അയാളെപ്രതി വിചാരപ്പെട്ടു് കണ്ണടഞ്ഞു് പോയ
ചടപ്പിൽ നിന്നുണർപ്പോൾ
ഒരു നോക്കു കണ്ടൂ തല.
അന്ധാളിച്ച പാതിരാത്രിയിൽ
കരുവാളിച്ചു് നിൽക്കുന്നു
നെടുങ്കൻ ആലോചന.
മറുതല, ചെവിയറിയാതെ
ആലോചനയോടു് ചേർന്നു തല.
വികാരങ്ങളുടെ വാതിൽ
തുറന്നു തന്നെ കിടന്നു.
എന്തിനേറെ
വെള്ളത്തിൽ വരച്ച
വര പോലെയായി
തലവര
“നോട്ടത്തിന്റെ ബലിഷ്ഠ സൂചനയിൽ…
ഒരു ചിന്തയുമില്ലാതെ
ആലോചന പോയ വഴിയെ
തല കുനിച്ചു്…
ആലോചന പുണർന്നു്
നെറുകിൽ മുത്തമിട്ട ചൂടിൽ
കടന്നു കളഞ്ഞു്…
ആലോചന നീട്ടും കത്തിത്തിളക്കത്തിൽ
പിടഞ്ഞുലഞ്ഞു്…
തലതെറിച്ച നിദ്രാടനം! ”
തലയെക്കുറിച്ചു്
പിന്നീടൊരു വിവരവും
മെനയായി മെടഞ്ഞില്ല
തലമറന്നെണ്ണ തേച്ചു്
മയങ്ങിപ്പോയ രാത്രി
അസംഖ്യം പുലഭ്യങ്ങളിലേക്കു്
പുലർന്നു…
സ്വതന്ത്ര പരിഭാഷ
ഒരിയ്ക്കലും ഭേദപ്പെടില്ലെന്നു് വിധിയെഴുതിയ
അസുഖക്കിടക്കയിൽ ഞരങ്ങുന്ന
വേദനയുടെ ആന്തരിക മുറിവിൽ നിന്നു്
അറ്റു് പോയ ബാഹ്യജീവിതത്തെ
ആധിയോടെ വായിച്ചെടുക്കുന്ന
ഞാനെന്ന മൗനത്തിന്റെ ക്ലിഷ്ടതയെ
തർജമ ചെയ്തു്
പരിക്കേറ്റു് പോയവൾ.
ലിപി നഷ്ടപ്പെട്ട ഭാഷയിലെ
അവസാനത്തെ മിണ്ടൽ പോലെ
ചില വാക്കുകൾ തന്നു.
ഒരു നോക്കു് കാണാൻ ചെന്ന
ഇണ്ടൽ നേരം
അസ്പഷ്ടമായിട്ടും
വ്യവച്ഛേദിച്ചില്ല
ഉച്ചരിച്ചതിന്റെ പൊരുൾ.
സങ്കടം കൊണ്ടോ
സഹതാപം കൊണ്ടോ വീണ്ടെടുക്കാതിരുന്ന
ആ വാക്കിന്റെ
പകപ്പിൽ നിന്നു്
പകർന്നു് കിട്ടുന്നു
വിവർത്തനാതീതമായ ഉൾമുറിവുകൾ
ഭേദപ്പെടില്ലെന്നറിഞ്ഞിട്ടും
മൊഴിമാറ്റിത്തളരുന്നു
സ്വതന്ത്രമാകാതെ ആ വേദനകൾ!
ഏതു വാഹനത്തിലാണെന്നറിയില്ല
എത്തിയേടത്തിറങ്ങുന്നു.
ധൃതിപ്പെട്ട ഇരമ്പങ്ങളിലേക്കു്
മാറിക്കേറും വരെ
എരിവുള്ള ഒരു തെരുവിലായിരുന്നു ഇന്നലെ
പലതരം മുളകുകൾ നീറി നീറി
വിളിക്കുന്ന ചന്തകൾ
എരിവുള്ള ലഡു
ഉണ്ട, കാന്താരി, അങ്ങാടി പച്ചയിൽ
നീറ്റും പലേ നിറ ഹൽവകൾ
പലയളവു് ഡപ്പയിൽ മുളകരച്ച പായസം.
എന്നെങ്കിലുമൊരിക്കൽ
നാക്കു് കൊണ്ടു് സ്ട്രീം ചെയ്യും വ്ലോഗിൽ
ഉമിനീർ കൊഴുപ്പൊഴുകും കാഴ്ചകൾ
ഇന്നു്
എത്തിപ്പെട്ടതു്
പൊരി വെയിലിന്റെ കടലോരം
എണ്ണയിൽ, കനലിൽ, ചട്ടിയിൽ
പൊരിയും
പല മാതിരി അലച്ചിലുകളിലേക്കു്
അലച്ചെത്തും തിളച്ച തിരകൾ.
കാലു് പൊള്ളച്ചു്
പരുവപ്പെടും
പൊരിമണൽ ചുഴികൾ
ഓർമ്മയിൽ പൊരുന്നിരിയ്ക്കാനാവാത്ത
യാത്രയുടെ പൊരിച്ചിലുകൾ
വെന്ത കാലും
നീറുന്ന കണ്ണും
എരിപൊരി മനസ്സും
വെപ്രാളപ്പെട്ടെഴുതിയിട്ടും നിന്നിലേയ്ക്കെ-
ത്തുന്നില്ലല്ലോ ഈ സഞ്ചാരക്കുറിപ്പുകൾ!
അപ്പുറമിപ്പുറമെന്ന
ചൊല്ലിനൊറ്റക്കഴ മാത്രം
അങ്ങുമിങ്ങടുക്കുവാൻ
ഒറ്റത്തെങ്ങുടൽ മാത്രം.
കൈത, കമ്യൂണിസ്റ്റ് പച്ച
കൊടിത്തൂവ, കർളകം
ഇരുൾ വെയിൽച്ചിരിയാകും
കരിവള്ളിപ്പടർപ്പുകൾ
വെള്ളമെത്തിത്തുടിക്കുന്ന
എടവപ്പാതി, ആഴും
മിഥുനത്തിൽ നിറയോളം
കുതിക്കും ഓളം
പരൽ, നീർക്കോലി,
തവള, കടു, മഞ്ഞ-
ച്ചേര, കൊക്കു്, കുള-
ക്കോഴി, ആമ, പൊന്മ
കോളാമ്പി മഞ്ഞ പൂക്കും
പ്രാണചിത്രണ ദൃശ്യത
ഒലിയ്ക്കുന്ന ഒലിച്ചന്തം
ഓരമെത്തി വിതാനിച്ച
കർക്കടക്കൂറ്റു്, മണ്ണിൻ
തിണ്ടുറഞ്ഞു് നീർന്ന
നാടിൻ നേരു് നട്ടെല്ലു്.
*****
തോട്ടു വൈലിക്കര
ഗൂഗിൾ മാപ്പ് തൊട്ടപ്പോൾ
ഓർമ്മതൂർന്ന പുറംപൂച്ചിൽ
വെറും ചതുപ്പു്.
കണ്ണിലൂറിച്ചാലിട്ടു
ബലം ചോർന്ന കലപ്പക്കോലം
കുനുട്ടുകൾ
വല വിരിച്ച വഴിയിൽ
പങ്കപ്പാടിലാവുന്ന
ശുദ്ധഗതി
തെളിമയെല്ലാം
കലങ്ങിയുഴലുന്ന
പച്ച വെള്ളത്തിന്റെ അധോഗതി
വേഗകാമനകളിൽ
മുറിവേറ്റ
തഥാഗത പുഞ്ചിരി
ഒന്നുലഞ്ഞാൽ
വേരോടടിഞ്ഞു പോം
ദുർബലതയുടെ ഓമ.
കനിവും ഈർപ്പവും
തെഴുപ്പിച്ച ഓരഗതി
ഗത കാലത്തും
സമകാലത്തും
പാഴ്‌നിലഗതി
ചമയാനറിയാത്ത മനോഗതത്തിനു്
മരണമുഖത്തു്
ഒരൊറ്റ വാക്കാൽ
നാം പുതപ്പിച്ച ശുഭ്രത
ഇന്നും
ഗതികിട്ടാതലയുന്നു
ശുദ്ധഗതി.
വെയിൽ കനക്കുമ്പോൾ
വാടാതിരിക്കുവാൻ
വേരാഴമെത്തുന്ന
ശ്വാസവേഗങ്ങളെ
ധ്യാനിച്ചുണർത്തൂ…
കാർന്നു തിന്നാന-
ടുക്കുന്നൊരാർത്തികൾ
നീർ ഞരമ്പിനാൽ
ബലം വെച്ചൊടുക്കൂ
വേരു് നേരിനെ
പ്രാർത്ഥിച്ചെടുക്കൂ…
പൂക്കളെ കൺപാർത്തു്
പഴുത്തും കരിഞ്ഞും
അടരുന്നതൊക്കെ മറക്കൂ…
ഉള്ളിലേറ്റൂ ഗന്ധബോധവിശ്രാന്തി
ശാന്തിമന്ത്രം ഉരുവിട്ടിരിക്കൂ…
തളിരിലകൾ
തരളജീവിതകാന്തികൾ
വെറുതെ തുള്ളിച്ചു്
രസിച്ചാർത്തു വീശുന്നു
ജീവനകലയുടെ
മാന്ത്രികൻ കാറ്റു്!
തൃശൂർ ജില്ലയിലെ കാക്കശ്ശേരി ദേശത്തു് ജനിച്ചു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നു് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു് എം. ഫിൽ. ഇപ്പോൾ മലപ്പുറം ജില്ലയിലെ പാലപ്പെട്ടി ഗവ. സ്കൂളിൽ ഹയർസെക്കന്ററി മലയാളം അധ്യാപകൻ.