർഷണമാണു്. ക്ഷേത്രകലകൾ എല്ലാം ഈ ആകർഷണ ബിന്ദുക്കളാണു്. ഒന്നിച്ചു കൂട്ടിയിട്ടു് ആദർശമുള്ള കഥ പറഞ്ഞുകൊടുക്കുന്നു.
മിനി:
ഇന്നും സാമുദായിക രാഷ്ട്രീയ സമ്മേളന സ്ഥലങ്ങളിലെല്ലാം നാടകാദികലകൾക്കു് നല്ല സ്ഥാനം നൽകിയിട്ടുണ്ടു്. ഇതുതന്നെയാണു് അതിന്റെ ലക്ഷ്യം.
മാദ്ധ്യമങ്ങൾ മതിയാവില്ല
ഞാൻ:
പലകാര്യങ്ങളിലും നാം യോജിച്ചൊരു ചർച്ചയാണു് നടത്തിപ്പോരുന്നതു്. ഇടയ്ക്കു് അല്പം അഭിപ്രായവ്യത്യാസം വരുന്നതു് നല്ലതുതന്നെ. പഴയകാലത്തു് നാടുതോറും കൂട്ടം ഉണ്ടായിരുന്നുവെന്നു് രാജു പറഞ്ഞുവല്ലോ. ഇന്നും പലേടത്തും അതുണ്ടു്. മറ്റു പേരുകളിലാണെന്നു മാത്രം. അന്നും ഇന്നും ഈ കൂട്ടങ്ങളിൽ ഒരു കരയെ മുഴുവനും ഉൾക്കൊള്ളിക്കാറുണ്ടോ? ബ്രാഹ്മണസമൂഹം, നായർ കരയോഗം, ഇടവക, മഹല്ല് ഇങ്ങനെ പോകും അവ. നാം ഉദ്ദേശിക്കുന്ന അയൽക്കൂട്ടം അതല്ല. ഒരു കരയിൽ താമസിക്കുന്ന എല്ലാവരും ഒന്നിച്ചു സഹകരിച്ചു് പുരോഗമിക്കുന്ന ഒരുജീവിതമാണു് നാം ലക്ഷ്യമാക്കുന്നതു്. ആ ബോധത്തിൽ നാട്ടുകാരെ കൂട്ടാനാണു് നാം ശ്രമിക്കേണ്ടതു്. ആകർഷണ ബിന്ദു ഒന്നിച്ചു പുരോഗമിക്കുന്നതിലെ ആനന്ദമാകണം. പുതിയ അറിവുകളും, സൗകര്യങ്ങളും, സന്തോഷവും നേടി സ്വകാര്യജീവിത രംഗത്തേക്കു മടങ്ങിപ്പോകാനുള്ള താത്പര്യം ഉണർത്തി ഒന്നിച്ചു കൂട്ടുന്നതു് നവസമൂഹ രചനയ്ക്കു് സഹായകമാവുകയില്ല.
കബീർ:
ഈ ബോധം ഉണർത്തുക എളുപ്പമല്ലാത്തതുകൊണ്ടാണു് ജനങ്ങളെ ഒന്നിച്ചുകൂട്ടാൻ ചില ആകർഷകങ്ങൾ വേണ്ടിവരുമെന്നു് പറയുന്നതു്.
ഞാൻ:
നിങ്ങളീപ്പറഞ്ഞതെല്ലാം പരീക്ഷിച്ചു കഴിഞ്ഞതും ഇപ്പോഴും ചെയ്തു വരുന്നതുമാണു്. നെയ്ത്തുശാലയുടെ കാര്യം ഞാൻ പറഞ്ഞല്ലോ. തൊഴിലിന്റെ ആകർഷണത്തിൽ നാട്ടുകാരെ സംഘടിപ്പിക്കാനാണു് ഗാന്ധിസ്മാരകനിധി ശ്രമിച്ചതു്. ഗ്രാമസ്വരാജ് ആയിരുന്നു ലക്ഷ്യം. ആളുകൾ വരികയും സഹകരിക്കുകയും ചെയ്തു എന്നാൽ അവ വിജയിച്ചില്ല. വിശകലനം ചെയ്തുനോക്കിയാൽ കാരണം വ്യക്തമാകും. സ്വകാര്യപരതയുടെ കാഴ്ചപ്പാടു പുലർത്തിക്കൊണ്ടാണു് ആളുകൾ മുന്നോട്ടു വന്നതു്. ചിലപ്പോൾ പ്രവർത്തകർ പോലും സ്വകാര്യ ലക്ഷ്യം മുൻനിർത്തിയാണു് വരാറ്. രോഗാണുവിനെ കാണാൻ പോകുന്ന ഒരു വ്യക്തിക്കു് അനേകരുടെ കൂട്ടത്തിലിരുന്നാണു് താനതു കാണുന്നതു എന്നതുകൊണ്ടു് സാമൂഹ്യബോധം ഉണ്ടാകണമെന്നില്ല. ഹരിശ്ചന്ദ്രൻ സത്യത്തിനുവേണ്ടി തന്റെ മകനെ വിൽക്കുമ്പോൾ എല്ലാവരും കരഞ്ഞുപോകുന്നു. ആ സത്യബോധം സമൂഹ ജീവിതത്തിൽ ആവിഷ്കരിക്കാൻ അവർക്കു കഴിയുന്നില്ല. ഗാന്ധിജിയെപ്പോലുള്ള ചിലവ്യക്തികൾക്കു് കഴിഞ്ഞെന്നുവരും. ഞാൻ നിഷേധിക്കുന്നില്ല. ഒരിക്കൽ ഞാൻ ഒരു നൂല്പുശാലയിൽ പോയി. അവിടെ പ്രാർത്ഥനയോടെയാണു് നൂല്പു് ആരംഭിക്കുന്നതു്. പ്രാർത്ഥന കഴിഞ്ഞാൽ പത്തുമിനിട്ടു ക്ലാസ്സും ഉണ്ടാകും. ഞാനതിലെല്ലാം പങ്കെടുത്തു. ക്ലാസ്സുകഴിഞ്ഞു് കുട്ടികൾ അവരുടെ ചർക്കകളുടെ അടുത്തേയ്ക്കു് ഓടിപ്പോയി. ഈ പത്തുമിനിട്ടുകൂടി നൂൽക്കാൻ കിട്ടിയിരുന്നുവെങ്കിൽ ഞങ്ങൾക്കു് അല്പംകൂടി ആദായം കിട്ടിയേനെ. എന്നാണവരുടെ ഉള്ളിലിരുപ്പു്. എന്നു് അവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ എനിക്കു മനസ്സിലായി. എന്റെ വിചാരം ഞാനൊന്നു കൂടി വിശദമാക്കട്ടെ. സ്വകാര്യമാത്രപരതയ്ക്കു് അവസരം കിട്ടിപ്പോയാൽ അവൻ പിന്നെ പിന്മാറില്ല. അവന്റെ നീരാളിപ്പിടുത്തം വിടുവിക്കാനാവില്ല. നമ്മുടെ ഭരണത്തേയും തൊഴിലിനേയും സാഹിത്യത്തേയും എല്ലാം ഇവൻ സ്പർശിച്ചു കഴിഞ്ഞു. ഇനിയവന്റെ നീരാളിപ്പിടുത്തത്തിൽ നിന്നു് ഇവ രക്ഷപ്പെടുന്ന പ്രശ്നമേയില്ല.
മിനി:
ഈ സ്ഥാപനങ്ങളെ സംസ്കരിച്ചെടുക്കാൻ ഒരു വഴിയുമില്ലെന്നാണോ?
ഞാൻ:
സ്ഥാപനങ്ങൾ ജഡങ്ങളാണല്ലോ? മനുഷ്യനാണവയുടെ ആത്മാവു്. മനുഷ്യനിൽ മാറ്റം വന്നാൽ സ്ഥാപനങ്ങളുടെ രൂപഭാവങ്ങളിലും മാറ്റം വരും. ഇതു സാധിക്കണമെങ്കിൽ പുത്തൻ ജീവിതം തന്നെ ആകർഷണ ബിന്ദുവാകണം. ഇന്നത്തെ വ്യവസ്ഥിതി തുടരാൻ കൊള്ളാവുന്നതല്ലെന്നു തോന്നണം. പുതിയ തരം അടുപ്പു്, ചിലവു കുറഞ്ഞയിനം കക്കൂസ്, ശുദ്ധമായ പച്ചക്കറി തുടങ്ങിയവ ഓരോ വീടിനും ലഭ്യമാകുമോ എന്നതല്ല, ഇവ ഓരോ വീടിനും ഉണ്ടാവണമെന്നു് ഓരോ നാടും ആഗ്രഹിക്കുകയും ഒന്നിച്ചു് അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യുമോ എന്നതായിരിക്കണം പ്രവർത്തന ശൈലി. അപ്പോൾ മാത്രമേ അതു് വിപ്ലവ പ്രവർത്തനമാവൂ. ഇന്നത്തെ ശൈലി സ്വകാര്യതയും ഉദാസീനതയും ജനങ്ങളിൽ വർദ്ധിപ്പിക്കുകയേ ഉള്ളു. പ്രവർത്തകർക്കു് ഉത്സാഹം തോന്നും. എന്നാൽ ജനങ്ങളിൽ ഉത്തരവാദിത്വബോധം ഉണരുകയില്ല. പുതിയ അടുപ്പു് ചെയ്തു കൊടുത്തു കഴിഞ്ഞാൽ നല്ലതെന്നോ മോശമെന്നോ പറയും. നിസ്വാർത്ഥമായി അതു ചെയ്തു കൊടുത്ത പ്രവർത്തകർക്കു് എന്തോ കിട്ടുന്നുണ്ടു് എന്നാരോപിക്കും. മറ്റുള്ളവർക്കും തങ്ങൾക്കു കിട്ടിയ സൗകര്യം ലഭിക്കണം എന്ന ബോധമുണ്ടല്ലോ അതു് ഉണരുകില്ല. സർക്കാർശൈലിയാണു് വ്യക്തികളുടെ ആവശ്യം നിർവഹിച്ചു കൊടുത്തു് അവരെ തൃപ്തരാക്കുക എന്നതു്. വിപ്ലവകാരികൾ ആ ശൈലി സ്വീകരിച്ചാൽ സമൂഹസൃഷ്ടി നടക്കുകയില്ല. അതുകൊണ്ടു് നാം സംഘടിപ്പിക്കുന്ന യോഗങ്ങളിലേക്കു് ആളുകൾ വരുന്നതു് അവരിൽ ഓരോരുത്തർക്കും അത്ഭുതങ്ങൾ കാണുവാനോ, അറിവുകൾ നേടുവാനോ തൊഴിൽ കണ്ടെത്തുവാനോ, പ്രാർത്ഥിക്കുവാനോ ആയാൽ പോരാ. ഇതൊക്കെ കൂടെ ഉള്ളവർക്കും നേടാൻ വേണ്ടിയാവണം. നാട്ടിൽ എല്ലാവർക്കും തൊഴിൽ, എല്ലാ വീട്ടിലും കക്കൂസ്, ലോകത്തിനാകെ വേണ്ടി പ്രാർത്ഥന എന്നീ മാനുഷികശൈലി പരിശീലിക്കണം. ആളുകളെ വ്യക്തിപരമായി സമീപിച്ചു മനസ്സൊരുക്കാതെ ഈ ഉണർവുണ്ടാകില്ല. മറ്റൊരാകർഷണം നൽകി വിളിച്ചു കൂട്ടി ഈ ഉണർവുണ്ടാക്കാൻ സാദ്ധ്യമല്ല.
സംഘടന ആവശ്യമോ?
ചോദ്യം:
ഈദൃശ അടിസ്ഥാനവിപ്ലവപ്രവർത്തനങ്ങൾ ശരിക്കു തുടങ്ങുന്നതിനു് സംഘടന ആവശ്യമല്ലേ?
ഉത്തരം:
ഇതു് ചർച്ച ചെയ്ത വിഷയമാണു്. എങ്കിലും തുടരാം. വിചാരിക്കാനും പ്രവർത്തിക്കാനും വ്യക്തിക്കേ കഴിയൂ. സംഘടനയ്ക്കു് ചിന്താശക്തി ഉണ്ടാവില്ല. വ്യക്തി വേണ്ട പോലെ പ്രവർത്തിക്കാൻ തയ്യാറാകാതെ വന്നേക്കാം എന്നതുകൊണ്ടു് സംഘടന രൂപീകരിച്ചു് ആ സംഘടിതശക്തി വ്യക്തിയുടെ മേൽ പ്രയോഗിച്ചു നോക്കാമെന്നാണല്ലോ കരുതുന്നതു്.
ചോദ്യം:
തന്നെയല്ല വ്യക്തി മരിച്ചുപോകും. സംഘടന നിലനില്ക്കും. ദർശനത്തിന്റെ ഇന്നത്തെ പ്രവർത്തകർ മരിച്ചു പോയാലും ദർശനം നിലനില്ക്കേണ്ടേ? ഒരു പുരുഷായുസ്സുകൊണ്ടു് സാധിക്കുന്നതല്ലല്ലോ അടിസ്ഥാനവിപ്ലവം. തലമുറ തലമുറയായി പ്രവർത്തിക്കേണ്ടി വരില്ലേ?
ഉത്തരം:
ഈ സത്യം അറിഞ്ഞാണു് തിരുസഭ മുതലുള്ള എല്ലാ സംഘടനകളും ഉണ്ടാക്കിയതു്. ശ്രീനാരായണാദർശങ്ങൾ സ്വാമികൾക്കു ശേഷവും നിലനിറുത്താനാണു് എസ്. എൻ. ഡി. പി. രൂപീകരിച്ചതു്. കമ്മ്യൂണിസം സാക്ഷാത്കരിക്കാനാണു് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയതു്. ഈ സംഘടനകൾ എല്ലാം വളർന്നു് ലോകവ്യാപകമായി എന്നു ഞാൻ സമ്മതിക്കുന്നു. ലോകത്തിനു് നാനാതരത്തിൽ ഇവ പ്രയോജനം ചെയ്തിട്ടുമുണ്ടു്. എന്നാൽ ക്രിസ്തുദേവന്റെ ജീവിത ലക്ഷ്യം ലോകത്തു് യാഥാർത്ഥ്യമാക്കിത്തീർക്കുന്ന കാര്യത്തിൽ സഭ ക്രിസ്തുവിനോടു് അടുത്തടുത്തു വരുന്നുവോ അകന്നകന്നു പോകുന്നുവോ? സ്വാതന്ത്ര്യാനന്തര ഭാരതവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും രാഷ്ട്രപിതാവായ ഗാന്ധിജിയോടു് ഒന്നിനൊന്നു് അടുത്തടുത്താണോ വരുന്നതു? നാരായണഗുരു സ്വാമികളും എസ്. എൻ. ഡി. പി.-യുമായുള്ള ബന്ധവും പരിശോധിക്കാം. ഒന്നും ആശാവഹമല്ലെന്നു പറയേണ്ടി വരും. മറിച്ചു് ഒക്കെ ശരിയായി നീങ്ങുന്നു എന്നു് വിചാരിക്കാൻ ശ്രമിച്ചാൽ തിരുത്തുവാൻപോലും കഴിയാതെ വരും. മഹത്തായ ആശയങ്ങൾ പ്രായോഗികമാക്കാൻ മെനഞ്ഞെടുത്ത ഒരു സംഘടന പോലും മുന്നോട്ടു വരുന്തോറും അതിന്റെ ആത്മാവിൽനിന്നു് അകലാതിരുന്നിട്ടില്ല; ശരീരം വളർന്നിട്ടുണ്ടെങ്കിലും. സംഘടന രൂപീകരിച്ചുപോയാൽ ആത്മപ്രകാശനത്തിനു തടസ്സമായ പല ഘടകങ്ങൾ അതിലൂടെ കടന്നുവരും. ഒന്നു് അധികാരം. അധികാരം കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞാൽ ആ വ്യക്തിയുടെ ഭാരം വർദ്ധിക്കുമെന്നു മാത്രമല്ല; അതു പിടിച്ചെടുക്കുവാനുള്ള വാസന മറ്റുള്ളവരിൽ പൊന്തിവരികയും ചെയ്യും. അതോടുകൂടി അധികാര വടംവലി തുടങ്ങും. പിന്നീടു് ആദർശങ്ങൾക്കിടമില്ലാതാകും. എന്തിനുവേണ്ടി ഉണ്ടായോ അതൊഴിച്ചു് ബാക്കി പലതും സാധിച്ചെന്നുവരും. കേന്ദ്രീകൃത സംഘടനകൾ, കേന്ദ്രീകൃത ഫണ്ട്, കേന്ദ്രനേതൃത്വം ഇവ മൂന്നും വ്യക്തിത്വത്തിനു് വളരാൻ ഇടകൊടുക്കാതെ അമർത്തിക്കളയും. തന്നെയല്ല പതുക്കെ സംഘടനകളുടെ ഉള്ളിലും സംഘട്ടനം ആരംഭിക്കും. ആരോ പറഞ്ഞതുപോലെ സംഘടന രൂപപ്പെട്ടു കുറച്ചു കഴിയുമ്പോൾ സംഘടന സംഘട്ടനമുണ്ടാക്കും. ‘ട’ മാറി ‘ട്ട’ വരും.
മിനി:
എന്താകാം അതിനു കാരണമെന്നു നാം ചിന്തിക്കേണ്ടതാണു്.
ഞാൻ:
കാരണം വ്യക്തമാണു്. സംഘടന ഉണ്ടാക്കുന്നതു് ഉന്നതമായ ഒരു ലക്ഷ്യത്തെ മുൻനിറുത്തി ആണെങ്കിലും അതിൽ ആളുകൾ അംഗമായി ചേരുന്നതു് അവരവർക്കുവേണ്ടിയാണു്. അംഗങ്ങളുടെ സ്വകാര്യത വർദ്ധിക്കുന്നതിനനുസരിച്ചു് സംഘടനയുടെ ലക്ഷ്യം മറഞ്ഞുപോകും. അംഗസംഖ്യ വർദ്ധിപ്പിക്കാൻ സംഘടനകൾ അതിന്റെ ആത്മാവിനു് വിരുദ്ധമായ മാർഗങ്ങൾ അവലംബിച്ചുപോകും.
മിനി:
അപ്പോൾ തലമുറ തലമുറയായി നടക്കേണ്ട പ്രവർത്തനങ്ങൾ എങ്ങനെ നടക്കും.
ഞാൻ:
നമുക്കാകുന്നതു് ചെയ്യുക. ഭാവിയിൽ ആരും അതേറ്റെടുക്കാനില്ലെങ്കിൽ വേണ്ട. കുറച്ചുപേരുടെ കാലശേഷം അയൽക്കൂട്ടവും ദർശനവും നിന്നു പോകുന്നെങ്കിൽ പോകട്ടെ. ആരെങ്കിലും ആവശ്യബോധം തോന്നി തുടരുന്നെങ്കിൽ അവർ ഭാവന ചെയ്യുന്നതനുസരിച്ചു് തുടരട്ടെ. നാം ഭാവന ചെയ്യുന്ന തരത്തിൽ തന്നെ നീങ്ങണമെന്ന വിചാരം കാലഗതിക്കനുസരണമാകുകയില്ല. പുരാണഗ്രന്ഥങ്ങൾക്കു മുതൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കുവരെ ഈ അബദ്ധം സംഭവിച്ചുപോയിട്ടുണ്ടു്. നാം ഇനി അതു് ആവർത്തിക്കേണമോ? ആശയങ്ങളും അനുഭവപാഠങ്ങളും രേഖപ്പെടുത്തിയിടേണ്ടതാവശ്യം തന്നെ. അതിനേക്കാളും ശ്രേഷ്ഠമാണു് ഒരു തലമുറയുടെ ജീവിതത്തിൽ ചേർത്തു ജീവിതമാക്കി സൂക്ഷിക്കുക എന്നതു്. അമ്പലപ്പുഴയിൽ അന്യോന്യ ജീവിതം സംഭവിച്ചാൽ അതുമതി ഭാവിലോകത്തിനു് പ്രേരണ നൽകാൻ. അതിനുപകരം ശക്തമായ ഒരു സംഘടനയും ആഫീസും ഫണ്ടും അധികാരിയും അച്ചടക്കവും ഒക്കെയാണുണ്ടാക്കി വയ്ക്കുന്നതെങ്കിൽ ഭാവിതലമുറയ്ക്കു് അതും ഒരു ഭാരമാകും. അതും കൂടി പിളർന്നാലേ മനുഷ്യത്വത്തിനു് പുറത്തുവരാൻ കഴിയൂ എന്നുവരും. വളരെ അയവുള്ള തരത്തിൽ താത്കാലിക ആവശ്യങ്ങൾക്കു് സംഘടനാരൂപം ഉണ്ടാവുന്നതിൽ എനിക്കു് വിയോജിപ്പില്ല. ആവശ്യം കഴിയുമ്പോൾ പിരിഞ്ഞിരിക്കണം. സ്ഥിരം ഫണ്ടും സ്ഥിരം സംഘടനയും ആപത്തുതന്നെ എന്നെനിക്കു തോന്നുന്നു. ചിലപ്പോൾ വിപരീത ശക്തികൾ സംഘടന പിടിച്ചടക്കി അതിന്റെ ആത്മാവിന്റെ നേരെ തന്നെ പ്രയോഗിച്ചെന്നു വരും.
മിനി:
ഒരു നേതൃത്വമെങ്കിലും ആവശ്യമല്ലേ? എന്തെങ്കിലും ഒരു കുത്തിക്കെട്ടില്ലെങ്കിൽ കാര്യക്ഷമത ഉണ്ടാവാതെ വരില്ലേ?
ഞാൻ:
മാറേണ്ട പഴയ ധാരണകളിൽ ഒന്നാണു് നേതൃത്വ ബോധവും. പുതിയൊരു സമാജമുണ്ടാകണമെന്നു് നാം ആഗ്രഹിക്കുന്നതു് അതു് ഒരു മഹാപുരുഷൻ നിർദ്ദേശിച്ചതുകൊണ്ടായാൽ പോരാ. ഒരു സംഘടനയുടെ തീരുമാനമായതുകൊണ്ടുമാകരുതു്. പിന്നെയോ മനുഷ്യരാശിയുടെ ഒരാവശ്യമാണെന്നു് തോന്നുന്നതുകൊണ്ടാകണം. ഈ തോന്നലുണ്ടായിക്കഴിഞ്ഞാൽ നേതൃത്വവും സംഘടനയും ദോഷം ചെയ്യില്ല. ഒറ്റയ്ക്കായാലും നാം ആ ജോലി ചെയ്യും. ആവശ്യബോധമുള്ള വ്യക്തികൾ കൂടിയാലോചിച്ചു് പ്രവർത്തനം പ്ലാൻ ചെയ്യണം. നേതാവിന്റെ നിർദ്ദേശത്തിനു് കാത്തിരിക്കരുതു്. ദീർഘദർശനമുള്ളവർ നമുക്കു വേണം. എന്നാൽ വ്യക്തികളുടെ ബാദ്ധ്യത ഏറ്റെടുക്കുന്ന തരത്തിലാവരുതു്.
പഞ്ചായത്തീരാജ് സഹായകമാകുമോ?
മിനി:
ഞാനൊരു കാര്യം ചർച്ച ചെയ്യണമെന്നു വിചാരിക്കുകയാണു്. പോരുമ്പോഴേ ഓർത്തതാണു്. ഞങ്ങളുടെ ചോദ്യാവലിയിൽ അതുൾപ്പെടുത്തിയിട്ടില്ല. ഈ പഞ്ചായത്തീരാജ് ക്രമേണയെങ്കിലും ഒരു പുതിയ സമൂഹരചനയ്ക്കു് സഹായകരമാകുമോ?
നവ:
മിനിക്കെന്തു തോന്നുന്നു?
മിനി:
വളരെക്കൂടുതൽ അധികാരങ്ങൾ അവയിലേക്കു കൈമാറാൻ ഗവണ്മെന്റിനു് ഉദ്ദേശ്യം ഉണ്ടെന്നു തോന്നുന്നു. ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലും ജനങ്ങൾക്കു് അവസരം ലഭ്യമാകുന്നു. അങ്ങനെ വരുമ്പോൾ അതിൽ ചില സാദ്ധ്യതകൾ ഉണ്ടായി വന്നേക്കാം. കേന്ദ്രത്തിന്റെ ആവശ്യം കുറഞ്ഞേക്കാം.
നവ:
ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജുമായി പഞ്ചായത്തീരാജിനു ബന്ധമുണ്ടെന്നു മിനിക്കു തോന്നുന്നുണ്ടു് ഇല്ലേ?
മിനി:
ഇങ്ങനെ പോയാൽ ബന്ധിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നു ഞാൻ കരുതുന്നു.
നവ:
ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജ് രാമരാജിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണു്. ലോകത്തിലൊരിടത്തും ഭരണകൂടം ആവശ്യമില്ലാതാകുന്ന അവസ്ഥയാണു് രാമരാജ്. രാമരാജിലേക്കുള്ള പാതയാണു് ഗ്രാമരാജ്. ഗ്രാമസ്വരാജ് ഗവണ്മെന്റു പ്ലാൻചെയ്തു് നടപ്പാക്കുന്നതായാൽ അതിനു ഗവണ്മെന്റിനെ ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടാവുകയില്ല. എന്നാൽ ജനങ്ങൾ മുന്നോട്ടുവന്നു് പ്രാദേശികസമൂഹങ്ങളായി ജീവിക്കാൻ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാൻ ഗവണ്മെന്റു സന്നദ്ധമാകുന്ന ഒരു ഘട്ടം വരണം. രൂപീകരണം ഗവണ്മെന്റിന്റെ കൈകളിലാവരുതു്. ഗവണ്മെന്റിനെതിരായും ആകരുതു്. ഗവണ്മെന്റുകൾക്കു് പുറംമടലിന്റെ സ്ഥാനമേ നൽകാവൂ. പുറംമടൽ കൊഴിഞ്ഞു പോകുന്നതു് പുറംമടലിനു് നാമ്പെതിരായതുകൊണ്ടല്ലല്ലോ. പുതിയ നാമ്പുകൾ വളർന്നു വരുമ്പോൾ അവയുടെ രക്ഷയ്ക്കു് പുറംമടലുകൾ വേണം. എപ്പോൾ ആവശ്യം ഇല്ലാതായി വരുന്നുവോ അപ്പോളവ കൊഴിഞ്ഞുപോകണം. പകരം ഗവണ്മെന്റ് അതിന്റെ പദ്ധതി പ്രകാരം കൊണ്ടുവരുന്ന ഗ്രാമസ്വരാജ് ഗവണ്മെന്റിന്റെ നിയന്ത്രണം ഗ്രാമങ്ങളിൽ ഉറപ്പിക്കുന്നതിനുള്ള പദ്ധതികളായിരിക്കും. അത്തരം പദ്ധതികളിലൂടെ മനുഷ്യനു മോചനം കിട്ടില്ല, ഭക്ഷണം കിട്ടി എന്നു വരും.
ഞാൻ:
സർക്കാരിന്റെ പഞ്ചായത്തീരാജ് പരിശോധിച്ചാൽ അതിൽ പഞ്ചായത്തിനുപരി ബ്ലോക്കും ജില്ലാതലവും ഉണ്ടു്. പഞ്ചായത്തിനു താഴെയോ? അമ്പലപ്പുഴ പഞ്ചായത്തിൽ 14 വാർഡുകൾ ഉണ്ടു്. ഈ വാർഡുകളിലുള്ളവർക്കു് ഒരു മെമ്പറെ തെരഞ്ഞെടുത്തു കൊടുക്കുക എന്ന ബാദ്ധ്യതയല്ലേ ഉള്ളു. ഒരു വാർഡ് 600, 700 വീടുകൾ ഉൾക്കൊള്ളുന്നതാണു്. ഇതു് കൈയിലൊതുങ്ങുന്നതല്ല. ഇതു ചെറുതാക്കി ഓരോ ചെറുതും കൂടിയാലോചനാ സ്വാതന്ത്ര്യമുള്ള ഓരോ പ്രാദേശിക യൂണിറ്റാക്കട്ടെ. ജനജീവിതം ആ യൂണിറ്റുകളിലാണു്. അവിടെയവർക്കു സംഘടിക്കാനവസരം കിട്ടണം. പഞ്ചായത്തീരാജിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഒന്നിച്ചുകൂടുന്നതല്ലാതെ, തിരഞ്ഞെടുക്കുന്ന ജനങ്ങൾ ഒരിക്കലും കൂടേണ്ട ആവശ്യം വരുന്നില്ല. ജനങ്ങൾ സർക്കാർ നിർദ്ദേശിക്കുമ്പോൾ പാർട്ടികൾ കാട്ടുന്ന വഴിയിലൂടെ ബൂത്തുകളിൽ ചെന്നാൽ മാത്രം മതി. തങ്ങളുടെ നാടിനുവേണ്ടി നേർക്കുനേരെ ചിന്തിക്കുന്ന ഒരു വേദി പഞ്ചായത്തീരാജിലില്ല. ഈ ശൂന്യത നമ്മുടെ ചിന്തകന്മാർക്കു് എന്തേ ബോദ്ധ്യമാകാത്തതു? നമുക്കു് നിയമസഭയും ജില്ലാസഭയും ബ്ലോക്കു സമിതിയും പഞ്ചായത്തു സമിതികളുമെല്ലാം വേണം. ഇവയെല്ലാം വേണ്ടതു് ജനങ്ങൾ രാജ്യമാകെ പ്രാദേശികതലത്തിൽ കൂടിയാലോചിച്ചു് ചെയ്യുന്ന തീരുമാനങ്ങൾ അവരവരുടെ തലങ്ങളിൽ നടപ്പാക്കിക്കഴിഞ്ഞു് ബാക്കിവരുന്നതു് അവരുടെ നിർദ്ദേശാനുസരണം വ്യാപകമായി നടപ്പാക്കാനായിരിക്കണം.
നവ:
അതാണു് യഥാർത്ഥ ജനാധിപത്യം.
മിനി:
നമ്മുടെ ദേശീയഗാനത്തിലൂടെ ഗുരുദേവ് ടാഗോർ ഭാരതത്തിന്റെ ഭാഗ്യവിധാതാക്കൾ ജനഗണങ്ങളാണെന്നു് നിത്യേന നമ്മെ അനുസ്മരിപ്പിക്കാറുണ്ടല്ലോ. അതിന്റെ പ്രായോഗിക പ്രത്യക്ഷ രൂപമാണു് തറക്കൂട്ടം.
ഞാൻ:
സാമൂഹ്യപ്രവർത്തകർ ഈ ലക്ഷ്യത്തിൽ ഒറ്റയും കൂട്ടായും ജനങ്ങളെ സമീപിക്കുവാൻ ധൈര്യപ്പെടണം. ജനങ്ങളെ മറ്റെന്തെങ്കിലും തരത്തിൽ ആകർഷിക്കുന്ന പ്രശ്നമേയില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യമാണിതു് എന്നുതന്നെ പറയണം. ഒരു പുതുലോകത്തിനുവേണ്ടി ഞങ്ങൾ ഒന്നിച്ചുചേരുന്നു എന്ന ബോധത്തിലാണു് പത്തുവീടുകൾ കൂടിച്ചേരേണ്ടതു്. പുതിയലോകം തന്നെയാവണം ആകർഷണകേന്ദ്രം.
കബീർ:
ഈ ജ്യോതിസ്സ് ജനമനസ്സുകളിൽ തെളിയാനെന്തു ചെയ്യണം?
അല്പം ചരിത്രം
ഞാൻ:
ദർശനം സ്വീകരിച്ച പ്രവർത്തനശൈലി വ്യക്തമാക്കാം. 1976 മെയ്മാസം 23-ആം തീയതി പറവൂർ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 23 പേർ കൂടിച്ചേർന്നാണു് അമ്പലപ്പുഴ ബ്ലോക്ക് പുതിയ സമൂഹരചനയുടെ ഒരു പരീക്ഷണഭൂമി ആകാമോ എന്നു് ശ്രമിച്ചു നോക്കുവാൻ നിശ്ചയിച്ചതു്. തുടർന്നു് നാലുവർഷം വീടു കയറിയിറങ്ങി. 1980 സെപ്തംബർ 15 മുതൽ 21 വരെ ഏഴുദിവസവും പിന്നെ ഒരു നാലു ദിവസവും ഉൾപ്പെടെ പതിനൊന്നു ദിവസം അമ്പലപ്പുഴ കച്ചേരിമുക്കിൽ ശ്രീ. അരവിന്ദാക്ഷൻ സാറിന്റെ ട്യൂട്ടോറിയൽ കോളേജിൽ രാത്രികാല യോഗങ്ങൾ നടത്തിയതിൽ നിന്നാണു് ഒരു മാർഗരേഖ രൂപപ്പെട്ടതു്. അതിനു മുമ്പും അതിനുശേഷവും നൂറുകണക്കിനു ചർച്ചായോഗങ്ങളും യാത്രകളും പതിനായിരക്കണക്കിനു ലഘുലേഖാ വിതരണവും ഈ മേഖലയിൽ നടന്നു. പതിനയ്യായിരത്തിൽപരം വീടുകളിൽ പ്രവർത്തകർ ചെന്നിരുന്നു് ആശയസംവാദം നടത്തി. കാക്കാഴത്തു് നൂറു വീടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നോക്കി എങ്കിലും തുടരാൻ പറ്റിയില്ല. 1987 ആഗസ്റ്റ് 9-ആം തീയതി ക്വിറ്റിന്ത്യാ ദിനത്തിൽ അമ്പലപ്പുഴ കോമനയിൽ കേശവമന്ദിരം എന്ന വീട്ടിൽവച്ചു് ഒരു ചർച്ചായോഗം നടന്നു. 23 പേരാണു് അന്നു് യോഗത്തിൽ സംബന്ധിച്ചിരുന്നതു്. അന്നവിടെ വച്ചാണു് തറക്കൂട്ടങ്ങൾ രൂപീകരിക്കാൻ നിശ്ചയിച്ചതു്. തറ രൂപീകരിക്കാറായിട്ടില്ല എന്ന അഭിപ്രായം അന്നും ചിലർ പ്രകടിപ്പിക്കുകയുണ്ടായി. അടുത്തടുത്തുള്ള വീടുകൾ ചേരുമെങ്കിൽ തറ രൂപീകരിച്ചുനോക്കാം. എന്നു് അവിടെ വച്ചു നിശ്ചയിച്ചു. പിറ്റേന്നു് ആഗസ്റ്റ് പത്തിനു് അവിടെ അടുത്തു് ചതവള്ളി എന്ന വീട്ടിൽ അടുത്തടുത്തുള്ള 19 വീട്ടുകാർ വന്നുകൂടി. അമ്പലപ്പുഴയിൽ ഇന്നു പരീക്ഷണം നടക്കുന്ന ഗ്രാമക്കൂട്ട പ്രദേശത്തു് ഒന്നാം തറ അങ്ങനെ രൂപപ്പെട്ടു. പിറ്റേന്നു് രണ്ടാം തറ. തുടർന്നു് 25 തറകൾ രൂപപ്പെട്ടു. അടുത്തടുത്ത 5 തറകൾ ചേർന്നു് അയൽക്കൂട്ടമായി; 5 അയൽക്കൂട്ടങ്ങൾ ചേർന്നു് അങ്ങനെ ഒന്നാമത്തെ ഗ്രാമക്കൂട്ടമായി. ഗ്രാമക്കൂട്ടത്തിന്റെ ഒന്നാം വാർഷികയോഗത്തിൽ വച്ചു് ‘മാനവത’ എന്നപേരിൽ ചാരിറ്റബിൾ സൊസൈറ്റി ആക്ടനുസരിച്ചു് വളരെ അയവുള്ള ഒരു സംഘടനയും രൂപീകരിച്ചു. ഇതൊക്കെ ഉണ്ടായെങ്കിലും സ്വകാര്യപരതയുടെ പിടിയിൽനിന്നു് മോചനം നേടാൻ ജനങ്ങൾക്കു കഴിഞ്ഞിട്ടില്ല എന്ന സത്യം ഇവിടെയും ബാക്കി നില്ക്കുന്നു.
കബീർ:
പ്രാരംഭത്തിൽ സമയദൈർഘ്യം വരുമെങ്കിലും പിന്നീടു് കാര്യങ്ങൾ എളുപ്പമാവാൻ ഈ വഴിതന്നെയാണുത്തമം എന്നെനിക്കു തോന്നുന്നു.
പഞ്ചായത്തുകളും അയൽക്കൂട്ടങ്ങളും
നവ:
പഞ്ചായത്തീരാജ് ദേശമൊട്ടാകെ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്ന ഇക്കാലത്തു് ജനങ്ങൾ ഉണർന്നു് എല്ലായിടത്തും അയൽക്കൂട്ടങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചാൽ നല്ലൊരു സംയോഗം നടക്കാനിടയുണ്ടു്.
മിനി:
രണ്ടും പരസ്പര വിരുദ്ധങ്ങളാണു്. ഒന്നു് അധികാരത്തിന്റേയും മറ്റേതു് ബന്ധുത്വത്തിന്റേതുമാണു്. അവ തമ്മിൽ കൂട്ടിവിളക്കിയാൽ ചേരുമോ?
നവ:
പഞ്ചായത്തീരാജിൽ ബഹുജനങ്ങൾക്കുള്ള സ്ഥാനം ജവഹർലാൽ നെഹ്രു അവസാന കാലത്തു് മനസ്സിലാക്കിയിരുന്നു. എസ്. കെ. ഡെ ഈ തലത്തിൽ ഏറെ ചിന്തിച്ചിട്ടുള്ള വ്യക്തിയാണു്. എന്നാൽ രണ്ടുപേരും ഗാന്ധിജിയോടു് വേണ്ടത്ര അടുത്തിരുന്നില്ല. എന്തുകൊണ്ടെന്നാൽ കേന്ദ്രസർക്കാരിന്റെ പരമാധികാരത്തെ തങ്ങളുടെ ഉള്ളിൽ നിന്നു് തൂത്തെറിയാൻ ഗാന്ധിജിയെപ്പോലെ അവർക്കു് കഴിയുമായിരുന്നില്ല. ഗ്രാമസ്വരാജ് കേന്ദ്രാധികാരത്തിന്റെ കീഴിലുള്ള ഒരു സംവിധാനമായിട്ടല്ല ഗാന്ധിജി കണ്ടിരുന്നതു്. ആ വഴിക്കാണു് നമുക്കിനി ചിന്തിക്കേണ്ടതു്. എന്റെ അഭിപ്രായത്തിൽ ഗവണ്മെന്റുകൾക്കു് ചെയ്യാവുന്നതു് അവർ ചെയ്യട്ടെ. തടസ്സപ്പെടുത്തരുതു്.
രാജു:
ഉദ്യോഗസ്ഥന്മാർ, ശമ്പളം, നിയമനിർമാണസഭ ഇത്തരത്തിലല്ലാതെ ഗവണ്മെന്റുകൾക്കു് ചിന്തിക്കാനാവില്ല.
നവ:
ജനങ്ങൾ ഗ്രാമത്തിലും നഗരത്തിലും ബന്ധുത്വബോധത്തോടെ ചേർന്നു് അന്യോന്യം ജീവിതത്തിനു തയ്യാറാകണം. അടിസ്ഥാനതല പ്രാദേശികസമൂഹങ്ങൾ നാടുതോറും ഉണ്ടായാൽ പഞ്ചായത്തീരാജിനുള്ള എല്ലാ കുറവുകളും പരിഹൃതമാകും.
മിനി:
പ്രതിനിധിസഭകളെപ്പറ്റിയല്ലാതെ ഗ്രാമസഭകളെപ്പറ്റി പലരും ചിന്തിക്കുന്നില്ലെന്നതു് മനഃപൂർവമായിരിക്കുമോ എന്നു് സംശയിക്കുന്നു.
കേശു:
ഇന്ത്യയൊട്ടാകെ പ്രാദേശികജനസഭകൾ ഉണ്ടായാൽ ചുവടു് ഉറയ്ക്കും. പഞ്ചായത്തീരാജാകട്ടെ ഇന്നൊരു സർക്കാർകാര്യമായി എല്ലായിടത്തും വ്യാപിച്ചുവരികയാണു്. ഗവണ്മെന്റുകൾക്കു് എപ്പോൾ വേണമെങ്കിലും പഞ്ചായത്തുകൾ പിരിച്ചു വിടാം.
രാജു:
വികേന്ദ്രീകൃത പഞ്ചായത്തുകൾ എന്ന നിലയിൽ ഇവയോടു് ഒരു പരിധിവരെ യോജിക്കാം. എന്നാൽ പ്രതിനിധിസഭകൾ ഒരിക്കലും ജനങ്ങൾ അവരുടെ അധിവാസപ്രദേശങ്ങളിൽ ഒന്നിച്ചുകൂടുന്നതിനു് പകരമായിക്കൂടാ. നമുക്കു് വേണ്ടതു് നിയമംകൊണ്ടു് ഗവണ്മെന്റുകൾ നടപ്പിലാക്കുന്ന പഞ്ചായത്തല്ല ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കുന്ന പഞ്ചായത്തുകളാണു്. അതു് പിരിച്ചുവിടാൻ അവിടെ ജനവാസമുള്ള കാലത്തോളം ഒരു ഗവണ്മെന്റിനും സാധിക്കുകയില്ല.
കബീർ:
ജനങ്ങളിൽനിന്നു് അടിസ്ഥാനതലസമൂഹങ്ങൾ രൂപപ്പെട്ടുവന്നാൽ ജനങ്ങൾക്കു് അവ നിലനിറുത്താനുള്ള ഉത്തരവാദിത്വവും വരും. ഗവണ്മെന്റിനു് തലവേദന ഒഴിയും. ഇന്നു് പല പഞ്ചായത്തുകളിലും ശമ്പളംകൊടുക്കാൻ കരംപിരിവു തുക മതിയാകുന്നില്ല.
മിനി:
ഈയിടെ ഒരു വില്ലേജാഫീസർ ആ വില്ലേജിലെ കരം പൂർണമായി പിരിച്ചെടുത്താലും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പോലും ആകുക ഇല്ലെന്നു് എന്നോടു് പറഞ്ഞു.
കബീർ:
എന്തിനു് ഗവണ്മെന്റുകൾ ഈ ആവാത്ത ഭാരം ഏറ്റെടുക്കുന്നു. ജനങ്ങളെ അവരുടെ ഹിതത്തിനു കുറച്ചുകാലം വിട്ടുനോക്കരുതോ. ഇത്രകാലവും അധികാരികൾ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു. ഇനി ജനങ്ങൾക്കു വിട്ടുകൊടുത്തു നോക്കട്ടെ. നാടുതോറും വീട്ടുകാർ കൂടിച്ചേർന്നു് നാട്ടുകാര്യങ്ങൾ നോക്കട്ടെ. മന്ത്രിമാർ മേൽനോട്ടം വഹിച്ചുകൊള്ളട്ടെ. ഇടപെടേണ്ട. അങ്ങനെവന്നാൽ പ്രധാനമന്ത്രിക്കു് ഇന്ത്യയിലെ ഏതു ഗ്രാമത്തിലും സകുടുംബം ചെന്നു താമസിക്കാം.
പ്രതികരണ ഗ്രൂപ്പുകൾ
ഞാൻ:
ഇങ്ങനെ അടിസ്ഥാനതല പ്രാദേശികസമൂഹങ്ങൾ ഉണ്ടായാൽ ഗവണ്മെന്റിനു മാത്രമല്ല; ഇന്നുള്ള നിരവധി പ്രസ്ഥാനങ്ങൾക്കും വിശ്രമാവസരം കിട്ടും. ജനങ്ങൾക്കു വേണ്ടിയാണല്ലോ വിവിധ പ്രസ്ഥാനങ്ങൾ ഉണ്ടാക്കുന്നതും സമരം ചെയ്യുന്നതും. ജനങ്ങൾ നേരിട്ടു് സമൂഹജീവിതം തുടങ്ങിയാൽ ‘ജനങ്ങൾക്കുവേണ്ടി’ എന്ന ശബ്ദം ഒരു ഗ്രൂപ്പിനും മുഴക്കേണ്ടി വരികയില്ല.
മിനി:
ആത്മാർത്ഥതയും, ധീരതയും, ത്യാഗവും കൈമുതലായുള്ള നിരവധി പ്രതികരണഗ്രൂപ്പുകളെ എനിക്കറിയാം. ജനങ്ങൾ അവരോടു് വേണ്ടവിധം സഹകരിക്കുന്നില്ല. ചില ഘട്ടങ്ങളിൽ ജനം വളരെ ഉത്സാഹത്തോടു കൂടി ഇത്തരം പ്രസ്ഥാനങ്ങളെ ആശ്ലേഷിക്കുന്നതു കാണാം. പിന്നീടാവഴി നോക്കുകയേ ഇല്ല. എന്തുകൊണ്ടു്? ഉത്തരവാദിത്വം പ്രതികരണഗ്രൂപ്പിനെന്നാണു് ജനങ്ങളും ധരിച്ചിരിക്കുന്നതു്. ഈ ഗതിയിൽ നിന്നുള്ള ഏക രക്ഷാമാർഗം പ്രാദേശികസമൂഹരചനയാണു്. പ്രതികരണഗ്രൂപ്പുകൾ സമൂഹരചനയിലേക്കു് ശ്രദ്ധതിരിക്കണം. ഗവണ്മെന്റും സംഘടനകളും ഭാരം ജനസമൂഹങ്ങളുടെമേൽ വച്ചുകൊടുത്തു് സഹകരിക്കണം.
രാജു:
ഈ ഗവൺമെന്റും ഒരയൽക്കൂട്ടം തന്നെയല്ലേ എന്നു് ശ്രീ. വർക്കി ശാന്തിസ്ഥാൻ ചോദിച്ചുകേട്ടിട്ടുണ്ടു്. പ്രതികരണഗ്രൂപ്പുകളിലായാലും നിയമസഭകളിലായാലും എല്ലാറ്റിലും നമ്മുടെ ജനങ്ങൾ തന്നെയല്ലേ ഉള്ളതു്.
ഞാൻ:
നാം ലക്ഷ്യമാക്കുന്ന അയൽക്കൂട്ടം ഇതുവരെ ഉണ്ടായിട്ടില്ലാത്ത പുതിയ ഒന്നാണു്. വ്യക്തമാക്കാം. ഉപഭോക്താക്കൾക്കു നീതി കിട്ടാൻ വേണ്ടി ഒരു വാർഡിലെ ആയിരം പേർ സമരത്തിനു് ഒന്നിച്ചുകൂടി എന്നിരിക്കട്ടെ. അവർക്കു് മായംചേരാത്ത സാധനം ശരിയായ അളവിലും തൂക്കത്തിലും ക്ലിപ്തവിലയ്ക്കു് കിട്ടണം. അതു വീടുകളിൽ കിട്ടുമെന്നുറപ്പായാൽ അവർ പിരിഞ്ഞുപോകുകില്ലേ. എന്തുകൊണ്ടു്? സമൂഹജീവിതം എന്ന ലക്ഷ്യത്തിലല്ല; ഒരനീതിയെ ഇല്ലായ്മ ചെയ്യുവാനാണു് അവർ കൂടിയതു്. അതു് ഓരോരുത്തരുടേയും സ്വകാര്യാവശ്യവുമാണു്. കാട്ടാളയുഗത്തിൽ ഒന്നിച്ചു് മൃഗത്തെ പിടിച്ചതുപോലെതന്നെ. ഒറ്റയ്ക്കു സർക്കാരിനോടു് പോരാടാനൊക്കാത്തതുകൊണ്ടു് ഒന്നിച്ചു് പോരാടുന്നു. അതറിയണമെങ്കിൽ തന്റെ ഒരു സാധനം മറ്റൊരാൾക്കു് കൊടുക്കാൻ നേരത്തു് എങ്ങനെ പെരുമാറുമെന്നു് നോക്കിക്കാണണം. ഒരു വീട്ടുകാരനു് സർക്കാർ കൊടുക്കുന്ന കുറഞ്ഞ വിലയ്ക്കുള്ള ഒരു വ്യഞ്ജനപൊതി മറ്റൊരാൾക്കു് വില്ക്കാൻ സന്ദർഭം കിട്ടിയാൽ വില കൂടുതൽ വാങ്ങില്ലേ? അയൽക്കൂട്ടത്തിൽ അതുണ്ടാവില്ല. മൂന്നു കാര്യങ്ങൾ ഒത്തുവന്നാലേ അയൽക്കൂട്ടമാകൂ. ഒന്നു്, എല്ലാവരും പരസ്പരം വേണ്ടപ്പെട്ടവരാണെന്ന ബോധം ഓരോരുത്തരിലും സദാ ഉണർന്നിരിക്കണം. രണ്ടു് ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണെന്നും ഒന്നിച്ചുള്ള പുരോഗതിയാണു് യഥാർത്ഥ പുരോഗതി എന്നും എല്ലാവരും മനസ്സിലാക്കി ജീവിക്കണം. മൂന്നു്, പ്രാദേശികസമൂഹങ്ങളായി പരസ്പരം സഹകരിച്ചു ജീവിക്കണം. ഈ അളവുകോൽ ഉപയോഗിച്ചു് നിയമസഭകളേയും മറ്റു പ്രതിനിധി സഭകളേയും അളന്നു നോക്കിയാൽ അവ ഒന്നും മാതൃകാ സമൂഹങ്ങളല്ലെന്നു കാണാൻ കഴിയും. ഒന്നിച്ചു് സന്തോഷമായിക്കൂടി ഇരിക്കാൻ പോലും പഞ്ചായത്തുതലം മുതൽ പാർലമെന്റു വരെ കഴിയുന്നില്ല. അവയെ പുതിയ സമൂഹത്തിന്റെ രൂപങ്ങളായി കരുതി ആശ്വസിക്കാനാവുമോ? ഇനി പ്രതികരണഗ്രൂപ്പുകളെ നോക്കൂ. ഒരു പ്രശ്നത്തിനെതിരെ പല ഗ്രൂപ്പുകൾ ഉണ്ടാകുന്നു. അവ ഒന്നിച്ചല്ല; വേറെ വേറെയാണു് പ്രതികരിക്കുക. എന്തുകൊണ്ടു്? യഥാർത്ഥത്തിൽ വനനശീകരണത്തിനെതിരായി എല്ലാവരും പ്രതികരിക്കേണ്ടതാണു്. നാടും നഗരവും ഒന്നിച്ചിട്ടില്ലാത്തതുകൊണ്ടു് അവരുടെ ഇടയിൽനിന്നു് വ്യക്തികൾ ഉണർന്നു് മുന്നോട്ടുവന്നു് കൂട്ടം ചേരുവാനിടവരുന്നു. പല സ്ഥലങ്ങളിലായി പല ഗ്രൂപ്പുകൾ ഉണ്ടാകുന്നു. മനുഷ്യത്വം നശിച്ചുപോയിട്ടില്ലെന്നതിന്റെ തെളിവുകൾ. എന്നാൽ ഇപ്രകാരം മുന്നോട്ടുവരുന്നവർ ജനങ്ങളെ ഉണർത്തി മുന്നോട്ടു കൊണ്ടുവരുന്നതിനു മുൻപു് പ്രശ്നങ്ങളെ ധീരമായി നേരിടുന്നു. ഇവിടെയാണു് അപകടം ഒളിഞ്ഞിരിക്കുന്നതു്. പ്രതികരണ ഗ്രൂപ്പുകളും ജനങ്ങളുടെ മുന്നിലായിപ്പോകുന്നു. ജനം പ്രതികരണശക്തിയായി രൂപപ്പെടാൻ ഇടവരുന്നില്ല. വനനശീകരണം തടയേണ്ടതു് ജനജീവിതം കൊണ്ടാണു്. ജനകീയസമരം അന്യോന്യജീവിതത്തിനു് കളമൊരുക്കുമെന്നു് പ്രതീക്ഷിക്കാറുണ്ടെങ്കിലും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയല്ലാതെ പുതിയ സമൂഹം സൃഷ്ടിക്കുകയില്ലെന്നാണു് കാണുന്നതു്. സമരങ്ങളിലൂടെ സമൂഹജീവിതത്തിലേക്കു് വഴി ഇല്ല. സമരം തന്നെ സമൂഹജീവിതത്തിലേക്കുള്ള വഴി കെട്ടിയടയ്ക്കുന്ന ഏർപ്പാടാകും. എന്തുകൊണ്ടു്? ആരോടു സമരം ചെയ്യുന്നുവോ അവരും കൂടി ചേർന്നാലേ സമൂഹജീവിതമാകൂ. ഇന്നത്തെ വഴിതെറ്റിയ ജീവിതശൈലിയിൽനിന്നു് ഉടലെടുക്കുന്ന പ്രശ്നങ്ങളെ പുതിയ ജീവിതശൈലികൊണ്ടേ നേരിടാനാകൂ. പകരം ഇന്നത്തെ ജീവിതശൈലിക്കുള്ളിൽനിന്നു് ഒറ്റ ഒറ്റയായി മുന്നോട്ടു വന്നു് കൂടിച്ചേർന്നുണ്ടായ വിപ്ലവകാരികളുടെ ഗ്രൂപ്പുകൾ സ്വകാര്യജീവിതത്തിൽനിന്നുയർന്നുവന്നിട്ടുള്ള പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കുമ്പോൾ സമൂഹത്തിലെ ആകെ തകരാറുകൾ വിപ്ലവഗ്രൂപ്പിനുള്ളിലും കയറിപ്പറ്റും. വിപ്ലവഗ്രൂപ്പുകൾ പിളരുന്നതിന്റെ ഒരു കാരണം ഇതാണു്. ശത്രുസൈന്യത്തെ തോല്പിക്കുമ്പോൾ അവർ നമ്മുടെ ഇടയിൽ ഒളിക്കാൻ ഇടവരുന്ന തരത്തിലാണു് ഇന്നത്തെ സമരമുറകൾ പ്രയോഗിക്കപ്പെടുന്നതു്. അതുകൊണ്ടു് വളരെ സൂക്ഷിച്ചുവേണം പുതിയ സമരമുറകൾ പ്രയോഗിക്കുവാൻ. വിപ്ലവകാരികളുടെ ഗ്രൂപ്പല്ല; വിപ്ലവാത്മക ജീവിതമുള്ള പ്രാദേശികസമൂഹങ്ങളാണു്. സമരമുഖങ്ങളായി തീരേണ്ടതു്. ഇന്നത്തെ സമരസമ്പ്രദായങ്ങളെ ഒന്നും പുതിയ സമൂഹരചനയ്ക്കു് മതിയാവില്ല.
മിനി:
ഇന്നുള്ള ഒന്നും ഇനി ഉണ്ടാവേണ്ടതിനു് പകരംവയ്ക്കാൻ പറ്റിയവയല്ല എന്നു സമ്മതിക്കേണ്ടി വരും.
പുതിയ ചുവടുവയ്പു്
ഞാൻ:
മിനി ഇപ്പോൾ പറഞ്ഞ ഭാഗത്താണു് എന്റേയും മനസ്സുള്ളതു്. മദ്യം, നിരക്ഷരത, തൊഴിലില്ലായ്മ, സ്ത്രീപീഡനം, മലിനീകരണം, ആരോഗ്യം ഈ രംഗത്തെല്ലാം ഇന്നു് ആത്മാർത്ഥതയുള്ള ധാരാളം പ്രവർത്തകരും പ്രസ്ഥാനങ്ങളുമുണ്ടു്. ഇവരെല്ലാം കൂടി നാടുതോറും വീടുകയറിയിറങ്ങി പ്രാദേശികസമൂഹജീവിതത്തിനു് ജനങ്ങൾക്കു് പ്രേരണനൽകണം. ഇന്നു് ഓരോ പ്രസ്ഥാനക്കാരും നാട്ടിൽ അവരവരുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഒരു കരയിൽ തന്നെ എണ്ണിനോക്കിയാൽ നൂറു ഗ്രൂപ്പുകൾ കണ്ടെന്നു വരും. സമുദായത്തിനും പാർട്ടികൾക്കും തൊഴിലാളികൾക്കും എത്രയെത്ര യൂണിറ്റുകൾ. പ്രാർത്ഥനാഗ്രൂപ്പുകൾ എത്ര. എന്നാൽ നാടൊന്നിച്ചു് സമഗ്രമായ ഒരു ഐക്യവേദി ഉണ്ടാവണം എന്നു പറയുമ്പോൾ അതു് പ്രയാസമാകുമെന്നു് പറഞ്ഞു് പലരും ഒഴിയുന്നു. കലികാലത്തു് നടക്കില്ലെന്നാണു് പറയുക. ഒരു നാട്ടിൽ നൂറു ഗ്രൂപ്പുണ്ടാക്കാം. ഒന്നുണ്ടാക്കാൻ പറ്റില്ല. ഇതാണവസ്ഥ.
മിനി:
നൂറുണ്ടാക്കാൻ ഒന്നിനൊന്നു് ശത്രുത വളർത്തിയാൽ സാധിക്കും. അതെളുപ്പമാണു്. ഒന്നുണ്ടാക്കാൻ മൈത്രിയാണു് വളർത്തിയെടുക്കേണ്ടതു്. അതു് പ്രയാസമാണു്.
ഞാൻ:
ഈ പ്രയാസം തരണം ചെയ്യേണ്ടേ എന്നാണു് ഞാൻ ചോദിക്കുന്നതു്. വിവിധ ലക്ഷ്യങ്ങളുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതിനു് ഞാൻ ഇന്നത്തെനിലയിൽ തള്ളിപ്പറയുന്നില്ല. എന്നാൽ എല്ലാവരും ചേർന്നുള്ള ഒരു വേദിയുടെ മടിയിലായിരിക്കണം ഈ കുട്ടികളുടെ വളർച്ച. പരസ്പരം വഴക്കടിച്ചാൽ ഉടനെ നിയന്ത്രിക്കാൻ അമ്മ വേണം.
കേശു:
ഇന്നു് അമ്മയില്ലാത്ത മക്കളെയാണു് നാം സർവത്ര കാണുന്നതു്. ഈ മക്കളെല്ലാവരും കൂടി ചേർന്നാൽ അമ്മയായി. നാട്ടിലുള്ള എൻ. എസ്. എസ്.-കാരും എസ്. എൻ. ഡി. പി.-ക്കാരും പുലയമഹാസഭക്കാരും ആർ. എസ്. എസ്.-കാരും ഡി. വൈ. എഫ്. ഐ.-ക്കാരും കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മഹല്ലുകാരും ഇടവകക്കാരും ധനികരും ദരിദ്രരും മദ്യപന്മാരും കള്ളന്മാരും ചൂഷകരും വ്യഭിചാരികളും ഈശ്വരവിശ്വാസികളും ഈശ്വരനിഷേധികളും ഒരു നാട്ടുകാർ എന്ന നിലയിൽ ഒന്നിച്ചുകൂടണം. നാം മനുഷ്യർ, അന്യോന്യം വേണ്ടപ്പെട്ടവർ ഒന്നിച്ചു പുരോഗമിക്കേണ്ടവർ എന്ന ബോധത്തിൽ ഒന്നിച്ചുകൂടി തുടങ്ങണം. പ്രശ്നങ്ങൾ പരിഹൃതമാകുമോ എന്നു് അപ്പോൾ കണ്ടറിയാം.
നവ:
അപ്പോൾ മാത്രമാണു് വിപ്ലവഗ്രൂപ്പുകളുടെ ലക്ഷ്യം നേടാൻ കഴിയുന്നതു് എന്നും കാണാം.
ഞാൻ:
ജനങ്ങളെ ഗവൺമെന്റിനെതിരായോ അന്യായങ്ങൾക്കെതിരായോ മുഖം തിരിച്ചു കൊണ്ടുവരുന്നതിനു പകരം അഭിമുഖരാക്കണം. അഭിമുഖ സമൂഹങ്ങളുണ്ടായാൽ അതാണുത്തമ പരിഹാരം.
പ്രശ്നങ്ങളെ വേർതിരിച്ചു നേരിടുന്നതിന്റെ പ്രശ്നം

മദ്യനിരോധനം, വനനശീകരണം, അഴിമതി നിരോധനം തുടങ്ങി സർവാംഗീകാരം ലഭിക്കേണ്ട പ്രശ്നങ്ങളിൽ ഏർപ്പെടുന്നവർക്കുപോലും എതിർപ്പുണ്ടാകുന്നു. എന്തുകൊണ്ടു്?

പരസ്പര പരിഗണന ഇല്ലാത്ത ഈ വ്യവസ്ഥിതിയുടെ പരിണാമമായി ഒരു യുവതിക്കു് ജീവിതം നിലനിർത്തിക്കൊണ്ടുപോകുവാൻ ഇണയും തുണയും ഇല്ലാതായി, പരിത്യക്തയായി വ്യഭിചാരവൃത്തിയിൽ ആശ്വാസം കണ്ടെത്തേണ്ടി വരുമ്പോൾ അതു് സാമൂഹ്യ അനീതി, മൂല്യത്തകർച്ച എന്നു കാണുന്നവർ അതിനെ തടയുന്നു. ഉപജീവനത്തിനു വേണ്ടി മറ്റൊരാൾ ചെത്തു് തൊഴിലാക്കുന്നു. മറ്റൊരാൾ കൂടുതൽ ധനാർജനത്തിനു് മദ്യഷോപ്പു് കോൺട്രാക്ടറാകുന്നു. കാട്ടുതടി കട്ടുവെട്ടുന്നതു് ഏറെ ആദായകരമാകയാൽ കുറേപ്പേർ അതിലേക്കു് തിരിയുന്നു. ഇതിനെയൊക്കെ മൂല്യബോധമുള്ളവർ തടയുന്നു. വിവിധ സമരമുഖങ്ങൾ അങ്ങനെ തുറക്കപ്പെടുന്നു.

പ്രശ്നങ്ങളെ വേർതിരിക്കാതെ ഇവയ്ക്കെല്ലാം മാതാവായ സ്വകാര്യമാത്ര വ്യവസ്ഥിതിയെ മാറ്റി, പരാർത്ഥവ്യവസ്ഥിതിക്കുവേണ്ടി ശ്രമമാരംഭിച്ചാൽ ഈ മാതിരി എതിർപ്പുകൾ ഉണ്ടാവില്ല. നീതിമേളയിലൂടെ കേസ്സുകൾ തീർന്നു് കേസ്സില്ലാതാകുന്ന അവസ്ഥയിൽ വക്കീലന്മാർ വരുമാനമില്ലാത്തവരാകും. അവർ നീതിമേളയെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുപോകും. നല്ല കാര്യമാണെന്നറിയാമെങ്കിലും ഒരു നന്മ സ്വന്തജീവിതത്തിനു് ബാധകമാണെന്നു വരുമ്പോൾ ജീവിതത്തിനു് തത്കാലം നേട്ടം ഉണ്ടാക്കിത്തരുന്ന ഒരു തിന്മയെ അംഗീകരിക്കേണ്ടി വരിക സ്വാഭാവികമാണു്. മറിച്ചു് കേസ്സൊന്നും ഇല്ലാതാകുന്നതു് എല്ലാവരുടേയും ജീവിതത്തിനു് സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയൊരു വ്യവസ്ഥിതിയിലൂടെയാണെന്നു വന്നാൽ അതിനെ സ്വാഗതം ചെയ്യുവാൻ വക്കീലന്മാർക്കും കഴിയും. അതുകൊണ്ടു് ഒറ്റപ്പെട്ട പ്രശ്നങ്ങൾക്കു് വേർതിരിഞ്ഞു് ഗ്രൂപ്പുകളായിനിന്നു് പരിഹാരംകാണാൻ ശ്രമിക്കുന്ന ശൈലിയിൽനിന്നു് പുതിയലോകനിർമാണത്തിനുള്ള പുതിയവഴി കണ്ടെത്തുകയാണു് ബുദ്ധി.

ഇവിടെ ഒരു വലിയ പ്രതിസന്ധിയുണ്ടു്. ഒരനീതിയെ എതിർക്കാൻ ഒരാളോ ഒരു ഗ്രൂപ്പോ മതി. കാബറെ നർത്തകിയെ തടയാൻ ധീരരുടെ ഒരു ചെറിയ ഗ്രൂപ്പിനു് സാധിക്കും. കാബറെ നർത്തകിയെ സമൂഹ ജീവിതത്തിലേക്കു കൊണ്ടുവരാൻ അവർക്കു മാത്രമായി സാദ്ധ്യമല്ല. കുടുംബങ്ങൾക്കുപരി നമുക്കിന്നു് ഒരു സമൂഹജീവിത വേദി ഇല്ല. അതുണ്ടായിരുന്നെങ്കിൽ കാബറെ നർത്തകി ഉണ്ടാകുമായിരുന്നില്ലല്ലോ. ആ പുതിയലോകം ഉണ്ടാവുക എളുപ്പമല്ല. അതു് ഒരു വ്യക്തിയുടെ പിടിയിൽ വരുന്ന കാര്യമല്ല. അതുകൊണ്ടു് പരിഹാരത്തിന്റെ ആ വഴി വ്യക്തിയുടെ ചിന്തയിലേ വരുന്നില്ല. തന്നാലാവുന്നതു ചെയ്യാമെന്നു് പ്രവർത്തകർ കരുതിപ്പോകുന്നു. കുടുംബാംഗങ്ങളെ അന്യോന്യം ചേർത്തുകൊണ്ടുള്ള സമൂഹജീവിത വേദികളില്ലാത്തതുകൊണ്ടു് ഒറ്റതിരിയപ്പെട്ടു പോവുകയും ഗത്യന്തരമില്ലാതെ തെറ്റായ വഴികളിൽ വീണുപോവുകയും ചെയ്യുന്നവരുടെ ദൗർബല്യമാണു് കാബറെകളേയും മുതലാളിമാരേയും മോഷ്ടാക്കളേയും ചൂഷകരേയും ദരിദ്രരേയും കുറ്റവാളികളേയും ഒക്കെ സൃഷ്ടിക്കുന്നതെന്ന വസ്തുതയെ അഭിമുഖീകരിക്കാനാവാതെ തിന്മകളുടെ മുഖങ്ങളെ തടയാൻ ശ്രമിച്ചുപോവുകയാണു്. കാബറെക്കാർ അതു വിട്ടിട്ടു് കൊള്ളയിലേക്കു തിരിയാൻ നോക്കും. മര്യാദയോടെ കച്ചവടമോ കൃഷിയോ ഒന്നും ചെയ്യാൻ നിവൃത്തിയില്ല എന്നതാണവസ്ഥ. അതുകൊണ്ടു് ഒറ്റപ്പെട്ട തിന്മകൾക്കു പുറംതിരിഞ്ഞു് മൈത്രിയുടെ അടിസ്ഥാനത്തിൽ ചെറുസമൂഹ രചന സാധിച്ചെടുക്കാൻ സാമൂഹ്യപ്രവർത്തകൻ ഒറ്റയ്ക്കായാലും മടിക്കരുതു്. ഓരോ ഗ്രൂപ്പും ഇന്നേറ്റെടുത്തിട്ടുള്ള സമരരംഗത്തേക്കു എല്ലാവരും വരണം എന്നു് ഓരോ കൂട്ടരും ആവശ്യപ്പെടുന്നുണ്ടല്ലോ. അതുപോരാ. ഒത്തുചേരുന്നതു് നവസമൂഹ രചനയ്ക്കു് തന്നെയാവണം. എല്ലാ പ്രശ്നങ്ങൾക്കും മാതാവായ സ്വകാര്യനിഷ്ഠവ്യവസ്ഥിതിയിൽനിന്നു് എല്ലാവരുംകൂടി മോചിതരാകുന്ന ശൈലി കണ്ടെത്തണം.

ജനാഭിമുഖ്യം
കേശു:
ബഹുജനങ്ങൾ അത്രയും ഉന്നതമായി ചിന്തിക്കുമെന്നു് ആരും കരുതാറില്ല.
ഞാൻ:
തങ്ങളുടെ നാട്ടുകാർ ഒന്നിച്ചുകൂടി തെറ്റായ തീരുമാനങ്ങളും എടുക്കട്ടെ. അതിൽ ആരെങ്കിലും ഒരാൾ കണ്ടെന്നു വരും അതു് തെറ്റാണെന്നു പറയുവാൻ. ഓരോ ഗ്രാമവും ലോകത്തിനു വേണ്ടി കൂടുകയും ജീവിക്കുകയും ചെയ്യുന്നൊരു തലത്തിലേക്കു ക്രമേണ ഉയരുമ്പോൾ തെറ്റുകൾ കുറഞ്ഞുവരും.
കേശു:
ഒരു ഗ്രാമക്കൂട്ടത്തിനു് വലിയ ഒരു തെറ്റുപറ്റിയെന്നിരിക്കട്ടെ. അതു് അവരെയല്ലെ ബാധിക്കൂ. ഇന്നു് അമേരിക്കൻ പ്രസിഡണ്ട് ബുഷിനു് ഒരു തെറ്റുപറ്റിയാൽ ലോകത്തെ മുഴുവൻ ബാധിക്കുമല്ലോ.
മിനി:
ഇത്ര വ്യക്തമായ ഒരു വസ്തുത എന്തുകൊണ്ടു് നമ്മുടെ നേതാക്കന്മാർക്കുപോലും ബോധ്യമാകുന്നില്ല. നാടുതോറും ജനങ്ങൾ കൂടിയാലോചിച്ചു് ജീവിക്കുന്ന ഒരു ജനരാജിനെപ്പറ്റി നേതാക്കന്മാരാരും ചിന്തിക്കുകപോലും ചെയ്യുന്നില്ലല്ലോ.
ഞാൻ:
വിഭാഗീയതയാവാം ഇതിനു കാരണം. നമ്മുടെ നേതാക്കന്മാർ പലരും ഏതെങ്കിലും ജാതിയിലോ, മതത്തിലോ, പാർട്ടിയിലോ കൂടി നേതൃനിരയിൽ എത്തിയവരാണു്. മാനുഷികതലം ഇല്ലാത്തതുകൊണ്ടു് മാനുഷികനേതൃത്വവും ഇല്ലാതായിപ്പോയി. ആദ്ധ്യാത്മിക നേതാക്കന്മാരിൽപോലും വളരെ അപൂർവം പേരേ ലോകത്തെ ഒന്നായി കാണാനുള്ള മഹത്വം ആർജിച്ചവരായി കാണുന്നുള്ളു. ആ മഹാത്മാക്കളുടെ ശാന്തമായ ശബ്ദമാകട്ടെ ഈ ബഹളത്തിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. വിശ്വവിശാലമായ കാഴ്ചപ്പാടു് തടസ്സപ്പെടുത്തിക്കൊണ്ടു് സങ്കുചിത കാഴ്ചപ്പാടുകൾ മുന്നേറി നില്ക്കുന്ന കാലഘട്ടമാണിതു്.
കബീർ:
കുറച്ചുപേർ ചുറ്റുമുണ്ടായാൽ ഒരു വക ശക്തിബോധം ഉണ്ടാവുക സ്വാഭാവികമാണു്. തങ്ങൾക്കപ്പുറമുള്ള ലോകം നിസ്സാരമാണെന്നു് തോന്നിപ്പോകും. മറ്റുള്ളവരെ തള്ളിക്കളയാമെന്നു തോന്നും. തങ്ങളുടെ ആളുകളെ തെരുവിൽ നിരത്തി ആ ശക്തി കണ്ടു് സന്തോഷിക്കുവാനും മറ്റുള്ളവരെ ഭയപ്പെടുത്താനും ഓരോ കൂട്ടരും ശ്രമിക്കുന്നു. മനുഷ്യരാകെ ഒരു ശക്തിയായി തീർന്നാലുള്ള നേട്ടങ്ങളെപ്പറ്റി ചിന്തിക്കാൻ സങ്കുചിത ശക്തിയിലുള്ള ഭ്രമം തടസ്സമായി നില്ക്കുന്നു. അതുകൊണ്ടു് മാനുഷികമായി ചിന്തിക്കാൻ കഴിയാതെ പോകുന്നു.
ഞാൻ:
തന്റെ കൂടെ അഭിപ്രായം അന്വേഷിക്കാതെ നാട്ടിൽ ഒന്നും സംഭവിക്കുകയില്ലെന്നു് ഓരോരുത്തർക്കും ബോദ്ധ്യം വരണം. ലോകത്തിൽ വ്യക്തിയുടെ സ്ഥാനം അതോടെ മഹത്തരമായിത്തീരുന്നു. ഈദൃശവ്യക്തികളുടെ സമൂഹം ലോകത്തിനെത്രമാത്രം ഗുണപ്രദമായിരിക്കും.
കബീർ:
കേരളം ഒട്ടുക്കു് ഗ്രാമക്കൂട്ടങ്ങൾ ഉണ്ടായാൽ അവ ഒറ്റയ്ക്കും കൂട്ടായും എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്തുകൊള്ളും. കേന്ദ്രത്തിനോ സംസ്ഥാനത്തിനോ കൂടുതൽ അധികാരം എന്ന പ്രശ്നം ഉണ്ടാവില്ല. ഓരോ ഗ്രാമക്കൂട്ടവും വിശ്വാധികാരം ഉള്ളവ ആകും.
സംസ്കാരം ഒന്നിച്ചു്
ഞാൻ:
എനിക്കു് ഈയിടെ പുതിയൊരാശയം തോന്നി. സംസ്കാരം ഒറ്റപ്പെട്ട കാര്യമല്ലെന്നു്. താഴുമ്പോൾ എല്ലാവരും താഴും. ഉയരുമ്പോൾ ഒന്നിച്ചുയരും. ഈയിടെയായി അങ്ങനെ തോന്നുന്നു. നാമജപവും ധ്യാനവും ഒക്കെ നിത്യേന ഉള്ളവരുടെ മനസ്സുപോലും വളരെ താണതലത്തിൽ കെട്ടിക്കിടക്കുന്നതായി കാണാനിടവരുന്നതിന്റെ കാരണം പൊതുമാനസികനില താണതലത്തിലാണു് എന്നതാവാം. ഒരാൾ വളരെ മോശമായി പെരുമാറുമ്പോൾ അപരനു് ഉന്നത മാനസികാവസ്ഥ നിലനിറുത്താൻ കഴിയാതെ വരും. അസാധാരണരായ ചിലരുടെ കാര്യം ഇതിൽനിന്നു് വ്യത്യസ്തമായി പറയാനുണ്ടാവുമെങ്കിലും പൊതു സ്ഥിതി ഇതാണെന്നു തോന്നുന്നു. മനുഷ്യന്റെ ഉയർച്ചയുടെ രഹസ്യം ഇതാണോ എന്നു ഞാൻ സംശയിക്കുന്നു. മറ്റുള്ളവർ കീഴോട്ടും താൻ മേലോട്ടും എന്ന ഗതി സാദ്ധ്യമല്ല. ഇന്ത്യ മുന്നോട്ടും പാകിസ്താൻ പിന്നോട്ടും. അതു നടക്കില്ല. കമ്മ്യൂണിസ്റ്റുപാർട്ടിക്കു് കമ്മ്യൂണിസ്റ്റിതര പാർട്ടികളുടെ സഹകരണം കൂടാതെ കമ്മ്യൂണിസം സ്ഥാപിക്കാൻ പറ്റില്ല. മദ്യത്തിൽനിന്നു ലോകത്തിനു മോചനംകിട്ടണമെങ്കിൽ മദ്യപാനികളുടേയും മദ്യനിർമാതാക്കളുടേയും മദ്യത്തൊഴിലാളികളുടേയും ഒക്കെ സഹകരണം കൂടി വേണം. നമ്മുടെ കാടുകൾ നിലനില്ക്കുന്നതിനു് കാടു് നശിപ്പിക്കുന്നവരും കൂടി ശ്രമിക്കണം. ഹിന്ദുമതത്തിന്റെ ഉയർച്ച ക്രിസ്തു, ഇസ്ലാം മതങ്ങളുടെകൂടി ഉയർച്ചയോടൊന്നിച്ചേ സംഭവിക്കൂ. എല്ലാവരും അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു.
നവ:
ഒന്നിനെ കീഴോട്ടമർത്തുമ്പോൾ അമർത്തുന്നവനും കീഴോട്ടുതന്നെ പോകും. ഉയർത്തുന്നവനാകട്ടെ താൻ ഉയർത്തുന്നതിന്റെ ഗതിക്കനുസരിച്ചു് സ്വയം ഉയർന്നുകൊണ്ടേയിരിക്കും.
മിനി:
വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണിതു്.
അക്രമരാഹിത്യത്തിൽനിന്നും മുന്നോട്ടു്
രാജു:
പുരാതനകാലം മുതലേ വിപ്ലവകാരികൾ സ്വീകരിച്ചു പോന്നിട്ടുള്ള സമീപനത്തിൽ എതിർത്തു തോല്പിക്കുന്നതിനു് മുഖ്യ സ്ഥാനം കൊടുത്തിട്ടുണ്ടു്. കൂടെ ഉള്ളവരെ തോല്പിക്കുന്നതിൽ പൗരുഷം പ്രകടമാക്കുന്ന ഒരു മാനസികാവസ്ഥ വ്യാപകമായി കാണുന്നു. അന്യായം എവിടെ കണ്ടാലും എതിർക്കുക. മതഗ്രന്ഥങ്ങളെല്ലാം ധർമയുദ്ധം വിവരിക്കുന്നവയാണു്. അക്രമപരമോ, അക്രമരാഹിത്യപരമോ എന്നുള്ളതിൽ അഭിപ്രായവ്യത്യാസമുണ്ടെന്നല്ലാതെ അന്യായങ്ങളെ എതിർക്കണം എന്ന കാര്യത്തിൽ എല്ലാവരും ഏകപക്ഷക്കാരാണു്.
ഞാൻ:
അക്രമമാർഗത്തിൽനിന്നു മനുഷ്യസംസ്കാരം അക്രമരാഹിത്യത്തിന്റെ മാർഗത്തിലേക്കു് ഉയർന്നു. അവിടെനിന്നും പുതിയൊരു ചുവടുവയ്പിന്റെ ആവശ്യം ഇപ്പോൾ വന്നിരിക്കുന്നു. സമരങ്ങൾ അക്രമരഹിതമായിരുന്നാൽ പോരാ: ശത്രുത ഉണ്ടാവാതിരിക്കുകയും വേണം. അപ്പോൾ തിന്മയെ മുഖാമുഖം നേരിടേണ്ട എന്ന പ്രശ്നം വരും. നേരിട്ടാൽ അക്രമരഹിത സംഘർഷത്തിനെങ്കിലും ഇടവരും. അതു സംഭവിച്ചാൽ ഇരുകൂട്ടരും ചേർന്നു് സാധിക്കേണ്ട പുതിയ സമൂഹരചന നടക്കാതെ വഴി അടഞ്ഞുപോകും. ഒരു വിഷമ പ്രശ്നമാണിതു്. ദർശനം പുതിയൊരു വഴി തേടുകയാണു്. വ്യക്തമായി വരുന്നതേയുള്ളു. തിന്മകളെ എതിർത്താൽ പോര; പുത്തൻ സമൂഹരചന സാധിക്കണം എന്ന ലക്ഷ്യം മുന്നിൽ വരുമ്പോഴാണു് ഈ വിഷമപ്രശ്നം മുന്നിൽ വരുന്നതു്.
കൂടിയാലോചനകളിലൂടെ സാമൂഹ്യ പരിവർത്തനം
നവ:
ദർശനം മുന്നോട്ടുവച്ചിട്ടുള്ള കൂടിയാലോചന എന്ന വഴി ഇവിടെയാണു് പ്രസക്തമാകുന്നതു്. ഐക്യരാഷ്ട്രസഭയും കൂടിയാലോചനയ്ക്കു് മുൻതൂക്കം കൊടുക്കുന്നുണ്ടു്. ലോകം കൂടിയാലോചനയുടെ മാർഗത്തിലേക്കു വരുന്നുണ്ടു്. ഗോർബച്ചേവ് ആ വഴിയിൽ ശ്രദ്ധ ഊന്നുന്നതായി തോന്നുന്നു.
ഞാൻ:
ഇനിയങ്ങോട്ടു് കൂടിയാലോചന നേതൃതലത്തിൽ പോരാ. ജനകീയ കൂടിയാലോചനാവേദികൾ നാടുതോറും ഉണ്ടാകണം. ജീവിത വേദി എന്ന നിലയിലാണു് അതു് രൂപപ്പെടേണ്ടതു്. ഒന്നുകൂടി വ്യക്തമാക്കട്ടെ. നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ അന്യോന്യം വേണ്ടപ്പെട്ടവർ എന്ന ബോധത്തോടെ ചെറുസമൂഹങ്ങളായി ചേർന്നു് സാമൂഹ്യജീവിതമാരംഭിക്കണം. പരിവർത്തനത്തിനുള്ള കൂടിയാലോചന അവിടെ നടത്തണം. ശത്രുതാബോധത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാലോചനാവേദി ഉണ്ടായാൽ മതിയാവില്ല. കൂടിയാലോചനയിലൂടെ സാമൂഹ്യപരിവർത്തനം സംഭവിക്കണമെങ്കിൽ അതു് മൈത്രിയുടെ അടിസ്ഥാനത്തിൽ തുടങ്ങണം.
കേശു:
നമുക്കതു് ഒരു വസ്തുതാരൂപത്തിൽ ചിന്തിച്ചുനോക്കാം. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും തറക്കൂട്ടങ്ങൾ ചേരാൻ ഇടയായി എന്നു വിചാരിക്കുക. അവരെന്താണു് ചെയ്യേണ്ടതു്.
ഞാൻ:
ഓരോരുത്തരും ഇന്നു് എങ്ങനെ ആയിരിക്കുന്നുവോ അങ്ങനെ അവരെ അംഗീകരിച്ചു്, പൊരുത്തപ്പെട്ടു്, വേണ്ടപ്പെട്ടവരാണെന്നു കരുതാൻ എല്ലാവരും ശീലിക്കുകയാണാദ്യം വേണ്ടതു്. ഇതൊരു ധ്യാനമായി എടുത്തു് പരിശീലിക്കണം.
തറക്കൂട്ടം

കാര്യം മനസ്സിലാക്കിയിട്ടു് തറകൾ രൂപീകരിച്ചാൽ മതി എന്നതാണു് രണ്ടാമതു ശ്രദ്ധിക്കേണ്ടതു്. പ്രവർത്തകർ ധൃതിപ്പെടരുതു്. ഭവന സന്ദർശനങ്ങളും, ചർച്ചായോഗങ്ങളും വേണ്ടത്ര നടത്തി കാര്യം മനസ്സിലാക്കണം. വീട്ടുകാർ മനസ്സോടെ കൂടാൻ തുടങ്ങിയാൽ പിന്നീടു് വേണ്ടതു് അവർ ആലോചിച്ചു ചെയ്തുകൊള്ളും. അമ്പലപ്പുഴയിൽ ഇന്നും തറ വിളിച്ചുകൂട്ടുകയാണു്. വിളിച്ചില്ലെങ്കിൽ കൂടില്ല. മുറ്റത്തു് ഒരു തൈവയ്ക്കുന്നതുപോലെ ഓരോ വീടിനും തറക്കൂട്ടത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു് ഒന്നിച്ചുകൂടാൻ കഴിയുമ്പോൾ മാത്രമേ തറകൾക്കു് ജീവൻ വീഴു.

മിനി:
സ്വന്തം ജീവിതാവശ്യങ്ങളെ മറ്റുള്ളവരുടെ ജീവിതാവശ്യങ്ങളോടു് ചേർത്തു് കാണാൻ കഴിയുക ചെറിയൊരു കാര്യമല്ല. അതു സാധിച്ചാൽ മാത്രമേ തറകൾക്കു് വളർച്ച ഉണ്ടാകൂ.
ഞാൻ:
മിനി പറഞ്ഞതു് ശരിയാണു്. ഒരു വീട്ടുകാർക്കു് ഒരു വെട്ടുകത്തി വേണം എന്നു തോന്നുമ്പോൾ അയൽവീട്ടുകാർക്കാർക്കെങ്കിലും അതു വേണമോ എന്ന അന്വേഷണം ഒപ്പം വരണം. വേണമെങ്കിൽ ഒന്നിച്ചുണ്ടാക്കാം. ഒരാൾക്കു് തിരുവനന്തപുരത്തു് പോകേണ്ടി വന്നാൽ തന്റെ യാത്ര അയൽക്കാരിലാർക്കെങ്കിലും കൂടി പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നന്വേഷിക്കാൻ തോന്നണം. തിരുവനന്തപുരത്തുവച്ചു് പുതിയ നല്ലയിനം പേന കുറഞ്ഞവിലയ്ക്കു കിട്ടുന്നുവെന്നു കണ്ടാൽ അയൽവീടുകളിലെ കുട്ടികൾക്കുകൂടി ഓരോന്നു വാങ്ങാൻ തോന്നണം. ഒരു തറയിലെ എല്ലാ വീട്ടുകാരിലും ഇതുപോലെ പരസ്പര വിചാര വികാര ബന്ധം ഉണ്ടാകുമ്പോഴാണു് തറക്കൂട്ടം ഉണ്ടായി എന്നു പറയാവുന്നതു്.
നവ:
നിരവധി ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെയും നിരന്തര ഭാവനയിലൂടെയും സാവധാനം പുതിയൊരു സംസ്കാരം വളർത്തിയെടുത്താൽ മാത്രമേ വ്യക്തികളിൽ ഈ പരിണാമം സംഭവിക്കൂ. പാർലമെന്റിൽ ഒരു നിയമം പാസ്സാക്കി തറക്കൂട്ടം ഉണ്ടാക്കാം എന്നു കരുതരുതു്.
രാജു:
അടുത്ത വീട്ടുകാർ ഇടയ്ക്കിടെ ഒന്നിച്ചുകൂടും എന്നു വന്നാൽ നല്ല തുടക്കമായി കരുതാം. പുതിയൊരു ജീവിതലക്ഷ്യം ഉള്ളതുകൊണ്ടായിരിക്കണം കൂടുന്നതു്. ഓരോ തവണ കൂടുമ്പോഴും ലക്ഷ്യത്തിലേക്കുള്ള അകലം കുറഞ്ഞു കുറഞ്ഞു വരും. ക്രമേണ പരസ്പര അനുകൂലത വരുന്നതോടു കൂടി മനസ്സു് പിരിമുറുക്കങ്ങൾ എല്ലാംവിട്ടു് സ്വസ്ഥമാകാൻ തുടങ്ങും. ഒത്തിരി അനുകൂല സാഹചര്യങ്ങൾ കൊണ്ടേ തറകൾക്കു് യോജിച്ച മനസ്സു് ഉണ്ടായിവരൂ.
സർവജന സഹകരണം
കബീർ:
ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതെ, കയറിക്കിടക്കാൻ ഒരു വീടില്ലാതെ, ആരോരുമില്ലാതെ നമ്മുടെ ആളുകൾ കഷ്ടപ്പെടുന്നതെന്തിനു്? എന്നു ഞാൻ പലപ്പോഴും വിചാരിക്കാറുണ്ടു്. മനുഷ്യൻ പരസ്പരം ഒന്നു ശ്രദ്ധിച്ചാൽ എത്രവേഗം ഇതു മാറിപ്പോകും. പ്രകൃതിയുടെ ഔദാര്യം അത്യാർത്തികൊണ്ടടച്ചു് മനുഷ്യൻ ഭൂമിയിൽ കൃത്രിമക്ലേശം സൃഷ്ടിച്ചിരിക്കുകയല്ലേ? പ്രകൃതിയുടെ ഔദാര്യം നേരെ കണ്ടു് അറിഞ്ഞു് അനുകരിച്ചാൽ ഓരോരുത്തരും തന്റെ കഴിവുകൾ എല്ലാവർക്കുമായി വിനിയോഗിക്കുമായിരുന്നു.
മിനി:
“മദയാനയെ തളയ്ക്കാൻ പോരുന്നൊരു തുടൽ എന്റെ പക്കലുണ്ടു്. കണ്ണിചേരാതെ കിടക്കുകയാണെന്നേയുള്ളു” എന്നു പറഞ്ഞതുപോലെയാണു് നമ്മുടെ ഇന്നത്തെ അവസ്ഥ. മനുഷ്യൻ കണ്ണിചേർന്നാൽ ഭൂമി ഐശ്വര്യപൂർണമാകും. വിഭിന്നപാർട്ടികളേയും, വർഗങ്ങളേയും, മതങ്ങളേയും, രാഷ്ട്രങ്ങളേയും എങ്ങനെ കണ്ണി ചേർക്കും?
ഞാൻ:
കണ്ണിചേർക്കൽ നാടുതോറും തുടങ്ങേണ്ട ജോലിയാണു്. വ്യാപകമായി തുടങ്ങാവുന്നതല്ല. മതഭേദമെന്യേ ഓരോ പ്രദേശത്തുമുള്ള എല്ലാ പ്രാർത്ഥനാലയങ്ങളും മനുഷ്യബന്ധത്തിന്റെ ചുമതല ഏറ്റെടുക്കണം. നഗരസഭകളും പഞ്ചായത്തുകളും പ്രോത്സാഹനം നൽകണം. പ്രൈമറി വിദ്യാലയം മുതൽ യൂണിവേഴ്സിറ്റികൾ വരെ എല്ലാ വിദ്യാലയങ്ങളും ഈ വെൽഡിംഗ് ജോലിക്കുകൂടി സമയം കണ്ടെത്തണം. ഗവണ്മെന്റു തങ്ങളുടെ ഉദ്യോഗസ്ഥന്മാർക്കു് ഈ പ്രവർത്തനത്തിനനുവാദം നൽകണം, ഓരോ കരയിലുള്ള സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ തറക്കൂട്ടം ചർച്ചാവിഷയമാക്കണം. നാടും വീടും രക്ഷപ്പെടും. മനുഷ്യരാശി രക്ഷപ്പെടും. ഭാവിതലമുറകൾക്കു് സ്വസ്ഥജീവിതത്തിനു് വഴിയൊരുക്കും. രണ്ടായിരാമാണ്ടുവരെ അടുത്ത പത്തുവർഷം ഈ വഴിക്കു് ഒന്നിച്ചൊരു ശ്രമം ചെയ്യുവാൻ കേരളത്തിനു കഴിഞ്ഞെങ്കിൽ, അതിനു് എല്ലാ വിഭാഗക്കാരേയും ആത്മഭാവേന സമീപിക്കാൻ കഴിയുന്ന പ്രവർത്തകരുണ്ടാകണം. ഈ പുസ്തകം വായിക്കുന്നവർ മുന്നോട്ടുവരണമെന്നു് നമുക്കപേക്ഷിക്കാം.
മിനി:
ഓരോ കരയിലും നാലഞ്ചുപേർ വീതം മുന്നോട്ടു വരാനുണ്ടായാൽ നല്ല പിന്തുണ കിട്ടും. ഇന്നു് കുടുംബത്തിനുള്ളിലേക്കു് ഒതുങ്ങിക്കൂടിയിട്ടുള്ള നിരവധി നല്ല വ്യക്തികൾ ഇത്തരം ഒരു പ്രവർത്തനവേദിയുണ്ടായാൽ മുന്നോട്ടുവന്നു് സഹകരിക്കും. നല്ല കാഴ്ചപ്പാടുള്ള എത്രയോ പേർ വീടുകളിലേക്കു് ഒതുങ്ങിയതു് സാമൂഹ്യരംഗം തങ്ങൾക്കു പ്രവർത്തിക്കാൻ പറ്റാത്തതാണെന്നു കണ്ടതുകൊണ്ടാണു്. നിസ്വാർത്ഥവേദി ഒരുങ്ങിവന്നാൽ സ്വാതന്ത്ര്യസമരകാലഘട്ടങ്ങളേക്കാൾ കൂടുതലാളുകൾ രംഗത്തു വരും. ഇനി രണ്ടാം സ്വാതന്ത്ര്യസമരമല്ല; പുതിയ പരസ്പരാശ്രിതജീവിതമായിരിക്കണം പ്രേരകശക്തി. ഇതിനു് സാമൂഹ്യപ്രവർത്തകരുടെ കാഴ്ചപ്പാടിൽ ആകെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
ഒരു തെറ്റിദ്ധാരണ
നവ:
അടിസ്ഥാനജീവിതാവശ്യങ്ങൾ എല്ലാവർക്കും നിറവേറികിട്ടുകയാണു്. പരിവർത്തനപ്രവർത്തനങ്ങളുടെ ലക്ഷ്യം എന്നൊരു തെറ്റിദ്ധാരണ പലരിലുമുണ്ടു്. എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും വീടു്, സൗജന്യവൈദ്യസഹായം, സൗജന്യവിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, സൗജന്യഗതാഗതം, യഥേഷ്ടം ഇണചേരൽ ഇതൊക്കെ സാധിക്കുന്ന രാഷ്ട്രമാണു് മാതൃകരാഷ്ട്രം എന്നൊരു ധാരണ പരക്കെ ഉണ്ടു്. ഓരോരുത്തർക്കും ഇതൊക്കെ ലഭ്യമാക്കിക്കൊടുക്കുന്ന ഒരു സർക്കാർ ഉണ്ടായിരുന്നാൽ അതിന്റെ ചിറകിൻകീഴിൽ മനുഷ്യൻ സ്വസ്ഥനായി ഒതുങ്ങിക്കൂടുമോ? എനിക്കു തോന്നുന്നില്ല. ജീവിതം ഒരു ലക്ഷ്യത്തിലേക്കുള്ള സ്വതന്ത്രപ്രയാണമാകുമ്പോൾ മാത്രമാണു് മനുഷ്യൻ സംതൃപ്തനാകുന്നതു്. അതു നേടട്ടെ നേടാതിരിക്കട്ടെ അവനതുവേണം. മുന്നോട്ടുപോകാനുള്ള സ്വാതന്ത്ര്യം എന്നതിനെ പറയാം. ഒന്നു കൊടുത്തും അതു് അവനിൽനിന്നു് അപഹരിക്കുവാൻ പാടില്ല. വോട്ടുകൊടുത്തും നോട്ടു കൊടുത്തും പേടിപ്പെടുത്തിയും ഈ സ്വാതന്ത്ര്യം തടയാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നതിന്റെ ദോഷപരിണാമങ്ങളാണു് നാം ഇന്നനുഭവിക്കുന്നതു്. അപരനെ തന്റെ അടിമയാക്കുന്നതിനുവേണ്ടി സ്വന്തം സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയാണു് ഓരോരുത്തരും. തന്നെപ്പോലെ സ്വാതന്ത്ര്യം അപരനുമുണ്ടായിരുന്നാൽ അവൻ ആ സ്വാതന്ത്ര്യം ഉപയോഗിച്ചു തന്നെ അടിമയാക്കിയേക്കാം എന്ന ഭീതി ഓരോരുത്തർക്കുമുണ്ടു്. പരസ്പരമുള്ള ഈ അവിശ്വാസമാണു് നമ്മുടെ തലമുറയുടെ പ്രശ്നം. ഇതിനു പരിഹാരം മറ്റുള്ളവർക്കുവേണ്ടി ജീവിക്കുവാൻ വ്യക്തിയെ അനുവദിക്കുകയാണു്. താൻ എല്ലാവർക്കും വേണ്ടിയുള്ളവനാണെന്നു് ഓരോരുത്തർക്കും അനുഭവമാകണം. എനിക്കു് വേണ്ടതെല്ലാം തരുന്ന ഒരു ഗവണ്മെന്റ്ഉണ്ടായിരുന്നെങ്കിൽ എന്ന മോഹം നിലനിറുത്തുന്നതു് ആപത്താണു്. എനിക്കു വേണ്ടതു ലഭിക്കുന്നുവോ എന്നതല്ല ലോകത്തിനു വേണ്ടതു് ചെയ്യുവാൻ എനിക്കു കഴിയുന്നുവോ എന്നതാണു് മനുഷ്യനെ മനുഷ്യനാക്കുന്നതു്. ‘നന്ദനന്മാരെ പിതാവു രക്ഷിക്കുന്നതുപോലെ പ്രജകളെ രക്ഷിക്കുന്ന’ ഭരണകൂടങ്ങളല്ല; അന്യോന്യം ശ്രദ്ധിക്കുന്ന പൗരന്മാരുടെ സ്വതന്ത്ര സമൂഹജീവിത വേദികളാണു് ലോകത്തിനിനി ആവശ്യം.
വർഗസമരമല്ല; വർഗമോചനമാണു് ഇനി വേണ്ടതു്
ഞാൻ:
ഇതുപോലൊരു തെറ്റിദ്ധാരണ വർഗസമരത്തെപ്പറ്റിയും ഉണ്ടു്. വർഗസമരം ഇതുവരെ ഒരിടത്തും നടന്നിട്ടില്ലെന്നാണെന്റെ അഭിപ്രായം. തൊഴിലാളി-മുതലാളിസമരങ്ങൾ നടന്നിട്ടുണ്ടു്. രാജാ-പ്രജാസമരങ്ങൾ നടന്നിട്ടുണ്ടു്. അടിമ-ഉടമസമരം നടന്നിട്ടുണ്ടു്. തൊഴിലാളികൾ സംഘടിച്ചു സമരം ചെയ്തതു് മുതലാളിയാകാൻ വേണ്ടിയാണു്. പ്രജകൾ സംഘടിച്ചു് രാജാവിന്റെ തല അറുത്തതു് രാജാക്കന്മാരാകാൻ വേണ്ടിയായിരുന്നു. വിദേശി-സ്വദേശി യുദ്ധം കസേരയ്ക്കുവേണ്ടിയുള്ളതായിരുന്നു. ഇതൊക്കെ വിജയപ്രാപ്തിക്കുശേഷം തെളിഞ്ഞു കഴിഞ്ഞ കാര്യങ്ങളാണു്. പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു സത്യം ചൂഷകരുടെ സമൂഹമാണു് നാം എന്നതാണു്. അവസരം കിട്ടുന്നതിനനുസരിച്ചു് ഓരോരുത്തരും ചൂഷകരാകും. ഒരു ചെറിയ സംഭവം ഓർത്തുപോകുന്നു. ഇവിടെ ഒരു കർഷകന്റെ പുഞ്ചനിലത്തിൽ നാലു ജോലിക്കാർ ചേർന്നു് വളം ചിതറുകയായിരുന്നു. കർഷകൻ സ്ഥലത്തില്ല. അദ്ദേഹത്തിന്റെ നോട്ടക്കാരനാണു് മറ്റു മൂന്നുപേരെക്കൂടി കൂട്ടി വളമിട്ടതു്. വളമിട്ടുതീർന്നു് മൂന്നുപേർക്കും അയാൾ കൂലി കൊടുത്തു. ഒരു ചാക്കു വളം ചിതറാൻ 5 രൂപയാണു് കൂലി. ഓരോരുത്തർക്കും 5 രൂപാവീതം കിട്ടി. വളമിട്ടതിൽ ഒരു യുവാവു് പ്രീഡിഗ്രിവരെ പഠിച്ചിരുന്നു. അയാൾക്കു് ഒരു സംശയം. നാലുചാക്കു് വളമേ ഉണ്ടായിരുന്നുള്ളോ? ഒഴിഞ്ഞ ചാക്കുമായി അയാൾ കർഷകന്റെ വീട്ടിലേക്കു നടന്നപ്പോൾ ചെറുപ്പക്കാരൻ വിളിച്ചു. ചാക്കുവാങ്ങി എണ്ണിനോക്കി. 5 ചാക്കുണ്ടു്. സംഭവിച്ചതെന്താണു്. കർഷകനോടു് അയാൾ 5 ചാക്കിന്റെ കൂലി 25 രൂപാവാങ്ങി. വളം കൂട്ടിച്ചേർത്തു് 4 ചാക്കാണെന്നു് തന്റെ സഹപ്രവർത്തകരോടു പറഞ്ഞു. മറ്റുള്ളവർക്കു് 5 രൂപാവീതം കിട്ടിയപ്പോൾ അയാൾക്കു 10 രൂപാ കിട്ടി. ഇതു് ഒറ്റപ്പെട്ട കാര്യമായി തള്ളരുതു്. ഇതുവരെ നടന്ന പോരാട്ടങ്ങൾ ചൂഷകർ ഫലത്തിൽ തമ്മിലായിരുന്നെന്ന സത്യം ബോധ്യപ്പെടാൻ തക്ക ധൈര്യമുണ്ടായാൽ മാത്രമേ പുതിയ ചുവടുവയ്ക്കാൻ നമുക്കു കഴിയൂ. ഭരിക്കേണ്ടതു് ഇടതുപക്ഷമോ വലതുപക്ഷമോ എന്നതല്ല നമ്മുടെ മുമ്പിലുള്ള പ്രശ്നം: ഭരണമല്ല നമുക്കു് വേണ്ടതു്; ജീവിതമാണു് എന്ന കാഴ്ചപ്പാടാണു് വളർത്തിയെടുക്കേണ്ടതു്. വൃഥാ പോളിംഗ് ബൂത്തിലേക്കു് 16-ആം വയസ്സുകാരെക്കൂടി നിരത്തി നിറുത്തുന്നതെന്തിനു്? നമുക്കു് ഈ മൂടിക്കെട്ടിയ സ്വകാര്യവർഗ കാലാവസ്ഥയിൽനിന്നു് അന്യോന്യതയുടെ തെളിഞ്ഞ കാലാവസ്ഥയിലേക്കുള്ള മോചനമാണാവശ്യം. പെട്ടെന്നതു സാദ്ധ്യമല്ലെന്നു ഞാൻ സമ്മതിക്കുന്നു. അതുകൊണ്ടു് അനിവാര്യമായ തിന്മ എന്ന നിലയിൽ ചിലതൊക്കെ നമുക്കു ചെയ്യേണ്ടിവരും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ദീർഘവീക്ഷണം പുലർത്തി ചെയ്യേണ്ടതു് ചെയ്യാൻ നാം ഇനിയും മടിച്ചുകൂടാ. സാധാരണ ജനങ്ങൾ മുന്നോട്ടുവന്നാലേ ഈ മോചനപ്രക്രിയ തുടങ്ങാനാവൂ.
രേഖാചിന്തനം ഒരു തടസ്സം
ചോദ്യം:
സ്വതന്ത്ര ചിന്താപദ്ധതി സാധാരണ ജനങ്ങൾക്കു് സാദ്ധ്യമാകുമോ?
ഉത്തരം:
ഗൗരവമായി ചർച്ചചെയ്യേണ്ട ഒരു വിഷയമാണിതു്. ആരോ വരച്ച വഴിയിലൂടെ നേരേ നടന്നാൽ മതി എന്ന ചിന്താശൈലി നമ്മെ എറുമ്പുകളുടെ വർഗത്തിലേക്കു താഴ്ത്തുകയാവും ഫലത്തിൽ. ഒറ്റയ്ക്കും കൂട്ടായും ചിന്തിച്ചുതന്നെ മുന്നേറണം. അപ്പോൾ എല്ലാ ചിന്തകന്മാരും മനുഷ്യസ്നേഹികളും നമുക്കു് മാർഗദർശനം തരും. മറിച്ചു് ഒരാളുടെ കണ്ടെത്തലിനെ അവലംബിച്ചാൽ മറ്റുള്ളവർ നമുക്കു് നഷ്ടമാകും. മഹത്വ്യക്തികൾ ലോകത്തിൽ നിരവധി ഉണ്ടായിട്ടുണ്ടു്. അവരുടെ എണ്ണത്തിനനുസരിച്ചു് പ്രസ്ഥാനങ്ങളും ഉണ്ടു്. അവ ഒന്നിനൊന്നു് സഹകരിക്കാതെ വരുന്നതിന്റെ ഒരു കാരണം രേഖാചിന്തന ശൈലിയാണു്. വരച്ചവഴിയേ പോവുക. മറിച്ചു് സ്വതന്ത്ര ചിന്താശൈലി സ്വീകരിച്ചാൽ ഈ മഹത്തുക്കളുടെ എല്ലാം പിൻബലത്തോടു കൂടി ഒന്നിച്ചു മുന്നേറാൻ കഴിയും. ‘ഞങ്ങൾ ഗാന്ധിയൻ ലൈനിലാണു്.’ എന്നു പ്രഖ്യാപിച്ചുകൊണ്ടു് അണിചേർന്നാൽ മാർക്സിയൻ ലൈൻകാർ അടുക്കുകയില്ല. ഫലമോ ഗാന്ധിജിയും മാർക്സും ഇരുകൂട്ടർക്കും നഷ്ടപ്പെടും. പുതിയൊരു ലോകമാണു് നമ്മുടെ ലക്ഷ്യം എന്നുവരുമ്പോൾ മാനുഷികമായ ഒരു വഴി തുറക്കപ്പെടുകയും ഗാന്ധിജിയും മാർക്സും ആഗ്രഹിച്ച ഭരണമുക്ത സമൂഹത്തിലേക്കു് നീങ്ങാൻ കഴിയുകയും ചെയ്യും. ഒരു വ്യക്തിയുടേയും പേരിലാവരുതു് പുതിയ വഴി. ജനം തങ്ങളെ പിൻപറ്റണമെന്നല്ല. ലക്ഷ്യത്തെ പിൻപറ്റണമെന്നാണു് മഹാത്മാക്കൾ ആഗ്രഹിച്ചിരുന്നതു്. എന്നാൽ അവരുടെ ലക്ഷ്യം മറന്നിട്ടു് അവരെ ആരാധിക്കുകയും അവർക്കുവേണ്ടി പരസ്പരം പോരാടുകയും ചെയ്യുന്ന ദയനീയാവസ്ഥയിലേക്കു് ലോകം പാളിപ്പോയിട്ടുണ്ടെന്നു് നാം കാണാതിരുന്നുകൂടാ. ഇന്നുണ്ടായിപ്പോയിട്ടുള്ള രേഖാശൈലികളെല്ലാം പുതിയൊരു ജീവിതരേഖയോടു് ചേർത്തുകൊണ്ടുവരുവാൻ കാലമായി. ഓരോ വിഭാഗവും ഇതേപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
നവ:
എനിക്കൊരു അനുഭവമുണ്ടായി. ഒരിക്കൽ ഞാൻ ഒരു മഹാത്മാവിന്റെ സംഭാഷണം കേൾക്കാൻ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ചെന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ എന്റെ കൈയിലിരുന്ന ഒരു പുസ്തകം വാങ്ങിനോക്കിയിട്ടു് എന്നോടു ചോദിച്ചു: “എന്തു? നിങ്ങൾ ഈ പുസ്തകംകൊണ്ടു് ഇവിടെയോ?” ആ പുസ്തകം അദ്ദേഹത്തിന്റെ ഗുരുവിന്റെ ആശ്രമത്തിൽ ചെല്ലുന്ന ഒരാൾക്കു് ആവശ്യമുള്ളതല്ലെന്നു് അദ്ദേഹം ആത്മാർത്ഥമായി കരുതുന്നു. അവിടെ അത്ര പൂർണമാണു്. ഞാൻ പുസ്തകം തിരികെ വാങ്ങിയിട്ടു് പറഞ്ഞു: “നിങ്ങളുടെ ഗുരുവും ആദരിക്കുന്ന മഹാപുരുഷനാണിദ്ദേഹം.” പക്ഷേ, പറഞ്ഞിട്ടു് പ്രയോജനമുണ്ടായിരുന്നില്ല. ശ്രീരാമകൃഷ്ണവചനാമൃതം എല്ലാവർക്കും വായിക്കാവുന്ന ഒരു പുസ്തകമാണെന്നു് അദ്ദേഹത്തെ കൊണ്ടംഗീകരിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല.
ഞാൻ:
സ്വകാര്യ ഉടമാഭ്രമം പോലെ ഒരു ഭ്രമമാണിതു്. താൻ ആദരിക്കുന്ന മഹത്വ്യക്തിയെ പിൻ പറ്റുകയല്ലാതെ തനിക്കു കരണീയമായിട്ടില്ല എന്ന ധാരണ ആദ്ധ്യാത്മികരംഗത്തുള്ളതുപോലെ രാഷ്ട്രീയ രംഗത്തുമുണ്ടു്. പരസ്പരം ബന്ധപ്പെടാൻ ഈ രേഖാവിശ്വാസശൈലി തടസ്സം സൃഷ്ടിക്കുന്നുണ്ടു്.
ജനകീയാവിഷ്കരണം
മിനി:
ഓരോ വിശ്വാസക്കാരും തങ്ങളുടെ വിശ്വാസം ജനങ്ങളിൽ ഉറപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ടു് ജനകീയാവിഷ്കരണം നടക്കാതെ വരുന്നു. ഞാൻ അടുത്തയിടെ ഒരു തെരുവുനാടകം കണ്ടു. സ്ത്രീവിമോചനമായിരുന്നു പ്രമേയം. നാടകസംഘം അതു ഭംഗിയായി അവതരിപ്പിച്ചു. കണ്ടവർക്കെല്ലാം ഹൃദ്യമായി. നാടകസംഘവും നാട്ടുകാരും സന്തോഷമായി പിരിഞ്ഞു. ആ നാട്ടിലെ ജീവിതം പഴയപടി തുടരുകയാണു്. നാടകസംഘക്കാരുടെ ഇടയിലും ജീവിതകാര്യത്തിൽ മാറ്റം സംഭവിക്കുന്നില്ല. രാമായണത്തിൽ സീതയായി അഭിനയിച്ച താരത്തിന്റെ നിത്യജീവിതം സീതയോടു നീതി പുലർത്തണമെന്നില്ല. എന്താണിതിനു കാരണം? നാടൊന്നിച്ചു് പുതിയൊരു സമൂഹജീവിതത്തിനു തയ്യാറാകുന്നതിന്റെ ഭാഗമായി നാട്ടുകാരവതരിപ്പിച്ചതല്ല നാടകം. ആവിഷ്കരണം ജനകീയമല്ല. നാടിനെ ഉണർത്താൻ നാടകത്തിനുശേഷം നാട്ടിൽ പ്രവർത്തനം ഉണ്ടായാലും മതിയായിരുന്നു. പ്രദേശികതലത്തിൽ സംഭവിക്കേണ്ട മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ടു്, അതതു ദേശക്കാർ ജനകീയ ആത്മാവിഷ്കാരങ്ങൾ പ്രകാശിപ്പിക്കുവാൻ മുന്നോട്ടുവരത്തക്കവണ്ണം ഒരു പ്രവർത്തനശൈലി ഇന്നില്ല. നമ്മുടെ പരിശ്രമം പ്രശ്നങ്ങളുടെ നേർക്കു് വരുന്നില്ല. നിഴൽ പ്രക്രിയകളേ ആകുന്നുള്ളു. കൈയിലെ മുഴ മാറ്റാൻ അതിന്റെ നിഴലിൽ ഓപ്പറേഷൻ നടത്തിയാൽപോരല്ലൊ!
നവ:
ഒറ്റയ്ക്കോ ഗ്രൂപ്പുതിരിഞ്ഞോ പ്രശ്നങ്ങളെ നേരിടുന്തോറും ഭാരം കൂടും. തളരും. അതാണു് നിയമം. 15 പേർക്കു പൊക്കി മാറ്റാവുന്ന ഒരു തടി 45 പേരു പിടിച്ചിട്ടും മാറ്റാനാവാതെ വരുന്നതുപോലെയാണിതു്. 10 നായന്മാർ പിടിച്ചപ്പോൾ മറ്റുള്ളവർ മാറി നിന്നു. 12 കമ്മ്യൂണിസ്റ്റുകാർ പിടിച്ചപ്പോൾ മറ്റു പാർട്ടിക്കാർ ഒഴിഞ്ഞുമാറി. 10 മുസ്ലീങ്ങൾ പിടിച്ചപ്പോൾ മറ്റു മതക്കാർ മാറി നിന്നു. 13 തൊഴിലാളികൾ സർവശക്തിയും പ്രയോഗിച്ചപ്പോൾ മുതലാളിമാരാരും കൂടിയില്ല. ആകെ 45 പേർ പിടിച്ചിട്ടും 15 പേർ ചേർന്നാൽ നടക്കുന്ന കാര്യം നടക്കാതെ വന്നു.
മിനി:
ഇത്തരത്തിലായാൽ 15 പേർ ഒത്തുപിടിച്ചാലും തടി അനങ്ങില്ല. 15 പേർ ഉയർത്തുമ്പോൾ 20 പേർ താഴ്ത്തും. അതല്ലേ ഇന്നു നടക്കുന്നതു്.
ആർദ്രത
നവ:
പ്രാദേശികസമൂഹങ്ങൾ ഉണ്ടായാൽ സ്ഥിതിമാറും. ഓരോരുത്തർക്കും അനേകരുടെ ശക്തി ഒന്നിച്ചുകൂടുമ്പോളുണ്ടാകും. അപ്പോൾ മാത്രമേ മനുഷ്യന്റെ കഴിവുകളുടെ ചുരുൾവിടരാൻ തുടങ്ങൂ. പ്രാദേശികസമൂഹജീവിതം തുടങ്ങുന്നതിനുപകരം ഓരോ കാര്യത്തിനും ഇനിയും നാടുതോറും പ്രത്യേകം പ്രത്യേകം യൂണിറ്റുണ്ടാക്കാൻ ശ്രമിച്ചാൽ ശിഥിലീകരണം വർദ്ധിക്കും. പരിശ്രമം എല്ലാം പാഴായിക്കൊണ്ടേയിരിക്കും. ആത്മാർത്ഥതയും ത്യാഗവും ഒന്നും നമ്മെ രക്ഷിക്കുകയില്ല. പരമപ്രധാനമായ കാര്യം പരസ്പരം കണ്ണിചേരുമോ എന്നതു തന്നെയാണു്.
ഞാൻ:
കണ്ണിചേർന്നാൽ മൂല്യങ്ങൾ ചോർന്നുപോകാതിരിക്കും. വ്യക്തികളുടെ മൂല്യബോധത്തിനും അറിവിനും തങ്ങിനിന്നു രൂപപ്പെടാൻ ഒരു തലം ഇന്നില്ല. ഒന്നിച്ചുനിന്നാലേ ആ തലം ഒരുങ്ങൂ. ആൾക്കൂട്ടത്തിനിടയിലല്ല, സമുദായജീവിതത്തിലാണു് സംസ്കാരം വളരുന്നതു്. സമൂഹജീവിതത്തിന്റെ അഭാവത്തിൽ മാനവസംസ്കാരം വളരുകയില്ല. ധീരവും ആത്മാർത്ഥവും ത്യാഗോജ്ജ്വലവും ലക്ഷ്യബോധമുള്ളതുമായ പ്രവർത്തനങ്ങൾപോലും പരാജയപ്പെടാൻ കാരണം ഇനിയും അന്വേഷിക്കാതിരുന്നുകൂടാ. തഴയുണ്ടു്; പായില്ല. നൂലുണ്ടു്; വസ്ത്രമില്ല. കണ്ണിയുണ്ടു്; ചങ്ങലയില്ല. ഇതാണു് നിഷ്ഫലതയുടെ കാരണം.
നവ:
മനുഷ്യനെസംബന്ധിച്ചിടത്തോളം ഈ നിഗമനം ശരിയല്ല. വ്യക്തിയുണ്ടു്. സമൂഹമില്ല എന്നു പറയാമോ? വ്യക്തിയുമുണ്ടു് സമൂഹവുമുണ്ടു്. എന്നതല്ലേ സത്യം? പഞ്ചായത്തുമുതൽ പാർലമെന്റുവരെ എത്ര എത്ര സംഘടനാരൂപങ്ങൾ നമുക്കുണ്ടു്. ഒന്നിലധികം സാമൂഹ്യസംഘടനകളിൽ അംഗമാകാത്ത ഒരാളെങ്കിലും കാണുമോ?
ഞാൻ:
ഏതെങ്കിലും തരത്തിൽ ഒരു സാമൂഹ്യബന്ധം കൂടാതെ ജീവിക്കാനാവാത്ത വർഗമാണു് നാം. മനുഷ്യൻ സമൂഹജീവി ആയിപ്പോയി. വ്യക്തിയുമുണ്ടു് സമൂഹവുമുണ്ടു് എന്നംഗീകരിച്ചേ തീരൂ. പിന്നീടെവിടെയാണു് തകരാറു സംഭവിച്ചതു? എവിടെയോ തകരാറുണ്ടെന്നതു് തീർച്ചയാണല്ലോ. അതുകണ്ടെത്തേണ്ടേ?
മിനി:
തീർച്ചയായും വേണം. അതു കണ്ടെത്തി തിരുത്തിയാൽ ഭൂമിയിൽ മനുഷ്യജീവിതം സുഗമമാകും.
ഞാൻ:
ഞാൻ കാണുന്നതുപറയാം. വ്യക്തികൾതമ്മിൽ ബോധപൂർവം കണ്ണിചേർന്നുള്ള സമൂഹമല്ല ഇന്നുള്ളതു്. ഇഷ്ടിക അടുക്കി ഭിത്തി കെട്ടിയിട്ടുണ്ടു്. എന്നാൽ ഇടയ്ക്കു സിമന്റുവച്ചിട്ടില്ല. അതുകൊണ്ടു് എല്ലാം ഇടിഞ്ഞും മറിഞ്ഞും തകർന്നുപോകുന്നു. പിളരാത്ത ഒരു സംഘടനയും ഇന്നില്ലല്ലോ.
രാജു:
കുടുംബങ്ങൾക്കുള്ളിൽപോലും ബന്ധദാർഢ്യം കാണുന്നില്ല. ഒരു ചെറിയ കാറ്റുണ്ടായാൽ ഭാര്യാഭർത്തൃബന്ധം പൊട്ടിപ്പോകും. എത്ര വേദനാജനകമാണീ അവസ്ഥ. വ്യക്തിബന്ധം ഉറപ്പാക്കുന്ന ഒരു സെമന്റ് കണ്ടെത്തിയേ തീരൂ.
ഞാൻ:
രാമായണത്തിന്റെ സമാപനത്തിൽ രാമരാജ്യത്തെപ്പറ്റി പറയുന്ന ഭാഗത്തു് ഈ സെമന്റിനെപ്പറ്റി പറയുന്നുണ്ടു്. “എല്ലാവനുമുണ്ടു് ‘അനുകമ്പ’ മാനസേ” അനുകമ്പയാണു് സെമന്റ്. ഓരോ മനസ്സും മറ്റുള്ളവരുടെ നേരെ ആർദ്രമാകാതെ സമൂഹരചന സുദൃഢമാകില്ല.
സാമൂഹ്യവിരുദ്ധരോടുള്ള സമീപനം
മിനി:
മദ്യപാനിയും വ്യഭിചാരിയും ചൂഷകനും എന്നു പരക്കെ അറിയപ്പെടുന്ന ഒരാൾ പ്രവർത്തനത്തിനു് നമ്മുടെ കൂടെ വരാൻ തയ്യാറാകുന്നുവെന്നു വന്നാൽ നാം അയാളെയും കൂട്ടി വീടുകളിലേക്കു് ചെല്ലുന്നതു് ശരിയാകുമോ? അയാൾ മറ്റു വല്ല ദുരുദ്ദേശവും ഉള്ളിൽവച്ചുകൊണ്ടാണു് വരുന്നതെങ്കിലോ? നമ്മുടെ പ്രവർത്തനത്തെപ്പറ്റി വീട്ടുകാർക്കു് എന്തുതോന്നും? ഇത്തരം ഘട്ടങ്ങളിൽ ആർദ്രത പുലർത്തുന്നതു ശരിയാകുമോ?
നവ:
പ്രവർത്തകരുടെ വ്യക്തിത്വത്തെപ്പറ്റി ബഹുജനങ്ങൾക്കുള്ള അഭിപ്രായം മുന്നോട്ടുള്ള നീക്കത്തിൽ നിർണായകഘടകമായിരിക്കും.
കബീർ:
ആ നിലയ്ക്കു് പ്രവർത്തകർക്കു് ഒരു മിനിമം പെരുമാറ്റചട്ടം വേണ്ടിവരും. അത്രയും അംഗീകരിക്കാത്തവരെ പ്രവർത്തനത്തിൽ പങ്കെടുപ്പിക്കരുതു്.
രാജു:
അപ്പോൾ ഒരു സംഘടനാരൂപം വേണ്ടി വരുന്നു.
ഞാൻ:
അയാൾ കൂടെപ്പോരട്ടെ എന്നാണു് ഞാൻ പറയുന്നതു്. ഞങ്ങൾ അമ്പലപ്പുഴയിലെ പരീക്ഷണത്തിൽ ഇതുവരെ ആരേയും ഒഴിച്ചുനിറുത്തിയിട്ടില്ല. ആളുകളുടെ ഇടയിൽ അഭിപ്രായവ്യത്യാസം വരും. നാം അതു തിരുത്തണം. അപകടത്തിൽ നിന്നു മോചനം പ്രാപിച്ച കുറച്ചുപേർ അപകടത്തിൽപെട്ടുപോയവരെ കരകയറ്റുന്ന പ്രവർത്തനശൈലിയല്ല നാം സ്വീകരിക്കേണ്ടതു്. നമ്മളെല്ലാം സങ്കുചിതബുദ്ധികളായി ചൂഷകരായി തീർന്നുപോയി എന്നു നാം അറിയുന്നു. ഒന്നിച്ചൊരു മോചനത്തിനു ശ്രമിച്ചുനോക്കാം എന്ന കാഴ്ചപ്പാടായിരിക്കും ഉത്തമം. ഇത്തരം പ്രവർത്തനരംഗങ്ങളിൽ സ്വാഭാവികമായും ചില ഗുണങ്ങൾ ഉള്ളവരാണു് മുന്നിൽ വരിക. കൂട്ടത്തിൽ ആർക്കും വരാൻ അവസരം നൽകണം. ഒരു സജ്ജനവേദിയാക്കാൻ ശ്രമിക്കരുതു്. മാനുഷികവേദി ആയിരിക്കണം. ഞാനിതു പറയാൻ മറ്റൊരു കാരണമുണ്ടു്. മാറ്റം എന്നതുകൊണ്ടു് നാം സ്വാർത്ഥമതികളുടേയും കള്ളന്മാരുടെയും ഒക്കെ മാറ്റം കൂടി ഉദ്ദേശിക്കുന്നുണ്ടല്ലോ. അവരൊക്കെ ഇവിടെ ഇങ്ങനെ തന്നെ കിടക്കെ നല്ല കുറച്ചുപേർക്കു മാത്രമായി ഒരു സ്വർഗരാജ്യം ഇവിടെ പണിയാൻ പറ്റുമോ? അവരിൽ മാറ്റം വരണമെങ്കിൽ അവരെ അകറ്റിനിറുത്തിയാൽ പറ്റില്ല. അകന്നുപോയാൽ പിന്നീടൊരിക്കലും അകറ്റി നിറുത്തിയവരുടെ വാക്കുകൾ അവർ ശ്രദ്ധിക്കുകയില്ല. സദാ എതിർപ്രവർത്തനം ചെയ്തുകൊണ്ടേ ഇരിക്കും. അവരും കൂടി സമൂല പരിവർത്തനത്തിനുള്ള ശ്രമത്തിൽ ആദ്യം മുതലേ ഏർപ്പെട്ടു വരണം. എന്റെ നോട്ടത്തിൽ അവർ ഒന്നിച്ചുവരുമോ എന്നതാണു് പ്രശ്നം. വന്നാൽ ആത്മാർത്ഥമായി സ്വാഗതംചെയ്യണം എന്നതിൽ എനിക്കു് സംശയമേ ഇല്ല.
കേശു:
മറ്റൊരുവശംകൂടി ഞാൻ പറയാം. സാമൂഹ്യവിരുദ്ധർ എന്നു പറഞ്ഞു മാറ്റി നിറുത്തപ്പെടുന്നവർ അങ്ങനെ ആയതിൽ സമൂഹത്തിനാകെ പങ്കില്ലേ. കള്ളന്റേയും മദ്യപന്റേയും കുടുംബസ്ഥിതി ആരെങ്കിലും അന്വേഷിക്കാറുണ്ടോ? എന്തുകൊണ്ടു് അവർ അങ്ങനെ ആയി എന്നന്വേഷിക്കുമ്പോൾ ഒരു സത്യം കണ്ടെത്തും. കുറെപ്പേർ ഇങ്ങനെ ആയതുകൊണ്ടാണു് കുറെപ്പേർ അങ്ങനെ ആയതു്. പരസ്പരം ശ്രദ്ധിച്ചില്ല. അന്വേഷിച്ചില്ല. സഹകരിച്ചില്ല. ഇതൊക്കെത്തന്നെ മുഖ്യകാരണം. ജന്മസിദ്ധമായിത്തന്നെ ക്രൂരതയുള്ളവരുടെപോലും മാനസികനില സാമൂഹ്യ സാഹചര്യം ഗുണാത്മകമായാൽ മാറി വരും. പ്രവർത്തനത്തിനു് മുന്നിട്ടിറങ്ങുന്നവർ സ്വയം ഒരാത്മപരിശോധന നടത്തിയാൽ ഇത്ര മഹത്തായ ഒരു പ്രവർത്തനത്തിനിറങ്ങാൻ അവരും അർഹരല്ലെന്നു ബോദ്ധ്യമാകും. ചില ആളുകൾ ഈ സ്വയം ബോദ്ധ്യം കൊണ്ടു് അമ്പലപ്പുഴയിലെ പരീക്ഷണത്തിൽ സഹകരിക്കാൻ മടിക്കുന്നു എന്നു ഞാൻ കേട്ടു. എന്നാൽ ഈ പരീക്ഷണം സാധാരണക്കാരുടേതാണു്. നമ്മുടെ കുറവുകളും നമ്മോടൊന്നിച്ചുണ്ടായെന്നു വരും. അന്യോന്യം കുറ്റപ്പെടുത്താതെ കുറവുകളോടു കൂടി പരസ്പരം അംഗീകരിച്ചാലേ ഈ പ്രവർത്തനം മുന്നോട്ടു നീങ്ങൂ എന്നാണെനിക്കു തോന്നിയിട്ടുള്ളതു്. പ്രവർത്തകരിൽ മാത്രമായി മാറ്റം പ്രതീക്ഷിക്കുന്നതു് ശരിയാവുകയില്ല.
നവ:
ഞാൻ യോജിക്കുന്നു. നാം കുറ്റമറ്റ ഒരു സമൂഹം പ്രതീക്ഷിക്കുന്നവരല്ലല്ലോ. നാം ഭാവനചെയ്യുന്ന പുതിയ ലോകത്തിന്റെ മുഖ്യഗുണം ബന്ധുത്വമാണു്. ഇപ്പോഴേ നാം അതു് വേണ്ടെന്നുവച്ചാൽ പിന്നീടു് അതെങ്ങനെ ഉണ്ടാവും. നാം ഉദ്ദേശിക്കുന്നരീതിയിൽ അപരൻ വളർന്നതിനുശേഷം അയാളെ ബന്ധുവാക്കാമെന്നാണോ നാം വിചാരിക്കേണ്ടതു്. പ്രവർത്തനത്തിനു് വരുന്നവരെ സ്വാഗതം ചെയ്താൽ മാത്രം പോരാ മദ്യശാലയിൽ ചെന്നു് ഒന്നിച്ചുവരുവാൻ മദ്യപന്മാരെ ക്ഷണിക്കുകയും വേണം എന്നെനിക്കിപ്പോൾ തോന്നുന്നു.
മിനി:
ചിലരെ കൂട്ടത്തിൽ കൊണ്ടുപോകണമെങ്കിൽ ചിലപ്പോൾ ചുമട്ടുകാർകൂടി വേണ്ടി വരും. (എല്ലാവരും പൊട്ടിച്ചിരിച്ചു.)
ഞാൻ:
എന്റെ അനുഭവം പറയട്ടെ. അറിയപ്പെടുന്ന ഒരു ലഹരിക്കാരൻ ഭവനസന്ദർശനത്തിനു് ഞാനുംകൂടി വരട്ടെ എന്നു് ഒരിക്കൽ എന്നോടു ചോദിച്ചു. നാളെ രാവിലെ മുതൽ വരിക എന്നു ഞാൻ പറഞ്ഞു. ഒരു മാസം ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചു. അദ്ദേഹം ഒരു ദിവസം പോലും മദ്യപിച്ചുകൊണ്ടു് ഒന്നിച്ചു വന്നില്ല. അങ്ങനെ വന്നാൽ “നാളെ വരൂ” എന്നു പറഞ്ഞു് പിൻതിരിപ്പിക്കുക തന്നെ വേണം. ചിലരോടു് ഞാൻ അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടു്. യോഗസ്ഥലത്തു് ഒരാൾ സഭ്യമല്ലാതെ പെരുമാറിയാൽ യോഗം നടക്കില്ല. ഗത്യന്തരമില്ലാതെ വന്നാൽ പറഞ്ഞുവിടുകതന്നെ വേണം.
നവ:
ഇതൊന്നും എഴുതിവച്ചു് ചെയ്യേണ്ട കാര്യങ്ങളല്ല. അപ്പഴപ്പോഴത്തെ സാഹചര്യമനുസരിച്ചു് വേണ്ടതുചെയ്താൽ മതി. പ്രവർത്തന രംഗത്തേക്കു വരുന്നവരെ നോക്കി ആളുകൾ പ്രവർത്തനത്തെ വിലയിരുത്തും. അതു തടയാനാവില്ല.
സാമൂഹ്യപ്രവർത്തകരും ജനപ്രതിനിധികളും
മിനി:
നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നഗരസഭകളും പഞ്ചായത്തുകളും ഉണ്ടല്ലോ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണു് അതിലെ അംഗങ്ങൾ. അവർ മുഖേനയല്ലേ കാര്യങ്ങൾ നടക്കേണ്ടതു്. അവരിലൂടെയല്ലാതെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ ജനാധിപത്യത്തിൽ യുക്തമാണോ? ഇങ്ങനെ ഒരു ചോദ്യം ഈയിടെയായി ഉയർന്നുവന്നുകൊണ്ടിരിക്കുന്നുണ്ടു്.
കബീർ:
ഇത്തരം ചില പ്രശ്നങ്ങൾ ചില ഇടങ്ങളിൽ ഉണ്ടായിട്ടുണ്ടു്. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ഒന്നിച്ചുപോകാതെ വരുമ്പോഴാണു് ഇതു് പ്രശ്നമാകാറുള്ളതു്.
രാജു:
തിരഞ്ഞെടുപ്പു നടത്തി ജനപ്രതിനിധികളെ നിശ്ചയിച്ചിട്ടു് അവരറിയാതെ അവിടെ പൊതുപ്രവർത്തനങ്ങൾ മറ്റാരെങ്കിലും സംഘടിപ്പിച്ചാൽ അതൊരു വെല്ലുവിളിപോലെ അവർക്കു തോന്നാവുന്നതാണു്.
നവ:
പൊതു പുരോഗതിക്കുവേണ്ടി ആരു മുന്നോട്ടുവന്നാലും അതിനെ മറ്റുള്ളവർ സ്വാഗതം ചെയ്യുകയല്ലേ വേണ്ടതു്. മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു് ഒരു കുത്തകക്കാരൻ എന്ന നിലയ്ക്കാണോ ജനപ്രതിനിധിയുടെ സ്ഥാനം. മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കാനുള്ള ഒരു വ്യക്തിയുടെ ജന്മാവകാശം മറ്റൊരാളിൽ സമർപ്പിക്കുന്ന കർമമാണോ വോട്ട്? വോട്ട് നമ്മുടെ ജന്മാവകാശമല്ല. സർക്കാർ തന്ന ഒരവകാശമാണു്. സർക്കാരിനതു പിൻവലിക്കാം. എനിക്കതു ഉപയോഗിക്കാതിരിക്കുകയും ചെയ്യാം. എന്നാൽ ആർക്കും പിൻവലിക്കാൻ കഴിയാത്ത ജന്മസിദ്ധ അവകാശമാണു്—മറ്റുള്ളവർക്കുവേണ്ടി യഥേഷ്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം. ഉദ്യോഗസ്ഥനോ, പ്രതിനിധിക്കോ ഈ സ്വാതന്ത്ര്യം സമർപ്പിക്കാവുന്നതാണോ?
ഞാൻ:
വാർഡുതോറും സമൂഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആ സമൂഹത്തിന്റെ നിയന്ത്രണത്തിൽ ജനപ്രതിനിധി വരുമായിരുന്നു. സർക്കാർ വ്യവസ്ഥ അനുസരിച്ചു് രൂപപ്പെട്ടുവരുന്ന ജനപ്രതിനിധികളും ജനങ്ങളുടെ ഇടയിൽനിന്നു് സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവർത്തകരും അന്യോന്യം ലയിക്കാൻ പ്രയാസമുണ്ടു്. പ്രതിനിധി അധികാരിയും കൂടിയാണു്. ഗവണ്മെന്റിന്റെ അംഗീകാരം ഉണ്ടു്. ഏതെങ്കിലും പാർട്ടിയുടെ പിൻബലവും കാണും. സാമൂഹ്യപ്രവർത്തകർ ഈ പ്രതിനിധികളുമായി ബന്ധപ്പെട്ടു പ്രവർത്തനം നടത്താതെ ഒറ്റയ്ക്കു് മുന്നേറാൻ ശ്രമിക്കുന്നതു് നാട്ടിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
കബീർ:
നമ്മുടെ നാട്ടിൽ യഥാർത്ഥ ജനപ്രതിനിധികൾ ഉണ്ടാകുന്നതേ ഇല്ലെന്നതാണു് വസ്തുത. പാർട്ടികളുടെ പ്രതിനിധികളേ ഉള്ളൂ. ജനങ്ങളോടാവശ്യപ്പെടുന്നതുതന്നെ ഞങ്ങളുടെ പാർട്ടിക്കു് വോട്ടു ചെയ്യണമെന്നാണു്. ജനപ്രതിനിധികൾ സ്വന്തം നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കുമുപരി സ്വന്തം പാർട്ടിയെ പ്രതിനിധീകരിച്ചുപോയാൽ പാർട്ടി പരിപാടികളിൽപെടാത്ത എല്ലാറ്റിനേയും നിരുത്സാഹപ്പെടുത്താൻ ബാദ്ധ്യസ്ഥരായിപ്പോകും, അതാണിന്നു കാണുന്ന അവസ്ഥ.
നവ:
ഇവിടെ ഒരു പ്രശ്നമുണ്ടു്. പാർട്ടിയുടെ അനുവാദം കൂടാതെ പാർട്ടി പ്രതിനിധികൾക്കു സാമൂഹ്യപ്രവർത്തനങ്ങളിൽ പ്രത്യക്ഷമായി സഹകരിക്കുവാൻ പ്രയാസം വരും. ചിലപ്പോൾ പാർട്ടി ചോദ്യം ചെയ്തെന്നു വരും. സാമൂഹ്യപ്രവർത്തകർ ക്ഷണിച്ചാലും ജനപ്രതിനിധികൾകൾക്കു പങ്കെടുക്കുവാൻ കഴിയാതെ വരുന്നതതുകൊണ്ടാണു്.
ഞാൻ:
സാമൂഹ്യരംഗത്തു് സ്വതന്ത്രപ്രവർത്തകർ ഇപ്പോൾ മുൻകാലങ്ങളിലെപ്പോലെ ഉണ്ടാകാറില്ല. നാടാകെ പാർട്ടിപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ചേർന്നൊരു മൂടിയ അന്തരീക്ഷം സൃഷ്ടിച്ചുപോയിട്ടുണ്ടു്. ഈ തണലിൽ സ്വതന്ത്രപ്രവർത്തകർക്കു് മുളച്ചു വരാൻ പ്രയാസമുണ്ടു്. അഥവാ മുളച്ചുവന്നാൽ പ്രോത്സാഹനം കിട്ടാതെ കരിഞ്ഞുപോകും. നാടിനു് വലിയ നഷ്ടമാണതു്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും പാർട്ടിപ്രവർത്തകർക്കും സാധിക്കാത്ത ചില അടിസ്ഥാനപ്രവർത്തനങ്ങൾ സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവർത്തകർക്കു് ചെയ്യുവാൻ കഴിയും. ഒരു നാടിനെയാകെ സ്പർശിക്കാൻ കഴിയുന്ന വ്യക്തികൾ എന്നും ആവശ്യമാണു്. വിഭാഗീയതകളുടെ ഒന്നും പരിവേഷമില്ലാതെ സ്വയം മുന്നോട്ടുവരുന്ന സാമൂഹ്യപ്രവർത്തകരെ കണ്ടറിഞ്ഞു് അവർക്കു് പിന്തുണ നൽകി വളർത്തിക്കൊണ്ടുവരുവാൻ ജനപ്രതിനിധികൾ പ്രത്യേകം കണ്ണുള്ളവരായിരിക്കണം. ഒരിക്കലും അവരെ നിരുത്സാഹപ്പെടുത്തിക്കൂടാ. പ്രതിനിധികളെയും ഉദ്യോഗസ്ഥന്മാരേയും നമുക്കു് നിയമിക്കാം. സ്വതന്ത്രപ്രവർത്തകരെ തിരഞ്ഞെടുത്തോ നിയമിച്ചോ ഉണ്ടാക്കാൻ പറ്റില്ലല്ലോ. മാനുഷികമായി ചിന്തിക്കുന്നവർക്കു് എല്ലാ കക്ഷികളും ഗവണ്മെന്റും പ്രോത്സാഹനം നൽകണം. അവരാകട്ടെ ഒന്നിനും എതിരാകാതെ പുതിയ സമൂഹനിർമാണത്തിൽ തത്പരരാകുകയും വേണം.
അല്പം സ്വകാര്യം
രാജു:
നമ്മുടെ ചിന്താഗതി അപ്രായോഗികം എന്നുപറഞ്ഞു് തള്ളുന്നവരായിരിക്കും ഭൂരിപക്ഷവും.
മിനി:
ഇതൊന്നും കേൾക്കാൻ ആളുകൾ നിന്നു തരില്ല. ഏതു നിമിഷവും താൻ പിൻതള്ളപ്പെട്ടുപോകും എന്നുള്ളതുകൊണ്ടു് ഓരോരുത്തരും സ്വയം കണ്ടെത്തിയ മാർഗങ്ങളിലൂടെ ഓടുന്നതിനിടയിൽ അവരോടു പറയാൻപോലും നമുക്കു മടിവരും. നാം പറയുന്നതു കേട്ടാൽ അവരുടെ ചുണ്ടിൽ പുച്ഛഭാവം വിടർന്നുവരുമെന്നു് നമുക്കറിയാവുന്നതുകൊണ്ടു് സമീപിക്കുവാൻ പലർക്കും വളരെ പ്രയാസം തോന്നും. പ്രവർത്തനരംഗത്തുനിന്നു് ആളുകൾ പിന്മാറുന്നതു് ഈ മനഃപ്രയാസം നിമിത്തമാണു്. എന്തിനു് മറ്റുള്ളവരുടെ പരിഭവം ഏറ്റുവാങ്ങണം.
ഞാൻ:
ഞാൻ പ്രവർത്തിക്കുന്നതെന്തുകൊണ്ടാണെന്നു പറയട്ടെ. എന്റെ ആത്മപരിശോധനാഫലമാണു് ഞാൻ നിങ്ങളോടു തുറന്നുപറയുന്നതു്. (ഞാനിതു പറഞ്ഞപ്പോൾ എല്ലാ മുഖത്തും പ്രത്യേകമായ ശ്രദ്ധാഭാവം സ്ഫുരിച്ചു.) ഞാൻ പറഞ്ഞു.
ഞാൻ:
ഒറ്റയ്ക്കു് എത്ര ശ്രമിച്ചാലും എന്റെ കുടുംബകാര്യങ്ങളും കൃഷിയും ഭംഗിയായി നടത്തിക്കൊണ്ടുപോകുവാൻ എനിക്കാവില്ല. എനിക്കു നിയന്ത്രിക്കാനാവാത്ത നിരവധി പേരുടെ സ്വകാര്യ താത്പര്യങ്ങൾക്കനുസരിച്ചാണു് എന്റെ വീട്ടുകാര്യങ്ങളും കൃഷിപ്പണികളും ഇന്നു നടന്നുപോരുന്നതു്. വിപരീതശക്തികൾ ബലപ്പെട്ടാണു വരുന്നതു്. ഏതു നിമിഷവും എന്റെ കൃഷിയും വീടും തകരാം. രണ്ടാമതൊരു സ്ഥിതി വ്യക്തമാക്കട്ടെ. ഞാനും എന്റെ കുടുംബാംഗങ്ങളും ഞങ്ങളുടെ വീട്ടുമുറ്റത്തു് വെട്ടും കുത്തുമേറ്റു് വീണുപിടഞ്ഞു മരിച്ചെന്നുവരാം. ഞങ്ങൾക്കു യാതൊരു പങ്കുമില്ലാത്ത ഒരു ലഹള എവിടെ നിന്നോ പൊട്ടിപ്പുറപ്പെട്ടു വന്നാൽ മതി. പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന മൂന്നാമതൊരു വശം പറയട്ടെ. നമ്മളെല്ലാവരും ഇന്നനുഭവിക്കുന്ന ക്ലേശങ്ങൾ പരിഹരിക്കാവുന്നവയാണെന്നു് എനിക്കു തോന്നുന്നു. ഓരോ ദിവസവും കൃത്രിമമായ ഈ ദുരിതങ്ങൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ പോംവഴി എന്റെ മനസ്സിൽ മിന്നിത്തെളിഞ്ഞു വരികയും കഴിവതു ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നാലാമതു്, ഒരു മതവും ഒരു ഭരണസമ്പ്രദായവും, ഒരു പ്രത്യയശാസ്ത്രവും മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്നത്തെനിലയിൽ പ്രാപ്തമല്ല എന്ന തോന്നൽ ബലപ്പെടുന്നു. മറ്റൊരു വഴി കണ്ടെത്തേണ്ടതു് അത്യന്താപേക്ഷിതമാണെന്നു തോന്നുന്നു. ആ വഴി മനസ്സിൽ തെളിഞ്ഞുവരുന്നു. ഈ അപകടാവസ്ഥ വരുത്തിവച്ചതിൽ എല്ലാവർക്കും പങ്കുണ്ടു്. എല്ലാവരുംകൂടി ശ്രമിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു എന്നു തോന്നുന്നു. അഞ്ചു്, സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യയതി തുടങ്ങിയ മനുഷ്യസ്നേഹികളായ എത്രയോ ചിന്തകന്മാരുമായി ഞാൻ അയൽക്കൂട്ട പരീക്ഷണങ്ങളെപ്പറ്റി ദീർഘമായി സംസാരിച്ചിട്ടുണ്ടു്. അവരെല്ലാം പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ സാധാരണക്കാരുടെ വീടുകളിലും നല്ല സ്വാഗതമാണു് ലഭിക്കുന്നതു്. എന്റെ ഒരു വിശ്വാസമാണു് ഞാൻ ആറാമതായി പറയുന്നതു്. ആറു്, ലോകത്തെയാകെ സ്പർശിച്ചു് എല്ലാറ്റിനേയും നവീകരിക്കുന്ന ഒരു പുതിയ ജീവിതമാണല്ലോ നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാൻ യാതൊരു ഭരണകൂടത്തിനും സാദ്ധ്യമല്ലെന്നു് ഞാൻ കരുതുന്നു. അതുപോലെതന്നെ ഒരവതാരപുരുഷൻ സാധിച്ചുതരേണ്ട കാര്യവുമല്ലിതു്. പുതിയ സമൂഹനിർമാണം സാധാരണജനങ്ങളുടെ ഉത്തരവാദിത്തത്തിൽ നടക്കേണ്ട കാര്യമാണു്. ഭരണകൂടങ്ങൾക്കും മഹാപുരുഷന്മാർക്കും, മഹാസംഘടനകൾക്കും സാധിക്കാത്ത ഈ കാര്യം ഇവരുടെയെല്ലാം സഹായത്തോടുകൂടി യഥാകാലം ബഹുജനങ്ങൾ സാധിച്ചെടുക്കും എന്നു ഞാൻ പ്രതീക്ഷിക്കുന്നു. അതിനു കാലമായെന്നും ഞാൻ വിശ്വസിക്കുന്നു. ധാർമികമോ, സാമ്പത്തികമോ സംഘടനാപരമോ, വിജ്ഞാനപരമോ ആയ യാതൊരു ബലവും എനിക്കില്ലാതിരുന്നിട്ടും ഞാൻ പ്രവർത്തിക്കുന്നതു് ഈ കാഴ്ചപ്പാടുള്ളതുകൊണ്ടുമാത്രമാണു്. നടക്കുമോ ഇല്ലയോ എന്നതു് നമ്മുടെ പ്രശ്നമല്ല. കഴിവതു ചെയ്യുകയാണു് നമ്മുടെ ധർമം.
നടക്കാത്ത കാര്യത്തിനു് എന്തിനു ശ്രമിക്കുന്നു?
നവ:
അപ്രായോഗികമെന്നു തോന്നാവുന്ന ഒരു പരിഹാരമാർഗം എന്തുകൊണ്ടു് ദർശനം മുന്നോട്ടുവയ്ക്കുന്നു? ഇതു് ആലോചിക്കേണ്ട ചോദ്യമാണു്. നമ്മുടെ നേതാക്കന്മാരും സംഘടനകളും ഇന്നു് ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എല്ലാം ഗവണ്മെന്റ് അംഗീകരിച്ചു നടപ്പിലാക്കി എന്നിരിക്കട്ടെ. 16 വയസ്സു് തികഞ്ഞവർക്കെല്ലാം വോട്ടവകാശം കൊടുത്തു. സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ചുമതല സംസ്ഥാന ഗവണ്മെന്റിനു കൊടുത്തു. പെൻഷൻകാർക്കെല്ലാം അവർ പിരിയുന്ന സമയത്തെ ശമ്പളം സ്ഥിരം പെൻഷനായി അനുവദിച്ചു. തൊഴിലില്ലാത്തവർക്കെല്ലാം അർഹമായ തൊഴിൽ കൊടുത്തു. ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു് നടപ്പാക്കിയാൽ ജീവിതം സ്വസ്ഥമാകുമെന്നു് ആരെങ്കിലും കരുതുന്നുണ്ടോ? ഇതൊക്കെ സാധിച്ച കുടുംബങ്ങളെ നോക്കൂ. രാഷ്ട്രങ്ങളെ നോക്കൂ. സ്വസ്ഥതയുണ്ടോ? ഇല്ലെന്നു സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണു് അപ്രായോഗികമെന്നു തോന്നാവുന്ന വഴി നമുക്കു് നിർദ്ദേശിക്കേണ്ടി വരുന്നതു്. “നാട്ടിലാകെ ബന്ധുത്വബോധം വളർത്തണം, എല്ലായിടത്തും പ്രാദേശികസമൂഹങ്ങൾ ഉണ്ടാകണം. എല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാണെന്നറിയണം. ആവശ്യങ്ങളേയും പ്രശ്നങ്ങളേയും ഒന്നിച്ചു നേരിടണം, ഉള്ളതു് എല്ലാവരുംകൂടി അനുഭവിക്കുകയും പോരാത്തതു് എല്ലാവരും ചേർന്നുണ്ടാക്കുകയും വേണം. നാണയം ഒഴിവാക്കണം. ഭരണകൂടങ്ങൾ ആവശ്യമില്ലാതാകണം.” എന്നെല്ലാം ഉച്ചത്തിൽ പറയേണ്ടി വരുന്നതു് അതിൽ കുറഞ്ഞ ഒന്നുകൊണ്ടും നാം രക്ഷപ്പെടില്ല എന്ന ഉത്തമ വിശ്വാസം ഉള്ളതുകൊണ്ടാണു്. റോഡും, ട്രെയിനും, അണക്കെട്ടും, പള്ളിക്കൂടവും, ആശുപത്രിയും, ദേവാലയങ്ങളും എല്ലാം എത്രയധികം ഉണ്ടാക്കിയാലും അതുവഴി ജീവിതം സ്വസ്ഥമാകുകയില്ല. ഡൽഹിയിൽ ഇതെല്ലാം ആവശ്യത്തിലധികം ഇപ്പോൾതന്നെ ഉണ്ടല്ലോ. സ്വസ്ഥതയുണ്ടോ? എത്ര വ്യക്തമായ കാര്യമാണിതു്. ഞാൻ വീണ്ടും ഉറപ്പിച്ചുപറയട്ടെ. മനുഷ്യനെ ഒഴിച്ചുനിർത്തി മറ്റെല്ലാം നാം സ്വന്തമാക്കിയാലും നാം സമ്പന്നരാകുകയില്ല. മനുഷ്യൻ അന്യോന്യം സ്വന്തമായാൽ മറ്റെല്ലാം സ്വന്തമായിക്കൊള്ളും. ഈ മനുഷ്യനെ സ്വന്തമാക്കൽപ്രക്രിയ നിത്യപരിചിത സമൂഹത്തിൽ തന്നെ തുടങ്ങണം. ഭാവനയിലതു വിശ്വവ്യാപകമായിരിക്കണം. ബന്ധുക്കളാണു് നാം ഏവരും എന്നു ഭാവന മതങ്ങളുടേയോ രാഷ്ട്രങ്ങളുടേയോ വർഗങ്ങളുടേയോ നന്മതിന്മകളുടേയോ മതിലിൽ മുട്ടി തടയപ്പെട്ടുകൂടാ. മനുഷ്യനിലൂടെ വളർന്നു് പ്രകൃതി ആകെ പടരണം. എന്നാൽ പ്രവർത്തനം ചുറ്റുവട്ടത്തിൽനിന്നു തുടങ്ങിയാൽമതി. അതാണു് സ്വാഭാവികം.
മിനി:
ഒന്നു ചോദിച്ചുകൊള്ളട്ടെ. ദർശനം ഇറങ്ങുന്ന ഈ കഞ്ഞിപ്പാടം ഈ ബോധത്തിലേക്കു് പതുക്കെ എങ്കിലും വരുന്നുണ്ടോ?
ഞാൻ:
ഇല്ല മിനി. എന്റെ വീടില്ല. ഞാനില്ല. ഒരേ ഒരു വ്യത്യാസമുള്ളതു് ഞാനിതാഗ്രഹിക്കുന്നു. സ്വപ്നം കാണുന്നു. യഥാശക്തി ശ്രമിക്കുന്നു. എന്റെ വീട്ടിലുള്ളവരാകട്ടെ ഇതൊരു പാഴ്‌വേലയാണെന്നു കരുതുന്നു. എന്റെ സമയം വൃഥാ കളയുന്നുവല്ലോ എന്നു് ദുഃഖിക്കുന്നു. എന്നാൽ നല്ലതെന്നു സമ്മതിച്ചു് എനിക്കു് വീടു് പിന്തുണ തരുന്നുണ്ടു്. ഞാൻ ജനിച്ചുവളർന്ന കഞ്ഞിപ്പാടത്തു് വർഷങ്ങൾ നീണ്ടുനിന്ന പ്രവർത്തനങ്ങൾ പരാജയപ്പെട്ടതോടുകൂടി, ഒരിക്കലും നടക്കാത്ത ഒരു നല്ലകാര്യം എന്നു നാട്ടുകാർ എഴുതിത്തള്ളിയും കളഞ്ഞു. അമ്പലപ്പുഴ ഒരുവിധം മുന്നോട്ടുവന്നാൽ കഞ്ഞിപ്പാടത്തു വീണ്ടും തുടങ്ങാവുന്നതേയുള്ളു.
മിനി:
ഇത്ര പകലുപോലെ തെളിഞ്ഞ ഒരു സത്യം എന്തുകൊണ്ടു് ആളുകളുടെ ശ്രദ്ധയിൽ വരുന്നില്ല.
ഞാൻ:
എത്രതവണ ചർച്ചചെയ്താലും തീരാത്ത ഒരു വിഷയമാണിതു്. പിടികിട്ടാൻ പ്രയാസം തന്നെ. ‘മനുഷ്യമനസ്സിന്റെ മഹാത്ഭുതം’, ‘ഈശ്വരലീല’ എന്നൊക്കെ പറഞ്ഞു് സമാധാനിപ്പിക്കുകയാണു് പലരും. നമുക്കതു പോരല്ലോ. സുകൃതം വേണം, സാധന വേണം, എന്നൊക്കെ പറയാൻ തോന്നുന്നു. നിരന്തര പ്രേരണ, കൂട്ടായ പ്രേരണ നൽകിക്കൊണ്ടിരുന്നാൽ അറിയാം. പ്രേരിപ്പിക്കാൻ ആൾ വേണ്ടേ? ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നകാര്യം മാറ്റം ആഗ്രഹിക്കുന്നവർ ഒന്നിച്ചു നില്ക്കുന്നില്ല എന്നതാണു്. പ്രാദേശികസമൂഹനിർമാണമാണു് പരിവർത്തന പ്രക്രിയകളുടെ മുന്നേ വരേണ്ടതെന്നു ഞങ്ങൾക്കു തോന്നുന്നു. സാക്ഷരതയാണു് മുന്നിൽ വരേണ്ടതെന്നു മറ്റു ചിലർക്കു തോന്നുന്നു. ഉപഭോക്താക്കൾക്കു ജാഗ്രതയുണ്ടായാൽ വേഗം മാറ്റം സംഭവിപ്പിക്കാമെന്നു് ചിലർക്കു തോന്നുന്നു. പ്രകൃതിനിരീക്ഷണത്തിനു് മനുഷ്യനെ പ്രേരിപ്പിച്ചാൽ അവർ സത്യം മനസ്സിലാക്കുമെന്നു് വേറെ ചിലർക്കു തോന്നുന്നു. ശാസ്ത്രീയനേട്ടങ്ങൾ സാധാരണക്കാരിലെത്തിച്ചു് ശാസ്ത്രബോധം വളർത്തിയാൽ വിപ്ലവം സംഭവിപ്പിക്കാമെന്നു് വേറെ കുറേപ്പേർ കരുതുന്നു. അന്യായങ്ങൾക്കെതിരായ സമരമുഖങ്ങൾ നാടുനീളെ പൊട്ടിപ്പുറപ്പെട്ടുവന്നാലേ യഥാർത്ഥവിപ്ലവം സംഭവിക്കൂ എന്നു് കരുതുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ജനപ്രതിനിധികൾക്കും നേതാക്കന്മാർക്കും ഒരു പെരുമാറ്റച്ചട്ടം ഉണ്ടായാൽ അതു ജനങ്ങളിലേക്കു വന്നു് പുത്തൻ സംസ്കാരമായി തീരുമെന്നു കരുതി പ്രവർത്തിക്കുന്നു ചിലർ. ഇതുപോലെ മാറ്റം ആഗ്രഹിക്കുന്ന വളരെ ഗ്രൂപ്പുകൾ ഉണ്ടു്. കൂടാതെ ഭരണമാറ്റത്തിനു ശ്രമിക്കുന്ന പാർട്ടികൾ ധാരാളം. ഇവരെല്ലാം ഇടയ്ക്കിടെ ഒന്നിച്ചുകൂടി ആശയവിനിമയം ചെയ്യേണ്ടതാവശ്യമാണു്. അതുകൊണ്ടു് കാര്യം പരിഹൃതമാകുമെന്നല്ല; സത്യം കണ്ടെത്താൻ കഴിഞ്ഞേക്കാം. അകന്നു പോകാതിരുന്നേക്കാം. അടിസ്ഥാനപരമായ നല്ലൊരു തുടക്കത്തിനിട വന്നേക്കാം. അടുത്ത പത്തുവർഷം കേരളത്തിനു് അതിന്റെ സർവ കഴിവുകളും അന്യോന്യ ജീവിതരചനയിലേക്കു് തിരിച്ചുവിടാൻ ഇടവരുന്നെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിനു് ലോകോത്തരമായ ഒരു മാർഗദർശനദീപമാകുമായിരുന്നു കേരളം. നമുക്കു് ആശിക്കുക. കേരളത്തിൽ ഒരാൾ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നുവെന്നറിഞ്ഞാൽ അറിയുന്നവർ അറിയുന്നവർ അതിന്റെ കാരണവും പരിഹാരവും അന്വേഷിക്കുന്നവരാകണം. ഒരാൾക്കു് ഒരു ചൊറി വന്നാൽ ആ നാടു് അതിന്റെ കാരണം അന്വേഷിക്കണം.
മിനി:
ഇത്രയും നല്ല ഒരു വിപ്ലവചിന്ത വേറെ ഞാൻ കാണുന്നില്ല. നമുക്കു പരിശ്രമിച്ചു നോക്കാം. അമ്പലപ്പുഴയിലെപ്പോലെ ആലപ്പുഴ നഗരത്തിലും ഞങ്ങളൊന്നു ശ്രമിച്ചുനോക്കാം.
കബീർ:
തീർച്ചയായും നമ്മുടെ നഗരത്തിലെ ഒരൻപതു വീട്ടിലെങ്കിലും ഒരു പ്രാരംഭസന്ദർശനം നടത്തുന്നതിനെപ്പറ്റി ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളുമായി ഉടനെ ആലോചിക്കാം.
നവ:
നടുവട്ടത്തു ഞങ്ങളും ശ്രമമാരംഭിക്കാം. കേരളത്തിൽ സാമൂഹ്യമാറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരെ നമുക്കു താമസിയാതെ ഒന്നു വിളിച്ചുകൂട്ടേണ്ടതാവശ്യമല്ലേ?
ഞാൻ:
പലരും ഇപ്പോൾ ഇത്തരം കൂടിച്ചേരലുകൾക്കു് ശ്രമിക്കുന്നുണ്ടു്. വേണ്ടതുപോലെ ആകുന്നില്ല. സമാനചിന്താഗതിയുള്ളവർ മാത്രമേ കുറച്ചെങ്കിലും കൂടാറുള്ളു. മനുഷ്യമനസ്സു് അത്ര അകന്നുപോയി.
വിപ്ലവം സ്വന്തം ആവശ്യമാകണം
മിനി:
മനസ്സിന്റെ ഗതി ആർക്കും നിശ്ചയിക്കാനാവില്ല. നമ്മൾ ആറുപേരും കൂടി നാളെ രാവിലെ ഇവിടെ പത്തു വീടുകളിൽ കയറി ഒന്നു സംസാരിച്ചു നോക്കാം എന്നു് ഇപ്പോൾ നിശ്ചയിച്ചുവെന്നിരിക്കട്ടെ. നമ്മിൽ ഓരോരുത്തരുടേയും മനസ്സിനു് അതു് സ്വയം തീരുമാനമായിട്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ ഒരാൾക്കു് വീട്ടിൽ പോകേണ്ട ഒരത്യാവശ്യം ഓർമ വരും. മറ്റൊരാൾക്കു തലവേദന വരും. ഒന്നുകൂടി ചിന്തിച്ചിട്ടു് മറ്റൊരു ദിവസം മതി ഭവന സന്ദർശനം എന്നൊരാൾ പറയും. “കഞ്ഞിപ്പാടമല്ലേ. ഇവിടെ ഇതൊക്കെ എല്ലാവർക്കും അറിയാം. നമുക്കിനി ഒരുദിവസം വേറൊരിടത്തു്…” ഇങ്ങനെയൊക്കെ പറഞ്ഞു് വിചാരമുള്ളവർപോലും പിന്മാറിക്കളയും. മനസ്സിനിഷ്ടപ്പെടാത്ത കാര്യങ്ങൾക്കു് മനുഷ്യനെ കിട്ടാൻ പ്രയാസമാണു്.
രാജു:
മനസ്സിനിഷ്ടപ്പെടണമെങ്കിൽ എന്തു ചെയ്യണം.
ഞാൻ:
മനസ്സിനിഷ്ടപ്പെടണമെങ്കിൽ ശരീരത്തിനാവശ്യമാകണം. അതായതു് ഇന്ദ്രിയങ്ങൾക്കു് ആവശ്യമായതാണു് മനസ്സിനിഷ്ടമാകുക. ബുദ്ധി കണ്ടെത്തിയതെല്ലാം മനസ്സു് ഇഷ്ടപ്പെട്ടു് നടപ്പിലാക്കി എന്നു വരികയില്ല. വിവേകപൂർവമായ തീരുമാനങ്ങളേയും മനസ്സു് തള്ളിക്കളയും. ശരീരവുമായിട്ടാണു് മനസ്സിനടുപ്പം. മനസ്സു് ശരീരമാസകലം വ്യാപിച്ചുനില്ക്കുന്നു. നാം ഇക്കാണുന്ന സ്ഥൂലശരീരത്തെ കൊണ്ടു നടക്കുന്നതു് സൂക്ഷ്മശരീരമായ ഈ മനസ്സാണു് എന്നു തോന്നുന്നു. ഞാൻ സാധാരണക്കാരുടെ മനസ്സിനെപ്പറ്റിയാണു് പറയുന്നതു്. നവന്റെ അഭിപ്രായം കേൾക്കട്ടെ.
നവ:
സാറിന്റെ വിശദീകരണത്തോടു് ഞാൻ യോജിക്കുന്നു. കാണാം, രുചിക്കാം, ആസ്വദിക്കാം, തൊടാം എന്നൊക്കെ വരുന്ന കാര്യത്തിൽ സാധാരണ മനസ്സു് കുതിച്ചുനില്ക്കും. അതുകൊണ്ടാണു് മഹാഭാരതം കാണാൻ സമയമാകുമ്പോൾ ആളുകൾ ടി. വി.-യുടെ മുന്നിലേക്കു് ഓടുന്നതു്. വീട്ടിൽ വർഷങ്ങളായി നേരെ ഇരിക്കുന്ന മഹാഭാരതം ഇതുവരെ വായിച്ചുകാണുകില്ല. അതു് ബുദ്ധിയുടെ കാര്യമാണു്. കാണൽ അങ്ങനെയല്ല. മനസ്സും ദേഹവും മാത്രം മതി. മൂല്യങ്ങൾ ഒന്നും ഉണർത്തേണ്ട കാര്യം വരുന്നില്ല. പുതിയ ലോകം ബഹുജനങ്ങളുടെ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ഇഷ്ടമായി വന്നാലേ സാക്ഷാത്കരിക്കാനാവൂ. വിവേകവും ബുദ്ധിയും യുക്തിയും ഒന്നും വിചാരവികാരങ്ങളുടെ വേഗതയുടെ ഒപ്പം വരില്ല.
മിനി:
പുതിയ ലോകം ബഹുജന വികാരമാകണം. നമുക്കും ഇന്നു് അതൊരു വികാരമല്ല. ബുദ്ധിയുടെ മേഖലയിലെ കാര്യമാണു്.
കബീർ:
ഒരു യഥാർത്ഥ വിപ്ലവകാരിക്കു് പുതിയലോകം സ്വന്തം കാര്യമാണു്.
മിനി:
സ്വന്തം എന്ന ബോധം വന്നാൽ അതിനുവേണ്ടി പ്രവർത്തിക്കാൻ ആളുകൾ മടിക്കുകയില്ല.
ഞാൻ:
വാസ്തവത്തിൽ നവസമൂഹരചന സ്വന്തകാര്യമല്ലേ?
നവ:
അതേ. എന്നാൽ സ്വന്തകാര്യമാണെന്ന ബോധം പ്രവർത്തകരിൽപോലും ഉണർന്നിട്ടില്ല. ഒരു പുതിയ വീടു് വേണമെന്നു കരുതുന്നപോലെ പുതിയ സമൂഹം ആവശ്യമായി തോന്നണം. കഷ്ടപ്പെടുന്നവർക്കുവേണ്ടി ചെയ്യുന്ന ത്യാഗമല്ല, എന്റെ ജീവിതകാര്യമാണു്. ഈ തോന്നൽ ഉണ്ടായാൽ മനസ്സും ശരീരവും ഒന്നിച്ചു രംഗത്തുവരും. വിപ്ലവം വിശാലസ്വാർത്ഥതയുടെ പരിധിയിൽ വേണം.
ഞാൻ:
ശരീരവും മനസ്സും തമ്മിലുള്ള അടുപ്പം ജന്തുക്കളിലും ഉണ്ടു്. ഈ ബന്ധത്തെ ബുദ്ധിക്കും യുക്തിക്കും വിവേകത്തിനും അനുസരിച്ചു് ഉയർത്തിക്കൊണ്ടു വരുമ്പോഴാണു് നാം മനുഷ്യത്വത്തിലേക്കു് കടക്കുന്നതു്. ജന്തുത്വത്തിൽനിന്നു് മനുഷ്യത്വത്തിലേക്കുള്ള ഈ ഉൽഗതി അതിനുവേണ്ടിയുള്ള സാധനകൊണ്ടേ സാധിക്കൂ. ഈ സാധന ബാല്യത്തിലേ ശീലിക്കാൻ വേണ്ടിയാണു് മനുഷ്യനു് വിദ്യാഭ്യാസഘട്ടം പ്രത്യേകം നിഷ്കർഷിച്ചതു്. എന്നാൽ കൂലിവേലയ്ക്കുള്ള തയ്യാറെടുപ്പുഘട്ടമായി വിദ്യാഭ്യാസത്തെ നാം ദുരുപയോഗപ്പെടുത്തിക്കളഞ്ഞു.
നവ:
വളരെ ശരിയായ ഒരു കണ്ടെത്തലാണിതു്. ഇതിൽനിന്നുള്ള രക്ഷാമാർഗവും കണ്ടെത്തണമല്ലോ.
ഞാൻ:
വിപ്ലവത്തെ വിദ്യാഭ്യാസത്തോടു ബന്ധപ്പെടുത്തിയാൽ വിപ്ലവാനന്തര സമൂഹം ഇന്നത്തെ വൈകൃതങ്ങളിൽനിന്നു രക്ഷപ്പെട്ടേക്കുമെന്നു് എനിക്കു തോന്നുന്നു. മാറ്റത്തിനുള്ള ശ്രമം വെറുപ്പിന്റേയും ബലത്തിന്റേയും തലത്തിലായിപ്പോയാൽ കലങ്ങിയ വെള്ളത്തിൽനിന്നു് ചെളിക്കുണ്ടിലേക്കു മാറിയ അനുഭവമേ ഉണ്ടാകൂ. രാജഭരണമായിരുന്നു ഭേദം എന്നു തോന്നിപ്പോകുന്നതതുകൊണ്ടാണു്.
മിനി:
വിപ്ലവം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി രൂപപ്പെടുത്തുന്നതിനെപ്പറ്റി നമുക്കു് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഞാൻ:
നാം അതാണു് ചിന്തിക്കുന്നതു്. പ്രാദേശികസമൂഹമാതൃകകൾക്കുവേണ്ടിയുള്ള ശ്രമം വിപ്ലവാത്മക വിദ്യാഭ്യാസത്തിന്റെ ഭാഗമാണു്, തന്റെ ചുറ്റുവട്ടത്തിലുള്ളവരുമായി തുറന്നു ബന്ധപ്പെട്ടുകൊണ്ടു് ജീവിക്കാൻ ആഗ്രഹിക്കുന്നതുതന്നെ മനുഷ്യത്വത്തിലേക്കുള്ള ചുവടുവയ്പാണു്. തറക്കൂട്ടം, അയൽക്കൂട്ടം, ഗ്രാമക്കൂട്ടം തുടങ്ങിയ വൃത്തങ്ങളുടെ വ്യാപ്തി ഓരോരുത്തരേയും വിടർത്തി വിടർത്തി കൊണ്ടുവരും. ഒരു ഗ്രാമമാകെ വിടരുമ്പോൾ അതെത്ര ശോഭനമായിരിക്കും. അതിന്റെ സുഗന്ധം ലോകമാകെ പരക്കാതിരിക്കില്ല.
നവ:
അധികാരമുക്ത ഗ്രാമങ്ങൾ മത്സരമുക്തഗ്രാമങ്ങൾ, നാണയമുക്തഗ്രാമങ്ങൾ, രോഗമുക്തഗ്രാമങ്ങൾ, സ്നേഹജീവിതവേദികൾ ഇങ്ങനെ ഭാവന ചെയ്യുകതന്നെ എത്ര സന്തോഷപ്രദമാണു്.
കേശു:
ലോകത്തു് ലക്ഷോപലക്ഷം പേർ സാമൂഹ്യപ്രവർത്തനം ചെയ്യുന്നുണ്ടു്. രാഷ്ട്രീയരംഗത്തും ആദ്ധ്യാത്മികരംഗത്തും, അങ്ങനെ വിവിധരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ നവസമൂഹരചന തങ്ങളുടെ പരിപാടിയിൽ ഒരിനമാക്കണം. സർവകലാശാലകൾ ഇതു് ഗവേഷണ വിഷയമാക്കണം. സെമിനാരികളിൽ വൈദികവിദ്യാർത്ഥികൾക്കു് അയൽവക്കബന്ധത്തിന്റെ പരിശീലനത്തിനു് ഒരു പ്രദേശം ഉണ്ടായിരിക്കണം. പത്രപ്രവർത്തനരംഗത്തും, കലാരംഗത്തുമെല്ലാം ഉള്ള പ്രവർത്തകർക്കു് ഒരു പ്രവർത്തനപ്രദേശം കൂടി വേണം. ഓരോ ആനുകാലിക പ്രസിദ്ധീകരണവും മാതൃകാസമൂഹനിർമാണത്തിനു് ഓരോ പ്രദേശം കണ്ടെത്തണം. പ്രവർത്തനശൈലി സേവനത്തിന്റെതായാൽ പോരാ. പുതിയൊരു പ്രവർത്തനശൈലി ഉരുത്തിരിഞ്ഞുവരണം.
പ്രവർത്തകർക്കൊരു മാർഗരേഖ
മിനി:
പുതിയ പ്രവർത്തനശൈലിയെപ്പറ്റി വ്യക്തമായ ഒരു ധാരണ വേണം. പ്രവർത്തകരുടെ മുൻപിൽ നമുക്കൊരു ശൈലി അവതരിപ്പിക്കാൻ കഴിയുമോ?
നവ:
പ്രവർത്തകരുടെ യോഗ്യതകൾ നിർണയിച്ചിട്ടു് അതനുസരിച്ചുള്ള പ്രവർത്തകരെ സൃഷ്ടിച്ചെടുക്കാൻ കഴിയുകയില്ല. എന്നാൽ മുന്നോട്ടുവരുന്ന പ്രവർത്തകർക്കു് സ്വയം മനസ്സിലാക്കാൻ ഒരു മാർഗരേഖ ഉണ്ടായിരിക്കുന്നതു നല്ലതാണു്.
ഞാൻ:
അമ്പലപ്പുഴയിൽ ഈ പുതിയ ശൈലിയാണു് പരീക്ഷിക്കുന്നതു്. നവസമൂഹരചനയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവർ സ്വയം മുന്നോട്ടു വരുന്നവരായിരിക്കണം. ആരോടെങ്കിലും പ്രതിഫലം പറ്റി പ്രവർത്തിക്കുന്നവരായിരിക്കരുതു്. നിയമിക്കപ്പെടുന്നവരായിരിക്കരുതു്. ഉപജീവനത്തിനു് മറ്റൊരു ജോലി കണ്ടെത്തിയിട്ടു് സാമൂഹ്യരംഗത്തു് പാർടയിം പ്രവർത്തിക്കുകയാണുത്തമം. സാമ്പത്തികക്ലേശമുണ്ടെങ്കിൽ യാത്രച്ചിലവോ ഭക്ഷണമോ സ്വീകരിക്കാം. കുടുംബച്ചുമതല ഉണ്ടെങ്കിൽ അതിൽ ശ്രദ്ധിക്കണം. പൂർണദിന പ്രവർത്തനം വേണ്ടിവരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണം കൈയിൽ കരുതിയിരിക്കുന്നതു കൊള്ളാം. വീടുകളിൽ നിന്നുള്ള ആതിഥ്യം അത്യാവശ്യമെങ്കിലേ സ്വീകരിക്കാവൂ. മറ്റുള്ളവർക്കു് പറയാനുള്ളതു് ശ്രദ്ധിച്ചു കേൾക്കണം. നമുക്കു പറയാനുള്ളതു് ചുരുക്കിപ്പറയണം. വീട്ടുകാരുടെ സമയം ഉചിതമായി മിതമായി ഉപയോഗിക്കണം. തർക്കിച്ചു് കീഴ്പ്പെടുത്താൻ ശ്രമിക്കരുതു്. കൂടെ പ്രവർത്തിക്കുന്നവരോടു് ആദരവു് പുലർത്തണം. ഒരുത്തരേയും അവഹേളിക്കരുതു്. നിസ്സാരമായി കരുതരുതു്. നമ്മുടെ പ്രസ്ഥാനത്തിലേക്കു് ആളുകളെ ആകർഷിക്കാൻവേണ്ടി അവരുടെ സ്വകാര്യ താത്പര്യങ്ങൾ സാധിച്ചുകിട്ടുമെന്നുള്ള മോഹം വളർത്തരുതു്. ആകർഷിക്കുകയല്ല; ചിന്തിപ്പിക്കുകയാണു് വേണ്ടതു്. സ്വകാര്യ തലത്തിൽനിന്നുള്ള മനസ്സിന്റെ ഉയിർത്തെഴുന്നേല്പിനു സഹായിക്കുന്ന തരത്തിലായിരിക്കണം സമീപനം. എല്ലാവരും വേണ്ടപ്പെട്ടവരാണെന്ന ഭാവന ഉദ്ദീപിപ്പിക്കുവാനാണു് മുഖ്യമായും ശ്രദ്ധിക്കേണ്ടതു്. തീരുമാനങ്ങൾ നേരത്തെ എടുത്തിട്ടു് അതു നടപ്പിലാക്കാൻ ആളുകളെ സമീപിക്കരുതു്. അന്വേഷണബുദ്ധിയാണു് പ്രവർത്തകർക്കുണ്ടായിരിക്കേണ്ടതു്. വ്യക്തിപരമായ ജിവിതപ്രയാസങ്ങൾക്കിടയിൽ വളരെ ക്ലേശംസഹിച്ചാണു് താൻ സാമുഹ്യരംഗത്തു് ഇത്രയുമൊക്കെ ചെയ്യുന്നതു് എന്നു് മറ്റുള്ളവരെ ധരിപ്പിക്കാൻ ശ്രമിക്കരുതു്. നോട്ടീസുകൾ, പുസ്തകങ്ങൾ, സ്ലൈഡുകൾ തുടങ്ങിയ പ്രചരണ മാധ്യമങ്ങൾ അത്യാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ. മൈക്കുവച്ചുള്ള കവലപ്രസംഗങ്ങൾ കൂടാതിരിക്കുകയാണു് നല്ലതു്. വീടുകളിൽ ചെന്നു് ശാന്തമായിരുന്നു് സംസാരിക്കുകയാണു് ഏറ്റവും നല്ല വഴി. ജാഥയും വൻ സമ്മേളനങ്ങളും നടത്തി ഓളം സൃഷ്ടിച്ചാൽ ചിന്താശക്തി ഉണരുകില്ല. വ്യക്തിബന്ധം ആശയവിനിമയത്തിലൂടെ ഉറപ്പിക്കണം. ജനങ്ങളുമായി അടുത്തു പരിചയപ്പെടണം. പരസ്പരധാരണ ഉറച്ചുകഴിഞ്ഞാൽ ചർച്ചായോഗങ്ങൾ സംഘടിപ്പിക്കാം. ലഘുലേഖകളും പുസ്തകങ്ങളും പിന്നീടു് പ്രയോജനപ്പെടും. വ്യക്തിപരസമീപനത്തിലൂടെ ഒരു പ്രദേശത്തു് പശ്ചാത്തലം ഒരുക്കിയതിനുശേഷം വിവിധ മാധ്യമങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണു്. പണച്ചിലവുള്ള കാര്യങ്ങൾ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടേ ആവിഷ്കരിക്കാവൂ. പ്രവർത്തകർ ഒരു പ്ലാൻ തീരുമാനിച്ചിട്ടു് അതു് നടപ്പാക്കാൻ പണപ്പിരിവു് നടത്തുന്നതു് ദോഷമേ ചെയ്യൂ. പണംതരുമ്പോൾ തരുന്നവർക്കു് ആവശ്യബോധം വന്നിരിക്കണം. ആവശ്യബോധം വരാതെ പണം പിരിച്ചാൽ വ്യക്തികൾ പണം തന്നിട്ടു് ഒഴിഞ്ഞു മാറി എന്നുവരും. പണം കൊണ്ടുവന്നു തരാനിടയാകണം. മാറ്റം സംഭവിപ്പിക്കാൻ ആളുകളാണു് വേണ്ടതു്. പണത്തിനു് സമൂഹജീവിതമാതൃക സൃഷ്ടിക്കാൻ കഴിയില്ല. ആളുകൾ മുന്നോട്ടുവന്നു് സഹകരിക്കാൻ സന്നദ്ധരായാൽ ആ ബഹുജനശക്തി സമൂഹജീവിതരചനയിലേക്കായിരിക്കണം തിരിഞ്ഞു വരേണ്ടതു്. എതിർത്തുപോയാൽ ഏറ്റുമുട്ടലിനല്ലാതെ ജീവിതമാതൃക സൃഷ്ടിക്കുന്നതിനു് അവസരം കിട്ടാതെ വരും. ഏറ്റുമുട്ടേണ്ട കാര്യങ്ങൾ ധാരാളമുണ്ടാകും. എന്റെ അഭിപ്രായം അത്യന്താധുനികമായ യുഗരചനയ്ക്കുവേണ്ടി തിന്മകളോടു് ഇപ്പോൾ ഏറ്റുമുട്ടാതെ പ്രവർത്തകർ ഒഴിഞ്ഞു മാറണമെന്നാണു്. പ്രാദേശികസമൂഹങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവരുടെ കൂട്ടായ ജീവിതം തന്നെ പല തിന്മകൾക്കും മറുപടിയായിക്കൊള്ളും. ഇപ്പോൾ പ്രവർത്തകർ ഒഴിഞ്ഞുമാറാൻ തക്ക വിവേകം പുലർത്തണം. സമൂഹരൂപമുണ്ടായാൽ അതതു സമൂഹങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു് അവർ മുന്നോട്ടു് നീങ്ങിക്കൊള്ളും. പ്രവർത്തകർ അവരെ സമരമുഖരാക്കരുതു്. വീടുകളിലേക്കു് കടന്നുചെല്ലുമ്പോൾ ഉറങ്ങുന്നവരെ വിളിച്ചുണർത്താതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ ഉള്ളിലേക്കു് കയറിച്ചെന്നു് ആളുണ്ടോ എന്നു് അന്വേഷിക്കരുതു്. വീടുകളിൽ സ്വാതന്ത്ര്യമുണ്ടെങ്കിൽപോലും അതു് ശരിയല്ല. സംഭാഷണം തുടങ്ങുമ്പോൾ നമ്മളെ വീട്ടുകാർക്കു് പറഞ്ഞു് പരിചയപ്പെടുത്തിക്കൊടുക്കണം. തിരക്കുള്ള സമയമാണെന്നറിഞ്ഞാൽ ബദ്ധപ്പെടുത്തരുതു്. പണപ്പിരിവിനു് വന്നവരല്ലെന്നു് വീട്ടുകാരോടു് ആവശ്യമെങ്കിൽ പറയണം. ആദ്യമാദ്യം രണ്ടോ മൂന്നോ പേരിൽ കൂടുതൽ ഒരു ഗ്രൂപ്പിൽ വേണമെന്നില്ല. ഒരാളായാലും അപാകതയില്ല. ശാന്തമായ അന്തരീക്ഷത്തിൽമാത്രമേ മനസ്സു് ആശയ സംവാദത്തിനു് സന്നദ്ധമാകൂ. വീട്ടുകാരോടു് അവരുടെ വീട്ടുകാര്യങ്ങൾ ചോദിച്ചു ശല്യം ചെയ്യരുതു്. നമുക്കു പറയാനുള്ളതു് അവരെ ധരിപ്പിച്ചു് അവരുടെ ചിന്ത ഉണർത്തുകയും പരസ്പരം ബന്ധപ്പെടുകയുമാണു് നമുക്കാവശ്യം. വീട്ടിലെ എല്ലാ അംഗങ്ങളേയും സംഭാഷണത്തിൽ പങ്കെടുപ്പിക്കാൻകഴിയുമോ എന്നു നോക്കണം. അനുകൂല സാഹചര്യമാണെങ്കിൽ അയൽവീട്ടുകാരെക്കൂടി ഒരു വീട്ടിൽ സംഘടിപ്പിച്ചു് പറയുകയും ആകാം. ആദ്യഘട്ടത്തിൽ ഒരു ലഘുലേഖപോലും കൊടുക്കാതെ, ഒന്നും ആവശ്യപ്പെടാതെ ഒന്നു ചിന്തിപ്പിക്കുകമാത്രം സാധിച്ചു പോരികയാണു് ഭേദം. സംഭാഷണം അവസാനിപ്പിച്ചു യാത്ര പറയുന്നതു് നമ്മളായിരിക്കണം. വീട്ടുകാർ അതു പറയാൻ ഇടവരുത്തരുതു്. ഭവനസന്ദർശനത്തിനുപോകുമ്പോൾ ഒരു സ്ത്രീപ്രവർത്തകകൂടി ഉണ്ടായിരിക്കുന്നതു കൊള്ളാം. കുട്ടികളെയും കൂട്ടാം. ചില വീടുകളിലെ അംഗങ്ങൾ ഏതെങ്കിലും സംഘടനകളിലെ പ്രമുഖസ്ഥാനം വഹിക്കുന്നവരാകാം. അവർക്കു് വ്യക്തമായ വേറെ കാഴ്ചപ്പാടു് ഉണ്ടായിരിക്കും. അങ്ങനെയുള്ളവർ ചിലപ്പോൾ പൂർണമായി തള്ളിപ്പറയുക മാത്രമല്ല, അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തേക്കാം. ഇത്തരം ഘട്ടങ്ങളിൽ നമുക്കു് ദേഷ്യം വരിക സ്വാഭാവികമാണു്. ധാർമിക പിൻബലമുള്ളവർക്കു് വേഗം ദേഷ്യം വരും. മുന്നോട്ടുള്ള നീക്കത്തിനു് അതു വളരെ ദോഷം ചെയ്യും. സ്വയം ദേഷ്യം വരുന്നു എന്നു തോന്നിയാൽ യാത്ര പറഞ്ഞു് പോരൂ. ചിലർ അമിതമായി മദ്യപിച്ചിരിക്കുന്ന സമയമായിരിക്കും. വാദപ്രതിവാദത്തിനു് അത്തരക്കാർ ചിലപ്പോൾ കൂടുതൽ ഉത്സാഹം കാട്ടി എന്നുവരും. ഒഴിഞ്ഞുപോരികയാണു് അപ്പോൾ ഉത്തമം. തക്കസമയത്തു് അവരെ വീണ്ടും കാണണം. അറിയാൻ വയ്യാത്ത കാര്യങ്ങൾ അറിയാൻ വയ്യെന്നു പറയണം. ചിലർക്കു് വെറുതെ സംസാരിച്ചിരിക്കാൻ ഇഷ്ടമായിരിക്കും. അവർ കാടുകയറും. അവിടെ വിഷയവ്യതിയാനം വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ ഒരു സമൂഹജീവിതത്തെപ്പറ്റി സംസാരിക്കാനാണു് നാം ചെല്ലുന്നതു്. വളരെ അകന്നുപോകാനനുവദിക്കരുതു്. ആതിഥ്യ മര്യാദയിൽ നല്ല ശ്രദ്ധയുള്ള വീടുകൾ ഉണ്ടാകും. എങ്കിലും നമ്മുടെ ആരോഗ്യനില സൂക്ഷിച്ചു മാത്രമേ തരുന്നതു വാങ്ങി കഴിക്കാവൂ. സൗഹൃദം പാലിക്കാൻ മാത്രമായി ആവശ്യം തോന്നാത്ത സമയത്തു് ഒന്നും സ്വീകരിക്കരുതെന്നാണു് എന്റെ പക്ഷം. ചിലർ ഇരിക്കാൻപോലും പറയുക ഇല്ല. വെളിയിൽ വരാന്തയിൽ നിന്നു് സംസാരിക്കേണ്ടി വരും. മടിക്കരുതു്. ഒരു വീട്ടുകാർ പറയുന്നതിൽ പല വിവരങ്ങളും മറ്റൊരു വീട്ടിൽ പറഞ്ഞുകൂടാത്തതായിരിക്കും. അതിൽ ചിലതു് പറയാൻ രസമുള്ളതുമായേക്കാം. എങ്കിലും പറയരുതു്. നാം കയറിച്ചെല്ലുന്ന സമയത്തു് നമ്മുടെ സഹായം അവിടെ ആവശ്യമുള്ള ഒരു സമയമാണെന്നു് പ്രത്യക്ഷത്തിൽ തോന്നിയാൽ അതിനു് തയ്യാറാകാണം. അതു സാധിച്ചു പോരിക. അടുത്തൊരവസരത്തിൽ കാര്യം പറയാം. ഒരുദിവസം ഇത്ര വീടു തീർക്കും എന്നൊന്നും നിർബന്ധം പാടില്ല. ആർക്കും റിപ്പോർട്ടൊന്നും അയക്കാൻവേണ്ടിയാവരുതു് പ്രവർത്തനം. നവസമൂഹരചന എന്ന ഒരേ ഒരു പ്രവർത്തനത്തിന്റെ ശൈലിയെപ്പറ്റി മാത്രമാണു് എന്റെ അഭിപ്രായം പറയുന്നതു്. സാമൂഹ്യരംഗത്തു് പലരും പ്രതിഫലം പറ്റിയും നിർദ്ദേശങ്ങൾക്കനുസരിച്ചും പ്രവർത്തിക്കുന്നുണ്ടാവും. അതൊക്കെ അത്തരത്തിൽതന്നെ പോകണം. അവർ ഈ അയൽക്കൂട്ട പ്രവർത്തനത്തെ പാർട്ടൈം പ്രവർത്തനമായി കരുതിയാൽ മതി. പ്രവർത്തനരംഗത്തു വരുമ്പോൾ പുതിയ അനുഭവങ്ങൾ ഉണ്ടായിക്കൊള്ളും.
മിനി:
ഈ രംഗത്തു് സാറിനുള്ള അനുഭവങ്ങൾ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നുണ്ടു്. മിനി ഇതുപറഞ്ഞപ്പോൾ എല്ലാവരും അതേറ്റുപറഞ്ഞു. പുതിയൊരുത്സാഹം എല്ലാ മനസ്സുകളിലും നിറഞ്ഞുവരുന്നതു് മുഖങ്ങളിൽ പ്രത്യക്ഷമായി കണ്ടു. ഞാൻ പറഞ്ഞു.
ഞാൻ:
എന്റെ അനുഭവങ്ങൾ നേരേ പറയാൻ പ്രയാസമുണ്ടു്. അതിലെ കഥാപാത്രങ്ങൾ എല്ലാം ചുറ്റുമുള്ളവരാണു്. അവരറിയുമ്പോൾ പ്രയാസം തോന്നി എന്നു വരും. നിങ്ങൾ ഇതു് ടേപ്പിൽ എടുക്കുകയാണല്ലോ. നാം ഇതൊരു പുസ്തകമാക്കി എന്നിരിക്കട്ടെ. സംഭവത്തിൽ പങ്കുള്ള കഥാപാത്രങ്ങൾ തന്നെ അതു വായിക്കാനിടയായി എന്നു വരും. അവർക്കു് പ്രയാസംതോന്നും. പലതും പറയുവാൻ തന്നെ പ്രയാസമുണ്ടു്. എന്നാൽ ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണു് പ്രവർത്തനം നവീകരിക്കപ്പെട്ടുവരുന്നതു്. സേവനപ്രവർത്തനങ്ങൾ പരിവർത്തനോന്മുഖമല്ലെങ്കിൽ പുതിയ സമൂഹരൂപീകരണത്തിന്റെ കാര്യത്തിൽ ദോഷം ചെയ്യും എന്ന ബോദ്ധ്യംവന്നതു് അനുഭവം കൊണ്ടാണു്.
നവ:
സർ, അതിലെ അനുഭവരസം ഞങ്ങൾക്കു പകർന്നുതരണം. അതു് ഞങ്ങളുടെ പ്രവർത്തനത്തിനു് വളരെ പ്രയോജനപ്പെടും. വ്യക്തികളെ അറിയേണ്ട; സംഭവങ്ങളെപ്പറ്റി പറഞ്ഞാൽ മതി.
പ്രവർത്തനാനുഭവങ്ങളിൽ ചിലതു്

ഏതു വിലയിരുത്തലാണു് ശരി?

ഒരു ഗ്രാമപ്രദേശത്തു് പ്രവർത്തനങ്ങളോടനുബന്ധമായി ഞങ്ങൾ ഏഴുദിവസം ഒരു സമ്മേളനപരമ്പര വച്ചു. ആയിരത്തിലധികം പേർക്കു് ഇരിക്കത്തക്ക ഒരു വിരിപന്തലിട്ടു. തൂണും മുളയും ഓലയും എല്ലാം വീടുകളിൽ നിന്നെടുത്തു. വീട്ടുകാരും വന്നു. കൂലിയും വിലയും ഒന്നും വേണ്ടിവന്നില്ല. രാത്രി ഇരുട്ടും വരെ യോഗങ്ങൾ നീളുമായിരുന്നു. അവസാനദിവസം 35 രൂപയുടെ വറുത്ത കപ്പലണ്ടിക്കുരു വാങ്ങി. ഒരു പെട്ടിയിലിട്ടു്, ഈ പന്തലിനു പുറത്തു്, ഒരു മാവിൻചുവട്ടിൽ, ഒരു ഡസ്ക്കിന്മേൽ വച്ചു. ആ പെട്ടിയിൽ എഴുതിവച്ചു. 10 പൈസയ്ക്കു് 20 എണ്ണം. വിവരം വിളിച്ചറിയിക്കുകയും ചെയ്തു. പിള്ളമുറിയിൽ പൈസ ഇട്ടിട്ടു് ആർക്കും അതിനുള്ളതു് എണ്ണിയെടുക്കാം. നോട്ടക്കാരാരുമില്ല. ഒരുപകലും ഒരുരാത്രിയും ഈ സ്വതന്ത്രവ്യാപാരം നടന്നു. പിറ്റേന്നു രാവിലെ ഞങ്ങൾ പെട്ടി പരിശോധിച്ചു. കപ്പലണ്ടി ബാക്കി ഇല്ല. പെട്ടിയിലും പിള്ളമുറിയിലുമായി ചിതറിക്കിടന്നിരുന്ന നാണയങ്ങൾ ഞങ്ങൾ എണ്ണിനോക്കി. 21 രൂപമാത്രം. “ഇത്രകാലം പ്രവർത്തനം നടത്തിയിട്ടെന്തായി” ചിലർ ചോദിച്ചു. “ആളുകളിൽ മോഷണത്തിനുള്ള വാസന വളർത്തുകയല്ലേ ചെയ്തതു?” “ഇതൊക്കെ ഒരു വക ഭ്രാന്താണു്.” “മുഴുവൻ കപ്പലണ്ടിയും ഒരാൾക്കുവേണമെങ്കിൽ എടുക്കാമായിരുന്നില്ലേ?” “എത്ര പേരിട്ടിട്ടാവും ഇത്രയും രൂപ ഉണ്ടായതു?” “ഒരു രൂപാതുട്ടു് എത്ര കുറവായിരുന്നു?” “ഈ രൂപാ ആരും എടുത്തുകൊണ്ടു പോയില്ലല്ലോ.” “പെട്ടിയോടെ താങ്ങിക്കൊണ്ടു പോകാമായിരുന്നില്ലേ?”

“സാറേ. വയറ്റത്തടിക്കരുതേ…”

ഒരു കുട്ടനാടൻ ഗ്രാമത്തിലെ തോടുകൾ പോള നിറഞ്ഞു് ഗതാഗതം മുടക്കിയിരുന്നു. എല്ലാ തോടുകളും തെളിക്കാൻ ഞങ്ങൾ നിശ്ചയിച്ചു. കുറെ വാരിമാറ്റുകയും കുറേ ആറ്റിലേക്കു് തള്ളുകയുമായിരുന്നു. ഓരോ തോടും നന്നായി തെളിഞ്ഞുകഴിയുമ്പോൾ അതിന്റെ ആറ്റിലേക്കുള്ള മുഖപ്പിൽ ഒരു തടസ്സം കെട്ടും. നല്ല ചക്കരക്കയറിൽ ഉണക്കത്തൊണ്ടു് കോർത്തു് അയച്ചുകെട്ടിയാണു് തടസ്സം ഉണ്ടാക്കിയതു്. വള്ളങ്ങൾ പോരുമ്പോൾ തൊണ്ടുകൾ താഴും. വള്ളം മാറിക്കഴിയുമ്പോൾ വെള്ളത്തിൽ പൊങ്ങിക്കിടന്നു് പോള അകത്തേക്കു കയറാതെ തടസ്സംപിടിക്കും. ആഴ്ചകൾ നീണ്ടുനിന്ന ജോലി ഇങ്ങനെ തുടർന്നു.

ഒരുദിവസം രാവിലെ ഞങ്ങൾ ഒരു തോട്ടുമുക്കിനെത്തി. വെള്ളത്തിലിറങ്ങാൻ നേരത്തു് അവിടുത്തെ ഒരു ചായക്കച്ചവടക്കാരൻ ഞങ്ങളെ വിളിച്ചു പ്രശംസിച്ചു പറഞ്ഞു: “എത്ര ദിവസമായി തുടങ്ങിയിട്ടു്. ഞങ്ങൾ ഇതെല്ലാം അറിയുന്നുണ്ടു്. അങ്ങോട്ടെങ്ങും വന്നു സഹകരിക്കാൻ എനിക്കും മക്കൾക്കും കഴിയാറില്ലെന്നേയുള്ളു. ഇവിടം ഞങ്ങൾ വാരി തീർത്തുകൊള്ളാം. നിങ്ങൾ അടുത്ത തോട്ടിലേക്കു പൊയ്ക്കൊള്ളൂ.”

ഞങ്ങൾ പറഞ്ഞു: “വളരെ സന്തോഷം. നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും ഞങ്ങൾ ഇവിടെ വന്നല്ലോ. നിങ്ങളും വരിക. നമുക്കൊന്നിച്ചു് ഇതു വാരി തീർത്തിട്ടു് ഞങ്ങൾ അങ്ങോട്ടു പൊയ്ക്കൊള്ളാം.” ചായപ്പീടികക്കാരൻ അതിനോടു യോജിച്ചില്ല. ഞങ്ങൾ ഇവിടെ ബദ്ധപ്പെടുന്നതു് അയാളെ അപമാനിക്കലാണെന്നാണയാളുടെ വാദം. “ഞാനും എന്റെ മക്കളും ഇവിടെ ഉള്ള സ്ഥിതിക്കു് നിങ്ങളെക്കൊണ്ടു വാരിക്കുന്നതു് ശരിയോ. കാണുന്നവരെല്ലാം ഞങ്ങളെ കുറ്റം പറയുകയില്ലേ.”

“അതല്ലേ നിങ്ങളും കൂടി ഒപ്പം കൂടാൻ പറഞ്ഞതു്.”

“അതേ സാർ, ഇപ്പോൾ രാവിലെ കടയിൽ തിരക്കാണു്. ഉച്ചയ്ക്കാണു് ഞങ്ങൾക്കു് സമയം കിട്ടുക. ഞങ്ങളുടെ വിശ്രമമുറയ്ക്കു് ഞങ്ങൾ വാരിക്കൊള്ളാം. നിങ്ങൾ എല്ലാവരും ഇവിടം ഞങ്ങൾക്കു് വിട്ടുതന്നിട്ടു് പൊയ്ക്കൊള്ളൂ. ഞങ്ങൾ ഏറ്റു.” “കൂട്ടുകാരാ, തടസ്സപ്പെടുത്താതെ വരൂ. കടയിൽ ആവശ്യം വരുമ്പോൾ കയറിപ്പോകാമല്ലോ.” ഞങ്ങൾ ദേഹത്തു് വെളിച്ചെണ്ണ പുരട്ടി ഇറങ്ങാൻ ഒരുങ്ങുന്നതു കണ്ടപ്പോൾ എന്നെ കടയുടെ പുറകിലേക്കു വിളിച്ചു മാറ്റിനിർത്തി അദ്ദേഹം പറഞ്ഞു: “സാറെ, വയറ്റത്തടിക്കരുതേ.” എനിക്കൊന്നും മനസ്സിലായില്ല. അയാൾ വസ്തുത എനിക്കു് രഹസ്യമായി പറഞ്ഞു തന്നു. ഞങ്ങൾക്കു് അയാളെ വേദനപ്പെടുത്തിക്കൊണ്ടു് പോള വാരേണ്ടിവന്നു. സംഭവം ഇതാണു്: ആ തോട്ടിൽകൂടി ഉണക്കമീൻ നിറച്ച കെട്ടുവള്ളങ്ങൾ ചങ്ങനാശ്ശേരിക്കു് പോകും. അവിടെനിന്നു് കപ്പ നിറച്ചു് ഇങ്ങോട്ടും പോരും. വള്ളം ഊന്നുന്നവർക്കു് ഈ ഭാഗം കടക്കാൻ വളരെ പ്രയാസമാണു്. അയാൾ കടയിൽ ഒരു വടം വച്ചിട്ടുണ്ടു്. അതു കെട്ടി മക്കളുമായി വലിച്ചു് വള്ളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടും. വള്ളക്കാർ കടയിൽനിന്നു് ചായയും കഴിക്കും. വല്ലതും കൊടുക്കുകയും ചെയ്യും. പോള പോയാൽ വരുമാനവും പോകും!

തണ്ണീർപന്തൽ

അമ്പലപ്പുഴ മഹാക്ഷേത്രത്തിലെ ഉത്സവം മീനച്ചൂടിന്റെ കാലത്താണു്. ഗ്രാമക്കൂട്ടപ്രദേശത്തിന്റെ വടക്കേ അതിർത്തിയിലുള്ള ടാർറോഡിലൂടെ നിരവധി ആളുകൾ അമ്പലത്തിലേക്കു് നടന്നുപോകാറുണ്ടു്. പത്തു ദിവസമാണുത്സവം. ഈ പത്തുദിവസവും കാൽനടയാത്രക്കാർക്കു് വെള്ളം കൊടുത്താലോ എന്നൊരാലോചന ചിലരുടെ മനസ്സിലുണ്ടായി. തറക്കൂട്ടങ്ങളിൽ അതാലോചനയ്ക്കുവച്ചു. പൊതുവിൽ അംഗീകാരമുണ്ടായി. ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തു് റോഡരുകിൽ വലിയൊരു മാവിൻചുവട്ടിൽ തണ്ണീർപന്തലിടാം എന്നു് നിശ്ചയിച്ചു. ഉടമസ്ഥൻ വേലി പൊളിച്ചു് മാറ്റിക്കൊള്ളുവാൻ സമ്മതിച്ചു. ഒരു വീട്ടുകാരൻ തന്റെ പണിപ്പുരയിൽ നിന്നു് ആവശ്യമുള്ള വാരികളും കഴുക്കോലുകളും തന്നു. ഏതാനും വീട്ടുകാർ ഓല തന്നു. സി.പി.ഐ ആഫീസിൽ നിന്നു് വാടക കൂടാതെ ഒരുന്തുവണ്ടി ഉപയോഗിക്കുവാൻ തന്നു. ഞങ്ങൾ കുറച്ചുപേർ അതു തള്ളാൻ തയ്യാറായി. ആർക്കും വശമുണ്ടായിരുന്നില്ല. എൻ. എച്ചിലൂടെ കുറച്ചുദൂരം തള്ളിക്കൊണ്ടുവരണം. വീടുകളിൽനിന്നു് സാധനങ്ങൾ വണ്ടിയിൽ നിറച്ചു് പലർചേർന്നു് തള്ളി സ്ഥലത്തുകൊണ്ടുവന്നു. ആവശ്യത്തിനുതകുന്ന ഒരു പന്തൽ ഭംഗിയായി തീർത്തു. ഒരു കലാകാരൻ സ്വന്തം ചിലവിൽ ഒരു നല്ലബോർഡ് എഴുതിത്തന്നു. സംഭാരം കൊടുക്കാനാണു് തീരുമാനിച്ചതു്. പത്തുദിവസവും വരുന്നവർക്കെല്ലാം കൊടുക്കാൻ എത്ര പാലിന്റെ സംഭാരം വേണമെന്നു് ഞങ്ങൾക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. തുടർന്നിരുന്നു കൊടുക്കാൻ ആരുണ്ടാവും എന്ന സംശയം പലരും ഉന്നയിച്ചു. വില കൊടുക്കാതെ പാൽ കിട്ടില്ല. പാത്രങ്ങൾ ധാരാളം വേണം. പാലു കാച്ചി, ഉറകുത്തി, മോരുണ്ടാക്കി, ചേർത്തു് സംഭാരമാക്കണം. നിത്യേന നല്ല ജോലി ഉണ്ടു്. 18–20 തറയിൽ ഒരു പാൽവ്യാപാരി ഉണ്ടു്. ദിവസേന ആവശ്യമുള്ള പാൽ അദ്ദേഹം തരാമെന്നും വില ഒടുവിൽ കൊടുത്താൽ മതി എന്നും പറഞ്ഞു. ഒരു ദിവസത്തെ പാൽ അദ്ദേഹം സൗജന്യമായും തരാമെന്നു പറഞ്ഞു. അടുത്ത ഒരു വീട്ടിൽ ഉറകുത്തു് കലക്കു് തുടങ്ങിയവ ഏർപ്പാടാക്കി. പച്ചവെള്ളം കോരിവയ്ക്കാൻ വലിയൊരു പാത്രം വേണമായിരുന്നു. ഗ്രാമക്കൂട്ടത്തിനു് പുറത്തൊരു വീട്ടിൽ 64 ഇടങ്ങഴി കൊള്ളുന്ന വലിയൊരു ചെമ്പുപാത്രം ഈയംപൂശിയതുണ്ടെന്നും അവരതു് പുറത്താർക്കും കൊടുക്കാറില്ലെന്നും ഞങ്ങൾ അറിഞ്ഞു. ഏതായാലും ഒന്നു ചോദിച്ചു നോക്കാം എന്നു നിശ്ചയിച്ചു. ഞങ്ങൾ അവിടെ ചെന്നു. കാര്യം പറഞ്ഞു തീരുംമുമ്പേ അമ്മ സന്തോഷത്തോടെ പറഞ്ഞു: “കൊണ്ടുപൊയ്ക്കൊള്ളിൻ. സൂക്ഷിച്ചുകൊള്ളണം.” അവിടുത്തെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന ആ വലിയ ഭംഗിയുള്ള പാത്രം തണ്ണീർപന്തലിനെ മഹിമയുള്ളതാക്കി. അടൂരുള്ള ഒരു ബന്ധു നല്ല ഇഞ്ചി വേണ്ടുവോളം കൊടുത്തയച്ചു. സംഭാരം കലക്കിവയ്ക്കാൻ വലിയ ഒരണ്ഡാവു് വേണമായിരുന്നു. സ്റ്റീൽ ആയാൽ ഉത്തമം. 23-ആം തറയിലെ ഒരു വീട്ടിൽ വലിയൊരു സ്റ്റീൽ അണ്ഡാവു് ഉണ്ടെന്നറിഞ്ഞു. അതു് ആ വീട്ടിലെ ഒരംഗത്തിനു് സമ്മാനം കിട്ടിയതാണു്. പുറത്തെങ്ങും കൊടുത്തിട്ടില്ല. അവിടുത്തെ അമ്മ പറഞ്ഞു: “നിങ്ങൾ കൊണ്ടുപോയ്ക്കൊള്ളിൻ. അവൾ വരുമ്പോൾ ഞാൻ പറഞ്ഞുകൊള്ളാം.” ആ പാത്രം തണ്ണീർപന്തലിനു് ഒരലങ്കാരമായിക്കൂടി പ്രയോജനപ്പെട്ടു. രണ്ടുദിവസം മുമ്പേ ഞങ്ങൾ പാൽവാങ്ങി ഉറകുത്താൻ തുടങ്ങി. കൊടിയേറ്റുമുതൽ സംഭാരവിതരണം ആരംഭിച്ചു. ഗ്രാമക്കൂട്ടപ്രദേശത്തിലെ പല കുടുംബങ്ങളിലുള്ള സ്ത്രീകൾ വന്നിരുന്നു് സന്തോഷമായി സംഭാരം നല്ല സ്റ്റീൽ ഗ്ലാസ്സുകളിൽ പകർന്നുകൊടുത്തു. വാഹനങ്ങൾ നിറുത്തി ആളുകൾ സംഭാരം വാങ്ങിക്കുടിച്ചു. സർക്കിൾ ഇൻസ്പെക്ടർ, ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥന്മാരും തണ്ണീർപന്തൽ സന്ദർശിച്ചു് സംഭാരം കുടിച്ചുപോയി. അടുത്തുള്ള തിയേറ്ററിൽനിന്നു് തണ്ണീർപന്തലിനകത്തേക്കു് നല്ല ബഞ്ചുകൾ കിട്ടി. പുത്തൻ മൺപാത്രങ്ങളിൽ രാമച്ചവെള്ളവും തയ്യാറാക്കിയിരുന്നു.

പുരുഷന്മാരും തൈരു കടയാൻ പഠിച്ചു. ആർക്കും ഒന്നും ഭാരമായിരുന്നില്ല. ദിവസം രണ്ടുനേരവും തൂത്തുതളിച്ചു് വൃത്തിയാക്കിയിരുന്നതിനാൽ ഒരീച്ചപോലും ശല്യം ചെയ്തില്ല. ആയിരക്കണക്കിനാളുകൾ സംഭാരം കുടിച്ചുകൊണ്ടിരുന്നു. രണ്ടു കണ്ണും കണ്ടുകൂടാത്ത ഒരു സുഹൃത്തു് 15-ആം തറയിലുണ്ടു്. അദ്ദേഹമാണു് നിത്യവും ആവശ്യമായ കറിവേപ്പില ശേഖരിച്ചു് തന്നുകൊണ്ടിരുന്നതു്.

തണ്ണീർപന്തലിനോടു ചേർന്നുള്ള മാന്തണലിൽ ഞങ്ങൾ ചർച്ചായോഗങ്ങൾ നടത്തി. ഒരു സുഹൃത്തു് രണ്ടു വിരി ഞങ്ങൾക്കു പത്തു ദിവസത്തേക്കു് സൗജന്യമായി തന്നു. അതു വിരിച്ചാണു് ഞങ്ങൾ യോഗം ചേർന്നതു്. ആയിരം രൂപയോളമേ വേണ്ടി വന്നുള്ളു. പണം പിരിച്ചതേ ഇല്ല. ഓരോരുത്തർ അറിഞ്ഞു കേട്ടു കൊണ്ടുവന്നു തന്നു. തികഞ്ഞു.

സമാപനക്കുറിപ്പു്

ഞങ്ങളുടെ സംഭാഷണം പൂർണമായി ഈ പുസ്തകത്തിൽ ചേർക്കാൻ കഴിയാതെ വന്നതിൽ ഖേദമുണ്ടു്. 200 പേജിൽ സമാപിക്കുമെന്നു് കരുതിയാണു് എഴുതിത്തുടങ്ങിയതു്. 208 പേജായിട്ടും തീർന്നില്ല. ബാക്കി ചെറുതല്ല. ഞങ്ങളുടെ അടിസ്ഥാന വിചാര ധാര ഇതിൽ വന്നിട്ടുണ്ടു് എന്നതു് സമാധാനം തരുന്നു.

ഈ പുസ്തകത്തിൽനിന്നു് ‘അയൽക്കൂട്ടം’ എന്ന ഒരേ ഒരാശയം സ്വീകരിച്ചുകൊണ്ടു് ബാക്കിയെല്ലാമുപേക്ഷിച്ചാലും ഞങ്ങളുടെ ശ്രമം സഫലമാകും.

തെറ്റുകൾ വന്നിട്ടുണ്ടു്. വായനക്കാർക്കു് തിരുത്താവുന്നതേയുള്ളു. അഭിപ്രായവ്യത്യാസം വരാവുന്ന വളരെ പോയിന്റുകൾ ഇതിലുണ്ടു്. അപ്രായോഗികമെന്നും തോന്നാം. ഞങ്ങൾക്കു് വ്യക്തമായി ശരി എന്നു തോന്നിയിട്ടുള്ളതു മാത്രമാണു് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതു്. ഈ പുസ്തകത്തെ ഒരു തുടക്കമായി കരുതി നമുക്കു് ചർച്ചചെയ്യാം. പരിവർത്തന രംഗത്തു് ഒരു പുതിയ പ്രവർത്തനശൈലി തുറക്കുകയാണു് ലക്ഷ്യം. ചർച്ച ധാരാളം വേണ്ടിവരും. പ്രയോഗിച്ചുനോക്കാതെ, ബുദ്ധിപരമായി ഈ പുസ്തകത്തെ നിരൂപണംചെയ്തു്, അംഗീകരിച്ചാലും നിഷേധിച്ചാലും ഫലം സമമായിരിക്കും.

കഞ്ഞിപ്പാടത്തെ പങ്കജാക്ഷക്കുറുപ്പ്
images/DPankajakshan.jpg

പ്രശസ്ത കഥാകൃത്തു് ശ്രീ സക്കറിയ ‘ഇന്ത്യാ ടുഡെ’യിൽ ഫെബ്രുവരി 2000-ആണ്ടു് ശ്രീ ഡി. പങ്കജാക്ഷനെപ്പറ്റി എഴുതിയ ലേഖനത്തിൽ നിന്നു്:

ഡി. പങ്കജാക്ഷക്കുറുപ്പിനെ അധികമാളുകൾ അറിയില്ല. അത്തരമൊരു അറിയൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ പ്രത്യേകശ്രദ്ധ ആകർഷിച്ചിട്ടുള്ളതായും എനിക്കറിവില്ല. വർഷങ്ങൾക്കുമുമ്പാണു് ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിട്ടുകണ്ടതു്.

പങ്കജാക്ഷക്കുറുപ്പ് ഒരു റിട്ടയേഡ് അദ്ധ്യാപകനാണു്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്തുള്ള കഞ്ഞിപ്പാടം എന്ന സ്ഥലത്താണു് അദ്ദേഹത്തിന്റെ താമസം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ പേരു് ‘അയൽക്കൂട്ടം’ എന്നാണു്. (നേതൃത്വം എന്ന വാക്കു് പങ്കജാക്ഷക്കുറുപ്പ് അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽതന്നെയുണ്ടു്: “പാരിറ്റി വേണ്ടതു് ശമ്പളത്തിലല്ല, ജീവതത്തിലാണു് എന്നു കാണണം. നാട്ടിൽ നമ്മളോടൊപ്പം ജീവിക്കുന്നവരുമായി നമുക്കു് പാരിറ്റി വേണം”.

സക്കറിയ തന്റെ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു:

images/Paul_Sakaria.jpg
പോൾ സക്കറിയ

പങ്കജാക്ഷക്കുറുപ്പിന്റെ സ്ഥിതപ്രജ്ഞയുടെയും ഹൃദയനൈർമ്മല്യത്തിന്റെയും ആദർശശുദ്ധിയുടെയും മാനവികതയുടെയും മുമ്പിൽ ഞാൻ, ഇങ്ങനെയൊരു മനുഷ്യനും നമ്മോടൊപ്പമുണ്ടു് എന്നു് അഭിമാനത്തോടെയും ആ തിരിച്ചറിവു നല്കുന്ന എളിമയോടെയും തലകുനിക്കുന്നു. അദ്ദേഹത്തിന്റെ, അസാധ്യമെന്നു തോന്നുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്നു് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഈകുറിപ്പു് അവസാനിപ്പിക്കട്ടെ: “സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മളാലാവതു് നമുക്കു ചെയ്തുകൊണ്ടിരിക്കാം”.

—ഇന്ത്യാ ടുഡെ, ഫെബ്രുവരി 2000.

Colophon

Title: Puthiya Lokam Puthiya Vazhi (ml: പുതിയ ലോകം പുതിയ വഴി).

Author(s): D. Pankajakshakurupu.

First publication details: D. Pankajakshakurupu;; 1989.

Deafult language: ml, Malayalam.

Keywords: Conversation, D. Pankajakshakurupu, Puthiya Lokam Puthiya Vazhi, ഡി. പങ്കജാക്ഷക്കുറുപ്പ്, പുതിയ ലോകം പുതിയ വഴി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 7, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Synnot children, a painting by Joseph Wright of Derby (1734–1797). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.