മാങ്ങാരെ ശിവക്ഷേത്ര-
പ്പൂരപ്പറമ്പു് രാത്രിയിൽ
ആന്റോ പാലയൂർ സൗണ്ട്
പ്രൊജക്ടർ, സിനിമ-
യാൾക്കൂട്ടം ഉറക്കത്തിൻ
വീർപ്പടക്കി, വ്രതശ്രദ്ധ
വിരിച്ചിട്ട പൂഴിമണ്ണു്.
മുളങ്കമ്പിൽ തിരശ്ശീല
വെളിച്ചത്തെ ചലിപ്പിക്കും
ശബ്ദ-ഭാഷണചാതുരി
നിഴൽ പലനിറം ചിന്നി
ഇരുൾമഞ്ഞിൻ ചിത്രശാല
മഞ്ഞലുവത്തുണ്ടു് തിന്നു്
കെട്ടറ്റ്യൂബിന്നോരത്തു്
നിന്നു് കണ്ട ചലച്ചിത്രം
കക്കി ഗദ്ഗദബാല്യത്തിൽ
ആൾക്കൂട്ടം ഭ്രാന്തെടുത്തു്
മാഷെയോങ്ങിയെറിയുന്നു…
സംശയത്തിൻ കണ്ണു്,
ചുറ്റും പേപിടിച്ച നടപ്പാത
ഭൂത-പാരമ്പര്യബാധ
ഊതിവിട്ട മകുടിയിൽ
ആഞ്ഞുകൊത്താന-
ടുക്കുന്നു,മാഷതൊന്നു
മറിയാതെ…
നൂലു് വിട്ടാൽ പട്ടമെങ്ങു്
കുട്ടികൾ കാലബോധത്തിൽ
ഇഷ്ടവാക്കിൽ മിഴിക്കവേ
ഭ്രാന്തം കാറ്റലച്ചെത്തി
ക്ലാസ്സിനുള്ളിൽ കലമ്പുന്നു.
ബാലൻമാഷ്ക്കു് പ്രാന്തെന്ന
ഏറ്റുചൊല്ലൽ വിഷച്ചോറായ്
അമ്മയൂട്ടി ഇരുട്ടത്തു്
കിടക്കുന്നു,മഞ്ഞലുവത്തുണ്ടു്
മൊത്തം കണ്ണുനീരിൽ ചവർക്കുന്നു…
കാഴ്ചവിട്ടു് തിരശ്ശീല
മടങ്ങുന്നു, കൺനിറയെ
കടയുന്നു, തനിയാവർത്തനം
തന്നെയുള്ളിലേറ്റ സങ്കടങ്ങൾ,
റീലു മൊത്തം റിയൽ സീനായ്
ഇന്നുമാരോപിച്ച ഭ്രാന്തിൻ
ചേലു കാണാനാള് ചുറ്റും.
ഒ. ടി. ടി. കാലമെത്തി
മുതിർന്നു കാഴ്ചയിൽ ഞാനും
ഇനിയാവർത്തിക്കുമോ,
തനിയെയാൾക്കൂട്ടം തന്നൊരാപടം…
എന്തൊരടുക്കും ചിട്ടയും!
രാത്രിയൊൻപതു മണി
താളടയാളനാട
മറിച്ചിട്ടെഴുതുന്നു നിത്യവും.
നാൾവഴിച്ചോടുകൾ,
വൃത്തികൾ, ജീവിച്ച മുദ്രകൾ.
ഉണ്ടതും
കണ്ടതും
കൊണ്ടതും
കൊടുത്തതും
മങ്ങലേൽക്കാതുറങ്ങാതിരിക്കുന്നു
സ്മൃതിഭദ്രം
രേഖാസഞ്ചയം.
ഒറ്റയേടു്
മറിച്ചിട്ടു് കാലം
പുത്തനേടു് മറിച്ചെഴുതുമ്പോൾ
എത്ര നിർവൃതി,
കൃത്യകൃതാർത്ഥത,
മിടിപ്പുകൾ, പ്രസരിച്ചൊ-
രോർമ്മകൾ.
ഒറ്റരാത്രി-
യൊൻപതിൽ സൂചി
താൾ മറിയ്ക്കാതയാൾ
മടങ്ങുമോ?
ആരുവായിക്കുമെന്ന
വിഭ്രാന്തി ബാക്കിയാക്കുമോ
പിൻവഴിത്താളുകൾ,
അക്ഷരാർത്ഥത്തി-
ലത്രയും ചിട്ടകൾ!
ആരയാൾ
മുറതെറ്റാതെഴുതുമ്പൊഴെന്നും
ഉള്ളു് നീറി പിടഞ്ഞൊരീ ചിന്ത
ഭാഷയാവാതുഴറുന്നൊരീ ഞാൻ;
നിർത്തിയേടർത്തമർന്ന
താളടയാളനാട മാതിരി.
ആരെ പേടിയില്ലെങ്കിലും
പൊരേടെ
തൂണിനെ
പേടിക്കണന്നു് അച്ഛമ്മ
അച്ഛന്റെ പേടിയും
പേടിപ്പിക്കലും
മുറ്റത്തെ തെങ്ങായിരുന്നു
ഞങ്ങൾ കുട്ടികൾ
ഗോലിയും മേടാസും കളിക്കുമ്പോൾ
തെങ്ങിൻ കടേൽ
മൂത്രിക്കുമ്പോൾ
മുറ്റത്തൊന്നിറങ്ങി നിക്കുമ്പോൾ
താക്കീതും കരുതലും
ശാസനയും
അച്ഛനായെത്തും.
പഴമ്പട്ട,
കരിം തേങ്ങ,
മച്ചിങ്ങ,
കവളിമടൽ
മേലോട്ടു് നോക്കി
അകത്തേക്കോടിക്കും.
പാതി നിർത്തിയ കളിയും
മൂത്രവും
നീരസമായി
ഉമ്മറത്തെ
തൂണിൽ മുഖം ചാരും.
പിന്നെ
പട്ടയും വിളച്ചിലുമില്ലാതെ
മുറ്റത്തെ തെങ്ങു്
ഒറ്റാന്തടിയായി; അച്ഛനും.
മണ്ഡരിക്കാലത്തെ
ആ പക മുറിപ്പിച്ച പാടു്
ശാസനകളുടെ കടക്കുറ്റിയായി
ഇപ്പോഴുമുണ്ടു്
മുറ്റത്തു്,
അലങ്കാര പെയിന്റടിച്ചു്
വിന്റേജ് ലുക്കിൽ.
ഇന്നലെ
വീട്ടിലെത്തിയപ്പോൾ
മകന്റെ മൂട്ടിലൊരു
നീറ്റം.
കിംഗും ത്രോണും കളിച്ചു്
അതിലിരുന്നു്
നിരങ്ങിയതിന്നൂറ്റം.
എത്ര നോക്കിയിട്ടും
തടവിയിട്ടും
തെളിയുന്നില്ല,
തടയുന്നില്ല
ആരു്!
1
തിരിഞ്ഞും മറിഞ്ഞും വെന്തോരു രാത്രി
പുലർച്ചെപ്പരത്തി
മൊരിഞ്ഞ ദോശക്കൊതിമണം
കനൽകരിഞ്ചട്ടിയിൽ.
2
വീട്ടിലെയൂണെന്നു് വായിച്ചറിഞ്ഞ
രുചിപ്പാടിലൊപ്പി വിശപ്പു് നട്ടുച്ചകൾ.
3
ഉദരനിമിത്തം കെട്ടിയാടും പകലിനെ
ഒടുക്കമൊറ്റിക്കിടത്തി മയക്കുമത്താഴം
4
അരോചകം
ചമത്ക്കാര ഭാഷകൾ
രുചികൾ തിന്നു്
വിസർജിച്ചു
നേരും നേരവും
ചാവക്കാടിനും
പൊന്നാനിക്കുമിടയിൽ
ഒരു യാത്രയുടെ വേവിൽ
ജുമുഅ നമസ്കാര സമയത്തു്
വിജനമായ റോഡിൽ
വഴിയറിയാതെയുഴലുന്ന
ഒരു ശബ്ദത്തെ കണ്ടുമുട്ടി.
ആക്ഷേപമോ
അപേക്ഷയോ
വ്യാക്ഷേപകമോ
‘തിട്ടമതാർക്കറിയാം’ മട്ടിൽ
അസ്സൽ
പരിഭ്രമമുഖം
കൂടെക്കൂട്ടി;
ഉമർഖാസിയും
മക്തി തങ്ങളും
നടന്ന
ഭാഷാസമരവഴികളിലൂടെ…
അയ്യോ! ബസ്സു വന്നു പോയ്
അയ്യോ! പോവല്ലേ പോവല്ലേ… ദേവി
അയ്യോ! ഓർക്കുക വല്ലപ്പോഴും
അയ്യോ! മാതുലാ പൊറുത്താലും
മുറിച്ചുകടക്കാൻ
നാൽവരികൾ,
വഴിക്കവിതകൾ
ബസ്സിറങ്ങി
വീഴാൻ പോയ
ടീച്ചറെ നോക്കി
പണ്ടേതോ
കിളി പറഞ്ഞ മൊഴിയിൽ
പര പര പരമ പാഹിമാം പരതുന്നു
നെറ്റിയിൽ കൈത്തലം നിഴലാക്കി
അയ്യോ! വെയിൽ.
നാട്ടു പേരിലുണ്ടെങ്കിലും
നേരിലില്ലാത്ത ടീച്ചറെത്തേടി
ഒരു ഉളുപ്പുമില്ലാതെയെത്തുന്നു
അയ്യോ!
എരി ചിന്നി
കണ്ണിലിരുട്ടിടങ്ങേറാക്കുമ്പോൾ
ദുരൂഹമായ നസ്യം തെറിയിൽ പറഞ്ഞു്
തിരൂർക്കുള്ള ബസ്സ് കേറുന്നു
അയ്യോ! നിഴൽ.
[1] അയ്യോട്ടിച്ചിറ-മലപ്പുറം ജില്ലയിൽ വെളിയംകോടു് അടുത്തുള്ള ബസ് സ്റ്റോപ്പ്. ബസ്സിറങ്ങുമ്പോൾ വീഴാൻ പോയ ടീച്ചറെ നോക്കി ബസ്സിലെ ക്ലീനർ അയ്യോ ടീച്ചറേ എന്നു് ഉച്ചത്തിൽ. ബസ് സ്റ്റോപ്പിനു് അയ്യോട്ടിച്ചിറ എന്നു് പേരു വന്നതെന്നു് പ്രചാരത്തിലുള്ള പുതുകാല സ്ഥലനാമ യുക്തികൾ! വൈലോപ്പിളി, ചങ്ങമ്പുഴ, പി ഭാസ്കരൻ, സച്ചിദാനന്ദൻ എന്നിവരുടെ വരികൾ അയ്യോ! എന്ന വ്യാക്ഷേപകത്തോടു് ഘടിപ്പിച്ച അക്ഷന്തവ്യമായ അപരാധം പൊറുക്കുക.
ചെറ്റെങ്കിലുമുണ്ടോ
ഒറ്റ തടുക്കിലിരുന്നു്
ചർക്ക തിരിച്ചൊരു
നേരിന്നൂറ്റം
നൂറ്റവിചാരം?
ഉറ്റവരെല്ലാം
ധർമ്മപഥത്തിൽ
ഒറ്റ പ്രാർത്ഥന മാത്രം
തെളിയും
വട്ടക്കണ്ണട,
ഉണ്ടോ
കൂടെ കൂട്ടും
നീളൻ വഴിയിലെ
നേരിന്നൂന്നൽ?
സത്യാന്വേഷണ
വ്യഗ്രത നിത്യം
നോറ്റിയെടുത്തൊരു
നോട്ടപ്പൊരുളും?
മെറ്റയോടു് ഞാൻ ചോദിച്ചു
ഇറ്റു സംശയഭാവത്തിൽ
മെറ്റ-നരേറ്റീവ് കാലത്തു്
ഈയൊറ്റ കാര്യം സ്വകാര്യമായ്!
ജീവിതത്തിന്റെ സംഗ്രഹമെന്നപോൽ
ഈ വിധം
പകർന്നോരു
ശ്രദ്ധകൾ
പേരു്, ഫോട്ടോ,
വയസ്സു, റ്റബന്ധുത
പരിണമിച്ചൊറ്റി
കൃത്യനോട്ടപ്രകാരം
തിട്ടമെന്നു് തൊട്ടറിയില്ലയെങ്കിലും
അറ്റമില്ലാത്തൊ-
രുദ്വേഗവിഭ്രമം
ഉള്ളിലേറിക്കൊളുത്തും
താൾമണ-
പ്പുതുമയേറ്റി മിടിക്കും മുഖങ്ങളിൽ
നീർത്തിയിട്ട കാലത്തിരശ്ശീല
മെല്ലെയേന്തി
വെളിപ്പെട്ട
മാത്രകൾ,
ചടുലനൃത്തക്കലാശത്തളർച്ചകൾ,
സകല ഭേദവും വിസ്മൃതമാകു-
മഴൽവെളിച്ചത്തി-
ന്നരൂപപ്രകാരം…
നീറി നീറി പടരും ദിനങ്ങളിൽ
കനിവൊടച്ചടി-
ച്ചെത്തും തിടുക്കമേ…
ഉൾപ്പുറങ്ങളേ-
യമരുമോർമയിൽ
ഊതിയാറ്റിക്കനപ്പുമൊത്തട്ടെ ഞാൻ…!
തൃശൂർ ജില്ലയിലെ കാക്കശ്ശേരി ദേശത്തു് ജനിച്ചു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നു് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു് എം. ഫിൽ. ഇപ്പോൾ തൃക്കാവ്, പൊന്നാനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ മലയാളം അദ്ധ്യാപകൻ.