ഞങ്ങളുടെ ബാല്യം അവസാനിച്ച ദിവസമാണു് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പതിമൂന്നു ദിവസം നീണ്ട യുദ്ധവും അവസാനിച്ചതു്. യുദ്ധമെന്നൊക്കെ ചുമ്മാ പറയുമെന്നല്ലാതെ ഞങ്ങൾക്കു കാര്യമായിട്ടൊരു പിടിപാടുമില്ലായിരുന്നു. കച്ചേരിപ്പടി കസ്ബായിലെ സത്രത്തിൽ നിന്നു് പേടിപ്പെടുത്തുന്ന സയറൺ അസമയത്തു് മുഴങ്ങുമ്പോൾ മണ്ണെണ്ണ വിളക്കുകളൊക്കെ കെടുത്തി കൂരിരുട്ടിൽ തുള്ളിച്ചോരയില്ലാത്ത മുഖങ്ങളോടും വിറക്കുന്ന സ്വരത്തോടുംകൂടി മാതാവിന്റെ ലുത്തീനിയ ചൊല്ലുന്ന കാരണവൻമാരേയാണു് ആദ്യം ഓർമ്മിക്കുന്നതു്. രണ്ടാമത്തെ ഓർമ്മ കുറച്ചുകൂടി നല്ലതാണു്. മലയാളസിനിമയിൽ കാലങ്ങളോളം കോടതിയായി അഭിനയിച്ച ആൽബെർട്സ് ഹൈസ്ക്കൂളിനടുത്തുള്ള മലയാ റെസ്റ്റോറന്റിലെ കോഴിസൂപ്പിന്റേയും ചില്ലിചിക്കന്റേയും മണം മൂക്കിലേക്കു വലിച്ചു കയറ്റി ഞാനും എന്റെ കൂട്ടുകാരി വനജയും തോളത്തു കൈയ്യിട്ടു നിൽക്കുമ്പോൾ മുന്നിലൂടെ നിരത്തു കവിഞ്ഞു കടന്നുപോയ ജാഥയിൽ കേട്ട മുദ്രാവാക്യം. ‘യാഹ്യാഖാന്റെ വെടിയുണ്ടാ… ഭാരതമക്കൾക്കെള്ളുണ്ടാ…’ അന്നൊക്കെ സീക്ലാസ് കട എന്ന പേരിലറിയപ്പെടുന്ന സർവ്വത്തു കടയിലെ ചില്ലുഭരണിയിൽ നിന്നു കുറഞ്ഞ വിലയ്ക്കു് കിട്ടിയിരുന്ന ഈ എള്ളുണ്ടയ്ക്കു് എന്തു വലുപ്പമായിരുന്നെന്നോ. കൈപ്പത്തി ചുരുട്ടിയാലും വായിലിട്ടാലും നിറഞ്ഞു നിൽക്കുന്ന, ശർക്കരപ്പാനിയുടെ മധുരവും എള്ളിന്റെ രുചിയുമുള്ള എള്ളുണ്ടയെ താറടിച്ചു കാണിച്ചതിൽ എനിക്കും വനജയ്ക്കും നല്ല പ്രതിഷേധമുണ്ടായിരുന്നു. സുതാര്യമായ പച്ചക്കടലാസ്സിൽ പൊതിഞ്ഞ, കടിച്ചാൽ എളുപ്പം പൊട്ടാത്ത പാരീസ് മിഠായിയാണു് കൂടുതൽ ഇഷ്ടമെങ്കിലും എന്റെ വള്ളിക്കളസത്തിന്റെ കീറിയ കീശയ്ക്കതു താങ്ങാനാകില്ലായിരുന്നു.
കൃത്യമായി പറഞ്ഞാൽ യുദ്ധം കഴിഞ്ഞതിന്റെ പിറ്റേ പകലാണു് ഞങ്ങളുടെ ബാല്യത്തിനു് അന്ത്യം കുറിച്ച സംഭവമുണ്ടാകുന്നതു്. വനജയുടെ അച്ഛനു സ്ഥലം മാറ്റമായതിനാൽ യുദ്ധം കഴിഞ്ഞാലുടൻ അവരു് തിരുവന്തപുരത്തേക്കു പോകും. ഞങ്ങളുടെ കൂട്ടിന്റെ അവസാന ദിവസങ്ങളിലൊന്നായ അന്നും കാടു കേറാനാണു് ഞങ്ങൾ തീരുമാനിച്ചതു്. കോമ്പാറയ്ക്കടുത്തു് പണ്ടുകാലത്തു് ഗാന്ധിജിയൊക്കെ വന്നിറങ്ങിയ പേരുകേട്ടൊരു തീവണ്ടിസ്റ്റേഷനുണ്ടായിരുന്നു. അതപ്പോൾ കാടുപിടിച്ചു കിടക്കുകയാണു്. യുദ്ധക്കളം പോലെ തകർന്നു കിടക്കുന്ന കൊളോണിയൽ ശില്പ ഭംഗി കുറച്ചൊക്കെ ശേഷിച്ചിട്ടുള്ള ആ ചെറിയ സ്റ്റേഷന്റെ പിന്നാമ്പുറത്തെ മതിലു പൊളിച്ചു വളർന്ന മരത്തിന്റെ താഴ്‌ന്ന ശിഖരത്തിലാണു് ഞാനും വനജയും ഇരിക്കുക. ഞങ്ങളേക്കാളും ധൈര്യമുള്ള കുറുമ്പൻമാർ മരത്തിന്റെ കൂടുതൽ ഉന്നതമായ നിലകളിലേക്കു കയറിയാണു് കളിച്ചുകൊണ്ടിരുന്നതു്. മറ്റുള്ളവരെ അപേക്ഷിച്ചു് ദുർബ്ബലരായിരുന്നതിനാൽ തറയിൽ നിന്നു് ഏറെ ഉയരത്തിലല്ലാത്ത മരക്കൊമ്പിൽ കയറിയിരുന്നു് കഥകൾ പറഞ്ഞിരിക്കുകയാണു് ഞങ്ങളുടെ ഒരേയൊരു വിനോദം. എക്കാലത്തും കഥയുടെ മൊത്തക്കച്ചവടക്കാരൻ ഞാനും ഇടയ്ക്കിടക്കു് മൂളി ഹാജർ വെയ്ക്കാൻ നിർബ്ബന്ധിതയായ കേൾവിക്കാരി വനജയുമായിരിക്കും. എടവനക്കാടു നിന്നു് എന്റെ അമ്മൂമ്മയുടെ അമ്മയായ കൊച്ചമ്മച്ചോ പുറകിൽ ഞൊറി വച്ചുടുത്ത മുണ്ടിലെ മടിത്തെറുപ്പിൽ നിറയെ മുറുക്കാനും നരച്ച തലയിൽ നിറയെ ഭൂതപ്രേത കഥകളുമായി യുദ്ധത്തിനു മുമ്പേ വന്നിറങ്ങിയിട്ടുണ്ടു്. ലോകത്തിലെ സർവ്വമാന നടുക്കങ്ങളും പേടികളും നിറച്ചു വച്ച കഥകൾ കേട്ടുകൊണ്ടിരുന്നതിനാലാകണം കഴിഞ്ഞ പതിമൂന്നു ദിവസമായി തുടരുന്ന യുദ്ധം എന്നെ തീരെ ബാധിക്കാതിരുന്നതു്.
സന്ധ്യാ പ്രാർത്ഥനയ്ക്കു മുമ്പേ തന്നെ ഇരുട്ടു വീണ വരാന്തയിൽ ഇരുമ്പുരലിൽ അടയ്ക്കയും പുകലയും ഇട്ടു് ഇടിച്ചിടിച്ചു പൊട്ടിച്ചു വായിലേക്കു് തിരുകി വച്ചിട്ടാണു് കൊച്ചമ്മച്ചോ കഥ പറയുന്നതു്. ഈ നേരത്തു് വരാന്തയിലൂടെ അടുക്കളയിലേക്കു് മണ്ണെണ്ണ വിളക്കുമായി ചില സഞ്ചാരങ്ങളുണ്ടാകും. ആ വിളക്കിന്റെ പാളുന്ന മഞ്ഞ വെട്ടത്തിൽ കൊച്ചമ്മച്ചോയുടെ പല്ലുകളിൽ ചോര കിനിയുന്നതു കാണാം. മിക്കവാറും പറയുന്ന കഥകളിൽ നിന്നും ചോര തുള്ളികുത്തി വീണുകൊണ്ടിരിക്കുന്ന നേരമായിരിക്കും. കൊച്ചമ്മച്ചോയുടെ കഥകളിൽ ധാരാളം ആത്മാക്കളുണ്ടായിരുന്നു. അക്കാലത്തു് പതിവുള്ള കുട്ടിക്കഥകളിലേതു് പോലെ അവരാരും അത്ര ശുദ്ധഗതിക്കാരുമായിരുന്നില്ല. പണ്ടു കാലം മുതലേ കുട്ടികൾക്കു വേണ്ടി എന്നു പറയപ്പെടുന്ന കഥകളിലെ പ്രേതങ്ങൾക്കും മന്ത്രവാദികൾക്കുമെല്ലാം ജീവിതത്തിലെവിടേയും ഇല്ലാത്ത ഒരു വല്ലാത്ത തരം നിഷ്ക്കളങ്കതയും നന്മയുമൊക്കെ ഉണ്ടായിരുന്നു. അത്തരം കഥകളുമായി വന്ന നഴ്സറിടീച്ചറുടെ ക്ലാസ്സിലിരുന്നു ഞാൻ ബോധംകെട്ടു് ഉറങ്ങിപ്പോയതു് അമ്മയുടേയും അമ്മായിമാരുടേയും കൊച്ചുവർത്തമാനങ്ങളിൽപ്പെട്ട തമാശയായിരുന്നു. കൊച്ചമ്മച്ചോയുടെ കഥകളിലെവിടേയും അങ്ങനെ ഉണ്ടാക്കിക്കഥകളുടെ കള്ളത്തരമില്ലായിരുന്നു. ഉണ്ടാക്കിക്കഥകളുടെ കുഴപ്പമെന്താണെന്നറിയാമോ, അതു കുട്ടികൾക്കുള്ളതാണെങ്കിൽ ഉടനടി നിഷ്ക്കളങ്കതയുടേയും നന്മയുടേയും കുപ്പായങ്ങളും പുഞ്ചിരിയുമൊക്കെ എടുത്തിടും. മുതിർന്നവർക്കുള്ളതാണെങ്കിൽ കുറേക്കൂടി സങ്കടങ്ങളും യുദ്ധങ്ങളും വല്യ തത്വങ്ങളും രാഷ്ട്രീയവുമൊക്കെ ചേർക്കും. ഓരോരുത്തർക്കും അനുയോജ്യമായ പാചകക്കുറിപ്പടി പാലിച്ചാണു് അവയുണ്ടാക്കുന്നതു്. ഒക്കെയും കള്ളത്തരം. എനിക്കീവക കഥകൾ കേൾക്കുന്നതു തന്നെ വെറുപ്പായിരുന്നു. കൊച്ചമ്മച്ചോയുടെ കഥയിലെ പുണ്യാളൻ പള്ളിയുടെ മുകളിൽ കയറി ഭക്തജനങ്ങളുടെ ദേഹത്തേക്കു് തന്റെ അവയവങ്ങളോരോന്നായി വലിച്ചു കീറിയെടുത്തു് ചോരയോടെ എറിയുമ്പോൾ ചോരമഴ പെയ്യുന്നതും രക്ഷപ്പെടാനായി ഭക്തൻമാർ തലങ്ങും വിലങ്ങും പേടിച്ചു് ഓടുമ്പോൾ പള്ളിയുടെ വാതിലുകളെല്ലാം അടയുന്നതും ഭൂമി പിളർന്നു് പാതാളം തുറക്കപ്പെടുന്നതുമൊക്കെ കേൾക്കുമ്പോൾത്തന്നെ ഒരു ഉശിരുണ്ടു്. അതൊക്കെയാണു് സത്യമുള്ള കഥകൾ, അല്ലാതെ ഒരിടത്തൊരിടത്തു് സത്യസന്ധനും സുന്ദരനുമായ രാജകുമാരനുണ്ടായിരുന്നു എന്നു പറഞ്ഞു തുടങ്ങുന്ന കഥകൾ കേൾക്കുമ്പോൾ എനിക്കു ഓക്കാനിക്കാൻ വരുമായിരുന്നു.
പഴയ തീവണ്ടിസ്റ്റേഷനിലെ മരവും എന്റെ കഥകളും വനജയ്ക്കു തീരെ മടുത്തു തുടങ്ങിയിരുന്നു എന്നു മനസ്സിലാക്കാതെ ഞങ്ങളുടെ അവസാനത്തെ ദിവസവും അവളേയും കൂട്ടി മരത്തിൽ കേറി ഞാൻ പതിവുപോലെ കഥപറയാൻ തുടങ്ങി. സാധാരണ ഗതിയിൽ വെറും ഷെമീസു മാത്രം അണിഞ്ഞു് വരാറുള്ള വനജ ഷെമീസിനു പുറത്തു് അവളുടെ ചേട്ടന്റെ കീറക്കുപ്പായവും അതിന്റെ കീശയിൽ പമ്പരവും എടുത്തു വച്ചിരുന്നു. എന്റെ കഥ കത്തിക്കയറുന്ന നേരത്തു് അവൾ മരക്കൊമ്പിലിരുന്നു പമ്പരത്തിൽ നൂലു ചുറ്റാൻ തുടങ്ങിയതു് എനിക്കു തീരെ പിടിച്ചില്ല. ഞാനാ പമ്പരം തട്ടിപ്പറിച്ചു് താഴെയുള്ള കാട്ടിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്നു സ്വിച്ചിട്ടതു പോലെ വനജ വാവിട്ടു കരയാനും എന്നെ മാന്തിക്കീറാനും തുടങ്ങി. മേലെ ഇരുന്നിരുന്ന കുറുമ്പൻമാർ ഇതു കണ്ടു് ചിരിക്കാൻ തുടങ്ങിയതു് എനിക്കു വലിയ നാണക്കേടുണ്ടാക്കി. വനജ കരച്ചിലു തുടങ്ങിയാൽ പിന്നെ നിർത്തണമെങ്കിൽ ഉദ്ദിഷ്ടകാര്യം സാധിച്ചിരിക്കണം. ഇതറിയാവുന്നതിനാൽ ഞാൻ താഴെയുള്ള കാട്ടിലേയ്ക്കു് പമ്പരം തപ്പാനിറങ്ങി. ആ കുറ്റിക്കാട്ടിൽ ഒരു കരിമൂർഖൻ താമസിക്കുന്നുണ്ടെന്നു് അറിയാവുന്നതിനാലാകണം വനജയും പതിയെ താഴേയ്ക്കിറങ്ങി വന്നു. അവളുടെ മുന്നിൽ ചെറുതായിപ്പോകുമെന്നുള്ളതിനാൽ ഞാൻ എന്റെ പേടി പുറമേക്കു കാണിക്കാതെ കാടും പടലും തല്ലിക്കൊണ്ടിരിക്കുകയാണു്. ആ പമ്പരം പൊക്കോട്ടേ എന്നൊരു വാക്കു് അവളുടെ നാവിൽ നിന്നു വീഴുമെന്നു കരുതി പ്രതീക്ഷയോടെ നോക്കിയെങ്കിലും അതുണ്ടായില്ല.
“ചിത്തൻ ചേട്ടന്റെ പമ്പരോണു്. എനിക്കതു കിട്ടാണ്ടു പറ്റൂല്ല… അതില്ലാതെ ചെന്നാൽ അവനെന്നെ കൊല്ലും” എന്നാണവൾ പറഞ്ഞതു്.
“അപ്പോ കരിമൂർഖൻ കടിച്ചു ഞാൻ ചത്തുപോട്ടേന്നാണോ?… ”
അവൾ മിണ്ടാതെ, മുഖം വീർപ്പിച്ചു നിന്നു.
“ഞാൻ ചത്താ നിനക്കു കൊഴപ്പോന്നുമില്ലേ കൊച്ചേ?… ”
അവളു പിന്നേയും കരയാനുള്ള ഒരുക്കം തുടങ്ങിയപ്പോൾ ഞാനാകെ വശംകെട്ടു. പെട്ടെന്നാണു് എനിക്കൊരു ബുദ്ധിയുണ്ടായതു്. ഒരാഴ്ച മുടങ്ങാതെ മാതാവിന്റെ നൊവേനയ്ക്കു പോയതു പ്രമാണിച്ചു് എനിക്കപ്പൻ ജോർജ്ജാറാമന്റെ തലയുള്ള നാലണ സമ്മാനമായി തന്നിട്ടുണ്ടു്. രണ്ടു പാരീസു മിഠായിയും കുറേയേറെ നാരങ്ങാമിഠായിയും രണ്ടു തേൻ നിലാവും മേടിക്കാനുള്ള കാശാണതെങ്കിലും ഈ പിശാശിന്റെ നിലവിളി പരിഹരിക്കാൻ ആ നാലണയെടുത്തു പ്രയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“ദേ കൊച്ചേ എന്റ കൈയ്യീ നാലണേണ്ടു്… നിനക്കു ഞാനൊരു പുതുപുത്തൻ പമ്പരം മേടിച്ചു തരാം… ”
അവൾ ആലോചിക്കുകയാണു്.
“അപ്പോ ഞാൻ കരിമൂർഖന്റ കടികൊണ്ടു ചാകേമില്ല… നിനക്കു് എന്റ കൊറേ കഥ കേൾക്കേം ചെയ്യാം… ”
എന്നിട്ടും അവളുടെ ചിന്ത തീർന്നിട്ടില്ല. എന്തു പണ്ടാരമാണാവോ ഇവളു ആലോചിച്ചു കൂട്ടുന്നതു്.
“ശരി… പക്ഷേ,… അയിനു മുമ്പു് മദാമ്മേട വീട്ടീന്നു് പച്ച റോസപ്പൂ എടുക്കണം… അതു പറ്റ്വോ?… ”
“ഈശോയേ… ”
ഞാനാകെ തകർന്നു പോയി. പമ്പരക്കടയുടെ ഇത്തിരി മാറി പത്തുമുറി എന്നൊരു തോട്ടിക്കോളനിയുണ്ടു്, അവിടന്നു പിന്നേം കൊറച്ചു കൂടി നടന്നാൽ മദാമ്മയുടെ കൊട്ടാരം പോലെയുള്ള വീടു കാണാം. അത്രയും വലിയ വീടു് അക്കാലത്തു് ആ ദേശത്തെവിടേയുമില്ല. ലോകത്തിലെ മറ്റെല്ലാ വീടുകൾക്കും വെള്ള, മഞ്ഞ തുടങ്ങിയ സമാധാനത്തിന്റെ നിറങ്ങൾ അടിക്കുമ്പോൾ മദാമ്മ മാത്രം ചാരയും കടുംകറുപ്പുമൊക്കെയാണു് ആ വീടിനടിച്ചിട്ടുള്ളതു്. ആ വീടിന്റെ മുറ്റത്തു് ആണുങ്ങളെ ആരേയും നാളതുവരെ കണ്ടിട്ടില്ല. മുറ്റമെന്നു പറഞ്ഞാൽ വെറും മുറ്റമൊന്നുമല്ലതു്. വലിയ പൂന്തോട്ടമാണു്. റോസാപ്പൂക്കൾ മാത്രമുള്ള ആ തോട്ടത്തിൽ ലോകത്തിലെ എല്ലാ നിറങ്ങളിലുമുള്ള റോസാപ്പൂക്കളുണ്ടു്. റോസാപ്പൂക്കൾക്കു് അത്രയും നിറവും വൈവിധ്യവുമുണ്ടെന്നു് ഞങ്ങൾ തിരിച്ചറിഞ്ഞതു് ഉരുക്കുകൊണ്ടു പണിതീർത്ത ഉയരവും വലുപ്പവുമേറിയ ഗേറ്റിലെ മുന്തിരിക്കുലകൾക്കിടയിലൂടെ ഒളിച്ചു നോക്കിയപ്പോഴാണു്. ചുവപ്പിന്റെ വകഭേദങ്ങളെല്ലാമുള്ള റോസാപ്പൂക്കളാണു് മുൻനിരയിൽ. അതിനു പിന്നിൽ വെള്ള, പിന്നെ മഞ്ഞ, വീടിനോടടുക്കും തോറും നിറം കടുത്തുകൊണ്ടിരുന്നു. വനജയ്ക്കാണെങ്കിൽ ആ പൂക്കളോടു് വല്ലാത്ത ആർത്തിയായിരുന്നു. ആ ഗേറ്റിലൂടെ ഒളിഞ്ഞുനോക്കാൻ ഇടയ്ക്കിടെ അവളുടെ നിർബ്ബന്ധത്തിനു വഴങ്ങി ഞാൻ പോകാറുള്ളതുമാണു്. ഒരിക്കെ ഒരു സംഭവമുണ്ടായി. ഒരാൾക്കു മാത്രം കയറാവുന്ന ഗേറ്റിലെ കുഞ്ഞു പിളർപ്പു വാതിൽ കടന്നു പച്ച നിറമുള്ള പൂവു പറിക്കാൻ വനജ കാലെടുത്തു വച്ചതും രണ്ടു കൂറ്റൻ പട്ടികൾ കുരച്ചുകൊണ്ടു പാഞ്ഞു വന്നു. തക്ക സമയത്തു് വച്ച കാൽ തിരിച്ചെടുത്തുവെങ്കിലും ആ വീടിന്റെ മേലേക്കു കയറിപ്പോകുന്ന ചവിട്ടു പടിയുടെ മുകളറ്റത്തു് തലമുടി മുഴുവൻ വെള്ളി നിറത്തിലും, ശരീരം എല്ലിൻകൂടു പോലെയുമായ, കറുത്ത ഗൗണണിഞ്ഞ മദാമ്മ ഒരു മന്ത്രവാദിത്തള്ളയെ പോലെ നോക്കി നിൽക്കുന്നു. അവരുടെ കൈകളെ മൂടാൻ മാംസമോ തൊലിയോ പോലുമില്ലെന്നു് തോന്നി. ഹെഡ്മാഷിന്റെ മുറിയിൽ മാത്രം കാണുന്ന അസ്ഥികൂടത്തിന്റെ കൈകളാണതെന്നു് എനിക്കൊരു സംശയവുമില്ല.
“ബേൽസബൂബിനേക്കാട്ടീം ബലോം ദുഷ്ടത്തരോമൊള്ള മന്ത്രവാദിത്തള്ളയാണതു്… അവരു് തിന്നണതു തന്നെ ജനിച്ചു വീണ കൊച്ചുങ്ങളുടെ തുടയെറച്ചിയാണു്… ”
കൊച്ചമ്മച്ചോയുടെ സ്വരം ഞാൻ കേട്ടു. വനജയുടെ കൈ പിടിച്ചു വലിച്ചു് അന്തരമാർഗ്ഗം ഓടി വീട്ടിലെത്തിയെങ്കിലും ഞങ്ങളു രണ്ടാളും ഒരാഴ്ച പനിച്ചു കിടപ്പിലായിപ്പോയി. വനജയിൽ നിന്നു ഞങ്ങളുടെ രഹസ്യമറിഞ്ഞ ചിത്തൻ ചേട്ടൻ പറഞ്ഞതു് അതിലും ഭീകരമായൊരു കാര്യം. ആ മദാമ്മയെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് സിനിമ ചിത്തൻ ചേട്ടൻ ശ്രീധറിൽ കണ്ടിട്ടുണ്ടു്.
“ഓരോ മനുഷ്യരേയും കൊന്നു് മുറ്റത്തു് കുഴിച്ചിട്ടിട്ടു് അവിടെ ഓരോ നിറത്തിലുള്ള റോസപ്പൂ നടും… അതാണവരുടെ പരിപാടി… ”
സാധാരണഗതിയിൽ ഇത്രയൊക്കെ കേട്ടാൽ ഞങ്ങളേപ്പോലുള്ള കുട്ടികൾ പിന്നെ ആ പരിസരത്തേക്കു പോകില്ല. എന്നാൽ എന്നേക്കാൾ പേടിത്തൂറിയെന്നു ഞാൻ കരുതിയിരുന്ന വനജ റോസാപ്പൂക്കളോടുള്ള ഭ്രമം മൂലം തുള്ളി പോലും പേടിച്ചില്ല. ഇത്തിരിപ്പോന്ന ആ പെണ്ണിനു് ഇപ്പോ വേണ്ടതും ആ ഒടുക്കത്തെ പച്ച റോസ. ഇതിലും ഭേദം കരിമൂർഖന്റെ കടികൊണ്ടു ചാകുന്നതായിരുന്നു. നല്ല പേടിയുണ്ടേലും അതു കാണിക്കാൻ പാടില്ലെന്ന തീർച്ചയുണ്ടെനിക്കു്. ആണാകണമെങ്കിൽ അങ്ങനെയൊക്കെ വേണമെന്നു് എന്റപ്പനും അച്ചാച്ചന്മാരുമൊക്കെ കാണിച്ചു തന്നിട്ടുണ്ടു്. അതോണ്ടു് ഞാനവളോടു് മനോഹരങ്ങളായ പല ഒഴികഴിവുകളും പറഞ്ഞെങ്കിലും അവളതൊന്നും വകവച്ചില്ല. ഒടുക്കം ഞാൻ തീരുമാനിച്ചു. എന്റെ അവസാനം ഇങ്ങനെ തന്നെയാകുന്നെങ്കിൽ ആകട്ടെ. ഈ ഇത്തിരിക്കോളം പോന്ന പെങ്കൊച്ചിന്റെ മുന്നിൽ വീരശൂരപരാക്രമിയായ ഞാൻ ചെറുതാകാൻ പാടില്ല. അങ്ങനെ ഞങ്ങള് രണ്ടാളും കൂടി മദാമ്മയുടെ വീട്ടിലേക്കു നടന്നു. ആ യാത്രയ്ക്കിടയിലും മദാമ്മയുടെ ഗേറ്റിനു മുന്നിലെത്തുന്നതുവരേയും എനിക്കുണ്ടായ മാനസികപ്രശ്നങ്ങളൊന്നും ഇവിടെ പറയാൻ കൊള്ളുകയില്ല. പേടിത്തൂറി എന്ന ഒരൊറ്റ വാക്കുകൊണ്ടല്ലാതെ അതിനേയൊന്നും വിശേഷിപ്പിക്കാനാകില്ല. അങ്ങനെ ആരെങ്കിലും എന്നെ വിശേഷിപ്പിക്കുന്നതു് പൊടിക്കാച്ചി പ്രായത്തിൽത്തന്നെ എനിക്കിഷ്ടമല്ലാത്തതോണ്ടു് ഇല്ലാത്ത ധൈര്യമൊക്കെ കാണിക്കാൻ ഞാനവളോടു കുറേ ഉണ്ടാക്കിക്കഥകളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ആ കഥകളിലെല്ലാം ഞാനൊരു മഹാസംഭവം തന്നെയായിരുന്നു. കാര്യം പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം, ലക്ക് എന്നൊക്കെ പറയുന്ന ഏർപ്പാടിൽ എനിക്കു് അക്കാലത്തു് വലിയ വിശ്വാസമായിരുന്നു. ഏതൊരു കാര്യവും നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത പപ്പാതിയാണെന്ന വിശ്വാസമാണെന്നെ എന്റെ നാളിതുവരേയുള്ള കണക്കുപരീക്ഷകളിൽ തോൽക്കാതെ ഇത്രയുമൊക്കെ എത്തിച്ചതു്. എട്ടും നാലും എത്രയാണെന്നു ചോദിച്ചാൽ രണ്ടു കൈപ്പത്തിയിലേയും വിരലു നിവർത്തി എണ്ണുന്ന സ്വഭാവം ഇപ്പോഴും എന്നിൽ നിന്നു വിട്ടുമാറിയിട്ടില്ല.
അങ്ങനെ പപ്പാതി സാധ്യതകൾ തുറന്നിട്ട ഉരുക്കു ഗേറ്റിലെ കുഞ്ഞുപിളർപ്പു വാതിലിനു മുന്നിൽ വന്നു നിൽക്കുമ്പോൾ എനിക്കുണ്ടായിരുന്ന ഉറച്ച തോന്നൽ ഇന്നവിടെ ആ പച്ച റോസപ്പൂവു് വിടർന്നിട്ടുണ്ടാകില്ല എന്നു തന്നെയായിരുന്നു. ഒരു നിമിഷം അതു സത്യം തന്നെയായി കാണപ്പെട്ടു. ഞാൻ ആശ്വാസത്തോടെ നിശ്വസിക്കാൻ തുടങ്ങിയ നേരത്തു് വനജ അവളുടെ ആവേശഭരിതമായ ബലം മുഴുവൻ എന്റെ തോളിൽ ഒരു ഇറുക്കിപ്പിടിത്തമാക്കി മാറ്റിയിട്ടു് ഇടംകൈയ്യിലെ ചൂണ്ടാണി വിരൽ തോട്ടത്തിന്റെ അങ്ങേയറ്റത്തേക്കു ചൂണ്ടി. എനിക്കതു വിശ്വസിക്കാനേ ആയില്ല. ഇത്രയ്ക്കു നിസ്സാരമായി എന്റെ ആത്മവിശ്വാസം നിലംപൊത്തുമെന്നു വിചാരിച്ചതേയില്ല.
“ചെല്ലു് അവിടിപ്പാരുമില്ല… വെക്കം ചെല്ലു്… ”
വനജ വലിയൊരു പ്രചോദനം പോലെ വിളിച്ചു പറഞ്ഞു. വലിയ അൽസേഷ്യൻ പട്ടികൾ, അസ്ഥിമാത്രമായ മന്ത്രവാദി മദാമ്മ. എന്റെ മുഖത്തെ വല്ലായ്മ പ്രകടമായിട്ടുണ്ടാകണം, വനജ പറഞ്ഞു.
“ചെക്കൻ പോയില്ലേൽ ഞാൻ പോകും… ”
അവളുടെ വലംകാലു് ആ പറമ്പിലേക്കു വച്ചപ്പോഴേക്കും കുടുംബപരമായിട്ടു കിട്ടിയ ആണത്തം കേറി ഇടപെട്ടു് അവളെ തടഞ്ഞു. എനിക്കുപോലും വിശ്വസിക്കാനാകാത്ത മട്ടിൽ ഒറ്റക്കുതിപ്പായിരുന്നു എന്റെ കാലുകൾ. പാതിവഴിയോളം വളരെ വേഗതയിലായിരുന്ന ആ കാലുകൾക്കു് തടസ്സമായി പട്ടികുര പോലുമുണ്ടായിരുന്നില്ല. രണ്ടാം പാതി കഴിഞ്ഞു് പിന്നേയും കുറേ ഓടി. ഇനി ഓടിയെത്താൻ കുറച്ചേയുള്ളുവെങ്കിലും എത്ര ഓടിയിട്ടും വീടിന്റെ ചവിട്ടുകൾക്കരികിൽ നിൽക്കുന്ന പച്ചപ്പൂവിനരികിലേക്കു് എനിക്കു് എത്താനാകുന്നില്ലായിരുന്നു. മുന്നിലേക്കു് ഒരടി വയ്ക്കുമ്പോഴേക്കും ദൂരം രണ്ടോ മൂന്നോ അടിയായി ഇരട്ടിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ കുറേ കാലമായി കുളിയൊന്നുമില്ലാതെ കിടക്കുന്ന പട്ടികളുടെ ചൂരു് എന്റെ മൂക്കിലടിക്കാനും തുടങ്ങിയിരുന്നു. ഈ സമയത്തു് ഓട്ടത്തിന്റെ വേഗത വെട്ടിക്കുറയ്ക്കുകയും ഓട്ടം തന്നെ അവസാനിപ്പിക്കുകയും ശാന്തമായ മനസ്സു കൈവരിച്ചു് വളരെ പതുക്കെ നടന്നു ചെന്നു് ആ പൂവു പൊട്ടിച്ചെടുക്കുകയാണു് വേണ്ടതു്. പക്ഷേ, എനിക്കെന്റെ കാലിനെ നിയന്ത്രിക്കാനാകുന്നില്ലായിരുന്നു. ഗുരുത്വാകർഷണം മുഴുവൻ ആ കൊട്ടാരവീട്ടിലേക്കും പൂവിലേക്കുമാണു്.
“മന്ത്രവാദിത്തള്ളയുടെ മാന്ത്രിക ബലത്തിൽ പെട്ടുകഴിഞ്ഞാൽ പിന്നെ രക്ഷയില്ല… അങ്ങനെ വന്നാൽ ചെയ്യണ്ടതു് മുന്നോട്ടു തന്നെ പായുക എന്നതാണു്… ” കൊച്ചമ്മച്ചോയുടെ വാക്കുകളാണു് ഞാൻ കേട്ടുകൊണ്ടിരിക്കുന്നതു്.
“ചെക്കാ പട്ടി… ” വനജയുടെ സ്വരവും ഞാൻ കേട്ടു.
പക്ഷേ, എനിക്കെന്നിലുള്ള നിയന്ത്രണം പാടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. നരകച്ചെന്നായകളേപ്പോലെ പട്ടി കുരയ്ക്കുവാൻ തുടങ്ങിയിരുന്നു. പച്ച നിറമുള്ള റോസാപ്പൂവിനടുത്തേക്കു ഞാനടുത്തുകൊണ്ടിരിക്കുന്ന നേരത്തു് ചവിട്ടു പടികളുടെ മുകളറ്റത്തു് അസ്ഥി മാത്രമായ മദാമ്മ. എന്റെ കാലുകൾ കുഴമണ്ണിലേക്കു് ഉറച്ചു പോകുകയാണു്. പെട്ടെന്നു് മദാമ്മ ചവിട്ടിറങ്ങാൻ തുടങ്ങി. അസ്ഥികൾ കൂട്ടിയിടിക്കുന്ന സ്വരം ഞാൻ കേട്ടു. തിരിഞ്ഞോടുന്നതിനായി കാലുകളെ മണ്ണിൽ നിന്നു സ്വതന്ത്രമാക്കുമ്പോഴാണു് ശ്രദ്ധിച്ചതു്. മദാമ്മയുടെ അസ്ഥികൾ സന്ധിബന്ധം വിടർത്തിയടർന്നു് ഒരുമിച്ചുകൂടി ഒരു പന്തിന്റെ രൂപം കൈവരിച്ചു് ചവിട്ടിലൂടെ ചാടിച്ചാടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു. പരാക്രമത്തോടെ ഞാനോടാൻ തുടങ്ങി. അസ്ഥിഗോളം ഉരുണ്ടുരുണ്ടു് പിന്നാലെ വരുന്നുണ്ടെന്നു് സ്വരം കേട്ടപ്പോൾ എനിക്കു മനസ്സിലായി. മണ്ണിൽ നിന്നു ഞാൻ തോട്ടത്തിലേക്കു കയറി റോസാച്ചെടികളെ ചവിട്ടിമെതിച്ചുകൊണ്ടു് ഓടാൻ തുടങ്ങി. അസ്ഥിഗോളത്തിനു് ചെടികൾക്കിടയിലൂടെ ഉരുളാനാകില്ലെന്നു് എനിക്കു തീർച്ചയുണ്ടായിരുന്നു. ഗേറ്റിനു പിന്നിൽ നിന്നിരുന്ന വനജ കണ്ണീരോടെ വിളിച്ചു കൂവി.
“ഓടിക്കോടാ… ഓടിക്കോ… ”
ഗേറ്റിലെ കൊച്ചു പിളർപ്പൻ വാതിലിലൂടെ ഓടി പുറത്തിറങ്ങിയിട്ടു് ഞാനൊന്നു തിരിഞ്ഞു നോക്കി. കാറ്റു വീശിയടിക്കുന്ന തോട്ടത്തിലൂടെ അസ്ഥിഗോളം അതിവേഗം ഉരുണ്ടു വരികയാണു്. എത്ര ഓടിയാലും അതിനു ഗേറ്റു കടന്നു് എത്താനാകില്ലെന്നു തീർച്ചയായിരുന്നു. പക്ഷേ, തോട്ടത്തിനുള്ളിൽ വീശിയ കാറ്റു് അതിശക്തമായിരുന്നതിനാലാകണം അസ്ഥിഗോളം ചിതറി തരിമണലു പോലെയായിത്തീർന്നു. വനജയുടെ വിടർന്ന കണ്ണുകൾ പേടിയോടെ അതു നോക്കി നിൽക്കുകയാണു്. പെട്ടെന്നു് ഭീതി കലർന്ന അമാനുഷമായ ഒരു സ്വരം അവളുടെ തൊണ്ടയിൽ നിന്നുയർന്നു.
“ഓടിക്കോ കൊച്ചേ… ഓടിക്കോ… ”
അതു കേട്ടതും നിരത്തിലൂടെ ഞാനോടാൻ തുടങ്ങി. പിന്നാലെ വനജയുണ്ടാകുമെന്നു് എനിക്കു തീർച്ചയായിരുന്നു. എന്നാൽ കിതപ്പും കാലടിസ്വരങ്ങളും കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. വനജ എന്നെ സംരക്ഷിക്കാനെന്നോണം ഗേറ്റിനരികിൽ തോട്ടത്തിലേക്കു നോക്കി അങ്ങനെ തന്നെ നിൽക്കുകയാണു്. ഇരു കൈകളും അരയിലുറപ്പിച്ചു് പരിച പിടിച്ച പടയാളിയെപ്പോലെ. തോട്ടത്തിൽ വീശിയടിച്ച കാറ്റിൽ അസ്ഥിത്തരികളുടെ ഗോളം ചിതറി മണൽക്കാറ്റായി വീശിയടിച്ചു. ഗേറ്റിനു മുന്നിൽ നിന്നിരുന്ന വനജയുടെ മേൽ ആ മണൽമഴ മുഴുവനായും പെയ്തു തീർന്നു.
വീട്ടിലെത്തിയപ്പോൾ വനജയ്ക്കു നല്ല പനി. രാത്രി അവളുടെ അച്ഛൻ ഹോമിയോ വൈദ്യന്റെ മരുന്നുകളൊക്കെ വാങ്ങി. പിറ്റേന്നു പുലർച്ചേ എനിക്കു് യാത്ര പറയാൻ പോലും കഴിയുന്നതിനു മുമ്പേ അവർ തിരുവനന്തപുരത്തേക്കു പോയിക്കഴിഞ്ഞിരുന്നു.
വനജയോ അവളുടെ വീട്ടുകാരോ മടങ്ങി വരികയോ കത്തെഴുതുകയോ ഒന്നും ചെയ്തില്ല. കുറേകാലം വനജയെ ഓർത്തു കുറച്ചൊക്കെ സങ്കടപ്പെട്ടിട്ടുണ്ടാകും. അവളുടെ വിലാസം അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാനൊരു കത്തെഴുതുമായിരുന്നു. പക്ഷേ, അവരെക്കുറിച്ചു തിരക്കാൻ എന്റെ വീട്ടുകാർക്കും വലിയ താല്പര്യമൊന്നും കണ്ടില്ല. കാലം കടന്നുപോകെ വളരെ സ്വാഭാവികമായി ഞാൻ വനജയെ മറന്നു. എനിക്കു പുതിയ കൂട്ടുകളുണ്ടായി. ആ പ്രദേശം തന്നെ ഓർമ്മയിൽ നിന്നു മറയാൻ തുടങ്ങി. മുടി മുഴുവനായി നരയ്ക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്തപ്പോൾ വനജയെ മാത്രമല്ല വളരെ അടുത്ത ബന്ധുക്കളേപ്പോലും മറക്കാൻ തുടങ്ങി. എന്നാലും ഇങ്ങനെ ചില ഓർമ്മകൾ ഇടയ്ക്കിടെ എനിക്കുണ്ടാകുന്നുണ്ടു്.
ഓർമ്മകൾക്കു തെളിവുണ്ടാക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും ഞാൻ പഴയ വഴികളിലൂടെയൊക്കെ ഒന്നു സഞ്ചരിച്ചു. ഇപ്പോൾ ഹോട്ടലായി മാറിയ പഴയ തറവാട്ടുവീട്ടിൽ കയറി ഒരു ചായ കുടിക്കുകയും അവരുടെ അനുവാദത്തോടെ മുറികളിലൂടെ നടക്കുകയും വരാന്തയിൽ വന്നിരുന്നു് വനജ താമസിച്ചിരുന്ന എതിരേയുള്ള വീട്ടിലേക്കു നോക്കുകയും ചെയ്തു. പിന്നെ പത്തുമുറി കോളനിയ്ക്കപ്പുറമുള്ള ചാരയും കറുത്തതുമായ കൊട്ടാരവീടിന്റെ ഗേറ്റിൽ ചെന്നു നിന്നു.
“ചെല്ലു്… അവിടിപ്പാരുമില്ല… വെക്കം ചെല്ലു്… ”
എന്റെ തോളിൽ ഇറുകെ പിടിച്ചുകൊണ്ടു് വനജ പറഞ്ഞു.
കൊച്ചി സ്വദേശി. നോവൽ, കഥ, തിരക്കഥ മാദ്ധ്യമങ്ങളിൽ സജീവം. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, കടലിന്റെ മണം (അച്ചടിയിൽ) എന്നീ നോവലുകളും തെരഞ്ഞെടുത്ത കഥകൾ, ചില പ്രാചീന വികാരങ്ങൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ തുടങ്ങിയ കഥാസമാഹാരങ്ങളും ഈ. മ. യൌ. എന്ന തിരക്കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുത്രൻ, കുട്ടിസ്രാങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ, റോസസ് ഇൻ ഡിസംബർ, ചാരുലത, ദൈവത്തിനു് സ്വന്തം ദേവൂട്ടി തുടങ്ങിയ ടെലിവിഷൻ പരമ്പരകളും രചിച്ചിട്ടുണ്ടു്. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്കു് ദേശീയ അവാർഡും ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നിവയുടെ രചനയ്ക്കു് സംസ്ഥാന അവാർഡും ലഭിച്ചു. എസ് ബി ഐ അവാർഡ് ചാവുനിലത്തിനും വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരം പതിമൂന്നു കടൽക്കാക്കകളുടെ ഉപമയ്ക്കും.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ