
ചുവന്ന രാത്രി
രാത്രിയുടെ കടലിൽ
മുങ്ങിപ്പോകുമെന്നുറപ്പുള്ള ഒരു ചുണ്ടു്,
ലോകത്തെയാകെ പാനം ചെയ്തു്
വിടർന്നു് പോയതു്.
വഴി തെറ്റി വന്ന ഒരു നാവികൻ
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന
ചുണ്ടു് കണ്ടു്
പേടിക്കുന്നു.
കപ്പലിന്റെ ദിശ എത്ര മാറ്റിയിട്ടും
ചുണ്ടിലേക്കു് നീളുന്നു.
കരയിൽ നിൽക്കുന്ന
അവസാനത്തെ സഞ്ചാരി
വെള്ളത്തിന്റെ ആത്മാവു്
ഉയർന്നു് മിടിക്കുന്നതിലേക്കു്
കണ്ണുകൾ കോർത്തു്
ഭൂഖണ്ഡങ്ങളിലേക്കു് യാത്ര ചെയ്യുന്നു.
ചന്ദ്രതാരാദികൾ ആകാശം വിട്ടു്
നിലാവു് വിട്ടു്
ഉറങ്ങും ജന്തുക്കളെ വിട്ടു്
അന്തരീക്ഷത്തിന്റെ സുഷിരങ്ങളിലൂടൂർന്നു്
ചുണ്ടിന്റെ മിനുത്ത തൊലിയിൽ
തിളങ്ങി നിന്നു.
ഒരു കടൽ മുഴുക്കെ ഭൂമി, ആകാശം
എല്ലാം ചേരുന്ന ഒരൊറ്റ അവയവം

വീടിനെ ചുറ്റിപ്പോകുന്ന
ഒരു തോടുണ്ടു്.
മഴക്കാലങ്ങളിൽ വെള്ളമൊഴുക്കി
വേനൽക്കാലങ്ങളിൽ ഉള്ളു് കാട്ടിക്കിടക്കും.
തൊട്ടടുത്ത വീട്ടിൽ നിന്നു്
സദാ കേൾക്കാറുള്ള
പാത്രം വീഴ്ച്ച, കുട്ടികളുടെ ചിണുങ്ങൽ,
ചിരികൾ, വാക്കേറ്റങ്ങൾ
എല്ലാം മഴക്കാലത്തു് അടഞ്ഞു് പോവും.
എല്ലാറ്റിനും മീതെ വെള്ളത്തിന്റെ ഒച്ച.
നനഞ്ഞ ഒച്ച.
ചിലപ്പോൾ തോന്നും
ഞങ്ങളെല്ലാം വെള്ളത്തിനകത്താണെന്നു്.
മുറ്റത്തെ ഒറ്റമരത്തിൽ
ചിറകു് കൂമ്പിയിരിക്കുന്ന പക്ഷിയ്ക്കു്
ഞങ്ങളെല്ലാം
ജലജീവികളാണെന്നു്.
ഒറ്റക്കൊത്തിനു്
അതിന്റെ വായ്ക്കകത്താവും
ഇനിയുള്ള പാർപ്പെന്നു്.
വഴുത്ത ശരീരം തുടച്ചു്
അമ്മ ഞങ്ങളെ ഒരുക്കാറുള്ളതു്
സ്വപ്നത്തിലല്ല.
പുറത്തു് നിന്നു് നോക്കുമ്പോൾ
ഞാൻ ഒരു മീൻ
അമ്മ അച്ഛൻ അനിയത്തി
എല്ലാവരും ഒരു പറ്റം.
തോടു ചുറ്റി വീടു് ചുറ്റി
രാത്രിയും പകലുമുണ്ടാവുന്നു.
ആവാസമുണ്ടാവുന്നു.
മഴക്കാലം തീർന്നു് പോവുമ്പോൾ
മാത്രം ഞങ്ങൾ
മറ്റെന്തോ ജീവികളായി
നനഞ്ഞ ഓർമ്മയുടെ
വക്കിലേക്കു്
പിന്നെയും ജനിയ്ക്കുന്നു.

ചെടികൾക്കു്, പക്ഷികൾക്കു്, മൃഗങ്ങൾക്കു്
ചുവരുകൾക്കു്, വഴികൾക്കു്, വേരിനു്,
മുറികൾക്കു്, ഇരുട്ടിനു് മണമുണ്ടവയുടെ
പേരിന്റെ ആകൃതിയിൽ
ഉച്ചരിക്കുന്ന
ഓരോ തവണയും
ഉച്ചത്തിൽ കേൾക്കാവുന്ന
മണം
വെയിലിന്റെ മണം കൊണ്ടു്
മരങ്ങൾ വരയ്ക്കാറുണ്ടു്
ചിത്രങ്ങൾ
വെള്ളത്തിന്റെ മണം കൊണ്ടു്
മീനുകളുമ്മവയ്ക്കാറുണ്ടു്.
തീ മണം കൊണ്ടു്
കാറ്റു് മരങ്ങളിലകളുണക്കാറുണ്ടു്.
പൂ മണം കൊണ്ടു്
പക്ഷികൾ അടവിരിയിക്കാറുണ്ടു്.
ഇരുട്ടിൻ മണം കൊണ്ടു്
നിലാവു് നൃത്തം ചെയ്യാറുണ്ടു്.
വഴികളുടെ മണത്താൽ
മൃഗങ്ങൾ മെരുങ്ങാറുണ്ടു്.
മലയുടെ മണം കൊണ്ടു്
ആകാശം മേഘങ്ങളെ
ഉടുപ്പിക്കാറുണ്ടു്.
പറയൂ,
എന്റെ മണം കൊണ്ടു്
നീയെന്തു് ചെയ്യും?

ഒന്നു്.
കോണിപ്പടികളിറങ്ങുമ്പോൾ
അയാൾക്കു് വിറയലനുഭവപ്പെട്ടു.
കാറ്റു് തട്ടിയ മരം പോലെ
ഉലയുമെന്നു് പേടിച്ചു്
കൈവരിയിലമർത്തിപ്പിടിച്ചു.
അയാൾ മുറിയിലടച്ചിട്ട
പട്ടിയുടെ കുര
കൈപ്പിടിയിൽ നൃത്തം ചെയ്യുന്നതായും
അയാൾ മരിക്കാൻ വെമ്പുന്നതായും ഉള്ള
ഒരു വീഡിയോ
സെക്യൂരിറ്റി മുറിയിലെ കമ്പ്യൂട്ടറിൽ മിന്നി.
അണ്ടർ ഗ്രൗണ്ടിലെ പാർക്കിംഗ് ഏരിയയിൽ
മൂന്നു് മരണങ്ങൾ മണത്തു്
ഒരു നായ അനങ്ങാതെ കിടന്നു.
രണ്ടു്.
ഇരുട്ടിനെ മാടി നടക്കുമ്പോൾ
പിന്നിൽ നിന്നൊരു കാലൊച്ച.
തിരിഞ്ഞു നോക്കി.
കെട്ടിടങ്ങളുടെ നിഴലുകൾ
തമ്മിൽ തൊടുന്നതല്ലാതൊന്നും
കണ്ടില്ല.
നടത്തത്തിന്റെ വേഗത കൂട്ടി.
പിന്നാലെയുള്ളൊച്ചയും വേഗം കൂട്ടി.
ഇടയ്ക്കൊന്നു നിന്നു
കൂടെ ഒച്ചയും നിന്നു
പെട്ടന്നു് കണ്ട ഒരു മതിലിനു് പിന്നിലേക്കോടി
ഒളിഞ്ഞു നോക്കി.
കാൽപ്പാദങ്ങളില്ലാത്ത ഒരു ശബ്ദം
റോഡ് മുറിച്ചു് പോകുന്നു
എന്റെ വലിപ്പമുണ്ടതിനു്.

കശാപ്പു് ചെയ്യലും
പാകം ചെയ്തു് തിന്നലും
അത്ര എളുപ്പമല്ലെങ്കിലും
നാട്ടിലൊരു കോഴിക്കുഞ്ഞിനെയും
കിട്ടാനില്ലാത്തപ്പോൾ
ഇറച്ചിക്കൊതി മൂത്ത ഒരാളെന്ന നിലയിൽ
മറ്റു് മാർഗ്ഗങ്ങളൊന്നും തോന്നിയില്ല.
ആടു്, പശു, മുയൽ, പന്നി
അങ്ങനെയൊന്നിനേയും
വീട്ടിൽ വളർത്തുന്നുമില്ല.
കോഴിക്കൂടു് തുറന്നയുടൻ
പുറത്തു് ചാടാൻ നിൽക്കുന്ന
ഒരിളയ കോഴിയെ ഞെക്കിപ്പിടിച്ചെടുത്തു.
എന്തിനാ ചങ്ങായീ
ഇമ്മാതിരി ഇറുക്കിപ്പിടിക്കുന്നേ
എന്ന വല്ലാത്ത നോട്ടം കൊണ്ടു് കോഴി
കൈക്കിടയിൽ ഒന്നു് ഇളകിയിരുന്നു
കോഴി അതിന്റെ സഹ കോഴികൾ
കൊക്കിപ്പാറി ഓടുന്നതു്
തലയിളക്കി നോക്കി.
പ്രിയപ്പെട്ട കോഴീ!
എന്നു് കൊഞ്ചിച്ചതിനെയൊന്നു്
പാട്ടിലാക്കാൻ നോക്കുമ്പോൾ
അത്ര പ്രിയപ്പെട്ടതാണെങ്കിലിങ്ങനെ
മേശക്കാലിൽ കെട്ടിയിടാതെ
തൊറന്നു് വിട്ടൂടേ എന്നു്
കോഴിയൊന്നു് ചെറഞ്ഞു.
കോഴിയുടെ വിശപ്പിലേക്കു്
വറ്റും വെള്ളവും കൊടുത്തു്
അറക്കേണ്ട കത്തി മൂർച്ച കൂട്ടി.
കൂട്ടിലെ ഒറ്റ പൂവനാണു്
രാവിലെ വീടിനെ ഉണർത്തുന്നോനാണു്.
കൂട്ടിലെ നാലു് പിടകളുടെയെന്ന പോലെ
അയലോക്കത്തെ മൂന്നെണ്ണത്തിന്റെ കൂടി
പ്രേമഭാജനമാണു്.
ഇവനെ വിട്ടാലെന്റെ ഇറച്ചിക്കൊതി
വയറിൽ കിടന്നു് കൂവുമല്ലോ.
അതു് ഉറങ്ങാനോ ഉടുക്കാനോ സമ്മതിക്കാതെ
ആളെ മക്കാറാക്കുമല്ലോ.
ഉള്ളി അരിഞ്ഞു,
ഇഞ്ചി, പച്ചമുളകു്, വെളുത്തുള്ളി എന്നിങ്ങനെ
കറിക്കു് സാമാനങ്ങൾ നിരത്തുമ്പോൾ
പൂവനൊരു കൂക്കു്.
വയറ്റീന്നതിനൊരു മറുകൂവൽ.
അവരങ്ങനെ അങ്ങോട്ടുമിങ്ങോട്ടും
കൂവി കൂവി
ചങ്ങാതികളായി.
ഒരിമിച്ചിരുന്നു് വിശേഷം പറഞ്ഞു്
ചിരിച്ചും കളിച്ചും
വേർതിരിച്ചറിയാനാവാത്ത വിധം
ഒറ്റക്കൂവലായി.
എത്ര ശ്രമിച്ചിട്ടും എന്റെ കൊതിയേതെന്നും
അതിന്റെ കൂവലേതെന്നും
തിരിച്ചറിയാനാവാതെ വലഞ്ഞു.
അന്നേ പിന്നെ
ഇറച്ചി തിന്നാത്ത ഞാൻ,
ഉണ്ടെന്നടയാളം വെക്കാൻ പോലുമില്ലാത്ത
എന്റെ കൂവൽ
തിരിച്ചെടുക്കാൻ പണിപ്പെടുകയാണു്.

കുറേയധികം പേരുകൾ
പലരും നിർദ്ദേശിച്ചു.
ദസ്തേവ്സ്കി എന്നു്
ഞാൻ തന്നെയാണു്
ഹോസ്റ്റൽ മുറിക്കു് പേരിട്ടതു്.
ആ പേരുമായി യോജിക്കാനാവാത്ത
അയൽമുറിക്കാർ
അന്നു് മുതൽ മെസ്സിലേക്കു് പോകുമ്പോൾ
ഞങ്ങളുടെ വാതിലിൽ
പതിവായി മുട്ടാറുള്ള
ഒരു മുട്ടു് മറന്നതായി ഭാവിച്ചു.
ഞങ്ങളുടെ മുറിയിൽ
ഞാനല്ലാത്ത രണ്ടു പേർ
കിടക്ക കുടഞ്ഞു് വിരിക്കുന്നതിനിടയിൽ
ഒരു പേരിലെന്തിരിക്കുന്നു എന്നു്
പരസ്പരം ചിറി കോട്ടി.
അവർ സാധാരണ പോലെ ഉറങ്ങി;
ഉറക്കത്തിലെണീറ്റിരുന്നു് തലമാന്തി
തിരിഞ്ഞു് കിടന്നു.
രാവിലെ എണീറ്റു് ബാത്ത്റൂമിനു മുന്നിൽ
ബക്കറ്റിനെ ക്യൂവിൽ നിർത്തി
കുളിച്ചു്, കക്കൂസിൽ പോയി
ബ്രേക്ക്ഫാസ്റ്റ് കഴിച്ചു്
ഇസ്തിരിയിട്ട ചുരിദാറിട്ടു് കോളേജിൽ പോയി.
ഞാൻ മുറിക്കു് പേരിട്ട രാത്രി മുതൽ
റഷ്യയിലോ മോസ്കോയിലോ
ചൂതാടിത്തോറ്റു്
വെളുത്ത രാത്രിയുടെ ശരീരത്തിലോ
എഴുതാൻ വെമ്പുന്ന ഒരു വാക്കിന്റെ വക്കിലോ
കിടന്നുറങ്ങി.
കുളിപ്പു് കഴിപ്പു് എന്നിങ്ങനെയൊന്നും
ഓർമ്മയിൽ കൂടി വന്നില്ല.
വൈകുന്നേരം കോളേജ്
കഴിഞ്ഞെത്തിയ സഹമുറിച്ചികൾ
മുറിയുടെ മൂലയിലിരുന്നു്
“To live without hope is cease to live”
എന്നെഴുതിയതിനു് ചോട്ടിൽ
ഞാനിരുന്നു് തണുത്തതു്
കാണുന്നുണ്ടായിരുന്നില്ല.
ഇനിയൊരിക്കലും കാണാനുമിടയില്ല.
വർഷങ്ങൾ കഴിഞ്ഞു്
ഹോസ്റ്റലിന്റെ വരാന്തയിലോ
പ്രാര്‍ത്ഥനാ മുറിയിലോ
സംഘടിപ്പിച്ചേക്കാവുന്ന
ഒരു ഗെറ്റ് ടുഗതർ വൈകുന്നേരം
എന്നെ മറന്നു് പോയതിന്റെ പേരിൽ
അവർ പരസ്പരം കെട്ടിപ്പിടിച്ചു്
നിയന്ത്രണം വിട്ടു് കരയും.
“ടു ലിവ് വിത്തൗട്ട് ഹോപ്പ് ഈസ്
സീസ് ടു ലിവ്” എന്നവരെ
അന്നും ഞാൻ തന്നെ
ഓർമ്മിപ്പിക്കേണ്ടി വരും.

മലപ്പുറം സ്വദേശി, പോളിഗ്രാഫ് (ഹരിതം ബുക്ക്സ്, കാലിക്കറ്റ്), എങ്ങനെ മായ്ച്ചു കളയും ഒരാൾ വന്നു് പോയതിന്റെ അടയാളങ്ങൾ (പാപ്പാത്തി പുസ്തകങ്ങൾ) എന്നിവ കവിതാ സമാഹാരങ്ങൾ. ഇപ്പോൾ അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ അധ്യാപികയായി ജോലി ചെയ്യുന്നു.
ചിത്രങ്ങൾ: വി. മോഹനൻ