ഞാൻ ഇംഗ്ലീഷുകാരിയാണു്. ഇംഗ്ലണ്ടിൽ അങ്ങു്, ഉള്ളിലൊരു നാട്ടുമ്പുറത്തെ, അറുനൂറു് കൊല്ലത്തിലേറെ പഴക്കമുള്ള മനോഹരമായ ഒരു വീടിന്റെ അവകാശിയും ഉടമയും എന്റെ പിതാവായിരുന്നു. എന്നിട്ടും, ആ വീട്ടിന്റെ ഒരു കല്ലുപോലും ഇളക്കി മാറ്റാൻ അദ്ദേഹത്തിനു് അനുവാദമില്ലായിരുന്നു. അതിനു കാരണം, ആ വീടു് അതുണ്ടായ കാലത്തെ വാസ്തുവിദ്യാസങ്കേതങ്ങളുടെ ഒരു ഉത്തമ ദൃഷ്ടാന്തമായി കരുതിയിരുന്നുവെന്നതാണു്. ഇരുളടഞ്ഞ കോണിപ്പടിയുടെ മുകളിലെങ്ങാനും ഒരു കൊച്ചു കിളിവാതിൽ ഘടിപ്പിക്കുവാൻ പോലും അദ്ദേഹത്തിനു് അനുവാദമുണ്ടായിരുന്നില്ല. ഇത്തരം നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഒരു പുതുമയല്ല; പല കാലങ്ങളിലും, പല വലിപ്പങ്ങളിലും, പല വാസ്തുവിദ്യാശൈലികളിലും ഉള്ള കെട്ടിടങ്ങൾക്കൊക്കെ ഇത്തരം നിയന്ത്രണങ്ങൾ ബാധകവുമാണു്. ചില വീടുകളാകട്ടെ, പ്രാചീനതയുടെ ദിവ്യത്വം കല്പിക്കപ്പെടുന്നതാണു്. അവയുടെ പരിസരം പോലും സംരക്ഷിക്കപ്പെടുന്നു. ഒരു നിശ്ചിതപരിധിവിട്ടുമാത്രമേ, അത്തരം വീടുകൾക്കടുത്തു് കെട്ടിടം പണിയാവൂ. എല്ലാ നിർമ്മാണവേലകളും കർക്കശമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. കെട്ടിടം പണിസംബന്ധിച്ച വ്യവസ്ഥകളെല്ലാം അണുപോലും തെറ്റിക്കാതെ പാലിക്കുന്നുവെങ്കിൽ മാത്രമേ കെട്ടിടമുണ്ടാക്കാൻ അനുമതി ലഭിക്കുകയുള്ളൂ. പഴയ കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതിനോ, പുതുക്കിപ്പണിയുന്നതിനോ, പൊതുവെ എതിരാണു് ഇംഗ്ലീഷുകാർ. അത്തരം ഏതെങ്കിലുമൊരു കെട്ടിടത്തിനു് ഭീഷണിയുണ്ടെന്നുകണ്ടാൽ ഉടനെതന്നെ പൊതുജനസമിതികൾ രൂപം കൊള്ളുകയായി. നാഷണൽ ട്രസ്റ്റ് എന്ന പേരിൽ ഇംഗ്ലണ്ടിൽ ഒരു സംഘടനയുണ്ടു്—പ്രാചീനമോ മികവുറ്റതോ ആയ കെട്ടിടങ്ങൾക്കു് ഉടമകളില്ലാതെ വരുമ്പോഴോ, ഉടമകളുണ്ടെങ്കിലും അവർക്കു് പാങ്ങില്ലാതെ വരുമ്പോഴോ അവയെ പരിപാലിക്കാൻ. ഷെക്‍സ്പിയറുടേതുപോലുള്ള നിരവധി വിഖ്യാതഭവനങ്ങളും പ്രാചീന രാജഗേഹങ്ങളും ഇവ്വിധം രാഷ്ട്രത്തിനായി സംരക്ഷിക്കപ്പെടുന്നു. പഴയ കെട്ടിടങ്ങൾ അവയുടെ പഴയ ശൈലിയിൽത്തന്നെ പുതുക്കിപ്പണിയാൻ ഉടമകൾക്കു് പ്രാദേശികസമിതികൾ ധനസഹായം ചെയ്യുന്നതും വിരളമല്ല. തലമുറകളായി ഞങ്ങൾ ഇതേ ഭവനത്തിലാണു് പാർക്കുന്നതെന്നു് പറഞ്ഞു ഊറ്റം കൊള്ളുന്ന എത്രയോ കുടുംബങ്ങളുണ്ടു്. തൊള്ളായിരത്തിലേറെ വർഷമായി ഒരേവീട്ടിൽ തലമുറകളായി കഴിയുന്ന ഒരു കുടുംബത്തെ എനിക്കറിയാം. പ്രാചീനവും മനോഹരവുമായ കെട്ടിടങ്ങളെ രക്ഷിക്കുന്നതിലും കാത്തുസൂക്ഷിക്കുന്നതിലും ഇതേ അഭിമാനവും ഇതേ നിയമങ്ങളും ഫ്രാൻസിലും സ്പെയിനിലും ഉണ്ടു്. ഇറ്റലിയിലും ജർമ്മനിയിലും യൂറോപ്പിന്റെ സാംസ്കാരികസമ്പത്തിന്റെ ഒരു മുഖ്യഭാഗമെന്തെന്നോ? ഭദ്രമായി സംരക്ഷിക്കപ്പെടുന്ന അവിടത്തെ കൊട്ടാരങ്ങളും വീടുകളും ദേവാലയങ്ങളും ഭദ്രാസനപ്പള്ളികളുമാണു്. ഒരു പഴയ വീടു വിട്ട് ഒരു പുതിയ വീടിനു പിന്നാലെ അധികമാരും പോകാറില്ല. പഴയ പെരുന്തച്ചന്മാരുടെ ശില്പചാതുര്യമൊന്നും ഇന്നത്തെ പണിക്കാർക്കില്ല എന്നതാണു് ഇതിനു കാരണം. പഴയ സ്ഥപതിമാർ കെട്ടിടം പണിതപ്പോൾ മുന്നിൽ കണ്ടതു് കാലാവസ്ഥയോ തൽക്കാലാവാശ്യങ്ങളോ മാത്രമല്ലെന്നും വരുംകാലപുരുഷാന്തരങ്ങളെക്കൂടി അവർ ഉദ്ദേശിച്ചിരുന്നുവെന്നും ആളുകൾക്കറിയാം.
പണ്ടേതോ കാലത്തു്, കേരളത്തിലാദ്യമായി കെട്ടിടങ്ങൾ ഉണ്ടായപ്പോൾ, അതുണ്ടാക്കിയവർ കണ്ടതും ഇതായിരുന്നു. പരിസരങ്ങളെയും ആവശ്യങ്ങളെയും കുറിച്ചു് ഉള്ളിൽ തട്ടിയ ബോധം അവർക്കുണ്ടായിരുന്നു. അന്നത്തെ കെട്ടിടം പണിക്കാരൻ പണിക്കാവശ്യമായ വസ്തുക്കളെല്ലാം ഒപ്പിച്ചതു് പ്രകൃതിയിൽ നിന്നായിരുന്നു. ഭൂമിയിൽനിന്നു് പിറന്ന അത്തരം വിടുകൾ ഭൂമിയോടു് ഇണങ്ങിത്തന്നെ നിന്നു. പ്രകൃതിയുടെ ഋതുഭാവങ്ങളോടു് കൈയോടുകൈ ചേർന്നു നിന്ന അന്നത്തെ ആളുകൾ പ്രകൃതിയുടെ ശാസനകൾക്കു് ഇണങ്ങും വിധം തങ്ങളുടെ സ്വന്തം ജീവിതം കൊണ്ടുപോയി. പകരം അവർക്കു് പ്രകൃതിയുടെ ഉദാരമായ വരദാനങ്ങൾ കിട്ടി. സമൂഹത്തിനു് ഏതാണ്ടൊരു രൂപം ഉരുത്തിരിഞ്ഞു വന്നപ്പോഴേക്കും കേരളത്തിൽ ഋതുക്കൾക്കിണങ്ങിയ വീടുകൾ ഉയർന്നുകഴിഞ്ഞിരുന്നു. ഈ ശില്പശൈലിയുടെ സവിശേഷതകളിലൊന്നു് അതിന്റെ എളിമയാണു്. അതിനു് മറ്റൊരു പ്രത്യേകതയുണ്ടു്. പ്രശാന്തതയും സൌന്ദര്യസ്നിഗ്ദ്ധതയും പകരുന്ന രേഖാദാർഢ്യം. പാർപ്പിടം പണിയുന്ന സാമഗ്രികൾകൊണ്ടു് തീർത്ത ക്ഷേത്രങ്ങൾക്കുപോലും അവിശ്വസനീയമായ ഒരു ലാളിത്യമുണ്ടു്. ഈ ക്ഷേത്രങ്ങൾക്കുമുണ്ടു് പരിസരങ്ങളോടുള്ള അസാധാരണമായ മമതാബോധം. അവയെ ഒരു ദേവാലയമാക്കി ഉയർത്തുന്നതു് ഒരു കൊത്തുപണിയുടെ ചാതുര്യമോ മണ്ണിന്റെ നിറമുള്ള ഒരു ചുവർചിത്രത്തിന്റെ സങ്കീർണ്ണരേഖകളോ മാത്രമാണു്. വെയിലിന്റെ ചൂളച്ചൂടിലും അവിയുന്ന ഉഷ്ണത്തിലും എടുത്തുചൊരിയുന്ന മഴയിലും സ്വാസ്ഥ്യവും അഭയവും പാർപ്പുകാർക്കു് തീർച്ചയാക്കിക്കൊണ്ടായിരുന്നു ആ പഴയ സ്ഥപതിമാർ കേരളത്തിലെ വീടുകൾ—മതഭവനങ്ങളായാലും ശരി അല്ലാത്തവയായാലും ശരി—പണിതതു്.
ഈ വാസ്തുവിദ്യാശൈലിയുടെ പ്രായോഗികവും പ്രയോജനകരവുമായ ഗുണങ്ങൾ തിരിച്ചറിഞ്ഞു് കേരളത്തിലെ ആദ്യത്തെ മുസ്ലിങ്ങളും കൃസ്ത്യാനികളും തങ്ങളുടെ അയൽപക്കത്തെ ഹിന്ദുക്കളുടെ മാതിരിതന്നെ കെട്ടിടം പണിഞ്ഞു. യഥാർത്ഥത്തിൽ ആ ആദ്യകാല മുസ്ലിം പള്ളികളും കൃസ്ത്യൻ പള്ളികളും ഹൈന്ദവ കെട്ടിടങ്ങളിൽനിന്നു് തിരിച്ചറിയാനേ പറ്റില്ലായിരുന്നു. ക്ഷേത്രമാവട്ടെ, പള്ളിയാവട്ടെ, വീടാവട്ടെ, ഒരു മലയാളി ദൈവത്തെ തേടുന്ന ഇടം ചുറ്റുമുള്ള ഭൂപ്രകൃതിയുമായി മാത്രമല്ല, വിഭിന്നസമുദായങ്ങളുടെ പ്രകൃതിയുമായിപ്പോലും സമരസപ്പെട്ട, ഐകരൂപ്യമാർന്നതായിരുന്നു.
പക്ഷേ, കാലം മാറി. പാടേ മാറി.
കേരളത്തിന്റെ മുഖം ഇന്നു് ബലാൽക്കാരേണ കീറിമുറിക്കപ്പെടുകയാണു്. പ്രകൃതിസൗന്ദര്യത്തെ മാനഭംഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രകൃതിസാന്നിദ്ധ്യത്തെക്കുറിച്ചാരുമറിയുന്നില്ല. ആ വ്യതിരിക്തശൈലി മാഞ്ഞുപോയിരിക്കുന്നു; പ്രകൃതിയോടു് വിട്ടുവീഴ്ച ചെയ്യാൻ ആർക്കും വയ്യ. ഇതിനെല്ലാം പകരം വന്നിട്ടുള്ളതു് സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള ലെക്കുകെട്ട അവജ്ഞയാണു്. കേരളത്തെ നിസ്തുലമാക്കിത്തീർത്ത മേന്മകളെന്തെല്ലാമാണോ, അവയെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തങ്ങളുടെ സംസ്കാരവും രീതിയുമൊക്കെ പഴഞ്ചനായിപ്പോയതിൽ ക്ഷമ ചോദിക്കുന്നവരെത്തന്നെയും കാണാം. ഈ വീടു് സ്വല്പം പഴഞ്ചനാണു്, അസൗകര്യമൊന്നും തോന്നരുതെന്നു് എന്നോടു് എത്രയോ തവണ പലരും അടക്കം പറഞ്ഞിരിക്കുന്നു. എന്നാൽ, കേരളത്തിൽ ഞാൻ അറിയുന്നതിൽ വച്ചു് ഏറ്റവും മനോഹരമായ വീട്ടിൽ—അതൊരു നായർ തറവാടാണു്—വിദ്യുച്ഛക്തിയുമില്ല, കുഴൽവെള്ളവുമില്ല. എന്നാൽ എന്റെ മനസ്സ് മൂല്യതരമായി കരുതുന്ന ഒന്നു് അവിടെ ഉണ്ടു്. ആ വീടിനെ ചൂഴ്‌ന്നുനിൽക്കുന്ന ഭൂപ്രകൃതിയപ്പറ്റിയുള്ള സമഗ്രവും, പൂർണ്ണവുമായ ആ വീട്ടുകാരുടെ ബോധം. തണൽമരങ്ങൾക്കിടയിലാണു് ആ വീടു്. വളരെ വലുതാണെങ്കിൽക്കൂടി അല്പമകലെനിന്നു നോക്കിയാൽപ്പോലും ആ വീടു് കാണാനാവില്ല. തണുത്ത, ശുദ്ധജലം നിറയുന്ന ഒരു കുളമുണ്ടു് തൊട്ടടുത്തു്. ജീവിതത്തെ ഉദയാസ്തമയങ്ങളോടു് പൊരുത്തപ്പെടുത്തിയിരിക്കുന്നു; ഗ്രീഷ്മത്തിലെ കൊടുംചൂടിൽ രക്ഷയും ശിശിരരാവുകളിൽ ചിറകിനടിയിലെ ഇളംചൂടും കിട്ടത്തക്ക നിലയിലാണു് ആ വീടു പണിഞ്ഞിരിക്കുന്നത്.
എന്നാൽ ജീർണ്ണിച്ചു് നശിക്കാൻ വിട്ടു കൊണ്ടു ഇത്തരം വീടുകളെല്ലാം ഇന്നു് ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്. അവിടെ പാർത്തിരുന്നവരെല്ലാം പുതുമയുടെ കൂടുകളിലേക്കു് മാറിക്കൊണ്ടിരിക്കുന്നു. അവയ്ക്കുള്ളിലെ നീറ്റുന്ന ഉഷ്ണം മാറ്റാൻ പങ്കകൾ വേണം. പങ്ക കറക്കാൻ വൈദ്യുതി വേണം. ഇത്തരം വീടുകൾ ഉണ്ടാക്കാനായി എത്രയെത്ര പഴയ തറവാടുകളും ഇല്ലങ്ങളും പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിലൂടെ കടന്നുവന്ന വീടുകൾ മണിക്കൂറുകൾ കൊണ്ടു കൽക്കൂനയും ഓർമ്മയുമായി മാറ്റപ്പെടുന്നു. കേരള സംസ്കാരവും അതിന്റെ വ്യക്തിത്വവുമായി ഊടിനോടിഴപോലെ നിന്ന വീടുകൾ ഇനി ഒരിക്കലും പണിഞ്ഞെടുക്കാനാകാത്ത വീടുകൾ.
കേരളീയ ദേവാലയങ്ങളുടെ മൌലികശൈലിയെപ്പറ്റി ഒരുപാടൊക്കെ ടൂറിസം ഗൈഡുബുക്കുകളിൽ കാണാം. പക്ഷേ, മണിക്കൂറുവച്ചു് അവയൊക്കെ മറഞ്ഞുകൊണ്ടിരിക്കുന്നു. വാസ്തുവിദ്യാശൈലിയുടെ അന്തകനെന്നോണം ഒരു വാക്കു് കേരളത്തിൽ ഉണ്ടായിരിക്കുന്നു—പുതുക്കിപ്പണി. ഈ വാക്കിന്റെ മറവിലൂടെ എത്രയോ മനോഹരമായ മുസ്ലിംപള്ളികൾ തകർത്തു കളഞ്ഞിരിക്കുന്നു; അല്ലെങ്കിൽ ‘പുതുമ’യുടെ പൂമുഖങ്ങൾ അണിയിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ ഇന്നത്തെ ഒരുപാടു ദേവാലയങ്ങളുടെ ഫോട്ടോകൾ ഞാൻ എടുത്തിട്ടുണ്ടു്—എനിക്കു കഴിയുന്നിടത്തോളം; അവയിൽ പലതും മണ്ണടിഞ്ഞു കഴിഞ്ഞു. ചിലതു മാത്രം പഴയപടി നിൽക്കുന്നു. ദാരുനിർമ്മിതവും നിസ്തുലവുമായ പഴയ പള്ളികൾക്കു പകരം ഉയർന്നുവരുന്നതെന്തെന്നോ? സിമന്റും കമ്പിയും കൊണ്ടു തീർത്ത ഒട്ടും ചന്തമില്ലാത്ത, നിറങ്ങൾ വാരിത്തേച്ച, കെട്ടിടങ്ങൾ. കേരളത്തിൽ സ്ഥാനമേ ഇല്ലാത്ത നിറങ്ങൾ. ഈ പുത്തൻപള്ളികളുടെ വാസ്തുവിദ്യ അതിന്റെ ചുറ്റുപാടുകളിൽ നിന്നു് കുതറിനിൽക്കുന്നു. ഒരു കേരളീയതയും ഇവയിൽ തുടിച്ചു നിൽക്കുന്നില്ല. ഹിന്ദി സിനിമാസെറ്റു പോലെ തോന്നിക്കുന്ന ഈ പള്ളികൾക്കു് പഴയ പള്ളികളുടെ ദിവ്യതയുമില്ല. പ്രശാന്തതയുമില്ല. ഇടവപ്പാതിയുടെ ആദ്യ മഴയിൽത്തന്നെ നിറങ്ങൾ ചോർന്നൊലിക്കുന്ന പുതിയ പള്ളികൾക്കു്, ഭൂതകാലം കൈമാറിക്കൊടുത്ത പഴയ പള്ളികളുടേ അഭിജാതസൌന്ദര്യമോ, കാലത്തിലൂടെ കടന്നുവന്ന അന്തസ്സിന്റെ തലയെടുപ്പോ അനുകരിക്കാനാവില്ലതന്നെ.
ക്രിസ്ത്യൻ പള്ളികളുടെ കാര്യവും അങ്ങനെതന്നെ. ഒരിക്കൽ പ്രാചീനവും പ്രശാന്തവും സുന്ദരവുമായ പള്ളി നിന്നിടത്തു് ഭീമാകാരവും ചായമടിച്ചതുമായ കോൺക്രിറ്റ് പള്ളികൾ ഇന്നു് എവിടെയും കാണാം. കേരളീയ വാസ്തുകലയുടെ മഹിമയും ചരിത്രവും ലയിച്ചിരുന്നതായിരുന്നു ആ പഴയ പള്ളികൾ.
പൊളിച്ചുകളയാനോ, പുതുക്കിപ്പണിയാനോ, പരിഷ്ക്കരിക്കാനോ ഉള്ള ആർത്തിക്കുമുമ്പിൽ എല്ലാം തകർന്നു വീഴുന്നു—ആ ഇല്ലങ്ങളും തറവാടുകളും, ക്രിസ്ത്യൻ പള്ളികളും, മുസ്ലീം പള്ളികളുമെല്ലാം.
പരിഷ്കരണഭ്രാന്തു് ക്ഷേത്രങ്ങളെയും പിടികൂടിയിട്ടുണ്ടു്. പക്ഷേ, ക്ഷേത്രങ്ങളുടെ ഉടമകളായ ദേവസ്വങ്ങൾക്കു് വേണ്ടത്ര പണമില്ലാത്തതു കാരണം ക്ഷേത്രങ്ങൾ വലിയ അതിക്രമങ്ങൾ നേരിടുന്നില്ലെന്നു മാത്രം. ഏങ്കിലും ബഹുവർണ്ണ വൈദ്യുതദീപങ്ങളും മനുഷ്യപ്പറ്റില്ലാത്ത ട്യൂബുലൈറ്റുകളും ചെവിതുളയ്ക്കുന്ന ലൌഡ്സ്പീക്കറുകളും ആ ക്ഷേത്രങ്ങളിൽ ഒരു കാലത്തുണ്ടായിരുന്ന പവിത്രാന്തരീക്ഷത്തെ കരണ്ടുതിന്നുന്നു. ശില്പഭംഗി മാത്രമല്ല. കെട്ടുറപ്പും പ്രയോജനവും ഉണ്ടായിട്ടുകൂടി ഇത്തരം പഴയ വീടുകളെയും ക്ഷേത്രങ്ങളെയും പള്ളികളെയും തച്ചുതകർക്കാൻ വേണ്ടി ഈ ആളുകളൊക്കെ എന്തിനാണിങ്ങിനെ തെക്കുവടക്കോടുന്നത്? ഈ കെട്ടിടങ്ങളുടെ അസുലഭമായ ഗുണമേന്മകൾ കാണാൻ ഈ മനുഷ്യർക്കു് കണ്ണില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം വരുന്നു. പുതിയ ചായമടിച്ച കുത്തും പാടും വീണ, വീണ്ടുകീറിയ കോൺക്രീറ്റ് കെട്ടിടങ്ങളാണല്ലോ ഇവരുടെ കണ്ണിനു് പിടിക്കുന്നതു് എന്നു കണ്ടു് സങ്കടം വരുന്നു. ലോകത്തിനു ഇന്ത്യയുടെ അമൂല്യ സംഭാവനകളിലൊന്നായ കേരള സംസ്കാരത്തനിമയെക്കുറിച്ചുള്ള അഭിമാനം കേരളീയരുടെ മനസ്സിൽനിന്നു പൊലിഞ്ഞു പോകുന്നല്ലോ എന്നു കണ്ടു സങ്കടം വരുന്നു. ഇക്കൂട്ടരുടെ ഭ്രാന്തു് വകയ്ക്കുകൊള്ളരുതാത്തതിനു വേണ്ടിയാണു്, കരുണയില്ലായ്മക്കു വേണ്ടിയാണു്, നൈമിഷികത്വത്തോടാണു്; പ്രയോജനമില്ലായ്മയ്ക്കു വേണ്ടിയാണു്, സാക്ഷാൽ വൃത്തികേടിനുള്ളതാണു്. ഓരോ കാലത്തിനും അതിന്റേതായ കലയും ശൈലിയും ഉണ്ടാവണം; കാലത്തിങ്ങനെ നിശ്ചലം നിൽക്കാനൊന്നുമാവില്ല. എങ്കിൽക്കൂടിയും ഇന്നത്തെ നിർമ്മാണപ്പണികൾ എന്തിനിങ്ങനെ വിലകെട്ടതാവണം? മേന്മയും നിലവാരവും കുറയ്ക്കുന്ന രീതിയെ എന്തിനിങ്ങനെ കെട്ടിപ്പിടിക്കണം? എതു പഴയ കെട്ടിടവും നോക്കൂ. അതു സാന്ദ്രമാണു്. ഉറപ്പാർന്നതാണു്. അതു് തൽക്കാലത്തേക്കുണ്ടാക്കിയതല്ല. അതു് ഉപയോഗിക്കാനുണ്ടാക്കിയതാണു്. അതു ചുറ്റുപാടിനൊടിനൊത്തുണ്ടാക്കിയതാണു്. അതു കാറ്റും മഴയും വെയിലും മഞ്ഞും കണ്ടു കൊണ്ടുണ്ടാക്കിയതാണു്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം കുറെക്കൂടി അമൂർത്തയായ മറ്റൊരു സംതൃപ്തിക്കുവേണ്ടിക്കൂടി ഉണ്ടാക്കിയതാണു്—അതു് ഒരു സൌന്ദര്യശില്പമാണു്. ഇന്നത്തെ എതെങ്കിലും കെട്ടിടത്തെക്കുറിച്ചിതു പറയാൻ കഴിയുമോ?
എന്നെക്കുറിച്ചു്, എന്റെ ഒരു സ്നേഹിതനോടു് ഈയിടെ ഒരാൾ പറഞ്ഞു. “ആ സ്ത്രീയെ സൂക്ഷിക്കണം; അവളൊരു വിദേശിയാണു്. ഒരു നാൾ അവൾ നമ്മളുടെ സംസ്കാരമൊക്കെ തട്ടിക്കൊണ്ടുപോകും”. ഇന്ത്യയുടെ വിലയേറിയ കലാശില്പങ്ങൾ ആർത്തിയോടും സ്വാർത്ഥതയോടും കടത്തിക്കൊണ്ടുപോകുന്ന വിദേശികളുണ്ടെന്നു് കുറ്റഭാരത്തോടെതന്നെ ഞാൻ സമ്മതിക്കാം. പക്ഷേ, എനിക്കൊന്നു പറയാനുണ്ടു്. സ്വന്തം സംസ്കാരത്തെയും പാരമ്പര്യത്തെയും ആദരിക്കുന്ന ഒരു ജനതയ്ക്കേ അവയെ സംരക്ഷിക്കാനും കഴിയൂ. അത്യാഗ്രഹികളായ വിദേശികളെക്കാൾ കേരളത്തിന്റെ സംസ്കാരം ഇന്നു പേടിക്കേണ്ടതു് അല്പന്മാരായ കേരളീയരെത്തന്നെയാണു്.
ഒരു വിദേശിയായ ഞാൻ ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് മലയാളികൾക്കു് രുചിക്കുകയില്ല എന്നു് എനിക്കറിയാം. “അതിനു അവൾക്കെന്തു്? ഇതു് നമ്മുടെ മണ്ണു്. അവൾ അവളുടെ കാര്യം നോക്കട്ടെ”—ഇതാവാം ഒരു പ്രതികരണം. എനിക്കു് അതു മനസ്സിലാവുന്നു. അങ്ങനെയൊരു പ്രതികരണമുണ്ടാകാതിരിക്കാൻ നേരത്തെകൂട്ടി ഒന്നു പറയട്ടെ. എന്റെ സജീവമായ താല്പര്യം കൊണ്ടാണു് ഞാൻ ഇതെഴുതുന്നത്. 1972-ലാണു് ഞാൻ ആദ്യമായി കേരളത്തിൽ വരുന്നതു്. പിന്നീടു് ഏതാണ്ടു് അഞ്ചുകൊല്ലം ഞാൻ കേരളത്തിൽത്തന്നെ തങ്ങി. ഇതിനു് കാരണം കേരളത്തിന്റെ വിപുലമായ സാംസ്കാരികസ്വത്തിനോടു് എനിക്കു തോന്നിയ ആദരവാണു്. കേരളീയരുടെ എന്തെന്നില്ലാത്ത അതിഥിസൽക്കാര താല്പര്യവും കനിവുമാണു്. എന്നിട്ടും ഈ സംസ്കാരത്തെ നശിപ്പിക്കുന്നതു കണ്ടു്—ഈ സമ്പത്തു് ഒലിച്ചുപോകുന്നതുകണ്ടു് ഞാൻ ദുഃഖിതയാണു്. ഉള്ളിൽത്തട്ടിയ വേദനതന്നെയാണു് ഞാൻ അനുഭവിക്കുന്നതു്. ഈ സൗന്ദര്യമൊക്കെ ഹുങ്കാരത്തോടെ നശിപ്പിക്കപ്പെടുന്നു. ഈ നാശത്തിന്റെ ആഴം അധികമാരും കാണുന്നില്ല; എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നതെന്തെല്ലാമാണെന്നു് വളരെ കുറച്ചു പേരെ അറിയുന്നുള്ളു. തോതുകൾ താണു ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്തു് മനോഹരവും മൗലികവും നിസ്തുലവുമായിട്ടുള്ളവയെല്ലാം സർവ്വമനസ്സോടുംകൂടി പരിരക്ഷിക്കപ്പെടേണ്ടതാണെന്നു് ഞാൻ കരുതുന്നു. പോയതു്, പിന്നെ തിരിച്ചു കിട്ടില്ല. നാമെല്ലാം ഈ ലോകത്തെ പൗരന്മാരാണെന്ന വിശ്വാസമാണു് ഇതു പറയാനുള്ള എന്റെ ധൈര്യവും അവകാശവും. നാശം വരുത്തലും അനീതിയും കണ്ടാൽ അതിനെതിരെ സംസാരിക്കേണ്ടതു് നമ്മുടെ കടമയല്ലേ?
ഇംഗ്ലീഷുകാരിയായ പെപിതാ നോബ്ൾ എഴുതിയ രണ്ടു് ലേഖനങ്ങളിൽ ആദ്യത്തേതാണു് ഇവിടെ. പെപിതാ നോബ്ൾ മനുഷ്യവംശത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ടു സംസാരിക്കുകയാണു്, പഴയ കെട്ടിടങ്ങളും പള്ളികളും ക്ഷേത്രങ്ങളും പൊളിച്ചു മാറ്റുന്ന നമ്മുടെ സൌന്ദര്യബോധത്തിനുനേരെ ഈ ഇംഗ്ലീഷുകാരി മനംനൊന്തു പ്രതിഷേധിക്കുന്നു. പതിമ്മൂന്നു വർഷമായി അവർ കേരളത്തിലാണു്. ഒരു പുസ്തകമെഴുതാൻ വേണ്ടിയാണു് 1972-ൽ അവർ ആദ്യമായി കേരളത്തിൽ വന്നതു്. ഈ നാടിന്റെ സാംസ്കാരിക തേജസ്സു് അവരെ വശീകരിച്ചു. 74-ലും 76-ലും 77-ലുമൊക്കെ അവർ ഇവിടെ എത്തി. കേരള സാംസ്കാരത്തോടു് ഇഴുകിക്കഴിയാൻ അവർ കൊതിച്ചു—ഹൈന്ദവാചാരങ്ങളേയും അനുഷ്ഠാനങ്ങളെയും പറ്റി പഠിച്ചു് പുസ്തകമെഴുതാൻ വന്ന പെപിതാ നോബ്ൾ, ഇന്നു് അതിലുമപ്പുറം കേരളീയ ജീവിതരീതിയിൽ സ്വന്തം ജീവിതത്തിനു് ഒരു ലക്ഷ്യം കണ്ടെത്തിയിരിക്കയാണു്.