“ഇന്നലെ ഇവിടത്തെ ഐസലേഷൻ വാർഡിൽ കിടന്നു് രവി മരിച്ചു.” അടുക്കളയിൽ നിന്നു് കൈ കഴുകി സാരിയിൽ തുടച്ചുകൊണ്ടു വരുമ്പോഴാണു് കൊച്ചനിയൻ എഴുത്തും കൊണ്ടു് വന്നതു്.
എക്സ്പ്രസ്സ് ഡെലിവറിയാണു്.
ഏതാണ്ടൊരു നമ്പറിന്റെ നേരെ അവൻ പറഞ്ഞ ഇടത്തു് ഒരു കടലാസ്സിൽ ഒപ്പിട്ടു കൊടുത്തതിനുശേഷമാണു് പൊട്ടിച്ചതു്. എക്സ്പ്രസ്സ് ഡെലിവറി. സാധാരണയാണെങ്കിലും ഒരെഴുത്തു വന്ന കാലം മറന്നു.
ധൃതിയിൽ കയ്യക്ഷരം പോലും ശ്രദ്ധിക്കാതെയാണു് പൊട്ടിച്ചതു്.
ഇന്നലെ ഇവിടത്തെ ഐസലേഷൻ വാർഡിൽ കിടന്നു് രവി മരിച്ചു.
രവീ-രവീ…
രവി മരിച്ചു.
ഇവിടത്തെ ഐസലേഷൻ വാർഡിൽ കിടന്നു് രവി മരിച്ചു.
എവിടെയാണു്?
ന്യൂഡെൽഹി. 10-6.
ന്യൂഡെൽഹി.
ന്യൂഡെൽഹിയിൽ ആയിരുന്നുവോ?
സൂസന്നാമ്മ വർഗ്ഗീസ് ആണു് ഒപ്പിട്ടിരിക്കുന്നതു്.
സൂസന്നാമ്മ
സൂസന്നാമ്മ വർഗ്ഗീസ്, നെർസ്, സാഫ്ഡർജങ് ഹോസ്പിറ്റൽ, ന്യൂഡെൽഹി.
“രവി മരിച്ചു.”
രവീ
“സെപ്റ്റിക് ഫീവർ ആയിരുന്നു. ഒരു പഴയ ആണിയോ മറ്റോ കാലിൽ കൊണ്ടുകയറി. അതു പഴുത്തു് സെപ്റ്റിക് ആയി. സമയം വളരെ വൈകിയിട്ടാണു് ഇവിടെ കൊണ്ടുവന്നതു്.
വൈദ്യശാസ്ത്രത്തിനു ചെയ്യാൻ കഴിവുള്ളതെല്ലാം ചെയ്തു നോക്കിയിട്ടുണ്ടു്. അങ്ങിനെ നിങ്ങൾക്കു സമാധാനിക്കാം.
വല്ലതും സംഭവിക്കുകയാണെങ്കിൽ നിങ്ങളെ അറിയിക്കണം എന്നു ബോധമുള്ള സമയത്തു എന്നെ പറഞ്ഞേൽപ്പിച്ചിരുന്നതാണു്.
നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ.
-സൂസന്നാമ്മ വർഗ്ഗീസ്.”
പഴയ ആണി കയറി പഴുത്തു വേദനതിന്നു് രവി മരിച്ചു. ചിരിയും വെളിച്ചവും മാത്രമായിരുന്നു രവി. നാഴികകൾക്കപ്പുറം ഒരു പരിചയവുമില്ലാത്ത നാട്ടിൽ വലിയ ആശുപത്രിയുടെ കോണിൽ, വേണ്ടപ്പെട്ടവരാരും അടുത്തില്ലാതെ കിടന്നു മരിച്ചു.
ജീവചൈതന്യത്തിന്റെ പൊട്ടിച്ചിരിച്ചൊഴുകുന്ന കാട്ടാറായിരുന്നു രവി.
മുമ്പിൽ കിളിക്കൂടുപോലെ പൊക്കി പുറകോട്ടു ചീകിവെച്ച ചുരുളിച്ചയുള്ള മുടിയും വലിയ വിടർന്ന കണ്ണുകളും ഉള്ള രവി
രവി മരിച്ചു.
രവി മരിക്കുകയോ…
ഇനി ഒരിക്കലും കാണാൻ പറ്റില്ല.
ആ ചിരിക്കുന്ന കണ്ണുകൾ…
അവൾ ഇടതു കൈപൊക്കി കൈത്തണ്ടമേൽ അമർത്തിക്കടിച്ചു.
വേദനയുണ്ടു്.
താനല്ല മരിച്ചതു്.
രവിയാണു്.
You are born with a sick conscience…
രവീ
“ആരുടെയാണു് മോളേ എഴുത്തു്? എന്താ വിശേഷം?”
അവൾ ആ നീലക്കടലാസ് ചുരുട്ടിക്കൂട്ടി കയ്യിലൊതുക്കി.
ഇവരൊക്കെയും കൂടെ കൂടിയാണു് രവിയെ കൊന്നതു്.
“എന്റെ ഒരു കൂട്ടുകാരിയുടേയാണു് അമ്മേ. ഒന്നുമില്ല വിശേഷിച്ചു്.”
അവൾ അകത്തു് കട്ടിലിൽ ചെന്നു് ഇരുന്നു.
ഇതു് തെറ്റാണെന്നു് ഇന്ദിരക്കു് ഒരു ദിവസം മനസ്സിലാകാതെ ഇരിക്കില്ല.
രവീ
“ഇന്നെന്താ സ്ക്കൂളിൽ പോണില്ലേ? മണി ഒമ്പതു കഴിഞ്ഞിട്ടു് ശ്ശി നേരായി?” പോകണം. ഇവിടെ നിന്നു പോകുകയാണു് ഭേദം.
“എന്തുപറ്റി നിണക്കു്? വല്ലാണ്ടു് ഇരിക്കുണു കണ്ടിട്ടു്. വയ്യെങ്കില് അവധിയെഴുതി കൊടുത്തയക്ക്, കുട്ടികളുടെ കയ്യില്.”
അവൾ എഴുന്നേറ്റു.
“പോകാതെ പറ്റില്ല. അമ്മേ.”
സാരി ഉടുക്കാൻ തുടങ്ങുന്നതു കണ്ടുകൊണ്ടു് അമ്മ അടുക്കളയിലേക്കു് പോയി.
അവൾ എഴുത്തു് ചുളിനിവർത്തി മടക്കി ബ്ലൗസിനകത്തേക്കിട്ടു.
ഇന്ദിര രണ്ടു കൈ കൊണ്ടും സുഖം വലിച്ചെറിയുകയാണു്.
“ചേച്ചി വരണില്ലേ. മണി ഒമ്പതരയാവാറായി.” രമ പുറത്തു നിന്നു വിളിച്ചു പറഞ്ഞു.
“നിങ്ങള് പൊയ്ക്കോളൂ. ഞാൻ വന്നോളാം.”
“എന്തിനാ മോളേ തന്നെ പോണതു്. അവര് ഇത്തിരി നിക്കട്ടെ.”
അമ്മ പിന്നേയും കയറി വന്നു. “രമേ, വരട്ടെ പോകാൻ.”
ഇവരെല്ലാവരും കൂടി…
“സാരമില്ല അമ്മേ. അവര് പൊയ്ക്കോട്ടെ. നേരം വൈകിയാൽ അവർക്കു് അതു് കേസ്സാവും പിന്നെ പൊയ്ക്കോളിൻ, കുട്ടികളെ”
അമ്മയും കൂടെ ഒന്നു പോയിരുന്നെങ്കിൽ…
അവൾ ഒരു വിധം തലവെട്ടിച്ചിറങ്ങി.
“പൊട്ടു തൊട്ടില്ല.” അമ്മ നോക്കിക്കൊണ്ടു നിൽക്കുകയാണു്.
“ഇനി ഇപ്പോൾ ഇന്നു വേണ്ട.”
“ഇത്തിരി നേർത്തെ നോക്കിയിരുന്നെങ്കിൽ ഇങ്ങനെ പെടയണോ?”
രവിയെ കൊന്നു. ഇനി…
“ഇന്ദിര നിക്ക്. കൊട എടുത്തില്ല.”
അമ്മ അതുംകൊണ്ടു് പിന്നാലെ വരികയാണു്.
ഭഗവാനേ…
അവൾ അതു് നിവർത്താതെ കയ്യിൽ തൂക്കിയിട്ടു് നടന്നു.
ഓ തനിക്കും പനി വന്നിരുന്നെങ്കിൽ
രവീ…
കോളേജിന്റെ മുമ്പിൽകൂടി വേണം പോകാൻ.
പരീക്ഷ കഴിഞ്ഞ ദിവസം ഹിസ്റ്ററിബ്ലോക്കിന്റെ പടിഞ്ഞാറെ വരാന്തയിൽ വെച്ചു്…
അതിനകത്തുവെച്ചല്ലേ രവിയെ പരിചയപ്പെട്ടതും രവി കൈവിട്ടു പോയതും. ഹോണേഴ്സിന്റെ അവസാനത്തെ കൊല്ലം. മാഗസീനിന്റെ എഡിറ്റോറിയൽ ബോർഡിൽ ഉണ്ടായിരുന്നതുകൊണ്ടാണു് രവിയുമായി അടുക്കുവാൻ ഇടയായതു്. അല്ലെങ്കിൽ കിളിക്കൂടുപോലെ പൊക്കി തലയും ചീകി, സിൽക്ക് ഷർട്ടിട്ട്, വാസനയും പുരട്ടി, ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന വിഡ്ഢികളിൽ ഒരാളായേ രവിയേയും കണക്കാക്കുമായിരുന്നുള്ളു.
താൻ Pre-Independence days-നെപ്പറ്റി എഴുതിയ ഉപന്യാസം മാഗസീനിൽ ഇടാൻ കൊടുക്കുമോ എന്നു ചോദിക്കാൻ രവി വന്നു. The Nineteen Fortys. അതായിരുന്നു ഉപന്യാസത്തിന്റെ പേരു്. അതെഴുതിയില്ലായിരുന്നെങ്കിൽ രവി വരില്ലായിരുന്നു. അന്നു മുതലാണു് പരിചയം ആരംഭിച്ചതു്.
ചിത്രശലഭം എന്നു താൻ മനസ്സിൽ വിളിക്കാറുണ്ടായിരുന്ന രവി. വരാന്തയുടെ മൂലയിലും കോണിയുടെ ചുവട്ടിലും നിന്നു് സംസാരിക്കുന്നതും സല്ലപിക്കുന്നതും വെറുത്തിരുന്ന താൻ…
തന്റെ പരിപാടി നേർത്തെ നിശ്ചയിച്ചിരുന്നതല്ലേ? അതിൽ ചിത്രശലഭങ്ങളുമായി കൂട്ടുകെട്ടിനിടം ഇല്ലായിരുന്നുവല്ലോ.
നന്നായി ജയിക്കണം. ഉദ്യോഗസ്ഥയാവണം. ആൺപിള്ളർ ഉള്ളതെല്ലാം കൊച്ചുങ്ങൾ അല്ലേ? അമ്മയുടെ ഭാരം താൻ പങ്കു ചേർന്നെങ്കിലല്ലേ പറ്റുമായിരുന്നുള്ളൂ.
വിഡ്ഢിത്തത്തിനൊന്നും സമയമില്ല. എന്നിട്ടും—വികൃതി എന്നു പേരെടുത്തിരുന്ന രവി…
ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോൾ, മാസ്റ്റർമാരുടെ, കണ്ടാൽ ചിരി അടക്കാൻ പറ്റാത്ത കാർട്ടൂണുകൾ വരച്ചു് പെൺകുട്ടികളുടെ വശത്തേക്കു പിന്നിൽ കൂടി എങ്ങിനെയെങ്കിലും എത്തിക്കാറുള്ള രവി.
പെൺകുട്ടികളുടെ ജീവനായിരുന്ന രവി…
അന്നു ക്രിക്കറ്റ് കളിക്കുമ്പോൾ മൂക്കത്തു് ബോൾ കൊണ്ടു് എന്തോ തകരാറു പറ്റി വീട്ടുകാർ മദിരാശിക്കു് ഏറോപ്ലേനിൽ കൊണ്ടുപോയ ദിവസം എത്ര പിള്ളരാണു് കരഞ്ഞതു്.
എന്തെല്ലാം കഥകളാണു് അന്നു പറഞ്ഞു പരത്തിയിരുന്നതു്.
രവിയുടെ മൂക്കുപോയി എന്നൊരു കൂട്ടർ. പ്ലാസ്റ്റിക് സർജറിക്കാണു കൊണ്ടുപോയിരിക്കുന്നതെന്നു് വേറൊരു കൂട്ടർ. എന്തൊരു ബഹളമായിരുന്നു.
ഒരാഴ്ചക്കുള്ളിൽ അതേ കിളിമൂക്കും വികൃതിച്ചിരിയുമായി രവി മടങ്ങി വന്നു.
ആ കോളേജിലെ ഏതു് ഇളക്കക്കാരി സുന്ദരി വേണമെങ്കിലും രവിയൊന്നു ഞൊടിച്ചാൽ പുറകെ നടക്കുമായിരുന്നു.
എന്നിട്ടും രവി…
രവീ…
അന്നു ക്രിസ്തുമസിനു് കോളേജടയ്ക്കുന്ന ഇടയ്ക്കു്…
ഒരു ഇരട്ടപ്പായക്കടലാസ്സ്, കുട്ടികൾ പരീക്ഷയ്ക്കു് കോപ്പി അടിക്കാൻ ഡാപ്പ് കൊണ്ടു വരുന്ന മാതിരി അര ഇഞ്ചു് വീതിയിൽ റിബ്ബൺ പോലെ വെട്ടി, അതു നിറച്ചു് കുനുകുനെ Many happy returns of the day എന്നെഴുതി മടക്കി മടക്കി ഈർക്കിലി വണ്ണത്തിലാക്കി കൈയിൽ തന്നതു്…
തന്റെ പിറന്നാളായിരുന്നു. എങ്ങിനെ കണ്ടുപിടിച്ചോ എന്തോ. വീട്ടിൽ പിറന്നാൾ കഴിക്കുന്ന പതിവില്ല. താൻ ജനിച്ച ദിവസം അത്ര ഓർമ്മിക്കത്തക്കതാണു് എന്നു തനിക്കു തന്നെയും തോന്നിയിട്ടില്ല.
എന്തെല്ലാമാണു് രവി കാണിച്ചിട്ടുള്ളതു്. സാധാരണ മനുഷ്യർ ചെയ്യാത്ത പ്രവൃത്തികൾ.
എന്നിട്ടു്
പരീക്ഷ കഴിഞ്ഞ ദിവസം.
വേറെ ഒന്നും പറയാതെ കണ്ട ഉടനെ “നമുക്കു് അങ്ങുപോയി വിവാഹം കഴിക്കാം ഇന്ദിരേ.” രവിയുടെ മറ്റു പ്രവൃത്തികൾ പോലെ തന്നെ ആയിരുന്നു അതും. “ഇന്നു പിരിയേണ്ട ദിവസമാണു്. നമ്മൾ എന്തിനു പിരിഞ്ഞു ജീവിക്കുന്നു. വരൂ.”
“വരൂ എന്തെളുപ്പം കഴിഞ്ഞു.”
“എളുപ്പം അല്ലാതെന്താ. ഞാൻ ഇന്ദിരയെയാണു് കല്യാണം കഴിക്കുക എന്നു നിശ്ചയിക്കുന്നു. ഇന്ദിര…”
“King Cophetua swore a royal oath:
This beggar maid shall be my queen!”
രവിയെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഇടക്കു കയറി പദ്യം പറയാൻ പോയി.
“shut up”
“അല്ലേ. ഏതാണ്ടു് അതുപോലെ അല്ലേ ഇതു്.”
“കളി നിർത്തു ഇന്ദിരേ. എന്നിട്ടു് എനിക്കു് നേരെ ഒരു സമാധാനം തരൂ.”
“കളിയല്ല കാര്യമാണു പറയുന്നതു്. നമ്മൾ രണ്ടു ലോകങ്ങളിലാണു് ജീവിക്കുന്നതു്. ഓരോരുത്തർക്കു് ഓരോ ബേക്ഗ്രൗണ്ട് ഇല്ലേ.”
“ബേക്ഗ്രൗണ്ട് പോലും.”
“ഹിന്ദിയിൽ ബേക്ഗ്രൗണ്ടിനു് എന്താണു പറയുക എന്നു് അറിയാമോ?”
അങ്ങിനെ ഓരോന്നു ചോദിച്ചു് സമയം കളയാൻ അന്നു തോന്നിയതു്…
“ഹിന്ദി എനിക്കറിയാൻ വയ്യ”
എന്താ ഹിന്ദി കൊള്ളില്ലേ. രാഷ്ട്രഭാഷ…”
“വിഡ്ഢിത്തം പറയാണ്ടെ ഇരിക്കൂ ഇന്ദിരേ. സമ്മതമാണോ. അതു കേൾക്കട്ടെ.”
“എനിക്കച്ഛനില്ല.”
“അറിയാം.”
“ഞങ്ങൾ ഏഴാളാണു്.”
“ഉം.”
“എനിക്കവരോടാണു് ആദ്യത്തെ കടപ്പാടു്.”
“ഞാൻ എന്റെ വീട്ടുകാർക്കു് സമ്മതമല്ലാത്തതു് ചെയ്യാൻ തയ്യാറാണെങ്കിൽ-”
“വ്യത്യാസമുണ്ടല്ലോ, നിങ്ങൾ പണക്കാർ.”
“പിന്നെയും തുടങ്ങി. പണമുണ്ടെന്നുവച്ചു് അച്ഛനും അമ്മയും അച്ഛനുമമ്മയും അല്ലാതാകുമോ?”
പിന്നെ എന്തൊക്കെ പറഞ്ഞു അന്നു്, പറഞ്ഞു പറഞ്ഞു് അവസാനം…
“അപ്പോൾ അല്ലെന്നാണുത്തരം. ഞാനിതു് പ്രതീക്ഷിച്ചിരുന്നു. രണ്ടു കൈ കൊണ്ടും സുഖം വലിച്ചെറിയുന്ന വിഡ്ഢിയാണു് ഇന്ദിര. Born with a sick conscience. അതുപോകട്ടെ. ഇങ്ങിനെ നിന്നു സംസാരിച്ചു് സമയം കളഞ്ഞിട്ടെന്തു വേണം. ഞാൻ പോകുകയാണു്. ഇക്കാണിക്കുന്നതു് തെറ്റാണെന്നു് ഇന്ദിരക്കൊരു ദിവസം മനസ്സിലാകും.”
മനസ്സിലായി, രവീ. തികച്ചും മനസ്സിലായി. രവി വിചാരിച്ചിരുന്നതിലും ഒക്കെ വളരെ നേർത്തേ മനസ്സിലായി.
ഈ ആറു കൊല്ലം ഒന്നും വേണ്ടിവന്നില്ല അതു മനസ്സിലാക്കാൻ. വലിയ ബുദ്ധിശാലിനി എന്നഭിമാനിച്ചുകൊണ്ടു് നടന്നു് മൂന്നാം ക്ലാസ് മേടിച്ചു. സ്ക്കൂൾ മിസ്ട്രസ്സും ആയി.
സ്ക്കൂൾ മിസ്ട്രസ്സ് ആവരുതെന്നു നിർബ്ബന്ധം ഉണ്ടായിരുന്നതാണു്. Those who cannot teach. ആ സായിപ്പ് പറഞ്ഞിട്ടുള്ളതെല്ലാം വേദവാക്യം ആയിരുന്നില്ലേ അന്നു്. അതെ, അദ്ധ്യാപിക ആവരുതെന്നുണ്ടായിരുന്നു. അതുതന്നെ ആയി.
അല്ലാതെ പിന്നെ എന്തുകിട്ടാൻ, മൂന്നാംക്ലാസ് ഹിസ്റ്ററി ഓണേഴ്സിനു്.
തെറ്റാണെന്നു ശരിക്കും മനസ്സിലായി.
നല്ലവനായ കുമാരമേനോൻ മാസ്റ്റരുടെ വിവാഹാലോചനയുംകൊണ്ടു വീട്ടിൽ ആളു വരികയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല അതു മനസ്സിലാക്കാൻ.
ആ അളവുകോൽ വെച്ചാണു് പിന്നീടു് എല്ലാവരേയും അളക്കുന്നതു് എന്നു മനസ്സിലാവാൻ വാസ്തവത്തിൽ ഒട്ടും താമസമുണ്ടായില്ല.
താമസത്തിന്റെ ചോദ്യം തന്നെ ഉണ്ടായിരുന്നില്ല, രവീ. അപ്പോൾത്തന്നെ അറിയാമായിരുന്നു. ഇല്ല എന്ന സമാധാനവുമായി രവിയെ പറഞ്ഞയച്ചപ്പോൾ തന്നെ അറിയാമായിരുന്നു.
ശരിയെന്നു തോന്നിയതു് ചെയ്തു പോയി.
മാപ്പു തരൂ, എന്റെ രവീ, മാപ്പു് തരൂ.
അന്നു് അങ്ങിനെ കളിയായി പറഞ്ഞു നിന്നില്ലെങ്കിൽ കരഞ്ഞുപോകുമായിരുന്നു.
അതും രവിയുടെ വലിയ ഹൃദയം മനസ്സിലാക്കിയിരിക്കാം. ഇല്ലേ രവീ?
ശരിയും തെറ്റും…
കടമകളും കടപ്പാടുകളും…
രവീ…
ഈ ശാപം പിടിച്ച സ്ക്കൂളും, എല്ലാം കൂടെ ഒരു മുറിയിൽ ഇട്ടു് അടയ്ക്കപ്പെട്ടിരിക്കുന്ന അദ്ധ്യാപകരും, അടക്കമില്ലാത്ത കുട്ടികളും.
രവീ…
ആ നശിച്ച സ്ക്കൂൾ ആയി.
കുട്ടികളുടെ തിരക്കില്ല, പടിക്കൽ. അതു് ദൈവാധീനം.
ചെന്നുകേറുന്ന ഇടത്തു തന്നെയാണു് ടീച്ചേഴ്സ് റൂം. നെടുംപുര പോലത്തെ ഒരൊറ്റമുറി. സ്ക്രീനിനപ്പുറം പുരുഷന്മാരാണു്.
എല്ലാവർക്കും ഇരിക്കാൻ തികയാൻ ബെഞ്ചുപോലുമില്ല.
ഒരു ഡെസ്ക്കുണ്ടു്. നിറച്ചു് ഓരോരുത്തർ ഉണ്ണാൻ കൊണ്ടു വരുന്ന പൊതികളും ചോറ്റുപാത്രങ്ങളും.
നടുവിലെ കാലൊടിഞ്ഞ മേശക്കു ചുറ്റും മൂന്നു നാലുപേർ കൂടി കുശുകുശുക്കുന്നു. വൈകുന്നേരം നാലുമണിതൊട്ടു് ഇന്നു് ഇതുവരെയുള്ള നുണയൊക്കെ കൈമാറണ്ടേ. ആരുടെയെല്ലാം ദൂഷ്യം പറയണം.
സ്ക്രീനിന്റെ അപ്പുറത്തു നിന്നു് ഒരു സിനിമാപ്പാട്ടിന്റെ ശകലം പാറി വന്നു. സിഗരറ്റിന്റെ ഗന്ധം. ഒരു പൊട്ടിച്ചിരിയും.
രവീ
ജനലിന്റെ അടുത്ത മൂലയിൽ നിന്നു് അടക്കിപ്പിടിച്ച ചിരികൾ. ആ കൂട്ടത്തിനു് എന്നുമുള്ളതല്ലേ ഇതു്. സാവിത്രിയാണു് നടുക്കു്.
സാവിത്രിയും കുഞ്ഞുകുട്ടൻ മാഷും.
ബസ്സിൽ അവർ ഒന്നിച്ചല്ലേ വരുന്നതു്. അങ്ങോർ എന്തെങ്കിലും ഒരു വിശേഷം കാണിക്കുമല്ലോ, എന്നും ഇവർക്കു് കൊണ്ടുവന്നു് പറഞ്ഞു ചിരിക്കാൻ.
ഇതിന്റെ ബാക്കിയായിരിക്കും ഇപ്പോൾ അപ്പുറത്തു്.
രവീ…
“ഇന്ദിര എന്താ ഇവിടെ ഇങ്ങിനെ നിക്കണതു്?” മീനാക്ഷിയമ്മ ടീച്ചർ, ഒരു കെട്ടു കടലാസ്സും കൊണ്ടു് ഇവർ ഇപ്പോൾ എവിടെ നിന്നു വരുന്നു?
“ഇതുകൊള്ളാം. ലീവ് ആപ്ലിക്കേഷൻ വന്നില്ല. ആളേം കാണണില്ല എന്നു പറഞ്ഞു് ഹെഡ് മാഷ് ദേ അവിടെ കെടന്നു് ചാടണു. ഫസ്റ്റ് പീരേഡ് ക്ലാസ്സല്ലേ? ഇതെന്തുപറ്റി?”
ഫസ്റ്റ് പീരേഡ് ക്ലാസ്സ്…
അവൾ അതുപോലെ ഇറങ്ങി നടന്നു.
എന്തു് ആഴ്ചയാണു്? എന്തു് ആഴ്ചയാണു് ഇന്നു്?
ഏതു ക്ലാസ്സിൽ ആണു് പോകേണ്ടതു്?
ഭഗവാനെ…
ഹെഡ്മാസ്റ്റർ വാതിൽക്കൽ നിൽക്കുന്നുണ്ടു്. അതായിരിക്കണം ക്ലാസ്സ്, ബാക്കി എല്ലായിടത്തും ആളെത്തിക്കാണുമല്ലോ.
ഒരു നോട്ടം മാത്രം നോക്കി അദ്ദേഹം വാതിൽക്കൽ നിന്നു് മാറി നിന്നു.
അവൾ കുടയും കൈയിൽ തൂക്കി ആ ആൺകുട്ടികളുടെ മുമ്പിൽ പകച്ചു നിന്നു. ഇനി എന്താണു ചെയ്യുക…
“ടീച്ചർ, ഇരുന്നോട്ടെ?”
തുടർന്നു് കൂട്ടച്ചിരി. അവൾ കൈകൊണ്ടു് കാട്ടി, ഇരുന്നോളാൻ. കുടയും കൈയിൽ തൂക്കിപ്പിടിച്ചു കൊണ്ടാണു് നിൽക്കുന്നതു്.
അവൾ കുട മേശപ്പുറത്തുവച്ചു. അപ്പോഴും കുട്ടികൾ ചിരിക്കുകയാണു്.
അതു് അവിടെ അല്ലായിരുന്നു വെക്കേണ്ടിയിരുന്നതു്. എന്താണിനി ചെയ്യുക? എന്താണു് ഇവരെ പഠിപ്പിക്കേണ്ടതു് ? ദൈവമേ, എന്താണിവരെക്കൊണ്ടു് ചെയ്യേണ്ടതു്.
ബഹളം കൂടിക്കൂടി വരികയാണു്.
മുടി പിന്നോക്കം ചീകിവെച്ച രവിമാരാണോ മുമ്പിൽ മുഴുവൻ
രവീ…
എന്താണു് ചെയ്യേണ്ടതു്, ഭഗവാനേ?
ഈ കുട്ടികൾ…
രവീ…
ചുറ്റും ഇരുട്ടാവുകയാണോ?
അവൾ മേശമേൽ ഇറുക്കിപ്പിടിച്ചുകൊണ്ടു് ചാരി നിന്നു…
ക്ലാസ്സ് നിശ്ശബ്ദമായിരിക്കുന്നു.
“ടീച്ചർ ഇമ്പോസിഷൻ.”
കടലാസ്സും നീട്ടിപ്പിടിച്ചുകൊണ്ടു് ഒരു കുട്ടി മുമ്പിൽ നിൽക്കുന്നു.
“കഴിഞ്ഞ ക്ലാസ്സിൽ തന്നിരുന്നതാണു്.”
ഓ. ഭഗവാനെ!
അവൾ മേടിച്ചു നോക്കി.
Under the spreading chestnut tree
The village smithy…
ആ പദ്യത്തിന്റെ ആറുവരി ദൈവമേ, അതാണു് പഠിപ്പിച്ചു കൊണ്ടിരുന്നതു്.
“എടാ കൊണ്ടുകൊടുക്കടാ വേഗം”
പിന്നിൽ നിന്നു് ഒരു ശബ്ദം കേട്ടു.
വേറെയും അഞ്ചാറുപേർ വന്നു, കടലാസ്സും കൊണ്ടു്. അതേ, ആ പദ്യം തന്നെ.
“ഒരു ബുക്കു തരൂ ആരെങ്കിലും…” കിണറ്റിനടിയിൽ നിന്നു് വരുന്നതു പോലെ തോന്നി ശബ്ദം,
മുമ്പിൽ ഇരുന്ന ഒരു കുട്ടി ചാടിയെണീറ്റു നീട്ടി.
അതു് കയ്യിൽ മേടിച്ചപ്പോൾ കണ്ണു് നനയുന്നെന്നു തോന്നി.
കുട്ടികളെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എനിക്കില്ലാത്ത ആൺകുട്ടികളുടെ പേരിൽ—എനിക്കിനി ഒരിക്കലും ഉണ്ടാവുകയില്ലാത്ത ആൺകുട്ടികളുടെ പേരിൽ—ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.