അവരുടെ ‘A Room of one’s Own and Five Hundred Pounds a Year’—വാസനയുള്ള ഒരു സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ആവശ്യം അതാണു്—വെർജീനിയാവുൾഫ് പറയുന്നതാണു്. നോവലുകളോടൊപ്പം പല നോവലുകളേയുംകാൾ കൂടുതൽ രസമായി വായിച്ചുപോകാവുന്ന ഒരു പുസ്തകമാണല്ലോ A Room of One’s own. കഥകളെ മാറ്റി നിർത്തിയാലും അതൊരെണ്ണം എഴുതി എന്നതിൽ തന്നെ മിസ്സിസ് വുൾഫിനു് അഭിമാനിക്കാം.
അപ്പോൾ ഒരു പേർപെറ്റ കാഥികയുടെ അഭിപ്രായത്തിൽ സാമ്പത്തിക പരതന്ത്രത ഇല്ലാതിരിക്കുകയാണു് പ്രധാനം. ജെയിൻ ഓസ്റ്റിനെപറ്റി സംസാരിക്കുമ്പോൾ ആണു് ഈ പ്രസ്താവം വന്നിരിക്കുന്നതു്.
ഒന്നാം കിടക്കാരോടൊപ്പം സംശയം കൂടാതെ കസേര ഇട്ടു് ഇരിക്കാം എന്നു് കാലം വിധിച്ചു കഴിഞ്ഞിട്ടുള്ള ജെയിൻ ഓസ്റ്റിൻ, ഒരിക്കലും ഒരു കാമുകിയോ ഭാര്യയോ അമ്മയോ ആകാതെ മരിച്ച ആ പാതിരിയുടെ മകൾ—’പെർസുവേഷ’നിലെ ക്യാപ്റ്റൻ വെന്റ് വെർത്ത് അവരുടെ ജീവിതത്തിലെ ഒരേടിൽ നിന്നാണു് എന്നൊരു പക്ഷം ഉള്ളതു് മറക്കാതെ തന്നെ ഇത്രയും എഴുതിയതു്—ഡോസ്റ്റോവ്സ്കി യുടെ കൊടുമ്പിരിക്കൊണ്ട വികാരാവേഗമോ ടോൾസ്റ്റോയി യുടെ ഉദാത്തമായ ജീവിതവീക്ഷണമോ കൂടാതെ ഒരഞ്ചാറു് സാധാരണ കഥാപാത്രങ്ങളെ വെച്ചുകൊണ്ടു് അഞ്ചാറു് ഒന്നാംതരം പുസ്തകങ്ങളെഴുതി നൂറു നൂറ്റയ്മ്പതു് കൊല്ലങ്ങൾക്കുശേഷവും ഇന്നും ജീവിക്കുന്ന ജെയിൻ ഓസ്റ്റിൻ.
സാമ്പത്തിക പരതന്ത്രത ഇല്ലായിരുന്നു എങ്കിൽ—ശല്യം കൂടാതെ ഇരുന്നെഴുതാൻ ഒരു മുറിയും ആരുടേയും അനുവാദം ചോദിക്കാതെ ഇഷ്ടംപോലെ ചിലവു ചെയ്യാൻ ഒരു വരുമാനവും—അല്ല, വരുമാനം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യവും—ഉണ്ടായിരുന്നെങ്കിൽ അവരിലും ഒരുപക്ഷേ, ഒരു ഷെയ്ക്സ്പിയർ വളർന്നുവരുമായിരുന്നു എന്നാണു് മിസ്സിസ് വുൾഫ് സമർത്ഥിച്ചുകൊണ്ടു വരുന്നതു്.
ഇതു് ഒന്നരനൂറ്റാണ്ടു് മുമ്പിലത്തെ കാര്യമാണു്—സ്ത്രീക്കു് സ്വതന്ത്രമായ ഒരു വരുമാനം ഉണ്ടായിക്കൂടാ, അതുണ്ടാക്കുവാൻ സ്ത്രീ ശ്രമിക്കുകയും ചെയ്തു കൂടാ എന്നു ശഠിച്ചിരുന്ന കാലത്തെ. ഇന്നു് വരുമാനമുള്ള സ്ത്രീകൾ ഉണ്ടു്. വരുമാനമുണ്ടാക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകളും ഉണ്ടു്. അപ്പോൾ—അക്കഥ നിൽക്കട്ടെ. സ്ത്രീ നോവലിസ്റ്റുകൾ അല്ലല്ലോ ചർച്ചാവിഷയം.
സാമ്പത്തിക പരാധീനത ഒരാളുടെ സാഹിത്യപ്രവർത്തനത്തെ സാരമായി ബാധിക്കും. അതു് തീർച്ച. കുറച്ചെങ്കിലും അന്തസ്സായി ജീവിക്കണമെങ്കിൽ എഴുത്തല്ലാതെ വേറൊരു തൊഴിൽ കൂടി ശീലിച്ചെങ്കിലേ ഒക്കൂ എന്നുള്ള സ്ഥിതിയാണു്. ജീവനോപായം ഉണ്ടാക്കുക എന്നതാണു് പ്രാഥമികാവശ്യം. എഴുത്തല്ല മറ്റതാണു് ജീവനോപാധിയായ തൊഴിൽ. അപ്പോൾ ബൗദ്ധവും ശാരീരികവുമായ കഴിവു് കൂടുതൽ ആ വഴിക്കു് ഒഴുകിയെങ്കിലേ ഒക്കൂ. ഏറ്റ തൊഴിൽ മാനമായി ചെയ്യുന്ന ബദ്ധപ്പാടിനിടയിൽ ഒളിച്ചും കട്ടും കിട്ടുന്ന നിമിഷങ്ങൾ വേണം ഉള്ളിന്റെ ഉള്ളിൽ സർവ്വപ്രധാനം എന്നു കരുതുന്ന തൊഴിലിനുവേണ്ടി ചിലവാക്കാൻ എന്നുള്ള അവസ്ഥ മാറണമെങ്കിൽ എഴുത്തു് എന്ന ജോലി കാര്യമായി എടുക്കുന്ന ഒരാൾക്കു് മിടുക്കുണ്ടെങ്കിൽ അതുകൊണ്ടുതന്നെ സാമാന്യം അന്തസ്സായി ജീവിക്കാൻ കഴിയും എന്ന ഒരു കാലം വരണം.
നല്ല പ്രതിഫലം കിട്ടണം. പുസ്തകം അച്ചടിച്ചാൽ വിറ്റുകാശു് സമയത്തിനു് കിട്ടണം. അതിനും വിൽപ്പനക്കാരോടു് അടികൂടാൻ പോകണം എന്ന നില മാറണം.
എഴുത്തു് നല്ല വരുമാനം ഉള്ള ഒരു തൊഴിൽ ആണു് എന്ന നില വന്നു കഴിഞ്ഞിട്ടുള്ള സായിപ്പിന്റെ നാട്ടിൽ നോവലുകൾ അത്രയേറെ മെച്ചപ്പെട്ടവയാണോ ഇപ്പോൾ? അതു് വേറൊരു ചോദ്യം. നമ്മുടെ നാട്ടിൽ അതു് ഇന്നൊരു പ്രശ്നമല്ല.
19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും റഷ്യയിലേയും നോവലുകളുടെ വളർച്ചയേ നമ്മുടെ നോവലിനു് ഇന്നുള്ളു. അതത്രയേ ഉണ്ടാവാൻ തരമുള്ളുവല്ലോ. നമ്മുടെ ഇന്നത്തെ സാമൂഹ്യവും ആർത്ഥികവുമായ പ്രശ്നങ്ങൾ ആ നാട്ടിൽ അന്നുണ്ടായിരുന്നവയോടു് സാദൃശ്യമുള്ളവ ആണല്ലോ.
അവിടെ നടക്കുന്ന പുതിയ പരീക്ഷണങ്ങൾ ഇവിടെ ഇല്ലല്ലോ എന്നു് പരാതിപ്പെട്ടിട്ടു് എന്തു കാര്യം? നാലുകാലിൽ ഇഴഞ്ഞു്, പിടിച്ചു് നിന്നു് ഓരോ അടിയായിവെച്ചു് ഇങ്ങനെ ബുദ്ധിമുട്ടി വളർന്നെങ്കിലേ അടിയുറയ്ക്കൂ.
പടിഞ്ഞാറു നിന്നു് ഒരു റെഡിമെയ്ഡ് സംസ്കാരം അങ്ങനെത്തന്നെ വിലക്കെടുത്തിട്ടു് എന്തു ഗുണം? അതല്ലേ വാസ്തവത്തിൽ നമ്മുടെ നാട്ടിൽ ഇന്നു വളരെ നാഷണൽ ലബോറട്ടറികൾ ഉണ്ടായിട്ടും കാര്യമായിട്ടു് ഒന്നും നടക്കാത്തതിന്റെ പിന്നിൽ ഉള്ളതു്. Ampire-മാരും ലപോസിയേമാരും വളർന്ന ഇടത്തേ ഐൻസ്റ്റെൻമാരും ഡിബ്രോഗ്ലി മാരും ഉണ്ടാകൂ. ഇരുണ്ട ഇടനാഴിയിൽക്കൂടി തപ്പിത്തടഞ്ഞു ചെന്നിട്ടു വേണം ശ്രീകോവിലിന്റെ വാതിൽ തള്ളിത്തുറക്കാൻ.
മനസ്സു് എന്ന ആ അടികാണാത്ത കടൽ, പായലിനടിയിൽ അതിന്റെ മുത്തുകൾ ഒളിപ്പിച്ചുകൊണ്ടു് നമ്മുടെ മുമ്പിൽ ഉണ്ടു്. മുകൾപ്പരപ്പിൽ കപ്പലോടിച്ചു പോയതുകൊണ്ടു് ആയില്ല. അതിന്റെ നിഗൂഢമായ അഗാധതകളിലേക്കു് മുങ്ങാങ്കുളിയിട്ടു് പൊങ്ങിയതുകൊണ്ടും ആയില്ല. അവിടെ സാവകാശം നിന്നു് പതുക്കെ ചുറ്റും നോക്കണം. അവിടത്തെ അഴകുകൾ കാണലും അപകടങ്ങൾ നേരിടലും. Shin Diving[1] എന്ന ഒരു ഇടപാടിനെപ്പറ്റി വായിച്ചിട്ടുണ്ടു്. പ്രത്യേക ഉടുപ്പും Mask-ഉം ഉണ്ടെങ്കിൽ കടലിനടിയിലേക്കു് അങ്ങുചെന്നാൽ മണിക്കൂറുകൾ അവിടെ കഴിയാമത്രെ. എന്തൊരു സാധ്യതകൾ—അതിനുള്ള കാലം വരും.
പരാതിപ്പെടാതെ മുറുമുറുക്കാതെ നമ്മളാൽ ആവുന്നതു് ചെയ്യാം. ചെറിയ സംഭാവനയും വിലപ്പെട്ടതാണു്. അത്രയ്ക്കു് ദാരിദ്ര്യമുണ്ടല്ലോ ഇവിടെ. നാം വിയർപ്പുകൊണ്ടു് വളമിടുന്ന ഈ മണ്ണു് കാലത്തിന്റെ കൈയിൽപെട്ടു് ഊഷര ഭൂമിയാകുകയാണെങ്കിൽ ആവട്ടെ. അന്നു നമുക്കു് അതിനെക്കുറിച്ചു് കരയാം. അന്നു് ചൂടുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലല്ലോ. സ്വൽപ്പം പരിഹാസത്തിൽ പൊതിഞ്ഞ പരിദേവനങ്ങൾ മാത്രം മതിയാകും അന്നു്. ഇന്നതുപോരല്ലോ. ചങ്ങലകൾ പൊട്ടിക്കാൻ ഇനിയും ബാക്കിയുണ്ടല്ലോ.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.
[1] Shin Diving എന്നതിനെപ്പറ്റി ഒരു വിവരവും ലഭിക്കാനില്ല. ഒരു പക്ഷേ, സ്കൂബ ഡൈവിങ് ആയിരിക്കാം ലേഖിക ഉദ്ദേശിച്ചതും എഴുതിയതും, പകർപ്പുകളിൽ മാറിപ്പോയതായിരിക്കാം സായാഹ്ന പ്രവർത്തകർ.