“ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണു്.
കൊള്ളരുതായ്മയുടെയും ഭീരുത്വത്തിന്റെയും…”
“ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെയ്ക്കുന്നതു് ഭീരുത്വമാണത്രേ, ഭീരുത്വം-”
“പിന്നെ അല്ല, ധീരതയാണു്. അവരവരു വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോൾ ഉടനെ പോയങ്ങു മരിക്കുക. Revenes face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോവുക എന്നു വെച്ചാൽ ഭീരുത്വം എന്നു തന്നെ പറയും.”
പുരുഷന്മാർ അധികമുള്ള ഒരു സദസ്സിൽ ഇങ്ങനെ ഏതെങ്കിലും കാര്യത്തെപ്പറ്റി ചൂടുപിടിച്ച വാദം നടക്കുകയാണെങ്കിൽ അതിൽ ഇടപെടാതിരിക്കുകയാണു് നല്ലതെന്നു വിശ്വസിക്കുന്നവളാണു് താൻ. “അവരോ, അവർ കൊള്ളാവുന്നവരാണു്” എന്നു പുരുഷൻമാർ പറയണമെങ്കിൽ കാര്യമായി അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ രണ്ടു കൂട്ടരും പറയുന്നതു കേട്ടു ചിരിച്ചു് (നിങ്ങളുടെ ചിരി കാണാൻ നല്ലതാണെങ്കിൽ ഏറെ നന്നു്.) അങ്ങനെ മയത്തിൽ നിൽക്കുകയാണു് വേണ്ടതു്.
ഈ പ്രായോഗിക വിജ്ഞാനം ഓർത്തല്ല അന്നു ഞാൻ മിണ്ടാതെ ഇരുന്നതു്. ആത്മഹത്യയെപ്പറ്റിയുള്ള പ്രസ്താവങ്ങൾ പേടിയോടുകൂടിയല്ലാതെ കേൾക്കാൻ എനിക്കു കഴിയില്ല. പത്രത്തിൽ എവിടെയെങ്കിലും ആരെങ്കിലും ആത്മഹത്യ ചെയ്തു എന്ന വാർത്ത കണ്ടാൽ ആളുടെ പേർ വായിച്ചു കഴിഞ്ഞാലെ എനിക്കു സമാധാനമുള്ളൂ. കൊച്ചനിയൻ പത്രത്തിൽനിന്നു് തനിക്കേറ്റവും പ്രിയപ്പെട്ട ‘മരണമാരണങ്ങൾ’ ഉറക്കെ വായിക്കുമ്പോഴും എനിക്കു പരിഭ്രമമാണു്.
ഒരു ശപിക്കപ്പെട്ട ദിവസം നീരജാചക്രവർത്തിയുടെ പേരും ഇക്കൂട്ടത്തിൽ വരുമോ? നീരജാചക്രവർത്തി—തൂവെള്ള നിറവും കുറേശ്ശേ ചെമ്പിച്ച മുടിയും കുറച്ചു പൂച്ചക്കണ്ണിന്റെ സംശയവുമുള്ള നീരജ.
നീരജ—ടാഗോറിന്റെ ‘മാലഞ്ചോ’വിലെ (Malancha–ed.) ഭാഗ്യം കെട്ട നായികയുടെ പേരും നീരജ എന്നാണു്. ‘മാലഞ്ചോ’ക്കു മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു വിവർത്തനം ഞാൻ വായിച്ചിട്ടില്ല. ബംഗാളി അറിയാവുന്ന ഒരേട്ടൻ കഥ പറഞ്ഞു തന്നതാണു്. കഥ എഴുതില്ലെങ്കിലും കഥകൾ ഉള്ളിൽത്തട്ടുന്ന വിധം പറഞ്ഞൊപ്പിക്കാനുള്ള ഒരു കഴിവുണ്ടു് കുട്ടേട്ടനു്. വെള്ളിമേഘങ്ങൾക്കിടയിലൂടെ അമ്പിളിപ്പൊളി കാണുമ്പോൾ വെള്ളഷാളിനടിയിലൂടെ ടാഗോറിന്റെ നീരജയുടെ വെളുത്ത കാൽ കാണുന്നതാണു് ഞാനിന്നും ഓർമ്മിക്കുക.
നീരജാചക്രവർത്തിയെ ഞാൻ പരിചയപ്പെട്ടിട്ടു മൂന്നു കൊല്ലമാവുന്നു. ഒരു ഞായറാഴ്ച ആപ്പീസിൽ പോകേണ്ടല്ലോ എന്നുള്ള സുഖകരമായ വസ്തുത ആസ്വദിച്ചുകൊണ്ടു് പറമ്പിൽ നടക്കുകയായിരുന്നു ഞാൻ.
“ഓപ്പോളെ, ദേ തെക്കേലെ സ്ത്രീ വിളിക്കുണു” കൊച്ചനിയൻ ഓടിവന്നു പറഞ്ഞു. ഞങ്ങളുടെ തൊട്ടു തെക്കുവശത്തെ വലിയ കെട്ടിടത്തിൽ പുതിയ കൂട്ടർ താമസത്തിനു വന്നിട്ടു നാലഞ്ചു ദിവസമേ ആയിരുന്നുള്ളൂ. നേവിയിൽ വലിയ ഉദ്യോഗസ്ഥനാണു്, വടക്കേ ഇന്ത്യക്കാരനാണു്—ഇത്രയും അറിഞ്ഞിരുന്നു. ഞാൻ തെക്കേവേലിക്കൽ ചെന്നപ്പോൾ അവരുടെ പണിക്കാരത്തിയാണു് അവിടെ.
“അമ്മയ്ക്കു ഹിന്ദിയോ ഇംഗ്ലീഷോ അറിയുമോ എന്നു ചോദിക്കണു.”
“ഹിന്ദി അറിയില്ല. ഇംഗ്ലീഷറിയാം.”
ജോലിക്കാരി അകത്തേക്കു കയറിപ്പോയി. എന്റെ ക്ഷമ അറ്റു തുടങ്ങിയപ്പോൾ നീരജ ഇറങ്ങി വന്നു.
അവളുടെ ചടച്ചൊതുങ്ങിയ ദേഹത്തിന്റെ ഭംഗി അന്നും ശ്രദ്ധിച്ചു. അവൾ എന്തോ ഒന്നു ചോദിച്ചതിനു ഞാൻ ഭയങ്കരഭാവത്തിൽ നാലഞ്ചു വാചകം ഇംഗ്ലീഷിൽ തട്ടിവിട്ടു.
“ഞാൻ ഹിന്ദി മീഡിയത്തിലാണു് പഠിച്ചതു്.” അവൾ സങ്കോചത്തോടെ പറഞ്ഞു.
ഇതിനോടാണല്ലോ ഭാവം കാണിക്കാൻ പോയതു് എന്നു തോന്നിപ്പോയി. ജോലിക്കാരി എട്ടുമണിയായിട്ടാണു വരുന്നതു്. അതു പോരാ, കുറച്ചു നേരത്തേ വരാൻ പറയണം—ഇതാണു് അവളുടെ ആവശ്യം.
ഞാൻ പണിക്കാരത്തി ഉമ്മയോടു് കാര്യം പറഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു.
ഞാനും നീരജയും കുറച്ചുനേരം സംസാരിച്ചു നിന്നു. ഭർത്താവു് എട്ടു മണിക്കുപോകും. വേലക്കാരിയും ഒമ്പതു്-ഒമ്പതരയാവുമ്പോൾ പോകും. പിന്നെ അവൾ ഒറ്റയ്ക്കേ ഉള്ളൂ വീട്ടിൽ, പേടിയാകും. ചിലപ്പോൾ പേടിയാവുകയോ വേറെ എന്തെങ്കിലും ആവശ്യം വരികയോ ചെയ്താൽ ഇങ്ങോട്ടു പോരാൻ ഞാൻ പറഞ്ഞു. ഇടവേലി പൊളിച്ചു പടിവച്ചിരുന്ന ഇടം കാട്ടിക്കൊടുക്കുകയും ചെയ്തു.
തെക്കേതിൽ മുമ്പു താമസിച്ചിരുന്ന കൂട്ടർ ഞങ്ങളുമായി അടുപ്പത്തിലായിരുന്നു. അന്നത്തെ ഏർപ്പാടാണു് ഈ പടി.
പിറ്റേദിവസം വൈകുന്നേരം ഞാൻ ആപ്പീസിൽ നിന്നു വന്നു ചായ കുടിച്ചു കൈ കഴുകുമ്പോൾ അവൾ മടിച്ചു മടിച്ചു കടന്നുവന്നു. കൈയിൽ ഒരു കടലാസ്സിൽ കുറച്ചു് പെരുഞ്ചീരകവുമുണ്ടു്. അതിനു മലയാളത്തിൽ എന്താണു പറയുക എന്നു് അറിയണം അവൾക്കു്. ഞാൻ പറഞ്ഞുകൊടുത്ത പേരു് ഹിന്ദിയിൽ കുറിച്ചെടുത്തു് പിന്നെയും കുറച്ചു നേരം വർത്തമാനം പറഞ്ഞു നിന്നു് അവൾ പോയി.
പരിചയം ഇത്ര വലിയ അടുപ്പമായതു് എന്നു മുതൽക്കാണു് എന്നു അറിഞ്ഞുകൂടാ. വൈകുന്നേരം ഞാനെത്തിയാൽ ആറുമണിക്കു് അവളുടെ ഭർത്താവു് വരുന്നതുവരെ ഞങ്ങളുടെ വീട്ടിൽ വന്നിരിക്കുക പതിവായി. മിക്ക ഞായറാഴ്ച്ചയും അവളുടെ ഭർത്താവിനു സ്പെഷ്യൽ ഡ്യൂട്ടിയോ എന്തെങ്കിലും കാണും. അദ്ദേഹം പോയാൽ ഉടൻ അവൾ ഞങ്ങളുടവിടെ എത്തുകയായി.
ഓപ്പോളുടെ വെള്ളപ്പാറ്റ എന്നാണു് എന്റെ അനിയൻമാർ അവൾക്കു പേരിട്ടിരുന്നതു്.
ജീവിക്കാനുള്ള പണമുണ്ടാക്കാൻവേണ്ടി പണിയെടുക്കുന്ന ബദ്ധപ്പാടു് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അവൾക്കു് എന്റെ ജോലിത്തിരക്കും സമയമില്ലായ്മയുമെല്ലാം പുതുമയായിരുന്നു. നോക്കിത്തീരാത്ത കടലാസ്സുകൾ വീട്ടിലേക്കു കൊണ്ടുവരിക, അർദ്ധരാത്രിവരെ ഫയലുകളുമായി കുത്തിയിരിക്കുക. ഒരു സ്ത്രീ ഇങ്ങനെ പാടു പെടുന്നതു് അവൾ കണ്ടിട്ടില്ലെന്നു തോന്നുന്നു. എന്നെ ചേച്ചി എന്നു വിളിക്കാൻ മാത്രം മലയാളം അവൾ അധികം താമസിയാതെ പഠിച്ചു.
വീട്ടുജോലി ചെയ്യാൻ എനിക്കിഷ്ടമില്ല, എങ്കിലും കൂടാതെ കഴിയുമോ? എല്ലാത്തിനുംകൂടി ഒരു ഞായറാഴ്ചയുണ്ടു്. ഞാൻ നിന്നു് വിയർത്തു തേയ്ക്കുന്നതു് അവൾ ഒരു ദിവസം കണ്ടുകൊണ്ടുവന്നു. അതിൽപ്പിന്നെ ഞാനില്ലാത്തപ്പോൾ വന്നു് എന്റെ സാരികൾ എടുത്തു മടക്കിത്തേച്ചു വയ്ക്കുക അവൾ ഒരു പതിവാക്കി. തന്റെ വീട്ടിലേക്കു് എടുത്തു കൊണ്ടു പോയി തേച്ചു തിരിച്ചു കൊണ്ടുവരികയാണു് ചിലപ്പോൾ ചെയ്യുക. വീട്ടിൽ അനിയൻമാരുള്ള സമയമാണെങ്കിൽ ഒന്നും മിണ്ടാതെ അങ്ങു് എടുത്തു കൊണ്ടുപോകും.
അതിനു് അമ്മ എന്നെയാണു് കുറ്റപ്പെടുത്തുക.
“വലിയൊരു ഉദ്യോഗസ്ഥന്റെ ഭാര്യ. അതിനെക്കൊണ്ടു് ഇതൊക്കെ ചെയ്യിക്കുന്നതു ശരിയാണോ?”
ഞാൻ വേണ്ടന്നു പറഞ്ഞാൽ അവൾക്കു കുണ്ഠിതമാവുകയേ ഉള്ളൂ.
ധനികനും പ്രതാപിയും മധ്യവയസ്കനുമായ ആ ഭർത്താവിന്റെ കൂടെയുള്ള ജീവിതം അവൾക്കു സുഖമായിരുന്നില്ല. നേവിയിലല്ലേ, കുടിക്കാത്തവർ കാണുമോ? അവൾ ഒന്നും പറഞ്ഞിട്ടില്ല. വീട്ടുകാര്യങ്ങൾ അധികം പറയാറേയില്ല. പരാതികൾ ഉണ്ടെങ്കിൽ പറയാതെ തന്നെ അറിഞ്ഞുകൂടേ? അവളുടെ ഇരിപ്പിലും നടപ്പിലും എന്നോടുള്ള അടുപ്പത്തിൽപ്പോലും ഞാൻ ആ വിഷാദത്തിന്റെ കഥ വായിച്ചിരുന്നു. ബെറില്ലിയിലെ കുന്നുകളുടെ താഴ്‌വരയിൽ, മഞ്ഞുമൂടിയ മലകളുടെ പശ്ചാത്തലത്തിൽ തന്റെ നാട്ടിൻപുറത്തു് തനിക്കൊരു റോമിയോ ഉണ്ടായിരുന്നോ എന്നു് അവൾ എന്നോടു പറഞ്ഞിട്ടില്ല. ഒരുപക്ഷേ, ഉണ്ടായിരുന്നിരിക്കാം. ഇല്ലാതെയുമിരിക്കാം.
ജോലിത്തിരക്കിൽ നിന്നൊന്നു രക്ഷപ്പെടാനും കുറച്ചു സ്വസ്ഥമായിരിക്കാനും വേണ്ടി ഞാൻ കിട്ടാനുള്ള അവധി മുഴുവൻ എടുത്തു നാട്ടിലുള്ള ഒരു ചെറിയമ്മയുടെ കൂടെ താമസിക്കാൻ പോയി. കുറച്ചു വണ്ണംവെച്ചു് കുറച്ചു കറുത്തു് ഞാൻ തിരിച്ചെത്തിയപ്പോഴാണു് അറിഞ്ഞതു്, നീരജ അമ്മയാവാൻ പോകുകയാണു് എന്നു്. അവളുടെ പ്രശ്നങ്ങൾ ഇനി തീരും. ഞാൻ കരുതി.
വീർത്ത വയറും വെച്ചു ക്ഷീണിച്ചു തളർന്നിരിക്കുകയാണെങ്കിലും അവൾ എന്റെ സാരികൾ തേച്ചു തരാനും എനിക്കു തലമുടി കെട്ടിത്തരാനും വന്നു.
അവളെ പ്രസവത്തിനു കൊണ്ടുപോയാക്കാൻ ഭർത്താവു പോയില്ല; ശിപായിയോ ഓർഡർലിയോ ആരോ ഒരാളാണു് കൂടെ പോയതു്. അവൾ പോയതിന്റെ പിറ്റേദിവസം അടിച്ചുവാരി തുടയ്ക്കാനെത്തിയ അവരുടെ പണിക്കാരി വന്നു് എന്നോടു പറഞ്ഞു, അവരുടെ മുഷിഞ്ഞതിടുന്ന കുട്ടയിൽനിന്നു് ഒരു കുപ്പി ഗുളിക കിട്ടിയെന്നു്. ആ സ്ത്രീ അതു് എന്നെ കാണിച്ചു. ദേഹരക്ഷക്കു കഴിക്കുന്ന ഇരുമ്പും വിറ്റാമിനുമൊക്കെയുള്ള ഗുളിക. നീരജയ്ക്കു ഡോക്ടർ കൊടുത്തതായിരിക്കണം. ഒന്നു രണ്ടു ഗുളികയേ എടുത്തിട്ടുള്ളു. മുഷിഞ്ഞ മുണ്ടിന്റെ ഇടയിൽ കൊണ്ടു ചെന്നു് അതു് ഒളിച്ചു വയ്ക്കേണ്ട കാര്യം? ദുസ്സ്വാദ് എന്നു പറയാൻ വയ്യ. ആ ഗുളിക മിഴുങ്ങുകയേ വേണ്ടൂ. പിന്നെ?
“ആ അമ്മ അങ്ങനെത്തന്നെയാണു്. കുടിക്കാൻ ഒരു മരുന്നുണ്ടു്. അതെടുത്തു് ജനലിൽകൂടി പുറത്തേക്കൊഴിക്കുന്നതു ഞാൻ എത്ര പ്രാവശ്യം കണ്ടിരിക്കുന്നു!”
“പിന്നേയ്, നിങ്ങൾ അനാവശ്യം പറയരുതു്. ആ കുട്ടി മറന്നുവെച്ചതായിരിക്കും ഈ ഗുളികക്കുപ്പി.”
“അമ്മ അങ്ങനെയാണു് പറയുന്നതെങ്കിൽ അങ്ങനെയാവട്ടെ.”
ആ ഒളിച്ചുവെച്ച ഗുളികകളും മുറ്റത്തേക്കൊഴിച്ചു കളഞ്ഞ മരുന്നുകളും കുറച്ചു ദിവസത്തേക്കു് എന്റെ മനസ്സിൽനിന്നു് വിട്ടുപോകാതെനിന്നു.
അനിയൻ പറഞ്ഞാണു് വിവരം അറിഞ്ഞതു്. അവൻ മി. ചക്രവർത്തിയെ വഴിയിൽ കണ്ടു സംസാരിച്ചു. നീരജ പ്രസവിച്ചു. കുട്ടിയില്ല. അവൾ പനി കലശലായി കിടപ്പാണു്.
മൂന്നു മാസം കഴിഞ്ഞേ അവൾ മടങ്ങി വന്നുള്ളൂ. വരുമ്പോൾ കാണാൻ പറ്റിയില്ല. എനിക്കു ആപ്പീസുണ്ടായിരുന്നു. വൈകുന്നേരം അവൾ വീട്ടിൽ വന്നു. പോയതിൽ പകുതിയായി ആള്. ഒരു പത്തു വയസ്സു് പ്രായക്കൂടുതൽ തോന്നും. അന്നു് ആദ്യമായിട്ടു് ഞാൻ അവളുടെ കണ്ണുനീർ കണ്ടു.
“ഒരാളായിട്ടു് പോകുമെന്നു് ഞാൻ കരുതിയില്ല, ചേച്ചീ രണ്ടുപേരും കൂടി ഒന്നിച്ചു പോകുമെന്നാണു് ഞാൻ വിചാരിച്ചതു്.”
അവളെ എന്തു പറഞ്ഞാണു് ആശ്വസിപ്പിക്കേണ്ടതെന്നു് എനിക്കു നിശ്ചയമില്ലായിരുന്നു. പിന്നെ അധികം ദിവസം അവൾ എന്റെ അയൽക്കാരിയായി താമസിച്ചിട്ടില്ല, അവളുടെ ഭർത്താവിനു സ്ഥലം മാറ്റമായി.
സാധനങ്ങൾ കെട്ടാനും പെട്ടിയൊതുക്കാനുമായി സഹായിക്കാൻ ഞാൻ ചെന്നെങ്കിലും അവൾ എന്നെ ഒന്നും ചെയ്യാൻ അനുവദിച്ചില്ല. “നേവൽ ബേസിൽനിന്നു് ആളുവന്നിട്ടുണ്ടു്. അയാളു പാക്കു ചെയ്തോളും. ചേച്ചി ഇവിടെ ഇരുന്നാൽ മതി.”
അവർ പോകുന്ന ദിവസം ഞാൻ ലീവെടുത്തു. റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ അവളുടെ ഭർത്താവിനു് ഇഷ്ടമായില്ലെങ്കിലോ എന്നു കരുതി ഞാൻ പടിക്കൽ തന്നെ നിന്നതേയുള്ളൂ.
അവൾ അമ്മയെ തൊഴുതു യാത്ര പറഞ്ഞു. ഏട്ടന്റെ മകനെ എടുത്തു ലാളിച്ചു നിലത്തു നിർത്തി.
അവൾ കരയുന്നുണ്ടായിരുന്നില്ല. വല്ലാത്ത ഒരു വിളർച്ച മാത്രമായിരുന്നു മുഖത്തു്. “ചേച്ചീ, good-bye” എന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.
“You mean Au Revoir.” ഞാൻ പറഞ്ഞു.
“അല്ല Good bye തന്നെയാണു്.” അർത്ഥം മനസ്സിലായാണോ അവൾ പറഞ്ഞതെന്നറിഞ്ഞുകൂടാ. എന്റെ മനസ്സിനകത്തിരുന്നു് ആരോ പറഞ്ഞു. ശരിയാണു് ഇനി കാണുകയുണ്ടാവില്ല. ഇതു് അവസാനത്തെ വിടവാങ്ങൽ തന്നെയാണു്.
അവളുടെ ഉരുണ്ട കൈയക്ഷരത്തിൽ എഴുത്തുകൾ ഒന്നുരണ്ടു മാസം കൂടുമ്പോൾ വരും. അവളുടെ വിശേഷങ്ങൾ ഒന്നും അതിലുണ്ടാവില്ല. എന്റെ മറുപടി കിട്ടാൻ വേണ്ടി മാത്രമുള്ള എഴുത്തുകൾ.
ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളും വിഡ്ഢികളുമാണെന്നു്—ഇത്ര വളരെ സ്നേഹിക്കാൻ അറിയുന്ന എന്റെ നീരജ—പേടി എന്തെന്നറിഞ്ഞു കൂടാത്ത നീരജ.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.