മഹാനായ എഴുത്തുകാരൻ നീന്തിത്തുടിച്ച ബാല്യകാലത്തിന്റെ കുളിർമയാണു് എംടിയുടെ കുമരനെല്ലൂരിലെ കുളങ്ങൾ എന്ന ഡോക്യുഫിക്ഷനിലൂടെ എം. എ. റഹ്മാൻ അവതരിപ്പിക്കുന്നതു്. മരുപ്പറമ്പായി മാറിയ ആ ജലശയ്യയുടെ വിലാപഗീതം ഈ തിരക്കഥയിൽ വായിക്കാം. എംടി എന്ന എഴുത്തുകാരനിലെ പാരിസ്ഥിതിക കർത്തൃത്വം അന്വേഷിക്കുകയാണു് ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ഈ ഡോക്യുമെന്ററി. ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നീ ഡോക്യുമെന്ററികളുടെ തുടർച്ചയാണിതു്. ചരിത്രം പുനരുൽപ്പാദിപ്പിക്കുന്ന അതതുകാലത്തിന്റെ നിലനിൽപ്പു നേരിടുന്ന നൈതിക പ്രശ്നങ്ങളെയാണു് ഈ മൂന്നു് എഴുത്തുകാരും എഴുത്തിനുമപ്പുറത്തേക്കു് ആവാഹിച്ചതു്. അത്തരത്തിൽ ഒരു ചരിത്രനൈരന്തര്യം ഈ ഡോക്യുമെന്ററി ത്രയ (trilogy)ത്തിനുണ്ടു്. ബഷീറിന്റേതു ദേശീയസമരത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും സംഘർഷഭൂമികയായിരുന്നെങ്കിൽ കോവിലന്നതു് പാർശ്വവൽകൃതന്റെ അസ്തിത്വ നിർവഹണത്തിനാവശ്യമായ മനുഷ്യപ്പറ്റിന്റെയും വിശപ്പിന്റെയും അഭിലാഷ പൂർത്തീകരണത്തിനു വേണ്ടിയുള്ള നിത്യസമരമായിരുന്നു. എംടിയുടേതു് തന്നെ പെറ്റിട്ട നിളാനദിയുടെ പൊക്കിൾക്കൊടി നാം തന്നെ വെട്ടിമുറിക്കുമ്പോൾ പ്രതിരോധിക്കാനാവാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരുന്ന മധ്യവർഗ്ഗ ജനതയുടെതന്നെ പ്രതിനിധാനമാണു്. എംടി എഴുതിയ ‘Requiem for a River’ പലപ്പോഴായി പ്രസിദ്ധീകരിച്ച നിളയെപ്പറ്റിയുള്ള ചെറുകുറിപ്പുകൾ, മണലെടുപ്പിനെപ്പറ്റിയുള്ള പ്രസംഗശകലങ്ങൾ, നേരിട്ടുള്ള സംഭാഷണത്തിൽനിന്നു ശേഖരിച്ച ഭാഷണങ്ങൾ, ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ആത്മകഥാഭാഗം എന്നിവയാണു് ഈ ഡോക്യുമെന്ററിക്കാധാരം. മരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നദികൾക്കുവേണ്ടിയുള്ള ഒരു ഇക്കോ ഓട്ടോ ബയോഗ്രഫി കൂടിയാണിതു്. അതിന്റെ ആവിഷ്ക്കാരത്തിൽ ഇടശ്ശേരിയുടെ ‘കുറ്റിപ്പുറംപാലം’ എന്ന പ്രശസ്തമായ വരികൾ പശ്ചാത്തലത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച എംടിയുടെ ‘കുമരനെല്ലൂരിലെ കുളങ്ങൾ’ എന്ന ആത്മകഥാഭാഗം അവലംബിച്ചു്.
നിർമ്മാണം, ബാനർ: സാരംഗ് ക്രിയേഷൻസ്
നിർമ്മാതാക്കൾ: ശങ്കർ മാധവൻ, അനുരൂപ് ശ്രീനിവാസ്
തിരക്കഥ, സംവിധാനം: എം. എ. റഹ്മാൻ
ക്യാമറ: കെ. ജി. ജയൻ
ശബ്ദമിശ്രണം: കൃഷ്ണനുണ്ണി
ചിത്രസന്നിവേശം: ഷിബീഷ് കെ. ചന്ദ്രൻ
സംഗീതം, കാവ്യാലാപനം: ഡോ. എസ്. പി. രമേശ്
അസോഷ്യേറ്റ് ഡയറക്ഷൻ: രാജേഷ് അയീക്കോടൻ
അംഗീകാരങ്ങൾ: 1. ഇന്ത്യൻ പനോരമ-ഗോവ എൻട്രി-2005
2. ജീവൻ ടിവി അവാർഡ് 2005 മികച്ച ക്യാമറ മികച്ച സംഗീതം മികച്ച സംവിധാനം
3. സൈൻസ് ഡോക്യുമെന്ററി ഫെസ്റ്റിവൽ എൻട്രി-2006
‘ഈ ഡോക്യുമെന്ററിയിൽ അഭിനയിച്ചവരാരും നടീനടന്മാരല്ല. പട്ടാമ്പിയിലും കൂടല്ലൂരിലും പരിസരത്തുമുള്ള ഗ്രാമങ്ങളിൽനിന്നും നിളാനദിക്കരയിൽനിന്നുമായി കഥാപാത്രങ്ങൾക്കനുയോജ്യരായവരെ കണ്ടെത്തുകയായിരുന്നു. എംടിയുടെ കുട്ടിക്കാലത്തെ കഥാപാത്രത്തെ (വാസു) അവതരിപ്പിച്ചതു് പട്ടാമ്പിക്കാരനായ അജീഷ് എന്ന കുട്ടിയാണു്. ബാക്കി എല്ലാ കഥാപാത്രങ്ങളും മുൻപൊരിക്കാലും ക്യാമറയ്ക്കു മുൻപിൽ മുഖം കാണിച്ചവരല്ല.’
സമർപ്പണം: ഇടശ്ശേരിക്കു്
എംടിയുടെ കുമരനെല്ലൂരിലെ കുളങ്ങൾ
Ponds of Kumaranellur—An eco-autobiography of a river
കറുപ്പിൽ തെളിയുന്ന അക്ഷരങ്ങൾ:
‘അറിയാത്ത മഹാസമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണു്.’
എംടിയുടെ കയ്യൊപ്പു്
നിളാമണൽപ്പുറത്തിരുന്നു് എംടി സംസാരിക്കുന്നു. ഓരോ സംസാരഖണ്ഡങ്ങൾക്കുശേഷം അതിലെ അവസാനവാക്യം ടൈപ്പ് ചെയ്തു് അക്ഷരങ്ങളായി മിന്നിമറയുന്നു.
- എംടി:
- ‘ഇപ്പോ നമ്മളിരിക്കുന്നതു് ഭാരതപ്പുഴയിലാണു്. ഇപ്പോ എനിക്കു ചുറ്റും നോക്കിയാൽ കാണുന്നതു് കാടുകളും ഇത്തിരി സ്ഥലത്തു് മണലും. വെള്ളം വളരെ അപൂർവ്വമാണു്. ഈ സ്ഥലം, ഇതിനു കുട്ടക്കടവു് എന്നാ പറയുന്നതു്. ഇതിന്റെ കുറച്ചപ്രത്താണു് കുന്തിപ്പുഴ വന്നിട്ടു് ഭാരതപ്പുഴയിൽ ചേരുന്നതു്. അമരം പരമേശ്വരി എന്ന ഗ്രന്ഥത്തിൽ കൂട്ടക്കടവു് എന്ന വാക്കിനു് ഉദാഹരണമായിട്ടു് ഈ സ്ഥലാ പറയുന്നതു്. ഇതു് ഒരു വലിയ റഫറൻസ് പുസ്തകമാണു്.’
- എംടി:
- ‘ഈ പുഴ നിറഞ്ഞൊഴുകുന്നതു് ഞാൻ ധാരാളം കണ്ടിട്ടുണ്ടു്. രണ്ടു വെള്ളപ്പൊക്കമെങ്കിലും ഞാൻ വളരെ വ്യക്തമായിട്ടു് ഓർക്കുന്നു. നല്ല വെള്ളാകുമ്പോൾ മീൻപിടിക്കുന്ന ആളുകൾ തീരത്തുനിന്നു നോക്കിക്കൊണ്ടു പറയും. ഒരലകണ്ടു് കഴിഞ്ഞാൽപറയും വാളയാണു വരുന്നതു്. അതിന്റെ ഭാഷ അവർക്കറിയാം. അടിവെള്ളം ഇല്ലാത്തതുകൊണ്ടു് ഈ സാൻഡ്ബെൽറ്റൊക്കെ പോയതുകൊണ്ടാണല്ലോ ഈ കണ്ട കാടുകളൊക്കെ ഇങ്ങനെ വളർന്നതു്. അപ്പോ അതിന്റെ തീരപ്രദേശത്തുള്ള കിണറ്റിലൊക്കെയും വെള്ളത്തിനു വല്ലാത്ത ക്ഷാമം, ഇപ്പം. ആകാശം ഭൂമിയൊക്കെയും വിൽക്കാൻ ഞാനാരു് എന്നു് സിയാറ്റിൽ ചോദിച്ചതിന്റെ അവസ്ഥയിൽ. ഇവിടെയും ഈ മണലൊക്കെ എടുത്തു് പണ്ടും ആളുകൾ വീടുപണിയ്ക്കൊക്കെ ഉപയോഗിച്ചിരുന്നു. പക്ഷേ, ഈ മണൽ വ്യാപകമായിട്ടു്, വൻകിട വ്യാപാരമായിട്ടു് തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കും പോകാൻ തുടങ്ങിയതു മുതൽക്കാണു് ഈ വിപത്തു വന്നതു്. വാട്ടർ ഹാർവെസ്റ്റിങ്ങ്. നമ്മുടെ ജലസംഭരണത്തിന്റെ മാർഗങ്ങളായിരുന്നു നമ്മുടെ വലിയ കുളങ്ങളൊക്കെ. ഒരുപാടു പറഞ്ഞു. ഒരുപാടു് എഴുതി. കുറെ പ്രസംഗിച്ചു. അതുകൊണ്ടൊന്നും കാര്യമില്ല. ഇപ്പഴു് നമ്മുടെ അടുത്ത തലമുറ അദ്ഭുതപ്പെടുന്നുണ്ടാകും പുഴയ്ക്കു് ഇങ്ങനെയൊരു ഭൂതകാലം ഉണ്ടായിരുന്നെന്നു്. കുടിവെള്ളമായിരിക്കും ഏറ്റവും വലിയ പ്രശ്നം ഇനിയുള്ള കാലത്തു്.’
ദൃശ്യങ്ങൾ ആരംഭിക്കുന്നു.
കരിയിലകൾ മൂടിയ വഴി.
അതൊരു ടാറിട്ട റോഡാണു്. എംടിയുടെ ആത്മഭാഷണം.
- എംടി:
- ഈ റോഡ് പണ്ടു് ചെമ്മൺപാതയായിരുന്നു. ഇതുവഴി കയറിയാൽ താന്നിക്കുന്നിലെത്താം. താന്നിക്കുന്നിന്റെ മുകളിലേക്കുള്ള പടവുകൾ. കുന്നിനു മുകളിലെ പുല്ലുമൂടിയ വിശാലമായ ഇടം. ഒരാൾ വിദൂരതയിൽ സൈക്കിളിൽ അതുമുറിച്ചു കടക്കുകയാണു്.
- എംടി:
- ഇവിടെ നിന്നാൽ പണ്ടു് നിള വളഞ്ഞൊഴുകുന്നതു കാണാമായിരുന്നു. മരങ്ങൾക്കിടയിലൂടെ കാണുന്ന പുഴയുടെ അവ്യക്തമായ ഒരു കഷ്ണം.
കരുണൂർ പാലത്തിനു മുകളിലൂടെ തീവണ്ടി പോകുന്നു. താഴെ ചുട്ടുവരണ്ട മണൽപ്പുറം.
- എംടി:
- കരുണൂർ പാലത്തിന്നടിയിൽ ഇപ്പോൾ ഒരു തുള്ളി വെള്ളമില്ല.
കുന്നിൽനിന്നു താഴേക്കിറങ്ങുന്ന നടക്കല്ലുകൾ.
- എംടി:
- താഴെയാണു തറവാടു്. അവിടെ ഓപ്പു മാത്രമേയുള്ളൂ.
എംടി റോഡിലിറങ്ങി ചെമ്മൺപാതയിലൂടെ തറവാട്ടിലേക്കു നടക്കുന്നു. എംടിയെ കണ്ടിട്ടാവണം തറവാട്ടിൽനിന്നു നടക്കല്ലുകളിറങ്ങി താടിവച്ച ഒരാൾ വരുന്നു.
എംടി അയാളോടൊപ്പം നടക്കല്ലുകൾ കയറുന്നു. തറവാട്ടിന്നകത്തേക്കു്. അവിടെ തൂക്കിയിട്ട അമ്മയുടെ ഫോട്ടോ നോക്കി.
- എംടി:
- അമ്മ
അകത്തേക്കു പോകുന്നു.
എംടിയും ഓപ്പുവും പരസ്പരം നോക്കിയിരിക്കുന്നു. നിശ്ശബ്ദമായ നിമിഷങ്ങൾ.
എംടി, ഓപ്പു, മറ്റു കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു സംസാരിക്കുന്നു.
ഓപ്പു നടക്കല്ലുകൾ വരെ വന്നു എംടിയെ യാത്രയാക്കുന്നു. എംടി നടക്കല്ലിറങ്ങുന്നു.
എംടി പുഴയുടെ തിണ്ടിൽ. മുൻപിൽ ഒരു തുടം വെള്ളം മാത്രം. ബാക്കി മണൽപ്പരപ്പു്.
- എംടി:
- ഒരു വെള്ളപ്പൊക്കക്കാലത്തു് വീട്ടുപടിക്കൽവരെ വെള്ളം വന്നു. നാലഞ്ചു ദിവസം ഞങ്ങൾ പടിക്കൽ നിന്നാണു കുളിച്ചതു്. ഇപ്പോൾ പുഴയിൽ ഒരുതുടം വെള്ളം മാത്രമേയുള്ളൂ.
എംടി കാറിൽ സഞ്ചരിക്കുന്നു.
- എംടി:
- കാലാവസ്ഥയ്ക്കനുസരിച്ചു് ചിരിച്ചും പുളച്ചും അലറിവിളിച്ചും ഒഴുകുന്ന ഭാരതപ്പുഴ കാണാനാണു മുൻപു വന്നിരുന്നതു്.

പുഴക്കരയിലൂടെ റോഡിനു മുകളിലൂടെ പുഴയിൽനിന്നു വെള്ളമെടുക്കാൻ ഉയർത്തി സ്ഥാപിച്ച പൈപ്പ്. അതിന്നടിയിലൂടെ കാർ വരുന്നു. അതു നിൽക്കുന്നു എംടി ഇറങ്ങുന്നു.
- എംടി:
- കൊടുംവേനലിൽ റോഡിനു മുകളിലൂടെ പൈപ്പു വലിച്ചു് പുഴയിൽ നിന്നു ഞങ്ങൾ കൂടല്ലൂർക്കാർ വെള്ളമെടുക്കും. ഇന്നിപ്പോൾ പുഴതന്നെ നമ്മൾ വിറ്റു. വെള്ളം കക്കാൻ വിദേശികളും വന്നു.
എംടി മരച്ചുവട്ടിൽ നിന്നു പുഴയെ നോക്കുന്നു. അല്പം ജലം മാത്രമായുള്ള പുഴയുടെ വിദൂരദൃശ്യം.
കാർ ഒരു ഗേറ്റിലൂടെ കയറിവന്നു് ഒരു വീടിന്റെ മുൻപിൽ നിൽക്കുന്നു.
- എംടി:
- ഭാരതപ്പുഴയോടു തൊട്ടു് ഒരു കഷണം സ്ഥലം വാങ്ങി ചെറിയൊരു കോട്ടേജുണ്ടാക്കിയതു് പത്തൊൻപതു വർഷം മുൻപാണു്. പുഴ കണ്ടുകൊണ്ടിരിക്കാൻ. എന്റെ ഇത്തിരി സ്ഥലത്തിനും പുഴയ്ക്കുമിടയിൽ റോഡ് മാത്രമേയുള്ളൂ. പുറന്തിണ്ണയിലിരുന്നാലും തോട്ടത്തിൽ നിന്നാലും പുഴ കാണാം.
എംടി വരാന്തയിലൂടെ ഉലാത്തുന്നു. ഇടയ്ക്കു പുറത്തേക്കു നോക്കുന്നു. പുഴയിലെ പുല്ലു വളർന്ന പാഴ്ഭൂമി കാണുന്നു.
- എംടി:
- ഇപ്പോൾ ഈ തിണ്ണയിലിരിക്കുമ്പോൾ ഞാൻ കാണുന്നതു് പുല്ലു വളർന്ന പാഴ്ഭൂമിയാണു്. പുഴയുടെ രൂപം ഭീകരവും ദാരുണവുമാണിപ്പോൾ. ആകെ പൊന്തക്കാടുകൾ മൂടിയ നദീതടത്തിൽ ഒരു തുള്ളി വെള്ളം കാണില്ല.
സംഘർഷഭരിതമായ ചലനങ്ങളോടെ എംടി ഉലാത്തുന്നു. പുഴയിലേക്കു് ഉറ്റുനോക്കുന്നു. ഒരു ബീഡി കത്തിച്ചു വലിക്കുന്നു.
മണൽപ്പുറത്തു് രണ്ടു കുഴികളിൽ അല്പം ശേഷിച്ച വെള്ളം മാത്രം.
- എംടി:
- എന്റെ നിളയുടെ കണ്ണുകൾ ആരാണു ചൂഴ്‌ന്നെടുത്തതു്. മണലെടുത്ത കുഴികളിൽ കണ്ണുനീർത്തുള്ളിപോലെ പതച്ചുനിൽക്കുന്ന ഇത്തിരി ജലം മാത്രം. നിളയുടെ ചരമത്തിനു തർപ്പണം ചെയ്യാൻ ഈ രണ്ടിറ്റു കണ്ണുനീർ ബാക്കിവച്ചതു് ആരാണു്?
വീണ്ടും പുല്ലുകൾ വളർന്നു മൂടിയപുഴ.
എംടി ഇരിക്കുന്നു. ദൂരെ നദിയിലേക്കു നോക്കുന്നു. ബീഡി ആഞ്ഞു വലിക്കുന്നു. ദൂരെ നദിയിൽ നിർത്തിയിട്ട ലോറിയിൽ ആളുകൾ മണൽ വെട്ടി നിറയ്ക്കുകയാണു്.
- എംടി:
- എന്റെ നദിയെ അവർ വെട്ടിനുറുക്കിക്കഴിഞ്ഞു. അതിന്റെ രക്തവും മാംസവും അവർ കടത്തുകയാണു്.
നിറച്ച മണലുമായി ലോറി പൊന്തക്കാടുകൾക്കിടയിലൂടെ ഗജഗമനം നടത്തുന്നു. പിന്നെ അതു ചീറിപ്പാഞ്ഞു മുന്നോട്ടു വരുന്നു.
- എംടി:
- ഇരപിടിയൻ ചീങ്കണ്ണിയെപ്പോലെ പാഞ്ഞുവരുന്ന ലോറികളുടെ പെരുവയറിൽ എന്റെ നദിയുടെ ഓരോ അവയവവും അടക്കം ചെയ്തിരിക്കുന്നു.
അശ്വതി എന്നെഴുതിയ ഗേറ്റിനു മുൻപിലേക്കു് ലോറി വളവുതിരിഞ്ഞു പാഞ്ഞുവരുന്നു.
ഗേറ്റിനു മുൻപിലൂടെ അതു് ഇരച്ചു പായുന്നു.
ഗേറ്റിനു മുന്നിൽ ലോറികൾ നിർത്തിയിട്ടിരിക്കുന്നു.
- എംടി:
- തമിഴ്‌നാട്ടിൽനിന്നു വരുന്ന ലോറികളുടെ നീണ്ട നിര എന്റെ പടിക്കൽ ഇപ്പോൾ കാത്തുകിടക്കുന്നു.
എംടി പുറത്തിറങ്ങി ഗേറ്റിന്നരികിലെ മമ്മദ്ക്കയുടെ കടയിൽനിന്നു ബീഡി വാങ്ങുന്നു-അതു പതിവാണു്!
കടവിലേക്കു നോക്കി നിൽക്കുന്നു.
- എംടി:
- പണ്ടു് ഉത്സവത്തിനു കൊണ്ടുവരുന്ന ആനകൾ തുമ്പിക്കൈ നീട്ടി വെള്ളം കുടിച്ച കടവാണിതു്.
കണ്ണീരുപോലെ ഇത്തിരി ജലം കെട്ടിനിൽക്കുന്ന ഇടത്തേക്കു പോയി എംടി പുഴ മുറിച്ചു കടക്കുന്നു. എതിരെ ചാത്തപ്പൻ വരുന്നു. എംടി കുശലം പറയുന്നു.
- എംടി:
- ചാത്തപ്പൻ. ഈ കോട്ടേജ് കുറേക്കാലം നോക്കിയതു് ഇയാളാണു്.
കരുണൂർ പാലത്തിലൂടെ താളത്തിൽ തീവണ്ടി പോകുന്നു.
എംടി മുന്നോട്ടു നടക്കുന്നു. നദി മുറിച്ചു കടന്നു.
മരത്തിൽ കെട്ടിഞാത്തിയ കളിയൂഞ്ഞാൽ എംടി കാണുന്നു.
ഓർമയിൽ ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലത്തിലെ
‘പൂഴിമണലതിൽ പണ്ടിരുന്നു.
പൂത്താങ്കോലേറെ കളിച്ചതല്ലേ.
കുളിരോലുമോളത്തിൽ മുങ്ങി മുങ്ങി.
കുളിയും ജപവും കഴിച്ചതല്ലേ’
എന്ന കവിതാഭാഗത്തിന്റെ ആലാപനം.
പുഴയിൽ വെള്ളമില്ലാത്ത ഭാഗത്തു് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നു.
- എംടി:
- പുഴ ഉണങ്ങി ഉണങ്ങി അവസാനം ക്രിക്കറ്റ് പിച്ചായി.
ദൂരെ ഇത്തിരി വെള്ളത്തിൽ കുട്ടികൾ കുളിച്ചുതിമിർക്കുന്നു. പശ്ചാത്തലത്തിൽ ‘പൂത്താങ്കോലേറെ കളിച്ചതല്ലേ. കുളിയും ജപവും കഴിച്ചതല്ലേ…’ ആലാപനം.
എംടി ബാല്യകാലത്തേക്കു മടങ്ങിപ്പോകുന്നു. ഒറ്റപ്പെട്ട ഒരു കുട്ടി ഓടിപ്പോയി പുഴയിൽ ചാടുന്നു. എംടി അവനെ കാണുന്നു.
cut to
ബാല്യത്തിലെ എംടി—വാസു—പതിനഞ്ചു വയസ്സുകാരൻ—കുളത്തിലേക്കു ചാടുന്നു. ഇപ്പോൾ വാസുവാണു സംസാരിക്കുന്നതു്.
ഇനി വാസുവിന്റെ ആത്മഗതങ്ങളാണു്.

- വാസു:
- (കുട്ടിയുടെ ശബ്ദം) ഇടവപ്പാതിക്കു മഴ തകർത്തു വയൽ നിറയുമ്പോൾ ചെറിയ ചാലുകളായി മീനുകൾ എത്തിച്ചേരുന്നതു് കുമ്മാണിക്കുളത്തിലാണു്. പുഴയിലെത്തും മുൻപുള്ള ഒരിടത്താവളമാണു കുളങ്ങൾ. കൂടല്ലൂരിലെ ഞങ്ങളുടെ വീട്ടുവളപ്പിൽ കുളമുണ്ടായിരുന്നില്ല. കരുണൂർ പാലത്തിന്റെ ചുവട്ടിൽവച്ചു കുന്തിപ്പുഴ ഭാരതപ്പുഴയിൽ ചേർന്നശേഷം പടിഞ്ഞാറു് ഒഴുകുന്നതാണു് ഞങ്ങടെ വടക്കേപ്പുഴ അവിടെ എന്നും വെള്ളമുണ്ടാകും.
കരുണൂർ പാലത്തിന്റെ മുകളിൽനിന്നുള്ള നിറഞ്ഞ പുഴയുടെ ദൃശ്യങ്ങൾ.
പറന്നു വരുന്ന ഒരു പരുന്തു് പുഴയിലേക്കു താണു പറന്നുവന്നു് മീൻ കൊത്തിപ്പറന്നുയർന്നുപോകുന്നു.
കുട്ടികൾ കളിക്കുന്നു.
പശുവിനെ കുളിപ്പിക്കുന്നു. സന്ധ്യ നിലാവു്. ആകാശത്തു്. പുഴയിൽ നിലാവിന്റെ പ്രതിബിംബം. വെള്ളം ഇളകുമ്പോൾ നിലാവിന്റെ പ്രതിബിംബം ഉടയുന്നു. പശുക്കൾ രാത്രിയിൽ പുഴയിലൂടെ നീന്തുന്നു. കലങ്ങിയൊഴുകുന്ന നിളയുടെ വിവിധ ദൃശ്യങ്ങൾ.
- വാസു:
- മഴക്കാലത്തു് നിള കലങ്ങിയൊഴുകും. അപ്പോഴാണു ഞങ്ങൾ കുളങ്ങളെ ആശ്രയിക്കാറു്. പുഴ കലങ്ങിയാലും കുളം കലങ്ങില്ല.
വാസുവും കൂട്ടുകാരും കുളത്തിൽ കല്ലിട്ടു രസിക്കുന്നു. പെട്ടെന്നു സ്കൂൾ ബെല്ലടിക്കുന്നു. അവർ ഓടുന്നു.
- വാസു:
- കുമരനെല്ലൂരിൽ വാടകവീടുകളിലും മാറിമാറി താമസിച്ചു. കൂടെ വകയിൽ ആരെങ്കിലുമുണ്ടാകും. അച്ഛൻ കൊളമ്പിലാണു്. വർഷത്തിലൊരിക്കലേ നാട്ടിൽ വരൂ…
ഹെഡ്മാസ്റ്റർ നാരായണയ്യരുടെ മലയാളം ക്ലാസ്. അദ്ദേഹം പുസ്തകം നോക്കി കവിത ചൊല്ലുകയാണു്.
‘ആറ്റിലേക്കച്യുതാ ചാടൊല്ലെ
ചാടൊല്ലെ
കാട്ടിലെ പൊയ്കയിൽ പോയി നീന്താം.’
കുട്ടികൾ ശ്രദ്ധിക്കുന്നു. വാസുവിന്റെ കവിതയിൽ ലയിച്ചിരിക്കുന്ന കണ്ണുകൾ, മറ്റു കുട്ടികൾ. എരണിക്കൽ കുളത്തിലേക്കു ചാടുന്ന കുട്ടി. നീന്തിക്കളിക്കുന്ന കുട്ടി. മറ്റൊരു കുട്ടി നീന്തുന്നു. വാസു വെള്ളം കെട്ടിനിൽക്കുന്ന വയൽക്കരയിലൂടെ നടന്നുവരുന്നു.
- വാസു:
- എരണിക്കൽ അമ്പലത്തിനടുത്തായിരുന്നു ആദ്യം താമസിച്ച വാടകവീടു്. സ്കൂളിന്നടുത്തുതന്നെ. തൊട്ടടുത്താണു് എരണിക്കൽ അമ്പലക്കുളം. സ്കൂളിൽ മുൻപു പരിചയമുള്ള പല കുട്ടികളും അവിടെ കുളിക്കാനെത്തും. കൂടല്ലൂരിൽനിന്നു വന്ന ഗോപിയേട്ടൻ സഹായത്തിനുണ്ടു്. ഗോപിയേട്ടൻ എല്ലാം തിരുമ്മിത്തരും.
ഗോപിയേട്ടൻ അലക്കുകല്ലിൽ വസ്ത്രങ്ങൾ കുത്തിത്തിരുമ്മുന്നു. വാസു വസ്ത്രം വാങ്ങി ചെമ്പിലിടുന്നു.
- ഗോപിയേട്ടൻ:
- വാസു, മലായീന്നു് ഒരു പണക്കാരൻ എത്തീരിക്കണു. മീനംവരെ കാത്തിരിക്കാൻ വയ്യാന്നാ പറെണെ. എരണിക്കൽ കുളത്തിനു ചുറ്റും കല്ലുകൾ പടുത്തു കുളക്കടവുണ്ടാക്കാൻ പോവ്വാത്രേ.
വാസു അതു ശ്രദ്ധിക്കുന്നു.
പ്രഭാതത്തിൽ വാസു കുളക്കരയിലൂടെ ഓടുന്നു. എതിരെ പുള്ളുവനും പുള്ളുവത്തിയും നടന്നുവരുന്നു.
പശ്ചാത്തലത്തിൽ വെള്ളം വറ്റിക്കുന്ന പമ്പുകളുടെ ശബ്ദം.
- വാസു:
- മഴക്കാലം കഴിഞ്ഞ ഉടൻ എരണിക്കൽ കുളത്തിലെ വെള്ളം വറ്റിക്കാൻ തുടങ്ങി. നിറയെ പമ്പുകളുടെ ശബ്ദം.
വാസു ഓടിവന്നു് കുളത്തിന്റെ മുൻപിൽ നിൽക്കുന്നു. എതിരെ പമ്പിൽനിന്നു വെള്ളം ചാടുന്നു. അതിന്നരികിൽ മലായിക്കാരൻ. അരികിൽ കുട ഉയർത്തിപ്പിടിച്ചുകൊണ്ടു് കാര്യസ്ഥൻ. മുൻപിൽ വർണ്ണക്കുടയും പിടിച്ചു് പത്തുവയസ്സായ ഒരു പെൺകുട്ടി. വാസു വർണ്ണക്കുട കാണുന്നു.
- വാസു:
- എന്തൊരദ്ഭുതം. ഓരോ പാളിയിലും ഓരോ വർണ്ണങ്ങളുള്ള കുട.
അവൾ വർണ്ണക്കുട അഹങ്കാരത്തോടെ തിരിക്കുന്നു. വാസു അവളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നു. അവൾ ഒട്ടും ഇഷ്ടപ്പെടാതെ അച്ഛനെ നോക്കി ‘പുവ്വാം അച്ഛാ’ എന്നു പറയുന്നു. വാസു നിരാശനായി മടങ്ങുന്നു. സ്ക്കൂളിൽ ബെല്ലടിക്കുന്നു. ഹെഡ്മാസ്റ്റർ നാരായണയ്യരും മകനും സ്കൂൾ വിട്ടിറങ്ങുന്നു.
- നാരായണയ്യർ:
- വേഗം പോര്വാ.
- എംടി:
- നിറഞ്ഞൊഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ? ഇതൊരു മരുപ്പറമ്പായിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിൽ അപരിചിതമാണു് ഈ കാഴ്ച. മണൽ കടത്തിന്റെ കോൺവോയ് സിസ്റ്റമാണു് ഞാനിപ്പോൾ കാണുന്നതു്. ഇവിടെ മണൽച്ചാക്കുകൾക്കു ജീവൻ വച്ചിരിക്കുന്നു.
തിരക്കഥയുടെ രണ്ടാംഭാഗം.
വാസു ഒറ്റയ്ക്കു ക്ലാസിൽനിന്നു് സ്കൂൾ വരാന്തയിലൂടെ ഇറങ്ങി നടക്കുന്നു.
- വാസു:
- ഹെഡ്മാസ്റ്റർ നാരായണയ്യരുടെ മകൻ സുബ്രഹ്മണ്യൻ എന്റെ ക്ലാസിലാണു്.
രാത്രി, വാടകവീടു്. വാസു റാന്തൽവെളിച്ചത്തിൽ പഠിക്കുന്നു. ഗോപിയേട്ടൻ ഇരുന്നു് ഉറക്കം തൂങ്ങുന്നു.
- വാസു:
- ക്ലാസു കഴിഞ്ഞാൽ വാടകവീടു്. ഞാൻ പഠിക്കുമ്പോൾ ഗോപിയേട്ടൻ ഇരുന്നു് ഉറക്കം തൂങ്ങും.
വാസുവും ഗോപിയേട്ടനും പുഴക്കരയിലൂടെ നടന്നു കൂടല്ലൂർക്കു പോകുന്നു. അവർ കടവിന്റെ മേലേക്കു കയറുന്നു. കയ്യിൽ സഞ്ചി. എതിരെ തലയിൽ പാത്രം ചുമന്നു വരുന്ന വഴിയാത്രക്കാരൻ. വെള്ളം നിറഞ്ഞ വയൽവരമ്പിലൂടെ അവർ തറവാട്ടുഗേറ്റിൽ എത്തുന്നു.

- വാസു:
- വെള്ളിയാഴ്ച വൈകിട്ടു് ഞങ്ങൾ കൂടല്ലൂർക്കു തിരിക്കും. തിങ്കളാഴ്ചയാണു മടക്കം. വീട്ടിലെത്തിയാൽ പിന്നെ കുളി കിണറ്റിൻകരയിലാണു്.
അമ്മ വാസുവിന്റെ തല തോർത്തുന്നു. വാസു മൂക്കു ചീറ്റുന്നു.
- വാസു:
- കുമരനെല്ലൂരിൽ നെറച്ചും കൊളാ. നമ്മുടെ വീട്ടുപറമ്പിൽ ഒരു കൊളംണ്ടാക്കിക്കൂടെ?
- അമ്മ:
- ആ ഇനി അതിന്റെ ഒരു കൊറവേയുള്ളൂ. കുളത്തിൽ മുങ്ങിക്കുളിച്ചിട്ടാ അടിക്കടി ജലദോഷം.
അമ്മ രാസ്നാദി തലയിലിടുന്നു. തടവുന്നു, ഊതുന്നു.
- അമ്മ:
- (തലമുടി തടവിക്കൊണ്ടു്) മുടി ഒരുപാടു വളർന്നു.
വയസ്സനായ കുഞ്ഞൻ മുടി വെട്ടുന്നു. അയാൾ വായ തുറന്നുപിടിച്ചിരിക്കുന്നു.
- വാസു:
- കുഞ്ഞനാണു മുടി വെട്ടുക. കുഞ്ഞൻ തലയിൽ കൈക്രിയ നടത്തുമ്പോൾ വായ തുറന്നുപിടിച്ചിരിക്കും.
ഗോപിയും വാസുവും കിണറ്റുകരയിൽനിന്നും നനഞ്ഞ ശരീരവും തോർത്തുമായി കുളിച്ചു മടങ്ങിവരുന്നു.
- വാസു:
- കിണറ്റുകരയിൽനിന്നും കുളിച്ചൂന്നു വരുത്തി. അത്രേള്ളൂ. എനിക്കു കൊളത്തിൽ മുങ്ങിയാലേ ശരിയാകൂ. തലയിൽ അപ്പടി മുടിയാ.
- ഗോപി:
- വാ പോവാം.
- വാസു:
- മറുകരയിലെ ഒരു വീടിന്റെ പടിക്കലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ പ്രശ്നം. ശബ്ദമുണ്ടാക്കല്ലേ എന്നു ഗോപി ആംഗ്യം കാണിക്കുന്നു.
ഗോപിയും വാസുവും പേടിച്ചുപേടിച്ചു് ഒരു കുളത്തിലിറങ്ങുന്നു. കുളക്കരയിൽ പച്ചജലത്തിൽ ഒരു വൃദ്ധൻ പകുതി കണ്ണടച്ചിരുന്നു ജപിക്കുന്നതു് അവർ കാണുന്നു.
രണ്ടുപേരും പേടിയോടെ കുളത്തിലേക്കിറങ്ങുന്നു. ധ്യാനിച്ചിരിക്കുന്ന വൃദ്ധൻ ഉണരല്ലേ എന്ന പേടി. മുങ്ങുമ്പോഴും നിവരുമ്പോഴും വെള്ളം അയാളുടെ ശരീരത്തിലേക്കു തെറിക്കുമ്പോഴും അവർ പേടിയോടെ വൃദ്ധനെ നോക്കുന്നു. ഭാഗ്യം. അയാൾ ഉണരുന്നില്ല. അവർ രണ്ടുപേരും കുളിച്ചുകയറി. കുളത്തിന്റെ കൽക്കെട്ടു് കടന്നു. നനഞ്ഞ തോർത്തു് പിഴിഞ്ഞുകൊണ്ടു്.
- ഗോപി:
- നിക്കു് വയ്യ ആ കാർണോരെ പേടിച്ചു കുളിക്കാൻ. ഞാനിനി കിണറ്റുകരയിൽ നിന്നുതന്നെ കോരിക്കുളിച്ചോളാം.
- വാസു:
- ഹെഡ്മാസ്റ്റർ നാരായണയ്യരുടെ വീട്ടിൽ ഒരു കുളംണ്ടല്ലോ.
- ഗോപി:
- ഒന്നാന്തരം കുളാ. അതികം അകലെയല്ല. നിനക്കാ ഹെഡ്മാസ്റ്ററുടെ മകൻ സുബ്രഹ്മണ്യനോടു ചോദിച്ചുക്കൂടേ?
- വാസു:
- ഹെഡ്മാസ്റ്റർ നാരായണയ്യരും സുബ്രഹ്മണ്യനും കുളക്കരയിലൂടെയാണു വീട്ടിൽ പോവുക. ഒരു ദിവസം ഞാൻ അവനോടു ചോദിച്ചു.
ഒരു കുളത്തിന്റെ കരയിലൂടെ സുബ്രഹ്മണ്യനും വാസുവും മുഖാമുഖം നടന്നുവരുന്നു.
- എതിരെ വരുന്ന വാസു തക്കത്തിനു നിന്നിട്ടു്:
- ഞാനും ജ്യേഷ്ഠനും പുതുവീട്ടിലെ കുളത്തിൽ വന്നു കുളിക്കട്ടേ?
- സുബ്രഹ്മണ്യൻ:
- അതിനെന്താ. നിങ്ങള് താണ ജാതിക്കാരല്ലല്ലോ. വരാം.
ഹെഡ്മാസ്റ്ററും സുബ്രഹ്മണ്യനും നടന്നുപോയ കുളം. ഗോപിയും വാസുവും വിസ്തരിച്ചു കുളിക്കാൻ പാകത്തിനു് കയ്യിൽ എണ്ണക്കുപ്പിയും സോപ്പുമായി അവിടെയെത്തുന്നു. ഗോപി എണ്ണതേക്കുന്നു. വാസു കുളത്തെ വീക്ഷിക്കുന്നു. രണ്ടുപേരും കുളിക്കാൻ ഒരു കുളം കിട്ടിയതിന്റെ സന്തോഷത്തിലാണു്.
- വാസു:
- കൂടല്ലൂരിലേക്കു പോകാത്ത ഒരു ശനിയാഴ്ച ആ കുളത്തിൽ എണ്ണ തേച്ചു കുളിക്കാൻ പുറപ്പെട്ടു. സുബ്രഹ്മണ്യനെ പുറത്തെങ്ങും കണ്ടില്ല.
ഗോപിയേട്ടൻ എണ്ണ തേച്ചു തുടങ്ങി.
സുബ്രഹ്മണ്യൻ ഓടിവരുന്നു.

- സുബ്രഹ്മണ്യൻ:
- ഹേയ്, എണ്ണ തേച്ചുകുളിക്കാൻ പാടില്ല. വെള്ളം കേടുവരും. വെറും കുളിയാവാം.
വാസു ഞെട്ടി എഴുന്നേൽക്കുന്നു.
- ഗോപി:
- (എണ്ണ തേപ്പു് നിർത്തി) അപ്പോൾ നിങ്ങൾ കുളിക്കാറില്ലേ.
- സുബ്രഹ്മണ്യൻ:
- കുളിമുറിയിൽനിന്നു മെഴുകെളക്കും. പിന്നെ ഇവിടെവന്നു് മുങ്ങിക്കുളിക്കും. എണ്ണയും സോപ്പും മെഴുകുമൊക്കെയായി വെള്ളം കേടു വരുന്നതു് അച്ഛനിഷ്ടംല്ല.
വാസു ഗോപിയെ നോക്കുന്നു. മുഖത്തു നിരാശ. ഗോപി എണ്ണക്കുപ്പിയും ചകിരിത്തേപ്പും സോപ്പുമായി പടവു കയറുന്നു.
- ഗോപി:
- വാ പോകാം.
വാസു കുളപ്പടവിൽതന്നെ നിൽക്കുന്നു. കുളത്തിലേക്കു നോക്കുന്നു. വിട്ടു പോരാൻ മടി. ഒന്നാലോചിച്ചശേഷം അവൻ പതുക്കെ കുളത്തിലിറങ്ങി കയ്യിൽ മൂന്നു തവണ വെള്ളമെടുത്തു കുടഞ്ഞു-കുളിക്കാൻ കഴിയാത്തതിലുള്ള പ്രായശ്ചിത്തം പോലെ: ഒരനുഷ്ഠാനംപോലെ. ഒന്നുകൂടി കുളത്തെ നോക്കിയശേഷം തിരിഞ്ഞു നടന്നു പടവുകൾ കയറി. മുകളിൽ കാത്തു നിൽക്കുന്ന ഗോപിയോടൊപ്പം ചേർന്നു.
- വാസു:
- കുളമുള്ള ഒരു വാടകവീടാണു് അന്വേഷിച്ചു നടന്നതു്. കിട്ടിയില്ല. വെക്കേഷൻ കാലത്തു പഠിക്കാനായി മറ്റൊരു വാടകമുറിയിലേക്കു മാറി. പരിസരത്തൊന്നും കുളമുണ്ടായിരുന്നില്ല.
മഴവെള്ളം നിറഞ്ഞ വയൽവരമ്പിലൂടെ നടന്നുപോകുന്ന വാസു തോർത്തുടുത്തു് പൊന്നുരുക്കുന്ന തട്ടാന്റെ മുറിയിൽ വന്നിരിക്കുന്നു.
- വാസു:
- കുളിക്കാൻ ഇവിടെ കുളംല്ലല്ലോ.
- തട്ടാൻ:
- അമേറ്റിക്കര അമ്പലക്കുളത്തിൽ കുളിക്കാലോ അടുത്തല്ലേ?
അമേറ്റിക്കര കുളം. വിശാലം. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം. പച്ച വയലിന്റെ ഒരറ്റത്തു് വലിയൊരു ആൽമരച്ചുവട്ടിലാണു കുളം. കുറച്ചുകുട്ടികൾ കുളിക്കുന്നു. പൊതുവെ വിജനം.
- വാസു:
- അമേറ്റിക്കര കുളത്തിൽ കുളിക്കാൻ കുറച്ചുപേരേ ഉണ്ടാകൂ.
ആ വീടു് വിട്ടുകൊടുത്തശേഷം പോസ്റ്റ്മാൻ നമ്പ്യാരുടെ വീട്ടിലേക്കു മാറി. ഇപ്പോൾ കൊച്ചുണ്ണിയേട്ടനെയാണു വീട്ടിൽനിന്നു കൂട്ടിനയച്ചതു്.
അമ്മ പത്തായപ്പുരയിൽനിന്നു സഞ്ചിയിലേക്കു പൊടിയരി അളക്കുന്നു. വാസു സഞ്ചിയുടെ വായ തുറന്നു പിടിച്ചിരിക്കുന്നു. കൊച്ചുണ്ണി നേന്ത്രക്കുല എടുക്കുന്നു. കുമരനെല്ലൂരിലേയ്ക്കു യാത്ര പുറപ്പെടുകയാണു്.
- അമ്മ:
- മൂന്നു നേരം വച്ചുവിളമ്പിത്തരുന്നതല്ലേ. അവർക്കും വല്ലതും കൊടുക്കണ്ടേ?
കൊച്ചുണ്ണിയേട്ടൻ പെട്ടിയുമായി മുൻപിൽ, നടുവിൽ വാസു. പിറകേ കോസടിയും വാഴക്കുലയുമായി അയ്യപ്പൻ. കടവു കയറി അവർ പുഴ മുറിച്ചു കടക്കുന്നു.
- വാസു:
- നമ്പ്യാരും കുടുംബവും ഞങ്ങളെ സ്വന്തക്കാരെപ്പോലെ കരുതി. കൂടല്ലൂരിൽ നിന്നു വരുമ്പോൾ പെട്ടിയുമെടുത്തു് കൊച്ചുണ്ണിയേട്ടൻ മുൻപിൽ നടക്കും. നേന്ത്രക്കുലയും കോസടിയും ചുമന്നു് അയ്യപ്പൻ പിറകെയും. വേനലായതുകൊണ്ടു വെള്ളം കുറഞ്ഞ ഭാഗത്തു കൂടി ഞങ്ങൾ പുഴ മുറിച്ചു കടക്കും.
അവർ പൊടിയരിസഞ്ചിയും നേന്ത്രക്കുലയും നമ്പ്യാരുടെ ഭാര്യയെ ഏൽപിക്കുന്നു.
നമ്പ്യാർ അവരെ അകത്തേക്കു ക്ഷണിക്കുന്നു.
- വാസു:
- പോസ്റ്റ്ഓഫീസ് കെട്ടിടത്തിനു മുകളിലുള്ള നമ്പ്യാരുടെ വാടകമുറിയിൽ എത്തിയാൽ അമ്മ ഏൽപിച്ച പൊടിയരിയും നേന്ത്രക്കുലയും അവരെ ഏല്പിക്കും.
- നമ്പ്യാർ:
- ഇതങ്ങട്ടു് കൊടുത്തോളൂ.
- ഭാര്യ:
- (എല്ലാം വാങ്ങിക്കൊണ്ടു്) ഇതൊന്നും വേണ്ടീർന്നില്ല.
- വാസു:
- നമ്പ്യാരുടെ വീട്ടിൽനിന്നു രാവിലെ ഞങ്ങൾ കഞ്ഞികുടിക്കും. അതു കഴിഞ്ഞു് നമ്പ്യാരുടെ മകനും മരുമകനുമൊപ്പം അമ്പലക്കുളത്തിലേക്കു് ഒരു ഓട്ടമുണ്ടു്. പിന്നെ തിമിർത്തു കുളിയാണു്.
വയൽവരമ്പിലൂടെ ഓടുന്ന മൂന്നുപേരും അമ്പലക്കുളത്തിൽ വന്നു ചാടുന്നു. മൂന്നുപേരും നീന്തിത്തിമിർക്കുന്നു. പുഴക്കരയിലൂടെ വാസുവും കാർത്ത്യായനി ഓപ്പുവും അപ്പുവേട്ടനും നടക്കുന്നു. എതിരെ വെളിച്ചപ്പാടു് നടന്നുവരുന്നു. വെളിച്ചപ്പാടിനെ കടന്നു് അവർ മുന്നോട്ടു്.
- വാസു:
- തേഡ്ഫോമിലായപ്പോൾ അപ്പുവേട്ടനും കാർത്ത്യായനി ഓപ്പുവും പഠിക്കാൻ വന്നു. മാസത്തിലൊരിക്കൽ ഞങ്ങൾ പുന്നയൂർക്കുളത്തേക്കു പോയി. ഉപ്പിങ്ങൾ കടവു കടന്നു് ആറ്റുപുറത്തുകൂടിയാണു യാത്ര. കടവിൽ അധികം ആളുണ്ടാവില്ല.
- വാസു:
- (വെളിച്ചപ്പാടിനെ കണ്ടു്) ദാ വര്ണ്ണ്ടു്.
- കാർത്ത്യായനി ഓപ്പു:
- കൊടുങ്ങല്ലൂർക്കായിരിക്കും. വെളിച്ചപ്പാടു് അവരെയും കടന്നുപോകുന്നു.
അവർ മൂന്നുപേരും തോണിയിൽ കയറുന്നു.
- വാസു:
- സന്ധ്യയ്ക്കു് കൊച്ചുണ്ണിയേട്ടനും കാർത്ത്യായനി ഓപ്പുവും ഞാനും ചേർന്നു് അക്ഷരശ്ലോകം ചൊല്ലും. അതൊരു കമ്പമായി.
വീട്ടിൽ റാന്തൽവെട്ടത്തിൽ കാർത്ത്യായനി ഓപ്പുവോടൊപ്പം അക്ഷരശ്ലോകം ചൊല്ലുന്നു.
- കൊച്ചുണ്ണി:
‘ജീവന്നശുദ്ധിയാലുണ്ടായ്തീർന്നാം ഭവബന്ധനം
അകന്നുപോമീശ്വരാനുഗ്രഹത്താലാത്മ ചിന്തയാൽ’
- വാസു:
‘അനങ്ങിയില്ലാ പാദത്തിലുമുപേന്ദ്രൻ
ചെന്നുമൽപവും രക്തത്തൊടൊത്തു നദികൾ
നാഡിയിൽ ചെന്നുമങ്ങനെ.’
- കാർത്ത്യായനിഓപ്പു:
‘രേതസ്സും ജലവും പിന്നെ ഗർഭുതം പിന്നീടപാനനും…’
തോണിയിൽ അകന്നകന്നുപോകുന്ന കാർത്ത്യായനി ഓപ്പുവും അപ്പുവേട്ടനും.
- വാസു:
- നയൻതു ഫോറം കഴിഞ്ഞപ്പോൾ കൊച്ചുണ്ണിയേട്ടൻ പഠിപ്പു കഴിഞ്ഞുപോയി. അടുത്ത വർഷം അപ്പുവേട്ടനും കാർത്ത്യായനി ഓപ്പുവും പോയി.
വാസു കരയിൽ തനിച്ചു്.
തോണി അകന്നകന്നുപോകുകയാണു്. അവനെ തനിച്ചാക്കി അവർ പോകുകയാണു്. തോണി പിന്നെയും അകന്നു.
- വാസു:
- ഞാൻ തനിച്ചായി.
വാസു ദുഃഖത്തോടെ തിരിഞ്ഞു നടക്കുന്നു. വാസു ആദ്യം നടന്നുവന്ന വഴിയിലേക്കു്. അവന്റെ മനസ്സിൽ സംഘർഷമുണ്ടു്. ഇപ്പോൾ അവൻ തനിച്ചാണു്. ആ ഏകാന്തത അവനു താങ്ങാനാവുന്നില്ല. നദിക്കരയിലൂടെ മണൽപ്പുറത്തുകൂടെ അവൻ ഓടുകയാണു്. ഓടിഓടി അവന്റെ അഭയസ്ഥാനമായ കുളക്കരയിലെത്തുന്നു. സഞ്ചി പടവിലേക്കിടുന്നു. ഷർട്ടൂരി അവൻ പടവിലേക്കെറിയുന്നു.
അവൻ പടവുകളിൽനിന്നു പച്ചജലത്തിലേക്കു നോക്കി. ഒരനുഷ്ഠാനംപോലെ അവൻ മൂന്നു തവണ വെള്ളമെടുത്തു കുടഞ്ഞു് വെള്ളത്തിലേക്കു ചാടുന്നു.
അസഹ്യമായ ഏകാന്തതയെ തകർക്കാൻ ഒരു കുളി. കുളിച്ചു തിമിർത്തു് ശാന്തനായ വാസു വയൽവരമ്പിലൂടെ വീട്ടിലേക്കു്. മുഖത്തു് ആശ്വാസം. അവന്റെ തല നനഞ്ഞിട്ടുണ്ടു്. അമ്മ അവനെ കാണുന്നു. മുഖം താഴ്ത്തിയുള്ള ആ നടപ്പിൽ അമ്മ അവന്റെ പ്രശ്നം തിരിച്ചറിഞ്ഞു.

- അമ്മ:
- വാസു.
അമ്മ അവന്റെ തല തുവർത്തുന്നു.
അമ്മ അവനെ സമാധാനിപ്പിക്കുന്നു.
- ഇനി ഒറ്റയ്ക്കു താമസിക്കണ്ട ദിവസം നടന്നുപോകാം. പരീക്ഷയ്ക്ക ഒരുമാസം മുൻപു താമസിച്ചാൽ മതീന്നാ വല്യേട്ടൻ എഴുതീർക്ക്ണു.
വാസു വീണ്ടും അതേ പുഴക്കടവിൽ നിൽക്കുന്നു. കാർത്ത്യായനി ഓപ്പുവും അപ്പുവേട്ടനും വിട്ടുപോയ ആ കടവത്തു് അവൻ നല്ല ഏകാന്തത അനുഭവിക്കുന്നുണ്ടു്. അശാന്തമായ നിൽപു്.
അവൻ സൂര്യനു നേരെ നടക്കുന്നു. അസ്തമയം. രാത്രി. പൂർണ്ണനിലാവു്. തിളങ്ങുന്ന മേഘങ്ങൾ. അവൻ മുറിയിൽ റാന്തൽ വെട്ടത്തിൽ വായിക്കുന്നു.
പ്രഭാതം അവൻ സ്കൂളിലേക്കു് വഴിയിൽ മരച്ചുവട്ടിൽ ഒരു സന്ന്യാസി. വടിയിൽ കൊളുത്തിയ മടിശ്ശീല ചെറു ഭാണ്ഡം അവൻ ശ്രദ്ധിക്കുന്നു. സന്ന്യാസി ഉറങ്ങുകയാണു്. കുറച്ചു നടന്നു് അവൻ സന്ന്യാസിയെ വീണ്ടും നോക്കി പ്രതീക്ഷയോടെ.
അടുത്ത ദിവസം.
അവൻ മരച്ചുവട്ടിൽ സന്ന്യാസിയെ പ്രതീക്ഷിക്കുന്നു. പക്ഷേ, ആളില്ല. വടിയും സഞ്ചിയും മാത്രം. അവൻ ചുറ്റും അന്വേഷിക്കുന്നു. എതിരെ അടുപ്പിൽ തീകൂട്ടി എന്തോ പാചകം ചെയ്യുകയാണു സന്ന്യാസി. അവൻ പ്രതീക്ഷയോടെ സന്ന്യാസിയെ നോക്കുന്നു. സന്ന്യാസി അവനെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നു.
മൂന്നാം ദിവസം.
അവൻ പ്രതീക്ഷയോടെ മരച്ചുവട്ടിൽ എത്തുന്നു. ഏകാന്തതയിലെ കൂട്ടുകാരനെ തേടി. സന്ന്യാസിയുടെ ഇരിപ്പിടം ശുന്യം. വടിയില്ല. സഞ്ചിയില്ല. തീ കൂട്ടിയ സ്ഥലത്തു പാത്രമില്ല. വെറും ചാരം മാത്രം. വാസു നിരാശനായി തിരിഞ്ഞുനോക്കി കടമ്പ കയറിപ്പോകുന്നു. കുളങ്ങളിലും നദിയിലും ചാറ്റൽമഴ പെയ്യുന്നു.
- വാസു:
- ആ മഴക്കാലത്തു് നിള നിറഞ്ഞു കവിഞ്ഞു. കുമരനെല്ലൂരിലെ എല്ലാ കുളങ്ങളിലും വെള്ളം പൊന്തി. ഇപ്പോൾ എസ്. എസ്. എൽ. സിക്കാരനാണു്. ഗവണ്മെന്റ് പരീക്ഷയാണു്. ഗമ കൂടും. അതു കഴിഞ്ഞാൽ കോളജിൽ ചേരാനുള്ള മോഹത്തോടെയാണു പഠിപ്പു്.
മുൻപിൽ കുട്ടേട്ടൻ വാസു, രാവുണ്ണി, കെ. പി. രാവുണ്ണി… തലയിൽ ചുമടുമായി അയ്യപ്പൻ. അവർ ഒരു ആൽമരത്തറയിലേക്കു നടന്നു വരികയാണു്.
- വാസു:
- എരണിക്കൽ കുളത്തിനടുത്തുള്ള പുതിയ വാടകവീട്ടിലേക്കു ബന്ധത്തിൽപെട്ട കുട്ടേട്ടനോടൊപ്പമാണു വന്നതു്. കുമ്പിടിക്കാരായ വി. രാവുണ്ണിയും കെ. പി. രാവുണ്ണിയും കൂട്ടിനുണ്ടു്. അവർ വീട്ടിൽനിന്നും പച്ചക്കറികൾ കൊണ്ടുവരും. പെട്ടിയും ഭാണ്ഡവുമായി പതിവുപോലെ അയ്യപ്പനും കൂടെവന്നു.
കുട്ടേട്ടനോടൊപ്പം വാസു പകിടകളി കാണുന്നു.
കുട്ടേട്ടൻ, വാസു, വി. രാവുണ്ണി, കെ. പി. രാവുണ്ണി എന്നിവർ അടുക്കളയിൽ നിലത്തിരുന്നു് പച്ചക്കറി നുറുക്കുന്നു.
- വാസു:
- കുട്ടേട്ടൻ വെപ്പുകാരനാണെങ്കിലും രക്ഷാകർത്താവാണു്. മംഗലാപുരത്തു് ഒരാൾ പഠിക്കുമ്പോൾ താഴെയുള്ള എന്നെ കോളജിലയയ്ക്കാൻ സാധിക്കുമോ എന്ന സംശയത്തിലാണത്രെ അച്ഛൻ. കുട്ടേട്ടൻ കൊണ്ടുവന്ന വാർത്തയാണു്.
- വാസു:
- (പച്ചക്കറി നുറുക്കുന്നതിനിടയിൽ) കുട്ടേട്ടാ, ഇനി എസ്. എസ്. എൽ. സി. കഴിയുന്നതുവരെ എരണിക്കൽ കുളത്തിലാക്കാം കുളി.
- കുട്ടേട്ടൻ:
- എസ്. എസ്. എൽ. സി. കഴിഞ്ഞാലെങ്കിലും തറവാട്ടിൽ ഒരു കൊളംണ്ടാവോ വാസൂനു്.
വാസു രാത്രി റാന്തൽവെട്ടത്തിൽ വായിക്കുന്നു.
- വാസു:
- എസ്. എസ്. എൽ. സി. പരീക്ഷയടുക്കുന്നു. രാമനാഥയ്യർ മാസ്റ്ററുടെ ഇംഗ്ലീഷ് ക്ലാസ് മറക്കാനാവില്ല.

രാമനാഥയ്യർ മാസ്റ്റർ ഇംഗ്ലീഷ് ക്ലാസെടുക്കുന്നു. ബ്ലാക്ക് ബോർഡിൽ Tale of Two Cities എന്നെഴുതിയിരിക്കുന്നു. Charles Dickens എന്നും. രാമനാഥയ്യർ മാസ്റ്റർ കയ്യിലെ പുസ്തകത്തിൽ നോക്കി ഉലാത്തിക്കൊണ്ടു് കൈയാംഗ്യത്തോടെ വായിക്കുന്നു.
Charles Darnay was sentenced to be guillotined. He was condemned to solitary confinement.
വിദ്യാർഥികൾ ലയിച്ചിരിക്കുന്നു. വാസുവും.
രാമനാഥയ്യർ മാസ്റ്റർ ഒന്നു നിർത്തി ശാരീരിക ചേഷ്ടകളോടെ തുടരുന്നു.
Nine gone for ever
Ten gone for ever
Eleven gone for ever
Twelve coming on to pass away.
രാവിലെ
കുളക്കടവു്.
വാസു തോർത്തുടുത്തു് കുളപ്പടവിലിരുന്നു വായിക്കുന്നു: Nine gone for ever. Ten gone for ever. മറ്റു കുട്ടികൾ കുളിക്കുന്നു. കുട്ടേട്ടൻ പല്ലു തേക്കുന്നു.
- വാസു:
- രാവിലെ കുളക്കടവിൽ വച്ചും പഠിത്തംതന്നെ. കോളജിൽ ചേരാനുള്ള മോഹം വർധിക്കയാണേ. അച്ഛൻ സമ്മതം മൂളുമോ എന്നായി ചിന്ത.
- കുട്ടേട്ടൻ:
- വാസു അറിഞ്ഞില്ലേ. ഞാൻ മറന്നു, പറയാൻ. അച്ഛൻ കൊളമ്പ്ന്നു നാട്ടിലെത്തിരിക്ക്ണു-സ്കൂൾ വാർഷികത്തിനു് അച്ഛൻ വരുംന്നാപറേണെ.
വാസു ശ്രദ്ധിക്കുന്നു.
- വാസു:
- കോളജിൽചേരാൻ അച്ഛൻ സമ്മതം മൂളുമോ എന്നായി ചിന്ത.
സ്കൂൾ വാർഷികം.
സ്റ്റേജിൽ രാമനാഥയ്യർ, നാരായണയ്യർ, ചിത്രൻ നമ്പൂതിരിപ്പാടു്, ഒരു സഹായി. സമ്മാനങ്ങൾ. കപ്പ്. കുരുത്തോലത്തോരണങ്ങൾ.
കാഴ്ചക്കാരിൽ ഏറ്റവും മുൻപിൽ മറ്റു രക്ഷിതാക്കൾക്കൊപ്പം കുട്ടേട്ടനും അച്ഛനും ഇരിക്കുന്നു. പിറകിൽ, കുട്ടികളുടെ നിരയിൽ നിന്നു വാസു ഏന്തിനോക്കുന്നു.
- വാസു:
- സ്ക്കൂൾ വാർഷികത്തിനു നോക്കുമ്പോൾ മുൻപിൽ രക്ഷിതാക്കളുടെ കൂട്ടത്തിൽ അച്ഛൻ. കുട്ടേട്ടൻ പതിവില്ലാതെ ഒരു ഷർട്ടിട്ടിരിക്കുന്നു. മേൽവേഷ്ടിയും.
- നാരായണയ്യർ പേരു വിളിക്കുന്നു:
- ജനറൽ പ്രൊഫിഷ്യൻസി ഒന്നാം സമ്മാനം വാസുദേവൻ എം. ടി. പ്രബന്ധം ഒന്നാംസമ്മാനം വാസുദേവൻ എം. ടി. അക്ഷരശ്ലോകം ഒന്നാംസമ്മാനം വാസുദേവൻ എം. ടി.
- കുട്ടേട്ടൻ അച്ഛന്റെ ചെവിയിൽ രഹസ്യമായി:
- നമ്മുടെ വാസ്വാണു്.
അച്ഛൻ ശ്രദ്ധിക്കുന്നേയില്ല. വാസു പ്രതീക്ഷയോടെ അച്ഛനെ നോക്കുന്നു. കുട്ടേട്ടൻ തിരിഞ്ഞു വാസുവിനെ നോക്കുന്നു. വാസു പോയി സമ്മാനങ്ങൾ വാങ്ങുന്നു. എല്ലാവരും കയ്യടിക്കുന്നു. കുട്ടേട്ടൻ ശക്തമായി കയ്യടിക്കുന്നു. അച്ഛൻ കയ്യടിക്കുന്നില്ല. വാസു സമ്മാനം വാങ്ങി തിരിച്ചുവരുന്നു. തിണ്ണയിലിരുന്നു സമ്മാനപ്പൊതി തുറക്കുന്നു. പശ്ചാത്തലത്തിൽ സമ്മാനദാനത്തിന്റെ അനൗൺസ്മെന്റ്. അച്ഛൻ എഴുന്നേൽക്കുന്നു.
- അച്ഛൻ കുട്ടേട്ടനോടു്:
- നാടകം കാണാൻ ഞാൻ നിൽക്കുന്നില്ല. ഗുരുവായൂർക്കുള്ള ബസ്സിനു സമയമായി.

അച്ഛൻ പോകുന്നു. കുട്ടേട്ടന്റെ മുഖത്തു വിഷാദം.
വാസു സമ്മാനപ്പുസ്തകങ്ങൾ നോക്കുന്നു.
‘WaterBabies’ ‘സാഹിത്യദർപ്പണം’ വാസു വന്നു കുട്ടേട്ടനരികിൽ അച്ഛൻ എഴുന്നേറ്റ ഒഴിഞ്ഞ സീറ്റിൽ ഇരിക്കുന്നു.
കുട്ടേട്ടൻ സമ്മാനപുസ്തകങ്ങൾ വാരിയെടുക്കുന്നു.
- കുട്ടേട്ടൻ:
- എന്താ ഒക്കെ പുസ്തകങ്ങള്. ഒരു കപ്പ് നിനക്കും തരായിരുന്നില്ലേ അവർക്കു്.
- വാസു:
- കപ്പ് സ്പോർട്സിനുള്ളതാ ഓട്ടം, ചാട്ടം
- കുട്ടേട്ടൻ:
- ദേഹാധ്വാനത്തിനുള്ളതൊന്നും നമുക്കു പറ്റില്ല. നമുക്കിതൊക്കെ മതി.
കുട്ടേട്ടൻ ദുഃഖത്തോടെ വാസുവിനെ നോക്കുന്നു. വാസു കുട്ടേട്ടനെയും. രണ്ടുപേർക്കും അതു മനസ്സിലായി.
- കുട്ടേട്ടൻ:
- (സ്വരം താഴ്ത്തി) അച്ഛൻ ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. സമ്മാനം വാങ്ങുന്ന കണ്ടപ്പോൾ സന്തോഷായിട്ടാ പോയതു്.
വാസു പുറത്തേക്കു നോക്കുന്നു, വിഷാദത്തോടെ. അച്ഛൻ നടന്നുപോകുന്നതു കാണുന്നു.
എസ്. എസ്. എൽ. സി. പരീക്ഷ കഴിഞ്ഞു കൂട്ടുകാർ വാസുവിന്റെ മുറിക്കു പുറത്തു പൂമുഖത്തു്. അവർ വിടവാങ്ങുകയാണു്. കയ്യിൽ ചോദ്യപേപ്പർ ക്ലിപ് ചെയ്ത പരീക്ഷാപാഡുകൾ.
- പൂമുഖത്തിണ്ണയിലിരുന്നു് ഒരാൾ:
- (വാസുവിന്റെ പേരെഴുതിയ ശേഷം ബാക്കി വിലാസം ചോദിക്കുന്നു) വാസുദേവൻ എം. ടി. വിലാസം പറ.
- വാസു:
- മാടത്തു് തെക്കെപാട്ടു്. കൂടല്ലൂർ
- എഴുതുന്നയാൾ:
- മാടത്തു് തെക്കെപാട്ടു്, കൂടല്ലൂർ. (എഴുന്നേൽക്കുന്നു) റിസൽട്ടിനു മുൻപു് എഴുതാം.
അവർ പിരിയുന്നു.
വാസു മുറിയിലേക്കു്.
മുറിയിൽ കുട്ടേട്ടൻ പെട്ടിയൊരുക്കുകയാണു്. പാഡ് വാസു കുട്ടേട്ടനെ ഏൽപിക്കുന്നു. കുട്ടേട്ടൻ പാഡ് പെട്ടിയിൽ വയ്ക്കുന്നു.
പെട്ടെന്നു് ഓരോർമ്മയിൽ വാസു മേശയിൽനിന്നു ചോക്കെടുക്കുന്നു. ചുമരിന്നടുത്തേക്കു പോകുന്നു. ചുമരിൽ ചോക്കുകൊണ്ടു് സ്വന്തം നമ്പർ എഴുതുന്നു.
51931.
കുട്ടേട്ടൻ അതു കാണുന്നു.
- കുട്ടേട്ടൻ:
- ങ്ഹ. ഒറ്റ നമ്പ്ര് ഭാഗ്യലക്ഷണാ. നീ ആ കണ്ണാടി ഇങ്ങെടുത്തേ.
വാസു കണ്ണാടി എടുത്തു കുട്ടേട്ടനു കൊടുക്കുന്നു. കുട്ടേട്ടൻ അതുപെട്ടിയിൽ വയ്ക്കുന്നു. എല്ലാവരും യാത്ര പറയാനുള്ള തയാറെടുപ്പിലാണു്.
അയ്യപ്പൻ വരുന്നു.
- കുട്ടേട്ടൻ:
- ങ്ആ, എത്തിയോ?
അയ്യപ്പൻ ഭവ്യതയോടെ നിൽക്കുന്നു. വാസു ചുമരിലെ നമ്പരിലേക്കു നോക്കിനിൽക്കുന്നു.
- അയ്യപ്പൻ:
- ഞാനെടുക്കാം പെട്ടിയും കിടക്കയുമൊക്കെ. വാസു എറങ്ങിക്കോ.
കുട്ടേട്ടൻ അയ്യപ്പന്റെ തലയിൽ പെട്ടിയെടുത്തു വയ്ക്കുന്നു. അപ്പോഴും വാസു ചുമരിലെ നമ്പരിലേക്കുതന്നെ നോക്കുകയാണു്. കുട്ടേട്ടനും അയ്യപ്പനും പുറത്തിറങ്ങി.
വാസുവിനെ കാണാതെ കുട്ടേട്ടൻ മടങ്ങിവന്നു. ചുമരിലെ നമ്പരിൽത്തന്നെ നോക്കിനിൽക്കുന്ന വാസുവിനെ വരുന്നില്ലേ എന്ന അർത്ഥത്തിൽ കുട്ടേട്ടൻ നോക്കുന്നു. വാസു കുട്ടേട്ടന്റെ പിന്നാലെ പുറത്തേക്കു്. വാസു വാതിലടയ്ക്കാൻ നോക്കി. വാതിൽ പകുതിയടച്ച ആ വിടവിലൂടെ അവന്റെ പ്രിയപ്പെട്ട നമ്പർ ഒന്നുകൂടി നോക്കി.
- വാസു:
- (ആത്മഗതം) മറക്കുമെന്നു വച്ചിട്ടല്ല. ഒരു വിദ്യാർഥിയുടെ കയ്യൊപ്പു ചുമരിലും ഉത്തരത്തിലും കിടക്കട്ടെ.
അവൻ വാതിലടച്ചു.
അവൻ പൂമുഖമിറങ്ങി അയ്യപ്പനും കുട്ടേട്ടനുമൊപ്പം എത്തി.
- അയ്യപ്പൻ:
- ആനക്കര കുമ്പിടി വഴി പോകാം.
- കുട്ടേട്ടൻ:
- അതു വളവല്ലേ.
- വാസു:
- ഹേയ് രണ്ടും കണക്കാ. എന്തായാലും എനിക്കു കുളമൊന്നു കാണണം.
കുട്ടേട്ടൻ അല്പം അതിശയത്തോടെ അവനെ നോക്കുന്നു. വാസു കുളത്തിനടുത്തേക്കു പോകുന്നു. വാസു ചെരിപ്പു് ഊരിവച്ചു് ഒരു വിശുദ്ധാനുഷ്ഠാനം പോലെ കുളപ്പടവിറങ്ങുന്നു.
കുനിഞ്ഞു മൂന്നു തവണ കൈകളിൽ വെള്ളമെടുത്തു കുടയുന്നു. പതിവുപോലെ പടവിലിരിക്കുന്നു. കൈവിരലിൽനിന്നു വെള്ളത്തുള്ളികൾ കുളത്തിലേക്കു് ഇറ്റു വീഴുന്നു.
കുളത്തിൽ വീണ ആകാശത്തിലെ വെൺമേഘങ്ങൾ ഉടയുന്നു. ജലതരംഗങ്ങൾ.
കുട്ടേട്ടനും അയ്യപ്പനും എതിർവശത്തുകൂടി നടന്നുവരികയാണു്. അയ്യപ്പൻ ചുമടുമായി ധൃതിയിൽ പോയി.
കുട്ടേട്ടൻ കുളത്തിനടുത്തേക്കു വന്നു് പച്ചജലത്തിലേക്കു നോക്കുന്നു.

- കുട്ടേട്ടൻ:
- വേനലായിട്ടും ഒരു പടിക്കുവെള്ളേ കുറഞ്ഞിട്ടുള്ളൂ. ചണ്ടി പോയപ്പോ എന്തൊരു വിസ്താരം.
വാസു കുളത്തിന്റെ വിസ്താരം ശ്രദ്ധിക്കുന്നു.
- വാസു:
- (ആത്മഗതം) കുളത്തിനോടും ഒന്നു യാത്ര പറയണമെന്നു തോന്നി വെറുതെ.
വാസു കുളപ്പടവുകൾ കയറുന്നു.
കുട്ടേട്ടനും അയ്യപ്പനോടുമൊപ്പം ഓടിയെത്തുന്നു.
അവർ മുന്നോട്ടു നടക്കുകയാണു് ഒരു ചെമ്മൺപാതയിലൂടെ.
- കുട്ടേട്ടൻ:
- നമ്മുടെ പടിപ്പുര തോട്ടത്തിലു് ഒരു കുളം കുഴിച്ചൂടേ. സ്ഥലംണ്ടു്. എന്നും ഇല്ലത്തും വടക്കേലും പോവാണ്ടെ കഴിയാലോ. (വാസു ശ്രദ്ധിക്കുന്നു.)
- കുട്ടേട്ടൻ വീണ്ടും:
- അച്ഛനോടു് പറയ്വ. അച്ഛൻ പോണേനു മുൻപെ തൊടങ്ങട്ടെ പണി.
ദൂരെ അയ്യപ്പൻ ധൃതിവച്ചു ചുമടുമായി കിതച്ചുകൊണ്ടു നടക്കുന്നു.
കുട്ടേട്ടൻ നിന്നു ചുറ്റും നോക്കി മണ്ണിൽ കിടക്കുന്ന ഒരു മരക്കമ്പു് പെറുക്കിയെടുത്തു. കുട്ടേട്ടൻ കുത്തിയിരുന്നു. അവിടെ നിഴലുള്ളിടത്തു് കമ്പുകൊണ്ടു മണ്ണിൽ വര വരച്ചു്.
- കുട്ടേട്ടൻ:
- വളരെ വലുതാവണ്ട. ഇരുപതിനു പത്തു്. പത്തുകോൽ വീതി ധാരാളാ. വീട്ടാവശ്യത്തിനുള്ള കൊളാണല്ലോ.
കുട്ടേട്ടൻ കമ്പുകൊണ്ടും ആംഗ്യംകൊണ്ടും മണ്ണിൽ ഒരു കുളം വരയ്ക്കുന്നു.
- കുട്ടേട്ടൻ വാസുവിനോടു്:
- നല്ല വെട്ട്വല്ലു വേണം. മഞ്ഞയില്ലാത്ത മുന്തിയ കല്ലു്. ഇരുനൂറു് മുന്നൂറു കൊല്ലം കഴിഞ്ഞാലും കേടു വരില്ല. മാങ്കോത്തെ മേപ്പൊറത്തെ കല്ലു്. ഒന്നാന്തരാ.
അതു കേട്ടുകൊണ്ടു് വാസു കുട്ടേട്ടൻ വരച്ച കുളത്തിന്റെ ചിത്രത്തിൽ കണ്ണു നട്ടിരിക്കുന്നു. അവന്റെ സങ്കൽപത്തിൽ അതു മഴവെള്ളം നിറയുന്ന ഒരു കുളമായി.
- വാസു:
- അക്കൊല്ലം കർക്കിടകത്തിൽ പുഴ കലിതുള്ളി. ചുവന്ന മലവെള്ളം നിളയെ വിഴുങ്ങി. കൂടല്ലൂരിൽ വീട്ടുപടിക്കൽ വരെ വെള്ളം പൊങ്ങി.
വാസു മഴക്കാലത്തെ പുഴ കാണുന്നു. പലപല ദൃശ്യങ്ങൾ. രൗദ്രഭാവത്തിൽ ചുവന്ന മഴവെള്ളവുമായി കുതിച്ചൊഴുകുന്ന നിള. അതിന്റെ ഇടിഞ്ഞു വീഴാറായ ചെമ്മൺതട്ടിൽ ഒരു പച്ചത്തവള പതുങ്ങിയിരിക്കുന്നു.
പൊങ്ങിയ വെള്ളത്തെ ഭയന്നു് ഉറുമ്പുകളുടെ നിര ഉണങ്ങിയ ഒരു മരത്തണ്ടിൽ അഭയം തേടിയിരിക്കുന്നു.
കടവിൽ പച്ച നേന്ത്രവാഴക്കുലകളുമായി ഒരു തോണി വന്നണഞ്ഞിരിക്കുന്നു. അതിൽനിന്നു വാഴക്കുലകൾ കരയിലേക്കു മാറുന്നു. വെള്ള വയറുള്ള പരുന്തുകൾ ചുവന്ന വെള്ളത്തിനു മുകളിൽനിന്നു് ഇരയെ കൊത്തിപ്പറക്കുന്നു. കുലച്ച വാഴകളിലെ പഴുത്ത കുലകൾ കൊത്തിത്തിന്നുന്ന പക്ഷികൾ. വാസു എല്ലാം സൂക്ഷ്മമായി കാണുകയാണു്.
നിറഞ്ഞ പുഴയ്ക്കു മുകളിലെ പാലത്തിൽ നിന്നു് ഒരാൾ മുളന്തണ്ടിന്റെ അറ്റത്തു കോർത്ത വലയിൽ വെള്ളപ്പൊക്കത്തിൽ പുഴയിൽ ഒഴുകിയെത്തിയ ഒരു ഉണക്കത്തേങ്ങ ഉയർത്തുകയാണു്.
എംടിയുടെ ഓർമ്മ അവസാനിക്കുന്നു. പട്ടാമ്പിയിലെ പാലത്തിലേക്കു നോക്കി എംടി നിളയുടെ കരയിൽ നിൽക്കുകയാണു്.
- എംടി:
- നിറഞ്ഞൊഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ? ഇതൊരു മരുപ്പറമ്പായിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിൽ അപരിചിതമാണു് ഈ കാഴ്ച. മണൽകടത്തിന്റെ കോൺവോയ് സിസ്റ്റമാണു് ഞാനിപ്പോൾ കാണുന്നതു്. ഇവിടെ മണൽച്ചാക്കുകൾക്കു ജീവൻ വച്ചിരിക്കുന്നു.
നേരത്തേ കണ്ട നിറഞ്ഞ പുഴയ്ക്കു പകരം ഇപ്പോൾ അതേ പാലത്തിന്നടിയിലെ വരണ്ട പുഴ കാണുന്ന എംടി പാലത്തിന്നടിയിൽ ഇപ്പോൾ ചാക്കിൽ നിറച്ച മണൽ കടത്തുന്നവർ. എംടി വെള്ളമില്ലാത്ത ചൊരിമണലിലൂടെ നടക്കുന്നു. പശ്ചാത്തലത്തിൽ കോൺവോയ് സിസ്റ്റംപോലെ മണൽച്ചാക്കുകൾ ഒരാൾ മറ്റൊരാൾക്കു കൈമാറി തലയിലേറ്റി പോകുന്ന മണൽകൊള്ളക്കാർ.
ഉണങ്ങിയ പുഴയുടെ ദൃശ്യങ്ങൾ.
- എംടി:
- എത്രയോ ജലതർപ്പണങ്ങൾ നടന്ന നിളാതടത്തിനു് ആത്മാവുണ്ടായിരുന്നെങ്കിൽ അതു സ്വയം വിലാപഗീതങ്ങൾ എഴുതിയേനെ.
എംടി പണ്ടു നീന്തിത്തുടിച്ച കുളങ്ങളുടെ ഇപ്പോഴത്തെ ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥ കാണുന്നു.
- എംടി:
- എന്റെ ബാല്യം നീന്തിത്തുടിച്ച കുമരനെല്ലൂരിലെ കുളങ്ങളും മരിച്ചു പോയിരിക്കുന്നു. മലായിലെ പണക്കാരൻ പടവുകൾ കെട്ടിയ ഈ കുളത്തിനു പായൽ മാറ്റി പടവുകൾ പണിയാൻ ഇനി ഏതു വിദേശിയാകും വരിക.
അമേറ്റിക്കര കുളം തകർന്ന നിലയിൽ.
പ്ലാസ്റ്റിക്കും മാലിന്യവും നിറഞ്ഞ കാരക്കാടു് കുളം. തകർന്ന എരണിക്കൽ കുളം.
- എംടി:
- അക്കിത്തം എനിക്കു ഗുരുതുല്യൻ. അക്കിത്തത്തു മനയിലെ കുളം ഇടിഞ്ഞുപോയെങ്കിലും ഓർക്കാൻ ഞങ്ങൾക്കേറെയുണ്ടു്.

കുളപ്പടവിൽ എംടി യും അക്കിത്തവും. അക്കിത്തത്തു് മനയിലെ കുളം തകർന്ന നിലയിൽ. എംടിയും അക്കിത്തവും പഴയ ആൽബം മറിച്ചുനോക്കുന്നു. അതിൽ യുവാവായ എംടി.
എംടി തന്റെ പ്രിയപ്പെട്ട കുളത്തിനടുത്തെത്തുന്നു. അതു മാത്രം തകരാതെ.
- എംടി:
- എന്റെ പ്രിയപ്പെട്ട കുളം മാത്രം അധികം ഉടവു തട്ടാതെ ഇത്തിരി പച്ചവെള്ളവുമായി എന്നെ കാത്തിരിക്കുന്നു.
എംടി ചെരിപ്പൂരി വയ്ക്കുന്നു. ഒരു മീൻകൊത്തി കുളപ്പടവിൽ നിന്നു പറക്കുന്നു. പടവുകളിലൂടെ കുളത്തിലിറങ്ങുന്നു. ബാല്യത്തിന്റെ ഓർമയിൽ നിന്നെന്ന വിധം. കുനിഞ്ഞു മൂന്നു തവണ കൈക്കുടന്നയിൽ വെള്ളമെടുത്തു് അങ്ങേയറ്റം ആദരവോടെ ഒരനുഷ്ഠാനം പോലെ കുടയുന്നു. പിന്നെ പടവിൽ വന്നിരിക്കുന്നു. കാൽമുട്ടുകളിൽ നീട്ടിവച്ച കയ്യിൽനിന്നു വെള്ളത്തുള്ളികൾ ജലതരംഗങ്ങളുണ്ടാക്കിക്കൊണ്ടു കുളത്തിൽ ഇറ്റുവീഴുന്നു.
ഒരപ്പൂപ്പൻതാടി കുളത്തിലേക്കു പാറി വീഴുന്നു.
- എംടി:
- ഇപ്പോൾ നിന്നോടു വീണ്ടും യാത്ര പറയാൻ തോന്നുന്നു. നന്ദിയുണ്ടു് നിന്നോടു്. ഇത്രയും കാലം ഈ കുളിർജലവും പേറി എനിക്കായി കാത്തുനിൽക്കുന്നതിനു്. എന്റെ ബാല്യത്തിനു് കുളിർമ നൽകിയ ജലശയ്യയ്ക്കു നന്ദി.
എംടി മേൽപ്പോട്ടു നോക്കുന്നു. കുമരനെല്ലൂർ ഹൈസ്കൂൾ എന്നെഴുതിയ ബോർഡ് ആകാശപശ്ചാത്തലത്തിൽ കാണാം.
എംടി താൻ പഠിച്ച സ്കൂളിലെ കുട്ടികളുമായി സംസാരിക്കുന്നു. എംടി താനിരുന്ന ആ പഴയ ക്ലാസ്മുറി കാണുന്നു. ഒഴിഞ്ഞ ബെഞ്ചുകളുള്ള ക്ലാസ്മുറി. വാതിൽക്കൽ എംടി. എം. ടി. രാമനാഥയ്യർ മാസ്റ്ററുടെ പഴയ ശബ്ദം കേൾക്കുന്നു.
Nine gone for ever
Ten gone for ever
Eleven gone for ever
Twelve coming on to pass away.
ഈ ശബ്ദം എംടി ഒരു സിമന്റ് മതിലും ചാരി പുഴയിൽനിന്നു ലോറികളിൽ മണൽ കടത്തുന്നതു നോക്കിനിൽക്കുന്ന ദൃശ്യത്തിനു മുകളിലാണു്. മണലുംപേറി ആദ്യം ഒരു ലോറി പുഴയിൽ നിന്നു കയറിവരുന്നു.
രണ്ടു്, മൂന്നു്, നാലു്…
എത്രയോ ലോറികൾ… ഈ ലോറികൾക്കു മുകളിലാണു് രാമനാഥയ്യരുടെ ഇംഗ്ലീഷ് വാക്യങ്ങൾ.
- എംടി:
- വയ്യ. ഓരോ ലോറിയും ഇരച്ചു പായുന്നതു് എന്റെ നദിയുടെ ഹൃദയത്തിനു മുകളിലൂടെയാണു് അതെന്റെ തന്നെ ഹൃദയമാണു്.
മണൽ നിറച്ച ലോറികൾ പാഞ്ഞുവരുന്നു.
- എംടി:
- ഒരു നദിയെ എങ്ങനെ കൊല്ലാം എന്നതിന്റെ ഡെമോൺസ്ട്രേഷൻ ആണവിടെ നടക്കുന്നതു്.
നദിയിൽ നിർത്തിയിട്ട ഒരു ലോറിയിലേക്കു് ആളുകൾ മണൽ വെട്ടിയെടുത്തു നിറയ്ക്കുന്നു.
- എംടി:
- ഓരോരുത്തരും തങ്ങളാലാവുംവിധം ആ കൊലപാതകത്തിൽ പങ്കാളിയാകുന്നു.
ഒരു സ്ത്രീ ചാക്കിൽ മണൽ നിറയ്ക്കുന്നു. ലോറിയിലേക്കു് പലർ മണൽ വെട്ടി നിറയ്ക്കുന്നു.
സ്ത്രീ നിറച്ച ചാക്കുമായി പോകുന്നു.
ലോറി ചീറിപ്പായുന്നു.
സ്ത്രീ നിറച്ച ചാക്കു് മറ്റൊരാൾക്കു കൈമാറുന്നു.
പുഴയിൽ കള്ളവാറ്റു് നടക്കുന്നു. പുകപൊന്തുന്ന വാറ്റടുപ്പുകൾ. അടുപ്പിലെ പാത്രത്തിൽനിന്നു കുഴൽ വഴി വന്നു നിറയുന്ന ചാരായം. ഒരാൾ ഗ്ലാസിൽ ചാരായം മോന്തുന്നു. പുഴയിലിരുന്നു് ചീട്ടുകളിച്ചു് മദിക്കുന്നവർ.
നദിയെ വെട്ടിനുറുക്കുന്ന കൈക്കോട്ടുകൾ ലോറികൾക്കരികിൽ കൊലക്കത്തികൾപോലെ.
- എംടി:
- എന്റെ നദിയുടെ രക്തധമനികളെ അവർ വെട്ടിമുറിക്കുന്നു. നിളയുടെ കയ്യുംകാലും ശിരസ്സും വെവ്വേറെയാക്കി അവർ ഓഹരി വയ്ക്കുന്നു.
ലോറികൾ ക്രമം തെറ്റി പായുമ്പോൾ പുഴയ്ക്കകത്തു് അവർ വെട്ടിയുണ്ടാക്കിയ റോഡുകൾക്കരികിലൂടെ പൊന്തക്കാടിലൂടെ പശുക്കൾ പേടിച്ചു് വാലുപൊക്കി പായുന്നു.
- എംടി:
- ആരെയും ഭയപ്പെടാതെ നിന്നിൽ നീന്തിത്തുടിച്ച പൈക്കിടാങ്ങളുടെ സ്വാസ്ഥ്യം അവർ കെടുത്തുന്നു.
ഇലക്ട്രിക് പോസ്റ്റിലെ കമ്പിയിൽ വരിവരിയായി ചേക്കേറിയ കിളികൾ.
ലോറികളുടെ ചീറിപ്പായുന്ന ശബ്ദം കേട്ടു് പറന്നകലുന്നു.
- എംടി:
- നിന്റെ ആകാശത്തിൽ സ്വച്ഛന്ദം വിഹരിച്ചിരുന്ന കിളികൾ പറന്നുപോയിരിക്കുന്നു.
പുഴയിലെ ഇത്തിരി വെള്ളത്തിൽ ഒരാൾ അഴുക്കുപാത്രങ്ങൾ കഴുകുന്നു.
മണലെടുപ്പുകാർ അന്നത്തെ പണിനിർത്തി പണിയായുധങ്ങളുമായി പലവഴികളിൽനിന്നു തിരിച്ചുവരുന്നു.
- എംടി:
- നിന്നെ കൊന്ന സന്തോഷത്തിൽ നിളയുടെ രക്തം പുരണ്ട പണിയായുധങ്ങളുമായി വിജയശ്രീലാളിതരായി അവർ തിരിച്ചു വരുന്നു.
ലോറിയുടെ ശബ്ദം കേട്ടു കമ്പിയിലിരിക്കുന്ന ഒറ്റപ്പക്ഷി പറക്കുന്നു.
മണലെടുപ്പുകാർ ലോറിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണൽ കഴുകി വൃത്തിയാക്കുന്നു.
കറുത്ത പക്ഷികൾ പറന്നുപോകുന്നു.
അവർ പണിയായുധങ്ങൾ നിളാജലത്തിൽ മുക്കി കഴുകിവൃത്തിയാക്കുന്നു.
- എംടി:
- നിളയുടെ എല്ലാ രക്തക്കറകളെയും ഈ ജലത്താൽ മായ്ച്ചുകളഞ്ഞു് അവർ പോകുന്നു.
- എംടി:
- ഇതാ നിന്റെ രക്തം പുരണ്ട പണിയായുധങ്ങൾ. അതും നിന്റെ കുളിർജലത്തിൽ മുക്കി അവർ പരിശുദ്ധമാക്കുന്നു.
പണിയായുധങ്ങളുമായി അവർ പോകുന്നു.
എംടിയും കൂടല്ലൂർക്കാരനായ കുഞ്ഞാത്തനും കൂടി നദിയിലെ ഇഷ്ടികച്ചൂളയ്ക്കരികിലൂടെ നടക്കുന്നു.
- എംടി:
- നിന്റെ എല്ലുകളും കശേരുക്കളും പൊന്തി നിൽക്കുന്ന ഈ അസ്ഥികൂടം എന്റെ സ്വപ്നങ്ങളുടെയും ശ്മശാനമാണു്.
മാകേരിക്കുന്നിനു മുകളിൽനിന്നു നിളയുടെ വിഹഗവീക്ഷണം.
വയലിൽ മണലെടുക്കാൻ നിരന്നു നിൽക്കുന്ന ലോറികൾ. പൊന്തക്കാടുനിറഞ്ഞ ഒരു കണ്ണീർച്ചാൽപോലെ ഇത്തിരി വെള്ളം മാത്രമുള്ള നിളയുടെ കാഴ്ച-ഭൂപടംപോലെ.
- എംടി:
- മങ്കേരിക്കുന്നിനു മുകളിൽ നിന്നാൽ കാണുന്നതും നിന്നെ കൊല ചെയ്തു കൊണ്ടുപോകാൻ നിൽക്കുന്ന ആ ശവവണ്ടികൾ തന്നെ. പൊന്തക്കാടുകൾകൊണ്ടു തീർത്ത ഒരു ഭുപടം മാത്രമായി പുഴ അവസാനിച്ചിരിക്കുന്നു.
പൊന്തക്കാടുകൾ മൂടിയ നദി. ഇടതുവശത്തുകൂടി പാലത്തിലൂടെ തീവണ്ടി പോകുന്നു.
- എംടി:
- എന്റെ ബാല്യസ്മരണകളിലെ തീവണ്ടി ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു.
എംടി മണലെടുക്കുന്ന സ്ഥലത്തിനു സമീപമെത്തുന്നു. അവിടം അർധവൃത്തത്തിൽ ഒരു വലിയ കുഴിയായിരിക്കുന്നു. കുഴിക്കകത്തുനിന്നു മൺവെട്ടികൊണ്ടു് മണൽ കൊത്തി ചാക്കിൽ നിറയ്ക്കുകയാണു തൊഴിലാളികൾ. കുഴിയുടെ ഒരു വശം മുഴുവൻ നിറച്ച മണൽച്ചാക്കുകൾ. എംടി അതു നോക്കി നിൽക്കുന്നു. എംടിയുടെ നിഴൽ വെട്ടാനിരിക്കുന്ന മണലിൽ വീഴുന്നു. ആ നിഴലിന്റെ കഴുത്തിലേക്കു് കൈക്കോട്ടുവീഴുന്നു.
- എംടി:
- നിളയിൽ വീഴുന്ന ഓരോ വെട്ടും എന്റെ ശരീരത്തിലാണു പതിക്കുന്നതു്.
എംടിയുടെ കാഴ്ചപ്പാടിൽ 180◦ വൃത്തത്തിൽ ഒരു മണൽപ്പുറക്കാഴ്ച. പൊന്തക്കാടായി മാറിയ നദീതടത്തിന്റെ വിവിധ ദൃശ്യങ്ങൾ.
പശ്ചാത്തലത്തിൽ ‘മല്ലൂർകയം ഇനി ചൊല്ലു മാത്രം മല്ലൂരെ തേവർ തെരുവു ദൈവം’ എന്ന കാവ്യഭാഗം കേൾക്കാം.
ജെസിബിയുടെ ഭീമാകാരമായ കൈകൾ മണൽ മാന്തി ലോറിയിൽ നിറയ്ക്കുന്നു. അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ. വീണ്ടും പൊന്തക്കാടു്. പുഴയിൽ മണലെടുക്കുന്ന ജെസിബി. ജെസിബിയുടെ കൈകളുടെ കറക്കം. അതു ലോറിയിൽ മണൽ നിറയ്ക്കുന്നു. ഈ ദൃശ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
പശ്ചാത്തലത്തിൽ ഇടശ്ശേരിക്കവിത:
‘ശാന്തഗംഭീരമായ് പൊങ്ങിനിൽക്കും
അന്തിമഹാകാളൻ കുന്നുപോലും
ജൃംഭിതയന്ത്രക്കിടാവെറിയും
പമ്പരംപോലെ കറങ്ങിനിൽക്കും’
ജെസിബിയുടെ കൈകൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു.
- എംടി:
- വലിയൊരു പൊന്തക്കാടായി മാറിയ ഈ പുഴയെപ്പറ്റി ഇനി ഞാൻ എന്തെഴുതും? ഒരു നദിയുടെ ശവകുടീരത്തിന്നരികെ എന്നോ?
പൊന്തക്കാടു് നിറഞ്ഞ ചുട്ടുപഴുത്ത മണലിലൂടെ ഒരാൾ നടന്നു് അരികിൽ തളം കെട്ടിനിൽക്കുന്ന ഇത്തിരി വെള്ളത്തിൽ കാൽ കഴുകുന്നു.
- എംടി:
- പൊരിവെയിലിൽ നടന്നു തളർന്ന പാന്ഥനു് തന്നിൽ അവശേഷിച്ച ഇത്തിരി ജീവജലംകൊണ്ടു നിള ഇപ്പോഴും ആശ്വാസം നൽകുന്നുണ്ടു്.
കാർമേഘം മൂടിയ ഇരുണ്ട ആകാശം നിളയ്ക്കു കുടപിടിച്ചപോലെ. നദിയിലെ ഇത്തിരി വെള്ളത്തിലേക്കു് മഴത്തുള്ളികൾ വീഴുന്നു.
- എംടി:
- ഏതു നിമിഷവും മഴ പെയ്യാം.
പുഴയിലെ ജെസിബി തോണ്ടിയെടുത്ത ഇരുണ്ട കുഴികളിൽ മഴ പെയ്ത ഇത്തിരി ജലം തളംകെട്ടി കിടക്കുന്നു.
- എംടി:
- നിളയുടെ ബാഷ്പകണങ്ങൾ പോലെ ഇറ്റുവീണു് ഊറിക്കൂടിയ ഈ ജലത്തിനു സ്വസ്തി.
പശ്ചാത്തലത്തിൽ
‘അംബപേരാറേ നീ മാറിപ്പോമാ
ആകുലയാമൊരഴുക്കുചാലായ്’
ആലാപനം.
അസ്തമയശേഷമുള്ള ഇരുണ്ട പശ്ചാത്തലത്തിൽ നിൽക്കുന്ന എംടി.
വീണ്ടും ജെസിബിയുടെ ഭീമാകാരമായ കൈകൾ ഇത്തിരി നീരിൽനിന്നു മണൽ വകഞ്ഞെടുക്കുന്നു, നിറയ്ക്കുന്നു. അതിന്റെ കോമ്പല്ലുകൾ ഉയരുകയും താഴുകയും ചെയ്യുന്നു.
(ഡിസ്സോൾവ്)
വലതുവശം റോഡിൽ നിരനിരയായി മണലെടുക്കാൻ കാത്തുകിടക്കുന്ന ലോറികൾ. എംടി മടങ്ങുന്നു.
കാർ ലോറികളെ പിന്നിട്ടു സഞ്ചരിക്കുന്നു. കാറിന്റെ ഗ്ലാസിൽ മഴത്തുള്ളികൾ. മഴയിൽ നനഞ്ഞ പുൽമേടുകളെ പിന്നിലാക്കി കാർ ഓടുന്ന വഴികൾ. ഒരു വൻ മഴയെയും ആവഹിച്ചു് ഉതിരുന്ന ചെറുമഴത്തുള്ളികൾ… ഇടശ്ശേരിക്കവിത വീണ്ടും:
‘ഇനിയും നിളേ നീ ഇരച്ചുപൊന്തും ഇനിയും തടം തല്ലിപ്പാഞ്ഞണയും.’
ഈ കാവ്യഭാഗം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
എംടിയുടെ ആത്മഗതം കേൾക്കാം.
അശാന്തമായി കാത്തുകിടക്കുന്ന ഈ ലോറികൾക്കിടയിലൂടെ ഞാനെന്റെ മടക്കയാത്ര ആരംഭിക്കുകയാണു്. മഴ പെയ്തു നിറഞ്ഞു് മദിച്ചൊഴുകുന്ന ആ പഴയ നിളാനദി കാണാൻ ഞാൻ കൂടല്ലൂർക്കു വീണ്ടും വരും.
അജീഷ്: പട്ടാമ്പി വാസു
വിഷ്ണു: സുബ്രഹ്മണ്യൻ
ശ്രീദേവിടീച്ചർ കുമരനെല്ലൂർ: അമ്മ
ഹരിദാസ് വാരിയർ: കുട്ടേട്ടൻ
ഗൗരി: മലായക്കാരന്റെ മകൾ
അബ്ദുൾ നാസർ: മലായക്കാരൻ
കാലടി രാമചന്ദ്രൻ: അയ്യപ്പൻ
ഉണ്ണിയേട്ടൻ: ഇംഗ്ലീഷ് മാസ്റ്റർ
പന്നിക്കോടു് ഗോപിമേനോൻ: ചിത്രൻ നമ്പൂതിരിപ്പാട്
ശശികുമാർ: ഗോപിയേട്ടൻ
ടി. പി. കൃഷ്ണൻ മുളങ്കാവു്: ഹെഡ്മാസ്റ്റർ
അനിത് മേനോൻ: അപ്പുവേട്ടൻ
ആനന്ദ് പി. ദേവദാസ്: കൊച്ചുണ്ണിയേട്ടൻ
ദേവദാസ് ബോധി: വെളിച്ചപ്പാട്
ആരതി പി. ദേവദാസ്: കാർത്ത്യായനി ഓപ്പു
ഉണ്ണിക്കൃഷ്ണൻ അവലത്തൊടി: സന്ന്യാസി
എഎംസി വാസുദേവൻ നമ്പൂതിരി അണ്ടലാടിമന: യോഗി
മാധവൻനായർ പട്ടാമ്പി: അച്ഛൻ
വിജയൻ ചാത്തന്നൂർ: പുള്ളുവൻ
കാമിനി: പുള്ളുവത്തി
എം. വെള്ളൂർ: പോസ്റ്റ്മാൻ നമ്പ്യാർ
നിർമല വെള്ളൂർ: ഭാര്യ
പന്നിക്കോടു് നരേന്ദ്രൻ: യുവ അധ്യാപകൻ
കനകരാജ് ഇടശ്ശേരി: ബാർബർ
രാജേഷ് അയീക്കോടൻ: തട്ടാൻ
അസോസിയേറ്റ് എഡിറ്റർ: സാഹിറ റഹ്മാൻ
കുറ്റിപ്പുറംപാലം ആലാപനം: ഡോ. എസ്. പി. രമേഷ്
നിർമാണനിർവഹണം: സുരേഷ് സി. കുട്ടൻ
കലാസംവിധാനം: ഉണ്ണിക്കുട്ടൻ
ഗ്രാഫിക്സ്: രതീഷ്
അസി. എഡിറ്റർ: റാഷിദ് എം. കെ.
പട്ടാമ്പി, കൂടല്ലൂർ, കുമരനെല്ലൂർ ഗ്രാമങ്ങളിലെ മണ്ണിനും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും കുളങ്ങൾക്കും നിളാനദിക്കും നന്ദി.

കഥാകൃത്തു്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ,ചലച്ചിത്ര സംവിധായകൻ. മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെയും ഉമ്മാലി ഉമ്മയുടെയും പത്താമത്തെ മകനായി കാസർകോടു് ജില്ലയിലെ ഉദുമയിൽ ജനിച്ചു. കാസർകോടു് ഗവ. കോളേജിൽ നിന്നു് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. പട്ടാമ്പി സംസ്കൃത കോളേജിൽ നിന്നു് മലയാളത്തിൽ എം. എ. ബിരുദം. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം സെന്ററിൽ നിന്നു് ഒന്നാം റാങ്കോടെ എം. ഫിൽ ബിരുദം. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നു് ടെലിവിഷൻ പ്രൊഡക്ഷനിൽ പി. ജി. ഡിപ്ലോമ. കുറച്ചുകാലം ട്രാഫിക് സെൻസസിൽ എന്യൂമറേറ്ററായിരുന്നു. ലാന്റ് ട്രിബ്യൂണലിൽ പകർപ്പെഴുത്തു ഗുമസ്തനായും, താലൂക്കു് ഓഫീസിൽ ക്ലർക്കായും ജോലി ചെയ്തു. ഒരു വർഷം ഫാറൂഖ് കോളേജിൽ ലക്ചറർ. തുടർന്നു് കേരളത്തിലെ ആറു് ഗവ. കോളേജുകളിൽ മലയാളം ലക്ചററായി ജോലി ചെയ്തു. അഞ്ചു വർഷം ഗൾഫിൽ അധ്യാപകൻ.
‘തള’ എന്ന നോവലിനു് കാലിക്കറ്റ് സർവ്വകലാശാല അവാർഡും, ‘മഹല്ലു്’ എന്ന നോവലിൻ മാമ്മൻമാപ്പിള അവാർഡും (പ്രസിദ്ധപ്പെടുത്തിയിട്ടില്ല.) ലഭിച്ചിട്ടുണ്ടു്. ‘മൂന്നാംവരവു്’, ‘കുലചിഹ്നം’, ‘ദലാൽ സ്ട്രീറ്റ്’, കടൽകൊണ്ടുപോയ തട്ടാൻ, ‘ഉന്മാദികളുടെ പൂന്തോട്ടം’ എന്നീ കഥാസമാഹാരങ്ങളും ‘ആടുംമനുഷ്യരും’ (എഡിറ്റർ), ‘ബഷീർ ഭൂപടങ്ങൾ’, ‘പ്രവാസിയുടെ യുദ്ധങ്ങൾ’ ‘ഒപ്പുമരം’ (ചീഫ് എഡിറ്റർ) എന്നീ ലേഖന സമാഹാരങ്ങളും ‘ബഷീർ ദ മാൻ’, ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്നീ തിരക്കഥകളുമാൺ പ്രസിദ്ധപ്പെടുത്തിയ കൃതികൾ. ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററിക്കു് 1987-ലെ ദേശീയ അവാർഡ്, കേരള സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബിവംശജൻ തലാൽ മൻസൂറിനെപ്പറ്റി അതേ പേരിൽ ഖത്തറിൽ വെച്ചു് ഒരു ഡോക്യുമെന്ററി പൂർത്തിയാക്കി.
കാസർകോട്ടെ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന ‘അരജീവിതങ്ങൾക്കൊരു സ്വർഗം’ എന്ന ഡോക്യുമെന്ററി, ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത എം. ടിയുടെ ‘കുമരനെല്ലൂരിലെ കുളങ്ങൾ’ (ഇന്ത്യൻ പനോരമ എൻട്രി) അടക്കം ആകെ പന്ത്രണ്ടു് ഡോക്യുമെന്ററികൾ ചെയ്തു. സംസ്ഥാന-ദേശീയ ചലച്ചിത്ര ജൂറികളിൽ അംഗമായിട്ടൂണ്ടു്. മൊഗ്രാലിലെ പാട്ടു് കൂട്ടായ്മയെപ്പറ്റിയുള്ള ‘ഇശൽ ഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിക്കു് 2006-ലെ ടെലിവിഷൻ അവാർഡ് ലഭിച്ചു. ‘കോവിലൻ എന്റെ അച്ഛാച്ഛൻ’ എന്ന ഡോക്യുമെന്ററിക്കു് 2006-ലെ സംസ്ഥാന അവാർഡും ലഭിച്ചു. ഡോ. ടി. പി. സുകുമാരൻ അവാർഡ്, പ്രൊഫ. ഗംഗാപ്രസാദ് പരിസ്ഥിതി അവാർഡ്, എസ്. എസ്. എഫ്. സാഹിത്യോത്സവ് അവാർഡ് എം. എസ്. എം. പരിസ്ഥിതി അവാർഡ് എന്നിവ നേടി. 2015-ൽ കണ്ണൂർ സർവകലാശാല മനുഷ്യാവകാശ പ്രവർത്തനത്തിനു് ആചാര്യ അവാർഡ് നൽകി ആദരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണു്’ എന്ന പുസ്തകത്തിനു് 2016-ലെ ഓടക്കുഴൽ അവാർഡും ലഭിച്ചു. അരീക്കോട് എസ്. എ.സയൻസു് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന കവയിത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാൻ സഹധർമ്മിണിയാണു്. മകൻ: ഈസ റഹ്മാൻ.